Slider

മഴക്കാലത്തെ ഒടുക്കത്തെ ടാർജറ്റ്

0
=======
''ആകാശത്തു നിന്ന് ലക്കും ലഗാനുമില്ലാതെ താഴേക്കു വരുന്ന മഴ തുളളികളെ കണ്ടാൽ വഴക്കുണ്ടാക്കി പിണങ്ങി പോകുന്ന ഭാര്യ ഭർത്താക്കന്മാരെ പോലെയാണ് തോന്നുക ... അകന്നു മാറി തെന്നിത്തെന്നി .....!!
മഴത്തുളളികളുടെ ഈ അകൽച്ചയെ പറ്റി ഒരു നിരീക്ഷണം നടത്തിയേക്കാം എന്നു കരുതി മുറ്റത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് മഹേഷിന്റെ ഷർട്ടിന്റെ കോളറിൽ ഒരു പിടുത്തം ....................
''ഭാര്യയാണ് ..''
''കല്ല്യാണം കഴിഞ്ഞതിനു ശേഷമാണ് ഇത്ര ധൈര്യമായി ഒരാൾ കോളറിൽ കേറി പിടിക്കുന്നത് ....! അതും പുറകിൽ നിന്ന്,....!
മഹേഷ് തിരിഞ്ഞു നോക്കി ...!!
''മഴ മാറിയ വാനം പോലെ തെളിഞ്ഞ മുഖവുമായി നില്ക്കുന്ന ഭാര്യ , മഹേശ്വരി ....
''ചേട്ടാ മഴയത്തിറങ്ങരുത്,....സഹധർമ്മിണിയുടെ ജാഗ്രതാ നിർദേശം...!!
'അതെന്താടി ...'ഞാൻ ഒലിച്ചു പോയാലോ എന്ന ഭയമാണോ നിനക്ക് ..?
. ഒലിച്ചു പോകാൻ നിങ്ങളെന്താ പൂച്ച കുഞ്ഞോ ..? എന്റെ ചേട്ടാ ഇപ്പത്തെ മഴ നനഞ്ഞാൽ പനി ഉറപ്പാ...!!
''ശരിയാ ...പണ്ട് എന്തോരും മഴ നനഞ്ഞിരിക്കുന്നു ...ഒരു ജലദോഷം പോലും വന്നിട്ടില്ല ... ഇന്നതല്ല ..ഒരു തുളളി നിറുകയിൽ വീണാൽ എലിപ്പനി യായി ....പല പല പനിയായി ...
മഴയെ , പനിയുമായി ഈ ലിങ്ക് ചെയ്യിപ്പിച്ചത് പ്രൈവറ്റ് ആസ്പത്രി ക്കാരാണോ എന്നൊരു സംശയം ഇല്ലാതില്ല,...!!
ഗണപതിയുടെ വാഹനമായ എലിക്ക് ''പനി''യുടെ രജിസ്ട്രേഷൻ നല്കിയതിന്റെ പിന്നിൽ വൻ തീവ്ര ''വാദ ''സംഘമാണെന്നു പരാതിയുണ്ട്,....
ഏതായാലും ,
അന്ന് പോപ്പി കുടയും, പിപ്പീ കുടയൊന്നുമില്ല ..ഒരു കാലൻ കുട കാണും വീട്ടിലാകെ..... മഴക്കാലത്ത് രാവിലെ നേരത്തെ എഴുന്നേല്ക്കുന്നവർ കുടയുമായി പറമ്പിലേക്കൊരു ഓട്ടമാണ് ,....
പറമ്പിൽ മറച്ച് കെട്ടിയിരിക്കുന്ന കുഴിയിലെ കക്കൂസിലേക്ക് .... കൈയ്യിൽ ഒരു കുടം വെളളവും കരുതും....
ചാക്കു കൊണ്ടും, പ്ളാസ്റ്റിക് കൊണ്ടും മറച്ചു കെട്ടിയ മേച്ചിലില്ലാത്ത കുഴി കക്കൂസിന്റെ മുകളിൽ കാലൻ കുടയുടെ കൂർത്ത കമ്പി ഉയർന്നു നില്ക്കും ..... ആ നേരം ആരും തന്നെ ആ പരിസരത്തേക്ക് വരില്ല, ..
അതെല്ലാം ഹൃദയത്തിന്റെ പുറമ്പോക്കിൽ മറച്ച് കെട്ടിയ ഓർമ്മകളാണ് ... .... വല്ലപ്പോഴും മറ നീക്കി പുറത്ത് വരും ...! മറയില്ലാതെ ...
കാലം പോയി ....
ഇന്ന് എല്ലാ വീടുകളിലും ബാത്ത്റൂം അറ്റാച്ചഡായി ..!!..
അടുക്കളയും, കക്കൂസും അയൽവാസികളായി ......
ബാത്തുറൂമിലെ ബാക്ടീരിയകളുടെ
വിനോദ സഞ്ചാര കേന്ദ്രമായി പല വീടുകളിലേയും അടുക്കള ...
കിടപ്പറയാകട്ടെ രോഗങ്ങളുടെ വാർഡും ...!
'' മഴത്തുളളികൾ അകന്ന് പെയ്യട്ടെ ..
എല്ലാ ബന്ധങ്ങളിലും ഒരകലം പാലിക്കുന്നത് നല്ലതാണെന്ന് മഴയ്ക്കും തോന്നി കാണും,....
''ചേട്ടാ ... ഭാര്യ വിളിക്കുകയാണ് ..!
''ങും..എന്താടി ..''
''നിങ്ങൾ റെഡിയാകുന്നില്ലേ ..?
''എവിടേക്ക്..?
''സുദർശനൻ കൊച്ചച്ചന്റെ മകൻ ബാലഗോകുലന്റെ ബേക്കറി കട ഉത്ഘാടനമല്ലേ ...സീരിയൽ നടിയാ വരുന്നത് ...- അയ്യായിരം രൂപേടെ പർച്ചൈസാണ് നമ്മളിൽ നിന്ന് അവർ പ്രതീക്ഷിക്കുന്നത്,...!!
''ങേ ..അയ്യായിരം രൂപയോ ..?
''അത്രേം തുകയുടെയെങ്കിലും വാങ്ങീലെങ്കിൽ ഒരു കൊറച്ചിലല്ലേ ..ഒന്നുമല്ലെങ്കിൽ അവരുടെ കണ്ണിൽ ചേട്ടനൊരു ഗൾഫു കാരനല്ലേ ..,?!!
''ങും .. ഗൾഫ് ...
''ഇവിടെ മത്തായിയും, മർക്കോസും, മരയ്ക്കാരും, മനോജുമെല്ലാം കൂലിപ്പണിക്ക് ബൈക്കിൽ പോകുന്നു
, പ്രവാസികൾ കൂലിപ്പണി ചെയ്യാൻ വിമാനത്തിൽ പോകുന്നു അത്രേയുളളു ...!!
''അത് നമുക്കല്ലേ അറിയു,....അതുമല്ല അടുത്ത ആഴ്ച പഞ്ചമി അമ്മായീടെ മകന്റെ ''മൊബൈൽ ഷോറും '' ഉത്ഘാടനമുണ്ട് ..,. പതിനായിരത്തിന്റെ ഒരു മൊബൈലാണ് അവരുടെ ടാർജറ്റ്,...!!
''പിന്നെ എന്റെ ക്ളാസ് മേറ്റ് ഓണത്തിനോടനുബന്ധിച്ച് ആരംഭിക്കുന്ന റെഡിമെഡ് ഷോപ്പുത്ഘാടനം അതിനും വേണം കുറഞ്ഞത് പതിനായിരം ....!!
''എന്റെ ഭഗവാനേ ...!!
മഹേഷ് നെഞ്ചിൽ കൈവച്ചു ... !!
റൺവെയിലിറങ്ങിയ എയർ ഇന്ത്യ വിമാനം പോലെ മഹേഷിന്റെ ഹൃദയം ഇരമ്പുകയാണ് .... !!
''എടീ ....
''എന്താ ചേട്ടാ ..!!
''വല്ലവരും ശവപ്പെട്ടി കട ഉത്ഘാടനം ചെയ്യുന്നുണ്ടോ എന്ന് ഒന്നന്വേഷിക്ക് ..!?
'മഹേശ്വരി അത്ഭുതത്തോടെ ,മഹേഷിനെ നോക്കി ...എന്നിട്ടു ചോദിച്ചു,..
''ശവപ്പെട്ടി കട ഉത്ഘാടനത്തിന് ആരെങ്കിലും പോകുമോ ചേട്ടാ,..,!!
'' നെഞ്ചു തിരുമ്മി കൊണ്ട് മഹേഷ് പറഞ്ഞു,..,
'' ഇങ്ങനെയാണേൽ ഞാൻ പോകുമെടി.. അങ്ങേർക്കും കൊടുക്കാം അയ്യായിരത്തിന്റെ ഒരു ഒടുക്കത്തെ ടാർജറ്റ് ..... അല്ല പിന്നെ ....
അതു കേട്ട് മഹേശ്വരി യുടെ മുഖം കറുത്തിരുണ്ടു,...
കലിത്തുളളി പെയ്യുന്ന മഴ പോലെ മഹേശ്വരി വീടിനകത്തേക്ക് കയറിയപ്പോൾ , കാലവർഷവും പുറത്ത് കലിത്തുളളുകയായിരുന്നു ...!!
======
ഷൗക്കത്ത് മൈതീൻ ,
ഇടുക്കി ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo