Showing posts with label LijeeshPallikkara. Show all posts
Showing posts with label LijeeshPallikkara. Show all posts

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?


Image may contain: 1 person, beard

വർഷങ്ങൾക്കു ശേഷമാണ് ഈ കഴിഞ്ഞ ദിവസം ഒരു മരണവീട്ടിൽ വച്ച് അവളെ കണ്ടുമുട്ടിയത് .'' മാഷേ '' എന്ന വിളിയോടെ അവൾ ഓടി വന്നു .ഒക്കത്തൊരു കൈക്കുഞ്ഞ് ,ഏകദേശം 2 വയസ്സ് പ്രായം വരും .ഒരു കുഞ്ഞിനെ അവൾ കൈ പിടിച്ചിട്ടുണ്ട് .അതിന് 3 വയസ്സ് കാണും .കാലം ശരീരത്തിൽ ചില മാറ്റങ്ങളൊക്കെ വരുത്തിയപ്പോൾ അന്നത്തെകോലുപോലിരുന്ന കുട്ടി ഇന്ന് കുറച്ച് തടിച്ചുരുണ്ടിട്ടുണ്ട് .പക്ഷേ ആ മുഖത്തിന് വലിയ മാറ്റമൊന്നും ഇല്ലാത്തതു കൊണ്ട് എനിക്കവളെ വേഗം മനസ്സിലായി .വർഷങ്ങൾ പുറകിലേക്ക് പോയി .ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാർത്ഥിനി .ഉയർന്ന മാർക്കോടെ പത്താം ക്ലാസ് ജയിച്ച് അവളിറങ്ങിയപ്പോൾ ഞങ്ങൾ അദ്ധ്യാപകർ ഒരു യോഗമൊക്കെ വിളിച്ച് അവളെ ആദരിച്ചു .ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി രണ്ടു വാക്കവൾ സംസാരിച്ചു .പഠിച്ചു വലിയ നിലയിലെത്തണം ,ഒരു ടീച്ചറാവാനാണ് ആഗ്രഹം എന്നൊക്കെ അവൾ പറഞ്ഞു .സ്ക്കൂൾ ജീവിതത്തിലേയ്ക്ക് കടന്നാൽ ഒരുപാടു അനുഭവങ്ങൾ കുത്തിക്കുറിക്കാനുണ്ടാവും .
നമുക്കു വിഷയത്തിലേക്കു വരാം . 
' ആഹാ! നീയങ്ങു വളർന്നു പോയല്ലോ ,വിവാഹമൊക്കെ കഴിഞ്ഞ് കുട്ടികളൊക്കെ ആയല്ലേ ?' നിനക്കെന്താ ഇപ്പോൾ ജോലി ,അന്നു പറഞ്ഞ പോലെ ടീച്ചറായോ ?വിടർന്ന മുഖം വാടിയത് എത്ര പെട്ടെന്നാണ് . " ഞാനൊന്നും ആയില്ല മാഷേ ,പതിനെട്ട് തികഞ്ഞ് മൂന്നാം ദിവസം എന്റെ വിവാഹം കഴിഞ്ഞു .ജാതകത്തിൽ എന്തൊക്കെയോ ദോഷങ്ങളുണ്ടായിരുന്നു .പതിനെട്ടിൽ നടന്നില്ലെങ്കിൽ പിന്നെ 25 - ലേ യോഗമുള്ളൂന്ന് കണിയാര് പറഞ്ഞു .പൊന്നും പണവുമൊന്നും ആവശ്യപ്പെടാതെ ഒരു സർക്കാർ ജോലിക്കാരൻ വന്നപ്പോൾ അച്ഛൻ മറ്റൊന്നും നോക്കിയില്ല ." ആള് ദേ അവിയെടുണ്ട് ,പട്ടാളക്കാരനാണ് " പറയലും കൈയിട്ടു മാടി വിളിക്കലും ഒന്നിച്ചു കഴിഞ്ഞു .നല്ല പയ്യൻ'' ദേ എന്നെ പഠിപ്പിച്ച മാഷ്" അവൾ പറഞ്ഞപ്പോഴേയ്ക്കും ആ ചെറുപ്പക്കാരൻ അയാളെ പരിചയപ്പെടുത്തി .' വിവാഹത്തിന് ശേഷം നീ പിന്നെ പഠിച്ചില്ലേ ?അതിനു മറുപടി പറയേണ്ടത് ആ ചെറുപ്പക്കാരനാണെന്ന് അവളുടെ നോട്ടം വിളിച്ചു പറഞ്ഞു .അവൻ ചെറിയ ഒരു നാണത്തോടെ തല താഴ്ത്തി നില്ക്കുമ്പോൾ അവൾ തുടർന്നു " ഇങ്ങേര് തുടർന്ന് പഠിപ്പിക്കാം എന്നൊക്കെ പറഞ്ഞിട്ടാ ഞാനും അച്ഛനുമൊക്കെസമ്മതിച്ചത് ,എന്തു ചെയ്യാനാ മാഷേ ഓണം കഴിഞ്ഞ് അടുത്ത ആഴ്ച്ചയായിരുന്നു വിവാഹം .പുത്തനോണമുണ്ണാൻ ഞങ്ങൾ മൂന്നു പേരും കൂടിയാണ് പോയത് " .മുത്ത കൊച്ചിനെ ചൂണ്ടിയാണവൾ പറഞ്ഞത് .
' ഹമ്പട വീരാ ' പട്ടാളത്തിന്റെ ശൗര്യം ഇവിടേയും കാണിച്ചല്ലേ എന്നു ഞാൻ മനസ്സിൽ പറഞ്ഞു .ചെറുനാണത്തോടെ അവൻ തുടർന്നു " അതു പിന്നെ മാഷേ പഠിപ്പിക്കാം എന്നൊക്കെ കരുതിയായിരുന്നു കെട്ടിയത് .ആകെ രണ്ടു മാസം ലീവ് .അതിനിടയിൽ...." .മുഴുമിപ്പിച്ചില്ലെങ്കിലും ശേഷം ഞാനും വായിച്ചെടുത്തു .ആദ്യത്തെ കൊച്ചിന്റേത് അങ്ങനെ പോവട്ടെ പിന്നെ ഇവളെ പഠിക്കാൻ വിട്ടോ ? .
രണ്ടു പേർക്കും മൗനം .ആ മൗനത്തിന്റെ അർത്ഥമാണ് രണ്ടാമത്തെ കുട്ടി എന്നെനിക്കും മനസ്സിലായി .അപ്പോഴേക്കും ഇളയ കൊച്ച് കരച്ചിൽ തുടങ്ങി ." ഞാൻ വരാം ട്ടോ മാഷേ '' എന്നും പറഞ്ഞവൾ നടന്നു മറഞ്ഞു .
ചിരപരിചിതരെപ്പോലെ ആ ചെറുപ്പക്കാരൻ സംസാരിച്ചു തുടങ്ങി .അവൾ പഠിക്കുന്ന കാര്യത്തിൽ സമർത്ഥയാണ് .കുട്ടികളുള്ള പല അമ്മമാരും പഠിക്കാൻ പോവുന്നില്ലേ ,എന്താ തന്റെ ഭാവി പരിപാടി ,അവളെ തുടർന്ന് പഠിപ്പിക്കുന്നുണ്ടോ ?
" അതു പിന്നെ മാഷേ വീട്ടിൽ അച്ഛനു വയ്യ ,അമ്മയുടെ കഥയും ഇതുപോലൊക്കെത്തന്നെ .നമ്മളെ പോറ്റി വളർത്തിയവരല്ലേ ,ഞാൻ ലീവിന് വന്നാലും കൂടിയാൽ ഒന്നോ രണ്ടോ മാസം ,അവരെ നോക്കാൻ ആരെങ്കിലും വേണ്ടേ " ?
ശരിയാണ് ചില ചോദ്യങ്ങൾക്കു മുമ്പിൽ ഉണ്ണീ ഗണപതിയുടെ കൊമ്പുമുറിഞ്ഞപ്പോൾ കൈലാസനാഥൻ മൗന വാല്മീകത്തിലമർന്നതു പോലെ ചിലപ്പോൾ നമ്മളും .എന്റെ ചിന്തകളിൽ നിന്ന് ഉണർത്തിയത് അവന്റെ വാക്കുകളാണ് " ഇതുപോലുള്ള അവസരങ്ങളിലാണ് ബന്ധുക്കളെയൊക്കെ ഒന്നിച്ചു കാണുന്നത് ,ഞാൻ വരാം ട്ടോ മാഷേ " ഒരു ചെറുപുഞ്ചിരിയോടെ അവനും നടന്നകന്നു .

ഈ കാര്യം ഇപ്പോൾ ഇവിടെ പറയാൻ കാരണം സമൂഹത്തിൽ മാറ്റത്തിനൊപ്പം മാറുന്നവരാണ് നമ്മളെങ്കിലും ചിലരിപ്പോഴും ആ മാറ്റം ഉൾക്കൊള്ളുന്നില്ല .അവരെ പറഞ്ഞിട്ടും കാര്യമില്ല .പെറ്റത് പെണ്ണാണെങ്കിൽ ഒരുത്തന്റെ കൈകളിൽ പിടിച്ചു കൊടുക്കുന്നതു വരെ അവരുടെ മനസ്സിൽ തീയാണ് .അതിനെ ആളിക്കത്തിക്കാനുതകുന്ന ചില വാർത്തകളും നമ്മൾ നിത്യം കേൾക്കുന്നു . ഒരിക്കൽ ഇതുപോലൊരു പതിനെട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ ആ കുട്ടിയുടെ പിതാവിനോട്‌ ഞാനിതു നേരിട്ടു ചോദിച്ചപ്പോൾ കിട്ടിയ മറുപടി " എന്റെ മാഷേ ദിവസം അഞ്ചെട്ട് ഗുളികയുടെ പുറത്താ ഞാൻ ജീവിച്ചു പോകുന്നത് .കണ്ണടയുന്നതിനു മുമ്പേ മക്കളെ ഒരു വഴിക്കാക്കുക എന്നതല്ലേ ഒരു അച്ഛന്റെ കടമ ?നാളെ ഞാനില്ലാതായാൽ അവർ ദുഃഖിക്കരുത് .അച്ഛനേയും അമ്മയേയും പോലെയാവുമോ മാഷേ പകരമൊരാൾ നിന്നാൽ ?'' അദ്ദേഹം പറഞ്ഞതിലും കാര്യമുണ്ട് .
നമ്മുടെ ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചാലും കാണാം ഇതുപോലുള്ള ചില കാഴ്ച്ചകൾ .
പതിനെട്ടുകാരിക്ക് ഇരുപത്തഞ്ചോ ഇരുപത്താറോ വയസ്സായാൽ വല്ല കുഴപ്പവും ഉണ്ടോ ,വിവാഹമെന്ന ഒറ്റകുറ്റിയിൽ തളച്ചിടേണ്ടവരാണോ നമ്മുടെ പെൺകുട്ടികൾ .ആൺകുട്ടികളെപ്പോലെ വിദ്യാഭ്യാസത്തിന് അവർക്കും അർഹതയില്ലേ ,ഒരു ജോലി അവർക്കും സ്വപ്നം കണ്ടു കൂടെ ?
വിദ്യാഭ്യാസമില്ലാത്ത ,പറഞ്ഞാൽ മനസ്സിലാവാത്ത മാതാപിതാക്കളുടെ കാര്യം പോട്ടെ എന്നുവെക്കാം ,വിദ്യാഭ്യാസമുള്ള ചില മാതാപിതാക്കളും ഇതിന് കൂട്ടുനില്ക്കുന്നതു കാണുമ്പോൾ...

ഭക്ഷണ രീതിയിലെ മാറ്റങ്ങളും പാരമ്പര്യവുമൊക്കെ ഇന്നന്നെ പെൺകുട്ടികളെ '' കാലമെത്താതെ ' പ്രായപൂർത്തിയാക്കുന്നുണ്ട് .ഇതിന്റെയൊക്കെ മാറ്റം പെൺകുട്ടികളുടെ ശരീരത്തിലും കാണാം .ശരീരവളർച്ചയാണോ മനസ്സിന്റെ വളർച്ച ? .മണ്ണപ്പം ചുട്ടുകളിക്കേണ്ട പ്രായത്തിൽ അമ്മമാരാവുന്നവർ .പതിനെട്ട് എന്ന ഒരു രേഖയുള്ളതുകൊണ്ട് അതാവാൻ ചില മാതാപിതാക്കൾ കാത്തിരിക്കുന്നു .ഇതൊരു പതിനാലോ ,പതിനഞ്ചോ ആയിരുന്നെങ്കിൽ ചിലപ്പോൾ ആ പ്രായത്തിലും ചിലർ അമ്മമാരായി തീർന്നേനെ .
വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിനു മുമ്പേ ഒരു ദമ്പതികൾ എന്റെയൊരു സുഹൃത്തിന്റെ അടുത്ത് കൗൺസിലിംഗിന് വിധേയമായ സംഭവം ഒരിക്കൽ ഞങ്ങളുടെ സംസാരത്തിനയ്ക്ക് കടന്നു വരികയുണ്ടായി .
മുസ്ലീം കുടുംബം ഒരു പയ്യൻ, വിദേശത്ത് ജോലി .
വരുന്നു ,പെണ്ണുകാണുന്നു കെട്ടു നടക്കുന്നു .ആകെ 2 മാസത്തെ ലീവ് .അതിനിടയിൽ ഇതെല്ലാം .
ഒരാഴ്ച്ച ഒന്നിച്ചുള്ള താമസത്തിനു ശേഷം ആ പെൺകുട്ടി അവളുടെ വീട്ടിലേക്ക് പോയി ,പിന്നെ നാട്ടുപഞ്ചായത്തിൽ വീണ്ടും ഒന്നിച്ചുള്ള ജീവിതം ,വീണ്ടും തിരിച്ചു പോക്ക് .സംഭവം ആകെ പ്രശ്നമായപ്പോൾ ആ പയ്യൻ പോക്കു നീട്ടിവച്ചു .
ആ പെൺകുട്ടി അതിന്റെ മൂത്ത ഏട്ടന്റെ ഭാര്യയോട് സംഗതിയുടെ വിവരങ്ങൾ പറഞ്ഞപ്പോഴാണ് ഈ പിണങ്ങി വരവിന്റെ സംഗതി അവർക്ക് പിടി കിട്ടിയത് .
ചുരുക്കിപ്പറഞ്ഞാൽ ആദ്യ രാത്രി ' കരിമ്പിൻ തോട്ടത്തിൽ ആന കയറിയ പോലെ ആയി ' എന്നു ചുരുക്കം .അതിൽ നിന്നുള്ള ഭയം .
ഇരുപത്തഞ്ചുകാരൻ വായിച്ചതും കണ്ടതുമെല്ലാം ഒറ്റയടിക്കു പരീക്ഷിച്ചു .
ഇവിടെയാണ് വിദ്യാഭ്യാസത്തിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി എത്ര എന്ന ചോദ്യമുണരുന്നത് .അദ്ധ്യാപകരായാലും മാതാപിതാക്കളായാലും വിദ്യാർത്ഥികളോടും മക്കളോടുമൊക്കെ പറയുന്നതിന് ഒരു പരിധിയുണ്ട് .ആ പരിധിക്കുള്ളിൽ നിന്ന് ആവുന്നത്ര കാര്യങ്ങൾ വിദ്യാഭ്യാസ കാലത്തു തന്നെ കുട്ടികളെ പഠിപ്പിക്കാത്തതിന്റെ ചില കുഴപ്പങ്ങളാണ് സമൂഹത്തിൽ കാണുന്ന ചില മൂല്യച്യുതികളും .
പ്രായത്തിൽ കവിഞ്ഞ് ശരീരം വളർന്നതറിയാതെ ചില മാതാപിതാക്കൾ പെൺമക്കളെ വസ്ത്രം ധരിപ്പിച്ച് വിടുമ്പോൾ അവരുടെ അഴകളവുകൾ ' ലേസർ 'കണ്ണുകളുഴിയുന്നതിലും തനിക്കു നേരെ താൻ ഇഷ്ടപ്പെടാത്ത ഒരു പെരുമാറ്റം വരുമ്പോൾ ചില പെൺകുട്ടികൾ പ്രതികരണം കണ്ണീരിലൊതുക്കുന്നതുമൊക്കെ നമ്മളവർക്ക് വേണ്ട സമയത്ത് വേണ്ട ഉപദേശം കൊടുക്കാത്തതിന്റെ ഫലമാണ് .

നേരിൽ അറിയുന്നവരും അല്ലാത്തതുമായി ഈ മുഖപുസ്തകത്തിൽ എനിക്കും ഒരുപാടു അദ്ധ്യാപക സുഹൃത്തുക്കളുണ്ട് .വെറും പുസ്തകങ്ങൾ മാത്രം പഠിപ്പിച്ചു കൊടുക്കലല്ല അദ്ധ്യാപകന്റെ ജോലി എന്നു ഞാൻ വിശ്വസിക്കുന്നു .പ്രതികരണ ശേഷിയുള്ള ,ചിന്താശേഷിയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ അദ്ധ്യാപകർക്കാവണം .
" മാഷേ / ടീച്ചറേ " എന്ന വിളിയിൽ നമ്മളനുഭവിക്കുന്ന ആ സ്നേഹമുണ്ടെല്ലോ ,സമൂഹം നമുക്കു നല്കുന്ന വിലയുണ്ടല്ലോ അപ്പോൾ നമ്മളിൽ നിന്ന് പലതും അവർ പ്രതീക്ഷിക്കുന്നുണ്ട് .
തൂലികത്തുമ്പിനാൽ ഏഴു വർണ്ണങ്ങൾ ചാലിച്ചൊരുക്കുന്നവർക്ക് സമൂഹത്തിനോടും ചിലതൊക്കെ പറഞ്ഞു പഠിപ്പിക്കാനുണ്ട് ,ചിലത് പഠിക്കാനുണ്ട് .

#ലിജീഷ് പള്ളിക്കര .

സന്ധിസമാസസൂത്രങ്ങൾ .


സന്ധിസമാസനിയമങ്ങൾ വിവരിക്കുന്ന കേരളപാണിനീയത്തിലേയും ശബ്ദശോധിനിയിലേയും പ്രശസ്തസൂത്രങ്ങൾ ചുവടെ ചേർക്കുന്നു .
സ്വരത്തിൻ മുമ്പു ലോപിക്കും
സംവൃതം വ്യക്തമാകയാൽ
അതിനെ സ്വരമായിട്ടേ
വകവെക്കേണ്ടു സന്ധിയിൽ
ചെയ്തു ചെയ്യുന്നു എന്നുള്ളോ-
രാഖ്യാതാന്ത്യമുകാരവും
ലോപിക്കും സദൃശംപോലെ
സംവൃതോപജ്ഞമാകയാൽ
അല്ല- ഇല്ലയ്ക്കന്ത്യലോപ -
മായി-പോയിക്കുമൊത്തപോൽ
പ്രാർഥനാർഥക്രിയാംഗത്തി -
നന്ത്യക്കാരവുമങ്ങനെ
അകാരം ലുപ്തമായ്ക്കാണും
വേറിട്ടും പലെടങ്ങളിൽ
ആട്ടെ ,അതെ ,ഉടെ ,ഊടെ
ഇവയന്ത്യം കളഞ്ഞുമാം
ഹ്രസ്വം നീട്ടാം ബലത്തിനായ്
തള്ളാം പ്രാധാന്യഹാനിയിൽ .
വർജ്ജിപ്പൂ സ്വരസംയോഗം
' യ' ' വ ' ചേർത്തു യഥാവലേ
പൂർവം താലവ്യമാണെങ്കിൽ
യകാരമതിലേയ്ക്കണം
യാവിന്നു നാവും വാവിന്നു
കാവും കൃതിയിൽ വന്നിടാം
ശ്രുതിമാധുര്യാർഥമായും
നാഗമം ചിലെടങ്ങളിൽ
വകാരാഗമേ ചേരൂ
ചുട്ടെഴുത്തുകൾ മുന്നിലും
അറിവാനറിവേനെന്ന
വകാരം ഭാവിചിഹ്നമാം
യവാഗമം നിപാതത്തിൽ
സ്വരത്തിങ്കലസുന്ദരം
ദീർഘത്തിന്നവസാനത്തിൽ
ബാഹുല്യേന യവാഗമം
പ്രത്യയാദിക്കകാരത്തിൽ
മുമ്പും താലവ്യയാഗമം
ഖരാദി ഖരമൂഷ്മാവും
മൃദുഘോഷങ്ങളും ദൃഢം
പഞ്ചമം മധ്യമം ഹാവും
വിശേഷണ വിശേഷ്യങ്ങൾ
പൂർവോത്തര പദങ്ങളായ്
സമാസിച്ചാലിരട്ടിപ്പൂ
ദൃഢം പരപദാദിഗം
അലുപ്താഖ്യ സമാസത്തിൽ
ധാതുപൂർവത്തിലും വരാ
വിനയെച്ചങ്ങൾ മൂന്നെണ്ണം
മുൻതൻ പാക്ഷികസംജ്ഞിതം
ആധാരികാഭാസമാം എ
ആലിൽകലെ വിഭക്തികൾ
ഇവയ്ക്കു പിൻദൃഢത്തിനു
ദ്വിത്വം വാക്യത്തിലും വരും
കൂട്ടക്ഷരമിരട്ടിക്ക
പമധ്യത്തിലാവുകിൽ
ചുട്ടെഴുത്തിനു പിൻവന്നാൽ
മെയ്യേതും ദ്വിത്വമാർന്നിടും
പരം ശിഥിലമാണെങ്കി-
ലിതേ ദീർഘിക്കിലും മതി
ഏക മിത്ര പ്രകൃത്യന്തേ
നാസോത്ഥം യളലങ്ങളും
ഇരട്ടിച്ചിട്ടുതാൻ നിൽക്കും
പദമില്ലൊറ്റ മാത്രയിൽ .
പദാന്തേ വ്യഞ്ജനം വന്നാൽ
സംവൃതം ചേർത്തു ചൊല്ലുക
ചില്ലുമാത്രം സംവൃതത്തിൽ -
സഹ്യം കൂടാതെയും വരും .
തവർഗ്ഗത്തിനടുത്തുള്ള
ടവർഗേണ സവർണനം
ചവർഗത്തോടുമങ്ങനെ
ലകാരം വർത്സ്യമായ്ത്തീരും
തവർഗം പരമാവുകിൽ
ളകാരമെങ്കിൽ മൂർദ്ധന്യം
വിനാമക്രിയയാണിത്
വിനാമംലളകൾക്കോതാം
വർഗ്യമേതിന്റെ മുമ്പിലും
എങ്കിലും മലയാളത്തിൽ
പ്രത്യയാദി തകാരമോ
നാസോത്ഥമോ പരം വേണം
വിനാമക്രിയ ചെയ്തീടാൻ
ഖരത്തിൻ മുമ്പു ലാദേശം
മുൻപിൻ പൊന്നെന്ന നാവിന്
അനുനാസികമാദേശം
പിൻപ്രത്യയ ഖരത്തിന്
കൽടാവുകൾക്കി, ല്ലിതത്രേ
അതിപ്രസരമെന്നത്
മകാരം താനനുസ്വാരം
സ്വരം ചേർന്നാൽ തെളിഞ്ഞിടും
വർഗ്യങ്ങൾ പരമായ് വന്നാൽ
അതാതിന് പഞ്ചമം വരാം
സമുച്ചയനിപാതത്തിൽ
ചേരുന്നേരം വകാരമാം
ഭാവിപ്രത്യയമാവിന്നും
വകാരം പ്രത്യയേ പരേ
പ്രത്യയസ്വരമേൽക്കുമ്പോ -
ളിരട്ടിച്ച തകരമാം
ത്താദേശത്തെ വികൽപിക്കാ-
മോടെന്നുള്ള വിഭക്തിയിൽ
കൾ പ്രത്യയത്തിനു മുമ്പു -
മനങ്ങൾക്കു സവർണനം
#ലിജീഷ് പള്ളിക്കര .

ഞാൻ ഭ്രാന്തൻ


പറിച്ചെടുക്കട്ടെ ഞാനിന്നു രണ്ടു -
ചുവന്ന ചെമ്പരുത്തി പൂക്കൾ .
നീട്ടി വളർത്തട്ടെ താടിയും മുടിയും
അലക്കി തേച്ച ഉടയാടകളിനി വേണ്ട
അഴിച്ചെറിയട്ടെ ഞാനീ വേഷങ്ങളൊക്കെയും .
നേരു ചൊല്ലാനിന്നൊരു ഭ്രാന്തന്റെ വേഷം
എടുത്തണിയട്ടെ കൂട്ടരേ ഞാനും .
എന്റെ കണ്ണുകളിൽ തെളിയുന്നതെല്ലാം
എഴുതി നിറയ്ക്കേണമീ മുഖപുസ്തകത്തിൽ
ശകുനിതൻ കുതന്ത്രങ്ങളേറെ കണ്ടു ഞാൻ
കാൽനക്കിയൊട്ടിക്കൂടും ജന്മങ്ങളെ കണ്ടു .
മുപ്പതു വെള്ളിക്കാശിനാൽ 'ഒറ്റ' പെടുന്നു
ഭൂമിയിൽ പിറക്കുന്ന ദൈവപുത്രരും .
ഉള്ളിൽ പകതൻ കനലെരിയുമ്പൊഴും
പുറമേ ചിരിപ്പൂക്കൾ വിടർത്തുന്ന മനുഷ്യാ -
നിന്നിലും കുടികൊള്ളുന്നോ ഈശ്വര്യ ചൈതന്യം ?
കാര്യം കാണാനിന്നൊത്തിരി പേർ
കഴുതക്കാൽ പിടിക്കുന്നതും കണ്ടു
പാലം കടന്നിട്ടു കൂരായണ പാടുന്നതും കേട്ടു
ഗുരുവിനെ വാഴ്ത്തിയോർ വീഴ്ത്തുന്നു
ചെങ്കോലും കിരീടങ്ങളും ചിന്തയിൽ
സോദര സ്നേഹങ്ങൾ മരിച്ചുവീഴുന്നു .
കുഴിയിലകപ്പെട്ടവന്റെ ദീനരോദനം
കൈ നീട്ടിയൊന്നു വലിച്ചു കയറ്റിയാൽ
പ്രത്യുപകാരമായൊരൊറ്റ തള്ളി വീഴ്ത്തൽ .
ഒറ്റയ്ക്കു നടക്കാനെന്നോ പഠിച്ചു ഞാൻ
മുകളിലാകാശം താഴെയീ ഭൂമിയും .
പടുമരമോ ഇന്നു ഞാനൊരു പാഴ്മുളയോ ?
നമ്പി നിൽക്കുന്നവർക്കെന്നും സിംഹാസനങ്ങൾ
നാവു പിടച്ചതെന്നും നേരിനു വേണ്ടി .
നമ്പ്യാരല്ലിന്നു നമ്പി നടക്കാനുമില്ല
മുട്ടുമടങ്ങില്ല , മുട്ടില്ലമ്പത്തൊന്നിനും .
ഭ്രാന്തനെന്തും വിളിച്ചു പറയാം
വലിച്ചു കീറട്ടെ ഞാനെന്റെയുടയാടകൾ .
തുടലിട്ടു പൂട്ടാനിറങ്ങേണ്ടാരും
ബുദ്ധി കെട്ടില്ല , കായബലമൊട്ടു കുറഞ്ഞുമില്ല
കാണുന്നതൊക്കെയിന്നേറ്റു പാടാൻ
എടുത്തണിയട്ടെ ഞാനീ ഭ്രാന്തന്റെ വേഷം .
ഇഷ്ടങ്ങളൊരുവേളയനിഷ്ടങ്ങളാവാം
ശിഷ്ടകാലമിനി വാക്കിന്റെ ചാട്ടവാറടിയേറ്റു വാങ്ങാം.
ചൊട്ടയിലെ ശീലം ചുടലവരെയെന്നല്ലേ പഴമൊഴി
ചൊല്ലി മാറ്റാനാരും മുതിരല്ലേ
എന്നെ ഞാനാക്കുന്നതെന്നുമെൻ വാക്കുകൾ
നിങ്ങൾതൻ കൈച്ചരടിലാടുന്ന പാവയല്ല ഞാൻ .
എൻവഴി നേർവഴിയറികയിന്നെൻ പാതയിൽ
നെറികേടു കാണുന്നേരമെൻ തൂലികയുണരും
കഥയറിയാതതിനിടയിൽ തല കാട്ടിയാൽ
വാക്ക്ശരമേറ്റു രുധിരം പൊടിഞ്ഞേയ്ക്കാം .
ആരു നീ , യെന്നൊരു ചോദ്യശരമെറിഞ്ഞാൽ
ആർത്തു ചിരിച്ചു ഞാൻ പറയും വെറുമൊരു ഭ്രാന്തൻ .
#ലിജീഷ് പള്ളിക്കര .

ഓർമ്മകൾക്ക് മരണമില്ല.


കണ്ണീരണിഞ്ഞുകൊണ്ടണയുന്നു
കലിതുള്ളി പെയ്യുമൊരു കർക്കടകം
കണ്ണീരിന്നുമുണങ്ങിയിട്ടില്ല
കരളിലെരിയുമൊരു താത വിയോഗം.
കട്ടിക്കണ്ണട കട്ടി മീശ, പാതി നരച്ച മുടിയും ,
കരളിലെന്നും സ്നേഹത്തിൻനാളമാണേ .
കാലചക്രം തിരിഞ്ഞതെത്ര വേഗത്തിൽ
കാലനറുത്തെടുത്തതെന്റെ ജീവൻ .
കർക്കടകപ്പുലരിയിലൊരു വാവു വരവായ്
കറുക, ചന്ദനം, ദര്ഭ ,നാക്കിലയൊരുക്കട്ടേ.
കറ മാറ്റിയെടുക്കണം വെള്ളോട്ടു കിണ്ടി
കളം മയക്കാനിത്തിരി ചാണകവും.
കണ്ണീർപ്പെയ്ത്തിനിടയിലന്നങ്ങു -
കണ്ണടച്ചൊഴുക്കിയൊരസ്ഥിക്കഷണം
കരിമേഘകൂട്ടങ്ങളും അന്നങ്ങു കണ്ണുനീർ തൂവി
കണ്ടുനിന്ന കണ്ണിലും നീർപൊടിഞ്ഞു.
* കങ്കന്റെ ഹുങ്കിനെ പിടിച്ചുകെട്ടാനാവില്ല
കടവിലീറനുടലുമായന്നു തേങ്ങി
കടവുൾ കനിഞ്ഞെങ്കിലിന്നുമാ കൈകൾ
* കങ്കാണിയായെൻ ഇടംവലം കാക്കില്ലേ .
കല്ലെടുത്തൊരടുപ്പൊരുക്കട്ടേ
കണ്ണീരിൽ മുക്കി കഴുകട്ടെ കുത്തരി
കത്തിച്ചു വെയ്ക്കട്ടേ നിലവിളക്കും
കളത്തിലൊരുക്കട്ടേ നാക്കിലയും.
കാക്കയായിന്നച്ഛൻ കരയുന്നു
കറുകനാമ്പെൻ കൈയിൽ വിറയ്ക്കുന്നു
കണ്ണീരുപ്പു ചേർത്തൊരുരുള ഞാൻ
കാലനെ ശപിച്ചൊന്നു നല്കിടട്ടേ .
കാലചക്രമുരുണ്ടിട്ടാണ്ടേഴായ്
കദന ഭാരമായിന്നുമുണ്ടാസ്നേഹ സ്വരങ്ങൾ .
കാലമേ വേദന മാത്രം നല്കാന്നെന്തിനു തന്നു
കലിയിലൊരു മർത്യ വേഷം ?
കർക്കിടകം തുടികൊട്ടി പെയ്യുമീ വേളയിൽ
കിളിമകൾ പാടിയ പാട്ടന്നച്ഛനേറ്റു പാടി
കൺമുന്നിലിന്നുമന്നു ചൊല്ലിയ വാക്കുകൾ
കിളി പാടി "ജാതനാകിൽ വരും സുഖ ദുഃഖവും "
* കങ്കൻ = കാലൻ
കങ്കാണി = മേൽനോട്ടക്കാരൻ
................ #ലിജീഷ് പള്ളിക്കര............

കവിത


ചെഞ്ചോര കുരച്ചുതുപ്പി കടലാഴത്തിൽ
കരയിലൊരു തരുണി തല കുമ്പിട്ടും
കരിമേഘക്കൂട്ടം മറച്ച ചന്ദ്രക്കലപോൽ
കാർക്കൂന്തൽ കെട്ടഴിഞ്ഞു വീണൊരാ വദനവും
അഴലുപേറിയവളുഴറുന്ന നേരം
കരുണാകടാക്ഷത്താലൊരാളരികിൽ
മൃദുമന്ദഹാസത്താലെളിമയായ് ചൊല്ലി
തവ മിഴികളെന്തിത്ര നനയുവാൻ ?
പല്ലവാംഗി തൻമുഖമന്നേരം തെല്ലുയർത്തി
പുലർകാല തൃണത്തിലെ തുഷാരബിന്ദു പോലെ
അക്കണ്ണിൽ കൂമ്പിയൊരശ്രു സ്ഫടിക ഗോളമായ്
അയ്യോ! ഞെട്ടറ്റു വീണതു ഭൂമിതൻമാറിൽ
ധൈര്യമാർന്നൊന്നു കഥിച്ചീടിൽ
ഇക്ഷണം തീരുമെന്നാകുല ചിന്തകൾ
വന്നുവോ പിഴയെങ്ങാൻ ചൊല്ലു നീ പാരമാശു -
വിളറിക്കിടക്കുന്നതെന്തിന്നു നിന്മുഖം ?
കഷ്ടകാലമീ ദുരിതജീവിതം ഓതിനിൻ
ലോലഹൃദയത്തിലെൻ വേദന പകരണോ?
പാരിലോടിയൊരു പത്തുമൊരെട്ടും വത്സരം
ആഴുമാർത്തിതൻ കടലിലാഴ്ത്തി കാലവും
പാടുമാൺകുയിൽ പിരിഞ്ഞു പോയോ ?
കാലമെന്ന വേടനമ്പെയ്ത് കൊന്നുവോ ?
എന്തെന്നോതുവാനിന്നെന്തു പ്രയാസം
ചോരനല്ലെന്നറിക നീ ദു:ഖക്കെട്ടറുക്കുക .
കെട്ടിനിർത്തിയ തടപൊട്ടിയൊലിച്ചപോല-
ക്കൊച്ചുപെൺകൊടിമിഴി ദുഃഖസാഗരമായി
ആശനിഷ്ഫലമായെന്നു മാത്രമറിയുക
എൻ പ്രാണനാഥ ദേഹിയുണ്ടിന്നു സ്വർഗ്ഗത്തിൽ .
പേർത്തുപേർത്താശുകഥിച്ചീടിലടരില്ലിനി -
യവളുടെ ഹൃദയത്തിൽ നിന്നൊരു വാക്കു പോലും
പതിയെയടിവെച്ചാമണലുഞ്ഞെരിച്ചമർത്തി
തപിക്കുമാമാനസത്തിനേകാന്തതയേറെയോഗ്യം
എന്ന ചിന്തയാലയാൾ നടന്നു നീങ്ങി........
#ലിജീഷ് പള്ളിക്കര .
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

കവിത


താടിതൻ കനംകൊണ്ട് തോണി മുങ്ങുമോ കൂട്ടരേ
കൂനൻ നിവർന്നാൽ ഗോപുരം പൊളിയുമോ ?
പണ്ടൊരു മർക്കടത്താൻ സാഗരം ചാടികടന്നതു-
കണ്ടിട്ടെന്തിനിന്നു കപികൾ വാലുപൊക്കുന്നു?
കരിമൂർഖന്മാരിന്നു മടയിൽ മയങ്ങുന്നു
വാൽകുത്തിയുയരുന്നു ഞാഞ്ഞൂലുകൾ.
എല്ലാം കണ്ടുചിരിക്കുന്ന ഭ്രാന്തൻ ഞാൻ
മഷിയൊഴിഞ്ഞില്ലെൻ പേനയിൽ.
തങ്കനൂലിട്ടു കോർത്തില്ലചില്ലക്ഷരങ്ങൾ
തങ്കകട്ടികണ്ടൊരല്പ്പനായ് മാറിയുമില്ല
വാക്കിൻ പെരുമഴയുതിർക്കാനാവതില്ല
വാൾപ്പയറ്റല്ലിവിടെ വാക്കിൻ രണാങ്കണം.
തലയറ്റുടലുവീഴുന്നിറ്റുവീഴുന്നു രക്തവും
കഥയറിയാതിന്നൊട്ടുപേരാട്ടവും കാണുന്നു.
അറിവുളെളാരാളുകൾ ചമയ്ക്കുന്നുണ്ടിവിടെ
പത്മവ്യൂഹങ്ങളെണ്ണമില്ലാതെ.
അറിയാതഗ്നികണ്ടുമോഹിച്ചു ചിലർ
ചെന്നുചാടുന്നതോ ഹോമകുണ്ഡത്തിലും.
ദീർഘവീക്ഷണമുളളവരറിയുന്നുണ്ടരക്കില്ലങ്ങൾ
കൂപമണ്ഡൂകങ്ങൾക്കുണ്ടോ പുറംലോകകാഴ്ചകൾ ?
ശുക്രൻ പോലും ചിലപ്പോൾ 'ശശി' യായ് മാറുന്നു
വിദ്യയാവോളം കൈയിലുണ്ടെങ്കിലും
വായുപുത്രജന്മമായ് പലരും
ബുദ്ധിയുണർത്താനാരെങ്കിലും മൊഴിയണം.
നാവിനെല്ലില്ലൊന്നുമൊഴിഞ്ഞാലല്ലയായ് തീരും
അറിയാമെങ്കിലുമീയൂഴിയിലൊട്ടുമടങ്ങില്ല മുട്ടും
തണ്ടിതിലേറിനടക്കേണ്ടിരുകാലിനേറെ ബലമുണ്ട്
അച്ചിബലമില്ലിന്നുളളതിച്ഛാശക്തിമാത്രം.
ആഞ്ഞുവീശിയെറിഞ്ഞതല്ലിതൊന്നും
പാഞ്ഞുവരുംശരത്തിന്നൊരുപടച്ചട്ടതീർത്തതാണേ
പഞ്ഞമില്ലിക്ഷണമക്ഷരം കൊരുത്തൊരു-
നല്മാലകോർത്തെടുത്തതിലൊരഗ്നി നിറയ്ക്കാൻ.
പോവുകയല്ലരപ്പട്ടനിറയ് ക്കാനല്ലെരിയും
വയറിന്റെ താപമകറ്റാനല്പമൊന്നാഞ്ഞു തുഴഞ്ഞിട്ടിടയിലെത്തിനോട്ടമായെത്തിടും.
പുലരിയില്ലിന്നുനിദ്രയില്ലിക്കണ്ണടയുന്ന-
നേരംവരെയക്ഷരക്കൂട്ടിലക്ഷമനായൊന്നലയണം.
അതിനിടയിലിടിമുഴക്കമായിടയിൽ-
കാണും കാഴ്ചകളിടതടവില്ലാതൊന്നെഴുതണം
ഇഷ്ടമനിഷ്ടമാവാമിടയിൽ ചിലർ
പിരിഞ്ഞേയ്ക്കാമെങ്കിലുമിന്നെന്റെ
നാക്കൂരിയുറയിലിട്ടൊന്നുമൊഴിയാതിരിക്കുവാൻ വയ്യ.
ചോരനല്ലിന്നുകൂടെനില്ക്കുമരുമത്തോഴർക്കി-
ഷ്ടനായെന്നും നിന്നിടുമെന്റെയുയിരറുത്തതിൻ
ശേഷമവരുടെരെ മെയ്യിലൊരുപിടി മണ്ണുവീഴൂ.
ചത്തുജീവിക്കാൻ ഞാനില്ലുളളനട്ടെല്ലൂരിവെയ്ക്കില്ല.
‪#‎ലിജീഷ്‬ പളളിക്കര
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''

കവിത


കാമമാണിന്നുഞാനെൻ മുന്നിൽ പിടയുന്ന
കാമിനി തന്നുടെ കണ്ണുനീർ കാണില്ല.
കാഷായവേഷമല്ലീശ്വരനുമല്ല ഞാൻ
കാമം മാത്രമാണീയുളളത്തിലെല്ലാം
കദനകഥയിലലിയില്ല ഹൃദയം
കന്യകയിന്നെനിക്കു മുഖ്യം
കരിമിഴിക്കോണിലെൻ കണ്ണുടക്കി
കരളിലൊരു തീക്കാറ്റാഞ്ഞു വീശി
കനകവർണ്ണമോലുമൊരുതളിർ മേനിയിൽ
കാല്നഖമാഴ്ത്തി ചോര നുണയണം.
കാലിനിടയിലൊരു തീ തുപ്പണം.
കാലമിനിയുമുരുളുമതിനിടയിലൊരായിരം
കാമിനിയുടലു ഞാൻ സ്വന്തമാക്കും.
കറുത്ത തുണിയാൽ കണ്ണുമൂടും
കരളുറച്ചുളള നീതിപീഠങ്ങളേ...
കരളുറപ്പുണ്ടോ ഇന്നെന്നെ പിടിച്ചുകെട്ടാൻ ?
കറുത്ത കോട്ടിലെ നീതിയെത്ര കണ്ടു ഞാൻ
കാരാഗൃഹത്തിൽ ചീർത്തില്ലേ ചാമിയും?
കണ്ണിലൊരു കാമം കത്തിയാലെന്നും
കൺചിമ്മുന്ന നേരത്തിലൊരു സുന്ദരി-
കണ്ഠത്തിലൊരു കൊക്കാഴ്ത്തി ചോരനുണയും.
കറുത്ത പേനയാൽ വെളളത്താളിലേ-
കളളിയിലേക്കമ്പത്തൊന്നക്ഷരമൊന്നൊഴു-
കിയിറങ്ങിയാലരിയാനാവില്ലെന്റെ ചിറകുകൾ.
കടലാസുപുലികളാം നിയമത്തിനേറെപ്പഴുത്
കനവിലെനിയുമിഴയുമൊരംഗന മെയ്യും
കരിമണലെരിയുമൊരറബിനാടല്ലിവിടെ
കണ്ഠം മുറിക്കും ശരീയത്തുനിയമവുമില്ല.
കണ്ണിനു കണ്ണായമ്മമാരേ
കൺമണികളെ നിങ്ങളൂട്ടി വളർത്തൂ
കളിചിരി പ്രായമായാലെനിക്കന്നമായ്
കഠാരമൂർച്ചയുളെളാരു കൊക്കുഞാനാഴ്ത്തും
കരിമഷി ചൂണ്ടുവിരലിൽ പുരളാൻ
കാപാലികക്കൂട്ടങ്ങതൊരു വോട്ടാക്കി മാറ്റും
കരയുവാനമ്മേ നിനക്കെന്നും വിധി
കരളലിവില്ലാത്ത കാമമാണിന്നു ഞാൻ.
ചിത്രത്തിന് കടപ്പാട് .
‪#‎ ലിജീഷ്‬ പളളിക്കര

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo