ചെറിയൊരു ഓടിട്ട വീടാണ് എന്‍റേത്.
ഒരുപാടു പ്രതിസന്ധികള്‍ക്കിടയില്‍ വാങ്ങിച്ച പഴയൊരു വീട്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വീട്ടില്‍ വരുമ്പോള്‍ ഏറ്റവും ഹൃദ്യമായ ആതിഥ്യം നല്‍കാന്‍ ഞാനും മഞ്ജുവും ശ്രമിക്കാറുണ്ട്. സുഹൃത്തുക്കള്‍ വരുന്നത് ഏറെ ഇഷ്ടമാണ് ഞങ്ങള്‍ക്ക്. വലിയ വീടുകള്‍ ഉള്ളവരൊക്കെ വരുമ്പോള്‍ വല്ലാത്ത പരിഭ്രമത്തിലാവും ഞങ്ങള്‍. അവര്‍ക്ക് എന്തെങ്കിലും ഇഷ്ടമില്ലാതെ വരുമോ എന്നോര്‍ത്ത് ഭയങ്കര ടെന്‍ഷനടിക്കും. വീട് എത്രയൊക്കെ വൃത്തിയാക്കി വച്ചാലും അവിടെയും ഇവിടെയും നമ്മുടേതായ ചില അടയാളപ്പെടുത്തലുകളുണ്ടാവും....
നമ്മളെ നമ്മളായി ചേര്‍ത്തുപിടിച്ച് നമ്മുടെ ഇല്ലായ്മകളെയും അസൗകര്യങ്ങളെയും അംഗീകരിച്ചു ഒരാള്‍ നമ്മളിലേക്ക് വരുമ്പോള്‍ നമ്മുടെ ഹൃദയം നിറഞ്ഞു തുളുമ്പും. ഭാഗ്യവശാല്‍ എന്‍റെ വീട്ടിലേക്ക് വന്നവരൊക്കെ അങ്ങനെയായിരുന്നു.
വീട്ടിലെ മുഷിഞ്ഞ ചുവരുകളും തിളക്കമില്ലാത്ത പാത്രങ്ങളും കണ്ട് അവരൊന്നും മുഖം ചുളിച്ചില്ല.
ഓരോ വീടും ഇങ്ങനെയൊക്കെ ആവും അല്ലേ നമ്മുടേതായ അടയാളപെടുത്തലുകളുള്ള നമ്മുടെ കൊച്ചു വീടുകള്‍...
ചന്തമില്ലാത്ത ബാത്ത്റൂമും പൊട്ടിയ കപ്പും നിറമില്ലാത്ത തോര്‍ത്തുമുണ്ടും തേഞ്ഞുപോയ സോപ്പുമുള്ള സ്നേഹവീടുകള്‍...
പകര്‍ന്നു തരാന്‍ സ്നേഹമല്ലാതെ മറ്റൊന്നുമില്ലാത്ത മുഷിപ്പിടങ്ങള്‍...
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക