ജീവന്റെ വില ( കഥ )

ജീവന്റെ വില ( കഥ )
*************
പത്തറുപത് വയസ്സിനടുത്ത് പ്രായമായ കൃഷിക്കാരനും പാവപ്പെട്ടവനുമായ അയാൾ കാർഷിക വായ്പ ലഭിക്കാനായി പലവട്ടം പലപല ബാങ്കുകളിൽ കയറിയിറങ്ങി ഒരുപാട് തവണ ശ്രമിച്ചിട്ട് അയാൾക്ക് വായ്പയായി രണ്ട് ലക്ഷം രൂപ കിട്ടി , അതുകൊണ്ട് അയാൾ വാഴക്കൃഷി ചെയ്യാൻ തീരുമാനിച്ചു നട്ടു വളർത്തി വാഴത്തൈകൾ കുലച്ച് വരാറായ നേരത്ത് ശക്തമായ കാറ്റു വന്ന് കൃഷിയെല്ലാം നശിച്ചു
ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക ജീവിതോപാധിയായിരുന്ന കൃഷി നാശം അയാളെ വല്ലാതെ നോവിച്ചു
പഞ്ചായത്ത് ആപ്പീസിലും വില്ലേജ് ആപ്പീസിലും ബാങ്കിലുമെല്ലാം തനിക്ക് വന്ന നഷ്ടം അയാൾ ബോധിപ്പിച്ചെങ്കിലും ആരും അത് ചെവി കൊണ്ടില്ല മക്കളുടെ പഠിപ്പും മറ്റു ജീവിത ചിലവുകളും ഏറെ ബുദ്ധിമുട്ടിയാണ് മുമ്പെ കണ്ടെത്തിയിരുന്നത് ഇപ്പോൾ അതിന്റെ കൂടെ ബാങ്കിലെ കട ബാധ്യതയും തീർക്കാൻ നോക്കണം പലിശയടക്കം ഇപ്പോൾ തന്നെ രണ്ടര ലക്ഷത്തിൽ അധികമായി എങ്ങനെ ഇതെല്ലാം കൊടുത്തു തീർക്കും ? വീടും പറമ്പും വില്പന നടത്തിയാൽ കടം വീട്ടാനല്ലാതെ മറ്റൊരു വീട് വെക്കാൻ തികയുമില്ല മക്കളിൽ രണ്ടു പേർ അടുത്ത വർഷം ഡിഗ്രി പൂർത്തിയാക്കാൻ നിൽക്കുന്നവർ , ജീവിതം വഴി മുട്ടിപ്പോയ അവസ്ഥ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന അയാൾ ഇതിനെല്ലാം പരിഹാരമായി സ്വയം സ്വന്തം ജീവനൊടുക്കൻ തീരുമാനിച്ചു
അങ്ങനെ അയാൾ ഒരു ദിവസം ആത്മഹത്യ ചെയ്യാൻ വേണ്ട കയർ ഒരുക്കി അന്നേ ദിവസം ഭാര്യക്കും മക്കൾക്കും നല്ല ഭക്ഷണം വാങ്ങി കൊടുക്കാമെന്നും കരുതി വീട്ടുകാരോട് ഇന്ന് ഞാൻ ഹോട്ടലിൽ നിന്ന് വാങ്ങി കൊണ്ടു വരും അത് നമുക്ക് ഒന്നിച്ചിരുന്ന് കഴിക്കാമെന്ന് പറഞ്ഞു
ഹോട്ടലിൽ നിന്ന് പൊതിഞ്ഞ് കൊണ്ടു വന്ന ഭക്ഷണം കാര്യം അറിയാതെ അവരെല്ലാവരും സന്തോഷത്തോടെ കഴിക്കാൻ തുടങ്ങി അതു കണ്ട് അപ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു , കഴിച്ചു കൊണ്ടിരിക്കെ ഇളയ കുട്ടി ഭക്ഷണം പൊതിഞ്ഞ പത്രക്കടലാസ് എടുത്ത് വെറുതെ അതിലുള്ള ഓരോന്നും ഉറക്കെ വായിച്ചു കൊണ്ടിരുന്നു അക്കൂട്ടത്തിൽ ഒരു വാർത്ത ഇങ്ങനെ ആയിരുന്നു വൃക്ക മാറ്റി വെക്കൽ ചികിത്സയിൽ കഴിയുന്ന പ്രമുഖ വ്യവസായിക്ക് അയാൾക്ക് ചേരുന്ന വൃക്ക തേടുന്നു നൽകുന്ന ആൾക്ക് അഞ്ച് ലക്ഷം രൂപ നൽകുന്നതാണ് എന്നായിരുന്നു ആ വാർത്ത
മകൾ വെറുതെ വായിച്ച ആ വാർത്ത കേട്ട് അയാൾ ഞെട്ടിത്തരിച്ചു അതോടെ അയാൾക്ക് ബോധോദയം വന്നു താൻ എടുത്ത തീരുമാനം എത്രമാത്രം വിഡ്ഡിത്തരമാണെന്ന് അയാൾക്ക് തോന്നി ഒരുഭാഗത്ത് താൻ ജീവനൊടുക്കാൻ തീരുമാനിക്കുമ്പോൾ മറ്റൊരാളല്ല ഒരുപാട് പേർ ജീവൻ നില നിർത്താൻ പാടു പെടുന്നു തന്റെ ഒരു വൃക്ക ആർക്കെങ്കിലും കൊടുത്താൽ തന്റെ കട ബാധ്യത തീരുകയും ചെയ്യും വേറൊരാളുടെ ജീവൻ രക്ഷിക്കാനും കഴിയും എന്ന് അയാൾ മനസ്സിലാക്കി ആത്മഹത്യ ചെയ്യാതെ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനും സന്തോഷത്തോടെ കഴിയാനും തീരുമാനിച്ച് ആത്മഹത്യ ചെയ്യുന്നതിൽ നിന്ന് പിന്മാറി .
സിദ്ദീഖ് വേലിക്കോത്ത്

ഒരേ തൂവല്പക്ഷികൾ

ഒരേ തൂവല്പക്ഷികൾ

മറൈൻ ഡ്രൈവിൽ പതിവുപോലെ ജനത്തിരക്ക്.മഴക്കോളുണ്ടെങ്കിലും
ജനത്തിന് അതൊന്നും പ്രശ്നമേയല്ല. കായലിനഭിമുഖമായി പണിതീർന്ന പൊക്കം
കുറഞ്ഞ പുതിയ മാർബിൾ മതിലുകളിൽ മുട്ടിയുരുമ്മി ചെറുപ്പക്കാർ;യുവമിഥുനങ്ങൾ
,തലനരച്ചതും, നരക്കാത്തതുമായ ഒരുപാടുപേർ.
കായലിലൂടെ പായ വഞ്ചികളിൽ ചെറിയ വലയുമായിമീന്പിടുത്തക്കാർ.
പതിവുനടത്തക്കാർ വേഗത്തിൽ
ഹൈകോർട് ജെട്ടിയിലേക്കു ആഞ്ഞുനടന്നു. മഴയെങ്ങാൻ വന്നാൽ നടപ്പു
നിർത്തേണ്ടിവരും. ടൂറിസ്റ്റ് ബോട്ടിൽ നിന്ന്
കാതടപ്പിക്കുന്ന ബാൻഡ്മേളം. ഏതോ വിദേശികൾ എത്തിയെന്നു തോന്നുന്നു.
സൂര്യൻ മനസ്സില്ലാമനസ്സോടെ അസ്തമനത്തിനു തയ്യാറെടുക്കുന്നു.
ഒന്നിരിക്കാൻ ഒരു ഗ്യാപ് നോക്കി നിൽപ്പ് തുടങ്ങിയിട്ട് കുറച്ചായി.
ഞാൻ സ്ഥിരമായി ഇരിക്കുന്ന സ്ഥലം ഒരു ഇടിവെട്ടുപാർട്ടി കയ്യടക്കിയിരിക്കുന്നു.
എവിടുന്നോ എറണാകുളം കാണാൻ വന്നവരാരോ ആണ്. ആണും പെണ്ണും കുട്ടികളും
ഒക്കെ കൂടി ബഹളമയം. എന്നും ഞാനവിടെ ഇരിക്കാറുള്ളത് സ്ഥിരമായി
വരുന്നവർക്കല്ലേ അറിയൂ. കപ്പലണ്ടി വിൽക്കുന്ന സജി എനിക്കുള്ള സീറ്റ്
നേരത്തെതന്നെ കരുതിവയ്ക്കാറുള്ളതാണ്. ഒരുപൊതി കപ്പലണ്ടിയും.
ഇന്നെന്തോ അയാളെയും കാണുന്നില്ല. പതിവ് നടപ്പുകാർ ഹൈക്കോർട്ട് ജെട്ടി
വരെ നടന്ന് തിരിച്ചെത്തിയിരിക്കുന്നു.
ഇനി കുറച്ചുസമയം മഴവിൽപ്പാലത്തിൽ
ചാരിനിന്ന്‌ സൂര്യൻ അസ്തമിക്കുംവരെ കൊച്ചുവർത്തമാനം.ഇരുൾ പരന്നാൽ
ഓരോരുത്തരായി സ്ഥലം വിടാറാണ്‌ പതിവ്. അവസാനക്കാരൻ ഭാസിച്ചേട്ടൻ
കുറച്ചുനേരം എന്നോടൊപ്പം ഇരിക്കും.
എന്നെപ്പോലെതന്നെ ഭാസിച്ചേട്ടനും അവിവാഹിതൻ.
മനസ്സിനിണങ്ങിയ പെൺകുട്ടിയെ കണ്ടുകിട്ടാത്തതുകൊണ്ടു
വിവാഹം കഴിച്ചില്ല എന്ന്
തമാശ പറയുന്ന ഭാസി. പക്ഷെ കാരണം അതൊന്നുമല്ല.
ഇളയ പെങ്ങന്മാരെ വിവാഹം കഴിപ്പിച്ചയക്കുന്നതുവരെ
കാത്തുനിൽക്കാനുള്ള സന്മനസ്സില്ലായിരുന്നു സഹപ്രവർത്തകയായ
കാമുകിക്ക്. എന്റെ അവസ്ഥ അതൊന്നുമല്ല. അമ്മയുടെ ഒറ്റ മോനായതുകൊണ്ടു
രണ്ടോ മൂന്നോ പെൺകുട്ടികൾ ഒഴിഞ്ഞുമാറി. അമ്മായിഅമ്മ പോരെടുക്കുമത്രേ.
എന്നെവേണ്ടാത്തവരെ എനിക്കും വേണ്ട എന്ന് ഞാനും തീരുമാനമെടുത്തു. ഞാനും
ഭാസിച്ചേട്ടനും ഈ മറൈൻഡ്രൈവിൽ സായാഹ്‌നങ്ങൾ ആഘോഷിച്ചു കഴിഞ്ഞു കൂടുന്നു.
എന്നും കാണുന്ന ഒരുകൂട്ടം ആളുകൾ,പുതിയതായി വരുന്ന ഒരുപാടു പേർ;സ്വർണം പൂശിയ
പടിഞ്ഞാറൻ മാനം,തുടുതുടുത്ത മുഖവുമായി കടലിന്റെ വിരിമാറിൽ ചാഞ്ഞിറങ്ങുന്ന
സൂര്യൻ. ഇരുൾ മൂടുമ്പോൾ മറൈൻ ഡ്രൈവ് അപരിചിതയാവുന്നു. വീട്ടിലെത്തുമ്പോൾ,
എന്നെയും കാത്തിരിക്കുന്ന,"ഞാൻ ഇല്ലായിരുന്നെങ്കിൽ നിനക്ക് പെണ്ണ് കിട്ടുമായിരുന്നു അല്ലെ"
എന്ന് മൂകം വിലപിക്കുന്ന അമ്മയുടെ മുഖം ഒരു ജ്വാലയായ് മനസ്സിൽ നിറയാറാണ് പതിവ്.
................................ ........................... .......................
.......ഇന്ന് അമ്മയുടെ മുഖത്തൊരു പ്രസന്നതയുണ്ടല്ലോ. എന്നും ഭക്ഷണം വിളമ്പുമ്പോൾ
"എന്റെ കാലം കഴിഞ്ഞാൽ ആരാ എന്റെ മോന് ഇതൊക്കെ ചെയ്തുകൊടുക്കുക".എന്നൊരു
ഭാവമാണ് കാണാൻ കഴിയുക. " ഇന്നെന്താ ഒരു സന്തോഷം" ഉള്ളിൽനിന്നും വന്ന ചിരി പുറത്തുകാണിക്കാതെ ഞാൻ ചോദിച്ചു
" ഉം. അതൊക്കെയുണ്ട്.
നീ ഊണ് കഴിക്കു"
കാര്യം അറിയാനുള്ള തിടുക്കം കൊണ്ട് വേഗം ഉണ്ടെഴുനേറ്റു..."
"ഇന്ന് നിന്റെ അമ്മാവൻ ഇവിടെ വന്നിരുന്നു".
"എന്തിന്?
"അങ്ങേരുടെ മോളെ..കല്യാണം ആലോചിച്ചതിനല്ലേ ..നമ്മളെ അപമാനിച്ചു പുറത്താക്കിയത്."
"അതൊക്കെ പഴയ കഥയല്ലേ മോനെ. അവൾക്കിതുവരെ കല്യാണമൊന്നും ശരിയായില്ല. അതുകൊണ്ടു മോൻ അവളെ കല്യാണം കഴിക്കണമെന്നു പറയാൻ കൂടിയ അദ്ദേഹം വന്നത്"..."
"വേണ്ടമ്മേഒരിക്കൽഅവളെഒരുപാടിഷ്ട്ടപെട്ടുവെന്നത് ശരിയാ."
." ഇനി ഈ പ്രായത്തിൽ എനിക്കൊരു വിവാഹം വേണ്ടമ്മേ".
അമ്മയുടെ കണ്ണുകളിലെ പ്രതീക്ഷ കെടുന്നത് കണ്ടില്ലെന്നു നടിച്ചു.
............................
മറൈൻ ഡ്രൈവിൽ പതിവ് ജനത്തിരക്ക്.......സജിയുടെ കയ്യിൽ നിന്നും
വാങ്ങിയ കപ്പലണ്ടി കൊറിച്ചുകൊണ്ടു ഞാനും ഭാസിയും പതിവ് സിമന്റ് ബെഞ്ചിൽ
പടിഞ്ഞാറൻ മാനത്തു പ്രകൃതിയൊരുക്കിയ ചായക്കൂട്ടുകളും നോക്കി വെറുതെ ഇരുന്നു.
പെട്ടെന്നാണ് മഴ ഇരുണ്ടുവന്നത്. ..എങ്ങോട്ടു പോകുമെന്നാലോചിച്ചു തിരിയുമ്പോൾ..
നിറയെ പൂക്കൾ തുന്നിയപോലൊരു കുട എനിക്ക് തുണയായി;
...പകപ്പോടെ തിരിഞ്ഞു നോക്കി.നിറഞ്ഞ ചിരിയോടെ അവൾ.
"ആരാ"
എന്ന് കണ്ണുകൊണ്ടുള്ള ഭാസിയുടെ ചോദ്യത്തിന് ഉത്തരം പറയാൻ
അനുവദിക്കാതെ എന്നെയും കൂട്ടിയവൾ നടന്നു
."എന്റെ അമ്മാവന്റെ മകൾ"

Bhanu Mohan

അനിയത്തി

കൂട്ടിന് ഒരു കുഞ്ഞാവ വരുന്നെന്നു കേട്ടപ്പോഴേ സന്തോഷത്തിനു പകരം ഒരിത്തിരി കുശുമ്പും പേടീമാണ് മനസ്സിൽ തോന്നീത്... അഛൻ കൊണ്ട്വരുന്ന പലഹാരപ്പൊതിയ്ക്ക് ഇനിയൊരവകാശികൂടി ...
വെള്ള ടൗവ്വലിൽ പഞ്ഞിക്കെട്ടുപോലെ വെളുത്ത് കവിളത്തൊരു സുന്നരി മറുകും ഉള്ള കുഞ്ഞുവാവയെക്കാട്ടി അവർ പറഞ്ഞു "ഇതാ മോൾടെ അനിയത്തിക്കുട്ടീന്ന്".. !!
മൂത്ത കൊച്ചിനേപ്പോലാവില്ല ഇതു വളരുമ്പോ സുന്ദരിയാവും കാണാൻ ന്ന് കേട്ടപ്പോൾ കുശുമ്പിന്റെ ഗ്രാഫ് ആകാശത്തോളമുയർന്നു.
കാലം കഴിയുന്നതിനൊപ്പം എനിക്ക് കിട്ടിയിരുന്ന സ്നേഹവും ലാളനയുമൊക്കെ അഛന്റെയടുക്കൽ നിന്ന് കാന്തം കണക്കെ വലിച്ചെടുത്തിരുന്ന കൊച്ചു കിളുന്തിനെക്കാളും മിടുക്കിയായി പഠിച്ചുയരണം എന്നൊരു വാശി മാത്രമായി..
വളർന്നു വലുതായപ്പോൾ "ആ എളേ പെണ്ണ് തന്റെടീം മൂത്തത് പാവോമാന്ന്" മറ്റുള്ളോർടെ വായിൽ നിന്ന് കേട്ടപ്പൊഴേ ആത്മാഭിമാനം കൊടുമുടിയോളമെത്തി.
ശേഷം പഠിച്ചു ഉദ്യോഗക്കാരിയായി വിവാഹമിങ്ങെത്തി...
അവിടെ ....എന്റെ പലഹാരപ്പൊതി തട്ടിപ്പറിച്ചെടുത്തവളാണിന്ന് അഛന്റെ കുറവു നികത്തി ഒരാങ്ങളയ്ക്കു പകരം കൂടെ നിൽക്കുന്നത് ...
"ചേച്ചി പോകുന്നതിൽ നിനക്കു വിഷമമില്ലേന്നു" കല്യാണത്തലേന്ന് കട്ടിലേൽ കെട്ടിപ്പിടിച്ചു കിടക്കുന്നതിനിടയിൽ ചോദിച്ചപ്പോൾ ...
"നിനക്ക് പ്രാന്താണോ ?? കെടന്നൊറങ്ങാൻ നോക്കെന്ന്" ആ തന്റെടി പെണ്ണെന്നെ ശാസിച്ചു...
പിന്നെ രാത്രീലെപ്പോഴോ അവളുടെ ഏങ്ങലടി ശബ്ദം കാതിൽ വീണതു കേട്ട് "നീ കരയുവാ അല്ലേ "?? എന്ന ചോദ്യത്തിന്
"ഞാനെന്തിന് കരയണം .. ഒരു ശല്യം പോന്നതോർത്ത് സന്തോഷിക്കുകയല്ലേ വേണ്ടത് .. വല്ല പല്ലീം ചിലച്ചതായിരിക്കുമെന്നു" പറഞ്ഞ് പുതപ്പ് തലവഴി മൂടി തിരിഞ്ഞു കിടന്ന് അവളെന്നെ വീണ്ടും തോൽപിച്ചു ...
കെട്ടു കഴിഞ്ഞ് ഭർത്താവിന്റെ കൈ പിടിച്ച് കാറിൽ കയറും മുൻപേ ഞാനൊന്നു തിരിഞ്ഞു നോക്കി ... അവളുടെ കണ്ണുനിറഞ്ഞിട്ടുണ്ടാവും .. മനസ്സു പറഞ്ഞു ....
ഇല്ല ... ഒരു തുള്ളിക്കണ്ണുനീർ പോലും പൊടിഞ്ഞില്ല എന്നതു മാത്രമല്ല .. നല്ല വെളുക്കെച്ചിരിച്ച് കൈ വീശി ആൾ ബന്ധുക്കളുടെ നടുവിൽ നിൽപുണ്ടായിരുന്നു.
ഭർത്തൃഗൃഹത്തിൽ വലതു കാലുവച്ചു കയറിയതിനു പിറ്റേന്നു തന്നെ "നിങ്ങളെന്നാ വീട്ടിലോട്ടു വരികയെന്ന്" കൂടെക്കൂടെയവൾ ഫോൺ വിളിച്ചന്വേഷിച്ചപ്പൊഴും ...
"നീയെന്നെ മിസ്സ് ചെയ്യുന്നുണ്ടല്ലേന്ന്" അബദ്ധത്തിലൊന്നു ചോദിച്ചു പോയി ... അപ്പോഴും ...
"അയ്യടീ .. എനിക്ക് കാണാൻ കൊതിയൊന്നൂല്ല.. നാട്ടുകാരൊക്കെ ചോയ്ക്കുന്നു എന്നാ പെണ്ണും ചെക്കനും വിരുന്നിനു വരുന്നേന്ന് ??? അതു കൊണ്ടാട്ടോ" ..
ഇവിടെയും നീ തന്നെ ജയിക്കട്ടെന്റെ സുന്നരി മറുകുള്ള കൂടപ്പിറപ്പേ ... നാട്ടുകാർടെ മൊരടത്തീ...
സ്നേഹം കൊണ്ട് നീയെന്നെ തോൽപിക്കുകയാണ് ഓരോ നിമിഷവും... ഇപ്പോളസൂയ നിന്നോടല്ല ...
നിന്നെക്കെട്ടി കടലുകടക്കാൻ എവിടെ നിന്നോ വരുന്ന നിന്റെ രാജകുമാരനോടാണ്...
കൂടപ്പിറപ്പായി ഒരനിയത്തിയുള്ളത് ഭാഗ്യമാണ് ..എല്ലാവർക്കുമൊന്നും ലഭിക്കാത്ത ഭാഗ്യം ..

Anju Sujith

ജേണലിസ്റ്റ്

ജേണലിസ്റ്റ്
___________
എന്റെ പേര് നന്ദിത ലക്ഷ്മി. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റാണ്. 20 വർഷം മുൻമ്പ് നടന്ന പീഡന കേസിലെ വാദിയാണ് ഇപ്പോൾ എന്റെ മുന്നിലിരിക്കുന്നത്. ഒളിവിൽ ഇത്രയും കാലം കഴിഞ്ഞ അവരെ കണ്ടെത്തിയത് ഞാനാണ്.
'മേഡം, പഴയതൊന്നും കുത്തി പൊക്കാനല്ല ഞാൻ വന്നത്. അന്ന് പറയാത്ത കുറച്ചു കാര്യങ്ങൾ അറിയാനാണ്'
'കുട്ടിയ്ക്ക് അതൊക്കെ അറിഞ്ഞിട്ടെന്തിനാ? കഴിഞ്ഞു പോയ കാര്യമല്ലേ അതൊക്കെ! ഇനിയിപ്പോ പറഞ്ഞാലും എനിക്ക് നഷ്ടമായതൊന്നും തിരിച്ചു കിട്ടില്ലല്ലോ!'
'മേഡം ഇപ്പോൾ എന്നെ കാണാൻ സമ്മതിച്ചതിനു പിന്നിൽ ഒരു കാരണമില്ലേ? ഞാൻ തന്ന വാക്ക്. അതു ഞാൻ പാലിക്കണമെങ്കിൽ എന്റെ കുറച്ചു ചോദ്യങ്ങൾക്ക് ഉള്ള മറുപടി മേഡം തരണം.'
'എന്താ കുട്ടി ബ്ലാക്ക്മേയിലിങ് ആണോ?'
'അല്ല മേഡം, ഗതികേടാ. വേറെ വഴിയില്ല. '
'ഹും... കുട്ടി ചോദിച്ചോളളൂ.'
'കേസു തുടങ്ങി 5 വർഷത്തിനു ശേഷം മേഡത്തിനെ കാണാതായി. അന്ന് എന്തിനാണ് അങ്ങനെ ചെയ്തത്?'
'കോടതി മുറിയിലെ വിസ്താരം ശരീരത്തിന് ഏറ്റ മുറിവിനേക്കാൾ വലുതായിരുന്നു മോളേ! എന്നിട്ടും പിടിച്ചു നിന്നു. അവസാനം യഥാര്‍ത്ഥ കുറ്റവാളികളല്ല ശിക്ഷിക്കപ്പെടുന്നെന്ന അവസ്ഥയായപ്പോൾ... ഒളിച്ചോട്ടമല്ലാതെ വേറെ ഒന്നും മുന്നിൽ കണ്ടില്ല.'
'മേഡത്തിനോട് ആരാണ് അങ്ങനെ ചെയ്തതെന്ന്, ഇന്നുവരെ കോടതിയിൽ പറയാഞ്ഞത് എന്തുകൊണ്ടാണ്?'
'പറഞ്ഞിട്ടുണ്ട്. ഒന്നല്ല, ഒരായിരം വട്ടം. പക്ഷേ ആര് കേൾക്കാൻ. ആരും എന്റെ വക്കാലത്ത് ഏറ്റെടുത്തില്ല. വക്കീലിനു കൊടുക്കാൻ കൈയ്യിൽ കാശും ഇല്ലായിരുന്നു. '
'മേഡം പേരു പറഞ്ഞില്ല ഇതുവരെ. '
'എല്ലാവർക്കും അറിയാം അയാളെ. പ്രശസ്തനായ വക്കീലാണ് , മോഹന്‍ദാസ് നെടുംപുറം.'
'മേഡത്തിനോട് എന്തിനാണ് അയാൾ അങ്ങനെ ചെയ്തത്? '
' ചെറുപ്പം മുതലേ എനിക്ക് അയാളെ അറിയാം. എന്റെ വീടിനടുത്താണ്. വക്കീൽ പഠനം കഴിഞ്ഞ് വീട്ടിൽ എന്നെ കല്ല്യാണമാലോചിച്ചു വന്നിരുന്നു അയാൾ. വലിയ തറവാടിയായിരുന്ന അച്ഛന് അത് ഇഷ്ടപ്പെട്ടില്ല . അന്ന് വീട്ടിൽ നിന്ന് അച്ഛൻ അയാളെ ആട്ടി പുറത്താക്കി. അതിനു അയാൾ ഇങ്ങനെ പ്രതികാരം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. '
'എന്താണ് അന്നു നടന്നത്?'
'അന്നു ഞാൻ പ്രീഡിഗ്രി കഴിഞ്ഞു ടൈപ്പ് പഠിക്കുന്ന സമയമായിരുന്നു. തറവാട്ടിൽ നിന്ന് ആദ്യമായി എന്നെയാണ് പഠിക്കാൻ വെളിയിൽ വിട്ടത്. മഴയായതു കൊണ്ട് വീട്ടിലോട്ടു വരാൻ പതിവിലും താമസിച്ചു. സ്വന്തം നാട്ടിൽ ആരെ പേടിക്കാനാണ് എന്നു വിചാരിച്ചു. പക്ഷേ എല്ലാം തെറ്റായിരുന്നു. വഴിയിൽ എന്നെ കാത്ത് വലിയ ഒരു ദുരന്തമുണ്ടായിരുന്നത് ഞാൻ അറിഞ്ഞില്ല. മരിച്ചെന്നു കരുതിയാ അയാൾ അവിടെ എന്നെ ഉപേക്ഷിച്ചത്. ആരുടേയോ ഭാഗ്യം കൊണ്ട് ജീവൻ രക്ഷപ്പെട്ടു. നാണക്കേട് കാരണം അച്ഛൻ ആത്മഹത്യ ചെയ്തു. എനിക്കെല്ലാം നഷ്ടപ്പെട്ടു. ആകെ ബാക്കിയായത് ആ കുഞ്ഞ്! അവസാനം അതിനെയും ഉപേക്ഷിക്കേണ്ടി വന്നു. '
'ആ കുട്ടിയെവിടെയാണ് മേഡം?'
'എന്റെ കുഞ്ഞിനെ കണ്ടുപിടിച്ചു തരാമെന്ന് വാക്കു തന്നിട്ടല്ലേ ഇതെല്ലാം ഞാൻ കുട്ടിയോടു പറഞ്ഞത്. എന്നിട്ട് ഇപ്പോ കുഞ്ഞ് എവിടെയാണെന്ന് എന്നോട് ചോദിച്ചാൽ?..'
'അതല്ല മേഡം. ഡിറ്റേൽസ് ഒന്നും പറയാതെ ഞാൻ എങ്ങനെ കണ്ടുപിടിക്കും?'
'അന്നു മോൾക്ക് 4 വയസായിരുന്നു. അവൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാനുളള കഴിവ് പോലും എനിക്കില്ലായിരുന്നു. മോളെ വളർത്താൻ പരിചയത്തിലുളള മക്കളില്ലാത്ത ദമ്പതികൾക്ക് കൊടുത്തു. എന്നിട്ട് എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു, അവസാനം ഈ കരുണാലയത്തിൽ എത്തി.'
'ആ ദമ്പതികൾ ആരാണ്?'
'എന്നെ ടൈപ്പ് പഠിച്ച മാഷാണ്, രവി മാഷ്. മോളെയും കൂട്ടി അവർ ദൂരെ എവിടെയോ പോയി. പിന്നെ വിവരമൊന്നുമില്ല. എനിക്ക് വലിയ ആഗ്രഹമൊന്നുമില്ല. ദൂരെ നിന്ന് ഒന്ന് കണ്ടാൽ മതി എന്റെ മോളെ. എന്റെ അമ്മ എനിക്ക് ഒരു വയസുളളപ്പോൾ മരിച്ചു. അതുകൊണ്ട് അമ്മയുടെ പേരും കൂടി ചേര്‍ത്താ മോൾക്ക് പേരിട്ടത്. ലക്ഷ്മി. ... നന്ദിത ലക്ഷ്മി. ...'
ഇടിവെട്ടിയതു പോലെ ഞാൻ ഒരു നിമിഷം ഇരുന്നു പോയി. ഇത്രയും നാൾ എന്നെ വളർത്തി വലുതാക്കിയ രവിയച്ഛനും ശാന്താമ്മയും എന്റെ സ്വന്തമല്ലെന്ന് ഓർത്തപ്പോൾ... നൊന്തു പ്രസവിച്ച അമ്മ തൊട്ടു മുന്നിൽ ഇരിക്കുന്നു. ഞാൻ എന്താ ചെയ്യുക എന്റെ ദൈവമേ?
'എന്താ കുട്ടി? എന്തു പറ്റി? കുട്ടിയ്ക്ക് അറിയാമോ എന്റെ മോളെ? '
'ഹാ. അറിയാം അമ്മേ'
'ആഹാ ! ഇപ്പോ മേഡം മാറി അമ്മയായോ! നമുക്ക് വേഗം പോകാം. എനിക്ക് മോളെ കാണാൻ ധൃതിയായി.'
'വരൂ. നമുക്ക് ആ വണ്ടിയിൽ പോകാം.'
ഞങ്ങൾ രണ്ടുപേരും വണ്ടിയിൽ കേറി. ഞാനാണ് വണ്ടി ഓടിച്ചത്. എന്തിനാണ് അമ്മയെന്നു വിളിച്ചതെന്ന് എനിക്ക് അറിഞ്ഞുകൂടാ! എങ്ങോട്ടാണ് പോകുന്നതെന്നും അറിയില്ല. ഞാനാണ് മകളെന്ന് പറയണോ എന്ന് കൂടി അറിയില്ല. എനിക്ക് തന്നെ ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല. എത്രയോ കേസുണ്ടായിട്ടും ഞാൻ എന്തിനാ ഇത് തിരഞ്ഞെടുത്തത്. എല്ലാം ഒരു നിമിത്തം.
ആൾക്കൂട്ടം കണ്ടു ഞങ്ങൾ വണ്ടി നിർത്തി. അനുവാദം കൂടി ചോദിക്കാതെ പരിക്കേറ്റയാളെ വണ്ടിയിൽ കയറ്റി. ജീവൻ രക്ഷിക്കുന്നതല്ലേ പ്രധാനം. അയാളെയും കൂട്ടി ആശുപത്രിയിൽ എത്തി. കുറച്ചു നേരം കഴിഞ്ഞപ്പോൾ നേഴ്സ് വന്നു ഡിറ്റേൽസ് ചോദിച്ചു.
'അയാളുടെ കൂടെ ആരാണ് വന്നിരിക്കുന്നത്?'
'ഞാനാണ് സിസ്റ്റർ'
'നിങ്ങളാരാണു അയാളുടെ?'
'അകന്ന ബന്ധുവാണ്.'
'ഒരോപ്പറേഷൻ നടത്തണം. ക്യാഷ് അടക്കണം. അല്പ്പം സീരിയസ്സാണ്. രക്ഷപ്പെട്ടാൽ തന്നെയും കിടപ്പിലാകാനാണ് സാധ്യത. സോ ഹോപ്പ് ഫോർ ദി ബെസ്റ്റ്.
'അയാളുടെ പേരെന്താണ്?'
"മോഹന്‍ദാസ് നെറുംപുറം"
ആ പേര് അമ്മ പറഞ്ഞ് കെട്ടപ്പോൾ ...... എനിക്കറിയില്ല എന്ത് വികാരമാണ് എന്റെ മനസിൽ തോന്നിയതെന്ന്....
~ ചാരു

ആയിഷ

ആയിഷ -
-----------------
നിങ്ങളെന്താ ഇക്ക വൈകിയത് ?
ആയിശുവിന്റെ വീട്ടിലേക്കു കയറുമ്പോള് തന്നെ ഉള്ള ആദ്യ ചോദ്യം അതായിരുന്നു ,, ,,
,,നൗഫൽ ചെറിയ പുഞ്ചിരിയിൽ അവന്റെ ഉത്തരം ഒതുക്കി ,,
നിങ്ങ വരൂന്നുവെച്ച് എന്റുഉപ്പ ,ഉമ്മ ,കാരണോർ , എത്രസമയം കാത്തിരുന്നൂന്നോ ,ഇക്കായ്ക്കു എന്റെ കൂട്ടരോട് മൊത്തത്തിൽ പൂച്ചാണല്ലോ ,,,നുമ്മ പാവപ്പെട്ടവര് ,നിങ്ങ വലിയ സുല്ത്താന് ,,,
നിങ്ങ പണക്കാരായതുകൊണ്ടല്ലേ അല്ലെങ്കീ നിങ്ങ എന്റെ വീട്ടിൽ നിക്കേണ്ടവരാ ,,,എന്റെ കുടുംബത്തെ ഇപ്പോഴും കണേണ്ടവരാ ,
തലശ്ശേരിന്നു നിങേക്കാളും പണുള്ള ചെക്കൻ മാർ എന്നെ അന്വേഷിച്ചുവന്നതാ ,,അന്നേരം ഉപ്പ പ്രായം ആയില്ലാന്നു പറഞ്ഞു തിരിച്ചയച്ചു ,
നിങ്ങ എന്റെ അപ്പോഴത്തെ മൊഞ്ചുകണ്ടു കെട്ടിയതല്ലേ ,,
ഈ പുള്ളേർക്കുപോലും എന്റെ കുടുംബത്തോട്ടു പോകാൻ പറഞ്ഞാല് പറ്റൂലന്നാ ,,,അതെങ്ങനെ പോകാനാ നിങ്ങളെയല്ലേ പുള്ളേർ അത് അങ്ങനെയേ വരൂ ,,
പത്താം ക്‌ളാസിൽ പരിക്ഷക്കു മുൻപേ നിങ്ങക്ക് എന്നെ കെട്ടിച്ചു തന്നതാ അന്നേ നാരായണീടീച്ചർ എന്നോട് പറഞ്ഞതാ ആയിശൂ നീ പഠിപ്പുനിറത്തരുത്‌ എന്ന് ,,
എന്തു ചെയ്യാം എന്റെ യോഗം നിങ്ങളുടെ ഉമ്മയുടെ കാര്യങ്ങള് നോക്കലായിപ്പോയി ,,
ഞാൻ ഉമ്മയെ കുറ്റംപറയൂല ഉമ്മ എന്റെ ഉമ്മയെപോലെയാണ് എന്നെ പെരുത്ത് ഇഷ്ടായിരുന്നു .
,അതുകൊണ്ടാണീ ഞാനീ നിങ്ങ അഞ്ചുകൊല്ലം ഗൾഫിൽ കിടന്നിട്ടും നിങ്ങളുടെ പൊരേല് കിടുന്നു കൂടിയത് ,
നിങ്ങ വരും രണ്ടുകൊല്ലം കൂടുമ്പം കുറെ അത്തറും സാധനങ്ങളുമായി,, പോകുമ്പോ എന്റെ ഉക്കത്തു ഓരോന്നിനെയും തന്നിട്ടും പോകും ,..അതുകഴിഞ്ഞു ആയിട്ടുങ്ങളെ ആളാക്കാനുള്ള പെടാപ്പാടു എനിക്കും പടച്ചോനും മാത്രറിയാം ,
പുത്തി വരുന്ന പ്രായത്തിൽ കെട്ടികൊണ്ടുവന്നതാ നിങ്ങളെന്നെ ...ഇക്കാ നിങ്ങളണ് എനിക്ക് കറപ്പും വെളുപ്പും ആളുകളുടെ മനസ്സും പറഞ്ഞു തന്നത് ആ നിങ്ങള് ഇതു ചെയ്തത് തീരെ ശരിയായില്ല ,,,
പതിനാലാമത്തെ വയസ്സിൽ കെട്ടികൊണ്ടുവന്നപ്പോ മൂതല് കേൾക്കുന്ന കഥ ,,
നൗഫലിന് പുതുമയൊന്നുമില്ല ,,എങ്കിലും ആയിശൂവിനെ അവനറിയാം ഒരു പൊട്ടിപ്പെണ്ണ് ,,അവനിലൂടെ മാത്രം ചന്ദ്രനെയും സൂര്യനെയും അറിയുന്നവൾ .
കൽബു നിറയെ അവനോടുള്ള സ്നേഹം മാത്രം ,,
ആദ്യ രാത്രി അവനിന്നും ഓർമ്മയുണ്ട് ,,ഒന്നും പറയാതെ കട്ടിലിന്റെ ഒരറ്റത്തു പിടിച്ചിരിക്കുന്ന ആയിഷ ,,,,,അല്ലെങ്കിലും പതിനാലുവയസ്സുകാരിക്ക് തിടുക്കത്തിലുള്ള ഇഷ്ട്ടപ്പെടാത്ത കല്യാണത്തിൽ എന്ത് നാണം ,,,
എങ്കിലും പതിയെപ്പതിയെ അവളുടെ കൂട്ടുകാരനായി അവനവളുടെ മനസ്സിൽ ചേക്കേറി ,,
അവൾ ആദ്യമായി പറഞ്ഞത് എനിക്ക് പഠിക്കണം എന്നായിരുന്നു ,,ഞാൻ അവളുടെ ആഗ്രഹത്തിന് എതിര് നിന്നില്ല ,
ഉമ്മയെയും ഉപ്പയെയും ചെറുതായി മുഷിപ്പിക്കേണ്ടി വന്നെങ്കിലും ഞാൻ അവളെ പഠിക്കാൻ അയച്ചു ,,എന്തു ചെയ്യാം അവളുടെ സൗന്ദര്യവും ,എന്റെ ഇരുപത്തിരണ്ടിന്റെ പ്രായത്തിളക്കവും കിട്ടിയ രണ്ടുമാസത്തെ ലീവിൽ അവൾക്കു ഒരു ട്രോഫി സമ്മാനിച്ചു ,
അതോടെ ആയിശുവിന്റെ പഠിപ്പും നിന്നു ,ഡോക്ടറുടെ അടുത്തുപോയപ്പോള് പ്രായം ചോദിച്ചപ്പോള് അയിശുവിനു പ്രായം പതിനഞ്ചു ,,, എന്ത് ചെയ്യാം ഡോക്ടറ് നൂറുകൂട്ടം ചോദ്യങ്ങളും ഉപദേശങ്ങളും അവസാനം ഉമ്മ കാലുപിടിച്ചു കരഞ്ഞാണ് സംഭവം കൈച്ചലക്കിയത് ,,
അപ്പോഴും ആയിശൂന് ഇജ്ജാതി ചിന്തകളൊന്നുമില്ല ആയിശൂന്റെ വിഷമം നൗഫലിന്റെ ഉപ്പ അബ്ദുള്ളഹാജി പഠിപ്പു ഇതിനോടെ നിർത്തിക്കോ എന്ന് പറഞ്ഞതിനായിരുന്നു ,
അതുകൂടാതെ പത്താം ക്ലാസ്സിലെ സെന്റോഫിനു അവളുടെ ഫോട്ടോ മാത്രം ഉണ്ടാവില്ലല്ലോ എന്ന് ഒര്തായിരുന്നു ,,,,,,
സമയം ഒൻപതു ആയി ഇപ്പോഴും ആയിശുവിന്റെ മുഖം ചുകന്നു തന്നെ ,, എങ്കിലും നൗഫലിന് ചോറുകൊടുക്കുന്നു ,ഇഷ്ടമുള്ളതൊക്കെ വെളമ്പിക്കൊടുക്കുന്നു ,,നൗഫലിന്റെ ഉമ്മ പോയ ശേഷം അത് അവൾ ആർക്കും വിട്ടുകുടുക്കാത്ത സ്വന്തം അവകാശം ആണ് ,,,,,
ബെഡ്‌റൂമിൽ നൗഫൽ വന്ന് ഒരു സീസർ പുകയ്ക്കുകയാണ് ,
ഉപ്പയുള്ളപ്പോള് പുകകണ്ടാൽ അന്ന് ജീവിതം കട്ടപ്പുക എന്ന് പറഞ്ഞ ആള് ആണ് ,,,
പത്തുമിനുറ്റുന്നുകഴിഞ്ഞു ആയിഷയും വന്നു ഒന്നുംമിണ്ടാതെ കട്ടിലിലേക്ക് കിടന്നു ,,,,
ആയിശൂ എന്താ നിന്റെ പ്രശനം ?,, അങ്ങേയറ്റം മറുപടി ഒന്നുമില്ല
,,നൗഫൽ മുഖം കയ്യിലെടുത്തു നോക്കിയപ്പോൾ ആയിഷ കരയുന്നു ,,
കാണാതിരിക്കാൻ തന്റെ സാരിതലപ്പ് കൊണ്ട് ഒപ്പുന്നു ,
എടീ നിനക്കറിയില്ലേ എന്നെ ? നിന്നെ ബേജാറാക്കുന്ന എന്തെകിലും കാര്യം ഞാൻ ചെയ്യുവോ ?,,
അപ്പൊ നിങ്ങ ഇ പ്പോ ചെയ്തതോ ?
അത് ഞാൻ പറയാൻ വരികയല്ലേ മുത്തേ ,,,
ഞാൻ വരുന്ന വഴി ഒരു വീടിന്റെ മുൻപിൽ ആൾക്കൂട്ടം ഞാൻ നോക്കിയപ്പോൾ ഒരു ഇപ്പോ പ്രസവിക്കും എന്ന രീതിയിൽ ഒരു പെണ്ണ് ,
ഏതുപെണ്ണു ?
,,
ഒരു ഹിന്ദുപെണ്ണ് ,,
അവിടെ ആണെങ്കിൽ അന്നേരം ഒരുവണ്ടിയും ഇല്ല ,,ഞാൻ എന്റെ വണ്ടിയിൽ ഹോസ്പിറ്റിറ്റലിൽ ആക്കിയിട്ടാ വന്നത് ...
അപ്പൊ അത് പ്രസവിച്ചില്ലേ ?
അത് നോക്കാനൊന്നും ഞാൻ നിന്നില്ല ഇവിടെ നിന്റെ ഉപ്പയും ആൾക്കാരും എന്നെക്കാത്തു നിൽക്കുകയല്ലേ അതുകൊണ്ടു ബേഗമിങ് പൊന്നു ,,,,
നിങ്ങ എന്ത് പരിപാടിയായെടുത്തേ നിങ്ങക്ക് അത് പ്രസവിക്കുന്ന വരെ കത്തോടായിരുന്നോ ?
അവിടെ ഓളുടെ കെട്ട്യോൻ ഉണ്ടോ ?
അതൊന്നും എനിക്കറിയില്ല
,
എന്നാപ്പിന്നെ നമുക്ക് നാളെ ഒന്ന് ആസ്പത്രീപോയി ഓളുടെ വിവരങ്ങൾ അറിയണം,, അല്ലെങ്കിൽ എനിക്ക് ഒരു സമാധനും ഉണ്ടാകില്ല ,,,
നൗഫലിനറിയാം അവന്റെ ആയിശുവിനെ കൂടെ ഉണ്ടായത് കുറവാണെങ്കിലും മനസ്സിൽ ഊട്ടിഉറപ്പിച്ച ബന്ധമായിരുന്നു അവരുടെ ,,,മേഘത്തിലേക്കു സ്വരക്കൂട്ടിവെച്ചിരിക്കുന്നതൊക്കെ മഴയായി അവനിലേക്ക്‌ പെയ്യുന്ന അവളുടെ സ്നേഹം
ആയിശുവിനു അങ്ങനെയേ ചിന്തിക്കാൻ പറ്റൂ ,,
പുലർച്ചെ അഞ്ചു മണി ,,,
സഹിക്കാൻ പറ്റാത്ത രീതിയിൽ പ്രസവവേദന ,,,, പറയാമായ നൗഫലിന്റെ മാതാപിതാക്കൾ മാത്രം,,
,അബ്‍ദുല്ലഹാജിവിളിച്ച വണ്ടി വയലിനക്കരെ വന്നു നിൽക്കുന്നു ,,വെള്ളം കയറിയതുമൂലം വണ്ടി ഈ സമയത്തു ഇങ്ങോട്ടുവരില്ല ,
,
നടക്കാൻ പോലും ആകാത്ത അവസ്ഥ ,, അവസാനം അമ്പലത്തിൽ തൊഴാൻ വന്ന പേരറിയാത്ത ചെറുപ്പക്കാർ ആണ് കസേരയിൽ ഇരുത്തി ചുമന്ന് വയലുകടന്നു വണ്ടിവരെ എത്തിച്ചത് ,
അതോർത്തപ്പോൾ നൗഫലുചെയ്ത കാര്യം ഓർത്തു അവൾക്കു അഭിമാനം തോന്നി ,,
പിന്നെ പടച്ചോൻറെ ഓരോ ലീലാവിലാസങ്ങൾ കൃഷ്ണനെ തോഴൻ വന്നവർ എനിക്കും ,,,,അഞ്ചു നേരം മുടങ്ങാതെ നിസ്കരിക്കുന്ന നൗഫൽ ഒരു ഹിന്ദുവിശ്വാസിക്കും ജീവൻ സംരക്ഷിക്കാൻ കാരണക്കാരൻ ആകുക
തന്റെ ചെറിയ ജനാലയിലൂടെ ലോകത്തിന്റെ വലിയകാര്യങ്ങൾ നോക്കിക്കാണുന്ന ആയിഷയിലും ചെറിയ സംശയം കൂടുകൂട്ടി .
,,,ഒന്നിനോടൊന്നു കൂട്ടിക്കെട്ടി അല്ലെ എല്ലാം പടച്ചോൻ പ്ലാൻ ചെയ്യുന്നത് ,,,,, അപ്പൊ സത്യത്തില് എല്ലാം ഒന്നല്ലേ ,,,,,,,,,,,,,?
ലതീഷ് കൈതേരി

നഷ്ടപ്പെട്ട ഹൃദയം

നഷ്ടപ്പെട്ട ഹൃദയം
------------------------------
പ്രിയമുള്ളവനേ..
എവിടെയാണ് നീ..?
എന്തിനാണ് നീയെന്നെ തനിച്ചാക്കിയത്?
നീ എന്നെ വിട്ടു പോയതിനു ശേഷം
എൻ്റെ ഹൃദയം എവിടെയോ നഷ്ടമായിരിക്കുന്നു..
അത് തിരഞ്ഞു ഞാൻ എത്തിയത് വെെകുന്നേരങ്ങളിൽ നമ്മളെപ്പോഴും പോകാറുള്ള പുഴയോരത്തെ പാർക്കിലാണ്..
നമ്മൾ തോളുരുമ്മി ചേർന്നിരിക്കാറുള്ള ആ സിമൻ്റ് ബെഞ്ചിൽ പുഴയിലേക്ക് മിഴികൾ ഞാൻ തനിച്ചിരുന്നു..
പുഴയിലെ കുളിരുമായി എൻ്റെ മുടിയിഴകളെ തലോടാനെത്തിയ കാറ്റ്, ചെവിയ്ക്കടുത്തെത്തിയപ്പോൾ പതിയെ ചോദിച്ചു ..
'''എവിടെ നിൻ്റെ പ്രിയൻ''?
ഉത്തരം കൊടുക്കാനാവാത്തതിനാൽ ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് നടന്നു..
കാരണം എനിക്കറിയില്ലല്ലോ നീ എവിടെയാണെന്ന്..
പിന്നീട് ഞാൻ ചെന്നത് ആ കുന്നിൻ ചരിവിലേക്കാണ്.. നീ ഓർക്കുന്നില്ലേ.. കെെകൾ കോർത്തു പിടിച്ചു നാം പോകാറുള്ള ആ സ്ഥലം..?
അവിടെ എപ്പോഴും കൊക്കുരുമ്മിയിരിക്കാറുള്ള ആ ഇണക്കുരുവികളില്ലേ.. അവ ഇന്നും അവിടെയുണ്ടായിരുന്നു..
എന്നെ തനിച്ചു കണ്ടതിനാലാവണം രണ്ടുപേരും പെട്ടെന്ന് സ്നേഹപ്രകടനങ്ങൾ നിർത്തിയിട്ട് ചുറ്റും നോക്കി.. അവർ നിന്നെ തിരയുകയായിരുന്നു.. കാണാത്തതിനാലാവണം പിന്നെയവർ എൻ്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ ഉറ്റു നോക്കി..
അവരുടെ ചോദ്യം നേരിടാനാവാതെ ഞാൻ മുഖം താഴ്ത്തിക്കളഞ്ഞു..
പിന്നെയും മുൻപോട്ട് നടന്നു ഞാൻ എത്തിയത് നിറയെ പൂക്കളുള്ള ആ വലിയ വാകമരച്ചുവട്ടിലാണ്.. അവിടെ വെച്ചാണല്ലോ നീയെന്നെ ആദ്യമായി ചുംബിച്ചത്..
അന്ന് ഒളികണ്ണാലേ നോക്കി കളിയാക്കി ചിരിച്ച അണ്ണാറക്കണ്ണൻ എന്നെ കണ്ടപ്പോൾ താഴേക്ക് ചാടി വന്നു.. അവനും നിന്നെ അന്വേഷിക്കുകയായിരുന്നു..
പിന്നെ എനിക്ക് അവിടെ നിൽക്കാനായില്ല..
ഞാൻ ഉടനെ അമ്പലത്തിലേക്ക് നടന്നു..
നീ എന്നെ കാത്തു നിൽക്കാറുണ്ടായിരുന്ന ആൽത്തറയ്ക്കരികിൽ ഞാൻ ചെന്നു നോക്കി.. എൻ്റെ ഹൃദയം അവിടെയെങ്കിലും വീണു കിടപ്പുണ്ടോയെന്ന്..
പക്ഷേ അവിടെയും എനിക്കത് കണ്ടെത്താനായില്ല..
അവിടെ നിന്നും ഞാൻ ഇറങ്ങിയത് മഞ്ഞ കോളാമ്പി പൂക്കൾ തലയാട്ടി നിൽക്കുന്ന ആ നാട്ടു വഴിയിലേക്കായിരുന്നു..
അതിലൂടെ ഞാൻ നടന്നപ്പോൾ ആ കോളാമ്പി പൂക്കളും നിന്നെ തിരക്കി.. കാരണം അവിടെ വെച്ച് ആ പൂക്കൾ പറിച്ച് എൻ്റെ മുടിയിൽ തിരുകി നീയെന്നെ ചൊടിപ്പിക്കാറുണ്ടായിരുന്നല്ലോ..
അവിടെയും എൻ്റെ ഹൃദയം കണ്ടു കിട്ടാത്തതിനാൽ ഞാൻ കടൽക്കരയിലേക്ക് പോയി.. അതായിരുന്നല്ലോ നിനക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം.. ആ മണലിലൂടെ ഞാൻ വെറുതേ നടന്നു..
അപ്പോൾ തിരമാല വന്ന് എൻ്റെ കാലിൽ തൊട്ടുകൊണ്ട് ചോദിച്ചു ..
''എന്തേ നീ തനിച്ചു വന്നത്''?
ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞു നടന്നപ്പോൾ അസ്തമയ സൂര്യൻ കടലിൽ അലിഞ്ഞു ചേരാൻ തുടങ്ങിയിരുന്നു..
എന്നിട്ടും എനിക്ക് എൻ്റെ ഹൃദയം കണ്ടെത്തൊനായില്ല..
അപ്പോഴാണ് ഞാൻ ഓർത്തത്.. എൻ്റെ ഹൃദയം നിൻ്റെടുത്താണല്ലോ എന്ന്..
അതും കൊണ്ടാണല്ലോ നീ പൊയ്ക്കളഞ്ഞത്..
എൻ്റെ ഹൃദയവുമായി നീ തിരികെ വരുന്നതു വരെ ഞാനിങ്ങനെ അലഞ്ഞു കൊണ്ടേയിരിക്കും..
നമ്മളൊരുമിച്ച് നടന്നു പോയിരുന്ന വഴികളിലൂടെയൊക്കെ ഞാൻ തനിച്ചു നടന്നു കൊണ്ടേയിരിക്കും...
തിരികെ വരുമോ നീ എന്നെങ്കിലും? അതോ എൻ്റെ ഹൃദയം നീ വല്ലിടത്തും ഉപേക്ഷിച്ചുവോ?..
അങ്ങനെയെങ്കിൽ ഹൃദയമില്ലാതെ നീറി നീറി ഞാൻ ഇല്ലാതെയാകും..
അജിന സന്തോഷ്

°°°°നിഴലായുള്ള തണൽ°°°°


°°°°നിഴലായുള്ള തണൽ°°°°
======================
"മേരി ജോസഫ്
ജനനം:16 ഡിസംബർ 1967
മരണം:27 മെയ് 1995"
ഇതെന്റെ ഭാര്യയുടെ കല്ലറയാണ്,ഇന്ന് ഈ ദിവസത്തിന് പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും ഇല്ല.പക്ഷേ ഈ ഭൂമിയിൽ ഇന്ന് ഞാൻ അനുഭവിക്കുന്ന അസ്വസ്ഥതയുടെ സത്യം അറിയാവുന്ന ഒരാൾ ഇവളും കൂടെയാണ്.നല്ല പ്രായത്തിൽ എനിക്കൊപ്പം ജീവിതം തുടങ്ങിയ ഇവൾ എനിക്കൊപ്പം എന്ന് മാത്രമല്ല ഞങ്ങളുടെ ഏക മകൾക്കൊപ്പവും ജീവിച്‌ മതിയാകും മുൻപേ പൊടുന്നനെയുള്ള ഉണ്ടായ ഒരു അപകടത്തിൽ മകളെ എന്നെ എൽപിച് പറയാതങ്ങ് പോയി.
അന്ന് മുതൽ ഇന്ന് വരെ എന്റെ മകൾക്ക് ഒരു അമ്മ കൂടി ആകാൻ ഞാൻ ശ്രമിച്ചു ഞാൻ. എന്റെ ശ്രമങ്ങൾ എത്രയും വിജയം കണ്ടാലും അവൾക്ക് ഒരമ്മയാകാൻ അച്ഛനായ എനിക്ക് കഴിയില്ലെന്നറിഞ്ഞിട്ടും ഞാൻ ആ വേഷം എടുത്ത് അണിയാൻ ശ്രമിച്ച് കൊണ്ടിരുന്നു.
അതൊക്കെ അറിഞ്ഞിട്ടും ഇന്നലെ വരെ അവൾടെ ഉള്ളിലും ഞാൻ അങ്ങനെ തന്നെയായിരുന്നു,പക്ഷെ ഇന്നലെ രാത്രി ഏറെ വൈകിയും എന്നോട് കയർത്ത് സംസാരിച്ച എന്റെ മകൾ അത് എനിക്ക് ഓർക്കാൻ കൂടി വയ്യ.
എന്നാലും ഇന്നാൾ വരെ ഒരു പനി വന്നാൽ,എന്തിനേറെ ഒരു ചെറിയ തുമ്മൽ വന്നാൽ പോലും എന്റെ മടിയിൽ തല വെച്ചുറങ്ങുന്ന എന്റെ പൊന്നുമോൾ എങ്ങിനെ
എന്നോട് ഇങ്ങനൊക്കെ സംസാരിക്കുന്നു.
എന്റെ ഉള്ളിലെ ഉരുക്കം എന്റെ മേരി അറിയുന്നുണ്ടാകും,അത് കൊണ്ടാകണം വഴി തെറ്റി വരുന്ന കാറ്റിലും അവളുടെ കല്ലറയ്ക്ക് മുകളിൽ ഞാൻ കൊളുത്തി വെച്ച മെഴുകുതിരിയെ അവൾ അണയാതെ ചേർത്ത് പിടിക്കുന്നത്.
എല്ലാം മകളോട് തുറന്ന് പറയണം.അവൾ അവധി കഴിഞ്ഞ് മടങ്ങും മുൻപേ അവളെല്ലാം അറിയണം.ഇന്നാൾ വരെ പറയാൻ മടിച്ചതെല്ലാം ഇപ്പോഴെങ്കിലും അവൾ അറിഞ്ഞേ മതിയാകൂ....
വീട്ടിലെത്തിയ ഞാൻ അവളുടെ അടുക്കലേക്ക് നടന്നു, ഉറങ്ങുകയാണ് എന്റെ മോൾ അവളുടെ മേൽ കിടക്കുന്ന വിരിപ്പ് തെന്നി കിടക്കുന്നുണ്ടായിരുന്നു.അതൊന്ന് നേരെയാക്കാൻ ഞാൻ കൈ നീട്ടിയതും അവൾ ഞെട്ടി ഉണർന്നു.
"നിങ്ങളിലെ ചെകുത്താൻ എന്റെ ശരീരവും കീഴടക്കാൻ ഒരുങ്ങുകയാണല്ലേ????"
വലിയൊരു അലർച്ചയ്ക്ക് ശേഷമുള്ള അവളുടെ ഈ വാക്കുകൾ എന്റെ കൈകളെ മാത്രമല്ല എന്റെ ശരീരത്തെ പോലും ഒരു നിമിഷം നിശ്ചലമാക്കി കളഞ്ഞു.
വാക്കുകൾ തൊണ്ടയിൽ നിന്നും പുറത്ത് വരാതെ ഞെട്ടി തരിച്ച എന്റെ കാലുകളെ ഞാൻ പുറകോട്ട് വലിച്ചു.
മുറിയ്ക്ക് പുറത്തിറങ്ങിയ ഞാൻ മുൻ വശത്തുള്ള കസേരയിൽ ചെന്നിരുന്നു.
ഇന്നലെ ഏറെ വൈകിയും ഫോണിൽ വന്നോണ്ടിരുന്ന മെസ്സേജുകൾ എന്റെ മടിയിൽ ഉറങ്ങുകയായിരുന്ന അവളെ ഉണർത്തി. ഉണർന്നിരുന്ന അവളിൽ കാര്യമായ മാറ്റമൊന്നും ഇല്ലെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അങ്ങോട്ട് ശ്രദ്ധിക്കാതെ പുറത്ത് ഇറങ്ങിയതും. ഒരു സിഗരറ്റ് വലിച്ച് തിരികെ വരും നേരമാണ് അവളെ ഞാൻ കണ്ടത്.
എനിക്ക് നേരെയുള്ള അവളുടെ നോട്ടം അതിലെന്തോ അവൾ ഒളിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ അവളോട് ഞാൻ എന്തെന്ന് ചോദിക്കും മുൻപേ അവൾ എന്നോട് ചോദിച്ചു.
"ആരാ മീര???,പപ്പയ്ക്ക് അവളോട് എന്ത് ബന്ധമാണ്, ഈ വീടുമായും പപ്പയുമായും ഞാനുമായും ഉള്ള എല്ലാം അവളോട് പറയാൻ മാത്രം എന്ത് ബന്ധമാണ് അവർക്ക് നമ്മളോട് ഉള്ളത്????"
അപ്പോഴേ അവളോട് എല്ലാം ഞാൻ പറയാൻ ഒരുങ്ങിയതാണ്.പക്ഷേ അപ്പോഴേക്കും അവൾ........
"മമ്മ മരിച്ചിട്ട് ഇത്രേം കാലമായിട്ടും എന്റെ പ്രായമുള്ള ഒരു കുട്ടിയോട്...... എങ്ങനെ പപ്പ ഇത്രക്ക് താഴ്ന്നു പോയി"
ഈ വാക്കുകൾ എന്നെ വല്ലാതെ തളർത്തി കളഞ്ഞു,പിന്നീട് തിരിച്ചൊരു അക്ഷരം മിണ്ടാൻ കഴിയാതെ ആയെനിക്ക്, അത് കൊണ്ടാണ് എല്ലാം അവളെ നേരിൽ കാണിക്കാമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചതും.
അവൾ മുറിയ്ക്ക് പുറത്ത് ഇറങ്ങിയെന്ന് തോന്നുന്നു. കയ്യിലെ ബാഗ് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി തിരിച്ച് കോളേജിലേക്ക് തന്നെയാണ് അവളുടെ യാത്രയെന്ന്. ഇറങ്ങാൻ നേരം അവൾ എന്നോട് ചോദിച്ചു.
"എന്നെയൊന്ന് റെയിൽവേ സ്റ്റേഷനിൽ വിടാമോ" എന്ന്‌.
കാറെടുത്ത് അവളേം കൊണ്ട് യാത്ര തിരിച്ചു.വഴിയിൽ ഉള്ള കാഴ്ചകൾ അവിടെ മാത്രമാണ് അവളുടെ ശ്രദ്ധ.എന്നിലെ ധൈര്യം എല്ലാം ചോർന്നിരിക്കുന്നു,അവളോട് ഒരക്ഷരം മിണ്ടാനുള്ള ധൈര്യം എനിക്കില്ല. ഒരുവിധം അവളോട് ഞാൻ പറഞ്ഞൊപ്പിച്ചു.
"മോളെ,നിന്റെ ഇപ്പോഴുള്ള ഈ തീരുമാനത്തിൽ ഒന്നെനിക്ക് ഉറപ്പാണ്, ഇനി ഒരു തിരിച്ചുവരവ് നിനക്കില്ലെന്ന്. എന്നാൽ പോകും മുൻപ് നമുക്കൊരിടം വരെ പോകാം, എനിക്കൊപ്പം വരാമോ???"
തിരിച്ചുള്ള അവളുടെ മറുപടി ഞാൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു.
"ഈ ഒരു യാത്ര തന്നെ നിങ്ങൾക്കൊപ്പം എനിക്ക് ഭയമാണ്,എന്നിട്ടും എന്റെ ഗതികേട് ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ നിങ്ങൾക്കൊപ്പം പോന്നത്."
ഈ വാക്കുകൾ അവസാനിക്കുമ്പോഴേക്കും അവളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു.
നിറഞ്ഞ മിഴികളെ തുടക്കാൻ ഒരുങ്ങവേ അവളോടായി ഞാൻ പറഞ്ഞു.
"ഓർമ്മ വെച്ച അന്ന് മുതൽ ഇന്നലെ ഒരു രാത്രി വരെ എന്നെ വിശ്വസിച്ച നിനക്ക് കുറച്ച് മണിക്കൂറുകൾ കൂടെ എന്നെ വിശ്വസിച്ച് കൂടെ"
അവളോടുള്ള ഒരു അപേക്ഷ, അത്രയധികം താഴ്ന്ന് കൊണ്ടാണ് ഞാൻ ആ വാക്കുകൾ പറഞ്ഞ് അവസാനിപ്പിച്ചത്.
ഒരുപക്ഷേ,അത് കൊണ്ടാകണം പാതിമനസ്സോടെ ആണെങ്കിലും അവൾ അതിന് സമ്മതം മൂളിയതും.
വഴിയിലെ വാഹനങ്ങളെ എല്ലാം മറി കടന്ന് ഞാൻ അവളേം കൊണ്ട് യാത്ര തുടർന്നു.റോഡിന് ഒരു വശമുള്ള മലനിരയ്ക്ക് താഴെയുള്ള നാട്ടുവഴിയിലൂടെ ഉള്ള യാത്രയിൽ അവളിപ്പോഴും മൗനമാണ്. നാളിത് വരെ എനിക്കൊപ്പമുള്ളത് ഒരു നിമിഷം ആണെങ്കിൽ പോലും പൊട്ടിച്ചിരിയിലൂടെയും,കൊച്ചു കൊച്ചു കുസൃതിയിലൂടെയും എന്നെ വിസ്മയിപ്പിച്ച എൻറെ മകളുടെ ഈ മൗനം എന്നിലെ ഏകാന്തതയുടെ ആഴം കൂട്ടി.
അധികം വൈകാതെ തന്നെ ഞാൻ അവളേം കൊണ്ട് അവിടെത്തി. ഒരുപാട് കുട്ടികളുള്ള ഒരു ഓർഫനേജ് ആണ് ഇത്.മീരയെ തിരഞ്ഞുള്ള യാത്രയുടെ അവസാനം ഇങ്ങനെ ഒരു സ്ഥലം അത് അവൾ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു.അവളുടെ മുഖഭാവത്തിൽ അത് വ്യക്തമാണ്.
അവിടുത്തെ മദറിന്റെ മുറിയിലേക്ക് ഞാൻ അവളേം കൂട്ടി നടന്നു. അകത്തേക്ക് കയറിയ ഞാൻ മദറിനോട് പറഞ്ഞു.
"ഇവൾ മീരയെ കാണാൻ വന്നതാണ്, വിരോധമില്ലെങ്കിൽ ഒന്ന് കാണിക്കാമോ???"
രാവിലെ തന്നെ ഞാൻ മദറിനെ വിളിച്ച് എല്ലാം പറഞ്ഞിരുന്നു.അവിടെ ഉള്ള രണ്ട് ആളുകൾ അവളെ കൂട്ടാൻ വന്നു.തൃപ്തിയുള്ള ഒരു മനസ്സോടെ അല്ലെങ്കിക് അവൾ അവർക്കൊപ്പം പോയി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും മക്കൾ ഇല്ലാതെ ഞാനും മേരിയും ഏറെ വിഷമിച്ച് ഇരിക്കുമ്പോഴാണ് എന്റെ ഒരു സുഹൃത്ത് എന്നോട് ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെ കുറിച്ച് പറയുന്നത്. ദൈവ വിധിയിൽ സമാധാനിച്ച് ജീവിക്കാൻ ഒരുങ്ങിയ എനിക്കും മേരിക്കും അത് വലിയൊരു ആശ്വാസമായിരുന്നു.അങ്ങനെയാണ് വർഷങ്ങൾക്ക് മുൻപ് ഞാനും മേരിയും ഇവിടെ എത്തുന്നത്.
ഞങ്ങളിലെ ആഗ്രഹത്തിന്റെ തീവ്രത ദൈവം അറിഞ്ഞത് കൊണ്ടാകണം,അന്ന് ഇവിടെ ഉണ്ടായിരുന്ന മീനയെ ഞങ്ങൾക്ക് മകളായി ലഭിക്കുന്നത്. അന്ന് ഈ മദർ മീനയെ ഞങ്ങൾക്ക് കൈമാറി ഇവിടുന്ന് ഇറങ്ങാൻ നേരം ഞങ്ങളോടായി പറഞ്ഞു.
"ഇരട്ടകുട്ടികളിൽ ഒരുവളാണ് ഇവൾ"
കേട്ടത് അല്പം ഞെട്ടലോടെയാണെങ്കിലും മേരി അന്നേരം അവരോട് ചോദിച്ചു.
"അപ്പോൾ ഇവളുടെ തുണയെവിടെ????"
അന്നേരമാണ് മദർ ഞങ്ങളോടായി ആയി ആ സത്യം തുറന്ന് പറയുന്നത്.
അന്യ മതത്തിൽപ്പെട്ട ഒരു യുവാവും ഇവിടുത്തെ ഒരു മകളും തമ്മിൽ നാളുകൾക്ക് മുൻപ് പ്രണയത്തിലായി.ആ യുവാവിന്റെ വീട്ടിൽ നിന്നും വന്ന എതിർപ്പുകളെ തട്ടി മാറ്റി ആ ബന്ധം ഒരു വിവാഹത്തിൽ തന്നെ കലാശിച്ചു.
ശേഷം,അവർക്ക് പിറന്ന കുഞ്ഞുങ്ങൾ ആണിത്.ആദ്യമൊക്കെ എതിർത്ത ആ യുവാവിന്റെ വീട്ടുകാർ ഈ കുഞ്ഞുങ്ങളുടെ ജന്മത്തോടെ ഇവരെ അംഗീകരിച്ച് തുടങ്ങി.
പക്ഷെ,ആദ്യമൊന്നും പ്രശ്‌നങ്ങൾ ഇല്ലാതിരുന്ന ആ കുടുംബത്തിൽ പിന്നെ പിന്നെ പ്രശ്നങ്ങൾ ഉയർന്ന് വന്നു, മറ്റൊന്നും അല്ല പ്രശ്നം, യുവാവിന്റെ അച്ഛനിൽ ഇരട്ടകുട്ടികളായ ഈ മക്കളെ സ്വീകരിക്കാനുള്ള ഒരു മനസ്സില്ലായിരുന്നു. രണ്ട് പെണ്മക്കൾ അതും ഒരേ പ്രായത്തിൽ ഉള്ള വളർച്ച അതായിരുന്നു അയാളിലെ പ്രശ്നം.
അയാളുടെ ഈ നിലപാടിനോട് ശക്തമായി പ്രതികരിച്ച ഈ കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയും ഒരുനാൾ ഉണ്ടായ സംഭവത്തിൽ പാടെ തളർന്നു, ഉറങ്ങി കിടന്ന രണ്ട് മക്കളിൽ ഒന്നിനെ കൊല്ലാനുള്ള ശ്രമം വരെ നടത്തിയ ആ യുവാവിന്റെ അച്ഛനെ ഭയന്ന് ആ ദമ്പതികൾ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇവളെ ഇവിടെ കൊടുന്ന് ഏല്പിച്ചത്.
മദറിന്റെ വാക്കുകൾ മേരിയും ഞാനും സങ്കടത്തോടെ ആണെങ്കിലും കേട്ട് നിന്നു.
സ്വന്തം മകന്റെ കുഞ്ഞുങ്ങൾ പെണ്ണായി പിറന്നതിന്റെ പേരിൽ കൊന്ന് കളയാൻ ഒരുങ്ങിയ ആ പിതാവിനെ മനസ്സിൽ ശപിച്ച് കൊണ്ട് ഞങ്ങൾ അവിടുന്ന് ഇറങ്ങി.
മീന ഞങ്ങൾക്കൊപ്പം തന്നെ സുഖമായി തന്നെ വളർന്നു ഇതിനിടയിൽ മേരിയുടെ മരണം.അതെല്ലാം തന്നെ എന്നെയും മകളെയും ആകെ തളർത്തി.അങ്ങനെ ഇരിക്കെ ഒരു നാൾ വീട്ടിലേക്ക് ഒരു ഫോൺ വന്നു.
ഓർഫനേജിൽ നിന്ന് മദർ ആയിരുന്നു വിളിച്ചത്. മീനയുടെയും മീരയുടെയും മാതാപിതാക്കൾ ഒരു അപകടത്തിൽ മരിച്ചെന്നും മീരയെ അവളുടെ അച്ഛന്റെ വീട്ടുകാർ ഇവിടെ തിരികെ എലിപ്പിച്ചെന്നും പറഞ്ഞു.പക്ഷെ ഇതൊന്നും മീര അറിഞ്ഞിട്ടില്ലെന്നും പറഞ്ഞു. ഫോൺ കട്ട് ചെയ്ത് അധികം വൈകാതെ തന്നെ ഞാൻ ഓർഫനേജിൽ ചെന്നു.
മദറിന്റെ സമ്മതത്തോടെ തന്നെ അവളിലെ എല്ലാ കാര്യങ്ങളും ഞാൻ ഏറ്റെടുത്തു. മീനയ്ക്ക് ഞാൻ ഇപ്പൊ അവളുടെ വളർത്തച്ഛൻ അല്ല അവൾക്ക് ജന്മം നൽകിയ പിതാവാണ്.ആ ഒരവസ്ഥയിൽ മീരയെ കൂടെ കൂട്ടാൻ എനിക്ക് ധൈര്യമില്ലായിരുന്നു. അത് കൊണ്ട് തന്നെ മീരയെ കൂടെ വീട്ടിലേക്ക് കൂട്ടാൻ എനിക്ക് കഴിഞ്ഞില്ല.
പക്ഷേ, അന്ന് തൊട്ട് ഇന്ന് വരെ അവളിലെ എല്ലാ കാര്യങ്ങളും അവൾക്ക് ഒരച്ഛനായി തന്നെ ഞാൻ ചെയ്ത് കൊടുത്തു. ഇടയ്ക്ക് ഒരുനാൾ മീരയോട് ഞാൻ എല്ലാം തുറന്ന് പറഞ്ഞിരുന്നു.
എല്ലാത്തിനോടും പൊരുത്തപ്പെട്ട് തുടങ്ങിയ മീര ഇതിനെയും അങ്ങനെ തന്നെ സ്വീകരിച്ചു.
പക്ഷേ, ഈ അടുത്തായി മീരയ്ക്ക് മീനയെ കാണാനുള്ള ആഗ്രഹം വല്ലാതെ വർധിച്ചിരുന്നു. അവളുടെ വാശിക്ക് വഴങ്ങി മീനയുടെ ഈ അവധിക്ക് ഞാൻ അവളേം കൂട്ടി ചെല്ലാം എന്ന് പറഞ്ഞതായിരുന്നു.
അതിനിടയിലാണ് മീനയുടെ കയ്യിൽ ഫോൺ എത്തുന്നതും അവളിൽ ഞാനൊരു ചെകുത്താൻ ആയി മാറുന്നതും.
കുറച്ച് നേരത്തേക്ക് ആണെങ്കിലും മീനയ്ക്ക് എന്നൊടുണ്ടായിരുന്ന വിശ്വാസം അത് നഷ്ടപ്പെട്ടപ്പോൾ എന്നിലെ അച്ഛന്റെ മനസ്സൊന്ന് വേദനിച്ചു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മദറിന്റെ മുന്നിലുള്ള മേശയിൽ തലയ്ക്ക് കൈ വെച്ചുള്ള ഇരിപ്പിൽ കഴിഞ്ഞ കാലത്തിലേക്കുള്ള എന്റെ തിരിഞ്ഞ് നോട്ടം, മുൻപ് ഇത് പോലെ ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചത് മീരയ്ക്ക് മുന്നിലായിരുന്നു.
മീനയിപ്പോൾ മീരയിൽ നിന്ന് എല്ലാം അറിഞ്ഞിട്ടുണ്ടാകും.അവളുടെ ഉള്ളിൽ വലിയൊരു പൊട്ടിത്തെറി തന്നെ സംഭവിച്ചേക്കാം,എന്നാലും അവളിനിയും ഒന്നും അറിയാതിരുന്ന് കൂടാ.
വരാന്തയിലൂടെ മീരയുടെ കൈ പിടിച്ച് വരുന്ന മീനയെ ഞാൻ കണ്ടു.കണ്ണ് നീർ മായാത്ത പാടുകൾ തീർത്ത അവളുടെ മുഖത്തെ ഒരിക്കൽ കൂടെ എന്റെ ചുമലുകൾ ഏറ്റ് വാങ്ങി.
ഒരു പിതാവിന്റെ എല്ലാ വത്സല്യത്തോടെയും അവളെ ഞാൻ ആശ്വസിപ്പിച്ചു.
മദറിനോട് യാത്ര പറഞ്ഞ് മീരയേയും കൂടെ കൂട്ടി ഞാൻ മീനയോടൊപ്പം പുറത്തിറങ്ങി. തിരികെ വീട്ടിലേക്കുള്ള യാത്രയാണ്.
ഇന്നലെ മുതലുള്ള സംഭവങ്ങളാകാം മീനയിൽ വല്ലാത്ത ക്ഷീണം തീർത്തിരിക്കുന്നു.മീരയുടെ തോളോട് ചേർന്ന് ഉറങ്ങുകയാണ് മീന.
ജന്മം കൊണ്ട് ഒന്നായ ഇവരെ ജീവിതം കൊണ്ട് ഒന്നിപ്പിക്കാൻ ദൈവം ഇങ്ങനൊരു സാഹചര്യം ഒരുക്കിയത് എന്തിനാകും എന്ന് എനിക്ക് അറിയില്ല.
എങ്കിലും മീനയെ തന്നിലേക്ക് ഏറെയും ചേർത്ത് പിടിച്ച മീരയുടെ മിഴികളിൽ കൂടപിറപ്പിനോടുള്ള സ്നേഹത്തിന്റെ എല്ലാ ഭാവങ്ങളും അപ്പോഴും തെളിഞ്ഞ് നിൽപ്പുണ്ടായിരുന്നു.
സ്നേഹത്തോടെ,,,,,

#തേപ്പു_കല്യാണം

"സ്നേഹിച്ച പെണ്ണ് തേച്ചിട്ട് പോയത് കൊണ്ടാണ് അനിയനായി ഞാൻ വഴിമാറി കൊടുത്തത്
അവനെങ്കിലും കല്യാണം കഴിച്ചു സുഖമായി ജീവിക്കട്ടെ
എന്റെ ജീവിതം നായ നക്കിയത് പോലെയായി എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അവളെ കാണുന്നത്
കാണുന്നെ എന്നു വെച്ചാൽ എന്റെ സ്വന്തം അനിയന്റെ കല്യാണത്തിന്റെ അന്നാണ് കണ്ടത്
ലോകത്തിൽ ഒരിക്കലും ചേട്ടന്മാർക്ക് ഈ ഗതിയുണ്ടാകരുത് എന്ന് ആഗ്രഹം ഉളളത് കൊണ്ടാണ്
താലികെട്ട് സമയത്ത് പെണ്ണിന്റെ അടുത്ത് നിന്ന അവൾക്ക് കാഴ്ചയിൽ വല്യ സൗന്ദര്യമൊന്നും തോന്നിയില്ലെങ്കിലും എന്തോ വലിയ ഒരു പ്രത്യേകത തോന്നി
താലികെട്ട് കഴിഞ്ഞ് അവൾക്കായി ചുറ്റും കണ്ണോടിച്ചപ്പോൾ അനിയന്റെയും പെണ്ണിന്റെ കൂടെയും അവൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു
ഞാൻ അവളെ തന്നെ അങ്ങനെ നോക്കി നിൽക്കുമ്പോൾ ആണ് അമ്മയുടെ വിളി
"" എടാ എന്തുവാ നീ അന്തം വിട്ട് നിൽക്കുന്നെ.സദ്യ കഴിച്ചിട്ട് നമുക്ക് വേഗം വീട്ടിലേക്ക് പോകണം.അവിടെ ചെന്ന് പെണ്ണിനെ സ്വീകരിക്കാൻ ഉള്ള ഒരുക്കങ്ങൾ ചെയ്യണം.നീയും വരണം.ഇതൊക്കെ ചെയ്യാൻ ഞാൻ മാത്രമേ ഉളളൂ""
അമ്മ ആയത് കൊണ്ട് തെറി വിളിച്ചില്ല.എന്റെ ഭാഗ്യദോഷത്തെ ശപിച്ചു ഞാൻ അമ്മക്ക് പിന്നാലെ സദ്യപ്പുരയിലേക്ക് കയറി
പെട്ടന്നു തന്നെ അടുത്ത പന്തിക്ക് തന്നെ ഊണു കഴിച്ചിട്ട് അമ്മയും ഞാനും കൂടി വീട്ടിലേക്ക് മടങ്ങി
മനസ്സു നിറയെ അവളായിരുന്നു.വിവാഹത്തിനു കണ്ടുമുട്ടിയ ആ പെണ്ണ്
ആരായിരിക്കും അവൾ.ഒന്ന് തിരക്കാൻ കൂടി കഴിഞ്ഞില്ല
അതിന്റെ വിഷമം വേറെ
ഉച്ച കഴിഞ്ഞപ്പോൾ അനിയനും അവന്റെ പെണ്ണും കൂടി വീട്ടിലേക്ക് കയറി
അമ്മ നിലവിളക്ക് കൊളുത്തി ഇളയ മരുമകളെ അകത്തേക്ക് സ്വീകരിച്ചു
അല്ലെങ്കിലും അവൻ ഭാഗ്യവാനാ എന്നും എപ്പോഴും
സ്നേഹിച്ച പെണ്ണിനെ തന്നെ കിട്ടിയില്ലേ പഹയന്
മൊബൈലു കട നടത്തുന്ന അവനു സർക്കാർ ജോലിക്കാരി പെണ്ണിനെ കിട്ടി
എന്റെ ദൈവമേ സർക്കാർ ജോലിയുളള എനിക്ക് ഒ കൂലിപ്പണിക്കാരി പെണ്ണിനെപ്പോലും കിട്ടിയില്ലല്ലോ
അങ്ങനെ ഞാൻ ഓരോന്നും ആലോചിച്ച് സമയം കളയുമ്പോൾ അനിയൻ ഹാപ്പി ആയി അടിച്ചു പൊളിക്കുന്നു
എന്തു വന്നാലും കല്യാണത്തിനു വന്ന പെണ്ണിനെ കണ്ടെത്തണം
പ്രായം മുപ്പത് കഴിഞ്ഞു. ഇനിയെങ്കിലും പെണ്ണ് കെട്ടിയില്ലെങ്കിൽ നല്ല പ്രായം അങ്ങ് കഴിയും
പിന്നെ പെണ്ണ് കിട്ടാൻ പ്രായാസമാണ്
കല്യാണത്തിനു വന്നപ്പോൾ പലരും എന്നെ സഹതപിച്ചു നോക്കുന്നത് കണ്ടപ്പോൾ കലി കയറിയത് ആണ്
വൈകിട്ട് അനിയൻ വെളളമടി പാർട്ടി നടത്തി
ആ ദുഷ്ടൻ ചേട്ടനായ എന്നെ തന്നെ വെളളമടിപ്പാർട്ടി നടത്താൻ ഏൽപ്പിച്ചത്
എല്ലാ സങ്കടങ്ങളും തീരുന്നത് വരെ ശരിക്കും കുടിച്ചു
അങ്ങനെയെങ്കിലും ഉരുകുന്ന മനസ്സിനു കുറച്ചെങ്കിലും ആശ്വാസം ലഭിക്കട്ടെ
വീണ്ടും എട്ടിന്റെ പണി വരുമെന്ന് വിചാരിച്ചില്ല
പെണ്ണിന്റെ വീട്ടുകാർ അന്നു തന്നെ അടുക്കള കാണാൻ വന്നു
ബോധം മറയാതിരുന്നത് കൊണ്ട് ഒരുവിധം അവരുടെ മുന്നിൽ പിടിച്ചു നിന്നു
അതിനിടയിൽ പെണ്ണിന്റെ അമ്മാവൻ എനിക്കിട്ട് ഒന്നു കൊട്ടിയത്
എന്തെ ചെറുക്കന്റെ ചേട്ടൻ കെട്ടാഞ്ഞത്
വെളളമടിച്ചാൽ എന്റെ സ്വഭാവം ആകെ മാറും.പിന്നെ വെറും തറയാണ്
അമ്മക്ക് ഇത് അറിയാവുന്നത് കൊണ്ട് ഉടൻ പ്രശ്നത്തിലേക്ക് തലയിട്ടു
അതേ അവനെന്റെ സ്വഭാവമാ.എനിക്കി മനസ്സിൽ ഇഷ്ടപ്പെടുന്നവളെ മാത്രമേ അവൻ കെട്ടൂ.ഇത് വരെ അങ്ങനെ ഒരുവളെ കണ്ടു കിട്ടിയില്ല
അമ്മ പ്രശ്നം ലഘൂകരിച്ചു
പെട്ടന്നാണു അനിയത്തിയും(അനിയന്റെ ഭാര്യ) ഒരു പെണ്ണും കൂടി അവിടേക്ക് വന്നത്
എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല
കല്യാണത്തിനു എന്നെ മോഹിപ്പിച്ചു കടന്നവൾ
കുടിച്ച മദ്യമെല്ലാം ആവിയായി
ഞാൻ പെട്ടന്ന് അമ്മയെ ഒന്ന് തോണ്ടി
കുറച്ച് അകലേക്ക് മാറ്റി അമ്മയോട് അവളുടെ കാര്യം പറഞ്ഞു
എങ്ങനെയും എന്റെ കല്യാണം നടന്നു കാണാൻ ആഗ്രഹിച്ച അമ്മക്കിത് ലോട്ടറി അടിച്ചത് പോലായിരുന്നു
ഉടനെ തന്നെ അമ്മ അവളെ വിളിച്ചു പേരും നാളും വീട്ടുകാരെ കുറിച്ചും തിരക്കി
പെണ്ണിന്റെ അമ്മയുടെ ചേച്ചിയുടെ മകളാണത്രേ
പേര് നിത
മാന്യമായ പഠിത്തമുണ്ട്.ഒരു ജോലിയുമുണ്ട്
സ്കൂൾ ടീച്ചർ ആണ് നിത
ഭാഗ്യത്തിനു നിതയുടെ അച്ഛനും അമ്മയും വന്നിട്ട് ഉണ്ടായിരുന്നു
അവരോട് സംസാരിച്ചപ്പഴല്ലേ കാര്യം മനസ്സിലായത്
അവളും എന്റെ ആളാണെന്ന്
കോളേജിൽ പഠിക്കുമ്പോൾ അവൾക്കും മുടിഞ്ഞൊരു പ്രണയം ഉണ്ടായിരുന്നു
നല്ലൊരു ആലോചന വന്നപ്പോൾ നിതയെ സ്നേഹിച്ചവൻ ഇട്ടിട്ട് പോയി എന്ന്
അതുകൊണ്ട് അവൾക്കിനി കല്യാണം വേണ്ടത്രേ
എനിക്കിതിൽ കൂടുതൽ സന്തോഷം വേറെ ഒന്നുമില്ലായിരുന്നു
ഇനി അവൾക്ക് അവകാശം പറഞ്ഞു ആരും വരില്ല
എനിക്ക് അവളെ മതിയെന്ന് അമ്മയോട് തറപ്പിച്ചു പറഞ്ഞു
അമ്മ അവരുടെ വീട്ടുകാരുമായി ആലോചിച്ചു
തന്നെപ്പോലെ തേപ്പ് കിട്ടിയ ആളാണെന്ന് ഞാൻ എന്ന് അറിഞ്ഞപ്പോൾ അവൾക്കും സന്തോഷം
നിതയുടെ വീട്ടുകാർക്കും അവൾ ഒന്ന് കല്യാണം കഴിച്ചു കണ്ടാൽ മതിയായിരുന്നു എന്നുളളത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി
അങ്ങനെ അനയന്റെ കല്യാണത്തിന്റെ അന്ന് തന്നെ ചേട്ടന്റെ കല്യാണവും ഉറപ്പിച്ചെന്ന പേര് ഞാൻ നേടി
പിന്നെല്ലാം വളരെ വേഗത്തിൽ ആയിരുന്നു
മുഹൂർത്തം തീരിമാനിക്കപ്പെട്ടു
അനിയന്റ കല്യാണത്തിനു ഒരു മാസത്തിനു ശേഷം നിതയുടെ കഴുത്തിൽ ഞാൻ താലി ചാർത്തി അവളെ സ്വന്തമാക്കി
ആദ്യരാത്രിയിൽ അവളെന്താ പറഞ്ഞത് എന്നറിയുമോ
നമുക്ക് പരസ്പരം തേപ്പു കിട്ടയ അനുഭവം ഉളളതു കൊണ്ട് വളരെ എളുപ്പത്തിൽ നമ്മൾ മനസ്സിലാക്കും
സ്നേഹം നിഷേധിക്കപ്പെട്ടവർ ആയത് കൊണ്ട് കൂടുതൽ സ്നേഹിക്കും..
അവൾ പറഞ്ഞത് വളരെ ശരിയായിരുന്നത് കൊണ്ട് ഞാൻ തലയാട്ടി സമ്മതിച്ചു
സ്നേഹം കിട്ടതെ പോയവർക്ക് സ്നേഹം കിട്ടുമ്പോൾ അവർ ആത്മാർത്ഥമായി തന്നെ സ്നേഹിക്കും....സ്വന്തം പ്രാണൻ കൊടുത്തിട്ടായാലും""
സമർപ്പണം- തേപ്പ് കിട്ടി കല്യാണം കഴിക്കാതെ വിഷമിച്ചിരിക്കുന്നവർക്കായി

***** ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ ***** (ഭാഗം പത്ത് )

***** ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ *****
(ഭാഗം പത്ത് )
" ആരാ... ചാച്ചയീക്കല്ലറേലു തിരീം റീത്തെക്കെവെച്ചത്....?"
മകൾ തരകനോട് ചോദിച്ചു. കരച്ചിലിന്റെ ശബ്ദം സെമിത്തേരിക്കുള്ളിലുള്ളവർ കേൾക്കാതിരിക്കാൻ അരയിൽ ഉടുമുണ്ടിന്റെ സൈഡിൽ കുത്തിവച്ചിരിക്കുന്ന കർച്ചീഫെടുത്തു വായിക്കുള്ളിൽ വച്ചുപൊത്തിപ്പിടിച്ചു കൊണ്ട് ആകാശത്തേക്കു നോക്കി.കടമിഴികളിൽ നിന്നും കണ്ണുനീർ ധാരയായ് ചെന്നിയിൽക്കൂടൊഴുകി.ഗ്ദ്ഗദത്തോടയാൾ പറഞ്ഞു.
"എന്റെ മൂത്ത മോൻ വന്നിരിക്കുന്നവന്റമ്മയേക്കാണാൻ... അവനീയപ്പനെ വേണ്ടതായി..... എല്ലാം ഞാനൊറ്റൊരുത്തൻ വരുത്തി വച്ചതാ.. നിന്റമ്മേടേം അവട തള്ളേടേം വാക്ക്കേട്ടെന്റെ മോനെ പട്ടിയെ തല്ലുമ്പോലെയല്ലേ തെങ്ങേക്കെട്ടിചതച്ചത്... അവനും വാശി കാണും, എന്റെ ചോര തന്നെയല്ലേ...? വാശി കാണാതിരിക്കുമോ.. "
"ആര് ഏലിയാസുകുഞ്ഞാഞ്ഞയോ.... എപ്പോ...? എന്നിട്ടു ഞാങ്കണ്ടില്ലല്ലോ...നോരാണോ..?"
അവൾ ചോദിച്ചു കെണ്ടമ്മയുടെ നേരേ നോക്കി. അവർ മറുപടി പറയാതെ മുഖം കുനിച്ചു കല്ലറയിലേക്ക് നോക്കി നിന്നു. അൽപ്പം ശ്വാസമെടുത്തു കൊണ്ടവർ തരകന്റെ മുഖത്തു നോക്കിപ്പറഞ്ഞു.
"എന്ററിവില്ലായ്മയും ബുദ്ധിമോശോം കൊണ്ടങ്ങനെയൊക്കെ സമ്പവിച്ചു. അവനെങ്ങാനും വന്നാൽ അവന്റെ കാലുകഴുകിയ വെള്ളങ്കുടിച്ചു ഞാക്ഷെമ ചോദിച്ചേക്കാം..."
തരകൻ മറുപടി പറയാതെ നെറ്റിയിൽ കുരിശു വരച്ചു കൂടെയുള്ളവരും. അയാൾ മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രാർത്ഥനയുറക്കെ ചൊല്ലി.
" മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് തമ്പുരാന്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരാനിടയുണ്ടാകട്ടേ ...''
ബാക്കി ഭാഗം അമ്മയും മകളും ചേർന്ന് ഉറക്കെച്ചൊല്ലി
"നിത്യ പിതാവേ ഈശോ മിശിഖ കർത്താവിന്റെ വില പിടിയാത്തതിരുമുറിവുകളാൽ ... മരിച്ച വിശ്വാസികളുടെ ആത്മാക്കളുടെ മേൽ കനിവുണ്ടാകണമേ..."
തുടർന്നുള്ള പ്രാർത്ഥനകളും കഴിഞ്ഞ് അവർ കാറിനടുത്തേക്ക് പോയി. പാർക്കിംഗ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന കന്യാമറിയത്തിന്റെ ഗ്രോട്ടോയ്ക്കരികിൽ അല്പനേരം നിന്നു പ്രാർത്ഥിച്ചു. ഡ്രൈവർ ചാക്കോ അക്ഷമനായ് കാത്തുനിൽക്കുന്നുണ്ട്. സന്തോഷത്തോടെ പള്ളിയിലേക്കു വന്നവർക്കെന്ത് പറ്റിയെന്നയാൾ ചിന്തിച്ചു. എന്നാലും ചോദിച്ചില്ല ചിലപ്പോൾ ദേഷ്യപെട്ടെങ്കിലൊ എന്നു കരുതി . അയാൾ വണ്ടിയിൽ കയറി തന്റെ സീറ്റിലിരുന്നു. ഇതിനോടകം തന്നെ ജാനമ്മയും മകളും കാറിൽ കയറിയിരുന്നു. രണ്ടു പേരും ഒന്നും മിണ്ടുന്നില്ല അല്ലെങ്കിൽ പള്ളിയിൽ വരുമ്പോൾ പ്രമാണിമാരുടെ ഭാര്യമാർ പറയുന്ന പൊങ്ങച്ചത്തേക്കുറിച്ചും,അച്ചന്റെ പ്രസംഗത്തേക്കുറിച്ചും വാതോരാതെ സംസാരിക്കുന്നതാണ് എന്തു പറ്റിയോ ആവോ...ചാക്കോയിങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് തരകൻ വണ്ടിക്കരുകിലെത്തിയത്‌. ചുവന്ന തുടുത്ത മുഖം മ്ലാനമായിരിക്കുന്നു കണ്ണുകൾ കലങ്ങിയും കാണുന്നുണ്ട് എന്ത് പറ്റി എന്നു ചോദിക്കുവാൻ അയാളുടെ അന്തരംഗം തുടിച്ചെങ്കിലും ചോദിച്ചില്ല. തരകൻ ഡോർ തുറന്നതും അല്പമകലെ കിടന്ന ജീപ്പിൽ നിന്നും നീട്ടിയുള്ള ഹോണടി കേട്ടു .കറിയാച്ചനാണ് ജീപ്പ് മുന്നോട്ടോടിച്ചു കൊണ്ടയാൾ തരകന്റെ അടുത്തു നിർത്തിയിട്ടു ചോദിച്ചു.
" അതു ശരി....! അപ്പോളാ ചെറക്കനെ നടത്തിയേച്ചും അപ്പനുമമ്മേം, പെങ്ങളും കൂടി കാറിലാണ് സവാരി....പഷ്ട്....! ഞാൻ പറഞ്ഞതാ തന്റെ മോനോട് വീടിന്റെവിടെ ഇറക്കാന്ന്... അപ്പോളവൻ പറയുവാടോ... കൊറേയായില്ലേ നാടു കണ്ടിട്ട് നടന്നു പൊയ്ക്കൊളാന്നു.... തന്റെയല്ലേ വിത്ത് നിർബന്ധിച്ചിട്ടു കാര്യമുണ്ടോ.... ഞങ്ങളൊരു ദിവസം അങ്ങോട്ടിറങ്ങുന്നൊണ്ട് തന്റെ മോനേ ഒന്ന് മര്യാദയ്ക്കു കാണാലോ... മിടുക്കനാടാേ തന്റെ മോൻ.... എന്നാൽ പിന്നെക്കാണാം...!!"
കറിയാച്ചന്റെ ജീപ്പ് പൊടിയും പറത്തി പാഞ്ഞു പോയി. കാലുകളുടെ ചലനമറ്റ് തരകനവിടെ നിന്നു പോയി. നിറകണ്ണുകളോടയാൾ കാറിൽക്കയറി ഡോറടച്ച് ചിന്താമ്ഗനനായി കണ്ണുകളടച്ചു സീറ്റിലേക്കു ചാരിക്കിടന്നു.ചാക്കോ വണ്ടി വിട്ടു വണ്ടിയോടുമ്പോൾ അവർ മൂവരും വഴിയുടെ ഇരുവശവും അപരിചിതനെന്നു തോന്നുന്ന എല്ലാവരേയും ശ്രദ്ധിച്ചു കൊണ്ടിരുന്നു എങ്കിലും ആരേയും ആ വഴിയരുകിൽ കണ്ടില്ല.ചാക്കോയ്ക്ക് ഒന്നും മനസ്സിലായില്ല. ആരുടെ കാര്യമാണിവർ പറയുന്നത്. ഇനിയെങ്ങാനും ഒളിച്ചു പോയവനെങ്ങാനും തെണ്ടിത്തിരിഞ്ഞു വന്നോ.... ഏയ് അവൻ വരുവായിരുന്നെങ്കിലെപ്പോളേ... വന്നേനേ എവിടെയെങ്കിലും തെണ്ടി നടക്കുവായിരിക്കും. അയാളുടെ ചിന്തകൾ അങ്ങനെ കാടുകയറിപ്പോയി. വീടെത്തിയിട്ടും ആരുമൊന്നും മിണ്ടിയില്ല. തരകൻ പൂമുഖത്തുള്ള തന്റെ ചാരു കസാരയിൽ അഭയം തേടി. കോട്ടയം മെഡിക്കൽ കോളേജിൽ മെഡിസിന് രണ്ടാം വർഷം പഠിക്കുന്ന പീറ്റർ ഉറക്കമെണീറ്റ് പുറത്തേക്കു വരുന്നതേയുണ്ടായിരുന്നുള്ളു. എല്ലാ ശനിയാഴ്ചകളിലും അവനോട് വീട്ടിലെത്തണമെന്ന് തരകൻ നിർബന്ധപൂർവ്വം പറഞ്ഞിട്ടുണ്ട് . പതിവുള്ള കാര്യങ്ങളൊന്നും നടക്കുന്നത് കാണാത്തതു കൊണ്ടവൻ മെല്ലെ അടുക്കളയിലേക്ക് കയറി. അവിടെ വേലക്കാരി അച്ചാമ്മ ചേച്ചി തകൃതിയിൽ കാര്യങ്ങൾ ഓടി നടന്നു ചെയ്യുന്നു. അടുപ്പത്തൊരു കലത്തിൽ വെള്ളം കിടന്നു തിളയ്ക്കുന്നു. തേങ്ങ ചിരകിയതും, കൊത്തിയരിഞ്ഞതും ഓരോ പ്ലേറ്റുകളിൽ വച്ചിരിക്കുന്നുണ്ട്. അല്പം തേങ്ങ ചിരവിയതെടുത്തു വായിലിട്ടവൻ പുറത്തോട്ടിറങ്ങിയപ്പോൾ റബ്ബർ ടാപ്പിംങ്ങ് ചെയ്യുന്ന വർഗ്ഗീസ് ഒരു താറാവിനെ കൊന്ന് തൊലി പൊളിക്കുന്നു. രണ്ടു പേരും ഭാര്യയും ഭർത്താവുമാണ്. പണ്ട് മറിയത്തള്ള പോയപ്പോൾ വന്നതാണ് മൂലമറ്റം സ്വദേശികളാണ്, മക്കൾ രാമപുരത്ത് സ്ക്കൂളിലും കോളേജിലും പഠിക്കുന്നു.
"നിങ്ങളൊന്നു വേഗം നുറുക്കിത്താമനുഷാ... ഉച്ചയാകാറായി. ആ ജാനമ്മച്ചിയിപ്പോവന്നാലേ...വായിലൊള്ളത് മുഴുവൻ കേക്കേണ്ടി വരും... ഞാമ്പറഞ്ഞേക്കാം....''
വർഗ്ഗീസ് താറാവിനെ വെട്ടിനുറുക്കി കഴുകിക്കൊടുത്തു. അച്ചാമ്മ അതു വാങ്ങി അടുക്കളയിലേക്കു നടന്നു. കൂടെ കുശലങ്ങൾ പറഞ്ഞു കൊണ്ട് പീറ്ററും .
"പീറ്ററുകുഞ്ഞിനിപ്പോ ചായ വേണോ.. അതോ പാലു മതിയോ..?"
"പാലും വേണ്ട, ചായേം വേണ്ട നല്ലൊന്നാന്തരം റെഡ് വൈൻ ചാച്ചെന്റെ മുറീലൊണ്ട് അതിനാത്തുനിന്നല്പം എടുത്തു തന്നാൽ എല്ലാം ശരിയാവും അച്ചാമ്മ ചേച്ചി..."
പീറ്റർ അവരുടെ അടുത്തുചെന്നു ചെവിയിൽ പറഞ്ഞു.
അതു കണ്ടു കൊണ്ടുവന്ന വർഗ്ഗീസ് ചെറുപുഞ്ചിരിയോടെ അവരുടെ സംസാരം മനസ്സിലായതു മാതിരി തലയാട്ടിക്കൊണ്ടു പറഞ്ഞു.
" പീറ്ററേ... എനിക്കും കൂടിയല്പം കിട്ടുവോ...? ഇല്ലെങ്കിൽ ഞാമ്പറയും മൊതലാളിയോട്... നീയിവളെ ദീക്ഷിണിപ്പെടുത്തി വൈനെടുപ്പിച്ചെന്നും കുടിച്ചെന്നും ... "
അവരതു പറഞ്ഞു ചിരിച്ചു കൊണ്ട് നില്ക്കുമ്പോൾ ജാനമ്മ അടുക്കളയിലേക്കു വന്നു പെട്ടന്നവരുടെ ചിരി നിലച്ചു. ഒന്നും മിണ്ടാതെ ഫ്രിഡ്ജുതുറന്ന് തണുത്ത വെള്ളത്തിന്റെ ഒരു കുപ്പി എടുത്ത് തുറന്നല്പം കുടിച്ചു എന്നിട്ടവരെ നോക്കി ഒന്നും പറയാതെ അകത്തേയ്ക്കു കയറിപ്പോയി. അവരുടെ മുഖഭാവത്തിൽ നിന്നും കാര്യമായതെന്തൊ സംഭവിച്ചുവെന്നവർക്കു മനസ്സിലായി.. പീറ്റർ അമ്മയുടെ കിടപ്പുമുറിയിലേക്കു ചെന്നു. മുറിയിലെ തിരുഹൃദയത്തിന്റെ മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന അമ്മച്ചിയെ കണ്ടവനത്ഭുതമായി.ഇത് പതിവില്ലാത്തതാണല്ലോ വല്ലാത്തൊരസ്വസ്ത തോന്നി. നേരെ പൂമുഖത്തേക്കു ചെന്നു .ചാരുകസേരയിൽ ചാരിയിരുന്ന് മച്ചിൻ മുകളിലേക്കു നോക്കിയിരുന്ന് എന്തോ കാര്യമായി ചിന്തിക്കുന്ന ചാച്ചനെക്കണ്ടവന്റെ നെറ്റി ചുളിഞ്ഞു. താനടുത്തെത്തിയതൊന്നും അറിഞ്ഞിട്ടില്ല.മെല്ലെയവൻ അകത്തേയ്ക്കു പോയി പെങ്ങളുടെ അടുത്തുചെന്നു കാര്യം ചോദിച്ചു. അവൾ ഉണ്ടായ സംഭവങ്ങൾ പറഞ്ഞു പെട്ടന്നവനകത്തു നിന്നും തരകന്റെ അരികിലെത്തി വിളിച്ചു.
" ചാച്ച... ചാച്ചനെണീക്ക്... നമ്മക്കാ മറിയത്തള്ളേടടുത്തെങ്ങാനും കുഞ്ഞാഞ്ഞ എത്തീട്ടൊണ്ടോന്നു നോക്കാം... വാ... കുഞ്ഞാഞ്ഞയ്ക്കവരെന്നു വച്ചാ ജീവനാ...."
പെട്ടന്നു തരകൻ ചാടിയെണീറ്റു... ആ കാര്യമയാളോർത്തില്ല കാറിന്റെ കീ പൂമുഖത്തു തൂക്കിയിട്ടിരിക്കുന്നുണ്ട്. ഡ്രൈവർ ചാക്കോ വീട്ടിൽ പോയിരിക്കുന്നു. ഇനി ഇന്ന് വരില്ല നാളെ രാവിലെയേ എത്തുകയുള്ളു. അതെടുത്തു കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ ചെന്നിരുന്നു ഹോണടിച്ചു.അപ്പനു വേണ്ടി ഡോർ തുറന്നവൻ കാത്തിരുന്നു. മുണ്ടു മുറുക്കിയുടുത്തു കൊണ്ടയാൾ കാറിൽ കയറി അവർ പോകുമ്പോഴേയ്ക്കും പെങ്ങളും അമ്മയും പൂമുഖത്തെത്തിയിരുന്നു. ഒന്നു കൈയ് വീശിക്കാണിച്ചിട്ടവൻ കാർ മുന്നോട്ടെടുത്തു മറിയത്തള്ളയുടെ വീട് ലക്ഷ്യമാക്കി ആകാർ ഓടിക്കൊണ്ടിരുന്നു.(തുടർച്ച)
ബെന്നി ടി ജെ

പൂച്ചയും പൊന്നും


പൂച്ചയും പൊന്നും 
---------------------------------
യുവജന വേദിയുടെ വാരാന്ത്യ സംവാദം..
സ്ഥലത്തെ പുതിയ താമസക്കാരന്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായിരുന്ന ദിവാകരനും ഒപ്പം ചേര്‍ന്നു
നാട്ടിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം ആവും പ്രധാന വിഷയം എന്നു കരുതിയെങ്കിലും കുഞ്ഞച്ചന്റെ (ഷാപ്പുകാരന്‍) ഭാര്യയുടെ സ്വഭാവ ദൂഷ്യത്തില്‍നിന്നുമായിരുന്നു തുടക്കം..
കരയില്‍ പെരുകി വരുന്ന മോഷണം ചര്‍ച്ച ചെയ്യണമെന്ന ദിവാകരന്റെ നിര്‍ദ്ദേശം തുടക്കത്തിലേ തിരസ്ക്കരിക്കപ്പെട്ടു. ആരോ പറത്തിവിട്ട, ഒരു ന്യൂ ജനറേഷന്‍ സിനിമയിലെ സംഭാഷണ ശകലങ്ങള്‍, സംവാദ വേദിയെ ആവേശത്തിലാഴ്ത്തി പാറിനടന്നു.
കുട്ടികളുടെ പാഠപുസ്തകം വൈകുന്നത് ആനുകാലികം എന്ന നിലയില്‍ ചര്‍ച്ചക്കു വിഷയീഭവിക്കുമെന്നു അയാള്‍ ഉറപ്പിച്ചു. പക്ഷേ ചെട്ടിയാരുടെ വീട്ടില്‍ നടന്ന ആഡംബര കല്യാണത്തിന്റെ വിശേഷങ്ങളിലേക്കു സംസാരം കാടുകയറിപ്പോയി
കാര്‍ഷിക വിളകളുടെ വിപണനം സംബന്ധിച്ച ആശയ രൂപീകരണം? ഏയ്‌,അത് ഉണ്ടായില്ല, സ്ഥലത്തെ ധനികനായ വിദേശ മലയാളിയുടെ 'ലുബ്ധിനെ' ചുറ്റിപ്പറ്റിയായി പിന്നെ ചര്‍ച്ച. സ്വന്തമായി വാഹനമുള്ള അയാള്‍ ചിലപ്പോഴെങ്കിലും കാല്‍നടയായി പോകുന്നതിലുള്ള അമര്‍ഷവും ആട്ടും സംവാദത്തെ വിഴുങ്ങി.
തെരുവ് നായ്ക്കളുടെ ശല്യം ന്യായമായും ഉന്നയിക്കപ്പെടേണ്ടതായിരുന്നു. സമയക്കുറവുകൊണ്ടാവും, റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ മാന്ദ്യം ഭൂമിയുടെ ക്രയവിക്രയത്തില്‍ വരുത്തിയ ഇടിവിലേക്കാണ് ചര്‍ച്ച ചെന്നെത്തിയത്.
വായന ശാലയിലെക്കുള്ള വാര്‍ഷിക പുസ്തക ശേഖരണം? മാഷ് ഏതു യുഗത്തിലാണ് ജീവിക്കുന്നത്? ഇതൊന്നും അടുത്ത കാലത്തെങ്ങും അജണ്ടയില്‍ പെടാത്ത കാര്യങ്ങളാണ്.
വാര്‍ഷീകം ഏകപക്ഷീയമായി എങ്ങനെ നടത്താമെന്നു ഒരു കൂട്ടരും അതെങ്ങനെ തല്ലിപ്പൊളിക്കണമെന്നു മറുപക്ഷവും ചേരി തിരിഞ്ഞു ഗൂഢാലോചന തുടങ്ങി.
എന്തിനോടും ക്ഷുഭിതനായി മാത്രം പ്രതികരിച്ചു ശീലമുള്ള ഒരു യുവാവ് ഷെല്‍ഫില്‍ അടുക്കി വച്ചിരുന്ന പുസ്തകങ്ങളില്‍ ചിലത് താഴേക്ക്‌ വലിച്ചെറിഞ്ഞു.
ഭരണ സമിതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പക്ഷം പിടിച്ചു തല്ലിന്റെ വക്കോളമെത്തി പിരിഞ്ഞു.
എപ്പോഴൊക്കെയോ ചിലത് പറയാന്‍ ആഞ്ഞു പരാജയപ്പെട്ട അയാളെ പുച്ഛ ഭാവത്തില്‍ നോക്കി, "ഇവന്‍ ആരെടാ" എന്ന് മനസ്സില്‍ പിറുപിറുത്തുകൊണ്ട് ഓരോരുത്തരായി പുറത്തേക്കിറങ്ങി.
തടിച്ചുരുണ്ട ഇരുചക്ര വാഹനങ്ങള്‍ ഇടി മുഴങ്ങുന്ന ശബ്ദത്തില്‍ ഓരോന്നായി എങ്ങോട്ടോ പാഞ്ഞു പോയി. ഒരു അഭ്യാസിയുടെ സ്ഥായീഭാവം മുഴുവന്‍ ആവാഹിച്ചു കുടിയിരുത്തിയ ഒരുവന്‍ അയാളെ തട്ടി തട്ടിയില്ല എന്ന മട്ടില്‍ ശരവേഗത്തിലാണ് കടന്നു പോയത്. ഭാഗ്യം ഒന്നും പറ്റിയില്ല. ചായക്കടക്കാരന്‍ ശങ്കരേട്ടന്‍ ആണ് പറഞ്ഞത്‌ ബിവറെജസ് അടയ്ക്കുന്നതിനു മുമ്പുള്ള പാച്ചിലാണതെന്നു. കലികാലം..


nelson

ഒരു ക്വട്ടേഷൻ തിരക്കഥ


ഒരു ക്വട്ടേഷൻ തിരക്കഥ
====================
നിങ്ങൾ വേണ്ടത്ര ആളുകളെ കൂടേ കൂട്ടിക്കോളൂ, അത് നിങ്ങളുടെ ഇഷ്ടം.. പക്ഷേ എനിക്ക് കാര്യം നടക്കണം. ഭാവിയിൽ എനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവുകയുമരുത്.
അയാൾ നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടേ ഇരുന്നു. ഇത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ രക്തം നിറഞ്ഞപോലെ തോന്നി... എന്തോ തീരുമാനിച്ചുറച്ചപോലെ ആയിരുന്നു പിന്നീടുള്ള അയാളുടെ വാക്കുകൾ.
ആദ്യം പതിയേണ്ടത് അവളുടെ വിവാഹമോതിരമാണ്. അതിലെ ലിഖിതങ്ങൾ പകൽ പോലെ വ്യക്തമായിരിക്കണം. ഏത് ആംഗിൾ നിങ്ങൾ സ്വീകരിച്ചാലും ശരി മുഖം വ്യക്തമായിരിക്കണം. കണ്ണുകൾ ഒപ്പിയെടുക്കണം. നിങ്ങൾ അവളുടെ തൊട്ടുപുറകിൽ തന്നെ വണ്ടിയിൽ പിന്തുടരാൻ മറക്കരുത്. ഓരോ നിമിഷവും വിലപ്പെട്ടതാണ്‌. നമുക്കുവേണ്ടി ആരും കാത്തുനിൽക്കില്ല എന്ന് കരുതി പ്രവർത്തിക്കുക.
അവനവളുടെ കഴുത്തിനരുകിൽ കൈ കൊണ്ടുവരുന്ന നിമിഷം പിന്നെ മറ്റൊന്നും ആലോചിക്കാനില്ല ഫോക്കസ് കൃത്യമായിരിക്കണം. അവിടെ തോറ്റാൽ നാം പൂർണമായി പരാജയപ്പെട്ടു, നമ്മുടെ ഭാവിയിലും ഇരുൾ വീണു. ഉലയാത്ത കാർകൂന്തലിലെ മുല്ലമൊട്ടുകൾ കണ്ണാടിക്കഭിമുഖമെന്നപോൽ ഒപ്പിയെടുക്കണം. അപ്പോഴെല്ലാം നമ്മുടെ കൂട്ടത്തിലൊരാൾ പോലും ഫ്രെയിമിൽ പതിയരുത്. ചുറ്റും കൂടിയ എല്ലാവർക്കും വേണ്ട പരിഗണനയും അവസരവും കൊടുക്കണം. ഞാനില്ലാതെയായിപ്പോയി എന്നൊരാൾക്കും തോന്നരുത്, അവിടെയാണ് നിങ്ങളുടെ വിജയവും...
ഇത്രയുമൊക്കെയായാൽ നിങ്ങൾക്കു അത്യാവശ്യം നല്ല ഒരു "വെഡ്‌ഡിങ് ക്യാമറാമാൻ "ആവാൻ സാധിക്കും.
അയാൾ നിർദ്ദേശങ്ങൾ തുടർന്നുകൊണ്ടേ ഇരുന്നു.
ലാൽകഷ്ണം (അനീഷ്ലാൽ )

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo