Showing posts with label KavithaSaphal. Show all posts
Showing posts with label KavithaSaphal. Show all posts

മരിക്കാത്ത ഓർമ്മകൾ

Image may contain: 1 person, smiling, selfie and closeup
ഓർമ്മകൾ എഴുതാനിരുന്നാൽ അമ്മയിലേക്കേ നീളൂ. ആ വിടവ് നികത്താൻ ഈ ജന്മത്തിന് കഴിയില്ലല്ലോ. അല്ലെങ്കിലും ചില നഷ്ടങ്ങൾക്ക് കൂട്ടായി ഓർമ്മകൾ ഇല്ലായിരുന്നെങ്കിൽ ജീവിതം എന്നേ വ്യർത്ഥമായി പോയേനെ. ചില നുണകൾക്ക് സത്യത്തേക്കാൾ പവിത്രതയും ഉണ്ടാവാറുണ്ട്
"കൂടിയാൽ ഏഴു മാസം അതിൽ കൂടുതൽ ഇല്ല! "
റിപ്പോർട്ട് നോക്കി ഡോക്ടർ പറഞ്ഞു .
ഞണ്ടുകൾ ശ്വാസകോശത്തെ കീഴടക്കി എല്ലുകളിലേക്കും തലയോട്ടിയിലേക്കും ഇറങ്ങിയിരിക്കുന്നു. ഏഴ് മാസത്തിനപ്പുറം അമ്മ കൂടെയില്ല !! മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട് നിർത്താത്ത കണ്ണുനീരായി .. ഞാനും അച്ഛനും ഏഴാം നിലയിലെ ലിഫ്റ്റിലേക്ക് കയറി.അച്ഛൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. താഴെ കാർ പാർക്കിങ്ങ് ഏറിയയിലേക്ക് ഇറങ്ങിയപ്പോഴാണ് സ്ഥലകാലബോധം വന്നത്. വാച്ച്മാനോട് ചോദിച്ച് സ്റ്റെപ്പ് കയറി. മനസ്സിലെ കടൽ ശാന്തമാവാൻ അത് വേണമായിരുന്നു. "അമ്മ ഒന്നും അറിയരുത് ".. അച്ഛൻ അത് മാത്രം പറഞ്ഞു. "ഇത്രയും സമയം എവിടെയായിരുന്നു? "
"റിപ്പോർട്ട് കിട്ടി. എഴുപത് വയസ്സ് വരെ ഒരു കുഴപ്പവും ഇല്ല. നമുക്കത് മതി . അതിനപ്പുറം ഉള്ളതൊക്കെ അല്ലെങ്കിലും ബോണസ്സല്ലേ? ."
അമ്മയുടെ ചോദ്യത്തിന് അലസമായി അച്ഛൻ മറുപടി പറഞ്ഞു. കണക്ക് മാഷായ അച്ഛന് കുറുപ്പിന്റെ കണക്ക് പുസ്തകം പോലെ എല്ലാറ്റിനും കണക്കുണ്ടായിരുന്നു. ജീവിതത്തിന്റെ കണക്ക് പുസ്തകം പിഴച്ചപ്പോൾ ശൂന്യതയിൽ നിന്ന് അച്ഛൻ കണക്കുകളുണ്ടാക്കി. "നമുക്കെന്തിനാ ഇപ്പോൾ കാറ്. രണ്ടായിരത്തി പത്തിൽ എൽഐസി പാസ്സാവാനുണ്ട്. കാറിനെ അങ്ങോട്ട് തട്ടി. പോയി ചൂടുള്ള കാപ്പി കുടിച്ചിട്ട് വരാം. "
ഇതൊക്കെയാണ് ജീവിതം. തോൽവിയിലും വിജയിയെപ്പോലെ പുഞ്ചിരിക്കാൻ ആവണം.
രോഗം സ്ഥിതീകരിച്ച് പിറ്റേ ദിവസം തന്നെ അമ്മയ്ക്ക് കീമോ തുടങ്ങി. രണ്ടാം ദിവസം അതിന്റെ പാർശ്വ ഫലങ്ങൾ ഓരോന്നായി പുറത്ത് വരാൻ തുടങ്ങി. ചർദ്ദിയും, വായിലെ തൊലിയും പോയി ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ അമ്മയെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ക്യാൻസർ എന്ന മാറാവ്യാധി രോഗിയെ മാത്രമല്ല ഒരു കുടുംബത്തെ ആണ് വരിഞ്ഞുമുറുക്കുന്നതെന്നറിയാൻ കഴിഞ്ഞ ദിവസങ്ങൾ ആയിരുന്നു അതൊക്കെ. ഒരാഴ്ച്ചത്തെ ഡോസ് കഴിഞ്ഞ് ഞങ്ങൾ നാട്ടിലെത്തി. വെറും ജ്യൂസ് മാത്രമായിരുന്നു ഭക്ഷണം. മൂന്നാല് ദിവസത്തിനുള്ളിൽ അമ്മ പൂർവ്വസ്ഥിതിയിലേക്ക് വന്നു. ചർദ്ദിമാറി, വേദന പാടേമാറി അമ്മയുടെ പ്രതീക്ഷകൾ ഉയർന്ന് ആകെ സമാധാനാന്തരീക്ഷം. അമ്മയുടെ മുടി ജഡകെട്ടിയിരുന്നു. ചതുപ്പ് നിലത്തെ പായൽ പോലെ അനായാസമായി വേരോടെ മുടിക്കെട്ടുകൾ കയ്യിലേക്ക് വന്നു. തരിശുഭൂമി പോലെ ഒരൊറ്റ മുടിയിഴകളും ഇല്ലാതെ തല ശൂന്യമായി. ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം മാനസികമായും തളർത്തുന്ന അവസ്ഥ .
അതിനിടയിൽ എന്റെ കല്യാണത്തിന്റെ തീയ്യതി നിശ്ചയിച്ചു. മെയ് പതിനാല് . അമ്മയുടെ അസുഖം സ്ഥിതീകരിച്ചിട്ട് അന്നേക്ക് ഏഴ് മാസം കഴിഞ്ഞിരുന്നു. ഡോക്ടർക്ക് നല്ല പ്രതീക്ഷയുണ്ടായി. വിചാരിച്ചതിലും കൂടുതൽ രോഗത്തെ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനിടയിൽ ആർ സി സിയിലേക്കുള്ള യാത്രയിൽ നിരവധി രോഗികളെ കാണാൻ പറ്റി. രോഗം അധികമൊന്നും പടർന്ന് പിടിച്ചിട്ടില്ലെങ്കിലും മനസ്സിന് ധൈര്യമില്ലാത്ത നിരവധി പേർ. ഏറ്റവും സങ്കടകരം ഈ അസുഖം പിടിപെട്ട കുഞ്ഞുങ്ങളുടെ കാര്യമായിരുന്നു. നമ്മുടെ പ്രശ്നങ്ങൾ പർവ്വതീകരിച്ച് കാണുമ്പോൾ ആർ സി സിയിലോ മാനസികാരോഗ്യ കേന്ദ്രത്തിലോ ഒന്ന് സന്ദർശിച്ചാൽ മതി. മരണം മുന്നിൽ കണ്ടു ജീവിക്കുന്നവർക്കിടയിലും ജീവിതം എന്തെന്ന് അറിയാത്തവർക്കിടയിലും നമ്മുടെ പ്രശ്നം ഒന്നുമല്ലെന്ന് മനസ്സിലാവും. അമ്മയുടെ മനോബലം ഞങ്ങൾക്കു കൂടി ധൈര്യം തരുന്നതായിരുന്നു.. എന്റെ കല്യാണം കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അമ്മക്ക് വീണ്ടും വേദനകൾ തുടങ്ങി. ഇതിനിടയിൽ അച്ഛൻ ലേക് ഷെയർ ഹോസ്പിറ്റലിൽ പോയി ഗംഗാധരൻ ഡോക്ടറേയും കണ്ടിരുന്നു. അദ്ദേഹം ആർ സി സിയിലെ ചികിൽസ
തുടരാനാണ് പറഞ്ഞത്.
ചികിൽസയുടെ രണ്ടാം ഘട്ടം ആർസിസിയിൽ എത്തിയപ്പോൾ പ്രതീക്ഷകളൊക്കെ തകിടം മറിഞ്ഞു. തലച്ചോറിലേക്കും ഞണ്ടുകൾ പിടിമുറുക്കി കഴിഞ്ഞിരുന്നു. "ഇനിയൊന്നും ചെയ്യാനില്ല ."
ഡോക്ടർ നിസ്സഹായനായി പറഞ്ഞു.
വേദന ലഘൂകരിക്കാൻ പാലിയേറ്റീവ് കെയറുമായി ബന്ധപ്പെടാനുള്ള നമ്പറും തന്നു..
അമ്മയെ വിധിയ്ക്ക് വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു.
ഒരു ദിവസമെങ്കിൽ ഒരു ദിവസം കൂടുതൽ ജീവിക്കണം എന്ന ഉദ്ദേശത്തോടെയാണ് മലബാർ ക്യാൻസർ സെന്ററിൽ എത്തിയത്. വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ മാത്രമേയുള്ളൂ അവിടേക്ക്. ആശുപത്രി തുടങ്ങി അധികം നാളായിട്ടില്ലാത്തത് കൊണ്ടും അവിടെയുള്ള ഡോക്ടേഴ്സിനേക്കാൾ പരിചയക്കൂടുതലുള്ള ഡോക്ടേഴ്സിനെ കിട്ടും എന്ന പ്രതീക്ഷയും ആണ് ഞങ്ങളെ ആർ സി സിയിൽ എത്തിച്ചത്. രോഗം സ്ഥിതീകരിച്ച വിശ്വനാഥൻ ഡോക്ടർ റഫർ ചെയ്തതും ആർ സി സിയിലേക്കായിരുന്നു.
ആർസിസിയിൽ നിന്ന് ഞങ്ങൾ മലബാറിലേക്ക് റഫറൻസ് ലെറ്റർ വാങ്ങി. അവിടെയെത്തി രണ്ടാം ദിവസം തന്നെ അമ്മയുടെ തലയ്ക്ക് റേഡിയേഷൻ ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അമ്മയെ പെയിങ്ങ് വാർഡിലേക്ക് മാറ്റി.
അവിടുത്തെ പെയിങ്ങ് വാർഡിലെ കോർണർ ബെഡ്ഡിനിപ്പുറമുള്ള നീളൻ ജനാലയിലൂടെ നോക്കിയാൽ പ്രവേശനകവാടം കാണാം .. ജീവിതത്തിലേക്കും മരണത്തിലേക്കും നടന്ന് കയറുന്നവരുടെ സങ്കലനവും വ്യവകലനവും നടക്കുന്നുണ്ടവിടെ .
ഒരു മാസത്തോളം മലബാറിൽ താമസിക്കേണ്ടി വന്നിട്ടുണ്ട്. അക്കാലത്ത് ഞാൻ യൂണിവേഴ്‌സിറ്റിയിൽ താല്ക്കാലിക ജോലി ചെയ്തിരുന്നു. HOD അമ്മയുടെ അസുഖം കണക്കിലെടുത്ത് എനിക്ക് ലീവ് തരാറുണ്ട്. ക്യാൻസർ സെന്ററിലെ രോഗികൾ ഒരു കുടുംബം പോലെയായി ഞങ്ങൾക്ക്. എല്ലാവർക്കും ഒരേ ഭാവമാണ്. രംഗബോധമില്ലത്ത കോമാളി എപ്പോഴും കടന്നു വരാം എന്ന തിരിച്ചറിവാകാം ആ നിസ്സംഗതയ്ക്ക് കാരണം . ആ സമയത്ത് മനസ്സിനൊരു മരവിപ്പായിരുന്നു പ്രാർത്ഥിക്കാനൊന്നും തോന്നിയിരുന്നില്ല. റിട്ടയർമെന്റ് ലൈഫ് സ്വപ്നം കണ്ട് ഒരായിരം ആഗ്രഹങ്ങൾ മനസ്സിൽ മെനഞ്ഞ എന്റെ അമ്മയ്ക്ക് അസുഖം വന്നെങ്കിൽ ദൈവമൊന്നുമില്ലെന്ന തോന്നലും വന്നു. എല്ലാ ജീവികളോടും കരുണയായിരുന്നു അമ്മയ്ക്ക്. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത സാധു സ്ത്രീ..
ഞങ്ങളുടെ റൂമിൽ നാല് കട്ടിലുകൾ ഉണ്ടായിരുന്നു. കർട്ടനിട്ട് വേർതിരിച്ചത്.
ഒരാൾ ഞങ്ങളുടെ പരിചയത്തിൽ ഉള്ള ടീച്ചറുടെ ഉപ്പയായിരുന്നു. ചുറ്റും മക്കൾ നിരന്ന് നിന്നിട്ടുണ്ടാവും .ഓരോ സമയവും ഓരോരുത്തരുടെ പേര് വിളിക്കും. മരണം അടുത്ത നാളുകളായിരുന്നു. രാത്രി വേദന കൊണ്ടുള്ള കരച്ചിലാണ്. ഞങ്ങൾ കീമോവാർഡിൽ രക്ത പരിശോധന കഴിഞ്ഞ് വന്ന ഒരു ദിവസമാണ് തൊട്ടപ്പുറമുള്ള ബെഡ്ഡിൽ പുതിയ ആള് വന്നത്.
അധികം പ്രായമില്ലാത്ത വെളുത്തു മെലിഞ്ഞ മുട്ടറ്റം മുടിയുള്ള സ്ത്രീ.അവർക്ക് ക്യാൻസർ സംബന്ധമായി ഒരു ചികിൽസയും നടന്നിട്ടില്ലെന്ന് ആ മുടി വിളിച്ച് പറയുന്നുണ്ടായിരുന്നു. എങ്കിലും അവർ ക്ഷീണിത ആയിരുന്നു. ചുമയും ജലദോഷവും എന്നെ ഭയപ്പെടുത്തി. അമ്മയ്ക്ക് എന്തെങ്കിലും അസുഖം വന്നാൽ കീമോ നടക്കില്ല
കൂടെ രണ്ടു മൂന്ന് സ്ത്രീകൾ ഉണ്ടായിരുന്നു. ഒരാൾ ഉച്ചഭക്ഷണം കൊണ്ടുവന്നതാണ്. കൂടെയുള്ള ചേച്ചി അമ്മയുടെ അസുഖവിവരമറിയാൻ ഞങ്ങളുടെ ബെഡ്ഡിനടുത്തേക്ക് വന്നു.
അവരുടെ പേര് ജലജ .എൽ ഐസി ഏജൻറ് ആയിരുന്നു. കളക്ഷനിടയിൽ കുഴഞ്ഞ് വീണതാണ്. പാലക്കാട് ഏതോ സ്വാമിയുടെ ആശ്രമത്തിലായിരുന്നു ചികിൽസ. വേദന അസഹ്യമായപ്പോഴാണ് ഇവിടേക്ക് വന്നത്.രണ്ടു വയസ്സുള്ള മകനുണ്ട്. എനിക്കവരോട് സഹതാപം തോന്നി. രോഗം തിരിച്ചറിഞ്ഞിട്ടും മതിയായ ചികിൽസ അവർക്ക് കിട്ടിയിട്ടില്ല. ഞണ്ടുകൾ അവരുടെ ശരീരത്തെ പിടിമുറുക്കി എന്ന് തോന്നുന്നു.
ഒരു വൃത്തിഹീനനായ ഒരാൾ അവർക്ക് കഞ്ഞിയുമായി വന്നു. അയാൾ കുളിച്ചിട്ട് ദിവസങ്ങളായി എന്ന് തോന്നി. കാൽപാദങ്ങൾ വിണ്ട് കീറി ചളി നിറഞ്ഞ് ഒറ്റനോട്ടത്തിൽ അറപ്പു തോന്നുന്ന രൂപം .ഏതോ ഗവൺമെന്റ് സ്കൂളിലെ പ്യൂൺ ആണത്രേ. ഇത്രയും ആഢ്യത്വമുള്ള സ്ത്രീയുടെ ഭർത്താവാണോ ഇതെന്ന് സംശയിച്ചു ?. അയാളുടെ വൃത്തിയില്ലായ്മ കാരണമാവാം അവർക്ക് അസുഖം വന്നത് എന്ന് പോലും ഞാൻ ചിന്തിച്ചു.
എന്തോ ഇന്നാലോചിക്കുമ്പോൾ ആ മനുഷ്യന്റെ മാനസികാവസ്ഥ മനസ്സിലേക്ക് വരും. ഒന്നര വർഷത്തോളം അയാൾ അനുഭവിച്ച വേദനകൾ.. ഒരു സാധാരണ ഗ്രൂപ്പ് ഡി ജീവനക്കാരന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള കഷ്ടപ്പാടിനിടയിൽ പ്രതീക്ഷകളെ കടപുഴക്കിയ ഭാര്യയുടെ അസുഖം, അയാളിലുണ്ടാക്കിയ മാറ്റമാവാം, അലസമായ ആ ബാഹ്യരൂപം.
രാത്രികാലങ്ങളിൽ അവരുടെ കരച്ചിൽ കാരണം ഉറക്കം വരാതായി. എന്തോ അവർക്കൊരു ചികിൽസയും തുടങ്ങിയില്ല. ഡോക്ടർമാർ അവർക്ക് പെയിൻ കില്ലർ കൊടുക്കാൻ തുടങ്ങി. ചികിൽസ തുടങ്ങാൻ തടസ്സം ഉണ്ട്. ഒരു പക്ഷേ രോഗം മൂർച്ഛിച്ച് കാണും അതുമല്ലെങ്കിൽ ഷുഗറോ പ്രഷറോ കൂടിക്കാണും. അതുമല്ലെങ്കിൽ സാമ്പത്തികം ...
പെയിൻ കില്ലർ കഴിച്ചു തുടങ്ങിയപ്പോൾ അവർക്ക് പ്രതീക്ഷ ഉണ്ടാവാൻ തുടങ്ങിയിരുന്നു. ഞങ്ങളുമായി അവർ വല്ലാതെ അടുത്തു .
ഷെമീർ ഡോക്ടറുടെ നിർദ്ദേശത്തിൽ അമ്മയുടെ കീമോ സ്റ്റാർട്ട് ചെയ്തു. അമ്മയ്ക്കും ജീവിതത്തിലേക്ക് മടങ്ങി വരാൻ പറ്റും എന്ന പ്രതീക്ഷ ഉണ്ടായി തുടങ്ങിയിരുന്നു. പൂഴിമണലിൽ വരച്ചിട്ട ചിത്രങ്ങൾ പോലെയാണ് രോഗം മൂർച്ഛിച്ച ക്യാൻസർ രോഗിയുടെ പ്രതീക്ഷകൾ...
ഷമീർ ഡോക്ടറെ ദൈവമായിട്ടാണ് നമുക്ക് കാട്ടിത്തന്നത്. അവിടെ എത്തി ആദ്യതവണ തലയ്ക്ക് റേഡിയേഷൻ ചെയ്തു. അതോടെ വേദനയൊക്കെ കുറഞ്ഞു.മൂന്ന് മാസങ്ങൾക്ക് ശേഷം അമ്മക്ക് പനി വന്ന് വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോഴാണ് ജലജ ചേച്ചിയെ കണ്ടത്.
നാല് ഡോസ് കീമോ കഴിഞ്ഞപ്പോൾ ഞങ്ങൾ ആസ്പത്രി വിട്ട് വീട്ടിലേക്കെത്തി.
രണ്ടാഴ്ച്ച കഴിഞ്ഞ് 2006 ഒക്ടോബർ പത്തൊൻപതിന് റിസൽട്ട് വന്നപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത വിധം രോഗം പടർന്ന് പിടിച്ചിരുന്നു. ഏത് നിമിഷവും എന്തും സoഭവിക്കാം എന്ന് ഡോക്ടർ പറഞ്ഞു. ജലജേച്ചി മൂന്ന് ദിവസം മുൻപ് ഈ ലോകം വിട്ടു പോയി എന്ന് ഡ്യൂട്ടി നേഴ്സ് പറഞ്ഞു. ആ മോന് അമ്മയെ കാണാൻ പറ്റിയില്ല. ഇന്നവന് 13 - 14 വയസ്സ് കാണും. അമ്മയെ ഈ സത്യം ഞങ്ങൾ അറിയിച്ചില്ല .. അവരുടെ പ്രതീക്ഷയോടെയുള്ള മുഖം മനസ്സിനെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു.
അതിലുപരി അമ്മ പോയാൽ എങ്ങനെ പിടിച്ചു നിൽക്കും എന്ന അവസ്ഥ മരുഭൂമിയിലേക്ക് നോക്കും പോലെ മനസ്സിനെ ശൂന്യമാക്കിയിട്ടു.
വീട്ടിലേക്ക് വന്നപ്പോൾ അമ്മ ആകെ വിഷാദാവസ്ഥയിൽ ആയിരുന്നു. രോഗം തുടങ്ങി മരണ ദിവസം വരെ ഒരിക്കൽപോലും പരസഹായത്തോടെ ബാത്ത് റൂമിൽ പോവേണ്ടി വന്നിട്ടില്ല.
ഈ ഏകാന്തതയിൽ ചില ഓർമ്മക്കാഴ്ച്ചകൾ കണ്ണുനീരിനാൽ മൂടപ്പെടുന്നുണ്ട്. അങ്ങനെ ഒരു കാഴ്ച്ചയായിരുന്നു കീമോ നിർത്തിയ അന്ന് പുലർച്ചെ രണ്ട് മണിക്ക് അമ്മയെ അടുത്ത് കാണാത്തപ്പോൾ എഴുന്നേറ്റ് അടുക്കളയിൽ എത്തിയപ്പോഴുള്ള കാഴ്ച്ച .ടേബിളിൽ തല ചായ്ച്ച് അമ്മ കരയുകയായിരുന്നു. നമ്മളെ വിഷമിപ്പിക്കരുത് എന്ന് കരുതി അടക്കിപ്പിടിച്ച വികാരങ്ങൾ പെയ്തൊഴിക്കുകയായിരുന്നു. .. ജീവിതം എന്നത് വിലപ്പെട്ട നിധിയാണ്. പ്രത്യേകിച്ചും പ്രിയപ്പെട്ടവരോടൊപ്പം ഉള്ള ജീവിതം. മരണം മുന്നിൽ കണ്ടത് പോലെ ആയിരുന്നു അവസാനത്തെ ഒരാഴ്ച്ച ഒരു വെള്ളിയാഴ്ച്ച ഞാൻ ഹസ്ബന്റിന്റെ വീട്ടിലേക്ക് പോയി. വീട്ടിൽ അച്ഛനും അമ്മയും തനിച്ചായിരുന്നു. എന്റെ ഹസ്ബന്റ് നാട്ടിൽ വരുന്നത് കൊണ്ട് പോവാൻ പറഞ്ഞതാണ്. മനസ്സില്ലാമനസ്സോടെ ഞാൻ ഇറങ്ങി. അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. അമ്മയ്ക്ക് വേണ്ടതൊക്കെ ഒരുക്കി വെച്ചു. പുറത്തെ ഗ്രിൽസ് പിടിച്ച് കണ്ണിൽ നിന്ന് മറയുന്നത് വരെ അമ്മ നോക്കി നിന്നു. ഒരുതരം മരവിപ്പായിരുന്നു എനിക്ക്. കല്യാണം കഴിഞ്ഞ് കുറച്ച് ദിവസം മാത്രമേ അവിടെത്താമസിച്ചുള്ളൂ. ബാക്കി ദിവസങ്ങൾ ഒക്കെത്തന്നെ എൻറ വീട്ടിൽ ആയിരുന്നു.
അവിടെ എത്തി മൂന്നാം ദിവസം തന്നെ ചേച്ചി വിളിച്ചു. "അമ്മയ്ക്ക് തീരെ വയ്യ." ഞങ്ങൾ ഹോസ്പിറ്റലിൽ പോവുകയാണെന്ന് പറഞ്ഞു. അന്ന് രാത്രി ഞാൻ കുറേക്കരഞ്ഞു. പിറ്റേന്ന് രാവിലെ അവിടുത്തെ അച്ഛന്റെ കൂടെ ഹോസ്പിറ്റലിലേക്ക് പോയി. അമ്മ ആകെ പേടിച്ചിരുന്നു. അമ്മയുടെ കണ്ണുകൾക്ക് ജീവനില്ലാത്ത അവസ്ഥ. കിടക്കാതെ സൈഡ് ബെഞ്ചിൽ എഴുന്നേറ്റിരിക്കുന്നു. അന്ന് എല്ലാ മാമൻമാരും അമ്മമ്മയും ഒക്കെയുണ്ടായിരുന്നു. പഴയ ഹോസ്റ്റൽ കഥകൾ വരെ ഇടതടവില്ലാതെ പറയുന്നുണ്ടായിരുന്നു. രാത്രി വളരെ വൈകിയാണ് കിടന്നത്. അമ്മയുടെ അനിയത്തി ഷീജേച്ചിയും ഉണ്ടായിരുന്നു. ചേച്ചിയെ അമ്മ വീട്ടിലേക്ക് വിട്ടു. അവൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ പേടി കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് അമ്മ പറഞ്ഞു. അത് സത്യമായിരുന്നു. അവൾ ജോലിയിൽ പ്രവേശിച്ച് പ്രൊബേഷൻ പീരിയഡ് ആയിരുന്നു. മൂത്ത ചേച്ചിയ്ക്ക് കുഞ്ഞുവാവയുള്ളത് കൊണ്ട് അവൾക്കും അമ്മയുടെ കൂടെ അധികം നിൽക്കാൻ പറ്റിയില്ല. അന്ന് രാത്രി എല്ലാ റിപ്പോർട്ടുകളും എന്നെക്കൊണ്ട് എടുത്ത് വെപ്പിച്ചു. വലത്ത് സൈഡ് തിരിഞ്ഞു കിടക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു.രാവിലെ എഴുന്നേറ്റ് ഭക്ഷണം ഒക്കെ കഴിച്ച് പതിവിൽ കൂടുതൽ ഉന്മേഷത്തോടെ പഴയ കാല കഥകൾ ഒക്കെ പറയാൻ തുടങ്ങി.
ഡോക്ടർ വരാൻ ലേറ്റാവും എന്നറിഞ്ഞപ്പോൾ ബാത്റൂമിൽ പോയി. ഞാൻ പുറത്ത് നിന്നു. അമ്മ ധൃതിയിൽ ഡ്രസ്സ് മാറ്റി പുറത്തേക്ക് വന്നു. ആകെ ശ്വാസം കിട്ടാത്ത അവസ്ഥ. നേഴ്സിനെ വിളിച്ചു. അവർ നെബു ലൈസർ ഒക്കെ വെച്ചു. പിന്നീട് ഓക്സിജൻ സിലിണ്ടർ ഒക്കെ റെഡിയാക്കി മാസ്ക്കിന് പകരം കുഴല് വെച്ചു. ഡോക്ടറെ വിളിക്കാൻ ഞാൻ ഓ.പി യിലേക്ക് ഓടി. അവിടെ ഇതുപോലെ പ്രതീക്ഷ നഷ്ടപ്പെട്ട ഒരു പാട് ആളുകളുടെ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഡോക്ടർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നിസ്സഹായയായി റൂമിലെത്തി. അമ്മ കുറേത്തവണ എന്നെ പുറത്തേക്കയച്ചു. നിസ്സഹായാവസ്ഥയ്ക്കൊപ്പം ഒരു തരം മരവിപ്പ് ആയിരുന്നു .. ഒന്നും ചെയത് കൊടുക്കാൻ പറ്റാത്ത അവസ്ഥ. .ഇടയ്ക്കിടെ പൾസ് റേറ്റ് എത്രയായീന്ന് ചോദിച്ചു കൊണ്ടിരുന്നു. ഒരു ബയോളജി ടീച്ചർ ആയതു കൊണ്ടു തന്നെ ശരീരത്തിന്റെ മാറ്റങ്ങൾ ഓരോന്നായി അമ്മക്ക് അറിയാൻ കഴിഞ്ഞിരുന്നു. രാവിലെ 8.30 തുടങ്ങിയ ശ്വാസംമുട്ടൽ വൈകുന്നേരം 3.45 ന് മരണം സംഭവിക്കും വരെ ഉണ്ടായിരുന്നു. 3.15 ന് മാത്രമാണ് ഷമീർഡോക്ടർ റൂമിലേക്ക് വന്നത് അതിനിടയിൽ ഡ്യൂട്ടി ഡോക്ടർ വന്നപ്പോഴും ഷമീർ ഡോക്ടറെ കണ്ടാൽ ഒന്നുറങ്ങിയാൽ എന്റെ ശ്വാസം മുട്ടൽ മാറുമെന്ന് അമ്മ പറഞ്ഞു. അപ്പോഴേക്കും ബന്ധുക്കളെല്ലാവരും എത്തിയിരുന്നു.
ഷമീർ ഡോക്ടറെ കണ്ടപ്പോൾ ഉറങ്ങാനുള്ള മരുന്ന് വേണം എന്ന് കരഞ്ഞ് പറഞ്ഞതും ബോധം പോയതും ഒരുമിച്ചായിരുന്നു. ഡോക്ടർ മോർഫിൻ കുത്തിവെച്ചു. സാവധാനം പൾസ് റേറ്റ് കുറഞ്ഞു വന്നു. സൗണ്ട് ഒക്കെ നിന്നു. 3.45 ന് മരണം സ്ഥിതീകരിച്ചു. അങ്ങനെ 2006 ഡിസംബർ 28ന് അമ്മ ഞങ്ങളെയൊക്കെ വിട്ട് പോയി.
ഇന്ന് ഓർമ്മകൾ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുമ്പോൾ ഞാൻ മലബാർ ക്യാൻസർ സെന്ററിലെ പേയിങ്ങ് വാർഡിലെ പുറത്തേക്ക് നീളുന്ന ജനാലയിൽ മരവിച്ച മനസ്സോടെ അമ്മയെ യാത്രയാക്കുകയാണ്..നഷ്ടങ്ങൾക്ക് ജീവൻ വെയ്ക്കാൻ ഓർമ്മകൾ കൂട്ടിനില്ലെങ്കിൽ ജീവിതം എത്ര വ്യർത്ഥമായേനെ!!
(കവിതസഫൽ )
[ക്യാൻസർ കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് ചികിൽസ നടത്തുക. ധൈര്യപൂർവ്വം നേരിടുക. ഇന്ന് ചികിൽസാ രംഗം ഒരുപാട് പുരോഗമിച്ചു ]

ജീവിക്കാനായ്

Image may contain: 1 person, smiling, selfie and closeup
വീടിന്റെ മുകൾനിലയിലാണ് ഒരുകാലത്ത് സ്വീകരണമുറിയിൽ പ്രതാപത്തോടെ കഴിഞ്ഞ ഷോക്കേസ് ഇരിക്കുന്നത്. അവനും വൃദ്ധനായിരിക്കുന്നു. ഇത്തവണ നാട്ടിൽ പോയപ്പോൾ ഞാൻ മുകളിലോട്ട് കയറി. ഒരു മുറിയിൽ ഓർമ്മവെച്ച കാലം മുതലുള്ള മാതൃഭൂമിയും ദേശാഭിമാനിയും ചിന്തയും ഒക്കെ അടുക്കുകളായി കിടക്കുന്നുണ്ട്. മുറി നിറഞ്ഞ് കവിയാറായപ്പോഴാണ് അച്ഛൻ കുറയൊക്കെ ഒഴിവാക്കാൻ സമ്മതിച്ചത്. ഷോക്കേസ് തുറക്കാൻ നന്നേ ബുദ്ധിമുട്ടി.
പഴയ റഷ്യൻ നാടോടി കഥകളൊന്നും തന്നെ അതിലില്ല. നോവലുകൾ അധികവും അപ്രത്യക്ഷമായിരിക്കുന്നു. കുറേയധികം പുസ്തകങ്ങൾ അച്ഛൻ വായനാശാലയ്ക്ക് കൊടുത്തിരിക്കുന്നു. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് തോന്നിക്കാണും. അന്ന് ഉറങ്ങുന്നതിന് മുൻപ് യുറീക്കയും ബാലരമയും ബാലമംഗളവും ഒക്കെ വായിച്ചിരുന്നു. കൗമാരപ്രായത്തിൽ എം ടിയുടെ കഥകളും റഷ്യൻ നാടോടിക്കഥകളും. അല്ലാതെയുള്ള പുസ്തകങ്ങളൊന്നും തന്നെ ഞങ്ങളാരും വായിച്ചിരുന്നില്ല.അച്ഛൻ ഇപ്പോൾ പുസ്തകങ്ങളൊന്നും വാങ്ങാറില്ല
പണ്ട് കേട്ട് മടുത്ത കിലോമീറ്ററുകൾ താണ്ടിയുള്ള വായനയുടെ കഥകളും ഇപ്പോൾ അച്ഛന്റെ നാവിൻതുമ്പിൽ വരാറില്ല എന്തോ ചേച്ചി അതേറ്റടുത്തത് പോലെ തോന്നി. കുറേ പണിപ്പെട്ട് നോക്കിയപ്പോഴാണ് യൂഹ്വായുടെ ജീവിക്കാനായി കൈയ്യിൽ തടഞ്ഞത്. ഒരാഴ്ച്ച മുന്നേയാണ് വായിക്കാൻ കൈയ്യിലെടുത്തത് ഒരു ദിവസം കൊണ്ടു തന്നെ മുഴുവൻ വായിച്ചു തീർത്തു. മനസ്സിനെ ഇത്രയേറെ സ്വാധീനിച്ച നോവൽ ഇല്ല എന്ന് തോന്നിപ്പോയി. അത്രയേറെ യ്വാകിങ്ങും ജിയാഷാനുമൊക്കെ വേദനയോടെ മനസ്സിൽ കയറിയിരുന്നു.
1992 ൽ ആണ് ഈ പുസ്തകം പുറത്തിറങ്ങിയത് ഒരു വർഷം കൊണ്ടു തന്നെ ഈ പുസ്തകം നിരോധിക്കപ്പെട്ടു. തുടർന്ന് കഥാതന്തുവിനെ അടിസ്ഥാനമാക്കി ഷാങ്ങ് യിമോ സംവിധാനം ചെയ്ത സിനിമയും ഇറങ്ങി .പുസ്തക നിരോധനം നീക്കിയെങ്കിലും സിനിമ നിരോധിക്കുക തന്നെ ചെയ്തു. സാസ്കാരിക വിപ്ലവകാലത്തെ യഥാർത്ഥ ചൈനയുടെ മുഖം വരച്ചുകാണിക്കുന്നുണ്ട് ഈ നോവലിൽ. അക്കാലത്ത് അക്ഷരവിദ്യാഭ്യാസമുള്ളവരൊക്കെ അക്രമിക്കപ്പെട്ടിരുന്നു. അന്ന് ചൈനയിൽ പുസ്തകങ്ങളേയില്ല. സാസ്കാരിക വിപ്ലവകാലത്തെ പോസ്റ്ററുകൾ വായിച്ചാണ് യൂഹ്വാ വളർന്നത്. മുദ്രാവാക്യകാലത്ത് ആർക്കും ആരെക്കുറിച്ചും കഥകൾ മെനയാം .ചുമരിലെഴുതി ഒട്ടിക്കാം .അതൊക്കെ ഓരോ മനുഷ്യരുടെ ജീവിതങ്ങളായിരുന്നു.അതു തന്നെയായിരുന്നു യൂഹ്വായുടെ വായനയുടെ അടിത്തറയും.
1935ന് ശേഷമുള്ള അമ്പത് വർഷത്തെ ചൈനയുടെ ചരിത്രമാണ് ഈ പുസ്തകത്തിനാധാരം.
സമ്പന്നതയുടെ മടിത്തട്ടിൽ വളർന്ന ഹ്യൂഗിസ് എന്ന ചെറുപ്പക്കാരൻ ചൂതാട്ടം നടത്തിയും വ്യഭിചരിച്ചും കുടിച്ച് കൂത്താടിയും കുടുംബ സ്വത്തുക്കൾ ഒന്നൊന്നായി നശിപ്പിക്കുകയാണ്. പൂർവ്വികർ സമ്പാദിച്ചത് ഇരട്ടിപ്പിക്കാനാണ് ചൂതാട്ടം ജോലിയായി സ്വീകരിച്ചത് എന്നാണ് ഹ്യൂഗി യുടെ വാദം. പട്ടണത്തിലെ അരി ക്കച്ചവടക്കാരനായ ഭാര്യാപിതാവിനെ മന: പൂർവ്വം അപമാനിക്കുന്ന ഹ്യൂഗിനെ അദ്ദേഹത്തിന്റെ നല്ലവളായ മകൾ ജിയാഷൻ നേർവഴിക്ക് നടത്താൻ സ്നേഹവും ക്ഷമയും വേണ്ടുവോളം കൊടുക്കുന്നുണ്ടെങ്കിലും തറവാട് പണയപ്പെട്ട് അവസാനം വീട്ടിൽ നിന്ന് ദരിദ്രനായി ഇറങ്ങും വരെ അയാൾക്ക് മാനസാന്തരം ഉണ്ടാകുന്നില്ല.
കുടുംബം നശിപ്പിച്ച ഹ്യൂഗി വീട്ടിലെല്ലാവരും ഒരുമിച്ചിരുന്നെങ്കിൽ ഇതിൽപ്പരം സന്തോഷം മറ്റെന്ത് എന്ന് ചിന്തിക്കുന്നിടത്താണ് "ജീവിക്കാനായ് " ജീവനുള്ള വരുടെ അതിജീവനത്തിന്റെ കഥയായി മാറുന്നത്.
ഹ്യൂഗി യും അച്ഛനും അമ്മയും മകളും ഭാര്യയും ദാരിദ്യത്തിൽ ജനിച്ച മകൻ യ്വാകിങ്ങുമടങ്ങിയ കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയായി ജീവിക്കാനായി മാറുകയാണ്. കുടുംബത്തിന്റെ സ്നേഹം അയാൾ തിരിച്ചറിയുന്നു. അമ്മയുടെ രോഗത്തിന് ഡോക്ടറെ കാണാൻ പട്ടണത്തിലെത്തിയ ഹ്യൂഗിയെ നാഷണലിസ്റ്റുകാർ നിർബന്ധിച്ച് പട്ടാളത്തിൽ ചേർക്കുന്നു. രണ്ടു വർഷത്തെ പീഢനങ്ങൾക്ക് ശേഷം പുറത്തിറങ്ങാൻ കഴിഞ്ഞ അവശേഷിച്ചവരിൽ ഹ്യൂഗി യും ഉണ്ടായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ അയാൾ അമ്മയുടെ മരണം വേദനയോടെ തിരിച്ചറിയുകയാണ്.
പിന്നീട് രോഗത്തെ തുടർന്ന് മൂകയായ മകൾ അവളുടെ പ്രസവത്തിലും രോഗിയായി തീർന്ന ഭാര്യയും മരിക്കുന്നതോടെ തനിച്ചാവുന്ന ഹ്യൂഗി അറവുശാലയിൽ നിന്ന് വാങ്ങിയ കാളയോടൊപ്പം ജീവിക്കാനായ് ജോലി ചെയ്യുകയാണ്. ഒരു യാത്രികന് ഹ്യൂഗി തന്റെ ജീവിതം പറഞ്ഞു കൊടുക്കുമ്പോലെയാണ് കഥ ആരംഭിക്കുന്നത്. ഡി.സി ബുക്സാണ് ജീവിക്കാനായിയുടെ പരിഭാഷ പബ്ലിഷ് ചെയ്തിരിക്കുന്നത്. ഈ വായനാ ദിനത്തിൽ ജീവിക്കാനായുടെ വായനാനുഭവം നിങ്ങൾക്ക് പങ്ക് വെയ്ക്കണമെന്ന് തോന്നി. ഇത് അച്ഛൻ വാങ്ങിയ പുസ്തകമാണ്. എനിക്കൊരു പശ്ചാത്താപത്തോടെയുള്ള പരിഹാരവുമായി. എല്ലാവർക്കും എന്റെ വായനദിനാശംസകൾ

By: Kavitha Saphal on June 19 @ Nallezhuth

അവരോഹണം

Image may contain: 1 person, smiling, selfie and closeup
കാറ്റും കോളുമൊന്നുമില്ലാത്ത ശാന്തമായ പകലിന്റെ മധ്യത്തിലാണ് ഞാൻ ചാത്തന്നൂരിൽ വണ്ടിയിറങ്ങിയത്. ലോക്കൽ ട്രയിനുകളും ഒന്നോ രണ്ടോ ദീർഘദൂര വണ്ടികളും അല്ലാതെ മറ്റൊന്നിനും സ്റ്റോപ്പില്ലാത്ത സാധാരണ റെയിൽവേ സ്റ്റേഷനാണ് ചാത്തന്നൂർ. ആൽമരത്തിന്റെ തണലിൽ പ്ലാറ്റ്ഫോമിനോട് ഓരം ചേർന്നുള്ള സിമൻറ് ബഞ്ചിൽ കുറച്ച് സമയം ചെന്നിരുന്നു. സാമാന്യം നല്ല വിശപ്പുണ്ടെങ്കിലും കഴിക്കാനുള്ള മനസ്സില്ലാത്തതിനാൽ ഞാനവിടെത്തന്നെ ഇരുന്നു . അവിടെ കുറച്ചു സമയം ഇരുന്നപ്പോൾ തന്നെ അപരിചിതമായ സ്ഥലത്ത് എത്ര നേരം വേണമെങ്കിലും പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ ഇരിക്കാം എന്നെനിക്ക് ബോധ്യമായി.മലനിരകളും കാപ്പിത്തോട്ടങ്ങളും നിറഞ്ഞ ഒരു ഉൾനാടൻ ഗ്രാമപ്രദേശം. റെയിൽപ്പാളം കടന്നാലുള്ള റോഡ് വഴിയാണ് എനിക്ക് പോവേണ്ടത്. മലഞ്ചെരിവിലെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചു കൊണ്ട് തുറന്ന് പ്രവർത്തിക്കുന്ന ഈവിനിങ്ങ് കോഫി ഷോപ്പ് മാത്രമേ ആ സ്റ്റേഷനിലുണ്ടായിരുന്നുള്ളൂവെന്ന് കണ്ണോടിച്ചപ്പോൾ മനസ്സിലായി. .ആ സമയത്ത് അവിടെ വ്യത്യസ്തമായ കാഴ്ച്ച എന്നെനിക്ക് തോന്നിയത് പട്ടിക്കുഞ്ഞിനോടൊപ്പം ഇരിക്കുന്ന നാട്ടുകാരിയല്ലന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ പറ്റുന്ന ലിപ്സ്റ്റിക്കിട്ട് തുടുപ്പിച്ച ചുണ്ടോട് കൂടിയ സ്ത്രീയാണ്. പട്ടിയോടൊപ്പം സഞ്ചരിക്കാനിഷ്ടപ്പെടുന്നവർ കടുത്ത ഏകാന്തത തിന്നുവരാണെന്ന് എവിടെയോ വായിച്ച ഓർമ്മയിൽ ഞാനവരെത്തന്നെ നോക്കിയിരുന്നു. സാബുവിന്റെ വീടെന്ന ലക്ഷ്യം മനസ്സിലേക്ക് വന്നപ്പോൾ തല വെട്ടിച്ച് റബ്ബർ തോട്ടത്തിലേക്ക് കണ്ണ് പായിച്ചു.അച്ഛന്റെ ഓർമ്മകൾ പേറുന്ന കാലൻ കുടയെ ശരീരത്തോട് ചേർത്ത് പിടിച്ച് ഫ്ലാറ്റ്ഫോം കടന്ന് എതിർവശത്തുള്ള റോഡിലൂടെ അജയൻ തന്ന വഴിയടയാളത്തിന്റെ ബലത്തിൽ മെല്ലെ എഴുന്നേറ്റ് നടന്നു.ബോഗൻ വില്ലകൾ കാട്കയറി തുരുമ്പ് കയറിയ കറുത്തഗേറ്റെന്ന അടയാളം ഇരുവശത്തും നോക്കി നോക്കി നടന്നതിനാൽ വഴിയിലുള്ള മറ്റൊന്നും എന്റെ കണ്ണിലേക്കെത്തിയില്ല.
അരക്കിലോമീറ്ററോളം നടന്നപ്പോഴാണ് പ്രതീക്ഷിച്ച പോലെ ഓറഞ്ചും വയലറ്റും വെള്ളയും ബോഗൻവില്ല പൂക്കൾ കാട്കയറിയ നെടുനീളൻ ഗേറ്റ് കണ്ണിൽ തട്ടിയത്..
പഴയത് കീറി താഴെയിടാതെ അടുക്ക് കട്ടിയായ ചുമർ പരസ്യങ്ങൾ കൊണ്ട് സമൃദ്ധമായിരുന്നു മതിൽക്കെട്ട്. ഗേറ്റ് തുറന്ന് കരിങ്കല്ല് പാകിയ മുറ്റത്തേക്ക് കയറിയപ്പോൾ രണ്ടും അഞ്ചും വയസ്സു തോന്നിക്കുന്ന കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നു. സാബൂന്റെ വീടല്ലേ. ? എന്റെ ശബ്ദം കേട്ടപ്പോൾ കൂട്ടത്തിൽ മുതിർന്ന കുട്ടി അകത്തേക്കോടിപ്പോയി.
സാബുവിന്റെ ഭാര്യയെന്ന് തോന്നുന്ന സ്ത്രീയും പ്രായം ചെന്ന ഒറ്റമുണ്ടുടുത്ത സ്ത്രീയും പുറത്തേക്ക് വന്നു..സാബുവിന്റെ അമ്മയാണെന്ന് പറയാതെ തന്നെ ഊഹിക്കാമായിരുന്നു
"സാബൂന്റെ? "
"കൂട്ടുകാരനാണ്. "
അങ്ങനെ പറയാനാണ് ആ സമയത്ത് തോന്നിയത്.
ഈ യാത്രപോലും വിധിയുടെ ഭാഗമെന്നപോലെ കളഞ്ഞ് കിട്ടിയ ഡയറിക്കുറിപ്പിന്റെ പിൻബലത്തിലാണെന്ന് ഇവരെ എങ്ങനെ മനസ്സിലാക്കും. പട്ടാളക്കാരും മജ്ജയും മാംസവുമുള്ള മനുഷ്യരാണെന്ന് സമൂഹം പോലും മറന്ന് പോവുന്നുണ്ടല്ലോ.
വരാന്തയിൽ നിന്ന് നോക്കിയാൽ മലയടിവാരത്തുകൂടിയുള്ള റോഡ് കാണാം. എന്ത് പറയും എന്ന് ആശങ്കയുള്ളതിനാൽ മനസ്സിലെ ചിന്തകളും അടുക്കും ചിട്ടയുമില്ലാതായി. മുക്കിയും മൂളിയും വരുന്ന ബസ്സിന്റെ ഇരമ്പൽ കാതിലേക്ക് തുളച്ചു കയറി.
"ഇടയ്ക്കിടെ ബസ്സുണ്ടോ ?"
സാബൂന്റെ ഭാര്യ ബസ്സിനെ നോക്കി പിന്നെ ക്ലോക്കിൽ നോക്കി
"ആരതി പോയാൽ അഞ്ചേ നാല്പത്തഞ്ചിന്റെ പ്രകാശുണ്ട്. അതിന് പോവാം ".
സാബൂന്റെ ഭാര്യയുടെ മുഖത്ത് അവരുടെ അകത്തെ വേവ് അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ തല വെട്ടിത്തിരിച്ച് കാലൻ കുടയോടൊപ്പം ചേർത്ത് പിടിച്ച ചുവന്ന കവർ പുറത്തേക്കെടുത്തു.
കുട്ടികൾക്കുള്ള രണ്ട് ജോഡി ഡ്രസ്സും ചോക്കലേറ്റ് പാക്കറ്റും അവരുടെ കൈയ്യിലേക്ക് വെച്ചു കൊടുത്തു.
"ചിക്കുമോന്റ ബർത്ത് ഡേ ഇന്നല്ലേ?"
ആ ഒരൊറ്റ ചോദ്യം അവർക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നത് പോലെ തോന്നി. നെഞ്ചിലൊരു വേദന നാമ്പിട്ടു. വരാന്തയോട് ചേർത്ത് കെട്ടിയ പ്ലാസ്റ്റിക്ക് ഷെഡ്ഡിന്റെ പുറത്ത് എന്തോ വന്ന് വീണിരിക്കുന്നു. ഒരു ഗ്രാനൈഡ് പൊട്ടിയ ശബ്ദവും മനുഷ്യമാംസത്തിന്റെ ഗന്ധവും വായുവിൽ കലർന്നത് പോലെ തോന്നി. ഞാൻ ശക്തിയായി ചുമച്ചു.
"ഇയാൾക്ക് നല്ല സുഖമില്ലേ? ഇവിടുത്തെ കാറ്റ് കൊണ്ടാൽ അസുഖം താനേ വന്നോളും "
..
മനസ്സിന്റെ അസ്വാസ്ഥ്യം മറച്ച് പിടിക്കാൻ ഞാൻ നിശബ്ദത പാലിച്ചു.
"ഒരു മാസായി സാബു വിളിച്ചിട്ട് !"ചൂടുള്ള ചായയും ഒരു കുഞ്ഞു പ്ലേറ്റിൽ ബിസ്ക്കറ്റും കൊണ്ട് വരുന്നതിനിടയിൽ അമ്മ പറഞ്ഞു. "വിളിക്കാൻ പറ്റാതായത് മൊബൈൽ റെയ്ഞ്ചില്ലാത്തിടത്താണ്."
മേജറിന്റെ റൂമിലെ ബി എസ് എന്നൽ ഫോണിന് മുന്നിലെ ക്യൂവിലെ ഊഴമെത്തും മുന്നേ ഡ്യൂട്ടി ടൈം ആവാറുണ്ട്.
"ഇന്ന് ഈ നീമിഷത്തെക്കുറിച്ചല്ലാതെ നാളയെക്കുറിച്ച് ചിന്തിക്കാനോ കുടുംബത്തെ ഓർത്ത് സങ്കടപ്പെടാനോ കഴിയാത്ത വിധം നിസ്സഹായരാണ് ഞങ്ങളൊക്കെ . "
അസമയത്ത് പറയേണ്ടിരുന്നില്ല എന്ന തോന്നലുണ്ടായപ്പോൾ മൗനം പാലിച്ചു. അമ്മ പിന്നീടൊന്നും ചോദിച്ചില്ല.
സാബുവും എന്നെപ്പോലെ കുടുംബഭാരവുമായി പട്ടാളത്തിലെത്തിപ്പെട്ടവനാണ് എന്നെനിക്ക് തോന്നി. രാജ്യസ്നേഹവും ലക്ഷ്യബോധവും ധൈര്യവും ഒക്കെ വഴിയേ വന്ന് ചേരുന്നതാണല്ലോ.
ഞാൻ മെല്ലെ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി.ഗന്ധരാജനും , ശംഖു പുഷ്പവും നമ്പ്യാർവട്ടവും അമ്മയെ ഓർമ്മിപ്പിച്ചു. മുൻവാതിലിന് മുഖമായുള്ള നീളൻ നടയിലൂടെ ഞാൻ ഗോവണി ലക്ഷ്യമാക്കി നടന്നു. തറവാട്ടിലും ഇതുപോലെ മുൻവശത്ത് ഗോവണിയും ഒരു വശത്തായി വണ്ടി കയറാൻ ചെറിയ ഗേറ്റും ഉണ്ട്. ഗോവണിയിൽ നിന്നുള്ള കാഴ്ച്ച നീളുന്നത് പരന്ന് കിടക്കുന്ന റബ്ബർ തോട്ടത്തിലേക്കാണ്. ബസ്സ് വരാൻ സമയമേറെ കിടക്കുന്നുണ്ട്. മനസ്സിൽ വീണ്ടും കുറ്റബോധം വന്ന് നിറയാൻ തുടങ്ങി.
നാട്ടിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടയിലാണ് ദീൻ ഭായി കൊല്ലപ്പെട്ടത്. വീട്ടിലേക്കുള്ള അത്യാവശ്യം സാധനം വാങ്ങാൻ പുറപ്പെട്ടതായിരുന്നു. നാട്ടിലേക്ക് പുറപ്പെടുമ്പോൾ കഴിയുന്നത്ര സാധനങ്ങൾ എല്ലാവരും വാങ്ങികൂട്ടാറുണ്ട്. ദീൻ ബായ് ട്രക്കിന്റെ ഡ്രൈവറായിരുന്നു. കൂടുതൽ ശ്രദ്ധയും പരിശീലനവും വേണ്ടുന്ന ജോലിയാണത്. തീവ്രവാദികൾ ആദ്യം ലക്ഷ്യം വെക്കുക ഡ്രൈവർമാരെയാണ്. കൺമുന്നിൽ നടന്ന മരണമായിരുന്നു ദീൻ ഭായിയുടേത്. തോക്കും ,ബാരണും, വെള്ളവും തൂക്കി കൊണ്ടുള്ള നടത്തത്തിനിടയിൽ കൺമുന്നിൽ കണ്ട് കൊണ്ടിരിക്കുന്ന പലരും മരണപ്പെട്ടിട്ടുണ്ടെങ്കിലും ഭായിയുടെ മരണം തന്ന നീറ്റൽ വളരെ വലുതായിരുന്നു.
പുൽവാമയിലെ ക്യാമ്പിന്റെ ഓരം ചേർന്ന് പേരറിയാത്ത ഒരു മരം ഉണ്ടായിരുന്നു. അതിൽ നിറയെ കൊട്ടക്കാ കായ് പോലെ പഴം കായ്ച്ച് നിൽക്കാറുണ്ട്. കഴിക്കാൻ ആർക്കും ധൈര്യം തോന്നിയിരുന്നില്ല ഭായിയാണ് അതിന്റെ കായ ധൈര്യപൂർവ്വം കഴിച്ചത്.ആ മരം രാത്രിയിൽ സുഗന്ധം പരത്താറുണ്ട്. കല്യാണം കഴിഞ്ഞവരൊക്കെ ആ സുഗന്ധത്തിൽ ഭാര്യമാരെ ഓർക്കാറുണ്ട്. മിൽട്രി ക്യാൻറീനിലേക്ക് പുറപ്പെട്ടപ്പോൾ ദീൻ ഭായ് ഞങ്ങൾക്ക് കായ പറിച്ച് നൽകിയിരുന്നു.
കാശ്മീരിലെ സ്ത്രീകൾ അതിസുന്ദരികളാണ്. ലോകത്തെവിടേയും കാണാൻ പറ്റില്ല അത്രേം സുന്ദരികളായ സ്ത്രീകളെ . കൃത്യമായ അകലം പാലിച്ച് കണ്ണിമ തെറ്റാതെ അവരുടെ സൗന്ദര്യം നോക്കി നിന്നിട്ടുണ്ട്. കുടുംബത്തിലെ പുരുഷൻമാരെ കൊല ചെയ്ത് സ്ത്രീകളെ ബലാൽസംഘം ചെയ്യുന്നത് അവിടെ പതിവാണ്. പട്ടാളം പോലും അവരുടെ ജീവൻ രക്ഷിക്കാൻ പറ്റാതെ നിസ്സഹായരാവാറുണ്ട്.കൂട്ടത്തിൽ കല്യാണം കഴിക്കാത്തത് ഞാൻ മാത്രമായതുകൊണ്ട് കാശ്മീരി സുന്ദരികളുടെ സൗന്ദര്യാസ്വാദനത്തിൽ എന്നും പഴി കേൾക്കാറ് എനിക്കാണ്. ഭായിയോടൊപ്പം ഞങ്ങൾ അഞ്ച് പേർ അന്ന് കാന്റീനിലേക്ക് പുറപ്പെട്ടിരുന്നു. അച്ഛന്റെ മരണശേഷം രണ്ട് തവണ ക്യാൻസലായി കിട്ടിയ ലീവായതിനാൽ എന്തെങ്കിലും വാങ്ങിക്കൊണ്ടുപോവാനുള്ള മനസ്സൊക്കെ നഷ്ടപ്പെട്ടിരുന്നു. ക്യാമ്പിന് സമീപമുള്ള
ഒരു വീട് തീവ്രവാദികൾ വളഞ്ഞിട്ടുണ്ടെന്ന വിവരം ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ വന്ന് പറഞ്ഞു. ട്രക്കോടിച്ചത് ദീൻഭായിയാണ് .
രണ്ട് തീവ്രവാദികൾ ഏറ്റുമുട്ടലിൽ മരിച്ചിരുന്നു.. വീടിനു പുറത്താണ് ദീൻ ഭായിയുടെ ശവശരീരം കിടന്നിരുന്നത് വെടിവെപ്പിലുള്ള മരണമായതിനാൽ ശരീരത്തിന് വലിയ പോറൽ ഉണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോൾ ഗ്രനേഡ് അക്രമണത്തിൽ ക്യാമ്പ് തകർന്നിരുന്നു . തകർന്ന് വീണ കെട്ടിടത്തിനും മഞ്ഞുമലകൾക്കുമിടയിൽ മാംസപിണ്ഡമായി അവശേഷിച്ചു പോയി സാബുവിന്റേം സ്വപ്നങ്ങൾ. അവയങ്ങൾ കണ്ടെടുത്ത് കൂട്ടിയോജിപ്പിക്കാൻ സമയമെടുത്തേക്കും.
സാധനങ്ങൾ അടുക്കി പെറുക്കുമ്പോൾ കയ്യിൽ തടഞ്ഞ ഡയറിക്കുറിപ്പിനുള്ളിൽ മണിക്കൂറുകൾക്ക് മുൻപ് എഴുതി പോസ്റ്റ് ചെയ്യാതെ വെച്ച കത്തും ഉള്ളടക്കമായി ചിക്കുമോന്റെ പിറന്നാളിന് എത്താമെന്ന വാക്കുപാലിക്കാൻ പറ്റാത്ത വിഷമവും ആയിരുന്നു.
ഔദ്യോതികമായി മരണം സ്ഥിതീകരിക്കും മുൻപ് പറയാനുള്ള അവകാശമില്ല. നാവിൻ തുമ്പിൽ നിന്ന് പുറത്ത് ചാടാതെ സാബൂന്റെ ആത്മാവ് എന്നോടൊപ്പം കൂടി .
അഞ്ചേമുക്കാലിന്റെ ബസ്സ് പിടിക്കാൻ ഞാൻ എഴുന്നേറ്റ് നടന്നു.അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ യൂണിഫോമിനുള്ളിൽ നിന്ന് പുറത്ത് കടന്ന പച്ച മനുഷ്യനായിത്തന്നെ.
(കവിതസഫൽ )

കാത്തിരിപ്പ്

Image may contain: 1 person, smiling, selfie and closeup
▬▬▬▬▬▬▬▬▬▬
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എന്റെ തന്നെ ജീവിതത്തെക്കുറിച്ചുള്ള ചിന്തകളിലാണ് ഞാൻ .വാർദ്ധക്യത്തിന്റേതായ കഠിന രോഗങ്ങളൊന്നുമില്ലെങ്കിലും എനിക്ക് വേണ്ടി ജീവിച്ചില്ല എന്നത് ഓർമ്മകളിലൂടെ നെടുവീർപ്പിട്ട് തീർക്കുകയാണ്. അല്ലെങ്കിലും ജീവിതത്തിന്റെ അവസാന കാലത്താണ് ഒട്ടും തന്നെ ജീവിച്ചില്ല എന്ന തിരിച്ചറിവുണ്ടാവുന്നത്
അത്രയും വർഷത്തെ പരിചയത്തിനിടയിലും സുബൈദോ പറഞ്ഞറിഞ്ഞ ചിത്രങ്ങളെല്ലാതെ കുടുംബത്തെക്കുറിച്ചൊന്നും അന്വേഷിച്ചിരുന്നില്ല എന്നത് നിങ്ങൾക്ക് അസാധാരണമായ കാര്യമായിരിക്കാം. അദ്ദേഹം അവിവാഹിതൻ ആയിരുന്നു. ചിലപ്പോഴൊക്കെ പ്രണയം നൽകുന്ന വിശ്വാസം മറ്റൊന്നും അന്വേഷിക്കാതിരിക്കാൻ നമ്മളെ പ്രാപ്തരാക്കുന്നു അല്ലെങ്കിൽ അതിന്റെ ആവശ്യമില്ലെന്ന് വ്യക്തിത്വം തന്നെ ബോധ്യപ്പെടുത്തുന്നു. ഭർത്താവ് നഷ്ടപ്പെട്ട എന്നോട് തോന്നിയ അനുകമ്പയാണ് പ്രണയത്തിലേക്കെത്തിച്ചത്. ഞാനിപ്പോൾ ഏകാന്തത സൃഷ്ടിച്ചെടുത്ത കനത്ത മൗനത്തിലാണ് മനസ്സ് തെളിഞ്ഞ ആകാശം പോലെ ശൂന്യവും
.സുബൈദോവെ അവസാനമായി കണ്ടത് ചേട്ടന്റെ മകനോടൊപ്പം അമേരിക്കയിൽ നിന്ന് മൂന്ന് മാസത്തേക്ക് നാട്ടിലേക്ക് വന്നപ്പോഴാണ്. തനിച്ച് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിട്ടും ബാഗ്ലൂരിലെത്തി എയർപോട്ടിലേക്ക് പോയി അദ്ദേഹത്തെ കൂട്ടി ഫ്ലാറ്റിലോട്ട് പോന്നു.വയലറ്റ് പൂക്കൾ കൊണ്ടുള്ള കറുത്ത കമ്പിളിക്കുപ്പായം എനിക്കായി കൈയ്യിൽ കരുതിയിരുന്നു. വസന്തകാലം ആയതു കൊണ്ട് ബാഗ്ലൂർ നഗരം വിവിധ നിറത്തിലുള്ള പൂക്കളാൽ മനോഹരമായിരുന്നു. വാർദ്ധക്യത്തിലെ പ്രണയത്തിന് കരുതലിനാണ് മുൻഗണന നിനക്ക് ഞാനുണ്ട് എന്ന തോന്നൽ തന്നെ മതി .കൈ പിടിച്ച് ലാൽബാഗിലൂടെ കുറച്ച് ദൂരം നടന്നു. കൗമാരക്കാരുടെ കുസൃതികൾക്കിടയിലൂടെ. പാർക്കുകൾക്ക് ഒരു പ്രത്യേകതയുണ്ട് എല്ലാ വികാരങ്ങളുടേയും സമ്മേളനസ്ഥലമാണവിടെ. പരിചിത നഗരത്തിന് ഒരു നുണകൂടുതൽ സമയം ഫലിപ്പിക്കാൻ പറ്റില്ലെന്ന തിരിച്ചറിവിൽ ഞങ്ങൾ ലാം ബാഗിലെ മര ബെഞ്ചിൽ നിന്ന് മെല്ലെ എഴുന്നേറ്റു.അവസരങ്ങൾ ഒന്നിച്ചു തരുന്നത് ദൈവമൊരുക്കുന്ന കെണിയാണെന്ന എന്റെ അബദ്ധ ധാരണയെ തള്ളി കളഞ്ഞു കൊണ്ട് സുബൈദോ കാൽ നടപ്പാതയോരത്തെ ചെരുപ്പുക്കുത്തിക്ക് ഇളകാറായ ചെരുപ്പ് അഴിച്ചു കൊടുത്തു. പ്രണയത്തിന്റെ പ്രതിജ്ഞകളുടെ നിറവേറൽ പോലെ വല്ലപ്പോഴും വീണു കിട്ടുന്ന കാഴ്ച്ചകളിലൂടെയും ഫോൺ കോളിലൂടേയും മാത്രമാണ് സുബൈദോ ജീവിച്ചത്.
സുബൈ ദോവിന്റെ കോൾ വന്നാൽ പിന്നെ ഇടതടവില്ലാതെ പറയാൻ കാര്യങ്ങളുണ്ടാവും. നീരസമില്ലാതെ കേട്ടിരിക്കാൻ സുബൈ ദോ റെഡിയായിരിക്കും. സമയദൈർഘ്യം കുറവാണെങ്കിലും ഒരു പാട് കാര്യങ്ങൾ കൈമാറിക്കഴിഞ്ഞിരിക്കും. റിസീവർ താഴെ വെയ്ക്കുമ്പോൾ
ഞാനിവിടെ തനിച്ചല്ലെന്ന് ഓർമ്മിപ്പിക്കുന്നത് ഭിത്തിയിലെ വലിയ പെയിന്റിങ്ങിനടിയിൽ നിന്ന് ചിലച്ചു കൊണ്ടിരിക്കുന്ന പല്ലിയും , വരിവരിയായി ഇടയ്ക്കിടെ വന്നു കുശലപ്രശ്നം നടത്തുന്ന ഉറുമ്പും ,രാവിലെ തൂത്തു കഴുകാൻ വരുന്ന കമലവും,
മേശപ്പുറത്തെ വലിയ കറുത്ത ഭരണിയിൽ ഓർമ്മകൾക്ക് കാവലിരിക്കുന്ന ഗോൾഡ് ഫിഷുമാണ്. അവന്റെ കുറുമ്പുകൾ സമയം തള്ളി നീക്കാൻ എന്നെ സഹായിക്കുന്നുണ്ട്. അതല്ലെങ്കിൽ
കിടപ്പുമുറിയിലെ ഫോണിന്റെ റിസീ വർ എടുത്ത് ചെവിയിൽ | വെച്ചാൽ മതി സുബൈദോവിന്റെ ശബ്ദം കേൾക്കാം. എത്ര നേരം വേണമെങ്കിലും അങ്ങനെയിരിക്കാം എങ്കിലും ഒരിക്കലും കാണാൻ പറ്റില്ലെന്ന ചിന്ത മനസ്സിലേക്കെത്തിയാൽ ഓർമ്മകളിലേക്കൊരു ഊളിയിടലാണ്.

ഗോൾഡ് ഫിഷിനെത്ര വയസ്സായിക്കാണും?"
ഞാനന്ന് വയലറ്റിൽ നീല പൂക്കളുള്ള സാരിയിലായിരുന്നു.

"നീ ഇന്ന് പതിവിലേറെ സുന്ദരിയായിട്ടുണ്ട്. "
പതിവുപോലെ സമ്മാനം കൈമാറുമ്പോൾ സുബൈദോ പറഞ്ഞത് ഓർത്ത് പോയി.. ഏറ്റവും ഇഷ്ടമായത് കൈമാറാൻ മനസ്സുണ്ടാവുമ്പോഴാണ് പ്രണയം സത്യമാവുന്നത്. അതുകൊണ്ടാണല്ലോ സുബൈദോവിന്റെ ഫിഷ്പോണ്ടിലെ പ്രിയപ്പെട്ട കൂട്ടുകാരൻ ഇവിടെ എന്റെയീ ഏകാന്തതയ്ക്ക് കൂട്ടായി . അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഞാൻ ഇരുപത്തി അഞ്ച്കാരിയാവാറുണ്ട്.

"ഗോൾഡ് ഫിഷിന് ആയുസ്സെത്രണ്ടാവും? "
"നമ്മുടെ പ്രണയത്തോളം "
കളിയായി പറഞ്ഞതെങ്കിലും അത് സത്യമായിരുന്നല്ലോ? ഇരുപത്തഞ്ച് വർഷമാവാറായി അവനെനിക്ക് കൂട്ടായിട്ട്. !!പോർട്ടിക്കോവിലെ ചില്ല് ജാലകത്തിന്റെ വിടവിലൂടെ തണുത്ത കാറ്റ് മുറിയിലേക്ക് വിരുന്നു വരുന്നുണ്ട്. രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ചീവീടുകൾ കരയുന്നുണ്ട്. ചീവീടിന്റെ കരച്ചിലിലും സംഗീതമുണ്ടെന്ന് പറഞ്ഞത് ഓർമ്മയുണ്ടോ? ഇവിടെയുണ്ടാവും എന്റെ അരികിൽ എന്റെ ഭ്രാന്തുകൾക്ക് കൂട്ടായി . . മേശപ്പുറത്ത് പ്രണയാക്ഷരങ്ങൾ ചിതറിക്കിടപ്പുണ്ട്. മനസ്സിനുള്ളിൽ തെളിയാതെ കിടയ്ക്കുന്ന വിഷാദത്തിന് കൂട്ടായി മൗനവും.ഇരുപത്തഞ്ച് വർഷത്തോളം ഒരാളെ മാത്രം മനസ്സിൽ കൊണ്ടു നടക്കാൻ പറ്റുമെങ്കിൽ തീർച്ചയായും ആത്മാവിനും കൂടെ നിൽക്കാൻ പറ്റും.
പ്രിയ സുബേദോ നിവേദിന്റെ സ്വപ്ന സൗധത്തിന്റെ കാവൽക്കാരിയാണ് ഞാനിപ്പോൾ .. നിങ്ങളുടെ സംരക്ഷണം കൊതിക്കുമ്പോഴും ഒഴിഞ്ഞ് മാറിയത് വെറും ഒരാഴ്ച്ചത്തെ ദാമ്പത്യം എനിക്ക് സമ്മാനിച്ച അവന് വേണ്ടിയാണല്ലോ !! ഇന്നവന്റെ നിധികുംഭത്തിന്റെ കാവൽക്കാരിയായി ഇവിടെ തനിച്ച്. നിങ്ങൾ പറഞ്ഞ ചില വരികൾ ഞാനിന്ന് ഓർത്തു പോവുകയാണ്.
"വല്ലപ്പോഴും നിനക്കു വേണ്ടിയും ജീവിക്കണം" " .
അതു പറയുമ്പോൾ നിങ്ങളുടെ കണ്ണ് നിറഞ്ഞിരുന്നു. നിങ്ങളുടെ ജീവിതം എന്റെ സന്തോഷങ്ങൾക്ക് വേണ്ടി മാത്രമായി. ഒരാളുടെ ജീവിതം മറ്റൊരാളുടെ സന്തോഷങ്ങൾക്ക് വേണ്ടി മാത്രമാവുമ്പോൾ സ്വയം മറന്നു പോവും അതാണല്ലോ അവസാന കാലം വരെ പരാതിയില്ലാതെ തനിച്ച് പ്രതീക്ഷകളോടെ വിസ്മൃതിയിലേക്ക് മറഞ്ഞത്. നിവേദിനെറെ വെറുപ്പിന് മുന്നിൽ ഇഷ്ടങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നല്ലോ.
എന്നെ ജീവിപ്പിച്ച നിങ്ങളുടെ ശബ്ദവും ഇല്ലാതായി എന്ന തിരിച്ചറിവ് നിങ്ങളിലേക്കുള്ള ദൂരം കുറച്ച് കൊണ്ടിരിക്കുകയാണ് .
തെരുവിലൂടെ ഒരു മരണ ഘോഷയാത്ര മെല്ലെ മെല്ലെ പോയി കൊണ്ടിരിക്കുകയാണ്. ഇവിടെ മരണവും ആഘോഷമാണ്.
കിഴക്കേ അറ്റത്ത് ദൂരെ മൺകൂനകൾ കാണാം ശവകുടീരങ്ങളായാണ് ഞാനതിനെ കാണുന്നത്. ചിലപ്പോഴൊക്കെ വേദനിക്കുന്ന ചിന്ത മനസ്സിലേക്ക് വരുമ്പോൾ അറിയാതെ മനസ്സ് നടത്തുന്ന വികൃതിയല്ലേ മറ്റൊന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കോളറക്കാലത്തെ പ്രണയം നിങ്ങൾ പറഞ്ഞ പ്രകാരം വായിച്ചു തുടങ്ങിയതാണ് .കണ്ണ് പിടിക്കുന്നില്ലെന്നേ. പൂർത്തീകരിച്ച് കഥ കേൾക്കാൾ നിങ്ങളുണ്ടായില്ലല്ലോ? ഫ്ലോറന്റിനോ അരിസയുടേയും ഫെമിനഡാസയുടേയും വൃദ്ധ പ്രണയത്തിന്റെ വശ്യത നമ്മുടെ പ്രണയം പോലെ എത്ര സുന്ദരമായെന്നിരിക്കണം.!!
അമേരിക്കയിൽ നിന്നും ബാഗ്ലൂരിലേക്കുള്ള ദൂരം ഒരു ഫോൺ കോളിനുള്ളിലേക്ക് ചുരുക്കപ്പെട്ടിരുന്നു എന്ന തോന്നൽ നഷ്ടപ്പെട്ടല്ലോ.
KVM ലൈബ്രറിയിലെ ഇടത്തേ അറ്റത്തെ ബെഞ്ച് .ഓർമ്മകൾ ഊർന്നിറങ്ങി 25 കാരിയായി ഞാനവിടെ ഇരിക്കുകയാണ്. ഏകാന്തതയ്ക്ക് പുസ്തകങ്ങളെ കൂട്ടുപിടിച്ചപ്പോഴാണല്ലോ KVM ലൈബ്രറിയിലെ സ്ഥിരം വായനക്കാരിൽ ഒരാളായത്.
ബഷീറിന്റെ പ്രണയലേഖനം നിങ്ങൾ എനിയ്ക്കായി തന്നത് ഓർമ്മയുണ്ട്.
പുസ്തകക്കൂട്ടത്തിലിരിക്കുന്ന ഒരാൾക്ക് ,ഒരു ലൈബ്രേറിയന് തരാൻ പറ്റുന്ന ഏറ്റവും നല്ല പ്രണയലേഖനം അതിൽ ഒളിപ്പിച്ചു വെച്ചത് ഓർമ്മയുണ്ട്. പതിനാലാം നമ്പർ പേജിലായിരുന്നു അത്.
പ്രിയപ്പെട്ട യാമിനീ,
ജീവിതം യൗവന തീക്ഷണവും ഹൃദയം പ്രേമസുരഭിലവും ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു ?
ഞാനാണെങ്കിൽ - എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും യാമിനിയോടൊത്തുള്ള പ്രേമത്തിൽ കഴിക്കുകയാണ് . യാമിനിയോ?
ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്ഥിച്ചു കൊണ്ട് ,
യാമിനിയുടെ സുബേർ.
കേശവൻ നായർ സാറാമ്മക്ക് കൊടുത്തത് നിങ്ങൾ എനിക്ക് തന്നു. നിവേദിന്റെ വെറുപ്പ് അതില്ലായിരുന്നെങ്കിൽ കൂടെ വന്നേനെ ഞാൻ.
ലൈബ്രറിയുടെ പിറകിലെ അമ്പലക്കുളത്തിന്റെ കരയിൽ ആമ്പൽ പൂക്കളെ നോക്കിയിരിക്കുമ്പോഴല്ലേ പിൻകഴുത്തിലായുള്ള ചുംബനം കാത്തിരിപ്പിനായുള്ള അടയാളമായി. അതു തന്നെ ആയിരുന്നല്ലോ ഇത്രയും നാൾ കാത്തിരിക്കാനുള്ള ഊർജ്ജവും .ഞാനിപ്പോഴും നിങ്ങളെ സ്നേഹിക്കുന്നുണ്ട്. എന്റെ ആത്മാവ് ഓർമ്മകളുടെ തുടുത്ത റോസാപ്പൂവ് ആവും എന്നെനിക്കുറപ്പാണ്.ആത്മാവിന് കണ്ണും കാതുമുണ്ടെങ്കിൽ നിങ്ങളിത് കാണും, കേൾക്കും. ഞാനിപ്പോഴും കാത്തിരിപ്പിലാണ്. മേഘങ്ങൾക്കിടയിലൂടെ നിങ്ങളിലേക്കെത്താൻ
( കവിതസഫൽ)

ഇരുട്ടിലെ നേര്

Image may contain: 1 person, smiling, selfie and closeup

..................................
"ഇരുട്ടിന് മണമുണ്ടോ "
ഈറ്റ യുടെ ചോദ്യം ലൂക്കോയെ കുഴക്കി. "ഇരുട്ടിന്റെ നിറം കറുപ്പ് .. മണമിപ്പോൾ ...."
ലക്സ് സോപ്പ് തേച്ച് തേച്ച് ഓടയുടെ ചീഞ്ഞ വാസന പോയ ദേഹം ചൊറിഞ്ഞ് ലൂക്കോ ഈറ്റയെ നോക്കി.
ഇരുട്ടിന് കറുപ്പ് നിറം . എന്റേം ഈറ്റ യുടേം നിറവും കറുപ്പ് . രണ്ട് നേരം തികച്ചുണ്ണാൻ ഓടക്കുള്ളിലിറങ്ങിയപ്പോൾ അവിടേം കറുപ്പ് നിറഞ്ഞ ഇരുട്ട് തന്നെ .ശരീരത്തിൽ നുരഞ്ഞ് പൊന്തിയ പശിമയുള്ള നഗരത്തിന്റെ അവശേഷിപ്പുകളുടെ നിറവും കറുപ്പ് തന്നെ. "കാടിറങ്ങിയാലേ അവകാശങ്ങൾ തിരിച്ചുപിടിക്കാനാവൂ."
മധു സാറിന്റെ വാക്കുകൾ ' ഇരുട്ടിൽ ലൂക്കോയുടെ മനസ്സിന് ധൈര്യം നൽകിയെങ്കിലും രണ്ട് നേരം തികച്ചുണ്ണാൻ 'പണിയെടുക്കാൻ തയ്യാറായിട്ടും ആരുടെ കനിവും തേടി വരുന്നില്ല എന്ന ചിന്ത ലൂക്കോയെ നോവിക്കാൻ തുടങ്ങി.
"ഓടക്കുള്ളിൽ നീയെന്താ കണ്ടേ.. "
കാണാനവിടെ ഇരുട്ടല്ലേ. ഓ അപ്പോൾ പിടി കിട്ടി. ഇരുട്ടിന് നൂറായിരം മണമുണ്ട്. .ഇരുട്ടിന് നിന്റേം മണമുണ്ട് ലൂക്കോ ഈറ്റയെ ചേർന്ന് കിടന്നു . താർപ്പായയുടെ നേർത്ത വിടവിലൂടെ ചന്ദ്രൻ താഴേക്ക് നോക്കി.
മാറി വരാൻ കൂട്ടാക്കാത്ത വ്യവസ്ഥിതിയെക്കുറിച്ചറിയാതെ അവരുടെ ദിവസങ്ങൾക്കായി കൊതിച്ചു കൊണ്ട് ഉറക്കിലേക്ക് വഴുതിയപ്പോൾ ഇരുട്ടിൽ നടക്കുന്ന അരുതായ്മകൾക്ക് നേരെ നഗരവും നിസ്സഹായതയോടെ കണ്ണടച്ചു
(കവിതസഫൽ )

പുതിയ അതിഥി

Image may contain: 1 person, smiling, selfie and closeup

++++++++++++++++++++++++++++++++
കണ്ണ് തിരുമ്മി ഘടികാരത്തിലേക്ക് നോക്കി..അവയിപ്പോൾ പത്ത് മിനിറ്റ് മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുന്നു. ..
ഇന്നലെയുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ അസ്വാസ്ഥ്യം കാരണം ഉറക്കം നഷ്ടപ്പെട്ടിരുന്നു. അനു മൗനത്തിലാണ്. എന്നെ തോല്പിക്കാൻ തെരെഞ്ഞെടുക്കുന്ന ശക്തമായ ആയുധമാണ് അവന്റെ മൗനം.
പെയ്തൊഴിയാത്ത കാർമേഘങ്ങൾ സൃഷ്ടിക്കുന്ന അസ്വസ്ഥത പോലെയാണ് പ്രിയപ്പെട്ടവർക്കിടയിലുണ്ടാകുന്ന മൗനം.
ചായക്കോപ്പ അനുവിന് നൽകി കിച്ചണിലേക്ക് നടന്നു.
അടുക്കള ജോലി കഴിഞ്ഞിറങ്ങുമ്പോഴേക്കും ട്രയിൻ സമയം അടുക്കാറായിരുന്നു.
"വാതിലടച്ചു പോണം . താക്കോൽ എടുത്തോളൂ. " അകത്തു നിന്നുള്ള ശബ്ദം ആശ്വാസം നൽകി.. മൗനം കടുത്ത വാക്കുകളേക്കാൾ അസഹനീയം തന്നെ.
റെയിൽവേസ്റ്റേഷനിലെത്തുമ്പോൾ ട്രയിൻ ലേറ്റാണെന്ന അനൗൺസ് മെന്റ് ആശ്വാസം നൽകി. അലസമായി പ്ലാറ്റ്ഫോമിലൂടെ നടന്നു. പതിവ് കാഴ്ച്ചകൾ തന്നെയാണെങ്കിലും മുഖങ്ങളും മുഖഭാവങ്ങളും വ്യത്യസ്തം തന്നെ.

ഓഫീസിലേക്കുള്ള പതിവ് ട്രെയിൻ യാത്രയ്ക്കിടെയാണ് നാൻസി സിസ്റ്ററെ പരിചയപ്പെട്ടത്.
അന്നത്തെ കഠിനമായ ജോലി സൃഷ്ടിച്ച മടുപ്പ് കാരണം അലസമായി കാറ്റിൽ പാറിക്കൊണ്ടിരിക്കുന്ന മുടിയിഴകളെ കോറിയൊതുക്കി വിദൂരതയിലേക്ക് കണ്ണ് നട്ടിരിക്കുമ്പോഴാണ് സിസ്റ്റർ എന്തോ തടഞ്ഞ് എന്റെശരീരത്തിലേക്ക് ചാഞ്ഞത്.
സിസ്റ്റർ സോറി പറഞ്ഞു എന്നെ നോക്കി.സിസ്റ്റർക്ക് ഇരിപ്പിടമൊരുക്കാനായി മുന്നോട് ചാഞ്ഞിരുന്നു
സിസ്റ്ററുടെ തേജസ്സാർന്ന മുഖം പണ്ട് ഡോൺ ബോസ്കോ ഹോസ്റ്റലിലെ ഹോസ്റ്റൽ വാർഡൻ ആയിരിക്കുന്ന മദർ സുപ്പീരിയരെ ഓർമ്മിപ്പിക്കുന്നതായിരുന്നു.ചിരിച്ചില്ലെങ്കിലും ഉള്ളിലെ നന്മ മുഴുവൻ ആ മുഖത്ത് കോറിയിട്ടിട്ടുണ്ട്.
എവിടെയാ ജോലി ?
കനത്ത മൗനത്തെ ഭേദിച്ചു കൊണ്ട് സിസ്റ്റർ സംസാരിക്കാൻ തുടങ്ങി.
കലക്ടറേറ്റിലാ .. കുറച്ചു കൂടി മുൻപോട്ടേക്ക് ഒതുങ്ങിയിരുന്നു കൊണ്ട് പറഞ്ഞു.
സിസ്റ്റർ ...? മുഴുമിപ്പിക്കും മുൻപ് തന്നെ മറുപടി വന്നു.
"ഞാൻ ഇവിടെ സ്നേഹസദനത്തിലെ അമ്മയാണ്..കണ്ടു കാണില്ല. ബൈപ്പാസ് റോഡിലാണ്.". . പുതിയ ബിൽഡിങ്ങിലേക്ക് മാറിയതേയുള്ളൂ...
മുപ്പത് കുട്ടികളേയുള്ളൂ..
അവർക്ക് ഒരു പാട് പറയാനുണ്ടെന്ന് തോന്നി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അപരിചിതത്ത്വത്തിന്റെ മറ നീങ്ങിയിരിക്കുന്നു.
ഇപ്പോൾ എങ്ങോട്ടാ സിസ്റ്റർ ?എന്റെ ചോദ്യത്തിനുള്ളിൽ തേടി കൊണ്ടിരിക്കുന്നതിനുള്ള ഉത്തരം ഉണ്ടോ എന്നറിയാനാണ്. ഫോർമാലിറ്റികൾക്കായുള്ള യാത്രയാണ് .
സിസ്റ്ററുടെ നമ്പർ വാങ്ങി. ഉദ്ദേശമൊന്നും പറഞ്ഞില്ല. നമ്പർ ടൈപ്പു ചെയ്യുമ്പോൾ കൈവിറയ്ക്കുന്നുണ്ടായിരുന്നു.
പലപ്പോഴും ജീവിതം അങ്ങനെയാണ്. പറയാതെ അറിഞ്ഞും അറിയാതെ പറഞ്ഞും നമ്മളെക്കൊണ്ടോരോന്നു ചെയ്യിക്കും.
പിന്നീട് സിസ്റ്ററോടൊന്നും സംസാരിച്ചില്ല.
പുറത്ത് ചാറ്റൽ മഴ പെയ്യുന്നുണ്ട്.
വരണ്ട ഭൂമിയിൽ പെയ്യുന്ന ചാറ്റൽ മഴ പോലെയല്ലേ വേദന അനുഭവിക്കുന്നവർക്ക് നാം നൽകുന്ന സാന്ത്വനം.
സിസ്റ്റർ ദൈവത്തിന്റെ മാലാഖ തന്നെ.
സ്റ്റേഷൻ എത്തി യാത്ര പറഞ്ഞ് പിരിയുമ്പോൾ ഒരു നിമിത്തം പോലെ വീണ്ടും കാണാം എന്ന് സിസ്റ്റർ പറഞ്ഞു.
'
ഓഫീസിലെത്തി. കരുണേട്ടൻ ഫയൽ കൊണ്ടുവന്ന് മുന്നിൽ വച്ചു.
മെയിൻ ക്ലാർക്കിന്റെ മുന്നിലെ ആൾക്കൂട്ടത്തിലേക്ക് കണ്ണത്തിയപ്പോൾ തൊട്ടടുത്ത സീറ്റിലെ വിനീത പറഞ്ഞു രഘു സാറിന് കൊച്ചുമകൻ പിറന്നതിന്റെ ലഡു വിതരണം ആണെന്ന്.
ഇതൊക്കെ ഇവിടെ പതിവ് കാഴ്ച്ചയാണ്. ഫയലുകൾ മൂവ് ചെയ്യാത്തതിന്റെ യഥാർത്ഥ കാരണം ഇതൊക്കെ തന്നെ. സർക്കാർ ഓഫീസിൽ കയറി ചെരുപ്പ് തേഞ്ഞതിന്റെ കഥകൾ മെഗാ സീരിയലുകളായി ഓടിക്കൊണ്ടിരിക്കുന്നു.
ഇതൊക്കെ കഴിയുമ്പോ പതിനൊന്നു മണി ചായ .
ആഴ്ച്ചയിലൊരിക്കൽ വരുന്ന സാരി വിൽപ്പനക്കാരനും സമയം അപഹരിക്കാറുണ്ട്..
ശ്വേതയെ വാസുദേവൻ സാർ വിളിയ്ക്കുന്നു.
കരുണേട്ടൻ വന്നു പറഞ്ഞു. ജോലി തുടങ്ങിയതേ ഉള്ളൂ. ഫയൽ മടക്കി വെച്ച് സാറിന്റെ കാബിനിലേക്ക് .
ശ്വേത ലാൻഡ് ടാക്സ് വർദ്ധിപ്പിച്ചതിനെതിരെ മെയിൻ പേപ്പറുകളിൽ വന്ന ലേഖനങ്ങളിലെ പോയിന്റ്സ് കളക്ട് ചെയ്തു വരണം.
ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്നവരുടെ ഗതി ഇതാ... മനസ്സിൽ കൊരുത്ത അസഹിഷ്ണുത പുറത്ത് കാണിക്കാതെ
തിരിച്ച് സ്വന്തം കസേരയിലേക്ക് ഇരിക്കുമ്പോഴാണ്
പുതുതായി ജോയിന്റ് ചെയ്ത സുനിതയെ കണ്ടത്. അവളുടെ ഡ്രസ്സിങ്ങ് സെൻസ് അത്ഭുതപ്പെടുത്താറുണ്ട്. അമിതമാവാത്തവണ്ണം ഒരേ കളറിൽ എല്ലാം കാണും. ചെരുപ്പും വാച്ചും വരെ.
കൃത്യനിഷ്ടയോടെ ജോലി ചെയ്യാൻ ഇതൊന്നും അവൾക്ക് തടസ്സമില്ല.
ജോലി തുടങ്ങി. ലെഞ്ച് ടൈമിൽ അനുവിന്റെ നമ്പർ ഡയൽ ചെയ്തു. ഈവിനിങ്ങ് നേരത്തെ ഇറങ്ങുമോ?
ഒന്ന് ബീച്ച് വരെ പോണം അത്യാവശ്യ കാര്യം പറയാനാണ്..
പതിവ് ജോലിത്തിരക്ക് പറഞ്ഞ് അവൻ ഒഴിഞ്ഞുമാറി.
ഓഫീസിൽ നിന്നിറങ്ങുമ്പോൾ ലേറ്റ് ആയിരുന്നു.
തിരിച്ചുള്ള യാത്രയിൽ ലോക്കൽ ട്രെയിനിൽ നാൻസി സിസ്റ്റർ ഉണ്ടാവണേ എന്നവൾ പ്രാർത്ഥിച്ചു. സ്റ്റേഷനെത്തുമ്പോൾ ലോക്കൽ പോയിരുന്നു.
സീസൺ യാത്രക്കാർ മിക്കവരും ലോക്കലിൽ കയറും.
ഇരുമ്പു ബെഞ്ചിൽ ഇരിക്കുമ്പോൾ ചുറ്റും നോക്കി പ്രതീക്ഷിച്ച പോലെ അനു ഉണ്ട്.
എസ് വൺ കോച്ചിങ്ങ് പൊസിഷനിൽ മാത്രമേ ഇരിക്കാവൂ.
. ടി.ടിയുടെ പുതിയ നിർദ്ദേശം ഉണ്ട്. സീസൺ ടിക്കറ്റുകാർ മറ്റു കോച്ചിൽ കയറരുത്. അനു അടുത്തിരിക്കുന്നതിനിടയിൽ പറഞ്ഞു.
ബീച്ചിൽ പോണോ., ഫോർമാലിറ്റിക്കെന്ന പോലെ അവൻ ചോദിച്ചു.
നാൻസി സിസ്റ്ററെ പറ്റി സൂചിപ്പിച്ചു.
എതിർ പ്ലാറ്റ്ഫോമിലെ പൈപ്പ് വെള്ളത്തിൽ ഒരാൾ കുളിച്ചു കൊണ്ടിരിക്കുന്നു. ഉടുമുണ്ടു തന്നെ കഴുകി വീശി ഉണക്കുകയാണ്. പാവം.
മാസികയിലേക്ക് തല പൂഴ്ത്തിയ അനുവിനെ കാണിച്ചു. ഇത്തരം കാഴ്ച്ചകളാണ് നമ്മുടെ ദുഃഖം ഒന്നുമല്ല എന്ന തിരിച്ചറിവ് നൽകുന്നത്.
തിരിച്ചറിവുണ്ടായല്ലോ.. ഇതും പറഞ്ഞ് അവൻ മാസികയിലേക്ക് തന്നെ.
മനസ്സ് നിറയെ സിസ്റ്റർ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.
വീട്ടിലെത്തിയ ഉടൻ ഉടുപ്പ് മാറി ചായയുണ്ടാക്കി. അനുവിനു കൊടുത്തു.
പുതിയ വീടിന്റെ പ്ലാൻ വരക്കാൻ ആളെ ഏൽപ്പിച്ചിരിക്കുകയാണ് അവൻ പറഞ്ഞു.
മുഖവുരയില്ലാതെ കാര്യത്തിലോട്ട് കടന്നു. നാൻസി സിസ്റ്റർ പറഞ്ഞ കുഞ്ഞിന് ദിവസങ്ങൾ മാത്രം പ്രായം.
രണ്ടു തവണ ട്രീറ്റ്മെന്റ് പരാജയപ്പെട്ടില്ലേ. ക്ലിനിക്കിൽ നിന്നും ക്ലിനിക്കിലേക്ക്. മടുത്തു.
അവൻ കണ്ണിൽ തന്നെ നോക്കിയിരുന്നു. നമുക്ക് വേറൊരിടത്തേക്ക് സ്ഥലം മാറ്റം വാങ്ങാം. ഒളിച്ചോട്ടമല്ല. കുഞ്ഞ് ഭാവിയിൽ വിഷമിക്കരുത്. അനു ചേർന്നിരുന്നു.
നിന്റെ ഇഷ്ടം പോലെ. ആദ്യമായാണ് വഴക്കില്ലാതെ ഒരു കാര്യത്തിന് യോജിപ്പ് .കണ്ണു നിറഞ്ഞിരുന്നു.
നാൻസി സിസ്റ്റർ തന്ന നമ്പർ ഡയൽ ചെയ്തു.
ഫോർമാലിറ്റികൾ കഴിഞ്ഞു കഴിഞ്ഞാൽ കുട്ടിയെ നിങ്ങൾക്ക് സ്വന്തം. സ്ഥലം എസ് ഐ യുടെ ഒപ്പു വേണം.. നല്ല തങ്കക്കുടം പോലെയുള്ള പെൺ കുഞ്ഞാണ് ഭാഗ്യമുള്ള കുട്ടിയാ.. സിസ്റ്റർ പറഞ്ഞു നിർത്തി.
രണ്ടു ദിവസത്തിനുള്ളിൽ ഞങ്ങൾ എത്തും.. കുഞ്ഞിനെ കാണാനുള്ള ഉത്കണ്ഠകൊണ്ട് അക്ഷമയായി പറഞ്ഞു പറഞ്ഞു. പറഞ്ഞു നിർത്തുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു.
അനു ഫോൺ വാങ്ങി കട്ടു ചെയ്തു.
അവൾ വരുമ്പോൾ ഞങ്ങൾ കൊച്ചിയിൽ ആവും. ടാൻസ്ഫറിനുള്ള ഒരുക്കങ്ങൾ തുടങ്ങാം.ചേർത്ത് പിടിച്ച് പറയുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ജീവിതത്തിലേക്കെത്തുന്ന പുതിയ അതിഥിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ ' തുടങ്ങിക്കഴിഞ്ഞിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനെ പറ്റി ആലോചിക്കാതെ ഓഫീസിലെ പതിവു ലഡു വിതരണത്തിന് എന്ത് പറയും എന്നായിരുന്നു മനസ്സിലപ്പോൾ...
(പഴയ കഥയാണ്. പുസ്തകത്തിലേക്ക് മാറ്റാൻ മാറ്റിയെഴുതണം എന്ന് തോന്നി. വലിയ മാറ്റം വരുത്തിയില്ല. കുഞ്ഞ് കുഞ്ഞ് മാറ്റങ്ങൾ ) 

( കവിതസഫൽ )

വൈറൽ


Image may contain: 1 person, smiling, selfie and closeup

മാർക്കറ്റിൽ പോയി കോഴിയെ വാങ്ങി തിരിച്ചു വീട്ടിലെത്തിയ അന്ത്രുമാൻറ കണ്ണ് തള്ളി !!വീടാകെ മാറിയിരിക്കുന്നു. മൊത്തത്തിൽ ഒരു റിസോർട്ട് പരുവം.. : ഇപ്പോഴാണ് പൈസ ചില വിട്ടതിന്റെ ഗും വന്നത്. ഇവർക്കൊക്കെ എന്ത് പറ്റി!! അന്ത്രുമാൻ വലിയ വായിൽ വിളിച്ചു
ബീവാത്തൂ ... !!
പാത്തു ഓടിവന്നു.
എന്ത് പറ്റിയെടീ .ഇന്നലെ മുറ്റത്ത് ചിതറിക്കിടന്ന ചട്ടികൾ അടുക്കി പെറുക്കി മുറ്റം പളപളാന്ന് ഇരുന്നപ്പോഴും ചോദിക്കണം എന്ന് കരുതിയതാ.
പറയാം മനുഷ്യാ. ഇന്ന് സ്പെഷൽ ചിക്കൻ റെസിപ്പീ ഉണ്ടാക്കണം. അടുക്കളയുടെ സെറ്റപ്പ് കണ്ടപ്പോഴും അന്ത്രുമാന്റെ കണ്ണ് തള്ളി. ഇതൊക്കെ ഇതുപോലെ എന്നും വെച്ചിരുന്നെങ്കിൽ... അന്ത്രുമാൻ തല ചൊറിഞ്ഞു. എന്തായാലും ഇപ്പോഴെങ്കിലും ബോധോദയം ഉണ്ടായല്ലോ! പതിവ് സീരിയൽ മാമാങ്കം കാണാത്തതിലും അന്ത്രുമാൻ അത്ഭുതപ്പെട്ടു.
അപ്പോഴാണ് ഫ്രീക്കൻ മോൻ സുലൈമാൻ ക്യാമറയും തൂക്കി അടുക്കളയിലേക്ക് വന്നത്. ഉപ്പാ മാറി നിന്നോ . ഇന്നത്തെ ഷോയിൽ ഉപ്പാ പ്രോപ്പർട്ടി അല്ല. ബൈ ദ ബൈ നാളെ ഉപ്പാന് ചാൻസുണ്ട്. ഇവനെന്ത് പിണ്ണാക്കാ പറയുന്നത്. കുറച്ചു സമയം കൊണ്ട് അന്ത്രു മാന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. ഏതേലും ചാനലിൽ കാണാം. അന്ത്രുമാൻ നെടുവീർപ്പിട്ടു. എന്നും ഉണ്ടായാൽ വായിക്ക് രുചിയായി എന്തേലും കഴിക്കാമല്ലോ! പാത്തു പാചകത്തിൽ മുഴുകിയിരിക്കുന്നു. സലീന അണിഞ്ഞൊരുങ്ങി ക്യാമറനോക്കി എന്തൊക്കെയോ പറയുന്നു.
ഫോട്ടം പിടിത്തം കഴിഞ്ഞപ്പോൾ മൂന്ന് പേരും സെറ്റിയിൽ വന്നിരുന്നു. ഉപ്പാ ഞാൻ ഫെയ്മസ് യൂറ്റ്യൂബർ ആവാൻ പോവുകയാ. സെലീന ഉപ്പാനെ നോക്കി മൊഴിഞ്ഞു .. അതെന്ത് പിണ്ണാക്കാ.. പ്രമുഖ യൂറ്റ്യൂബർ ഡെന്നിസ്സ് ഡെയ്ലി ആണ് എനിക്ക് പ്രചോദനം.എന്തൊക്കെയാ സുലൈമാനേ ഇവ ളീ പറയുന്നത്. ഉപ്പാ സലീന ഒരു വീഡിയോ യൂറ്റ്യൂബിലിട്ട് അത് വൈറലായി. 4000 സബ്സ്ക്രൈബേഴ്സ്. യൂറ്റ്യൂബ് ഇവളെ സെലക്ട് ചെയ്തു. ഇനി ഇവൾക്ക് പൈസ കിട്ടും. സുലൈമാൻ കണക്കുകൾ നിരത്തി. സീരിയൽ ഡയറക്ടേഴ്സ് വരെ ഇത്ര എപ്പിസോഡ് ഒരു ദിവസം ഷൂട്ട് ചെയ്ത് കാണില്ല. സുലൈമാൻ ഞെളിഞ്ഞിരുന്നു .. ഡീ നാളെ കിച്ചൺ ഓർഗനൈസേഷൻ അപ് ലോഡ് ചെയ്തോ .. അതിന് വലിയ ഡിമാന്റാ... ഉമ്മാനെ പോലെ വിവരം ഇല്ലാത്ത പെണ്ണുങ്ങൾ നാട്ടിൽ കുറേ ഉണ്ട്. ഓറ് വൈറലാക്കിക്കോളും.
അത് കഴിഞ്ഞ് ഹൗസ് ടൂർ...
പാചകം അവസാനം തിരുകിയാ മതി... പുട്ടിന് പീര പോലെ.
അതിന് മത്സരമാ വല്യ ഡിമാന്റുണ്ടാവില്ല.
അപ്പോ അതാ കാര്യം... പടച്ചോ നെ വായിക്ക് രുചിയായി എന്തേലും കഴിക്കാന്ന് കരുതിയതാ... അതും സ്വാഹ... ഇനി ടോയ്ലറ്റിൽ പോക്ക് വരെ വൈറലാക്വോടാ നിങ്ങളെല്ലാം കൂടെ ... ഈ പോക്ക് പോയാൽ അതിശയം വേണ്ട ...
ഉപ്പാ ഡെയ്ലി റൂട്ടീൻ ഡീമാൻറുള്ള ഐറ്റമാ വരുന്നുണ്ട് പിറകെ ...
പടച്ചോനെ കാലം പോയൊരു പോക്കേ.. സുലൈമാനേ'.. അന്ത്രുമാൻ ഫ്രീക്കനെ നോക്കി അലറി ..
(കവിതസഫൽ )

ദൈവവിളി

 Image may contain: 1 person, smiling, selfie and closeup
++++++++++++
എന്തൊക്കെയോ ഊർന്ന് വീഴുന്നുണ്ട്. തിരഞ്ഞു നോക്കി. വലിയ കാര്യമൊന്നുമുണ്ടായില്ല. കാലത്തിന്റെ കുത്തൊഴുക്കിൽ ഒരുപക്ഷേ ഞാനും പെട്ടു പോയിക്കാണും.
"മനുഷ്യനെ പറ്റി സംസാരിക്കാതെ!!".
"എന്നും മനുഷ്യനെ പറ്റി പറയുന്നവർ പരാജയത്തിന്റെ കയ്പ്നീര് നുണഞ്ഞവരാണ്".
ഞാനയാളെ നോക്കി. താഴെ പാറക്കൂട്ടത്തിലേക്ക് നോക്കി അയാളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അയാൾ പറഞ്ഞതിൽ വാസ്തവമില്ലേ... ചിന്തിച്ചു നോക്കി. ഞാനെന്ത് പറയാനാ. - അത്യാവശ്യം വേണ്ടുന്ന മാനുഷിക മൂല്യങ്ങൾ നശിച്ചു കൊണ്ടിരിയ്ക്കുന്ന ലോകത്ത് ദുർബല ചിത്തർക്കൊന്നും സ്ഥാനമില്ല. തിരിഞ്ഞു നോക്കി. ആരേയും കാണാൻ പറ്റിയില്ല. പൂഴിമണലിൽ നാല് കാല്പാടുകൾക്കൊപ്പം എന്റെ നിഴലും. എപ്പൊഴോ മൗനമായി തുടങ്ങിയ ഭാരം കൂടിയ മനസ്സുമായി ഞാൻ വിജനതയിലേക്ക് നോക്കി. ചിലതൊക്കെ ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.
(കവിതസഫൽ)

പ്രഹേളിക

Image may contain: 1 person, smiling, selfie and closeup

ഇത്രയും ദിവസത്തെ ജോലിക്കിടയിൽ ഒരിക്കൽ പോലും അയാൾ ചിന്തിച്ചിരുന്നില്ല ഇരിക്കുന്ന ഇടത്തെക്കുറിച്ചും കാഴ്ച്ചക്കാരന് അതുണ്ടാക്കുന്ന ഭയത്തെക്കുറിച്ചും .
അപ്രതീക്ഷിതമായി കാറ്റൊന്ന് ആഞ്ഞ് വീശിയപ്പോൾ ഉറപ്പിച്ച മരപ്പലകയിലും മുകളിലെ കമ്പി വലയിലും അയാൾ മുറുക്കെ പിടിച്ചു. സമാന്തരമായി പണി കഴിഞ്ഞ കെട്ടിടത്തിലെ പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഒരു കുഞ്ഞ് അയാളെ നോക്കി പുഞ്ചിരിച്ചു.
ഉയരങ്ങളിലുള്ള ജോലി മിക്കവാറും അയാൾക്കായിരിക്കും .അയാൾ അതൊരിക്കലും ബുദ്ധിമുട്ടായി കണ്ടതുമില്ല.
പതിനാലാം നിലയുടെ ബാൽക്കെണി ക്കരികിലായി കോൺക്രീറ്റിന്റെ പറിച്ചെടുക്കാൻ ബുദ്ധിമുട്ടായ പലകയാണ് ഇ ന്നയാളുടെ ഉദ്യമം. ഞാണിന്മേൽ കളി പോലെ ഇളകിയാടുന്ന പലകയിൽ നൂലിൻമേൽ കൊരുത്ത തന്റെ ജീവന്റെ വിലയെ പറ്റിയായിരുന്നില്ല അയാളുടെ ചിന്ത.
തൊട്ടടുത്ത കോമ്പൌണ്ടിൽ അവസാന മിനുക്കുപണികളിലേർപ്പെട്ടിരിക്കുന്ന ശില്പിയിലേക്കും പണി കഴിയാറായ ദൈവിക രൂപത്തിലേക്കും ആയിരുന്നു.. നാളെ കഴിഞ്ഞാൽ ശില്പിക്ക് പിന്നീടൊരിക്കലും തന്റെ കരവിരുതിനെ സ്പർശിക്കാൻ കഴിയില്ലായിരിക്കും.
താഴെ പണി കഴിഞ്ഞ കെട്ടിടത്തിൽ തൊഴിലാളികൾ പ്രവേശിക്കാതിരിക്കാൻ ഉയർന്നുപൊങ്ങിയ മതിലിലേക്ക് അയാളുടെ കണ്ണൊന്നുടക്കി. തങ്ങളുടെ അദ്ധ്വാനവും വിയർപ്പും കൊണ്ട് ഉയർന്നുപൊങ്ങിയ ആ കൂറ്റൻ കെട്ടിടം അവകാശികൾക്കായി കാത്ത് കെട്ടി കിടക്കുന്നു. ഇനിയൊരിക്കലും അതിന്റെ ഇടനാഴിയിലേക്ക് ഒരു കാൽവെപ്പില്ലെന്ന തിരിച്ചറിവ് അയാളുടെ ചുണ്ടിൽ നേർത്ത ചിരി പടർത്തി. ആത്മാവിന്റെ വെളിപാടുപോലെ ശില്പിയും ഞാനും നടന്നടുക്കുന്നത് ഒരൊറ്റ ഏക കത്തിലേക്ക് തന്നെ. നിശിതമായ വിധിയുടെ ഓർമ്മപ്പെടുത്തലെന്ന പോലെ കാറ്റ് വീണ്ടും വീശിയടിച്ചു കൊണ്ടിരുന്നു.
(കവിതസഫൽ )

യാത്രാമൊഴി


Image may contain: 1 person, smiling, selfie and closeup
ദിയാ
ദിനരാത്രങ്ങൾക്കിടയിലെ അകലം
എത്രയാണെന്ന് പറയാൻ കഴിയുമോ ??
റിസോട്ടിലെ പൈൻ മരങ്ങൾക്കിടയിലെ കൃത്രിമ ജലാശയത്തിലെ ഇരുണ്ട നിഴലുകൾ നോക്കിയിരിക്കുകയായിരുന്നു ഞാനപ്പോൾ.
നിയോൺ ബൾബുകളുടെ അരണ്ട വെളിച്ചത്തിലെ വശീകരിക്കുന്ന ജലക്കാഴ്ച്ചയിലേക്ക് നോക്കി
മങ്ങിയ ഓർമ്മകളിലേക്ക് മെല്ലെ പോയിക്കൊണ്ടിരുന്ന എനിക്ക്
പീറ്ററിന്റെ ചോദ്യത്തിലേക്ക് എത്താനായില്ല.
രണ്ടു വർഷത്തോളം നീണ്ട സൗഹൃദത്തിന്റെ യാത്ര പറയാനുള്ള ദിവസമാണിന്ന്. ഇത്രയും ദിവസങ്ങൾക്കിടയിൽ അനാവശ്യമായി ഒരു രൂപ പോലും കളയാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു.
ചൈനയിലെ സിലിക്കൺ വാലിയായ ഷെൻജനിലേക്ക് ഷോട്ട് ടേം ഓൺ സൈറ്റിന് പോവാൻ നറുക്ക് വീണ്ടപ്പോൾ ജോലി തന്നെ റിസൈൻ ചെയ്താലോ എന്നാലോചിച്ചതാ. പലരും പലതും പറഞ്ഞ് ഭയപ്പെടുത്തിയിരുന്നു. ഭാഷ തന്നെയായിരുന്നു പോയി വന്നവർക്കൊക്കെ പറയാനുണ്ടായിരുന്നത്. മാതൃഭാഷക്കപ്പുറം ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരെ കാണാൻ പറ്റാതെ ബധിരനും മൂകനുമായിപ്പോയെന്ന് രണ്ടാഴ്ച്ച പോയി വന്ന നികിലും പറഞ്ഞപ്പോൾ വേണ്ട എന്ന തീരുമാനത്തിലെത്തിയിരുന്നു. വീട്ടിലെ പ്രാരാബ്ധവും അനിയന്റെ പഠിപ്പും ഒക്കെ ധൈര്യപൂർവ്വം നേരിടാനുള്ള മനക്കരുത്ത് തന്നു.
രണ്ടു വർഷത്തെ ഓർമ്മകളുടെ അടുക്കുകൾ മനസ്സിനെ പ്രക്ഷുബ്ധമാക്കാൻ തുടങ്ങിയിരുന്നു.
സൗഹൃദത്തിന്റെ അവസാന നിമിഷങ്ങൾക്കായി ഞങ്ങൾ തെരെഞ്ഞെടുത്തതാണ് ഓഫീസിന്റെ തൊട്ടപ്പുറമുള്ള ഈ റിസോട്ട്.
തലയുയർത്തി വീണ്ടും കേൾക്കാനെന്നവണ്ണം അവനെ നോക്കി.
ദിനരാത്രങ്ങൾക്കിടയിലെ ദൂരം അളക്കാനാവുന്നതാണോന്ന്... ??
അതീവ നിസ്സാരമെന്ന് തോന്നുന്ന ആ ചോദ്യത്തിനുള്ളിൽ അവനൊരു സത്യം ഒളിപ്പിച്ചിട്ടുണ്ടാവുമെന്ന് അറിയുന്നത് കൊണ്ട് ഇല്ല എന്ന് തലയാട്ടി.
ഇനിയൊരു പകലിനപ്പുറം വിടവാങ്ങേണ്ടവരാണെന്ന സത്യമായിരിക്കാം ആ ചോദ്യത്തിനാധാരം..
നമുക്കിവിടെ അവശേഷിപ്പിക്കാനെന്താ ഉള്ളത്. ഒന്നും തന്നെയില്ല അക്ഷരാർത്ഥത്തിൽ ... എന്നിട്ടും ചുരുങ്ങിയ കാലയളവിനുള്ളിൽ കണ്ടുമുട്ടുന്നവർ അവശേഷിപ്പിക്കുന്ന ഓർമ്മകളുടെ തുരുത്തിലല്ലേ നാമോരുത്തരും.
ഇന്നത്തെ പകൽ ഒരുപാട് ചുരുങ്ങിയില്ലേ ചോദ്യഭാവേന അവനെന്നെ നോക്കി.
ശരിയാണ് വിരലിലെണ്ണാവുന്ന വാക്കുകൾ മാത്രമേ ഇന്ന് ഞങ്ങൾ സംസാരിച്ചിരുന്നുള്ളൂ
മഞ്ഞുമൂടിയ ജലായത്തിന് മുകളിലെ ആകാശം നോക്കി കിടക്കുന്ന അവന്റെ കണ്ണുകളിലെ വിഷാദം എനിക്കുൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നു
* * *
കല്യാണപ്രായമാവാത്ത പെൺകുട്ടിയെ ഒറ്റയ്ക്ക് അയക്കാനോ
ശിവ ശിവ.
പാർവ്വതീ നീയെന്താ ഈ പറയണത് ??
ചാരുകസേരയിൽ അമർന്നിരുന്ന് അമ്മാവൻ അമ്മയോടായി പറഞ്ഞു.
മുത്തശ്ശി പറയണത് കേൾവികേട്ട തറവാടാ ഇതെന്ന് !!
ഇപ്പോ എന്താ ഉണ്ടായേ ...
പ്രതാപോം കെട്ടിപ്പിടിച്ചോണ്ടിരുന്നാൽ കടങ്ങളൊക്കെ തീരുമോ?
അമ്മാവൻ വഴി കണ്ടിട്ടുണ്ടെങ്കിൽ ഞാനൊന്നും മറുത്ത് പറയില്ല.
ആദ്യമായാണ് അനിയൻകുട്ടിയോട് ബഹുമാനം തോന്നിയത്.
നിസ്സഹായയായിപ്പോയ അമ്മയുടെ മുഖത്ത് പ്രതീക്ഷ കൈവന്നു..
കമ്പനി ചിലവിൽ നമ്മുടെ സുരക്ഷയടക്കം ഏറ്റെടുത്ത് കൊണ്ടുള്ള അവസരമാണെന്ന് അരുൺ അമ്മാമ്മയെ ബോധ്യപ്പെടുത്താൻ ഏറെ പണിപ്പെട്ടിരുന്നു..
അവന്റെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് ഞാനിവിടെ .
മാഞ്ഞുപോവാത്ത ഭൂതകാലസ്മരണങ്ങൾ ഒന്നുകൊണ്ട് തന്നെ സൗഹൃദത്തിന് അപ്പുറം പ്രണയത്തിലേക്ക് വഴിതെറ്റി വീണിട്ടില്ല.
വീണ്ടും എന്തൊക്കെയോ ഓർത്തു പോയി .
ഷെൻജണിലെ ഭാഷയറിയാതെ സംസാരിക്കാൻ മറന്നു പോയ ആദ്യത്തെ ഒരാഴ്ച്ച മുതൽ ഓഫീസ് ക്യാബിനിൽ ആദ്യമായി പീറ്ററിനെ കണ്ടുമുട്ടിയ ദിവസം വരെ.
ചുറ്റും നോക്കുമ്പോൾ മൈതാനം കാലിയാണ്. നിയോൺ വെളിച്ചത്തിൽ തിളങ്ങുന്ന പൂക്കളും പനയോലകളുടെ നിഴലുമല്ലാതെ മറ്റൊന്നും അവിടെയില്ല. നേർത്ത നിലാവെളിച്ചത്തെ നിഷ്പ്രഭമാക്കുന്ന വൈദ്യുതവിളക്കിനെ നോക്കിയിരിക്കുമ്പോൾ പീറ്റർ ഉറക്കത്തിലായിരുന്നു.
നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് റൂം ബോയ് വന്ന് ഭക്ഷണ സമയം കഴിയാറായി എന്നറിയിച്ചു.
തലയുയർത്തി അയാളോട് വരാം എന്ന് ആഗ്യം കാണിച്ചു.
പീറ്റർ ഒരു കൊച്ചു കുട്ടിയെപ്പോലെ ഉറങ്ങുകയാണ്. ചെറുതായി വിളിച്ചപ്പോൾ തന്നെ അവൻ ഉറക്കമുണർന്നു.
നാളത്തെ പകൽ റിസോട്ടിനപ്പുറം ഉള്ള നദിയുടെ കരയിൽ നിന്ന് നോക്കിയാൽ കാണുന്ന ഹോംഗോങ്ങിലേക്കാണ്. വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ, അവിടെ വെച്ച് യാത്ര പറയണം.
ഷെൻജൺ പുതുതായി നിർമ്മിച്ച പട്ടണമായതുകൊണ്ടുതന്നെ വലിയ നികുതിയാണ് ഗവൺമെന്റ് വാങ്ങുന്നത്. കൈയ്യിൽ പണമുള്ളവർക്കല്ലാതെ അവിടെ ജീവിക്കാൻ കഴിയില്ല..
ഞങ്ങളെ ഷെൻജനിലെ സാമാന്യം വിലക്കുറവുള്ള മാർക്കറ്റിലേക്ക് കൂട്ടി വന്നത് ഹിരോഷി ആയിരുന്നു.
പീറ്ററിന്റെ കുഞ്ഞു പെങ്ങൾക്കായി ഇതിനോടകം തന്നെ അവൻ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്.
ഇന്ത്യയിൽ എത്തുന്ന ചൈനീസ് സാധനങ്ങളുടെ വിലക്കുറവിനെക്കുറിച്ചോർത്തപ്പോൾ എനിക്ക് അത്ഭുതമായി. നാട്ടിലെ പത്ത് രൂപയോളം വരും ഇവിടുത്തെ ഒരു യുവാൻ.
എല്ലാ കാര്യത്തിലും അടുക്കും ചിട്ടയും ഉള്ളവരാണ് ചൈനക്കാർ.കൃത്യനിഷ്ഠതയോടെ ജോലി ചെയ്യുന്നവർ. ബാഗ്ലൂരിലെ ഓഫീസിലെ സ്ഥിതി മറിച്ചായിരുന്നു. പതിനൊന്നും പന്ത്രണ്ടും മണിക്കാണ് ജോലി തുടങ്ങുക .അതിനിടയിൽ പലരും ജിമ്മിലും കഫേയിലും ഒക്കെയാവും. ഇവിടെ ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഉറക്കം പോലും നിർബന്ധിതമാണ്. അനാവശ്യമായ സംസാരങ്ങൾ ഒന്നും തന്നെയില്ല ജോലി ചെയ്യുന്നു കൃത്യ സമയത്ത് മടങ്ങുന്നു.
ലിയാങ്ങും ഹിരോഷിയും മോനും അച്ഛനമ്മമാരും അടങ്ങുന്ന ഫാമിലിയുടെ അധികഭാരം കാരണം ഓഫീസ് ജോലി കഴിഞ്ഞ് ഒരു ട്യൂഷൻ സെന്ററിലേക്ക് പോവാറുണ്ട്.
പീറ്ററും ഞാനും മെല്ലെ എഴുന്നേറ്റു.
ദിയാ, നാളെക്കഴിഞ്ഞാൽ നമ്മളൊരിക്കലും കണ്ടുമുട്ടില്ല.
എപ്പോഴെങ്കിലും നിനക്കെന്നോട് പ്രണയം തോന്നിയിട്ടുണ്ടോ ?
എനെറെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാളോട് എന്താ പറയേണ്ടത് എന്നറിയാതെ ഞാൻ അവനെത്തന്നെ നോക്കി. ഈ പെൺജീവിതത്തിനിടയിൽ കെട്ടിയാടിയ വേഷങ്ങളെക്കുറിച്ച്, ഒരു വലിയ കുടുംബഭാരം ചുമലിലുള്ളതിനെ പറ്റി...
വലിയ വർത്തമാനം പറയുന്നവരുടെ മനസ്സ് കൊച്ചു കുട്ടികളെപ്പോലെ പലപ്പോഴും ചെറുതായിരിക്കും.
പീറ്ററിനെ നിരാകരിക്കാൻ എനിക്ക് മറ്റ് കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
ക്യാബേജ് സൂപ്പ് മാത്രം കുടിച്ച് ഞങ്ങൾ തടാകക്കരയിൽ വന്നിരുന്നു.
ഈ രാത്രി കുറച്ചധികം സമയംഅവിടെ തങ്ങാൻ തീരുമാനിക്കുകയും ചെയ്തു.
പതിവിൽ നിന്ന് വ്യത്യസ്തമായി അവൻ പിയാനോ വായിക്കാൻ തുടങ്ങിയപ്പോൾ ഞാനവന്റെ കണ്ണിലേക്ക് നോക്കിയിരുന്നു.
ഞങ്ങൾ ഏറെ സമയം പ്രണയത്തെക്കുറിച്ച് സംസാരിച്ചു. എങ്ങനെയാണ് പ്രണയം ജനിക്കുന്നത്. അതൊരു നിഗൂഡതയാണെന്ന് സമ്മതിക്കാതെ വയ്യാതായിരിക്കുന്നു. ഒരിക്കൽ പോലും തന്റെ ശരീരത്തിലേക്ക് മോശയായ രീതിയിൽ അവൻ നോക്കിയിട്ടില്ല. പ്രണയം മനസ്സുകളിലാണ് ജനിക്കുന്നത്.
ഞങ്ങൾ പതിയെ നദിക്കരയിലേക്ക് നടന്നു. രാത്രിയിൽ ഈ നഗരം എത്ര മനോഹരമായിരിക്കുന്നു.. നദിക്കരയിലിരുന്ന്, നരച്ച ആകാശവും നേർത്ത മഞ്ഞുവീഴ്ച്ചയിൽ നനഞ്ഞ മരങ്ങളും നോക്കിയിരുന്നപ്പോൾ മനസ്സ് മെല്ലെ തണുക്കാൻ തുടങ്ങി.
പീറ്റർ എന്തോ കഥ പറയാൻ ആഗ്രഹിക്കുന്നത് പോലെ തോന്നി.
ശ്രീലങ്കക്കാരനായ അവന്റെ അച്ഛനമ്മമാരെക്കുറിച്ചും കൊച്ചനിയത്തി മറിയ സിരിപ്പോവേക്കുറിച്ചും അവൻ ഒരു പാട് പറഞ്ഞിട്ടുണ്ട്. അവരോടുള്ള അവന്റെ അമിതമായ സ്നേഹം വാക്കുകളിൽ വ്യക്തവുമാണ്.
നേരം പാതിരയോടടുത്തിട്ടും നദിക്കരയിൽ സൂക്ഷമ പരിശോധന നടത്തി പുൽത്തകിടുകൾക്കിടയിലെ വൃത്തി ഉറപ്പു വരുത്തുന്ന ജോലിക്കാരെക്കണ്ടപ്പോൾ
ഞങ്ങൾക്കത്ഭുതമായി.ഞങ്ങളുടെ രാജ്യങ്ങളിലെ വൃത്തിയില്ലായ്മ പലപ്പോഴും സംസാരത്തിൽ കടന്നു വന്നിട്ടുമുണ്ട്.
ദിയാ നമ്മൾ ചിലപ്പോൾ വീണ്ടും കണ്ടു മുട്ടേണ്ടി വരും. ഞങ്ങളുടെ ജോലിയുടെ സ്വഭാവത്തെ പറ്റി അറിയുന്നത് കൊണ്ട് ഞാനൊന്നും പറഞ്ഞില്ല.
രണ്ടു വർഷം കൊണ്ട് കടബാധ്യതകൾ തീർക്കാനുള്ള തുക ഞാൻ വീട്ടിലേക്ക് അയച്ചിട്ടുണ്ട്‌.
ഏറെ വൈകിയാണ് മുറികളിലേക്ക് പോയത് രാവിലെ ഹിരോഷി വന്നു വിളിച്ചു ... രണ്ടു വർഷത്തിനുള്ളിൽ ആത്മബന്ധമായത് ഹിരോഷിയോടും ലിയാങ്ങിനോടുമാണ്.
അവരുടെ വീട്ടിലായിരുന്നു പ്രഭാത ഭക്ഷണം. എല്ലാ ഭക്ഷണത്തിലും പോർക്ക് ഏതെങ്കിലും തരത്തിൽ ചേർക്കുന്നതു കൊണ്ട് ആദ്യത്തെ ഒരാഴ്ച്ച റൊട്ടി മാത്രം കഴിച്ചാണ് തള്ളി നീക്കിയത്.പീറ്ററിനെ കണ്ടത് മുതൽ കെഫ് സി യിലേക്കും പോയി തുടങ്ങി.
സാമാന്യം നല്ല തണുപ്പുണ്ടായിരുന്നു.. വൃത്തിയുള്ള ഇടുങ്ങിയ ഒരു തെരുവിലേക്ക് വണ്ടി കയറി. ഇരുവശവും ഭംഗിയുള്ള കുഞ്ഞ് വീടുകൾ ....
പീറ്റർ എനിക്കു മുന്നേ അവിടെ എത്തിയിരുന്നു. എനിക്കായി ഹിരോഷി ബ്രഡ് ഓമ്ലറ്റും പാലും കരുതിയിരുന്നു.
കുറച്ച് സമയം കൊണ്ട് മൗനത്തിന്റെ മറ വകഞ്ഞ് മാറ്റി പീറ്റർ സംസാരിച്ചു തുടങ്ങി.
രണ്ട് വർഷത്തിനുള്ളിൽ സംസാരിക്കാൻ മറന്നു പോകുമായിരുന്ന ലോകത്ത് എന്നും കൂടെയുണ്ടായിരുന്ന പീറ്റർ. ഈ ഒരു പകലിനപ്പുറം കാണാമറയത്തേക്ക് .വികാര വിക്ഷോഭത്താൻ മനസ്സ് പ്രക്ഷുബ്ദമാവൻ തുടങ്ങിയിരുന്നു.
അവരോട് യാത്ര പറഞ്ഞിറങ്ങി.പരസ്പരം സംസാരിക്കാതെ പുറം കാഴ്ച്ചകളിൽ നോക്കിയിരിക്കുക ആയിരുന്നു എയർപോട്ട് വരെ.
ഷെൻജനിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഹോംഗോങ്ങ്. തെരുവുകളിൽ നിറയെ വഴിവാണിഭക്കാരുടെ തിരക്ക് തന്നെ. വിലപേശലിനൊടുവിൽ അമ്മയ്ക്കും അമ്മാവനും ഓരോ സ്വെറ്റർ വാങ്ങിച്ചു.
ഞങ്ങൾ ചെറിയൊരു റെസ്റ്ററൻറിലേക്ക് കടന്നു. അങ്ങേയറ്റം അശാന്തമായ മനസ്സുമായി ഉറങ്ങാൻ കിടന്നത് കൊണ്ട് ഉറക്കം വരാതെ കൺപോളകൾ വീർത്ത് തല വേദനിക്കാൻ തുടങ്ങിയിരുന്നു.
പുറത്ത് ആൾക്കൂട്ടത്തിന്റെ ആരവങ്ങളും സംഗീതവും എല്ലാം ചേർന്ന് ശബ്ദമുഖരിതമായിരുന്നു.
ചില്ലുജാലകത്തിലൂടെ പൈൻ മരത്തിന് കീഴെ നടക്കുന്ന നൃത്തചുവടുകൾ നോക്കിയിരുന്നു.
ഓർമ്മകളുടെ അടുക്കുകൾ കയറിയിറങ്ങാൻ തുടങ്ങിയിരുന്നു. പീറ്ററുമായുള്ള സൗഹൃദം പ്രണയത്തിനോടടുപ്പിക്കാൻ മനസ്സനുവധിച്ചില്ല. അവനെനിക്ക് സഹോദരനാണ്. രണ്ട് വർഷം കൊണ്ട് സുഖദുഃഖങ്ങളിൽ എന്നും കൂടെ നിന്ന എന്റെ സ്വന്തം സഹോദരൻ. യാത്ര പറച്ചിലിനുള്ള സമയ ദൈർഘ്യം കുറഞ്ഞു കൊണ്ടിരുന്നു
തിരക്കൊഴിഞ്ഞ പട്ടണത്തിലൂടെ നീങ്ങികൊണ്ടിരുന്ന ടാക്സിയിൽ പണിപ്പെട്ട് ശൂന്യമാക്കിയ മനസ്സുമായി ഞാനിരുന്നു. ഒരു യാത്രാമൊഴി പോലും പറയാതെ.
( കവിത സഫൽ )

ഒരു നിയോഗം പോലെ - കഥോദയം - 2.

Image may contain: 1 person, smiling, selfie and closeup

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
ഒരാൾക്കൂട്ടത്തെ ആകർഷിക്കാൻ തക്ക കെല്പ് അയാൾക്കുള്ളത് കൊണ്ടാണല്ലോ അയാൾക്കു ചുറ്റും ജനം തിങ്ങി നിറഞ്ഞിരിക്കുന്നത്!!.
അയാളുടെ വാക്ചാതുര്യം തന്നെയാണ് എന്നെ അതിലേക്കടുപ്പിച്ചത്.ജീവിക്കാൻ വേണ്ടി കെട്ടിയാടുന്ന വേഷപകർച്ചകൾ ആണെങ്കിലും പിടിച്ചു നിൽക്കാൻ വേണ്ടത് കൈയ്യിലില്ലെങ്കിൽ ചിലപ്പോൾ ചുവടു പിഴക്കും .തിരിച്ചറിവിന്റെ നിശ്ചയദാർഢ്യം ആ മുഖത്തുണ്ട്.
ചുവന്ന സിഗ്നലുകൾക്കിടയ്ക്ക് നിശ്ചലമാവുന്ന വണ്ടികളിലെ ആളുകളുടെ നോട്ടവും അയാളിലേക്കായിരുന്നു.
"എന്താണ് നിങ്ങളെ
നിങ്ങളാക്കുന്നത് ?"
അയാളുടെ ചോദ്യം എന്നിലേയ്ക്ക് നീളുംവരെ സത്യത്തിൽ ഞാനൊരു മായികലോകത്തായിരുന്നു..
"ജീവിതയാത്രയ്ക്കിടയിൽ കയറിക്കൂടുന്ന മുഖം മൂടിക്കുള്ളിലാണല്ലോ നാമോരോരുത്തരും. ഈ പ്രച്ഛന്നവേഷ മത്സരം അവസാനിക്കുന്നിടത്ത് ചിലപ്പോ എന്നെ കാണാൻ കഴിഞ്ഞേക്കാം. എന്നാൽ ഞാനിതൊന്നും അഴിച്ചുവെയ്ക്കാൻ തയ്യാറല്ല താനും.!!"
എന്റെ ഉത്തരം ഞാൻ പോലുമറിയാതെയാണ് പുറത്തേക്ക് വന്നത്.
ഈ വേഷപകർച്ചകളിൽ നിന്ന് മാറി എനിയ്ക്ക് ഞാനായി മാറണം എന്ന ചിന്തകളെല്ലാം എത്തി നിൽക്കുന്നത് ഈ നഗരത്തിൽ നിന്ന് മാറി ആറു കിലോമീറ്റർ അകലെയുള്ള സന്ധ്യേച്ചിയുടെ ബംഗ്ലാവിലേക്കാണ്.
ഞാനിവിടേക്കെത്തിയതും ഒരു നിമിത്തം പോലെയാണ്.
ചില ജന്മങ്ങൾക്ക് ഒരു നിയോഗമുണ്ട്.
ഞാനും അങ്ങനെയൊരു നിയോഗത്തിന്റെ പാതയിലാണ്.
എന്റെ കാത്തിരിപ്പിന് വിരാമമെന്നോണം ശങ്കരമ്മാമയുടെ കോൾ വന്നു. തിരിച്ചറിയാനുള്ള സാധ്യത കുറവായതിനാലാണ് ദേശാഭിമാനി ബുക്ക് ഹൗസിന് താഴെയുള്ള വലിയ ഭിത്തിയെന്ന് പ്രത്യേകം പറഞ്ഞത്.
ഒന്ന് രണ്ട് ദിവസമായി ബഹളങ്ങളിൽ നിന്നൊക്കെ മാറി നിൽക്കാൻ തുടങ്ങിയിട്ട്.
മൊബൈൽ ഡാറ്റ ഓൺ ചെയ്തതും വാട്സ് ആപ്പ് സന്ദേശങ്ങൾ തുരുതുരെ വരാൻ തുടങ്ങി.
ആർക്കൂട്ടത്തിൽ നിന്ന് മാറി നടക്കുന്ന അന്തർമുഖനായി മാറിക്കഴിഞ്ഞിരുന്നു.
"എപ്പോഴെങ്കിലും നവീനിന് തോന്നിയിട്ടുണ്ടോ സാധാരണ വിശേഷം പറച്ചിലിനും ഒരു പ്രയോജനവുമില്ലാത്ത നേരം പോക്കുകൾക്കുമപ്പുറം സോഷ്യൽ മീഡിയ വളർന്നെന്ന് !! "
ആൻഡ്രിയയുടെ പതിവ് ഫിലോസഫി സന്ദേശം വായിച്ചു ,മറുപടി അലസമായി ടൈപ്പ് ചെയതു.
"നാം കാണുന്നതും കേൾക്കുന്നതും സത്യമായി കൊള്ളണമെന്നില്ല. എന്നിട്ടും നീയെനിക്ക് സത്യമാണ്.അതു പോലെ ചില വിലപ്പെട്ട നിമിഷങ്ങൾ എനിക്ക് കിട്ടിയതും ഈ സോഷ്യൽ മീഡിയ വഴിയാണ്."
കുറച്ച് സമയത്തേക്ക് അവളിനി വരില്ല. പറഞ്ഞു പോയ വരികളിലെ തെറ്റ് ചികഞ്ഞ് കണ്ടുപിടിച്ച്
കുറ്റസമ്മതത്തിനുള്ള പുറപ്പാടിലാവും. എവിടെ ജനിച്ചാലും വളർന്നാലും പെണ്ണിന്റെ ആർദ്രതയ്ക്ക് മാറ്റമൊന്നുമില്ല.
എന്നെപ്പോലൊരാളെ ഉൾക്കൊള്ളാൻ പറ്റുന്ന പെണ്ണായിരുന്നു ആൻഡ്രിയ എന്ന സ്പാനിഷ് സുന്ദരി.
ചില കണ്ടുമുട്ടലുകൾക്ക് മനസ്സിലേക്ക് ചേക്കേറാൻ സമയദൈർഘ്യം ഒന്നും വേണ്ട.അല്ലെങ്കിൽ പിന്നെ ആസിഡ് അറ്റാക്ക് സംഭവിച്ചവരെ പുനരധിവസിപ്പിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടയിൽ ഒരേയൊരു തവണ കണ്ടു പരിചയപ്പെട്ട ആ മുഖം എന്റെ ദിനചര്യകളുടെ ഭാഗമാകുമായിരുന്നോ?
ചെറിയ പ്രായത്തിനുള്ളിൽ അവൾ അവളുടെ വഴി തെരെഞ്ഞെടുത്തു കഴിഞ്ഞിരുന്നു.
ചിന്തകളിലും പ്രവർത്തിയിലും ഞങ്ങൾ ഒന്നാണ്. രണ്ടുപേരും അവരവരുടെ സ്വാതന്ത്ര്യം വിട്ടുകൊടുക്കാൻ തയ്യാറല്ലാത്തവർ.
"നവീൻ എന്നെങ്കിലുമൊരിക്കൽ നമുക്ക് ഒരുമിച്ച് ജീവിക്കണം."
ആൻഡ്രിയ പറഞ്ഞതും ഞാൻ പറയാനിരുന്നതും ഒന്നായത് അതിനാലാണ്.
"കുട്ട്യേ? കണ്ണ് പിടിക്കാണ്ടായിരിക്കണ്. വളർന്നു വലുതായല്ലോ നീയ്യ് !! "
ശങ്കരമ്മാമയാണ്!!
"തലയിൽ മുടി കുറച്ചു കൊഴിഞ്ഞതൊഴിച്ചാൽ
ശങ്കരമ്മാമയ്ക്ക് ഒരു മാറ്റവുമില്ല."
ഞാൻ പറഞ്ഞത് കേട്ട്
വെറ്റിലക്കറയുള്ള പല്ല് കാട്ടി
ശങ്കരമ്മാമ വെളുക്കെ ചിരിച്ചു.
നമുക്ക് ഓട്ടോയ്ക്ക് പോവാം. ഈ സമയത്ത് ബസ്സ് കുറവാണ്.
എതിരെ വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു നിർത്തുന്നതിനിടയിൽ ശങ്കരമ്മാമ പറഞ്ഞു.
ഞാൻ നിശബ്ദനായി തലയാട്ടി.
നഗരവുമായി ബന്ധമുള്ള ഓർമ്മകൾ വളരെ കുറവാണ്. പതിനഞ്ചാം വയസ്സിലാണ് കൊൽക്കത്തയ്ക്ക് പറിച്ചുനട്ടത്..
അതിനിടയിൽ രണ്ടു മൂന്ന് തവണ മാത്രമാണ് ഈ നഗരത്തിലേക്ക് വന്നത്. ഒന്ന് സന്ധ്യേച്ചിയുടെ കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ്.
ഒരു വെളുത്ത അംബാസിഡർ കാർ എതിരെവന്ന് നിർത്തി. ഞാൻ കൗതുകത്തോടെ നോക്കി. ഏറെക്കാലത്തിന് ശേഷമാണ് ഒരെണ്ണം .കാറിനെത്തന്നെ നോക്കിയിരുന്നപ്പോൾ വംശനാശം സംഭവിച്ച ഒരു മൃഗത്തെ നോക്കും പോലെ തോന്നി.
നഗരകാഴ്ച്ചകൾ നേർത്ത് നേർത്ത് ഗ്രാമാന്തരീക്ഷത്തിലേക്ക് മാറാൻ തുടങ്ങി.തിരുവങ്ങാട് പണ്ട് നിറയെ തറവാടു വീടുകളാണ്. അമ്മാമയോടൊപ്പം അമ്പലത്തിലേക്ക് വരാറുണ്ട്. എന്നും അത്ഭുതത്തോടെ നോക്കാറുള്ള കീയന്തി മുക്കിലെ മാളിയേക്കൽ തറവാട് നിന്നിടം ഫുട്ബോൾ ഗ്രൗണ്ട് പോലെ ശൂന്യം.
"ഇതെപ്പോ സംഭവിച്ചു !!. മാളിയേക്കൽ തറവാട് !!.... "
വാക്കുകൾ മുറിഞ്ഞു ചോദ്യത്തിനുള്ള ഉത്തരം പ്രതീക്ഷിച്ചു.
"ഇളമുറക്കാർ പൊളിച്ചു വിറ്റു."പ്രതീക്ഷിച്ച ഉത്തരം.
"നഗരത്തിന്റെ തിരക്കിലേക്ക് ജനിച്ചു വീണതു കൊണ്ടാവാം പുത്തൻ തലമുറയ്ക്ക് പഴമയുടെ ഗന്ധം ഉൾക്കൊള്ളാൻ കഴിയാത്തത്. "
നെടുവീർപ്പോടെ പറഞ്ഞു തീർത്തു.
"കുട്ടിയപ്പോ അത്രേം പഴയതാണോ?" മാമ കളിയായി പറഞ്ഞതെങ്കിലും മനസ്സിലെ ബാല്യത്തിന് പഴമയുടെ മണമാണ്.
ഓട്ടോ മനയ്ക്കലെ വളവ് തിരിഞ്ഞതും ഒരു പതിനഞ്ച്കാരനിലേക്ക് മനസ്സ് പരിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.
ഇരുമ്പ് ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു. മുല്ലയും, പിച്ചി
യും ,മഞ്ഞ കോളാമ്പിയും തലമുറകളുടെ ഓർമ്മകളും പേറി കാടുപിടിച്ച് കിടപ്പുണ്ട്.
വാരിയത്ത് തറവാട് ,സന്ധ്യേച്ചിയുടെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്നത് ഇവിടെയാണ്. പിറക് വശത്തേക്ക് നടന്നു. എന്റെ വീടിരിക്കുന്നസ്ഥലത്ത് ഇന്ന് വലിയ ബംഗ്ലാവാണ്.
പുളിമരച്ചില്ലകളിൽ തട്ടി ഓർമ്മകാറ്റ് പഴയ പത്ത് വയസ്സുകാരനില്ലേക്ക്...
വടക്കേ മുറ്റത്തെ പുളിമരത്തിൽ നിന്ന് ചോണനുറുമ്പുകൾ വരിവരിയായി താഴോട്ട് പോവുന്നതും നോക്കി ഇരിക്കുവാരുന്നു.
വടക്കേമുറ്റത്തേക്കിറങ്ങണ്ട കുട്ട്യേ. അമ്മ അങ്ങനെ തന്നെയാ പറഞ്ഞേ !!. തേങ്ങാക്കൂടയുടെ നനഞ്ഞ ഓല ഇറയത്ത് നിന്ന് ചുവപ്പുപഴുതാര താഴേക്കിറങ്ങിവരുന്നതും കാണാൻ പറ്റുന്നുണ്ട്..
അമ്മേടെ നിലവിളി കേട്ടതും അടുക്കള പുറത്തേയ്ക്ക് ഓടിക്കയറിയതും, വീട്ടില് നിറയെ ആളു നിറഞ്ഞതും, മുറ്റത്തേക്ക് തലനീട്ടീയ മാവ് മുറിച്ചതും ഓർമ്മയുണ്ട്.
അന്നൊക്കെ എനിക്ക് പടം വരയ്ക്കാൻ ഇഷ്ടായിരുന്നു. ശരിയാവുകയുമില്ല എന്നാലും മാറ്റി മാറ്റി വരച്ചോണ്ടിരിയ്ക്കും. കോപ്പി ബുക്ക് കീറി അപ്പാപ്പന്റെ തല വരച്ചോണ്ടിരിയ്ക്കുമ്പോഴാ അമ്മ പറഞ്ഞേ അപ്പൂ നീ പോയി പല്ല് തേക്കെന്ന്. വടക്കേ കോലായുടെ ഇറയത്ത് മുളംതണ്ടിലാണ് അമ്മ ഉമിക്കരി വെയ്ക്കാറ്. മുറ്റത്തേക്ക് തലനീട്ടിയ വരിക്കപ്ലാവിന്റെ മണ്ടയിലോട്ട് നീട്ടി തുപ്പി തുപ്പി മണ്ട കറുപ്പ് നിറമായത് മനസ്സിൽ തെളിഞ്ഞു കാണാൻ പറ്റുന്നുണ്ട്.
അമ്മയെ ഇറയത്ത് കിടത്തുമ്പോ ഞാൻ വരച്ച അപ്പാപ്പന്റെ തല അവിടെ കിടപ്പുണ്ടായിരുന്നു!!. അതിൽ പിന്നെ ഞാൻ പടം വരച്ചിട്ടേയില്ല.
ചില ഓർമ്മകൾ അങ്ങനെയാണ് അടിത്തട്ടിലോട്ട് കൂട്ടിക്കൊണ്ടു പോവും. എങ്ങനെ താളപ്പെടുത്തി ക്രമീകരിച്ചു എന്നറിയാതെ...
നാടുമായി ചേർന്നു നിൽക്കുന്ന ഓർമ്മകളെല്ലാം എത്തിനിൽക്കുന്നത് സന്ധ്യേച്ചിയിലേക്കും ഈ വാരിയത്ത് തറവാട്ടിലേക്കുമാണ്.
ഞാനാദ്യമായി കഥയെഴുതി കാണിച്ചത് സന്ധ്യേച്ചിക്കാണ്. ചേച്ചിയുടെയടുത്ത് കണക്ക് പഠിക്കാൻ പോയപ്പോൾ മുതലുള്ള അടുപ്പമാണ്.
"അപ്പുണ്ണി അസ്സലായി
എഴുതുന്നുണ്ട് !! "
ചേച്ചി ചിരിച്ചോണ്ട് പുറത്ത് തട്ടി പറഞ്ഞു. അതിൽപ്പിന്നെ ചേച്ചിക്ക് കാണിക്കാനായി മാത്രം കഥയെഴുതാൻ തുടങ്ങി. മറ്റാരും വായിക്കണമെന്ന് നിർബന്ധവും ഉണ്ടായില്ല . പിന്നെ വീട്ടിലെ നിറയെ ബുക്കിരിക്കണ ഷെൽഫീന്ന് ഇഷ്ടമുള്ള പുസ്തകം എടുത്ത് വായിക്കാനുള്ള അനുവാദവും ചേച്ചി തന്നു.
ചേച്ചി കണക്ക് പഠിപ്പിക്കുമ്പോൾ ചേച്ചീടെ വെളുത്ത് നീണ്ട വിരലു നോക്കിയിരിക്കാറുണ്ട്‌.ആ വിരലുവെച്ച് ചേച്ചി ഒരുപാട് കവിതകളെഴുതിയിട്ടുണ്ട്. അതൊക്കെ എനിക്ക് കാട്ടി തരാറുമുണ്ട്.
ചേച്ചിയോട് എനിക്ക് സ്നേഹമായിരുന്നു. .
ചേച്ചിയോട് ഞാൻ പറഞ്ഞിട്ടും ഉണ്ട്.
"നിന്റെ പ്രായത്തിന് റ കുഴപ്പാ കുട്ട്യേ."
ചേച്ചി ചിരിച്ചോണ്ട് പറഞ്ഞിട്ടുണ്ട്. ആർക്കും മനസ്സിലാവാത്ത സ്നേഹമാണ് എനിക്ക് ചേച്ചിയോട് .പ്രണയമല്ലെന്ന് ഉറപ്പാണ്..
ചേച്ചി മിഡിൽ സ്കൂളിലെ രാമചന്ദ്രൻ മാഷുമായി പ്രണയത്തിലായിരുന്നു.രാമചന്ദ്രൻ മാഷ് ചേച്ചിക്ക് കൊടുക്കാൻ പുസ്തകങ്ങൾ എനിക്ക് തരാറുണ്ട് .അതിൽ ഒളിപ്പിച്ച പ്രണയലേഖനം ഞാൻ കണ്ടിട്ടുമുണ്ട്.
ഒഴിവു ദിവസങ്ങളിൽ രാവിലെ സന്ധ്യേച്ചീടെ വീട്ടിലെ അലസിച്ചെടിയും മുല്ലയും വേപ്പുമരവും തല നീട്ടി നിൽക്കണ മുറ്റത്ത് പോയി ഇരിക്കാറുണ്ട്. അങ്ങനെ ഇരിക്കുമ്പോൾ മനസ്സിൽ ഒരു വികാരം വരും സന്തോഷാണോ എന്ന് ചോദിച്ചാൽ അറിയില്ല സങ്കടാണോ എന്ന്വെച്ചാ അതും . എംടിയേയും പത്മരാജനേയും ഒക്കെ വായിച്ചതും പ്രസിദ്ധീകരിക്കാനായി സന്ധ്യേച്ചി മാറ്റി വെച്ച കഥകളെഴുതിയതും അവിടെ വെച്ചാണ്.
സന്ധ്യേച്ചിക്ക് ഇൻകംടാക്സിൽ ജോലി കിട്ടിയെന്നറിഞ്ഞപ്പോൾ ഒരു പാട് സന്തോഷിച്ചു.
ജ്യാമിതീയ രൂപങ്ങളിലിറങ്ങി മനസ്സ് മടുത്ത വൈകുന്നേരമാണ് സന്ധ്യേച്ചി പറഞ്ഞത്.
"അപ്പുണ്യേ ഭാസ്ക്കരൻ മാമയ്ക്ക് എതിർപ്പാണ് ഞങ്ങളുടെ വേളി നടക്കില്ല".
കവലകൾ തോറും ജ്യാതി വ്യവസ്ഥയെക്കുറിച്ച് വാതോരാതെ പ്രസംഗിച്ചു നടക്കുന്ന ഭാസ്ക്കരൻമാമ!!. ആദ്യമായി വെറുപ്പു തോന്നി.
ചിന്തയും പ്രവൃത്തിയും തമ്മിലുള്ള അന്തരം ഓർത്തപ്പോൾ പുച്ഛവും.
സന്ധ്യേച്ചിയുടെ മുബൈയിലേക്കുള്ള പറിച്ചുനടൽ വെറും ഒളിച്ചോട്ടമാണെന്ന് മനസ്സിലായി.
"കുട്ട്യേ.. അകത്തളം കാണണ്ടേ."
മാമയാണ്.
എന്റെ ഓർമ്മകൾ വേരാഴ്ന്ന് കിടക്കുന്നുണ്ടിവിടെ !!
വടക്കേമുറിയിലായിരുന്നു സന്ധ്യേച്ചി കവിതകളെഴുതിയിരുന്നത്.
നാഗത്തറയിരിക്കുന്നിടത്തേയ്ക്ക് നോക്കി.
ഇല്ല അങ്ങോട്ട് പോവാൻ പറ്റില്ല. പാലമരവും പൂവാങ്കുരുന്നും ഇലഞ്ഞിയും കാണാനില്ല ..ഒക്കെ കാടുകയറി കിടക്കുകയാണ് !!
അവസാനമായി സന്ധ്യേച്ചിയോട് സംസാരിച്ചത് നാഗത്തറയിൽ വെച്ചാണ്.
അച്ഛൻ സുഗന്ധിയേച്ചിയെ കല്യാണം കഴിക്കുന്നു എന്നറിഞ്ഞപ്പോൾ ചുമരിലെ അമ്മയുടെ രൂപം നോക്കി കുറേക്കരഞ്ഞു. അത് കഴിഞ്ഞാണ് നാഗത്തറയിലേക്ക് ഓടിയത്.
സന്ധ്യേച്ചിയെ ആദ്യമായാണ് ഇത്രയും സങ്കടപ്പെട്ട് കണ്ടത്. എന്റെ സങ്കടമെല്ലാം ഉരുകിയൊലിച്ചു പോയി...
"അപ്പുണ്യേ ഞാൻ പോവാൻ തീരുമാനിച്ചു. തിരിച്ചു വരവ് ഉണ്ടാവുമോ എന്നറിയില്ല. അവിടെച്ചെന്ന് അഡ്രസ്സ് അയക്കാം. പുതിയ കഥയെഴുതിയാൽ ചേച്ചിക്കയക്കണം. എല്ലാം ചേർത്ത് പ്രസിദ്ധീകരിക്കണം."
ചേർത്ത്പിടിച്ച് ചേച്ചി കുറേക്കരഞ്ഞു.
ചില ബന്ധങ്ങൾ അങ്ങനെയാണ് അർത്ഥം കണ്ടെത്താൻ വിഷമമാണ്. സന്ധ്യേച്ചിയപ്പോൾ എനിക്കമ്മയായിരുന്നു. ചേച്ചി പിന്നെ തറവാട്ടിലേക്ക് വന്നതുമില്ല .
ഓർമ്മകൾ ഒരുപാടുണ്ട് അല്ലേ കുട്ട്യേ?"
സത്യമാണ്. ഒരുപാട് ഓർമ്മകൾ ഉറങ്ങിക്കിടക്കുന്നുണ്ടിവിടെ !!.. ഈ രാത്രി എനിക്കിവിടെ കഴിയണം.
എന്റെ സന്ധ്യേച്ചിയുടെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന വടക്കേ മുറിയിൽ തന്നെ. ഞാനാദ്യം പുസ്തക ഷെൽഫ് വെച്ച മുറിയിലേക്ക് കയറി.
ഇതൊക്കെ?!!
"ഒക്കെ ഞാൻ വായനശാലയ്ക്ക് കൊടുത്തു കുഞ്ഞേ.. സന്ധ്യക്കുഞ്ഞിന് വേണ്ടി അതെങ്കിലും ചെയ്യേണ്ടേ.. ആരോടും ചോദിച്ചൊന്നും ഇല്ല. അല്ലെങ്കിലും ആരോട് ചോദിക്കാനാ!"
ശബ്ദമിടറിക്കൊണ്ടാണ് ശങ്കരമ്മാമ പറഞ്ഞത്.
ശരിയാണ് പുസ്തകങ്ങളെ ജീവന് തുല്യം സ്നേഹിച്ചതല്ലേ ചേച്ചി..
"അതു തന്നെയാണ് ശരി. " പറഞ്ഞെങ്കിലും പറഞ്ഞറിയിക്കാനാവാത്ത ഒരു വേദന എവിടെയോ കൊരുക്കുന്നുണ്ടായിരുന്നു.
വടക്കേ മുറിയിലെ ജനാല മെല്ലെ തുറന്നിട്ടു. കറുത്ത പൊടി മുഖത്തും ദേഹത്തും ഒക്കെ വീണു.
പുറത്തെ പൂവാങ്കുരുന്നിൽ തട്ടി ഒരോർമ്മക്കാറ്റ് എന്നെ തഴുകി കടന്നു പോയി.
നാഗത്തറയിൽ വെച്ചാണെന്ന് തോന്നുന്നു ഞാനാ ചോദ്യം ചേദിക്കുമ്പോൾ എന്റെ അമ്മ മരിച്ചിട്ട് ഒരാഴ്ച്ച ആയിക്കാണും
"സന്ധ്യേച്ചിയേ ?
ചേച്ചിക്ക് അമ്മയും അച്ഛനും പോയപ്പോൾ തനിച്ചായതുപോലെ തോന്നാറുണ്ടോ?"
"അതിന് ആരാ തനിച്ചായത് അപ്പുണ്യേ.. അവരൊക്കെ നമ്മുടെ കൂടെയുണ്ട്.
അപ്പുണ്ണിക്ക് ഒരു കാര്യമറിയോ ?
മരണപ്പെട്ടവർക്ക് ഒരിക്കലും പ്രായമാവില്ല. എനിക്കും അപ്പുണ്ണിക്കും വയസ്സായാലും അവരൊക്കെ അതേ പ്രായത്തിലായിരിക്കും."
ഉള്ളിലെവിടെയോ പറ്റിപ്പിടിച്ചു കിടക്കുന്നുണ്ട് ക്ലാവു പിടിച്ച ഓർമ്മകൾ..
ശരിയാണ് എന്റെ മനസ്സിലെ സന്ധ്യേച്ചിക്കിപ്പോൾ എന്നേക്കാൾ ഇളപ്പമാണ്.
"സ്മരണതൻ ദൂരസാഗരം തേടിയെൻ
ഹൃദയരേഖകൾ നീളുന്നു പിന്നെയും.."
ആരോ മൂളിയതു പോലെ!!
ഈ മുറിയിലെ ചുവരിനും ജനാലയ്ക്കും കട്ടിലപ്പടിക്കും വരെ മൂളാൻ ഒരുപാട് ഈരടികൾ കാണും.
സന്ധ്യേച്ചിക്ക് ചുള്ളിക്കാടിനെ വലിയ ഇഷ്ടമായിരുന്നു.
മുകളിലോട്ടൊന്നും കയറാൻ തോന്നിയില്ല. അല്ലെങ്കിലും അവിടെയൊക്കെ എനിക്കെന്ത്
കാര്യം !!
എന്തിനായിരിക്കാം സന്ധ്യേച്ചി എല്ലാവരിൽ നിന്നും ഓടിയൊളിച്ചത്?
പിടി തരാതെ ഒഴിഞ്ഞു മാറിയത്.
ഭാസ്ക്കരൻ മാമ മരിച്ചപ്പോൾ ശങ്കരമ്മാമ വിളിച്ചിരുന്നു. എന്റെ സന്ധ്യേച്ചിയെ അശാന്തിയിലേക്ക് തള്ളിവിട്ടയാളെ കാണാൻ തോന്നിയില്ല.
"കുട്ട്യേ?
എന്നാ മടക്കം. ഒക്കെ കഴിഞ്ഞിട്ടു പോയാൽ പോരേ."
അതെ ശങ്കരമ്മാമേ. വീടും സ്ഥലവും ട്രസ്റ്റിന് കൈമാറണം. മനയ്ക്കലെ പറമ്പ് ശങ്കരമായയ്ക്ക് എഴുതീട്ടുണ്ട്. ബാക്കിയൊക്കെ എനിക്കാണ് മാമേ.. അതും കൂടി ആർക്കേലും ഉപകാരപ്പെടണം .ഒരു തവണ കൂടി വരുന്നുണ്ട്. എന്റെ സ്ഥലത്ത് സന്ധ്യേച്ചിയുടെ ഓർമ്മയ്ക്ക് എന്തെങ്കിലും പണി കഴിപ്പിക്കണം.
ഒരുപാട് എഴുത്തുകൾ ഫോൺ നമ്പറടക്കം എഴുതി. മറുപടിയിൽ വിശേഷം പറച്ചിൽ ഒക്കെയുണ്ടായെങ്കിലും ചേച്ചിയുടെ മനസ്സിൽ പഴയ അപ്പുണ്ണിയും, എന്റെ മനസ്സിൽ പഴയ ചേച്ചിയും മതിയെന്ന് പറയും. അന്യേഷിച്ചു വരരുത് എന്ന അപേക്ഷയോടെയാവും എഴുത്തവസാനിപ്പിക്കുന്നത്.
ചേച്ചി പറഞ്ഞത് അനുസരിക്കാതിരിക്കാൻ തോന്നിയില്ല, ചെയ്തത് ശരിയോ തെറ്റോ എന്നറിയില്ല. ചേച്ചിയുടെ സന്തോഷം മാത്രമേ ചിന്തിച്ചുള്ളൂ.
അവസാനമായി ചേച്ചി ഒരേയൊരു തവണ വിളിച്ചു.
"അപ്പുണ്യേ !! ചേച്ചിക്ക് പോവാറായി. ലക്ഷണങ്ങളൊക്കെ കണ്ടുതുടങ്ങി. എല്ലാം വിശദമായി എഴുതീട്ടുണ്ട്. എഴുത്തുകിട്ടുമ്പോൾ ചേച്ചിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവെക്കണം."
ഒന്നും പറയാനനുവദിക്കാതെ ഫോൺ കട്ടു ചെയ്തു.
ഫോൺ വെച്ചു കഴിഞ്ഞപ്പോൾ വികാര വിക്ഷോഭങ്ങളുടെ വേലിയേറ്റമായിരുന്നു.
ഒരു പരാതിയോ പരിഭവമോ പറയാതെ പറയാനനുവദിയ്ക്കാതെ എന്തിനായിരിക്കാം ഈ ശിക്ഷ ഏറ്റുവാങ്ങിയത്.
"എന്തായിരിക്കും ചേച്ചീടെ അസുഖം! എന്തിനാണീ പീഢനം. മരണമടുത്തപ്പോൾ പോലും ഒന്നു കാണാനനുവദിച്ചില്ലല്ലോ !! "
രണ്ട് ദിവസം കഴിഞ്ഞ് വിൽപത്രവും അവസാന ആഗ്രഹവും ഒക്കെ ചേർത്ത് നീണ്ടാരെഴുത്ത് കിട്ടി. ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴാണ് ഇവിടെ.
ഇപ്പോഴും ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ ഈ മുറിക്കുള്ളിൽ എന്നെ വീർപ്പുമുട്ടിച്ചു കൊണ്ടിരിക്കുന്നു.
ഒരു പക്ഷേ ഇന്നത്തെ ഈ രാത്രി ചേച്ചിയുടെ ആത്മാവ് ഇവിടെ വരുമായിരിക്കും!! എന്നോട് പറയുമായിരിക്കും എന്തിനായിരുന്നു എന്റെ ചേച്ചിയുടെ ഒളിച്ചോട്ടമെന്ന്. എന്തിനായിരുന്നു ഈ ഉത്തരവാദിത്ത്വം എനിക്കായി മാറ്റിവെച്ചതെന്ന് !!
(കവിതസഫൽ )

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo