Showing posts with label ArchanaSameepathra. Show all posts
Showing posts with label ArchanaSameepathra. Show all posts

അവൻ വരും



ഭാരം കനക്കുന്ന മനസ്സിൽ നാളെ നിരഞ്ജൻ ഒരു ചാരമാവും..തീർത്തും നിഷ്ഫലമാവാൻ പോവുന്ന അവന്റെ യാത്രയെ ഓർത്ത് എന്തിനു തന്റെ ചിന്തകളിൽ വേലിയേറ്റങ്ങൾ സംഭവിക്കുന്നു .എന്തുകൊണ്ട് ഇത്രേം അങ്കലാപ്പുകൾ സൃഷ്ടിക്കപ്പെടുന്നു ..നയശീലമായ ഒരു വിധിയുടെ ഒടുവിൽ തൂക്കു കയർ വരിക്കാൻ പോവുന്ന നിരഞ്ജനെ ഓർത്ത് മുകുന്ദന്റെ ഹൃദയം എന്തിനു ഇത്രമേൽ ആധി കവിഞ്ഞൊഴുകുന്നു .പാടില്ല , താനൊരു പൊലീസുകാരനാണ് .നീതിയുടെ കാവലാൾ.
ഇനി ഒന്നര ദിനംകൂടി . ശങ്കരൻപോറ്റിയെ കൊന്നവൻ ,അല്ല തിരുത്തണം, അച്ഛനെ കൊന്നവൻ ,അങ്ങനെ വേണം പറയാൻ ..അവൻ മരിക്കുക തന്നെയല്ലേ വേണ്ടത്.. മരിക്കട്ടെ മരിക്കട്ടെ ..അയാൾ ഉരുവിട്ട് കൊണ്ടേയിരുന്നു ..
ഒരു മുറിയുടെ അപ്പുറത്ത് ചോദ്യങ്ങൾ ഉയർന്നു .
“മ്മ് ,പറയിൻ , എന്താണ് നിന്റെ അന്ത്യാഭിലാഷം ,അവസാന ആഗ്രഹം എന്തേലുമുണ്ടെൽ ഇപ്പോൾ പറഞ്ഞോ ?’
ജയിലറയുടെ ഇരുട്ടിനെ ഭേദിച്ച് അവൻ മുന്നോട്ട് വന്നു ..ചോര തുടിക്കുന്ന കണ്ണുകൾ ..ആർക്കും മുഖം കൊടുക്കാത്ത പ്രകൃതക്കാരൻ,മരണത്തിന്റെ കറുത്തനാടകൾ തന്നെ വലിഞ്ഞ് മുറുകിയിരിക്കുന്നത്തിൽ അവനു തെല്ലും ഭയമില്ല..മരണത്തിനോട് അടുക്കുമ്പോൾ ജീവിക്കാൻ കൊതിതോന്നുന്നവരിൽ അവനു സ്ഥാനമില്ല ..അവന്റെ കൈകൾ ഇരുമ്പഴിയിൽ ചേർത്ത് വെച്ചു..കനത്ത ശബ്ദത്തോടെ അവൻ പറഞ്ഞു .
'എനിക്ക് എന്റെ പുസ്തകങ്ങൾ വേണം '
" ഇത് നല്ല തമാശ , പുസ്തകം പഠിച്ച് നാളെ നീ എഴുത്ത് പരീക്ഷയ്ക്ക് പോവല്ല,,നാളെ നീ യമലോകത്തേക്കാണ് പോവുന്നത് "
'എനിക്ക് എന്റെ പുസ്തകങ്ങൾ വേണം ' അവൻ ആവർത്തിച്ചു
' ഓ ശരി..അവസാനത്തെ ആഗ്രഹമല്ലേ..,പറഞ്ഞോ നിനക്കു ഏതു പുസ്തകമാ വേണ്ടത് '
'എന്റെ ഡയറികൾ .ഇല്ലത്തെ പൂജാമുറിയിലുണ്ട് ,അതെനിക്ക് വേണം '
അപ്പുറത്തെ മുറിയിലിരുന്ന് മുകുന്ദൻ ഇത് കേട്ടതും ,ചാടി എഴുനേറ്റു ..
ഡയറിയോ ? അതെ ,അതാണ് എനിക്കും ആവിശ്യം..പണ്ട് ഇല്ലത്തെ ലക്ഷ്മി അമ്മ നിരഞ്ജന്റെ 'അമ്മ , നിരഞ്ജനും തനിക്കും അടുക്കള തിണ്ണയിലിരുത്തി ഒരേ പോലെ പകർന്നു തന്ന പാൽകഞ്ഞിയാണ് ഇപ്പോളും തന്റെ ആരോഗ്യത്തിന്റെ കാരണം ..വീട്ടുവേലക്കാരിയുടെ മകനായിരുന്നു താൻ ,താഴ്ന്ന ജാതിക്കാരൻ ,അകറ്റി നിർത്തിയില്ല ലക്ഷ്മി അമ്മ ...ആ അമ്മയുടെ അതേ ഗുണങ്ങളുള്ള മകന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് തനിക്കും അറിയണം ..ആ ഡയറി തനിക്ക് ആദ്യം കാണണം .
'സർ ,ഞാൻ പോകാം നിരഞ്ജന്റെ ഇല്ലത്തേക്ക് ,ഞാൻ കൊണ്ട് വരാം പുസ്തകങ്ങൾ..'
" ശരി എങ്കിൽ മുകുന്ദൻ ഇപ്പോൾ തന്നെ ഇറങ്ങിക്കോളൂ "
മുകുന്ദൻ ഇരുമ്പഴിക്കുള്ളിലൂടെ അവന്റെ മുഖമൊന്ന് നോക്കി ..ഇല്ല ഭയമില്ല ,അഗ്നിയുടെ നെരിപ്പോടുകൾ കാണുന്നു ആ കണ്ണുകളിൽ ..
അയാൾ തിരിഞ്ഞു നടന്നു ..അറിയാനുള്ള ആകാംഷ മൂലം ജീപ്പിന്റെ ചക്രങ്ങൾ കുതിച്ചു ...ഇല്ലത്തിന്റെ മുന്നിൽ ജീപ്പ് നിർത്തി .കാര്യസ്ഥൻ രാമനുണ്ണിയുടെ കയ്യിൽ നിന്ന് താക്കോൽ വാങ്ങി ഉമ്മറത്തേക്ക് കയറി...കോലായിൽ മാറാല പിടിച്ച ലക്ഷ്മി അമ്മയുടെ ഫോട്ടോ തൂവാലയെടുത്ത് തുടച്ചപ്പോൾ മുകുന്ദന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ..വിശപ്പിന്റെ മുറവിളി കൂടിയ വയറിലേക്ക് ആവിശ്യത്തിലധികം ഭോജനം നൽകിയ 'അമ്മ ,പഠിക്കാൻ പുസ്തകൾ ആദ്യമായി കയ്യിൽ വെച്ച് തന്ന തന്റെ സരസ്വതി ദേവി ..
വാതിൽ തുറന്ന് അകത്തളത്തിലേക്ക് കയറിയപ്പോൾ അയാളുടെ ചെവിയിൽ ലക്ഷ്മിയമ്മയുടെ സരസ്വതി സ്തുതി മുഴങ്ങി കേൾക്കുന്നപോലെ തോന്നി ...,'മുകുന്ദാ നിനക്ക് വിശക്കണുണ്ടോ ?' ആ അമ്മയുടെ ചോദ്യങ്ങൾ ഓർമ്മയിലേക്കോടി എത്തി .
ക്ലാവ് പിടിച്ച കിണ്ടിയും വിളക്കും ഓടിളകി വീണു പൊട്ടിയ കൃഷ്ണവിഗ്രഹവും ക്ഷയിച്ച ആ ഇല്ലത്തിന്റെ അവശിഷ്ടമായി നിലകൊണ്ടു ..രാമായണത്തിന്റെ അടിയിൽ നിന്ന് ഒരു ഡയറി കിട്ടി .മുകുന്ദൻ അതെടുത്ത് ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു ..
നേർത്ത ചാറ്റൽ മഴ .ചിതൽ പൊട്ടിച്ച് ഈയാംപാറ്റകൾ ആകാശത്തേക്കുയർന്നു പൊങ്ങി..ഇടമുറിഞ്ഞു കേൾക്കുന്ന അമ്പലത്തിലെ സോപാനസംഗീതം ..ആ ഡയറിയുടെ ഓരോ താളുകൾ മറിക്കുമ്പോഴും അനശ്വരനായ ഒരു എഴുത്തുകാരന്റെ, നന്മയുള്ള ഒരു മനുഷ്യന്റെ, പല ഭാവങ്ങൾ മനസിലൂടെ കടന്നു പോയി .'അമ്മയുടെ മരണം ഉണ്ടാക്കിയ ആഘാതം ,ഒറ്റപ്പെടൽ , ആദ്യത്തെ ജോലിക്കായി ഡൽഹിയിലേക്ക് പോയതും അവിടുത്തെ അനുഭവങ്ങളും,പ്രൊമോഷനും എല്ലാം ഏറെ വ്യത്യസ്തമായി നിരഞ്ജൻ കുറിച്ച് വെച്ചിരിക്കുന്നു .. ഇടയ്ക്ക് ചിരിക്കാനും ഇടയ്ക്ക് കരയാനും ഇടയ്ക്ക് ചിന്തിപ്പിക്കാൻ കഴിയുന്ന എഴുത്ത്..
ഡയറിയുടെ പേജുകൾ അവസാനിക്കാൻ പോവുന്നു .പക്ഷെ ഇതു വരെ ആ കൊലപാതകത്തെ കുറിച്ച് യാതൊന്നും പ്രതിപാദിച്ചു കണ്ടില്ല .ഏറെ നിരാശയോടെ അവസാനത്തെ പേജിലേക്ക് മുകുന്ദന്റെ കണ്ണുകൾ ഇമവെട്ടി തിരിഞ്ഞു ..
അവസാനത്തെ പേജിൽ മുഴുവൻ ആകാത്ത വരികൾ കണ്ടു ..
ഇല്ല ,മുഴുവനായില്ല .അപ്പോൾ ഇതിന്റെ തുടർച്ചയായുള്ള ഡയറി വേറെ കാണും ...,മുകുന്ദൻ പൂജാമുറിയിലേക്കോടി ..ഇതിന്റെ ബാക്കി എഴുതിയ ഡയറി ഇവിടെ എവിടേലും കാണും ...
പൂജാമുറിയിൽ വീണു കിടക്കുന്ന ഒരു ഓടിൻ കഷ്ണത്തിനടിയിൽ നിന്ന് ചിതൽ പാതി കവർന്നെടുത്ത ഡയറി മുകുന്ദൻ വലിച്ചെടുത്തു .അയാൾ അത് മറച്ചു നോക്കി ..
എഴുത്തുകളുടെ നിറം മങ്ങി എങ്കിലും വായിക്കാൻ കഴിയുന്നുണ്ട്...ആദ്യം വായിച്ച ഡയറിയുടെ ബാക്കി തന്നെയാണ് അതിൽ ..മുകുന്ദന് ആശ്വാസം തോന്നി..ദിനം പ്രതിയുള്ള എഴുത്തുകളല്ല നിരഞ്ജന്റെത്...ഇടയ്ക്കിടയ്ക്ക് ഉള്ള എഴുത്തിൽ എല്ലാം എഴുതും..അധ് കൊണ്ട് തന്നെ വായിക്കാൻ ഒരു രസമുണ്ട് .
അയാൾ വായിക്കാൻ തുടങ്ങി ...
"ജോലി സ്ഥലത്തു നിന്ന് രണ്ടു മാസം കൂടുമ്പോൾ ലീവ് കൂട്ടി വെച്ച് അച്ഛനെ കാണാൻ വരുന്നത് ഒരു ആശ്വാസമാണ് .'അമ്മ മരിച്ചതിൽ പിന്നെ അച്ഛൻ തനിച്ചാണ് ഇല്ലത്ത്..ജോലിക്ക് തെക്കേലെ ശാന്തച്ചേച്ചി വരും .അത്കൊണ്ട് തന്നെ സമയത്തിന് ആഹാരത്തിനു മുട്ടില്ലായിരുന്നു .ശാന്തേച്ചിക്ക് രണ്ടു പെൺകുട്ടികളാണ് ,വേലി കഴിച്ച ആള് കുടിച്ചു കുടിച്ചു മരിച്ചതാ..ഇല്ലത്തെ ജോലി ഉള്ളോണ്ട് അവർക്കു സുഖായി ജീവിക്കാം ..അവരുടെ പെൺകുട്ടികളെ അച്ഛന് ജീവനാ...അവരുടെ പഠിപ്പും ഭക്ഷണവും വസ്ത്രവും എല്ലാം അച്ഛനാണ് നോക്കാറ് ..ഒരാൾ അങ്കണവാടിയിലും ഒരാൾ നാലിലുമാണ് പഠിക്കുന്നത് ..കഴിഞ്ഞ ആഴ്ച 
ഇല്ലത്തേക്ക് പോയപ്പോൾ ശാന്തേച്ചി തൊടിയിലെ കാടൊക്കെ വെട്ടുകയായിരുന്നു ...ശാന്തേച്ചിയുടെ വിശേഷങ്ങളൊക്കെ ചോദിച്ച് വടക്കേ പറമ്പിലെ പേരക്ക മരത്തിൽ നിന്ന് പഴുത്ത ഒരു പേരക്കയും പറിച്ച് ഞാൻ അകത്തേക്ക് കയറി ...അപ്പോളാണ് ഓർത്തത് ശാന്തേച്ചിയുടെ മക്കൾക്ക് കൊണ്ടുവന്ന ഉടുപ്പിനെ പറ്റി , ഉടുപ്പ് ശാന്തേച്ചിക്ക് കൊടുത്തപ്പോൾ ,മോൻ തന്നെ കൊടുത്തോളു.മക്കൾ സാറിന്റെ അടുത്തുണ്ട് എന്ന് പറഞ്ഞു ...ഉടുപ്പുമായി അകത്തേക്ക് കയറി അച്ഛന്റെ മുറിയുടെ വാതിൽ തട്ടിയപ്പോൾ അച്ഛൻ വാതിൽ തുറന്നു ..കുട്ടികൾ കട്ടിലിലിരുന്നു നല്ല കളിയിലായിരുന്നു..എനിക്ക് വളരെ സന്തോഷം തോന്നി. ജാതിയും മതവും ഒരു അതിർവരമ്പുകളുമില്ലാതെ കുഞ്ഞുങ്ങളെ ദൈവ സമമായി കാണുന്ന എന്റെ അച്ഛനെയോർത്ത് , അമ്മയും അങ്ങനെയായിരുന്നു .. അവരുടെ കയ്യിൽ ഉടുപ്പുകൾ സമ്മാനിച്ചപ്പോൾ അവർ നൽകിയ പുഞ്ചിരിയാണ് ഏറ്റവും വല്യ നിധി എന്ന് എനിക്ക് തോന്നി. കുട്ടികൾ ഉള്ള വീട് സ്വർഗ്ഗം തന്നെയാണ് .ആ വീട്ടിൽ അച്ഛൻ ഒറ്റയ്ക്കാണല്ലോ എന്ന സങ്കടം ആ വരവിൽ എനിക്കില്ലാതെയായി കാരണം കുട്ടികളുടെ ചിരിയും കളിയുമൊക്കെയായി അച്ഛൻ ഒരുപാട് മാറിയിരുന്നു , പിന്നീട് രണ്ടു മാസം കൂടുമ്പോൾ ഉള്ള വരവിൽ എല്ലാം അച്ഛന്റെ സന്തോഷവും ഉത്സാഹവും കണ്ടു മടങ്ങുമ്പോൾ മനസ്സിന് ഒരു ആശ്വാസമാണ് ..
പിന്നീടുള്ള കുറെ പേജുകളിൽ കുറെ കവിതകളും ചിത്ര രചനയുമായിരുന്നു ..എല്ലാത്തിലും ഒരു പ്രത്യേകത ഉണ്ടായിരുന്നു ..സകല കലയിലും നിരഞ്ജന് കഴിവുണ്ട്
ജനുവരി 24
-----------------
ഇന്ന് രാവിലെ നാട്ടിൽ എത്തിയപ്പോൾ മുറ്റത്തു നിന്ന് ശാന്തേച്ചിയുടെ വീട്ടിലേക്ക് നോക്കിയപ്പോൾ അവിടെ നിറയെ ആൾക്കൂട്ടം ..അച്ഛൻ ഉമ്മറത്ത് ചാരുകസേരയിൽ ഇരുന്ന് മുറുക്കുന്നു ..അവിടെ എന്താ ആൾക്കൂട്ടമെന്നു കാര്യം തിരക്കിയപ്പോൾ അച്ഛൻ പറഞ്ഞു അവളും കുട്ട്യോളും തീ കൊളുത്തി ആത്മഹത്യ ചെയ്തു ..കാണാൻ ഒന്നൂല്യ എല്ലാം കത്തി നശിച്ചിരിക്കുന്നു ..
ഞെട്ടി ഉമ്മറത്തിണ്ണയിൽ ഇരുന്നപ്പോൾ കണ്ണിൽ നിന്ന് വന്നത് കൺനീർ ആയിരുന്നില്ല ,രക്തമായിരുന്നു .. എനിക്കുറപ്പുണ്ട് ,രണ്ടു പെൺമക്കളുടെ ജീവൻ ആ അമ്മ അഗ്നിക്ക് വിട്ടു കൊടുക്കില്ല ..ആ കുഞ്ഞുങ്ങളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല .ഉറങ്ങാൻ പറ്റുന്നില്ല ..ജനലഴിയിലൂടെ ആ കത്തിയെരിഞ്ഞ വീട് കാണാം ...കണ്ണിൽ പുക വന്നു മറയുന്നു ...
ജനുവരി 24 (11.30pm)
------------------
ശാന്തേച്ചിയും മക്കളും പോയി..എനിക്ക് ജോലി സ്ഥലത്തേക്ക് തിരിച്ച് പോണം .അച്ഛനെ തനിച്ച് ഇല്ലത്തു വിട്ടു പോവാൻ തോന്നിയില്ല
ശരണാലയത്തില്‍ ഉപേക്ഷിക്കാനോ അവിടെ കിടന്നു നരകിച്ചു മരിക്കാനോ അച്ഛനെ വിട്ടു കൊടുക്കാൻ എനിക്ക് മനസ്സ് വന്നില്ല ..
എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്നു എന്ന് നിത്യവും പറയുന്ന അച്ഛനുമായി കലുഷിതമായ മനസ്സുമായി ഞാൻ ഇന്ന് വെളുപ്പിന് ആ കടൽത്തീരത്തേക്ക് പോയി 
വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ട് പാകിയിട്ട് സൂര്യന്‍ പൂർണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങിയിരുന്നു....
ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍ പൊടുന്നനെ രൗദ്രഭാവത്തോടെ കടൽത്തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു.... അതുപോലെ എന്റെ മനസ്സും.....എന്റെ അമ്മയും ഗുരുക്കന്മാരും പൂജിക്കുന്ന ദൈവങ്ങളും എന്നോട് പൊറുക്കട്ടെ ..
ഒരു നിമിഷം ഒരൊറ്റ നിമിഷമേ വേണ്ടി വന്നുള്ളൂ എനിക്ക് ...,കൈ ഇടറാതെ ആ പാറയുടെ മുകളിൽ നിന്ന് താഴേക്ക് അച്ഛനെ തള്ളിയിടാൻ..
പതറിയില്ല ഞാൻ…………….. മുങ്ങി താഴുന്നത് നോക്കി ആസ്വദിച്ചു ..നാല് നേരം ഉപാസന മൂർത്തികൾക്ക് വിളക്ക് കത്തിച്ച് പൂജിക്കുന്ന എനിക്ക് എവിടുന്നു കിട്ടി ആ ധൈര്യം .
അതെ ധൈര്യം തന്നെയാണ് ..നീതിയുടെ ധൈര്യം.
മൂന്ന് സ്ത്രീകളുടെ രക്തത്തിനു മുകളിൽ നീയെന്ന പുരുഷൻ ഇനി വേണ്ട ..ഇവിടെ ഞാനാണ് നീതി ..ജീവൻ തന്നൊരു താതന്റെ ജീവൻ എടുത്ത മകനായി നാളെ ഈ ലോകം നിരഞ്ജനെ കല്ലെറിയുമായിരിക്കും പക്ഷെ ..ഓരോ സ്ത്രീയും നിന്റെ അവസരമല്ല ,കടമയാണ് എന്ന് പഠിപ്പിച്ച ഒരു അമ്മയുടെ മകനാണ് ഞാൻ .അച്ഛനായാലും ഏതു ദേവേന്ദ്രനായാലും ശരി പെണ്ണിന്റെ മാനത്തിന് വില നൽകാത്തവന് ജീവിക്കാൻ അവകാശമില്ല
ഏതു തെറ്റിന് പുറകിലും ദൈവം ഒരു തെളിവ് അവശേഷിപ്പിക്കും ,അത് വലിയൊരു സത്യമാണ് ,അല്ലെങ്കിൽ മരിക്കുന്നതിന് തലേന്ന് ശാന്തേച്ചിക്ക് എന്നെ വിളിക്കാൻ തോന്നില്ലായിരുന്നു. നിത്യവും തന്റെ പിഞ്ചുമക്കളെ കളിപ്പിക്കാൻ എന്ന വ്യാജേനെ മുറിയിൽ കൊണ്ട് പോയി കാമകേളികൾ ആടുകയും ,അത് ഒരിക്കൽ നേരിൽ കണ്ട ആ അമ്മയെ, മുറിയിൽ ഇട്ട് പൂട്ടി ശരീരത്തിന് വില പറയുകയും ,പുറത്താരെലും അറിഞ്ഞാൽ കൊന്നു കളയും എന്ന ഭീഷണിയും നടത്തിയ അച്ഛനെ പറ്റി മകനായ എന്നോട് പറയുമ്പോൾ ആ അമ്മ കരയുകയായിരുന്നു ..നാളെ തന്നെ ഞാൻ നാട്ടിൽ എത്താം എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചപ്പോൾ അറിഞ്ഞില്ല അമ്മേ ഞാൻ എത്തും മുന്നേ അയാൾ നിങ്ങളെ കൊന്നു കളയുമെന്ന് . പൊറുക്കുക…………..
പെണ്ണ് ഇരയല്ല പോരാളിയാണ് എന്ന് കാണിച്ചു കൊടുക്കാൻ എന്റെയൊപ്പം നിൽക്കാമായിരുന്നില്ലേ ???
മാറ് വളരാത്ത ,യോനിയിൽ രക്തയോട്ടം തുടിക്കാത്ത ചെറിയ കുഞ്ഞുങ്ങൾ എങ്ങനെയാണ് ആ വൃദ്ധനെ ഉന്മത്തനാക്കിയത് ??അറിയില്ല
അയാളുടെ മകനായി എന്നത് തന്നെ മുൻജന്മപാപം ...
ഇറങ്ങുകയാണ് ഞാൻ ..തെറ്റോ ശെരിയോ എന്നറിയില്ല ..ഇനിയുള്ള കാലം ജയിലറകളിലെ ഇരുട്ട് മതി എനിക്ക് ...എന്റെ 'അമ്മ ഉറങ്ങുന്ന ഈ മണ്ണ് വിട്ട് ഞാൻ ഇറങ്ങുകയാണ് ......................................
വായിച്ചു തീർന്നതും മുകുന്ദന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...
നിരഞ്ജൻ നീ ശെരിയാണ്,വലിയ ശരി
ഈ ഡയറിയിൽ ഇനി നിനക്കെന്താണ് എഴുതാനുള്ളത് ???
അച്ഛനെ കൊന്നു എന്ന് സ്വയം കുറ്റസമ്മതം നടത്തി പോലീസ് സ്റ്റേഷൻ കയറിയപ്പോൾ ശാന്തേച്ചിയുടെയും മക്കളുടെയും ആത്മഹത്യയും കൊലപാതകമായി സംശയിച്ചു അതും നിന്റെ തലയിലായി ,ദാ നാളെ രാവിലെ തൂക്കു മരത്തിൽ കയറുന്നു ..
നിന്റെ ശെരികളെ എങ്ങനെയാണ് ഞാൻ ഈ ലോകത്തിനു തെളിയിച്ചു കൊടുക്കുക ..ഇല്ല ഇനി സമയം കളയാനില്ല ..മുകുന്ദൻ ആ ഡയറികളുമായി ജഡ്ജിയുടെ വീട്ടിലേക്ക് ജീപ്പെടുത്തു അതിവേഗം ഓടിച്ചു ...ഡയറികൾ വായിച്ച ജഡ്ജിയും ഞെട്ടി ..
"നിയമത്തിന് എതിരാണ് അവൻ ചെയ്തത് .പക്ഷെ അവനിലെ ശരി ഈ ലോകം അറിയണം .." ജഡ്‌ജി പറഞ്ഞു .
വധശിക്ഷ സ്റ്റേ ചെയ്യിക്കാനുള്ള നടപടികൾ ഉടൻ തന്നെ ജഡ്ജി മുന്നോട്ട് നീക്കി ..
സ്റ്റേ ഓർഡറുമായി മുകുന്ദൻ ജയിലിലേക്ക് സന്തോഷത്തോടെ ഓടിയെത്തി ..നിരഞ്ജന്റെ സെല്ലിന് പുറത്ത് ഒരു പോലീസുകാരൻ നിൽക്കുന്നുണ്ടായിരുന്നു
'മുകുന്ദൻ സാറേ ,,ഇനി ഡയറിയുടെ ആവിശ്യമില്ല ..നിരഞ്ജൻ ജയിൽ ചാടി .'
"വാട്ട് .....??? അവന്റെ വധശിക്ഷയ്ക്കുള്ള സ്റ്റേ ഓർഡറുമായാണ് ഞാൻ വന്നത് .."
ഇത് കണ്ടോ ,,ജയിലിന്റെ ചുമരിൽ അവൻ എഴുതി വെച്ചത് ..
"ഞാൻ തിരിച്ചു വരും ,അയാളെ കൊന്നിട്ട് "
'അയാളോ ? അതാരാ ? '
"ദാ നോക്കൂ,,ഈ പത്രത്തിൽ ഒരു വാർത്ത ഉണ്ട് ..അവന്റെ അച്ഛൻ ശങ്കരൻപോറ്റി മരിച്ചിട്ടില്ല ...ഏതോ അമ്പലത്തിൽ പൂജാരിയായി കഴിയുകയായിരുന്നു .അവിടെ പൂജയ്ക്ക് വന്ന പെൺകുട്ടിയോട് അപമര്യാദ ആയി എന്തോ പെരുമാറിയതിന് വക്കം പോലീസ് സ്റ്റേഷനിൽ ഉണ്ട് അയാൾ ..അന്ന് പുഴയിൽ തള്ളിയിട്ടപ്പോൾ ആരോ രക്ഷിച്ചു കാണും
.വക്കം പോലീസ് സ്റ്റേഷനിൽ ഞങ്ങൾ വിളിച്ചു പക്ഷെ ഉച്ചക്ക് ആരോ അയാളെ ജാമ്മ്യത്തിലിറക്കി എന്നാണ് പറഞ്ഞത്..അതവൻ തന്നെയായിരിക്കും , അവൻ തിരികെ വരും അയാളെ കൊന്നിട്ട് ,അന്വേഷണ സംഘം പുറപ്പെട്ടിട്ടുണ്ട് ,സാറിനെ വിളിച്ചിട്ട് കിട്ടിയില്ല ..
മുകുന്ദൻ കസേരയിൽ ചാരി ഇരുന്നു ..കണ്ണുകൾ ഒന്ന് ഇറുക്കെ അടച്ചു തുറന്നു..ഓർഡർ പൊട്ടിച്ചു നോക്കി ..അയാളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പേപ്പറിലേക്കൂർന്നു വീണു ..മഷി പൊടുന്നനെ പടർന്നു ...
"അവൻ വരും..വരും....പെൺമയ്ക്കുള്ള നീതി നടപ്പാക്കി അവൻ തിരികെ വരുക തന്നെ ചെയ്യും ."
മുകുന്ദൻ ജനലിലൂടെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നു .
-അർച്ചന ശമീപത്ര-

നേരം

" ഇനി ഋഷിയെ കാത്ത് നിൽക്കേണ്ട കാര്യം എന്താണ് ?"
'ഡാ ..അവനിപ്പോൾ എത്തുമായിരിക്കും ..വരില്ല എങ്കിൽ അവൻ വിളിച്ച് പറയുമായിരുന്നു '
"ഇതിപ്പോൾ സമയം എത്രയായി,വിളിച്ചിട്ട് ആണെങ്കിൽ ഫോൺ സ്വിച്ച്ഓഫ് ,നമുക്ക് ഈ ബസിൽ പോവാം ഫൈസി ,അവനെ ഇനി കാക്കണ്ട "
'വിധു നീ ഒന്ന് ക്ഷമിക്കേടാ ..നമ്മൾ നാല് പേരും ഒരുമിച്ച് പോവാം എന്ന് നിശ്ചയിച്ചിട്ട് അവനെ കൂട്ടാതെ പോവുന്നത് എങ്ങനാടാ'
" ഏഴു മണിക്ക് എത്താൻ പറഞ്ഞതല്ലേ ,ഇതിപ്പോ ഏഴരയായി "
'അത്ര അല്ലെ ആയി ഉള്ളു ,നീ ഒന്നടങ്..സമയത്തിന് എത്താൻ കല്യാണത്തിന് ഒന്നുമല്ലലോ പോണത് ,ടൂറിന് അല്ലെ ? '
" ഡാ അപ്പു ,നീ വെറുതെ അവന്റെ ഭാഗം പറയാൻ നിക്കല്ലേ ..ഒരു സമയം പറഞ്ഞാൽ അതിനു എത്തണം "
'ദേ .7.35ന്റെ ബസും പോയി..ഇനി ഏഴേ മുക്കാലിന് ഒന്നുണ്ട്..അവൻ വന്നാലും ഇല്ലെങ്കിലും നമ്മൾ അതിൽ പോവും '
അൽപ്പസമയം കഴിഞ്ഞപ്പോൾ 7.45ന്റെ ബസ് എടുക്കാൻ തുടങ്ങി...
" അപ്പു ,ഫൈസി ...വാ ബസ് സ്റ്റാർട്ട് ആക്കി ,നമുക്കു കേറാം"
' ഡാ വിധു ,പ്ളീസ് ..,ബസ് ഇനിയും ഉണ്ടല്ലോ .നമുക്കു എട്ടു മണി വരെ നോക്കാടാ '
" ഇത് വല്യ കഷ്ടമായല്ലോ ,,എങ്കിൽ നിങ്ങൾ ഇവിടെ നിക്ക് ,ഞാൻ തിരിച്ച് വീട്ടിലേക്ക് പോവാ .."
'ശരി മതി ,നമുക്ക് ഈ ട്രിപ്പ് ക്യാൻസൽ ചെയ്യാം ,പോവാണേൽ ഒരുമിച്ച് അല്ലെങ്കിൽ പോവണ്ട'
" ഡാ ഫൈസി ,ദേ ഋഷി വരുന്നുണ്ട് "
'എവിടെ ആയിരുന്നെടാ ,,സമയത്തിന് വരണം ഇല്ലേൽ ആ വിവരം വിളിച്ച് പറയാൻ ഉള്ള മര്യാദ വേണം '
' വിധു ..നീ ഞാൻ പറയണത് ഒന്ന് കേൾക്ക്'
" ഇനി നീ എന്ത് പറയാനാ ,,ബാക്കി ഉള്ളവർ ഇവിടെ പൊട്ടന്മാരെ പോലെ നിന്നെ കാത്തു നിൽക്കാണ്"
'വിധു ,എന്റെ ഫോൺ ഓഫ് ആയി പോയതാ ,വിളിക്കാൻ ഒരു വഴിയും ഉണ്ടായില്ല '
' യാത്ര പോവുകയാ ,അത് ഒന്നും ചാർജ് ചെയ്യണം , നേരത്തെ എഴുന്നേൽക്കണം എന്നുള്ള ബോധം ഒന്നും നിനക്കില്ലേ ? '
'എന്താ ഫൈസി,അപ്പു ,,നിങ്ങൾക്ക് എന്നെ ഒന്നും പറയാനില്ലേ ?'
" ഞങ്ങൾ എന്ത് പറയാനാടാ..കുറെ നേരായി ഈ നിൽപ്പ് തുടങ്ങിയിട്ട് ,മൂന്നു ബസ് പോയി , നീ വരാത്തത് കൊണ്ട് തിരിച്ച് വീട്ടിലേക്ക് പോവാൻ നിൽക്കായിരുന്നു ഞങ്ങൾ"
അങ്ങനെ തമ്മിൽ സംസാരത്തിന്റെ ശൈലി മാറി തുടങ്ങി .വഴക്കായി .
ഒടുവിൽ പ്രശ്നം പരിഹരിക്കാൻ ഋഷി മാപ്പ് പറഞ്ഞു
'സോറി ഡാ ..നിങ്ങൾ എല്ലാരും ഒന്നെന്നോട് ക്ഷമിക്ക് എന്നിട്ട് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് '
" മതി ഇനി എസ്ക്യൂസ്‌ പറഞ്ഞ് വെറുതെ വഷളാവണ്ട,ദാ ആ ബസിൽ കേറാം
"
ബസിൽ കയറി ജനലിന്റെ അരികെയുള്ള സീറ്റിൽ ഋഷി പുറത്തേക്ക് നോക്കി കൊണ്ടിരുന്ന് ..കണ്ണ് നിറയുന്നുണ്ട് ,കാഴ്ചകൾ മങ്ങുന്നു ,,ആരും കാണാതെ അവൻ തന്റെ കണ്ണുനീരൊപ്പി..സുഹൃത്തുക്കളുടെ ശകാരങ്ങൾ ചെവിയിൽ മുഴുങ്ങുന്ന പോലെ തോന്നി ..തന്റെ ഭാഗം കേൾക്കാൻ പോലും നിൽക്കാത്ത സുഹൃത്തുക്കളോട് പിന്നെ അവനൊന്നും പറയാൻ തോന്നിയില്ല...
അവർക്ക് നഷ്ടപെട്ട നേരം തിരികെ നൽകാൻ തനിക്ക് സാധിക്കില്ലല്ലോ ..
യാത്ര അവർ നന്നായി ആസ്വദിച്ചു എങ്കിലും കൂട്ടുകാരുടെ ഉള്ളിൽ നേരം വഴുകി വന്ന തന്നോടുള്ള അമർഷം മായാതെ നിൽക്കുന്നതായി ഋഷിക്ക് തോന്നി ....രണ്ടു ദിവസങ്ങൾക്ക് ശേഷം അവർ തിരികെ നാട്ടിൽ എത്തി . സമയത്തിന് എത്താത്ത തന്നെയും കൂട്ടി ഇനി ഒരു യാത്രയ്ക്ക് ഇനി അവർ മുതിരില്ല ..ഇനി കൂട്ടത്തിൽ കൂട്ടാനും വഴി ഇല്ല , ഋഷിയുടെ മനസ്സിൽ എന്തെന്നില്ലാത്ത സങ്കടം അനുഭവപെട്ടു.
പെട്ടന്ന് ഒരു ദിവസം രാത്രി രണ്ടു മണിക്ക് വിധുവിന്റെ കോൾ ഋഷിയെ തേടി എത്തി..
'എന്താ വിധു ഈ നേരത്ത് ?'
" എടാ അമ്മയ്ക്ക് തീരെ സുഖല്ല്യ ആശുപത്രിയിൽ കൊണ്ടുപോണം ഈ മലമുകളിൽ എവിടെ നിന്ന് കിട്ടാനാ വണ്ടിയൊക്കെ ,,ഞാൻ ഒരുപാടു പേരെ വിളിച്ചു ,,ആരെയും കിട്ടിയില്ല ,,നിനക്ക് എവിടുന്നേലും വണ്ടി കിട്ടുമോ?"
'അയ്യോ ഈ സമയത്ത് അത്രയും ദൂരേക്ക് വണ്ടി എവിടുന്നു കിട്ടാനാടാ.,എന്തായാലും നീ വിഷമിക്കണ്ട ,ഞാൻ എങ്ങനേലും വണ്ടിയുമായി അവിടെ എത്താം ,നിങ്ങൾ റെഡി ആയിരിക്ക് '
"ഋഷി ,വേഗം വരാണെടാ..ഇന്റെ അമ്മ .........."
'ഒന്നും ഇല്ലടാ,,ഞാൻ വേഗം വരാം'
" ഡാ എന്റെ കയ്യിൽ കാശ് ഒന്നുമില്ല "
'ആണോ? എന്റെ കയ്യിൽ ഒരു അഞ്ഞൂറ് മാത്രേ ഉള്ളു ,സാരല്ല, നമുക്ക് ശരിയാക്കാം '
" ശരി ഡാ "
ഋഷി വണ്ടിക്ക് വേണ്ടി ഒരുപാട് പേരെ വിളിച്ചു നോക്കി ,പക്ഷെ കിട്ടിയില്ല ,അവസാനം ഒരു ഓട്ടോ ഡ്രൈവറെ കിട്ടി ..സമയം കളയാതെ ഋഷി വണ്ടിയുമായി അവിടെ എത്തി ..ഉടൻ അമ്മയേം കൊണ്ടവർ ആശുപത്രിയിൽ എത്തി ,അപ്പോഴേക്കും അമ്മ ആകെ അവശയായിരുന്നു.ഉടൻ തന്നെ വേണ്ടവിധത്തിൽ ഉള്ള എല്ലാ ശുശ്രൂഷയും നടത്തി ..
'മാധവിഅമ്മയുടെ കൂടെ വന്നവർ ആരാ ? '
സിസ്റ്റർ പുറത്തേക്ക് വന്നു ചോദിച്ചു .
"ഞങ്ങളാണ് ,എന്ത് പറ്റി സിസ്റ്റർ"
'ഉടൻ ഒരു ഓപ്പറേഷൻ വേണം ,കൗണ്ടറിൽ പോയി ഒരു 25000/- രൂപ അടയ്ക്കണം.'
"അയ്യോ സിസ്റ്റർ,,പെട്ടന്ന് ഇങ്ങനെ പറഞ്ഞാൽ ,,ഞങ്ങൾ കാശ് ഒന്നും കരുതിയിട്ടില്ല"
'പക്ഷെ അടയ്ക്കാതിരുന്നാൽ ഓപ്പറേഷൻ എങ്ങനെ നടത്തും ?'
'ഞങ്ങൾ രാവിലെ അടച്ചോളാം സിസ്റ്റർ , ഈ രാത്രി എവിടെ നിന്നും ഒപ്പിക്കാൻ മാർഗ്ഗം ഇല്ലാഞ്ഞിട്ടാ'
"ശരി, ഡോക്ടർ ഇപ്പോ പുറത്തേക്ക് വരും,നിങ്ങൾ ഒന്ന് സംസാരിച്ചു നോക്കു"
അല്പസമയങ്ങൾക്ക് ശേഷം ഡോക്ടർ പുറത്തേക്ക് വന്നു .
'ഡോക്ടർ, ഞാൻ മേധാവി അമ്മയുടെ മകനാണ് ..അമ്മയ്ക്ക് ഇപ്പോൾ........"
"അമ്മയുടെ നില അൽപം മോശമാണ് ,ഉടൻ ഓപ്പറേഷൻ നടത്തണം,സിസ്റ്റർ പറഞ്ഞില്ലേ? '
"പറഞ്ഞു ഡോക്ടർ ,എന്റെ അമ്മയെ എങ്ങനേലും രക്ഷിക്കണം"
'പ്രാർത്ഥിക്കൂ ,നിങ്ങൾ ക്യാഷ് അടച്ച് പേപ്പേഴ്സ് എല്ലാം സൈൻ ചെയ്തു കൊടുക്കൂ"
"ഡോക്ടർ ,ഈ അസമയത്ത് കാശു ഒപ്പിക്കാൻ ഞങ്ങളുടെ മുന്നിൽ യാതൊരു വഴിയുമില്ല ,,നേരം ഒന്ന് വെളുത്താൽ ഞാൻ ക്യാഷ് അടച്ചോളാം ,ദാ ഈ മാല ഒന്ന് പണയം വെക്കേണ്ട താമസമേ ഉള്ളു "
കഴുത്തിൽ കിടക്കുന്ന മാല പുറത്തേക്കിട്ട് ഋഷി ഡോക്ടറോട് അപേക്ഷിച്ചു .
'ശരി എങ്കിൽ താഴെ ഓഫീസിൽ പോയി എഴുതികൊടുക്കു,രാവിലെ അടച്ചാൽ മതി."
'നന്ദി ഡോക്ടർ '
"ഇറ്റ്സ് ഓക്കേ ..ഓൾ ഈസ് വെൽ ,എന്തായാലും നിങ്ങൾ യഥാസമയം അവരെ ഇവിടെ എത്തിച്ചത് കൊണ്ട് മാത്രമാണ് അവരുടെ ജീവൻ നില നിർത്താൻ സാധിച്ചത്..ഒരു സെക്കന്റ് വ്യത്യാസത്തിൽ നിങ്ങൾക്ക് നിങ്ങളുടെ അമ്മയെ നഷ്ടപ്പെട്ടേനെ.."
അതും പറഞ്ഞ് ഡോക്ടർ നടന്നകന്നയുടൻ വിധു ഋഷിയെ കെട്ടി പിടിച്ചു ..
'ഋഷി നീ ഇല്ലായിരുന്നെങ്കിൽ എനിക്ക് എന്റെ അമ്മയെ '
" അമ്മയ്ക്ക് എല്ലാം വേഗം ബേധാവുമെടാ "
'ഋഷി ,അന്ന് നീ അൽപം നേരം വഴുകിയതിനു ഞാൻ നിന്നെ എന്തൊക്കെ പറഞ്ഞു...,ഇന്നിതാ അമ്മയെ ഒന്ന് ഹോസ്പിറ്റലിൽ നേരത്തിനു എത്തിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല ,നീ നേരത്തിനു എത്തിയത് കൊണ്ട് മാത്രമാ....'
"കഴിഞ്ഞത് ഒന്നും ഓർക്കണ്ടടാ ,അതൊന്നും സാരല്യ ,,പക്ഷെ നീ ഇപ്പോളെങ്കിലും അറിയണമെടാ ,അന്ന് എന്താ സംഭവിച്ചത് എന്ന് "
'എന്താടാ അന്ന് പറ്റിയത്,,അന്നത്തെ ദേഷ്യത്തിൽ അതൊന്നും കേൾക്കാൻ പോലും ഞാൻ നിന്നില്ല"
"അന്ന് ഞാൻ വരുന്ന വഴിക്ക് VNM ഹോസ്പിറ്റലിന്റെ മുന്നിലൂടെ വരുമ്പോൾ ഒരു ചെറിയ പെൺകുട്ടി ഓടി കിതച്ച് വരുന്നു ,,റോഡിൽ ഉള്ള പലരോടും അവൾ എന്തോ ചോദിക്കുന്നുണ്ട് ,ഭിക്ഷ ചോദിക്കുകയാ എന്നാണ് ആദ്യം കരുതിയത് .പക്ഷെ അങ്ങനെ ആയിരുന്നില്ല ,അവൾ എന്റെ അരികിലും വന്നു ..കരഞ്ഞു കൊണ്ടവൾ ചോദിച്ചു ,
ഏട്ടന്റെ രക്തം ഏതു ഗ്രൂപ്പ് ആണ് ..ഞാൻ പറഞ്ഞു AB-ve ,,പറഞ്ഞ ഉടൻ അവൾ എന്റെ കാൽക്കൽ വീണു ,എന്നെ സഹായിക്കണം ,എന്റെ അച്ഛനെ വണ്ടി ഇടിച്ചു ,,ഒരുപാട് പരുക്ക് ഉണ്ട് ,രണ്ടു കുപ്പി രക്തം വേണം ,,അവളുടെ കണ്ണുനീർ കണ്ടു സഹിച്ചില്ലടാ ,,ഒരു ഭിക്ഷക്കാരി കുട്ടി ആയതോണ്ട് അവളെ ആരും സഹായിച്ചിരുന്നില്ല..പക്ഷെ ഞാൻ പോയി രക്തം നൽകി...ആ കുരുന്നിന്റെ കരച്ചിൽ മറക്കാൻ പറ്റുന്നില്ല ,അതാണ് അന്ന് സംഭവിച്ചത് ,അല്ലാതെ എഴുനേൽക്കാൻ വൈകിയതോ ,സമയത്തിന്റെ വില അറിയാഞ്ഞിട്ടോ അല്ലടാ "
'നീ എന്നോട് പൊറുക്കേടാ...കാര്യം അറിയാതെ ഞാൻ അന്ന് നിന്നെ എന്തൊക്കെയോ പറഞ്ഞു,അൽപം നേരം വഴുകുന്നതും കാത്തു നിൽക്കേണ്ടി വരുന്നതും ഒക്കെ വലിയ പ്രശ്നമായി ഞാൻ കരുതി '
" സാരല്യ വിധു ,,നിന്നോട് ഇതെല്ലം പറയാൻ കഴിഞ്ഞപ്പോൾ തന്നെ മനസ്സിനൊരു ആശ്വാസം "
" ഒന്ന് എനിക്ക് മനസിലായി ഋഷി...കാര്യം അറിയാതെ നമ്മൾ ആരോടും ദേഷ്യപ്പെടാൻ പാടില്ല ,ക്ഷമിക്കാനും കാത്തു നിൽക്കാനും ഒക്കെ കഴിയാത്ത എന്നെ പോലെ ഉള്ളവർ നിന്നെ പോലെ വലിയ മനസ്സുള്ളവരുടെ മുന്നിൽ ഒന്നുമല്ലടോ ,ഒന്നും "
*****************************************************************************
( കാര്യം അറിയാതെ,മറ്റൊരാളുടെ അവസ്ഥ മനസിലാകാതെ നിങ്ങൾ ആരോടെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടോ?എന്താണ് തെറ്റ് എന്താണ് ശരി എന്ന് തിരിച്ചറിയാനാകാത്തവിധം എടുത്തുചാടി പ്രതികരിച്ചിട്ടുണ്ടോ ?
ഒരല്‍പം ദേഷ്യം തോന്നിയാലും അത് വളര്‍ത്തിയെടുത്തു പ്രശ്‌നങ്ങള്‍ വഷളാക്കാതെയിരിക്കാന്‍ സന്തോഷമുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കുക.)
ദേഷ്യം നിയന്ത്രിക്കാൻ ഉള്ള കുഞ്ഞി കാര്യങ്ങൾ വായിച്ചതിൽ നിന്ന് ......
----------------------------------------------------------------------------
1)സ്വയം ശാന്തനാകുക: ഒരു ദീർഘ നിശ്വാസം എടുക്കുക. നിങ്ങൾ ഇഷ്‌ടപ്പെടുന്ന ഒരു ശാന്തമായ ഒരു സാഹചര്യം ഓർക്കുക. സ്വയം പറയുക ശാന്തമാകു, നിസാരമായി കാണൂ.
2)കുറച്ചു ദൂരം നടക്കുക: നടക്കുമ്പോൾ നിങ്ങളുടെ തലച്ചോറ് എൻഡോർഫിൻ എന്ന ഹോർമോൺ പുറപ്പെടുവിക്കും. അതു സിരകളെ ശാന്തമാക്കും.
3)വെറുപ്പ് മനസിൽ സൂക്ഷിക്കരുത്: നിങ്ങളോട് ദേഷ്യപ്പെട്ടവരോട് ക്ഷമിക്കുക. ഇതാണ് നിങ്ങൾക്ക് അവരോട് ദേഷ്യമില്ല എന്നു തെളിയിക്കാനുള്ള വഴി. പക്ഷേ, മറ്റെ ആളും നിങ്ങളുടെ മാതൃക പിന്തുടരുമെന്ന് ചിന്തിക്കരുത്. നിങ്ങളെപ്പോലെ തന്നെ മറ്റുള്ളവരും പെരുമാറുമെന്ന് ചിന്തിക്കുന്നത് ഒരിക്കലും യഥാർത്ഥ്യമല്ല.
4)അരിശം രേഖപ്പെടുത്താൻ ലോഗ് ബുക്ക്: നിങ്ങൾ ദേഷ്യപ്പെട്ട ഒരോ സാഹചര്യങ്ങളും ഈ ലോഗ് ബുക്കിൽ എഴുതി സൂക്ഷിക്കുക. ഇത് പരിശോധിച്ച് ദേഷ്യപ്പെട്ട സാഹചര്യങ്ങൾ മനസിലാക്കാം. പിന്നീട് വരുന്ന ദിവസം ദേഷ്യം പരിഹരിക്കാൻ ദേഷ്യപ്പെട്ടതിന്റെ രേഖകൾ സൂക്ഷിക്കുന്നത് സഹായിക്കും.
5)സമ്മർദ്ദത്തിനുുള്ള സാഹചര്യത്തെ അതിൽ നിന്നും ഒഴിവാക്കുക. തമാശകൾ വഴി ദേഷ്യം വരുന്നതും. കുത്തുവാക്കുകൾ ഒഴിവാക്കാം കാരണം അത് വികാരങ്ങളെ മുറിപ്പെടുത്തും കാര്യങ്ങളെ മോശമാക്കും.
-അർച്ചന.ശമീപത്ര-

ഒരു പെൺകുട്ടി



ഒരിക്കൽ ഒരു പെൺകുട്ടി തന്റെ പുസ്തകത്തിന്റെ അവസാന പേജിൽ ഒരു പശു കിടാവിനെ വരയ്ക്കുകയുണ്ടായി ..ഒരുപാട് സമയം എടുത്ത് അവൾ അത് വരച്ചു തീർത്തു. ആരും കാണാതെ അത് സൂക്ഷിച്ചു വെക്കുകയും നിത്യവും ആ ചിത്രം നോക്കി ആനന്ദിക്കുകയും ചെയ്തു ..താൻ നന്നായി വരച്ചു എന്ന ആത്മവിശ്വാസം അവളിലുണ്ടായി..അത് മറ്റാരെങ്കിലും കാണണം എന്നാഗ്രഹിച്ചു ..
അങ്ങനെ ഒരു ദിവസം അവൾ ആ ചിത്രം അമ്മയ്ക്ക് കാണിച്ചു കൊടുക്കുകയുണ്ടായി .അമ്മക്ക് ജോലിക്ക് പോകാൻ സമയം ആയി.. പിന്നെ നോക്കാം എന്ന് പറഞ്ഞുകൊണ്ട് അമ്മ ജോലിക്ക് ഇറങ്ങി..ഒന്ന് നോക്കാൻ പോലും അമ്മ തയ്യാറായില്ലലോ എന്ന സങ്കടം അവളുടെ മുഖത്തു നിഴലിച്ചു..
പുറത്തു പത്രം വായിച്ചുകൊണ്ടിരിക്കുന്ന അച്ഛനെ കാണിക്കാം എന്നവൾ കരുതി..ചിത്രം അച്ഛന് കാണിച്ചു കൊടുത്തു..അച്ഛൻ ചിത്രം വാങ്ങിക്കൊണ്ട് പറഞ്ഞു....കൊള്ളാം ,പക്ഷെ ചിത്രം വരച്ചു സമയം കളയാതെ ഇരുന്ന് പഠിക്ക്, ഓണപ്പരീക്ഷയ്ക്ക് ഫുൾ മാർക്ക് വാങ്ങണം..അവിടെയും ആ ചിത്രത്തിന് പരിഗണ ലഭിക്കാത്തതിനാൽ കഠിന നിരാശയുണ്ടായി ,ഒടുവിൽ തന്റെ ഏട്ടന്റെ അരികിലേക്കവൾ നടന്നു ,ചിത്രം ഏട്ടന് നൽകി താൻ വരച്ച പശുക്കിടാവാണ്‌ എന്നവൾ അഭിമാനത്തോടെ പറഞ്ഞു...ചിത്രം കണ്ട ഉടനെ ഏട്ടൻ ഉറക്കെ ഉറക്കെ ചിരിക്കാൻ തുടങ്ങി...ഇതാണോ പശുക്കിടാവ്...കണ്ടിട്ട് പട്ടികുട്ടിയെ പോലെയുണ്ടല്ലോ ..അവൾക്ക് ആ പരിഹാസം താങ്ങാൻ ആയില്ല ..ഇനി ആരെയും താൻ ഈ ചിത്രം കാണിക്കില്ല എന്നവൾ തീരുമാനിച്ചു...
ഒരിക്കൽ തന്റെ ഒരു കൂട്ടുകാരി പുസ്തകം വാങ്ങിയപ്പോൾ യാദൃശ്ചികമായി കൂട്ടുകാരി ആ ചിത്രം കണ്ടു..അവൾ ഒരുപാട് നേരം തന്റെ ചിത്രത്തെ നോക്കുന്നത് കണ്ടപ്പോൾ ആ പെൺകുട്ടിക്കു വളരെ സന്തോഷം തോന്നി .കൂട്ടുകാരി ചിത്രത്തെ പറ്റി വാചാലയാവാൻ തുടങ്ങി..
നന്നായിട്ടുണ്ട്ട്ടോ ,,പക്ഷെ ഇതിന്റെ മൂക്ക് എന്താ വളഞ്ഞു പോയത്..അതുപോലെ ഒരു കാലിനു അല്പം തടി കൂടി പോയി ..ചെവി രണ്ടും രണ്ടു വലുപ്പമാണ്...
നന്നായിട്ടുണ്ട് എന്ന് തുടങ്ങി കൊണ്ട് അനേകം കുറ്റങ്ങളും കുറവുകളും കണ്ടു പിടിച്ച കൂട്ടുകാരിയുടെ വാക്കുകൾ അവളിൽ ആഴത്തിൽ മുറിവുണ്ടാക്കി.
അന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാതെ സ്കൂൾ ഗ്രൗണ്ടിന്റെ ഒരു മരത്തിന്റെ കീഴിൽ പുസ്തകവും പിടിച്ച് അവൾ ഇരുന്നു. ഇത് കണ്ട ക്ലാസ്സ്‌ടീച്ചർ അവളുടെ അരികിലേക്ക് ചെന്നു..കാര്യം അന്വേഷിച്ചു ..അവൾ ഒന്നും പറഞ്ഞില്ല..നെഞ്ചോട് ചേർത്ത് പിടിച്ച ആ പുസ്തകം ടീച്ചർ അവളിൽ നിന്ന് വാങ്ങി മറച്ചു നോക്കി ..ടീച്ചർ ആ ചിത്രം കാണുകയുണ്ടായി..ചിത്രം കണ്ട ഉടൻ ടീച്ചർ അവളുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു ..ആഹാ ....നന്നായി വരച്ചിട്ടുണ്ടല്ലോ ..ഈ വയസിൽ ഇത്രയും നന്നായി വരയ്ക്കാൻ കഴിഞ്ഞല്ലോ..ഗ്രേറ്റ്....ഇങ്ങനെ ഒരു കഴിവുള്ള കുട്ടി എന്റെ ക്ലാസ്സിൽ ഉള്ളത് ഞാൻ അറിഞ്ഞില്ല...നമുക്ക് ഈ ചിത്രം സ്കൂൾ മാഗസീനിലേക്ക് കൊടുക്കണംട്ടോ...
അത് വരെ ഉണ്ടായ സങ്കടം എല്ലാം മറന്നു കൊണ്ട് അവളുടെ മുഖത്ത് പ്രകാശം പരന്നു . അവൾ ടീച്ചറോട് ഇത്രയും നേരമുള്ള തന്റെ ദുഃഖത്തെ കുറിച്ച് പറഞ്ഞു...ടീച്ചർ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..
“...മോളെ നീ നിന്റെ കഴിവുകളെ സ്വയം അറിയുക...അതിനു വേണ്ടി പരിശ്രമിക്കുക,,ഇന്ന് നിന്നെ കാണാതെ പോയവർ നാളെ നിന്നെ വാഴ്ത്തുന്ന ദിവസം തീർച്ചയായും ഉണ്ടാവും... തോറ്റയിടത്തു നിന്ന് വേണം നാം തുടങ്ങാൻ ..മറ്റൊരാളെ തൃപ്തിപെടുത്താൻ ആവരുത് നീ നിന്റെ കഴിവുകൾ പുറത്തേക്ക് കൊണ്ട് വരുന്നത്...എന്ത് ചെയ്യുമ്പോഴും സ്വയം ആസ്വദിച്ച് ചെയ്യുക... നന്നായി എന്ന് പറഞ്ഞ് നൂറു പേരുടെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട പകരം ഒരാൾ നിന്നെ അഭിനന്ദിച്ചാൽ അത് നിന്റെ വിജയമാണ്...”
പലയിടങ്ങളിൽ നിന്ന് അവഗണിക്കപ്പെട്ട അവളിൽ, ആ അദ്ധ്യാപിക നൽകിയ ഊർജമാണ് നമ്മുടെ ഓരോ കുഞ്ഞുങ്ങളും ആഗ്രഹിക്കുന്നത് .
മക്കളെ സ്നേഹിച്ചാൽ മാത്രം പോര..സ്നേഹിക്കപെടുന്നുവെന്നും പരിഗണിക്കപ്പെടുന്നുവെന്നും അവരെ ബോധ്യപ്പെടുത്താനും നമുക്ക് കഴിയണം .കുട്ടികൾ സംസാരിക്കുമ്പോൾ ക്ഷമാപൂർവം കേൾക്കാനും കളിക്കുമ്പോൾ കൂടെ കൂട്ടുകൂടാനും ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും ,ഉൾവലിയുമ്പോൾ ധൈര്യം നൽകി മുന്നോട്ട് നടത്താനും നമുക്ക് കഴിയണം .
തെറ്റുകള്‍ കണ്ടെത്തി കുറ്റപ്പെടുത്തുന്നതിനു പകരം ശരികള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുക .
പറ്റില്ല, പാടില്ല, ചെയ്യരുത്, ഇല്ല തുടങ്ങിയ വാക്കുകള്ക്ക് പകരം അതെ, ഇങ്ങനെ ചെയ്യാം, ഇതല്ലേ നല്ലത് തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
കുട്ടികളുടെ ചെറിയ നേട്ടങ്ങളെ പോലും അഭിനന്ദിക്കുക. അവരുടെ ഉള്ളിലെ കഴിവുകൾ കണ്ടെത്തുക ,അതിനു മുൻതൂക്കം നൽകുക ..പ്രോത്സാഹിപ്പിക്കുക .
---------------------------------------------------------------------------
പുറം ലോകമറിയാതെ പോയ എത്രയെത്ര പ്രതിഭകളാണ് നമുക്ക് ചുറ്റും ഉള്ളത് ..എവിടെയൊക്കെയാണ് നമുക്ക് അവരെ എല്ലാം നഷ്ടപ്പെട്ടത്. ????
മേൽ പറഞ്ഞ ഉദാഹരണത്തിൽ നാം കണ്ടു ...സമയമില്ല പിന്നെ നോക്കാം എന്ന് പറഞ്ഞു അമ്മ അവഗണിച്ചു , വരച്ചിരിക്കരുത് പകരം പഠിക്കണം എന്ന് പറഞ്ഞു അച്ഛൻ നിരുത്സാഹപ്പെടുത്തി, ഇതാണോ പശു എന്ന് പറഞ്ഞ് സഹോദരൻ പരിഹസിച്ചു, കുറവുകൾ ഒരുപാട് ചാർത്തി കൊണ്ട് കൂട്ടുകാരി കുറ്റപ്പെടുത്തി...
ഒന്ന് പുറകോട് ചിന്തിച്ച് നോക്കൂ.... Have you ever did this to anyone??
നിങ്ങളുടെ മക്കളോ ,സുഹൃത്തുക്കളോ,അച്ഛനോ അമ്മയോ ,സഹോദരങ്ങളോ ആരെങ്കിലും അവരുടെ ഒരു കഴിവിനെയോ, അവരുടെ പ്രിയപ്പെട്ട എന്തെങ്കിലും സാധങ്ങങ്ങളോ ,പുതിയ വസ്ത്രമോ നിങ്ങള്ക്ക് മുന്നിൽ കാണിക്കുമ്പോൾ നിങ്ങൾ അവരെ കളിയാക്കിയിട്ടുണ്ടോ ? ഒന്ന് പോയെ എനിക്ക് സമയമില്ല എന്ന് പറഞ്ഞു അവഗണിച്ചിട്ടുണ്ടോ ? കൊള്ളാം പക്ഷെ അത് ശെരിയായില്ല ഇത് ശെരിയായില്ല അങ്ങനെ നൂറു കുറ്റങ്ങൾ പറഞ്ഞിട്ടുണ്ടോ ? ഇതാണോ ഇപ്പൊ വല്യ കാര്യം എന്ന് പറഞ്ഞ് പരിഹസിച്ചിട്ടുണ്ടോ ?
നിസ്സാരമായി നമ്മൾ പറയുന്ന അത്തരം വിലകുറച്ചു കാണലുകൾ അവരെ എത്രത്തോളം വേദനിപ്പിച്ചുകാണും എത്രത്തോളം പുറകോട്ട് വലിച്ചു കാണും ? ചിന്തിച്ചിട്ടുണ്ടോ?
അവഗണിക്കുന്നതിനു പകരം എല്ലാത്തിനെയും നല്ല രീതിയിൽ പരിഗണിച്ചു നോക്കൂ... BE AN ENCOURAGER...
മറ്റുള്ളവരുടെ പുഞ്ചിരിക്ക്
മറ്റുള്ളവരുടെ വളർച്ചയ്ക്ക്
നമുക്കും ഒരു കാരണമാകാം......😍
THINK POSITIVE
TALK POSITIVE
FEEL POSITIVE
-അർച്ചന ശമീപത്ര-

ഒരു കുഞ്ഞി വലിയ ബാല്യം

Image may contain: 1 person, drawing

ബോധരഹിതയായ അവളെ മുറിയുടെ മൂലയിൽ നിന്ന് വാരി എടുത്തപ്പോൾ ആ കുഞ്ഞി കൈ തണ്ടയിൽ വലിച്ചു മുറുക്കി കെട്ടിയ ഒരു റബ്ബർ ബാൻഡുണ്ടായിരുന്നു...കൈകളിലേക്ക് രക്ത പ്രവാഹം നിലച്ചിരിക്കുന്നു ..കൈകൾ തണുത്ത് വിറങ്ങലിച്ചിരിക്കുന്നു...എന്ത് സംഭവിച്ചു എന്നാർക്കും അറിയില്ല, അച്ഛനും അമ്മയും അവളെ ഹോസ്പിറ്റലിൽ എത്തിച്ചു .. ഗ്ളൂക്കോസ് കയറ്റിയതോടെ അവൾ ഉഷാറായി..ബോധം വന്നു ..
ഡോക്ടർ മെൽവിൻ അവളുടെ അരികിൽ ഇരുന്നു ..അവൾ കണ്ണുകൾ ഉയരത്തി നോക്കി ഒന്ന് ചിരിച്ചു
അദ്ദേഹം സ്നേഹത്തോടെ അവളോട് ചോദിച്ചു ..മോൾക്ക് എന്താ പറ്റിയത് ??
" ഉറങ്ങി പോയി " അതായിരുന്നു മറുപടി ..
ഉറങ്ങുമ്പോൾ എന്തിനാ കയ്യിൽ റബ്ബർ ബാൻഡ് കെട്ടിയത്..ഡോക്ടർ ചോദിച്ചു ..
മറുപടി ഇല്ല..തല താഴ്ത്തിയിരുന്നു..
എന്തോ അവൾ മറയ്ക്കാൻ ശ്രമിക്കുന്നതായി തോന്നിയ ഡോക്ടർ മെൽവിൻ സ്നേഹത്തോടെ ആവർത്തിച്ച് അവർത്തിച്ച് കാരണം തിരക്കി
ഒടുവിൽ അവൾ മറുപടി പറഞ്ഞു..
" മരിക്കാൻ വേണ്ടി കെട്ടിയതാ.."
ഡോക്ടർ ഒന്ന് ഞെട്ടി..ഏഴുവയസുള്ള പെൺകുട്ടി മരണം എന്ന വാക്ക് എങ്ങനെ പഠിച്ചു ?
മോളോട് ആരാ പറഞ്ഞത് റബ്ബർ ബാൻഡ് കയ്യിൽ കെട്ടിയാൽ മരിക്കും എന്ന് ?
അതെനിക്കറിയാം ..ബ്ലഡ് ഓടാതെ ഇരുന്നാൽ മരിക്കും എന്ന് ..
എന്തിനാ മോള് മരിക്കാൻ ആഗ്രഹിച്ചത്..?
എനിക്കാരും ഇല്ലാഞ്ഞിട്ട്..
മോൾക്ക് അച്ഛനും അമ്മയും ഉണ്ടല്ലോ ...മോളെ ഒരുപാട് സ്നേഹിക്കുന്ന അച്ഛനും അമ്മയും ...
പക്ഷെ എനിക്ക് കളിക്കാൻ ആരും ഇല്ല..അനിയൻ ഇല്ല ,അനിയത്തി ഇല്ല ,ചേച്ചി ഇല്ല ,ഏട്ടൻ ഇല്ല...ആരും ഇല്ല...എപ്പോളും ഒറ്റക്കാ....
അവളുടെ കുഞ്ഞി കണ്ണുകളിൽ തുളുമ്പാൻ തിടുക്കം കൂട്ടി രണ്ടു നീർതുള്ളികൾ ഉരുണ്ടു കൂടി ..
പക്ഷെ മോളെ...നിന്റെ അച്ഛനും അമ്മയും നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടല്ലോ ...
ഇല്ല്യ....അമ്മ എപ്പോഴും വഴക്കു പറയും...
അതൊക്കെ മോൾക്ക് വെറുതെ തോന്നുന്നതാ...
അല്ല..അല്ല..എന്നും വഴക്ക് പറയും ...
'അമ്മ ചോറ് വാരി തെരൂല,,കെട്ടിപ്പിടിച്ച കിടന്നാൽ അമ്മയ്‌ക്ക ചൂട് എടുക്കുന്നു മാറി കിടക്കാൻ പറയും, ഇഷ്ടമുള്ള പലഹാരം ഒന്നുമുണ്ടാക്കി തെരൂല, കഥ പറഞ്ഞു തരില്ല, നാമം ജപിച്ച് തെരൂല ..എല്ലാരും ഇരിക്കണ സ്ഥലത്തു ഇരിക്കാൻ സമ്മതിക്കൂല ..എഴുനേറ്റു പോവാൻ പറയും ..സ്കൂളിലെ കഥകൾ കേൾക്കാൻ ആരുമില്ല.., പാഠങ്ങൾ പഠിപ്പിച്ചു തരാൻ ആരുമില്ല..രേഷ്മയും നീതുവും സ്കൂളിൽ വന്നു സിസ്റ്റർനേം ബ്രതർനേം പറ്റി പറയുമ്പോൾ മാധുവിന്‌ മാത്രം പറയാൻ ആരുമില്ല... മാധു എപ്പോളും ഒറ്റക്ക.. സങ്കടം വരും എപ്പോളും..മിണ്ടാൻ ആരൂല്ല്യ,,കളിയ്ക്കാൻ ആരൂല്ല്യ,,അടികൂടാൻ ആരൂല്ല്യ ...മരിക്കാൻ എപ്പോളും നോക്കാറുണ്ട്..തലയണ മുഖത്ത് വെച്ച് ശ്വാസം മുട്ടിച്ച് മരിക്കാൻ നോക്കും ..പക്ഷെ മരിക്കിനില്ല്യ..
അങ്ങനെ ഒരുപാട് പരാതികളുടെ കെട്ടുകൾ അവിടെ അഴിഞ്ഞു വീണു ..
ഡോക്ടർ നിശബ്ദനായി എല്ലാം കേട്ടിരുന്നു ...അതെ അവൾക്ക് ആവിശ്യം ,,അല്ല അത്യാവശ്യം ഒരു കേൾവിക്കാരനെ ആയിരുന്നു...തന്റെ വേദനകളെ പറ്റി ആദ്യമായി ഒരാൾ ചോദിച്ചിരിക്കുന്നു ,,സംസാരിക്കാൻ അരികിൽ ഒരാൾ ഇരുന്നിരിക്കുന്നു.... ഒറ്റക്കുട്ടി ആയി വളരുകയും ,അതിനിടയിൽ വീട്ടിലെ ആരും തനിക് വേണ്ട വിധം സ്നേഹം നൽകുന്നില്ല എന്ന കാര്യവും അവളിൽ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുന്നു. ഏഴു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുടെ ഉള്ളിൽ ഇത്രയും വേദനകൾ ഉണ്ടായിരുന്നുവോ എന്ന് ഡോക്ടർ മെൽവിൻ അത്ഭുതപ്പെട്ടു ...
ഒരു ദീർഘ നിശ്വാസത്തോടു കൂടി ഡോക്ടർ പറഞ്ഞു ...മോൾടെ ഈ വിഷമത്തെ പറ്റി ഞാൻ അമ്മയോട് സംസാരിക്കാം..ഇനി ഒരു വേദനയും മോൾക്ക് ഉണ്ടാവില്ല.. അത് ഡോക്ടർ അങ്കിൾ മോൾക്ക് തരുന്ന പ്രോമിസ് ആണ് ...
വേണ്ട ...ഇതൊന്നും അമ്മയോട് പറയരുത് അങ്കിൾ പ്ലീസ്.. അമ്മ വഴക്ക് പറയും...
ആശ്ചര്യം ...,അത്രയും അവൾ ചിന്തിച്ചിരിക്കുന്നു.....അവളുടെ മനസ്സ് ഒരുപാട് മുറിപ്പെട്ടിരിക്കുന്നു ... അല്ല വൃണപ്പെട്ടിരിക്കുന്നു...
ഡോക്ടർ അവളുടെ നെറുകയിൽ തലോടി എന്നിട്ട് മെല്ലെ എഴുനേറ്റു പുറത്തേക്ക് നടന്നു ...
ഡോക്ടർ അങ്കിൾ....അവൾ വിളിച്ചു
എന്താ മാധു...
അമ്മയോട് ഒന്നും പറയരുതേ ....അവൾ വിതുമ്പലോടെ പറഞ്ഞു
ഇല്ല..ഒന്നും പറയില്ല ..
പ്രോമിസ് ???
മ്മ്..പ്രോമിസ് ..അങ്കിൾ പറയില്ല ..
തിരിഞ്ഞവളെ ഒന്നുകൂടി നോക്കി, ആ ദയനീയമായ കണ്ണുകൾ ഡോക്ടറെ തന്നെ നോക്കി കിടക്കുന്നുണ്ടായിരുന്നു. അവളുടെ ജീവിതത്തിലെ ആദ്യത്തെ കേൾവിക്കാരനെ അവൾ കാഴ്ച മറയുന്ന വരെ നോക്കി ...
അവൾ അറിയാതെ അവളുടെ മാതാപിതാക്കളോട് ഡോക്ടർ മെൽവിൻ സംസാരിച്ചു...ആ കുഞ്ഞുമനസിന്റെ നൊമ്പരങ്ങൾ ,,അവളിലെ ആത്മഹത്യയെ ചിന്തകൾ ,,എല്ലാം കേട്ടപ്പോൾ ആ അമ്മയും അച്ഛനും പൊട്ടി കരഞ്ഞു....
ആ കണ്ണീരിൽ ഡോക്ടർക്ക് ഉറപ്പുണ്ടായിരുന്നു...ഇനി മുതൽ അവളെ അവർ കൂടുതൽ സ്നേഹിക്കും എന്ന്
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു ആ വരാന്തയിലൂടെ അമ്മക്കും അച്ഛനും ഒപ്പം നടന്നു പോവുന്ന മാധുവിനെ മെൽവിൻ ഡോക്ടർ പുറകിൽ നിന്ന് നോക്കി നിൽക്കുന്നുണ്ടായിരുന്നു .പെട്ടന്നവൾ തിരിഞ്ഞു നോക്കി ...ഡോക്ടറെ കണ്ടു.. താൻ പറഞ്ഞ രഹസ്യങ്ങൾ, തന്റെ വേദനകൾ,എല്ലാം ഡോക്ടറുടെ മനസ്സിൽ ഭദ്രമായിരിക്കണം എന്നവൾ ആ നോട്ടത്തിലൂടെ പറഞ്ഞതായി ഡോക്ടർക്ക് തോന്നി .. അവൾക്കു നൽകിയ വാക്കു താൻ തെറ്റിച്ചു എന്നത് ആ കുഞ്ഞു മനസ്സൊരുക്കളും അറിയരുതേ എന്ന് ഡോക്ടർ പ്രാർത്ഥിച്ചു .
അവർ പോയ ഉടനെ ഡോക്ടർ കാറിന്റെ താക്കോൽ എടുത്തു ...വേഗത്തിൽ വണ്ടിയെടുത്തു പുറത്തേക്ക് പോയി...
വണ്ടി എത്തിയത് ലിറ്റിൽ ഹേർട്സ് എന്ന സ്കൂളിന്റെ ഗേറ്റിനു മുൻവശമായിരുന്നു ..
ഉച്ചത്തെ ലഞ്ച് ബ്രേക്ക് ആണ് ...കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ ഇടയിൽ ഡോക്ടർ മെൽവിൻ തന്റെ എട്ടുവയസുകാരി അന്നയെ തിരഞ്ഞു ...കാണുന്നില്ല...
ഒടുവിൽ ക്ലാസ് റൂമിലേക്ക് നടക്കാൻ ഒരുങ്ങിയ ഡോക്ടർ കണ്ടത് ,,ഒരു വലിയ മരത്തിന്റെ ചുവട്ടിൽ അവൾ തനിച്ചിരുന്നു മറ്റു കുട്ടികളുടെ കളികൾ നോക്കി ചിരിക്കുന്നു ....
അതെ തന്റെ അന്നയും മറ്റൊരു മാധുവാണ് എന്ന് അയാൾ തിരിച്ചറിഞ്ഞു....
തന്റെ ഏകമകൾ ..ഫ്ളാറ്റിലെ നാല് ചുമരുകളിൽ തലയ്ക്കപ്പെട്ട ബാല്യം ... അഡ്വക്കേറ്റ് ആയ ഭാര്യയും ഡോക്ടറായ താനും അവളെ നന്നായി നോക്കിയിരുന്നോ?? വിലപിടിപ്പുള്ള വസ്ത്തുക്കൾ വാങ്ങി കൊടുക്കുന്നതിലുപരി അവൾ ആഗ്രഹിക്കുന്ന കുഞ്ഞി സ്നേഹം പരിലാളനം ശ്രദ്ധയും എല്ലാം ഞങ്ങൾ കൊടുത്തിരുന്നോ...??അവൾക്ക് മറ്റുകുട്ടികളുമായി പൊരുത്തപ്പെടാൻ പറ്റുന്നില്ലയോ,, അങ്ങനെ നൂറായിരം ചോദ്യങ്ങൾ അയാളുടെ മനസിലൂടെ കടന്നു പോയി...അയാൾ പ്രിൻസിപ്പാലിനോട് സമ്മതം ചോദിച്ചു അന്നയെ കാറിൽ കയറ്റി ....
ആ കാറിന്റെ വളയം തിരിഞ്ഞത് അന്നയുടെ ബാല്യത്തിന്റെ നിറമുള്ള ഒരു തീരത്തേക്കായിരിക്കണം......
അന്നയും മാധുവും പോലെ എത്ര ബാല്യങ്ങൾ നമുക്കു ചുറ്റും ഉണ്ട് എന്ന ചിന്തിക്കണം.
******************************************************************************
ഇന്നത്തെ തലമുറയിൽ ഒറ്റക്കുട്ടി സമ്രദായം വളരെ കൂടുതൽ ആണ്... "നാം ഒന്ന് നമുക്ക് ഒന്ന് " എന്നാണല്ലോ വെപ്പ്..അച്ഛനും അമ്മയും ഒരു കുഞ്ഞും..,ഈ മൂന്നുപേർ അടങ്ങുന്ന ഒരു കുടുംബത്തിൽ പൂർണത അടങ്ങിയിരിക്കുന്നു എന്ന് പൊതുവെ ഒരു ധാരണയുണ്ട്..
ഒറ്റക്കുട്ടി മതി എന്ന് വെക്കുന്നവർക്ക് ഒക്കെ പറയാൻ ഒരു മഹത്തായ തത്ത്വം കൂടി ഉണ്ട്..'ഞങ്ങൾക്ക് ഒരു കുഞ്ഞു മതി, ഞങ്ങളുടെ സ്നേഹവും കരുതലും പങ്കിട്ട് പോവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല '..എന്തൊരു വിഡ്ഢിത്തരം ആണ് അത് ,,സ്നേഹം പങ്കിടാൻ ഉള്ളതല്ലേ?? ,,,മാതാപിതാക്കൾ എത്ര സ്നേഹിച്ചാലും,ഒരിക്കലും അവർക്ക് കുഞ്ഞിന്റെ ഒരു സഹോദരനോ സഹോദരിയോ ആവാൻ പറ്റില്ല... ഓരോരുത്തർക്കും ഓരോ സ്ഥാനം ഉണ്ട്,ഒറ്റകുട്ടിയായി കുഞ്ഞിനെ വളർത്താൻ നിങ്ങൾ തീരുമാനിക്കുന്നത്, ആ കുഞ്ഞിനോട് ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റാണ് എന്ന് ഞാൻ വിശ്വസിക്കുന്നു...
ഒറ്റകുട്ടിയുടെ സങ്കടം അറിയണമെങ്കിൽ ഒറ്റകുട്ടിയായി വളരുക തന്നെ വേണം..ഒന്ന് ചിന്തിച്ചു നോക്കു..ആ കുഞ്ഞ് ജീവിതത്തിന്റെ വഴികളിൽ എല്ലാം തനിച്ച് യാത്ര ചെയ്യേണ്ടി വരില്ലേ...ഒറ്റക്ക് ഭക്ഷണം കഴിക്കണം...ഒരു മിഠായി കിട്ടിയാൽ അത് കൂടെപ്പിറപ്പിന് പങ്കിട്ട് കൊടുത്തു കഴിക്കുന്നതിന്റെ സുഖം ആ കുട്ടിക്ക് ഒരിക്കലും അനുഭവിക്കാൻ പറ്റില്ല..,ടി.വി കാണുമ്പോൾ റിമോട്ടിന് വേണ്ടി അടിയുണ്ടാക്കാൻ ആരുമുണ്ടാവില്ല.,പുറത്തു പോയാൽ നല്ല കാഴ്ചകൾക്ക് നേരെ കൈചൂണ്ടി കാണിച്ചു കൊടുത്തു കിന്നാരം പറയാൻ ആരുമില്ലാതെ പോവും,,ഇടയ്ക്ക് ഒക്കെ പരസ്പരം കുറുമ്പ് കാണിച്ചു കൊണ്ട് ഓടിനടക്കാനും ആരുമുണ്ടാവില്ല,,രാത്രി കിടക്കുന്നതിന്റെ മുൻമ്പ് തലയിണ കൊണ്ടുള്ള യുദ്ധത്തിനും ആരുമുണ്ടാവില്ല.., വഴക്കിട്ട് കഴുത്തിന് പിടിച്ച ഞെരിക്കാനും മുടി പിടിച്ച വലിക്കാനും നടുപ്പുറത്ത് അടിച്ച് പുറം പള്ളിപ്പുറം ആക്കാനും ഒടുവിൽ പോയി അമ്മയുടെ പിറകിൽ ഒളിക്കാനും ഒന്നും പറ്റാതെ ഉള്ള ബാല്യം എന്ത് ബാല്യമാണ്..
ഓണം,വിഷു,റംസാൻ,ബക്രീദ്,ക്രിസ്മസ്,ദീപാവലി അങ്ങനെ ഉള്ള ഉത്സവ ദിനങ്ങളിൽ ടിവിയുടെ മുന്നിലോ വീടിന്റെ ഏതെങ്കിലും ഒരു മൂലയിലോ ഇരിക്കാൻ മാത്രം വിധിക്കപെടും അവർ..കല്യാണത്തിന് പോവുമ്പോൾ വധുവരന്മാരുടെ സഹോദരങ്ങൾ അവിടെ തിളങ്ങുന്ന കാഴ്ചകൾ കാണുമ്പോൾ ആഗ്രഹിക്കും എനിക്ക് എന്റെ കൂട്ടുകാരെ ഒക്കെ വിളിച്ച് എന്റെ വീട്ടിൽ ഒരു കല്യാണം അടിച്ചു പൊളിക്കാൻ കൂടെപ്പിറപ്പ് ഇല്ലാലോ എന്ന്.. അല്ലെങ്കിലും ഒരു സങ്കടം വന്നാൽ പറഞ്ഞു കരയാൻ ഒരു സാഹോദര്യ സാന്നിദ്ധ്യം എത്ര സുഖം ഉള്ളതാണ്.. സ്കൂൾ പൂട്ടുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടാവും പലർക്കും,വീട്ടിൽ തനിച്ചാണല്ലോ എന്ന് ഓർത്ത്..
ഇത് വായിക്കുമ്പോൾ നിങ്ങളിൽ പലരും ചിന്തിക്കും,,,ഏയ് എന്റെ കുഞ്ഞിന് അങ്ങനത്തെ സങ്കടം ഒന്നും ഉണ്ടാവില്ല,ഞങ്ങൾ അവനെ/അവളെ പൊന്നു പോലെ അല്ലേ നോക്കുന്നത് എന്ന്.......പക്ഷെ എത്ര പൊന്നുപോലെ നോക്കിയാലും ഒരിക്കൽ എങ്കിലും ഒരു ഒറ്റക്കുട്ടി ചിന്തിച്ചിരിക്കും എനിക്ക് ഒരു ഏട്ടനോ,അനിയത്തിയോ,ചേച്ചിയോ,അനിയനോ ഉണ്ടായിരുന്നു എങ്കിൽ എന്ന്...ആ ചിന്ത എന്ന് ഒരു കുട്ടിയിൽ ഉണ്ടാവുന്നുവോ അന്നുമുതൽ ആ വേദന പിന്നീട് പൊള്ളിച്ചു കൊണ്ടേ ഇരിക്കും,,
ബാല്യം നന്നായാൽ എല്ലാം നന്നായി എന്ന് പറയും...അടിത്തറയ്ക്ക് ബലം വേണം...ഇല്ലേൽ കെട്ടുറപ്പുണ്ടാവില്ല..നല്ല ബാല്യം നൽകുക,ഏട്ടന്റെ കുഞ്ഞി പെങ്ങളായി വിരൽ തുമ്പു പിടിച്ചു നടക്കാനും,അനിയനുമായി തല്ലുകൂടാനും,ചേച്ചിയുടെ മുടി പിടിച്ചു വലിക്കാനും, അനിയത്തിയെ കണ്ണെഴുതി പൊട്ടുകുത്താനും, കഴിയാത്ത ബാല്യം നഷ്ടം തന്നെയാണ്.... ഇങ്ങനെ ഉള്ള കുട്ടികളുടെ ഏറ്റവും വല്ല്യ ദൗർബല്യം സ്നേഹം തന്നെ ആയിരിക്കും,,ചിലർ സ്വാർത്ഥന്മാരും ആയേക്കാം...
ഇത് വായിക്കുമ്പോൾ ആരുടെ എങ്കിലും ഒറ്റക്കുട്ടി മതി എന്ന ചിന്ത മാറിയാലോ,,ഉള്ള ഒറ്റ കുട്ടിയെ ആണെങ്കിൽ പോലും അവരുടെ കുഞ്ഞി കുഞ്ഞി ആഗ്രഹങ്ങളെ കാണാൻ കഴിഞ്ഞെങ്കിൽ അതാണ് എന്റെ പ്രാർത്ഥന..
ഒറ്റക്കുട്ടി മതി എന്ന തീരുമാനത്തിൽ വൈകിയ വേളകളിൽ എത്തുന്ന ചില മാതാപിതാക്കൾ ചെയ്യുന്ന ഒരു മഹാപാപം ഉണ്ട് 'ഭ്രൂണഹത്യ'..,,ഉദരത്തിൽ പിറവി കൊണ്ട ജീവനെ നിഷ്കരുണം ഇല്ലാതെ ആക്കുക ,,അല്ല കൊല്ലുക,,അങ്ങനെ വേണം പറയാൻ …ചെയ്യരുത് ആ പാപം ,അവർ ജനിക്കട്ടെ..നാളെ നമുക്ക് താങ്ങാവേണ്ടവർ ആയിരിക്കാം അവർ .
ഒരു തുള്ളി കണ്ണുനീരിന്റെ മൗനം പേറി തനിച്ച് ഒരു അന്തർമുഖനായി കുഞ്ഞുങ്ങൾ വളരാതിരിക്കട്ടെ... സഹോദരങ്ങളുടെ കൂടെ കളിച്ചും ചിരിച്ചും സ്നേഹിച്ചും ഒക്കെ അവർ വളരട്ടെ....
-അർച്ചന ശമീപത്ര-

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo