നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേഹത്തിന്റെ എഴുത്ത്...

സ്നേഹത്തിന്റെ എഴുത്ത്...
എന്റെ നാടിനെക്കുറിച്ചോർക്കുമ്പോൾ ഒരുപാട് സ്നേഹം..
കുമാരനല്ലൂരിലെ എന്റെ തറവാട്ടിൽ ഞാനും അമ്മയും അച്ഛനും അനുജനും മുത്തശ്ശനും മുത്തശ്ശിയും മുത്തശ്ശന്റെ രണ്ടു പെങ്ങന്മാരും ഉണ്ട്.
കല്യാണത്തോട് ഇഷ്ടമില്ലാഞ്ഞിട്ടാണോ എന്നറിയില്ല വല്യമ്മ എന്നു വിളിക്കപ്പെടുന്ന മുത്തശ്ശന്റെ പെങ്ങന്മാർ രണ്ടാളും അവിവാഹിതരാണ്.
എന്റെ സ്വതവേയുള്ള അന്വേഷണത്വര അവരോട് ഇതിനെപ്പറ്റി ചോദിക്കാൻ നിര്ബന്ധിതയാക്കി.
'നിങ്ങൾക്ക് വല്ല രോഗമുണ്ടോ,നിങ്ങൾക്കെന്തെങ്കിലും പ്രയാസമുണ്ടോ എന്നു ചോദിച്ചിരുന്നെങ്കിൽനീ മനുഷ്യക്കുട്ടിയാണെന്നു ഞങ്ങൾ ഉറപ്പിച്ചേനെ.നിങ്ങള് കല്യാണം കഴിക്കാഞ്ഞത് എന്താണു പോലും.നിന്റമ്മയാണോ ഇങ്ങനെ ചോദിക്കാൻ പറഞ്ഞു വിട്ടത്.'
പിന്നെ മുത്തശ്ശൻ ഇടപെട്ടു രംഗം ശാന്തമാക്കി.അമ്മയുടെ അടുത്തുന്നു എനിക്ക് നല്ല വഴക്കും കിട്ടി.
ഒരു മധ്യവേനലവധിക്കാലം.ഞാൻ എട്ടാംക്ലാസ്സിലാണ്.
ഒൻപതാം ക്ലാസ്സിലേയ്ക്കുള്ള പ്രവേശനം കാത്ത് കഴിയുന്നു.
സ്കൂളിലെ നാഷണൽ സർവിസ് സ്കീമിന്റെ കുമരകത്ത് നടന്ന ഇരുപത് ദിവസത്തെ ക്യാമ്പ് കഴിഞ്ഞു വരുന്ന വഴിയാണ്.
സ്കൂൾബസിൽ കുമരകത്ത് നിന്നു സ്കൂളിലെത്തി,സ്കൂളിൽ നിന്നും വീട്ടിലേയ്ക്കുള്ള ബസ്റ്റോപ്പിൽ ഇറങ്ങി നടക്കുകയാണ്.സമയം വൈകുന്നേരം അഞ്ചുമണിയോളമായി.
ഞങ്ങളുടെ ബസ് സ്റ്റോപ്പിൽ നിന്നും ഇത്തിരി മുന്നോട്ടു നടന്നാൽ ഒരു വശം നെൽകൃഷിയുള്ള പാടം.ഞാൻ പതിയെ കാറ്റോക്കെ കൊണ്ട്..വരമ്പിലൂടെ നടന്നു വരികയാണ്.ചെളിയിലിറങ്ങാൻ ഒരു മോഹം.ബാഗും ചെരുപ്പും ഒക്കെ കരയിൽ വെച്ചു.
പതിയെ പാടത്തിറങ്ങി.മുട്ടോളം ചെളിയിൽ ആസ്വദിച്ചു നിൽക്കുമ്പോഴാണ് കാലിൽ എന്തോ കടിച്ചത്.വേഗം കരയിൽ കയറി.കാല് നിറയെ ചെളിയായത് കൊണ്ടൊന്നും കാണാൻ പറ്റിയില്ല.
പെരുവിരൽ മുറിഞ്ഞു രക്തം വരുന്നുണ്ട്.ബാഗൊക്കെ എടുത്തു പതിയെ നടന്നു.അപ്പോഴുണ്ട് നാട്ടിലെ അത്യാവശ്യം നല്ല ഗുണ്ടചേട്ടൻ ഷിബു നടന്നു വരുന്നു.എന്റെ പന്തിയല്ലാത്ത നടപ്പ് കണ്ടിട്ട് ആ ചേട്ടൻ എന്റെ മുൻപിൽ വന്നു നിന്നിട്ട് ഒറ്റ ചോദ്യം,അതും വെടിപൊട്ടുന്ന ശബ്ദത്തിൽ 'ന്താമ്മു '.
സത്യം പറഞ്ഞാൽ കൂലിക്ക് തല്ലാൻപോവുന്നത് കൊണ്ട് ഷിബുച്ചേട്ടനെ നാട്ടുകാർക്ക് അത്ര പഥ്യമല്ല. എനിക്കാണെങ്കിൽ ഷിബുച്ചേട്ടനോട് ഒരു പ്രത്യേക സ്നേഹമുണ്ട്.
അതിനു കാരണമുണ്ട്.സ്കൂൾ വിട്ടു വരുന്ന വഴിയിൽ വെച്ചു ഷിബുച്ചേട്ടൻ ആളെ തല്ലുന്നത് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്.
ആട് തോമയോട് തോന്നിയ ഒരു സ്നേഹമുണ്ടല്ലോ അതാണ്...
ഷിബുച്ചേട്ടൻ അടുത്തു വന്നു നിന്നപ്പോൾ ശക്തിമാൻ അടുത്തു വന്ന ഒരു ഫീൽ..ഞാനെന്റെ കാലിൽ നോക്കി,ഒപ്പം ഷിബുച്ചേട്ടനും.
'അയ്യോമ്മു ചോര വരുന്നല്ലോ.കണ്ടത്തിന്നാണോ മുറിഞ്ഞത്.' കാലിലെ ചെളി കണ്ടിട്ടാവും അങ്ങനെ ചോദിച്ചത്.
കൂലിക്ക് മനുഷ്യനെ തല്ലുന്ന ആൾക്ക് ചോര കണ്ടാൽ പേടിയോ..
എന്തെങ്കിലും പറയുന്നതിന് മുൻപ് എന്നെ എടുത്തോണ്ട് ഓടി റോഡിൽ വന്നു .ആദ്യം കണ്ട ഓട്ടോറിക്ഷയിൽ ചാടിക്കേറിയിട്ടു പറഞ്ഞു.
'നേരെ മെഡിക്കൽ കോളേജിലോട്ടു വിട്ടോളൂ.കുട്ടിയെ പാമ്പ് കടിച്ചു.'
അതു കേട്ടതും എന്റെ ജീവൻപോയി.
ആശുപത്രിയിലെത്തിയ ഉടനെ എന്റെ വീട്ടിൽ വിളിച്ചു പറഞ്ഞു.'അമ്മുന്റെ കാലിൽ പാമ്പ് കടിച്ചു .നേരെ മെഡിക്കൽ കോളേജിൽ എത്തിച്ചു.'
വീട്ടിൽ നിന്നും പത്തു മിനിറ്റിനുള്ളിൽ എല്ലാവരും വന്നു.
എന്നെയാണെങ്കിൽ രക്തം പരിശോധിക്കാൻ എടുത്തിട്ട് ,പാമ്പ് കടിയേറ്റവരെ കിടത്തുന്ന റൂമിൽ കൊണ്ടിട്ടു.
ഷിബുച്ചേട്ടൻ എന്റെ രക്തം പരിശോധിക്കാൻ ലാബിലേക്ക് ഓടി.
ഞാനാണെങ്കിൽ അടുത്തു പാമ്പ് കടിയേറ്റ് കിടക്കുന്നവരുടെ വെപ്രാളം കണ്ടു പേടിച്ചു കിടക്കുന്നു.
ആ റൂമിൽ രോഗിയുടെ കൂടെ ഒരാൾക്ക് നിൽക്കാം.
ഞാൻ പേടിച്ചു കിടക്കുമ്പോൾ അച്ഛൻ വന്നു.
അച്ഛൻ എന്റെ കയ്യിൽപിടിച്ചു. ,പിന്നെ എന്റെ അടുത്തിരുന്നു.
എന്നിട്ടു പറഞ്ഞു' പേടിക്കേണ്ട.വല്ല ഞണ്ടും ആയിരിക്കും.പാമ്പായിരുന്നെങ്കിൽ കടി കിട്ടിയ ആൾ ഇത്ര കൂളായി കിടക്കൂല്ല.'.
ഞാൻ മനസ്സിൽ ഓർത്തു .
'പാമ്പ് കടിച്ചു മരണത്തോട് മല്ലിടുന്ന എന്നോട് സ്വന്തം അച്ഛൻ പറയുന്നത് കേട്ടില്ലേ'.
ഉദ്വേഗജനകമായ നിമിഷങ്ങൾ കടന്നുപോയി.
രാത്രി ഒരുമണിയോടെ രക്തം പരിശോധിച്ച റിസൾട്ട് വന്നു.
ഡോക്ടർ അച്ഛനോട് പറയുന്നത് കേട്ടു .
ഞണ്ട് വല്ലതും ഇറുക്കിയതാവും..
അച്ഛന്റെ ചിരിച്ച മുഖം..
ആശുപത്രി വിടും മുൻപ് അച്ഛൻ ഷിബുച്ചേട്ടനെ ചേർത്തുപിടിച്ചു.
കുറച്ചു രൂപ ഏൽപ്പിച്ചു.
ആ ചേട്ടൻ പണം വാങ്ങാതെ അച്ഛനെ തടഞ്ഞുകൊണ്ടു പറഞ്ഞു.
'ന്തായിത്, അമ്മു നമ്മുടെ കുട്ടിയല്ലേ..
എന്റെ കണ്ണും നിറഞ്ഞു.
ആ ചേട്ടൻ യാത്ര പറഞ്ഞു പോവുന്നത് നോക്കി അച്ഛനൊപ്പം ഞാൻ നിന്നു......

Nisa R

1 comment:

  1. എന്റെ നാട്. നാട് എല്ലാവർക്കും എന്റെ മാത്രം നാടാണ്. പ്രിയത്തോടെ നാടിനെക്കുറിച്ചോർക്കാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ട്? അകലങ്ങളായിരിക്കുമ്പോൾ നാടിനോടുള്ള സ്നേഹം കൂടും. നാടിനെക്കുറിച്ചെഴുതിയത് കാണുമ്പോൾ അറിയാതെ വായിച്ചുപോകും. നല്ലെഴുത്ത്.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot