Showing posts with label BestofNallezhuth. Show all posts
Showing posts with label BestofNallezhuth. Show all posts

രണ്ടച്ഛൻമാർ (കഥ)


ഒരിക്കൽക്കൂടെ 
 വാതിലിലെ പഴുതിലൂടെ അയാൾ അകത്തേക്കെത്തി നോക്കി.കുറേയധികം വയറുകളുടെ ഇടയിൽ ഉറങ്ങും പോലെ കിടക്കുകയാണ് .മുടി മൊത്തം പൊഴിഞ്ഞ്...കവിളൊട്ടി...അച്ഛാ എന്നു വാ തോരാതെ വിളിച്ച് പുറകെ നടന്നിരുന്ന പൊന്നുമോൾ...അയാൾക്ക് ഹൃദയത്തിലൂടെ കൊള്ളിയാൻ പാഞ്ഞു...രണ്ടാഴ്ച്ചയായി

വെന്റിലേറ്ററിലാണ്.കീമോയുടെ ആവർത്തനങ്ങൾ താങ്ങാനുള്ള ശക്തി പൂർണ്ണമായും ശരീരത്തിനു നഷ്ടപ്പെട്ടിരിക്കുന്നു.അയാൾ ആയാസപ്പെട്ട് കാലുകൾ നീട്ടി വെച്ച് അടുത്തുള്ള കസേരയിലേക്കിരുന്നു.നെഞ്ചു തടവിക്കൊണ്ട് ചാഞ്ഞിരുന്ന് പതിയെ കണ്ണടച്ചു.

......

ഓരോ കാൽവെപ്പിലും ഉള്ളിലെ പക കനൽ പോലെ എരിഞ്ഞു.വലതു കൈ മടിക്കുത്തിലെ കത്തിയിൽ അമർന്നു.പുതിയ കത്തി...പണിയിക്കാൻ കൊടുത്തിട്ട് കുറേ നാളായിരിക്കുന്നു...കൊല്ലന്റെ തിരക്കു തീർന്നു പണിതു തുടങ്ങുമ്പോഴേക്ക് വാങ്ങണം എന്ന തോന്നലില്ലാതെയായി.അങ്ങനെ കിടന്നു.ഇന്ന് ചായക്കടയിൽ നിന്നു നേരെ അയാളുടെ വീട്ടിലേക്കാണ് കാലുകൾ ചലിച്ചത്.ഒന്നുകൂടി പഴുപ്പിച്ച് അടിച്ചൊതുക്കി മൂർച്ച കൂട്ടി തന്നു അയാൾ...കൊള്ളാം,കാശു മുതലാകാൻ മാത്രം മൂർച്ചയുണ്ട്.
അയാൾ ആകാശത്തേക്കു നോക്കി...പൂർണ്ണചന്ദ്രൻ അയാൾക്കൊപ്പം തന്നെയുണ്ട്.നല്ല തെളിഞ്ഞ ആകാശം .തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ...

'എവിടം വരെയായി ഒരുക്കങ്ങൾ...നാളെയല്ലേ മോൾടെ കല്ല്യാണം? '

തൊണ്ടയിലേക്കിറങ്ങിയ ചായയേക്കാൾ പൊള്ളിക്കുന്ന ചോദ്യം...ചുറ്റുമിരിക്കുന്ന മുഖങ്ങളിൽ ഒളിപ്പിച്ചൊതുക്കിയ പരിഹാസച്ചിരി.

'എന്താ പ്പോ ഇത്രയ്ക്കങ്ങൊരുങ്ങാൻ...നാട്ടുകാരുടെയല്ലേ ഉത്തരവാദിത്തം...ന്നാലും മിണ്ടാപ്പൂച്ചേ പോലിരുന്ന പെണ്ണല്ലാരുന്നോ...ഇങ്ങനെ ഒരുമ്പെട്ടിറങ്ങൂന്ന് ആരെങ്കിലും വിചാരിച്ചോ'

'നിങ്ങളെന്തറിഞ്ഞിട്ടാ കണാരേട്ടാ, കേശവേട്ടന്റെ കൈയിലിനി കുറേ തറവാട്ടുമഹിമയേ ഇരിപ്പുള്ളൂന്ന് അവൾക്കറിയാം.അവളു ബുദ്ധിമതിയാ.ജാതീൽ താണാലെന്താ പുളിങ്കൊമ്പല്ലേ...'

കൂട്ടച്ചിരി...ചായ തൊണ്ടയിൽ നിന്നിറങ്ങാതെയായി.

'ന്നാലും അടിയാച്ചെക്കന്റെ കുടീല് മോളു കഴിയണത് കണ്ണിൽ കണ്ടു ജീവിക്കേണ്ടി വരുവാന്നെച്ചാ അതും ഒരു ഭാഗ്യാണേ അല്ലേ സേത്വേ...'

'ഒന്നു നിർത്തുന്നുണ്ടോ ,ഒരാളെ ഇങ്ങനിട്ട് നീറ്റണോ...നിങ്ങളുടെയൊക്കെ വീട്ടിലും വളർന്നു വരുന്നില്ലേ പെങ്കുട്ട്യോള്.ആർക്ക് എന്താ വെച്ചിരിക്കണേന്ന് ആരു കണ്ടു?'

'അതിനിപ്പോ സെയ്താലിക്ക നെഞ്ചു പതയ്ക്കണ്ട.ഞങ്ങടെ പെങ്കുട്ട്യോളെ നല്ല ചൊല്ലുവിളീലാ വളർത്തണേ.ഇല്ലിക്കാട്ടിൽ കഴിയണോൻ വിളിച്ചാലൊന്നും അവരിറങ്ങി പോവൂല്ല'

പകുതി കുടിച്ച ചായഗ്ളാസ് താഴെ വച്ച് എണീറ്റു.

'ഹ! അവിടിരുന്നു ചായ കുടിക്ക് കേശവാ...'

'വേണ്ട സെയ്തേ ,പോട്ടെ , അവൾക്കു വേണ്ടി പണിയിപ്പിക്കാൻ കൊട്ത്തിട്ട്ണ്ട് ഒരൂട്ടം.അത് വാങ്ങണം'

കാശു കൊടുത്ത് ഇറങ്ങി നടക്കുമ്പോൾ പറഞ്ഞു.

'കണ്ടോ,അപ്പോ ഒക്കെ അറിഞ്ഞു വെച്ചിട്ടന്നെയാ.ഒത്തുകളിയായിരിക്കും.നാട്ടുകാരാ മണ്ടമ്മാര്.അമ്പലത്തിൽ വെച്ച് കല്യാണം.നാട്ടുകാരുടെ ഉത്തരവാദിത്തത്തില് ...ഒരു കല്യാണം നടത്താനൊക്കെ ഇപ്പോ ന്താ ചെലവ്...കാഞ്ഞ ബുദ്ധി തന്നെയാണേ'

നടക്കുന്ന വഴിയിലും കാതുകളിലേക്കെത്താൻ മാത്രം ഉറക്കെയായിരുന്നു ആ വാക്കുകളും പുറകെയുയർന്ന കൂട്ടച്ചിരിയും.

......

അയാളൊന്നു മയങ്ങിപ്പോയിരുന്നു.നേഴ്സ് തട്ടി വിളിച്ചു.
പതിയെ കണ്ണു തുറന്നു.

'ഡോക്ടർ മുറീലേക്കൊന്നു ചെല്ലാൻ പറഞ്ഞു.

പിടഞ്ഞെഴുന്നേറ്റു.മുഖമൊന്നമർത്തി തുടച്ച് ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നീങ്ങി.ഒരു മാസത്തിലധികമായുള്ള ആശുപത്രി വാസം പ്രായം വല്ലാതെ കൂട്ടിയത് പോലെ.മനസ്സും ശരീരവും ഒരു പോലെ തളർന്നിരിക്കുന്നു.

വാതിലിൽ ചെറുതായൊന്നു തട്ടി.

'വന്നോളൂ'

ഡോക്ടറുടെ മുഖത്ത് സാധാരണയിൽ കവിഞ്ഞ ഗൗരവം.

'ഇരിക്കൂ'

പരവേശത്തോടെയാണ് കസേരയിലേക്കിരുന്നത്.അത് ശ്രദ്ധിച്ചത് കൊണ്ടാവണം ഡോക്ടർ ഒരു ഗ്ളാസിൽ വെള്ളം പകർന്നു നീട്ടി.

'ഹരിദാസിന് ബന്ധുക്കളാരുമില്ലേ സഹായത്തിന്?'

'ഉണ്ട് ,നാട്ടിലാ...ലെന പോയതിൽ പിന്നെ അത്യാവശ്യം അടുപ്പമുണ്ട് അത്രേയുള്ളൂ.'

'ഓ,മിശ്രവിവാഹമായിരുന്നു അല്ലേ...ഭാര്യ മരിച്ചിട്ടിപ്പോ...'
'അഞ്ചു വർഷം,അവൾ പോയതോടെയാ മോൾക്കും...'

അയാളുടെ വാക്കുകൾ ചിതറി.സഹതാപത്തോടെ മനു അയാളെ നോക്കി.താൻ പറയാൻ പോകുന്ന കാര്യം ആ മനുഷ്യനെ തകർത്തു കളയും.പക്ഷേ എന്തു ചെയ്യാം.ഒരു ഡോക്ടർ ഇങ്ങനെ എത്രയോ വികാരനിർഭരമായ നിമിഷങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടിയിരിക്കുന്നു.

'ഞാൻ വിളിപ്പിച്ചത് എന്താന്നു വെച്ചാ... മണിക്കുട്ടിയുടെ ശരീരം പൂർണ്ണമായും നിർജീവമാണ് ഇപ്പോൾ.രണ്ടു ദിവസം മുൻപേ ഞാൻ സൂചിപ്പിച്ചിരുന്നല്ലോ.വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്നു എന്നു മാത്രമേയുള്ളൂ...'

മനു ഒന്നു നിർത്തി.ഹരിദാസിന്റെ മുഖഭാവം ശ്രദ്ധിച്ചു.അയാൾ താഴോട്ടു നോക്കി അനങ്ങാതിരിക്കുകയാണ്.മനു എഴുന്നേറ്റ് അയാൾക്കടുത്തേക്കു ചെന്നു.വലതുകൈ അയാളുടെ തോളിലേക്കമർത്തി.

'ഹരിദാസ് സത്യത്തോടു പൊരുത്തപ്പെട്ടേ മതിയാകൂ.മണിക്കുട്ടിയെ ഇനി തിരിച്ചു കിട്ടില്ല .അവളുടെ ശരീരം ഒന്നിനോടും പ്രതികരിക്കുന്നില്ല.താങ്കൾ നിർബന്ധം പിടിക്കുന്നത് കൊണ്ടു മാത്രമാണ് വെന്റിലേറ്റർ നീക്കം ചെയ്യാത്തത്.ഇനിയുമത് തുടരാൻ ബുദ്ധിമുട്ടുണ്ട്'

ഹരിദാസിന്റെ ഇടംകൈ വിറയലോടെ ഉയർന്ന് തന്റെ
തോളിലിരുന്ന മനുവിന്റെ കൈയ്ക്കു മുകളിലമർന്നു.അയാൾ എന്നിട്ടും മുഖമുയർത്തിയില്ല.

'ഹരിദാസ് സാഹചര്യങ്ങളോട് നമ്മൾ പൊരുത്തപ്പെട്ടേ മതിയാകൂ.ആരെങ്കിലും വരുമെങ്കിൽ അവരെ അറിയിച്ചോളൂ.മണിക്കുട്ടിയെ നാളെ തിരിച്ചു കൊണ്ടുപോകാം.വെന്റിലേറ്ററിൽ നിന്ന് ബോഡി മാറ്റുകയാണ്'

ബോഡി എന്ന വാക്ക് ഒന്നമർത്തി തന്നെയാണ് മനു പറഞ്ഞത്.തന്റെ കൈത്തലത്തിൽ ഹരിയുടെ മനസ്സിന്റെ വിറയൽ അയാൾക്കറിയാൻ കഴിയുന്നുണ്ടായിരുന്നു.
ഹരി ആ കൈ പിൻവലിച്ച് എഴുന്നേറ്റു.മുഖത്ത് നോക്കാതെ പുറത്തേക്കു നടന്നു.വാതിൽ തുറന്നു ബലം മുഴുവൻ വാതിലിലേക്കു കൊടുത്ത് പ്രയാസപ്പെട്ടു തിരിഞ്ഞു അയാൾ.

'ഞാൻ കൊണ്ടോയ്ക്കോളാം...ആരും വരാനില്ല'

ഇടനാഴിയിലൂടെ അയാൾ വേച്ചു വേച്ചു നടന്നകലുന്നത് വേദനയോടെ മനു നോക്കി നിന്നു.

.....

പതിവിലും വൈകി വീട്ടിലെത്തുമ്പോൾ.ജാനു ഉമ്മറത്തു തന്നെയുണ്ട്.കാലു കഴുകി ഉമ്മറത്തേക്കു കയറി.

'എന്തേ വൈകീത്,കാണാണ്ടായപ്പോ ഒന്നു പേടിച്ചു.'

'എന്തിന്,ചെറിയ കുട്ടിയൊന്നുമല്ലല്ലോ ഞാൻ.'

അയാളുടെ സ്വരത്തിൽ കാർക്കശ്യം കലർന്നു.

'അല്ല,ഇപ്പോ പുറത്തേക്ക് അധികം ഇറങ്ങാറില്ലല്ലോ'

അവരുടെ സ്വരം വല്ലാതെ താഴ്ന്നിരുന്നു.

'മനുഷ്യരുടെ മുഖത്ത് നോക്കാൻ വയ്യാണ്ടാക്കീലേ അമ്മേം മോളും.തൊലിയുരിക്ക്യാ കാണുന്നോര്.ജൻമം കൊടുത്ത് വളർത്തിക്കൊണ്ടന്നേനുള്ള പ്രതിഫലം...'

അയാൾ മുറ്റത്തേക്കൊന്നു കാറിത്തുപ്പി.അവർ നിശ്ശബ്ദയായി.കണ്ണുകളിൽ ഒരു തുള്ളി ഉരുണ്ടു കൂടി.
അതു മറച്ച് ശബ്ദത്തിലെ ഇടർച്ച പുറത്തു കാട്ടാതെ അവർ പറഞ്ഞു

'കുളിക്കാൻ വന്നോളൂ.വെള്ളം ഒഴിച്ചു തരാം'

'ഉം...എവിടെ അവൾ?'

അവർ ഒന്നും മിണ്ടിയില്ല.ഒന്നു കൂടി മുഖത്തേക്കു നോക്കിയിട്ട് അമർത്തിയൊന്നു മൂളി.
കുളിമുറിയിലേക്കു നടക്കുമ്പോൾ ചിന്ത ജാനുവിനെ പറ്റിയായിരുന്നു.പാവം ,കണ്ണിൽ വെള്ളമൊഴിഞ്ഞ് കാണാറില്ല ഇപ്പോൾ.അവളെന്തു പിഴച്ചു.വീട്ടിൽ നിന്നു പുറത്തിറങ്ങാറില്ലെങ്കിലും ഏഷണി പറയാൻ കരുതിക്കൂട്ടി വരുന്നവര് ആവശ്യത്തിനു നോവിക്കുന്നുണ്ട്.ഒപ്പം താനും.മനസ്സിന്റെ ദെണ്ണം അടങ്ങണ്ടേ...

....

ആംബുലൻസിലേക്ക് മകളെ കയറ്റുന്നതിനു മുൻപേ ഹരിദാസ് കയറിയിരുന്നു.

'തല എന്റെ മടിയിലേക്കു വെച്ചാ മതി'

അയാളുടെ സ്വരം തണുത്തിരുന്നു.മരിച്ച ഒരാളുടേതു പോലെ.
മകളുടെ മുഖത്ത് പതിയെ തലോടി അയാൾ.അവൾ വെക്കാറുണ്ടായിരുന്ന വിഗ്ഗ് എടുത്ത് തലയിലേക്കു വെക്കുമ്പോൾ സഹായിച്ച അറ്റൻഡറെ നോക്കി ഹരി ഒന്നു ചിരിച്ചു.

'സുന്ദരി ആയിട്ടിരിക്കട്ടെ അല്ലേ...ഇനീപ്പോ കാണാൻ ഒരുപാടു പേര് വരുമല്ലോ'

ആംബുലൻസ് ആശുപത്രി ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങുമ്പോൾ മകളെ കഴിയുന്നത്ര ഉയർത്തി നെഞ്ചോടടുക്കി പിടിച്ചിരുന്നു അയാൾ.നെറ്റിയിൽ ഒന്നുമ്മ വെച്ചിട്ട് അയാൾ പുറത്തേക്കു നോക്കിയിരുന്നു.

.............

ഭാര്യയുടെ ശ്വാസക്രമം ശ്രദ്ധിച്ചു കിടക്കുകയായിരുന്നു കേശവൻ...ഉറങ്ങി എന്നുറപ്പായപ്പോൾ പതിയെ കിടക്കയിൽ കൈ കുത്തി എഴുന്നേറ്റു.ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങുമ്പോൾ കൈ ഒന്നു കൂടി മടിക്കുത്തിൽ തപ്പി.
ചിരപരിചിതമായ കാലുകൾക്ക് ഇരുട്ടിലും മകളുടെ മുറിയിലേക്കുള്ള വഴി തെറ്റിയില്ല.

ചുവരിൽ കൈ കൊണ്ടു പരതി അയാൾ ലൈറ്റ് തെളിച്ചു.
അവൾ ഉറങ്ങുന്നു.ചുണ്ടിൽ ഒരു ചെറുചിരി തങ്ങിനിൽക്കുന്നതു പോലെ
നാളെ അവളിവിടെ നിന്നിറങ്ങും.കല്യാണമണ്ഡപത്തിലേക്ക്.അച്ഛനെ തോൽപ്പിച്ച് അവനെ ജയിപ്പിക്കാൻ...
അയാൾ ഒരു നിമിഷം കണ്ണുകളടച്ചു.
അവളുടെ വളർച്ചയുടെ ഓരോഘട്ടവും അയാളുടെ മനസ്സിലൂടെ കടന്നു പോയി.പാദസരം കിലുക്കി അച്ഛാ...എന്നു വിളിച്ച് ഓടി വന്ന അഞ്ചു വയസ്സുകാരി മുതൽ...എന്റെ ജീവിതം ഞാൻ നിശ്ചയിച്ചോളാം,അച്ഛനിടപെടണ്ട എന്നു മുഖത്തടിച്ചു പറഞ്ഞ ഇരുപതുകാരി വരെ.
അയാൾക്ക് അകവും പുറവുമെരിഞ്ഞു...മനസ്സ് കരിങ്കല്ലു പോലുറച്ചു.കൈ വീണ്ടും മടിക്കുത്തിലേക്കു നീങ്ങി.
പിന്നെ മകളുടെ നെഞ്ചിനു നേരെ ഒന്നുയർന്നു താഴ്ന്നു.
ഒരാർത്തനാദത്തിൽ ആ രാത്രി ഉണർന്നു.
വാതിലിനു പുറത്ത് നെഞ്ചിൽ കൈ വെച്ചു ശബ്ദമില്ലാതെ നിന്ന ഭാര്യയെ നോക്കി അയാൾ ക്രൂരമായൊന്നു ചിരിച്ചു.മുഖത്തേക്കു തെറിച്ച ചോരത്തുള്ളികൾ തുടച്ചു മാറ്റി പിടയുന്ന മകളുടെ നെഞ്ചിൽ നിന്നും കത്തി വലിച്ചൂരി അയാൾ വീണ്ടുമൊന്നാഞ്ഞു കുത്തി.

'നീ അച്ഛനെക്കാൾ വളരണ്ട.ജനിപ്പിച്ച തന്തേ തോൽപ്പിച്ച് എന്റെ മോള് ജയിക്കേം വേണ്ട'

അയാളുടെ കണ്ണുകളിൽ ക്രൂരമായ സംതൃപ്തി നിറഞ്ഞു നിന്നു.

....

ആംബുലൻസ് വീടിനു മുന്നിൽ വന്നു നിന്നു. ഹരിദാസ് കണ്ണുകൾ പ്രയാസപ്പെട്ടു തുറന്നു.രണ്ടു കൈകളും മരച്ചു പോയിരുന്നു...ആയാസപ്പെട്ട് അയാൾ മകളുടെ തല താഴ്ത്തി സീറ്റിലേക്കു വെച്ചു.ആരൊക്കെയോ അപ്പോഴേക്ക് ഓടി വന്നിരുന്നു.മകളുടെ ജീവനറ്റ ശരീരം പുറത്തേക്കിറക്കുന്നത് അയാൾ നിർവികാരതയോടെ നോക്കി നിന്നു.മുറ്റത്തെ ചെറിയ പന്തലിലേക്ക് അവളെ കിടത്തുന്നത് കണ്ടതോടെ അയാൾ വീടിനുള്ളിലേക്കു നടന്നു.ആളുകളെ വകഞ്ഞു മാറ്റി...ഓരോ മുറിയിലും കയറിയിറങ്ങി.മണിക്കുട്ടിയുടെ ഉടുപ്പുകൾ ഓരോന്നായി മടക്കിയെടുത്തു തുടങ്ങി...
മണിക്കുട്ടിയെ കുളിപ്പിക്കുമ്പോഴും സംസ്ക്കാരത്തിനുള്ള ഒരുക്കങ്ങൾക്കിടയിലും ആളുകൾ തമ്മിൽ തമ്മിൽ അടക്കം പറഞ്ഞു കൊണ്ടിരുന്നു.

'എന്നാലും കേശവേട്ടനിത് ചെയ്യുമെന്നു കരുതിയില്ല.എത്രയായാലും സ്വന്തം മോളല്ലേ...എവിടെയെങ്കിലും ജീവിച്ചിരിക്കട്ടേന്നല്ലേ തന്തേം തള്ളേം കരുതണ്ടേ...'

'ജാതീലിത്തിരി താഴ്ന്നാലെന്താ നല്ല അസ്സലു കൊച്ചനല്ലാർന്നോ...പാവം അത് ആശൂത്രീലു തന്നെ ഇരിക്ക്യാത്രെ,കരഞ്ഞോണ്ട്.ഈ നേരത്ത് കല്ല്യാണം കഴിയേണ്ടതല്ലാരുന്നോ?'

'ദുരഭിമാനം...അല്ലാതെന്താ...മതോം ജാതീമാണോ വലുത്...മനുഷത്തല്ലേ...ന്നാലും ഇത്തിരി കടന്നു പോയി.'

'ഒരു മതിലിന്റെ അപ്പറത്തുമിപ്പുറത്തും രണ്ടു മരണം...രണ്ടായാൽ മൂന്നൊക്കുമെന്നാ...അടുത്തതാരാണാവോ...'

പൊടുന്നനെ അവിടെ ഒരു നിശ്ശബ്ദത പരന്നു.
മകളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഓരോന്നായി എടുത്ത് അവൾക്കരികിൽ അടുക്കി വെച്ചു കൊണ്ടിരുന്ന ഹരിയിലായി എല്ലാ കണ്ണുകളും.
കണ്ടു നിന്നവരുടെ കാഴ്ച്ചയെ കണ്ണുനീർ മറച്ചു.അടക്കി പിടിച്ച തേങ്ങലുകൾക്കിടയിലൂടെ.
പലവട്ടം മുറികളിൽ കയറിയിറങ്ങി ഒന്നും ഒഴിഞ്ഞു പോയിട്ടില്ല എന്നയാൾ ഉറപ്പു വരുത്തി.അവൾക്കായ് കരുതിയതെല്ലാം മണിക്കുട്ടിക്കരികിൽ ഒരുക്കി വെച്ച് എല്ലാവരെയും മാറിമാറി നോക്കി അയാളൊരു തളർന്ന ചിരി ചിരിച്ചു.

'ഒക്കെ അവൾക്കാ...ന്റെ മോൾടെയാ...'

അയാൾ ഉമ്മറത്തേക്കു കയറി...ചൂരൽകസേരയിലേക്കു ചാഞ്ഞ് കണ്ണുകളടച്ചു.അയാളുടെ കണ്ണുകൾ വരണ്ടിരുന്നു.ഒരു തുള്ളി കണ്ണീർ പോലും ബാക്കിയില്ലാത്തതു പോലെ.

മണിക്കുട്ടിയുടെ കുഴിമാടത്തിലേക്ക് മണ്ണു വീണു തുടങ്ങുമ്പോഴാണ് മതിലിനപ്പുറം നിലവിളിയോടെ മറ്റൊരാംബുലൻസ് വന്നു നിന്നത്.
കീർത്തനയുടെ ജീവനറ്റ ശരീരം ആരൊക്കെയോ ചേർന്ന് മുറ്റത്തേക്കിറക്കി വെക്കുന്നത് ഉമ്മറത്തെ ചവിട്ടു പടിയിലിരുന്ന് കേശവൻ കണ്ടു.അകത്ത് ജാനുവിന്റെ തേങ്ങലുകൾ അവസാനിച്ചിട്ടില്ല,ഇവൾക്ക് തൊണ്ട വേദനിക്കുന്നില്ലേ എന്നയാൾ നിർവികാരതയോടെ ഓർത്തു.മുറ്റത്തു പല സ്ഥലത്തായി കാത്തു നിൽക്കുന്ന പോലീസുകാരുടെ ശ്രദ്ധ മുഴുവൻ തന്നിലാണെന്ന് അയാൾക്കറിയാമായിരുന്നു.വീടു മുഴുവൻ ആളുകൾ നിറഞ്ഞു തുടങ്ങിയിരിക്കുന്നു.
അയാൾക്ക് വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.ഒരിറക്കു വെള്ളം വേണം എന്ന തോന്നലിൽ അയാൾ അടുക്കള ലക്ഷ്യമാക്കി നടന്നു.

കീർത്തനയുടെ കുഴിമാടത്തിൽ നടാനായ് നാട്ടുമാവിന്റെ മുളപ്പിച്ച തൈ എടുത്തു നീട്ടിയ അയാളെ പകപ്പോടെയാണ് സെയ്താലിയും സേതുവുമൊക്കെ നോക്കിയത്.

'എന്നാലും കേശവാ...നീ...'

സെയ്താലിയുടെ ചോദ്യം മുഴുമിപ്പിക്കാൻ അയാൾ കാത്തു നിന്നില്ല.അയാളുടെ കൈയിൽ ഒന്നമർത്തിയിട്ട് പടിക്കു പുറത്തു നിർത്തിയിട്ട പോലീസ് ജീപ്പിനു നേരെ നടക്കുമ്പോഴാണ് മതിലിൽ ചാരി നിൽക്കുന്ന ഹരിദാസിനെ അയാൾ കണ്ടത്.ഹരിയുടെ കൈകൾ കൂട്ടിപ്പിടിച്ച് കേശവൻ അയാളുടെ കണ്ണിലേക്കു നോക്കി.ആരും ഒന്നും മിണ്ടിയില്ല.ആ രണ്ടച്ഛൻമാരും പരസ്പരം നോക്കി ഒരു നിമിഷം നിന്നു..ഇൻസ്പെക്ടറുടെ കൈ തോളിൽ പതിച്ചപ്പോഴാണ് അയാൾ ചിന്തയിൽ നിന്നുണർന്നത്.ജീപ്പിലേക്ക് കടന്നിരുന്നിട്ടും അയാളുടെ കണ്ണുകൾ ഹരിയിൽ തറഞ്ഞു നിന്നു.ആ ജീപ്പ് പൊടി പറത്തിയകലുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണുകളിലേക്ക് വീണ്ടും ഒരിറ്റു കണ്ണീര് ഊറിയൂറി നിറഞ്ഞു.

.................................Best of Nallezhuth

ദിവിജ

നിശാചരൻ (കഥ)


Best of Nallezhuth 22
തുള്ളിക്കൊരുകുടം പെയ്യുന്ന മഴയിൽ നനഞ്ഞുകുതിർന്ന കമുകുമരങ്ങൾ, ശക്തമായി വീശിയടിക്കുന്ന കാറ്റിൽ ഓലക്കൈകൾ നീട്ടി പരസ്പരം പുണരുന്നതും നോക്കി വരാന്തയിലിരുന്നു കൊണ്ട് അയാൾ വീണ്ടും വീണ്ടും കൂട്ടിയും കിഴിച്ചും കണക്കുകൂട്ടിക്കൊണ്ടിരുന്നു.
കുറെ നേരത്തെ കണക്കുകൂട്ടലുകൾക്കു ശേഷം, ആനിപ്പാറ- പരുന്തുംവേലി റോഡ് ഗുണം ചീവക്കാട്- മയിലുമല റോഡ് സമം സോജന്റെ ഇരുപതു സെന്റ് പറമ്പ്, ജോണിയുടെ അരയേക്കർ പറമ്പ്, റഷീദിന്റെ മൂന്നേക്കർ പറമ്പ്, മാത്തുച്ചേട്ടന്റെ പത്തേക്കർ പറമ്പ് എന്ന കണ്ടുപിടിത്തം നടത്തിയ ആഹ്ലാദത്തോടെ അയാൾ നിവർന്നിരുന്നു. പാദം സ്ക്വയർ ഗുണം കർണ്ണം സ്ക്വയർ സമം ലംബം സ്ക്വയർ എന്ന് നൂറുതവണ ഇമ്പോസിഷൻ എഴുതിച്ച ദിവാകരൻ സാറിനെ വീണ്ടും നന്ദിയോടെ ഓർത്തു.
ഇടുക്കിയുടെ ഭൂപ്രകൃതിയും കോട്ടയത്തിന്റെ കാലാവസ്ഥയുമുള്ള തീക്കോയി എന്ന ഗ്രാമത്തിലെ രണ്ടു മുറിയും അടുക്കളയും സിറ്റ് ഔട്ടുമുള്ള, ഷീറ്റ് മേഞ്ഞ വീട്ടിൽ രണ്ടു ദിവസങ്ങളായി അയാൾ തനിച്ചായിരുന്നു.
നാലുവയസ്സുകാരി നേഹയെ പനികൂടി കോട്ടയത്ത് ഒരു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ട് ദിവസങ്ങളായി. അവൾക്ക് ഭാര്യ മിനിയെ കൂട്ടിരുത്തി, എട്ടു വയസ്സുകാരൻ നോയലിനെ പെരുവന്താനത്തുള്ള ഭാര്യവീട്ടിലാക്കി തിരിച്ചു വന്നപ്പോൾ മുതൽ അയാളുടെ മനസ്സിൽ കയറിക്കൂടിയതാണ് ഈ കണക്കുകൂട്ടൽ.
നിർത്താതെ പെയ്യുന്ന മഴയിലേക്കുറ്റു നോക്കിയിരിക്കെ, അന്നാട്ടിലെ കുപ്രസിദ്ധയായ ഗണിക രഞ്ജിനിയിലേക്കും മറ്റാരും കാണാതെ അവളുടെ വീട്ടിൽ എത്തിച്ചേരാനുള്ള വഴികളിലേക്കും മാത്രമായി അയാളുടെ ചിന്തകൾ ചുരുങ്ങി.
വീടിന്റെ താഴെ വഴിയരികിലുള്ള പെട്ടിക്കടയിൽ നാരായണിയമ്മ ഇനിയും ആരൊക്കെയോ വരുമെന്ന പ്രതീക്ഷയിൽ മഴയിലേക്ക് കണ്ണുംനട്ട് ഇരിക്കുന്നുണ്ടായിരുന്നു .
നീലപ്പടുത കെട്ടിമറച്ചുണ്ടാക്കിയ കുഞ്ഞു കടമുറിയിൽ ഒരു വശത്ത് ബീഡിയും സിഗരറ്റും തീപ്പെട്ടിയും, വെറ്റിലയും പുകയിലയും ചുണ്ണാമ്പുമൊക്കെ തണുത്തിരിക്കുന്നു. മറുവശത്ത് മാസങ്ങളായി ഉപഭോക്താക്കളെയും കാത്തിരിക്കുന്ന ബ്രഡിന്റെയും ബിസ്‌ക്കറ്റിന്റെയും പായ്ക്കറ്റുകളും പലഹാരക്കൂടുകളും മിഠായിഭരണികളും. അതിനോട് ചേർന്ന് ഒരു ഗ്യാസ് സ്റ്റൗവിൽ തിളയ്ക്കുന്ന വെള്ളവും ട്രെയിൽ കമിഴ്ത്തി വച്ച ഗ്ലാസുകളും.
ഇറങ്ങിച്ചെന്ന്‌ ഒരു കട്ടൻചായ കുടിച്ചാലോ എന്നാലോചിച്ചെങ്കിലും അത് നാരായണിയമ്മയുടെ കടയടപ്പ് വീണ്ടും നീട്ടുമെന്നതിനാൽ അയാൾ വേണ്ടെന്നുവച്ചു.
ചായയുണ്ടാക്കാമെന്നു കരുതി അടുക്കളയിൽ കയറി ഗ്യാസടുപ്പ് കത്തിക്കാൻ ശ്രമിച്ചു. പക്ഷേ അയാളോട് പിണങ്ങിയിട്ടെന്നപോലെ അത് ഒന്നാളിക്കെട്ടു. വിറകടുപ്പിന്റെ മുകളിലും പാതകത്തിന്റെ വശങ്ങളിലും ഉണങ്ങാനായി അടുക്കിവച്ചിരുന്ന വിറകുകൊള്ളികളെ പുച്ഛത്തോടെ നോക്കിയിട്ട് അയാൾ വീണ്ടും ഉമ്മറത്തേക്കു നടന്നു.
ഏഴുമണി കഴിഞ്ഞിട്ടും നാരായണിയമ്മ കടയടക്കാനുള്ള ലക്ഷണമൊന്നും കാണിക്കാതിരുന്നപ്പോൾ അയാൾ ഷർട്ടിട്ടിറങ്ങി. അപ്പോഴും മഴ ചെറുതായി തൂളുന്നുണ്ടായിരുന്നു.
"എങ്ങോട്ടാ ജോസൂട്ടി?" നാരായണിയമ്മ വിളിച്ചു ചോദിച്ചു.
"വെറുതെ, കവല വരെ" അയാൾ മുരണ്ടു. പിന്നെ അവരെ നോക്കാതെ മുന്നോട്ടു നടന്നു.
"ഒരു കുട കൊണ്ടുപോടാ... മഴ നനഞ്ഞ് നിനക്കൂടെ പനി പിടിപ്പിക്കണ്ട" അവർ ശാസനാരൂപേണ പറഞ്ഞു. അയാൾ അതു ഗൗനിക്കാതെ നടന്നകന്നു .
സോജന്റെ പറമ്പരികിലൂടെ ശബ്ദമുണ്ടാക്കാതെ നടന്നെങ്കിലും കൂട്ടിൽ കിടന്ന പട്ടി ചതിച്ചു.
"എങ്ങോട്ടാ ജോസൂട്ടി?" അകത്തു ടി വി യുടെ മുൻപിൽ നിന്നും സോജന്റെ സ്വരം പറന്നു വന്നു.
"വെറുതെ, ജോണിയുടെ വീടു വരെ"അയാൾ കള്ളം പറഞ്ഞു.
"മോൾടെ പനി കുറഞ്ഞല്ലോ അല്ലെ?" വീണ്ടും സോജന്റെ ശബ്ദം ഉറക്കെ ചോദിച്ചു.
ഒന്ന് മൂളി അയാൾ നടപ്പുതുടർന്നു.
ജോണിയുടെ ഭാര്യ ഉമ്മറത്തു നിന്ന് മുടി വിടർത്തുന്നുണ്ടായിരുന്നു. തൂവെള്ള പ്രകാശത്തിൽ തെളിഞ്ഞു കണ്ട അവളുടെ രൂപം അയാളുടെ കാലുകളെ പതിയെയാക്കി. അവൾ തേച്ച സോപ്പിന്റെ മണം അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ഉടനെ തന്നെ അയാളുടെ മനസ്സ് മറ്റേതൊക്കെയോ മണങ്ങളിലൂടെ സഞ്ചരിച്ചു. കാലുകൾക്കു വേഗം കൂടി.
റഷീദിന്റെ പറമ്പിനരികിലൂടെ മാത്തുച്ചേട്ടന്റെ പറമ്പു ലക്ഷ്യമാക്കി അയാൾ വേഗത്തിൽ നടന്നു. ഒപ്പം മൊബൈൽ ഫോണിന്റെ ഇത്തിരി വെളിച്ചത്തിൽ മുൻപിൽ ഇഴജന്തുക്കളൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തി. നനഞ്ഞ പുല്ലുകൾ നഗ്നമായ കാൽകഴന്നയിൽ ഇക്കിളി കൂട്ടിക്കൊണ്ടിരുന്നു. ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം അയാളെ വിടാതെ പിന്തുടർന്നു.
"എങ്ങോട്ടാ ..." മുകളിൽ നിന്നും ശക്തമായ ടോർച്ചു വെളിച്ചത്തോടൊപ്പം ഒരു സ്ത്രീ സ്വരം ഉയർന്നു കേട്ടു. അയാൾ വിയർത്തു കുളിച്ചു. കയ്യിൽ നിറയെ ഇടനയിലയുമായി റഷീദിന്റെ ഉമ്മയും അയാളുടെ ആറുവയസ്സുള്ള മകനും താഴേക്കിറങ്ങിവന്നു.
"ചെക്കന് സന്ധ്യയായപ്പോ കുമ്പിളപ്പം തിന്നാൻ പൂതി. എല പറിക്കാൻ വന്നതാ". അവർ കറപിടിച്ച പല്ലുകാട്ടി ചിരിച്ചു. ചെറുക്കൻ നാണത്താൽ തലകുനിച്ചു.
"കൊച്ചിനെങ്ങനെയുണ്ട്? കുറഞ്ഞോ?" അവർ തട്ടത്തിന്റെ അറ്റംകൊണ്ട് മുഖത്തുപറ്റിയ വെള്ളത്തുള്ളികൾ തുടച്ചു കളഞ്ഞു കൊണ്ടു ചോദിച്ചു.
"ഉം..." അയാൾ വെറുതെ മൂളി
"അല്ല, നീയെന്താ ഈ പറമ്പിക്കൂടെ , അതും ഇരുട്ടിയപ്പോ?" അവർ വിടാൻ ഭാവമില്ലായിരുന്നു.
"മാത്തുച്ചേട്ടന്റെ വീട് വരെ" അയാൾ വിക്കി. അയാളുടെ പരുങ്ങൽ അവരിൽ എന്തൊക്കെയോ സംശയം ജനിപ്പിച്ചു. അടിമുടിയൊന്നു നോക്കി ഒന്നിരുത്തി മൂളിക്കൊണ്ട് അവർ പറഞ്ഞു.
"ഉം...അപ്പറത്തോട്ടൊന്നും പോണ്ട കേട്ടോ...ബീവി കൂടെയില്ലാത്തപ്പോൾ പലതും തോന്നും."
അയാൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മുന്നോട്ടു നടന്നു.
ആ വാക്കുകളുടെ ഭാരം അധിക ദൂരം മുന്നോട്ടു പോകാൻ അയാളെ അനുവദിച്ചില്ല. രണ്ടു മൂന്നു ചേമ്പിലകൾ പറിച്ചെടുത്ത്, വെള്ളം കുടഞ്ഞുകളഞ്ഞ് , അവ ഒരു കയ്യാലമേൽ നിരത്തിവച്ച് അയാൾ അതിലിരുന്നു. ഉള്ളിൽ പെയ്തുകൊണ്ടിരുന്നു അഗ്നിമഴയുടെ ചൂടിൽ ആ തണുപ്പിലും അയാൾ വിയർത്തൊഴുകി.
ഒരു കുളയട്ട കാലിൽ ഇഴഞ്ഞു കയറി രക്തം കുടിച്ചു തുടങ്ങി. അതു വയർ നിറക്കുന്നതുവരെ അയാൾ അവിടെ അനങ്ങാതെ ഇരുന്നു. നൂലുപോലെയിരുന്ന ആ ജീവി ചുടുചോര കുടിച്ചു വലുതായി താഴെ വീണപ്പോൾ ഒരു ആത്മനിർവൃതിയോടെ അയാൾ മെല്ലെ എഴുന്നേറ്റു.
മാത്തുച്ചേട്ടന്റെ റബ്ബർതോട്ടത്തിലൂടെയുള്ള നടത്തം ആയാസകരമായിരുന്നു.
കുത്തനെയുള്ള പറമ്പിൽ നിരയായി നിൽക്കുന്ന റബ്ബർ മരങ്ങൾക്കിടയിൽ നിന്ന കൈതയിലകളുടെ മുള്ളുകൾ കുത്തി കാലുകൾ വരിഞ്ഞുകീറി. മരങ്ങളെ പൊതിഞ്ഞു കെട്ടിയ നീലനിറമുള്ള പ്ലാസ്റ്റിക് ഷീറ്റിൽ വലിയ മഴത്തുള്ളികൾ വീണ് പേടിപ്പിക്കുന്ന ശബ്ദമുണ്ടാക്കി .
മരങ്ങളുടെ ചോട്ടിൽ വളർന്നു നിന്ന കാട്ടുപയറിന്റെ വള്ളികൾ പലപ്പോഴും കാലിൽ കുരുങ്ങി. ഓരോ തവണയും നെഞ്ച് ആളിയെങ്കിലും ജീവനില്ലാത്തവയാണെന്ന തിരിച്ചറിവിന്റെ ആശ്വാസത്തിൽ അവയെ എടുത്തു മാറ്റി അയാൾ മുന്നോട്ടു നടന്നു.
ദൂരെയായി രഞ്ജിനിയുടെ വീടു കാണപ്പെട്ടു. ഇറയത്തു കത്തിച്ചു വച്ച നിലവിളക്ക് കെടുത്തിയിട്ടുണ്ടായിരുന്നില്ല. അതിന്റെ വെളിച്ചം ഒരു പ്രകാശഗോപുരം പോലെ അയാളെ ദിശതെറ്റാതെ മുന്നോട്ടു നയിച്ചു.
ചെറിയൊരു റോഡു കടന്ന് ഒരു മൺതിട്ട വഴി രഞ്ജിനിയുടെ പറമ്പിൽ കയറി പാത്തു പതുങ്ങി അയാൾ തൊഴുത്തിന്റെ പുറകിലേക്കു നടന്നു. സാഹചര്യങ്ങൾ ഒളിച്ചുനിന്നു നിരീക്ഷിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ എട്ടോ ഒൻപതോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്ന് നിലവിളക്ക് എടുത്തുകൊണ്ടുപോയി. അല്പസമയത്തിനുള്ളിൽ ആ വീടുമുഴുവൻ ഇരുട്ടിലായി.
ആ കുട്ടി നോയലിന്റെ ക്ലാസ്സിലായിരിക്കും എന്നു ചിന്തിച്ചു കൊണ്ട് അവൾ ഉറങ്ങട്ടെ എന്നുകരുതി അയാൾ വീണ്ടും കാത്തു നിന്നു. ഹൃദയം മിടിക്കുന്നതിന്റെ ശബ്ദം ഇടിമുഴക്കം പോലെ കാതിൽ മുഴങ്ങിക്കേട്ടു.
അരമണിക്കൂറോളം കാത്തു നിന്നിട്ട്, വിറയ്ക്കുന്ന കാലുകളോടെ അയാൾ അടുക്കളവാതിലിനെ ലക്ഷ്യമാക്കി നടന്നുതുടങ്ങി. മുന്നോട്ടു വയ്ക്കുന്ന കാലുകളുടെ ഭാരം അയാളുടെ നടത്തത്തെ വീണ്ടും പതിയെയാക്കി.
പെട്ടെന്ന് മുന്നിലുള്ള കോഴിക്കൂടിന്റെ പുറകിൽ നിന്നും ആരോ ഒരാൾ അയാൾക്കു മുന്നേ നടന്ന് അടുക്കളവാതിൽക്കലെത്തി. വാതിൽ ഞരങ്ങിക്കരഞ്ഞു. അയാൾ വീണ്ടും തൊഴുത്തിനു പിന്നിലൊളിച്ചു.
മടക്കിക്കുത്തിയ കൈലിമുണ്ടിന്റെ താഴെ തെളിഞ്ഞു നിൽക്കുന്ന ഞരമ്പുകളിൽ നിന്നും കൊതുകുകൾ മത്സരിച്ച് അത്താഴമുണ്ടു.
തൊഴുത്തിൽ അയവിറക്കിക്കൊണ്ടു നിന്ന പശുക്കൾ ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകളോടെ അപരിചിതനെ അത്ഭുതത്തോടെ നോക്കി. അതിലേതോ ഒരെണ്ണം മൂത്രമൊഴിച്ചു തെറിപ്പിച്ച് അയാളെ വിശുദ്ധീകരിക്കാൻ ശ്രമം നടത്തി.
ആ നിൽപ്പിൽ അയാൾ കൂടെപഠിച്ച രഞ്ജിനിയെയും ശിഥിലമാക്കപ്പെട്ട അവളുടെ ബാല്യവും ഓർത്തു.
അച്ഛൻപെങ്ങളുടെ ഭർത്താവിൽ നിന്നും ഒളിച്ച് അയല്പക്കത്തെ പറമ്പിലെ ഷീറ്റുപുരയിൽ ഒളിച്ചിരുന്നു നേരം വെളുപ്പിച്ചിരുന്ന ഒരു പാവം പെൺകുട്ടിയെ വേശ്യയാക്കിത്തീർത്ത സമൂഹത്തെക്കുറിച്ചോർത്തപ്പോൾ അയാൾക്കു താനുൾപ്പെടുന്ന പുരുഷഗണത്തോടു തന്നെ വെറുപ്പുതോന്നി.
കുറെ വവ്വാലുകൾ ഉറക്കെ ചിറകടിച്ച് അയാളുടെ തലയ്ക്കു മുകളിലൂടെ പറന്നുപോയി . ഒരു മൂങ്ങ മാത്തുചേട്ടന്റെ പറമ്പിലെ ആഞ്ഞിലിയിലിരുന്ന് എന്തോ ഇഷ്ടപ്പെടാത്ത മട്ടിൽ ഉറക്കെ മൂളി. കറുത്ത ആകാശത്ത് മേഘങ്ങൾ പരസ്പരം ഏറ്റുമുട്ടി. അട്ടഹാസങ്ങൾ ഭൂമിയെ നടുക്കി.
അടുക്കള വാതിൽ തുറക്കുന്ന കരകരശബ്ദം കേട്ട് അയാൾ സൂക്ഷിച്ചു നോക്കി. അപ്പോൾ തെളിഞ്ഞ മിന്നലിൽ, വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന രൂപം കണ്ട് അയാൾ ഉള്ളിൽ ചിരിച്ചു.
ആ രൂപം അപ്രത്യക്ഷമായി കഴിഞ്ഞപ്പോൾ, അല്പദൂരം മുന്നോട്ടുനീങ്ങി, ചുറ്റുംനോക്കി മറ്റാരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അയാൾ അടുക്കള വശത്തേയ്ക്കു നടന്നു. വാതിൽ തുറന്നുതന്നെ കിടന്നിരുന്നു. മുറ്റത്ത് തൊട്ടപ്പുറത്തുള്ള കുളിമുറിയിൽ, വെള്ളം ഇറ്റുവീഴുന്നതിന്റെ ശബ്ദം മഴയോടൊപ്പം കേൾക്കുന്നുണ്ടായിരുന്നു.
മേൽ കഴുകി നനഞ്ഞ തോർത്തുമുണ്ടു മുലക്കച്ചകെട്ടി ഇറങ്ങി വന്ന രഞ്ജിനിയെ നോക്കി അയാൾ മെല്ലെ മുരടനക്കി. അയാളെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ അത്ഭുതവും വിഷമവും ഒന്നിച്ചു നിറഞ്ഞു.
"ജോസൂട്ടീ...നീ ..."
അവൾ വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയെന്നപോലെ പാതിവഴിക്കു നിർത്തി.
"രഞ്ജിനീ....ഞാൻ..." അയാൾ അക്ഷരങ്ങൾ പരതി.
"വേണ്ട ജോസൂട്ടീ...പൊയ്ക്കോ". അവൾ അകത്തേയ്ക്കു കയറി വാതിൽ വലിച്ചടയ്ക്കാൻ തുടങ്ങി. അയാൾ ഒരാവേശത്തിൽ മുന്നോട്ടാഞ്ഞ് അവളെ പിടിച്ചു നിർത്തി. പിന്നെ ആ കൈകൾ കൂട്ടിപ്പിടിച്ച് സ്വന്തം നെഞ്ചോട് ചേർത്തു.
രഞ്ജിനി പെട്ടെന്ന് പണ്ടത്തെ പാവാടക്കാരിയായി. അവൾ തുളുബുന്ന കണ്ണുകളോടെ അയാളെ ഉറ്റുനോക്കി.
അവളുടെ ഭാവമാറ്റം ശ്രദ്ധിക്കാതെ, ദൂരെ എവിടെയോ ഉറപ്പിച്ച മനസ്സോടെ, ഇടറുന്ന സ്വരത്തിൽ അയാൾ പറഞ്ഞു തുടങ്ങി.
"എന്നെ സഹായിക്കണം രഞ്ജിനി....എന്റെ മോള് ആശുപത്രിയിലായിട്ടു ഒരു മാസമായി ...നാളെ രാവിലെ ബില്ലടച്ചില്ലെങ്കിൽ അവർ വെന്റിലേറ്റർ ഊരും. പിന്നെ അവളില്ല."
അയാൾ വിതുമ്പിക്കൊണ്ട് തുടർന്നു.
"എന്റെ കയ്യിലുള്ളതു മുഴുവനും തീർന്നു. മഴയിങ്ങനെ നിർത്താതെ പെയ്യുന്നതു കൊണ്ട് ആരുടെ കയ്യിലും കാശില്ല. ഉള്ളവരൊട്ടു തരികയുമില്ല. ഇന്നുരാവിലെ, കയ്യിൽ നയാപൈസയില്ലെന്നു പറഞ്ഞയാളാണ് ഇപ്പോൾ ഇവിടെനിന്ന് ഇറങ്ങിപ്പോയത്. ചോദിക്കാൻ ഇനി വേറാരുമില്ല. നീ എന്നെ കൈവിടരുത്. എന്റെ കുഞ്ഞില്ലാതെ എനിക്കു ജീവിക്കാനാവില്ല. " അയാൾ കരഞ്ഞുകൊണ്ട് അവളുടെ കാൽക്കൽ ഇരുന്നു.
ഒന്നും മിണ്ടാതെ അകത്തേയ്ക്കു നടന്ന അവൾ അല്പസമയത്തിനുള്ളിൽ കയ്യിൽ ചെറിയൊരു തടിപ്പെട്ടിയുമായി മടങ്ങിവന്നു. അത് അയാളുടെ നേർക്കു നീട്ടിക്കൊണ്ട്, നിഗൂഢമായ ഭാവത്തോടെ പറഞ്ഞു.
"നിന്റെ അപ്പന്റേതടക്കം ഇതിലുണ്ട്...കൊണ്ടു പൊയ്ക്കോ"
(അവസാനിച്ചു)
ലിൻസി വർക്കി

പുഴക്കരയിലെ വീട് (കഥ)


Best of Nallezhuth 23
ആ ആളൊഴിഞ്ഞ പുഴയോരം അവര് തിരഞ്ഞെടുത്തത് അവർക്ക് സ്വന്തമായ നിമിഷങ്ങളുടെ ഓർമപ്പെടുത്തലിനു വേണ്ടി മാത്രമായിരുന്നു…
മുത്തു മുറിഞ്ഞൊഴുകുന്ന പുഴയുടെ താളം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോഴവർക്ക് ഒരേ മനസ്സാണെന്നു സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു അവരുടെ ഓരോ വാക്കുകളും !
ഒരാൾ പറയുന്നത് മറ്റെയാൾ പുഞ്ചിരിച്ചുകൊണ്ട് അംഗീകരിക്കുക എന്നത് പ്രണയത്തിന്റെ താരുണ്യവസ്ഥ യാണെന്ന് തോന്നുന്നു….
തികച്ചും ഔപചാരികമായ വിവാഹത്തിന്റെ രണ്ടു ദിനങ്ങൾക്ക് ശേഷം വീട്ടിലെ ബഹളങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങി കറങ്ങാൻ വേണ്ടി ഇറങ്ങിയ യുവ മിഥുനങ്ങൾ
അവളായിരുന്നോ ഇവിടെ വരാൻ താല്പര്യം പ്രകടിപ്പിച്ചത്….? അതോ അവനോ?
അവരിരിക്കുന്ന പുല്തകിടിക്കൊരു വശം ചേർന്ന് വെട്ടി ഒതുക്കിയ വഴിയിൽ ഒരു ഭാഗത്തു നിന്ന് ഓരം ചേർന്ന് ഒതുക്കുകല്ലുകൾക്കു മേലെയായി വിശാലമായ മുറ്റവും മനോഹരമായ, വെള്ള പെയിന്റടിച്ച ഒരു വീടും കാണാമായിരുന്നു…
അവർക്കരികിലൂടെ ഒരു ഭ്രാന്തൻ ഉച്ചത്തിൽ പാടിക്കൊണ്ട് കടന്നുപോയി….
അവൻ ഈരടികൾ ആസ്വദിച്ചു കൊണ്ടുപറഞ്ഞു
“ഹൌ ബ്യൂട്ടിഫുൾ “
“…നോക്കൂ.. . ആ വീടിന്റെ ജാലകക്കാഴ്ചകൾ എത്ര കണ്ടാലും മടുക്കില്ല അല്ലേ….. “
അവൾ കൊഞ്ചിക്കൊണ്ടു പറഞ്ഞു…
അവൻ ചിരിച്ചു അവളുടെ കരതലം തലോടിക്കൊണ്ടിരുന്നു…..
“ഇത് പോലൊരു വീട് നമുക്കും വെക്കണം “
അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
അവർ രണ്ടു പേരും നോക്കി നിൽക്കേ ടെറസിന്റെ മുകളിൽ വീട്ടുകാരി വന്നു നിൽക്കുന്ന കാഴ്ച കണ്ടു…..
അവർക്ക് നേരെ പൂത്തുനിൽക്കുന്ന മുള മരങ്ങൾക്കിടയിൽ നിന്നും പല വർണ്ണങ്ങളിലുള്ള ചിത്ര ശലഭങ്ങൾ കൂട്ടമായി പറന്നു വന്നു കൊണ്ടിരുന്നു… ആ വീടിന്റെ കാഴ്ചകളെ മറപ്പിച്ചു കൊണ്ട് ശലഭങ്ങളുടെ മനോഹാരിതയിൽ മുഴുകി രണ്ടു പേരും..
നേരം സന്ധ്യയ്‌യോടടുക്കുന്നു…
‘ഇനിയും വരാം’ എന്ന് പറഞ്ഞു രണ്ടു പേരും ഉത്സാഹത്തോടെ അവിടെ നിന്നും പോവുമ്പോൾ അവൾ വീണ്ടും ആ ടെറസിലേക്കു നോക്കി വീട്ടുകാരി ഇപ്പോഴും അവർക്കന്യമായ കാഴ്ചകളിലേക്ക് നോക്കി പുറം തിരിഞ്ഞു നിൽക്കുകയാണ്…..
അല്ലെങ്കിലും ആ മനോഹരമായ പുഴയും അവിടുത്തെ അന്തരീക്ഷവും ആരെയും കൊതിപ്പിക്കുന്നതാണ് !
‘ആ സ്ത്രീ ഭാഗ്യവതിയാണ് !’
അവൾ മനസ്സിൽ പറഞ്ഞു പിന്നെ പുഞ്ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ തൂങ്ങി തണുത്ത കാറ്റിന്റെ അലയൊലികൾ ഭേദിച്ചു കൊണ്ട് ചടുലമായി നടന്നു…..
----------------====---------------------
തികച്ചും വ്യത്യസ്തമായതെന്തോ തിരയുകയായിരുന്നു അവളുടെ കണ്ണുകൾ…
നട്ടുച്ച വെയിലിനു ശക്തി കൂടുമ്പോൾ ഉണ്ടാക്കി ഭദ്രമായി മൂടി വെച്ച ഭക്ഷണ പത്രങ്ങളുടെ ഗന്ധം അവൾക്കിപ്പോ മടുപ്പാണ്…
നരച്ചു തുടങ്ങിയ അടുക്കള ചുവരുകൾ അവളുടെ നിഴലുകൾ ക്കൊണ്ട് വേഗതയാൽ തിരക്കിട്ടു ചിത്രം വരച്ചുകൊണ്ടിരിക്കും ആനേരം….
പാത്രങ്ങൾ അതുമിതും പറഞ്ഞു കലഹിച്ചു കൊണ്ടിരിക്കും….
ഒരു മുരടനക്കത്തിന്റെ ശബ്ദം മാത്രം കാതോർത്തു കൊണ്ടിരിക്കും അവളപ്പോഴും…. ആ നേരം അവളെ തേടി വേറെയൊന്നും വരാതായിരിക്കുന്നു എന്ന തോന്നൽ ഇല്ലാതായത് കുറച്ച് ദിവസം മുൻപാണ്……
‘മാളൂ മതി കളിച്ചത് ചോറ് തിന്നാൻ വാ ‘
ആ വിളി പ്രിയങ്കരമായ എന്തിനെയോ അവളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു…
മുരടനക്കം കേൾക്കുമ്പോൾ അവൾ അടച്ചു വെച്ച പാത്രങ്ങൾ തുറക്കും…
അതിൽ നിന്നും വരുന്ന ഗന്ധം അവളിൽ ഓക്കാനം വരുത്തും
എന്നും ഒരേ താളത്തിൽ പാകം ചെയ്ത മടുപ്പിന്റെ ഗന്ധം !
വിളമ്പി വെച്ച ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന അയാൾ അപ്പോഴും തിരക്കിട്ട ചർച്ചകളുടെ കോലാഹലങ്ങളിൽ മുഴുകി യിരിക്കുന്നുണ്ടാവും….
അവൾ അടുക്കള പത്രങ്ങളോട് കലഹിക്കും അവറ്റകളെ പ്രഹരിക്കും. മടുപ്പിൽ നിന്നും ഭ്രാന്തു വരുമെന്ന് പാത്രങ്ങൾ മുഖത്തോടു മുഖം നോക്കി വേദനയോടെ പിറുപിറുക്കും
അവളപ്പോൾ പല വിളികളെ തിരയും
കുഞ്ഞി ചോറും കൂട്ടാനും വെച്ചു കഴിഞ് മാളുവപ്പോൾ, കിടത്തുമ്പോൾ കണ്ണ് ചിമ്മുന്ന കുഞ്ഞാവയുടെ ചെമ്പൻ മുടിയിഴകളെ തലോടി പറയും
“ഇപ്പൊ വരാവേ “
വിഷം തീണ്ടാത്ത വെള്ളരിക്കറിയും നല്ല മുഴുത്ത പെടയ്ക്കണ അയല പൊരിച്ചതും സ്നേഹത്തളികയിൽ നിന്നും വാരി വായിൽവെച്ചുതന്ന അമ്മമുഖം അവളെ ഈറനണിയിക്കും……
ഓർമ്മകളിങ്ങനെ ഒന്നൊന്നായി ചങ്ങല പോലെ ഒന്നിൽ തൊട്ട് തൊട്ടു അങ്ങനെ വന്നു കൊണ്ടിരിക്കും…. ഓല വേലിക്കെട്ടിയ തൊടിയിലെ കുളത്തിലേക്ക് ചാഞ്ഞു നിന്ന മരത്തിൽ നിന്നും നിശ്ശബ്ദതയ്ക്ക് പൊട്ടു തൊടുമ്പോലെ ഇടയ്ക്കിടക്ക് വീഴുന്ന ഞാവല്പഴത്തിന്റെ മണം മൂക്കിനെ ലെഹരിപിടിപ്പിക്കുന്നപോലെ….
ആ വീടിന്റെ എല്ലാ മൂലകളിൽ നിന്നും മടുപ്പിന്റെ ഗന്ധം തന്നിലേക്ക് പടർന്നു പിടിക്കുന്നതറിയുന്നുണ്ടായിരുന്നു അവൾ
“എന്റെ പ്രിയതമക്ക് നൽകാൻ ഇതിലും മനോഹരമായതൊന്ന് വേറെ എന്താണുള്ളത് “
ആ വീടിന്റെ അവസാന മിനുക്കു പണികൾക്കിടയിൽ അവളെയും കൂട്ടി വന്ന ഒരു ദിവസം നെറ്റിയിൽ ചുംബിച്ചു കൊണ്ടയാള് പറഞ്ഞ വാക്കുകളായിരുന്നത്…..
പിന്നെപ്പോഴോക്കെയോ മാറ്റങ്ങളുടെ കാലമായിരുന്നു…..മടുപ്പിന്റെ ഗന്ധങ്ങൾ അവൾക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നു
കൂടെക്കൂടെ ഉയരുന്ന അയാളുടെ ബിസിനസ്സും സ്റ്റാറ്റസും അവർക്കിടയിൽ വിള്ളലുകൾ സൃഷ്ടിച്ചു കൊണ്ടിരുന്നു…
അവളുടെ അതിഭാവുകത്വമില്ലായ്മ ആൾക്കൂട്ടങ്ങൾക്കുമുമ്പിൽ അയാളെ നാണം കെടുത്തിയത്രെ !
പരാതികൾ മാത്രം നിറഞ്ഞ ഒരു ലോകം അവൾക്കു ചുറ്റും അവശേഷിച്ചു….
തൊട്ടതിനും പിടിച്ചതിനും കുറ്റം മാത്രം കേട്ടു മടുത്തപ്പോഴാണ് അവളും മൗനം പാലിച്ചത്
അയാളിൽ അതൊരസ്വസ്ഥതയും ഉണ്ടാക്കിയില്ല…
ആ വീടൊരു സത്രം പോലെയായി…..അവളവിടുത്തെ പരിചാരികയും..!
ഓർമകളുടെ കണ്ണികൾ വീണ്ടും അവളറിയാതെ തിരഞ്ഞു കൊണ്ടിരുന്നു…..
എന്റെ ഹൃദയത്തിൽ എത്ര മുള്ളുകൾ കോറിയാലും
എന്റെ പനിനീർ പൂവേ...നിന്നെ ഞാൻ സ്നേഹിക്കാതിരിക്കു വതെങ്ങിനെ…..
താഴെ പുഴയുടെ മണൽ തിട്ടയിൽ നിന്നും ഒഴുകി വന്ന ഗാനത്തിന്റെ ഈരടികളിൽ മുഴുകി അവൾ ആ ടെറസിൽ കുറേ നേരം നിന്നു….
പിന്നെ പതിയെ അവിടെ നിന്നും ഇറങ്ങി പുഴയോരം ലക്ഷ്യമാക്കി നടന്നു….
“നിന്റെ മനസ്സ് ഒരിക്കലെങ്കിലും എനിക്ക് വേണ്ടി വേദനിക്കില്ലെന്നോ….. ഒരിക്കൽ പോലും എന്നെ തേടില്ലെന്നോ….? “
ഒരു യുവാവിന്റെ മുഖം ഓർമയുടെ ചങ്ങലയിൽ കോർത്തു കൊണ്ടിരുന്നു….
ആ ഗാനം കേൾക്കുന്ന ദിക്കിലേക്ക് അവളുടെ നടത്തത്തിന്റെ വേഗം കൂടി…
തണുത്ത കാറ്റിൽ ആടിയുലയുന്ന പൂത്തുലഞ്ഞ മുളം കാട്ടിൽ നിന്നും പക്ഷികൾ കുറുകിക്കൊണ്ടിരുന്നു…..
പരന്നൊഴുകിയ നിലാവിൽ അവൾ ആവേശത്തോടെ നടന്നു…..
ആ മുളമരങ്ങൾ ഇനിയും പൂക്കുമായിരിക്കുമോ....? ആയുസ്സിൽ ഒരുതവണയല്ലാതെ,... ചിലതൊക്കെ വീണ്ടും വീണ്ടും പൂക്കുമത്രേ !...
“എന്റെ ഹൃദയത്തിൽ എത്ര മുള്ളുകൾ കൊറിയാലും എന്റെ പനിനീർ പൂവേ നിന്നെ ഞാൻ സ്നേഹിക്കാതിരിക്കുവതെങ്ങിനെ “! അവൾ ആ ഈരടി ഏറ്റു പാടിക്കൊണ്ടിരുന്നു....
(അവസാനിച്ചു )
Mariha Shabnam

വള്ളിക്കെട്ട്(കഥ)


Best of Nallezhuth 21
പതിവ് പോലെ, ഉദിച്ചുയരുന്ന കാര്യത്തിൽ സൂര്യൻ അന്നും ഷാർപ്പ് ടൈം കാത്ത് സൂക്ഷിച്ചുവെങ്കിലും.. പ്രശസ്ത ഓൺലൈൻ സഹിത്യകാരൻ ഉത്പലൻ കിഴക്കുംമുറി, മണി എട്ടായിട്ടും കട്ടിലിൽ നിന്നും ഉദിച്ചുയർന്നില്ല!. ചിതല് തിന്ന മച്ച് നോക്കിക്കിടന്ന അയാളുടെ മനസ്സിൽ മുഴുവൻ... തലേ രാത്രി എഫ്. ബിയിൽ വായിച്ച "വള്ളിക്കെട്ട്''എന്ന രചനയെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു...!
ഉത്പലൻ കൂടി ഉൾപ്പെടുന്ന സാഹിത്യ ഗ്രൂപ്പിൽ തിളങ്ങി നിന്നിരുന്ന.. ഉത്പലന്റെ സഹ സാഹിത്യ കാരനും, നിതാന്തമായ അസൂയക്ക് പാത്രമായവനുമായ (അസൂയേടെ വലുപ്പം വെച്ച് നോക്കുമ്പം പാത്രം അണ്ഡാവോ, ബിരിയാണിച്ചെമ്പോ ആവാം )...തോമസ് വീട്ടിൽക്കുടി... വായിക്കുന്നവർക്കാർക്കും ഒരു ചുക്കും മനസ്സിലാകരുത് എന്ന ദുരാഗ്രഹത്തോട് കൂടി... വളരെ ദുർഗ്രാഹ്യമായി എഴുതിയ ഒരു നാല് വരി രചന ആയിരുന്നു ഉത്പലന്റെ ചിന്തകളുടെ മൂലഹേതു .
വീട്ടിൽ വളർത്തുന്ന ഒരു പട്ടി തുടല് പൊട്ടിച്ചോടുന്നതും, അയൽ വീട്ടിലെ അടുക്കളയിൽ കയറി, കഞ്ഞിക്കലം തട്ടിമറിക്കുന്നതും ...അവസാനം അത് കിണറ്റിൽ ചാടുന്നതുമായിരുന്നു വള്ളിക്കെട്ടെന്ന ആ രചനയുടെ കഥാസാരം!.
ഇത് വായിച്ചിട്ട് ഒന്നും മനസ്സിലാകാതെ കുഴങ്ങി നിന്ന ഉത്പലൻ..രചനയുടെ ചോട്ടിൽ ഒരു കമന്റ്കുരു കുഴിച്ചിടുന്നതിന് വേണ്ടി, രചന കോപ്പി ടെക്സ്റ്റ് ചെയ്ത ശേഷം..തന്റെ അടുത്ത സുഹൃത്തായ..ബുദ്ധിജീവി പറങ്ങോടന് വാട്സാപ്പിൽ അയച്ച് കൊടുത്തു. പക്ഷെ പറങ്ങോട സമക്ഷത്ത് നിന്നും ലഭിച്ച മറുപടി ഉത്പലനെ ഒട്ടും തൃപ്തിപ്പെടുത്തിയില്ല...
അതിങ്ങനെ ആയിരുന്നു.
"പട്ടിയുടെ തുടൽ മുതലാളിത്ത വ്യവസ്ഥിതിയേയും, തട്ടിമറിച്ച കഞ്ഞിക്കലം ആഗോള സാമ്പത്തിക സ്ഥിതിയേയും സൂചിപ്പിക്കുന്നു. കിണറ്റിൽ ചാടുന്ന പട്ടി, ഈ വ്യവസ്ഥിതികളിൽ നിന്നും കരകയറാൻ പറ്റാതെ അഗാധതയിലേക്ക് പതിക്കുന്ന മനുഷ്യന്റെ പ്രതീകമാണ് !. പിന്നീടുള്ള അവന്റെ ജീവിതം മണ്ഡൂക സമാനമായിരിക്കും എന്ന് സംശയലേശേമന്യേ രചയിതാവ് ദ്യോതിപ്പിക്കുന്നുണ്ടിതിൽ.
പറങ്ങോടനയച്ച ഈ മറുപടി ഉത്പലന് കത്തിയില്ല!.
എന്നാൽ ഈ മെസേജിന്റെ അർത്ഥം എന്താണെന്ന് പറങ്ങോടനോടെങ്ങാൻ ചോദിക്കാമെന്ന് വെച്ചാൽ..അത് കുറച്ചിലാണ് താനും. അതുകൊണ്ട് തന്നെ പറങ്ങോടനുള്ള വാട്സ് ആപ് മറുപടി ഉത്പലൻ ഈ വിധമാണ് അയച്ചത്.
"തികച്ചും ശരിയാണ് പറങ്ങോടൻ തികച്ചും ശരിയാണ്..! നമ്മുടെ ചിന്താധാരകൾ എത്രമേൽ തുലനം ചെയ്യുന്നു.എന്നതിൽ എനിക്ക് അതിശയം തോന്നുന്നു ... "
എന്നാ പുല്ല് മനസ്സിരുത്തി ഒന്നൂടെ വായിക്കാം എന്ന ചിന്തയിൽ... ഫോണെടുത്ത് വായന തുടങ്ങിയ ഉത്പലൻ... ഇരുന്നും, മലർന്നും, തലകുത്തി നിന്നും ... കഷായം ഉണ്ടാക്കും പോലെ സമൂലം മൂന്നാവർത്തി വായന നടത്തിയെങ്കിലും... " ജബാന്ന് പറഞ്ഞാൽ ജബ... " എന്നല്ലാതെ ഒരു കുന്തവും നേരെ പോയിട്ട് വളഞ്ഞ വഴിയിൽ പോലും മിന്നിയില്ല.
തന്റെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയില്ലെങ്കിൽ "വീട്ടിൽ കുടി തോമസിന് " എന്ത് തോന്നും... എന്ന വിഷമത്തിൽ കട്ടിലിൽ തന്നെ കിടന്ന ഉത്പുവിന്റെ തലയിൽ അപ്പോൾ എതോ ഒരു ഐഡിയ മിന്നി. ആ.. ഐഡിയാ ക്യാൻ ചേഞ്ച് ഈ പ്രശ്നം, എന്ന ചിന്തയോടെ കിടന്ന കിടപ്പിൽ നിന്നും ചാടി എഴുന്നേറ്റ ഉത്പു...ഉടുമുണ്ടോട് കൂടി യുറേക്കാ എന്നലറി വിളിച്ചു.
പിന്നെ ഫോണെടുത്ത് രചനക്കടിയിലെ കമന്റ്കളിലേക്ക് തന്റെ കണ്ണുകളോടിച്ചു...എന്നാൽ തന്നെപ്പോലെ ഒരു വടി വാഴക്കയും മനസ്സിലാകാത്തവർ തയ്യാറാക്കിയ സ്റ്റിക്കർ കമന്റുകളുടെ മനോഹരമായ ഒരു പൂന്തോട്ടം മാത്രമാണ് ഉത്പുവിന് അവിടെ കാണാൻ കഴിഞ്ഞത്!.
ആ തോട്ടത്തിലൂടെ അരിച്ച് നടന്ന ഉത്പുവിന്റെ കണ്ണുകൾ... മികച്ച വായനക്കാരിയും, രചനകൾ അരച്ച് കലക്കി അടുപ്പിൽ വെച്ച് കുറുക്കി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നവളുമായ മേരി തോമസിന്റെ അഭിപ്രായം എന്തെന്നറിയാൻ കൊതിച്ചു.
അവളുടെ അഭിപ്രായത്തിന്റെ വേര് മാന്തി സ്വന്തമായി ഒരു കമന്റ് ചെടി മുളപ്പിക്കാം എന്നായിരുന്നു ഉത്പലന്റെ ഐഡിയ... എന്നാൽ ഉത്പലനെ ആകെ തളർത്തിക്കൊണ്ട് "സംത്രാസത്തിന്റെ ആന്തോളനം " എന്നൊരു അഭിപ്രായം മാത്രമായിരുന്നു മേരി തോമസ് അവിടെ രേഖപ്പെടുത്തിയിരുന്നത്.
അവളുടെ ആ കമന്റ് വായിച്ചതും വീട്ടിലുള്ള സകലതും സംത്രാസത്തോടെ എടുത്ത് കിണറ്റിലിട്ട ശേഷം... അവിടെ നിന്നും ഇറങ്ങി ഗോക്കളെ മേക്കാൻ ആന്തോളനത്തോടെ പോകാനായ് ഉത്പലന് തോന്നി.
ഇനി എന്ത് എന്ന മട്ടിൽ ചിന്തിച്ചിരുന്ന ഉത്പലനെ ഞെട്ടിച്ച് കൊണ്ട് ഉടൻ തന്നെ തോമസ് വീട്ടിൽകുടിയുടെ ഒരു എഫ് ബി പോസ്റ്റ് വന്നു.
വായനക്കാർ ക്ഷമിക്കുക .. ഇന്നലെ എന്റെ വാളിൽ പോസ്റ്റ് ചെയ്യപ്പെട്ടത് ഒരു കൈയ്യബദ്ധമായിരുന്നു..കുടുംബ ശ്രീക്കാർ നടത്തുന്ന വിനോദയാത്രക്ക് രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ, ഫേസ് ബുക്കിനേപ്പറ്റി അഞ്ച് നയാപ്പൈസയുടെ വിവരമില്ലാത്ത.. എന്റെ ഭാര്യ, ഉറങ്ങിക്കിടന്ന എന്നെ ഉണർത്തണ്ട എന്ന് കരുതിയും, എഫ്. ബി ബുദ്ധിജീവിയായ എന്റെ ദൃഷ്ടിയിൽ എളുപ്പത്തിൽ പെടും എന്ന ധാരണ കൊണ്ടും ... ഫേസ് ബുക്കിലെ "റൈറ്റ് സംതിഗ് ഹിയർ" എന്നുള്ളിടത്തായി
"വള്ളിക്കെട്ട്
ആണ് കെട്ടിയിരിക്കുന്നത്. അഴിഞ്ഞാൽ
പട്ടി അയൽ വക്കത്ത് പോയി കഞ്ഞിക്കലം തട്ടി മറിക്കും, പിന്നെ കിണറ്റിൽ ചാടും."
എന്നൊരു സന്ദേശം എനിക്ക് വായിക്കാനായ് എഴുതി പോസ്റ്റിയതായിരുന്നു നിങ്ങൾ കണ്ടത്. കാലത്തെ ഉണരുമ്പോൾ തന്നെ അത് എന്റെ ശ്രദ്ധയിൽ പെടുന്നതിന് വേണ്ടി അവൾ നടത്തിയ ഒരു ബ്രേക്കില്ലാത്ത സൈക്കളോടിക്കൽ മൂവായിരുന്നു ആ പോസ്റ്റ്...സദയം ക്ഷമിക്കുക.
അനന്തരം "വള്ളിക്കെട്ട് "സാഹിത്യ ലോകത്ത് കൊണ്ടുപിടിച്ച ചർച്ചകൾക്കും, തീപ്പൊരി വിവാദങ്ങൾക്കും വഴിവെച്ചതറിയാതെ.. "മി.വീട്ടിൽക്കുടി" പുതപ്പ് തലവഴി ഒന്നുകൂടി വലിച്ചിട്ടു...പിന്നെ തലേന്ന് കണ്ട ഗഹനമായ സ്വപ്നത്തിന്റെ അന്തർധാരകളിലേക്ക് മസ്തിഷ്കത്തെ സംയോജിപ്പിച്ച ശേഷം...അതിന്റെ കടുപ്പത്തിന് സമാനമായ കൂർക്കംവലി പുതപ്പിനടിയിൽ നിന്നും പുറത്തേക്ക് തള്ളിവിട്ടു.
(ശുഭം)
അരുൺ - (Arun V Sajeev)

മൃദുവിൻ്റെ ആകാശങ്ങൾ (കഥ)

Best of Nallezhuth 20
എത്ര പുതച്ചിട്ടും തീരാത്ത തണുപ്പാണ്....ഗ്ലാസ് ജനൽ തുറന്നപ്പോൾ ചൂളം കുത്തിയ ഒരു തണുപ്പ് വീണ്ടും ഇരച്ചു വന്നു... താഴെ പൂന്തോട്ടം നോക്കി രോമത്തൊപ്പികളും സ്വെറ്ററും ധരിച്ചു ഉമേച്ചിയും പ്രിയേച്ചിയും പൂന്തോട്ടം നടന്നു കാണുന്നു... താൻ എഴുന്നേൽക്കാൻ വൈകിയിരിക്കുന്നു....
രാത്രിയിൽ ഒരുമണിയോടടുത്താണ് എത്തിയത്... കിടന്നതു മാത്രം ഓർമയുണ്ട്... പോരുന്ന വഴിയിൽ ട്രാവലറിന്റെ ഡീസൽ മണം ശ്വസിച്ചു ഛർദിച്ചു അവശയും ആയിരുന്നു...
എല്ലാവർഷവും വിഷുവും ഓണവും ആഘോഷിക്കുമ്പോലുള്ളതാണ് കുടുംബസമേതമുള്ള ഈ വിനോദയാത്രയും..... ഒന്നുകിൽ ഊട്ടി, അല്ലെങ്കിൽ കൊടൈക്കനാൽ, അതുമല്ലെങ്കിൽ മൂന്നാർ.... വര്ഷങ്ങളായി അങ്ങനെയാണ്....ഇപ്രാവശ്യം ഇവിടെ... ഈ കൊടൈക്കനാലിൽ.....
ഊട്ടിയിലെയും ഇവിടത്തെയും വീടുകൾ ഒരുപോലെ പണിതതാണ്.... ഒരു വ്യത്യാസവുമില്ല... പൂന്തോട്ടങ്ങൾ പോലും ഒരുപോലെ... ചെടികളും പൂമരങ്ങളും എല്ലാം... മൂന്നാറിലേത് അല്പം വിത്യാസമുണ്ട്... അവിടെ ഇതുപോലെ കുന്നിൻ മുകളിലല്ല... പകരം തേയിലത്തോട്ടത്തിനു നടുവിലാണ്... അതും കോട്ടേജ് പോലുള്ളത്... എങ്കിലും മോന്തായത്തിൽ പടർന്നു കയറി കിടക്കുന്ന കടലാസ്ചെടി മൂന്നിടത്തും ഉണ്ട്... അദ്ദേഹത്തിന്റെ പരിചയത്തിൽ ഉള്ളതോ കൂട്ടുകാരനോ ആയ ഒരു തമിഴന്റെയാണ് ഈ വീടുകൾ.....
"മൃദു... വേഗം റെഡിയായി വാ... ചുമ്മാ കറങ്ങിവരാം.. "ഉമേച്ചി താഴെനിന്നും വിളിച്ചു.....
എവിടെപോയാലും സ്ഥിരമുള്ളതാണ് ഈ ചുറ്റൽ... ചുമ്മാ തമിഴൻമാരുടെ തുണിക്കടകളിൽ കയറി തുണിത്തരങ്ങൾ വാങ്ങിക്കൂട്ടുക.... ഉമേച്ചിക്കു പട്ടുസാരികൾ ഭ്രാന്താണ്... പ്രിയേച്ചിക്ക് കുർത്തകളോടും....
അവരെ കണ്ടുപഠിക്കാൻ അദ്ദേഹം എപ്പോഴും പറയും... നിറമുള്ള വസ്ത്രങ്ങൾ കാണുമ്പോൾത്തന്നെ അസ്വസ്ഥതയാണ്.... പണ്ട് തറവാട്ടിൽ ഇടയ്ക്ക് വരാറുള്ള കോലങ്ങൾ ഓർമ്മവരും... കുട്ടിക്കാലത്തു അതിന്റെ ഒച്ചകേൾക്കുമ്പഴേ മച്ചിന്റെ മുകളിൽ ഒളിക്കുമായിരുന്നു....
"അവിടെത്തന്നെ നിക്കുവാണോ.... ഒന്നു പോയി റെഡിയാവു " ഉമേച്ചി വീണ്ടും ഒച്ചയിട്ടു....
വയ്യ.... ഉറക്കം മതിയായിട്ടില്ല.... ഛർദിച്ചിട്ടാണെന്നു തോന്നുന്നു ചെറിയ വയറു വേദനയും... ആകെ ക്ഷീണം....
"എനിക്ക് വയ്യ ഉമേച്ചി... .. ഭയങ്കര തളർച്ച "... എന്റെ പറച്ചിൽ കേട്ട് പിറകിൽ നിന്നും ഒരു ചിരിഉയർന്നു....
"ഇനി വിശദീകരിക്കേണ്ട... എവിടെ പോയാലും ഇതൊക്കെയാണല്ലോ... അദ്ദേഹമാണ്... കുളിച്ചു റെഡിയായിരിക്കുന്നു...
"നീ പോവുന്നില്ലെങ്കിൽ ഞാൻ താഴെ പറഞ്ഞേക്കാം.... ഇവിടെ ഒരു സുഹൃത്തിനെ കാണണം... ഞാൻ ഇറങ്ങുവാ... " അദ്ദേഹം അതു പറഞ്ഞു താഴേക്കിറങ്ങിപോയി....
താഴെ ഒരു ടാക്സി വന്നിട്ടുണ്ട്.... കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹവും ചേട്ടന്മാരും അതിൽ കയറിപ്പോകുന്നത് കണ്ടു.... തിരക്കാണ് ഇവിടെയും...
കുന്നിനു താഴെയുള്ള വഴിയരികിലെ അമ്പലത്തിൽ ഉത്സവമാണെന്ന് തോന്നുന്നു... പാട്ടും തോരണങ്ങളും ഒക്കെ ഉണ്ട്....
ജനാലയിൽ നിന്നും നോട്ടം മാറ്റി വീണ്ടും കിടക്കയിലേക്ക് വീണു...... പെട്ടെന്നാണ് മൊബൈൽ ഓർത്തത്‌.... അവിടെന്നു പോരുമ്പോൾ ബാഗിൽ ഇട്ടതാണ്... പിന്നെ ഇടയ്ക്ക് നോക്കിയപ്പോൾ ചത്തിരുന്നു... എഴുന്നേറ്റു ബാഗിൽ പരതി... ഇല്ല... എവിടെ പോയി... അപ്പോഴാണ് കണ്ടത്... ഫോൺ ചാർജ് ചെയ്തിട്ടിരിക്കുന്നു.... അദ്ദേഹമാവും...... ലോക്ക് തുറന്നു നോക്കി.... ചാർജായിട്ടുണ്ട്... പക്ഷെ നെറ്റ് ഇല്ല... ഇനി കേരളത്തിൽ എത്തണം... ഫോൺ തിരികെ വച്ചു....
ഒരു കുളി പാസാക്കിയെക്കാം... ചിലപ്പോൾ കുളിച്ച് കഴിഞ്ഞാൽ ഒരു ഉറക്കം വന്നേക്കും... ചൂടുവെള്ളം നിറച്ചു... കുളിച്ചു വന്നപ്പോൾ ഒരു ഉന്മേഷം തോന്നി... കിടക്കാൻ തോന്നിയില്ല...
താഴെ അടുക്കളയിൽ എത്തി... എന്റെ ദോശയും ചട്ട്ണിയും അടച്ചു വച്ചിട്ടുണ്ട്... ഉച്ചയ്ക്കുള്ളത് അടുപ്പിൽ ആയികൊണ്ടിരിക്കുന്നു...
ദോശയുമായി മുറ്റത്തേക്ക് വന്നു... പൂന്തോട്ടം നിറയെ റോസുകൾ.... പല തരത്തിൽ.... ഒരു പൂമ്പാറ്റ അവിടെ ക്ഷീണിച്ചു പറക്കുന്നു... അതിന്റെ ജീവിതം തീരാറായെന്നു തോന്നുന്നു... ചിറകുകൾ ദ്രവിച്ചിട്ടുണ്ട്........... മൂലയിൽ നിൽക്കുന്ന വള്ളിച്ചെടിയിൽ നീറുകൾ കൂടുവച്ചിരിക്കുന്നു... അതിൽ ചില ഉറുമ്പുകൾ ഇപ്പോൾ വേണമെങ്കിലും താഴെ വീഴാവുന്ന ആ ചിത്രശലഭത്തിനു നേരെ നോക്കുന്നതായി തോന്നി... ശലഭം പറക്കൽ മതിയാക്കി ഒരു ചെത്തി ചെടിയിൽവന്നിരുന്നു...
. വീടിന്റെ മതിലിനരുകിൽ ചേർന്നിരുന്നു രണ്ടു പെൺകുഞ്ഞുങ്ങൾ മാല കോർക്കുന്നുണ്ട്... അടുക്കളയിൽ പാചകത്തിന് വന്നിരിക്കുന്നവളുടെ കുഞ്ഞുങ്ങളാവണം...
ഞാൻ നോക്കുന്ന കണ്ടപ്പോൾ നാണിച്ചു ചിരിച്ചു രണ്ടുപേരും... അടുത്തുചെന്നപ്പോൾ പിച്ചിപ്പൂമണം... ഇടയ്ക്ക് കനകാംബരം ചേർത്തു ഭംഗിയായി കോർക്കുന്നു...
"എനിക്കും തരാമോ ഒരു ചെറിയ മാല "... ഞാൻ ദോശയുമായി അവരുടെ അടുത്തിരുന്നു...
എന്റെ മലയാളം മനസ്സിലാകാതെ അവർ പരസ്പരം നോക്കി....
"ഇതു കൊഞ്ചം എനിക്കും തരുമോ ".... എന്റെ മുറി തമിൾ കേട്ട് ആ പിള്ളേർ പൊട്ടിച്ചിരിച്ചു... ഞാൻ ആരെങ്കിലും കേട്ടോയെന്നു ചുറ്റുപാടും നോക്കി... നേരത്തെ തമിഴ് പഠിക്കാൻ ഒരു ഓൺലൈൻ സുഹൃത്തിനെ സമീപിച്ചു രണ്ടാട്ടും കേട്ട് പോന്നതോർത്തു ചിരി വന്നു....
"രണ്ടാളുടേം പേര് എന്ന? " ഞാൻ വീണ്ടും തമിഴിൽ പിടിച്ചു...
. "എൻ പേര് ലച്ചമി... ഇതു കതിർ... " ലച്ചമി ചിരിച്ചു... കതിർ കുറച്ചു ചെറിയ കുട്ടിയാണ്.... മുഖം മുഴുവൻ നാണവും...
ഉങ്ക പേരെന്നാ... "? ലച്ചമി മാല കോർക്കൽ നിർത്തി ചോദിച്ചു.....
"മൃദുല "... ഞാൻ അതു പറഞ്ഞു ദോശ വായിലിട്ടു....
"ഉങ്ക കണ്ണു പൂനൈ മാതിരി... റൊമ്പ അഴക്... "കതിർ അതു പറഞ്ഞു വീണ്ടും നാണിച്ചു...
ഞാൻ എഴുന്നേറ്റു... ലച്ചമി ഒരു മുഴം മാല എന്റെ നേരെ നീട്ടി.... ഞാൻ അതുവാങ്ങി മണത്തു കൊണ്ടു അടുക്കളയിലേക്കു പോയി... പാത്രം കൊടുത്തു കൈകഴുകി മാലയുമായി മുറിയിലെത്തി... ഒന്നുറങ്ങണമെന്നു തോന്നി...
താഴെ ആ കോവിലിൽ പാട്ടു മുറുകി വരുന്നുണ്ട്... അതു കേട്ട് എപ്പഴോ മയങ്ങിപ്പോയി...
ചുമലിൽ ആരോ പിടിച്ചുലച്ചപ്പോഴാണ് പിന്നെ കണ്ണുതുറന്നത്... ലച്ചമിയുടെയും കതിരിന്റെയും അമ്മയാണ്... അപ്പോഴാണ് ഉറങ്ങിയത് വാതിൽ തുറന്നിട്ടാണ് എന്നു മനസ്സിലായത്...
"സമയം മൂന്നുമണി കഴിഞ്ഞു... ചോറുണ്ണണ്ടേ " അവരുടെ മലയാളത്തിലുള്ള ചോദ്യം കേട്ട് അമ്പരന്നു...
"എന്റെ വീട് മൂന്നാറാണ്... കെട്ടിയോൻ തമിഴനും... "അവർ ചിരിച്ചു പറഞ്ഞു... "ചേച്ചിയുടെ പേര് എന്നാ ".. ഞാൻ കട്ടിലിൽ നിന്നിറങ്ങി ഉലഞ്ഞുപോയ മുടി ചുറ്റികെട്ടി ചോദിച്ചു....
"ശോഭന... വാ ചോറുണ്ണാം... മീൻ കറിയുണ്ട്... അദ്ദേഹം പറഞ്ഞിരുന്നു... "... ശോഭന അതുപറഞ്ഞു പുറത്തേക്കിറങ്ങി...
"എന്റെ ഏട്ടത്തിമാര്.... അവര് വന്നോ ? "...
"ഇല്ല അവര് വൈകും... കൊച്ചു വാ "... ശോഭന തിരക്ക് കൂട്ടി....
"ചായ തിളപ്പിച്ച്‌ വച്ചേക്കട്ടെ... എടുത്തു കുടിക്കുമോ "... ശോഭന ചോറ് വിളമ്പുന്നിതിനിടയിൽ ചോദിച്ചു....
"എന്തേ എവിടേക്കെങ്കിലും പോകുന്നുണ്ടോ...?...
"കോവിലിൽ ഉത്സവം... കാവടി ഉണ്ട്... പളനിക്ക്.... അതു കാണാൻ പോവാൻ... "ശോഭന ചിരിച്ചു...
ഓ അതാണ് അവിടെ പാട്ടും മേളവും...
"ഞാനും വരട്ടെ... കാണാൻ? "...
എന്റെ ചോദ്യത്തിൽ ഒരു നിമിഷം നിശബ്ദയായി ശോഭന... പിന്നെ ചിരിച്ചു തലകുലുക്കി....
ഞാൻ വേഗന്നുണ്ട് എഴുന്നേറ്റു...
മുറിയിൽ ചെന്നു ഒന്നുകൂടി മേല്കഴുകി... ഒരു സാരി ഉടുക്കാനെടുത്തു പിന്നെ തിരികെ വച്ചു.. വലിയ പാടാകും സാരി സംരക്ഷിക്കാൻ ആ തിരക്കിൽ... ഒരു കുർത്തയിട്ടു തോളിൽ ഒരു സ്കാർഫും ചുറ്റി... ലച്ചമിയുടെ പിച്ചി മാല അപ്പോഴാണ് കണ്ടത്... അതും തിരുകി തലയിൽ... കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു തമിഴത്തി...
മുറി പൂട്ടി താഴെ ചെന്നപ്പോൾ ശോഭന അടുക്കളയൊതുക്കി കുളിക്കുന്നതേയുള്ളു...
വരാന്തയിൽ ചെന്നു താഴെ കോവിലിലേക്കു നോക്കി... രാവിലെ കണ്ടതിനേക്കാൾ നിറയെ ആളുകൾ... പരിസരത്തു കുട്ടികളെ ആകർഷിക്കാൻ ഒരു ആകാശയൂഞ്ഞാലും എത്തിയിരിക്കുന്നു.... ലച്ചമിയേയും കതിരിനെയും പരിസരത്തൊന്നും കാണാനില്ല...
ഒരാൾ ആടിയാടി കുന്നു കയറി വരുന്നുണ്ട്.. ആ വരവിൽ അയാൾ എപ്പോ വേണേലും വീണു പോയേക്കാമെന്നു തോന്നി.... അയാൾ ഒരു വിധം കുന്നു കയറി... മുറ്റത്തെത്തി... തന്നെ കണ്ട് അടുത്തേക്ക് വന്നു... വൃത്തിയില്ലാത്ത വസ്ത്രം... ചുണ്ടുകൾ മുറുക്കാൻ കറ... വൃത്തികെട്ട ഗന്ധം...
"എന്റെ കെട്ടിയോനാ... 'പച്ച'.."...തിരിഞ്ഞപ്പോൾ മഞ്ഞ സാരിയുടുത്തു ശോഭന...
"വാ... പോകാം... " ശോഭന തിടുക്കത്തിൽ പച്ചയെ നോക്കാതെ മുന്നോട്ടു നടന്നു...
പച്ച വേച്ചു വേച്ചു വീടിന്റെ പിന്നാമ്പുറത്തേക്കു പോയി....
കോവിലിൽ എത്തും വരെ ഞാൻ പച്ചയെ കുറിച്ചായിരുന്നു ചിന്തിച്ചത്....
കോവിലിൽ മുഴുവൻ ഇലകളും പൂക്കളും കൊണ്ടു അലങ്കരിച്ചിരിക്കുന്നു... തമിഴ് പെണ്ണുങ്ങൾ കടുംനിറത്തിൽ വെട്ടിത്തിളങ്ങുന്നു... കാവടികൾ നിരത്തി വച്ചിട്ടുണ്ട്.... ചെവി തുളയ്ക്കുന്ന ശബ്ദത്തിൽ പാട്ടും....
എന്റെ കണ്ണുകൾ ആകാശയൂഞ്ഞാലിലേക്കു നീണ്ടു... പെണ്ണുങ്ങളും കുട്ടികളും ഉണ്ട് അതിൽ... കൂവിയും ചിരിച്ചും അതിൽ അവർ കറങ്ങുന്നു...
എവിടെന്നോ ലച്ചമിയും കതിരും ഓടിവന്നു...
അവരുടെയൊപ്പം ഒരു പതിനൊന്നോ പന്ത്രണ്ടോ വയസ്സു തോന്നിക്കുന്ന ഒരു പെൺകുട്ടിയും... അവൾ തിളക്കമുള്ള ഒരു പച്ച ചുരിദാർ ധരിച്ചിരുന്നു... ആ കുഞ്ഞ് ശരീരം ഒരു ഷാളും പുതച്ചിട്ടുണ്ട്... തലമുടി പിന്നി അതിൽ നിറയെ പൂവും കൈകളിൽ നിറവും ചെവികൾക്കിരുവശത്തായി മഞ്ഞളും പറ്റിപിടിച്ചിരിപ്പുണ്ട്... ചുണ്ടുകൾ കരിവാളിച്ചിരിക്കുന്നു....
ലച്ചമിയും കതിരും അവളുടെ ഇരുവശത്തും കൈകളിൽ തൂങ്ങി...
"സിനിമസ്റ്റാർ മാതിരിയില്ലയ" എന്നെ നോക്കി കതിർ ആ പെൺകുട്ടിയോട് ചോദിച്ചു...
അവളുടെ വർത്താനത്തിൽ എന്നെ പറ്റി അവർ മൂന്നു പേരും വലിയ ചർച്ച നടത്തിയിട്ടുണ്ടെന്ന് ഊഹിച്ചു...
അവരുടെ മൂന്നുപേരുടെയും കണ്ണുകൾ ആകാശഊഞ്ഞാലിലേക്കായി...
അതിൽ കയറാനുള്ള പൈസക്കായിരിക്കണം കതിർ അമ്മയെ അന്വേഷിച്ചു പോയി...
ശോഭന അലുമിനിയം പാത്രങ്ങൾ വിൽക്കുന്ന ഒരാളോട് സംസാരിച്ചു നിൽപ്പുണ്ട്... അവളുടെ മുഖത്ത് ചെറിയ നാണമുണ്ടോ എന്നു എനിക്ക് സംശയം തോന്നി...
അമ്മയെ കാണാൻ പോയ കതിർ ചെവിയും തിരുമ്മി കണ്ണു നിറഞ്ഞാണ് വന്നത്...
വീണ്ടും അവർ മൂന്നുപേരും ആകാശഊഞ്ഞാലിലേക്കു നോക്കി...
"എത്രയാണ് അതിൽ കേറുന്നതിനു... "എന്റ ആംഗ്യഭാഷയിലുള്ള ചോദ്യം കേട്ട് ലച്ചമി ചുണ്ട് പൊത്തി...
"കൊച്ചിന് വേറെ പണിയില്ലേ... ഒരു തന്തയുള്ളതിനോട് മേടിച്ചു കൊണ്ടു വന്നു കേറട്ടെ "...ഞാൻ അതു കേട്ട് ഞെട്ടി തിരിഞ്ഞു... ശോഭനയാണ്... അവളുടെ മുഖം വെറുപ്പിൽ ചുവന്നിരിക്കുന്നു....
ഞാൻ പേഴ്സിൽ നിന്നും മൂന്നുറു രൂപ എടുത്തു ലച്ചമിക്ക് നേരെ നീട്ടി... "ഞാനും ഉണ്ട്... അതിൽ കേറാൻ..ടിക്കറ്റ് എടുത്തു വാ ".."...ശോഭന തടയുന്നതിന് മുന്നേ ലച്ചമി ആ കാശുമായി ഓടിപോയി....
കുറച്ചു നേരം കഴിഞ്ഞു അവൾ ടിക്കറ്റുമായി വന്നു...
ബാക്കി അൻപതു രൂപ എന്റെ നേരെ നീട്ടി... ഞാൻ ചിരിച്ചു
"വച്ചോ മിഠായി മേടിക്കാം".. അതുകേട്ടു ശോഭന ആ പൈസ തട്ടിപ്പറിച്ചു ബ്ലൗസിൽ തിരുകി...
"ഇവളുടെ പേര് എന്നാ "..ഞാൻ ഒരു ചെറിയ ചിരിപോലും ഇല്ലാതെ നിൽക്കുന്ന ആ പതിനൊന്നു വയസ്സുകാരിയെ നോക്കി...
"സീത... ഞങ്ങടെ അയൽവാസിയാ..."ശോഭന അവളുടെ തലയിൽ തലോടി....
ഇത്രയും ചെറു പ്രായത്തിൽ അവളിൽ ഞാൻ ഒരു സ്ത്രീയെ കണ്ടു.... അങ്ങനെ തോന്നിയതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നി....
ആകാശയൂഞ്ഞാൽ നിലം തൊട്ടിരിക്കുന്നു... അടുത്തതായി കേറാനുള്ളവർ തിരക്കു കൂട്ടി...
കതിർ സീതയുടെ കൈ വിട്ടു എന്റെ വിരലിൽ പിടിച്ചു... അവളുടെ നാണം മാറിയിട്ടില്ല ഇതുവരെ...
പെട്ടെന്നാണ് ഒരു കഴുത്തിൽ ചുവന്ന ചരട് കെട്ടിയ മനുഷ്യൻ എവിടെന്നോ വന്നത്... ആ ചുവന്ന ചരട് കെട്ടിയ അയാൾ അലറി വരുന്ന ഒരു കോലത്തെ പോലിരിന്നു... അയാൾ അടുത്തു വന്നു ശോഭനയെ നോക്കി ചിരിച്ചു... ആ ചിരിയിൽ അയാളുടെ ഇരുണ്ടമുഖത്തു മഞ്ഞ നിറം വ്യാപിച്ചു...
.. "കണ്ണേ... " അയാൾ അതു പറഞ്ഞു സീതയെ ചേർത്തു പിടിച്ചു... അച്ഛനാവണം... ഞാൻ അയാളെ നോക്കി ഒരു പുഞ്ചിരി വരുത്തി...
"ഇതു സീതയുടെ കെട്ടിയോൻ... പുതു ജോഡികളാണ്... ആദ്യത്തെ ഉത്സവം "."...ശോഭന അതു പറഞ്ഞു ചിരിച്ചു....
അതു കേട്ട് അവിടെ മച്ചിന്റെ മുകളിൽ കോലത്തെ പേടിച്ചു ഒളിച്ചിരിക്കുന്ന കുട്ടിയുടെ കണ്ണുകൾ എന്നെ വീണ്ടും തേടിവന്നു....
അലറിക്കൊണ്ട് മുറ്റം മുഴുവൻ ഓടി നടന്നു അലറുന്ന കോലം... ചെവി അടച്ചു പിടിച്ചു കണ്ണ് അടച്ചു പിടിച്ചു... ഹോ.... ആ തണുപ്പിലും ഞാൻ വിയർത്തു....
"എന്താ കൊച്ചേ .. എന്താ... "ശോഭന വെപ്രാളപ്പെട്ട് കൈപിടിച്ചു... എനിക്ക് അറപ്പു തോന്നി...
"ദേ അവർ ഊഞ്ഞാലിൽ കേറാൻ തുടങ്ങുന്നു... ചെല്ല് കുഞ്ഞേ "....ശോഭന വീണ്ടും പറഞ്ഞു...
അവിടെ ആ ചുവന്ന ചരടിൽ അയാൾ സീതയുടെ പിറകു വശം തലോടി ആസ്വദിച്ചു നീങ്ങുന്നു... ....
ഞാൻ വീണ്ടും ... കണ്ണുകൾ ഇറുക്കിയടച്ചു... നിറമുള്ള കാവടികൾ നീങ്ങി തുടങ്ങി.... ആകാശയൂഞ്ഞാൽ സീതയെയും കൊണ്ടു കറങ്ങാനും....
Written By Chithra

വെളുത്ത കടലാസുപൂക്കൾ (കഥ)

Best Of Nallezhuth - No 19
മൂന്നാം നിലയിലെ ആ റൂമിന്റെ ജനാലയിൽക്കൂടി നോക്കിയാൽ കാണുന്നത് താഴത്തെ പാർക്കിംഗ് ഗ്രൗണ്ടാണ്‌.
ആ നരച്ച പകലിൽ, അവിടെ പെയ്തു തുടങ്ങിയ ചാറ്റൽ മഴയുടെ നനവിലൂടെ അവൾ താഴേക്ക് നോക്കി. ബോഗൻ വില്ലകൾ പടർത്തി ഭംഗിയാക്കിയ പാർക്കിംഗ് ഗ്രൗണ്ട് തന്റെ കണ്വാശ്രമമായും, അവിടെ വിരിഞ്ഞു നിന്ന വെളുത്ത കടലാസ് പൂക്കൾ കൊണ്ട്, തോഴിമാരായ അനസൂയയും പ്രിയംവദയും തന്നെ ആരും കൊതിക്കും വിധം അണിയിച്ചൊരുക്കുന്നതായും അവൾക്ക് തോന്നി.
ആ പൂക്കളെല്ലാം ഒരുമിച്ച് വിരിഞ്ഞ് അവിടമാകെ ഒരു വസന്തം വിടർന്ന സുന്ദര നിമിഷത്തിലാണ് അവളുടെ സമ്മതം പോലും ചോദിക്കാതെ അയാളങ്ങോട്ടെത്തിയത്.
തോഴിമാർ നിൽക്കുന്നതിന്റെ ജാള്യതയും അവിചാരിതമായി അയാളെ കണ്ടതിന്റെ അത്ഭുതവും കൊണ്ട് അവളാകെ പകച്ചുപോയിരുന്നു. ഏറെ നാളായി കാണാനാഗ്രഹിച്ച ആ മുഖത്ത്, അവൾക്കു മാത്രം തിരിച്ചറിയാവുന്ന ചില ചുവരെഴുത്തുകൾ കാലം നടത്തിയിരുന്നു. കവിളിലുരസിയിരുന്ന കട്ടി മീശയിൽ അവിടവിടെ നരകൾ...! തുടുത്ത കവിളുകളിൽ വരകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു...! പക്ഷെ ആ കണ്ണുകൾ... ഹൃദയത്തിൽ കുളിർമഴ പെയ്യിക്കുന്ന ആ നോട്ടം! ഉള്ളിലേക്ക് നീളുന്ന, അറ്റത്ത് ഹൃദയം കൊരുത്തു കൊണ്ടുപോകുന്ന ആ നോട്ടം.. അതിനു മാത്രം മാറ്റമൊന്നുമില്ല...!
ദുർബലമായ എതിർപ്പുകളെയും പറയാനാഞ്ഞ പരിഭവങ്ങളെയും ഒരു പുഞ്ചിരി കൊണ്ട് തട്ടിമാറ്റി അയാൾ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. ചേർന്നുനിന്ന നെഞ്ചുകൾക്കിടയിൽ മിടിപ്പുകൾ നേർത്തു നേർത്തു വന്നു..
''സത്യത്തിൽ നീയെന്നെ പണ്ടത്തെപ്പോലെ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടോ...രാജീ?''
രാജലക്ഷ്മിയുടെ വെളുത്തു നീണ്ട വിരലുകളിൽ വിരൽ കൊരുത്ത് അയാൾ മെല്ലെ ഒന്നു വലിച്ചു. പെട്ടെന്ന് വീശിയടിച്ച കാറ്റിൽ, കടലാസ് ചെടിയിൽ നിന്ന് അപ്പോഴടർന്നു വീണ വെളുത്ത പൂക്കൾ നിലം തൊടും മുമ്പ് കൊത്തിയെടുത്ത് ഒരു വെള്ളരിപ്രാവ് അവരെ നോക്കി കുറുകി.
''ഇഷ്ടം! അതും ഇനി ഈ നാൽപ്പതാം വയസ്സിൽ..." അവൾക്ക് ഒന്നു ചിരിക്കാൻ തോന്നി. "ഇഷ്ടം എന്ന വാക്കിന് എന്തെങ്കിലും വിലയുണ്ടോ? ഉണ്ടായിരുന്നിരിക്കാം ഒരുകാലത്ത്... എങ്കിലും ഒന്നുണ്ട്... എന്റെ മനസ്സിൽ എവിടെയൊക്കെയോ ഏട്ടൻ ഉണ്ടായിരുന്നു എപ്പോഴും...! ഇന്നും... എന്നും... ഇനിയിപ്പൊ ഞാനങ്ങു മരിച്ചു പോയാൽ...''
ഒന്നു ഞെട്ടി അയാൾ അവളുടെ വായ് പൊത്തിയെങ്കിലും ആ കൈ പിടിച്ചു മാറ്റി അവൾ ദൃഢമായി പറഞ്ഞു... "അന്നും!".
"ഇത്ര ദൂരത്തു നിന്നും നിന്നെ ഒരു നോക്ക് കാണാൻ എത്തിയിട്ട് ഇങ്ങനെയൊക്കെപ്പറഞ്ഞെന്റെ ചങ്ക് നീറ്റുകയാണോ രാജിമോളേ നീ.'' നെഞ്ചോട് ചേർത്ത് അയാളവളെ ഇറുകെ പുണർന്നു. എവിടെ വച്ചോ നഷ്ടപ്പെട്ടു പോയ തന്റെ മുദ്രമോതിരം തിരിച്ചു പിടിച്ചപോലെ...!
വർഷങ്ങൾക്കു ശേഷം കേട്ട ''രാജിമോളേ" എന്ന സ്നേഹമസൃണമായ വിളിയിലും ആ തലോടലിലും തന്റെ ശരീരമൊന്നാകെ പൂത്തുലഞ്ഞു പോകുന്നതായി തോന്നി രാജലക്ഷ്മിക്ക്.
രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖമുയർത്തി ചോര തുടിക്കുന്ന ആ ചുണ്ടിൽ അയാൾ അമർത്തിയമർത്തി ഉമ്മവച്ചു. അതു കണ്ട് നാണിച്ച വെള്ളരിപ്രാവ് വെളുത്ത കടലാസു പൂക്കൾക്കിടയിലേക്കു മറഞ്ഞു.
''അന്നാ മാഞ്ചോട്ടിൽ വച്ച്..." അവൾ നാണിച്ചു മുഖം കുനിച്ചു കൊണ്ട് തുടർന്നു "അതേ മാങ്ങാച്ചൊന..." കുതറിമാറിക്കൊണ്ടവൾ അയാളുടെ കാതിൽ ഒന്നു കടിച്ചു.
"എത്ര വർഷങ്ങൾ..! കൃത്യമായി പറഞ്ഞാൽ ഇരുപത്തൊന്ന് വർഷം..! ഇപ്പോഴും നിന്റെ കുറുമ്പിന് ഒരു മാറ്റവുമില്ലല്ലോ എന്റെ രാജിപ്പെണ്ണേ.''
''ഇരുപത്തൊന്ന് വർഷത്തെ എന്റെ ദാമ്പത്യം! ഡോ.ബാലചന്ദ്രന്റെ പാതി എന്ന വിശേഷണം! ആവശ്യത്തിനും അനാവശ്യത്തിനും കിട്ടുന്ന പണം! പോഷ് റെസിഡൻഷ്യൽ ഏരിയായിൽ താമസം! വിദേശത്ത് പഠിക്കുന്ന, വല്ലപ്പോഴും മാത്രം വിളിക്കുന്ന ഒറ്റ മോളുടെ സ്നേഹം തരുന്ന സുഖം! എല്ലാവരുടേയും കണ്ണിലെ ഭാഗ്യവതിപ്പട്ടം! ഇതൊക്കെയാണിപ്പൊ എന്റെ കുറുമ്പുകൾ... ഇതൊക്കെ മാത്രം...!''
ആ ഗദ്ഗദങ്ങളെ അയാൾ ചുണ്ടുകൾകൊണ്ട് ഒപ്പിയെടുത്തപ്പോൾ ഒരുവേള അവളുടെ ശ്വാസം വിലങ്ങിയതു പോലെ തോന്നി. അയാളുടെ നെഞ്ചിലെ രോമക്കാടുകളിൽ വിരലോടിച്ചു കിടന്നു കൊണ്ട്, ദീർഘമായൊന്ന് ശ്വാസമെടുത്തു അവൾ.
കണ്ണൊന്നടച്ചു തുറന്നപ്പോൾ മുകളിൽക്കണ്ട അഞ്ചു തിരിയിട്ട വിളക്കിൽ നോക്കി അവൾ പ്രാർത്ഥിച്ചത് ബാലചന്ദ്രനു വേണ്ടിയായിരുന്നു.
''എന്താ രാജീ... നിനക്ക് ശ്വാസം മുട്ടിയോ...?"
"ഇല്ല... ബാലേട്ടനെക്കുറിച്ച് ഓർത്തു പോയി"
മാറിടങ്ങൾക്കിടയിൽ, നീണ്ട ഒരു കടിയായിരുന്നു അയാളുടെ മറുപടി...
''ഇപ്പൊ നീ എന്റെ കാര്യം മാത്രം ഓർത്താ മതി... ഇവിടെ നമ്മൾ രണ്ടും മാത്രം... നമ്മൾ രണ്ടും...!"
''ഇങ്ങനെ നോവിച്ചാൽ ഞാൻ ഇല്ലാണ്ടാകും ഏട്ടാ... പറഞ്ഞേക്കാം."
അവളുടുത്തിരുന്ന പച്ച വസ്ത്രം അനായാസമായി അയാൾ അഴിച്ചുമാറ്റി. അടുത്തേക്കു വന്ന അനസൂയയും പ്രിയംവദയും അതു കണ്ട് നാണിച്ച് മുഖം പൊത്തി അവിടെ നിന്ന് ഓടി മാറി.
''കള്ളൻ... എനിക്ക് നാണം വരുന്നു...!'' രാജലക്ഷ്മി
കണ്ണുകൾ ഇറുക്കിയടച്ചു.
ഓരോ അണുവിലും ചുംബിച്ചുണർത്തി നെഞ്ചോട് നെഞ്ച് ചേർത്ത് അയാളവളുടെ ആഴങ്ങളിലേക്ക് ഒരു പൂമാല കെട്ടും പോലെ കൊരുത്തു കയറിക്കൊണ്ടിരുന്നു. ആ ദേഹത്തെ വെളുത്ത കടലാസു പൂക്കൾ ചുവന്നു തുടുത്തു. നിമിഷങ്ങൾ മിനിട്ടുകളായും മിനിട്ടുകൾ മണിക്കൂറുകളായും മാറ്റിയത് അവരിരുവരും അറിഞ്ഞതേയില്ല.
''ഒന്നു പതുക്കെ... എനിക്ക് നോവുന്നു...!" ഒരു ഭ്രാന്തിയെപ്പോലെ അവൾ പുലമ്പി... വേദന കൊണ്ട് ഇരുവശത്തേക്കും തലയിട്ടടിച്ച ശകുന്തളയെ നോക്കി നിന്ന അനസൂയയും പ്രിയംവദയും മുഖം തിരിച്ച് കൺകോണുകളിൽ ഊറിക്കൂടിയ നനവുകളെ ഇമചിമ്മി അകറ്റി...!
സമയം തേരട്ട പോലെ കടന്നു പോയി...
"രാജീ... എഴുന്നേൽക്ക്! എനിക്ക് പോകാറായി... എന്തുറക്കമാ ഇത്! എന്നെ... വിട്... ദേ ആരെങ്കിലും വരും" ദേഹത്ത് പറ്റിപ്പിടിച്ചിരുന്ന വെളുത്ത കടലാസു പൂക്കൾ തട്ടിക്കളഞ്ഞ് അയാൾ എഴുന്നേറ്റു. ആ കണ്ണുകൾ നിറഞ്ഞിരുന്നു.
"വേണ്ട... വേണ്ട ഈ നെഞ്ചിൽ തല വച്ച് മരിക്കണമെന്നാ എന്റെ ആഗ്രഹം...! ഇനിയെനിക്ക് കണ്ണു തുറക്കണ്ട...! എന്റെ ഏട്ടനെയൊഴികെ ആരേം കാണണ്ട...! ആരേം...!'' അവൾ ഒരാശ്രയത്തിനെന്നവണ്ണം അയാളുടെ കൈകളിൽ മുറുകെ പിടിച്ചു.
''മോളൊന്നാലോചിച്ച് നോക്ക്... ഇനിയെന്നും നമ്മളൊന്നല്ലേ... ആർക്കും വേർപിരിക്കാനാവാതെ ഇങ്ങനെ കെട്ടിപ്പിടിച്ച്.... മരിക്കുവോളം... അല്ലേ?... കണ്ണു തുറക്ക് ! ഇത്രേം വാശി പാടില്ല ഏട്ടന്റെ മോൾക്ക്..." ഒഴുകിത്തുടങ്ങിയ കണ്ണുനീർ അയാൾ തട്ടി മാറ്റി.
അകത്തേക്കു പറന്നു വന്ന വെളളരിപ്രാവ് അനുസരണയോടെ അയാളുടെ കൈയ്യിൽ വന്നിരുന്നു. അതിന്റെ കൊക്കിൽ അപ്പോഴുമുണ്ടായിരുന്നു താഴേക്ക് വീഴാൻ തുടങ്ങിയ വെളുത്ത കടലാസു പൂക്കൾ...!
"രാജീ... കണ്ണു തുറക്ക് പ്ലീസ്... എന്നെയൊന്നു നോക്ക്".
***** ***** ***** ***** ***** ***** *****
പതിവുള്ള പ്രഭാത പൂജകൾക്കും പ്രാർത്ഥനകൾക്കും ശേഷം ഡോ. ജയപ്രസാദ് നേരേ പോയത് ഡോ.ബാലചന്ദ്രന്റെ അടുത്തേക്കാണ്.
''ബാലാ നിനക്കറിയാലോ ഇതിന്റെ കോംപ്ലിക്കേഷൻസ്... ലക്ഷ്മിയുടെ ഇന്നത്തെ അവസ്ഥയും വളരെ ക്രിട്ടിക്കലാണ്... നമ്മുടെ ഭാഗ്യത്തിനാണ് ഇപ്പോ ഇത്രയും മാച്ചിംഗ് ആയ ഒന്ന് കിട്ടിയത്...യു പ്ലീസ് ഡൂ ദ അദർ ഫോർമാലിറ്റീസ്, വീ ആർ ഗോയിംഗ് ടു സ്റ്റാർട്ട് ദ ഓപ്പറേഷൻ.'' ഡോ.ബാലചന്ദ്രന്റെ ചുമലിൽ ഒന്ന് തട്ടി ഡോ.ജയപ്രസാദ് കാർഡിയോ തൊറാസിക്‌ ഓപ്പറേഷൻ തീയറ്ററിലേക്ക് വേഗത്തിൽ നടന്നു.
ആറു മണിക്കൂറുകൾ... നീണ്ട ആറു മണിക്കൂറുകൾ...!
ലോകത്തെ തന്നെ ഏറ്റവും മികച്ച ഹോസ്പിറ്റൽ... ഏറെ കഴിവ് തെളിയിച്ച ഒരു പറ്റം ഡോക്ടർമാർ... എങ്കിലും സർജറി കഴിഞ്ഞ് പുറത്തു വന്നപ്പോൾ ഡോ.ജയപ്രസാദിന്റെ മുഖം വിവർണ്ണമായിരുന്നു.
''ഓപ്പറേഷൻ സക്സസാണ്. ബാലന് പ്രത്യേകിച്ചു പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ! ബട്ട് സംതിംഗ് വെന്റ് റോംഗ്. രാജലക്ഷ്മി ഇതുവരെ പ്രതികരിക്കുന്നില്ല. ഒരുതരം നീണ്ട ഉറക്കം പോലെ!''
തന്റെ കഴിവിൽ സ്വയം അഹങ്കരിച്ചിരുന്ന ഡോ. ബാലചന്ദ്രൻ അന്നാദ്യമായി ദൈവത്തിനു മുന്നിൽ കരഞ്ഞുകൊണ്ട് മുട്ടുകുത്തി... തന്റെ ഭാര്യയ്ക്ക് ഹൃദയം കൊടുത്ത് സ്വർഗ്ഗത്തിലേക്കു പോയ ആ മനുഷ്യനു വേണ്ടിയും ബാലചന്ദ്രൻ ഉള്ളുരുകി പ്രാർത്ഥിച്ചു.
''ലക്ഷ്മീ... കണ്ണു തുറക്ക് പ്ലീസ്... എന്നെയൊന്നു നോക്ക്".
***** ***** ***** ***** ***** ***** ***** *****
നഴ്സുമാർ അറിയിച്ചതിനനുസരിച്ച് ഡോ.ജയപ്രസാദ് പെട്ടെന്ന് ഓടിയെത്തി. തൊട്ടടുത്ത് നിന്ന ബാലചന്ദ്രന്റെ നേർക്ക് ബദ്ധപ്പെട്ട് കണ്ണുകൾ ചിമ്മി ചിമ്മിത്തുറക്കുകയായിരുന്നു രാജലക്ഷ്മിയപ്പോൾ.
''എങ്ങനെയുണ്ടിപ്പൊ...? ലക്ഷ്മി ഞങ്ങളെ കുറച്ച് വിഷമിപ്പിച്ചു...ല്ലേ ബാലാ?" മോണിറ്റർ നോക്കി തൃപ്തി വരുത്തി, പുഞ്ചിരിച്ചുകൊണ്ട് ഡോക്ടർ സിസ്റ്റർമാരേ നോക്കി പറഞ്ഞു...''ഇതിന്റെ ക്രെഡിറ്റ് ഇവർക്കാ... ഈ തോഴിമാർക്ക് !''
ബാലചന്ദ്രനാകട്ടെ മറുപടിയൊന്നും പറയാതെ അവളെത്തന്നെ സാകൂതം നോക്കി നിന്നു. അത്രയ്ക്ക് സുന്ദരിയായി തന്റെ ഭാര്യയെ അയാൾ അന്നുവരെ കണ്ടിരുന്നില്ല...!
"എന്റെയെല്ലാ വിഷമവും ഇപ്പൊ മാറി ഡോക്ടർ'' അവർ ബാലചന്ദ്രനെയും ജയപ്രസാദിനേയും നോക്കി ചിരിച്ചു... സുന്ദരമായ ആ കവിളിലൊരു നുണക്കുഴി മെല്ലെ തെളിഞ്ഞു വന്നു...
മനോഹരമായ ആ ചിരിയിൽ, ''ഏട്ടാ''എന്നുള്ള ആ വിളിയിൽ ബാലചന്ദ്രൻ സ്വയം മറന്ന് നിന്നപ്പോൾ, അവിടെ പതിയെ വീശിയ തണുത്ത കാറ്റിനോടൊപ്പം പറന്നകന്ന വെള്ളരിപ്രാവിന്റെ ചുണ്ടിൽ ആ കടലാസ് പൂക്കൾ ഉണ്ടായിരുന്നില്ല ... ഉതിർന്നു വീഴും മുൻപേ ചുണ്ടിൽ ഒതുക്കിയ വെള്ളപ്പൂക്കൾ ബാക്കിയാക്കിയ മടക്കം... അതായിരുന്നു... അതു മാത്രമായിരുന്നു ബാലചന്ദ്രനുള്ള സമ്മാനം...!
- ഗണേശ് -
16- 4- 2019

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo