Showing posts with label SaiSankar. Show all posts
Showing posts with label SaiSankar. Show all posts

തൂലികയും തീപ്പെട്ടിക്കൊള്ളികളും



´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ഒരു രാത്രിയിൽ,
എഴുത്തു മുറിയിൽ,
ഒരു തീപ്പെട്ടിക്കൂടിനു മുകളിൽ,
ഞാനെന്റെ തൂലിക ചാരി വെച്ചു.
ഞാനുറങ്ങിയപ്പോൾ,
ഒറ്റയ്ക്കായിപ്പോയ എന്റെ തൂലികയെ,
തീപ്പെട്ടിക്കൊള്ളികൾ പേടിപ്പിച്ചു ;
"നിന്നെ ഞങ്ങൾ ചുട്ടുകളയും"
എന്ന് .
ഒട്ടും ഭയക്കാതെ, പുഞ്ചിരിച്ചു കൊണ്ട്
എന്റെ തൂലിക തിരിച്ചടിച്ചു..
"ലോകത്തിൽ മുഴുവനും,
ഏതു കാലഘട്ടത്തിലും,
ഏത് കാലാവസ്ഥയിലും ,
മഞ്ഞിലും മഴയിലും,
അഗ്നി നാളങ്ങൾ പടർത്താൻ
കഴിവുള്ളയാളാണ് ഞാൻ "
സ്വയം ജ്വലിച്ചു കൊണ്ട് ,
ചുട്ടു പഴുത്ത
എന്റെ തൂലികയെ കണ്ട്
തീപ്പെട്ടിക്കമ്പുകൾ ഭയന്നൊളിച്ചു.
അപ്പോൾ
ഞെട്ടിയുണർന്ന എന്നെ നോക്കി,
ഒരു പ്രണയിനിയുടെ കുസൃതി ഭാവത്തിൽ,
എന്റെ തൂലിക
കണ്ണിറുക്കിക്കാട്ടി.
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ

മൂന്നിൽ ഒന്ന്


°°°°°°°°°°°°°°°°
1.
മത്സ്യം പറഞ്ഞത്
°°°°°°°°°°°°°°°°°°°°°°°°°°°°°
ചൂണ്ടയിൽ കുരുങ്ങിയ മത്സ്യം
മരിക്കും മുമ്പ് പറഞ്ഞത്
ആരും കേട്ടില്ല.
ഭക്ഷണത്തിന്റെയുള്ളിൽ
മൂർച്ചയുള്ള ലോഹമൊളിപ്പിച്ചാണ്
നിങ്ങളെന്നെ പിടിച്ചത്,
ചതി ഭീരുവിന്റെ ആയുധമാണ്
കഴിവുണ്ടെങ്കിൽ
പുഴയിലിറങ്ങി,
ഒപ്പം നീന്തി
എന്നെ പിടിക്കൂ.
2.
ദീപം പറഞ്ഞത്
°°°°°°°°°°°°°°°°°°°°°°°°°°°
ഊതിയണച്ചു,
കട്ടിലിനടിയിലേക്ക്
തള്ളി നീക്കപ്പെട്ട വിളക്ക് പറഞ്ഞത്
ആരും കേട്ടില്ല.
ഊതിയണയ്ക്കാൻ വളരെയെളുപ്പമാണ്.
എന്നേക്കാൾ കൂടുതൽ
പ്രകാശം പരത്തിക്കൊണ്ട്,
എന്നെ ചെറുതാക്കാൻ ശ്രമിക്കൂ.
3.
കവി പറഞ്ഞത്
°°°°°°°°°°°°°°°°°°
നീ ചതി പ്രയോഗിക്കുമ്പോൾ,
ചതിക്കപ്പെടുന്നത്,
നിന്റെ മനസ്സാക്ഷിയാണ്.
നീ ദീപങ്ങൾ ഊതിക്കെടുത്തുമ്പോൾ,
അണഞ്ഞു പോകുന്നത്,
നിന്റെ ഹൃദയത്തിലെ സൂര്യനാണ്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ

ഒന്ന് പുഞ്ചിരിക്കാൻ.....

Author: Sai Sankar

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ക്ഷമിക്കണം, പുഞ്ചിരിക്കാൻ എനിക്കിഷ്ടമാണ്,
പക്ഷേ,പുഞ്ചിരികൾ അസാധ്യമായ വിധത്തിൽ
എന്റെ നാട് മാറിയിരിക്കുന്നു.
എല്ലാ ഒന്നാം തിയതികളിലുമായി മൊത്തം പന്ത്രണ്ട് നേർത്ത പുഞ്ചിരികൾ വിടർന്നിട്ടുണ്ടാകാം,
അരിക്കാശ് അക്കൗണ്ടിലേക്ക് കിട്ടിയതിന്റെ ആനന്ദം...അത്ര മാത്രം.
പേഴ്സിന്റെ കനം നന്നേ കുറഞ്ഞ,
ബാക്കി മുന്നൂറ്റി അമ്പത്തി മൂന്ന് ദിവസങ്ങളിൽ
മറ്റുള്ളവർ ചിരിക്കുന്നത്, കണ്ടു കൊതിച്ചിരുന്നു.
ചില പുഞ്ചിരികൾ കണക്കിൽപ്പെടുത്തുന്നില്ല.
കണ്ണീരിന് വഴിമാറിക്കൊടുക്കേണ്ടി വന്ന
അല്പായുസ്സുകളായിരുന്നുല്ലോ, അവ.
ചില കണ്ണീർക്കണങ്ങളും
കണക്കു പുസ്തകത്തിൽ കയറ്റുന്നില്ല,
സ്നേഹത്തിന്റെ മൃദുലമായ വിരലുകൾ തുടച്ചിട്ട, അവ ഈശ്വരന്റെ കണക്കു പുസ്തകത്തിലേക്ക്
ട്രാൻസ്ഫർ ചെയ്യേണ്ടി വന്നല്ലോ.
ചില മുറിവുകളും, വേദനകളുമുണ്ട്,
മറക്കേണ്ടവ,ഓർക്കാൻ പാടില്ലാത്തവ.
ഒരു കണക്കിലും പെടുത്താതെ,
പുതിയ വർഷത്തിന് വന്നിരിക്കാനുള്ള,
പൂമുഖത്തു നിന്ന്,ഞാനവയെ തൂത്തു കളയുന്നു.
കണക്കു പുസ്തകം ഇനിയും അടച്ചു വെക്കാതെ,
ഞാനുറങ്ങാൻ പോകുന്നു.
ഇനിയുമുണ്ട്,രേഖപ്പെടുത്താനാകാത്ത ഒരുപാട് കണക്കുകൾ.
പലതിനും ഞാൻ കണക്കു വെക്കാറില്ലല്ലോ.
ആ കണക്കുകൾ, ചിലരുടെയെങ്കിലും
ഹൃദയത്തിൽ എഴുതപ്പെട്ടിട്ടുണ്ടാകാം. അത് മതി.
പണപ്പെട്ടിയിൽ, ഏതാനും എടുക്കാത്ത കറൻസികൾ ബാക്കിയുണ്ട്.
സെല്ലോ ടേപ്പ് ഒട്ടിക്കപ്പെട്ടവ,
വാട്ടർ മാർക്കിലെ ഗാന്ധി ചിത്രത്തിൽ,
തുള വീണവ, മഷി വീണവ,
തോന്ന്യാസങ്ങൾ എഴുതപ്പെട്ടവ,
പ്രണയം പറയുന്നവ...
പുതുവത്സരത്തിലേക്കുള്ള
എന്റെ നീക്കിയിരിപ്പുകൾ
ഇവ മാത്രമാണ്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
31ഡിസംബർ 2019
സായ് ശങ്കർ മുതുവറ

പാവം Enter Key


°°°°°°°°°°°°°°°°°°°
എന്തോ മുൻവൈരാഗ്യം ഉള്ളതുപോലെയാണ്എല്ലാവരും കീബോർഡിലെ Enter കീ യോട് പെരുമാറുന്നത്. 😀😀
എത്ര ആലോചിച്ചിട്ടും ഇതിന്റെ കാരണം മനസ്സിലാകുന്നില്ല. കീബോർഡിലെ എല്ലാ കീകളും ഒരേ പോലെയാണ് നിർമ്മിച്ചിട്ടുള്ളത്. Enter കീയ്ക്ക് മാത്രമായി കൂടുതൽ ശക്തി പ്രയോഗിക്കണമെന്ന് ഒരു Users Guide ലും പറയുന്നില്ല... ഉവ്വോ 😀😀
കീബോർഡിലെ, മറ്റു ബട്ടണുകൾ എല്ലാം മൃദുവായി അമർത്തി ഉദ്ദേശിച്ചത് മുഴുവൻ ടൈപ്പ് ചെയ്ത് കഴിയുമ്പോൾ ഒരു ആണിയിൽ ചുറ്റികകൊണ്ട് അടിക്കുന്നത് പോലെയാണ്, പലരും Enter കീയിൽ ചൂണ്ടുവിരൽ കൊണ്ട് പ്രഹരിക്കുന്നത്.😀
തങ്ങൾക്ക് ആവശ്യത്തിലധികം Energy ഉണ്ടെന്ന് നാലാളെ കാണിക്കാനുള്ള ഉപ ബോധ മനസ്സിലെ ആഗ്രഹമാണ് ഇത്തരം പ്രവൃത്തികളായി പുറത്ത് വരുന്നതെന്ന് ലോക പ്രശസ്ത മനഃശാസ്ത്രജ്ഞൻ ശ്രീ...ശ്രീ... ആ.. ആരെങ്കിലുമാവട്ടെ... പറഞ്ഞിട്ടുണ്ട്... ഇത്രയും എനർജി ഉണ്ടെങ്കിൽ വീട്ടിൽ നാലു കുഴി കുത്തി നാല് വാഴ വെച്ചു കൂടെ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.. 😀😀
ഗൗരവം ഉള്ള ഒരു രചന ടൈപ്പ് ചെയ്തു പൂർത്തിയായ ശേഷം, മാനസിക സമ്മർദ്ദം ഒന്നിറക്കി വെച്ചു, relax ചെയ്യാനാണ് enter കീയിൽ രണ്ടു ഇടി ഇടിക്കുന്നത്.. എന്നാണ് ചില പ്രമുഖ സോഷ്യൽ മീഡിയ എഴുത്തുകാർ പറയുന്ന സമാധാനം...പ്രസ്തുത ആവശ്യത്തിന് കൂടുതൽ ഉപകരിക്കുക, ഒരു ചെണ്ട ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. മൃദംഗവും ആവാം. ഏതായാലും നല്ല relaxation കമ്പനി ഗ്യാരണ്ടി യായി നൽകുന്നു.. 😀😀
ഈ സ്വഭാവം ഒരു തരം ജാഡ മാത്രമാണ് എന്നാണ് എന്റെ അഭിപ്രായം. മുള്ള് കൊണ്ട് എടുക്കേണ്ടത് എടുക്കാൻ കമ്പിപ്പാര ഉപയോഗിക്കുന്ന ഒരു തരം Common sense ഇല്ലായ്മ. 😀
ലോകം മുഴുവനും, വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി അനേക കോടി കീ ബോർഡുകളാണ് ഇങ്ങനെ Enter കീ തേയ്മാനം മൂലം പ്രവർത്തനരഹിതമായിരിക്കുന്നത്.ഇത് കൊണ്ടുണ്ടാകുന്ന നഷ്ടം, ഒരു സുനാമി കൊണ്ട് ഉണ്ടായേക്കാവുന്നതിനേക്കാൾ
ഭീമമാണ്...😞😓
ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും ബുദ്ധിമുട്ടുന്ന മാസാവസാന ദിവസങ്ങളാണ്.ആരോടെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും , വീട്ടിൽ ഞാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിനു ഒരു കീബോർഡ് വാങ്ങണം.അത്യാവശ്യമാണ്.. നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് അധികം പഴക്കമുള്ളതൊന്നുമല്ല, പക്ഷേ ഇതിന്റെ Enter കീ വർക്ക് ചെയ്യുന്നില്ല.. 😀😀
°°°°°°°°°°°°°°°°°°°°
സായ് ശങ്കർ

ആകാശത്തിലേക്കുള്ള വഴി


°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരു വശത്തു പുഴ,
മറു വശത്തു മല,
നടുവിൽ ഞാനൊരു മരം.
ഒരു കാറ്റിൽ, ഞാൻ മലയിലേക്ക് ചെരിഞ്ഞു.
മലയെന്നെ കെട്ടിപ്പുണർന്നു,
പക്ഷേ, പുഴയിൽ നിന്ന്
പലരും എന്നെ കല്ലെറിഞ്ഞു,
പുലഭ്യം പറഞ്ഞു.
പിന്നെ ഞാൻ കഷ്‌ടപ്പെട്ടു
സ്വയം നിവർന്നു നിന്നു.
വീണ്ടും, ഒരു കാറ്റിൽ
ഞാൻ പുഴയിലേക്ക് ചെരിഞ്ഞു.
പുഴയെന്നെ കെട്ടിപ്പുണർന്നു,
പക്ഷേ
മലയിൽ നിന്ന്
പലരും എന്നെ കല്ലെറിഞ്ഞു,
പുലഭ്യം പറഞ്ഞു.
പിന്നെയും ഞാൻ കഷ്‌ടപ്പെട്ടു
സ്വയം നിവർന്നു നിന്നു.
പിന്നെ,
ഒരു മഹാ പ്രളയത്തിൽ,
ഞാൻ പാതാളത്തിലേക്ക്
ആഴ്ന്നു പോയി.
ആരും വന്നില്ല,
എന്നെ കൈപിടിച്ചുയർത്തുവാൻ.
മണ്ണിൽ ഒടുങ്ങാൻ
മനസ്സില്ലാത്തതു കൊണ്ട് മാത്രം
ഞാൻ വീണ്ടും മുളച്ചു പൊന്തി.
അപ്പോൾ
മലയിൽ ഉള്ളവരും
പുഴയിൽ ഉള്ളവരും ചേർന്ന്
വലിയ ഒരു ശിലാഖണ്ഡം
എന്റെ നെറുകയിൽ
കമിഴ്ത്തിയിട്ടു.
തോറ്റു കൊടുക്കാൻ മനസ്സില്ലാത്തതിനാൽ
മാത്രം
ഞാൻ മണ്ണിനടിയിലേക്കു മുളക്കാൻ ശ്രമിച്ചു.
മണ്ണു തുരന്നു, തുരന്നു
ഞാൻ യാത്ര തുടരുന്നു
ഭൂമിയുടെ മറുപാതിയിൽ
മുളച്ചു പൊന്താൻ,
പുതിയൊരാകാശവും
പുതിയൊരു സൂര്യനെയും
കണ്ടെത്തുവാൻ.
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ
°°°°°°°°°°°°°°°°°°°°°°©®

വിശക്കുമ്പോൾ ചിരിക്കാൻ പഠിച്ച ഉണ്ണി


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഉണ്ണി,
പനിയെ കുറിച്ചും
തലവേദനയെ കുറിച്ചുമൊക്ക
കൂട്ടുകാരോട് പറയാറുണ്ട്.
പക്ഷേ,
വിശപ്പിനെ കുറിച്ച്
അവൻ ആരോടും ഒന്നും മിണ്ടാറില്ല.
വിശപ്പ്,
അവനൊരു അഭിമാന പ്രശ്നമായിരുന്നു.
അതുകൊണ്ട്,
വിശക്കുമ്പോഴൊക്ക,
മനോഹരമായി പുഞ്ചിരിക്കാൻ
അവൻ ശ്രമിച്ചു,
ക്‌ളാസ്സിലെ
ഏറ്റവും പിറകിലെ ബഞ്ചിൽ,
ചുമരിനോട് ചേർന്നിരുന്നു കൊണ്ട്.
കൂട്ടുകാരും കൂട്ടുകാരികളും
എപ്പോഴും പറയും.
--ഉണ്ണി എത്ര മനോഹരമായി പുഞ്ചിരിക്കുന്നു...
അപ്പോഴെല്ലാം ഉണ്ണി ഓർക്കും,
അമ്മയുടെ വാക്കുകൾ.
--കരുണയില്ലാത്ത
ഈ ലോകത്തിനു മുന്നിൽ
കണ്ണീർ പൊഴിച്ചിട്ടൊരു ഗുണവും കിട്ടാനില്ല.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
(കരയുവാൻ,
കണ്ണീർ ബാക്കിയില്ലാത്തവർക്കു വേണ്ടി, ഉണ്ണി എഴുതുന്നത്..)
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ, മുതുവറ

ആമ (കഥ )


°°°°°° °°°°°°°
നഗരത്തിൽ അന്നും അശാന്തിയുടെ നീണ്ട മണിക്കൂറുകളായിരുന്നു.
കിലോമീറ്ററുകളോളം നീണ്ട വാഹനങ്ങളുടെ നിര. അവയ്ക്കുള്ളിൽ അക്ഷമരായിരിക്കുന്ന മനുഷ്യ മനസ്സുകൾ. അവരുടെ വേദനകളും ഭയങ്ങളും, വാഹനങ്ങൾ പുറന്തള്ളുന്ന വിഷപ്പുകയോട് ചേർന്നു, നഗരത്തിനു മീതെ കറുത്തൊരു ആകാശ മേലാപ്പു തീർത്തു. യന്ത്രങ്ങളുടെ ഭീതിദമായ ഇരമ്പലുകൾ മാത്രം അവിടെ മുഴങ്ങിക്കേട്ടു. എല്ലാ യാതനകളും ഉള്ളിലൊതുക്കി, എല്ലാത്തിനും മൂക സാക്ഷിയായി, റോഡുകൾ അനങ്ങാതെ നീണ്ടു നിവർന്നു കിടന്നു.
ലക്ഷ്യത്തിലെത്താൻ ഏറെ വൈകുമെന്ന തിരിച്ചറിവിൽ നിന്ന്, ലക്ഷ്യത്തിൽ ഒരിക്കലും എത്തില്ല എന്ന വിഭ്രാന്തിയിലേക്കടി തെറ്റി വീണ മനസ്സുമായി ജനങ്ങൾ പരസ്പരം കലഹിച്ചു. തൊട്ടു മുന്നിലെ വാഹനത്തിന്റ പിറകിൽ സ്വന്തം വാഹനം കൊണ്ടിടിച്ചു, തള്ളി നീക്കാൻ അവർ ശ്രമിച്ചു. വാഹനങ്ങളുടെ ചില്ലുകൾ തകർന്നു, പളുങ്കു മണികൾ പോലെ റോഡിലെങ്ങും ചിതറി.അവ പ്രതിഫലിപ്പിച്ച വെളിച്ചമായിരുന്നു, ആ നരകാന്ധകാരത്തിലെ ഒരേയൊരു പ്രതീക്ഷയുടെ പൊൻ തിളക്കം.
ചില്ലുകൾക്കു മീതെ സൂക്ഷ്മതയോടെ പാദങ്ങൾ വെച്ചു കൊണ്ട്, വൈകിയെത്തിയതിനു പ്രധാനാധ്യാപകന്റെ ശകാരം എങ്ങനെയായിരിക്കുമെന്നു പേടിച്ചു നടന്നിരുന്ന സ്കൂൾ കുട്ടികളാണ് ആ കാഴ്ച്ച ആദ്യം കണ്ടത്. ട്രാഫിക് കുരുക്കിൽ സ്റ്റീയറിങ് വളയം പൊട്ടി തകരാറിലായി കിടപ്പിലായ, പാചക വാതകം മുതുകിൽ ചുമക്കുന്ന പടു കൂറ്റൻ ബുള്ളറ്റ് ടാങ്കറിനടിയിൽ, ഒരു ആമ.
കുട്ടികൾ ആർത്തു വിളിച്ചു... ആമ... ആമ...
സ്കൂളിനെ അവർ മറന്നു. പ്രധാനാധ്യാപകന്റെ ശകാരം അവർ മറന്നു. ആമ മാത്രമായി അവരുടെ ചിന്ത. എങ്ങനെയെങ്കിലും അതിനെ പിടികൂടണമെന്ന വാശിയോടെ ഒരു കുട്ടി, പുറത്ത് വഹിച്ചിരുന്ന പടുകൂറ്റൻ ബാഗ്‌, നിലത്തെറിഞ്ഞു, ലോറിക്കടിയിലേക്ക് നുഴഞ്ഞു കയറി.
മുട്ടിലിഴഞ്ഞു കൊണ്ട് തന്നെ സമീപിക്കുന്ന കുട്ടിയെ കണ്ട നിമിഷത്തിൽ തന്നെ ആമ തല ഉള്ളിലേക്ക് വലിച്ചു.ആശങ്കയോടെ പതുക്കെ പതുക്കെ കൈകൾ നീട്ടി അവനതിനെ എടുത്തു, പുറത്ത് കൊണ്ട് വന്നു.
കൂട്ടം കൂടി നിന്ന കുട്ടികൾക്കൊപ്പം മുതിർന്നവരും ചേർന്നു. കുരുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരും യാത്രക്കാരും കൂട്ടം കൂടി നിൽക്കുന്ന ശിരസ്സുകൾക്കു പിന്നിലെ ശിരസ്സുകളായി പെരുകിക്കൊണ്ടേയിരുന്നു.
കുട്ടികൾ, ആമയുടെ തല പുറത്തു വരുത്താനുള്ള ശ്രമത്തിലായിരുന്നു.
കോൺക്രീറ്റ് കാടുകൾ തിങ്ങി വളരുന്ന, ഓരോ ഇഞ്ച് മണ്ണും ടൈൽ പാകി മൂടിയ കിലോമീറ്ററുകൾക്കകലെ പോലും ഒരു തോടോ പുഴയോ ഇലാത്ത ആ മഹാനഗരത്തിൽ എവിടെ നിന്ന് വന്നു ഈ ആമ? ജനങ്ങൾക്കറിയേണ്ടത് ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. ആർക്കും അതിനുത്തരമുണ്ടായിരുന്നില്ല..
മുതിർന്നവരുടെ ചോദ്യം കുട്ടികളും ഏറ്റുപിടിച്ചു.
--നീ എവിടെ നിന്ന് വന്നു... തല പുറത്തു കാട്ടി ഉത്തരം പറഞ്ഞില്ലെങ്കിൽ, സ്കൂളിലെ ലാബിൽ കൊണ്ട് പോയി ഫോർമാലിൻ ലായനിയിൽനിന്നെ ഇട്ടുവെക്കും...
--അരുതേ...
ആ ശബ്ദത്തിന്റെ ഉറവിടം തേടി എല്ലാ ശിരസ്സുകളും വട്ടം കറങ്ങി.
പെട്ടെന്ന് കുട്ടികളുടെ ആരവമുയർന്നു.
--ആമ തല പുറത്തിട്ടേ.. അവർ ആർത്തു വിളിച്ചു...
--എന്നെ കൊല്ലരുതേ....
വീണ്ടും ഒരു ശബ്ദം....
എവിടെ നിന്നെന്നറിയാത്ത ആ ശബ്ദം ആമ യുടെ വായിൽ നിന്നാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് കുട്ടികളായിരുന്നു...
--നീ എവിടെ നിന്ന് വന്നു... വേഗം പറയൂ.....
--ഞാൻ ടെക്നോ പാർക്കിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്.പുലർച്ചെ മുതൽ ഈ വാഹനനിരയുടെ ഏറ്റവും പിന്നിൽ,എന്റെ ബൈക്കിൽ ക്യൂ നിൽക്കുകയായിരുന്നു ഞാൻ. .. ഇഴഞ്ഞു... ഇഴഞ്ഞു ഞാൻ ഒരു ആമയായി മാറി...
--കേട്ട വാക്കുകൾ വിശ്വസിക്കുവാനാവാതെ, അതിന്റെ ഞെട്ടലോടെ നിന്ന കുട്ടികൾക്ക് മുന്നിൽ നിന്ന് റോഡിന്റെ വലതു വശത്തേക്ക് ആമ ഇഴഞ്ഞു നീങ്ങി.
ആമ ഇഴഞ്ഞു ചെന്നത് ഒരു സ്‌കാനിയ ബസിന്റെ അടിയിലേക്കായിരുന്നു. അപ്പോഴേക്കും റോഡിലെ വാഹന നിര അല്പാല്പമായി അനങ്ങിത്തുടങ്ങിയിരുന്നു.നിമിഷങ്ങൾക്കുള്ളിൽ ബസിന്റെ പിന്നിലെ ഇരട്ട ചക്രങ്ങൾ ആമയുടെ മീതേ കയറിയിറങ്ങി...
അപ്പോഴും വാഹന നിരയുടെ ഏറ്റവും പിന്നിൽ, റോഡരികിൽ ഒരു പുത്തൻ ഹോണ്ട യൂണികോൺ ബൈക്ക് മറിഞ്ഞു വീണ നിലയിൽ കിടക്കുന്നുണ്ടായിരുന്നു. സമീപത്തായി ഒരു ലാപ്ടോപ് ബാഗും കിടന്നിരുന്നു...
°°°°°°°°°°°°°°°°
സായ് ശങ്കർ
°°°°°°°°°°°°°°°

ആർക്കാണ് സ്നേഹം..


°°°°°°°°°°°°°°°°°°°°°°°°°
ഒരു പകൽ മുഴുവനും നീണ്ട
അധ്വാനത്തിന്റെ ക്ഷീണവുമായി,
ഗൃഹനാഥൻ വീട്ടിലെത്തി.
ടെലിവിഷനിൽ,
പുത്തൻ പാചകവും,
അവതാരകയുടെ സാരിയും,
കണ്ണിമ വെട്ടാതെ നോക്കിയിരുന്ന
ഗൃഹനാഥയതറിഞ്ഞില്ല.
ഐ പാഡിൽ,
ഗെയിം കളിച്ചിരുന്ന കുട്ടികൾ
മുഖമുയർത്തിയതേയില്ല.
കോണിച്ചുവട്ടിൽ കിടന്നിരുന്ന,
വളർത്തു നായ
ആ സാന്നിധ്യമറിഞ്ഞു.
ചാടിയെഴുന്നേറ്റു,
അയാളുടെ മുന്നിലേക്കോടിച്ചെന്നു,
വാലാട്ടി, മുട്ടിയുരുമ്മി നിന്നു.
°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ
12 SEP 2019
°°°°°°°°°°°°°°°°°°°°°°°°°°

പഴന്തുണിക്കെട്ടുകൾ (കഥ )


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പണിതീർന്നു, ഉൽഘാടനത്തിനു തയ്യാറായ പുതിയ ഷോപ്പിംഗ് മാൾ സന്ദർശിക്കാനെത്തിയാതായിരുന്നു.
സഹസ്ര കോടീശ്വരനായ മാൾ ഉടമ,
സുന്ദരമായ ആ പടുകൂറ്റൻ കെട്ടിട സമുച്ചയങ്ങൾക്കു മുന്നിലെ റോഡിൽ, കാഴ്ച്ചയിൽ അഭംഗിയുണ്ടാക്കും വിധം കിടന്നിരുന്ന പഴന്തുണിക്കെട്ടുകളും, ഏതാനും ചുളിഞ്ഞ അലുമിനിയം പാത്രങ്ങളും മറ്റും അയാളുടെ ശ്രദ്ധയിൽ പെട്ടു. മാലിന്യങ്ങൾ എല്ലാം കത്തിച്ചു കളയാൻ അയാൾ ജോലിക്കാർക്ക് നിർദ്ദേശം നൽകി.
നിമിഷങ്ങൾക്കകം ഉയർന്ന അഗ്നി ജ്വാലകൾക്കൊപ്പം, അവിടെ പരന്ന ഗന്ധം
മനുഷ്യ മാംസം കരിയുന്നതിന്റെയായിരുന്നു...
°°°°°°°°°°°°°°°
സായ് ശങ്കർ
°°°°°°°°°°°°°°°°

പുഴുക്കൾ (കഥ )


´´´´´´´´´´´´´´´´´´´´´´´
ആഡംബര ഫ്ലാറ്റിന്റെ ഇരുപത്തഞ്ചാം നിലയിൽ നിന്ന് ബൈനോക്കുലറിലൂടെ താഴെ, റോഡിനപ്പുറത്തെ ചേരിയിലേക്കു നോക്കിയ കുട്ടി, അമ്മയെ വിളിച്ചു കൊണ്ടു ഇംഗ്ലീഷിൽ പറഞ്ഞു :
--മമ്മീ, താഴെ, മണ്ണിൽ കുറെ പുഴുക്കൾ ഉണ്ട്, പക്ഷേ അവ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്.
°°°°°°°°°°°°°
സായ് ശങ്കർ

പ്രിയപ്പെട്ട പുത്രൻ


°°°°°°°°°°°°°°°°°°°°
കർക്കിടക വാവിന് ബലിയിടാൻ ഇന്ത്യയിൽ പോകുന്നു, കുടുംബത്തോടൊപ്പം.
രണ്ടു ദിവസം മുൻപ് മിസ്റ്റർ ദാസിന്റെ fb post അതായിരുന്നു.
ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ആ വരികൾക്ക് ലഭിച്ചത്.
കൂട്ടുകാർ ദാസിനെ വാനോളം പുകഴ്ത്തി.
പാരമ്പര്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ഉത്തമനായ പുത്രൻ,കടമകൾ മറക്കാത്ത മനുഷ്യ സ്നേഹി.... അങ്ങനെ.. അങ്ങനെ...
അടുത്ത സുഹൃത്തായ റോസ് മരിയയുടെ കമന്റാണ്, ദാസിന് ഏറെ ഇഷ്ടപ്പെട്ടത്.
"You are a blessed Son... "
അമേരിക്കയിലെ പ്രഗൽഭനും പ്രശസ്തനുമായ സോഫ്റ്റ്‌വെയർ എൻജിനീയറായ മിസ്റ്റർ ദാസിന്റെ ,അച്ഛൻ മരിച്ചതിനു ശേഷമുള്ള ആദ്യത്തെ കേരള യാത്രയായിരുന്നു അത്.
വിമാനത്തിലെ ആഡംബര ക്ലാസ്സിലായിരുന്നു യാത്ര. വിമാനത്താവളത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി ഒരു പട തന്നെയുണ്ടായിരുന്നു, ദാസിനെയും കുടുംബത്തെയും സ്വീകരിക്കാൻ.
എല്ലാം നിമിഷങ്ങളുടെയും ഫോട്ടോകൾ പകർത്തി, അപ്പപ്പോൾ ഫേസ് ബുക്കിലിടാൻ ദാസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവയെല്ലാം അനേകം ലൈക്കുകൾ നേടിക്കൊണ്ടേയിരുന്നു.
വി ഐ പി കൾ ക്കുള്ള പ്രത്യേക സ്ഥലത്തായിരുന്നു ദാസ് ബലി കർമ്മങ്ങൾ ചെയ്തത്. ദാസിന് മാത്രമായി പ്രത്യേക പൂജാരിമാർ ഉണ്ടായിരുന്നു. ബലി കർമ്മങ്ങളുടെ ലൈവ് വീഡിയോ ഫേസ്ബുക്കിൽ ഇടുവാനായി ഒരു സംഘം വിദഗ്ധർ തന്നെ അവിടെ സന്നിഹിതരായിരുന്നു.
അമേരിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള അനേകം സുഹൃത്തുക്കൾ ലൈവ് പരിപാടി വീക്ഷിക്കുന്നുണ്ടായിരുന്നു.
കർമ്മങ്ങൾ പുരോഗമിക്കുന്നതിനിടെ ദാസും പൂജാരിമാരും കൂട്ടുകാരും നിന്നിരുന്ന പുഴയോരത്തെ ആ കടവിൽ പെട്ടെന്ന്, എങ്ങു നിന്നോ ഒരു വെളുത്ത പുക വന്നു നിറഞ്ഞു. അല്പാല്പമായി ആ വെളുത്ത പുക പരിസരമാകെ വ്യാപിച്ചു . ഫേസ്ബുക്കിലൂടെ ലൈവ് കണ്ടിരുന്ന ദാസിന്റെ സുഹൃത്തുക്കൾ അതു കണ്ട് അമ്പരന്നു. പെട്ടെന്ന് ആ പുകയ്ക്കുള്ളിൽ ഒരു മനുഷ്യ രൂപം തെളിഞ്ഞു വന്നു.ലൈവ് കണ്ടിരുന്ന ദാസിന്റെ ബന്ധുക്കൾ ആ രൂപം കണ്ടു അത്ഭുതപ്പെട്ടു.
അവർ ഉറക്കെ വിളിച്ചു പറഞ്ഞു,
"അയ്യോ നമ്മുടെ ഗോവിന്ദൻ മാഷ്... ദാസിന്റെ അച്ഛൻ... "
"ദാസ് എത്ര നല്ല മനുഷ്യനാണ്.. . അവന്റെ മനസ്സിലെ സ്നേഹം എത്ര ആഴമുള്ളതാണ്... അതു കൊണ്ടല്ലേ അച്ഛൻ പ്രത്യക്ഷപ്പെട്ടത്... ഈശ്വരാ... ഇങ്ങനെയൊരത്ഭുതം ഞാൻ ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ല... "
അമേരിക്കയിലെ സുഹൃത്തുക്കളും അത് കാണുന്നുണ്ടായിരുന്നു.അവരും പറഞ്ഞു.
"Wow.. unbelievable... what a miracle... "
"... he is such a nice fellow...he loves his father sincerely..."
തത്സമയം, ഭയപ്പെട്ടു, കൈകൂപ്പി നിന്ന ദാസിനോട് ഗോവിന്ദൻ മാഷിന്റെ രൂപം ചോദിച്ചു...
"ദാസേ...മോനേ... അച്ഛൻ മരിച്ചിട്ടും നീ കാണാൻ വരാഞ്ഞത് എന്തുകൊണ്ടാടാ... "
"അത്... ഡാഡീ.. കമ്പനിയിൽ എമർജൻസി വർക്കുകൾ... അർജന്റ് മീറ്റിങ്ങുകൾ...പിന്നെ ഫ്ലൈറ്റ് ടിക്കറ്റ്.... "
"ഫ് ഫാ വൃത്തികെട്ടവനേ..."
ദാസിനെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ, ഗോവിന്ദൻ മാഷിന്റെ കൈകൾ ദാസിന്റെ കരണത്ത് ആഞ്ഞു പതിച്ചു.
"നീയപ്പോൾ റോസ് മരിയയോടൊപ്പം ഡേറ്റിംഗിലായിരുന്നില്ലേ ടാ... . "
°°°°°°°°°°°°°°°°
സായ് ശങ്കർ
°°°°°°°°°°°°°°°°

MISTAKES AND LESSONS (നല്ല ചിന്തകൾ )


°°°°°°°°°°°°°°°°°°°°°°°°°°°°°°°°
MISTAKES ARE PAINFUL BUT AS TIME GOES BY, IT BECOMES A COLLECTION OF EXPERIENCES CALLED LESSONS.
തെറ്റുകൾ സംഭവിച്ചു എന്ന തിരിച്ചറിവ്, വളരെ വേദനാ ജനകമാണ്.
അവയെ ഓർത്തു പശ്ചാത്തപിച്ചു കൊണ്ടേയിരിക്കുക എന്നത് മനുഷ്യ സഹജവുമാണ്.
പക്ഷേ, കാലങ്ങൾ കഴിയുമ്പോൾ, അവ ഒരു പിടി അനുഭവങ്ങളായി മാറുന്നു.
പിന്നെ അവ പാഠങ്ങളായി മാറുന്നു,
ജീവിതം നമ്മെ പഠിപ്പിച്ച, വിലപ്പെട്ട പാഠങ്ങൾ.
അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട്,ഒരിക്കൽ സംഭവിച്ചു പോയ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട്, തിരുത്താൻ ഇനിയും വൈകിയിട്ടില്ലാത്ത തെറ്റുകൾ തിരുത്തിക്കൊണ്ട്, നമുക്ക് തുടരാം , ജീവിത ലക്ഷ്യങ്ങളിലേക്കുള്ള ആ മഹാ യാത്ര...
°°°°°°°°°°°°°°°°°°
സായ് ശങ്കർ

ഗുരു പൂർണ്ണിമ (നല്ല ചിന്തകൾ )

Image may contain: 1 person, text
°°°°°°°നമ്മുടെയൊക്കെ മനസ്സും ചന്ദ്രനെ പോലെ തന്നെയാണ്. ചിലപ്പോൾ സന്തോഷത്തിന്റെ പൂർണ്ണിമയിൽ സ്വയം മറന്നു എല്ലാവർക്കും ആനന്ദമേകുന്നു.
ചിലപ്പോൾ വിഷാദത്തിന്റേയും സങ്കടങ്ങളുടേയും മൂർദ്ധന്യത്തിൽ, ജീവിതത്തിന്റെ സൗന്ദര്യങ്ങളെല്ലാം ഊതിക്കെടുത്തപ്പെട്ടു, സ്വയം ഉൾവലിഞ്ഞു പോകുന്നു, ആരുമായും അടുക്കാതെ ഏകാന്തതയുടെ വലയങ്ങളിൽ സ്വയമൊതുങ്ങുന്നു.
കണ്മുന്നിലും,ഭാവിയിലും ഇരുൾ നിറഞ്ഞതു പോലെ തോന്നുന്ന,
ജീവിതത്തിന്റെ ഇരുണ്ട ഭാവങ്ങൾ കണ്ടു മനസ്സു മടുത്തിരിക്കുന്ന, ആ മുഹൂർത്തങ്ങളിൽ,
നിറ തിങ്കളും, നിലാവും ഒരു സാന്ത്വനം തന്നെയാണ്.
നമ്മുടെ മനസ്സിലെ ആശങ്കകളെ തുടച്ചു നീക്കി, ഹൃദയത്തിലെ മുറിവുകളെ തഴുകി വീശുന്ന, ഇളം കാറ്റാണ്, സ്നേഹം. ആ സ്നേഹത്തിന്റെ പ്രതീകമാണ് നിലാവ്.
അത്തരം ദശാ സന്ധികളിൽ അറിവും, വിവേകവും നിറഞ്ഞ, ഗുരുക്കന്മാരുടെ വാക്കുകൾ മാത്രമാണൊരാശ്രയം.
അറിവിന്റെ തെളിച്ചമുള്ള വാക്കുകൾ പകർന്നു നൽകി,
ആത്മാവിൽ , പ്രതീക്ഷയുടെ പുത്തൻ മുകുളങ്ങൾ വിടർത്തുന്നവർ ആരോ,
അവരാണ് ഗുരുക്കന്മാർ.
വേദനകളിൽ മരിച്ചു ജീവിക്കുന്ന മനുഷ്യർക്കു ,
അളവറ്റ സ്നേഹം പകർന്നു,പുനർജന്മമേകുന്ന
സകല ഗുരുക്കന്മാർക്കും, ഗുരു വചസ്സുകൾക്കും പ്രണാമം.
ചോദ്യം :
ഗുരുവാകാനുള്ള പ്രഥമ യോഗ്യത എന്താണ്?
ഉത്തരം :
സ്നേഹം. നിസ്വാർത്ഥ സ്നേഹം.
°°°°°°°°°°°°°°°
സായ് ശങ്കർ 

സ്നേഹം (കഥ )


°°°°°°°°°°°
ലക്ഷങ്ങൾ വിലമതിക്കുന്ന ഒരു വളർത്തു നായയെ, അവർ വാങ്ങി.
നായയ്ക്ക് വേണ്ടി പതിനായിരങ്ങൾ ചെലവുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കി.
എവിടെ ചെന്നാലും,
നായയുടെ സ്വഭാവ ഗുണങ്ങളും , അപ്പൂർവ്വമായ ആ ഇനത്തിനെ സ്വന്തമാക്കാൻ അനുഭവിച്ച ബുദ്ധിമുട്ടുകളും, വിവരിക്കുന്നത് അവരുടെ പതിവ് ശീലമായിരുന്നു.
ഒരു കല്യാണ വീട്ടിൽ കേൾവിക്കാരായി കിട്ടിയ അതിഥികളോട്, നായയുടെ സ്നേഹത്തെ കുറിച്ച് അവർ വാചാലരായി. നായ ഉമ്മ നൽകുന്നതിനെ കുറിച്ചും എപ്പോഴും തൊട്ടുരുമ്മി നിൽക്കുന്നതിനെ കുറിച്ചും അഭിമാനത്തോടെ അവർ സംസാരിച്ചു.
അതെല്ലാം കേട്ടു കൊണ്ടിരുന്ന, അത്രയൊന്നും പരിഷ്കാരമില്ലാത്ത, കൂലിപ്പണിക്കാരിയായ ഒരു വീട്ടമ്മ പറഞ്ഞു.
"ഞങ്ങളുടെ വീട്ടിൽ പട്ടിയുമില്ല, പൂച്ചയുമില്ല. ഒരെണ്ണത്തിനെ വാങ്ങാൻ സാധിക്കാതെയൊന്നുമല്ല...കുട്ടികൾ രാവിലെ നേരത്തെ തന്നെ സ്കൂളിൽ പോകും... ഞങ്ങൾ പണിക്കും പോകും.
രാത്രി വൈകി പണി കഴിഞ്ഞു വന്നതിനു ശേഷം അൽപ്പം നേരം മാത്രമാണ്,ഞങ്ങൾ എല്ലാവരും ഒരുമിച്ചൊന്ന് കാണുന്നത്. അന്നേരം ഞങ്ങൾ പരസ്പരം സ്നേഹം കൈമാറുന്നു... സംസാരിച്ചും, ചിരിച്ചും, ഒന്നിച്ചിരുന്ന ചോറുണ്ടും...
പട്ടിക്കും പൂച്ചക്കും പകുത്തു കൊടുക്കാൻ
ഞങ്ങളുടെ കയ്യിൽ സ്നേഹം ബാക്കിയില്ല...
ഞങ്ങൾ മനുഷ്യർക്കു തന്നെ, തമ്മിൽ സ്നേഹിച്ചു മതിയാവുന്നില്ല.പിന്നെയല്ലേ.... "
°°°°°°°°°°°°°°°°°
സായ് ശങ്കർ 

സ്നേഹം (കഥ )


°°°°°°°°°°°ലക്ഷങ്ങൾ വിലമതിക്കുന്ന ഒരു വളർത്തു നായയെ, അവർ വാങ്ങി.
നായയ്ക്ക് വേണ്ടി പതിനായിരങ്ങൾ ചെലവുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കി.
എവിടെ ചെന്നാലും,
നായയുടെ സ്വഭാവ ഗുണങ്ങളും , അപ്പൂർവ്വമായ ആ ഇനത്തിനെ സ്വന്തമാക്കാൻ അനുഭവിച്ച ബുദ്ധിമുട്ടുകളും, വിവരിക്കുന്നത് അവരുടെ പതിവ് ശീലമായിരുന്നു.
ഒരു കല്യാണ വീട്ടിൽ കേൾവിക്കാരായി കിട്ടിയ അതിഥികളോട്, നായയുടെ സ്നേഹത്തെ കുറിച്ച് അവർ വാചാലരായി. നായ ഉമ്മ നൽകുന്നതിനെ കുറിച്ചും എപ്പോഴും തൊട്ടുരുമ്മി നിൽക്കുന്നതിനെ കുറിച്ചും അഭിമാനത്തോടെ അവർ സംസാരിച്ചു.
അതെല്ലാം കേട്ടു കൊണ്ടിരുന്ന, അത്രയൊന്നും പരിഷ്കാരമില്ലാത്ത, കൂലിപ്പണിക്കാരിയായ ഒരു വീട്ടമ്മ പറഞ്ഞു.
"ഞങ്ങളുടെ വീട്ടിൽ പട്ടിയുമില്ല, പൂച്ചയുമില്ല. ഒരെണ്ണത്തിനെ വാങ്ങാൻ സാധിക്കാതെയൊന്നുമല്ല...കുട്ടികൾ രാവിലെ നേരത്തെ തന്നെ സ്കൂളിൽ പോകും... ഞങ്ങൾ പണിക്കും പോകും.
രാത്രി വൈകി പണി കഴിഞ്ഞു വന്നതിനു ശേഷം അൽപ്പം നേരം മാത്രമാണ്,ഞങ്ങൾ എല്ലാവരും ഒരുമിച്ചൊന്ന് കാണുന്നത്. അന്നേരം ഞങ്ങൾ പരസ്പരം സ്നേഹം കൈമാറുന്നു... സംസാരിച്ചും, ചിരിച്ചും, ഒന്നിച്ചിരുന്ന ചോറുണ്ടും...
പട്ടിക്കും പൂച്ചക്കും പകുത്തു കൊടുക്കാൻ
ഞങ്ങളുടെ കയ്യിൽ സ്നേഹം ബാക്കിയില്ല...
ഞങ്ങൾ മനുഷ്യർക്കു തന്നെ, തമ്മിൽ സ്നേഹിച്ചു മതിയാവുന്നില്ല.പിന്നെയല്ലേ.... "
°°°°°°°°°°°°°°°°°
സായ് ശങ്കർ 

കാര്യം നിസ്സാരം, പക്ഷേ...(കഥ )


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ദൂരെ നിന്ന് തന്നെ, അയാളെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അടുത്തെത്തിയപ്പോൾ, അയാളെന്നെ അടിമുടി സൂക്ഷ്മ നിരീക്ഷണം ചെയ്തു.
കണ്ണുകളിലേക്കും, ഇരു കൈകളിലേക്കും അയാൾ സൂക്ഷിച്ചു നോക്കികൊണ്ടേയിരുന്നു.
"പേരെന്താണ് '
ഞാൻ പേര് പറഞ്ഞു.
"വീട് എവിടെയാണ് "
ഞാൻ അതിനും മറുപടി കൊടുത്തു. അയാൾ അതുകൊണ്ടും നിർത്താൻ ഭാവമുണ്ടായിരുന്നില്ല.വിലാസവും, ജോലി സംബന്ധമായ വിവരങ്ങളും കൂടി അയാൾ ചോദിച്ചു.
അതും പറഞ്ഞു കൊടുത്തതിന് ശേഷം ഞാൻ ചോദിച്ചു.
"എല്ലാ വിവരങ്ങളും ആയില്ലേ... ഇനിയെങ്കിലും.... "
അയാൾ പറഞ്ഞു.
"പോരാ... പോരാ. ചില കാര്യങ്ങൾ കൂടി അറിയാനുണ്ട്.
"നിങ്ങൾക്കെന്തെങ്കിലും പ്രണയ നൈരാശ്യം ഉണ്ടോ."
"ഹ.. ഹ.. എന്തൊക്കയാണ് നിങ്ങൾ ചോദിക്കുന്നത്.."
ഏറെക്കുറെ നരച്ചു കഴിഞ്ഞ തല അയാൾക്കു കാണിച്ചു കൊടുത്തു കൊണ്ടു ഞാൻ ചോദിച്ചു.
"കണ്ടില്ലേ... പ്രായം കുറെയായി... "
"പ്രേമത്തിന് അങ്ങനെ പ്രായ പരിധി ഒന്നുമില്ല ല്ലോ...ഒരു കാര്യം കൂടി അറിയാനുണ്ട്...നിങ്ങൾക്ക് ആരോടെങ്കിലും പ്രതികാരം ചെയ്യാൻ ഉദ്ദേശമുണ്ടോ....വസ്ത്രത്തിനുള്ളിൽ കത്തിയോ, മറ്റായുധങ്ങളോ ഒളിപ്പിച്ചിട്ടുണ്ടോ... "
ഈശ്വരാ... ഇനി വസ്ത്രമഴിച്ചുള്ള പരിശോധന കൂടിയുണ്ടാകുമോ എന്ന ചിന്തയോടെ ഞാൻ പറഞ്ഞു.
""പൊന്നു ചേട്ടാ ഉറുമ്പിനെ പോലും കൊല്ലാൻ പേടിയുള്ള ആളാണ് ഞാൻ.... "
അപ്പോൾ, ആദ്യമായി,പുഞ്ചിരി പോലെ എന്തോ ഒന്ന് ആ മുഖത്തു പ്രകടമായി. ആശ്വസിപ്പിക്കാനെന്ന ഭാവത്തിൽ ആയാൾ പറഞ്ഞു.
"ഇതൊക്കെ ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്, ചേട്ടാ.. കാലം പൊട്ട കാലമല്ലേ..."
അസഹ്യതയോടെ ഞാൻ പറഞ്ഞു.
"തരാൻ ഉദ്ദേശമുണ്ടെങ്കിൽ, താ.... "
ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ടു അല്പം മാറി നിന്നിരുന്ന, തോളിലൂടെ ബാഗിട്ട പയ്യനോട് അയാൾ പറഞ്ഞു.
"കൊടുത്തോളൂ "
ആശ്വാസത്തോടെ, കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കുപ്പി, അവനു നേരെ ഞാൻ നീട്ടി.
പിന്നെ... ;
ദൂരെ, തിരക്കേറിയ കവലയിൽ, പാർക്കിങ് നിരോധിക്കപ്പെട്ട ഒരു സ്ഥലത്ത് അവസാന തുള്ളി ഇന്ധനവും തീർന്നു, പണി മുടക്കിയിരിക്കുന്ന എന്റെ ബൈക്കിനെ ലക്ഷ്യമാക്കി, ഞാൻ അതി വേഗം നടന്നു.
°°°°°°°°°°°°°°°°°
സായ് ശങ്കർ
°°°°°°°°°°°°°°°°

നട്ടെല്ല് (കഥ )


നടുവേദനയ്ക്ക് ചികിത്സ തേടി ചെന്നപ്പോഴാണ്
എം. ആർ. ഐ. സ്കാൻ ചെയ്തത്.
റിപ്പോർട്ട് നോക്കിയ ഡോക്ടർ അത്ഭുതപ്പെട്ടു.
സ്കാനിങ്ങിൽ നട്ടെല്ല് കാണാനുണ്ടായിരുന്നില്ല.
ഡോക്ടർ ചോദിച്ചു
--എന്താണ് ജോലി?
കവി പറഞ്ഞു
--എഴുത്ത്.
അപ്പോൾ ഡോക്ടർ പറഞ്ഞു.
--എങ്കിൽ ഞാൻ അത്ഭുതപ്പെടുന്നില്ല.
°°°°°°°°°°°°°°°
സായ് ശങ്കർ
°°°°°°°°°°°°°°°°

വായനദിന ചിന്തകൾ


°°°°°°°°°°°°°°°°°°°°°°°°°°
അന്യരുടെ ജീവിതപുസ്തകങ്ങളിലേക്ക്,
അനാവശ്യമായി,
എത്തിനോക്കി വായിക്കാൻ
എനിക്കു സാധിക്കാതിരിക്കട്ടെ.
എന്റെ നേട്ടങ്ങളും, മഹത്വവും എഴുതി
നിങ്ങളെ വായിച്ചു കേൾപ്പിക്കുവാൻ,
എനിക്കു കഴിയാതിരിക്കട്ടെ.
എന്റെ പരാതികളുടെയും, പരിഭവങ്ങളുടെയും
നീണ്ട അധ്യായങ്ങൾ എഴുതി
ഉറക്കെ വായിക്കുവാൻ
എനിക്കു തോന്നാതിരിക്കട്ടെ...
ഇടയ്ക്കെല്ലാം,
എനിക്കു പറ്റിയ തെറ്റുകൾ തുറന്നെഴുതി,
മനസ്സാക്ഷിയെയെങ്കിലും
വായിച്ചു കേൾപ്പിക്കുവാൻ,
എന്നെയനുഗ്രഹിക്കേണമേ
ജഗദീശ്വരാ..
°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ 

മേൽപ്പാലം എന്ന ആകാശം



°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മേൽപ്പാലങ്ങൾക്കു കീഴെ
ഒരു ലോകമുണ്ട്,
ചെറിയ ഒരു ലോകം.
ഏകാധിപതികളെ കൊഞ്ഞനംകുത്തി
സോഷ്യലിസം വിജയ നൃത്തം ചെയ്യുന്ന
ഒരു സ്വപ്ന ലോകം.
പാലത്തിനടിയിൽ എല്ലാമുണ്ട് :
പഴയ ഇരുമ്പും, കടലാസ്സും വിൽക്കാം,
ചെറിയ സ്പെയർ പാർട്സുകൾ വാങ്ങാം,
കഞ്ഞിയും കപ്പയുമുണ്ട്,
ഒന്ന് മുറുക്കാൻ,
കുടക്കീഴിൽ സ്റ്റീൽ പാത്രങ്ങളുമായി
പാൻ കാർഡില്ലാത്ത ബംഗാളി പാൻകാരനുണ്ട് !
ന്യായവിലയ്ക്ക് ലഭിക്കുന്ന
നല്ല മീനുകൾ
പച്ചയും, ഉണക്കയും.
"തൂക്കത്തിൽ തട്ടിപ്പില്ല,
എങ്കിലും ലാഭം തന്നെ "
മീൻകാരൻ പുഞ്ചിരിക്കുന്നു.
ഒരു ചായക്കാശു കൊടുത്താൽ
ചെരിപ്പും, ഷൂവും, ബാഗും,
കീറിയ ഫുട്ബോളും
തുന്നി, പോളിഷിട്ടു
പുത്തനാക്കിത്തന്ന് പുഞ്ചിരിക്കുന്ന
പാവം തുകൽപ്പണിക്കാരൻ.
കുടകൾക്ക് ചികിത്സ നൽകി
പുതു ജന്മമേകുന്ന ചേട്ടൻ ചിരിക്കുന്നു,
കുടശീലയുടെ കറുപ്പില്ലാതെ.
കൊറിച്ചു കൊറിച്ചു ടെൻഷൻ മറക്കാൻ
വറുത്ത കപ്പലണ്ടിയും കടലയുമായി,
എൽ ഇ ഡി ബൾബുള്ള ഉന്തു വണ്ടിയിൽ
അല്പം മുടന്തുള്ള അണ്ണാച്ചി,
മുറുക്കാൻ കറയുള്ള പല്ലുകൾ കാട്ടി
ചിരിക്കുന്നു, എപ്പോഴും.
ചെമ്പു മോതിരവും,ലോക്കറ്റും,
കറുത്ത ചരടും, പുലിനഖവും,
കല്ലുമാലയുമായി
യൗവനങ്ങളെ അണിയിച്ചൊരുക്കാൻ
ഷാജി പാപ്പാനെ പോലെ
കറുത്ത മുണ്ടുടുത്ത ചേട്ടനും ചിരിക്കുന്നു.
ഒരു രൂപ പോലും സൗജന്യമായി സ്വീകരിക്കാത്ത,
ഇരുന്നും നടന്നും,
വിറ്റും വാങ്ങിയും അധ്വാനിക്കുന്ന,
ഉള്ളതു കൊണ്ടു ജീവിക്കുന്ന,
ജീവിതം ആഘോഷമാക്കി
പുഞ്ചിരിക്കുന്ന അനേകം മനുഷ്യർ.
ജാതി ഭേദങ്ങളില്ലാത്ത,
പദവി വ്യത്യാസങ്ങളില്ലാത്ത,
വമ്പന്മാരും, കൊമ്പന്മാരുമല്ലാത്ത,
വെറും മനുഷ്യർ.
അവർ
നാളെകളെയോർത്ത്
ഇന്നിന്റെ സൗന്ദര്യം കാണാതിരിക്കുന്നില്ല.
അതെ..
വർണ്ണ ശോഭകളില്ലെങ്കിലും
മേൽപ്പാലങ്ങൾക്കു കീഴിൽ
വലിയൊരു ലോകമുണ്ട്
സമത്വം പൂക്കുന്ന ലോകം.
°°°°°°°°°°°°°°
സായ് ശങ്കർ

നിറമുള്ള മുഖംമൂടികൾ


°°°°°°°°°°°°°°°°°°°°°°°°°°°°°
കലഹങ്ങൾ പരിധി വിട്ടും തുടർന്നപ്പോൾ,
ദമ്പതികൾ
വീടിന്റെ സ്വീകരണ മുറിയിൽ,
തളികകൾ നിറയെ
മധുര പലഹാരങ്ങൾ വെച്ചു.
മധുരം രുചിച്ച
സന്ദർശകരും അതിഥികളും
മനസ്സിൽ പറഞ്ഞു :
ഇവരുടെ ജീവിതം എത്ര മധുരതരം !!
കലഹങ്ങൾ പിന്നെയും തുടർന്നപ്പോൾ,
അപസ്വരങ്ങൾ
അയൽ വീടുകളിലേക്കെത്തിയപ്പോൾ,
അവർ
വീടിന്റെ പൂമുഖത്ത്,
കൊക്കുരുമ്മി പാടുന്ന,
ലൗ ബേർഡ്‌സിന്റെ കൂട് കെട്ടിത്തൂക്കി.
സന്ദർശകരും, അതിഥികളും,
വഴിപോക്കരും
മനസ്സിൽ പറഞ്ഞു :
ഇവരുടെ ജീവിതം
പ്രണയ സുരഭിലം തന്നെ !!
അപ്പോഴെല്ലാം,
ആ വീടിന്റെ കിടപ്പറയിൽ
രണ്ടു കട്ടിലുകൾ നിശ്ശബ്ദമായി കിടന്നിരുന്നു,
അവ തമ്മിൽ ഒരുപാട് അകലം ഉണ്ടായിരുന്നു..
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo