നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മക്കളുടെ മനസ്സ

പഠിത്തം കഴിഞ്ഞിട്ട് മതി കല്യാണം എന്ന എന്റെ ആഗ്രഹത്തെ ആദ്യം എതിർത്തത് അച്ഛമ്മയായിരുന്നു.
പെൺകുട്ട്യോള് എത്ര പഠിച്ചാലും ആരാന്റെ വീട്ടിലെ അടുക്കളയിലെ കരിയും പുകയും കൊള്ളാൻ തന്നെയൊയിരിക്കും വിധിയെന്നാണ് അച്ഛമ്മയുടെ വാദം.
അച്ഛമ്മയെ കുറ്റം പറഞ്ഞിട്ടും കാര്യമൊന്നുമില്ല. അവരുടെ കാലത്ത് വിദ്യഭ്യാസത്തേക്കാൾ പ്രാധാന്യം കൊടുത്തിരുന്നത് അടുക്കളപ്പണിക്കായിരുന്നല്ലോ...?
പോരാത്തതിന് എന്റെ കൂടെ പഠിച്ചിരുന്ന കൂട്ടുകാരികളൊക്കെ ഒക്കത്ത് ഓരോ കുഞ്ഞിനേയും വെച്ച് നടക്കുന്നത് അച്ഛമ്മ കാണാറുമുണ്ട്...
അവരെയൊക്കെ ആ രൂപത്തില് കാണേണ്ടി വരുമ്പോൾ അച്ഛമ്മയുടെ മനസ്സില് ആധിയാണ്...
എന്റെ കൊച്ചുമോള് മാത്രം ഇപ്പോഴും കല്യാണം കഴിക്കാതെ വീട്ടിലിരിക്കാണല്ലോ കൃഷ്ണാ എന്ന് ആ സന്ദർഭങ്ങളിൽ കൃഷ്ണനോട് പരാതി പറയും...
ഞാൻ കല്യാണത്തിന് സമ്മതിക്കാത്തത് അച്ഛനും അമ്മയും കൂട്ടു നിന്നിട്ടാണെന്ന് പറഞ്ഞ് അച്ഛമ്മ എപ്പഴും വഴക്കാണ്...
പെൺകുട്ടികളെ പ്രായമായിക്കഴിഞ്ഞാൽ കെട്ടിച്ചു വിടണം.. അല്ലാതെ പഠിത്തോന്ന് പറഞ്ഞ് ഊരു ചുറ്റി നടത്തല്ല വേണ്ടതെന്ന് പറഞ്ഞാണ് എന്നും വഴക്കിടുന്നത്...
വഴക്കിടുന്നതിനിടയിൽ സ്ഥിരമായി ഒരു കാര്യം കൂടി അച്ഛമ്മ പറയാറുണ്ട്..
പെൺകുട്ട്യോൾക്ക് ഒരു പ്രായത്തുള്ള സൗന്ദര്യമൊന്നും പ്രായം മൂത്ത് കഴിഞ്ഞാൽ ഉണ്ടാവൂല്ല.. എല്ലാം അതിന്റേതായ സമയത്ത് നടത്തിയില്ലേൽ പിന്നെ ഖേദിക്കേണ്ടി വരുമെന്ന്...
അച്ഛമ്മയുടെ വാദങ്ങളൊക്കെ ശരിയാണെന്നിഞ്ഞിട്ടും എന്റെ ഇഷ്ടത്തിന് കൂടെ നിൽക്കാനായിരുന്നു അച്ഛനും താൽപര്യം...
അച്ഛമ്മ വഴക്ക് പറയുന്ന ദിവസമൊക്കെ കല്യാണത്തിന് സമ്മതിക്കാത്തതിന്റെ പേരിൽ അമ്മയുടെ സകല ദേഷ്യവും തീർക്കുന്നതും എന്നോട് തന്നെയാണ്..
അമ്മയുടെ ദേഷ്യമടങ്ങിക്കഴിഞ്ഞാൽ പതിയെ അമ്മയിരിക്കുന്നിടത്ത് ചെന്ന് ആ മടിയിൽ തലവെച്ച് കിടന്ന് സാവധാനം അമ്മയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കും...
പഠിച്ച് നല്ലൊരു ജോലിയൊക്കെ കിട്ടിയാൽ ആരേയും ആശ്രയിക്കാതെ തന്നെ സ്വന്തം കാലിൽ നിൽക്കാൻ പറ്റുമെന്നും, ഒരു വീടിന്റെ നാലു ചുവരുകൾക്കുള്ളിലെ ജീവിതമാണ് പെൺകുട്ടികൾക്ക് വിധിച്ചിട്ടുള്ളതെന്ന് അച്ഛമ്മ പറയുന്നത് പുറം ലോകത്തെ കുറിച്ചുള്ള അറിവില്ലാത്തോണ്ടല്ലേ എന്നും...
വിദ്യഭ്യാസം ഇല്ലാത്ത ഒരാൾക്ക് അത് പെണ്ണായാലും ആണായാലും ഇന്നത്തെ സമൂഹത്തിന് മുന്നിൽ ഒരു വിലയും ഇല്ലാതായി മാറിക്കൊണ്ടിരിക്കാണ് എന്നും...
അച്ഛമ്മയുടെ കാലത്തുള്ള കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ജീവിതമല്ലല്ലോ ഇപ്പോൾ...
കാലം ഒത്തിരി മാറിയില്ലേ..
ഒരു വർഷം കൂടി കഴിഞ്ഞാൽ എന്റെ പഠിത്തം തീരും... പിന്നെ നിങ്ങൾ ഏത് ആലോചന കൊണ്ട് വന്നാലും ഈ മോള് ഒരു മുടക്കവും പറയൂല്ല അമ്മേ...
അതുവരെയെങ്കിലും എന്റെ അമ്മ കൂടി എന്നെ ഇങ്ങനെ കല്യാണത്തിന്റെ പേരും പറഞ്ഞ് ബുദ്ധിമുട്ടിക്കരുത്..
എല്ലാം അതിന്റേതായ ഒരു സമയത്ത് നടക്കും എന്ന് ആ മടിയിൽ കിടന്ന് പറഞ്ഞാൽ അമ്മക്ക് മനസ്സിലാവും...
അച്ഛനും എന്റെ മനസ്സ് മനസ്സിലാവും...
അച്ഛമ്മക്ക് എന്റെ കല്യാണം കൂടിയിട്ട് കണ്ണടച്ചാൽ മതിയെന്നുള്ളിടത്തേക്ക് വരെ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരുന്നു...
മക്കളുടെ മനസ്സറിഞ്ഞ് കൂടെ നിൽക്കാൻ രക്ഷിതാക്കൾ തയ്യാറായിക്കഴിഞ്ഞാൽ ആ മക്കളുടെ ജീവിതത്തിൽ എന്നും വിജയങ്ങളുണ്ടാവും..
ആഗ്രഹങ്ങൾ തല്ലിക്കെടുത്തുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ ആഗ്രഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്..!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot