നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രിയപ്പെട്ട പുത്രൻ


°°°°°°°°°°°°°°°°°°°°
കർക്കിടക വാവിന് ബലിയിടാൻ ഇന്ത്യയിൽ പോകുന്നു, കുടുംബത്തോടൊപ്പം.
രണ്ടു ദിവസം മുൻപ് മിസ്റ്റർ ദാസിന്റെ fb post അതായിരുന്നു.
ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ആ വരികൾക്ക് ലഭിച്ചത്.
കൂട്ടുകാർ ദാസിനെ വാനോളം പുകഴ്ത്തി.
പാരമ്പര്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ഉത്തമനായ പുത്രൻ,കടമകൾ മറക്കാത്ത മനുഷ്യ സ്നേഹി.... അങ്ങനെ.. അങ്ങനെ...
അടുത്ത സുഹൃത്തായ റോസ് മരിയയുടെ കമന്റാണ്, ദാസിന് ഏറെ ഇഷ്ടപ്പെട്ടത്.
"You are a blessed Son... "
അമേരിക്കയിലെ പ്രഗൽഭനും പ്രശസ്തനുമായ സോഫ്റ്റ്‌വെയർ എൻജിനീയറായ മിസ്റ്റർ ദാസിന്റെ ,അച്ഛൻ മരിച്ചതിനു ശേഷമുള്ള ആദ്യത്തെ കേരള യാത്രയായിരുന്നു അത്.
വിമാനത്തിലെ ആഡംബര ക്ലാസ്സിലായിരുന്നു യാത്ര. വിമാനത്താവളത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി ഒരു പട തന്നെയുണ്ടായിരുന്നു, ദാസിനെയും കുടുംബത്തെയും സ്വീകരിക്കാൻ.
എല്ലാം നിമിഷങ്ങളുടെയും ഫോട്ടോകൾ പകർത്തി, അപ്പപ്പോൾ ഫേസ് ബുക്കിലിടാൻ ദാസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവയെല്ലാം അനേകം ലൈക്കുകൾ നേടിക്കൊണ്ടേയിരുന്നു.
വി ഐ പി കൾ ക്കുള്ള പ്രത്യേക സ്ഥലത്തായിരുന്നു ദാസ് ബലി കർമ്മങ്ങൾ ചെയ്തത്. ദാസിന് മാത്രമായി പ്രത്യേക പൂജാരിമാർ ഉണ്ടായിരുന്നു. ബലി കർമ്മങ്ങളുടെ ലൈവ് വീഡിയോ ഫേസ്ബുക്കിൽ ഇടുവാനായി ഒരു സംഘം വിദഗ്ധർ തന്നെ അവിടെ സന്നിഹിതരായിരുന്നു.
അമേരിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള അനേകം സുഹൃത്തുക്കൾ ലൈവ് പരിപാടി വീക്ഷിക്കുന്നുണ്ടായിരുന്നു.
കർമ്മങ്ങൾ പുരോഗമിക്കുന്നതിനിടെ ദാസും പൂജാരിമാരും കൂട്ടുകാരും നിന്നിരുന്ന പുഴയോരത്തെ ആ കടവിൽ പെട്ടെന്ന്, എങ്ങു നിന്നോ ഒരു വെളുത്ത പുക വന്നു നിറഞ്ഞു. അല്പാല്പമായി ആ വെളുത്ത പുക പരിസരമാകെ വ്യാപിച്ചു . ഫേസ്ബുക്കിലൂടെ ലൈവ് കണ്ടിരുന്ന ദാസിന്റെ സുഹൃത്തുക്കൾ അതു കണ്ട് അമ്പരന്നു. പെട്ടെന്ന് ആ പുകയ്ക്കുള്ളിൽ ഒരു മനുഷ്യ രൂപം തെളിഞ്ഞു വന്നു.ലൈവ് കണ്ടിരുന്ന ദാസിന്റെ ബന്ധുക്കൾ ആ രൂപം കണ്ടു അത്ഭുതപ്പെട്ടു.
അവർ ഉറക്കെ വിളിച്ചു പറഞ്ഞു,
"അയ്യോ നമ്മുടെ ഗോവിന്ദൻ മാഷ്... ദാസിന്റെ അച്ഛൻ... "
"ദാസ് എത്ര നല്ല മനുഷ്യനാണ്.. . അവന്റെ മനസ്സിലെ സ്നേഹം എത്ര ആഴമുള്ളതാണ്... അതു കൊണ്ടല്ലേ അച്ഛൻ പ്രത്യക്ഷപ്പെട്ടത്... ഈശ്വരാ... ഇങ്ങനെയൊരത്ഭുതം ഞാൻ ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ല... "
അമേരിക്കയിലെ സുഹൃത്തുക്കളും അത് കാണുന്നുണ്ടായിരുന്നു.അവരും പറഞ്ഞു.
"Wow.. unbelievable... what a miracle... "
"... he is such a nice fellow...he loves his father sincerely..."
തത്സമയം, ഭയപ്പെട്ടു, കൈകൂപ്പി നിന്ന ദാസിനോട് ഗോവിന്ദൻ മാഷിന്റെ രൂപം ചോദിച്ചു...
"ദാസേ...മോനേ... അച്ഛൻ മരിച്ചിട്ടും നീ കാണാൻ വരാഞ്ഞത് എന്തുകൊണ്ടാടാ... "
"അത്... ഡാഡീ.. കമ്പനിയിൽ എമർജൻസി വർക്കുകൾ... അർജന്റ് മീറ്റിങ്ങുകൾ...പിന്നെ ഫ്ലൈറ്റ് ടിക്കറ്റ്.... "
"ഫ് ഫാ വൃത്തികെട്ടവനേ..."
ദാസിനെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ, ഗോവിന്ദൻ മാഷിന്റെ കൈകൾ ദാസിന്റെ കരണത്ത് ആഞ്ഞു പതിച്ചു.
"നീയപ്പോൾ റോസ് മരിയയോടൊപ്പം ഡേറ്റിംഗിലായിരുന്നില്ലേ ടാ... . "
°°°°°°°°°°°°°°°°
സായ് ശങ്കർ
°°°°°°°°°°°°°°°°

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot