Showing posts with label SasikalaNair. Show all posts
Showing posts with label SasikalaNair. Show all posts

ചില പിന്നാമ്പുറക്കാഴ്‌ചകള്‍


ഈയിടെയായി ഫേസ്ബുക്കില്‍ 40 പ്ലസ് ചാലഞ്ചില്‍ നാല്‍പത്കളില്‍ നില്‍ക്കുന്ന സ്ത്രീകളുടെ കുറെ ഏറെ പോസ്റ്റുകൾ വായിക്കാൻ ഇടയായി. എല്ലാം സത്യമായ കാര്യങ്ങൾ... ഇത്രയും സ്വാതന്ത്ര്യത്തോടെ മനസ്സ് തുറന്ന് എഴുതാന്‍ പോലും അവര്‍ക്ക് ഈ പ്രായം വരെ കാത്തിരിക്കേണ്ടി വന്നു. കുടുംബത്തിന് വേണ്ടി തന്റെ വ്യക്തിത്വം മറന്ന് കൊണ്ടുള്ള ജീവിതം .. ഒടുവില്‍ ഈ പ്രായത്തില്‍ അവരുടെ മാനസികാവസ്ഥ.... എല്ലാം എത്ര സുന്ദരമായി അവർ എഴുതിയിരിക്കുന്നു....

പക്ഷേ... നാല്‍പതുകളിലായ ഒരു പുരുഷ നെപ്പറ്റി ആരെങ്കിലും ചിന്തിക്കുന്നുണ്ടോ .. സ്ത്രീയ്ക്ക് ആ പ്രായത്തില്‍ എങ്കിലും കുറച്ച് വിശ്രമവും , സമയവും സ്വാതന്ത്ര്യ വും ഒക്കെ കിട്ടുന്നു എങ്കില്‍ മിക്ക പുരുഷൻമാര്‍ക്കും അപ്പോഴും അതൊന്നും ലഭ്യമാവുന്നില്ല . പരാതിയും പരിഭവങ്ങളും പറയാതെ ശാരീരിക ബുദ്ധിമുട്ടുകൾ സഹിച്ച് അവർ അപ്പോഴും കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നു..

സ്കൂൾ കോളേജ് സമയങ്ങളില്‍ കലാ സാഹിത്യ മേഖലകളില്‍ തിളങ്ങി നിന്ന ഒരുപാട് പുരുഷൻമാര്‍.... തീപ്പൊരി പ്രസംഗങ്ങള്‍ നടത്തിയും നന്നായി പ്രവർത്തിച്ചു രാഷ്ട്രീയത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയവര്‍..... സ്പോര്‍ട്സ് വിഭാഗങ്ങളില്‍, ക്വിസ് മത്സരങ്ങളില്‍ ഒക്കെ സംസ്ഥാന തലത്തിൽ വരെ സമ്മാനങ്ങൾ വാരിക്കൂട്ടി യവര്‍... അങ്ങനെ എത്രയോ പേർ മനസ്സിന്റെ കോണില്‍ തങ്ങളുടെ ആഗ്രഹങ്ങളെ മൂടി വച്ചുകൊണ്ട്‌ ആരോടും തുറന്ന് പറയാന്‍ കഴിയാത്ത ബുദ്ധിമുട്ട്കളുടെയും കടങ്ങളുടെയും നടുവില്‍ കഴിയുന്നു...

ഏറ്റവും വിഷമകരമായ ഒരു കാര്യം .. പഠിക്കാൻ നല്ല മിടുക്കരായിരുന്നവര്‍ പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ജോലി ചെയ്യുന്നതാണ്. നന്നായി പഠിച്ചെങ്കിലും പഠിച്ച ഫീല്‍ഡില്‍ ജോലി ചെയ്യാൻ പറ്റാത്തവര്‍ . ഇഷ്ടപ്പെട്ട ജോലി ചെയത് ജീവിക്കാൻ പോലും ഭാഗ്യം ഇല്ലാത്തവര്‍... കുറച്ചെങ്കിലും ഭേദം എന്തെങ്കിലും എഴുതുകയും ചിത്രം വയ്ക്കുകയും ഒക്കെ ചെയ്യുന്നവരുടെ കാര്യം ആണ്‌.. എഴുത്തില്‍ ഇഷ്ടമുള്ളവര്‍ക്ക് തിരക്കുകള്‍ക്കിടയിലും എങ്ങനെയെങ്കിലും കുറച്ച് സമയം കണ്ടെത്തി എഴുതാം. അതിൽ നിന്ന് കുറച്ചൊക്കെ സന്തോഷവും സമാധാനവും കിട്ടും.

ഒരുമിച്ച് സ്കൂളിൽ പഠിച്ച എന്റെ ഒരു ബാല്യ കാല സുഹൃത്തുമായി ഈയടുത്ത് സംസാരിച്ച് കൊണ്ടിരുന്നപ്പോളാണ്‌ പെട്ടെന്ന് ഞാൻ ഓര്‍ത്തത് അവന്‍ വളരെ നല്ല ഒരു പാട്ടുകാരന്‍ ആണല്ലോ എന്ന്. ഒരുപാട്‌ നാളുകള്‍ക്ക് ശേഷം സംസാരിച്ചത് കൊണ്ട്‌ ആ സന്തോഷത്തില്‍ രണ്ടുവരി പാട്ട് പാടിത്തരാന്‍ പറഞ്ഞപ്പോ അവന്‍ പറഞ്ഞത് അവന്‍ ഒരു മൂളിപ്പാട്ട് എങ്കിലും പാടിയിട്ട് ഇരുപത് വർഷങ്ങൾക്ക് മേലെ ആയി എന്ന്.. പാട്ടില്‍ നിന്നും ഒഴിവാകാന്‍ പറഞ്ഞതല്ല അവന്‍... കഴിഞ്ഞ ഇരുപത് വർഷങ്ങൾ പ്രവാസ ജീവിതത്തിലെ തിരക്കുകളിലും പ്രയാസങ്ങളിലും അവന്റെ ഈണങ്ങള്‍ എല്ലാം ദ്രവിച്ചു പോയി... ഒരിക്കല്‍ അവന്‍ നന്നായി പാടിയിരുന്നു എന്ന് അവന്‍ ഓര്‍ത്തത് തന്നെ ഞാൻ പാടാന്‍ പറഞ്ഞപ്പോളാണെന്ന് എനിക്ക് തോന്നിപ്പോയി.

ചുരുക്കം ചിലര്‍ എങ്ങനെയെങ്കിലുമൊ ക്കെ സമയം കണ്ടെത്തി ഇഷ്ടപ്പെട്ടതൊന്നും കൈവിടാതെ കൂടെക്കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും....

കഷ്ടപ്പാടിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ അവിടെ കാണാം നാല്‍പതുകളിലും ...... അവിടെ നിന്ന് അന്‍പതുകളിലും എത്തിയിട്ടും ഉമ്മറത്തിരുന്ന് ഇത്തിരി വിശ്രമിക്കണം എന്ന ആഗ്രഹം മനസ്സിൽ മൂടി വച്ചുകൊണ്ട്‌, തങ്ങൾക്ക് ഉണ്ടായിരുന്ന എല്ലാ കഴിവുകളും വിസ്മൃതിയിലാഴ്ത്തിക്കൊണ്ട്, ആരോടും പരാതി പറയാതെ ആര്‍ക്കൊക്കെയോ വേണ്ടി അലഞ്ഞ് തിരിഞ്ഞ്, ചോര നീരാക്കുന്ന പുരുഷൻമാരെ.....🤔😔
Sasikala
04/11/2020

ഈ അലാറം പുതിയതാണ്

Image may contain: 1 person
വീടിനുള്ളിലേക്ക് കാലെടുത്ത് വച്ച അവളെ സ്വീകരിച്ചത് അകത്ത് നിന്ന് ടി വി യില്‍ ഉപദേശം തന്നു കൊണ്ടിരിക്കുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മിസ്സിസ് മേനക പുരുഷോത്തമന്‍ ആയിരുന്നു. .. ഞായറാഴ്ചകളില്‍ ഈ ടി വി യ്ക്ക് 'ഉപദേശം' ഇത്തിരി കൂടുതൽ ആണല്ലൊ എന്നോര്‍ത്ത് അവൾ വീടിനുള്ളിലേക്ക് കയറി..
"കൂടുമ്പോള്‍ ഇമ്പമുള്ള താണ് കുടുംബം...... "ഉപദേശിക്കുന്ന മേനക യെയും അത് കേട്ട് കൊണ്ടിരിക്കുന്ന തന്റെ ഭർത്താവിനെയും അവൾ മാറി മാറി നോക്കി. മേനക സ്ഥിരം ഉപദേശിക്കുന്നുണ്ട്, അയാള്‍ കേള്‍ക്കുന്നുമുണ്ട്. എകദേശം ഒരു വർഷമായി എല്ലാ ഞായറാഴ്ചയും അയാള്‍ ഇത് കേള്‍ക്കുന്നുണ്ട്... ആരുടെയും ഉപദേശങ്ങള്‍ കേൾക്കാൻ താല്പര്യമില്ലാത്ത ആൾ ഇത് കേൾക്കുകയാണോ അതോ 'കാണുക' യാണോ എന്ന ഒരു സംശയം അവള്‍ക്ക് എപ്പൊഴും ഉണ്ട്. മഹാ ഋഷി വിശ്വാമിത്രന്റെ തപസ്സ് ഇളക്കിയവളുടെയും പേര്‌ മേനക എന്ന് തന്നെയായിരുന്നല്ലോ..
"ചോറുണ്ടതാരുന്നോ?"
"ആ" അവളുടെ ചോദ്യത്തിന്‌ മറുപടിയായി അത്ര തൃപ്തിയില്ലാത്ത ഒരു മൂളല്‍ അയാളില്‍ നിന്നെത്തി.
"അവന് എങ്ങനുണ്ട്"? മാര്‍ക്കറ്റിംഗ്‌ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന അവളുടെ അനുജനെപ്പറ്റിയാണ് അയാൾ ചോദിച്ചത്‌. "ആ കുഴപ്പമില്ല.. എന്നാലും കിടപ്പ് കണ്ടപ്പോ രണ്ടെണ്ണം പൊട്ടിക്കാനാ തോന്നിയത്...പാവം അമ്മ... അവരെ കഷ്ടപ്പെടുത്താനാ യിട്ട്....."
സത്യത്തില്‍ അവനു കല്യാണ പ്രായം കഴിഞ്ഞിരിക്കുന്നു. ഒന്നും ശരിയാവുന്നില്ല. ബൈക്ക് വർക്ക്ഷോ പ്പില്‍ കൊടുത്ത ഒരു ദിവസം ബസ് ഇറങ്ങി നടന്ന് വരുമ്പോള്‍ പുതുതായി പണിയുന്ന ഒരു കെട്ടിടത്തിനു വേണ്ടി ലിഫ്റ്റ് നിര്‍മ്മിക്കാന്‍ എടുത്ത കുഴി യില്‍ വീണതാണ്. ഇരുട്ട് വീണിരുന്നു. എന്തോ ഭാഗ്യത്തിന്‌ തൊട്ടടുത്ത് വെജിറ്റബിള്‍ ഷോപ്പ് നടത്തുന്ന സത്യന്‍ ചേട്ടന്‍ ശബ്ദം കേട്ടു.. നടന്നു പോയവരുടെ ആരുടെയൊക്കെയോ സഹായത്താല്‍ അയാൾ അവനെ ര ക്ഷപ്പെടുത്തി .കുഴി മൊത്തം എടുത്തിരുന്നില്ല. ആഴം കുറവായതിനാല്‍ കൈയും കാലു മൊക്കെ ഒടിഞ്ഞതേയുള്ളു..
വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് ഓടിച്ചെന്ന അവളോട് സത്യന്‍ ചേട്ടന്‍ പറഞ്ഞത്‌ അവന്‍ ഫോണില്‍ നോക്കിയാണ് നടന്നു പോയതെന്നാണ്.. ഇന്ന്‌ ചോദിച്ചപ്പോ അത് സത്യമാണെന്ന് അവന്‍ പറഞ്ഞു. "വാട്സ് ആപ്പിലെ മെസ്സേജ് നോക്കി അതിന്‌ റിപ്ലെ കൊടുത്ത് നടന്ന് പോയതാ എന്നാ അവന്‍ പറയുന്നെ" അവൾ മറുപടി പറഞ്ഞു. "ഒരു ഭാര്യ പോലും ഇല്ലാത്തവനെ ഇങ്ങനെ കുഴിയില്‍ ചാടിക്കാന്‍ മെസേജ് ചെയതത് ആരാന്ന് ചോദിക്കണം" അയാൾ കിട്ടിയ സമയം അവൾക്കും ലോകത്തിലെ എല്ലാ ഭാര്യമാര്‍ക്കും ഒരു തട്ടു കൊടുത്തു കൊണ്ട്‌ പറഞ്ഞു.
അവള്‍ക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. സ്നേഹവും മനുഷ്യത്വവും ഒട്ടും ഇല്ലാത്ത ഒരു അളിയന്‍ ആണ് താനെന്ന്‌ അയാൾ തെളിയിച്ചുകൊ ണ്ടിരിക്കുകയാണ്. സ്വന്തം അനിയനെ ജീവനാണ്‌ അവള്‍ക്ക് . അമ്മ തനിയെ നോക്കുകയാണ് അവനെ. അതുകൊണ്ടാണ് അയാൾ വരില്ലെന്ന് പറഞ്ഞെങ്കിലും ആകെ കിട്ടിയ ഈ അവധി ദിവസം അയാള്‍ക്ക് കഴിക്കാൻ ഉള്ളതൊക്കെ ഉണ്ടാക്കി വച്ച് അവൾ മകനെയും കൂട്ടി വീട്ടില്‍ പോയി അവനെ കണ്ടത് .ഇത് മൂന്നാമത്തെ ഞായറാഴ്ചയാണ് അവൾ ഇങ്ങനെ രാവിലെ വീട്ടില്‍ പോയി അവനെ കണ്ടിട്ട് വരുന്നത്. "വരുന്ന വഴി മാഷിന്റെ അടുത്ത് ഒന്ന് കേറി അതാ താമസിച്ചത്.ഓ ഞാനിനി പഠിക്കാൻ വരുന്നില്ലെന്ന് പറഞ്ഞു. ജോലി, വീട് എല്ലാം കൂടി ശരിയാവുന്നില്ല"
അത്ര നേരം മേനകയെ നോക്കിയിരുന്ന അയാൾ അത് കേട്ടതും ടി വി യുടെ വോള്യം കുറച്ച് അവളോട് പറഞ്ഞു "അത് വേണ്ടിയിരുന്നില്ല... നീ ഒരുപാട്‌ ആഗ്രഹിച്ച് പോയതല്ലേ"
"ആഗ്രഹിച്ച് തന്നെ പോയതാ.. പക്ഷേ ശരിക്കൊന്ന് തേച്ചു കുളിക്കണം.. ഇപ്പോഴത്തെ ആഗ്രഹം അത് മാത്രമാ" അവളുടെ ക്ഷീണം കലര്‍ന്ന വാക്കുകള്‍....
"കഥകളിയോ വേറൊന്നും കണ്ടില്ലേ പഠിക്കാൻ" എന്ന് പലരും ചോദിച്ചപ്പോഴൊക്കെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടും വ്യക്തിത്വവുമുള്ള ഒരു പെണ്ണാണല്ലൊ തന്റെ ഭാര്യ എന്നോര്‍ത്ത് അയാൾ അഭിമാനിച്ചിരുന്നു.
അയാളുടെ തലയ്ക്ക് മുകളില്‍ക്കൂടി തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പറന്നുപോയി ഒരു മൂലയില്‍ വീണ ആ ഷിഫോൺ സാരിയില്‍ അവളുടെ വിഷമവും പ്രതിഷേധവും ഒരേപോലെ പ്രതിഫലിച്ചു.
ഓഫീസും വീടും കഴിഞ്ഞ്‌ സമയം കണ്ടെത്തി വലിയ ആഗ്രഹത്തോടെ പഠിച്ചിരുന്ന കഥകളി ഉപേക്ഷിച്ച് തേച്ചു കുളിക്കുക എന്ന ചെറിയ ആഗ്രഹത്തോടെ അവൾ ബാത് റൂമിൽ കയറിയപ്പോഴാണ് സ്വന്തം കാര്യങ്ങൾ നോക്കാന്‍ പോലും അവള്‍ക്ക് സമയം കിട്ടുന്നില്ല എന്ന് അയാള്‍ക്ക് ആദ്യമായി തോന്നിയത്‌.
വെള്ളിയാഴ്ച രാവിലെ സ്കൂൾ ബസ്സിന്റെ ഹോണടി കേട്ട് പിള്ളേര് ഓടി ചെന്നപ്പോൾ ഡ്രൈവർ അവളോട് പറയുന്നത് കേട്ടു . "എന്റെ ചേച്ചീ പിള്ളേരെ കൃത്യ സമയത്തിന് ഒരുക്കി നിർത്തണമെന്ന് എത്ര നാളായി ഞാൻ പറയുന്നു... ഈ വീട്ടു പടിക്കല്‍ കിടന്ന് കിടന്ന് എന്നും രാവിലെ സമയം പോവാ. കൊച്ചു കുഞ്ഞുങ്ങളെ കൊണ്ട്‌ പോന്ന വണ്ടിയാ ഇനി ഇത് പ്ലെയിന്‍ പറപ്പിക്കുന്ന സ്പീഡില്‍ ഓടിച്ചാല്‍ പോലും സമയത്തിന് ചെല്ലാന്‍ പറ്റത്തില്ല. ചേച്ചി എന്റെ പണി തെറിപ്പിക്കല്ലേ "
ജനലിലൂടെ സംസാരം കേട്ട് എത്തി നോക്കിയ താൻ വേഗം തല വലിച്ച് അകത്തിട്ട് ഒരു മര്യാദക്കാരനെപ്പോ ലെ അനങ്ങാതിരുന്നു. എത്ര ജോലികളാണ് അവൾ രാവിലെ ചെയതത്.. മോനെ കുളിപ്പിച്ച് ഒരുക്ക ണം, യൂണിഫോം അയണ്‍ ചെയ്യണം, ബ്രേക്ക് ഫാസ്റ്റ്, ടിഫിന്‍, ലഞ്ച് എല്ലാം ഉണ്ടാക്കി എല്ലാര്‍ക്കും ഉള്ളത്‌ പൊതിഞ്ഞു കൊടുത്തിട്ട് വേണം അവള്‍ക്ക് ഒരുങ്ങാന്‍....
അവളെ സഹായിക്കണം എന്ന് എന്നും ഓര്‍ക്കാറുണ്ട്... പക്ഷേ ഒന്നുകൂടി നന്നായി പുതച്ച് ചായ വരാൻ കാത്ത് കിടക്കുകയാണ് ചെയ്യുന്നത്.
കര്‍ട്ടന്‍ മാറ്റി ഒന്നൂടെ നോക്കി. സ്കൂൾ ബസ് പോയിക്കഴിഞ്ഞിരുന്നു. സമയത്തിന് മക്കളെ ഒരുക്കാന്‍ പറ്റാത്തതിന്റെ വിഷമം, ഭർത്താവ് എന്തെങ്കിലും പറയുമോ എന്നുള്ള ഭയം, ഡ്രൈവർ പറഞ്ഞതിലെ സത്യം മനസ്സിലാക്കിയപ്പോൾ ഉണ്ടായ ജാള്യത.... എല്ലാം അവളുടെ മുഖത്ത് പ്രകടമായിരുന്നു .. "നാളെ മുതൽ കുറച്ചൂടെ നേരത്തെ എഴുന്നേല്‍ക്കണം. രാവിലെ വല്ലവന്റെയും വായിലിരിക്കുന്നത് കേൾക്കാൻ വയ്യ.. ഇന്നത്തെ ദിവസം പോയി" ...തന്റെ മുന്നിലെ കാലിയായ ചായക്കപ്പ് എടുത്ത് കൊണ്ട്‌ അവൾ പറഞ്ഞു.
മൊബൈൽ റിങ് ചെയ്യുന്നത്‌ കേട്ടാണ് അയാൾ ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്. എഴുന്നേറ്റ് അതെടുത്ത് പതിയെ വരാന്തയിലേക്ക് ഇറങ്ങി... കൂടെ ജോലി ചെയ്യുന്ന ദാസ് ആണ്‌... പറഞ്ഞ്‌ പറഞ്ഞ്‌ ഓഫീസിലുള്ള മുഴുവന്‍ ആളുകളുടെയും (പ്രത്യേകിച്ച് ബോസ്സിന്റെ) കുറ്റം മതിയാവോളം പറഞ്ഞ്‌ സന്തോഷത്തോടെ അവസാനിപ്പിക്കുമ്പോള്‍ ആണ്‌ ചപ്പാത്തിയും ചിക്കൻ കറിയും കഴിക്കാൻ വിളിച്ചു കൊണ്ട്‌ അവൾ അയാളുടെ അടുത്തേക്ക് വന്നത്. തിരിച്ച് ഉള്ളിലേക്ക് കയറാൻ നോക്കുമ്പോഴാണ് തൊട്ട് അയല്‍ പക്കക്കാരുടെ വാതില്‍ക്കലേക്ക് അവൾ ശ്രദ്ധിക്കുന്നത്. "അയ്യോ അവരുടെ ചെടിച്ചട്ടിയും ഷൂ റാക്കു മൊക്കെ എവിടെ പോയി?" അവൾ അതിശയത്തോടെ ചോദിച്ചു. "നീയ റിഞ്ഞില്ലേ അവര് കല്‍ക്കട്ടയ്ക്ക് പോയി" "എപ്പോ?" അവള്‍ക്ക് അതിശയം മറച്ചു വയ്ക്കാന്‍ കഴിഞ്ഞില്ല "എപ്പോ പോയി എന്നറിയില്ല.. ഇന്ന്‌ രാവിലെ ഫേസ്ബുക്കില്‍ ഫോട്ടോ കണ്ടു. കല്‍ക്കട്ടയിലുള്ള അവരുടെ മകള്‍ പ്രസവിച്ചു.. എനിക്ക് വാട്സ് ആപ്പില്‍ മെസേജ് ഉണ്ടാരുന്നു മോൾക്ക് ഇന്നലെ ഒരു പെണ്‍കുട്ടി ഉണ്ടായെന്ന്." "എന്നിട്ട്‌ അവർ എന്നോട് പറഞ്ഞില്ലല്ലോ "... "നിന്റെ വാട്സ് ആപ്പിലും മെസേജ് വന്നിട്ടുണ്ടാകും .. ചെടിച്ചട്ടിയും ഷൂ റാക്കുമൊക്കെ അവരുടെ വീടിന്ന കത്തു തന്നെ കാണും" അയാൾ പറഞ്ഞു.
രണ്ട് ദിവസം മുന്നേ ചെടി നനച്ചു കൊണ്ടിരുന്ന ആ ചേച്ചിയോട് താൻ സംസാരിച്ചതാണ്‌. അവർ അവിടെ താമസം തുടങ്ങിയിട്ട് രണ്ടു വര്‍ഷമേ ആയുള്ളൂ എങ്കിലും കൽക്കട്ടയ്ക്ക് പോകുമ്പോൾ പറഞ്ഞിട്ട് പോകാനുള്ള സൗഹൃദമൊക്കെ ആയിട്ടുണ്ട്. അധികം സഹകരണമി ല്ലെങ്കിലും വല്യ കുഴപ്പമില്ലാത്ത ആള്‍ക്കാര്‍.. ആകെയൊരു വിരോധം അവിടുത്തെ പയ്യനോടാണ്‌.. വല്ലാതെ വളര്‍ത്തിയ താടിയും മുടിയും, തന്നെയും സ്നേഹ മോളെയും കാണുമ്പോൾ ഒരു വല്ലാത്ത നോട്ടവും ചിരിയും ... കൃത്യമായി പറയാന്‍ പണിയൊന്നുമില്ല... ഏതോ മ്യൂസിക് ബാന്‍ഡില്‍ ചേര്‍ന്ന് പാടുന്നുണ്ടെന്നാണ്‌ അവന്റെ അമ്മ പറഞ്ഞത്. അങ്ങനെ ആകെപ്പാടെ ഒരു പന്തികേട് തോന്നിയത്‌ കാരണം അവനോട് അത്ര അടുപ്പത്തിന് പോയില്ല... എങ്കിലും ആ ചേച്ചി ഒരു വാക്ക് പറയാതെ പോയല്ലോ.. തൊട്ടടുത്ത് ജീവിക്കുന്നവര്‍ നേരിട്ട് കാണുമ്പോൾ മിണ്ടാനും ചിരിക്കാനും നില്‍ക്കാതെ എവിടെയോ ദൂരെ പോയിട്ട് വാട്സ് ആപ്പിലും ഫേസ് ബുക്കിലും സംസാരിക്കുന്നു.. അയല്‍ പക്കം എന്ന ബന്ധത്തോട് അവള്‍ക്ക് ശരിക്കും വെറുപ്പ് തോന്നിപ്പോയി.
"സിദ്ദു ഉറങ്ങി.. സ്കൂളിൽ നിന്ന് എന്റെ ഫോണിലേക്ക് ഹെഡ്മിസ്ട്രസ് വിളിച്ചിരുന്നു.. വീണ്ടും എന്തോ പരാതി ആണ്.. ഒരു നാലാം ക്ലാസുകാരനെ പ്പറ്റി ഇത്രയധികം എന്ത് പറയാനാണ്..കഴിഞ്ഞ തവണ അവന്റെ ടിഫിന്‍ ബോക്സില്‍ പോഷകാഹാരം ഇല്ല എന്നാണ്‌ ക്ലാസ് ടീച്ചർ പറഞ്ഞത്" ചപ്പാത്തിയും കറിയും പാത്രത്തിലേക്ക് എടുത്തു കൊണ്ട്‌ അവൾ പറഞ്ഞു.
ക്ലാസില്‍ കൂട്ടുകാരനോട് തല്ലു കൂടിയ കഥ ഇന്നലെ അവന്‍ വന്ന് പറയുമ്പോൾ ഇന്നത്തേക്കുള്ള സാമ്പാര്‍ കഷണങ്ങൾ ഉറക്കം തൂങ്ങി ക്കൊണ്ട് മുറിക്കുകയായിരുന്നു താൻ.
"എല്‍വിന്‍ എന്നെ ഇടിച്ചു.
അവന്റെ ആര്‍ട്ട് ബുക്കിലെ പെന്‍ഗ്വിന്റെ ഫോട്ടോ
ഞാൻ കീറിക്കളഞ്ഞു" അവന്‍ പറഞ്ഞത് അവ്യക്തമായി താൻ കേട്ടിരുന്നു. ഈ സംഭവങ്ങളുടെ ബാക്കിയാവണം ഇന്നത്തെ സ്കൂളിൽ നിന്നുള്ള വിളി.. അവൾക്ക് കാര്യങ്ങൾ ഏകദേശം പിടികിട്ടി. അവന്‍ സ്വല്പം കുസൃതി യാണ്. പക്ഷേ അവനും കാണും അവന്റേതായ ന്യായങ്ങള്‍.. അത് കേൾക്കാൻ ഇവിടെ ആര്‍ക്ക് നേരം..
അമ്മ എന്ന ആൾ ഒരു കുഞ്ഞിന്‌ എങ്ങനെ ആവണം എന്ന് അവള്‍ക്ക് അറിയാം... പക്ഷേ പലപ്പോഴും അതിന്‌ കഴിയാതെ വരുന്നത് അവൾ തിരിച്ചറിയുന്നുണ്ട്.
ഇന്നലെ രാത്രിയില്‍ "പപ്പാ "എന്ന് വിളിച്ച് മോന്‍ തന്റെയടുത്തേക്ക് ഓടിവന്നത് അയാൾ ഓര്‍ത്തു. ഫോണിൽ ആരോടൊ സംസാരിച്ചു കൊണ്ടിരുന്നത് കൊണ്ട്‌ ഒന്ന് വെയിറ്റ് ചെയ്യാൻ അവനെ കൈ കാണിച്ചു. അവന്‍ തന്റെയരികില്‍ എന്തോ പറയാനായി കുറെ നേരം നിന്നതും പിന്നെ ടി വി യില്‍ കായംകുളം കൊച്ചുണ്ണി സിനിമ കണ്ടപ്പോ അങ്ങോട്ട് ഓടിപ്പോയതും അയാൾ ഓര്‍ത്തു.. എന്ത് കൊണ്ടാണ്‌ രാവിലെ എഴുന്നേറ്റപ്പോഴും തന്റെ കുഞ്ഞിനോട് സംസാരിക്കാൻ താൻ മറന്നു പോയത്... അച്ഛന്‍ എന്ന ആൾ ഇങ്ങനെയാണോ ആവേണ്ടത്.... അയാൾ സ്വയം ചിന്തിച്ചു...
രണ്ടുപേരും കഴിച്ചെന്നു വരുത്തുകയാ യിരുന്നു. എന്നാൽ അത് പരസ്പരം മനസ്സിലാകാതിരിക്കാൻ അവർ നന്നേ പ്രയാസപ്പെട്ടു.
സുജിത് ഭക്തന്റെ കാശ്മീര്‍ ട്രാവലോ ഗ് കണ്ട് ലാപ്ടോപ്പ് ഷട്ട് ഡൗണ്‍ ചെയത് അയാൾ ബെഡ്റൂമിലേക്ക് ചെന്നപ്പോഴേക്കും അവൾ തന്റെ ശരീരം ഇന്നിനി ഒന്നിനും കൊള്ളില്ല എന്ന് പറയാതെ പറഞ്ഞ്‌ പാതി മടക്കിയ തുണികള്‍ക്കിടയില്‍ ഉറക്കത്തിലേക്ക് പോയിരുന്നു.
അയാൾ ആ തുണികള്‍ എല്ലാം വാരി കട്ടിലില്‍ നിന്ന് മാറ്റിയിട്ടു. ഇത് തനിക്ക് മടക്കി വെക്കാമാരുന്നു... രാവിലെ കൂട്ടുകാർ വന്ന് ഒന്നിച്ചിരുന്ന്‌ മദ്യപിച്ച് സൊറ പറഞ്ഞ്‌ പോയതിന് ശേഷം അവളും മോനും തിരിച്ച് വരുന്നത് വരെ താൻ എന്ത് ചെയ്യുകയായിരുന്നു.... തനിക്ക് എന്തൊക്കെ ചെയ്യാമായിരുന്നു....
അയാൾ കുടിക്കാന്‍ കുറച്ച് വെളള മെടുക്കാൻ അടുക്കളയിലേക്ക് പോയി . ഫ്രിഡ്ജ് തുറന്ന് വെള്ളവും ആപ്പിളും എടുക്കുമ്പോള്‍ ആണ് അത് ശ്രദ്ധിച്ചത്. അവള്‍ക്ക് ബ്ലഡ് കുറവാണ്‌, അനീമിയ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിട്ട് അവള്‍ക്ക് വേണ്ടി വാങ്ങി വച്ച ഫ്രൂട്ട്സ് എല്ലാം അതേപടി ഫ്രിഡ്ജില്‍ തന്നെയിരിക്കുന്നു. കഴിക്കാനായി എടുത്ത ആപ്പിൾ അയാൾ തിരികെ വച്ചു..
വെള്ളവുമായി തിരികെ നടക്കുമ്പോൾ ഹാളിലെ ഭിത്തിയില്‍ ഷോ കേസിനോട് ചേര്‍ന്ന് ഒരു ചെറിയ ഡ്രോയിങ് കണ്ണിലുടക്കി. വെറുതെ നോക്കുമ്പോള്‍ പല നിലങ്ങളിലുള്ള മീനുകള്‍... ജീവൻ തുടിക്കുന്ന പോലെ... അക്വേറിയം... അയാൾ ഒരു നിമിഷം ഒന്ന് പകച്ചു പോയി... ഒരു അക്വേറിയം വീട്ടില്‍ സെറ്റ് ചെയത് കൊടുക്കാൻ പറഞ്ഞ്‌ മോൾ തന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി... താൻ അതൊന്നും അത്ര സീരിയസായി കണ്ടിരുന്നില്ല. അതെപ്പറ്റി ഓര്‍ക്കാറു പോലുമില്ല. "ഇനി ഞാൻ പപ്പായോട് ഇതേപ്പറ്റി പറയുകയേയില്ല" അതാണ്‌ സ്വപ്നത്തിലെ അക്വേറിയത്തെപ്പറ്റി തന്നോട് അവളുടെ അവസാനത്തെ വാക്കുകൾ. ഒരു പന്ത്രണ്ടുകാരിയുടെ
മനസ്സ്.... സ്വന്തം രക്തത്തില്‍ ഉണ്ടായ കുഞ്ഞിന്റെ മനസ്സ് തിരിച്ചറിയാൻ ഈ കടലാസ് കഷണം വേണ്ടി വന്നല്ലോ എന്നോര്‍ത്ത് അയാള്‍ക്ക് സ്വയം പുച്ഛം തോന്നി. നന്നായി പാടുകയും സംസാരിക്കുകയും ചെയ്തിരുന്ന കുട്ടി വളരെ പെട്ടെന്ന് മൗനിയായി മാറി ചിത്രരചനയിലേക്ക് മാത്രമായി ഒതുങ്ങി പോയതിന്റെ കാരണങ്ങൾ അയാൾ തന്നില്‍ നിന്ന് തന്നെ കണ്ടെടുത്തു.
സ്കൂളിൽ നിന്ന് ടൂര്‍ പോയ മകള്‍ നാളെ വൈകുന്നേരം ആറു മണിക്ക് സ്കൂളിൽ തിരിച്ചെത്തുമെന്ന് പറഞ്ഞ്‌ ടീച്ചർ വിളിച്ചിരുന്നു... അത് അവളോട് പറയാന്‍ മറന്നുപോയി. അവൾ അതേപ്പറ്റി ഒന്നും ചോദിച്ചുമില്ല. ടീച്ചർ അവളെയും വിളിച്ചു കാണും.. വിവരം അറിഞ്ഞിട്ടുണ്ട്.. അല്ലെങ്കില്‍ അവൾ തന്നോട് ചോദിച്ചേനെ.. അയാൾ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. പക്ഷേ ഇത്ര നേരമായിട്ടും മകളെപ്പറ്റി തങ്ങൾ രണ്ട് പേരും ഒന്നും സംസാരിച്ചില്ലല്ലോ എന്നോര്‍ത്ത് അയാളുടെ മനസ്സൊന്നു പിടഞ്ഞു..എല്ലാം ഉണ്ടായിട്ടും
എവിടെയോ ജീവിതം കൈ വിട്ട് പോ കുന്ന പോലെ...
തളര്‍ന്നുറങ്ങുന്ന അവളില്‍ ചുറുചുറുക്കും പ്രസരിപ്പും കുസൃതി യും ഒക്കെ ഉണ്ടായിരുന്ന ഒരു ഭാര്യയെ യോ, അമ്മയെയോ, കഥകളി നര്‍ത്തകിയെയോ കാണാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല..." ഞാൻ സുപ്രിയാ ഹരീഷ് ആണ്‌. ഒന്ന് പറഞ്ഞാൽ അത് നടത്തിയിരിക്കും" എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞുകൊണ്ട് ജീവിച്ചവൾ..വളരുന്ന പ്രായത്തില്‍ മക്കള്‍ക്ക് ഏറ്റവും വേണ്ടത് അച്ഛനമ്മമാരുടെ സാമീപ്യവും സ്നേഹവും കരുതലുമാണെന്ന് പലപ്പോഴും പറയുന്നവള്‍... . അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടിട്ടാവണം ഭര്‍ത്താവിനോടു പോലും ആലോചിക്കാതെ കുടുംബത്തിന് വേണ്ടി സ്വന്തം ഇഷ്ടങ്ങളൊക്കെ വലിച്ചെറിയുന്നത്.
മക്കൾ തങ്ങളില്‍ നിന്ന് അകലാന്‍ തുടങ്ങിയിരിക്കുന്നു എന്ന സത്യം തനിക്ക് മുന്നേ അവൾ മനസ്സിലാക്കി യിരിക്കുന്നു...
അപ്പോഴും ഒരു ചെറിയ പ്രതീക്ഷയില്‍ അയാൾ ആലോചിച്ചു.. സമയം വൈകിയിട്ടില്ല .ഒന്ന് ശ്രമിച്ചാല്‍ പരിഹാരം കാണാവുന്ന പ്രശ്നങ്ങൾ മാത്രമേയുള്ളു... എല്ലാം ശരിയാവും എന്ന് അയാള്‍ സ്വയം പല പ്രാവശ്യം പറഞ്ഞു...മേനക പുരുഷോത്തമന്റെ ഉപദേശം ഓര്‍ത്തെടുക്കാന്‍ അയാൾ ശ്രമിച്ചു. "കുടുംബം എന്നാൽ കൂടുമ്പോള്‍ ഇമ്പമുള്ളതാണ്‌. അവരെ കണ്ടു പഠിക്ക്, ഇവരെ കണ്ടു പഠിക്ക് എന്ന് കുട്ടികളോട് പറയുന്നതിനു പകരം അച്ഛനെ കണ്ടു പഠിക്ക് എന്ന് അമ്മയ്ക്ക് ആണ്‍മക്കളോടും, അമ്മയെ കണ്ടു പഠിക്ക് എന്ന് അച്ഛന്‌ പെണ്‍ മക്കളോടും പറയാന്‍ പറ്റുന്ന ഒരു ഇടമാവണം കുടുംബം... കുടുംബത്തിൽ ഏറ്റവും വേണ്ടത് സമാധാനവും സന്തോഷവും ആണ്‌."
അര്‍ത്ഥവത്തായ ആ വരികള്‍ നിശ്ശബ്ദമായി ഉരുവിട്ടു കൊണ്ട്‌ അയാൾ ഓര്‍ത്തു....
അതെ അവരാണ് ശരി..
അയാൾ അങ്ങനെ
തന്റെ ഫോണിൽ ആദ്യമായി ഒരു അലാറം കാലത്ത് ഏഴുന്നേല്‍ക്കാ നായി സെറ്റ് ചെയ്തു വച്ചു. എന്നിട്ട് അവളെ പതുക്കെ കുലുക്കി വിളിച്ചു. "പ്രിയാ"
"ഉും"
"പ്രിയാ"
"എന്താ ഹരീ.?"ഉറക്കച്ചടവോടെ അവൾ ചോദിച്ചു.
"നിനക്ക് ഞാനുണ്ട്"....അവളുടെ കാ തിലേക്ക് ചുണ്ടുകള്‍ ചേർത്ത് അയാൾ പറഞ്ഞു.
അവൾ അത് കേട്ടോ എന്നറിയില്ല.
അരങ്ങേറ്റം നടത്തുന്ന സുപ്രിയാ ഹരീഷ് എന്ന കഥകളി നര്‍ത്തകി യുടെ മുഖത്തെ ശൃംഗാര രസമാ യിരുന്നു അപ്പോൾ അയാളുടെ മനസ്സ് നിറയെ... ❤️
ശശികല ⏰💒💗
1st Nov'2019

സയനൈഡ്

Image may contain: 1 person
സമയം ഉച്ചയ്ക്ക് ഒന്നര മണി.
"ഊണ് റെഡി.... എന്റെ കറികള്‍ ഒന്നിനും കൊള്ളാത്തതാണെന്ന് പറയാത്ത ആരെങ്കിലും ഇവിടെയുണ്ടെങ്കിൽ അവര്‍ക്ക് കഴിക്കാം" ചോറും കറികളും ടേബിളില്‍ കൊണ്ടു വച്ചിട്ട് അവൾ പറഞ്ഞു.
ധൃതിപിടിച്ച് ഹാളില്‍ മകള്‍ നിരത്തിയിട്ട പാഠപുസ്തകങ്ങള്‍ അടുക്കി വച്ച്, മകന്‍ ഊരിയെറിഞ്ഞ സോക്‌സും ടി ഷർട്ടും എടുത്ത്, ബാക്കി തുണികളുമായി അവൾ നടന്ന്‌ നീങ്ങി.
"തന്തയെപ്പോലെ തന്നെ അടുക്കും ചിട്ടയും ഇല്ലാത്ത രണ്ട് മക്കള്‍"അവൾ പറഞ്ഞത് ശരി വച്ചത് പോലെ വാഷിംഗ് മെഷീന്‍ ശബ്ദിച്ചു തുടങ്ങി ..
ശീമച്ചക്കക്കറി തേങ്ങാക്കൊത്ത് ചേർത്ത് കടുക് വറുത്തത്.... ഞായറാഴ്ച ആയതിനാല്‍ അവൾ എന്റെ ഇഷ്ട വിഭവം ഉണ്ടാക്കിയതാണ്.. കൂടെ കോവക്ക മെഴുക്ക് പുരട്ടിയതും മോരും....ദഹന വ്യവസ്ഥയെ ഒന്നടങ്കം ത്രസിപ്പിക്കുന്ന വാസന....
പള്ളിയില്‍ പോയി കുറെ നേരം നിന്ന് കാൽ കടച്ചിലായി... കുറച്ച് നേരം സെ റ്റിയില്‍ ദുല്‍ഖര്‍ സല്‍മാന്റെ സിനിമ കണ്ടുകൊണ്ട് കിടന്നപ്പൊ ഓര്‍ത്തു ഇവള്‍ക്ക് കാൽ കടച്ചിലും ക്ഷീണവും ഒന്നുമില്ലേ!!!
"മോനെ ലഞ്ച് ആയി. കഴിക്കാൻ വാ"
അവൾ സ്റ്റെയര്‍ കേസിന് താഴെ ചെന്നു നിന്ന് മുകളിലേക്ക് നോക്കി എട്ടാം ക്ലാസ്സ് കാരന്‍ മകനെ വിളിച്ചു...
വെളുപ്പിന് എഴുന്നേറ്റ് ഉണ്ടാക്കിയ അപ്പവും കടലക്കറിയും ബാക്കി വന്നത് ടേബിളില്‍ നിന്ന് എടുത്ത് മാറ്റുമ്പോള്‍ അവൾ എന്നെ ഒന്ന് സൂക്ഷിച്ച്‌ നോക്കി.
കടലക്കറി നന്നായിരുന്നു. രാവിലെ അതങ്ങനെ ആസ്വദിച്ച്‌ കഴിക്കുമ്പോളായിരുന്നു തിടുക്കത്തി ല്‍ പള്ളിയില്‍ പോകാൻ ഒരുങ്ങി ക്കൊണ്ട് അവളുടെ ആ വർത്തമാനം
"ഇരിക്കുന്നിടത്ത് നിന്ന്‌ അനങ്ങരുത്.
കിടന്ന കട്ടിലിന്റെ ഒരു കോലം കണ്ടോ ഈ ബെഡ് ഷീറ്റ് ഒന്ന് വിരിച്ചിട്ടാല്‍ എന്ത് വരും? എന്തെങ്കിലും പറഞ്ഞാ ബുര്‍ജ് ഖലീഫ വിഴുങ്ങിയ പോലെ ഇങ്ങനെ ഇരുന്നേച്ചാ മതി.. ഡിഗ്രീക്ക് പഠിക്കുന്ന പെണ്ണിനെ രാവിലെ കൂട്ടുകാരുടെ വീട് നിരങ്ങാന്‍ കൊണ്ടു വിട്ടു. ഗ്രേസി ഇന്ന്‌ വരത്തില്ലാന്ന് അറിയാമല്ലോ... "
ഞാൻ ബെഡ് ഷീറ്റ് വിരിക്കാനോ.? ധനികനായ, പ്രമാണിയായ ഒരു അപ്പന്റെ മോനാണ്‌..മകളെ കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഞാനാണ് കൊണ്ടു വിട്ടത്. അത് ഒരു അപ്പന്റെ കടമ. അത് ഞാൻ ചെയതതാണ്‌. പക്ഷേ വേലക്കാരി വരാത്തത് എന്റെ കുറ്റമല്ല. അവളുടെ അമ്മാവന്റെ മകനോട് ഇന്ന്‌ കല്യാണം കഴിക്കാൻ പറഞ്ഞത് ഞാനല്ല. ഗ്രേസി വന്നില്ലെങ്കില്‍ ഇവള്‍ വിരിക്കും. ഇവള്‍ക്ക് വയ്യെങ്കിൽ ധനികനായ എന്റെ ബെഡ് ഷീറ്റ് വിരിക്കാന്‍ നൂറു പേർ വരും.. ആ അഹങ്കാരത്തോടെ ഞാൻ വിളിച്ചു പറഞ്ഞു "നിനക്ക് എന്താ പണി? ഇതേപോലെ ഒന്നിനും കൊള്ളാത്ത കുറെ കറികള്‍ ഉണ്ടാക്കുന്നതല്ലേ?"
പെട്ടെന്നാണ് ഞാൻ ഓര്‍ത്തത്... രാവിലെ ഞാൻ പറഞ്ഞ അതേ വാചകങ്ങള്‍ അല്ലേ അവൾ ഇപ്പൊ പറഞ്ഞത്? അതെ അത് തന്നെ... ഓര്‍ത്തു വച്ച് അതേ വാചകങ്ങള്‍ അവൾ പറഞ്ഞിരിക്കുന്നു!!!!.
വിശപ്പ് ഒരു വശത്ത് അഭിമാനം മറു വശത്ത്.... ചെറുക്കനെ വിളിക്കേണ്ട താമസം.. അവന്‍ ഇറങ്ങി വന്ന് കൈ കഴുകി ഇരുന്നു... "ആഹ്.. ഇന്ന്‌ മമ്മി ടെ സ്പെഷ്യലാ പപ്പാ എഴുന്നേറ്റ് വാ"
അവന്‍ മൂടി തുറന്ന്‌ കറികള്‍ മണത്തു കൊണ്ട്‌ പറഞ്ഞു.
പതുക്കെ എഴുന്നേറ്റ് കൈ കഴുകു മ്പോള്‍ വീണ്ടും ഒരു സംശയം... അവൾ ആഹാരം കഴിക്കാൻ ഭർത്താവിനെ വിളിച്ച രീതി ശരിയായോ... ഏയ്... അതൊന്നും കുഴപ്പമില്ല .. അവൾ ഒരു പാവമാണ്...
കസേര വലിച്ച് ഇരിക്കുമ്പോള്‍ ഞാൻ ഓര്‍ത്തു ഇങ്ങനെ എത്രയോ തവണ നാണം കെട്ട് കഴിച്ചിട്ടുണ്ട്.. എനിക്കി പ്പോ അതൊന്നും ഒരു പ്രശ്നമേയ ല്ല.... കാരണം എനിക്കറിയാം ഇതിലൊന്നും അവൾ ഒരു തെറ്റു കാരിയല്ലെന്ന്... ഒക്കെ അവളുടെ അടുത്ത് നിന്ന് ഞാൻ ചോദിച്ച് മേടിക്കുന്നത്.. അവൾ എന്റെ പാവം ഭാര്യയാണ്... ഈഗോയ്ക്ക് ഇവിടെ സ്ഥാനമില്ല.. ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചത് പോലെ തന്നെ ഇതും ആസ്വദിച്ചു കഴിക്കാൻ തുടങ്ങി.
"എന്തെങ്കിലും വേണമെങ്കിൽ വിളിക്കണം. ഞാൻ അപ്പനു കഞ്ഞി കൊടുക്കാന്‍ പോവാ" മകന്‍ കാണാതെ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട്‌ അവൾ പോയി.
"നീ കഴിക്കുന്നില്ലേ"
"ഇല്ല.. നിങ്ങളൊക്കെ കഴിക്ക്.. ഞാൻ പിന്നെ"
അവൾ ഇടയ്ക്കിടെ പറയാറുണ്ട്.
"എബി ഇങ്ങനെ ഒരു പാവത്താനാവരുത്.. അളിയന്‍ ചോദിക്കുമ്പോ എപ്പൊഴും കാഷ് എടുത്ത് കൊടുക്കരുത്.. ചേച്ചി അറിയാതെ വന്ന് ചോദിക്കുന്ന തായിരിക്കും.."
ചേച്ചിക്ക് ഉള്ളത് പണ്ടേ അപ്പൻ കൊടുത്തതാ. അവൾ പറഞ്ഞത് സത്യമാണ്. എങ്കിലും അളിയന്‍ ഒരു ദു രാഗ്രഹി.
ചിലര്‍ അങ്ങനെയാണ്‌ എല്ലാം ഉണ്ടെങ്കിലും ഭാര്യയുടെ വീട്ടില്‍ നിന്ന് എപ്പോഴും എന്തെങ്കിലുമൊക്കെ വാങ്ങി കൊണ്ടിരിക്കണം.. ഒന്‍പത് വയസ്സിന് മൂത്ത ചേച്ചി, അമ്മ മരിച്ചതിനു ശേഷം എനിക്ക് അമ്മയായവള്‍... എല്ലാം അവള്‍ക്ക് അറിയാം..അവൾ പറയാറുണ്ട്..
"നിങ്ങളെ കൊഞ്ചിച്ച്, ഓമനിച്ച് വളര്‍ത്തിയതാ അവര്‍ക്ക് കൊടുക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ബാങ്കില്‍ സൂക്ഷി ക്ക്.. ചേച്ചിക്ക് ആവശ്യമുള്ളപ്പോള്‍ കൊടുക്കാം" (പലപ്പോഴും മടി പിടിച്ചിരിക്കുന്ന എന്നോട് ദേഷ്യപ്പെടു മ്പോള്‍ അവൾ "നിങ്ങളെ വളർത്തി വഷളാക്കിയ ആ തള്ളെ ഈ വീട്ടില്‍ ഞാനിനി കേറ്റത്തില്ല "എന്ന് പറയുന്നത് അവളുടെ വെറും അഭിനയം മാത്രമാണെന്ന്‌ ഞാൻ വൈകിയാണ് മനസ്സിലാക്കിയത്.)
അപ്പനെ നോക്കാന്‍ ആളെ വയ്ക്കാന്‍ സമ്മതിക്കില്ല അവൾ.. "നമ്മളെക്കൊണ്ട് കഴിയുന്ന പോലെ നോക്കണം.." അതാണ്‌ അവൾ പറയുന്നത്. കാരണമുണ്ട്.. അമ്മയി ല്ലാത്ത ഒരു വീട്ടിലേക്ക് കയറി വന്നതിന്റെ ബുദ്ധിമുട്ട് അറിയിക്കാതെ യാണ് അച്ഛൻ അവളെയും ഞങ്ങളുടെ മക്കളെയും നോക്കിയത്..
"പണവും സമ്പത്തും സർക്കാർ ജോലിയുമുള്ള നിനക്ക് എന്തിനാ പണം? പഠിച്ച ഒരു പെണ്ണ് മതി" അപ്പൻ ആലോചിച്ച് നടത്തിയ കല്യാണം... "ഒരുപാട്‌ ബുദ്ധിമുട്ടിയാ ബി. എസ്. സി നഴ്സിങ്ങിന് പഠിക്കാന്‍ വിട്ടത്.. അവളുടെ ജോലികളയിപ്പിക്കരുത്" അവളുടെ അപ്പന്റെ ഈ ആവശ്യം ന്യായമാണെന്നു എന്നോട് വാദിച്ച് ജയിച്ച എന്റെ അപ്പൻ അവള്‍ക്ക് ജോലിക്ക് പോകാൻ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.
"അവള്‍ അധ്വാനിച്ച് കിട്ടുന്നതില്‍ നിന്ന് എന്തെങ്കിലും അവടെ അപ്പനു കൊടുക്കുമ്പോള്‍ അവൾക്കുണ്ടാകുന്ന സന്തോഷം നമ്മ ളായിട്ട് ഇല്ലാതാക്കരുത് "അപ്പൻ അവൾ കേള്‍ക്കാതെ എന്നോട് പറയാറുണ്ട്.
അങ്ങനെ നന്മയുള്ള ഒരു അപ്പന് ഇങ്ങനെ ദൈവം ഇത്രയും നല്ല ഒരു മരുമകളെ കൊടുക്കാതിരിക്കും... അപ്പന്റെ പുണ്യമാണ്‌ എന്റെ ഭാര്യ... ഏഞ്ചല്‍.. പേര് പോലെ തന്നെ ഒരു മാലാഖ...
"പപ്പാ ഈ കറിക്ക് ഇത്തിരി ഉപ്പ് കൂടുതലാണോ" നിവിന്റെ ചോദ്യം എനിക്ക് ബോധിച്ചില്ല "കുറ്റം കണ്ടുപിടിക്കാന്‍ നോക്കാതെ കഴിച്ചെങ്കില്‍ എണീറ്റു പോടാ" അവള്‍ക്ക് ഒരു സന്തോഷമാകാന്‍ വേണ്ടി ഞാൻ ഉറക്കെ പറഞ്ഞു.
കൈ കഴുകി തുടയ്ക്കുമ്പോള്‍ അപ്പന്റെ മുറിയിലേക്ക് ഒന്ന് എത്തി നോക്കി.
"മതി മക്കളെ എനിക്ക്... കുടിക്കാന്‍ വയ്യ" നീവിന്‍ ചെന്ന് അപ്പനെ പിടിച്ച് നന്നായി ഇരുത്തി.
"കുറച്ച്‌ കൂടി കുടിക്കണം" നിര്‍ബന്ധിച്ചു കഞ്ഞി കുടിപ്പിക്കുന്നു അവൾ... അവള്‍ക്ക് മാത്രമല്ല എന്റെ രണ്ട് മക്കള്‍ക്കും അവരുടെ അപ്പാപ്പനെ ജീവനാണ്.
കല്യാണത്ത ലേന്ന് എനിക്ക് മനസ്സിലാകാനായി അപ്പൻ ഒരു ലോക സത്യം പറഞ്ഞു തന്നു. "മോനെ നമ്മടെ വീട്ടില്‍ വരുന്ന പെണ്ണിനെ നമ്മൾ ആദ്യം മനസ്സറിഞ്ഞ് അങ്ങോട്ട് സ്നേഹിക്കണം. അപ്പൊ നമുക്ക് അവൾ അതിന്റെ ഇരട്ടിയായി ആ സ്നേഹം തിരിച്ചു തരും.. അല്ലാതെ അവൾ വന്നിട്ട് നമ്മളെ സ്നേഹിക്കുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കി അവൾ ഇങ്ങോട്ട് സ്നേഹിച്ച് തുടങ്ങിയിട്ട് അവളെ സ്നേഹിക്കാന്‍ കാത്തിരിക്കരുത് "
പകല്‍ മുഴുവന്‍ സമയവും ജോലിക്കാരി ഉണ്ടെങ്കിലും ഉച്ച ഭക്ഷണത്തിന് സമയമാകുമ്പോള്‍ അവൾ അപ്പന്റെ അടുത്തേക്ക് ഓടി വരും അപ്പന് കഞ്ഞിയും മരുന്നും കൊടുക്കാൻ. കിട്ടിയ സ്നേഹം പതിന്മടങ്ങായി തിരിച്ചു കൊടുക്കാന്‍..
ടിവി യില്‍ ദുല്‍ഖര്‍ സല്‍മാന്‍ മാറി മിയ വന്നിരിക്കുന്നു... ഈ പെണ്ണ് കൊള്ളാം മനസ്സിൽ ഓര്‍ത്തു.. വീണ്ടും സെറ്റിയിലേക്ക് ചായുമ്പോൾ ടേബിള്‍ വൃത്തിയാക്കാന്‍ അവൾ എത്തി.. പാത്രങ്ങളെടുക്കുമ്പോൾ അവൾ ടിവി യിലേക്ക് നോക്കി. അവിടെ മിയയെ കണ്ടതിന്റെ കുശുമ്പും ദേഷ്യവും, ദഹിപ്പിക്കുന്ന നോട്ടമായി രൂപാന്തരപ്പെട്ടു വരുന്നതിന് മുന്നെ ചാനൽ മാറ്റി ഞാന്‍ രക്ഷപ്പെട്ടു. മാറി മാറി വച്ച ചാനലുകളിലെല്ലാം ഒരേ വാര്‍ത്ത... കൂടത്തായി കൊലപാതകം...ജോളി...
"ഹോ ഏത് ചാനൽ വച്ചാലും ഇത് തന്നെ" എനിക്ക് ദേഷ്യം വന്നു.
"ഇതുപോലെ ഈ വീട്ടിലും കുറെ യെണ്ണത്തിനെ ഞാൻ തട്ടും.. ഉറപ്പാ"
ഇത്രയും പറഞ്ഞ്‌ പാത്രങ്ങളുമായി അവൾ അകത്തേക്ക് പോയി.
"ഉം നീ ഞൊട്ടും" മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഞാൻ നീണ്ടു നിവര്‍ന്ന് കിടന്നു. വീണ്ടും മിയ യിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് തലേ ദിവസം കൂടത്തായി കൊലപാതകത്തെപ്പറ്റി ഓഫീസിലു ണ്ടായ സംസാരത്തെപ്പറ്റി ഓര്‍ത്തത് .
"ഹൊ എന്നാലും അളിയാ ആ പെണ്ണുമ്പിള്ള കണ്ണില്‍ ചോരയില്ലാത്ത സാധനമാണല്ലൊ "വേണു പറഞ്ഞതിനെ ഇമ്മാനുവേല്‍ ശരിവച്ചു." അവൾ ഇത്രയും കാലം ഇതൊക്കെ എങ്ങനെ രഹസ്യമാക്കി വച്ചു? സമ്മതിക്കണം"
"അതാണ്‌ പെണ്ണിന്റെ കഴിവ്" എന്റെ സംശയത്തിന്‌ അപ്രതീക്ഷിതമായി ഉത്തരം തന്നത് പ്രമീളയാണ്. "ഞങ്ങൾ ഒന്ന് വിചാരിച്ചാല്‍ അത് നടത്തിയിരിക്കും" പ്രമീളയെ സപ്പോര്‍ട്ട് ചെയ്തത് ആനി. "കുലീനകള്‍ എന്ന് തോന്നിപ്പിക്കുന്ന പെണ്ണുങ്ങള്‍ കുടുംബത്തിൽ സ്നേഹം അഭിനയിച്ച് ഇങ്ങനെയൊക്കെ ചെയ്യാമോ " വീണ്ടും ഞാൻ സംശയിച്ചു. "പിന്നേ സ്വത്ത് മോഹം വന്നാൽ മനുഷ്യന്‍ എന്തും ചെയ്യും. "വന്നുവന്ന് സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ വിശ്വസിക്കാൻ പറ്റാതായല്ലോ കര്‍ത്താവേ" അത്രയും നേരം എല്ലാം കേട്ട് ഫ്രീസായി നിന്ന ജോസേട്ടന്‍ നെടുവീര്‍പ്പിട്ടുകൊണ്ട്‌ പറഞ്ഞു.
സ്നേഹത്തോടെ ഭക്ഷണമുണ്ടാക്കി കുടുംബത്തെ കഴിപ്പിക്കുന്ന സ്ത്രീകള്‍ക്ക് ഇതിനൊക്കെ കഴിയുമോ.. പെട്ടെന്നാണ് മനസ്സിലൊരു വെള്ളിടി വീണത്... ഇപ്പൊ അവൾ എന്തോ പറഞ്ഞല്ലോ.. എന്തായിരുന്നു അത്...ഓര്‍ത്തെടുത്തു. ഹോ.. അത് തന്നെ.. എല്ലാരേം ഇതേ മോഡലിൽ തട്ടിക്കളയുമെന്ന്.
ഒരു നിമിഷം... എന്റെ നാഡീ ഞരമ്പു കൾക്കിടയിലൂടെ എന്തോ ഒന്ന് അതിവേഗത്തില്‍ പാഞ്ഞുപോയി.
അടിവയറ്റില്‍ എന്തോ ഒരു താളം തെറ്റല്‍ പോലെ.. ഒരു ഓക്കാനം, വല്ലായ്മ.. കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ.. "നിവിന്‍.... മോനെ" എന്റെ വിളി ഉച്ചത്തിലായി.. ഞാൻ ഇപ്പൊ കരയും. മോന്‍ ഓടി വന്നു.. "എന്താ പപ്പാ?"
"എടാ എനിക്കെന്തോ വല്ലാതെ വരുന്നു.. നിനക്കോ?"
"എനിക്ക് കുഴപ്പമൊന്നുമില്ല" അവന്‍ പറഞ്ഞു..
"എടാ അവള് പറ്റിച്ചെടാ.. എനിക്ക് വയ്യ.. അപ്പാപ്പന്‍ എന്തിയെ" അവന്‍ എടുത്ത് തന്ന വെള്ളം കുടിച്ചു കൊണ്ട് ഞാൻ ചോദിച്ചു. "എന്തൊക്കെയാ പപ്പ വിളിച്ചു പറയുന്നെ?അപ്പാപ്പന്‍ ഉറങ്ങി "അവന്‍ പറഞ്ഞു. അപ്പൻ ഉണ്ട് കഴിഞ്ഞ് ഉറങ്ങാനുള്ള സമയം ആയില്ലല്ലോ.. ഞാൻ ഓര്‍ത്തു.. "അയ്യോ അപ്പാപ്പൻ ഉറങ്ങുകല്ല, നീ ഒന്നൂടെ നോക്കിക്കേ "
എന്റെ വയറിലെ കൊളുത്തി വലിക്ക ല്‍ കൂടിക്കൂടി വന്നു.. നെഞ്ച് പിടിയ്ക്കുന്നു... വല്ലാത്ത ഒരു എരിച്ചി ല്‍... തികട്ടി വരുന്നു... ഉറപ്പായും അവൾ ഈ ഭക്ഷണത്തില്‍ എന്തോ കലര്‍ത്തി.. ഇടയ്ക് ചുമ്മാ ഒരു കിന്നാരം പറയാന്‍ അടുക്കളയില്‍ ചെന്നപ്പോൾ അവൾ എന്തോ കലക്കി കറിയിലേക്ക് ഒഴിക്കുന്നു...എന്റെ കണ്ണിന് കണ്ടതാണ്... ദ്രോഹി അത് സയനൈഡ് തന്നെ ആയിരുന്നു അല്ലേ...
"അയ്യൊ... ഞാനിപ്പം മരിക്കുമേ" "എന്താ അപ്പാ…?" മോന്റെ ചോദ്യം എനിക്ക് അവ്യക്തമായിരുന്നു. ഭാഗ്യം... ഇതുവരെ അവന് കുഴപ്പമൊന്നുമില്ല. ആദ്യത്തെ ഇര ഞാൻ മാത്രമായിരിക്കും.. അവന്റെ ചുമലില്‍ പിടിച്ച് എങ്ങനെയോ എഴുന്നേറ്റ് അപ്പാപ്പന്റെ മുറിയിലേക്ക് നടക്കുമ്പോൾ എന്റെ ജീവിതഡയറി യുടെ താളുകള്‍ തിരിച്ചും മറിച്ചും ഞാൻ നോക്കുകയായിരുന്നു.
"എബി ഒരു മണ്ടനാണ്" എന്ന് അവൾ തമാശ പറയുന്നതാണെന്ന് ഞാൻ ഇത്ര നാൾ വിചാരിച്ചു.. അളിയന് കാശ് കൊടുക്കാൻ സമ്മതിക്കാത്ത ത്, അപ്പനെ നോക്കാന്‍ ആളെ വയ്ക്കാന്‍ സമ്മതിക്കാത്തത്, ഇടയ്ക്കിടെ ബാങ്ക് ബാലന്‍സ് ഒക്കെ കൃത്യമായി നോക്കി എല്ലാ രേഖകളും സൂക്ഷിച്ച്‌ വയ്ക്കുന്നത്, എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാൽ അതിജീവിക്കാനുള്ള കഴിവ് നേടണ മെന്ന് മോനെ ഉപദേശിക്കുന്നത്.. "ഇത്രയും സ്വത്തിന്റെ അവകാശിയല്ലേ അപ്പന്റെ മോള്.. അപ്പൻ ഭാഗ്യവാനല്ലേ" എന്ന് അവടെ അപ്പനോട് ഒരിക്കല്‍ അവൾ ഫോണിൽ ചോദിച്ചത്‌ ,നീ കഴിക്കുന്നി ല്ലേ എന്ന് ചോദിച്ചപ്പോള്‍ ഇപ്പൊ കഴിക്കുന്നില്ല എന്ന് പറഞ്ഞ്‌ ഒരു ചിരി ചിരിച്ചത്... വഞ്ചകി .. അത് നിന്റെ കൊലച്ചിരി ആയിരുന്നു അല്ലേ... ഇത്രയും നാള്‍ ഞാൻ ഈ പിശാചിന്റെ കൂടെയാണല്ലോ കര്‍ത്താവേ ജീവിച്ചത്!!!! മുന്നിലുള്ളതൊന്നും കാണാന്‍ പറ്റുന്നില്ല.. ഒന്നൂടെ മോനെ നോക്കി.. ഒന്നും മനസ്സിലാകാതെ അവന്‍... പാവം കുഞ്ഞ്... പപ്പയ്ക്ക് നിന്നെ കണ്ടു കൊതി തീര്‍ന്നില്ലെടാ... മനസ്സ് അവനോട് മന്ത്രിച്ചു. മകളെ അവസാനമായി ഒന്ന് കാണാന്‍ ആഗ്രഹിച്ചു.
അപ്പൻ തല വഴി പുതപ്പ് മൂടിക്കിടക്കുന്നു... "അപ്പാപ്പന്‍ പോയെടാ" ഞാൻ കരഞ്ഞു കൊണ്ട്‌ പുതപ്പ് മാറ്റി.. "എന്തോന്നാ ഒന്ന് കിടന്ന് ഉറങ്ങാനും സമ്മതിക്കത്തില്ലേ?" അപ്പൻ ചൂടായി.. അല്ലെങ്കിലും ഉറക്കത്തിൽ ശല്യം ചെയ്യുന്നത് അപ്പന് പണ്ടേ ഇഷ്ടമല്ല. മോന്‍ ആകെ പേടിച്ചു. "മമ്മീ" അവന്‍ ഉറക്കെ വിളിച്ചു... അവൾ ഓടി വന്നു." "ദേ മമ്മീ പപ്പ എന്തൊക്കെയോ വിളിച്ചു പറയുന്നു "
"എബിക്കിതെന്നാ? എന്നെ വിളിച്ചാ പോരെ.. കൊച്ചിനേം അപ്പാപ്പനേം ബുദ്ധിമുട്ടിക്കണോ?"
കൈയിലുള്ള ഗ്ലാസ്സ് അവൾ എന്റെ നേരെ നീട്ടി. "ഇത് കുടിക്ക്.. ചുക്കിട്ട കാപ്പിയാ... കടച്ചക്ക കഴിച്ച് വായു ഇള കിയതാ മനുഷ്യാ പ്രായമാവുകല്ലേ... ഇത് പേടിച്ച് ഞാൻ ആ കറി എടുത്ത പ്പോഴേ അപ്പൻ പറഞ്ഞു വേണ്ടെന്ന്.."
"ആണോ?"
ഞാൻ മോനെ നോക്കി. "അവനെ നോക്കണ്ട അവന്റെ പ്രായത്തില്‍ ഗ്യാ സിന്റെ അസുഖമൊന്നും വരില്ല".
"പപ്പാ" മോന്‍ എന്റെ തോളില്‍ പിടിച്ച് കുലുക്കിയപ്പോഴാണ്‌ എനിക്ക് സ്ഥലകാല ബോധം തിരിച്ച് കിട്ടിയത്.. വയറ്റിലെ കൊളുത്തിപ്പിടുത്തം കുറച്ച് കുറഞ്ഞ പോലെ... "ഇത് കുടിക്ക് പപ്പാ" അവന്‍ ഏന്‍ജലിന്റെ കൈയിൽ നിന്ന് ആ ഗ്ലാസ്സ് വാങ്ങി എന്റെ കൈയിൽ തന്നു.
"ഇവിടുത്തെ വിളിയും ബഹളവും കേട്ടപ്പോഴേ എനിക്ക് മനസ്സിലായി കാര്യം എന്താണെന്ന്..അതാ പെട്ടെന്ന് ഇത് ഉണ്ടാക്കിയത്. കുടിച്ചിട്ട് പോയി കിടക്ക്. ഞാൻ ടെറസില്‍ തുണി വിരി ക്കാൻ പോവാ" ബക്കറ്റില്‍ തുണികളു മായി അവൾ പോയി.. അപ്പൻ വീണ്ടും സുഖ നിദ്രയിലേക്ക് പോയിരിക്കുന്നു. മകനും അവന്റെ പാട്ടിന് പോയി.
എന്റെ എല്ലാ അസുഖങ്ങളും (അസുഖമുണ്ടെന്നുള്ള തോന്നലുകള്‍) മാറിയ പൊലെ.. എങ്കിലും... വിഷമല്ല എങ്കിൽ പിന്നെ അവൾ എന്താണ്‌ ആ കറിയിൽ കലക്കിയത്? ചുക്ക് കാപ്പി കുടിച്ച ഗ്ലാസ് വയ്ക്കാനെന്ന ഭാവത്തില്‍ ഞാൻ പമ്മിപ്പതുങ്ങി അടുക്കളയിലെത്തി. കറിയില്‍ കലക്കി ഒഴിച്ചിട്ട് ബാക്കി വന്ന ആ മഞ്ഞ കവറിലുള്ള സാധനം ഫ്രിഡ്ജ് തുറന്ന് ഞാൻ എടുത്തു. നല്ല വെട്ട ത്തിലേക്ക് പിടിച്ചു നോക്കി വായിച്ചു "Maggi coconut powder"..
ഒരു നിമിഷം... ഞാൻ സ്വയം നാണം കെട്ട പോലെ.. "എബി ഒരു പാവമാ" എന്ന് അപ്പന്റെയും "ഈ മണ്ടനെയാ ണല്ലോ ഞാൻ കെട്ടിയത്" എന്ന് ഭാര്യ യുടെയും വിലയിരുത്തലുകള്‍ ശരി വയ്ക്കുന്നതായിരുന്നു എന്റെ ഇപ്പോഴത്തെ പ്രകടനം... പക്ഷേ ഒരു ഭാഗ്യം ഉണ്ടായി.. ആരും ഈ മണ്ടത്തരം തിരിച്ചറിഞ്ഞില്ല.
ഞാൻ എന്താണെന്ന് മനസ്സിലാക്കി എന്നെ സ്നേഹിക്കുന്ന ഭാര്യയെ മനസ്സിലാക്കാന്‍ വൈകിപ്പോയെന്ന് എനിക്ക് തോന്നി.
ടെറസിലേക്ക് ചെല്ലുമ്പോൾ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു "ആഹാ ഒറ്റ കാപ്പിയില്‍ മിടുക്കനായിപ്പോയല്ലോ".
അവളുടെ ചിരിയില്‍ അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു സൗന്ദര്യം... ആ ബക്കറ്റ് അവളുടെ കൈയില്‍ നിന്ന് പിടിച്ചു വാങ്ങി തുണി വിരിക്കാൻ തുടങ്ങിയ എന്നെ ഒരു പുതിയ മനുഷ്യനെ കാണുന്ന പോലെ അവൾ നോക്കി നിന്നു. ( അവളുടെ അതിശയം തുളുമ്പുന്ന മുഖം കണ്ട് ശരിക്കും എന്റെ ഉള്ളിലിരുന്ന് ഒരു പുതിയ മനുഷ്യന്‍ ചിരിക്കുന്നുണ്ടായിരുന്നു ).
ശശികല. 😍😍.
7/10/2019

സ്പെഷല്‍ അമ്മായിയമ്മ..

Image may contain: 2 people, people smiling
"നിനക്ക് ചപ്പാത്തി പരത്താന്‍ അറിയാമോ?" ചോദ്യം എന്നോട്. മറ്റാരുമല്ല എന്റെ അമ്മായിയമ്മ.
കല്യാണപിറ്റേന്ന് ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നതാണ് രംഗം.
"അറിയാം" ഞാൻ പറഞ്ഞു.
"എന്നാൽ നീ ചപ്പാത്തി പരത്തിക്കെ വേഗമാവട്ട് സമയം ഒത്തിരി ആയി".
"അമ്മേ ഞാൻ പല്ല് തേച്ചില്ല, കുളിച്ചില്ല"
"ഓ അതിപ്പോ സാരമില്ല ആദ്യം നീ മുഖം കഴുകി ചായ കുടിക്ക് എന്നിട്ട് ഇത് പരത്ത്... കുളിക്കുന്നത് പിന്നെ എന്തെങ്കിലും കഴിച്ചിട്ട് സാവകാശം മതി"
അച്ഛൻ ജോലിയിൽ നിന്ന്‌ വിരമിച്ച ശേഷം അച്ഛനു വേണ്ടി ചപ്പാത്തി ഉത്സവം നടത്തിയിരുന്ന എന്റെ വീട്ടില്‍
"ഒരു കല്യാണം കഴിച്ചാല്‍ ഈ ചപ്പാത്തി പരത്തലില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു" എന്ന എന്റെ ആത്മഗതം പോകെപ്പോകെ അമ്മ കേൾക്കാൻ വേണ്ടി ഞാൻ വിളംബരമാക്കി. ചപ്പാത്തി പരത്താന്‍ ആണ്‌ വിളിക്കുന്നതെന്ന് മനസ്സിലായാല്‍ പലപ്പോഴും സമയക്കുറവ് അഭിനയിച്ചു... ഇതിപ്പോ അമ്മ പകരം വീട്ടിയതാണോ... ഏതെങ്കിലും ബ്രോക്കര്‍മാരെ സ്വാധീനിച്ചു വശത്താക്കി ചപ്പാത്തി പരത്തി കൊടുക്കേണ്ടിടത്തേക്ക് തന്നെ ഇവളെ വിടണം എന്ന് അമ്മ പറഞ്ഞിരുന്നോ...
ഞാൻ ആലോചിച്ച് നില്‍ക്കുമ്പോള്‍ ഒരു ഗ്ലാസ്സ് ചായ കൈയിൽ തന്നിട്ട് അമ്മ പറഞ്ഞു "നീ ഇത് കുടിക്ക്".
ഞാൻ പല്ല് തേച്ചു വന്ന്‌ ചായ കുടിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ്‌
പെട്ടെന്ന് ഇന്നലെ എനിക്ക് കിട്ടിയ ഭർത്താവിനെ ഓര്‍മ വന്നത്... "അമ്മേ ചേട്ടന് ചായ കൊടുത്തില്ല" ഞാൻ പറഞ്ഞു.
"ഓ അവന്‍ എഴുന്നേല്‍ക്കുമ്പോള്‍ വേറെ ഉണ്ടാക്കാം നീ ഇത് ചൂടോടെ കുടിക്ക്"... അത് കേട്ടതും ഞാൻ വേഗം ചായ കുടിച്ചു...
സിനിമയിലെ ഭാര്യമാരെ പോലെ ചേട്ടന് കൊടുത്തിട്ടേ ഞാൻ കുടിക്കൂ
എന്നൊന്നും വാശി പിടിക്കാൻ പോയില്ല... അങ്ങനെ എന്റെ ഭർത്താവിന്റെ വീട്ടിലെ അടുക്കളപ്പ ണി ചപ്പാത്തി ഉണ്ടാക്കല്‍എന്ന അറു ബോറന്‍ പരിപാടിയോടെ ഞാൻ ഉത്ഘാടനം ചെയ്തു.
രണ്ട് ദിവസം കഴിഞ്ഞ് വീട്ടില്‍ പോകുമ്പോൾ ഇതേപ്പറ്റി അമ്മയോട് ചോദിക്കാം എന്ന് ഓര്‍ത്തു ഞാൻ ചപ്പാത്തി ചുട്ടെടുക്കുമ്പോള്‍ മുറ്റത്ത്‌ ഒരു ബഹളം. ചെന്ന് നോക്കുമ്പോള്‍അമ്മയും മകനും ആണ്..
മുറ്റത്ത്‌ നിന്നിരുന്ന ഒരു വഴുതന ചെടി
യില്‍ ആഞ്ഞ് പിടിക്കുന്ന അമ്മ... കല്ല് പാകി ഉറപ്പിച്ച ഭാഗത്തേക്ക് വേര് നന്നായി പിടിച്ചിരുന്ന ആ ചെടിയില്‍ പിഞ്ചു വഴുതനങ്ങ കുറെ ഉണ്ടായിരുന്നു.
"വയ്യാതെ കിടന്ന് എന്തോന്ന് കാണിക്കുവാ മാറി നില്‍ക്ക്." .. മോന്‍ അമ്മയെ പിടിച്ചു മാറ്റാൻ നോക്കുന്നു.
അമ്മ പക്ഷേ പിടി വിട്ടില്ല... ഒടുവില്‍ മകന്റെ കൈയിൽ അമ്മ... അമ്മയുടെ കൈയിൽ ചെടി...ഈ സര്‍ക്കസ് നടക്കുമ്പോൾ ആണ്‌
ഞാൻ ചെന്നതും കണ്ടതും.. മകന്റെ വായില്‍ നിന്ന് ആവശ്യത്തിന് കിട്ടിയത് ഒന്നും വക വയ്ക്കാതെ അമ്മ ആ ചെടി ദൂരേക്ക് എറിഞ്ഞു.
.
പതിവില്ലാതെ നേരത്തെ എഴുന്നേറ്റ മകനും അമ്മയും ആ നാട്ടിലുള്ള ഏതോ ഒരാളുമായി (അന്ന് എനിക്ക് ആരെയും പരിചയമില്ല) മുറ്റത്ത്‌ സംസാരിച്ച് നല്കുകയായിരുന്നു. ആ മനുഷ്യന്‍ തിരികെ പോകാൻ ഇറങ്ങുമ്പോള്‍ മുറ്റത്തിന്റെ ഒരു കോണില്‍ തുപ്പി... അതാണ് കാര്യം.. തുപ്പിയത് ഒരിടത്ത്‌... ചെടി നിന്നത് വേറെ എവിടെയോ ഒരിടത്ത്‌... പക്ഷേ അമ്മ അത് പിഴുതെടുത്ത് എറിഞ്ഞു കളഞ്ഞു. മകനുമായുണ്ടായ മല്‍പിടുത്തത്തില്‍ അമ്മ നന്നേ ക്ഷീണിച്ചു. എന്റെ ഒപ്പം അടുക്കളയിലേക്ക് വരുമ്പോള്‍ അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു "എന്റെ ചെറുക്കന് വല്ലപ്പോഴും ഒരു തോരനോ മെഴുക്ക് പുരട്ടിയോ ഉണ്ടാക്കി കൊടുത്തോണ്ടിരുന്നതാ... അവന് തുപ്പാന്‍ കണ്ട സ്ഥലം"
പിറ്റേ ദിവസം രാവിലെ അമ്മ കുറെ തുണികള്‍ കഴുകി മുറ്റത്ത്‌ അയയില്‍ വിരിച്ചു.. ഏകദേശം പകുതി ഉണങ്ങിയപ്പോള്‍ അമ്മ അത് വീണ്ടും നനയ്ക്കുന്നു. ഞാൻ ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു "റോഡില്‍ കൂടി ഒരു പട്ടി പോയെടീ അത് മുറ്റത്ത്‌ കേറി സാരിയില്‍ തൊട്ടോന്ന് ഒരു സംശയം"
ആദ്യമായി അവിടെ
ചിക്കൻ കറി ഉണ്ടാക്കാന്‍ ശ്രമിച്ച എന്റെ അടുത്ത് തന്നെ അമ്മ നിന്നു. ചിക്കൻ കറി കഴിക്കാത്ത അമ്മ നന്നായി ചിക്കൻ കറി ഉണ്ടാക്കും എന്നാണ്‌ മകന്റെ സാക്ഷ്യം.
ഞാൻ ചിക്കൻ എടുത്തപ്പോള്‍ മുതൽ അമ്മ എന്റെ കൂടെ ഉണ്ട്.. എവിടെ വച്ച് കഴുകണം ഏത് പാത്രത്തില്‍ കഴുകണം ഏത് പാത്രത്തില്‍ ഉണ്ടാക്കണം ഏത് തവി ഇടണം ഇങ്ങനെയുള്ള നിർദ്ദേശങ്ങളുമായി...
പാല്‍ അരിക്കാന്‍, ചായ അരിക്കാന്‍, പുളി വെള്ളം അരിക്കാന്‍,എണ്ണ അരി ക്കാന്‍....അങ്ങനെ അരിപ്പകള്‍പത്തോളം. വീട്ടില്‍ ഉള്ളവര്‍ക്കും വരുന്നവര്‍ക്കുമായി പല തരത്തിലുള്ള ഗ്ലാസുകളും പാത്രങ്ങളും..
പെട്ടുപോയി എന്ന് മനസ്സിലായ ഞാൻ വേറെ നിവൃത്തിയില്ലാതെ അനുസരിച്ചു. അമ്മ പറയുന്നതൊക്കെ അതേപടി അനുസരിച്ച് ജീവിച്ച് വൃത്തിയുടെയും അനുസരണയുടെയും കാര്യത്തില്‍ അമ്മേടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിച്ചു കഴിയുമ്പോഴാണ് ഒരിക്കല്‍ മകൾ (എന്റെ ഭർത്താവിന്റെ അനുജത്തി ) ഒരു വരവ് വന്നത്.. അവൾ വന്ന് ചിക്കൻ കറി ഉണ്ടാക്കിയ കുക്കര്‍ കഴുകി എടുത്ത് കുറച്ച് പച്ചക്കറികള്‍ മുറിച്ചിട്ട് ഒരു സാമ്പാര്‍ ഉണ്ടാക്കി.. അമ്മ ഓടിവന്ന് ചോദിച്ചു. "നീ ഈ കുക്കറാണോ എടുത്തത്, ഇത് ചൂടു വെള്ളത്തിൽ കഴുകിയോ?" അവള്‍ക്ക് ഒരു കുലുക്കവുമില്ല "എല്ലാം ഒരു വയറ്റിലോട്ടല്ലെ പോന്നത് ഇത്രയും വൃത്തി ഒക്കെ മതി" ഇതും പറഞ്ഞ്‌ അവൾ അവളുടെ പാട്ടിന് പോയി. കുറച്ച്‌ കഴിഞ്ഞ്‌ ഞാൻ നോക്കുമ്പോ ആ സാമ്പാറും കൂട്ടി അമ്മ ചോറുണ്ണുന്നു!!!!! എന്റെ അടുത്തും അടുക്കള പണിക്ക് വരുന്നവരുടെ അടുത്തും മാത്രം ചിലവാകുന്ന വിദ്യയും കൈയിൽ വച്ച് അമ്മ നല്ല സന്തോഷമായി മകളോട് കിന്നാരം പറഞ്ഞിരുന്ന് ചോറുണ്ണുന്നു.!!!കൂടെ നല്ല സാമ്പാര്‍ ആണെന്നുള്ള പ്രഖ്യാപനവും!!!!!
എന്റെ അമ്മയെ ഒരു കാര്യവുമില്ലാതെ
പേടിപ്പിച്ചിരുന്ന എനിക്ക് ഇത് തന്നെ വേണം... ഞാൻ മനസ്സിൽ ചിന്തിച്ചു.
(കല്യാണം കഴിച്ച് അയച്ച മകള്‍ വന്ന് ഒരു സാമ്പര്‍ ഉണ്ടാക്കി, അത് കഴിക്കു മ്പോള്‍ മനസ്സിൽ ഉണ്ടായ സന്തോഷത്തില്‍ അമ്മ മറ്റുള്ളതൊക്കെ മറന്നുപോയതാവാം)
രണ്ട് കിണര്‍ ഉണ്ട്... ഒന്നില്‍ നിന്ന് മോട്ടോര്‍ വച്ച് കണക്ഷന്‍എടുത്തിരിക്കുന്നു.. ഒന്ന് മുറ്റത്ത്‌ തന്നെ... പൈപ്പില്‍ വരുന്ന വെള്ളം കുടിക്കാനോ പാചകത്തിനോ ഉപയോഗിക്കാതെ അമ്മ മുറ്റത്തെ കിണറ്റില്‍ നിന്ന് കോരി എടുക്കുകയാ യിരുന്നു. അമ്മയ്ക്ക് താല്‍പര്യ മില്ലാത്ത ആരെങ്കിലും വന്ന് ആ കലത്തിന്റെ അടുത്ത് നിന്ന് സംസാരി ച്ചാല്‍ അവർ പോയിക്കഴിഞ്ഞ് ആ വെള്ളം എടുത്ത് കളഞ്ഞ് വേറെ വെള്ളം കോരി വയ്ക്കും.. വീട്ടുജോലിക്കാരി കോരിയാല്‍ബോധിക്കില്ല.. (അമ്മയുടെ ആരോഗ്യം പരുങ്ങലിലായപ്പോള്‍മകന്‍ ഒരു കുഴൽ കിണര്‍ കുഴിപ്പിച്ച് അതിൽ നിന്ന് ഒരു ടാപ്പ് വച്ചു കൊടുത്തു.. അതിലെ വെള്ളവും എടുക്കാഞ്ഞിട്ടായിരിക്കും മുറ്റത്തെ കിണറില്‍ നിന്ന് ഒടുവില്‍ഒരു മോട്ടോര്‍ വച്ച് നേരിട്ട് ഒരു പൈപ്പ് അടുക്കളയിലേക്ക് വച്ചിട്ടുണ്ട്. ചുരുക്കിപ്പറഞാല്‍ ഇപ്പോൾ നിലവില്‍ ഞങ്ങളുടെ വീട്ടില്‍ മൂന്ന് മോട്ടോര്‍ വരെ ഉണ്ട്.. എന്നിട്ടും അമ്മ വെള്ളം കോരുകയായിരുന്നു അമ്മയ്ക്ക് കഴിയുന്നത് വരെ. മോട്ടോര്‍എല്ലാം തുരുമ്പ് പിടിച്ചത് മിച്ചം)
ഏതെങ്കിലും കാരണത്താല്‍ വീടിന്‌ പുറത്ത്‌ പോകേണ്ടി വന്നാൽ പഴം മാത്രമേ അമ്മ പുറത്ത്‌ നിന്ന്‌ കഴിക്കൂ.
ഇങ്ങനെ പല കാര്യങ്ങളിലും അമ്മ ഒരു 'സ്പെഷ്യല്‍ 'ആയി എനിക്ക് തോന്നി. "വട്ടാണോ ഈ അമ്മയ്ക്ക്" "ഈ മരുമകള്‍ആയത് കൊണ്ട്‌ എല്ലാം നടക്കുന്നു" തുടങ്ങിയ ഇടിവെട്ട് ഡയലോഗ്സ് ഇടയ്ക്കിടെ എന്റെ ഭർത്താവ് (മൊത്തത്തിൽ ഞാൻ ഒരു മര്യാദക്കാരി ആണെന്നും പക്ഷേ പിണക്കിയാല്‍പിശകാണെന്നും നന്നായി അറിയാവുന്നത് കൊണ്ട്) അത്യാവശ്യം ബന്ധുക്കൾ ഒക്കെ കേള്‍ക്കേ എന്നെ പ്രീതിപ്പെടുത്താന്‍ പറഞ്ഞിരുന്നു. എങ്കിലും പരിഹാരം കാണാന്‍ ആര്‍ക്കും പറ്റിയില്ല..
ഓരോരുത്തര്‍ക്കും ഓരോ സ്വഭാവങ്ങ ള്‍ ആയിരിക്കും. പ്രകൃതി അങ്ങനെയാണ്‌ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. അത് മനസ്സിലാക്കാന്‍ ഉള്ള പക്വത എനിക്ക് ഉണ്ടായിരുന്നു.. ചില വീട്ടു പ്രശ്നങ്ങ ളില്‍ നിലനില്‍പിനു വേണ്ടി അമ്മ എന്റെ ഭാഗത്ത് പരസ്യമായി നിന്നില്ല എന്നതൊഴിച്ചാല്‍ ഞാനും അമ്മയുമായി ഒരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല.. ഒരിക്കല്‍ പോലും അമ്മ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. എനിക്ക് തന്ന്‌ ഞാൻ കഴിച്ചു എന്ന് ബോധ്യം വരാതെ അമ്മ ഒന്നും കഴിച്ചി രുന്നില്ല. എപ്പോൾ എത്ര നേരം കിടന്ന് ഉറങ്ങിയാലും ഒന്നും പറഞ്ഞിട്ടില്ല.
വെളുപ്പിന് എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തി ഭർത്താവിനും വീട്ടുകാര്‍ ക്കും ആഹാരം ഉണ്ടാക്കുന്ന ഒരു മരുമകള്‍അമ്മയുടെ സങ്കല്‍പത്തി ല്‍ പോലും ഇല്ലായിരുന്നു...(അതൊ മകന്റെ അടുത്ത് വുഡായിപ്പുകള്‍ ഒന്നും നടക്കില്ല എന്നും മകന് അവന്റെ ഭാര്യയെ കഷ്ടപ്പെടുത്താന്‍ ഒട്ടും ഇഷ്ടമില്ലാത്ത ആളാണെന്നും നന്നായി മനസ്സിലാക്കിയ അമ്മ എന്ന നിലയ്ക്ക് ഒന്നും മിണ്ടാതിരുന്നതോ )
ആകെ അമ്മയ്ക്ക് അന്ന് ഞാൻ കണ്ടുപിടിച്ച പ്രശ്നം മകനോട് ഉള്ള സ്നേഹക്കൂടുതല്‍ ആണ്. ഇടയ്ക്കിടെ ഒരു ചെറിയ പാത്രം എടുത്ത് കാണിച്ച് പറയും "നീ ഇത് കണ്ടോ.." മോന് കുറുക്ക് ഉണ്ടാക്കിയ പാത്രമാ.. ഇരുപത്തിയേഴ് വര്‍ഷം പഴക്കമുണ്ട് "സ്ഥിരം ഇത് കേട്ട് മടുത്ത ഞാൻ ആ പാത്രം ഒഴിവാക്കാന്‍ ഉള്ള വഴികള്‍ ആലോചിച്ചു.. അമ്മയാരാ മോള്.. ആ പാത്രം തിരഞ്ഞ് പിടിച്ച് രാവിലെ അതിൽ തന്നെ ചായ ഉണ്ടാക്കി കുടിക്കും.. ഓരോ ചായയുടെ കൂടെയും മേൽ പറഞ്ഞ ഡയലോഗ് ഫ്രീ...
ഹാളില്‍ ഭിത്തി മേല്‍ ഫിറ്റ് ചെയ്തിരിക്കുന്ന ഒരു ഫാന്‍ ഉണ്ട്.
ആരൊക്കെ ഇരുന്നാലും മകന്‍ വന്നി രിക്കുമ്പോള്‍ അമ്മ ഓടിവന്ന് ആ ഫാ ന്‍ മകന് മാത്രം കാറ്റ് കിട്ടുന്ന പോലെ ആക്കും. മറ്റുള്ളവര്‍ക്ക് കാറ്റ് കിട്ടുന്നുണ്ടോ എന്നത് അമ്മയുടെ വിഷയമേയല്ലായിരുന്നു!!!!!
അവധിക്ക് നാട്ടില്‍ ചെല്ലുമ്പോൾ കാറില്‍ നിന്ന് ലഗ്ഗേജ് എടുത്ത് വീടിനുള്ളിലേക്ക് വയ്ക്കുമ്പോള്‍ അമ്മ എന്റെയും എന്റെ മകന്റേയും അടുത്തേക്ക് ഓടി വന്നിട്ട് പറയും "നിങ്ങള്‍ എന്തോ നോക്കി നില്‍ക്കുവാ ആ ചെറുക്കന്‍ തന്നെ അത് എടുക്കുന്നത് കണ്ടില്ലേ അവന്റെ നടുവ് വെട്ടും അവനെ കൊണ്ട് എടുപ്പിക്കാതെ നിങ്ങൾ പോയി എടുത്തേ" ഞങ്ങളുടെ നടുവ് അമ്മയ്ക്ക് ഒരു പ്രശ്നമേയല്ലായി രുന്നു!!!!!
ഒരുപാട്‌ നാളുകള്‍ കഴിഞ്ഞു മകനെ കാണുന്നത് കൊണ്ട്‌ മകന് ഇഷ്ടമു ള്ളതൊക്കെ കഴിക്കാന്‍ ഉണ്ടാക്കി കൊടുത്തിട്ട് വലിയ ഒരു ഗ്ലാസില്‍ നിറയെ പാലുമായി മകന്‍ ഉറങ്ങുന്നതിനു മുന്നേ പോയി "എല്ലാം കൂടി തന്ന്‌ കൊല്ലാന്‍ ആണോ എനിക്ക് വേണ്ട" എന്ന മകന്റെ മറുപടി കേട്ട് ആരോ പറഞ്ഞ പോലെ ചമ്മി ചപ്ലാച്ചിയടിച്ചു തിരിച്ച് വരുമ്പോഴും മകന്റെ കുഞ്ഞുങ്ങള്‍ പാല് കുടിച്ചോ എന്നത് അമ്മയുടെ ചിന്തയിലേയില്ലായിരുന്നു!!!!!!!
കുടുംബപ്രശ്നങ്ങളില്‍ രണ്ടു വള്ളത്തില്‍ കാല്‍ ചവിട്ടാനും, അഭിപ്രായങ്ങള്‍ മാറ്റി മാറ്റി പറയാനും എന്റെ ഭർത്താവ് മിടുക്കന്‍ ആയത് കൊണ്ട്‌ പ്രശ്നങ്ങൾ ഒന്നും വഷളായില്ല.
എന്റെ മക്കളെ ആദ്യമായി ഇടുവിച്ച ഉടുപ്പുകളും അവര്‍ക്ക് കുറുക്ക് കൊടുത്ത പാത്രങ്ങളും നിധി പോലെ ഇന്ന്‌ ഞാൻ സൂക്ഷിച്ചു വയ്ക്കു ക്കുമ്പോള്‍ അമ്മ അന്ന് പറഞ്ഞതൊക്കെ ഞാൻ ഓര്‍ക്കാ റുണ്ട്. അമ്മ കാണിച്ച ആ കുറുക്ക് പാത്രത്തിന്റെ വിലയും മനസ്സിലാകുന്നു. മത്സ്യമാംസാദികള്‍പാചകം ചെയ്തിട്ട് ആ പാത്രങ്ങള്‍ ഒക്കെ ചൂട് വെള്ളത്തില്‍ കഴുകി വച്ചില്ലെങ്കില്‍ ഇന്ന്‌ എനിക്ക് ഒരു മനസ്സമാധാനവും ഇല്ല..
മുഖവുരയായി ഇത്രയും പറഞ്ഞെങ്കിലും
ഞാൻ പറയാന്‍ ഉദ്ദേശിച്ച പ്രധാനപ്പെട്ട കാര്യം മറ്റൊന്നാണ്. ആദ്യമായി ആ വീട്ടില്‍ വച്ച് പീരീഡ്സ് ആയപ്പോ ഞാൻ എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു. അമ്മയോട് പറഞ്ഞാൽ എന്റെ കിടപ്പ് മുറ്റത്തോ, റബര്‍ തോട്ടത്തിലോ എവിടെ ആകുമെന്ന് ഒരു പിടിയുമില്ല.
വൃത്തിയുടെ പേര് പറഞ്ഞ് എന്നെ എന്റെ വീട്ടിലേക്ക് പറഞ്ഞു വിടാനും മതി. എന്തെങ്കിലും ആവട്ടെ എന്ന് കരുതി ഞാൻ ചെന്ന് പറഞ്ഞപ്പോ അമ്മ പറഞ്ഞു "വയ്യെങ്കില്‍ പോയി എവിടെങ്കിലും ഇരുന്നോ"
കുളിക്കാന്‍ കുളിമുറിയിലേക്ക് കയറുമ്പോള്‍ ദാ ചൂട് വെള്ളവുമായി അമ്മ വാതില്‍ക്കല്‍.. സാക്ഷാൽ അമ്മായിയമ്മ.. "ചൂട് വെള്ളത്തില്‍ കുളിക്ക്" കുളിച്ച് ഇറങ്ങി വന്ന എനിക്ക് കുടിക്കാന്‍ ചൂട് വെള്ളം!!!!എനിക്ക് ആകെ തലയ്ക്ക് അടിയേറ്റ പോലെ ഒരു തോന്നല്‍... ഞാൻ അമ്മയെ അമ്മ അറിയാതെ ഒളിഞ്ഞും തെളിഞ്ഞും നോക്കിക്കൊ ണ്ടിരുന്നു... അമ്മയ്ക്ക് ഒരു ഭാവഭേദ വുമില്ല..( കല്യാണ പിറ്റേന്ന്‌ കു ളിക്കാത്ത എന്നെ അടുക്കളയിലേക്ക് വിളിച്ച് ചപ്പാത്തി ഉണ്ടാക്കിച്ച കഥ ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ)
എനിക്ക് ചെറിയ വയര്‍ വേദന തോന്നി.. അമ്മയോട് പറഞ്ഞിട്ട് ഞാൻ കിടക്കാന്‍ പോയി. എന്റെ പുറകെ വന്ന അമ്മ ഞങ്ങളുടെ മുറിയിലേക്ക് കയറി വന്ന് മകനോട് പറഞ്ഞു "എടാ അവള്‍ക്ക് വയ്യാത്തതാ.. സ്വസ്ഥമായി കിടക്കട്ടെ നീ പോയി വേറെ എവിടെയെങ്കിലും കിടക്ക് അല്ലെങ്കില്‍ ഇറങ്ങി നിലത്ത് വിരിച്ച് കിടക്ക്... അവൾ കട്ടിലില്‍ കിടക്കട്ടെ..."
അമ്മ പോയിക്കഴിഞ്ഞപ്പോള്‍ "എടീ പീരീഡ്സ് ആയത് നിനക്കൊ എനിക്കോ?" എന്ന്‌ ചോദിച്ചുകൊണ്ട് ഉറക്കപ്രാന്തനായ ഭർത്താവ് മുറി വിട്ട് എങ്ങോട്ടോ പോയി...
പിറ്റേന്ന്‌ എഴുന്നേറ്റ് വന്നത്‌ നേരം നന്നായി പുലര്‍ന്നിട്ടാണ്‌.. അപ്പോഴേക്ക് അമ്മ ഒഴികെ എല്ലാരും പ്രഭാത ഭക്ഷണം കഴിഞ്ഞിരിക്കുന്നു.. "നീ വാ നമുക്ക്‌ കഴിക്കാം" എന്റെ കുളി അവിടെയും അമ്മയ്ക്ക് പ്രശ്നമില്ലാ യിരുന്നു. ഞങ്ങൾ കഴിച്ചു..
അന്ന് എനിക്ക് മനസ്സിലായി എനിക്ക് എവിടെയും ഇരിക്കാം, എപ്പോൾ വേണമെങ്കിലും കുളിക്കാം എപ്പോൾ വേണമെങ്കിലും ഉറങ്ങാം, എത്ര നേരം വേണമെങ്കിലും ഉറങ്ങാം. ആ സ്വാതന്ത്ര്യം...അത്‌ ഞാൻ പ്രതീക്ഷിച്ച തില്‍ നിന്നും സ്വല്പം വ്യത്യസ്തമായിരുന്നു.
മരുമകളുടെ ആര്‍ത്തവം അമ്മായിയമ്മയെ ദേഷ്യം പിടിപ്പിച്ചിരു ന്നതില്‍ നിന്ന് കാലം ഒരുപാട്‌ മുമ്പോട്ട് പോയി എങ്കിലും
കഥകളിലും സിനിമകളിലും ഇപ്പോഴും കാണുന്ന പല അമ്മായിയമ്മമാരും അവരുടെ അനുഭവം മരുമക്കളിലേ ക്ക് അടിച്ചേല്പിക്കുന്നു... ഒരു തരം പക പോക്കല്‍ പൊലെ... കാതോര്‍ത്താല്‍ എവിടെ നിന്നൊക്കെയോ കുറെ മരുമക്കളുടെ തേങ്ങലുകള്‍ കേള്‍ക്കുന്ന പോലെ....
ഇത്രയും എഴുതണം എന്ന് തോന്നി... അമ്മായിയമ്മ ആകുവാന്‍
തയാറെടുക്കുന്ന ആരെങ്കിലുമൊ ക്കെ വായിക്കുമല്ലോ...
വിശ്വാസങ്ങള്‍ സംരക്ഷിക്കാൻ മനുഷ്യന്‍ അന്ധ വിശ്വാസി ആകരു തെന്നും, സ്നേഹം,സഹാനുഭൂതി, മനുഷ്യത്വം.... ഇതൊക്കെ ആവണം വിശ്വാസങ്ങളെന്നും ഈ അമ്മായിയമ്മമാര്‍ക്ക് ഇനി ആര് പറഞ്ഞു കൊടുക്കുമോ എന്തോ.....
സാധാരണ സ്ത്രീകളെക്കാള്‍ കൂടുതല്‍ വൃത്തിയും വെടിപ്പും ഒക്കെ ഉണ്ടായിരുന്ന എന്റെ അമ്മായിയമ്മ, അതിനേക്കാള്‍ഉപരിയായി, തന്നെ പോലെ ഉള്ള ഒരു സ്ത്രീയുടെ ശാരീരിക മാറ്റങ്ങളും അത് മൂലം ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും മനസ്സിലാക്കി പെരുമാറി...വർഷങ്ങൾക്ക് മുന്‍പ്....
അമ്മയുടെ മരണ ശേഷവും അമ്മ യുടെ നല്ല ഓര്‍മകള്‍ എന്നില്‍നില നിര്‍ത്താന്‍ ഈ സ്വഭാവ വൈരുദ്ധ്യം ഒരു കാരണമാണ്.
അതുകൊണ്ടാണ് ഇത് എഴുതുന്നതും.....
ഇതിനെ ഒരു അനുഭവ കഥയെന്നോ ഓര്‍മക്കുറിപ്പെന്നോ വിളിക്കാം. നിങ്ങളുടെ ഇഷ്ടം പോലെ....
Written by
ശശികല  @ Nallezhuth

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo