Slider

വിഷുക്കണി ( ജോളി ചക്രമാക്കിൽ )

0
Image may contain: one or more people, eyeglasses, beard and closeup
പണ്ടാണ് ..
അതായത്, ഇരുപത് പത്തിലെ ( 2010 )
ഒരു മീനമാസത്തിൻ്റെ അവസാന നാൾ
പിറ്റേന്ന് മേടം ഒന്ന് ,
എല്ലാ തവണയും എന്നപ്പോലെ വിഷു ആഘോഷമാക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും
രണ്ടുനിലയുള്ള ഒരു വീടാണു അന്നത്തെ ഓഫീസ്
മുകൾ നിലയിൽ നിഷാദ് " തൻ്റെ കമ്പ്യൂട്ടറിൽ ഹാർഡ് വെയർ അരച്ചു സോഫ്റ്റ് വെയറാക്കുന്നു അതുമായ് ബന്ധപ്പെട്ട ഓഫീസും അവൻ്റെ ഉറക്കവും മുകളിൽ തന്നെ
താഴെ വരയും കുറിയും ആയി ഞാനും
അങ്ങിനെ ഒരു കുടക്കീഴിൽ ,
വ്യത്യസ്തമായ രീതിയിൽ തരംഗങ്ങൾ ഉയർത്തുന്ന , ഓരോന്നും മൂന്നു പൌണ്ടു വീതം ഭാരമുള്ള തലച്ചോറുകൾ കുത്തിനിറച്ച രണ്ടു തലയുമായി
ഒരുമിച്ചു കഴിയുന്നവർ....
ജീവിതത്തിൽ യാദൃശ്ചികത പലപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാറുണ്ട്
അതിൻ്റെ തുടർച്ചയെന്നോണമാണ്
ഈ കൂട്ടുകെട്ട് ..
ഞങ്ങൾ കോഴിക്കോട്ടുകാർക്ക് തിരുവാതിരയും വിഷുവും കെങ്കേമമാണു അതിൽ തിരുവാതിര കഴിഞ്ഞു ,
ഇനി വിഷുവാണു
പടക്കങ്ങൾ പൊട്ടി തുടങ്ങുമ്പോഴാണ് വിഷു അടുത്തെന്ന് അറിയുക.
അതിനു മുൻപേ കണിക്കൊന്ന പൂക്കാൻ തുടങ്ങും. ഓഫീസിനു മുന്നിലെ കണിക്കൊന്നയും നേരത്തെ പൂത്തിട്ടുണ്ട് ..
കുറച്ചു കമ്പിത്തിരിയും പടക്കവും മേശപ്പൂ ഇത്യാദി സാധനങ്ങളും വീരഭദ്രനേയും സംഘടിപ്പിച്ച് ഞങ്ങൾ പുതുവർഷത്തെ വരവേൽക്കാനുള്ള സായാഹ്ന പൂജ തുടങ്ങി സുഹൃത്തുക്കൾ ഓരോരുത്തരായി വന്നു ചേർന്നു തുടങ്ങി
താമസിയാതെ തന്നെ ഓരോരുത്തരും മഹാഅതിരാത്രത്തിൽ കർമികളായ് തീർന്നു .
പൂജയ്ക്ക് അംശവും ദശാംശവുമായി
എത്തി ചേർന്ന മുന്തിരിയും, അണ്ടിപ്പരിപ്പും,
ശർക്കരയുപ്പേരിയും, കായവറുത്തതും എല്ലാം മേശമേൽ അണിനിരന്നു മേളം കൊഴുക്കവേ ..
നിഷാദിൻ്റെ ഒരു സുഹൃത്ത് വന്ന് കസവു കരയുള്ള ഒരു മുണ്ട് സമ്മാനമായ് കൊടുത്തുകൊണ്ട് പറഞ്ഞു ..
നാളെ നേരത്തെ വീട്ടിലെത്തണം ആറരയ്ക്ക് മുൻപ്...
കണി അവിടന്നു കാണാം
വിഷു അവിടെയാണു .
വന്നേ പറ്റൂ ...
പുറത്ത് പടക്കങ്ങൾ ഒറ്റയായും കൂട്ടമായും പൊട്ടിക്കൊണ്ടിരുന്നു .
പരികർമ്മികൾ
ഒരോരുത്തരായി വിട പറഞ്ഞു പോയിക്കൊണ്ടിരുന്നു .
മീനം തൻ്റെ ഡ്യൂട്ടി അവസാനിപ്പിക്കാറായി അപ്പോഴാണ് എനിക്കെൻ്റെ
ജീവിത ബംഗാളിയെ ഓർമ്മ വന്നത് ,
ദി ലാസ്റ്റ് ഡിസിഷൻ എന്ന കഥയിലെ
ലോറയെ കടിച്ച നാലു കാലുള്ള ഭീകരജീവിയായി ഇപ്പോൾ വീട്ടിൽ പോണോ അതോ രാവിലെ രണ്ടു കാലുള്ള ഭീകരജീവിയായി പോയാൽ മതിയോ
എന്ന ആലോചന അമിട്ടു പൊട്ടി വിരിഞ്ഞതും അപ്പോഴാണ്
എന്തുകൊണ്ടും രാവിലെ പോയാൽ മതിയെന്ന എൻ്റെ മൂന്നു പൗണ്ടുള്ള ബ്രെയിനിൽ നിന്നും വൈകി ലഭിച്ച സന്ദേശങ്ങൾക്കനുസരിച്ച്
വാമഭാഗത്തെ വിളിച്ച് രാവിലെ രണ്ടു കാലുള്ള ജീവിയായി എത്തിക്കൊള്ളാമെന്നു വാക്കു കൊടുത്തു പിന്നാലെ ആശംസിച്ച
"ഹാപ്പി വിഷു ''വിനു മറുപടിയായ് പറഞ്ഞത് അപ്പോൾ പൊട്ടിയ ചില പടക്കങ്ങളുടെ ശബ്ദത്തിൽ അലിഞ്ഞു ചേർന്നിരുന്നു .
ഡാ ..നിഷാ ദേ ..
നാളെ 6.30 ന് നിനക്ക് കണി
കാണാനുള്ളതല്ലേ
കിടക്കാം ഗുഡ് നൈറ്റ് ...
രാത്രിയുടെ ഏതോ യാമത്തിൽ പടക്കം കൂട്ടമായി പൊട്ടുന്ന ശബ്ദം കേട്ട്
ഗാഢനിദ്രയുടെ ഏതാണ്ട് നടുവിന് തന്നെ
വെട്ടുകിട്ടിയ ഞാൻ ഞെട്ടിയെഴുന്നേറ്റു
കണ്ണുമിഴിച്ച ഞാൻ ചുറ്റും നോക്കുമ്പോൾ ഒരു ഗർഭസ്ഥ ശിശുവിനേപ്പോൽ നിഷാദ് ചുരുണ്ടുകൂടി കിടപ്പുണ്ട് വിളിച്ചിട്ട്
രണ്ടു ദിവസത്തേക്ക്. എണീക്കുമെന്ന് തോന്നുന്നില്ല
വിഷുകണി കാണുക വിഷു കൈനീട്ടം കിട്ടുക
ഇതൊക്കെ പുളളിയ്ക് വലിയ കാര്യമാണ് ഏതായാലും മുഹുർത്തം തെറ്റാതെ
കണിയൊരുക്കേണ്ടത് എൻ്റെ ബാദ്ധ്യതയായി
താഴെ മുറ്റത്ത് ഓടിപ്പോയി കണികൊന്നയും മാങ്ങയും കുറച്ചു പൂവും പറിച്ച് തലേ ദിവസത്തെ ബാക്കിയുള്ള അണ്ടിപരിപ്പും മുന്തിരിയും നാരങ്ങത്തോടും ഒക്കെ ഒരു പാത്രത്തിലെടുത്ത് കട്ടിലിനരികിലുള്ള മേശപ്പുറത്ത് സജ്ജീകരിച്ചു .
ഇനി കൃഷ്ണനാണ് വേണ്ടത് മുഹൃത്തം കഴിയാറായി പെട്ടെന്നാണ് ആ മൂന്നു പൌണ്ടിൽ വിദ്യുത്ശ്ചക്‌തി പ്രവഹിച്ച് ഒരു ആശയം പുറത്തു ചാടിയത്
നൊടിയിടെ കസവുമുണ്ടുടുത്ത്
ഡ്രായിംഗ് ഷീറ്റിൻ്റെ ഒരു ചുരുളെടുത്ത് ഓടകുഴലാക്കിയും ഒറ്റ കാലിൽ നിന്നപ്പോഴാണ് കൃഷ്ണന് മയിൽപ്പീലിയില്ലല്ലോ എന്ന് ഓർമ്മ വന്നത് മയിൽപ്പീലിയില്ലാതെ എന്തു കണ്ണൻ
വീണ്ടും വിദ്യുത്ശ്ഛക്തി ,മിന്നൽ പിണർ, ആശയം.
അരയിടത്തിനെ അലങ്കരിച്ചിരുന്ന VIP യെ ഊരി എടുത്ത് തലയിൽ ഘടിപ്പിച്ച് ഇലാസ്റ്റിക്കിനിടയിൽ കൊന്ന പൂവിൻ്റെ രണ്ടു മൂന്നു കതിരുകൾ തിരുകി ഏതാണ്ട് കൃഷ്ണൻ്റെ വകയിലുള്ള അമ്മാവൻ്റെ ചേലിൽ ഒറ്റക്കാലിൽ നിന്നു വിളി തുടങ്ങി
ഡാ .നിഷാ ദേ .കണി ...കണി
എവിടെ ഒരു രക്ഷയുമില്ല
ഓടക്കുഴലായി അഭിനയിക്കുന്ന ഡ്രായിംഗ് ഷീറ്റു ചുരുളു കൊണ്ട് പലവട്ടം കുത്തിയിട്ടും
എണീക്കുന്നില്ല
ഒടുക്കം കൃഷ്ണനു അമ്മാവൻ്റെ
ഛായയോടൊപ്പം സ്വഭാവവും കൈവന്നു ..
ചെരിഞ്ഞു കിടക്കുന്ന അവൻ്റെ മുതുകിൽ ഒരു ചവിട്ടും ഒപ്പം കണി കണി എന്നലറുകയും
ഒറ്റക്കാലിൽ ഓടക്കുഴൽ വിളിക്കുന്ന പോസിൽ നിൽക്കുകയും ,
പുറത്തു ആ സമയം പൊട്ടിയ പടക്കത്തോടൊപ്പം അവൻ എണീക്കുകയും കൃഷ്ണൻ്റെ അരയിൽ നിന്ന് കസവുമുണ്ട് ഊർന്നു വീണതും
അവനാ മഹാകണിക്കണ്ടതും കൃത്യം 6.30നായിരുന്നു
പിന്നീട് കൊടുത്ത വിഷുകൈനീട്ടത്തോടൊപ്പം കണിക്കഥ ആരോടും പറയാതിരിക്കാൻ ഇരട്ടി കൈമടക്കും അന്ന് കൊടുക്കേണ്ടി വന്നു ..
എന്തു തന്നെയായാലും വളർച്ചയുടെ പടവുകൾ ഓടിക്കയറി അവനിന്ന് ജപ്പാനിൽ ഒരു യൂണിവേഴ്സിറ്റിയിലാണ് ..
കണിക്കൊന്നകൾ പൂക്കുന്ന ഏതാണ്ടീ സമയത്തു തന്നെയാണ് അവിടെ സാക്കുറയും
പൂക്കുന്നത് ....
ഏവർക്കും നന്മയുടേയും സമൃദ്ധിയുടേയും
വിഷുവാശംസകൾ
14 - 04 - 2019
( ജോളി ചക്രമാക്കിൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo