Showing posts with label PrajithKumar. Show all posts
Showing posts with label PrajithKumar. Show all posts

"ഉണ്ണി.. ഈ റിസ്ക് എടുക്കണോ?"


"ഉണ്ണി.. ഈ റിസ്ക് എടുക്കണോ?"
ഞാൻ ജയദേവ്. അടുപ്പമുള്ളവർ ഉണ്ണിയെന്നു വിളിക്കും. അങ്ങ് പാലക്കാടാണ് സ്വദേശം. അമ്മയെയും 2 അനുജത്തിമാരെയും ഒപ്പം കുറെ ബാധ്യതകളും കയ്യിൽ ഏല്പിച്ചിട്ട് അച്ഛൻ പോയപ്പോൾ, രക്ഷപെടാൻ ഒട്ടുമിക്ക മലയാളികളേം പോലെ തന്റെ 22 ആം വയസ്സിൽ വിമാനം കയറിതാണ് അറബികളുടെ നാട്ടിലേക്ക്. ദുബായിൽ വന്നിട്ട് ഇപ്പൊ വര്ഷം 8 ആയി. ചെറിയ റെസ്റ്റാറ്റാന്റിൽ വെയ്റ്ററായി തുടങ്ങിയതാ. ഇപ്പൊ അവിടെ മാനേജരാണ്. അച്ഛൻ ഏല്പിച്ച ബാധ്യതകൾ എല്ലാം വീട്ടി. ദുബായിലേക്ക് വരാനായി മനയ്ക്കലെ രാമുണ്ണിയുടെ കയ്യിൽ പണയം വച്ച വീടും പറമ്പിന്റെയും ആധാരം തിരികെ വാങ്ങി. ഒന്നാമത്തെ അനുജത്തിയെ നല്ല രീതിയിൽ തന്നെ കെട്ടിച്ച വിട്ടു. അടുത്ത ആഴ്ച രണ്ടാമത്തെ അനിയത്തിയുടെ വിവാഹമാണ്. അതിനു നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പാണ്.. ഇന്ന് വൈകുന്നേരം 5 മണിക്കാണ് ഫ്ലൈറ്റ്.
"ഉണ്ണി, ഞാൻ ചോദിച്ചത് നീ കേട്ടില്ലേ?"
റൂമിലെ സഹവാസിയും, ഇങ് ദുബായിൽ വന്ന നാൾ മുതൽ എന്റെ ഒറ്റമിത്രവുമായ മജീദെട്ടൻറെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നുണർത്തിയത്.
"ഇത് തീക്കളിയാണ് പിടിക്കപ്പെട്ടാൽ അറിയാലോ.. ആരും ഉണ്ടാകില്ല രക്ഷിക്കാൻ.. കാശ് നമ്മുക്ക് എവിടെ നിന്നേലും ഉണ്ടാക്കാമെടാ, നീ ഇപ്പൊ പോ.. ഞാൻ ആരുടേങ്കിലും കയ്യിൽ നിന്ന് വാങ്ങി അയച്ചു തരാം. കല്യാണത്തിന് ഇനിയും 1 ആഴ്ചയില്ലെ ടാ? "
"സാരമില്ല മജീദെട്ടാ.. ഈ സാധനം നാട്ടിൽ പറയുന്ന ആൾക്ക് എത്തിച്ചു കൊടുത്താൽ 1 ലക്ഷം രൂപ രൊക്കം കിട്ടും.. കല്യാണത്തിന് ചിലവുകൾ എന്തോരം അന്ന് വച്ചാണ്. ഞാൻ എത്ര കൂട്ടിയിട്ടും കൈയിൽ നിൽക്കുന്നില്ല"
"എന്നാലും.. ഒന്നൂടി ആലോചിച്ചിട്ട് പോരെ?"
"ഇനി ഒരെന്നാലുമില്ല.. വരുന്നയിടത്ത് വച്ച കാണാമിനി. ഈ കല്യാണംകൂടി കഴിഞ്ഞാൽ ഒന്ന് ശരിക്ക് ശ്വാസം വിടാം.."
എന്റെ ഉറച്ച തീരുമാനം കണ്ടിട്ടാകണം മജീദെട്ടൻ പിന്നെ ഒന്നും പറഞ്ഞില്ല.. പോകാനുള്ള വണ്ടി നോക്കട്ടെയെന്നും പറഞ്ഞു പുറത്തേക്കിറങ്ങി. മജീദെട്ടനോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും മനസ്സ് പടപടാ ഇടിക്കുകയാണ്. എങ്ങാനും പിടിക്കപെട്ടാൽ സുജുവിന്റെ കല്യാണം, പിന്നെ അമ്മ, എനിക്ക് വേണ്ടി വീട്ടുകാരെയും വെറുപ്പിച്ചു വര്ഷങ്ങളായി കാത്തിരിക്കുന്ന എന്റെ പാറുട്ടി". മനസ്സിന്റെ അകത്തു ഒരു വലിയ അഗ്നിപർവതം പുകയുകയാണ്. ഞാൻ അപ്പുറത്തെ ബെഡിലിരുക്കുന്ന ആ ചെറിയ പൊതിയെ നോക്കി. എന്റെ ജീവിതമാണ് അവിടെ ഇരിക്കുന്നത്. അത് ഞാൻ ഭദ്രമായി പെട്ടിയിൽ കുറച്ചകത്തായി എടുത്ത് വച്ചു. അപ്പോഴേക്കും മജീദെട്ടൻ വണ്ടിയുമായി എത്തി.
"ഏട്ടൻ വരണ്ട.. ഞാൻ പൊയ്ക്കൊള്ളാം ഏട്ടാ. ഇവിടെ നിന്ന് രണ്ടു മൂന്ന് മണിക്കൂർ യാത്രയുണ്ട്, വൈകിട്ട് ജോലിക്ക് കയറേണ്ടതല്ലേ."
ബാഗും സാധങ്ങളുമെല്ലാം വണ്ടിയിൽ കയറ്റി, വണ്ടിയിൽ കയറിനൊരുങ്ങിയ മജീദെട്ടനെ വിലക്കി.
"സാരമില്ലടാ തിരിച്ചു വന്നു പോകാനുള്ള ടൈമുണ്ടല്ലോ"
"സാരമില്ല, ഞാൻ പൊയ്ക്കൊള്ളാമെന്നെ. പിന്നെ ഒന്ന് പ്രാർത്ഥിച്ചോണേ എല്ലാം ശെരിയായി നടക്കാൻ"
ദുബായ് എയർപോർട്ടിൽ ഏജന്റിന്റെ ആളുണ്ടാകും അത് കൊണ്ട് സെഫാണ്. എന്നാലും, എന്തെങ്കിലും സംഭവിച്ചാൽ മജീദെട്ടനെകൂടി. അത് വേണ്ട..
"നീ സൂക്ഷിച്ചു പോ. എല്ലാം നല്ല പോലെ നടക്കുമെടാ, പിന്നെ ആ വായാടി കല്യാണപെണ്ണിനോട് ഞാൻ ചോദിച്ചെന്നു പറയണേ"
"ശരിയേട്ടാ എങ്കിൽ പോയിട്ട് വരാമേ"
"ടാ സൂക്ഷിക്കണേടാ " കാർ എടുത്തപ്പോ ഏട്ടൻ ഒന്നൂടി ഓർമ്മിപ്പിച്ചു
ദുബായ് എയർപ്പോർട്ടിലെ കസ്റ്റംസ് ക്ലീറൻസ് ഒക്കെ ഏജന്റിന്റെ സഹായത്തോടെ നല്ല രീതിയിൽ കടന്നു വിമാനത്തിൽ കയറി. അപ്പോഴും മനസ്സ് ശാന്തമായിട്ടില്ല. കാതിൽ ഇപ്പോഴും മജീദെട്ടന്റെ ""ടാ സൂക്ഷിക്കണേടാ " എന്ന വാക്കാണ്. ഒരു കടമ്പ കൂടിയുണ്ട്. ഏറ്റവും ദുഷ്കരമായത്. കരിപ്പൂർ വിമാനത്താവളത്തിലെ ചെക്കിങ്. അങ്ങനെ പലതും ആലോചിച്ചിരുന്നു ഒന്ന് മയങ്ങി പോയി. വിമാനത്തിനുള്ളിൽ അനൗൺസ്‌മെന്റാണ് എന്നെ ഉണർത്തിയത്. അതെ വിമാനം നിലം തൊടാറിയിരിക്കുന്നു. മനസ്സിൽ നിറയെ ആശങ്കകൾ മാത്രം.
ഒടുവിൽ വിമാനമിറങ്ങി. സാധങ്ങൾ കസ്റ്റംസ് ക്ലീറൻസ് കഴിയുന്നതിനായി വെയിറ്റ് ചെയുമ്പോളാണ് ഒരു ഓഫീസർ എന്റെ അരികിലേക്ക് വന്നത്.
ഈശ്വരാ പിടിക്കപ്പെട്ടു.. ഇറങ്ങിയോടിയാലോ, എന്റെ സുജയുടെ കല്യാണം. എല്ലാം ഇതാ അവസാനിക്കാൻ പോകുന്നു. ഞാൻ ആകെ തണുത്തു മരവിച്ചു പോയി.
"ഈ വാലറ്റ് നിങ്ങളുടേതല്ലെ ദേ അവിടെ വീണു കിടന്നതാണ്" അതും തന്നു അയാൾ തിരിച്ചു പോയപ്പോഴാണ് ശ്വാസം നേരെ വീണത്.
ക്ലീറൻസ് എല്ലാം കഴിഞ്ഞു ഞാൻ നേരെ പോയത് ആ സാധനം ഏൽപ്പിക്കാനാണ്. ഏജന്റ് തന്ന അഡ്രസ് അറിയാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ആ നാട്ടിലെ പേര് കേട്ട തറവാടാണ്.
വലിയ തറവാട് തന്നെ. വിശാലമായ മുറ്റവും എമണ്ടൻ വീടും. സത്യത്തിൽ എന്റെ കണ്ണ് തള്ളിപ്പോയി. മുറ്റത്തു കണ്ട നാല്പത് വയസ്സ് പ്രായം കാണുന്ന ഒരു സ്ത്രീയോട് ഞാൻ വന്ന കാര്യം പറഞ്ഞു.
"അയ്യോ പുറത്തു വച്ചു എടുക്കല്ലേ, ആരേലും കണ്ടാൽ വലിയ പ്രശ്‌നമാകും. താൻ അകത്തേക്ക് വാ" സാധനമെടുക്കാനായി കൈയിലുണ്ടായിരുന്ന ബാഗ് തുറക്കാൻ പോയതും ആ സ്ത്രീ വിലക്കി.
ഉള്ളിൽ എത്തി ബാഗ് തുറന്നപ്പോഴേക്കും എനിക്ക് തരാനുള്ള കാശുമായി അവർ എത്തി.
"ഒന്ന് ചൂടാക്കിയെരു ഇന്നലെ ഉച്ചക്ക് വാങ്ങി വറുത്തതാണ്"
ബാഗിൽ നിന്നും "ബീഫിന്റെ" ആ പൊതിയെടുത്ത് അവരെ ഏല്പിച്ചു, പറഞ്ഞുറപ്പിച്ച പോലെ ഒരു ലക്ഷം രൂപയും വാങ്ങി ഞാൻ പടിയിറങ്ങി.
ശാന്തമായ മനസ്സോടെ ഇനി വീട്ടിലേക്ക് പോകാം . എന്റെ സുജ മോൾടെ കല്യാണ തിരക്കുകൾ എന്നെയും കാത്തു അവിടെയുണ്ട്. എത്രയും പെട്ടന്ന് അവിടെ എത്തിയാൽ മതി. മജീദെട്ടനെ ഒന്ന് വിളിച്ച പറയണം. ഫോണെടുത്തു ഞാൻ മജീദെട്ടന്റെ നമ്പറിലേക്ക് ഡയല് ചെയ്തു... മറുഭാഗത്തെ മറുപടിക്കായി കാതോർത്തു, പുറത്തെ കാഴ്ചകളിലിൽ അലിഞ്ഞു...
NB: വർഷങ്ങൾക് അപ്പുറം നടക്കാൻ സാധ്യതയുള്ള ഒരു സംഭവമായി മാത്രം കാണുക..
~~പ്രജിത്ത്

ലച്ചു


അതിരാവിലെ മനോജിന്റെ ഫോൺ കോളാണ് എന്നെ ഉറക്കത്തിൽ നിന്ന് ഉണർത്തിയത്. മനോജ്, അവനാണെന്റെ ഉറ്റ സുഹൃത്ത്. ഒരേ കമ്പനിയിൽ ജോലിചെയ്‌യുന്നവർ എന്നതിലുപരി എന്റെ ക്ലാസ്സ്‌മേറ്റ് കൂടിയായിരുന്നു അവൻ. ധൃതിയിൽ റെഡിയായി, ബൈക്കുമെടുത്ത് നേരെ ബസ്‌സ്റ്റാന്റിലേക്ക്. ബൈക്ക് പാർക്ക് ചെയ്തെത്തുമ്പഴേക്ക് മനോജ് എന്നെ കാത്തു അവിടെ നിൽപ്പുണ്ടായിരുന്നു. അവന്റെ മുഖമാകെ മ്ലാനമാണ്. പതിവ് ചിരിയില്ല. നോട്ടങ്ങളിൽ പോലും ആശങ്ക നിറഞ്ഞു കവിയുന്നു. ഒടുവിൽ, ആദ്യമെത്തിയ കെഎസ്ആർടിസി ബസ്സിൽ ഞങ്ങൾ ഇരുവരും കയറിക്കൂടി. അതിരാവിലെ ആയിരുന്നിട്ട് കൂടി നേരിയ തിരക്കുണ്ട്. ഒരുവിധം രണ്ട് സീറ്റുകൾ കിട്ടിയ ഞങ്ങൾ അതിലിരുന്നു. പരസ്പരം ഒന്നും മിണ്ടുന്നില്ല. ഒടുവിൽ മൗനത്തെ ഭേദിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിക്കാൻ എന്നവണം "ഒന്നുമുണ്ടാകില്ലടാ" എന്നൊരു വാക്ക് മാത്രം.
നഗരത്തിൽ നിന്നും ഏറെ ദൂരമുള്ള എന്റെ നാട്ടിലേക്ക് ഇപ്പോൾ വന്നിട്ട് നാളേറെയായി. ജോലി തിരക്കുകൾ തന്നെ കാരണം. കെഎസ്ആർടിസി ബസ് ആ കൊച്ചു ഗ്രാമത്തിലെ പ്രധാന കവലയിൽ ചെറിയൊരു കുലുക്കത്തോടെ വന്നു നിന്നു. പലപ്പോഴും ഈ കവലയിൽ ബസ്സ് ഇറങ്ങിയിട്ടുണ്ടെങ്കിലും ഇന്ന് മനസ്സിൽ എന്തോ ഒരു തിരയിളക്കം. പലരും കുശലങ്ങൾ ചോദിക്കുന്നു. പല ചോദ്യങ്ങളും അവ്യക്തം. ചോദ്യങ്ങൾക്കൊന്നും ഉത്തരമേകാതെ ഞാൻ ആ പാടവരമ്പിലൂടെ നടന്നു നീങ്ങി. പിന്നാലെ മനോജ്ഉം.
മനസ്സിൽ നിറയെ അവളാണ്. അവൾ ലക്ഷ്‌മി. തനി നാട്ടിൻ പുറത്തുകാരി. പത്താം തരവും തയ്യലും എന്ന പതിവ് നാട്ടിന്പുറത്തുകാരിയല്ല. എഞ്ചിനീയറിംഗ് ബിരുദം കഴിഞ്ഞു, ഇനി എന്തെന്ന് ചോദ്യവുമായി കാത്തുനിൽകുന്ന ഇന്നത്തെ യുവതയുടെ പ്രതീകം. വർഷങ്ങൾക്ക് മുന്നേ, ആകെയുള്ള മുത്തച്ഛൻ കൂടി പോയതിൽ പിന്നെ, ഈ ഗ്രാമവുമായി എന്നെ ബന്ധിപ്പിക്കുന്ന ഏക കണി. എന്റെ കളികൂട്ടുകാരി. അതിലുമേറെ ഓർമ്മവച്ച നാൾ മുതൽ എന്നെ ജീവനുതുല്യം സ്നേഹിച്ചവൾ. ഒരു പൊട്ടിക്കാളി. എന്റെ മുഖമൊന്നു കടുത്താൽ പോലും കണ്ണ് നിറയുന്ന ഒരു പാവം. രണ്ട് മാസങ്ങൾ കൂടുമ്പോൾ, ആദ്യത്തെ ഞായാറാഴ്ച, പറമ്പിലെ തേങ്ങ വിറ്റ കാശ് വാങ്ങാൻ വരുമ്പോൾ, വഴിക്കണ്ണുമായി ആ കുളക്കരയിൽ കാത്തുനിൽക്കുന്ന എന്റെ ലച്ചു. ഇനി വരുമ്പോൾ എന്നെ കാത്തുനിൽക്കാൻ ആരുമുണ്ടാകില്ല എന്നതാണ് സത്യം. മനസ്സിൽ വീണ്ടും ആശങ്കകൾ പൊട്ടിവിരിഞ്ഞു. മനോജിന്റെ വിളിയാണ് എന്നെ ചിന്തകളിൽ നിന്നുണർത്തിയത് "ഡാ നമ്മൾ എത്തി"..
ആ വലിയ തറവാട്ടിലെ പടികെട്ടുകൾ കയറി, നടുമുറ്റത്തേക്ക് കടന്നപ്പോൾ ചെറിയൊരു ആൾകൂട്ടം. എല്ലാവരുടെയും നോട്ടം ആ കോലായിലേക്ക് തന്നെ. എല്ലാവരുടേം മുഖത്തു ഞാൻ നേരത്തെ മനോജിന്റെ മുഖത്തു കണ്ട അതെ ആശങ്ക തന്നെ. എന്തോ അരുതാത്തതു സംഭവിച്ച പോലെ. ഞങ്ങളെ കണ്ടതും ആളുകൾ പരസ്പരം കുശുകുശുക്കുന്നു.
ആളുകൾകിടയിലൂടെ കോലായിലേക്ക് ചെന്ന ഞാനും മനോജ്ഉം അറിയാതെ ചിരിച്ചുപോയി. കോലായിലെ പടിയിൽ ഒരാളിരിക്കുന്നു, നല്ല സെറ്റുമുണ്ടും ഉടുത്തു, മുല്ലപ്പൂവും ഒക്കെ ചൂടി. കൈയിൽ ഒരു ബാഗും. എന്നെ കണ്ടപ്പോൾ തന്നെ, അവൾ എനിക്ക് അരികിലേക്ക് ഓടിയടുത്തു, എന്റെ മാറിൽ തല ചായ്ച്ചു, ഒപ്പം കുറെ പരിഭവം പറച്ചിലും പിന്നെ സ്ഥിരം കിട്ടാറുള്ള ചെറിയ പിച്ചലും മാന്തലുംമൊക്കെ. പാവം അതിരാവിലെ മുതൽ എന്നെ കാത്തിരിക്കുകയാണ്. ഇന്നലെ തന്നെ അവളെ വിളിച്ചു ഞങ്ങൾ അവളെ കൂട്ടികൊണ്ട് വരാൻ പോകുന്ന കാര്യം പറഞ്ഞിരുന്നു. രാവിലെ മുതൽ ഒരുങ്ങി കാത്തിരിക്കുകയിരുന്നു അവൾ. താമസിച്ചതിന്റെ പരിഭവമാണ് ഈ കണ്ടതെല്ലാം. ഇതെല്ലം കണ്ടു നാട്ടുകാർ കണ്ണും തള്ളിനിൽക്കുന്നുണ്ടായിരുന്നു. മറു തലക്കൽ ലച്ചുവിന്റെ രണ്ടാനമ്മയുടെ പ്രാകലിന്റെ ശബ്ദം ഒന്ന് കൂടി മുറുകി. അവളുടെ കൈയുംപിടിച് ബാഗും തൂക്കി ഞങ്ങളിറങ്ങാൻ നേരം ഉമ്മറത്തിരിക്കുന്ന ആ മനുഷ്യന്റെ മുഖത്തേക്ക് ഒന്ന് നോക്കി, അവളുടെ അച്ഛന്റെ കണ്ണുകളിലേക്ക്. നിറഞ്ഞു കവിഞ്ഞ ആ കണ്ണുകളിൽ, നിറയെ അനുഗ്രഹങ്ങളായിരുന്നു. തന്റെ മകൾക്കും എനിക്കും യാത്രയേകുവാനുള്ള മൗനാനുവാദം. അത് മാത്രം മതിയായിരുന്നു രണ്ടാനമ്മയുടെ പ്രാക്കുകളെ അതിജീവിക്കാൻ.
എന്റെ ലച്ചുവിന്റെ കൂടെയുള്ള, ഞങ്ങൾ സ്വപ്നം കണ്ട ആ ലോകത്തിലേക്ക്, അവളുടെ കൈപിടിച്ചു ഞങ്ങൾ ആ പടികെട്ടുകൾ ഞങ്ങളിറങ്ങി. ഞങ്ങളുടേത് മാത്രമായ ഒരു പുതിയ ലോകത്തേക്ക്.. പാട വരമ്പത്തു കൂടി നടന്നകന്നപ്പോൾ, അവൾ ആ വലിയ പടിക്കെട്ടിലേക്ക് പിന്തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ നനവ് പടരുന്നത് ഞാനറിഞ്ഞു. ഇടംകയാൽ അത് ഞാൻ തുടച്ച നീക്കവേ, അവൾ എന്റെ തോളിലേക് തല ചായ്ച്ചു, ഒരു ചെറിയ എങ്ങലോടെ. എനിക്കറിയാം ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല. ഞങ്ങൾ തിരിച്ചുവരും, ഞങ്ങൾക്ക് പ്രിയപ്പെട്ട ഈ നാട്ടിലേക്ക്. അവളുടെ അച്ഛന്റെ അരികിലേക്ക്..

By: 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo