Showing posts with label SajnaNishad. Show all posts
Showing posts with label SajnaNishad. Show all posts

ഭ്രാന്ത്

ഭ്രാന്ത്...
രണ്ടര മണിക്കൂർ ആയി ഈ ഇരുപ്പ് തുടങ്ങിയിട്ട്..ഏഴു വർഷം ആയി പുറം ലോകം കണ്ടിട്ട്..ഒരാളോടും മിണ്ടാൻ തോന്നുന്നില്ല..ആരും തന്നെ നോക്കുന്നില്ല എങ്കിലും എല്ലാവരും തുറിച്ചു നോക്കുന്ന പോലെ..ഇനി എന്ത് ചെയ്യും..തിരിച്ചു പോകാൻ വയ്യ..എങ്ങോട്ട് പോണം എന്നും അറിയില്ല.. വീട്ടിലേക്ക് പോകാൻ ഉള്ള വഴി പോലും ഓർമ്മയില്ല.. ഭ്രാന്ത് മാറിയിട്ട് നാല് കൊല്ലം ആയി എന്നൊക്കെ ഡോക്ടർ വെറുതെ പറഞ്ഞതാണെന്നു തോന്നുന്നു..അല്ലെങ്കിൽ നാലര വർഷം മുൻപ് അവസാനമായി കണ്ട ഒരു പെണ്ണിന്റെ വാക്ക് വിശ്വസിച്ചു ഇവിടെ ഇങ്ങനെ കാത്ത് ഇരിക്കുമോ..ശരിക്കും വട്ട് തന്നെ..ഇനിയിപ്പോ മറ്റുള്ള കാര്യങ്ങൾ ഒക്കെ തോന്നിയ പോലെ അവളും തോന്നൽ ആയിരുന്നുവോ..
സുനിൽ ആ വെയിറ്റിങ് ഷെഡിൽ ഇരിപ്പ് തുടങ്ങിയിട്ടും ആലോചന തുടങ്ങിയിട്ടും ഇപ്പൊൾ മൂന്നാല് മണിക്കൂർ കഴിഞ്ഞു..
അവൻ അവളെ കുറിച്ച് തന്നെ ആണ് ആലോചിക്കുന്നത്..നാലര വര്ഷം മുൻപ് നാട്ടിൽ നിന്നും ഏറെ ദൂരെ ഉള്ള മാനസികരോഗ്യകേന്ദ്രത്തിൽ വെച്ചാണ് അവളെ കാണുന്നത്..അതോ തോന്നിയതോ.. സുനിലിനെ അവിടെ രോഗി ആയി പ്രവേശിപ്പിച്ചിട്ടു മൂന്ന് വർഷത്തോളം ആയിരുന്നു..
എല്ലാ മാസവും കേരളത്തിലെ ഒട്ടുമിക്ക നഴ്സിംഗ് കോളേജുകളിൽ നിന്നും സൈക്യാട്രിക് പോസ്റ്റിങ്ങിനായി ഒരുപാട് നഴ്സിംഗ് വിദ്യാർത്ഥികൾ വരുന്ന കൂട്ടത്തിൽ വന്നതായിരുന്നു അവളും..മേബിൾ എന്നായിരുന്നു പേര് പറഞ്ഞത്..ഒക്യൂപ്പേഷണൽ തെറാപ്പി ഹാളിൽ , ( ആശുപത്രിയിലെ രോഗികൾക്ക് വേണ്ടി വിവിധ ഇനം തൊഴിൽ പരിശീലിപ്പിക്കുന്ന സ്ഥലം, ബുക്ക് ബിൻഡിങ്, സോപ്പ് നിർമ്മാണം, പൂക്കൾ, കവർ നിർമ്മാണം, തയ്യൽ അങ്ങിനെ ഒരുപാട് .) വെച്ചാണ് ഒരു സിസ്റ്റർ സുനിൽ, സുനിൽ എന്ന് ഉറക്കെ വിളിച്ചത്.. കവർ ഒട്ടിക്കുന്നതിനിടെ തല ഉയർത്തുമ്പോ വാർഡന്റെ ഒപ്പം അവളും നിൽക്കുന്നു.. "സുനിലെ, നീ അത് അവിടെ വെച്ചിട്ട് ഈ കൊച്ചിന്റെ അടുത്ത് ചെന്നെ, അവൾക്ക് കെയർ സ്റ്റഡി നിന്നെ ആണ് കിട്ടിയെക്കുന്നെ".. ഓരോ മാസവും ഓരോ കോളേജിൽ നിന്നും വന്നിട്ട് ആരെങ്കിലും ഒക്കെ പഠിച്ചിട്ടു പോകുന്നത് ശീലം ആയി ഇപ്പൊ ഓരോ രോഗികൾക്കും..
"ഹലോ, ഞാൻ മേബിൾ.. എനിക്ക് കെയർ സ്റ്റഡി ആയി സുനിലിന്റെ കേസ് ആണ് കിട്ടിയിരിക്കുന്നത്..സുനിലിന്റെ കേസ് എന്താണെന്ന് സുനിലിന് അറിയാമോ..അവൾ ചോദിച്ചു.."
"സൈക്കോസിസ് അല്ലെ..ഇതിപ്പോ കുറെ ആയി നിങ്ങളെ പോലെ ഉള്ളവർ വന്നു പറഞ്ഞു പറഞ്ഞിട്ട് എനിക്ക് ഇപ്പൊ എന്റെ കേസ് മുഴുവൻ അറിയാം.."
'ആഹ, അപ്പൊ എന്റെ ജോലി എളുപ്പം ആയി..എങ്കി സുനിലിന്റെ അസുഖത്തെ കുറിച്ചു സുനിലിന് അറിയാവുന്നത് മുഴുവൻ പറഞ്ഞോളൂ..'
അവൻ ,കോളേജിൽ പഠിക്കുന്ന സമയത്ത് ഉറ്റ ചങ്ങാതിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തതും, അപകടം പറ്റിയതും, ഹെൽമെറ്റ് വെക്കാത്ത കൊണ്ട് തലക്ക് പരുക്ക് പറ്റി ഓപ്പറേഷൻ ചെയ്തതും, ശേഷം കൂട്ടുകാരനോട് സംസാരിക്കുമ്പോ എല്ലാം വീട്ടുകാർ ചീത്ത വിളിച്ചതും, വട്ട് ആണെന്നും പറഞ്ഞു ഇവിടെ കൊണ്ടുവന്നു വിട്ടതും, രണ്ടു വർഷത്തിന് ശേഷം രോഗം സ്വയം തിരിച്ചറിഞ്ഞതും, (സംസാരിച്ചുകൊണ്ടിരുന്ന കൂട്ടുകാരൻ ശരിക്കും അന്നത്തെ അപകടത്തിൽ മരിച്ചു പോയ കൂട്ടുകാരൻ ആയിരുന്നു) എല്ലാം പറഞ്ഞു..
സുനിൽ ഇപ്പൊ ശരിക്കും നോർമൽ ആയില്ലേ, പിന്നെ എന്താ ഡോക്ടർ പൊയ്‌ക്കോളാൻ പറഞ്ഞിട്ടും പോകാത്തത്..മേബിൾ ചോദിച്ചു..
"അതുണ്ടല്ലോ, പേടിച്ചിട്ട, നാട്ടിൽ എല്ലാര്ക്കും അറിയാം എനിക്ക് ഭ്രാന്ത് ആയിരുന്നു എന്ന്..കുറെ നാൾ മുൻപ് അനിയന്റെ കല്യാണത്തിന് പരോളിൽ നാട്ടിൽ പോയാരുന്നു..കുറച്ചു ചങ്ങാതിമാർ ഒഴിച്ചാൽ എല്ലാര്ക്കും പേടിയാ, മിണ്ടാനും കൂടെ ഇരിക്കാനും ഒക്കെ.. ഒരിക്കൽ ഭ്രാന്താശുപത്രിയിൽ കിടന്നാൽ, പിന്നെ അതിനി എത്ര ഡോക്ടർമാർ മാറി എന്ന് പറഞ്ഞാലും ആളുകൾ ഇപ്പോളും അംഗീകരിക്കില്ല..അനിയൻ പോലും വിശ്വസിച്ചില്ല..പിന്നെ അമ്മയുടെയും അച്ഛന്റെയും വാശി കൊണ്ടാണ് അന്ന് പരോൾ എടുത്തു കൊണ്ടുപോയത്..വല്ലാത്ത ഒരു ബുദ്ധിമുട്ട് ആണ് ഭ്രാന്തില്ലാത്തവരുടെ കൂടെ ഒരിക്കൽ ഭ്രാന്ത് ആയവന് ജീവിക്കാൻ..അനിയൻ പോലും ഏട്ടന് വേണ്ടി കാക്കാതെ വിവാഹം കഴിച്ചു..കാരണം എന്താ, ചേട്ടന് ഇനി ഒരു പെണ്ണും കിട്ടൂല എന്ന് അവന് അറിയാം..എനിക്കും.."
"ഇവിടുന്ന് തന്നെ പഠിച്ചു ഞാൻ ഡിഗ്രി കമ്പ്ലീറ്റ് ചെയ്തു..ഇവിടെ ഫാർമിൽ പണി എടുക്കും, പിന്നെ ഈ കവർ ഒക്കെ ഒട്ടിച്ചു വിക്കും, അങ്ങിനെ തരക്കേടില്ലാത്ത ഒരു വരുമാനം എനിക്ക് ഇവിടുന്ന് കിട്ടുന്നുണ്ട്, ഞാൻ മാത്രം അല്ല ഇവിടെ ഒത്തിരി പേര് ഉണ്ട്, അസുഖം മാറിയിട്ടും, പറഞ്ഞു വിടല്ലേ എന്ന് ആഗ്രഹിക്കുന്നവർ..അസുഖം മാറിയില്ലെന്ന് അഭിനയിക്കുന്നവർ..ആരും കൊണ്ടുപോകാത്തവർ..ഇത് വേറെ ലോകം ആണ്.. ഒരിക്കൽ എത്തിയാൽ തിരിച്ചു പോക്ക് സാധിക്കാത്ത,പോയവർ തിരിച്ചു വരരുതെ എന്ന് പുറംലോകത്തുള്ളവർ ആഗ്രഹിക്കുന്ന ലോകം..മനസ്സുകൾ ചങ്ങലയ്ക്ക് ഇട്ടിരിക്കുന്നവരുടെ ലോകം..."
അന്ന് രാത്രി മേബിളിന് ഉറങ്ങാൻ സാധിച്ചില്ല..ഭ്രാന്തന്മാരുടെ അവസ്ഥ ആലോചിച്ചു തനിക്ക് ഭ്രാന്ത് ആകുമോ എന്നവൾ ചിന്തിച്ചു..ടേബിൾ ലാമ്പ് വെളിച്ചത്തിൽ സുനിൽ, 27 വയസ്, സൈക്കോസിസ് എന്ന കേസ് പേപ്പറിൽ നിന്നും മനസ്സിൽ കയറിയത്‌ അവൾ അറിഞ്ഞു..
കൂട്ടുകാരി ഇനി ചീത്ത വിളിക്കാൻ ബാക്കി ഒന്നും ഇല്ല.."നിനക്കെന്താ മേബിൾ ഭ്രാന്ത് ആണോ, നമ്മൾ ഇവിടെ പഠിക്കാൻ വന്നതാ, പ്രണയിക്കാൻ അല്ല, അതും ഒരു ഭ്രാന്തനെ..ഇത് ഞാൻ മിസ്സിനോട് പറയും..ഇന്ന് നിർത്തിക്കോണം ഈ വട്ട്.."
"എടി, ഇതിനെക്കുറിച്ച് പഠിക്കുന്ന, ഈ രോഗം മാറിയതെന്നു മനസ്സിലാക്കാൻ വിവരം ഉള്ള നമ്മൾ പോലും ഇങ്ങനെ ചിന്തിച്ചാൽ മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യം ഉണ്ടോ..നീ എന്ത് പറഞ്ഞാലും ഞാൻ ഇത് സീരിയസ് ആയിട്ടാണ്..എനിക്ക് ചീഫ് ഡോക്ടറെ ഒന്ന് കാണണം..വേണമെങ്കിൽ എനിക്ക് ഒരു കൗൺസിലിങ് കൂടി ആയിക്കോട്ടെ..നീ ഒന്ന് വാടി.. മേബിൾ കൂട്ടുകാരിയെ കൂട്ടി ചീഫിനെ കണ്ടു.."
പിന്തിരിപ്പിക്കാൻ ശ്രമിച്ച ഡോക്ടറോടും അവൾ ഒന്നേ ചോദിച്ചുള്ളൂ, രോഗം മാറി എന്നും ഇനി രോഗം വരാൻ സാധ്യത ഇല്ലെന്നും എന്നേക്കാൾ ഉറപ്പുള്ള ഡോക്ടർ പോലും ഇങ്ങനെ പറഞ്ഞാൽ പിന്നെ ആരെയാണ് കുറ്റം പറയാൻ സാധിക്കുക..
ചീഫ് ഡോക്ടർ പ്രൊഫസർ ഏലിയാസ് അതിശയതോടെയാണ് അവളെ കേട്ടത്..എനിക്ക് കുട്ടിയുടെ ചിന്തകളോട് അഭിമാനം തോന്നുന്നു..പക്ഷെ, വീട്ടുകാർ സമ്മതിക്കുമോ,കുട്ടി ഇന്നും വീട്ടുകാരുടെ ആശ്രയത്തിൽ പഠനം നടത്തുന്ന ഒരാൾ ആണ്..ഇപ്പോൾ സിമ്പതി കൊണ്ട് തോന്നിയ ഈ ആവേശം കുറെ കഴിഞ്ഞാൽ മാറിയേക്കാം..
"ഇല്ല ഡോക്ടർ, ഇരുപത് വയസ് കഴിഞ്ഞ ഒരു പെണ്ണ് ആണ് ഞാൻ, എനിക്ക് ലോകം തിരിച്ചറിയാൻ ഉള്ള കഴിവില്ലേ, എന്റെ ലോകം തീരുമാനിക്കാൻ ഉള്ള അവകാശവും..ഞാൻ പഠിച്ചു ജോലി നേടും..ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ഉള്ള വരുമാനം നേടും..അന്ന് എനിക്ക് സുനിലിന്റെ സമ്മതം അറിഞ്ഞാൽ മതി.."
"അതെ, കുട്ടിയുടെ തീരുമാനം ഇവിടുന്ന് പോയിട്ടും മാറ്റം ഇല്ലെങ്കിൽ എന്നെ അറിയിക്കുക, അത് വരെ എന്റെ ക്ലൈന്റ് ഇതൊന്നും അറിയരുത്..എന്റെ രോഗികൾ പ്രതീക്ഷകൾ ഇല്ലാതെ ജീവിക്കുന്നവർ ആണ്..അവരെ പ്രതീക്ഷ നൽകി കബളിപ്പിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല.."
ഒരു മാസം മുൻപ് ഡോക്ടർ ഏലിയാസ് ആണ് ആ കത്ത് സുനിലിന് നൽകിയത്..അതിൽ മേബിൾ തന്റെ ജോലി ഓസ്‌ട്രേലിയയിൽ ശരി ആയതും രണ്ടുവർഷത്തെ ജോലിക്ക് ശേഷം ലീവിന് വരുന്നതും, ഇന്നും സുനിൽ അവിടെ ഉണ്ടെങ്കിൽ അവൾക്ക് കൂട്ടായി അവനെ വേണമെന്നും , വരുന്ന മാസം അവൾ എത്തുമ്പോൾ സുനിലിനെ ആശുപത്രിക്ക് പുറത്തു വെച്ച് കാണണം എന്നും ഒക്കെ എഴുതിയ കത്ത്..
ഡോക്ടറെ, ഇതും ഡോക്ടർ പറയും പോലെ എന്റെ ഹാലുസിനേഷൻ ആണോ, ഞാൻ ഇങ്ങനെ ഒരാളെ കണ്ടിട്ടുണ്ടോ, ഈ കത്ത് ഉണ്ടോ എന്നൊക്കെ സുനിൽ കുറെ ചോദിച്ചു ഡോക്ടറോട്..
ഒക്കെ സത്യം ആണ് സുനിലേ, ഇനി അല്ലെങ്കിൽ എനിക്കും നിനക്കും ചിലപ്പോൾ ഒരുമിച്ചു തോന്നുന്നതാകും, ആ തോന്നൽ അങ്ങനെ ഇരിക്കട്ടെടാ, എന്നും പറഞ്ഞു ഡോക്ടർ പോയി..കാരണം ഡോക്ടർക്കും ഇങ്ങനെ ഒരു അനുഭവം ആദ്യം ആയിരുന്നു..
ഇന്ന് ആ തോന്നൽ ശരിയാണോ എന്ന് അറിയാൻ ഉള്ള കാത്തിരിപ്പ് ആണ് സുനിൽ..അന്ന് കണ്ടതാണ്..മൂന്നാല് കൊല്ലം ആയി, തനിക്ക് ഇപ്പോൾ മുപ്പതോ മുപ്പത്തി ഒന്നോ , കോളേജിൽ വച്ച് ആഘോഷിച്ച ജന്മദിനമേ ഓർമ്മ ഉളളൂ.. പിന്നീട് ഒക്കെ വെറും തോന്നലുകൾ ആയിരുന്നില്ലേ..
ശരിക്കും ഇപ്പോൾ ആണ് തനിക്ക് ഭ്രാന്തെന്ന് സുനിലിന് തോന്നി..ഒരു ഭ്രാന്തനെ ജീവിതത്തിലേക്ക് ഒരു പെണ്ണ് ക്ഷണിച്ചു എന്നത് വിശ്വസിച്ചു ,ആകെ ഉള്ള ആശ്രയം ആയ ഹോസ്പിറ്റലിൽ നിന്നും പുറത്തു വന്നു മണിക്കൂറുകൾ ആയി കാത്തിരിക്കുന്നു..ഭ്രാന്ത് തന്നെ..
ചിന്തകൾക്കൊടുവിൽ എപ്പോളോ മുന്നിൽ ഒരു ടാക്‌സി വന്നു നിന്നു..അതിനുള്ളിൽ നിന്നും സുനിൽ എന്ന അതെ വിളി, തോന്നിയതാണോ, സുനിൽ വീണ്ടും നോക്കി..അതെ അവൾ തന്നെ..മേബിൾ.. അവൾ അവനെ ഡോർ തുറന്ന് അകത്തേക്ക് ക്ഷണിച്ചു..ഉള്ളിൽ കയറി ഇരുന്നപ്പോൾ അവൾ അവനെ ആലിംഗനം ചെയ്തു..
ഇങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ടോ മേബിൾ, അതോ ഇതും ന്റെ ഭ്രാന്തിന്റെ ഭാഗം ആണോ എന്ന് അവൻ ചോദിച്ചു..അവന്റെ കയ്യിൽ മുറുകെ പിടിച്ച്, ആ തോളിൽ ചാരി അവൾ പറഞ്ഞു.."നിന്റെ രോഗം മാറി എന്ന്, ആദ്യം വിശ്വസിക്കേണ്ടത് നീ ആണ് സുനിൽ..ഇതാണ് ശരിയ്ക്കും ഉള്ള തോന്നൽ..ഈ തോന്നലിൽ നമുക്കങ്ങ് ജീവിക്കാം..പോരെ..."
അവളെ നോക്കി അവൻ പറഞ്ഞു..
"നിനക്ക് ആണ് പെണ്ണെ.. ശരിക്കും ഭ്രാന്ത്.."
(ശുഭം)

Sajna

ഇതും അമ്മ.

ഇതും അമ്മ..
ആളെ മനസ്സിലായോ, ഈ ഫേസ്‌ബുക്കിൽ ഒക്കെ കഥയും ലേഖനങ്ങളും ഒക്കെ എഴുതുന്ന വല്യ എഴുത്തുകാരിയ.. പ്രമീള വിശ്വനാഥൻ..
പുതുതായി വന്ന ജയിൽപ്പുള്ളിയെ ജയിൽ വാർഡൻ സഹപ്രവർത്തകയ്ക്ക് പരിചയപ്പെടുത്തി..
ആഹാ, കൊള്ളാലോ, ഇതാണോ ആ മറ്റേ കേസ്..
ആ ഇത് തന്നെ...സ്വന്തം മകനെ ക്രിക്കറ്റ് ബാറ്റിന് തലയ്ക്ക് അടിച്ചു കൊന്നു..കേസ് വാദിക്കാൻ ഒന്നും ആരും ഉണ്ടായില്ല..കെട്ടിയോൻ പോലും തിരിഞ്ഞു നോക്കിയില്ല..ഏതായാലും ജീവപര്യന്തം കിട്ടി..
എന്നാലും സാറെ, ഇങ്ങനെയും സ്ത്രീകളോ, ഇവരുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഒക്കെ ഒന്ന് നോക്കിക്കേ, എന്തോരം നല്ല നല്ല കാര്യങ്ങളാ എഴുതി വെച്ചേക്കുന്നെ..ആ ചെക്കന്റെ കൂടെ നിക്കുന്ന ഫോട്ടോ നോക്കിക്കേ..എന്റെ കൈത്താങ്ങ് എന്നും പറഞ്ഞൊരു വരിയും..പത്താറായിരം ലൈക് ഒക്കെ ഉണ്ട്..മൊബൈലിൽ പ്രമീളയുടെ ഫേസ്ബുക് ടൈംലൈൻ എടുത്തു വാർഡൻ നോക്കി..
നല്ല ഉശിരുള്ള സുന്ദരൻ ആൺകുട്ടി..ഇവർ എന്തിനീ കടുംകൈ ചെയ്തു പോലും..
ആർക്കറിയാം...പുള്ളിക്കാരിയുടെ അവിഹിതം ചോദ്യം ചെയ്തതിന്റെ കലി ആണെന്ന് ഒക്കെ പറഞ്ഞ വക്കീൽ വാദിച്ചത്..അല്ലെങ്കിലും ഈ ഫേസ്‌ബുക്കിൽ എഴുതുന്ന പെണ്ണുങ്ങൾ ഒക്കെ കണക്ക..
ആവോ..ഇവരുടെ എഴുത്തുകൾ കണ്ടിട്ട് നല്ല ആദർശം ഉള്ള സ്ത്രീ ആണെന്ന് തോന്നുന്നു..
ഓ , ആദർശം ഒക്കെ എഴുതിപ്പിടിപ്പിക്കാൻ ആർക്കാ പാട്.. അതൊക്കെ ചുമ്മ എഴുത്തുകൾ അല്ലെ...ഏതായാലും പുള്ളിക്കാരി കൊന്നു എന്നല്ലാതെ വേറൊരു വാക്ക് പറഞ്ഞിട്ടില്ല..
പ്രമീള, ജയിൽ മുറിയിൽ ആകെ ആവശ്യപ്പെട്ടത് ഒരു ഡയറിയും പേനയും ആണ്. പുതിയ ഇടം, പുതിയ അനുഭവങ്ങൾ, എഴുതിക്കൂട്ടുവാൻ ഒരുപാട് ഉണ്ട് ഇന്നിപ്പോൾ ജീവിതത്തിൽ..എന്നിട്ടും ജയിലിൽ വന്ന് നാളേറെ ആയിട്ടും ഒരു മഷിക്കുത്തു പോലും ആ ഡയറിയിൽ അവർക്ക് നല്കാൻ സാധിച്ചില്ല..
കണ്മുന്നിൽ നിന്നും മകന്റെ ചോരവാർന്ന മുഖം മായുന്നില്ല..തനിക്ക് എങ്ങനെ സാധിച്ചു തന്റെ പൊന്നു മോനെ, അവൻ ഒന്ന് തുമ്മിയാൽ താൻ തളർന്നു പോകുമായിരുന്നു. ആ അവനെ..
സാമ്പത്തികമായി നല്ല സാഹചര്യം ഉള്ള വീട്ടിലെ, സംസ്കാരസമ്പന്നരായ മാതാ പിതാക്കളുടെ ഏകമകൻ നന്ദൻ...കോളേജിൽ പ്രായത്തിന്റേതായ കുസൃതികൾ ഒക്കെ ആയി അവൻ അടിച്ചു പൊളിക്കുന്നു..മുഖപുസ്തകത്തിലും ബ്ലോഗിലും ആയി തന്റെ എഴുത്തുകൾ ഏറെ ഹിറ്റ് ആയി പോകുന്നു..
അങ്ങനെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുമ്പോൾ ആണ് ഫേസ്ബുക് മെസ്സെഞ്ചറിൽ "ആന്റി, ആന്റിയുടെ നമ്പർ ഒന്ന് തരുമോ, ഞാൻ നന്ദന്റെ കൂടെ പഠിക്കുന്ന കുട്ടി ആണ്.."എന്നൊരു മെസ്സേജ് കാണുന്നത്..ഫേക്കുകൾ ഒരുപാട് ഉള്ളത് കൊണ്ടും മുഖപുസ്തകത്തിലെ കളികൾ ഒരുപാട് നാൾ ആയി അറിയാവുന്ന കൊണ്ടും ആ കുട്ടിയുടെ നമ്പർ വാങ്ങി, അങ്ങോട് വിളിക്കാം എന്ന് പറഞ്ഞു..
വിളിച്ചപ്പോൾ ഒരു പെൺകുട്ടി തന്നെ, അത്യാവശ്യം ആയി തന്നെ കാണണം എന്നവൾ പറഞ്ഞപ്പോൾ , ആശങ്ക തോന്നി, ഇനി മകന്റെ പ്രണയം വല്ലതും ആണോ..പ്രായം അതല്ലേ, അല്ലറ ചില്ലറ കാമുക കളി ഒക്കെ ഉണ്ട് ആൾക്...ഈ പ്രായം അല്ലെ എന്ന് കരുതി വിശ്വേട്ടനും താനും വക വെക്കാറില്ല..ഏതായാലും കക്ഷിയെ ഒന്ന് കണ്ടു കളയാം എന്ന് കരുതി ..
അങ്ങിനെ, നാട്ടിലെ പാർക്കിൽ ആളൊഴിഞ്ഞ ഒരു മൂലയിൽ അവളെ കാത്തിരുന്നു..പ്രമീള ആന്റി അല്ലെ, എന്ന ചോദ്യം കേട്ടാണ് , നോക്കിയത്, ഒരു സാധാരണ പെൺകുട്ടി...അതി സുന്ദരി ഒന്നും അല്ലെങ്കിലും, എന്തോ ആകർഷണം തോന്നുന്ന മുഖം...
"ആന്റിയെ എനിക്ക് ആന്റിയുടെ എഴുത്തുകളിലൂടെ ഒരുപാട് ഇഷ്ടം ആണ്. എനിക്ക് മാത്രം അല്ല, കോളേജിൽ ഒത്തിരി പേര് ഉണ്ട്, ആന്റിയുടെ ഫാൻസ്‌...ആന്റിയുടെ മകൻ ആണ് നന്ദു എന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി..."
ആന്റി ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേൾക്കണം.."ആന്റിയെ പരിചയപ്പെടുത്തി തരാം എന്നും പറഞ്ഞു നന്ദൻ ഒരു ദിവസം എന്നെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു..ആന്റിയുടെ മകൻ ആയത് കൊണ്ട് മാത്രം ഞാൻ അവനെ വിശ്വസിച്ചു കൂടെ പോയി..പക്ഷെ, ".. .
"നിർത്തു കുട്ടി..ഇനി എങ്ങോട്ടാണ് കഥ പോകുന്നത് എന്ന് എനിക്ക് അറിയാം..ഞാനും കുറെ എഴുത്തുന്നതല്ലേ...വെറുതെ എന്റെ നന്ദുവിനെ കുറിച്ച് മോശം പറയാൻ ആണെങ്കിൽ എനിക്ക് അത് കേൾക്കാൻ നേരമില്ല..."
ആ കുട്ടി കെഞ്ചി പറഞ്ഞിട്ടും അവൾക്ക് ചെവി കൊടുക്കാതെ പോന്നു.
ആ ദിവസം പോയതിന്റെ ദേഷ്യത്തിൽ ഇരിക്കുമ്പോൾ ആണ്, അവളുടെ മെസ്സേജ് വീണ്ടും വന്നത്..
നിങ്ങൾ, സ്ത്രീകൾക്ക് വേണ്ടി ഒക്കെ ഒരുപാട് എഴുതുന്ന സ്ത്രീ അല്ലെ, നിങ്ങളുടെ ഹാഷ് ടാഗ്‌ പോസ്റ്റുകൾ ഒക്കെ ഒരുപാട് ഷെയർ ചെയ്ത ആൾ ആണ് ഞാൻ..അല്ലെങ്കിലും സ്വന്തം മകന്റെ കാര്യത്തിൽ എല്ല അമ്മമാരും സെല്ഫിഷ് ആണ്..അതിനി ഗോവിന്ദച്ചാമിയുടെ അമ്മയാണെങ്കിൽ കൂടി..നിങ്ങൾക്ക് കഴിയുമെങ്കിൽ, മകന്റെ മൊബൈലിൽ എന്റെ കുറച്ചു ചിത്രങ്ങളും വീഡിയോയും ഉണ്ട്..അവ ഒന്ന് നശിപ്പിച്ചു തരിക..എഴുതിക്കൂട്ടിയ ആദർശങ്ങളിൽ ഇത്തിരി എങ്കിലും സത്യം ഉണ്ടെങ്കിൽ എന്നെ ഈ വലിയ മാനക്കേടിൽ നിന്നും രക്ഷിക്കുക..തെറ്റ് എന്റെയും കൂടി ആയത് കൊണ്ട്, ഞാൻ കേസിന് ഒന്നും പോകില്ല..അവൻ വിളിച്ചപ്പോൾ ,അതും നിങ്ങളുടെ പേരും പറഞ്ഞു വിളിച്ചപ്പോൾ പോയത് എന്റെ തെറ്റ് ആണല്ലോ..ഇതുപോലെ നിങ്ങളെ സ്നേഹിക്കുന്ന വേറൊരു പെണ്കുട്ടിയ്ക്കും ഇങ്ങനെ ഒരു അബദ്ധം വരാതെ ഒന്ന് മകനെ പറഞ്ഞു മനസ്സിലാക്കുക..
ദേഷ്യം അവളോടോ, തന്നോടോ എന്ന് മനസ്സിലായില്ല.പക്ഷെ അവളെ ബ്ലോക് ചെയ്തു.
രാത്രി ഉറങ്ങുമ്പോൾ മാത്രം നന്ദു താഴെ വെക്കുന്ന ഫോണിന് വേണ്ടി രണ്ടു നാൾ കാത്തിരുന്നു..വിശ്വേട്ടൻ ഓഫീസ് ടൂർ പോയ അന്ന്, നന്ദു ഉറങ്ങിക്കഴിഞ്ഞപ്പോൾ ആ ഫോൺ എടുത്തു..താൻ എന്താണീ ചെയ്യുന്നത്, പെറ്റ് വളർത്തിയ, സ്വന്തം മകനെ ഏതോ ഒരു പെണ്ണ് പറഞ്ഞെന്ന് കരുതി സംശയിക്കുന്നൊ.. മനസ്സും ബുദ്ധിയും കൂടി നടത്തിയ പിടിവലിക്കിടയിൽ എപ്പോളോ, കുറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ 'അമ്മക്കുട്ടി ' എന്നവൻ സ്നേഹത്തോടെ വിളിക്കുന്ന പേരിൽ ഇട്ട പാസ്സ്‌വേർഡ് ഇട്ട് പൂട്ടി വെച്ച മൊബൈൽ ഗാലറി ഓപ്പൺ ചെയ്തു...അമ്മയുടെ പേരിൽ മകൻ സൂക്ഷിച്ച കാഴ്ചകൾ...
ദേവീ!!
, കട്ടിലിൽ കിടക്കുന്ന മകനെ ഒന്നേ നോക്കുവാൻ തനിക്ക് സാധിച്ചുള്ളൂ..അവിടെ പിന്നീട് കാണാൻ കഴിഞ്ഞത് ഒന്നല്ല, ഒരുപാട് പെൺകുട്ടികളുടെ മാനത്തിന് പുല്ല് വില കല്പിക്കാത്ത അവരെ ചതിച്ചു വേട്ടയാടുന്ന ഒരു മൃഗത്തെ ആണ്. ..
സൗമ്യ വധക്കേസിൽ, താൻ ഫേസ്‌ബുക്കിൽ ഇട്ട ഡയലോഗ് അവരുടെ മുന്നിൽ തെളിഞ്ഞു വന്നു.
.".നാട്ടിലെ കുറ്റവാളികളുടെ ഓരോ അമ്മമാരും 'അറിഞ്ഞൊരുരുള' ചോറ് നൽകിയാൽ തീരും ഇവിടുത്തെ കുറ്റകൃത്യങ്ങൾ, കിട്ടും പലർക്കും നീതി" എന്ന്..
അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല..ഒരുപാട് ആലോചിച്ചു..ആ ഫോൺ തല്ലി പൊട്ടിക്കാൻ ആയി എടുത്ത ബാറ്റ് ആയിരുന്നു..പക്ഷെ, ഫോൺ അല്ല, അതിനേക്കാൾ വലിയ കുറ്റകൃത്യങ്ങൾ ചിന്തിച്ചു കൂട്ടുന്ന ഭാവിയിൽ ഇതിലും വലിയ, (ഇനി ഇതിലും വലുത് അവൻ എന്ത് ചെയ്യാൻ), തെറ്റുകൾ ചെയ്തേക്കാവുന്ന ആ മൃഗീയ മനസ്സ് ആണ് ഇല്ലാതെ ആകേണ്ടത് എന്ന് തോന്നി..തല്ലിത്തകർത്ത മൊബൈൽ ക്ളോസറ്റിൽ കളഞ്ഞു.എന്നിട്ടും ,എവിടെ ഒക്കെയോ തന്നെ ആരാധിച്ചിരുന്ന , കുറെ പെൺകുട്ടികളുടെ തെങ്ങേൽ കേൾക്കും പോലെ തോന്നി..ഒരു പെൺകുട്ടിയും ഇനി ഈ മൊബൈൽ ഭയക്കരുത്.. ഇവനെയും..
"സമയം ഒരുപാട് ആയി, എല്ലാവരും കിടന്നെ.". ജയിൽ അഴിയിൽ ലാത്തി അടിച്ചു കൊണ്ട് വാർഡൻ പറഞ്ഞ ശബ്ദം കേട്ട് , പ്രമീള മുഖത്തൊരു പുഞ്ചിരിയോടെ കിടന്നു..
ഇപ്പോൾ ആണ് താൻ ഒരു അമ്മ ആയത്. മകന്റെ തെറ്റുകൾ ഇനി ഒരിക്കലും ആവർത്തിക്കാത്ത രീതിയിൽ തിരുത്തിയപ്പോൾ...
സജ്‌ന നിഷാദ് .

അയാൾ.......


അയാൾ........
ടൗണിലെ ഏക സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കസ്റ്റമർ റിലേഷൻ ഓഫീസർ ആയി ജോലി കിട്ടിയിട്ട് രണ്ടാഴ്ച്ച ആകുന്നെ ഉള്ളൂ..
വീട് കുറച്ചു ദൂരെ ആയത് കൊണ്ട് ആഴ്ചാവസാനം ആണ് യാത്ര.
പണം അടയ്ക്കാൻ കഴിയാത്ത പാവങ്ങളും, ഏതെങ്കിലും സ്റ്റാഫിന്റെ പരാതിയും ആയി വരുന്ന രോഗിയുടെ ബന്ധുക്കളും ഒക്കെ ആയി ദിവസവും തിരക്കാണ്..
വെള്ളിയാഴ്ച്ച മാനേജരോട് പ്രത്യേകം അനുവാദം വാങ്ങി നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ ആണ് അയാൾ ഓടി കിതച്ചു മുന്നിൽ വന്നു നിന്നത്..പോകാൻ നേരം , യാത്ര വൈകിപ്പിക്കാൻ വന്ന ആളോട് തോന്നിയ എല്ല മുഷിപ്പും വെച്ച് ചോദിച്ചു, എന്താ കാര്യം ?
ചോദിക്കുന്നതിനൊപ്പം, അയാളെ മൊത്തത്തിൽ ഒന്ന് നോക്കി, ലുക്ക് കണ്ടിട്ട് പാവപ്പെട്ട ഏതോ രോഗിയുടെ ബന്ധു തന്നെ, മുഷിഞ്ഞ, വിയർപ്പു പൊടിഞ്ഞ ഷർട്ടും, വെള്ള എന്ന് പറയാം എങ്കിലും പുക പിടിച്ച പോലത്തെ ഒരു മുണ്ടും...
ചേട്ടാ, വേഗം കാര്യം പറ, എനിക്ക് പോണം.. എന്റെ വാക്കിന് മറുപടി ആയി അയാൾ എനിക്ക് രോഹിണി മാഡത്തെ കാണണം എന്ന് പറഞ്ഞു..
രോഹിണിക്ക് പകരം ജോലിക്ക് വന്ന ആൾ ആണ് ഞാൻ, എന്താണ് കാര്യം എന്ന് പറയൂ..ഹോസ്പിറ്റൽ ചാർജ് കേസ് ആണെങ്കിൽ തിങ്കളാഴ്ച്ച ഒരു അപേക്ഷ തരൂ, പരാതി ആണെങ്കിൽ പരാതി പെട്ടിയിൽ ഇട്ടേക്കൂ, ഞാൻ പോട്ടെ..
സാറേ, എനിക്ക് പരാതി ഒന്നും ഇല്ല, സാർ ഈ പൈസ ഇപ്പൊ ഇവിടെ പണം അടയ്ക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ള ആളുടെ പേരിൽ അടച്ചാൽ മതി എന്നും പറഞ്ഞു കുറെ ചുളുങ്ങിയ നോട്ടുകൾ എന്റെ കയ്യിൽ ഏൽപ്പിച്ചു കടന്നു കളഞ്ഞു..
പണം അപ്പോൾ തന്നെ തീരെ നിവൃത്തി ഇല്ലാതെ പണം അടക്കാൻ കാലാവധി ചോദിച്ച ഒരു രോഗിയുടെ പേരിൽ അടച്ചിട്ടു ഞാൻ വീട്ടിലേക്കുള്ള ബസ് പിടിച്ചു..
ഇന്നിപ്പോൾ എട്ട് മാസം ആയി ഇവിടെ ജോലിക്ക് കയറിയിട്ട്, എല്ലാ ആഴ്ചയും അയാൾ മുടങ്ങാതെ പണവും ആയി വരും..വേഷത്തിന് വലിയ മാറ്റം ഒന്നും ഇല്ല..ചിലപ്പോൾ ആയിരങ്ങൾ, ചിലപ്പോൾ പതിനായിരം, ചിലപ്പോ നൂറുകൾ ആയി അയാൾ മിക്കപ്പോഴും ഓടി അണച്ച് വന്നു പണം ഏൽപ്പിച്ചു പോകും..ആ പണം കൊണ്ട്, കുറെ പാവങ്ങളുടെ ചികിത്സ മുടങ്ങാതെ നടക്കുകയും ചെയ്തു..
പേര് ചോദിച്ചാൽ പറയില്ല, ഹോസ്പിറ്റലിൽ ആർക്കും അയാളെ അറിയില്ല..
വല്ലാത്ത കൗതുകം തോന്നി , ഈ മനുഷ്യനെ കുറിച്ച് അന്വേഷിക്കാൻ ഇറങ്ങി തിരിച്ചു.. ആദ്യം രോഹിണി മാഡത്തെ വിളിച്ചു ചോദിച്ചു...അവർക്കും ഇയാൾ കൊണ്ട് വരുന്ന പണത്തെ കുറിച്ചല്ലാതെ മറ്റൊന്നും അറിയില്ല..
കാത്തിരുന്ന ഒരു വെള്ളിയാഴ്ച്ച അയാൾ വീണ്ടും എത്തി..ഇത്തവണ എന്നത്തേതിലും കൂടുതൽ പണം ഉണ്ടായിരുന്നു കൈവശം... എന്തെങ്കിലും ചോദിക്കും മുൻപേ അയാൾ ഓടി ആൾക്കൂട്ടത്തിൽ മറഞ്ഞു.. എങ്കിലും അയാൾ ന്റെ കണ്ണിൽ നിന്നും മായും മുൻപേ ,ഞാൻ അയാളുടെ പിന്നാലെ വെച്ച് പിടിച്ചു..
കുറെ നേരം ആയി നടക്കുന്നു ആളുടെ പിന്നാലെ..തിരക്കേറിയ ടൗൺ ഭാഗം ഒക്കെ കഴിഞ്ഞു ഇപ്പൊ പഴയ കുറെ കെട്ടിടങ്ങൾ നിറഞ്ഞ ഭാഗത്തെ ഇടിഞ്ഞു പൊളിഞ്ഞ ഒരു ലോഡ്ജിലേക്ക് അയാൾ കയറിപ്പോയി.. അവിടെ കണ്ട ഒന്ന് രണ്ടു പേരോട് ഇയാളെ അറിയുമോ എന്ന് ചോദിച്ചുവെങ്കിലും നിരാശ തന്നെ മറുപടി..
ആകാംക്ഷ അടക്കാൻ കഴിയാത്ത കൊണ്ട്, ലോഡ്ജിലേക്ക് കയറി ചെന്നു..ലോഡ്ജിലെ റിസപ്‌ഷൻ, അങ്ങനെ ഒന്നും പറയാൻ ഇല്ല ,ഒരു മേശയും പഴയൊരു ഇരുമ്പ് കസേരയും, അതിനേക്കാൾ പഴയ ഒരു മനുഷ്യനും ഉണ്ടവിടെ..
ഇപ്പോൾ മുകളിലേക്ക് കയറിപ്പോയില്ലേ, അയാളുടെ പേരെന്താ, ആൾക്കെന്താ ജോലി, വീട് എവിടെയാ, അയാളുടെ അഡ്രസ് ഉണ്ടോ ഇവിടെ, എന്നുള്ള എന്റെ നിർത്താതെ ഉള്ള ചോദ്യത്തിന് അയാൾ ഈ ചോദ്യങ്ങൾ സ്ഥിരം കേട്ട് പഴകിയ പോലെ ഒരു പത്രത്തിന്റെ മുറിച്ച ഭാഗം എടുത്തു തന്നിട്ട് , പഴയ ഭാവം തുടർന്നു...
അതിൽ ഒരു നാല് വയസ്സുകാരി പെൺകുട്ടിയും കൂടെ ആ കുട്ടിയുടെ അമ്മയും ഇയാളും അടങ്ങുന്ന ചിത്രം..വാർത്തയിൽ പണം അടയ്ക്കാൻ ഇല്ലാതെ ഹാർട്ട് ഓപ്പറേഷൻ വൈകിയതിനാൽമരണമടഞ്ഞ പിഞ്ചുബാലികയുടെയും അധ്യാപക കുടുംബത്തിന്റെയും നോവുണർത്തുന്ന കഥ..
ഇത്രേ എനിക്ക് അറിയൂ സാറെ, കൃത്യമായി വാടക തരും, ഉച്ചവരെ എവിടെയോ ട്യൂഷൻ എടുക്കുന്നുണ്ട്, വൈകുന്നേരം ഇതുപോലെ വരും , രാത്രി മിക്കവാറും ഉണ്ടാകില്ല
ശ്ശെടാ, ഇത് കൊള്ളാലോ..സ്വന്തം ജീവിതത്തിൽ സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതെ ഇരിക്കാൻ കഷ്ടപ്പെടുന്ന ആ പാവം മനുഷ്യനോട് എന്തെന്നില്ലാത്ത ബഹുമാനവും ആയി അയാൾ തിരിച്ചിറങ്ങും മുൻപ് ഞാൻ അവിടെ നിന്നും പോന്നു...
അന്നെന്തോ കിടന്നിട്ട് ഉറക്കം വന്നില്ല.. എത്രയോ പേർ ഓരോ ദിവസവും കരഞ്ഞും കാലു പിടിച്ചും തന്റെ മുന്നിൽ വരുന്നു... ഒരിക്കൽ പോലും പ്രൊഫഷണലി അല്ലാതെ ഒരു മനുഷ്യൻ ആയി അവരെ കണ്ടിട്ടില്ല..അപേക്ഷ വാങ്ങിക്കും, ആരെങ്കിലും ഒക്കെ ചാരിറ്റി ആയി നൽകുന്ന തുക അതിൽ ഏറ്റവും അർഹരായവർക്ക് നൽകും,..ഒരിക്കൽ പോലും ഫീസ് ഇല്ലാത്ത , കുറഞ്ഞ നഷ്ടം ഹോസ്പിറ്റലില് താൻ വരുത്തിയില്ല...സ്ഥാപനത്തോട് ആത്മാർത്ഥത കൂടിയപ്പോൾ എവിടെ ഒക്കെയോ സമൂഹത്തോടുള്ള ആത്മാർത്ഥത കുറഞ്ഞു തനിക്ക്.. ഇല്ലെങ്കിൽ ഒരു തവണ എങ്കിലും , തന്റെ കൈയിൽ നിന്നും ഒരു രൂപ എങ്കിലും ഒരു രോഗിക്ക് താൻ നല്കില്ലായിരുന്നോ..
അടുത്ത തവണ അയാളെ കാണുമ്പൊൾ ഒന്ന് ആശ്ലേഷിക്കണം എന്ന തീരുമാനത്തിൽ ഓരോ ദിവസവും അയാളെ കാത്തിരുന്നു..
എന്നാൽ ഇത്തവണ അയാൾ വന്നില്ല..പകരം വീട്ടിലെ അഡ്ഡ്രസ്സിൽ ആരോ ഒരാൾ വന്നിട്ട് ഒരു തുണി സഞ്ചി നിറയെ ചുളുങ്ങിക്കൂടിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും ഒക്കെ നോട്ടുകൾ അമ്മയെ ഏൽപ്പിച്ചു കൂടെ ഒരു കുറിപ്പും..' എന്നത്തേയും പോലെ ഏറ്റവും അർഹരായവർക്ക് നൽകുക'..ഭയന്ന അമ്മ കാര്യം അറിയാൻ വിളിച്ചത് കൊണ്ട് വേഗം വീട്ടിലേക്ക് പോയി.. ഇത്തവണ പതിവിൽ നിന്നും അധികം പണം ഉണ്ടായിരുന്നു...അയാൾ തന്നെ ആകും എന്നതിന് സംശയം ഇല്ല...എന്നത്തേയും പോലെ, അയാളുടെ വേഷം പോലെ ചുളുങ്ങിയ നോട്ടുകൾ, നിവർത്തി എണ്ണി നോക്കി, രണ്ടു ലക്ഷം രൂപ..
മനസ്സിൽ നിറഞ്ഞ വലിയ സംശയം, ഉള്ളിൽ ഉണർന്ന ഒരാളെ സഹായിക്കുക എന്ന നന്മയിൽ മറഞ്ഞു പോയി.. ഇത്തവണ ആ തുക രണ്ടുമൂന്ന് പേർക്ക് ഉപകാരം ആയി..
എങ്കിലും അയാൾ എവിടെ... ജോലിത്തിരക്കിനടയിൽ എപ്പോളോ മുന്നിൽ കിടന്ന പത്രം മറിച്ചപ്പോൾ ഉള്ളിലെ പേജിൽ വര്ഷങ്ങളായി പല നാട്ടിലെ ആരാധനാലയങ്ങളിലെ ഭണ്ഡാരക്കുറ്റി പൊളിച്ചു മോഷണം നടത്തിയ മുൻ അധ്യാപകൻ പിടിയിൽ എന്ന വാർത്ത.. ആ പത്രത്തിന്റെ അടിയിൽ അപ്പോളും അയാൾ ഏൽപ്പിച്ച ചുളുങ്ങിയ നോട്ടിൽ ബാക്കി കുറച്ചു കൂടി ഏതോ പാവം രോഗിയെ കാത്ത് ഇരിപ്പുണ്ടായിരുന്നു...
സജ്‌ന നിഷാദ്

കുമ്പസാരം...

കുമ്പസാരം...
"ബാക്കി പതിനഞ്ചു രൂപയും കൊണ്ട് നീ വീട്ടിലേക്ക് വന്നാ മതി.."
ബാപ്പച്ചിയുടെ കനത്ത വാക്കുകൾ അന്ന് ക്ലാസ്സിൽ ഇരിക്കുമ്പോഴും അവളുടെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു..എന്ത് ചെയ്യും..ആരോട് ചോദിക്കും..ആ മൂന്നാം ക്ലാസ്സുകാരിയുടെ മനസ്സ് എവിടെ ഒക്കെയോ പോയി നോക്കി..ടീച്ചറോട് ചോദിച്ചാലോ..വേണ്ട ടീച്ചറും അടിക്കും..അത്ര വലിയ തെറ്റ് ആണോ താൻ ചെയ്തത് എന്നു പോലും അവൾക്ക് അറിയില്ല..
സ്കൂളിൽ നിന്നും എറണാകുളം കൊച്ചി ടൂർ പോകണ്ടാരുന്നു..എന്നാ ഇങ്ങനെ വരൂല്ലാരുന്നു..ടൂർ ഫീസ് 125 രൂപ ആരുന്നു..അമ്മായിയുടെ മോൾ വാവയും പോകുന്നുണ്ട്, എനിക്കും പോണം എന്നു വാശി പിടിച്ചു പൈസ മേടിച്ചു കൊടുത്തു..പോയി വരുകയും ചെയ്തു.. പറഞ്ഞ അത്രേം പൈസ ആയില്ല, എന്നും പറഞ്ഞു ടീച്ചർ എല്ലാര്ക്കും പതിനഞ്ചു രൂപ തിരികെ നൽകി..എവിടെയോ എപ്പോളോ തോന്നിയ കുഞ്ഞു കള്ളത്തരം..പൈസ വീട്ടിൽ കൊടുത്തില്ല..1995_1996 സമയത്ത് പതിനഞ്ചു രൂപ വലിയ തുക ആണെന്നൊന്നും അവൾക്കും അറിയില്ലാരുന്നു..
ഒരാഴ്ച ആരും ഒന്നും അറിഞ്ഞില്ല..കളവ് എന്നാണെങ്കിലും പിടിക്കപ്പെടും എന്നതിന്റെ തെളിവ് ആണ്, ഒരിക്കൽ പോലും ആ ഭാഗത്ത് വരാത്ത അലീമ ടീച്ചർ അന്ന് ബാപ്പച്ചി നടത്തുന്ന ചിപ്സ് കടയിൽ വരാനും, എങ്ങനെയോ ബാക്കി പൈസ കൊടുത്തു വിട്ട കാര്യം പറയാനും..
കുറെ പറഞ്ഞു നോക്കി, ടീച്ചർ എനിക്ക് തന്നില്ല, മറന്നു പോയതാണ് എന്ന കള്ളം വിശ്വസിച്ച പോലെ, ഒരു ദിവസത്തേക്ക് സമയം തന്നിരിക്കുന്നു..ഇന്ന് സ്കൂൾ വിട്ട് ചെല്ലുമ്പോൾ പൈസ കൊണ്ടുചെല്ലണം..
കൂട്ടുകാരോട് പറഞ്ഞു..കുറച്ചു പൈസക്ക് മിട്ടായി അവരും കഴിച്ചു കളവിൽ പങ്കാളികൾ ആണ്..എല്ലാരും കൂടി മിട്ടായി വാങ്ങാനും അച്ചാർ വാങ്ങാനും ഒക്കെ ആയി കൈയിൽ സൂക്ഷിച്ച ഇരുപത്തഞ്ചും, പത്തും ,ചിലർ ഒരു രൂപയും ഒക്കെ തന്നു..പക്ഷെ എന്നിട്ടും അഞ്ചു രൂപ പോലും ആയില്ല.. ഇനി ഇത് വാങ്ങിയാലും, എല്ലാരും കടം ആയിട്ടെ തരൂ..തിരിച്ചു കൊടുക്കാനും വഴി ഇല്ല..ആ വഴിയും അടഞ്ഞു..
അന്ന് ആദ്യമായി സ്കൂൾ വിടല്ലേ എന്ന് അവൾ ദുആ ചെയ്തു...
പക്ഷെ, സ്കൂൾ വിട്ടു..കൂട്ടുകാർ ഒക്കെ പോയി..വീട്ടിൽ പോകാതെ, സ്കൂളിൽ തന്നെ ഇരുന്നാലോ, പക്ഷെ,സ്കൂളിൽ ഉമ്മച്ചിയൊക്കെ തിരക്കി വരില്ലേ, പുറകിലെ പറമ്പിലെ യക്ഷി പാറയിലേക്ക് പോയാലോ..യക്ഷി പിടിച്ചു തിന്നാലോ. ബാപ്പച്ചിയുടെ കയ്യിൽ നിന്നും കിട്ടുന്നത് ഓർത്തപ്പോൾ യക്ഷി പിടിച്ചു തിന്നട്ടെ എന്ന് പോലും അവൾ ഓർത്തു..
പക്ഷെ, എന്നും കൂടെ വരുന്ന കൂട്ടുകാർ കാത്തു നിൽക്കുന്നു..അവർ വിളിച്ചു.. പോകാതെ വയ്യ..പോകുന്ന വഴി തൂറ്റക്കയത്തിൽ പോയി ചാടിയാലോ..മരിച്ചു പോയാൽ പിന്നെ ഉമ്മച്ചിക്ക് വേറെ കുഞ്ഞാവ ഇല്ലല്ലോ..ഉമ്മച്ചി കരയും..അല്ലാഹുവേ ഇനി എന്ത് ചെയ്യും..എന്നും മിട്ടായി വാങ്ങാൻ കേറുന്ന കടയിലെ അപ്പാപ്പനോട് ചോദിച്ചു, പതിനഞ്ചു രൂപ തരാമോ എന്ന്..കൊച്ചു പിള്ളേർക്ക് അത്രേം പൈസ ഒന്നും തരാൻ ഒക്കൂല എന്നും പറഞ്ഞു ,വേഗം വീട്ടിൽ പോകാൻ പറഞ്ഞു..
ഈ അപ്പാപ്പൻ അല്ലെ കഴിഞ്ഞ ദിവസം പതിനഞ്ച് രൂപ എണ്ണി മേടിച്ചത്, അപ്പൊ ഞാൻ കൊച്ചു കുട്ടി അല്ലാരുന്നോ..എന്റെ കയ്യിൽ എവിടുന്ന ഇത്രേം പൈസ എന്ന് പോലും ചോദിച്ചില്ലല്ലോ..ഹും..
ഇനി ഒന്നും ചെയ്യാൻ ഇല്ല..ചങ്കിലും വയറ്റിലും ഒക്കെ വേദന എടുക്കണ പോലെ..വീട് എത്താറായി.. ചിപ്സ് കടയുടെ പുറകിൽ തന്നെ ആണ് താമസം..അത് കൊണ്ട് അടി കിട്ടാൻ ബാപ്പച്ചി രാത്രി വരാൻ വേണ്ടി കാക്കണ്ട..ഇപ്പൊ തന്നെ കിട്ടും..
ആകെ വിയർത്തു കുളിച്ചു അവൾ വീട്ടിൽ ചെന്ന് കയറി..ഇനി ഉമ്മച്ചി മറന്നു പോയെങ്കിലോ എന്ന് കരുതി അവൾ മിണ്ടിയില്ല..ഉമ്മച്ചിയും ഒന്നും ചോദിച്ചില്ല..ചായ കുടിച്ചു..അപ്പോൾ അവൾക്ക് അറിയില്ലാരുന്നു.. അറക്കാൻ പോകും മുന്നേ കിട്ടുന്ന വെള്ളം ആണ് അതെന്ന്..
ചായ കുടിച്ചു കഴിഞ്ഞ ഉടനെ, ബാപ്പച്ചി എത്തി..പൈസ കിട്ടിയോ എന്ന് ചോദിച്ചു..ഇല്ല എന്ന മറുപടിയോടെ ഉമ്മച്ചിയെ ദയനീയതയോടെ നോക്കി.. ഉമ്മച്ചി ഒന്നും മിണ്ടിയില്ല..ഇനി ബാപ്പച്ചി അങ്ങട് ഏറ്റെടുത്തു .. എത്ര അടി കിട്ടി എന്ന് ഓർമ്മ ഇല്ല..പേരകത്തിന്റെ വടി ക്ക് ഇത്ര വേദന ഉണ്ടല്ലേ..പൈസ എന്ത് ചെയ്തു എന്ന ചോദ്യത്തിന് മിട്ടായി വാങ്ങി എന്നുള്ള മറുപടി കരച്ചിലിൽ മുങ്ങി പോകുന്നുണ്ടായിരുന്നു..എത്ര പറഞ്ഞിട്ടും ബാപ്പച്ചിക്ക് വിശ്വാസം വരുന്നില്ല..പതിനഞ്ചു രൂപയ്ക്കും മിട്ടായി വാങ്ങാൻ നിന്നാൽ ആ കട മൊത്തം വാങ്ങാല്ലോ..സത്യം പറയെടി എന്നും പറഞ്ഞു ഉമ്മച്ചിയും ഇടയ്ക്ക് ഒന്ന് തന്നു..
ആ അടി മുഴുവൻ കൊള്ളുമ്പോഴും പകുതിയും, മുക്കാൽ ഭാഗവും പൊട്ടിയ സ്ലേറ്റ് കൊണ്ട് ക്ലാസ്സിൽ വന്നിരുന്ന മൂന്നു കൂട്ടുകാരുടെ കയ്യിലെ പുത്തൻ സ്ലേറ്റും, ചെരുപ്പില്ലാതെ വന്ന ചിഞ്ചുവിന്റെ കാലിലെ വള്ളി ചെരുപ്പും അവളെ നോക്കി പുഞ്ചിരിച്ചു..
അടിയും ബഹളവും കഴിഞ്ഞു രാത്രി ഉമ്മച്ചി കെട്ടിപ്പിടിച്ചു സ്നേഹത്തോടെ വീണ്ടും ആ പൈസ എന്ത് ചെയ്തു എന്ന് ചോദിക്കുമ്പോൾ, അവൾക്ക് പറയാൻ പേടി ആരുന്നു..അവൾ ചെയ്ത വലിയ തെറ്റ് തിരുത്താൻ കൂട്ടുകാരുടെ കയ്യിൽ നിന്നും ആ പുഞ്ചിരി തിരിച്ചെടുക്കുമോ എന്ന്..
പിറ്റേന്ന് ബാപ്പച്ചി മടിയിൽ വിളിച്ചിരുത്തി അടിച്ച സ്ഥലത്തെ തിണർത്ത പാടുകൾ തലോടി പറഞ്ഞു.."കുഞ്ഞോളെ, എന്തിനാ അടിച്ചത് എന്ന് അറിയുവോ..പൈസ എടുത്തിട്ടോ, നുണ പറഞ്ഞിട്ടോ അല്ല.. നീ ചെയ്ത ഒരു തെറ്റ്, അതിനി എത്ര ചെറുതോ, എത്ര വലുതോ ആയിക്കോട്ടെ..അത് വേറെ ഒരാൾ പറഞ്ഞു ഞങ്ങൾ അറിയരുത്..നിന്റെ കാര്യങ്ങൾ ആദ്യം അറിയേണ്ടത് ഞങ്ങൾ ആണ്...അത് നീ പറഞ്ഞും.."

Sajna N

സമത്വം

സമത്വം വേണം...ആർക്ക്..ഞങ്ങൾ സ്ത്രീകൾക്ക്..ആർക്കൊപ്പം ..എന്തിന്..
പുരുഷന്മാർക്കൊപ്പം..വീട്ടിൽ, ജോലിയിൽ, സമൂഹത്തിൽ ആൺപെൺ വ്യത്യാസം ഇല്ലാതെ കഴിയാൻ സമത്വം വേണം..
ഇത് കുറെ ആയി കേൾക്കുന്നു..ഈ സമത്വം ഏതെങ്കിലും കടയിൽ കിട്ടുമോ? അതോ ആരെങ്കിലും ഒളിപ്പിച്ചോ കൈയടക്കിയോ വെച്ചേക്കുവാണോ?
ഞാൻ ഒന്ന് അന്വേഷിച്ചു..സമത്വം എവിടെ പോയി എന്നും ആര് കൊണ്ടുപോയി എന്നും..വീടുകളിലൂടെ, ബാല്യത്തിലൂടെ ഒന്ന് കയറി ഇറങ്ങി..
ജനിച്ചപ്പോൾ ,നോക്കടാ ,പെൺകുഞ്ഞ, നിന്റെ അടിച്ചു പൊളി ഒക്കെ നിർത്തി കുറേക്കൂടി ഉത്തരവാദിത്തം ഒക്കെ ആയിക്കോ..പതിനെട്ട് വര്ഷം കഴിഞ്ഞാൽ കെട്ടിക്കാൻ ഉള്ളതാണെന്ന് അച്ഛനോട് അച്ഛമ്മ പറഞ്ഞത് കേട്ടു.. അനിയൻ ഉണ്ടായപ്പോൾ ആ, ആൺകുട്ടിയ, ഇനി വയസ്സ് ആകുമ്പോ നോക്കാൻ ആളില്ലെന്ന പേടി വേണ്ടെന്ന് പറഞ്ഞതും അച്ഛമ്മ ആണ്..
പെൺകുട്ടി ആണെങ്കിൽ പിങ്ക് ഡ്രസ്സ് വേണമെന്നും ആൺകുട്ടി ആണെങ്കിൽ ബ്ലൂ ഡ്രസ്സ് വേണമെന്നും പാപ്പയോട് മമ്മി പറയുന്നത് മമ്മിയുടെ വയറ്റിൽ കിടന്നാണ് കേട്ടത്..കളിപ്പാട്ടങ്ങൾ ഉണ്ടായിട്ട് വാങ്ങാം, മോൾ ആണെങ്കിൽ പാവകളും മോൻ ആണെങ്കിൽ വണ്ടികളും വാങ്ങാം എന്നും പറഞ്ഞു..
മദ്രസയിൽ പോയപ്പോൾ അടുത്ത വീട്ടിലെ കൂട്ടുകാരന്റെ കൂടെ ഒരു ബെഞ്ചിൽ ഇരുന്നതിന്, ഉസ്താദല്ല, ഉമ്മിയ വഴക്കു പറഞ്ഞത്..
പെൺകുട്ടികളോട് കൂട്ട് കൂടിയാൽ മതിയെന്ന് ഉമ്മച്ചിയും, അമ്മയും ഒക്കെ പറഞ്ഞെന്നു കൂട്ടുകാരും പറഞ്ഞു.
മരത്തിൽ കയറിയത്തിനു അടി കിട്ടിയത് ചിറ്റയുടെ കൈയിൽ നിന്നാണ്..പെൺകുട്ടികൾ അടങ്ങി ഒതുങ്ങി ഇരിക്കണം, ചാടി തുള്ളി നടക്കരുത് എന്ന് പറഞ്ഞത് അമ്മായി ആണ്. .
ബാപ്പച്ചി സൈക്കിൾ വാങ്ങി തരാം എന്ന് പറഞ്ഞപ്പോൾ ആ പൈസക്ക് ഓള്ക്ക് ഒരു തയ്യൽ മെഷീൻ വാങ്ങി കൊടുക്ക്, അതാകുമ്പോ പുരയ്ക്കകത്ത്‌ ഒതുങ്ങി ഇരുന്നോളും എന്ന് പറഞ്ഞത് വല്ലുമ്മ ആണ്..
പത്തു വയസ്സായപ്പോൾ ,ഇനി തൊട്ട് മുറ്റം അടിയും, തുണി അലക്കും ,പാത്രം കഴുകലും ഒക്കെ തന്നെ ചെയ്തു പഠിക്കാൻ പറഞ്ഞ മമ്മി, എന്നേക്കാൾ നാല് വയസ്സ് മൂത്ത ചേട്ടായിയെ കൊണ്ട് ഒന്നും ചെയ്യിക്കുന്നില്ലാരുന്നു..
അടുക്കള പണി ചെയ്തു പഠിക്കാൻ പറഞ്ഞ മുത്തശ്ശി തന്നെ ആണ് പീരിയ്ഡ്സ് ആകുന്ന സമയത്ത് അടുക്കളയിൽ കയറേണ്ട എന്ന് വിലക്കിയത്.
മെറിറ്റ് ലിസ്റ്റിൽ എൻജിനീയറിംഗ് കോളേജിൽ പോകാൻ നേരം ,രണ്ടു കൊല്ലം കഴിഞ്ഞാൽ കെട്ടിച്ചു വിടാൻ ഉള്ളതാ, വല്ല ഡിഗ്രിക്കും വിട്ടാൽ പോരെ എന്ന് ബാപ്പച്ചിയോട് ചോദിച്ചത് ഉമ്മിയാണ്.. സീറ്റിനു പണം നൽകി ഇക്കയെ കോളേജിൽ ചേർക്കാൻ ഉമ്മിയാണ് ബാപ്പച്ചിയെ നിർബന്ധിച്ചതും..
പ്രണയത്തിൽ പെട്ടത്തിനു കോളേജിൽ പോകേണ്ട എന്ന് പറഞ്ഞ അമ്മ, ഏട്ടന്റെ പ്രേമം അറിഞ്ഞപ്പോൾ ആൺകുട്ടികൾ ആയാൽ ഈ പ്രായത്തിൽ അങ്ങിനെ ഒക്കെ ഉണ്ടാകും എന്ന് പറയുന്ന കേട്ടു..
ക്രിക്കറ്റ് ടീമിൽ സെലക്ഷൻ കിട്ടിയപ്പോൾ വിടാത്തത് അമ്മ, കോളേജിൽ ഇലക്ഷനു നില്ക്കാൻ സമ്മതിക്കാത്തത് ഉമ്മച്ചി, റോഡിൽ ശല്യം ചെയ്തവനെതിരെ പരാതി കൊടുക്കാൻ സമ്മതിക്കാത്ത മമ്മി..
പെണ്ണായാൽ അത് പാടില്ല, ഇത് അരുത്, അങ്ങിനെ ചെയ്യരുത്, അരുതുകൾ ഏറെ കേൾക്കണം..വിലക്കുകൾ ഏറെ താണ്ടണം.. പക്ഷെ ,വിലക്കുകളും അരുതുകളും ,അസമത്വവും എല്ലാം എന്നോ ആരിൽ നിന്നോ കൈമാറി വന്നവയാണ്..എന്തിനെന്ന് പോലും അറിയാതെ..കൈമാറുന്നത് ഏറെയും സ്ത്രീകൾ തന്നെ..
ജനിച്ചു വീഴുമ്പോൾ ഇടുന്ന ഡ്രസ്സിൽ തുടങ്ങുന്ന, കളിപ്പാട്ടങ്ങളിലൂടെ വളരുന്ന, വീട്ടുജോലികളിലും കളികളിലും, കലകളിലും , തുടരുന്ന, നമ്മൾ സ്ത്രീകൾ തന്നെ ചൊല്ലി കൊടുത്തു വളർത്തി വലുതാക്കുന്ന അസമത്വം..നമ്മുടെ കാൽകീഴിൽ ഉണ്ടായിരുന്നു, ഉണ്ട് സമത്വം എന്ന രത്നം..കാണുന്നില്ല, കണ്ടിട്ടും കാണാതെ വീണ്ടും പഴയ ചട്ടക്കൂട് എടുത്ത് ധരിക്കുന്നു..അടുത്ത തലമുറയ്ക്ക് നൽകുന്നു..
പതിനെട്ട് വയസ്സുള്ള പുത്രന്റെ അടിവസ്ത്രം അലക്കുന്ന അമ്മമാർ ,പന്ത്രണ്ട് വയസ്സുള്ള മകളുടെ ഒരു വസ്ത്രവും അലക്കുന്നില്ല..അതിനർത്ഥം മകളുടെ അലക്കണം എന്നല്ല, മകന്റെ കഴുകാതെ, അവനെ പഠിപ്പിക്കണം..നമ്മൾ വീട്ടിലെ സ്ത്രീകൾ വളർത്തി എടുക്കുന്ന ഈ പുരുഷ മേധാവിത്വം
ആണ് സമത്വം ഇല്ലാതെ ആക്കിയത്..സ്വന്തം മക്കളെ ആരോഗ്യപരമായി ആൺപെൺ വേർതിരിവ് കാണിക്കാതെ വളർത്തിയാൽ അതാകും അവരോടു ചെയ്യുന്ന നന്മ..സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ ഉള്ള അവകാശം ആണ്മക്കളിൽ നിന്നും തട്ടിയെടുക്കുമ്പോൾ അവരിലും നമ്മൾ സമത്വം നിഷേധിക്കുകയല്ലേ..
ഈ എഴുതിയതിന്‌ അർഥം, പെൺകുട്ടികളെ ആശ്രദ്ധയോടെ വളർത്തണം എന്നല്ല.. കൂട്ടിലടച്ചല്ല സുരക്ഷയും മര്യാദയും പഠിപ്പിക്കേണ്ടത്..പറത്തി വിട്ടിട്ട് അതിരുകൾ കാണിച്ചു കൊടുത്തിട്ട് ആകണം..
SajnaNishad, 

വരൾച്ച


ഏത് പ്രതിസന്ധിയിലും ടെൻഷൻ എന്തെന്ന് അറിയാതെ കൂടെ നിൽക്കുന്ന മനസ്സ് ആയിരുന്നു...കുറച്ചു ദിവസമായി എൻ്റെ കൂടെ നിൽക്കുന്നില്ല......ആ സ്വപ്നം ആണ് എല്ലാത്തിനും കാരണം..സ്വപ്നവും ഞാൻ ചിന്തിച്ചു കൂട്ടിയത്തിന്റെ ബാക്കി ആണ്..
കേരളം വരൾച്ച ബാധിത സംസ്ഥാനം എന്നുടനെ സ്ഥിരീകരിക്കും എന്ന വാർത്ത ,അന്ന് അക്ഷയകേന്ദ്രത്തിൽ പാൻ കാർഡ് എടുക്കാൻ ചെന്നപ്പോൾ ആണ് കാണുന്നത്..ആ വാർത്ത കണ്ടിറങ്ങി നേരെ നോക്കിയത് നല്ല പച്ച നിറത്തിൽ കണ്ണിനു കുളിർമ്മ പകരുന്ന രീതിയിൽ പുല്ലു വളർന്ന ഒരു മൈതാനത്തിലേക്ക്..
അതിന്റെ ഫോട്ടോ ഞാൻ മൊബൈലിൽ എടുത്തു..പെട്ടെന്ന് ആണ് കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്നും ഒരു പ്ലാസ്റ്റിക് കുപ്പി അങ്ങോട്ട് ആരോ എറിഞ്ഞത്..'ബ്ലും 'എന്നൊരു ശബ്ദത്തോടെ അത് വീണപ്പോൾ ആണ് ,മൈതാനം അല്ല ,അതൊരു കുളം ആണെന്ന് എനിക്ക്‌ കത്തിയത്...
നിറയെ വെള്ളം ഉള്ള ഒരു കുളം..പായൽ ആയിരുന്നു ആ പച്ച നിറം..പിന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ പായലിനു ഇടയിലൂടെ വെള്ളത്തിൽ നിറഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ഡിസ്പോസിബിൾ ഗ്ലാസുകളും മറ്റ് മാലിന്യങ്ങളും...ഹും...വരൾച്ച ആണ് പോലും...ഒരു പഞ്ചായത്തിലേക്ക് മുഴുവൻ വെള്ളം എടുക്കാൻ പാകത്തിന് നിറഞ്ഞു കിടക്കുന്ന കുളം ആണ്..വെള്ളം വെള്ളം സർവത്ര ,കുടിക്കാൻ ഒരു തുള്ളി ഇല്ല താനും...എങ്ങിനെ ആണ് നമുക്ക് വെള്ളം കിട്ടുക...ലോകത്തിലെ ഏറ്റവും നല്ല ഭൂപ്രകൃതിയും ,കാലാവസ്ഥയും എല്ലാം ഉള്ള നാട്..പ്രകൃതി നൽകിയ സ്രോതസ്സ് പോലും സംരക്ഷിക്കാൻ കഴിയില്ല നമുക്ക്...ഞാൻ ആ കുളം ഇങ്ങനെ ഉപയോഗ്യശൂന്യം ആയത് എങ്ങിനെ എന്ന് അന്വേഷിച്ചു...അത് പഞ്ചായത്തും ക്ഷേത്രവും തമ്മിൽ ഉള്ള തർക്കത്തിൽ പെട്ടു കിടക്കുവാണെന്ന്..അതുകൊണ്ട് ജനങ്ങൾക്ക് മാലിന്യം തള്ളാൻ ഇടമായി...വല്ലാത്തൊരു വിഷമത്തോടെ ആണ് അന്ന് ആ കാഴ്ച കണ്ടു മടങ്ങിയത്..രാത്രി ഇക്ക വിളിച്ചപ്പോൾ ഇക്കാര്യങ്ങൾ ചർച്ചയും ചെയ്താണ് ഉറങ്ങിയത്...
ഉമ്മി ,ഉമ്മി ,വെള്ളം എന്നുള്ള വിളി കേട്ടാണ് കണ്ണ് തുറന്നത്..ആരെയും കാണുന്നില്ല..ചുറ്റും നോക്കി ,,എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ശരിക്കും പറക്കുകയാണ് ചെയ്തത്..ശരീരത്തിന് ഭാരം ഇല്ലാതെ ,അപ്പൂപ്പൻ താടി പോലെ..ഞാൻ മരിച്ചോ ഇനി...ഒന്നും മനസ്സിലാകാതെ വിളി കേട്ട ദിക്കിലേക്ക് ഞാൻ പറന്നു..
അങ്ങ് ദൂരെ ഒരു നേർത്ത പൊട്ടു പോലെ ആരെയോ കാണുന്നുണ്ട്..ഒരുപാട് ദൂരെ ആണെങ്കിലും അവരെ കാണാം..കാരണം ,ആ പ്രദേശത്ത് ഒന്നും ഇല്ല ,ഒരു പുൽക്കൊടി പോലും..ആരും ഇല്ലാത്ത ഈ സ്ഥലത്ത് ഇവരിതെങ്ങനെ എത്തി..ആകാംക്ഷയോടെ ഞാൻ അവരുടെ അടുത്തേക്ക് കാറ്റിൽ ഒഴുകി ചെന്നു..
നോക്കുമ്പോൾ ഒരു കൊച്ചു കുട്ടിയും അമ്മയും...ആ കുട്ടി ,അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കി കരയുകയാണ്..ഉമ്മി ,വെള്ളം...
ഒരു ഞെട്ടലോടെ ആ അമ്മയുടെ മുഖം ഞാൻ തിരിച്ചറിഞ്ഞു..റബ്ബേ !! ഇതെന്റെ ഖുഷി അല്ലേ ,എൻ്റെ പൊന്ന് മകളും അവളുടെ കുഞ്ഞും..
പൊന്നേ ,കരയല്ലേ എന്നും പറഞ്ഞു അവൾ കുഞ്ഞിന് പാല് കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..എന്നാൽ ഇറ്റു വരുന്ന മുലപ്പാലും ,കണ്ണുനീരും പോലും പുറത്തേക്ക് എത്തുമ്പോൾ തന്നെ ആവി ആയി പോകുന്നു...അത്രയ്ക്ക് ചൂട്..
പൊന്ന് മോളെ ,ഉമ്മി എന്ത് ചെയ്യും..ചോര പോലും ഊറ്റി തരാൻ പറ്റുന്നില്ലല്ലോ..അവൾ കരയുകയാണ്...കണ്ണുനീരില്ലാതെ..
ഇതെന്താ പടച്ചോനെ ,ഞാൻ ഈ കാണുന്നത്..എൻ്റെ മോളെ ,ഞാൻ എങ്ങിനെ വളർത്തിയതാ..അവൾക്ക് ആവശ്യത്തിന് പൊന്നും പണവും ഞങ്ങൾ സമ്പാദിച്ചു കൊടുത്തതല്ലേ ,എല്ലാ ജീവിതസൗകര്യവും ഉണ്ടായിരുന്ന ഇവൾ എങ്ങിനെ ഈ മരുഭൂമിയിൽ എത്തി..
ഞാൻ അവളെ തൊടാൻ നോക്കി ,എനിക്ക്‌ അതിന് സാധിക്കുന്നില്ല..ഉറക്കെ ,തൊണ്ട പൊട്ടും വിധം ഉച്ചത്തിൽ വിളിച്ചു, കേൾക്കുന്നില്ല...
ഇനി എന്ത് ചെയ്യും..എനിക്ക്‌ ഭ്രാന്ത് പിടിച്ചു തുടങ്ങി..ഞാൻ വീണ്ടും പറന്നു ,ഒരുപാട് ദൂരേക്ക് ,ഒരു തുള്ളി വെള്ളം തേടി..എങ്ങും കണ്ടില്ല...ഒത്തിരി ഒത്തിരി അലഞ്ഞു...അവസാനം ഞാൻ വെള്ളം കണ്ടു..വെള്ളം അല്ല ,അഴുക്കും മാലിന്യവും ,മൃതദേഹങ്ങളും കിടന്ന് അഴുകി ദ്രവിച്ച ഒരു ലായനി...ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു..എങ്കിലും ഇത്തിരി എങ്കിലും അത് കൈക്കുമ്പിളിൽ എടുക്കാൻ ഞാൻ ശ്രമിച്ചു...പക്ഷേ എൻ്റെ കൈയിൽ അത് കിട്ടുന്നില്ല...അപ്പോൾ ഞാൻ ശരിക്കും ആത്മാവ് തന്നെ...
ഞാൻ കരഞ്ഞു പടച്ചവനോട് തേടി ,"ഒരിറ്റു ദ്രാവകം എൻ്റെ കുഞ്ഞുങ്ങൾക്ക് ഞാൻ കൊടുത്തോട്ടെ "...പ്രാർത്ഥന കേട്ടു എന്ന് തോന്നുന്നു ,കൈക്കുമ്പിൾ നിറയെ ദ്രാവകവും ആയി ഞാൻ പറക്കാൻ നോക്കി...എനിക്ക് ഇപ്പോൾ പറക്കാൻ സാധിക്കുന്നില്ല...ഞാൻ ഓടി..എത്ര ദൂരം ഓടിയാൽ ആണ് എത്തുക എന്ന് അറിയില്ല...ഒരുപാട് ഓടി ,തളർന്നു..എങ്കിലും ഓടി..
അതാ ,അവർ...അവർ എന്നെയും കണ്ടു..എന്നെ ആർത്തിയോടെ അവർ നോക്കി...പെട്ടെന്ന് ഞാൻ ഒരു കുഴിയിലേക്ക് വീണു.എൻ്റെ കൈയിൽ നിന്നും ആ ദ്രാവകവും.....ടിക് ,ടിക് ടിക് താളത്തിൽ ഇറ്റു വീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദം കേട്ടു ഞാൻ ഞെട്ടി ഉണർന്നു...ചുറ്റും ഇരുട്ടായിരുന്നു..എങ്കിലും ഞാൻ എഴുന്നേറ്റു ,എൻ്റെ കുഞ്ഞുങ്ങൾക്ക് വെള്ളം എവിടുന്നേലും കൊടുക്കണം എന്നൊരൊറ്റ ചിന്തയോടെ...
കാല് എന്തിലോ തട്ടിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്..സീറോ ബൾബിന്റെ വെളിച്ചത്തിൽ എനിക്ക്‌ പതിയെ കാഴ്ചകൾ വ്യക്തമായി...വിയർത്തു കുളിച്ചു കിതച്ചു ഞാൻ നിൽക്കുന്നത് എൻ്റെ റൂമിൽ ആണ്..ഖുഷി ബെഡിൽ ശാന്തമായി ഉറങ്ങുന്നു..യാ ,അല്ലാഹ് ,അതൊരു സ്വപ്നം ആയിരുന്നു...
ഞാൻ പോയി ആർത്തിയോടെ ജെഗിൽ നിന്നും വെള്ളം കുടിച്ചു..രാത്രി രണ്ടുമണി...ബാത്റൂമിലെ പൈപ്പിൽ നിന്നും വെള്ളം തുള്ളി തുള്ളി ആയി ചാടുന്ന ശബ്ദം കേൾക്കാം..ശരിക്കും അടയ്ക്കാത്തത് കൊണ്ടാണ്..ഞാൻ പോയി പൈപ് നന്നായി അടച്ചു..
ഈ സ്വപ്നം ഇപ്പോഴും എന്നെ വേട്ട ആടുന്നു..വെള്ളം അനാവശ്യമായി കളയുന്നവരെ ഇപ്പോൾ എനിക്ക്‌ കൊല്ലാൻ ഉള്ള കലി ആണ്..വീട്ടിൽ പൈപ്പ് ശരിക്കു പൂട്ടാത്തതിനും ,ഓസ് കൊണ്ടു ചെടി നനയ്ക്കുന്നതിനും ,എന്നും കാറു കഴുകുന്നതിനും ഒക്കെ ഞാൻ വഴക്കുണ്ടാക്കി.."നിനക്ക് വട്ടാണ്..മുറ്റത്തു കിണറു നിറച്ചും കൊടും വേനലിലും വറ്റാത്ത വെള്ളം ഉണ്ട്..പിന്നെ നിനക്കിതെന്നാ "എന്നും ചോദിച്ചു വീട്ടുകാർ തിരിച്ചും വഴക്ക്‌..
എനിക്കല്ല ,എൻ്റെ വരും തലമുറയ്ക്ക് വേണ്ടി ആണെന്ന് പറഞ്ഞിട്ട് ആരും കേൾക്കുന്നില്ല...എനിക്ക്‌ സങ്കടവും നിരാശയും തോന്നുന്നു..
എന്തൊക്കെയോ ചെയ്യണം എന്നുണ്ട്..പക്ഷേ ,സ്വന്തം വീട്ടിൽ പോലും എനിക്ക്‌ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല... തത്കാലം ഞാൻ എൻ്റെ 'ഖുഷി മരത്തിനു ' ഇത്തിരി വെള്ളം പകരട്ടെ..
(ഖുഷി മരം ,മകളുടെ ജന്മദിനത്തിൽ അവൾക്കായി നട്ട മരം ആണ് .....)
By
Sajna Nishad

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo