യക്ഷി | Sreeja K Mangalath

 

ശാന്തമായൊഴുകുകയായിരുന്നു കുന്നിപ്പുഴ. 
നീശീഥിനിയുടെ കറുത്തിരുണ്ട മുടിയിഴകൾ കോതി, മെല്ലെ വീശുന്ന തണുത്ത കാറ്റിൽ കൈതപ്പൂവിൻ്റെ മാദകഗന്ധം.
ചെറിയ നിലാവത്ത് തികച്ചും അലൗകികമായി ധ്യാനാവസ്ഥയിൽ നിൽക്കുന്ന തപസ്വികളെപ്പോലെ കരിമ്പനകളുടെ നീണ്ട നിഴലുകൾ.
പെട്ടെന്നെവിടെനിന്നോ ചീറിപ്പാഞ്ഞുവന്ന ഇരുണ്ട രൂപം പുഴയ്ക്കരികെയെത്തി പെട്ടെന്ന് നിന്നു. 
അതൊരു മനുഷ്യനാണ്. ആറടിയോളം പൊക്കമുള്ള ആരോഗ്യ ദൃഢഗാത്രൻ!
കൈയ്യിൽ ഒരു ഭാണ്ഡവുമുണ്ട്!
എന്തിനെയോ കണ്ട് ഭയന്നപോലെ അയാൾ വീണ്ടും വീണ്ടും തിരിഞ്ഞ് തിരിഞ്ഞ് വന്ന വഴിയിലേയ്ക്ക് നോക്കിക്കൊണ്ടുതന്നെ പുഴവക്കിലേയ്ക്കിറങ്ങി, ഇരുകൈകളിലുമായി വെള്ളമെടുത്ത് മുഖംകഴുകിയശേഷം, കുറച്ച് വെള്ളവും കുടിച്ച് കിതപ്പാറ്റി.
അപ്പോഴേയ്ക്കും ആരൊക്കെയോ ഓടിവരുന്നതായുള്ള ശബ്ദങ്ങൾ അടുത്തെത്തിയിരുന്നു. കരിമ്പനക്കൂട്ടങ്ങൾ ഒന്നാകെ ഇളകിയാടി.
അയാൾ ഭയന്ന് ഞെട്ടിയെഴുന്നേറ്റു. നിമിഷങ്ങൾ പാഴാക്കാതെ ഓട്ടം തുടർന്നു.
അയാൾക്കുപിറകിൽ കുറ്റിക്കാടുമൊത്തം ഇളകിയാർത്തുപായുമ്പോലെ ഒരു ഇരുട്ടുകൂമ്പാരം..
എന്താണത്?
വേട്ടപ്പട്ടികൾ!
അഞ്ചെട്ടെണ്ണമുണ്ട്!
അയാൾ അവയുടെ തേറ്റയിൽത്തീരും അതുറപ്പാണ്!
അവ അയാളെ കണ്ടുകഴിഞ്ഞു!
ഭാണ്ഡത്തിൻ്റെ കനംമൂലം അയാൾ ക്ഷീണിച്ചുപോയിരുന്നു.
തളർന്ന കാലുകളുമായി ഒരു കുന്നിൻപ്രദേശത്തിലേയ്ക്ക് ഓടിക്കയറിയ അയാൾ, അവിടെയാദ്യം കണ്ട വൃക്ഷത്തിലേയ്ക്കുതന്നെ വലിഞ്ഞുകയറി. 
വൃക്ഷത്തിന്റെ ചുവട്ടിലേയ്ക്കുപോലും വരാതെ ഏതോ അദൃശ്യശക്തിയാൽ വലിച്ചുനിർത്തിയപോലെ അവറ്റകൾ വൃക്ഷക്കൊമ്പിലിരിയ്ക്കുന്ന അയാളെ നോക്കി, തേറ്റകൾ കാട്ടി കുരച്ചുചാടി. 
ഒരു ഞൊടിയിൽ, എവിടെനിന്നോ പൊട്ടിവീണ കനമുള്ള മരച്ചില്ലയുടെ ഒരു കഷണം ആ വേട്ടപ്പട്ടികൾക്കും വൃക്ഷത്തിനും ഇടയ്ക്കൊരു വരമ്പുതീർത്തു.
എന്തോ അരുതാത്തതുകണ്ടതുപോലെ അവറ്റകൾ ഭയന്ന് മോങ്ങിക്കൊണ്ട് ആദ്യമൊന്ന് പിന്നോട്ട് മാറി പിന്നെ ശാന്തരായി തിരിച്ചുപോയി.
ഇതുകണ്ട് വൃക്ഷക്കൊമ്പിൽനിന്നും ആശ്വാസത്തോടെ ഇറങ്ങാൻ തുനിഞ്ഞ
അയാളെ ഒരു ശബ്ദം തടഞ്ഞു.
"നീയാരാണ്?...ഇവിടെയെന്തിനു വന്നു?"
അപ്പോൾ വീശിയകാറ്റിന് പാലപ്പൂവിൻ്റെ ഗന്ധമായിരുന്നു.
ചുഴലുന്ന കാറ്റിൽ തനിക്ക് മോഹാലസ്യം വന്നുപോവുമോയെന്നയാൾ അതിയായി ഭയന്നു.
കാലുകൾ തളർന്ന് വീഴാനൊരുങ്ങിയ അയാളെ അരികിലേയ്ക്ക് നീണ്ടുവന്ന തണുത്ത മൃദുകരങ്ങൾ കോരിയെടുത്തു.
തന്നെ താങ്ങിയെടുത്ത കൈകളുടെ ഉടമയെ അയാൾ ക്ഷീണിച്ചകണ്ണുകളോടെ നോക്കി.
ഒന്നേ നോക്കിയുള്ളൂ.. അയാളൊന്നമ്പരന്ന് ആ കൈകളിൽനിന്നൂർന്ന്, നിവർന്നു നിന്നു.
ഇതാ മുന്നിൽ!
താമരയിതൾപോലെയുള്ള വിടർന്ന മിഴികളിൽ ,
ചെമ്പരത്തിച്ചോപ്പണിഞ്ഞ ചുണ്ടുകളിൽ, കുസൃതിച്ചിരിനിറച്ച് ഒരു സുന്ദരി.
മുണ്ടും മുലക്കച്ചയും കെട്ടി,
കരിനിറമാർന്ന നീണ്ടുലഞ്ഞമുടിയിൽ ഞാന്നിട്ട മുല്ലപൂക്കളുമായി.. അവൾ വീണ്ടും അവൻ്റെ അരികിലേയ്ക്ക് നീങ്ങി നിന്നു ചോദ്യം ആവർത്തിച്ചു.
"നീയാരാണ്....ഈ അർദ്ധരാത്രിയിൽ നീയിവിടെപ്പോകുന്നു?"
ലേശം ഭീതിയോടെയായിരുന്നെങ്കിലും അവളുടെ ചോദ്യം അയാളെ ചൊടിപ്പിച്ചതുകൊണ്ട്, പെട്ടെന്ന് അവളോടൊരു മറുചോദ്യം ചോദിക്കുകയാണയാൾ ചെയ്തത്. 
"ഞാനാരോ ആവട്ടെ! നിന്നെപ്പോലൊരു പെണ്ണ് ഈ അർദ്ധരാത്രിയിൽ ഈ വിജനതയിലെ ഇരുട്ടിൽ എന്തിനു വന്നു?"
"ഹഹഹഹഹഹ ഹതു കൊള്ളാം... എന്നോടോ ചോദ്യം...ഞാനിവിടത്തെ കടത്തുകാരിയാണ്. എൻ്റെ പിതാവിൻ്റെ കടത്തുതോണിയാണ് ആ കാണുന്നത്. ഇന്ന് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുള്ളതുകൊണ്ട് ഞാൻ വന്നുവെന്നേയുള്ളൂ.. നിങ്ങൾക്ക് പോകേണ്ടത് കുന്നിപ്പുഴയുടെ അക്കരേയ്ക്കാണോ.... വേഗം പറയണം.. സമയം പോകുന്നു.."
അവളുടെ പൊട്ടിച്ചിരിച്ചുകൊണ്ടുള്ള ആ മറുപടി പക്ഷേ, അയാളെ വിശ്വസിപ്പിക്കാൻ തക്കതായിരുന്നില്ല. 
"എനിക്ക് മേലാങ്കോട് ദേശത്തേയ്ക്കാണ് പോകേണ്ടത്. അവിടെ മേലാങ്കോട് അച്ചംപടി മൂത്തനായരുടെ വക വിശിഷ്ടമായൊരു പൂജ നടക്കുന്നുണ്ട്. അതിൽ പങ്കെടുക്കാനാണ് പോകുന്നത്. പുലർച്ചെ അവിടെയെത്തണം...ഇപ്പോൾത്തന്നെ വളരെ വൈകി... ആ വേട്ടപട്ടികൾ എവിടെ നിന്നു വന്നുവെന്നറിയില്ല! അവറ്റകൾ എന്നെ വഴിതെറ്റിച്ചതാണ്!"
"ഓഹ്...മേലാങ്കോട്... അറിയാം... കുന്നിപ്പുഴയ്ക്കക്കരെച്ചെന്ന് ഒരിരുന്നൂറ് വാര കിഴക്ക് മാറി ഒരു ദേവീക്ഷേത്രമുണ്ട്. അവിടെനിന്ന് വടക്ക് നേരെനോക്കിയാൽ കാണുന്ന മാളിക അച്ചംപടിക്കാരുടേത്... സമയം പാഴാക്കേണ്ട...കയറിക്കോളൂ...."
വഴി കൃത്യമായിപ്പറഞ്ഞുതന്നതുകൊണ്ടോയെന്തോ അയാൾ ആശ്വാസത്തോടെ അവളെനോക്കി പുഞ്ചിരിച്ചുകൊണ്ട്, താഴെ വീണുപോയ തൻ്റെ ഭാണ്ഡമെടുത്ത് തോളിലിട്ട് പുഴയ്ക്കരികിലെ തോണിയിലേയ്ക്ക് കടന്നിരുന്നു. അയാളോടൊപ്പം അവളും പങ്കായവുമെടുത്ത് തോണിയിലേയ്ക്ക് കയറി പാങ്ങ്നോക്കിയിരുന്നു. 
മാനത്ത് അമ്പിളി, മേഘങ്ങളുടെ മറ നീക്കി മെല്ലെ പുറത്തു വന്നു. നിലാവിൻ്റെ ഇത്തിരിവെട്ടത്തിൽ അയാളവളെ മുഴുവനായിക്കണ്ടു.
അതിസുന്ദരി!
ആ ധൈര്യം ആകർഷണീയമാണ്.
അവളെനോക്കിയിരിക്കുമ്പോൾ,
ആ കണ്ണുകളിലേയ്ക്ക് നോക്കുമ്പോൾ, അനിർവചനീയമായ ഒരാനന്ദം അയാളനുഭവിച്ചു.
ഏതോ ഒരു സുഗന്ധം അവരെ ചുഴിഞ്ഞു നിന്നു. 
"എന്താണാലോചിക്കുന്നത്? ഭയംവേണ്ട! ശരിയായ സമയത്ത് തന്നെ അവിടെയെത്തിച്ചേരാൻ കഴിയും! "
അവൾ അക്കരേയ്ക്ക് കൈചൂണ്ടി അയാളോട് പറഞ്ഞു.
"നിങ്ങൾ പേര് പറഞ്ഞില്ല?..."
നിലാവണിഞ്ഞ പുഴയിൽ, വിടർന്നുനിൽക്കുന്ന ആമ്പൽപൂക്കൾക്കിടയിലൂടെ മെല്ലെത്തുഴഞ്ഞ് നീങ്ങുമ്പോൾ, അവയിലൊന്ന് പറിച്ച് അയാൾക്ക് നീട്ടി അവൾ ചോദിച്ചു.
"ഞാൻ ഉത്തമവേദൻ.... മേലാങ്കുളത്ത്ന്ന്..വേദമന്ത്രങ്ങൾ പഠിക്കുന്നു..."
"ഈ ഭാണ്ഡത്തിൽ എന്താണ് മന്ത്രഗ്രന്ഥങ്ങളാണോ?..."
"അതെ...."
പിന്നെയും കുശലാന്വേഷണങ്ങൾ... ചിരികളിവർത്തമാനങ്ങൾ...
ഈ സംഭാഷണങ്ങളും, കുളിർനിലാവും അവസാനിക്കാതിരുന്നെങ്കിലെന്ന് അയാൾ ഒരു നിമിഷം അതിയായി മോഹിച്ചുപോയി. 
കൈയ്യിരുന്ന ആമ്പലിൽ മുത്തമിട്ട് അയാൾ അവളെനോക്കിയിരുന്നുപോയി.
ആ സൗന്ദര്യത്തിൽ ലയിച്ചങ്ങിനെ....
അതിനിടയ്ക്ക്, കൈയ്യിലുള്ള ഭാണ്ഡം ഊർന്ന് തോണിയിൽനിന്നും വെള്ളത്തിലേയ്ക്ക് വീണതുപോലുമറിയാതെ!
അപ്പോഴും തോണി കുന്നിപ്പുഴയുടെ കുഞ്ഞോളങ്ങളിലൂടെ മെല്ലെ നീങ്ങുകയായിരുന്നു.
തോണി ഏകദേശം മദ്ധ്യത്തിലായി.
ഒരു മോഹവലയത്തിൽപ്പെട്ടതുപോലെ ഉത്തമവേദനും അവളും... 
അയാളുടെ കരവലയത്തിനുള്ളിലായിരുന്നു അവൾ.
"നിൻ്റെ പേരെന്താണ് പെണ്ണേ...." 
പ്രേമപരവശ്യതയോടെ അവളുടെ കാതോരം മുഖംചേർത്ത് അയാൾ ചോദിച്ചു.
"സുഗന്ധിനി..." 
ഒരു വാടിയ താമരത്തണ്ടുപോലെ അയാളുടെ കൈകളിലൊതുങ്ങി അവൾ മെല്ലെ മൊഴിഞ്ഞു.
"പേരുപോലെത്തന്നെ നിനക്ക് വല്ലാതെ മോഹിപ്പിക്കുന്നൊരു സുഗന്ധമുണ്ട്..." അയാൾ അവളെ നെഞ്ചോടുചേർത്ത് പറഞ്ഞു.
ആ ലാസ്യരാത്രിക്കാഴ്ച കാണാൻ വയ്യാതെ അമ്പിളി നാണത്തോടെ വീണ്ടും മേഘങ്ങളിലൊളിച്ചു.
മെല്ലെ വീശുന്ന തണുത്ത കാറ്റിൽ ആടിയുലഞ്ഞ് അവരുടെ തോണി ദിക്കറിയാതെയൊഴുകിനീങ്ങി.
"ഹഹഹഹഹഹഹ...."
ഘോരമായ അട്ടഹാസം എവിടെയോ മുഴങ്ങിയോ?
!!!

°°°°°°°°°°°°°°°°
ആളിക്കത്തുന്ന ഹോമകുണ്ഠത്തിനരികിലായിരുന്നു വാസവദത്തനും കൂട്ടരും.
വാഴപ്പോളകൊണ്ട് അലങ്കാരങ്ങൾ തീർത്ത ചുറ്റുപന്തലിൽ അച്ചംപടി തറവാട്ടിലെ കുടുംബാംഗങ്ങളെല്ലാം സന്നഹിതരായിട്ടുണ്ട്. 
രക്തവർണ്ണമാർന്ന മന്ത്രക്കളത്തിൽ ചുടലകാളിയുടെ രൂപത്തിനരുകിൽ ഒരു ചുവന്ന പട്ട് നീളത്തിൽ ഒരാൾരൂപത്തിനുമേൽ വിരിച്ചിരിയ്ക്കുന്നു. അതിനു ചുറ്റുമായി ഇരുപത്തിയൊന്ന് നിലവിളക്കുകൾ തെളിച്ചുവെച്ചിരിയ്ക്കുന്നു. 
വലതുവശത്ത് വലിയ ഉരുളിയിൽ കുങ്കുമവും മഞ്ഞളും ചേർത്ത ഗുരുതിയും നാക്കിലയിൽ നിറച്ച് ചുവന്ന തെച്ചിയും ഒരുക്കിവെച്ചിട്ടുണ്ട്.
ആരെയോ കാത്തിരിയ്ക്കുകയാണോ എല്ലാവരും?
പടിപ്പുരയിലേയ്ക്ക് ഇടയ്ക്കിടെ വാസവദത്തനും നോക്കുന്നുണ്ട്. 
"എവിടെ ഉത്തമവേദൻ! സമയം ഇനിയധികമില്ല!
ഇനി കാത്തിരിയ്ക്കാനാകില്ല! 
ക്ഷമകെട്ട്, ഒടുവിൽ അദ്ദേഹം മന്ത്രക്കളത്തിലെ പീഠത്തിലേയ്ക്കിരുന്നു. 
കൈകൾ വായുവിലേയ്ക്കെറിഞ്ഞ് ചുഴറ്റികൊണ്ട് മന്ത്രങ്ങളോരോന്നായി ഉരുവിടാൻ തുടങ്ങിയ അദ്ദേഹം, പൂജാകർമ്മങ്ങളിലേയ്ക്ക് വേഗം തന്നെ കടന്നു. 

"ഓം ഹ്രീം... കാളീം...ലയകരീം.....
ഓം...ഹ്രീം...ക്രീം.. ക്ലീം..."
ചുറ്റിലുമുള്ളവർ ഭയഭക്തിയോടെ കൈകൾകൂപ്പി അത് കണ്ടുനിന്നു.
സഹായി പെരുമാളും ഉദയനന്ദനും പരസ്പരം ഭീതിയോടെ നോക്കിനിൽക്കുകയായിരുന്നു അപ്പോൾ.

ഇനിയും ഉത്തമവേദൻ വരാൻ വൈകുന്നതെന്താണ്? ഇനി വൈകിയാൽ അദ്ദേഹത്തിന്റെ ജീവന് ആപത്താണ്. 
പെട്ടെന്ന്! ആകാശത്ത് വെള്ളിടിവെട്ടി!
കണ്ണഞ്ചിക്കുന്ന പ്രകാശം അവിടമാകെയൊഴുകിയെത്തി.

നൂറുസൂര്യൻമാരൊന്നിച്ചുദിച്ചപോലെ ഒരു ഞൊടി, എല്ലാവരിലും കാഴ്ചകൾ മഞ്ഞച്ചുപോയി.
ആ പ്രകാശമൊന്ന് മങ്ങിയപ്പോഴാണ് നിറഞ്ഞ് കത്തുന്ന ഇരുപത്തൊന്ന് നിലവിളക്കും ശ്രീഭദ്രകാളിയ്ക്ക് ഗുരുതിയുഴിയുന്ന വാസവദത്തനേയും പട്ടിൽമൂടിയ ആൾരൂപത്തിന് അനക്കം വെച്ചുവരുന്നതും കാണുന്നത്!
എല്ലാ കണ്ണുകളിലേയും ഭീതി, സന്തോഷത്തിലേയ്ക്ക് വഴിമാറി.
ഉവ്വ്! 
ഉത്തമവേദൻ തിരിച്ചുവന്നിരിയ്ക്കുന്നു.
അദ്ദേഹത്തിന്റെ ശരീരത്തിലേയ്ക്ക് ജീവൻ തിരിച്ചുകയറിയിരിയ്ക്കുന്നു. 

പട്ട് നീക്കി ഒരു ഉറക്കച്ചടവിലെന്നപോലെയെഴുന്നേറ്റു വന്ന ആ യുവകോമളൻ്റെ കൈയ്യിൽ ഒരു താമരപ്പൂ!
വാസവദത്തൻ അത് ഇരുകൈകളിലുമായി വാങ്ങി ഹോമകുണ്ഠത്തിലേയ്ക്കിട്ടു.
ശ്രീഭദ്രകാളിയ്ക്ക് നമസ്കാരമരുളി ക്ഷീണസ്വരത്തിലെങ്കിലും സന്തോഷവാനായി ആ യുവാവ് എല്ലാവരോടുമായി പറഞ്ഞു.
"ഞാൻ ഉത്തമവേദൻ വാക്കു പാലിച്ചിരിയ്ക്കുന്നു!പോയ ഉദ്യമം വിജയിപ്പിച്ച് തിരിച്ചു വന്നിരിയ്ക്കുന്നു! നമ്മുടെ ദേശത്തിന്റെ നന്മയ്ക്കായി ഈ ഉദ്യമത്തിനായി,
പരകായപ്രവേശത്തിനായി, തൻ്റെ മരിച്ചുപോയ സ്വപുത്രനായ വീരശർമ്മൻ്റെ ജഢശരീരം എനിക്കായി നൽകിയ അംബാലികാമ്മയെ എങ്ങനെ മറക്കും! ആ ജഢശരീരമെനിക്ക് കുന്നിപ്പുഴയിൽ ഉപേക്ഷിയ്ക്കേണ്ടിവന്നു. ആദ്യംതന്നെ ആ പാതകത്തിന് ആ അമ്മയോട് ഞാൻ ക്ഷമചോദിക്കുന്നു. വേറെ വഴിയില്ലായിരുന്നു!
ആ രൂപത്തിൽ പ്രവേശിച്ച് സുഗന്ധികയെ കബളിപ്പിച്ചൊടുക്കി!
സുഗന്ധിക ഇനിയില്ല!
ആ യക്ഷിസ്വരൂപം ഞാൻ ബന്ധിച്ചിരിയ്ക്കുന്നു!
അവളെ കുന്നിപ്പുഴയ്ക്കക്കരെ പാലയിൽ സർവ്വബന്ധനമന്ത്രമിട്ട് ആണിതറച്ച് എന്നന്നേയ്ക്കുമായി ബന്ധിച്ചിരിയ്ക്കുന്നു!
കുന്നിപ്പുഴയും പരിസരദേശങ്ങളും മുക്തമായി. മംഗളമായി എല്ലാം...."
അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിച്ച് എല്ലാവരും സന്തോഷത്തിൽ ആർപ്പുവിളിനടത്തി. 
കളഭചന്ദനങ്ങളുടെ സുഗന്ധമൊഴുകുന്ന പൂജാസമയം. ധ്യാനമൂർത്തിയെ മനസ്സിലേയ്ക്കാവാഹിച്ച് ഉത്തമവേദൻ ഇരുകൈകളും കൂപ്പി മന്ത്രങ്ങളുരുവിടുമ്പോൾ ..
ദൂരെ...ദൂരെ... കരിമ്പനകളെ ചൂഴ്ന്ന് മറ്റൊരു കനത്ത മണൽക്കാറ്റ് വീശിയടിച്ച് കുന്നിപ്പുഴയിലേയ്ക്കിറങ്ങി.
ആമ്പൽകൂട്ടങ്ങൾ ഓളങ്ങളിൽ, താളത്തിലാടുമ്പോൾ... ആമ്പൽമൊട്ടുകളിൽ ഏറ്റവും ഭംഗിയേറിയയൊന്നിനെ കൈനീട്ടിവലിച്ച് ഒരുവൾ തോണിതുഴയുന്നുണ്ടായിരുന്നു.
കുന്നിപ്പുഴയുടെ ഹൃദയത്തിലേയ്ക്ക്!

............●..........
#ശ്രീജകെമംഗലത്ത്
23.1.2021

സമയപാലകർ (കഥ)


സമയബാങ്ക് എന്ന ആശയം ആദ്യമുദിച്ചത് രാമാനന്ദൻ്റെ മനസ്സിലാണെങ്കിലും പതിയേ അത് കിരണിലേക്കും കാർത്തികയിലേക്കും മനാഫിലേക്കും  ഡെയ്സിയിലേക്കും ഒഴുകിത്തുടങ്ങി. ആശയ രൂപീകരണം
മിക്കപ്പോഴും  ഒരു നദിപോലെയാണ്. ഉത്ഭവത്തിൻ്റെ താമസമേയുള്ളൂ, പിന്നീടത് അനർഗളം ഒഴുകിക്കൊണ്ടിരിക്കും.

അറ്റ് യുവർ സർവീസ് എന്ന നാമത്തിൽ അതൊരു ട്രസ്റ്റാവാൻ അധിക സമയം വേണ്ടി വന്നില്ല. സമയബാങ്കിൽ ആർക്കും സമയം എടുക്കുകയും കൊടുക്കുകയും ചെയ്യാം

ജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ ഏകാന്തതയുടെ കൂടാരത്തിൽ കഴിയുന്ന പലർക്കും സമയം എടുക്കാനും കൊടുക്കാനുമുള്ള ഇടത്താവളമായി സമയ ബാങ്ക് മാറി . അവസാന നാളുകളിൽ വീട്ടിലൊ ആശുപത്രിയിലോ ഒറ്റപ്പെടുന്നവർ ,ഏതാനും മണിക്കൂർ കൊച്ചു കുട്ടികളെ നോക്കാൻ ആളില്ലാത്തവർ , പുറത്തെ കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിയാത്തവർ ഇവരൊക്കെ അറ്റ് യുവർ സർവീസിൻ്റെ ഉപഭോക്താക്കളായി മാറി.

 പതിയെപ്പതിയെ അറ്റ് യുവർ സർവീസ് സിറ്റിയിൽ പലരുടേയും പ്രിയപ്പെട്ട സംഘടനയായി മാറി. മരണക്കിടക്കയിൽ കഴിയുന്നവരോട് പോലും തങ്ങളുടെ സ്വകാര്യതകൾ വെളിപ്പെടുത്താതെ അവരെ പരിചരിച്ചു പോന്നു. അവസാന നിമിഷങ്ങളിൽ ആരോ ചിരിച്ച മുഖവുമായി തങ്ങൾക്കരുകിലിരുന്ന് ആവശ്യങ്ങൾ നിറവേറ്റി എന്നു മാത്രം അവർ മനസ്സിലാക്കിയിൽ മതി.

 സുതാര്യമായ നടത്തിപ്പിനുവേണ്ടി സമയം കൊടുക്കുന്നതിൻ്റേയും വാങ്ങുന്നതിൻ്റേയും കൃത്യത വൃത്തിയായി സൂക്ഷിക്കാൻ അവർ മറന്നിരുന്നില്ല. മാത്രമല്ല  ആരോഗ്യം തിരിച്ചു കിട്ടുന്ന ഉപഭോക്താക്കൾ  അവർക്ക് സൗകര്യമുള്ള സമയത്ത് സമയം  തിരിച്ചു നൽകണം എന്ന വ്യവസ്ഥയിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്.ക്രെഡിറ്റുകൾ ഡെബിറ്റുകളാക്കുന്ന തന്ത്രമാണല്ലോ ബാങ്കിൻ്റെ നിലനിൽപിനാധാരം. ആരോരുമില്ലാതെ മരണപ്പെടുന്ന ഉപഭോക്താക്കളുടെ സേവനം എഴുതിത്തള്ളാറുമുണ്ട്. 

പോവുന്നതിനു മുൻപ് ആവശ്യക്കാരുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും അറിയാൻ ശ്രമിക്കാറുണ്ടെങ്കിലും
രണ്ടു ദിവസത്തിൽ കൂടുതൽ ഒരാൾ ഒരു സ്ഥലത്തു തുടരില്ല. മൂന്നാമത്തെ ദിവസം  കാര്യങ്ങളെല്ലാം മറ്റൊരാളെ അറിയിച്ച് അങ്ങോട്ടു വിടും. അതാണ് പതിവ്. അംഗങ്ങളെല്ലാം വിവിധ ജോലികളിലേർപ്പെട്ടവരായതുകൊണ്ട് തുടർച്ചയായി സമയം കടം കൊടുക്കാൻ സാധിക്കില്ലെന്നു മാത്രമല്ല തുടർച്ച പേരറിയാത്ത ബന്ധങ്ങളിലേക്കും കടപ്പാടുകളിലേക്കും  നയിക്കുമെന്നതും ഈ നിയമത്തിനൊരു കാരണമായി.

അന്ന്  ഗുരുവായൂരിനടുത്തുള്ള  സ്യമന്തകത്തിലേക്ക് തിരിക്കുമ്പോൾ ഡെയ്സി ജ്ഞാനപ്പാനയുടേയും കൃഷ്ണ സ്തുതിയുടേയും പെൻ ഡ്രൈവ് കയ്യിൽ കരുതിയാണ് യാത്ര തിരിച്ചത്. താൻ
 ഓൺലൈൻ ജോലിയിൽ തലപൂഴ്ത്തുന്ന സമയത്ത് ഭക്തമീരയായ മീരാഭായിക്ക് ഈ പാട്ടുകൾ വെച്ചു കൊടുക്കാമല്ലോ എന്നോർത്തു കയ്യിൽ കരുതിയതാണ്.

അപ്രതീക്ഷിതമായി ഏതാനും ദിവസത്തേക്ക് ജോലിയിൽ നിന്ന് വിട്ടു നിൽക്കേണ്ട സാഹചര്യം വന്നപ്പോൾ ഹോം നഴ്സ് , ലതിക അറ്റ് യുവർ സർവീസിനെ വിളിച്ച്  അവരെ ഏല്പിച്ചപ്പോൾ വിവരങ്ങളെല്ലാം  നൽകിയതുകൊണ്ട്ത
ന്നെ കാര്യങ്ങൾ എളുപ്പമായി.


കോളിങ്ങ് ബെല്ലിൽ വിരലമർത്തിയെങ്കിലും പെരുകുന്ന കോശങ്ങളുടെ പിടിയിലമർന്ന് വേദന കാർന്നു തിന്നുന്ന ശരീരത്തിനുടമയായതിനാൽ അവർ എഴുന്നേറ്റ് വന്ന് വാതിൽ തുറക്കാൻ ഏറെ സമയമെടുത്തു.
രാവിലെ എടുക്കേണ്ട ഇഞ്ചക്ഷൻ്റെ സമയം തെറ്റൽ അവരെ വേദനയുടെ അഗാധതയിലേക്ക് തള്ളിയിട്ടതു മനസ്സിലാക്കിയ അവൾ പെട്ടെന്ന് തന്നെ അത് നൽകി. ലതിക പറഞ്ഞ സമയം പാലിക്കാൻ വൈകിയതിൻ്റെ കുറ്റബോധം അവളിൽ ശക്തിയായി അലയടിച്ചു. 
അതിൽ നിന്നൊരു മോചനത്തിനായി അവൾ ആ മുറിയുടെ ആവശ്യത്തിൽക്കവിഞ്ഞ ആഢംബരത്തിലേക്ക് ശ്രദ്ധ തിരിച്ചു. സാമാന്യത്തിലധികം വലിപ്പമുള്ള മുറിയിലെ സീലിങ്ങിൽ  പിടിച്ചിച്ച തിങ്ങിനിറഞ്ഞ സാധാരണ ബൾബും അലങ്കാര വിളക്കുകളും  ചുമരിലെ ടിവിയും പിരിയൻ കാലുകളിൽ ചിത്രപ്പണികൾ ചെയ്ത  വലിയ കട്ടിലും , ഡ്രസിംഗ് ടേബിളുമെല്ലാം ആ മുറിക്ക് അത്യന്താധുനികതയുടെ നിറച്ചാർത്തു നൽകിയിരുന്നു.

അല്പം കഴിഞ്ഞപ്പോൾ മീരയുടെ അവശത അൽപം മാറി.  തന്നെത്തന്നെ നോക്കിയിരിക്കുന്ന ഡെയ്സിയുടെ മുഖത്തേക്ക് തളർന്ന മിഴികളോടെ അവർ  നോക്കിയപ്പോൾ അവൾ സ്വയം പരിചയപ്പെടുത്തി. പക്ഷേ, നോട്ടം അവളുടെ മിഴികളിലൂന്നി നിൽക്കുന്ന   അവരുടെ മനസ്സിേലേക്ക് ആ പേരു പതിഞ്ഞതായി തോന്നിയില്ല.

 അവർ കട്ടിലിനരുകിലെ ബാസ്കറ്റിലേക്ക് വിരൽ ചൂണ്ടി. വിവിധ പഴങ്ങൾ നിറഞ്ഞ കുട്ട തുറന്ന് ഏതു വേണമെന്ന ചോദ്യഭാവത്തിൽ അവൾ ആ മുഖത്തേക്ക് നോക്കി. ഇഷ്ടമുള്ളതെടുത്തു കഴിച്ചു കൊള്ളാൻ ആംഗ്യം കാട്ടിയപ്പോൾ വേദനക്കിടയിലും അവർ കാണിക്കുന്ന ആതിഥ്യമര്യാദ   അവളുടെ മുഖത്ത് പുഞ്ചിരിപടർത്തി. ഇപ്പോൾ ഒന്നും
വേണ്ടെന്ന് പറഞ്ഞ്,  നഴ്സ് എഴുതി വെച്ച കുറിപ്പിലേക്ക് നോക്കി  അവരുടെ ഭക്ഷണവും ജ്യൂസും തയ്യാറാക്കിക്കൊടുത്ത് മരുന്നുകളും എടുത്ത് കൊടുത്ത ശേഷം ജ്ഞാനപ്പാനയുടെ വരികൾ കേൾപ്പിക്കാൻ തുടങ്ങിയപ്പോൾ അവരുടെ മുഖം പ്രസന്നമായി. കൈകൾ കൂപ്പി അവളെ നോക്കി ചിരിച്ചു...

"എന്നോടല്ല , ദൈവത്തോടു നന്ദി പറയൂ " എന്നു പറഞ്ഞ് അവൾ തൻ്റെ ജോലിയിൽ വ്യാപൃതയായി.
ജോലിക്കിടയിലും ഇടക്കിടെ മീരയെ ശ്രദ്ധിക്കാനവൾ മറന്നില്ല. അന്നാദ്യമായി മീര വീൽ ചെയറിലിരുന്നു പുറം ലോകം കാണാൻ തുടങ്ങി.
വൈകുന്നേരമായപ്പോൾ പകരക്കാരൻ വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് ഡെയ്സിക്കും തോന്നിത്തുടങ്ങി.

പക്ഷേ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ചവരുത്താത്ത സമയ ബാങ്ക് ഏഴു മണിയോടെ പകരക്കാരനെ എത്തിച്ചു.

അടുത്ത ദിവസം കാണാമെന്നു പറഞ്ഞ് ഡെയ്സി അവിടെ നിന്നിറങ്ങുമ്പോൾ മീരയുടെ മിഴികൾ നിറഞ്ഞു തുളുമ്പി. നേരം വെളുക്കാൻ ഡെയ്സിയും കാത്തിരുന്നു.

ലതിക  അവധി കൂട്ടിയപ്പോൾ ഇരുവർക്കും സന്തോഷമായി. ചിട്ട , ഭക്ഷണത്തിലും മരുന്നിലും മാത്രമൊതുക്കി വിശാലമായ ലോകത്തിലേക്ക് ഡെയ്സിയുടെ കൈപിടിച്ചു മീര പറന്നു തുടങ്ങി. എവിടെയോ നഷ്ടപ്പെട്ട വായനയും പാട്ടും ചിരിയുമെല്ലാം അവരിലേക്ക് തിരിച്ചു വന്നു. ഒടുവിൽ ഗുരുവായൂരപ്പൻ്റെ ദർശനവും കൂടി സാധിച്ചപ്പോൾ മീര ഏറെ സന്തോഷവതിയായി. ഇപ്പോൾ പകരക്കാരില്ലാതെ മുഴുവൻ സമയവും ഡെയ്സി മീരക്കൊപ്പം ചിലവഴിക്കുന്നു.
ചുരുങ്ങിയ ദിവസങ്ങൾ അവർക്കിടയിൽ സൃഷ്ടിച്ച അടുപ്പത്തിൻ്റെ വലയം ഭേദിക്കാനാവാതെ ഇരുവരും  കൂടുതലടുത്തു.

 മീരാമ്മയുമൊത്ത് മുറ്റത്തെ ചുറ്റിക്കറങ്ങലിനിടയിൽ  
സ്യമന്തകത്തിലെ സിറ്റൗട്ടിലെ വിളക്കു കൂടിനകത്തുള്ള കിളിക്കുഞ്ഞുങ്ങളുടെ കരച്ചിൽ ഡെയ്സിയുടെ മിഴികളെ അങ്ങോട്ടു നയിച്ചു.

" ഇവിടെ ഒരു അമ്മത്തൊട്ടിൽ ഉണ്ടെന്നു തോന്നുന്നു. "
അമ്മക്കിളി ഇല്ലാത്ത കുഞ്ഞിക്കിളികളെ നോക്കിയവൾ പറഞ്ഞു.

" ജീവിച്ചിരിപ്പുണ്ടെങ്കിൽ അമ്മക്കിളി വരാതിരിക്കില്ല. അതാണ് അമ്മ മനസ്സ്"
മീരാമ്മയുടെ ശബ്ദം ഉറച്ചതായിരുന്നു.

അല്ല സമയത്തെ നിശബ്ദതക്കു ശേഷം അവർ തുടർന്നു.
 "നിങ്ങളുടെ സമയ ബാങ്കിൽ എന്നെക്കൂടെ ചേർക്കുമോ "
പക്ഷിക്കൂട്ടിൽ മിഴിയർപ്പിച്ചിരുന്ന ഡെയ്സി ഒരു നിമിഷം കൊണ്ട് മീരാ മ്മയുടെ അടുത്തെത്തി അവരുടെ വിരലുകൾ ചേർത്തുപിടിച്ചു കൊണ്ട് ചോദിച്ചു.

"  മീരാമ്മ അതിൽ അംഗമായതു കൊണ്ടല്ലേ ഞാനിവിടെയുള്ളത് . "

" അങ്ങനെയല്ല, എനിക്കും ഇതുപോലെ ആരെയെങ്കിലും സഹായിക്കണം. "

കേട്ടപ്പോൾ ഡെയ്സി അദ്ഭുതത്തോടെ അവരെ നോക്കി. പഴയതുപോലെ ക്ഷീണം ഇല്ലാത്തതു കൊണ്ട് വീൽ ചെയറിൻ്റെ സഹായമില്ലാതെ അല്പദൂരം നടക്കാൻ തുടങ്ങിയപ്പോൾ അവർ തൻ്റെ അസുഖം പോലും മറന്നു തുടങ്ങിയിരിയ്ക്കുന്നു. ആ ചിന്ത അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.

അവൾ പൊട്ടിച്ചിരിച്ചു.

"എന്താപ്പോ ഇതിലിത്ര ചിരിക്കാൻ ഇങ്ങനെ ഇങ്ങോട്ടു കൂട്ടു വരുന്നതിനിടയിൽ ഒരു ദിവസമൊക്കെ വല്ലവർക്കുമൊപ്പം എനിക്കും കൂട്ടിരിക്കാമല്ലോ? " പറയുമ്പോൾ അവരുടെ വാക്കുകളിൽ പടർന്നിരുന്ന ആത്മവിശ്വാസം മുഖത്തും പ്രതിഫലിച്ചിരുന്നു.

"അപ്പോൾ മീരാമ്മക്ക് രോഗിയിൽ നിന്ന് ബൈ സ്റ്റാൻഡറിലേക്ക് പ്രമോഷൻ വേണം എന്ന് സാരം "
നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് ഡെയ്സി ചോദിച്ചു.

അല്പനേരത്തേക്ക് അവർ ഒന്നും മിണ്ടിയില്ല.

" വിഷമിക്കണ്ട , പരിഗണനയിലുണ്ട്. പലരും സമയ ബാങ്ക് നൽകിയ സമയം തിരിച്ചു തരുന്നുണ്ട്. മീരമ്മക്കും അവസരം കിട്ടും. "
അവരെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു.

കോൺവെൻ്റിലെ ചുമരുകൾക്കിടയിൽ ഉപേക്ഷിക്കപ്പെടലിൻ്റെ ബാക്കിപത്രമായി ,
മാലഖമാരുടെ ചിറകിനടിയിൽ വളർന്ന മനസ്സിന് അമ്മയുടെ തലോടൽ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായതിൽ അത്ഭുതമില്ലല്ലോ. ആ മടിയിൽ തലവെച്ചു കിടക്കുമ്പോൾ, അവരെ ചേർത്തുപിടിച്ചു നടക്കുമ്പോൾ ,മരുന്നു കഴിക്കാൻ മടികാണിക്കു മ്പോൾ ശാസിക്കുന്ന സമയം എല്ലാമെല്ലാം അവൾ ആസ്വദിക്കുകയായിരുന്നു. തൻ്റെ മനസ്സ് അറ്റ് യുവർ സർവീസിൻ്റെ നിബന്ധനച്ചങ്ങലകൾ പൊട്ടിച്ച് പാറി നടക്കാൻ തുടങ്ങിയിരിക്കുന്നു. 
ആദ്യമായി സമയബാങ്കിൻ്റെ ചതുരംഗപ്പലകയിലെ കരുക്കൾ  നിയമങ്ങൾ പാലിക്കാതെ നീങ്ങുന്നു. കുതിരയും കാലാളുമെല്ലാം  തങ്ങളുടെ നീക്കങ്ങൾ മാറ്റിത്തുടങ്ങിയാൽ കളങ്ങൾ  അർത്ഥശൂന്യമാവും. പേരല്ലാതെ മറ്റൊരു വിവരവും പറയാതിരിക്കേണ്ട താൻ ഭൂതകാലങ്ങളുടെ തിരശ്ശീലയവരുടെ മുന്നിൽ അടർത്തി മാറ്റിയതു കൊണ്ടല്ലേ അവർ കൂടുതൽ അടുത്തത് ? സത്യത്തിൽ എല്ലാം ഉപേക്ഷിച്ച് സ്വന്തം ജോലിയുമായി ഈ അമ്മയുടെ സ്നേഹത്തണലിൽ ഒതുങ്ങിക്കൂടാൻ വല്ലാത്ത കൊതിതോന്നി.

 മീരാമ്മയുടെ മക്കളുടേയും ബാങ്കിലെ സൗഹൃദങ്ങളുടേയും മുഖം മനസ്സിൽ മിന്നിമറയാൻ തുടങ്ങി. ചിന്തകളുടെ മുള്ളുകൾ തലങ്ങും വിലങ്ങും വലിഞ്ഞു മുറുകി. സ്നേഹത്തിൻ്റെ നിറം സ്വാർത്ഥതയിൽ ലയിച്ചു ചേരുമ്പോൾ കടപുഴകി വീഴുന്ന നൻമ മരങ്ങളുടെ കൂട്ടത്തിൽ ഒരു സംഘടന കൂടി ഉണ്ടാവരുത്.   ഇപ്പോൾത്തന്നെ ട്രസ്റ്റ് നിയമത്തിനെതിരായി  തൻ്റെ സ്വാധീനത്തിൻ്റെ വലക്കണ്ണികളിൽ നിന്ന് സ്വാർത്ഥത കവർന്നെടുത്ത  നീണ്ട ദിവസങ്ങൾ മറ്റാരും ചെയ്യാത്ത രീതിയിലേക്കെത്തിച്ചു. ആലോചിക്കും തോറും നിലയില്ലാക്കയത്തിലേക്ക് മുങ്ങിപ്പോവുന്നതായി തോന്നി.
ചുരുങ്ങിയ കാലങ്ങൾക്കകം പരിചയപ്പെട്ടു മാഞ്ഞുപോയ പല മുഖങ്ങളും മനസ്സിൽ മിന്നി മറഞ്ഞു.  പ്രത്യേക ചായക്കൂട്ടുകളിൽ വരച്ചെടുത്ത ദേവുവിൻ്റെ മുഖം 
മായാൻ മനസ്സ് വിസമ്മതിക്കുമെന്നുറപ്പാണ്.  പലപ്പോഴും ദേവുവിന് ജീവൻ  നൽകാൻ മനസ്സ് ശ്രമിക്കാറുണ്ട്.
പാടില്ല , വലിയ ദൗത്യത്തിൻ്റെ ഭാഗമായ ആൾതന്നെ അതിൻ്റെ ചിട്ടവട്ടങ്ങൾ തെറ്റിച്ചു വഴി തിരിഞ്ഞു നടക്കുന്നതിലെ ശരികേടുകളിൽ മനസ്സ് മുങ്ങിയും പൊങ്ങിയും സഞ്ചരിച്ചു. ഒരുപക്ഷേ ഇത് ഒരുപാട് പേരുടെ പ്രതീക്ഷയായ ആ സ്ഥാപനത്തിൻ്റെ വിശ്വാസ്യത തകർക്കും . ഇനിയും ഇവിടെ തുടരുന്നത് ശരിയല്ല. പലതും തുടച്ചു മാറ്റാൻ മിടുക്കനായ കാലം മീരാമ്മയിലും ദേവുവിലും കളിച്ചു ജയിക്കും.
മീരയുടെ വിശ്വാസം ശരിയായിരുന്നു. പതിവായി അമ്മക്കിളി കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നു. കുഞ്ഞുങ്ങൾ
പറന്നു പോവാറായിരിക്കുന്നു.
ചിറകുകൾക്ക് ബലം വരുമ്പോൾ കൂടു വിടണമെന്നത്  പക്ഷികൾക്ക് മാത്രമല്ല മനുഷ്യർക്കും ബാധകമല്ലേ?

സ്ക്രീനിൽ ലതികയുടെ നമ്പർ കണ്ട അവൾ അതെടുത്ത് പതിവുപോലെ കൃത്യനിർവ്വഹണം കൈമാറി അവരുടെ വരവിനായി കാത്തിരുന്നു. ആ വിവരം അറ്റ് യുവർ സർവീസിലേക്ക് പകരുമ്പോഴും മനസ്സ് നിസ്സംഗമായിരുന്നു.

രാവിലെ പതിവുപോലെ ജ്യൂസും ഭക്ഷണവും ഉണ്ടാക്കാൻ ചെന്നപ്പോഴേക്കും മീരാമ്മ അതെല്ലാം ഉണ്ടാക്കി വെച്ചിരുന്നു.  സ്നേഹം ചേർത്ത പരിചരണത്തേക്കാൾ വലിയൊരു ഔഷധവുമില്ല . അസുഖം ശരീരത്തിൽ ചിത്രം വരയ്ക്കുമ്പോഴും  പ്രിയപ്പെട്ട ലോകത്തിലെ ജീവിതം മീരാമ്മയെ എത്ര മാത്രം മാറ്റിയെടുത്തു എന്നെല്ലാമോർത്ത്
സന്തോഷത്തോടെയവർക്കൊപ്പം  കഴിക്കാനിരിക്കുമ്പോഴും ഡെയ്സിയുടെ മനസ്സ് ലതികയെ കാത്തിരുന്നു.

അല്പസമയത്തിനകം അവിടെയെത്തിയ ലതികയെ കണ്ടതും മീരാമ്മയുടെ മുഖം വാടി. 
പേരറിയാത്ത വികാരം പടർന്നു കയറുന്ന മിഴികളിലേക്ക് നോക്കിയിരുന്നപ്പോൾ ഭൂതകാലത്തിലെ കലപില ശബ്ദങ്ങൾ കേൾക്കാൻ കഴിഞ്ഞു. 

പടിയിറങ്ങുമ്പോൾ നിറഞ്ഞു കവിഞ്ഞ മിഴികൾ കൂടുതൽ നിറയാ തിരിക്കാൻ തിരിഞ്ഞു നോക്കാതെ നടന്നു.  ഫോണിലെ സ്ക്രീനിൽ അറ്റ് യുവർ സർവീസിൻ്റെ കാൾ മറ്റൊരു ചായം പുശിയ  ലോകത്തിലേക്ക് കൈപിടിച്ചു നടത്താനെന്നവണ്ണം  ശബ്ദിച്ചു കൊണ്ടിരുന്നു.
സമർപ്പണത്തിൻ്റെ ബാക്കി പത്രത്തിന് തിരശ്ശീലയുയർത്തുമ്പോൾ ആ സമയ പാലികയുടെ മനസ്സ് ആത്മബന്ധവും ഹൃദയ നൊമ്പരങ്ങളും വിട്ടൊഴിഞ്ഞ് അറ്റ് യുവർ സർവീസിലേക്ക് മാത്രമായി ചുരുങ്ങിക്കഴിഞ്ഞു.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo