Showing posts with label SangitaKirosh. Show all posts
Showing posts with label SangitaKirosh. Show all posts

ഓണം വരുമ്പോൾ (കവിത)



ഇലകൾക്കിടയിലൂടിറ്റു വെളിച്ചം 

മുറ്റത്തൊരു കളം വട്ടത്തിൽ മെഴുകി

ഇത്തിരിയിതളുകൾ നീട്ടി ചിരിച്ചു

തൊടിയിൽ മുക്കുറ്റി പൂ വിളിച്ചു

ഓണം വന്നേ....

കോടിയുടുത്തില്ല, കോലം വരച്ചില്ല

പാടെ തളർന്ന പടുമരമായ്, ജീവനാകെ

വേണ്ടുന്നതേ കൈകുടന്നയിലൊരുപിടിയരി

അതും, ഒറ്റ,ക്കെന്തോണം,

എന്ന് നെടുവീർപ്പിടേ

വെന്തുടഞ്ഞുകുഴഞ്ഞു പോയ്‌

ഇത്തിരി കണ്ണീരും കാന്താരിയും ചാലി-

ച്ചച്ചെറു ക്ഷീണം തീർക്കും നേരം

ഉണ്ണികൾ ഇല്ലാത്ത വീട്ടിൽ

ഓർമകൾ

ഇലവിരിച്ചോണ മണം പരത്തി

നാട്ടുമാവിന്റെ കൊമ്പത്തെയൂഞ്ഞാൽ

പഴംപാട്ടു മൂളി കാറ്റ് താളത്തിലാട്ടി വിട്ടു

ഉപ്പേരിക്കു,പ്പ് പാകം നോക്കാൻ

കുശലം പറഞ്ഞെത്തിയെപ്പോഴോ കാക്കകൾ കൂട്ടുകാർ

ഉച്ച വെയിൽ ചാഞ്ഞുറങ്ങുന്നേരം

പതിവില്ലാതെത്തി നോക്കി ചാറ്റൽമഴ

വന്നെത്രേ ഓണം, പടി വരെ

മാവേലി തമ്പുരാനെന്റെ

വിരുന്നുണ്ണുവാൻ

ഒരു ചിരി കണ്ണിൽ കൊളുത്തി

തിരിയിട്ട്

കരുതട്ടെ ഞാനും ഒരിത്തിരി പായസം

അത്രമേൽ നിന്നെ സ്നേഹിക്കയാലോ

ജീവനേ

അസ്തമിക്കുമ്പോഴും

ഓർമ്മകൾക്കിത്ര മധുരം?!

 

Sangita Kirosh

(സംഗീത കിരോഷ്‌)


ഉപേക്ഷിക്കപ്പെട്ടവൾ ( കവിത)


കൈകൾ നെഞ്ചോട് ചേർത്ത്
നെറ്റി കാൽമുട്ടുകളിൽ തൊട്ട്
വെറും മണ്ണിലൊരു തേരട്ട പോലെ
അവൾ ചുരുണ്ടു കിടന്നു

ചുട്ടു പൊള്ളുന്ന തലയിൽ നിന്നും പേനുകൾ ഇറങ്ങി പോയി
അടഞ്ഞ കണ്ണുകളിലെ നനുത്ത പീലികൾ
ഉറുമ്പുകൾ വലിച്ചൂരി
കോടിയ ചുണ്ടിൽ കുരുങ്ങിയ നിലവിളി
കിളികൾ കൊത്തിയെടുത്തു

പിണച്ചു വെച്ച കൈകളിൽ അവളുടെ ഹൃദയം മിടിക്കുന്നുണ്ടോ എന്ന്
മുടന്തൻ പൂച്ച ചെവിയോർത്തു
നെഞ്ചിലെ വറ്റിയ പാൽഞരമ്പുകൾ തെരുവ്‌ നായ മണത്തു
ഒട്ടിയ വയറും മെല്ലിച്ച കാലുകളും
കാറ്റ് ഇലകൾ കൊണ്ട് മൂടി
വീണ്ട കാലിലെ അഴുക്ക് പുരണ്ട നഖങ്ങൾ കാക്ക വൃത്തിയാക്കി

വരണ്ട മണ്ണിൽ
അമ്മയുടെ ഗർഭപാത്രത്തിലേക്ക് തിരിച്ചു പോകാനാകാതെ
അവൾ കിടന്നു
തമ്മിൽ പിരിയാനാകാതെ
ഇരുട്ട് അവളെ നോക്കി നിന്നു
ചുറ്റും കോട്ട തീർത്ത് ഉറുമ്പുകൾ കാവൽ നിന്നു

തിരിച്ചു കിട്ടിയ നക്ഷത്രത്തെ മേഘവിരിയിൽ പൊതിഞ്ഞെടുത്ത്
താരാട്ടുകയായിരുന്നു ആകാശമപ്പോൾ!

Written by
Sangita Kirosh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo