നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവരോഹണം

Image may contain: 1 person, smiling, selfie and closeup
കാറ്റും കോളുമൊന്നുമില്ലാത്ത ശാന്തമായ പകലിന്റെ മധ്യത്തിലാണ് ഞാൻ ചാത്തന്നൂരിൽ വണ്ടിയിറങ്ങിയത്. ലോക്കൽ ട്രയിനുകളും ഒന്നോ രണ്ടോ ദീർഘദൂര വണ്ടികളും അല്ലാതെ മറ്റൊന്നിനും സ്റ്റോപ്പില്ലാത്ത സാധാരണ റെയിൽവേ സ്റ്റേഷനാണ് ചാത്തന്നൂർ. ആൽമരത്തിന്റെ തണലിൽ പ്ലാറ്റ്ഫോമിനോട് ഓരം ചേർന്നുള്ള സിമൻറ് ബഞ്ചിൽ കുറച്ച് സമയം ചെന്നിരുന്നു. സാമാന്യം നല്ല വിശപ്പുണ്ടെങ്കിലും കഴിക്കാനുള്ള മനസ്സില്ലാത്തതിനാൽ ഞാനവിടെത്തന്നെ ഇരുന്നു . അവിടെ കുറച്ചു സമയം ഇരുന്നപ്പോൾ തന്നെ അപരിചിതമായ സ്ഥലത്ത് എത്ര നേരം വേണമെങ്കിലും പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ ഇരിക്കാം എന്നെനിക്ക് ബോധ്യമായി.മലനിരകളും കാപ്പിത്തോട്ടങ്ങളും നിറഞ്ഞ ഒരു ഉൾനാടൻ ഗ്രാമപ്രദേശം. റെയിൽപ്പാളം കടന്നാലുള്ള റോഡ് വഴിയാണ് എനിക്ക് പോവേണ്ടത്. മലഞ്ചെരിവിലെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചു കൊണ്ട് തുറന്ന് പ്രവർത്തിക്കുന്ന ഈവിനിങ്ങ് കോഫി ഷോപ്പ് മാത്രമേ ആ സ്റ്റേഷനിലുണ്ടായിരുന്നുള്ളൂവെന്ന് കണ്ണോടിച്ചപ്പോൾ മനസ്സിലായി. .ആ സമയത്ത് അവിടെ വ്യത്യസ്തമായ കാഴ്ച്ച എന്നെനിക്ക് തോന്നിയത് പട്ടിക്കുഞ്ഞിനോടൊപ്പം ഇരിക്കുന്ന നാട്ടുകാരിയല്ലന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ പറ്റുന്ന ലിപ്സ്റ്റിക്കിട്ട് തുടുപ്പിച്ച ചുണ്ടോട് കൂടിയ സ്ത്രീയാണ്. പട്ടിയോടൊപ്പം സഞ്ചരിക്കാനിഷ്ടപ്പെടുന്നവർ കടുത്ത ഏകാന്തത തിന്നുവരാണെന്ന് എവിടെയോ വായിച്ച ഓർമ്മയിൽ ഞാനവരെത്തന്നെ നോക്കിയിരുന്നു. സാബുവിന്റെ വീടെന്ന ലക്ഷ്യം മനസ്സിലേക്ക് വന്നപ്പോൾ തല വെട്ടിച്ച് റബ്ബർ തോട്ടത്തിലേക്ക് കണ്ണ് പായിച്ചു.അച്ഛന്റെ ഓർമ്മകൾ പേറുന്ന കാലൻ കുടയെ ശരീരത്തോട് ചേർത്ത് പിടിച്ച് ഫ്ലാറ്റ്ഫോം കടന്ന് എതിർവശത്തുള്ള റോഡിലൂടെ അജയൻ തന്ന വഴിയടയാളത്തിന്റെ ബലത്തിൽ മെല്ലെ എഴുന്നേറ്റ് നടന്നു.ബോഗൻ വില്ലകൾ കാട്കയറി തുരുമ്പ് കയറിയ കറുത്തഗേറ്റെന്ന അടയാളം ഇരുവശത്തും നോക്കി നോക്കി നടന്നതിനാൽ വഴിയിലുള്ള മറ്റൊന്നും എന്റെ കണ്ണിലേക്കെത്തിയില്ല.
അരക്കിലോമീറ്ററോളം നടന്നപ്പോഴാണ് പ്രതീക്ഷിച്ച പോലെ ഓറഞ്ചും വയലറ്റും വെള്ളയും ബോഗൻവില്ല പൂക്കൾ കാട്കയറിയ നെടുനീളൻ ഗേറ്റ് കണ്ണിൽ തട്ടിയത്..
പഴയത് കീറി താഴെയിടാതെ അടുക്ക് കട്ടിയായ ചുമർ പരസ്യങ്ങൾ കൊണ്ട് സമൃദ്ധമായിരുന്നു മതിൽക്കെട്ട്. ഗേറ്റ് തുറന്ന് കരിങ്കല്ല് പാകിയ മുറ്റത്തേക്ക് കയറിയപ്പോൾ രണ്ടും അഞ്ചും വയസ്സു തോന്നിക്കുന്ന കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നു. സാബൂന്റെ വീടല്ലേ. ? എന്റെ ശബ്ദം കേട്ടപ്പോൾ കൂട്ടത്തിൽ മുതിർന്ന കുട്ടി അകത്തേക്കോടിപ്പോയി.
സാബുവിന്റെ ഭാര്യയെന്ന് തോന്നുന്ന സ്ത്രീയും പ്രായം ചെന്ന ഒറ്റമുണ്ടുടുത്ത സ്ത്രീയും പുറത്തേക്ക് വന്നു..സാബുവിന്റെ അമ്മയാണെന്ന് പറയാതെ തന്നെ ഊഹിക്കാമായിരുന്നു
"സാബൂന്റെ? "
"കൂട്ടുകാരനാണ്. "
അങ്ങനെ പറയാനാണ് ആ സമയത്ത് തോന്നിയത്.
ഈ യാത്രപോലും വിധിയുടെ ഭാഗമെന്നപോലെ കളഞ്ഞ് കിട്ടിയ ഡയറിക്കുറിപ്പിന്റെ പിൻബലത്തിലാണെന്ന് ഇവരെ എങ്ങനെ മനസ്സിലാക്കും. പട്ടാളക്കാരും മജ്ജയും മാംസവുമുള്ള മനുഷ്യരാണെന്ന് സമൂഹം പോലും മറന്ന് പോവുന്നുണ്ടല്ലോ.
വരാന്തയിൽ നിന്ന് നോക്കിയാൽ മലയടിവാരത്തുകൂടിയുള്ള റോഡ് കാണാം. എന്ത് പറയും എന്ന് ആശങ്കയുള്ളതിനാൽ മനസ്സിലെ ചിന്തകളും അടുക്കും ചിട്ടയുമില്ലാതായി. മുക്കിയും മൂളിയും വരുന്ന ബസ്സിന്റെ ഇരമ്പൽ കാതിലേക്ക് തുളച്ചു കയറി.
"ഇടയ്ക്കിടെ ബസ്സുണ്ടോ ?"
സാബൂന്റെ ഭാര്യ ബസ്സിനെ നോക്കി പിന്നെ ക്ലോക്കിൽ നോക്കി
"ആരതി പോയാൽ അഞ്ചേ നാല്പത്തഞ്ചിന്റെ പ്രകാശുണ്ട്. അതിന് പോവാം ".
സാബൂന്റെ ഭാര്യയുടെ മുഖത്ത് അവരുടെ അകത്തെ വേവ് അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ തല വെട്ടിത്തിരിച്ച് കാലൻ കുടയോടൊപ്പം ചേർത്ത് പിടിച്ച ചുവന്ന കവർ പുറത്തേക്കെടുത്തു.
കുട്ടികൾക്കുള്ള രണ്ട് ജോഡി ഡ്രസ്സും ചോക്കലേറ്റ് പാക്കറ്റും അവരുടെ കൈയ്യിലേക്ക് വെച്ചു കൊടുത്തു.
"ചിക്കുമോന്റ ബർത്ത് ഡേ ഇന്നല്ലേ?"
ആ ഒരൊറ്റ ചോദ്യം അവർക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നത് പോലെ തോന്നി. നെഞ്ചിലൊരു വേദന നാമ്പിട്ടു. വരാന്തയോട് ചേർത്ത് കെട്ടിയ പ്ലാസ്റ്റിക്ക് ഷെഡ്ഡിന്റെ പുറത്ത് എന്തോ വന്ന് വീണിരിക്കുന്നു. ഒരു ഗ്രാനൈഡ് പൊട്ടിയ ശബ്ദവും മനുഷ്യമാംസത്തിന്റെ ഗന്ധവും വായുവിൽ കലർന്നത് പോലെ തോന്നി. ഞാൻ ശക്തിയായി ചുമച്ചു.
"ഇയാൾക്ക് നല്ല സുഖമില്ലേ? ഇവിടുത്തെ കാറ്റ് കൊണ്ടാൽ അസുഖം താനേ വന്നോളും "
..
മനസ്സിന്റെ അസ്വാസ്ഥ്യം മറച്ച് പിടിക്കാൻ ഞാൻ നിശബ്ദത പാലിച്ചു.
"ഒരു മാസായി സാബു വിളിച്ചിട്ട് !"ചൂടുള്ള ചായയും ഒരു കുഞ്ഞു പ്ലേറ്റിൽ ബിസ്ക്കറ്റും കൊണ്ട് വരുന്നതിനിടയിൽ അമ്മ പറഞ്ഞു. "വിളിക്കാൻ പറ്റാതായത് മൊബൈൽ റെയ്ഞ്ചില്ലാത്തിടത്താണ്."
മേജറിന്റെ റൂമിലെ ബി എസ് എന്നൽ ഫോണിന് മുന്നിലെ ക്യൂവിലെ ഊഴമെത്തും മുന്നേ ഡ്യൂട്ടി ടൈം ആവാറുണ്ട്.
"ഇന്ന് ഈ നീമിഷത്തെക്കുറിച്ചല്ലാതെ നാളയെക്കുറിച്ച് ചിന്തിക്കാനോ കുടുംബത്തെ ഓർത്ത് സങ്കടപ്പെടാനോ കഴിയാത്ത വിധം നിസ്സഹായരാണ് ഞങ്ങളൊക്കെ . "
അസമയത്ത് പറയേണ്ടിരുന്നില്ല എന്ന തോന്നലുണ്ടായപ്പോൾ മൗനം പാലിച്ചു. അമ്മ പിന്നീടൊന്നും ചോദിച്ചില്ല.
സാബുവും എന്നെപ്പോലെ കുടുംബഭാരവുമായി പട്ടാളത്തിലെത്തിപ്പെട്ടവനാണ് എന്നെനിക്ക് തോന്നി. രാജ്യസ്നേഹവും ലക്ഷ്യബോധവും ധൈര്യവും ഒക്കെ വഴിയേ വന്ന് ചേരുന്നതാണല്ലോ.
ഞാൻ മെല്ലെ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി.ഗന്ധരാജനും , ശംഖു പുഷ്പവും നമ്പ്യാർവട്ടവും അമ്മയെ ഓർമ്മിപ്പിച്ചു. മുൻവാതിലിന് മുഖമായുള്ള നീളൻ നടയിലൂടെ ഞാൻ ഗോവണി ലക്ഷ്യമാക്കി നടന്നു. തറവാട്ടിലും ഇതുപോലെ മുൻവശത്ത് ഗോവണിയും ഒരു വശത്തായി വണ്ടി കയറാൻ ചെറിയ ഗേറ്റും ഉണ്ട്. ഗോവണിയിൽ നിന്നുള്ള കാഴ്ച്ച നീളുന്നത് പരന്ന് കിടക്കുന്ന റബ്ബർ തോട്ടത്തിലേക്കാണ്. ബസ്സ് വരാൻ സമയമേറെ കിടക്കുന്നുണ്ട്. മനസ്സിൽ വീണ്ടും കുറ്റബോധം വന്ന് നിറയാൻ തുടങ്ങി.
നാട്ടിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടയിലാണ് ദീൻ ഭായി കൊല്ലപ്പെട്ടത്. വീട്ടിലേക്കുള്ള അത്യാവശ്യം സാധനം വാങ്ങാൻ പുറപ്പെട്ടതായിരുന്നു. നാട്ടിലേക്ക് പുറപ്പെടുമ്പോൾ കഴിയുന്നത്ര സാധനങ്ങൾ എല്ലാവരും വാങ്ങികൂട്ടാറുണ്ട്. ദീൻ ബായ് ട്രക്കിന്റെ ഡ്രൈവറായിരുന്നു. കൂടുതൽ ശ്രദ്ധയും പരിശീലനവും വേണ്ടുന്ന ജോലിയാണത്. തീവ്രവാദികൾ ആദ്യം ലക്ഷ്യം വെക്കുക ഡ്രൈവർമാരെയാണ്. കൺമുന്നിൽ നടന്ന മരണമായിരുന്നു ദീൻ ഭായിയുടേത്. തോക്കും ,ബാരണും, വെള്ളവും തൂക്കി കൊണ്ടുള്ള നടത്തത്തിനിടയിൽ കൺമുന്നിൽ കണ്ട് കൊണ്ടിരിക്കുന്ന പലരും മരണപ്പെട്ടിട്ടുണ്ടെങ്കിലും ഭായിയുടെ മരണം തന്ന നീറ്റൽ വളരെ വലുതായിരുന്നു.
പുൽവാമയിലെ ക്യാമ്പിന്റെ ഓരം ചേർന്ന് പേരറിയാത്ത ഒരു മരം ഉണ്ടായിരുന്നു. അതിൽ നിറയെ കൊട്ടക്കാ കായ് പോലെ പഴം കായ്ച്ച് നിൽക്കാറുണ്ട്. കഴിക്കാൻ ആർക്കും ധൈര്യം തോന്നിയിരുന്നില്ല ഭായിയാണ് അതിന്റെ കായ ധൈര്യപൂർവ്വം കഴിച്ചത്.ആ മരം രാത്രിയിൽ സുഗന്ധം പരത്താറുണ്ട്. കല്യാണം കഴിഞ്ഞവരൊക്കെ ആ സുഗന്ധത്തിൽ ഭാര്യമാരെ ഓർക്കാറുണ്ട്. മിൽട്രി ക്യാൻറീനിലേക്ക് പുറപ്പെട്ടപ്പോൾ ദീൻ ഭായ് ഞങ്ങൾക്ക് കായ പറിച്ച് നൽകിയിരുന്നു.
കാശ്മീരിലെ സ്ത്രീകൾ അതിസുന്ദരികളാണ്. ലോകത്തെവിടേയും കാണാൻ പറ്റില്ല അത്രേം സുന്ദരികളായ സ്ത്രീകളെ . കൃത്യമായ അകലം പാലിച്ച് കണ്ണിമ തെറ്റാതെ അവരുടെ സൗന്ദര്യം നോക്കി നിന്നിട്ടുണ്ട്. കുടുംബത്തിലെ പുരുഷൻമാരെ കൊല ചെയ്ത് സ്ത്രീകളെ ബലാൽസംഘം ചെയ്യുന്നത് അവിടെ പതിവാണ്. പട്ടാളം പോലും അവരുടെ ജീവൻ രക്ഷിക്കാൻ പറ്റാതെ നിസ്സഹായരാവാറുണ്ട്.കൂട്ടത്തിൽ കല്യാണം കഴിക്കാത്തത് ഞാൻ മാത്രമായതുകൊണ്ട് കാശ്മീരി സുന്ദരികളുടെ സൗന്ദര്യാസ്വാദനത്തിൽ എന്നും പഴി കേൾക്കാറ് എനിക്കാണ്. ഭായിയോടൊപ്പം ഞങ്ങൾ അഞ്ച് പേർ അന്ന് കാന്റീനിലേക്ക് പുറപ്പെട്ടിരുന്നു. അച്ഛന്റെ മരണശേഷം രണ്ട് തവണ ക്യാൻസലായി കിട്ടിയ ലീവായതിനാൽ എന്തെങ്കിലും വാങ്ങിക്കൊണ്ടുപോവാനുള്ള മനസ്സൊക്കെ നഷ്ടപ്പെട്ടിരുന്നു. ക്യാമ്പിന് സമീപമുള്ള
ഒരു വീട് തീവ്രവാദികൾ വളഞ്ഞിട്ടുണ്ടെന്ന വിവരം ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ വന്ന് പറഞ്ഞു. ട്രക്കോടിച്ചത് ദീൻഭായിയാണ് .
രണ്ട് തീവ്രവാദികൾ ഏറ്റുമുട്ടലിൽ മരിച്ചിരുന്നു.. വീടിനു പുറത്താണ് ദീൻ ഭായിയുടെ ശവശരീരം കിടന്നിരുന്നത് വെടിവെപ്പിലുള്ള മരണമായതിനാൽ ശരീരത്തിന് വലിയ പോറൽ ഉണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോൾ ഗ്രനേഡ് അക്രമണത്തിൽ ക്യാമ്പ് തകർന്നിരുന്നു . തകർന്ന് വീണ കെട്ടിടത്തിനും മഞ്ഞുമലകൾക്കുമിടയിൽ മാംസപിണ്ഡമായി അവശേഷിച്ചു പോയി സാബുവിന്റേം സ്വപ്നങ്ങൾ. അവയങ്ങൾ കണ്ടെടുത്ത് കൂട്ടിയോജിപ്പിക്കാൻ സമയമെടുത്തേക്കും.
സാധനങ്ങൾ അടുക്കി പെറുക്കുമ്പോൾ കയ്യിൽ തടഞ്ഞ ഡയറിക്കുറിപ്പിനുള്ളിൽ മണിക്കൂറുകൾക്ക് മുൻപ് എഴുതി പോസ്റ്റ് ചെയ്യാതെ വെച്ച കത്തും ഉള്ളടക്കമായി ചിക്കുമോന്റെ പിറന്നാളിന് എത്താമെന്ന വാക്കുപാലിക്കാൻ പറ്റാത്ത വിഷമവും ആയിരുന്നു.
ഔദ്യോതികമായി മരണം സ്ഥിതീകരിക്കും മുൻപ് പറയാനുള്ള അവകാശമില്ല. നാവിൻ തുമ്പിൽ നിന്ന് പുറത്ത് ചാടാതെ സാബൂന്റെ ആത്മാവ് എന്നോടൊപ്പം കൂടി .
അഞ്ചേമുക്കാലിന്റെ ബസ്സ് പിടിക്കാൻ ഞാൻ എഴുന്നേറ്റ് നടന്നു.അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ യൂണിഫോമിനുള്ളിൽ നിന്ന് പുറത്ത് കടന്ന പച്ച മനുഷ്യനായിത്തന്നെ.
(കവിതസഫൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot