നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെൺപിള്ളേരുടെ ഓരോരോ ഉടായിപ്പുകളേ

Photography of Woman Listening to Music

പത്തിന്റെ പടിപ്പുരവാതിലിൽ പൊത്തോ പൊത്തോ എന്നു മുട്ടിയപ്പോ പോ പോത്തെ എന്നലറി പത്തെടുത്തെറിഞ്ഞ ഞാൻ പ്ലസ് വൺ എന്ന അടുത്ത കുളത്തിൽ വന്നു വീണു. ഇനി ഈ കുളത്തിൽ നിന്ന് കുളത്തിലെ അറിവിന്റെ വെള്ളം ഒരു ചെറിയ ചാൽ വെട്ടി അത് തോടാക്കി പിന്നെ പുഴയാക്കി അവസാനം കടലിൽ ചെന്നു ചാടണം. അപ്പഴേക്കും ഞാൻ വല്യ അറിവുള്ളവനാണെന്നു നാട്ടുകാര് പറയുമത്രേ... തോടൊക്കെ വെട്ടാൻ ഇമ്മള് റെഡിയാണ് പക്ഷേ ആ അറിവിന്റെ വെള്ളം എന്ന പഹയൻ കൂടെ ഒഴുകി വരണ്ടേ...?? വെട്ടിയ തൊടിലൂടെ വെള്ളമില്ലാതെ നീന്തുമ്പോ ആൾക്കാരൊക്കെ കളിയാക്കുന്നു. ഞാനെന്ത് ചെയ്യാനാണ്. ഓന്റെയൊരു ഒടുക്കത്തെ ഗമ.... അവൻ ഒഴുകി വരണേൽ ആഴത്തിൽ വെട്ടണമത്രെ... ഇത്രേം വെട്ടിയുണ്ടാക്കിയ പാട് ഇമ്മക്കെ അറിയൂ. അതും കൊല്ലക്കണക്കിന് സമയമെടുത്ത്.... ഇമ്മടെ മണ്ണ് ഇത്തിരി കട്ടിയുള്ളതാണ് മോനേ അറിവേ... നിനക്ക് സൗകര്യം ഉണ്ടേൽ ഒഴുക്... അല്ലേൽ പോയി പണി നോക്ക്...
മര്യാദയ്ക്ക് ഞാൻ പത്തു കഴിഞ്ഞപ്പോ വീട്ടുകാരോട് പറഞ്ഞതാ എനിക്കിനി പഠിക്കേണ്ട എന്നെ കെട്ടിച്ചു വിടോ എന്ന്... അപ്പൊ അവര് പറയാ അതൊക്കെ പെൺപിള്ളേർക്കുള്ള നിയമമാണത്രേ... ഇതെന്താ രണ്ടുതരം നിയമമെന്നാണ് എനിക്ക് മനസ്സിലാകാത്തത്. ഈ പെൺപിള്ളേരൊക്കെ ആണുങ്ങൾ ആവാനുള്ള സമരം നടത്തുമ്പോ ഇത്തരം അവകാശങ്ങൾക്ക് വേണ്ടി ആണുങ്ങൾ എന്താണാവോ മിണ്ടാതെ ഇരിക്കുന്നത്...??? പിന്നെ വേറൊരു തംശയം കൂടി... നമ്മളെന്തിനാ ഈ പെണ്ണുങ്ങളെ പെണ്ണ് കാണാൻ അവരുടെ വീട്ടിൽ പോകുന്നത്. അവരാരാ രാജകുമാരികളോ...?? കയ്യിൽ നിന്ന് കാശും മുടക്കി പണിയും കളഞ്ഞു ബ്രോക്കർക്കും കാശ് കൊടുത്ത് ഇവറ്റോളെ പോയി കാണുമ്പോ ഒടുക്കത്തെ ഗമയും ഇച്ചിരി നാണവും ഒരു കപ്പ് ചായയും.... ഈ ആണുങ്ങൾക്കെന്താ പ്രാന്താണോ... വേണേൽ ഇങ്ങോട്ട് വരട്ടെ... കുളിച്ചൊരുങ്ങി വീട്ടിൽ ഇരുന്നാൽ മതീല്ലോ... മാത്രല്ല വീടും പരിസരവും പെണ്ണുങ്ങൾക്ക് കാണോം ആകാല്ലോ... ഇത് ചുമ്മാ നരകം പോയി കണ്ട് ഇഷ്ടപ്പെട്ടു കയ്യും പിടിച്ചോണ്ട് പോരുന്ന മന്ദബുദ്ധികളാണ് ആണുങ്ങൾ... വേണേൽ നരകം ഇമ്മളെ തേടി വരട്ടെ... ഇത്യാദി ന്യായങ്ങൾ ഒക്കെ പറഞ്ഞു സ്വയം ആശ്വസിച്ചു ഇമ്മള് സ്കൂളിലേക്ക് പിന്നേം പോയി... അതന്നെ മനസ്സില്ലാ മനസ്സോടെ...
ക്ലാസ്സോക്കെ തുടങ്ങി ഒരു രണ്ടു മാസം വലിയ കുഴപ്പമില്ലാതെ പോയി. ഇത് നീ ആദ്യ റൗണ്ടിൽ പാസ്സായാൽ നിനക്ക് വണ്ടി വാങ്ങിത്തരാം എന്നുള്ള വീട്ടുകാരുടെ ഒറ്റ വാക്കിൽ ചൂണ്ടയിൽ കുരുങ്ങിയ മീൻ പോലെയായി ഇമ്മള്... ഒടുക്കത്തെ പ്രലോഭനം ആയിപ്പോയി... അപ്പോഴാണ് ഒരു പുതിയ ടീച്ചർ തൻ വരവ്.... വന്നോണം വന്നു പുതിയ ഒരു നിയമം... എഴുതി പഠിച്ചാലേ പഠിക്കൂ.... നാളെ മുതൽ പഠിപ്പിക്കുന്നതിന്റെ പോയിന്റസ് എഴുതിക്കൊണ്ടു വരാൻ... ഇമ്മടെ വലത് കൈ ഇത് കേട്ടപ്പോ മുതൽ അലമ്പുണ്ടാക്കി ഉറക്കെ കരയാൻ തുടങ്ങി.
" ഇത് എന്നെ കൊല്ലാനുള്ള പരിപാടിയാണ്...ഞാനില്ല...ഞാനില്ല... എനിക്ക് വയ്യേ... എന്നെ അറുത്തുമാറ്റി ഉപേക്ഷിക്കൂ... അല്ലേൽ അപ്പുറത്തൊരുത്തൻ ഒരു പണിയും എടുക്കാതെ ഞെളിഞ്ഞിരിക്കുന്നുണ്ടല്ലോ ഇടത് കയ്യെന്ന പേരിൽ... അവനെ എഴുതാൻ പഠിപ്പിക്ക്... ഞാനില്ല... ഞാൻ രാജി വെയ്ക്കാൻ പോകുവാണ്... എനിക്ക് വയ്യ ഒറ്റയ്ക്ക് അനുഭവിക്കാൻ..."
ഞാനിനി എന്ത് പറഞ്ഞു ഇവനെ ആശ്വസിപ്പിക്കും എന്ന് ചിന്തിച്ചോണ്ടിരുന്ന സമയത്ത് ഇടത് കൈ കേറി പ്രശ്‌നത്തിൽ ഇടപെട്ടു.
" വലത് കയ്യേ... നീയൊന്ന് മറന്നു... എന്നും എവിടെയും നിനക്കാണ്‌ ഒന്നാം സ്ഥാനം എന്ന കാര്യം.... എന്നെ ആളുകൾ അറപ്പോടെയും വെറുപ്പോടെയും നോക്കുമ്പോഴും നിന്നെ പിടിച്ചു കുലുക്കി ആളുകൾ അഭിനന്ദിക്കുമ്പോഴും ഉള്ളിൽ വേദന തോന്നിയിട്ടും ഞാൻ ഒന്നും മിണ്ടാതിരുന്നത് നീയെന്റെ സഹോദരൻ ആണല്ലോ എന്ന ഒറ്റ കാരണം കൊണ്ടാണ്. എന്നിട്ടിപ്പൊ ഇത്തിരി പണി കൂടുതൽ വന്നപ്പോൾ നീയെന്നെ അത് ചെയ്യാനായി ഇട്ടു കൊടുക്കുന്നു അല്ലേ... ഇത്രയേ ഉള്ളോ അപ്പൊ നിനക്ക് എന്നോടുള്ള സ്നേഹം... നിനക്ക് വേണ്ടി വേണമെങ്കിൽ ഞാൻ അതും ചെയ്യാം... കാരണം നീയെന്റെ സഹോദരനായിപ്പോയില്ലേ... പക്ഷേ, നീയൊന്ന് മറക്കുന്നു. സഞ്ജുവിനെ ജയിപ്പിച്ചെടുത്താൽ നമുക്ക് കിട്ടുന്ന ബൈക്ക് എന്ന സ്വപ്നം... അവിടെയും നീയാണ് ഒന്നാമൻ... നീ ആക്സിലേറ്റർ കൊടുത്താൽ മാത്രമേ നമുക്ക് യാത്ര പോകാൻ പറ്റൂ... ആ സ്വപ്നം പൂവണിയാൻ വേണ്ടി എന്ത് കഷ്ടപ്പാട് സഹിക്കാനും ഞാൻ തയ്യാറാണ്. "
ഇടത് കയ്യുടെ വിഷമവും വികരനിർഭരിതവും സമാസമം ചേർത്ത ആ വാക്കുകൾ കേട്ട് ഇമ്മടെ കണ്ണ് പുറത്തേക്ക് കൊണ്ടു തന്ന വെള്ളത്തുള്ളികൾ ഇടത് കൈ കൊണ്ടുതന്നെ ഞാൻ തുടയ്ക്കുമ്പോ വലത് കയ്യും കൂടി അതിന് തയ്യാറായി വന്നു. രണ്ടു കാലുകളും കൂടി ഇടത് കൈ പറഞ്ഞതാണ് ശരിയെന്ന് വിളിച്ചു പറഞ്ഞപ്പോൾ വലത് കൈ ഇടത് കയ്യെ ചെന്ന് കെട്ടിപ്പിടിച്ചു. ഹോ.. അങ്ങിനെ ഞാൻ ഇടപെടാതെ ഒരു പ്രശ്നം സോൾവായി. അല്ല ഞാൻ ഇടപെട്ടിരുന്നേൽ നീയൊരു പുല്ലും എഴുതണ്ടട എന്ന് പറഞ്ഞു വലത് കയ്യോട് കോമ്പ്രമൈസ് ചെയ്തേനെ. ആകെ മൊത്തം ടോട്ടൽ കുളമായേനെ....
അപ്പൊ ഞാൻ നല്ല കുട്ടിയായി എഴുതിക്കൊണ്ടു എന്നും ക്ലാസ്സിൽ ചെല്ലുമ്പോ വേറെ കുറച്ചുപേരുണ്ട്. പാവങ്ങൾ... അല്ല എവിടെയും ഉണ്ടല്ലോ പാവങ്ങൾ... അവർക്ക് ജയിച്ചു കഴിഞ്ഞാൽ നാരങ്ങ മൊട്ടായി വരെ വാങ്ങിച്ചു കൊടുക്കാമെന്ന് ആരും വാഗ്ദാനം ചെയ്യാത്തത് കൊണ്ടോ എന്തോ അവന്മാർ എഴുതിക്കൊണ്ടു വരില്ല.... ടീച്ചർ അവരെ എഴുന്നേൽപ്പിച്ചു നിർത്തും... കുറച്ചു കഴിയുമ്പോ അവരെ പുറത്തേക്ക് ഇറക്കിവിടും... ഇവന്മാർ ഗ്രൗണ്ടിൽ പോയിക്കിടന്നു ഉള്ള കളിയാണ്... ക്ലാസ്റൂമിന്റെ തുറന്നിട്ട ജനാലയിലൂടെ നേരെയുള്ള വിയൂ ഗ്രൗണ്ടാണ്. എത്ര നോക്കണ്ട എന്ന് കരുതിയാലും കണ്ണ് മുഖത്തെ അങ്ങോട്ട് തിരിപ്പിക്കും... വായിൽ കുറച്ചു വെള്ളവും മനസ്സിൽ ഇത്തിരിക്കോളം നിരാശയും വരും. കാലുകൾ കിടന്ന് തരിക്കും... ഇടയ്ക്ക് അവറ്റോൾടെ ദയനീയമായ ഒരു വിളിയുണ്ട്... ' സഞ്ജൂ...ന്ന്. ' കാലുകളുടെ ആ ദയനീയ വിളി കേക്കുമ്പോ തന്നെ ഒന്ന് പതറും... പോരാത്തതിന് ആ വിളി മനസ്സ് ഏറ്റെടുത്തു അവരെ ഓടിച്ചാടി കളിക്കാൻ ഒന്നനുവദിക്കൂ സഞ്ജൂ...ന്ന് സ്നേഹത്തോടെ പറയുമ്പോ ഇമ്മക്ക് അനുസരിക്കാതിരിക്കാൻ കഴിയില്ല. കാരണം പഠിക്കുന്നതും പണിയെടുക്കുന്നതുമായ കാര്യം ഒഴിച്ചു നിർത്തിയാൽ ഇമ്മള് വെറും ദുർബലഹൃദയനാണേ... സ്നേഹത്തിന്റെ മുമ്പിൽ അടിപതറി വീണുപോകും... പഠിപ്പ് ,പണി എന്നീ രണ്ടു കാര്യത്തിൽ ഭീഷണി സ്നേഹം ഇത്യാദി കാര്യങ്ങൾ ഒന്നും വിലപ്പോവില്ല.
ഈ പുറത്തിറക്കി വിടലും അവന്മാരുടെ കളിയും സ്ഥിരം പരിപാടിയായപ്പോൾ ബൈക്ക് എന്ന മോഹം പതുക്കെ താഴ്ന്നു. പിറ്റേദിവസം ഞാനും എഴുതിക്കൊണ്ടു വന്നില്ല. പതിവുപോലെ ടീച്ചർ വന്നു എഴുതാത്തവരെ എഴുന്നേൽപ്പിച്ചു നിർത്തി... എനിക്കും ഗ്രൗണ്ടിനും ഇടയിൽ കടക്ക് പുറത്ത് എന്നൊരു ആജ്ഞയുടെ അകലം മാത്രം.... കാലുകൾ എന്നെക്കാൾ ഉത്സാഹത്തിൽ കുതിക്കാൻ തയ്യാറായി നിന്ന ആ സന്ദർഭത്തിൽ ആ വേളയിൽ സഞ്ജൂ...നീയും... എന്ന ടീച്ചറുടെ ആ ചോദ്യം എന്നെ തകർത്തു കളഞ്ഞത്... പത്തിലെ നാടകത്തിൽ ഇമ്മടെ കുത്തുകൊണ്ട ആന്റപ്പൻ " ടാ തെണ്ടീ ... ബ്രൂട്ടസേ നീയും..." എന്നലറിയ അതേ ഫീൽ ആണ് എനിക്ക് ടീച്ചറുടെ ആ ചോദ്യം കേട്ടപ്പോ തോന്നിയത്. ആന്റപ്പൻ അലറിയത് വേറൊന്നുമല്ല. ഇമ്മടെ കുത്ത് അവന്റെ മർമ്മത്തെങ്ങാണ്ട് കൊണ്ടു. അതാണ് സ്ക്രിപ്റ്റിൽ ഇല്ലാത്ത ' ടാ തെണ്ടീ ' എന്ന ഡയലോഗ് അവൻ കൂട്ടിച്ചേർത്തത്.
ഇവിടിനി എന്താണാവോ ഞാൻ ടീച്ചറെ ചെയ്തത്. കാര്യം വേറൊന്നുമല്ല .... ഇമ്മടെ എഴുതി കൊണ്ടുവരലും അനുസരണയും കണ്ട ടീച്ചർ തെറ്റിദ്ധരിച്ചതാണ്. ഞാൻ വല്യേ പഠിപ്പിസ്റ്റാണെന്ന് കരുതി എല്ലാരോടും സഞ്ജൂനെ കണ്ടു പഠിക്ക് എന്നാണ് ടീച്ചർ പറയാറ്. ടീച്ചറുടെ നിർദ്ദേശം കേട്ട് ആരേലും കണ്ട് പഠിക്കാൻ വന്നിരുന്നേൽ അവരുടെ കയ്യിൽ നിന്ന് ട്യൂഷൻ ഫീസ് വാങ്ങാം എന്ന എന്റെ മോഹം ചീറ്റിപ്പോയി... കാരണം ടീച്ചർക്കറിയില്ലെങ്കിലും പിള്ളേർക്കറിയാല്ലോ എന്റെ സ്വഭാവം... ഒരുകണക്കിന് അത് നന്നായി... ഇത്രേം പേരെ ചീത്തയാക്കിയവൻ എന്ന ദുഷ്‌പേര് അത് കാരണം കേൾക്കേണ്ടി വന്നില്ല. ടീച്ചറുടെ ചോദ്യം കേട്ട ഞാൻ മോതിരം കളഞ്ഞു പോയ ശകുന്തളേടെ പോലെ തലയും കുമ്പിട്ട് നിന്നു.
ഒന്ന് വിയർത്തു കളിച്ചാൽ മാറാവുന്ന മൂഡേ മനുഷ്യർക്കുണ്ടാവാറുള്ളൂ എന്നത് കൊണ്ട് കളിക്കാൻ റെഡിയായി നിന്ന ടൈമിൽ ടീച്ചറുടെ അലർച്ചയും പ്രതീക്ഷിച്ചു നിന്ന ഞങ്ങൾ ബോയ്സ് അക്ഷമരായി തുടങ്ങി.... ഉദ്ഘാടനത്തിന് വരുന്ന മന്ത്രിയുടെ പോലെ സമയം കഴിഞ്ഞിട്ടും വരാത്ത ഉത്തരവും കാത്ത് നിന്നത് മിച്ചം. ടീച്ചർക്കന്ന് പുറത്തേക്ക് വിടാൻ മൂഡുണ്ടായില്ല ... ശ്ശേ... കഷ്ടപ്പെട്ട് വലത് കയ്യെ അതും ഇതും പറഞ്ഞു പ്രലോഭിച്ചു ഞാൻ നേടിയെടുത്ത സൽപ്പേര് ഒറ്റ നിമിഷം കൊണ്ട് കുളമായി എന്ന് മാത്രമല്ല കളിക്കുക എന്ന ആഗ്രഹം ദേ കിടക്കണ് തിത്തോം പൊത്തോം തകതിമ തടികിട ത്തത്തത്ത...
ലോകത്ത് കിട്ടാവുന്ന നിരാശ മുഴുവൻ തലയിൽ കൂടി കോരിയൊഴിച്ചു അതിൽ മുങ്ങിക്കുളിച്ചു നിൽക്കുമ്പോൾ ആണ് ഞാനാ അത്ഭുത കാഴ്ച്ച കണ്ടത്....!!!
എഴുതാതെ എഴുന്നേറ്റ് നിന്ന പെൺപിള്ളേര് അച്ഛന്റെയടുത്ത് കുമ്പസരിക്കാൻ പോകുന്ന ആളുകളെ പോലെ ടീച്ചറുടെ അടുത്തേക്ക് ഓരോരുത്തർ ആയി പോയി ടീച്ചറുടെ ചെവിയിൽ എന്തോ രഹസ്യം പറയുന്നു. അത് കേൾക്കുന്ന ടീച്ചർ അവരോട് ഇരുന്നോ എന്ന് പറയുന്നു.... ഞാൻ വായും പൊളിച്ചു അത് നോക്കി നിന്നു... നോക്കിയപ്പോ മൊത്തം പതിനാറു പേർ എഴുന്നേറ്റ് നിന്നിടത്ത് പതിനാല് പേരും പോയി എന്തോ കുമ്പസാരിച്ചു വന്നു അന്തസ്സായി ഞെളിഞ്ഞിരിക്കുന്നു. ഇമ്മടെ ഉള്ളിലെ വിപ്ലവകാരി തല പൊക്കി... എഴുതി മടുത്ത വലംകയ്യും കളിക്കാൻ പറ്റാത്ത കാലുകളും ഒന്നിച്ചു ചേർന്ന് ചോദിക്ക് സഞ്ജൂ എന്ന് അലറിയപ്പോൾ ഞാൻ ഉറക്കെ തന്നെ ചോദിച്ചു.
" ടീച്ചറ്.... ടീച്ചറെന്തിനാ അവരെയൊക്കെ ഇരുത്തുന്നത്...???"
ക്ലാസ് ഒന്നടങ്കം മറുപടിക്ക് വേണ്ടിയും ബോയ്സ് ആരാധനയോടെയും പെണ്പിള്ളേർ എന്നെ അമ്പരപ്പോടെയും നോക്കി നിൽക്കുന്ന ടൈമിൽ ടീച്ചറുടെ ആ മറുപടി വന്നു.
" എനിക്ക് മനസ്സുണ്ടായിട്ട്...."
ഹിറ്റ്ലറിയെ പോലെ ടീച്ചർ ആ മറുപടി പറഞ്ഞപ്പോൾ ക്ലാസ്സിലെ പെൺപിള്ളേര് കൂട്ടച്ചിരി.... ന്യായമായും ഏത് ആളായാലും ചമ്മിപ്പോകേണ്ടതാണ്. പക്ഷേ ഈ ലോകത്ത് എനിക്ക് മാത്രമുള്ള അസാമാന്യ തൊലിക്കട്ടിയിൽ ടീച്ചറുടെ ആ അമ്പെയ്യൽ അലർച്ചയും ലവളുമാരുടെ ക്ക ക്ക ക്ക പൊട്ടിച്ചിരിയും ഏറ്റില്ല...
" അങ്ങിനെയാണെങ്കിൽ ഞങ്ങളും ഇപ്പൊ ഇരിക്കും... എന്നിട്ട് ചോദിച്ചാൽ പറയും ഞങ്ങൾക്ക് മനസ്സുണ്ടായിട്ടാണെന്നു... ഇങ്ങനെയാണോ ഒരു ടീച്ചർ മറുപടി പറയുക... പിള്ളേരെ പഠിപ്പിക്കേണ്ടത് എങ്ങിനെയാണെന്നു അറിയില്ലെങ്കില് ആദ്യം പോയി മറ്റു ടീച്ചർമാരോട് ചോദിച്ചു പഠിച്ചിട്ട് വാ... ഞങ്ങളും കുറെ ടീച്ചർമാരെ കണ്ടിട്ട് തന്നെയാ ഇവിടെ വരെ എത്തിയത്... " ഹോ ഒന്നും പറയണ്ട... അതാണ് ഇതാണ് തേങ്ങയാണ് മാങ്ങയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് ഒരു പത്ത് മിനിറ്റ് നിർത്താതെ ഞാനങ്ങ് കേറി പ്രസവിച്ചു. അല്ല പ്രസംഗിച്ചു.
ഡിം... ക്ലാസ് പരിപൂർണ്ണ നിശബ്ദം... ഞാൻ തന്നെ അമ്പരന്ന് പോയി. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ ടീച്ചർ എല്ലാവരോടും ഇരുന്നോളാൻ പറഞ്ഞു. പ്രമാദമായ കേസ് വാദിച്ചു ജയിച്ച വക്കീലിനെ പോലെ ഞാൻ നിവർന്ന് തന്നെ ഇരുന്നു. ടീച്ചർ ക്ലാസ്സിൽ നിന്ന് തന്നെ ഇറങ്ങിപ്പോയി. നെല്ല് കുത്തുന്ന മെഷീൻ ബ്രേക്ക് കഴിഞ്ഞു പണിയെടുക്കാൻ തുടങ്ങിയ പോലെ ടീച്ചർ പോയ ക്ലാസ് ആകെ കലപിലയായി. അപ്പോഴാണ് അടുത്തിരുന്നവൻ എന്നോട് ആ സംഭവം പറഞ്ഞത്.
" ടാ അവളുമാർക്ക് ആ സംഭവം ആണെടാ... !! "
" സംഭവമോ... ഏത് സംഭവം...??? "
" ഈ മാസത്തിൽ ഒരിക്കൽ ഉണ്ടാകില്ലേ അത്... "
" മാസത്തിൽ ഒരിക്കൽ ഉണ്ടാകുന്ന അസുഖമോ...??? എന്ത് തേങ്ങയാണത്... ??? "
" ഹോ... ടാ.... ആർത്തവം...!!! "

കൃത്യം ആ സമയത്താണ് പുറത്തേക്ക് പോയ ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നത്... അവന്റെ മുഖത്തേക്ക് നോക്കിയിരുന്ന ഞാനത് അറിഞ്ഞതുമില്ല... ക്ലാസ് പ്രേതപടത്തിൽ പ്രേതത്തിന്റെ എന്ററി പ്രതീക്ഷിച്ചു ശ്വാസമടക്കിയിരിക്കുന്ന കാഴ്ചക്കാരുടെ പോലെ നിശബ്ദമായി... ആ നിശബ്‌ദതയിലേക്കാണ് ഇമ്മടെ ഉറക്കെയുള്ള പ്രതികരണം വന്നു വീഴുന്നത്...
" ഓ പിന്നേ... ഒന്നു പോയെടാ അവിടുന്ന്... പതിനാല് പേർക്കും ഒരുമിച്ചു വരാനായിട്ട് ആർത്തവം എന്താ വല്ല പകർച്ചവ്യാധിയും ആണോ...??? "
പറഞ്ഞിട്ട് ഞാൻ നോക്കിയത് ഇടിവെട്ടേറ്റ കൊന്നത്തെങ്ങ് പോലെ നിൽക്കുന്ന ടീച്ചറുടെ മുഖത്തേക്കാണ്... ഹോ പൗണ്ടർ തേച്ചാ വരെ ഇത്രയ്ക്ക് വെളുക്കില്ല... അമ്മാതിരി വെളറി വെളുത്തൊയി ടീച്ചറുടെ മുഖം... ഞാൻ വെറുതെ ഒന്ന് മൊത്തം പാളി നോക്കി.... ഹോൾ ക്ലാസ് എന്നെത്തന്നെ തുറിച്ചു നോക്കുന്നു... പോയി... പോയി... എല്ലാം കയ്യീന്ന് പോയി....
അല്ല ടീച്ചറേം പറഞ്ഞിട്ട് കാര്യമില്ല... ലവളുമാർ വന്ന് പറയുമ്പോ തെളിവ് ചോദിക്കാൻ പറ്റില്ലല്ലോ... ആ നിസ്സഹായവസ്ഥയിൽ ഇരിക്കുമ്പോഴാണ് ഇമ്മടെ അമിട്ട് ചോദ്യം... പൊട്ടിത്തെറിക്കും... ഉറപ്പാ... ആരായാലും പൊട്ടിത്തെറിക്കും.... നിസ്സഹായവസ്ഥയിൽ ആയിപ്പോയ ടീച്ചർ സ്റ്റാഫ്‌റൂമിലും പ്രിൻസിപ്പലിന്റെ അടുത്തും പരാതി ബോധിപ്പിച്ചു. ഉച്ച വരെയുള്ള പിരീഡിനുള്ളിൽ ഒരു മാതിരി എല്ലാ മാഷുമാരും ടീച്ചർമാരും ക്ലാസ്സിൽ വന്നു ആരാ സഞ്ജയ് എന്ന് ചോദിച്ചു കണ്ടു ബോധ്യപ്പെട്ടു. ഹോ പെണ്ണ് കാണാൻ വരുന്ന ചെക്കന്റെ മുമ്പിൽ നിൽക്കുന്ന പെണ്ണിനെ പോലെ എഴുന്നേറ്റ് തലയും കുമ്പിട്ട് നിന്ന് ഞാൻ വയ്യാണ്ടായി...
ഇക്കണ്ട പെണ്ണുങ്ങളൊക്കെ മാസത്തിൽ ഏഴുദിവസം വെറുക്കുന്ന ആ സംഭവത്തെ അന്ന് മുതൽ ഞാൻ മാസത്തിലെ മുഴുവൻ ദിവസവും വെറുക്കാൻ തുടങ്ങിയതാണ്. കാരണം സ്റ്റാഫ് റൂമിൽ വിളിച്ചോണ്ടു ‌പോയി മറ്റു ടീച്ചർമാർ , പ്രിൻസിപ്പാൾ തുടങ്ങിയ വായകളിൽ നിന്ന് അമ്മാതിരി ചീത്ത കേട്ടു. വീട്ടിൽ നിന്ന് ആളെ വിളിച്ചോണ്ടു വാ എന്ന ഓർഡർ കാലു പിടിച്ചിട്ടാണ് മാറ്റിക്കിട്ടിയത്. എന്തുന്നും പറഞ്ഞിട്ടാണ് വീട്ടിൽ നിന്നും ആളെ വിളിച്ചോണ്ടു വരിക... അയ്യേ...ഹോ...
ടീച്ചറോട് മര്യാദയില്ലാതെ പെരുമാറി എന്ന കുറ്റം ആരോപിപ്പിക്കപ്പെട്ടു ആ ചീത്തവിളിയൊക്കെ കേട്ടു നിൽക്കുമ്പോഴും എന്റെ മനസ്സിൽ ഒരേ ഒരു സംശയമായിരുന്നു. ഇവരൊക്കെ എന്തിനാ എന്നെ ഇങ്ങിനെ ചീത്ത പറയുന്നത്... ഇനി സത്യത്തിൽ ഇതൊരു പകർച്ചവ്യാധി ആയിരിക്കുമോ എന്നതായിരുന്നു ആ സംശയം... ഇന്നും എന്റെ മനസ്സിൽ ആ ചോദ്യമൊരു ചുരുളഴിയാത്ത രഹസ്യമായി നിലനിൽക്കുന്നു... ഇനിയിപ്പോ....സത്യത്തിൽ...ആയിരിക്കുമോ...???
Sanjay Krishna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot