....... ഇക്കണോമിക്സ്....
മഴ കൂടിയപ്പോൾ കടത്തിണ്ണയിലേക്ക് കയറി നിന്നു.
ബസ് തിരിഞ്ഞു നിർത്തുമ്പോൾ കാണുവാനും ഓടിക്കേറുവാനും ഏറ്റവും സൗകര്യം ഇവിടെ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് അവിടെ നിൽക്കുവാനും തീരുമാനിച്ചത്.
എവിടെയാണ് പിഴവു പറ്റിയത്.? എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. രണ്ടാഴ്ചയായി സ്വപ്നം കണ്ടു കെട്ടി പൊക്കിയ എല്ലാ കണക്കുകൂട്ടലും ഇന്നു തെറ്റിയിരിക്കുന്നു. ഉറപ്പിച്ചു വച്ചൊരു ഡീൽ...
വെകിട്ടു പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. വളരെ നിസംഗതയോടെയാണയാൾ പറഞ്ഞത്.
വീ ആർ ഡ്രോപ്പിങ്ങ് ദ പ്ലാൻ..
ആദ്യം ഞെട്ടി.. മുഖത്തു ഭാവമാറ്റമൊന്നും വരുത്താതെ ചോദിച്ചു.
എന്തു പറ്റി സർ ..
നത്തിംങ്ങ്... വീ ആർ സോറി.. കീപ്പ് ദ റിലേഷൻഷിപ്പ്..
ഓഫീസിൽ നിന്നിറങ്ങുമ്പോൾ എംഡി യെ വിളിച്ചു. പ്രതീക്ഷയുള്ള പ്രോജക്ട്റ്റ് നഷ്ടപ്പെട്ടതറിയിച്ചു.
ഐ കോൻഡ് അൺഡർസ്റ്റാന്റ് യൂ പീപ്പിൾ. വാട്ട് ദ ഹെൽ യൂ ആർ ഡൂയിങ്ങ് ദെയർ.
എന്നെ മനസ്സിലാവുന്നില്ല പോലും.. ഞാനെന്തു ചെയ്യുന്നുവെന്നും..
വീട്ടിൽ ഞാനെന്തു പറയും...
വാച്ചിലേക്കു നോക്കി. വണ്ടി വരാൻ ഇനിയും സമയമുണ്ട്.മഴ ഇനിയും കുറഞ്ഞിട്ടുമില്ല..
സ്വപ്നങ്ങൾ മഴയായി പെയ്തൊഴുകുന്നു.. ഇരുട്ടിൽ വണ്ടികളുടെ വെളിച്ചത്തിൽ മഴത്തുള്ളികൾ തിളങ്ങുന്നു.
കഴിഞ്ഞ ആഴ്ചയിൽ...
ബാദ്ധ്യതകളുടെ ഭാണ്ഡം അഴിച്ചു ഭാര്യ സംസാരിക്കവേ ഞാൻ ഒരു ചിരിയോടെ എല്ലാം കേട്ടു.
നിങ്ങൾക്കു എന്തു പറഞ്ഞാലും ചിരിയാണ്.. അവൾ മുഖം കറുപ്പിച്ചു.
മോളുടെ പഠനകാര്യം,കുറേ ബില്ലുകൾ എല്ലാം എന്റെ മുന്നിൽ നിരത്തവേ ഞാൻ പറഞ്ഞു..
ഈ പ്രോജക്ട് കിട്ടിയാൽ നമ്മുടെ എല്ലാ പ്രശ്നവും തീർക്കും.. എനിക്കു മാത്രം ഏകദേശം നാലു ലക്ഷം രൂപാ കിട്ടും.
ഞാൻ കനകധാര സ്ത്രോതം ചൊല്ലുന്നുണ്ട്. അവൾ പൊടുന്നനെ പറഞ്ഞു.
ശരിയായിരിക്കും.. അല്ലേൽ പൊടുന്നനെ ഇങ്ങനെയൊരു പ്രോജക്ട് വരില്ലല്ലോ.
അച്ഛാ എനിക്കൊരു മോതിരം വേണം.
മകന്റെ ആഗ്രഹം അതായിരുന്നു.
ഞാൻ ചിരിച്ചു. വാങ്ങാല്ലോ... ഞാനവന്റെ തലയിൽ തലോടി.
മഴ കുറഞ്ഞപ്പോൾ ഇറങ്ങി. നന്നായി വിശക്കുന്നുണ്ടായിരുന്നു. ബസിനു കാത്തുനിൽക്കാതെ നടന്നു. പാലം കഴിഞ്ഞാൽ റെയിൽവേ ഗേറ്റ്. പിന്നെ അമ്പലത്തെരുവ്.. നടക്കാവുന്ന ദൂരമേ ഉള്ളൂ.
എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു. എത്ര പേരോടു ഞാൻ....
വിദേശത്തു നിന്നു സുഹൃത്ത് കുശലാന്വേഷണത്തിനു വിളിച്ചപ്പോളും പറഞ്ഞു. പുതിയ പ്രോജക്ട്...
പാലം കടന്നു നടക്കവേ ബസ് നിർത്താതെ കടന്നു പോയി. ഇരുട്ടിൽ അകന്നു പോകുന്ന ബസ്സിന്റെ ചുവന്ന വെളിച്ചം എന്നെ പരിഹസിച്ചു ചിരിക്കുന്നതായി തോന്നി.
റെയിൽവേ ക്രോസ്സ് കഴിഞ്ഞു കുറച്ചു നടന്നപ്പോഴേയ്ക്കും അമ്പലത്തെരുവെത്തി.
മഞ്ഞ വെളിച്ചങ്ങൾ പ്രതിഫലിച്ചു കിടക്കുന്ന കുളത്തിനരുകിലൂടെ വേഗത്തിൽ നടന്നു. വീടടുക്കുന്തോറും ഏതോ ഭാരം നെഞ്ചിൽ കൂടുകൂട്ടുന്നുണ്ടായിരുന്നു.
ഗേറ്റു തുറക്കുമ്പോൾ മകൻ ഓടി വന്നു. എന്റെ രണ്ടു കൈകളിലേക്കും മാറി മാറി നോക്കി പിന്നെ പറഞ്ഞു
അച്ഛാ എനിക്ക് സ്കൂളിൽ ലെറ്റ് മ്യൂസിക്കിനു സെലക്ഷൻ ഉണ്ട്.
ആണോ ഗുഡ്..ഞാനവന്റെ തോളിൽ തട്ടി. മറുപടിയെന്നോണം അവനെന്നെ നോക്കി ചിരിച്ചു.
അകത്തെ മുറിയിൽ മകൾ പഠിക്കുകയാണ്.
ദ ഇൻവെൻഷൻ ഓഫ് മണി മെയിഡ് ഇക്കണോമിക്സ് മോർ പെർഫക്ട് ദാൻ അതർ സോഷ്യൽ സയൻസ്.
പൈസയുടെ കണ്ടുപിടുത്തം ഇക്കണോമിക്സിനെ മറ്റുള്ള സയൻസിൽ നിന്നും മികച്ചതാക്കുന്നു.
ചായ കുടിക്കുമ്പോൾ ഭാര്യയുടെ മുഖത്തു നോക്കാതെ പറഞ്ഞു.ആ പ്രോജക്ട് നടക്കില്ല..
എന്തു പറ്റി..??.
ഞാൻ തുറന്നിട്ട ജനാലയിലൂടെ പുറത്തേക്കു നോക്കി. അവളെന്റെ തോളിൽ കൈവച്ചു..
ഈശ്വരൻ എന്താ നമ്മുടെ പ്രാർത്ഥന കേൾക്കാത്തേ . ഈ മാസം... ഇനി..?
അവളുടെ ശബ്ദം ഇടറിയിരുന്നു.
ഞാൻ മുറിയിലെ കൃഷ്ണ പ്രതിമയിലേക്കു നോക്കി...
കണ്ണാ ഉറക്കമാണോ? അതോ നടിക്കുവാണോ.. .?
മിണ്ടാതെ ഊറിച്ചിരിച്ചു കണ്ണൻ ഓടക്കുഴലുമായി എന്നെ നോക്കി നിന്നു.
നീ വിഷമിക്കേണ്ട..ഞാനവളുടെ കൈയ്യിൽ പിടിച്ചു.. എല്ലാം... എല്ലാം ശരിയാവും..
കുളി കഴിഞ്ഞു പുറത്തേയ്ക്കു വരുമ്പോൾ അകത്തെ മുറിയിൽ നിന്നും മകളുടെ ശബ്ദം വീണ്ടും കേട്ടു.
മണി ഈസ് വാട്ട് മണി ഡസ്.
പൈസ എന്നാൽ..
എനിക്കറിയാത്തതെന്തോ എന്റെ മകൾ പഠിക്കുന്നു..
എന്തൊക്കെയോ വിഷമങ്ങൾ നെഞ്ചിൽ കനം വച്ചു വിങ്ങുന്നു.
ഒറ്റയ്ക്ക് ഇത്തിരി നേരം പുറത്തെ ഇരുട്ടിൽ ഇരിക്കാൻ തോന്നി..
ആകാശത്തിലെ മഴമേഘങ്ങളെ ഏതോ കാറ്റിന്റെ കൈകൾ കോരിയെടുത്തു കൊണ്ടു പോയിരുന്നു.
"അച്ഛാ... "
ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി. പുറകിൽ എന്റെ മകൻ
വിടർന്ന കണ്ണുമായി മുകളിലേയ്ക്കു കൈ ചൂണ്ടി നിൽക്കുന്നു.
ഞാൻ മുകളിലേക്കു നോക്കി..
അകലെ നരച്ച ആകാശത്തിൽ കുറച്ചു നക്ഷത്രങ്ങൾ ഞങ്ങളെ നോക്കി ചിരിക്കുന്നു. ഇടയ്ക്ക് കണ്ണു ചിമ്മുന്നു.
തേങ്ങലോടെ ഞാനവനെ വാരിയെടുത്തു. അവൻ ആ കൊച്ചു കൈകൾ കൊണ്ടെന്റെ കണ്ണുനീർ തുടച്ചു.
അച്ഛൻ മോനൊരു കഥ പറഞ്ഞു തരട്ടെ?
ഇരുട്ടിൽ അവന്റെ മുഖം വ്യക്തമായിരുന്നില്ല. അവൻ ഒന്നും പറഞ്ഞതുമില്ല.
എങ്കിലും
ഞാൻ പറഞ്ഞു തുടങ്ങി
പണ്ട് പണ്ട് ഒരിടത്തൊരിടത്തൊരു........
....പ്രേം..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക