Showing posts with label RubySajeev. Show all posts
Showing posts with label RubySajeev. Show all posts

എന്റെ അച്ഛമ്മ

എന്റെ അച്ഛമ്മ
****************
എനിക്കുമുണ്ടായിരുന്നു ഒരച്ഛമ്മ. മറ്റുള്ളവർ പറയും പോലെ വാത്സല്യത്തിൻ നിറകുടമായ... അല്ല .അങ്ങനെ ഒരച്ഛമ്മയെ ഞാൻ കണ്ടിട്ടില്ല. അച്ഛമ്മക്കു നാലാൺ മക്കൾ. മൂന്നാമത്തെ മകൻ രാഘവന്റെ മൂത്ത മകളാണ് ഞാൻ. കൂട്ടുകുടുംബമായതിനാൽ എല്ലാ മക്കളും ,മരുമക്കളും, പേരക്കുട്ടികളും അവിടെ തന്നെയുണ്ട്. വല്യച്ഛനം, കൊച്ഛനും ആണും, പെണ്ണുമുണ്ട് മക്കളായ്. എന്റെ അച്ഛനു ഞങ്ങൾ രണ്ടു പെൺമക്കളാണ്.ഒരു വല്യച്ഛൻ ഗൾഫിലാണ് . നേരെ ഇളയ വല്യച്ഛൻ നാട്ടിൽ കച്ചോടം ഉണ്ട്. പിന്നെ ഒരു കൊച്ഛൻ ഓട്ടോറിക്ഷ ഡ്രൈവറാണ് .അച്ഛൻ തയ്യൽ തൊഴിലാളി. പക്ഷെ അച്ഛമ്മയ്ക്കെപ്പോഴും മറ്റു മക്കളുടെ പേര കുട്ടികളെയായിരുന്നു ഇഷ്ടം. എന്നെയോ, അനിയത്തി മാളുവിനെയോ കണ്ടു കൂടാ.എന്തുകൊണ്ടാണ് പലപ്പോഴും സ്വയം ചോദിച്ചിരുന്നു....പക്ഷെ ഉത്തരം എനിക്ക് കണ്ടെത്താനായില്ല.
അച്ഛമ്മ അമ്മയെ ഒരു പാട് കഷ്ടപ്പെടുത്തിട്ടുണ്ട്... അടുക്കള ജോലിയിൽ വരെ. അരയ്ക്കാനും, പൊടിക്കാനും അമ്മയെ ഏൽപ്പിക്കും. വല്യമ്മമാരെയോ, കുഞ്ഞമ്മമാരെയോ സഹായിക്കാൻ അച്ഛമ്മ സമ്മതിക്കില്ല.രാവിലെ മുതൽ വൈകിട്ടു വരെ പച്ച വെള്ളം കുടിച്ചു കൊണ്ടാണമ്മ ജോലി ചെയ്യുന്നത്.. 'ആണുങ്ങൾ കഴിച്ചതിനു ശേഷം മതി നിനക്ക് വയറു നിറയ്ക്കാൻ ' എന്ന അച്ഛമ്മയുടെ താക്കീതു ഭയന്ന് വിശപ്പ് സഹിച്ചിരിക്കും. എന്നേം അമ്മ അറിയാതെ ആ പാഠം പഠിപ്പിച്ചു.എല്ലാവരും രാവിലത്തെ കട്ടൻ കുടിക്കുമ്പോൾ എനിക്കു മാത്രം അമ്മ തരില്ല. ചോദിച്ചാൽ തീർന്നെന്നു പറയും .അതും അച്ഛമ്മയെ ഭയന്ന് .അച്ഛമ്മയുടെ മറ്റുള്ള പേരകുട്ടികളെല്ലാം കഴിച്ചു കഴിഞ്ഞേ അമ്മ എനിക്ക് ചോറു തരുകയുള്ളൂ. ഒരു പക്ഷെ തികഞ്ഞില്ലെങ്കിൽ അന്നു അച്ഛമ്മ അമ്മയ്ക്ക് സ്വൈര്യം കൊടുക്കില്ല..
അമ്മയുടെ നിശബ്ദതയെ അച്ഛമ്മ ഒരുപാട് മുതലെടുത്തിരുന്നു. ഒരിക്കെ മാത്രം അമ്മ കരഞ്ഞു കൊണ്ടു പ്രതികരിച്ചു.അന്ന് രാത്രി അച്ഛനോടു പറഞ്ഞു കൊടുത്തു.അമ്മയ്ക്ക് ഒരു പാട് അടി കിട്ടി . അന്ന് അമ്മ എന്നേം, മാളൂനേം ചേർത്ത് പിടിച്ചു കരഞ്ഞു. എത്ര അടി കൊണ്ടാലും അമ്മ എല്ലാം സഹിക്കും. എനിക്ക് അപ്പുപ്പൻ ഇല്ല.. അമ്മയുടെ കുഞ്ഞുനാളിലെ അമ്മുമ്മയെ ഉപേക്ഷിച്ചു പോയി. അമ്മയെ പെണ്ണുകാണാൻ വന്നപ്പോഴെ അച്ഛമ്മ സ്ത്രീധന തുക മുൻകൂറായ് കൊടുക്കാൻ ആവശ്യപ്പെട്ടു. ആരുടെയൊക്കെ കാരുണ്യത്തിൽ അമ്മയുടെ കല്യാണം കഴിഞ്ഞു. ഈ സ്ത്രീധന തുക കൊണ്ട് വല്യച്ഛൻ പേർഷ്യയിൽ പോയി. ഇതൊക്കെ കുറച്ചു മുതിർന്ന പോഴാണറിഞ്ഞത്.
അച്ഛമ്മയുടെ സ്നേഹം എനിക്കും അനുഭവിക്കണമെന്ന ആർത്തിയിൽ കാലു നീട്ടിവെച്ചു വിശ്രമിക്കുകയായിരുന്ന അച്ഛമ്മയുടെ മടിയിൽ ചെന്ന് കിടന്നു.. ആക്രോശിച്ചു കൊണ്ട് എന്നെ തള്ളി മാറ്റി..
" എണീറ്റു പോ... നാശമേ .. കുരുത്തം കെട്ട സന്തതി ''...
മുറിവേറ്റ ഹൃദയവുമായ് കരഞ്ഞു കൊണ്ടോടിയത് വീടിന്റെ പിന്നാമ്പുറത്തേക്കായിരുന്നു. അച്ഛമ്മയുടെ സ്നേഹം മറ്റു പേര കുട്ടികൾക്കു മാത്രമുള്ളതാനെന്ന് ഞാൻ മനസ്സിലാക്കി.
അച്ഛമ്മയുടെ കപട സ്നേഹപ്രകടനമുണ്ട്. കാര്യസാധ്യത്തിനു വേണ്ടി അവർക്ക് വേണ്ട പഴമോ, പാലോ, ബിസ്ക്കറ്റോ വാങ്ങാൻ... വാങ്ങിച്ചില്ലെങ്കിലോ.. തീർച്ചയായും അച്ഛന്റെ കൈയ്യിന്നു അടി വാങ്ങി തരും. അമർഷം അടക്കി ഞാൻ അവർക്കു വാങ്ങി കൊടുക്കും. പഴമോ, ബിസ്ക്കറ്റോ ചീഞ്ഞ് നാറുമ്പോഴോ, പൂത്ത് പൊടിയുമ്പോഴോ അപ്പോഴും എന്നെ അവർ നീട്ടി വിളിക്കും. കൊതി മൂത്ത് ഞാൻ അത് വാങ്ങി കഴിക്കും. ഒരിക്കെ ചിറിയിലെ ബിസ്ക്കറ്റ് പൊടികൾ കണ്ട് വാ പിടിച്ച് മണത്തു നോക്കി അമ്മ. പൂത്ത ബിസ്ക്കറ്റിന്റെ മണം, എവിടെ ന്നാ നിനക്കിത് ദേഷ്യത്തിൽ എന്റെ കൈ രണ്ടും കൂട്ടി കെട്ടി ചോദിച്ചു.. അച്ചമ്മ തന്നതാ.. ഉത്തരത്തിനു പിറകെ ചൂടു കൈ പടം എന്റെ തുടയിൽ പതിഞ്ഞു .. പിന്നെ കെട്ടിപിടിച്ചൊരു കരച്ചിലായിരുന്നു. ഒരിക്കലും അച്ഛമ്മ ഞങ്ങൾക്കു വേണ്ട സാധനങ്ങളൊന്നും അച്ഛനെ കൊണ്ടു വാങ്ങിക്കാൻ സമ്മതിച്ചിരുന്നില്ല എന്നതാണ് വാസ്തവം. അവിടെയുള്ളത് തിന്നാൽ മതി. പക്ഷെ വല്യച്ഛന്റെയും, കൊച്ഛച്ചന്റേയും മക്കൾക്ക് ഈ നിയമം ബാധകമല്ല.. കുറച്ചൂടെ മുതിർന്നപ്പോൾ എനിക്ക് ഏകദേശം എല്ലാം മനസ്സിലായ് .പേര കുട്ടികളിലെ പക്ഷാപേതം... എവിടുന്നു കിട്ടിയപ്രേരണയാലോ ഞാൻ
അവരോടു ചോദിച്ചു "നിങ്ങടെ മകൻ തന്നെയാണോ എന്റെ അച്ഛൻ" ? ചെറിയ വായിലെ വലിയ വർത്തമാനം അന്നൊരു വൻ വഴക്കിൽ കലാശിച്ചു. സ്കെയിലുകൊണ്ടമ്മ എന്റെ കാലിൽ പാടുകൾ തീർത്തപ്പോൾ അവർ സന്തോഷിക്കുകയായിരുന്നു.അങ്ങനെ അടിയുടെ പാടുകൾ ചുമക്കുമ്പോഴെല്ലാം എനിക്ക് അച്ഛമ്മയോടു ദേഷ്യമായിരുന്നു.
അമ്മയുടെ നിരന്തരമായ പ്രാർത്ഥനയിൽ വല്യച്ഛൻ അച്ഛന് ഗൾഫിൽ ജോലി ശരിയാക്കി. കഷ്ടപ്പാടുകൾ അവസാനിക്കാൻ പോകുന്ന സന്തോഷം അമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു. പോകുന്നതിനു മുൻപ് പുറംപോക്കിൽ ഓല മേഞ്ഞ ഒരടുക്കളയും, അതിനോടു ചേർന്ന് ഒരൊറ്റ മുറിയും പണിതു തന്നു അച്ഛൻ. അച്ഛമ്മയുടെ വാക്കിനപ്പുറം ചലിക്കാത്ത അച്ഛനാണ് .അമ്മയുടെ കഷ്ടപ്പാട് അച്ഛനും കാണുന്നുണ്ടായിരുന്നു. ഈ തീരുമാനത്തിനു പിന്നിൽ അതായിരിക്കാം കാരണം.ഈ മാറ്റം അച്ഛമ്മയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മരണവീടുപോലായിരുന്നു അച്ഛൻ ഗൾഫിൽ പോയ ദിവസം .അന്ന് ഞാൻ ഒരുപാട് കരഞ്ഞു. അച്ഛന്റെ കൂട്ടുകാരന്റെ വീട്ടിൽ മാത്രമേ ലാൻഡ് ഫോണുള്ളൂ. അച്ഛൻഎത്തിയ വിവരം വല്യച്ഛൻ വിളിച്ചു പറഞ്ഞപ്പോളാണ് അമ്മയ്ക്കും, ഞങ്ങൾക്കും ആശ്വാസമായത്. ഒരാഴ്ചക്കകം അച്ഛന് അവിടുത്തെ കമ്പനിയിൽ ജോലി ശരിയായ്.അമ്മയുടെ മുഖത്ത് ആദ്യമായ് സന്തോഷം നിറഞ്ഞു കണ്ടു. അച്ഛമ്മയെ അറിയിക്കാൻ ചെന്ന അമ്മ കരഞ്ഞു കൊണ്ടാണ് തിരിച്ചു വന്നത്.
" മൂധേവി.... എന്റെ മകനെ കഷ്ടപ്പെടുത്താനായ് അന്യരാജ്യത്ത് പണിയെടുക്കാൻ വിട്ടേക്കുന്നു .നിനക്കിനി തിന്ന് കൊഴുക്കാലോ?.. നിന്നെ അങ്ങനെ മന:സമാധാനമായ് ജീവിക്കാൻ സമ്മതിക്കില്ല" വേറെയും എന്തൊക്കെയോ പ്രാക്കുകൾ ഒന്നും കേൾക്കാൻ ശക്തിയില്ലാതെ ഞാൻ ചെവികൾ പൊത്തി.അച്ഛന്റെ ആദ്യ ശമ്പളം നാട്ടിൽ അയച്ചപ്പോൾ അമ്മ എന്നോടു എന്തു വേണമെന്ന് ചോദിച്ചു ."എനിക്ക് ഒരു കപ്പു നിറയെ പാൽച്ചായ വേണമ്മ ".. എന്നെ കെട്ടിപ്പിടിച്ചു, അമ്മ കണ്ണുകൾ തുടച്ചത് ഇന്ന് എന്നെ കരയിക്കുന്ന കാഴ്ചയാണ് .. എനിക്കും, അനിയത്തിക്കും ഇഷ്ടമുള്ളതെല്ലാം അമ്മ വാങ്ങി തന്നു. ആദ്യമായ് നല്ലൊരു ഉടുപ്പിട്ടു.സ്കൂൾ ബാഗ് വാങ്ങി.ഞങ്ങടെ കൊച്ചടുക്കളയിലും കോഴി കറി മണം പരന്നു .. ഇതിനിടയിലും അമ്മയെ ദ്രോഹിക്കാൻ അച്ഛമ്മ മറന്നില്ല.അച്ഛൻ നാട്ടിൽ അയക്കുന്ന പൈസയിൽ നിന്നും മിച്ചം പിടിച്ച് അങ്ങനെ മൂന്നു വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഒരു വീടു വെച്ചു.അതിനു ശേഷം അച്ഛൻ നാട്ടിൽ വന്നു. ഒരു പെട്ടി നിറയെ അച്ഛമ്മയ്ക്കുള്ള സാധനങ്ങളായിരുന്നു.അതും പോരാഞ്ഞ് അമ്മയ്ക്കു കൊണ്ടുവന്നതിൽ നിന്നു കൂടെ അവർ വഴക്കിട്ടു വാങ്ങിച്ചെടുത്തു. ഞങ്ങളോടൊ, അമ്മയോടൊ സംസാരിക്കാൻ വിടാതെ തലോടിയും, കള്ള കണ്ണീരു കാണിച്ചും അച്ഛനെ മുറിയിൽ പിടിച്ചിരുത്തി. പറഞ്ഞതിൽ കൂടുതലും അമ്മയുടെ നുണകളായിരുന്നുവെന്ന് അച്ഛന്റെ മുഖഭാവത്തിൽ നിന്നും വ്യക്തമായ്.അച്ഛന്റെ പോയ് വരവുകൾക്കിടയിൽ എന്റെ കാലുകൾ ചുവന്നു തിണർത്തിരുന്നു. നുണകൾ പറഞ്ഞും ഏഷണി കൂട്ടിയും അച്ഛനെ മുറപ്പോലെ അച്ഛമ്മയുടെ വരുതിയിൽ നിർത്തിയിരുന്നു.
അമ്മ എപ്പഴും പറയുമ്പോലെ നന്നായ് പഠിച്ചു, ജോലി നേടിയെടുത്തു കൊണ്ടാകണം നിങ്ങൾ ഇവർക്കുള്ള മറുപടി കൊടുക്കേണ്ടത് . വർഷങ്ങൾ വേഗം കടന്നു പോയ് ... ഞാൻ നന്നായ് വാശിയോടെ പഠിച്ചു. നല്ലൊരു ജോലി കിട്ടി... ഒരു പക്ഷെ കുടുംബത്തിൽ പേരമക്കളിൽ വെച്ച് എനിക്കാണ് ആദ്യമായ് ജോലി കിട്ടുന്നത് ..
അതിന്റെ കുശുമ്പും, അസൂയയും എല്ലാവരുടെ മുഖത്തും ഉണ്ടായിരുന്നു..
തറവാട് വീട് ഭാഗം വെയ്ക്കാൻ തീരുമാനമായ് .. കൂട്ടത്തിൽ അച്ഛമ്മയേയും ..
ഇപ്പോ അച്ഛമ്മ ആകെ അവശയാണ് ... പല്ലു കൊഴിഞ്ഞ സിംഹിണിയെപ്പോലെ .... തലയിൽ കേറ്റിയ വച്ച മക്കൾക്കോ, മരുമക്കൾക്കോ, ചെറുമക്കൾക്കോ വേണ്ട അവർ അന്യോന്യം കൈയൊഴിയുകയാണ്. ഞാൻ ആ രംഗം കണ്ട് മനസ്സു നിറഞ്ഞു ചിരിച്ചു..
ഒടുവിൽ അമ്മ ചെന്ന് അച്ഛമ്മയുടെ കൈ പിടിച്ച് ഞങ്ങളുടെ വീട്ടിൽ കൂട്ടികൊണ്ടു വന്നു.
അന്ന് അവരുടെ കണ്ണിൽ നിന്നുതിർന്ന കണ്ണീർ കണങ്ങൾ അമ്മയോടു ചെയ്ത ക്രൂരതകൾക്കുള്ള പ്രായശ്ചിത്തമാണോ? അറിയില്ല.....
ഇന്നും അച്ഛമ്മ എന്നെ വിളിക്കാറുണ്ട്....
മറ്റു പേരക്കുട്ടികളുടെ വിശേഷം ചോദിക്കാൻ അല്ലെങ്കിൽ പഴയതുപോലെ അവർക്കു വേണ്ട ബിസ്ക്കറ്റോ, പഴമോ വാങ്ങാൻ...
റൂബി സജീവ്

ഷഹാന

Image may contain: 1 person, indoor
അവൾ ഷഹാന. ഓർക്കാൻ സുഖമില്ലാത്ത ഭൂതകാലം. മൂന്നോ ,നാലോ വയസ്സിൽ ഉമ്മയെ നഷ്ടമായ് .അവളുടെ കൗമാരപ്രായത്തിൽ വാപ്പ വേറെ കല്യാണം കഴിച്ചു. കുറച്ചു നാൾ ഇളയുമ്മടെ കൂടെ. വീട്ടുജോലി ചെയ്തും ,ഇളയുമ്മയുടെ മക്കളെ നോക്കിയും അതിനിടയിൽ പത്താം ക്ലാസ് പഠനവും പൂർത്തിയാക്കി നാളുകൾ കഴിച്ചുകൂട്ടി . ഇളയുമ്മയുടെ വീട്ടിലെ അവളുടെ അവസ്ഥ അറിഞ്ഞ് അവളുടെ ഉമ്മുമ്മ കൂട്ടിക്കൊണ്ടു പോകാൻ വന്നു. ചുളിവു വീണ ആ വൃദ്ധയുടെ കൈ പിടിച്ചവൾ അവിടുന്ന് പടിയിറങ്ങി.
തുടർന്ന് പഠിക്കണമെന്ന മോഹമുണ്ടെങ്കിൽ പോലും അവൾ എല്ലാം ഉള്ളിലൊതുക്കി .
മങ്ങിയ സ്വപനങ്ങൾക്കു മീതേ താലി ചരടു വീണു.ഇനിയുള്ള കാലം അയാളോടൊപ്പം സുഖമായ ജീവിക്കാൻ ആ വൃദ്ധ തലയിൽ കൈവച്ച് അനുഗ്രഹിച്ചു..
അവരുടെ നെഞ്ചിൽ വീണവൾ പൊട്ടിക്കരഞ്ഞു..
നല്ല സാമ്പത്തിക ഭദ്രതയുള്ള അയാളുടെ വീട്ടിലും അവൾ തനിച്ചായിരുന്നു. ഒരു വീട്ടുവേലക്കാരിയുടെ അവസ്ഥ .അവർക്ക് ആവിശ്യം മകന്റെ ചോരയിൽ പിറന്ന കുഞ്ഞിനെ .
അയാളുടെ ചവിട്ടും ,തൊഴിയും ,ശാരീരിക പീഡനങ്ങളും സഹിച്ച് മരവിച്ച മനസ്സുമായ് ദിവസങ്ങൾ തള്ളി നീക്കി..
സ്രഷ്ടാവിനോടു പോലും പരാതി പറയാൻ അവൾ മറന്നു..
തന്റെ അടിവയറ്റിൽ ഒരു കുഞ്ഞു ജീവൻ തുടിക്കുന്നു ന്ന് അറിഞ്ഞതു മുതൽ സ്വയം ജീവനൊടുക്കനുള്ള മനക്കരുത്ത് ഇല്ലാതായി..
തന്റെതായ് ഒരു ജീവൻ.. ചിരിക്കാൻ മറന്ന ചുണ്ടുകളിൽ ചിരി വിടർന്നു ..
വാർത്തയറിഞ്ഞും അയാൾക്കൊരു ഭാവമാറ്റവും ഉണ്ടായില്ല. പത്തു മാസങ്ങൾക്കൊടുവിൽ അവൾ ഒരു പെൺകുഞ്ഞിന് ജൻമംകൊടുത്തു. അൽപം ഒരാശ്വാസം തോന്നിയത് അയാളുടെ മാതാപിതാക്കളിൽ നിന്നുള്ള ചെറിയ പരിഗണനയാണ് .ഇടയ്ക്കിടെയുള്ള അയാളുടെ ദേഹോപദ്രവം മകളെ ഓർത്തു മാത്രം അവൾ സഹിച്ചു.
അവളെ ചൊടിപ്പിച്ചത് അയാളോടൊപ്പം മറ്റൊരു സ്ത്രീയെ കണ്ടപ്പോൾ. നിയന്ത്രണം വിട്ട് ചോദിക്കാൻ ചെന്നു .തല്ലിച്ചതച്ചു ആ കാട്ടാളൻ.നേരം പുലരുവോളം മകളെ ചേർത്ത് പിടിച്ചു അവൾ കരഞ്ഞു...ഭൂമിയോളം താൻ സഹിച്ചു.ഇനി വയ്യ ... ഒടുവിൽ അവൾ അയാളിൽ നിന്നും മോചിതയാകാൻ ആഗ്രഹിച്ചു. തന്നോടൊപ്പം അയാളെ ചേർത്തുവെച്ച വീട്ടുകാർക്കു മുമ്പിൽ യാചിച്ചു. ഒരൽപം മനുഷ്യത്വമുള്ള മനസ്സുകൾ അവളെ പിൻതുണച്ചു...
ഒടുവിൽ അവൾ വിവാഹമോചിതയായ് ...
സന്തോഷിക്കാൻ അധികം ആയുസ്സുണ്ടായിരുന്നില്ല. പേരക്കുട്ടിയെ കൊണ്ടുപോകരുതെന്ന് ആ മാതാപിതാക്കൾ അപേക്ഷിച്ചു.ലക്ഷ്യമില്ലാതെ ഇറങ്ങി തിരിക്കുന്ന തനിക്ക് മകളെ നഷ്ടപ്പെടുമോന്നു ഭയന്നു .. വല്ലാത്തൊരു നിസഹായാവസ്ഥ അവളിൽ പിടിപ്പെട്ടു..
ഒടുവിൽ എപ്പോ വന്നാലും മകളെ കാണാമെന്ന വാക്കുറപ്പോടെ ആ വീട് വിട്ടിറങ്ങി..
പ്രമുഖ ടെക്സ്റ്റയിൽ ഷോപ്പിൽ സെയിൽസ് ഗേളായി ഷഹാന ജോലിക്ക് കയറി. ഇടയ്ക്ക് മകളെ കാണാൻ ചെല്ലുമ്പോൾ കുട്ടി ഉറങ്ങുകയണന്നോ, വല്യുമ്മയുടെ വീട്ടിലാണെന്നൊക്കെ പറഞ്ഞ് തിരിച്ചയക്കുമായിരുന്നു. ഒരാറു മാസക്കാലം വി മൺസ് ഹോസ്റ്റലിൽ താമസിച്ചു. മോള് കൂടെ വേണമെന്ന് ആ അമ്മ ഹൃദയം തുടിച്ചു. ഒരൽപം സ്വകാര്യത ആഗ്രഹിച്ച്‌ വീട് വാടകയ്ക്കെടുക്കാൻ തീരുമാനിച്ചു. മുകളിലത്തെ നില വാടകയ്ക്കയെന്ന പത്രപരസ്യം കണ്ടാണ് ഗോപകുമാറിന്റെ വീട്ടിലെത്തുന്നത്.അറുപതു വയസ്സു പ്രായംതോന്നിക്കും.. നെറ്റിയിൽ ചന്ദനക്കുറി, കാഴ്ചയിൽ ആരോഗ്യമുള്ള ശരീരം. ഇടതുകാലിലെ ഒരു വെച്ചുകെട്ടു കാരണം നടത്തം അല്പം ഏന്തി വലിഞ്ഞാണ് അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും ,ആ വീടും അന്തരീക്ഷവും അവളെ വല്ലാതെ ആകർഷിച്ചു. ഒരാഴ്ചക്കുള്ളിൽ അവളവിടെ താമസം തുടങ്ങി.
തന്നെപ്പോലെ ഏകാന്ത തടവുകാരനാണ് ഗോപകുമാർ സാർ.. അടുപ്പക്കൂടുതലുള്ളവർ കുമാർ സർ എന്നു വിളിക്കും.റിട്ടേർഡ്
 അദ്ധ്യാപകൻ.അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു ഒരു വർഷമായി .മക്കളൊക്കെ വിദേശത്ത് കുടുംബവുമൊത്ത് താമസം. അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ മനു എന്നു പേരുള്ള ഒരു പയ്യൻ ഉണ്ട്. ഗോപകുമാറിന്റെ കൂടെയാണ് താമസവും.ഇതെല്ലാം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ മനസ്സിലാക്കിയെടുത്തു. ചില കുശലാന്വേഷണങ്ങളിലൂടെയും ,ചെറു ചിരിയിലൂടെയും അവർ പരിചയപ്പെട്ടു.
ഇടയ്ക്കെപ്പോഴെങ്കിലും ഒരാശുപത്രി വാസം അയാൾക്ക് പതിവുള്ളതാ. മനു വഴി അന്വേഷിച്ചപ്പോൾ മുൻപ് ഒരപകടത്തിൽ ഇടത്തെകാലിന്റെ എല്ലൊടിഞ്ഞ് പ്ലാസ്റ്ററിട്ടു.വിരലുകൾ അനക്കാതെ രക്തയോട്ടം കുറഞ്ഞു.പ്ലാസ്റ്റർ മാറ്റിയതിനു ശേഷം കണങ്കാലിനു താഴെ കുമിളകൾ പോലെ പൊങ്ങി പൊട്ടി ഒലിച്ചു വ്രണമാകാറുണ്ട്. സഹിക്കാൻ പറ്റാതെ വരുമ്പോൾ ആശുപത്രിയിൽ പോയി അഡ്മിറ്റാകും. പിറ്റേന്ന് തെങ്ങിനു തടമെടുക്കുന്ന ഗോപകുമാറിനെ കണ്ടു കൊണ്ടാണ് അവൾ കോണിപ്പടികൾ ഇറങ്ങിയത്.
"എന്തിനാണ് സർ സുഖമില്ലാണ്ടിരിക്കുമ്പോൾ ഈ പണിയൊക്കെ ചെയ്യണെ?"
ചോദ്യം കേട്ട് തിരിഞ്ഞു നോക്കി അയാൾ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
" മനസ്സ് മടി പിടിക്കാൻ പാടിലല്ലോ? ഓർമകൾക്കെല്ലാം മണ്ണിന്റെ മണമാണ് കുട്ടീ.
അച്ഛനപ്പൂപ്പൻമാരെല്ലാം കർഷകർ. കലപ്പ പിടിച്ച നാളു മുതൽ ആ മണ്ണിന്റെ മണം ഒരു ഹരമാണ് .ശരീരത്തിനു മാത്രമേ വേദനയുള്ളൂ.. "
അയാളുടെ മനസ്സിൽ ഓർമകളുടെ വിത്തുപാകിയതവൾ അറിഞ്ഞു.
''എന്നാലും... സർ, വിശ്രമിക്കു.പോയ് വരാം "
യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ മനസ്സും പറഞ്ഞു.'അതേ മനസ്സ് മടി പിടിക്കാൻ പാടില്ല'.ജോലി കഴിഞ്ഞെത്തിയ
വൈകുന്നേരം അവൾ ചെടികൾക്ക് വെള്ളം ഒഴിച്ചു കൊടുത്തു.മുറ്റം തൂത്ത് ചവറുകൾ കത്തിച്ചു. അയാളെ സഹായിക്കുകയായിരുന്നു ലക്ഷ്യം.
" ഷഹാന ഇതൊന്നും വേണ്ടിരുന്നില്ല" അത് അയാളായിരുന്നു.
" ഇതിനു മുൻപും ഇതൊക്കെ ചെയ്തിരുന്നു സർ.അന്നു പക്ഷെ ജോലി ചെയ്യാതിരിക്കുമ്പോഴാ വഴക്ക് കേൾക്കുന്നത് .. "
മുഖത്ത് സങ്കടം നിഴലിക്കുന്നതയാൾ കണ്ടു. അവളെ അറിയാൻ അയാൾ ആഗ്രഹം പ്രകടിപ്പിച്ചു.
കണ്ണീരിൽ കുതിർന്ന കഴിഞ്ഞ കാല ജീവിതം അദ്ദേഹത്തോടു പറയുമ്പോഴും മരവിപ്പായിരുന്നു മനസ്സിൽ .അയാൾക്ക്‌ സഹതാപം തോന്നി. ഉമ്മയുടെ തണൽ കിട്ടാതെ വളർന്ന ബാല്യം മുതൽ യൗവ്വനംവരെ അവളനുഭവിച്ച വേദന ഒരു ചിത്രം പോലെ മനസ്സിൽ ഓടിക്കൊണ്ടേയിരുന്നു.. അന്നു രാത്രി അയാൾക്ക് ഉറക്കം വന്നില്ല. തിരിഞ്ഞു മറിഞ്ഞും ആലോചനയിലാണ്ടു .താനും ആഗ്രഹിച്ചിരുന്നില്ലെ ഒരു പെൺകുഞ്ഞിനെ...
ദൈവം തന്നത് രണ്ടാൻ മക്കളെ.. സന്തോഷമാണ് ... ഉത്തരവാദിത്വങ്ങൾ ഭംഗിയായ്‌ നിറവേറ്റാറുണ്ടവർ .എന്നാലും ഒരു മകളുണ്ടായിരുന്നെങ്കിൽ ഒറ്റപ്പെടുത്താതെ ഓടി വരുമായിരുന്നു.. ഇഷ്ടഭക്ഷണം ഉണ്ടാക്കി വിളമ്പി തരുമായിരുന്നു.. പരാതിയും പരിഭവങ്ങളും ഇറക്കി വെയ്ക്കാൻ.. ശാസിക്കാൻ ..ലാളിക്കാൻ ..
സുഖകരമായ സ്വപ്നം അയാളെ തലോടി..
മനസ്സിനാശ്വാസമായിരുന്നു അവൾക്ക്.. ഉള്ളു തുറന്ന ന്നൊന്ന് സംസാരിക്കുവാൻ ആരും കൂടെയില്ലാതെ വെന്തുരുകിയ മനസ്സുമായ് എത്രയോ നാൾ ..
അവൾക്കും ആരൊക്കെയൊ ഉണ്ടെന്ന തോന്നൽ..
അന്നു രാത്രി അവൾ സുഖമായ് ഉറങ്ങി.
പറയാതെ പറഞ്ഞും ,അറിയിക്കാതെ അറിഞ്ഞും ഒരു പിതാവിന്റെ സ്നേഹം അവളറിയാൻ തുടങ്ങി. ..ചില വൈകി വരവുകളിൽ സനേഹത്തോടെയുള്ള അയാളുടെ ശാസന.. മനസ്സുകൊണ്ട് സന്തോഷിക്കുകയായിരുന്നു. എന്നാലും
'സർ' അങ്ങിനെയെ അവൾ അഭിസംബോധചെയ്തിരുന്നുള്ളൂ. വീണു
കിട്ടുന്ന ഒഴിവു ദിവസങ്ങളിൽ സപെഷ്യൽ മെഴുക്കുപുരട്ടിയോ, വറുത്തരച്ച മീൻ കറിയൊക്കെ ഒരൽപമെടുത്ത് അദ്ദേഹത്തിനും കൊണ്ടുപോയി കൊടുക്കുമായിരുന്നു. തനിക്കു കിട്ടിയ പുതിയ ജൻമം 'അച്ഛന്റെ മകൾ ' അവൾ സ്വയം മന്ത്രിച്ചു.
ചാരുകസേരയിൽ പത്രം വായിച്ചിരുന്ന അയാളുടെ ശ്രദ്ധ പെട്ടെന്ന് തന്റെ നേർക്കു വരുന്ന ഷഹാനയിലേക്കായ് ..
"സാറെന്റെ മോളെ കണ്ടിട്ടില്ലല്ലോ ... ഇന്നവളുടെ പിറന്നാളാ.. ഞാൻ കൂട്ടികൊണ്ടു വരാൻ പോവുകയാ.. " അതും പറഞ്ഞിറങ്ങുമ്പോൾ അവളുടെ മുഖത്ത് സന്തോഷം അലതല്ലി.അയാളും ആഗ്രഹിച്ചു ഷഹാനയുടെ മകളെ ഒന്നു കാണാൻ. തന്റെ പേര കുട്ടികൾക്കൊപ്പം ഒരു പേരക്കുട്ടി കൂടെ .
പ്രഭാത ഭക്ഷണവും കഴിച്ച് പുറത്തെ ചാരുകസേരയിൽ അമർന്നു. നോട്ടം ഗേറ്റിൽ ഉറപ്പിച്ചു..
ഏറെ നേരത്തിനു ശേഷം ഗേറ്റിലനക്കം കണ്ടു..
ഷഹാന വരുകയാണ്. മുഖം വല്ലാണ്ടിരിക്കുന്നു..പക്ഷെ മകളില്ല കൂടെ
അവൾ നേരെ സിറ്റൗട്ടിലേക്ക് അയാൾക്കഭിമുഖമായിരുന്നു. പിന്നെ ഒരു പൊട്ടി കരച്ചിലായിരുന്നു.
"എന്റെ മോള് ,എന്റെ മോള്...അവളെന്നെ മറന്നു പോയി സർ....
ഈ ഉമ്മായെ മറന്നു പോയി... നെഞ്ചോടു ചേർത്തു നിർത്തി കൊതി തീരെ
മുത്തമിടാൻ...
ഞാനൊരു വിഡ്ഢിയാണ്..എന്നിൽ നിന്നും എന്റെ മോളെ അകറ്റുകയാണെന്ന് തിരിച്ചറിയാൻ വൈകിയ വിഡ്ഢി "
കൈ കൊണ്ട് തലയക്കാഞ്ഞടിച്ചു..
വാക്കുകൾ കരച്ചിലിൽ മുങ്ങി താണു. ഏങ്ങലടിച്ചു കരയുന്ന അവളുടെ തോളിൽ കൈവെച്ച് അയാൾ വിളിച്ചു.
"മോളെ ..കരയരുത് ..എല്ലാ വേദനയും അതിജീവിച്ചവളാണ് നീ .. കരഞ്ഞു തീർക്കാനുള്ളതല്ല ജീവിതം.. തുടങ്ങണം..
വീണടുത്ത് നിന്ന് പതിയെ എഴുന്നേക്കണം.. നിന്നെ വേണ്ടാന്നു വെച്ചവരെ നീ വിട്ടേക്ക് .. പകരം നിനക്കു വേണ്ടത് നീ നേടിയെടുക്കണം.. ഞാനുണ്ട് കൂടെ എന്തിനും .."
"സർ എന്റെ മോളെ വേണം.. "
" സമാധാനമായിരിക്കു കുട്ടി.. നമുക്ക് വഴിയുണ്ടാക്കാം "
മനസ്സിൽ പ്രതീക്ഷയുടെ നാളം തിരിയിട്ടു .കണ്ണീർ തുടച്ച് അവൾ കോണി പടികൾ കയറിപ്പോയി.
പിറ്റേന്ന് തന്നെ ഗോപകുമാറിന്റെ പരിചയത്തിലുള്ള ഒരു സമർത്ഥനായ വക്കീലിനെ കണ്ട് കേസ് ഫയൽ ചെയ്തു. ഷഹാനയുടെ ഭർത്താവിന്റെ വീട്ടുകാരെയെല്ലം കോടതിയിൽ ചോദ്യം ചെയ്തു. ഭർത്താവിനെതിരെ ഒരു പരാതിയും തനിക്കില്ലയെന്നും മറിച്ച് കുഞ്ഞിനെ വിട്ടുതരണമെന്നും അവൾ അപേക്ഷിച്ചു.
അങ്ങനെ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ മകളെ ഷഹാനക്കയു വിട്ടു നൽകാൻ കോടതി ഉത്തരവിട്ടു.
അതിരില്ലാത്ത സന്തോഷം അവൾക്കുണ്ടായി.. കുമാർ സാറിന്റെ കാലിൽ വീണവൾ കരഞ്ഞു. അയാൾ പിടിച്ചെഴുന്നേൽപ്പിച്ച് നെറുകയിൽ തലോടി.
"ഇനി ജീവിക്കണം മകൾക്ക് വേണ്ടി ..
കുറച്ചൂടെ നല്ലൊരു ജോലി നേടണം.. പഠിക്കണം.. തുടർന്ന് പഠിക്കണം.. "
അയാളുടെ നിർബന്ധപ്രകാരം അവൾ തത്തുല്യം പ്ലസ് വണ്ണിനു ചേർന്നു.പുതിയൊരു ജീവിതം അവൾ കെട്ടിപ്പടുക്കുകയായിരുന്നു..
രണ്ടു വർഷം വേഗം കഴിഞ്ഞു പോയി ..
അയാളുടെ കാലിലെ മുറിവ് ഒരൽപം വലുതായി.ഷുഗർ കൂടീട്ട് വ്രണം ഉണങ്ങുന്നില്ല. പിന്നീട് ആഹാരക്രമം അവളുടെ മേൽനോട്ടത്തിലായ് .. ഗുളികകൾ സമയത്തിനെടുത്തു കൊടുത്തും ,ജോലിക്കു അവധി പറഞ്ഞും അവൾ അയാളെ ശുശ്രൂഷിച്ചു.
ഹയർ സെക്കണ്ടറി പരീക്ഷഫലം വന്നു. ഷഹാന നല്ല മാർക്കോടു കൂടെ പാസ്സായി.
ടി.ടിസിക്കു ചേരാൻ പറഞ്ഞതും അയാൾ തന്നെയായിരുന്നു.. ടി. ടി സിക്കു ചേർന്ന ആദ്യ വർഷമാണ് അത് സംഭവിച്ചത് .പാതിരാത്രി ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് അവൾ കണ്ണു തുറന്നത്.വാതിൽ തുറന്നപ്പോൾ മനുവായിരുന്നു. അവന്റെ മുഖത്ത് വല്ലാത്ത പരിഭ്രമം
" ചേച്ചി സാറിന് തീരെ സുഖമില്ലാ.. നല്ല ചൂടുണ്ട്.. ചേച്ചി ഒന്നു വന്നു നോക്കോ "
പടച്ചോനെ ഒരാപത്തും വരുത്തരുതേ ന്ന് പ്രാർത്ഥിച്ചു അവൾ താഴേക്കോടി.
നെറുകയിൽ കൈവെച്ചു. ചുട്ടുപൊള്ളുന്ന ചൂടാണ്. വേഗം ഒരു തുണി നനച്ച് നെറ്റിയിൽ ഇട്ടു.. ഡോക്ടറെ കൂട്ടികൊണ്ടുവരാൻ മനുവിനെ അയച്ചു . 'സർ.. സർ ..അവൾ വിളിച്ചുകൊണ്ടിരുന്നു അയാളുടെ കൈ പിടിച്ചു. ചൂട് അവളിലേക്ക് പടർന്ന് ചുടു കണ്ണീരായ് ഒലിച്ചിറങ്ങി.കണ്ണടച്ച് അവ്യക്തമായ് അയാൾ പുലമ്പുന്നുണ്ട് .ചിലത് അവൾ മനസ്സിലാക്കിയെടുത്തു .ആരോടൊ പറയുന്നതുപോലെ . കരച്ചിൽ ഉച്ചത്തിലാകാതിരിക്കാൻ അവൾ പാടുപെട്ടു. കുറച്ചു വെള്ളം അവൾ വായിൽ ഇറ്റിച്ചു കൊടുത്തു. അയാൾ ഞരങ്ങുകയും, മൂളുകയും ചെയ്യുന്നു... അപ്പോഴേക്കും
ഡോക്ടർ എത്തി. മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ടു കുറച്ചപ്പുറം മാറി അവൾ നിന്നു .നാഡി പരിശോധിച്ചു നോക്കി . 'എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.. ഒരൽപം സീരിയസാണ് ..'
പിന്നെ എല്ലാം വളരെ വേഗത്തിൽ നടന്നു. മകളെ മനുവിനെ ഏൽപ്പിച്ച് ആംബുലൻസിൽ ഷഹാനയും പോയി. തനിക്കു പുതു ജീവനും ജീവിതവും തന്ന ആ മനുഷ്യന് ഒരാപത്തും വരുത്തരുതേ ന്ന് മനംമുരുകി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.
നേരം വെളുക്കുവോളം..
പ്രാർത്ഥന ഫലിച്ചു. ഗോപകുമാർ അപകടനില തരണം ചെയ്തു. രാവിലെ മകളെം കൊണ്ട് മനു വന്നു. " ചേച്ചി ഞാൻ സാറിന്റെ മക്കളെയൊക്കെ വിവരമറിയിച്ചിട്ടുണ്ട്. എമർജൻസി ലീവെടുത്ത് നാളെ അവർ എത്തും ". ഒരു അധികപറ്റാകുമോന്ന് അവൾ ഭയന്നു .പിറ്റേന്ന് ഉച്ചയോടടുത്ത് മക്കളൊക്കെ എത്തി. ആശുപത്രിയിൽ വന്നപാടെ എല്ലാവരും ഷഹാനയേയും, മകളേം നോക്കുന്നുണ്ടായിരുന്നു.ഡോക്ടറുമായുള്ള സംഭാഷണത്തിനു ശേഷം ഗോപകുമാറിനെ കാണാൻ ഒരാൾക്കുള്ള അനുവാദം കിട്ടി. ധൃതിയിൽ അയാളുടെ മൂത്ത മകൻ ഐ സി യുവിലേക്ക് കയറി പോയി. ഓർക്കാപ്പുറത്ത് മുന്നോട്ടാഞ്ഞ കാലുകളെ തടഞ്ഞു നിർത്തി അവൾ മകളേം ചേർത്ത് പിടിച്ച് വരാന്തയുടെ മൂലെയ്ക്കൊതുങ്ങി. തിരിച്ചിറങ്ങിയ അയാൾ അവളുടെ അടുത്തേക്ക് വന്നു. "ഷഹാന.. " ഞെട്ടി തിരിഞ്ഞു കൊണ്ട് അവൾ അയാളെ നോക്കി .അവളുടെ നോട്ടത്തിലെ ഭാവം മനസ്സിലാക്കി അയാൾ തുടർന്നു..
" അച്ഛൻ പറഞ്ഞിട്ടുണ്ട് തന്നെക്കുറിച്ച്
ഒരുപാട് .ചെറുപ്രായത്തിൽ താൻ കുടിച്ച കയ്പുനീരിനെക്കുറിച്ച്.... നേരിട്ട അവഗണനയെക്കുറിച്ച്... അങ്ങനെ എല്ലാം . നന്ദി...ഞങ്ങളുടെ അഭാവത്തിലും സ്വന്തം അച്ഛനായ് കണ്ട് പരിപാലിച്ചതിൽ... "
അവളോട് പറ്റിച്ചേർന്നു നിൽക്കുന്ന കുഞ്ഞിനെ അയാൾ കൈ നീട്ടി വിളിച്ചു.
" മോളെ നന്നായ് വളർത്തണം. പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണം.. ഇനി ഞങ്ങളുണ്ട് കൂടെ .. കൂടപിറപ്പുകളായ് ..."
മറുപടി ഒന്നും പറയാനാകാതെ അവളുടെ ചുണ്ടുകൾ വിറച്ചു.മുഖംപൊത്തി പൊട്ടിപ്പൊട്ടി കരഞ്ഞു..സാന്ത്വനിപ്പിക്കാനായ്
ആ കുടുംബം മുഴുവൻ അവളുടെ അടുക്കലേക്ക് വന്നു...
റൂബി സജീവ്

ശരിയും, തെറ്റും


ശരിയും, തെറ്റും
------------------------
സലീമിന് രണ്ട് പെൺകുട്ടികൾ നൈസാന, നിസാന. മൂത്തയാൾ ഡിഗ്രിക്കും, ഇളയാൾ പത്തിലും. പഠിക്കാൻ മിടുക്കികൾ.പക്ഷെ സലീമിന്റെ കഷ്ടപ്പാടും, പ്രാരാബദധങ്ങളൊന്നും മക്കളെ തുടർന്ന്‌ പഠിപ്പിക്കണമെന്ന ചിന്തയില്ല. നല്ലൊരാലോചന വന്നാൽ നൈസാനയെ കെട്ടിച്ചയക്കണമെന്ന് അയാൾ ആഗ്രഹിച്ചു.
ഒരു വൈകുന്നേരം പതിവുപോലെ സലീം ഇറയത്തിരുന്ന് ചായ കുടിക്കുകയായിരുന്നു. വീട് ലക്ഷ്യമാക്കി ഒരാൾ നടന്നുവരുന്നത് കണ്ട് അയാൾ അതിശയിച്ചു.മറ്റാരുമല്ല സലീമിന്റെ മൂത്ത സഹോദരി ആയിശ .നടക്കാവുന്ന ദൂരമേ ഉള്ളൂയെങ്കിലും സന്ദർശനം വിശേഷിച്ചു മാത്രം.
"എന്താ ഇത്താ പതിവില്ലാതെ "? ഗേറ്റു തുറന്നു വന്ന ആയിശായെ നോക്കി അയാൾ ചോദിച്ചു.
" നിന്റെ വീട്ടിൽ വരാൻ എനിക്ക് വിശേഷമെന്തേലും വേണോ?"പരിഭവിച്ചുകൊണ്ട് ആയിശ ഇറയത്ത് കയറി ഇരുന്നു.
" നിന്റെ കെട്ടിയോളും മക്കളും, ഇല്ലേ? ആരേം കാണാനില്ല "
"സുലേഖ അയൽക്കൂട്ടത്തിനു പോയി മക്കള് രണ്ടും ട്യൂഷനും " ഒരു കപ്പിൽ ചായ പകർന്ന് ആയിശാക്കു നീട്ടികൊണ്ട് അയാൾ വിശേഷങ്ങൾ തിരക്കി.
ഒരു കവിൾ ക്കുടിച്ച് ആയിശ തുടർന്നു.
" ഞാനിപ്പോ ഇങ്ങോട്ട് വന്ന് നിന്നോടൊരു കാര്യം ചോദിക്കാനാ".
" എന്നോടെന്തെങ്കിലും പറയാൻ നിങ്ങൾക്ക് മുഖവുരയുടെ ആവശ്യം വേണോ ഇത്താ ?''
'നൈസാനാക്ക് കല്യാണാലോചനയൊക്കെ വരുന്നുണ്ടോ?"
" ഉണ്ട്.കുറെയൊക്കെ.പക്ഷെ അവര് ചോദിക്കുന്ന പൊന്നും പണവുമൊന്നും കൊടുക്കാൻ എന്നെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല. എന്റെ കൈയിലൊതുങ്ങുന്നത് ഏതെങ്കിലും വന്നാൽ നടത്തും."
അയാൾ ഒരു ദീർഘശ്വാസം എടുത്തു. "എന്നാ ഞാൻ ഒരു കാര്യം പറയാം എന്റെ നിസാമിനെ കൊണ്ട് നൈസാനയെ ആലോചിച്ചാലോ? പൊന്നും പണവുമൊന്നും നോക്കണ്ട. എനിക്ക് അവളെ ഒരുപാടിഷ്ടമാ പിന്നെ അവനും. ഒരെണ്ണമെങ്കിലും കുടുംബത്തിൽ കിടക്കട്ടെ എന്താ നിന്റെ അഭിപ്രായം?'
" ഇത്താ നിങ്ങള് കാര്യ ട്ടാണോ?''
"പിന്നെ ഞാൻ കളി പറയാനാ ഇങ്ങോട്ട് വന്നത്.നീ നിന്റെ കെട്ടിയോളോടും, മക്കളോടുമൊക്കെ ചോദിച്ചിട്ട് വിളിച്ചു പറയ്‌.''ആയിശ യാത്ര പറഞ്ഞിറങ്ങി. അയാൾക്ക് പൂർണ സമ്മതമായിരുന്നു.
കേറി വന്നപാടെ സുലേഖയോടും അയാൾ കാര്യം പറഞ്ഞു.
"എനിക്കും ഇഷ്ടമാണ് നിസാമിനെ.കുടുബംനോക്കാൻ പ്രാപ്തിയുള്ളവൻ.' പക്ഷെ അവളുടെ സമ്മതം കൂടെ വേണ്ടേ ?"
''അവള് സമ്മതിക്കാതിരിക്കാൻ ഒരു കാരണം ഇല്ല. മാത്രമല്ല കുഞ്ഞിലെ മുതൽ അറിയുന്ന രണ്ടു പേർ. ഏതായാലും അവളേം കൂടെ ഈ കാര്യം അറിയിക്കാം."
"മോളെ നൈസാന" അയാൾ വിളിച്ചു.
"എന്താ വാപ്പച്ചി "അവൾ മുറിയിൽ നിന്നും ഹാളിലേക്ക് വന്നു.
" വാപ്പച്ചി നിന്നോടൊരു കാര്യം പറയാൻ വിളിച്ചതാ. നീ ആലോചിച്ചു ഒരു തീരുമാനം പറയണം. വേറൊന്നുമല്ല നിന്റെ കല്യാണക്കാര്യം"
നൈസാ ന ഒന്നു പകച്ചു. അവൾ അവരുടെ മുഖത്തേക്ക് മാറി മാറി നോക്കി.
" വാപ്പച്ചിയെന്നെ ഇപ്പോ കെട്ടിച്ചു വിടുന്നത് എന്തിനാ. എനിക്ക് പഠിക്കണം"
"കല്യാണം കഴിഞ്ഞാലും മോൾക്ക് പഠിക്കാലോ നിന്നെ തുടർന്ന് പഠിപ്പിക്കാനും .വാപ്പച്ചിയുടെ അവസ്ഥയൊക്കെ അറിഞ്ഞു കൊണ്ടുള്ള ഒരാളു തന്നെയാണ്. വേറാരുമല്ല നിന്റെ മുറച്ചെറുക്കൻ നിസാം''
അവസാന വാക്ക് നൈസാനയുടെ കാതിൽ ഇടിമുഴക്കം പ്പോലെ അനുഭവപ്പെട്ടു.
"നിസാമിക്കയാണോ എന്ന കല്യാണം കഴിക്കാൻ പോണെ?'വിശ്വാസം വരാത്തതുപോലെ അവൾ ആവർത്തിച്ചു ചോദിച്ചു.
"അതെ ". അയാൾ മറുപടി പറഞ്ഞു.
"നിസാമി ക്കായെ ഞാൻ ഒരു ആങ്ങളെ ട സ്ഥാനത്താ കണ്ടിട്ടുള്ളെ. എനിക്ക് പറ്റില്ല. എനിക്കീ കല്യാണം വേണ്ട. അവൾക്ക് സങ്കടവും ദേഷ്യവുംവന്നു. അപ്രതീക്ഷിതമായ മകളുടെ മറുപടിയിൽ അയാൾ പകച്ചു. അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
"മോള് നന്നായി ആലോചിച്ചു മതി. ധൃതിയില്ല".
" പറ്റില്ല... പറ്റില്ല .... പറ്റില്ല വാപ്പച്ചി എന്തു പറഞ്ഞാലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല" ഇത്രേം പറഞ്ഞ് കാതടപ്പിക്കുന്ന ശബ്ദത്തിൽ മുറികൊട്ടിയടച്ചു. സലീം എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.ആദ്യമായാണ് അവൾ അനുസരണക്കേട് കാണിക്കുന്നത്. അയാൾ ഭാര്യയെ നോക്കി അവളും അന്തിച്ചു നിൽക്കുകയാണ് .എങ്ങനെയെങ്കിലും അവളെക്കൊണ്ട് സമ്മതിപ്പിക്കാൻ ഭാര്യയെ ശട്ടം കെട്ടി.
പിറ്റെ ദിവസം ധൃതിയിൽ കോളേജിലേക്കു പോകാൻ തയ്യാറെടുക്കുന്ന നൈസാനയുടെ അടുക്കലേക്ക് സുലേഖ ചെന്നു .അവൾ സുലേഖയുടെ മുഖത്തേക്ക് നോക്കി. ഉമ്മച്ചിയുടെ മുഖത്തു നിന്നും എന്താണ് തന്നോട് പറയാൻ വരുന്നതെന്ന് അവൾ ഊഹിച്ചു.
"ഉമ്മച്ചി എന്നെ ഈ കല്യാണത്തിന് സമ്മതിപ്പിക്കാൻ നോക്കണ്ട. എനിക്കിഷടമില്ല"
"നിസാമിന് എന്താണ് കുഴപ്പം. നിന്റെ വാപ്പച്ചിയെ അറിയാലോ വെട്ടൊന്ന് മുറി രണ്ട് എന്ന ആളാ. വെറുതെ നീ തർക്കിക്കാൻ നിക്കണ്ട "
" നിസാമി ക്കാക്ക് ഒരു കുഴപ്പോം ഇല്ല.പക്ഷെ എനിക്ക് വേണ്ട .ഞാൻ ഒരു സഹോദരനായി മാത്രമേ കണ്ടിട്ടുള്ളൂ" 'രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് പോലും ഉപേക്ഷിച്ച് നൈസാന കോളേജിലേക്ക് പോയി. ഈ വിവരം എത്രേം പെട്ടെന്ന് നാജിയെ അറിയിക്കണം. അവളെന്തെങ്കിലും ഒരു വഴിപറഞ്ഞ് തരാതിരിക്കില്ല.
നാജില സലീമിന്റെ ജേഷ്ഠൻ ജമാലിന്റെ മകളാണ്. നൈസാനയുടെ ഉറ്റ കൂട്ടുകാരി. രണ്ടു പേരും ഒരേ കോളേജിലാണ്. ക്ലാസിൽ നാജിയെ കണ്ടപ്പോൾ തന്നെ തലേ ദിവസം വീട്ടിലുണ്ടായ സംഭവങ്ങളെല്ലാം വീശദീകരിച്ചു. എല്ലാം കേട്ട് കഴിഞ്ഞ് നാജി പറഞ്ഞു
"കൊച്ചാപ്പ വിളിച്ച് വാപ്പയോടു എല്ലാം പറഞ്ഞ് കാണും. അവർ സഹോദരങ്ങൾ തമ്മിൽ ഒരു കാര്യത്തിനും എതിര്പഞ്ഞിട്ടില്ല. ഇനി നീ കാരണം ഒരു പ്രശ്നം വരരുത്. നൈസാ നീ സമ്മതിച്ചേക്ക് "
അവസാന പ്രതീക്ഷിയുമായ നാജി കൂടെ കൈ ഒഴിഞ്ഞപ്പോൾ അവൾ തീർത്തും ഒറ്റപ്പെട്ടു.അവളുടെ മനസ്സിലെ ആ രഹസ്യം നീറി പുകഞ്ഞു.താൻ നസീമക്കായെ വഞ്ചിക്കാൻ പോവുകയാണ്....
അവസാന വർഷ പരീക്ഷയും കഴിഞ്ഞു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പെണ്ണുകാണൽ ചടങ്ങും, കല്യാണ തീയതിക്കുറിക്കലും. എല്ലാവരുടേയും മുഖത്ത് സന്തോഷ മാത്രം, അവളൊഴികെ.
അങ്ങനെ ആ ദിവസവും വന്നടുത്തു.നിസാമിന്റെ താലി ചരടിനു മുന്നിൽ കഴുത്തു നീട്ടി അവൾ ഭാര്യയായ്.രണ്ടാഴ്ചക്കുള്ളിൽ നാല് പ്രാവിശ്യമായ് നൈസാന വീട്ടിൽ വന്നു പോയി. വരുമ്പോഴും പോകുമ്പോഴും ഏതോ അപരിചിതന്റെ കൂടെ വരുന്ന പോലെയായിരുന്നു അവളുടെ ഭാവം.നിസാമിന്റെ മുഖത്ത് പഴയ സന്തോഷമില്ല.അവർ തമ്മിലുള്ള സംസാരങ്ങളും തീരെ കുറവായിരുന്നു. കഴിക്കാൻ ഇരുന്നാൽ വിളമ്പി കൊടുക്കില്ല, അവന്റെ വസ്ത്രങ്ങളൊന്നും അലക്കുകയോ അയൺ ചെയ്തു കൊടുക്കുകയോ ചെയ്തിരുന്നില്ല, ഉറക്കമുണർന്നേണീറ്റാൽ ഒരു കപ്പ് ചായ പോലും കൊടുക്കില്ല. എന്തിനേറെ കല്യാണം കഴിഞ്ഞ് ഇന്നുവരെ അവനൊന്ന് തൊടാൻ പോലും അവൾ അനുവദിച്ചില്ല. സഹികെട്ട് അവളോട് തന്നെ അവൻ ചോദിച്ചു:
"എന്തിനാണ് നീ എന്നോടു ഇങ്ങനൊക്കെ പെരുമാറുന്നത് ,എന്താ നിന്റെ മനസ്സിൽ."?
"എനിക്ക് നിങ്ങളോടൊരു കാര്യം പറയാനുണ്ട്. പക്ഷെ അതിനു മുൻപ് നമുക്ക് ഒരു സ്ഥലം വരെ പോകണം"
''എവിടേക്ക് " ?
" ആലപ്പുഴയിലേക്ക് "
ആലപ്പുഴയിൽ അവന്റെ അറിവിൽ ബന്ധുക്കളാരും തന്നെയില്ല. പിന്നെ എന്തിന്?.ഒരു നൂറു ചോദ്യം അവന്റെ മനസ്സിലൂടെ കടന്നു പോയി. നാളെ തന്നെ പോകാമെന്ന് അവൻ സമ്മതിച്ചു. പിറ്റേന്ന് രാവിലെ 5:30ന് അവർ തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് പുറപ്പെട്ടു. ആ യാത്രാ നിസാമിന്റെ ജീവിതത്തിൽ വലിയൊരാഘാതം സൃഷ്ടിക്കാൻ പോവുകയാണെന്ന് അവൻ അറിഞ്ഞിരുന്നില്ല.
ആലപ്പുഴ ഹൗസ് ബോട്ട് ലക്ഷ്യമാക്കിയായിരുന്നു യാത്ര. പതിനൊന്ന് മണിയോടു കൂടി ആലപ്പുഴ ഹൗസ് ബോട്ടിൽ എത്തി. കാർ പാർക്ക് ചെയ്ത് നസീം ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു. " നസീമിക്ക " അവൾ വിളിച്ചു. അവൻ തിരിഞ്ഞു നോക്കി. ''ഞാൻ നിങ്ങളുടെ കൂടെ വന്നത് മനസ്സുതുറന്ന് സംസാരിക്കാനാണ്. കുറച്ചപ്പുറം മാറി ഒരു ഇരുപത് വയസ്സ് പ്രായം വരുന്ന പയ്യൻ നിൽപ്പുണ്ടായിരുന്നു. അവനെ ചൂണ്ടി അവൾ പറഞ്ഞു. "എനിക്ക് അവനെയാണ് ഇഷ്ടം അവന്റെ ഭാര്യയാകാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്പോഴെക്കും ആ പയ്യൻ അവരുടെ അടുത്തേക്ക് വന്നിരുന്നു. നസീമിന് ഒന്നും മനസ്സിലായില്ല. ഇവളെന്തൊക്കെയാ ഈ പറയുന്നെ .കണ്ണിലെ അമ്പരപ്പു മനസ്സിലാക്കി അവൾ പറഞ്ഞു.' ''ഇത് നിയാസ് ഞങ്ങൾ മൂന്നു വർഷമായ് പ്രണയത്തിലാണ്. ഫെയ്സ് ബുക്ക് വഴിയുള്ള പരിചയം. പിന്നീടത് പ്രണയമായ്.ഈ വിവരം ഞാൻ ആരോടും പറഞ്ഞിരുന്നില്ല. പറഞ്ഞാൽ ഒരിക്കലും നടക്കില്ല. അതുകൊണ്ടാണ് ഈ കല്യാണത്തിന് താൽപര്യമില്ലാന്ന് അറിയിച്ചത്.എന്നിട്ടും എന്റെ വാക്കിന് വില കൽപ്പിക്കാതെ വാപ്പച്ചി ഈ കല്യാണം നടത്തി. എനിക്കറിയാം ഞാൻ ചെയ്തത് തെറ്റു തന്നെയാണെന്ന് എന്നാലും ഒരാളെ മനസ്സിൽ വച്ച് കൊണ്ടു വേറൊരാളുമായ്..... "
നമ്മൾ ഇവിടെ വരുമെന്ന് ഞാൻ നിയാസി നോടു പറഞ്ഞിരുന്നു.നേരിട്ട് എല്ലാം തുറന്നു പറയാൻ.
"ഈ പറഞ്ഞതൊക്കെ സത്യമാണോടാ "പല്ല് ഞെരിച്ചുകൊണ്ട് നസീം ചോദിച്ചു.
"അതെ എനിക്ക് നൈസാനയെ ഇഷ്ടമാണ് " .
നസീമിന് സ്ഥലകാലബോധം നഷ്ടപ്പെടുമോന്ന് തോന്നി. എത്ര പെട്ടെന്ന് എല്ലാം പറഞ്ഞു കഴിഞ്ഞു.ഇനി എന്റെ ജീവിതം, കൂട്ടുകാർ, ബന്ധുക്കൾ, എല്ലാവരുടേയും മുന്നിൽ പരിഹാസപാത്രമായ് താൻ അപമാനിക്കപ്പെട്ടിരിക്കുന്നു. സ്വന്തം ഭർത്താവിനോടു കാമുകന് കൈ പിടിച്ചു കൊടുക്കാൻ അവൾ ആവിശ്യപ്പെടുന്നു. വാള് കൊണ്ട് വെട്ടേറ്റവനെപ്പോലെ അയാൾക്ക് വേദനിച്ചു.കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ നൈസാനയുടെ കൈ ക്ക് പിടിച്ച് വലിച്ച് കാറിൽ കേറ്റി അപ്പോൾ തന്നെ തിരിച്ചു. നിയന്ത്രണം വിട്ട കാറിന്റെ വേഗത കണ്ടപ്പോൾ നൈസാന പേടിച്ചു.നസീം ദേഷ്യം കടിച്ചു പിടിച്ചിരിക്കുകയാണ്. എന്തും നേരിടാനായ് അവൾ തയ്യാറെടുത്തു. സന്ധ്യയോടടുത്ത് അവർ വീടെത്തി .കാറിൽ നിന്നും പിടിച്ച് വലിച്ച് അവളെ വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി. അവളുടെ കവിളിൽ ആഞ്ഞടിച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ മിഴിച്ചു നിൽക്കുകയാണ് ആയിശയും, ഭർത്താവും
"എന്താടാ എന്താ ഉണ്ടായെ നീ എന്തിനാ അവളെ അടിച്ചെ?"
"അത് അവളോടു തന്നെ ചോദിക്ക് ഉമ്മാ" ദേഷ്യം അണപൊട്ടി ഒഴുകാൻ തുടങ്ങി.
"എന്താ മോളെ എന്താ ഉണ്ടായെ''
അടിയേറ്റ വേദനയിൽ അവൾ കരയുകയാണ്.
" ഇവൾ നമ്മളെ എല്ലാം ചതിക്കുകയായിരുന്നു. വേറൊരുത്തനെ മനസ്സിൽ വച്ചു കൊണ്ട് എന്നെ പറ്റിക്കുകയായിരുന്നു."ആലപ്പുഴയിൽ നടന്ന കാര്യങ്ങൾ അയാൾ പറഞ്ഞു
''പടച്ച തമ്പുരാനെ ഞാൻ എന്തൊക്കെയാ ഈ കേൾക്കണെ
''ആയിശ നെഞ്ചത്തടിച്ചു.
''അതൊക്കെ മറന്നേക്ക് മോളെ.... നീ ഇപ്പോ നെസീമിന്റെ ഭാര്യയല്ലേ... ''പക്ഷെ ഉമ്മാ ജീവിതകാലം മുഴുവനും നസീമിക്കായെ പറ്റിച്ച് കഴിയേണ്ടി വരും എനിക്കതിന് വയ്യ.നിയാസിനെ മറക്കാനും കഴിയില്ല.''
ഫോണെടുത്ത് ആയിശ സലീമിനെ വിളിച്ച വിവരം പറഞ്ഞു. അയാൾക്കും അത് വിശ്വസിക്കാനായില്ല. പെട്ടെന്ന് തന്നെ അയാൾആയിശയുടെ വീട്ടിലേക്ക് പോയി.കേറി ചെന്നപാടെ നൈസാനയെ സലീം തലങ്ങും വിലങ്ങും അടിച്ചു. ആയിശ സലീമിനെ പിടിച്ചു മാറ്റി.'' കുടുംബത്തിന് നാണക്കേട് വരുത്തിയവൾ. നിന്നെക്കുറിച്ച് എനിക്ക് അഭിമാനമായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ വാപ്പ ച്ചിയെ തലകുനിപ്പിച്ചില്ലെ. ആ പിതാവ് ഹൃദയം നീറി കരഞ്ഞു .
"മാമ നിങ്ങൾ നൈസാനയെ കൊണ്ടുപൊയ്ക്കോളൂ. അവൾക്ക് എന്നെ ആവശ്യമില്ല. ''സലീമിന്റെ മുഖത്തു നോക്കാതെ നിസാം തിരിഞ്ഞു നിന്നു. ബാഗും സാധനങ്ങളുമെടുത്ത് അയാൾ അവളെ കൊണ്ടുപോയി.കല്യാണം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഇങ്ങനെ ഒരു വിധി അയാളുടെ വീട് മരണവീടിനു തുല്യമായ്.ദേഷ്യം ഒന്നു തണുത്തപ്പോൾ നൈസാനയുടെ മുറിയിലേക്ക് അയാൾ ചെന്നു .''മോളെ.... ഇതെന്തൊക്കെയാണ് .. ഇപ്പോഴും വാപ്പച്ചിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല... കഴിഞ്ഞതൊക്കെ മറന്ന് നിസാമുമായ് പുതിയൊരു ജീവിതം തുടങ്ങ്.'' അവളെ അയാൾ തലോടി. കരഞ്ഞു കലങ്ങി അവളുടെ കൺപോളകൾ വീർത്തിരുന്നു.'' വാപ്പച്ചി എന്നോടു ക്ഷമിക്കണം, എനിക്ക് മാപ്പ് തരണം .. നിസാമിക്കായുമായ് മനസ്സ് കൊണ്ട് പൊരുത്തപ്പെട്ടു പോകാൻ കഴിയില്ല .'' കരഞ്ഞു കരഞ്ഞു അവൾ പറഞ്ഞു.
അന്നു രാത്രി അയാൾക്ക് നിസാമിന്റെ കോൾ വന്നു. എല്ലാം മറന്ന് അവളെ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. നല്ല മനസ്സിനുടമയായ അവനെ തിരസ്ക്കരിച്ച് തന്റെ മകൾ വേറൊരാളുടെ സനേഹത്തിനു വേണ്ടി കാത്തിരിക്കുകയാണെന്ന് എങ്ങനെ പറയും. ഒരു ആശ്വാസവാക്കു പോലും പറയാനാകാതെ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.
മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുത്തു കൊണ്ട് അയാൾ കണ്ണടച്ചു. പിറ്റേ ദിവസം രാവിലെ സലീം നൈസാനയെ വിളിച്ചു. അവനെ പറ്റിയുള്ള സകലവിവരങ്ങളും ചോദിച്ചറിഞ്ഞു. ഫോൺ നമ്പരും വാങ്ങി അയാൾ ആലപ്പുഴക്ക് യാത്രയായ്.വിവ രം അറിഞ്ഞ് നാ ജില ഓടിയെത്തി.മുഖം പൂഴ്ത്തി കട്ടിലിൽ ഇരിക്കുകയാണ് അവൾ." നൈസാ " അവൾ വിളിച്ചു.നാജിയെ ഒന്നു നോക്കി ഒരു പൊട്ടി കരച്ചിലായിരുന്നു പിന്നെ .. "നീ എന്നോടു പോലും ഒന്നും പറഞ്ഞില്ലല്ലോ? ഒരു സൂചനയെങ്കിലും തന്നിരുന്നെങ്കിൽ ....
"നാ ജീ ഞാൻ ആരോട് എന്തു പറയാനാ... ആരും എന്റെ ഇഷ്ടം അംഗീകരിച്ചു തരില്ല., നസീമക്കായെ ചതിക്കണമെന്ന് വിചാരിച്ചില്ല. പക്ഷെ നിയാസ് എനിക്ക് മറക്കാൻ പറ്റുന്നില്ല..." ആരുടെ ഭാഗത്താണ് ശരിയും, തെറ്റും... ആശ്വാസവാക്ക് ഒന്നിനും പരിഹാരമാകില്ല. കുറച്ചു നേരം അവളുടെ അരികിൽ ഇരുന്ന ശേഷം നാജി യാത്ര പറയാതിറങ്ങി.
സലീം നിയാസിന്റെ വീട്ടിലേക്ക് ചെന്നു. അവന്റെ വാപ്പയെ കണ്ട് സംഭവങ്ങൾ എല്ലാം വിശദീകരിച്ചു.അയാളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഉണ്ടായില്ല. നിയാസ് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടായിരുന്നു.
"നിങ്ങളോടൊപ്പം ഞങ്ങളും വരാം.. നൈസാനയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം.''
പുതിയൊരു പ്രതീക്ഷ സലീമിന്റെ മനസ്സിൽ തെളിഞ്ഞു. അന്നു തന്നെ നിയാസും, വീട്ടുകാരും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. വഴിമദ്ധ്യേ സുലേഖയെ ഫോൺ ചെയ്ത് കാര്യങ്ങൾ ധരിപ്പിച്ചു.സന്ധ്യയോടടുത്ത് സലീം അവരേം കൂട്ടി വീട്ടിലേക്ക് വന്നു. ജമാലും ഉണ്ട് അവിടെ. സുലേഖ എല്ലാവർക്കുമായി ചായ കൊണ്ടു കൊടുത്തു."നൈസാന എവിടെ?" അവളെ വിളിക്ക് ''സലീം ഭാര്യയോടായ് പറഞ്ഞു. കുറച്ചു നിമിഷങ്ങൾക്കകം നൈസാനഹാളിലേക്ക് വന്നു.അവൾ തല കുനിഞ്ഞു നിൽക്കുകയാണ്.നിയാസ് അവളെ തന്നെ നോക്കി നിൽപ്പാണ്. എനിക്ക് വേണ്ടി ഒരു പാട് അടി കൊണ്ടു പാവം....
നിയാസിന്റെ വാപ്പ നൈസാനയുടെ അരികിലേക്ക് ചെന്നു .അവളുടെ കൈ പിടിച്ചു. " മോളെ ഞങ്ങളുടെ മകൻ കാണിച്ചത് തെറ്റു തന്നെയാണ്.നിനക്ക് പ്രതീക്ഷ തന്ന് നിന്നെ മോഹിപ്പിച്ചതിന്... ഞങ്ങളെപ്പോലെ തന്നെയാണ് നിന്റെ മാതാപിതാക്കളും. എത്ര കഷ്പ്പെട്ടാണ് നിന്നെ വളർത്തിയത്. മോള് നിയാസിനെ മറന്നേക്ക്...
" ഇല്ല ഉപ്പ എനിക്ക് നൈസാനയെ മറക്കാൻ പറ്റില്ല. അല്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല. " മറുപടി പറഞ്ഞത് നിയാസാണ് .എല്ലാവരും അന്തിച്ചു നിന്നു. അവനും കരയുകയാണ്..
" ഇനി ഇതിക്കൂടുതൽ ആരും ഒന്നും പറയണ്ട. എത്ര തന്നെ തിരുത്താൻ ശ്രമിച്ചാലും സംഗതി കൂടുതൽ വഷളാവുകയേ ഉള്ളൂ.. നിസാമിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം... നൈസാന പഠിക്കട്ടെ .. മൂന്ന്, നാല് വർഷം കഴിഞ്ഞ് കല്യാണം നടത്താം. '' ജമാൽ ഇടപ്പെട്ടു കൊണ്ട് പറഞ്ഞു. വേറെ നിവൃത്തിയില്ലാതെ എല്ലാപേരും അത് തന്നെ ശരിവച്ചു. സലീം നിസാമിനെ വിളിച്ചു കാര്യങ്ങൾ പറയുന്നതിനിടയിലും അയാൾ മാപ്പു ചോദിക്കുന്നുണ്ടായിരുന്നു. രാത്രി ഏറെ വൈകി നിയാസിന്റെ കുടുംബം ആലപ്പുഴയിലേക്ക് പോയി. നിയമ പ്രകാരമായി നൈസാനയുടേയും, നിസാമിനേറെയും വിവാഹം രജിസ്റ്റർ ചെയ്യാത്തതു കൊണ്ട് പള്ളി വഴി ബന്ധം വേർപ്പെടുത്തി. നൈസാന സന്തോഷവതിയായിരുന്നു. പക്ഷെ നിസാം തന്റെ ജീവിതത്തിൽ എന്തൊക്കെയാണു സംഭവിച്ചിരിക്കുന്നത് എന്ന യാഥാർത്യത്തിനോടു പൊരുത്തപ്പെടാൻ വൈകി. ആയിശ നിസാമിനു വേണ്ടി ആലോചനകൾ തുടങ്ങി. കുടുംബത്തിൽ നിന്നും കല്യാണം കഴിച്ചിട്ടും ഒരു മാസത്തിനുള്ളിൽ ദാമ്പത്യ ബന്ധം തകർന്നവന് ആരും തന്നെ പെണ്ണു കൊടുക്കാൻ തയ്യാറായില്ല. നിസാമിന് സഹിക്കവുന്നതിലും അപ്പുറമായിരുന്നു ഇത്. നീറി നീറി ഒരു വർഷം കഴിഞ്ഞു. പടച്ചവനോട് അവൻ കരഞ്ഞു പ്രാർത്ഥിച്ചു: 'ഞാൻ ഒരു തെറ്റും ചെയ്യാതെ ശിക്ഷിക്കപ്പെടുകയാണ്. എല്ലാം കാണുന്നല്ലേ നീ എന്നിട്ടും..
പടച്ചവൻ അവന്റെ പ്രാർത്ഥന കേട്ടു .നാജിലായെ നിസാമിന് വിവാഹം ചെയ്തു തരാൻ താൽപ്പര്യമാണെന്ന് ജമാൽ അറിയിച്ചു.ആയിശയുടെ ഖൽബിൽ പൂത്തിരി കത്തി.മുൻപത്തെ പോലെ സംഭവിക്കാതിരിക്കാൻ നിസാംനാജിയോട് നേരിട്ട് വന്ന് ചോദിച്ചു .നാജില ഇഷ്ടമാണെന്നറിയിച്ചു. അവൻ പടച്ചവന് സ്തുതി പറഞ്ഞു. തൊട്ടടുത്ത മാസത്തിൽ തന്നെ നാ ജില നിസാമിന്റെ ഭാര്യയായ് എല്ലാ അർത്ഥത്തിലും .....
നിയാസ് കൊടുത്ത വാക്കിൻമേൽ പ്രതീക്ഷ പുലർത്തി നൈസാന കാത്തിരിക്കുന്നു.....
റൂബി സജീവ്

കാക്കയുടെ രോദനം


അതിരാവിലെ തന്നെ അവൾ അടുക്കളയിൽ തിരക്കിലാണ് .
ഇന്ന് നൂറു കൂട്ടം ജോലിയുണ്ട് ചെയ്തു തീർക്കാൻ. ചെയ്യേണ്ടതെന്തൊക്കെയാണെന്ന് മനസ്സിൽ ലിസ്റ്റ് കുറിച്ചു.അടുക്കള വാതിൽ അല്പം തുറന്നിട്ട് വട്ടത്തിൽ കനം കുറച്ച് അവൾ അപ്പം ഉണ്ടാക്കുകയാണ്. ഒരു കാക്ക പൊടുന്നനെ ഒരു ചൂടപ്പം കൊത്തിയെടുത്ത് തൊടിയിലെ മാവിൽ ചെന്നിരുന്നു.
"ഈശ്വരാ നശിച്ച കാക്ക " ഇതും പറഞ്ഞ് അവൾ തൊടിയിലേക്കിറങ്ങി. കൈ കൊണ്ട് ആട്ടി. മനസ്സിൽ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു നടഞ്ഞു.പെട്ടെന്ന് പിറകിൽ നിന്നൊരു ശബ്ദം
"ഏയ് ഒന്നു നിൽക്കൂ ". അവൾ തിരിഞ്ഞു നോക്കി, അമ്പരന്നു.
കാക്ക സംസാരിച്ചോ ? കണ്ണുകൾ തിരുമി ഒന്നൂടെ അതിനെ നോക്കി.
"നീ എന്നെയാണോ വിളിച്ചത്"?
" അതെ ". അപ്പം താഴെ പോകാതെ സുരക്ഷിതമായി കാലിൽ പിടിച്ചിട്ടുണ്ട്. " ഞാൻ നിനക്ക് എന്തു നാശമാണ് വിതച്ചത് "?അതെന്നെ ചരിഞ്ഞു നോക്കി. " ഭക്ഷണം മോഷ്ടിച്ചില്ലേ .മോഷണം നല്ല ശീലമാണോ?"എന്റെ ചോദ്യം കേട്ട് പരിഹാസച്ചിരി ചിരിച്ചു.
" നീയും നിന്റെ വർഗവുമാണോ മോഷണത്തെക്കുറിച്ച് പഠിപ്പിക്കുന്നത്. കൊള്ളയും, കൊലയും ,കുതികാൽ വെട്ടും, വർഗീയതയും ഇതിലപ്പുറമൊന്നുമല്ലല്ലോ വിശന്നപ്പോൾ ഒരു അപ്പ കഷ്ണം മോഷ്ടിച്ചത് ". ദൈവമേ കാക്കയ്ക്ക്
നല്ല ബുദ്ധിയാണല്ലോ ഞാൻ മനസ്സിലോർത്തു. ഒന്നു തളർത്താനായി ഞാൻ മറു ചോദ്യം ചോദിച്ചു "എന്തൊരു വൃത്തികെട്ട ജീവിയാണ്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങൾ കൊത്തി പെറുക്കാൻ അറപ്പില്ലേ നിനക്ക് ,പോരാത്തതിന് നിന്റെ കാക്ക കറുപ്പും"
"മണ്ടീ! നീ കുഞ്ഞുനാളിൽ പഠിച്ചിട്ടില്ലേ പരിസരം വൃത്തിയാക്കുന്ന പക്ഷി ഞങ്ങളാണെന്ന്. ഞങ്ങളിൽ ഒരുത്തൻ വാട്സപ്പ് വീഡിയോയിലൂടെ വൈറലായപ്പോൾ ''പ്രകൃതി സ്നേഹിയായ കാക്ക " എന്ന തലകെട്ടോടെ നീയടക്കം ഷെയർ ചെയ്ത് ലൈക്കുകൾ വാരി കൂട്ടിയില്ലേ. പ്ലാസ്റ്റിക്ക് കുമ്പാരങ്ങൾ കൊണ്ട് പൊതുവഴി നിറച്ചിരിക്കുകയല്ലേ നീയും നിന്റെ സമുദായവും. മറുപടി പറയാനാവാതെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി .അത് തുടർന്നു.
"പിന്നെ ഞങ്ങളുടെ നിറം, നിന്റെ മക്കളിൽ ഇളയാൾ കറുപ്പെന്ന് പരിഭവിച്ചപ്പോൾ കറുപ്പിന്ഏഴഴകാണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചില്ലേ നീ അവളെ "
ശരിയാണല്ലോ ഇന്നലെ മീനൂട്ടി കരഞ്ഞത് അവൾ കറുത്തു പോയി എന്നു പറഞ്ഞിട്ടായിരുന്നു. അപ്പോ
ഇറയത്ത് ഒരു കാക്കനിപ്പുണ്ടായിരുന്നു. ഇതായിരുന്നോ അത്. അവൾ ഓർത്തു. ഒരൽപം അനുയപ്പിക്കാൻ ശ്രമിച്ചു. "അല്ല കാക്കേ നിന്റെ ഈ ചാഞ്ഞും ചരിഞ്ഞുമുള്ളനോട്ടവും ഇടറിയ നടത്തവുമൊക്കെയാ തെറ്റിദ്ധരിച്ചു പോണെ".
ഒരൽപ മൗനത്തിന് ശേഷം അത് തുടർന്നു."അതും നിന്റെ സമുദായത്തിലെ ആദ്യ കൊലപാതകം ( ഹാബേലിന്റേയും, ഖാബേലിന്റേയും) കണ്ട് ഞങ്ങളുടെ പൂർവ്വികർക്ക് തെറ്റിയാതാണീ ഇടർച്ച. ഹേ മനുഷ്യാ! നീ ജ്ഞാനിയാണെന്നാണല്ലോ വയ്പ്പ്.എന്നിട്ടെന്തേ മൃഗീയമായ പീഢനങ്ങളും, കൊടും വഞ്ചനകളും " അത് എന്നെ നോക്കി പുച്ഛിച്ചു. " നല്ലെഴുത്തിൽ എന്റെ ഈ അമർഷവും, രോദനവും അറിയിച്ചേക്ക് "
"അല്ല ഈ 'നല്ലെഴുത്ത് ഗ്രൂപ്പ് ' എങ്ങനെ അറിയം?
എന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ അപ്പവും കൊക്കിലൊതുക്കി അത് പറന്നകന്നു.
Written by Ruby sajeev

മരണത്തെ പ്രണയിച്ചവൾ (ചെറുകഥ)


ആ തണുത്ത പ്രഭാതത്തിൽ അവൾ അവനേയും കാത്ത് ജനൽപ്പടിയിൽ ഇരുന്നു, പതിവുപോലെ. അവൻ വന്നു അവളെനോക്കി പുഞ്ചിരിച്ചു.പിന്നെ എങ്ങോ മറഞ്ഞു. യാദൃശ്ചികമായ കണ്ടുമുട്ടലുകളിലൂടെ പുഞ്ചിരി മാത്രം സമ്മാനിച്ച് അവൻ മറയും. അവന്റെ കണ്ണിലെ തിളക്കത്തിൽ നിന്നും അവൾ എല്ലാം വായിച്ചറിഞ്ഞു. അവന്റെ സ്വന്തമാകണം അവൾ ആർത്തിപൂണ്ടു. ഇനിയുള്ള ജീവിതം അവനോടലിഞ്ഞു ചേരാൻ അവൾ വെമ്പൽ കൊണ്ടു. ക്യാൻസർ സെന്ററിലെ നാലാം നിലയിൽ ഇരുന്ന് അവൾ കാഴ്ചകൾ കണ്ടു. മതിവരുവോളം .....
പുറത്ത് ഡോക്ടർ വിധി എഴുതി ഇനി മൂന്നുനാൾ. അവൾ സന്തോഷിച്ചു. വേദനയില്ലാത്ത ലോകത്തേക്ക് തനിക്ക് പറക്കാം അവനോടൊപ്പം.
പിറ്റേ പ്രഭാതത്തിൽ അവൾ അവനെ കണ്ടില്ല. ഹൃദയം ഏങ്ങലടിച്ചു. കണ്ണുകൾ അവനായ് പ രതി .ഇല്ല അവൻ വന്നില്ല. ഇനി അവൻ.......
ചിന്തകൾ കാടുകയറി. അന്നത്തെ കാഴ്ചകൾ അവൾ കണ്ടില്ല. വേദന കടിച്ചമർത്തി ബെഡിൽ ചുരുണ്ടു. ഉറക്കം വന്നില്ല. അവൾ നിലവിളിച്ചു .
പിറ്റേ ന്നും പതിവുപോലെ അവൻ വന്നില്ല. അവൾക്ക് ഭ്രാന്തു പിടിച്ചു. ഉച്ചത്തിൽ അലറിക്കരഞ്ഞു.ശരീരത്തിലെ വേദനയേക്കാൾ മനസ്സിലെ വേദന അവളെ തളർത്തി.ഉറ്റവരേം ഉടയവരേം അവൾ കണ്ടില്ല. അവനെ കാണാത്ത കണ്ണുകൾ ഇനി ആരേം കാണണ്ട. കണ്ണുകൾ ഇറുക്കി അടച്ച് അവൾ കരഞ്ഞു.
വിധിയുടെ മൂന്നാം നാൾ അവൾ മെല്ലെ കണ്ണു തുറന്നു.അരികിൽ അവനെ കണ്ടു. ചിരിച്ചു പൊട്ടിപൊട്ടി ചിരിച്ചു. "വരൂ " അവൻ വിളിച്ചു.
വിറയാർന്ന കൈകൾ അവൻ മുറുകെ പിടിച്ചു. "സമയമായ് പോകാം" .അവൻ അവളുടെ കാതിൽ മന്ത്രിച്ചു.ആ ദേഹം വിട്ട് അവൾ അവനോടൊപ്പം നടന്നു. അവർ കൈകോർത്ത് പിടിച്ച് മഞ്ഞിലേക്ക് അലിഞ്ഞു.നേർത്ത ജലകണമായ്.....


By
Ruby Sajeev

തൊട്ടാവാടി (Sച്ച് മീ നോട്ട് )


അവളുടെ പേര് വന്ദന. അൽപം തടിച്ച പ്രകൃതമാണെങ്കിലും കാണാൻ ചന്തമൊക്കെയുണ്ട്. ആദ്യമായ് ഞാൻ അവളെ കാണുന്നത് ഡ്രിഗ്രിക്കു പഠിക്കുമ്പോഴാണ്. ക്ലാസിലാരോ കൊഞ്ചി കൊഞ്ചി സംസാരിക്കുന്നത് കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. അത് അവളായിരുന്നു.
ആദ്യം വലുതായ് കൂട്ടുകൂടാനൊന്നും ഞാൻ നിന്നില്ല. പിന്നെപ്പഴോ അവളെന്റെ നല്ല കൂട്ടുകാരിയായ്.ഇഷ്ടം അൽപം കൂടുതലായത് അവളൊരു വളർത്തു മകളാണെന്ന് അറിഞ്ഞപ്പോഴാണ്.പാഠ്യേതര വിഷയങ്ങളിൽ മാർക്ക് കുറവാണെങ്കിലും നല്ലൊരു കലാവാസനയുള്ള കുട്ടിയായിരുന്നു. കോളേജിലെ മിക്ക മത്സരങ്ങൾക്കും പങ്കെടുത്ത് സമ്മാനങ്ങളും വാങ്ങും.പക്ഷെ അവളൊരു തൊട്ടാവാടിയായിരുന്നു. ഒരിക്കെ ബയോളജി നോട്ട് കാണാനില്ലാന്ന് പറഞ്ഞ് കരഞ്ഞ് മൂക്കുപിഴിഞ്ഞ അവളെ ഞങ്ങൾ കൂട്ടുകാർ ചേർന്ന് ഒരു പാട് കളിയാക്കി. അന്നു മുതൽ അവൾക്കിട്ട പേരാ 'തൊട്ടാവാടി'.കോളേജിലെ അവസാന വർഷവും കടന്നു പോയി. ഒരു പാട് സങ്കടത്തോടെ ആ കലാലയംവിട്ട് പലരും പല വഴിക്ക് പിരിഞ്ഞു.
കടലിൽ കാറ്റേറ്റു നിൽക്കുമ്പോഴാണ് പുറകിൽ നിന്നാ വിളി കേട്ടത്.
" വീണാ''
തിരിഞ്ഞു നോക്കുമ്പോൾ അത് വന്ദനയായിരുന്നു. വലതു കൈയിൽ അവളെപ്പോലെ തന്നെയുള്ള ഒരു കുട്ടിയും ഉണ്ട്‌.
സന്തോഷം കൊണ്ടവളെ ഞാൻ കെട്ടിപ്പിടിച്ചു.
"എത്ര നാളായി ടീ കൊച്ചെനിന്നെ കണ്ടിട്ട് "
പരിഭവങ്ങളുടെ കെട്ടുകൾ ഞങ്ങൾ ഒരോന്നായ് അഴിച്ചു. കോളേജിൽ നിന്ന് പിരിഞ്ഞതു മുതലുള്ള
കാര്യങ്ങൾ അവിടെ പറഞ്ഞു തീർത്തു.
" ആട്ടെ നിന്റെ ഭർത്താവ് എവിടെ ''? എന്റെ ചോദ്യത്തിനു മുൻപിൽ അവൾ കുറച്ചു നേരം മൗനം പാലിച്ചു.പിന്നെ തുടർന്നു
" അയാളുടെ വീട്ടിൽ .കല്യാണം കഴിഞ്ഞ് ഞങ്ങൾ രണ്ട് വർഷമേ ഒരുമിച്ച് താമസിച്ചുള്ളൂ. അതിൽ ആദ്യവർഷത്തിൽ തന്നെ മോളും ജനിച്ചു.പിന്നെയുള്ള ഒരു വർഷം നരകതുല്യമായിരുന്നു ജീവിതം. ഞാൻ ഒരു വളർത്തു മകളാണെന്ന സത്യം അറിഞ്ഞു ജീവിതത്തിലേക്കു വന്നതാണയാൾ . പൊന്നുപോലെ നോക്കാമെന്നാ അയാളുടെ പാഴ്വാക്ക് ഞാനും, എന്റെ വീട്ടുകാരും വിശ്വസിച്ചു.അയാളുടെ വീട്ടുകാർ ആവിശ്യപ്പെട്ട പണവും, സ്വർണ്ണവും കൊടുത്തു തന്നെയാണ് കല്യാണം കഴിപ്പിച്ചത് .
ശേഷം അയാൾക്ക് ഞാൻ പല തന്തയ്ക്കു പിറന്നവളായി. പണവും, സ്വർണ്ണവും പിന്നേം ആവിശ്യപ്പെടാൻ തുടങ്ങി.അടിയും, തൊഴിയും നിരന്തരമായ്.അപ്പോഴൊന്നു ഞാൻ വീട്ടുകാരെ അറിയിച്ചില്ല. ഇത്രയും പറഞ്ഞ് അവളൊന്ന് നിർത്തി. ഒന്നു നിശ്വസിച്ചു കൊണ്ട് അവൾ തുടർന്നു.
" ആ നശിച്ച വീട് വിട്ടിറങ്ങുന്ന പകൽ. അയാൾ ദേഷ്യത്തോടെ എന്റെ നേർക്ക് ചീറി അടുത്തു. അതിശക്തമായ് ക വിളിൽ ആഞ്ഞടിച്ചു. ആ അടിയിൽ ഞാൻ നിലം പതിച്ചു.
" നിന്നെ പോലൊരു വിഴുപ്പിനെ ചുമക്കുന്നതിന് പറഞ്ഞ പണവും സ്വർണ്ണവും എവിടെയാ ടീ ....." പിന്നെ കുറേ അസഭ്യങ്ങളും. വീണ്ടും അടിക്കാനായ് കൈ ഓങ്ങിയപ്പോൾ സർവ്വശകതിയും എടുത്ത് അയാളെ ഞാൻ ആഞ്ഞു തള്ളി.
"ഇനി എന്റെ ദേഹം നൊന്താൽ..... ''
അയാളൊന്ന് പതറിയതായ് ആ കണ്ണുകളിൽ നിന്ന് ഞാൻ വായിച്ചു. പല്ലുകൾ ഞെരിച്ചുകൊണ്ട്
അയാൾ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.
അന്ന് തന്നെ മോളേം കൊണ്ട് എന്റെ വീട്ടിലേക്ക് വന്നു. എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു ഇപ്പോൾ തരക്കേടില്ലാത്ത വരുമാനമുള്ള ജോലിയുണ്ട്.ഞാൻ എന്റെ മോളെ അന്തസ്സായ് തന്നെ വളർത്തും വീണാ ".
എന്റെ ഹൃദയത്തിലെവിടെയോ ചോര പൊടിഞ്ഞു.
നേരം സന്ധ്യയോടടുത്തു. വിട പറയാൻ നേരം നമ്പറുകൾ കൈമാറി അവൾ നടന്നകലുമ്പോഴും, അവളിലെ തൊട്ടാവാടിയെ ഞാൻ കണ്ടില്ല. അവളാണ് ശരിയെന്ന് മനസ്സ് മന്ത്രിച്ചു.
അതു വരെ ഇല്ലാതിരുന്ന അതിശക്ത്മായ തിരമാല എന്റെ കാലുകളിൽ ആഞ്ഞടിച്ചു.
By: Ruby Sajeev

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo