നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയവും ഹർത്താലും

പ്രണയവും ഹർത്താലും
"ആ കുടയൊന്ന് ഉയർത്തിപ്പിടിക്കാമോ....... " വഴിയരികിലിരിക്കുമ്പോൾ അതുവഴി പോവുകയായിരുന്ന രണ്ടു പെൺകുട്ടികളിലൊരുവളോടായി ഞാനൊരു കമന്റ് പറഞ്ഞു
"ദാ ഇത്രയും ഉയർത്തിയാൽ മതിയോ...." അതിലൊരാൾ കുട ഒരുപാട് ഉയർത്തി കാണിച്ചിട്ട് ചോദിച്ചു
"നിന്നോടല്ല ആ കുട്ടിയോടാണ് പറഞ്ഞത്..."എന്നു ഞാൻ വീണ്ടും പറഞ്ഞപ്പോൾ
"ഓഹോ അവൾക്കെന്താണ് ഇത്ര പ്രത്യേകത... " എന്ന് വീണ്ടും അവളുടെ മറുപടി വന്നു
"എന്തേലും പ്രത്യേകത കാണും അത് അവൾക്കറിയാം.... ചോദിച്ച് നോക്ക്..."ഞാൻ വീണ്ടും പറഞ്ഞു അവൾ അപ്പോഴേക്കും കുറച്ച് ദൂരം മുന്നോട്ട് നടന്നിരിന്നു
"ശരി ഞാനവളോട് ചോദിക്കട്ടെ...." എന്നു പറഞ്ഞ് ഈ കുട്ടിയും അവളുടെ അടുത്തേക്ക് വേഗത്തിൽ നടന്നു......
ഇനി ആ കുടയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്ന മുഖം
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഞാനും ഒരു ചങ്ങാതിയും കൂടെ അവളുടെ പുറകെ കുറെ നടന്നതാണ് ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞും ഒന്നു ഇഷ്ടപ്പെടുത്തിയെടുക്കാനുള്ള ശ്രമവുമൊക്കെയായി.....
എവിടെ....ഒരു രക്ഷയുമില്ലായിരുന്നു സൈക്കിൾ ചവിട്ടി കാലിന്റെ എല്ല് തേഞ്ഞതു തന്നെ മിച്ചം
ഇപ്പോൾ ഇതാ അവൾ വീണ്ടും ഇവിടെ നമ്മുടെ വീടിനടുത്ത് എവിടെയോ പഠിക്കാൻ വന്നു തുടങ്ങിയിരിക്കുന്നു...
സ്കൂൾ കാലമൊക്കെ കഴിഞ്ഞ് പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരിക്കുന്ന ഞാനും ചങ്ങാതിമാരും ഈ വഴിയരികിൽ എപ്പോഴും ഉണ്ടാകും...
പിന്നെയുള്ള എന്റെ ദിനങ്ങൾ അവൾക്ക് വേണ്ടിയുള്ള കാത്തിരിപ്പായി
ആ മുഖം ഒന്നു കാണുവാനായി....
ഊണിലും ഉറക്കത്തിലും ശ്വാസത്തിലും...
എന്തിന് ഓരോ ഹൃദയമിടിപ്പിലും...
അവളുടെ മുഖം....ആ രൂപം....
എന്നുള്ള അവസ്ഥയിലെത്തിയിരുന്നു ഞാൻ മുൻപ് എപ്പൊഴോ നഷ്ടപ്പെട്ടു പോയി മനസ്സിലുറങ്ങിക്കിടന്ന പ്രണയമെന്ന കൊടുങ്കാറ്റ് പിന്നെയും വീശിയടിക്കാൻ തുടങ്ങിയിരുന്നു
വീണ്ടും അവൾ പോകുന്ന വഴിയെല്ലാം പുറകെ നടന്നു ഒരു രക്ഷയുമില്ല....
ആ മുഖമൊന്ന് കാണുവാൻ പോലും കുട എന്ന വില്ലൻ അനുവദിക്കുമായിരുന്നില്ല
ഒരു ദിവസം തീരുമാനിച്ചു ഇന്ന് ഒരു മറുപടി പറയിപ്പിക്കണം
രണ്ടും കൽപ്പിച്ച് അവളുടെ മുന്നിൽ കൈകൾ വിടർത്തി തടഞ്ഞു നിന്നു....
"ഇന്ന് നീ എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ മതി നിനക്ക് എന്നെ ഇഷ്ടമാണോ അല്ലയോ.....? ശബ്ദത്തിലുള്ള വിറയൽ പരമാവധി നിയന്ത്രിച്ച് കൊണ്ട് ചോദിച്ചു...
"ശൊ..... ഇതൊരു വലിയ കുരിശ്ശായല്ലോ....."
അവളുടെ ശബ്ദമൊന്ന് കേൾക്കാൻ കൊതിച്ചിരിന്ന എന്റെ കാതുകളിലേക്ക് വന്ന അവളുടെ ആദ്യത്തെ വാക്കുകൾ....
മീശ മുളച്ചു വരുന്ന പ്രായമേ ആയിട്ടുള്ളു എങ്കിലും എന്റെ മനസ്സിലെ പ്രണയം മുറിപ്പെട്ട് ചോര വാർന്ന് മരിച്ച് ആ കൊടുങ്കാറ്റ് അണയാൻ ആ വാക്കുകൾക്ക് ശക്തിയുണ്ടായിരുന്നു....
കുരിശ്..... ശരിയായിരിക്കാം ഇവർക്കൊക്കെ നമ്മളൊക്കെ കുരിശ്ശുകളായിരിക്കാം
എന്നിലെ അപകർഷതാബോധം തലയുയർത്തി....
മുൻപൊരിക്കൽ ഒരു നഷ്ടപ്രണയത്തിന്റെ ബാക്കിപത്രമായ കൈയ്യിലെ ചോരപ്പാടുകൾ അമ്മ കണ്ടപ്പോൾ സങ്കടത്തോടെ പറഞ്ഞ വാക്കുകൾ ഓർമ്മയിലേക്കെത്തി....
"മോനെ പ്രണയമൊക്കെ നല്ലതു തന്നെ പക്ഷേ പ്രണയിച്ചാൽ അവളെ സ്വന്തമാക്കിയിരിക്കണം അല്ലാതെ ഒരു പെൺകുട്ടിയുടേയും ശാപം വാങ്ങി വയ്ക്കരുത്.....
പിന്നെ ഒന്നു കൂടെ പറഞ്ഞ് അമ്മ നിർത്തി...
"ഒരു ജോലി ഒന്നുമില്ലാതെ കൂലിപ്പണിയൊക്കെ
ആയി നടക്കുന്നവരെയൊക്കെ ഇപ്പൊഴത്തെ പെൺകുട്ടികൾ ശ്രദ്ധിക്കാറില്ല....
കാറിലും ബൈക്കിലും ഒക്കെയായി ചെത്തി നടക്കുന്നവരെയൊക്കെയാണ് അവർക്കിഷ്ടം അതുകൊണ്ട് നീ ഇതൊക്കെ മറന്ന് നല്ലൊരു ജോലിയൊക്കെ നേടിയെടുക്കാൻ ശ്രമിക്ക്.... "
ആഴ്ചകളും മാസങ്ങളും കടന്നു പോയി അവളെ കാണാതിരിക്കാൻ എന്റെ മനസ്സ് പഠിച്ചു കഴിഞ്ഞിരുന്നു....
ഒരിക്കലൊരു വഴിവക്കിൽ വിയർപ്പിൽ കുളിച്ച് മണൽ പുരണ്ട ശരീരവും കരിങ്കല്ലിന്റെ ഭാരവുമായി നിന്നപ്പോൾ......
അരികിലൂടെ അവൾ വന്നു....
അവളെ ഒന്നു കാണുവാനും അവളാൽ ഒന്ന് ശ്രദ്ധിക്കപ്പെടുവാനുമായി ശ്രമിച്ചിരിന്ന ഞാൻ എന്റെ ആ രൂപം അപ്പോൾ ഒളിച്ചുവയ്ക്കുവായിരുന്നു....
കുടയാൽ ആ മുഖം മറഞ്ഞിരിക്കുന്നതിനാൽ അവൾ എന്നെ കാണില്ലല്ലോ എന്നു ഞാൻ ആശ്വസിച്ചു
ഒരിക്കലെനിക്ക് വില്ലനായിരുന്ന ആ കുടയോട് നന്ദി തോന്നിയ നിമിഷങ്ങൾ....
വരും ദിവസങ്ങളിൽ ഒരു ദിനം
എന്നോട് ഒരു തെറ്റും ചെയ്യാത്ത പാവം കുറെ വലിയ പാറക്കല്ലുകൾ.....
എന്തിനോടൊക്കെയോ ഉള്ള എന്റെ ദേഷ്യത്തിനാൽ....
കൈകളിലെ ഇരുമ്പ് കൂടത്തിലെ പ്രഹരമേറ്റ് കഷണങ്ങളാകുന്നൊരാ... നിമിഷം
നടന്ന് എന്നരികിൽ എത്തിയ അവളുടെ കൈകളിലെ കുട പതിവില്ലാതെ ഉയർന്നിരിക്കുന്നത് കണ്ടു.....
കൂടാതെ അവളുടെ മുഖത്തൊരു പുഞ്ചിരിയും ഉണ്ടായിരുന്നുവോ...
കൺപ്പീലികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പുതുള്ളികൾക്കുള്ളിലൂടെ ഉള്ള ആ കാഴ്ച ഒരു മഴവില്ലിന്റെ നിറത്തിനുള്ളിലൂടെയാണ് ഞാൻ കണ്ടത്....
തോന്നലാകുമെന്ന് കരുതി മണലും പൊടിയും നിറഞ്ഞ കൈകൾ വിയർപ്പിനാൽ മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ വേഷത്തിൽ തന്നെ തുടച്ചിട്ട് കണ്ണുകൾ തിരുമി പിന്നെയും നോക്കി...
അല്ല....തോന്നലല്ല....
അവളുടെ മുഖത്ത് ആ ചിരിയുണ്ട്...
അതു മതിയായിരുന്നു മനസ്സിലെ പ്രണയത്തിന്റെ കൊടുങ്കാറ്റ് ഉണരുവാൻ....
പിന്നെയുള്ള ദിനങ്ങൾ എനിക്ക് കാണുവാനായി എന്നരികിലെത്തുമ്പോൾ മാത്രം ആ കുട എന്നും ഉയരുമായിരുന്നു....
ഭൂമിക്ക് മാത്രമായി നൽകിയിരുന്ന അവളുടെ പുഞ്ചിരി ഇപ്പോൾ എന്റെ കണ്ണുകൾക്കും സ്വന്തമായി കഴിഞ്ഞു....
കൊടുങ്കാറ്റ് ഒന്നും ആയില്ലേലും ആ മനസ്സിൽ നിന്നുള്ള പ്രണയത്തിന്റെ ഒരു ഇളംകാറ്റ് എന്നെ തഴുകാൻ തുടങ്ങി.....
തൊഴിലാളി വർഗ്ഗ പ്രസ്ഥാനം തൊഴിലാളികൾക്ക് വേണ്ടിയുള്ളതാണെന്നുള്ള മണ്ടൻ വിശ്വാസവുമായി നടന്ന ആ കാലത്തെ ഒരു ഹർത്താൽ ദിനം....
കല്ലും തടിയുമൊക്കെ പെറുക്കി വച്ച് റോഡിൽ തടസ്സങ്ങൾ ഉണ്ടാക്കുന്നവരുടെ കൂടെ ഞാനും സുഹൃത്തുക്കളും ചേർന്നു
"എയർപോർട്ട് റോഡിലേക്ക് പോകാം അതുവഴി വാഹനങ്ങൾ പോകുന്നുണ്ട്... "
കൂട്ടത്തിലാരോ പറഞ്ഞു....
ആദ്യത്തെ അനുഭവമായിരുന്ന ഞാനും ചങ്ങാതിമാരും എന്തൊക്കെയോ ആയി എന്നുള്ള ഭാവത്തോടെ നെഞ്ചും വിരിച്ച് ആ ചേട്ടന്മാരുടെ പുറകെ നടന്നു....
പോകുന്ന വഴിയിൽ വച്ചു തന്നെ ഒരു നിർഭാഗ്യവാനായ ഒരാളുടെ കാർ നമ്മുടെ മുന്നിൽ വന്നുപ്പെട്ടു...
''ഒന്നും ചെയ്യല്ലേ..."എന്നു പറഞ്ഞവൻ തൊഴുത് കരയുമ്പോഴേക്കും ആ കാറിലെ ടയറിനുള്ളിലെ വായു സ്വതന്ത്രമായിരുന്നു....
അവിടെ നിന്ന് നേരെ എയർപോർട്ട് റോഡിലേക്ക് കയറിയതും നമുക്ക് മുൻപേ അവിടെത്തിയവർ കൈകളിൽ നിറയെ ആപ്പിൾ മുന്തിരി പേരയ്ക്ക അങ്ങനെ കുറെ പഴങ്ങളുമായി വന്നു എല്ലാപേർക്കുമായി കൊടുത്തു...
എനിക്കും കിട്ടി ആപ്പിളും പേരയ്ക്കയും ഇരുകൈകളിലായി....
അതിലൊരു ആപ്പിളും കടിച്ചു കൊണ്ടാണ് എയർപോർട്ട് റോഡിലേക്കിറങ്ങിയത് നോക്കുമ്പോൾ അതിനടുത്തുള്ള ഒരു കടയിലെ പലകകൾ കൊണ്ടുള്ള നിരവുകളിൽ ഒന്ന് തുറന്നതും പിടിച്ചു കൊണ്ട് അവളുടെ അച്ഛൻ നോക്കിയത് നേരെ എന്റെ മുഖത്തേക്ക്...
വായിലിരുന്ന ആപ്പിൾ കഷണം അറിയാതെ വിഴുങ്ങി പോയി.....
ഇരുകൈകളും ഞാൻ പുറകിൽ ഒളിപ്പിച്ചു.....
കടയിലിരുന്ന ജ്യൂസ് എടുത്ത് വീട്ടിലേക്ക് കൊണ്ടു പോകാനായി പുളളി ഒരല്പം തുറന്നതേ ഉണ്ടായിരിന്നുള്ളു.....
ഹർത്താലിന് കട തുറന്ന് എന്നു പറഞ്ഞ്
ഇവരെല്ലാം കൂടെ ചെന്ന് എല്ലാം വാരിയെടുത്തു കൊണ്ടോടി.....
എവിടെ നിന്നാണെന്നറിയാതെ ഞാനും വാങ്ങിച്ചു പോയല്ലോ...
മുൻപ് കുറെ നാൾ അവളുടെ പുറകെ നടന്നതിനാൽ അവർക്കെല്ലാം എന്നെ അറിയാവുന്നതുമാണ്......
എന്നെ തഴുകിയിരുന്ന പ്രണയത്തിന്റെ ഇളംകാറ്റ് ഇതോടെ അവസാനിക്കുമെന്ന് ആ നോട്ടം കണ്ടപ്പോൾ എനിക്ക് ഉറപ്പായി....
വീണ്ടുമൊരു പ്രണയത്തിന്റെ അന്ത്യമാണോ ഈ ഹർത്താൽ....
വീണ്ടും ആ കൊടുങ്കാറ്റ് നിശ്ചലമാകുവാൻ സമയമായി....
"കേട്ടോ മക്കളെ പണ്ടൊരിക്കൽ ഇതുപോലൊരു ഹർത്താലിന്റെ അന്ന് അമ്മയ്ക്ക് കുടിക്കാനായി കടയിലിരുന്ന ജ്യൂസെടുക്കാനായി അപ്പാപ്പൻ കട തുറന്നപ്പോൾ കുറച്ച് ഗുണ്ടകൾ വന്ന് കുറെ സാധനങ്ങൾ കട്ടോണ്ട് പോയി...... "
വർഷങ്ങൾക്കിപ്പുറം ഒരു ഹർത്താൽ ദിനത്തിൽ അവളുടെ അമ്മ എന്റെ മക്കളോട് ഇങ്ങനെ പറയുമ്പോൾ....
അവൻമാർ എന്നോട് ചോദിക്കും
''ആണോ അച്ഛാ...ആരാണ് ആ കള്ളൻമാരെന്ന് "
കണ്ണും മിഴിച്ച് മറുപടി ഇല്ലാതിരിക്കുന്ന എന്നെ നോക്കി അവൾ നിങ്ങൾക്കിങ്ങനെ തന്നെ വേണം എന്നുള്ള മുഖഭാവവുമായി നിൽക്കുമ്പോൾ
"കേട്ടോ മക്കളെ പണ്ടൊരാൾ പറയുവാണേ അച്ഛൻ കുരിശ്ശാണെന്ന് ആരാണെന്നറിയാമോ..... എന്നു പറഞ്ഞ് ഞാൻ കണ്ണുകാണിക്കുമ്പോൾ.... പുറം തിരിഞ്ഞ് നടന്ന് പോകുന്നവളോട് എന്റെ മക്കൾ ഉറക്കെ വിളിച്ചു പറഞ്ഞിട്ട് ചിരിക്കും
"ആ കുടയൊന്ന് ഉയർത്തിപ്പിടിക്കാമോ...... "
കാറും ബൈക്കുമൊക്കെയായി ചെത്തി നടക്കുമ്പോഴും ഇപ്പോഴും അവൾ പറയുന്നു ഇതിലൊന്നുമല്ല റോഡരികിലെ മുഷിഞ്ഞ വേഷത്തിലെ കൂലിപ്പണിക്കാരനിലായിരുന്നു എന്റെ പ്രണയമെന്ന്.........
ജെ......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot