Showing posts with label Anamika. Show all posts
Showing posts with label Anamika. Show all posts

**അതിരുകൾ തേടി*


**അതിരുകൾ തേടി*
=================
തിരികെവന്നിടാക്കാലത്തിന്നതിര്
തേടിക്കുതിച്ചോടും നിലാക്കുളിരേ...
രാവന്തിയോളം കൂടെക്കളിച്ചൊരാ-
സൗഹൃദം ഞാനിതാ മാറാപ്പിലേറ്റുന്നു.
വഴിമറന്നിടായാത്രയിലൊരുതിരി-
വെട്ടത്തിന്നോർമ്മയാണേറെയും.
മഴനൂലറ്റംപിടിച്ചൊന്ന് പാറുവാനകമേ
കൊതിയോടിരിപ്പുണ്ടൊരാളരികേ..
കാത്തിരിപ്പിന്നറ്റത്ത്നേർത്തുപോം കളി- ചിരിമോഹങ്ങളില്ലിനിയേറെനാളെങ്കിലും,
ചുക്കിച്ചുളിഞ്ഞൊരീ കൈപ്പടം മെല്ലെ-
പൊതിയുവാനുണ്ടൊരുനൂറോർമ്മകൾ.
തോട്ട് വരമ്പത്തും കാറ്റാടിക്കുന്നിലും
തത്തിക്കളിച്ചോരെൻ കുഞ്ഞ്പാദങ്ങളെ-
പിന്തുടർന്നോടുവാനമ്മയില്ലിന്നാരുമില്ല;
ഇന്നെന്റെ പാദങ്ങളൊട്ട് കുഞ്ഞുമല്ല.
കൂട്ടില്ല കൂട്ടാരുമില്ലെനിക്കിവിടെയീ
കിടക്കയിലരികിലായ് കാതോരം മെല്ലെ
കൊഞ്ചിക്കുറുകുന്നു മൃത്യുവൊരു നനു-
മോഹമായൊരു ചെറുനോവുമായ് നിത്യം
കണ്ടതും കേട്ടതും ചൊന്നതുമൊക്കെയും
കുറുമ്പിന്റെപായാരം മെല്ലെപ്പറഞ്ഞുവോ?
തിരികെവന്നിടാക്കാലത്തിന്നതിര് തേടുന്നു
മരണമേ നിന്നെ മറന്നിടാനോരോനേരവും.

By Anamika

**കൂട്ടുകാർക്ക് ഒരു ഓർമ്മപ്പെടുത്തൽ**


ഈ കഥയും ഞാനുമായി ഒന്നുമില്ല..കേട്ടല്ലോ.
ഇനിയതും ചോദിച്ചാരേലും വന്നാല് ഞാൻ പിടിച്ച് പോസ്റ്റാക്കും പറഞ്ഞേക്കാം....
**കൂട്ടുകാർക്ക് ഒരു ഓർമ്മപ്പെടുത്തൽ**
================================
നോമീ ...ഈയിടെയാണ് എനിക്കും നിന്റേത് പോലെ സമാനഅനുഭവമുണ്ടായത്...
നീയിത്ര ടെൻസ്ഡൊന്നുമാകണ്ടാന്നേ ..നിന്റെയാ മൊരടൻ ഭർത്താവിനോട് ഇതൊന്നും പറയാൻ നിക്കണ്ടാ. നിന്നെ മനസ്സിലാകാത്ത ആളോട് പറഞ്ഞ്, ഉള്ള ചൊറി പുണ്ണാക്കാൻ നിക്കണ്ട. ഇത് നിനക്ക് തന്നെ കൈകാര്യം ചെയ്യാൻ പറ്റുന്ന സംഗതിയാണ്.
ജോലി കിട്ടിയിട്ട് എന്നെ പ്രൊപ്പോസ് ചെയ്യാംന്ന് കരുതിയ ഒരു പാവത്താൻ ഈയിടെ കംഅപ് ആയി. സംഭവം ഉള്ളതാണെന്ന് (പ്രൊപ്പോസ് ചെയ്യാനിരുന്നത്) ഞാൻ എന്റെ വിവാഹശേഷം മറ്റൊരാളിൽ നിന്നറിഞ്ഞിരുന്നു.
ഈയിടെ എന്റെ നമ്പരറിയാവുന്ന ഒരു ഫ്രണ്ടിനോട് നമ്പർ ചോദിച്ചു...ന്റെ ഫ്രണ്ട് എന്നോട് നമ്പർ കൊടുക്കണോന്ന് ചോദിച്ചപ്പോ കൊടുത്തോളാൻ പറഞ്ഞു.
കൊടുത്തോളാൻ പറഞ്ഞത് മറ്റൊന്നിനുമല്ല...വെറുതെ വേണ്ടാത്ത കാര്യങ്ങൾ ആൾടെ മനസ്സിലിട്ട് പെരുപ്പിക്കണ്ട ; ഒരു വഴിയാക്കാമെന്ന് കരുതി. നമ്മുടെയൊക്കെ ഫോണില് ബ്ലോക്ക് ന്നൊരു ഓപ്ഷനുണ്ടല്ലോ... ന്നൊരു ധൈര്യത്തേക്കാളേറെ എന്നെ ദ്രോഹിക്കുന്ന ഗോസ്സിപ്പുകൾ ഇറക്കില്ല ന്നൊരു വിശ്വാസത്തിന്റെ ബലത്തിലാണ് നമ്പർ കൊടുത്തോളാൻ പറഞ്ഞത്.....
ഒരു നമ്പരല്ല പതിനായിരം നമ്പര് കൊടുത്താലും ഒരു വ്യക്തി സ്വയം വിചാരിക്കാതെ ഒന്നും സംഭവിക്കില്ല എന്നാണ് പണ്ടാരോ പറഞ്ഞിട്ടുള്ളത്.
ആൾ എന്നെ വിളിച്ചു. ഞാൻ വളരെ കൂൾ ആയ് സംസാരിച്ചു.
എന്നോട് ചോദിച്ചു അന്ന് പ്രൊപ്പോസ് ചെയ്തിരുന്നെങ്കി yes പറയുമായിരുന്നോ എന്ന് ചോദിച്ചു. No parayaan അന്ന് കാരണങ്ങളൊന്നുമില്ലാരുന്നെന് ഞാനും പറഞ്ഞു. ..
പുള്ളിക്ക് ആരുമറിയാതെ വാട്സ്ആപിൽ ഞാനുമായി എന്നും സംസാരിക്കണമെന്നും പഴയ ഇഷ്ടം ഇപ്പോഴുമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനാ മനുഷ്യനെ പറഞ്ഞുമനസ്സിലാക്കി..
നിങ്ങടെ ഭാര്യയാണ് ഇപ്പോ എന്റെ സ്ഥാനത്തെങ്കിൽ, എന്റെ ഭർത്താവ് നിങ്ങടെ സ്ഥാനത്തും ആണെങ്കിൽ എന്ത് മറുപടിയാണ് നിങ്ങളാഗ്രഹിക്കുക എന്ന് ചോദിച്ചതിനൊപ്പം Think abt ur wife എന്ന് കൂടി പറഞ്ഞു .
വല്ലപ്പോഴും ഒരു ഫെസ്റ്റിവൽ വിഷിനപ്പുറമുള്ള സൗഹൃദമൊന്നും എക്സ്പക്റ്റ് ചെയ്യേണ്ടെന്ന് പറഞ്ഞതോടെ പുള്ളിക്ക് കാര്യങ്ങൾ ബോധ്യമായി...
നീ പറഞ്ഞതാണ് ശരി....വല്ലപ്പോഴും കാണാം ...നിന്നോടുള്ള ഇഷ്ടം മരണം വരെ അതെന്റെ മനസ്സിലുണ്ടാകും ന്ന് പറഞ്ഞ് പുള്ളി റ്റാറ്റ പറഞ്ഞു
അതേ നോമീ. ..ഇഷ്ടം ആർക്കും ആരോടുമാകാം. പക്ഷേ കടന്ന്കയറ്റങ്ങളാകരുത് ; പ്രത്യേകിച്ച് കുടുംബമായി കഴിയുന്ന വ്യക്തികളോട്!!
ചില ഇഷ്ടങ്ങൾ മറ്റുള്ളവർക്ക് ദ്രോഹമാകുമെങ്കിൽ അത് കുഴിച്ച് മൂടി തെങ്ങിൻതൈ നടുകയല്ലേ നല്ലത്? എന്തിനാണ് മറ്റുള്ളവരുടെ കുടുംബങ്ങളിലൊരു കുളയട്ട ആകുന്നത്?
ശ്ശോ നോമീ, ദേ ന്റെ ചേട്ടനും പിള്ളേരും വരാറായീ. . നീ ഇതന്നെ പ്രയോഗിച്ചാ മതി പെണ്ണേ . മക്കളെ കളഞ്ഞിട്ടുള്ള ഒരിഷ്ടവും വേണ്ട, അച്ഛൻമാർക്കും അമ്മമാർക്കും!! നമ്മളാണ് അവരുടെ റോൾമോഡൽസ്....കേട്ടാ..
ബാക്കി പിന്നെയെഴുതാം....ചുന്ദരിപ്പെണ്ണേ.

By
Anamika

ചിലതുണ്ട്


കാലത്തിന്റെ കൈവെള്ളയിൽ
പുകയുന്ന ചിലതുണ്ട്. . 
പറയാൻ മറന്ന തീക്കനൽ
പോലൊരിഷ്ടമുണ്ട്.....
നോവ്കുഴികളിൽ പതിയിരുന്ന
ചതികളുണ്ട്....
വിടപറച്ചിലരുതാത്ത ചിലരുടെ
യാത്രകളുണ്ട്...
വാക്കുകളുടെ നൂലറ്റമിറുത്ത ചില
തേങ്ങലുകളുണ്ട്....
പലകുറിയോർക്കാൻ മടിക്കും
ഭയങ്ങളുണ്ട്....
കാലത്തിന്റെ കൈവെള്ളയിലെന്നും
ചിലതുണ്ട്....
ആർക്കോ വേണ്ടി കാത്ത് വയ്ക്കുന്ന
ചിലതുണ്ട്...
കാലത്തിന്റെ കൈപ്പിടിയിൽ പലതരം
വീഞ്ഞുകളുണ്ട്...
പഴകുംതോറും വീര്യമേറുന്നവയുടെ
വൻഭരണികളുണ്ട്....
കാലത്തിന്റെ മടിക്കുത്തിൽ ആരുമറിയാ
ചിലതുണ്ട് ....
വിഴുപ്പിൻ കിഴികളിലൊരു
ചീഞ്ഞ നാറ്റമുണ്ട്...
പേറ്റ്നോവിന്റെ വീർപ്പിലലയുന്ന
വാക്കുകളുണ്ട്...
കാലത്തിന്റെ കൈവെള്ളയിൽ
ഇനിയും പലതുണ്ട്.....
പലതും ഗൂഢമാകുന്നത് നിവർത്താതെ
ചുരുട്ടിയ കരങ്ങളിലാണ്.....


By
Anamika

**അമേരിക്കയിൽ നിന്ന് നാൻസി**


**അമേരിക്കയിൽ നിന്ന് നാൻസി**
============================
ഫോണിലെ കുഞ്ഞുകുഞ്ഞ് വട്ടത്തിനകത്തുള്ള അക്കങ്ങൾ കറക്കിത്തീർന്നപ്പോൾ ലാന്‍ഡ് ഫോണിൽ നിന്ന് ചുരുണ്ട മുടിപോലെ നീണ്ടുകിടന്ന കറുത്തവയർ പിരിച്ചും തിരിച്ചും കൊണ്ട് ഞാൻ മേശപ്പുറത്തേക്ക് കയറിയിരുന്നു....
ജനലിന് പുറത്ത് മഞ്ഞ് പൊഴിയുന്നത് കാണാം...പൈൻമരം മുഴുവൻ മഞ്ഞിന്റെ വെള്ളയണിഞ്ഞു നിന്നു.
നാട്ടിലിപ്പോ സന്ധ്യയായിട്ടുണ്ടാകണം..
ഈശ്വരാ മമ്മിയെ ലൈനിൽ കിട്ടിയിരുന്നെങ്കിൽ....
ഇച്ചായനറിയാതെയുള്ള ട്രങ്ക്കോൾ ബുക്കിങ്ങാണ്.... അറിഞ്ഞാൽ തീർന്നു ന്റെ കഥ.... ഉണ്ടക്കണ്ണുരുട്ടിയുള്ള നോട്ടവും, നിന്റെ തന്ത തര്വോടീ കാശ് എന്ന അലമ്പ് ചോദ്യവുമൊഴികെ മറ്റെന്തും സഹിക്കാം.
ഒരു കണക്കിന് ന്റെ പപ്പയ്ക്കത് തന്നെ വേണം ..മമ്മീടെ തന്തയ്ക്ക് വിളിച്ചപ്പോ പപ്പയോർത്തിട്ടേയുണ്ടാകില്ല ; ന്റെ മോളെ കെട്ടുന്നവൻ എന്നെയും ഇത് പോലെ വലിച്ചിഴയ്ക്കുമെന്ന്..
ഈ ഭർതൃവർഗത്തിന് മുഴുവനെന്താണ് അമ്മായിയപ്പൻമാരോട് ഒര് ഇത്....എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു എമണ്ടൻ ചോദ്യമാണല്ലോ ന്റെ ഈശോയേ അത്..
ഹലോ
ഹലോ മമ്മീ ഞാനാ നാൻസി
അമേരിക്കേന്ന് നാൻസിമോളാ ഓടി വാ ഇച്ചായാ ഇങ്ങോട്ട് ( മമ്മി തൊണ്ട പൊട്ടിക്കുന്നു)
സുഖമാന്നോ മോളേ
ആ മമ്മീ സുഖം...പപ്പയെവ്ടെ മമ്മീ?
പറമ്പിലാ...ഇപ്പോ വരും. ജിജോയോ?
ഉറക്കമാ...ഇന്ന് സൺഡേയല്ലിയോ അതാ...
മമ്മീ അതേ ഈ ഉപ്പുമാവ്......
ഹലോ ....ഹലോ.....മമ്മീ...ഹലോ
ശ്ശെടാ കോൾ കട്ടായല്ലോ ...
ഇനി കോൾബുക്ക് ചെയ്ത് കണക്ട് ആകുമ്പോഴേക്കും ഇച്ചായനെഴുന്നേറ്റ് വരുമല്ലോ ന്റെ കർത്താവേ.
നിരാശയോടെ റിസീവർ ക്രാഡിലിലേക്ക് വെക്കുമ്പോൾ ഫോണിനിട്ട് ഒരു തൊഴി കൊടുക്കാൻ തോന്നിയത് ന്റെ തെറ്റാണോ. ... നിങ്ങള് പറയ്. നാട്ടിലേക്ക് ഒന്ന് വിളിക്കണോങ്കി കോള് ബുക്ക് ചെയ്ത് കാത്തിരിക്കണം...
കാത്തിരിക്കുന്നത് പോട്ടെ കാത്തിരുന്നതിന്റെ കൂടി കാശ് ടെലഫോണിന് കൊടുക്കണം...ന്ന് പറഞ്ഞാലെങ്ങനെയാ? നിങ്ങള് തന്നെ പറ. ..
അമ്മാതിരിയുള്ള ഫോൺചാർജ്ജാന്നേ...
ഹോ ...സമയം പോയീ...ഇന്ന് ഈ നാൻസി ഇച്ചായനെയൊന്ന് ഞെട്ടിക്കും... നിങ്ങള് കണ്ടോ!!
നാൻസിക്ക് പാചകം അറിയില്ലെന്നാണ് ഇച്ചായന്റെ ആരോപണം..
സംഭവം സത്യാണേ. .. വീട്ടില് ഞാൻ മൊയലാളിയും മമ്മി എന്റെ അടിമയും ആയിരുന്നത് കൊണ്ടും വല്ലതും വെട്ടിവിഴുങ്ങാനല്ലാതെ ഞാൻ അടുക്കളയെയും, അടുക്കള എന്നെയും കണ്ടിട്ടില്ല. ശഠാപഠാന്നുള്ള കെട്ട് ആരുന്നത് കൊണ്ട് പാചകമൊന്നും പഠിക്കാനുള്ള സമയവും കിട്ടീല്ലാന്നേ.
എന്നാലും അങ്ങനെയങ്ങ് വിട്ടാൽ പറ്റില്ലല്ലോ...
നാൻസി വിചാരിച്ചാലും ഇവിടെ ചിലതൊക്കെ നടക്കുമെന്ന് ഇച്ചായനുമൊന്നറിയണം.
എന്താ ഉണ്ടാക്കുക ഇന്ന്? ഉപ്പുമാവ് തന്നെയുണ്ടാക്കിക്കളയാം...
പാട്ടകളോരോന്നായി പൊക്കി നോക്കി. സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പാട്ടയുടെ കൊങ്ങയ്ക്ക് ഞാൻ പിടിത്തമിട്ടു. ദൈവമേ..ഇത് തന്നാണോ പ്രതി ? ആ.... ആയിരിക്കും...
ന്റെ കർത്താവേ കാത്തോണേ....
എന്താടീ നാനമ്മോ രാവിലെ തന്നെയൊരു പിറുപിറുപ്പ്..?
യ്യോ ഇച്ചായനെണീറ്റാരുന്നോ? ചായ ദേ ഇപ്പോ തരാമേ. .
അല്ലാ നിന്റെ കൈയ്യിലിരിക്കണ ചരുവത്തേലെന്നതാടീ ...കുതിർത്തിട്ടേക്കുന്നേ?
ഒന്നൂല്ലിച്ചായാ...
അല്ലല്ലോ നാനമ്മോ...എന്തോ വമ്പൻമണ്ടത്തരമാണല്ലോടീ മോളേ...അതിനാണീ മറച്ച്പിടിക്കൽ....
ഓ പിന്നേടാ മോനേ...അതിനിമ്മിണി പുളിക്കും കേട്ടോ...ഇതേയ് നാൻസിയാ. . നാൻസി. ..
ഞാനേ ഉപ്പുമാവുണ്ടാക്കാൻ വേണ്ടി റവയൊന്ന് കഴുകിയതാ....ഇപ്പോ മനസ്സിലായോ പാലാക്കാരനിച്ചായാ... നാൻസിക്കുട്ടിയ്ക്ക് പാചകം ചെയ്യാനാരുടേം സഹായം വേണ്ടെന്ന്..
ഉവ്വുവ്വേ....ഇപ്പോ മനസ്സിലായേ. ..മണ്ടത്തരമാണ് നിന്റെ ട്രേഡ്മാർക്കെന്ന്.
ടീ പോത്തേ റവ ആരും കഴുകാറില്ലാ...
ങേ....യ്യോ? ആണോ?
ആണല്ല...പെണ്ണ്. നിന്നെ പറഞ്ഞിട്ടൊരു കാര്യോമില്ല...നീയാ മാത്തന്റെ മോളല്ലേ. ..
ദേ...ഇച്ചായാ ന്നെ കളിയാക്ക്യാലുണ്ടല്ലോ..
ഹല്ല പിന്നേ.. എന്നാത്തിനാടീ ഈ വേണ്ടാത്ത പണിക്ക് പോയത്? എന്നോടൊന്ന് ചോദിക്കാൻ മേലാരുന്നോ പെണ്ണേ നിനക്ക്?
ശ്ശെടാ
അതേ ഇച്ചായാ. .. ഇച്ചായനെയൊന്ന് ഞെട്ടിക്കാൻ നോക്കിയതാ...ഇനീപ്പോ എന്തോ ചെയ്യും ഇച്ചായാ... ??
തത്കാലം ന്റെ കൊച്ച് ഒന്നും ചെയ്യണ്ടാ. .നമുക്കിന്ന് പുറത്തൂന്ന് കഴിക്കാന്നേ. ...
ചേർത്ത് പിടിക്കുന്ന ഇച്ചായന്റടുത്ത് തല താഴ്ത്തി നിൽക്കാതെന്ത് ചെയ്യാൻ? .
(വിഷമം കാട്ടി നിന്നില്ലേല് മോശമല്ലേ....)
ഹ...നീ ബാ നാനമ്മോ...പാചകമൊക്കെ പതിയേ പതിയേ പഠിക്കാന്നേ. .. ഞാനില്ല്യോ കൂടെ..
ഇച്ചായനെ തൊട്ടുരുമ്മി പുറത്തേക്ക് നടക്കുവാണ് ഞാനിപ്പോ....പക്ഷേ ഉപ്പുമാവുണ്ടാക്കുന്നതെങ്ങനാന്നറിയാൻ നാട്ടിലേക്ക് ട്രങ്ക്കോൾ ബുക്ക് ചെയ്ത വിവരം എങ്ങനെ പറയുമെന്ന ചിന്തയിലാണ് ... ഈ പാവം ഞാൻ.
എന്റെ പരട്ടതലയിൽ ഉഡായിപ്പ് ഒന്നും വരുന്നില്ലെന്നേ....ആ എന്തേലുമൊക്കെ ഒപ്പിക്കാം ല്ലേ?
നിങ്ങളിതൊന്നും ആരോടും പോയ് പറഞ്ഞെന്നെ നാറ്റിക്കല്ലേ പ്ലീസ്...

By
Anamika

** രാധികമാരോട്....**


** രാധികമാരോട്....**
==================
മുഖം മറയ്ക്കാത്ത പ്രണയമേ
നിന്നുമ്മറക്കോലായിൽ
രാധികമാരുണ്ടാകണം നിത്യം!!
കണ്ണീരിലൊട്ടിയ പുഞ്ചിരിയാൽ,
വാടിത്തളർന്ന കണ്ണുകളാലാരോ
ചാലിച്ച വർണ്ണം നീ.
പാടിപ്പതിഞ്ഞ പദങ്ങളിലാടാതെ
മറവിയിലാരെയോ തേടിയകലും
സാലഭഞ്ജിക നീ.
ഒരു നെടുനിശ്വാസത്തിനുമപ്പുറം
പകിട കളിക്കുന്നുണ്ടാകണം
മതിയും മനവും അനന്തമായ്...
വ്യർത്ഥമാം കാത്തിരിപ്പിന്നുഷ്ണം
ശമിപ്പാനെന്നപോലുതിരുന്നു
അശ്രുകണങ്ങൾ ധാരയായ്...
ഒരുമാത്രയുണ്ടിനിയടരുവാൻ
എങ്കിലുമൊടുങ്ങാത്ത ഭ്രമമായ്
എത്തിനോക്കുന്നുണ്ട് നീ.
മൃത്യുവെ പുൽകുംവരേക്കും
രാധികമാർക്കൊക്കെയും
പ്രണയമേ നീയൊരു ഭ്രാന്താണ്.
മിഴിനീർപ്പൊള്ളലറിയാതെ
അകലങ്ങളിലുണ്ടാകണം നീ
അടഞ്ഞ വാതിലുകൾക്കുള്ളിലായ്...
ആവർത്തനങ്ങളുടെ മടുപ്പിൽ
കാലവും കണ്ണടയ്ക്കുന്നുണ്ടാകണം
യുഗാന്തരങ്ങൾക്കപ്പുറം.....
പ്രണയമേ നീയൊരു കളവാണ്
പുനർജ്ജന്മങ്ങളുടെ യവനികതേടി
പിറവിയെടുക്കും പ്രതീക്ഷ നീ....
പൊള്ളയായ നിന്നകത്തളങ്ങളിൽ
മോഹഭംഗങ്ങൾ മുരളുന്നുണ്ടാകണം
വാക്കിൻ ഭിത്തികൾക്കപ്പുറം.......
ആർത്ത്പെയ്യും കിനാമഴയിലൊരു
മഴശലഭമാകാതിരിക്കുക രാധികേ
നോവിന്നുറവ തേടാതിരിക്കുക നീ .
By
Anamika Sajeev

**രണ്ട് സങ്കടങ്ങൾ കണ്ട്മുട്ടുമ്പോൾ** (പുസ്തകാസ്വാദനം)


ഒരു സങ്കീർത്തനം പോലെയുടെ കഥാകാരന്റെ കഥാസമാഹാരത്തിന് ഒരു ആസ്വാദനക്കുറിപ്പെഴുതാനുള്ള പാകതയൊന്നുമില്ല എനിക്ക്...എങ്കിലും ഞാനൊരു ശ്രമം നടത്തുകയാണ്. സദയം ക്ഷമിക്കുമല്ലോ.
**രണ്ട് സങ്കടങ്ങൾ കണ്ട്മുട്ടുമ്പോൾ**
(പുസ്തകാസ്വാദനം)
മനുഷ്യജീവിതങ്ങളിലെ വിഷാദങ്ങളുടെ ഇരുണ്ട ഇടനാഴികളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്ന പത്തൊമ്പത് കഥകളിലൂടെ " രണ്ട് സങ്കടങ്ങൾ കണ്ട്മുട്ടുമ്പോൾ" എന്ന കഥാസമാഹാരം പൂർത്തിയാകുന്നു.
പെരുമ്പടവംസാറിന്റെ ശൈലീ സവിശേഷത കൊണ്ടും വാചകങ്ങളുടെ ലാളിത്യവും സാധാരണക്കാരന്റെ ജീവിതവുമായി താദാത്മ്യം പ്രാപിക്കുന്നതുകൊണ്ടും അദ്ദേഹത്തിന്റെ മറ്റ് കൃതികളെപ്പോലെതന്നെ മികവുറ്റതാണ് ഈ കഥാസമാഹാരവും.
2007 ൽ കേരളകൗമുദിയിൽ വന്ന ഒരു വാർത്തയായിരുന്നു രണ്ട് സങ്കടങ്ങൾ കണ്ട്മുട്ടുമ്പോൾ എന്ന കഥയ്ക്ക് ആധാരം.
ഓച്ചിറ പരബ്രഹ്മസന്നിധിയിൽ ഭിക്ഷാടനത്തിനിരിക്കുന്ന, ജീവിതത്തിന്റെ അവസാനഘട്ടത്തിൽ പരസ്പരം ഊന്ന് വടികളായ അനാഥർ (ചെല്ലപ്പനും നന്ദിനിയും) അദ്ദേഹത്തിന്റെ തൂലികയിൽ സരസ്വതിയും വിശ്വനാഥനുമായി പുനർജ്ജനിച്ചപ്പോൾ ചില ബന്ധങ്ങൾക്ക് വിളിക്കാനൊരു പേരില്ലെങ്കിലും പവിത്രമായത് പവിത്രമായിത്തന്നെ തുടരും എന്നദ്ദേഹം നമ്മോട് പറയുന്നു.
"ദൈവം നീതിമാനാണെന്ന് പറഞ്ഞതാരാ?"
(നീതിമാനായ ദൈവം അറിയാൻ) എന്ന് തോമാച്ചനെപ്പോലെ പലരും പലപ്പോഴായ് ചോദിച്ചിട്ടുണ്ടാകണം.
ചായക്കടയുടെ മുമ്പിൽ കൈകഴുകാൻവെള്ളം വെച്ചിരുന്ന കലത്തിന്റെ നൂറ്റൊന്നാമത്തെ പേറിലുണ്ടായ പാത്രം കൊണ്ട് കയ്യുംമുഖവും കഴുകുന്ന കൊച്ചിട്ട്യാതി "ഭൂമിയിലേക്ക് വെച്ച് ഏറ്റവും നല്ലമണം ചോറിന്റെയാണ്" (സ്വാദ്) എന്ന് പറയുമ്പോൾ "വിശപ്പിന് മഴയുമില്ല വെയിലുമില്ല ...വിശപ്പ് അഗ്നിയാണ്" എന്ന് ഓർമ്മിപ്പിക്കുന്നു സ്വാദ് എന്ന കഥ.
" സ്നേഹം വിശുദ്ധിയുടെ ഒരു നദിയാണ്. ദാഹിക്കുന്ന ആത്മാക്കൾ നദിയുടെ തീരങ്ങളിൽ ഇറങ്ങി വെള്ളംകുടിക്കുന്നു. നദി അശുദ്ധമാകുന്നില്ല" എന്ന് അദ്ദേഹമെഴുതിയത് സ്നേഹിക്കുന്നവർക്ക് വേണ്ടിയോ അതോ
സ്നേഹത്തിൽ വഞ്ചനയുടെ കറുപ്പ് ഒളിപ്പിക്കുന്നവർക്ക് വേണ്ടിയോ ?
"ഭൂമിയിലെ ഏകാകിയായ യാത്രക്കാരൻ നനയുന്ന ദൈവാനുഗ്രഹത്തിന്റെ മഴയാണ് നിശ്ശബ്ദത(ചിതറിപ്പോകുന്ന പ്രാർത്ഥനകൾ)" എന്ന വാചകത്തിനൊരു മനോഹാരിതയുണ്ട്. ഒറ്റപ്പെടലിന്റെ മൗനത്തെ വരച്ചുകാട്ടാനിതിലും ഭംഗിയായി ഏത് വാചകമാണ് എഴുതേണ്ടത്?
നഷ്ടബന്ധങ്ങളെയോർത്ത് വിലപിക്കുന്നവരേ നിങ്ങൾക്കായ് ഞാൻ മഹാനായ എഴുത്തുകാരന്റെ വരികൾ കടമെടുക്കുകയാണ് " കഥ തീരുന്നില്ല. ജീവിതവും തീരുന്നില്ല. വായിക്കാതെയുള്ള പേജുകളിൽ അതെങ്ങനെ തുടരുന്നുവെന്ന് ആർക്കറിയാം!". (കടൽക്കരയിലെ സന്ധ്യ)
കഥാപാത്രങ്ങളോരോന്നും ജീവനോടെ മുന്നിലേക്കിറങ്ങിവരുന്നത്പോലെ.... പലതട്ടിലുള്ള ജീവിതങ്ങളുടെ നേർക്കാഴ്ചയുടെ വാക്കുകളുടെ വിസ്മയലോകത്തിനൊടുക്കം കൗമുദിലേഖകൻ സജീവ്കൃഷ്ണൻ "രണ്ട് സങ്കടങ്ങളെ മൂന്നാമതൊരാൾ കാണുമ്പോൾ" എന്നൊരു അനുബന്ധമെഴുതിയ പുസ്തകം കൂടിയാണിത്.
കഥാകൃത്തും കഥാപാത്രങ്ങളും കണ്ട് മുട്ടിയ നിമിഷങ്ങളുടെ ഹൃദയസ്പന്ദനം ഞാനും തൊട്ടറിഞ്ഞത് പോലെ.....
"രണ്ട് സങ്കടങ്ങൾ കണ്ടുമുട്ടുന്ന നിമിഷം വിശുദ്ധമായ ഒന്നാണെന്ന്. ... " വിശ്വനാഥൻ സരസ്വതിയോട് പറയുന്നത് നമ്മളോടാണ്...
സ്ത്രീപുരുഷബന്ധങ്ങൾക്കിടയിലും പരിപാവനമായ ബന്ധങ്ങളുണ്ടാകാം.....
സങ്കടങ്ങളിൽ പരസ്പരം കണ്ട്മുട്ടുന്നവർ, ഒരിക്കലും പിരിയാറില്ല.

By Anamika

പുനർജ്ജനികളില്ലാത്ത മോഹങ്ങൾ (Part-2)


ഹേ മനുഷ്യരേ ...ജീവിതത്തോടുള്ള അടങ്ങാത്ത സ്നേഹവും പ്രതീക്ഷയും നഷ്ടപ്പെടുന്ന ഒരു നിമിഷനേരത്തിലാണ് ഞങ്ങളെപ്പോലുള്ളവര് സ്വയമില്ലാതാകുന്നതെന്ന് നിങ്ങളറിയുക. ആ നിമിഷത്തിനപ്പുറത്തേക്കും ജീവിക്കാനുള്ള കൊതി ഞങ്ങൾ തിരിച്ചറിയുന്ന നിമിഷങ്ങളിലാണ് നിങ്ങൾക്ക് മുന്നിൽ ഞങ്ങൾ ദുരാത്മാക്കളാകുന്നതെന്നത് അറിയുമ്പോൾ വേദനയല്ലാതെ മറ്റെന്താണ് ഞങ്ങളിലുണ്ടാവുക?
നിഷ്ഠകളില്ലാത്ത കാലത്തിന്റെ ചുഴിയിൽപ്പെട്ട് ദിശതെറ്റിയ തോണിയാണ് പലരുടെയും ജീവിതം.
മരണത്തിനപ്പുറവും തങ്ങളെ തേടിയെത്തുന്ന ഓർമ്മകളുടെ തുടർച്ചയോ, ഭൂമിയിലെ ജീവിതങ്ങളുടെ തുടർച്ചയോ ആണ് മരണശേഷമുള്ള പലതും..പലർക്കും!!
എനിക്ക് മുന്നിലൂടെ കടന്ന് പോകുന്ന രൂപങ്ങൾക്കെല്ലാം പറയാനുണ്ട് ജീവിതത്തിന്റെ കഥകൾ.
ബന്ധങ്ങളുടെ ബന്ധനത്തിൽ ചില മുഖങ്ങൾ തീവ്രവേദനയാൽ പിടയുന്നത് കാണാമിവിടെ.
തന്റെ മകളെ സങ്കടത്തോടെ മാത്രം നോക്കി നിൽക്കാറുണ്ടായിരുന്ന, ആത്മഹത്യ ചെയ്ത അച്ഛന്റെ നോട്ടത്തെ ഇല്ലാതാക്കാൻ ഭൂമിയിൽ നടത്തിയ ആവാഹനമന്ത്രത്തിന്റെ പതിന്മടങ്ങ് സ്വരമുണ്ടായിരുന്നു, ഇവിടെ ആ അച്ഛന്റെ തേങ്ങലിന്...
ഭൂമിയിൽ മന്ത്രോച്ഛാരണങ്ങൾക്കൊപ്പം തീയിലേക്ക് വീണ് പുകഞ്ഞ അരളിപ്പൂക്കളെ നോക്കി അച്ഛൻ ആദ്യമൊന്ന് ചിരിച്ചു.
പിന്നെ തന്നിൽനിന്നും രക്ഷനേടാനായി മന്ത്രതന്ത്രങ്ങളിലഭയം തേടിയ, തന്റെ നോട്ടത്തെ ഭയക്കുന്ന ഭാര്യയെയും മകളെയും നോക്കിയൊന്ന് തേങ്ങി.
ഒരിക്കൽ തന്റെ നിഴലായിരുന്നവർ ഇന്ന് തന്റെ നിഴലിനെപ്പോലും ഭയക്കുന്നു എന്ന തിരിച്ചറിവിലൊരു പാവം ആത്മാവ് കാറ്റിന്റെ വേഗതയിലെവിടേക്കാണ് പോയത്? ഒരിക്കലുമതൊരു കാഞ്ഞിരത്തടിയിലേക്കല്ല എന്നും ഞാൻ കണ്ടു.
ജീവിതത്തെ ഭയന്ന് ഒളിച്ചോടിയവരെ മരണശേഷം ഭയപ്പെടുത്താൻ മന്ത്രങ്ങൾക്കോ ആവാഹനകർമ്മ ങ്ങൾക്കോ സാധിക്കില്ലെന്ന് ആ അച്ഛനെനിക്ക് കാട്ടിത്തരികയായിരുന്നൂ.
തീക്കണ്ണുകളോടെ എന്റെ കൺമുന്നിൽ നിന്ന് അപ്രത്യക്ഷമായ ആ അച്ഛനിപ്പോൾ എവിടെയായിരിക്കും? മകളെ മാത്രം ഓർത്തിരുന്ന ആ അച്ഛൻ ഇപ്പോൾ മകളെ മറന്നിട്ടുണ്ടാകുമോ?
മകളുടെ കണ്ണീരിൽ നക്ഷത്രമായ അവളെപ്പോലെ, ആ അച്ഛനും നക്ഷത്രമായി മാറിയിട്ടുണ്ടാകുമോ?
അതോ പുനർജ്ജനി തേടി അലയുന്നുണ്ടാകുമോ? .
ശരീരമുള്ളവരുടെ ലോകത്ത് ശരീരം നഷ്ടപ്പെട്ടവർക്ക് സ്ഥാനമില്ലല്ലോ.
പ്രേതങ്ങളായവർ ഓർമ്മകളുടെ പട്ടുകുപ്പായത്തിനകത്ത് പൊതിയപ്പെട്ട് ഭൂതകാലങ്ങളിലേക്ക് വലിച്ചെറിയപ്പെടാനുള്ളവർ മാത്രം!!
ഞാൻ താഴേക്ക് നോക്കി...
താഴെ ഭൂമിയിൽ ഇരുട്ട് കരിമ്പടം പുതച്ചുകഴിഞ്ഞിരുന്നു...
രാവും പകലുമില്ലാത്ത ഇങ്ങനൊരു ലോകത്തെക്കുറിച്ചറിയാത്ത മനുഷ്യർക്കിടയിൽ എനിക്കായ് ഞാനാരെയാണ് തിരയേണ്ടത്?
ഇളംനീലവിരിയിട്ട മുറിക്കകത്ത് ഇരുട്ടുമൂടിയ കൺകളിൽ നനവോടെ എന്റെയോർമ്മകളെ ക്യാൻവാസിലേക്ക് പകർത്തുന്നതാരാണ്?
ഈശ്വരാ...അതെന്റെ രവിയേട്ടനാണല്ലോ.. ഈ രവിയേട്ടനാണോ മറ്റൊരുത്തിക്ക് വേണ്ടി എന്നെ വേണ്ടാന്ന് വീട് മുഴുവൻ കേൾക്കെ ഉച്ചത്തിൽ പറഞ്ഞത്?
അല്ലാ...അതീ രവിയേട്ടനല്ല ; അത് മറ്റാരോ ആയിരുന്നൂ .
"ജീവിച്ചാലും മരിച്ചാലും ഒരുമിച്ച്" എന്ന് പറഞ്ഞെന്നെ ചേർത്ത്പിടിച്ച എന്റെ പ്രണയമാണ് താഴെ, ഭൂമിയിലെന്റെ ഓർമ്മകളെ തൊട്ട്തലോടുന്നത്.
ഒന്ന് കൈ നീട്ടി തൊടാൻ , ഞാനിവിടെയുണ്ടെന്ന് പറയാനുള്ള വെമ്പൽ ശരീരമില്ലാത്തവളുടെ വ്യാമോഹമായ്....
തിരികെ പിടിക്കാനാകാത്ത ജീവിതത്തിന്റെ പിടച്ചിലോടെ, ഒരിക്കലും കടന്നുചെല്ലാനാകാത്ത ആ മുറിക്കുള്ളിലേക്ക് നോക്കവേ ഞാനറിഞ്ഞു ; ഇനിയൊരിക്കലും രവിയേട്ടന് മുന്നിൽ എന്റെ സ്ഥാനത്ത് മറ്റൊരാളുണ്ടാകില്ലെന്ന്.
എന്റെ മരണം രവിയേട്ടന്റെ ജീവിതത്തെക്കൂടി നശിപ്പിച്ചതിന് പ്രായശ്ചിത്തം പോലെ ഞാനിവിടെയുണ്ടാകും, ഈ പ്രേതലോകത്തിന്റെ നിഴലിൽ.... ഭൂമിയിലേക്ക് നോക്കി.....
സങ്കടങ്ങളില്ലാതെ....
മോക്ഷമാഗ്രഹിക്കാതെ......
ഭൂമിയിലേക്ക് പോകാതെ......
By Anamika Sajeev

പുനർജ്ജനികളില്ലാത്ത മോഹങ്ങൾ (Part-1)


മേഘത്തുണ്ടുകൾക്കിടയിലൂടെ താഴേക്ക് നോക്കി നിൽക്കവേയാണ് കൈ നീട്ടി അവളെന്നെ തൊട്ട് വിളിച്ചത്..
ആ കണ്ണുകൾ സങ്കടത്താൽ തീക്കനൽ പോലെ ചുവന്നിരുന്നൂ അവളുടെ നോട്ടം പതിക്കുന്നിടത്തേക്ക് ഞാനെത്തിനോക്കി..
അവളുടെ നോട്ടം അവിടെ നിൽക്കുന്ന ഒരു പെൺകുട്ടിയിലാണല്ലോ.
മണ്ഡപത്തിൽ നിൽക്കുന്ന മെലിഞ്ഞ് നീണ്ട പെണ്ണിന്റെ കഴുത്തിൽ മഞ്ഞച്ചരട് കെട്ടുന്ന പുരുഷന്റെ മുഖത്തേക്ക് ആശങ്കയോടെ നോക്കിനിൽക്കുന്ന ആ കൊച്ചു പെൺകുട്ടിയുടെ മുഖത്തുടക്കിയ കണ്ണുകൾ വലിച്ചെടുക്കാനാകാതെ ഞാൻ കുഴങ്ങി. അത് ഇവളല്ലേ ... ഇവളെപ്പോലെയുണ്ടല്ലോ ആ കുട്ടി?
ഒന്നും പറയാതെതന്നെ എനിക്ക് പലതും മനസ്സിലാകുന്നുണ്ടായിരുന്നു. വാക്കുകളില്ലാതെത്തന്നെ മറ്റു മനസ്സുകളെ അറിയാനിവിടെയുള്ളവർക്ക് ദൈവം കഴിവ് നൽകുന്നത്എന്തിനാണോ ആവോ?
നിറഞ്ഞൊഴുകുന്ന കണ്ണുകളെ കബളിപ്പിക്കാനെന്നപോലെ അവളെന്നെനോക്കി ചിരിച്ചു. താഴേക്ക് കൈ ചൂണ്ടിപ്പറഞ്ഞു അതെന്റെ ഭർത്താവും മകളുമാണ്.
വിവാഹത്തിന് മുന്നേയുണ്ടായിരുന്ന അസുഖം തുറന്നുപറഞ്ഞില്ല എന്ന കാരണത്താൽ എന്നെ ഉപേക്ഷിക്കാൻ വീട്ടുകാർ മുഴുവൻ നിർബന്ധിച്ചിട്ടും എന്നെ ഉപേക്ഷിക്കാതിരുന്ന മനുഷ്യനാണത്. എന്റെ സ്ഥാനത്ത് മറ്റൊരു സ്ത്രീയെ കാണാനാകില്ലെന്ന് പറഞ്ഞ്, മരണം വരെയും എന്നെ ചേർത്ത് പിടിച്ച വ്യക്തിയാണത്.
വെള്ളമേഘങ്ങൾക്കിടയിലൂടെ ഒരു രൂപം നിറഞ്ഞ ചിരിയോടെ ഞങ്ങളെ കടന്ന്പോയീ.
തന്നെസ്നേഹിക്കാൻ ഭൂമിയിലാരുമില്ലാത്ത ഒരാളായിരിക്കണം അതെന്ന് ഞാനൂഹിച്ചു. അങ്ങനെയുള്ളവർ മാത്രമേ മരണത്തിലും ചിരിക്കുകയുള്ളൂ.. ജീവിതത്തോട് മോഹമടങ്ങണമെങ്കിൽ സ്നേഹിക്കാൻ ആരുമില്ലാതിരിക്കണം.;ഒന്നിനോടും സ്നേഹമില്ലാതിരിക്കണം.
എന്റെ ചിന്തകളെ തടസ്സപ്പെടുത്തിക്കൊണ്ട് അവളുടെ കണ്ണീരിൽ നനഞ്ഞ വാക്കുകളുടെ തരംഗങ്ങൾ എന്നെ ഭൂമിയിലെ ജീവിതത്തിലേക്ക് കൊണ്ട്പോയീ
എന്റെ മകളെ ഞാൻ നോക്കിയത് പോലെ ആരുമിനിയൊരിക്കലും നോക്കില്ല. ഇന്നലെ രാത്രി അവൾ എന്നെയോർത്ത് കരയുന്നത് ഞാൻ കണ്ടൂ ; ഒന്നടുത്തേക്ക് ചെല്ലാൻ പോലുമെനിക്ക് പറ്റാതായീ. പലതും പറഞ്ഞ് അവൾ ഏങ്ങിയേങ്ങിക്കരഞ്ഞു.
നീ വിഷമിക്കുന്നതിലർത്ഥമില്ല. നിന്റെ ഭർത്താവായിരുന്ന ആ മനുഷ്യന് ഒരു സ്ത്രീയുടെ കൂട്ട് വേണം. നിന്റെ മകൾക്ക് ഒരമ്മയുടെ സാന്നിദ്ധ്യംവേണം.. അങ്ങനെ ചിന്തിച്ച് സമാധാനിക്ക്.
ശരീരം നഷ്ടപ്പെട്ട ഒരു അമ്മയുടെ മുന്നിൽ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഞാൻ കുഴങ്ങി. നിസ്സഹായതയുടെ ചക്രവ്യൂഹത്തിൽപ്പെട്ട് നിരാശയുടെ പാരമ്യതയിൽ കണ്ണ് ചിമ്മിയടക്കുന്ന നക്ഷത്രമായി മാറുന്ന അവളോട് അരുതെന്ന് പറയാനെനിക്കാകുമോ?
10 വർഷം പ്രണയിച്ച പുരുഷനൊപ്പം ജീവിക്കാനായ് സ്വന്തം വീട്ടുകാരെ ധിക്കരിച്ചിറങ്ങുമ്പോൾ,
പ്രണയം എന്നത് സ്വന്തമാക്കുന്നത് വരെയുള്ള വെറുമൊരു സ്വപ്നം മാത്രമാണെന്നും, മരണത്തിലേക്കുള്ള യാത്രയാണതെന്നും ഞാനും അറിഞ്ഞിരുന്നില്ലല്ലോ.
താലി എന്ന യാഥാർത്ഥ്യത്തെ മറന്ന് മറ്റൊരു പെണ്ണിലേക്കുള്ള പ്രണയത്തിന്റെ ചവിട്ടുപടികളില് നിന്ന ഭർത്താവിനോടുള്ള വാശിക്ക് തീകൊളുത്തി സ്വന്തം ശരീരമില്ലാതാക്കുമ്പോഴും ഞാൻ ജീവിതത്തിനെ സ്നേഹിച്ചിരുന്നു എന്നതാണ് സത്യം.
അല്ലെങ്കിലും ജീവിതത്തെ സ്നേഹിക്കാനല്ലേ മനുഷ്യർക്ക് കഴിയൂ. .
ദുരാത്മാക്കളെന്ന് ഭൂമിയിലെഴുതപ്പെട്ട ഞാനുൾപ്പടെയുള്ളവരെങ്ങനെയാണ് ദുരാത്മാക്കളായത്? (തുടരും)
Anamika Sajeev

**ചിരിക്കുന്ന സത്യം**


ഇടമുറിയാത്ത വാഗ്ശരങ്ങൾക്കിടയിലൂടെ
ഇനിയെവിടേക്കെന്നറിയാതെയൊരു യാത്ര
ഇതിഹാസം രചിപ്പതില്ല ഞാനെങ്കിലും
ഇവിടെ ഞാനുമൊരു വരിയെഴുതാം
ചിതറിയ പുസ്തകക്കെട്ടിനിടയിലായ്
ചിലപ്പതികാരം തേടുന്നു വാല്മീകം.
ചിന്നിച്ചിതറുമീ ചിന്തകൾക്കിടയിലും
ചാരമാകാത്തൊരു കനവ് കോർക്കാം
കാൺമതൊക്കെയും പാടാൻകൊതിച്ച്
കൺപാർത്ത് വരികളിലൊളിച്ചിരിക്കാം
കണ്ടുവോ വെളിച്ചമേ നീയെന്റെ ജീവിതം
കെട്ടുകളില്ലാതെ പാറിപ്പറന്നോരു ജീവിതം
പാഥേയമാരും നൽകിയില്ലെങ്കിലും
പരതുന്നൂവെറുതെ ഭാണ്ഡത്തിലെന്തിനോ.
പശിയടങ്ങുവാനെഴുതിയില്ല വരികൾ
പകരമായ് കോറുമാ വാക്കുകളൊക്കെയും
പൊള്ളിയടരുന്നൂ മതിലുകൾക്കുള്ളിൽ
പ്രേരകങ്ങൾക്ക് നേരെയെൻ ചോദ്യമായ്
ഉത്തരമില്ലാ ചോദ്യമേ മരണംവരേക്കും
ഉത്തരം തേടിയോടുമൊരു ഭ്രാന്താണ് നീ
ഉള്ളത്തിലുള്ള മോഹവലയത്തിനാലേ
ഉണ്മയാണെങ്കിലും മറക്കുന്നൂ നിന്നെ
വഴിമറന്നോരു പഥികനാണെങ്കിലും സഖേ
വളവിന്നൊടുക്കം നിൻഹാസമധുരം സുഖം
വരുമെന്ന് പറയാതിന്നെത്തിനോക്കും
വിരുന്നുകാരാ പകരാം ഞാനൊരുന്മാദം.
ഭീതിയില്ലശേഷം ചാഞ്ഞൊന്നുറങ്ങുവാൻ
ഭ്രമമാണ് നീ എന്നറിവാൻഇനിവേണ്ടമാന്തം.
ഭ്രാന്തമാം രാവിൻ നെറുകയിൽ ശീതവും
ഭീതിയും പുൽകവേ തമ്മിൽ പുണരാം സഖേ
അനുജന്മസ്വപ്നങ്ങളൊക്കെയും പുൽകി
അനന്തതയിലേക്കൊരുയാത്ര പോകാം.
കാതോർത്തിരിപ്പൂ ഞാനൊരു ശ്വാസത്തിനപ്പുറം
കള്ളനെപ്പോൽ പതുങ്ങുന്ന നിൻ ചെറുചിരിക്കായ്

By 
Anamika

പ്രേമലേഖനവും ഞാനും


പെൺകുട്ടികൾ മാത്രമുള്ള കന്യാസ്ത്രീ സ്ക്കൂളിലെ പഠിത്തവും, LKG ലെ കിറുങ്ങാസ് തൊട്ട് 10 - ക്ലാസ്സ് വരെയുള്ള പെൺപടകൾ മാത്രമുള്ള സ്ക്കൂൾബസ് യാത്രയും ഒക്കെക്കൂടിയായപ്പോൾ എന്നെ സംബന്ധിച്ച് ആൺകുട്ടികൾ അന്യഗ്രഹ ജീവികളായിരുന്നു
വൈശാലിയെ കണ്ട് ഋഷ്യശൃംഗൻ ഭയന്നത് പോലെ ..(.ഒരു പക്ഷേ അതുക്കും മേലെ...). വഴിമാറി ഞാൻ നടക്കുമ്പോഴാണ് ഈ പാവം എന്നെ ട്യൂഷന് കൊണ്ടാക്കുന്നൂ എന്ന് അച്ഛൻ ഉത്തരവിട്ടത്. പഴയ സിനിമകളിൽ ഷീല കണ്ണ് പിടപ്പിക്കാറുള്ളത് പോലെ ഞാനുമൊന്ന് ശ്രമിച്ച് നോക്കി..കണ്ണ് പിടപ്പിച്ച്....ഗദ്ഗദം വരുത്താൻ..
ശ്രമം അട്ടർഫ്ലോപ്പ് ആയീന്ന് മാത്രമല്ല ദിലീപ് സാറിൻറ്റെ ട്യൂട്ടോറിയൽ ക്ലാസ്സിൽ കൊണ്ടിരുത്തി എന്നെ തോൽപ്പിച്ചുകളഞ്ഞു, കണ്ണിൽ ച്ചോരയില്ലാത്ത അച്ഛൻ.
40 കുട്ടീസിനൊപ്പം ഞാനും പോയ് ഏതോ ബെഞ്ചിൻറ്റോരം പറ്റിയിരുന്നു. നീളമുള്ള വെളുത്ത് സുന്ദരനായ ദിലീപ്സാറിൻറ്റെയും, തടിച്ച് ഭീകരലുക്കുള്ള മെൽവിൻ സാറിൻറ്റെയും മറ്റ് അധ്യാപകരുടെയും പക്കൽനിന്ന് പഠിപ്പിസ്റ്റ് എന്ന സപ്രിട്ടിക്കേറ്റ് വാങ്ങാനുള്ള പയറ്റിലേർപ്പെട്ടൂ. എന്നെക്കാൾ മാർക്ക് വാങ്ങുന്നോരൊയൊക്കെ ഹിറ്റ്ലിസ്റ്റിൽപ്പെടുത്തി നടക്കുന്നതിനിടയ്ക്കാണ് ആൺപ്രജകളുടെ സൈഡിൽ നിന്ന് ഒരു പൂച്ചക്കണ്ണനെന്നെ നോക്കിയിരിക്കുന്നത് ശ്രദ്ധിക്കുന്നത്...
നോട്ടംസ്ഥിരമായപ്പോ കന്യാസ്ത്രീസ്ക്കൂളിലെ കുഞ്ഞാടായ ഞാൻ കുരിശ് വരച്ച് "നന്മ നിറഞ്ഞ മറിയമേ " മനസ്സില്ലാമനസ്സോടെ ചൊല്ലി പേടിയകറ്റി
വൈകുന്നേരത്തെ പതിവ് ട്യൂഷൻ കഴിഞ്ഞ്, നനുനനെ പെയ്യുന്ന മഴയെ കണ്ട് അമ്മയുടെ വഴക്ക്പറച്ചില് ഓർത്ത് കൊതിയടക്കി കുട നിവർത്തി സ്ലോമോഷനിൽ നടക്കവേ അനൂ ഒന്ന് നിൽക്കണേ ...ന്ന് കേട്ട് ആരാപ്പാ അത് ന്ന് നോക്കുമ്പോ ഉണ്ട് ദാണ്ടെ വരുന്നൂ ആ സുന്ദരൻ പൂച്ചക്കണ്ണൻ. പെട്ടെന്നുണ്ടായ( "കണ്ണ് രണ്ട് കണ്ണ്...." എന്ന പാട്ട് അന്നിറങ്ങിയിരുന്നേൽ ആ സീനിന് മാച്ചായേനെ) ബെഭ്രാളത്തിലെൻറ്റെ കുടയ്ക്ക് കൺട്രോള് നഷ്ടപ്പെട്ട് തെമ്മാടിക്കാറ്റിനൊപ്പം പറന്ന് പോയീ. ഒരു മൂവിസോങ്ങിന് പറ്റിയ സീനാരുന്നൂ അതെന്ന് ഇപ്പോ തോന്നന്നുണ്ട് ... മഴ .... കാറ്റിനൊത്ത് പറന്ന്പോയ കുട പിടിക്കാനോടുന്ന നായിക.....ഞാനാരാ മോള്? വിമാനം പറന്നാലെറിഞ്ഞ് പിടിക്കും പിന്നെയാ ഈ പീക്കിരി കറുമ്പൻകുട? എങ്ങനേലും കുട പിടിച്ചെടുത്ത് നീളൻമുടി ബാക്കിലേക്ക് സ്വൽപമല്ല സാമാന്യം നല്ല അഹങ്കാരത്തോടെ തന്നെ പിറകിലേക്ക് ഇട്ട്കൊണ്ട് " നിനക്ക് വിളിക്കാൻ കണ്ടൊരു നേരം? എന്താന്ന് വെച്ചാ പറഞ്ഞ്തൊലക്ക് " എന്ന് ചോദിക്കാനാകാതെ ....സദ്ഗുണസമ്പന്ന യെപ്പോലെ ഭവ്യതയോടെ നിന്നഎൻറ്റെ നേർക്ക് അവനൊരു കടലാസ്കഷണം നീട്ടി...കൈയിൽ വീണ വെള്ളത്തുള്ളി കൾ തുടച്ചിട്ട് കണ്ട കാഴ്ച....വായിച്ച വരികൾ...ഹോ....
തട്ടത്തിൻമറയത്തിലെ നിവിൻപോളീടെ ഡയലോഗ് തിരിച്ചിട്ടാൽ " ഓൻറ്റെ ലെറ്റർ വായിച്ചാലെൻറ്റെ പൊന്ന്കൂട്ടാരേ ചുറ്റുമുള്ളതൊന്നും കാണൂല്ലാ" ന്ന്
കടലാസിൽ കണ്ട പല വർണ്ണങ്ങൾ മനസ്സിലേക്ക് വാരിയെറിഞ്ഞത് പോലെ... I love u r Eyes....Ur eyes r soo good as u.
പെട്ടെന്ന് ആരാണ് എന്നെ "പേരില്ലാ രാജ്യത്തെ രാജകുമാരിയാക്കിയത്?"ഹാരവിടെ" എന്ന് ചോദിക്കാൻ തോന്നിയപ്പോഴേക്കും അരികിലൂടെ "പോം പോം" എന്നമറിപ്പാഞ്ഞ ഒരു പാണ്ടൻലോറി എൻറ്റെ സങ്കല്പ രാജ്യത്തെ തവിട്പൊടിയാക്കിക്കളഞ്ഞൂ.
എനിക്ക് കിട്ടുന്ന ഫസ്റ്റ് ലവ് ലെറ്റർ...നാളെ ഇതിനെക്കുറിച്ചാരോടൊക്കെ ചെണ്ട കൊട്ടി പറയണം എന്നോർത്തപ്പോ പൊട്ടിയ ലഡുക്കളുടെ എണ്ണത്തിന് കൈയ്യുമില്ല കണക്കുമില്ല.
ധടക്പടക്....ദാണ്ടേ സദാചാരബോധം കുടുംബസ്നേഹം ഒക്കെക്കൂടി പടവാളോങ്ങുന്നൂ....ഞാനാ പേപ്പർ പതിനാറ് കഷണങ്ങളാക്കി നുള്ളികീറി ചുരുട്ടി മഴയിലേക്ക് എറിഞ്ഞുകളഞ്ഞൂ. എന്നിട്ട് അവനെന്തോ കൊലപാതകം ചെയ്തെന്ന മട്ടിലൊരു നോട്ടം കണ്ണിൽ വരുത്തി ....ഉള്ളിൽ പൊട്ടിയ ലഡ്ഡൂസിനെ ചവിട്ടിയരച്ച് നടന്നകലുമ്പോ അവനെന്നെ നോക്കി നിന്നിട്ടുണ്ടാകണം...ഉണ്ടാകും ലേ?
പിറ്റേന്ന് ട്യൂഷൻക്ലാസ്സിലേക്ക് സജിതയ്ക്കൊപ്പം ആശങ്കപ്പനി പിടിച്ച് നടക്കുമ്പോ വീട്ടിലേക്കുള്ള ബസ്സ് പിടിച്ചാലോ എന്നോർക്കാതിരുന്നില്ല. വല്യഅലമ്പൊന്നുമില്ലാതെ ക്ലാസ്സ് കഴിഞ്ഞ് ആശ്വാസത്തോടെ നടക്കുമ്പോ ക്ലാസ്സിലെ ആൺപ്രജകൾ മുന്നിൽ....
"തനിക്ക് ഇഷ്ടമില്ലെങ്കി അതങ്ങ് പറഞ്ഞാ മതിയാരുന്നൂ...ഇതിപ്പോ അവൻറ്റെ അച്ഛൻറ്റെ കൈയ്യീന്നും ദിലീപ് സാറിൻറ്റെ കൈയ്യീന്നും ഒക്കെ തല്ല് വാങ്ങിക്കൊടുക്കണ്ടാരുന്നൂ..." അൽപം ദൂരെ മാറി പെരുമൺദുരന്തം കണ്ട പെരുച്ചാഴിയെപ്പോലെ എന്നെ നോക്കിക്കൊണ്ട് പൂച്ചക്കണ്ണനും നിന്നു.
പിന്നീട് പത്താംക്ലാസ്സ് അവസാനിക്കുന്നത് വരെ എന്നെയൊരു ദുർമന്ത്രവാദിയെപ്പോലെ നോക്കിയിട്ടുണ്ടാകണം ആ ഭംഗിയുള്ള പൂച്ചക്കണ്ണുകൾ.
പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത ...ഇനി ഒരിക്കലും കാണാത്ത സഹപാഠിയോട് ആ അടിയുടെ പിറകിലെൻറ്റെ കറുത്ത കരങ്ങളല്ലാരുന്നൂ എന്നെങ്ങനെ പറയാൻ?
ചില വാക്കുകൾ അങ്ങനെയാണ് ....ഒരിക്കലും വെളിച്ചം കാണാതെ...പറയേണ്ടവരോട് പറയാനാകാതെ..... മനസ്സിൻറ്റെ കടലാഴങ്ങളിൽ ആണ്ട് പോകും .

By: anamika

പുതുവത്സരരചനാമത്സരം 2017 (കവിത വിഭാഗം) ക്ഷണികം ജീവിതം


======================
ഇനിയൊരുനാൾ പാദധൂളികൾ
മൂടുമീ കനവുകളുടെ മരുപ്പച്ച-
കടന്നേറെ ദൂരമുണ്ടിനി മുന്നിലായ്.
ഹരിതമീ ഭൂവിലൊരു നന്മതൻ-
മുകുളമായ് വിടർന്നുകൊഴിയാം.
മഴനൂലുകളാലോലമാടും കാറ്റിൻ -
കരങ്ങളെ ചുംബിച്ചുറങ്ങാം.
ശലഭവർണ്ണങ്ങൾ നിറയും നിഴൽ-
ച്ചിത്രങ്ങളായ് മണ്ണിലലിയാം.
ക്ഷണമാത്രയെങ്കിലും ഒരു
ശ്വാസവേഗേനയുരുകുമൊരു-
നീർത്തുള്ളിയാകേണമെനിക്ക്.

By: anamika

ഒരു നീന്തൽക്കൊതിയും ചതിയും


കോളേജീന്ന് വന്നപാടെ ബാഗ് ഒരറ്റത്തേക്ക് എറിഞ്ഞ് "അമ്മേ ചായാ..."ന്ന് നീട്ടിവിളിച്ച് ചെന്നപ്പോ കണ്ടത് അമ്മേടെ കൈയിലെ ചട്ടുകത്തെയാണ്...പറഞ്ഞാ നിങ്ങ ബിശ്വസിക്കൂല്ലാ... തീരെ ചെറുതിലേ നല്ല സ്വഭാവമായിരുന്നത് കൊണ്ട് ആശാനും (ചട്ടുകം) ഞാനുമായി പയങ്കര കൊണാണ്ട്രിപ്പിക്കേഷനാണേ. ആശാനോടുള്ള ഭയഭക്തി കാണിക്കണോല്ലോ.... ഞാനൊരു നാല്ചുവട് പിറകിലേക്ക് മാറി ചട്ടുകത്തെയും അമ്മയെയും നോക്കി .
നിങ്ങ നോക്കണ്ടാ.....ഹമ്പട ലൊടുക്കൂസുകളേ.. .നിങ്ങ എനിക്ക് ചട്ടുകം കൊണ്ടുള്ള ശാർദ്ദൂലവിക്രീഡിതം കിട്ടൂന്ന് വിചാരിച്ചു ല്ലേ ? വേണ്ടാ ...ട്ടാ... അമ്മക്കൊരു മൈൻഡുമില്ലാ. അമ്മ തീറ്റക്കൊതിയനായ മഹന് വേണ്ടി ദോശ ചുടുകയാണ്...അല്ലാണ്ട് എന്നെക്കണ്ട് ആയുധധാരിയായതല്ല ....
ഹോ... ൻറ്റെ ദേവ്യേ.... ഇവറ്റോളൊക്കെ ൻറ്റെ FB ഫ്രണ്ട്സ് ആയതിലും വല്യശിക്ഷ വേറെന്തൂട്ടാ ള്ളേന്ന്?
അടുക്കളത്തിട്ടേല് ചാടിക്കേറി ആക്രാന്തം കാട്ടിപ്പിച്ചിപ്പെറുക്കി തീറ്റയജ്ഞം നടത്തുമ്പോഴാണ് മാതാ BBC ഞെട്ടിക്കുന്ന ഒരു വാർത്ത പ്രക്ഷേപണം ചെയ്തത്. നാളെ എന്നെ കാണാൻ ഒരു ചെക്കൻ വരുംന്ന്. വയറ്റിലേക്ക് പോയ ദോശ കേട്ട വാർത്ത വിശ്വസിക്കാനാകാതെ തൊണ്ടയിലെത്തി വായും പൊളിച്ച് നിന്നത് പോലായി. ..ഞാൻ.
ദുർബലമായ് പ്രതിരോധിക്കാനൊരു ശ്രമം നടത്തിക്കാട്ടി....ഉള്ളിലൊരു ചിരിയോടെ "തുമ്പിക്കല്യാണത്തിന് വന്നെത്തിയ" എന്ന പാട്ട് മനസ്സിൽ മൂളി മുറിയിലേക്ക് ഒറ്റയോട്ടം വെച്ച് കൊടുത്തു....മോൾക്ക് നാണമുണ്ടെന്ന് അമ്മേനെ കാണിക്കണോല്ലോ .... ഏത്? സത്യത്തിലങ്ങനൊരുകാര്യം ഏഴയലത്തൂടെ പോയിട്ടില്ലേലും....ല്ലേ?
അങ്ങനെ പിറ്റെന്ന് ചെക്കനെന്ന് വിളിക്കപ്പെട്ട ആള് വന്നു ചായകൊടുത്തു....ൻറ്റെ വിധി തീരുമാനിക്കപ്പെട്ടു...ആ പാവത്തിൻറ്റെയും... പിന്നെയങ്ങൊട്ട്....ശഠപഠാന്ന് നിശ്ചയവും കല്യാണവുമെല്ലാം കഴിഞ്ഞൂ ട്ടാ.
കല്യാണം കഴിഞ്ഞ് പെങ്ങടെ വീട്ടിലേക്ക് 35 കി.മീറ്ററോളം യമഹ YBX പിറകിലിരുന്നൊരു കിടിലൻയാത്ര... കല്ലടയാറിൻറ്റെ തീരത്തുള്ള വീട്ടിലിരുന്ന് കരിമീൻഫ്രൈയും ഞണ്ട് കറിയും ഒക്കെ വെട്ടിവിഴുങ്ങി നാത്തൂനോട് സൊറ പറയുമ്പോഴാണ് ആര്യപുത്രൻ "ഞാൻ ആറ്റിലേക്ക് പോകുവാണേ" എന്ന് വിളിച്ച് കൂകിയത്. കേട്ടപാതി കേൾക്കാത്ത പാതി സൊറപറച്ചിൽ മംഗളം ചൊല്ലിയവസാനിപ്പിച്ച് റബ്ബർമരങ്ങൾക്കിടയിലൂടെ താളവട്ടത്തിലെ മോഹൻലാലിൻറ്റെ പിറകേ പോയ കാർത്തികയെ പോലെ ഞാനും വെച്ച്പിടിച്ചു
അവിടെ ചെന്നപ്പോഴുണ്ടടാ....എൻറ്റെ ഭത്രാവ് സോറി ഭർത്താവ് മലർന്നും ചെരിഞ്ഞും കമിഴ്ന്നും നിന്നും നടന്നുമൊക്കെ നീന്തുന്നൂ .
കുശുമ്പ് എന്തെന്ന് പോലുമറിയാത്ത ഞാൻ വെയിലത്ത് നീന്തിയാൽ കറുക്കും കേറിവാ ചോട്ടാ എന്നൊക്കെ സ്നേഹം കാട്ടി പറഞ്ഞ് നോക്കി... പക്സേങ്കില് ഏശീല്ലാന്നേ. എന്നെ വിറ്റ കാശ് പോക്കറ്റിലിട്ടോണ്ട് നടക്കണയാളാന്ന് അപ്പോഴാ മനസ്സിലായേ.
പിന്നെ ഞാൻ സകലപോക്കണം കേടുകളും മാറ്റിവെച്ചിട്ട് ആര്യപുത്രനോട് കൊഞ്ചിച്ചോദിച്ചൂ.. "പിന്നേ....അതേ ....എനിച്ചും നീന്തണം. ..പഠിപ്പിച്ചുവോ"
അത് കേട്ടപാട് പുള്ളി ഒരു ഒന്നൊന്നരകട്ടജാട തലയിലോട്ട് വെച്ച് നീന്തി ഞാനിരിക്കുന്ന പടവിലേക്ക് വന്നു.
കാര്യം സാധിച്ചു കിട്ടാൻവേണ്ടി അഭിനയത്തിൻറ്റെ പരമോന്നതപീഠം കേറുന്ന ഞാനിത്തവണയും തകർത്തഭിനയിച്ചൂ. അഭിനയത്തിൽ മൂക്കും കുത്തിവീണിട്ടോ എന്തോ...എന്നെ കൈപിടിച്ച് വെള്ളത്തിലേക്ക് ഇറക്കി... ഇറക്കി....ഒടുക്കം കാല് എത്താത്തിടത്ത് കൊണ്ട് നിർത്തി..
ഞാനാണേല് പേടിച്ചിട്ട് സകലഅഹങ്കാരവും അറബിക്കടലിലേക്കൊഴുക്കിവിട്ടിട്ട് പതീദേവോ നമഃ എന്ന മട്ടില് ചേട്ടൻറ്റെ കൈയിൽ ഞണ്ടിറുക്കുന്നത് പോലെ അള്ളിപ്പിടിച്ച് നിന്നു.
" അതേ...ടീ എനിക്കൊരു കാര്യം പറയാനുണ്ട്" കരയ്ക്ക് കയറിയിട്ട് പറഞ്ഞാപ്പോരേ എന്ന മട്ടില് നോക്കി നിക്കുമ്പോ " എനിക്ക് AIDS ആണെന്നത് മറച്ച് വെച്ചിട്ടാണ് ഞാൻ ഇയാളെ കല്യാണം കഴിച്ചത്. ഇയാള് ക്ഷമിക്കണം... ഞാനെന്തായാലും മരിക്കും ഇയാളെ തനിച്ചാക്കീട്ട് പോകാൻ വയ്യാത്തത് കൊണ്ട് ഞാനിയാളെ ഇവിടെ ഉപേക്ഷിക്കയാണ്. ഇയാള് ഒഴുകി അറബിക്കടലിലെത്തുമ്പോഴേ ക്കും മീനുകൾ ഇയാടെ കണ്ണൊക്കെ തിന്ന് തീർക്കും...പേടിക്കണ്ട. ഞാനും പിറകെ വരുന്നുണ്ട്" പറഞ്ഞതും എൻറ്റെ കൈയ്യിലെ പിടിവിട്ടതുംഞാനൊഴുകി നീങ്ങിയതും ഒരുമിച്ചായിരുന്നു.
ഞാൻ രക്ഷിക്കണേ ന്ന് കാറിക്കൂവി. ദൈവങ്ങളെ വിളിക്കാനൊന്നും ഓർത്തില്ലാ പകരം അമ്മേന്ന് വിളിച്ചലറിക്കരഞ്ഞു.. .പെട്ടെന്നാരോ എന്നെ പിടിച്ച് വലിച്ചു....
ചേട്ടനാണ്....ഒരു കള്ളച്ചിരിയോടെ...
ഠപ്പേ...ഠപ്പേ...ഠിഷ്യൂ...തളാങ്കുതിത്തകതോം.... സകലടെൻഷനും ഇടി...അടി...പിച്ച്...മാന്ത്. ..ഇത്യാദിയായി കരയ്ക്കെത്തിക്കുന്നത് വരെ ചേട്ടൻറ്റെ ദേഹത്ത് പ്രയോഗിച്ച് ഞാനൊരു മല്ലേശ്വരിയായി.
കരയിലോട്ട് നിർത്തിയതും ഇങ്ങോട്ട് മോഹൻലാലിൻറ്റെ പിറകേ വന്ന കാർത്തികയുടെ ആത്മാവിനെ വെള്ളത്തിലെറിഞ്ഞിട്ട് ശങ്കരാടിയെ ശകാരിക്കുന്ന സുകുമാരിയമ്മയെ കൂട്ട് പിടിച്ച് ഞാൻ തിരിഞ്ഞ് നടന്നു....അല്ലല്ല തിരിഞ്ഞോടി.
എന്തായാലും നീന്താനുള്ള മോഹം അവിടെ തീർന്നു കിട്ടി ...ഒപ്പം വെള്ളത്തിൽ മുങ്ങിച്ചാകാൻ പോകുന്നയാളുടെ വെപ്രാളമെന്താണെന്നും പഠിച്ചു.
അതിലുമുപരിയായി. ... ജീവിതത്തിലെ ഏത് കുത്തൊഴുക്കിലും എൻറ്റെ കൈയ്യിലെ പിടിവിടാത്ത ഒരു നല്ല മനുഷ്യനാണദ്ദേഹ മെന്ന്...........ഒരു നല്ല രക്ഷിതാവാണദ്ദേഹമെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു.

By: Anamika

ഒരു പിടിവാശിക്കഥ


"ചിൽ ചിൽ " ശബ്ദം കേട്ട് " ഇതാരാ ഇത്ര രാവിലെ കോളിങ്ങ്ബെല്ലടിച്ച് കളിക്കുന്നത്? " എന്നോർത്ത് അലോസരത്തോടെ കണ്ണ് തുറക്കുമ്പോഴാണ് കണ്ണാടി ജനലിനപ്പുറത്ത് മഞ്ഞചെമ്പരത്തിയിലിരുന്ന് കലപില ബഹളം വെക്കുന്നവരെ കർട്ടനിടയിലൂടെ കണ്ടത് രണ്ട് കുഞ്ഞിക്കിളികൾ..
അവരെന്തായിരിക്കും തമ്മിലിത്രയും പറഞ്ഞ് ചിലക്കുന്നത് എന്നാലോചിക്കുന്നതിനിടയിലാണ് നോട്ടം ചുവരിലെ ക്ലോക്കിലേക്ക് പോയത്.
ഈശ്വരാ....7:30 ആയല്ലോ....
ആഹാ... ഇവളിത് വരെ എഴുന്നേറ്റ് പോയില്ലേ? പുതച്ച് മൂടി കിടക്കണ കിടപ്പ് കണ്ടില്ലേ?
ടീ സുജേ എഴുന്നേൽക്കെടീ... ഇന്നലെ രാത്രിയും ഞാൻ പറഞ്ഞതല്ലേ ...അമ്മയല്ല എനിക്കിനി ആഹാരമുണ്ടാക്കിത്തരേണ്ടത് നീയാണെന്ന്... ഇന്ന് മുതല് നേരത്തെ എഴുന്നേറ്റോണം ന്ന് പറഞ്ഞതല്ലേ ഞാൻ നിന്നോട് ....
ഓ ...പിന്നേ...എന്നെകെട്ടിക്കൊണ്ട് വരുന്നേന് മുന്നേ അമ്മയുണ്ടാക്കിയ ആഹാരമല്ലേ സുധി കഴിച്ചോണ്ടിരുന്നത്. . ഇനിയും കഴിക്കുന്നതിനെന്താ? സുധി ഇങ്ങോട്ട് നീങ്ങി കിടന്നേ... കുറച്ച് കഴിഞ്ഞ് എഴുന്നേൽക്കാം നമുക്ക്.
ശവം.... ഒറ്റച്ചവിട്ടാണ്കൊടുക്കേണ്ടത്, പക്ഷേ സ്ത്രീപീഢനത്തിനെതിരെയുള്ള നടപടികൾ പേടിച്ച് ഒതുങ്ങിയല്ലേ പറ്റൂ...
എന്ത് ചെയ്താലും കുറ്റം മുള്ളിനാണല്ലോ ഇപ്പോ.
പെണ്ണിങ്ങോട്ട് വന്ന് മാന്തിയാലും കെട്ടിപ്പിടിച്ചാലും ശരി....ഒടുക്കം വാർത്തയിലെപ്പോഴും പീഢിപ്പിക്കപ്പെടുന്നത് പെണ്ണും...പീഢിപ്പിക്കുന്നത് ആണും...
ആണുങ്ങൾ പീഢിപ്പിക്കാൻ മാത്രമായുള്ള വർഗമാണെന്ന് തോന്നും ....ഇതൊക്കെ കണ്ടാല്.
എന്തോരു ലോകമോ എന്തോ?
**************
സിറ്റ്ഔട്ടിലെ ചൂരൽക്കസേരയിലിരുന്ന് പത്രം വായിക്കുമ്പോ, അമ്മ വിളിച്ച് ചോദിച്ചു
" സുധീ...സുജേടെ ചോറിന്റെ കൂടെ ഇത്തിരി കടുമാങ്ങ വെക്കട്ടേടാ..അവൾക്ക് ഇഷ്ടാകുമോ?"
"അവളെവിടേമ്മേ? അവളോട് ചോദിച്ചാപോരേ?"
"അവള് റൂമടച്ചേക്കുവാ കുളിക്കുവാണെന്ന് തോന്നുന്നു"
ബാഗിലേക്ക് ചോറ്പൊതി തിരുകി വെച്ച്
സുജ എനിക്കൊപ്പം ഇറങ്ങുമ്പോൾ
"സുജേ സൂക്ഷിച്ചിരിക്കണേ. ടാ... പെങ്കൊച്ച് പിറകിലൊണ്ടെന്നോർമ്മ വേണം; മെല്ലെ പോണേ മോനേ" ന്ന് പറഞ്ഞ് ഞങ്ങൾ പോകുന്നതും നോക്കി അമ്മ നിന്നു.
"കണ്ടോടീ സുജേ എന്റമ്മേടെ സ്നേഹം.. ഇങ്ങനൊരു അമ്മായിഅമ്മയെ നിനക്ക്
എവിടേം കിട്ടൂല്ല"
"ഓ പിന്നേ...ഇതൊക്കെ പരമബോറാ . ..
ഇയാള് മിണ്ടാണ്ട് ഡ്രൈവ് ചെയ്തേ"
****************
ടീ സുജേ...ദേ അമ്മ അവിടെയൊറ്റക്ക് ചപ്പാത്തി പരത്തുന്നു...നീയൊന്ന് എഴുന്നേറ്റ. .. ഒരു കൈ സഹായിച്ചേ. ...
ഒന്ന് പോ സുധീ. ..ഇത് കണ്ടോ ചന്ദനമഴയിലെ ആ അമൃത എന്തെല്ലാം സഹിക്കുന്നുണ്ടെന്നോ പാവം...
എന്റടുത്തെങ്ങാനുമായിരിക്കണം ഇതൊക്കെ, എല്ലാറ്റിനേം കൊന്നേനെ ഞാൻ!!
ടീ നിന്നോട് അമ്മേ സഹായിക്കാൻ പറഞ്ഞത് കേട്ടോ
ഒന്നടങ്ങ് സുധീ....ചന്ദനമഴ കഴിഞ്ഞിട്ട് എഴുന്നേൽക്കാം
***************
സുജേ ലൈറ്റ് ഓഫ് ചെയ്തേ ഉറക്കം വരുന്നു
അതേ സുധീ ഒരു 5 മിനിട്ട്. ..അത് കഴിഞ്ഞ് ഓഫ് ചെയ്യാം...
ഉം പറ പെണ്ണേ വേഗം എന്താന്ന് വെച്ചാ...നല്ല തലവേദനയുണ്ട് എനിക്ക്
എനിക്കിവിടെ ബോറടിക്കുന്നൂ ...നമുക്ക് എന്റെ വീട്ടിൽ പോയാലോ?
എത്ര ദിവസം നിൽക്കാനാണാവോ ശ്രീമതിയുടെ ആഗ്രഹം? പൊയ്ക്കോ പോയ് നിന്നിട്ട് വാ..
അയ്യടാ...മോനേ ഞാനൊറ്റയ്ക്കോ.
കുറച്ച് ദിവസത്തേക്കല്ല ...സ്ഥിരമായിട്ട് നിൽക്കാനാ..ആ വീട് എനിക്കല്ലേ.. എന്റമ്മയുമച്ഛനും മാത്രമല്ലേ ഉള്ളൂ അവിടെ
അതേ ... എന്റെ നെഞ്ചിലേക്ക് കുറുകിക്കിടക്കാതെ നേരെ കിടന്നിട്ട് എന്റെ മുഖത്തേക്കൊന്ന് നോക്കിയേടീ....
എന്റെ നെഞ്ചില് വിരല് കൊണ്ട് പടം വരച്ചാല്.....അച്ചിക്കോന്തനായിട്ട് നിന്റെ വീട്ടിലേക്ക് എന്നെ കൊണ്ട് പോകാം ന്ന് കരുതല്ലേ മോളേ
സുധീ പ്ലീസ്
നോ പ്ലീസ് ടീ....
ഒറപ്പാണോ
അതേ ഒറപ്പാ ...
ഞാൻ നാളെ എന്റെ വീട്ടില് പോകും .തിരികെവരില്ല. എന്നെ വേണോന്നുണ്ടെങ്കില് നിങ്ങളവിടെ വന്ന് എനിക്കൊപ്പം താമസിക്കണം
ഉം..ആയ്ക്കോട്ടേ.
**********
സുജേ മോളെ നീ ഇതെവിടേക്കാ രാവിലെതന്നെ ബാഗുമായിട്ട്?
അത് അമ്മേ.... ഞാൻ കുറച്ച് ദിവസം എന്റെ വീട്ടിൽ നിൽക്കാൻ പോവ്വാ.
ഡാ കൊരങ്ങാ നീയിവിടെ പത്രോം വായിച്ചോണ്ടിരുന്നോ...അവള് നീ സമ്മതിച്ചിട്ടാണോ അവൾടെ വീട്ടിലേക്ക് പോകുന്നത് ?
കണ്ണിറുക്കിയുള്ള മറുപടിച്ചിരിയിൽ ദേഷ്യം പിടിച്ച് അമ്മ അകത്തേക്ക് പാഞ്ഞു..
സുധീ
ഉം???
സുധീ ഞാൻ പോവ്വാ....
എങ്ങോട്ട്?
വീട്ടിലേക്ക്
എന്ന് വരും?
വരില്ല
കാര്യം?
സുധിയുടെ വീട്ടിലെനിക്ക് നിൽക്കാൻപറ്റില്ല
കാര്യം?
സുധീടെ പേരന്റ്സിനൊപ്പം എനിക്ക് ജീവിക്കാൻ പറ്റില്ല. ..
********************
നീ എവിടെയും പോണില്ല...അഥവാ പോയാൽ നീയിനി തിരികെ കയറില്ല..കാരണം എന്റെ പേരന്റ്സിനെ വേണ്ടാത്ത ഒരുത്തിയെ എനിക്കും വേണ്ട
കാണിച്ചുതരാം ഞാൻ...സുധി വരും....വന്നിരിക്കും
ഒരു ചുക്കുമുണ്ടാകാൻ പോണില്ല നീയിതു കണ്ടോ?
പത്രവും മൊബൈലും ഉയർത്തിക്കാട്ടി, വിജയഭാവത്തോടെ ചായക്കപ്പ് ചുണ്ടോടു ചേർത്തു സുധി
എന്നിട്ട് പത്രത്തിൽ നോക്കി ഇങ്ങനെ വായിച്ചു "തന്റെ മാതാപിതാക്കളിൽ നിന്ന് തന്നെ അകറ്റാൻ ശ്രമിക്കുന്ന ഭാര്യയെ വേണ്ടെന്ന് വെക്കാൻ ഭർത്താവിന് അവകാശമുണ്ട് എന്ന് കോടതിപ്രഖ്യാപിച്ചു"
സുജമോളേ....ചേട്ടനീ മൊബൈലിൽ നിന്റെ സംസാരം റിക്കോർഡ് ചെയ്തിട്ടുണ്ട്...
ധൈര്യമുണ്ടേല് നീ പോ, നിന്റെ വീട്ടിലേക്ക്...എന്നിട്ട് ഒന്ന് നോക്ക് എന്താ ഉണ്ടാവുകയെന്ന്.
നിന്നെ കെട്ടീന്ന് വെച്ച് എന്റെ പേരന്റ്സിനെ വഴിയിലെറിയാൻ ഞാൻ തയ്യാറല്ല...
നിനക്കെന്റെ കൂടെ ജീവിക്കണംന്നുണ്ടെങ്കിൽ ദേ ... അകത്തേക്ക് പോകാം...അതല്ല പിരിയാനാണ് ഇഷ്ടമെങ്കിൽ പുറത്തേക്ക് പോകാം...
അനക്കമില്ലാതെ സുജ സുധിയെ തുറിച്ച്നോക്കി
ടീ സുജേ മതി ചുണ്ട് കോട്ടിയത് അകത്തോട്ട് ചെന്ന് ചേട്ടനൊരു നല്ല ചായയിട്ടോണ്ട് വന്നേ ...
ചാടിത്തുള്ളി പോണ സുജയുടെ പോക്കിൽ സുധി ഊറിച്ചിരിച്ചു...പീഢിപ്പിക്കപ്പെടുന്ന പുരുഷന്മാരുടെ മനോനൊമ്പരം കണ്ട കോടതിയുടെ പ്രഖ്യാപനത്തിന് സ്തോത്രം ചൊല്ലി സുധി പത്രവായന തുടർന്നു. .
By
Anamika Sajeev

മായാത്ത ഓർമ്മകൾ



രാവിലത്തെ പത്രമെടുത്ത് നിവർത്തുമ്പോഴാണ് ഇന്നത്തെ തീയതി കണ്ണിൽപ്പെട്ടത്...ജൂലൈ 18...
എൻറ്റെ ജീവിതത്തിലെ മറക്കാനാകാത്തൊരു വേർപാടിൻറ്റെ ദിനം.....8വർഷങ്ങൾക്ക് മുന്നേയുള്ള ആ ജൂലൈ 18 ൻറ്റെ ഓരോ നിമിഷങ്ങളും എനിക്ക് കണ്ണാടിയിലെന്നത് പോലെ കാണാം...മനസ്സ് വെറുതേ പിറകിലേക്കോടി ഓരോ നിമിഷങ്ങളെയും തലോടിയുണർത്തി...നോവ് പടരുന്ന ജൂലൈ 18....
മനസ്സ് ഒന്നിനുമല്ലാതെ 2008 ലെ ആ കറുത്ത ദിനത്തിൻറ്റെ ആരംഭവും അവസാനവും ഓർത്തെടുക്കുകയാണല്ലോ ദൈവമേ....

2008 ജൂലൈ 18**
"അമ്മേ ഞാനിറങ്ങുവാണേ" ഞാൻ വിളിച്ചുകൂകി
" ഈ പെണ്ണിൻറ്റൊരുകാര്യം ..ഇത്ര വളർന്നില്ലേടീ നീ ..ഇനിയെങ്കിലും ഒതുങ്ങിക്കൂടേ നിനക്കൊന്ന്" എന്ന അമ്മയുടെ ശകാരത്തിന് "വളരുന്തോറും ബഹളം വളരും" എന്ന് പറഞ്ഞ് തല്ല് കൊള്ളാതെ ഒഴിഞ്ഞ് മാറി കസേരമേലെ ഇട്ടിരുന്ന ഷോളെടുത്തോണ്ട് ഓടുന്ന വഴിക്ക് ഷൂ പോളിഷ് ചെയ്തോണ്ടിരുന്ന ദേവനൊരു തട്ടുംകൊടുത്ത് ആത്മസംതൃപ്തിയോടെ
മൂളിപ്പാട്ടും പാടി റോഡിലേക്ക് നടക്കുമ്പോഴാണ് ഐലൻഡ് എക്സ്പ്രസ് എന്ന് ഞാൻ വിളിക്കാറുള്ള ലക്ഷ്മിയമ്മ പിറകിൽ നിന്ന് " മോളേ പാറൂ" ന്ന് നീട്ടി വിളിക്കുന്നത്. എന്താണാവോ ...എന്നൊരു ചോദ്യഭാവത്തിൽ ഞാൻ തിരിഞ്ഞ് നിന്നു
"നീയറിഞ്ഞോ നിൻറ്റെ കൂട്ടുകാരി ഇല്ലേ ആർച്ച അവൾക്ക് ക്യാൻസർ ആണെന്ന്"
കാലിലൂടൊരു തീയ് പാഞ്ഞ് പുളഞ്ഞ് നെറുക വരെ എത്തിയോ?
"ഇല്ല ലക്ഷ്മിയമ്മേ തമ്മിൽ കണ്ടപ്പോഴും അവളെന്നോടൊന്നും പറഞ്ഞില്ലാരുന്നൂ"
"നീയ് വിഷമിക്കണ്ടാന്ന് കരുതീട്ടാകും "
" ഉം " എന്നൊരു മൂളലിൽ നോവ് പകർന്ന് ബസ്സ്റ്റോപ്പിലേക്ക് നടക്കവേ വല്ലാത്തൊരു കനം പിടിച്ചു മനസ്സ്.
തിക്കിത്തിരക്കി ബസ്സിലേക്ക് കയറുമ്പോ
"ഉണരുമീഗാനം ഉണരുമെന്നുള്ളം" കേട്ടപ്പോ ഒന്ന് പിടഞ്ഞിട്ട് മനസ്സ് ഓർമ്മകളിലേക്ക് ഒളിച്ചോടി ....
" ടീ ആർച്ചേ ദേ നോക്കിയെ അമീർഖാനെപ്പോലെ സുന്ദരനൊരു പയ്യൻ " മെടഞ്ഞിട്ട നീണ്ടമുടി പിറകിലേക്കിട്ട് കൊണ്ട് "നിനക്ക് വട്ടാ പാറൂ" ന്ന് പറഞ്ഞവൾ ചിരിച്ചു.
"ഉണരുമീഗാനം...." എനിക്ക് വേണ്ടി പാടിപ്പാടി മടുത്തവൾ ഒടുക്കം പറഞ്ഞു" പാറൂ ....നീ ഒറ്റയൊരുത്തി കാരണം ഞാനീ പാട്ടേ വെറുത്തുപോയീ" ന്ന്.
എന്തിനും ഏതിനും അവൾക്ക് ഞാൻ വേണമാരുന്നൂ.."തല്ലിപ്പൊളീ" ന്നുള്ള അവൾടെ വിളി കേൾക്കാൻ വേണ്ടി ഏറെ കുറുമ്പുകൾ കാട്ടിയിരുന്ന കോളേജ് ഡെയ്സ് എന്ത് രസമാരുന്നൂ.
"ണിം ...ണിം.." ഓ ഇറങ്ങേണ്ട സ്റ്റോപ്പ് ആയീ..ഓർമ്മകൾ ഈറനാക്കിയ കണ്ണ് ആരും കാണാതെ ഷോൾ കൊണ്ട് തുടച്ച് നടക്കുമ്പോൾ ക്യാൻസർ എന്ന വാക്ക് എന്നെ ഭൂതത്തെപ്പോലെ തുറിച്ചുനോക്കി.
മുഷിപ്പിക്കുന്ന ഓഫീസ് ഫയലുകൾക്കിടയിൽ നിന്ന് പടിയിറങ്ങിപ്പോയ ഓർമ്മകളെ പിന്നെ തിരികെ വിളിക്കുന്നത് പലപ്പോഴും വീട്ടിലേക്കുള്ള മടക്കയാത്രയിലാണ്.
സ്റ്റാൻഡ് ഇറങ്ങി നേരെ ആർച്ചേടെ വീട്ടിലേക്ക് നടക്കുമ്പോ അവളെ ഫെയ്സ് ചെയ്യുന്നത് എങ്ങനെയാകണംഎന്ന് പലതവണ പലതരത്തിൽചിന്തിച്ചു കൂട്ടി . "ആർദ്രം" എന്ന് വീട്ട്പേര് കൊത്തിവെച്ച വീടിൻറ്റെ അടഞ്ഞഗേറ്റിന് മുന്നിൽ നിന്ന് തിരിഞ്ഞ് നടക്കുമ്പോൾ എതിരെ വരുന്നു ജാനുവേച്ചി "ജാനുവേച്ച്യേ ഈ വീട്ടിലുള്ളോരൊക്കെ എവിടെ പ്പോയീന്നറിയ്യ്വോ? "
"യ്യോ നീ ഇത്ര വല്യ കൂട്ടുകാരി ആയിട്ടതൊന്നുമറിഞ്ഞില്ലേ? ആർച്ചമോൾക്ക് എന്തോ വയ്യായ്ക ആയിട്ട് രാവിലെ ആസ്പത്രിയിലേക്ക് കൊണ്ട് പോയതാ...ആ എന്ത് അസുഖമാണ് എന്ന് ആർക്കറിയാം? "
വാ പോയ കോടാലിക്ക് തല വെക്കാതെ വീട്ടിലേക്ക് നടക്കുമ്പോ മനസ്സിലപ്പടി പ്രാർത്ഥനകൾ നിറഞ്ഞു...എൻറ്റെ ആർച്ചക്ക് വേണ്ടി...
രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ച് വീടിനെ കടന്ന് പോയ ആംബുലന്‍സ് സൈറൺ അന്തരാളങ്ങളിലൊരു സ്ഫോടനം നടത്തുന്നത് അസ്വസ്ഥതയോടെ ഞാനറിഞ്ഞു.
"ഓം . ഹരി..ഓം...ഹരി...ഓം " ആരാണപ്പാ ഈ സമയത്ത് ഇപ്പോ കോളിങ് ബെല്ലടിക്കാൻ? ശ്ശെടാ ഗേറ്റ് പൂട്ടാൻ വരുവാരുന്നൂ എന്നൊക്കെ പറഞ്ഞോണ്ട് അമ്മ കതക് വലിച്ച്തുറന്നു..
"ആ...രമേശനാരുന്നോ... എന്നതാടാ ഈ നേരത്ത്?"
"അത് ചേച്ചീ നമ്മുടെ ആർച്ച മരിച്ചു.. ബോഡി കൊണ്ട് വന്നിട്ടുണ്ട്.അത് പറയാൻ വന്നതാ"
എൻറ്റെ കാതുകൾ കൊട്ടിയടക്കപ്പെട്ടത് പോലെ.....ആരാണ് എന്നെ താങ്ങിയത്... "മുഖത്ത് വെള്ളം തളിക്കെടാ..ഷോക്ക്ഡ് ആയതിൻറ്റെയാ" അച്ഛൻ പറയുന്നത് കേൾക്കാം
തലയിൽ തടവുന്നുണ്ട് അമ്മ ..."മോളേ
നമുക്ക് പോകണ്ടേ അവളെ കാണാൻ"
"ഇല്ല ഞാൻ വരണില്ല അവള് മരിച്ചിട്ടില്ല ഞാൻ വരില്ല"
"മോളേ......."
"ഷീലേ. ...മോളെ നിർബന്ധിക്കണ്ട...നീ പോയിട്ട് വാ...അവൾക്ക് വിഷമംണ്ടാകും"
കണ്ണ് നിറഞ്ഞൊഴുകുമ്പോഴും ജീവനില്ലാത്ത അവളെ കാണണ്ടാ ന്നൊരു വാശി .... ഞാൻ ചെല്ലുമ്പോ ചിരിയോടെ അവളെഴുന്നേറ്റ് വരുമെന്ന പ്രതീക്ഷയെ തോൽപ്പിച്ച് ചിരിച്ചു...
കേട്ടറിവുകൾ മാത്രമുള്ള ക്യാൻസർ കരുവാളിപ്പിച്ച നിൻറ്റെ മുഖമെനിക്ക് കാണണ്ട. ..നീ എന്നോട് മാത്രമായി പറഞ്ഞ നിൻറ്റെ സ്വപ്നങ്ങൾ പൂർത്തിയാക്കാതെ ....മടങ്ങിപ്പോകേണ്ടിവന്നു നിനക്ക് ല്ലേടീ? ഇനിയൊരിക്കലും തല്ലിപ്പൊളീ ന്ന് വിളിച്ച് നീ ചിരിക്കുന്നത് കാണാനെനിക്ക് പറ്റില്ല ല്ലേടീ? എത്ര പെട്ടെന്നാടീ ഒരു വാക്ക് പോലും മിണ്ടാതെ നീ പോയത്? ഒരു നൂറ് സങ്കടങ്ങൾ കടൽപോലിളകിയാർത്ത്
കണ്ണിലൂടൊഴുകി...കാഴ്ചകൾ പലതും മങ്ങലായ്. ..
2016 ജൂലൈ 18**
ഓർമ്മകളിലേക്ക്..... .ഇന്നത്തെപ്പോലെ ..അപ്പോഴുമെപ്പോഴും.... കൊത്തങ്കല്ല് കളിക്കാനും താഴെപ്പറമ്പിലെ മാങ്ങ എറിഞ്ഞ്, കൊത്തിയരിഞ്ഞ് ഉപ്പുംമുളകും എണ്ണയും ചാലിച്ച് കഴിക്കാനും തോട്ടിലെ വെള്ളം ചവിട്ടിത്തെറിപ്പിക്കാനും ഒപ്പം കൂടാറുണ്ടായിരുന്ന ആർച്ച പുഞ്ചിരിച്ചോണ്ട് നടന്ന് കയറി...
പത്രം ടീപ്പോയിൻമേലേക്കിടുമ്പോഴുംകണ്ണീർ തുളുമ്പിത്തൂകിക്കൊണ്ടേയിരുന്നൂ...
ആർച്ച ...എനിക്കായ് പകുത്തുതന്ന സൗഹൃദത്തിൻറ്റെ മായാത്ത ചിരിയോർമ്മകൾ നിലയ്ക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനപോലെ ......
By: Anamika

എനിക്ക് പുരുഷന്മാരെ വെറുപ്പാണ്



"എനിക്ക് പുരുഷന്മാരെ വെറുപ്പാണ്" അഴികൾക്കിടയിലൂടെ ഒരു കൈ നീണ്ടു വന്നൂ "ഒരു കത്തി തര്വോ ...അവനെ കൊല്ലാനാ"
പല്ലവിക്ക് അനുപല്ലവി പോലെ ഒട്ടനവധി സ്വരങ്ങൾ...."എനിക്കും താ...എനിക്കും അവനെ കൊല്ലണം"
ഭ്രാന്ത് ആസ്പത്രിയുടെ ഇടനാഴിയിൽ "എനിക്കും ...എനിക്കും" എന്ന പ്രതിധ്വനി മുഴങ്ങി
സ്നേഹശൂന്യതയിലോ, ചതിയിലോ പിഞ്ഞിക്കീറിയ ഹൃദയങ്ങളാണ് പലപ്പോഴും ഭ്രാന്തിന്റെ ഇടനാഴികളിൽ വർണ്ണങ്ങൾ നെയ്യുന്നത്.... ചിലപ്പോഴൊക്കെ ആർത്തനാദങ്ങളായ് മരുന്നുകളിൽ ഞെരിഞ്ഞമരുന്നത്
അമ്മയുടെ ഗർഭപാത്രത്തിലേയ്ക്ക് മടങ്ങിപ്പോകാൻ കൊതിക്കുന്ന പൂമ്പാറ്റകളുടെ ലോകമാകാറുണ്ട് ചിലപ്പോഴെങ്കിലും മെന്റൽ അസൈലങ്ങൾ.
അഴകളവുകളുടെ കണക്കെടുപ്പിൽ നെയ്ത വലകളിൽ കുടുങ്ങി വെണ്ണീറായ ഈയാംപാറ്റകളിനിയും വരും... പുനർജ്ജനിതേടി...
പുറംലോകത്ത് ചിലന്തികൾ അപ്പോഴും വല നെയ്യുന്ന തിരക്കിലാണ്. ഓരോ ഇരയ്ക്കും പാകമായ ഭംഗിയുള്ള... കൊതിപ്പിക്കുന്ന വലകൾ......
NB :- പ്രിയപ്പെട്ട ചങ്ങാത്തങ്ങളേ....
സ്നേഹം പവിത്രതയുള്ളതാണ്....ചില മനസ്സുകളിൽ അതിന് ജീവനേക്കാളും വിലയുമുണ്ടാകും. അതിനാൽ അറിഞ്ഞ് കൊണ്ട് ആരും സ്നേഹത്തിന്റെ നാടകമാടരുത്....ആരുടെയും ജീവിതങ്ങൾ തകർക്കരുത്...

By: 
Anamika

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo