മനസ്സിന്റെ ശുദ്ധി


കുറച്ചുദിവസമായി കൂട്ടുകാരൊക്കെ പറയാൻ തുടങ്ങിയിട്ട്....തനിക്കും തോന്നിയിരുന്നു...മിഥുന് തന്നോടൊരു ഇഷ്ടമുള്ളപോലെ!...അവന്റെ പെരുമാറ്റങ്ങളെല്ലാം ആ രീതിയിലായിരുന്നു.....ക്ലാസ്സിൽ വന്നാൽ വാ തോരാതെ സംസാരിച്ചിരുന്നവൻ ഇപ്പോൾ ഏതുനേരവും ബുക്കിൽ എന്തോ കുത്തിക്കുറിക്കുന്നത് കാണാം.....ആരടുത്തു ചെന്നാലും അവൻ ഉടനെ ബുക്ക് അടച്ചുവെക്കും...പക്ഷെ..ആ കള്ളത്തരം കൂട്ടുകാർ കണ്ടുപിടിച്ചു....ഭംഗിയായി വരയ്ക്കാൻ കഴിവുള്ളവനായിരുന്നു മിഥുൻ....ആ ബുക്കിൽ അവൻ വരച്ചിരുന്നത് തന്റെ ചിത്രമായിരുന്നു, തന്റെ കൈകളിൽ ഒരു റോസാപ്പൂവ്....അതിൽ ചിറകുകളിൽ പല വർണ്ണങ്ങളുള്ള ഒരു ചിത്രശലഭം ഇരിക്കുന്നു....കൂട്ടുകാർ അത് അവൾക്ക് കാണിച്ചുകൊടുത്തു...'നോക്ക്..മീനു...അവൻ നിന്നെ എത്ര നന്നായിട്ടാ വരച്ചിരിക്കുന്നെ....ഈ ചിത്രശലഭം ആരാ എന്ന് ഞങ്ങൾക്കൊക്കെ ഏകദേശം മനസ്സിലായിത്തുടങ്ങി....നിന്നെകാണുമ്പോൾ അവൻ നേർവസ് ആകുന്നതും ക്‌ളാസിൽ സൈലന്റ് ആയതും ചിത്രരചനയും..ഉം ഉം.....' അവൾക്ക് അതിശയമായിരുന്നു...കോളേജിലെ എല്ലാ പെൺകുട്ടികളുടെയും ഹീറോയാണ് മിഥുൻ..കാണാൻ നല്ല സുന്ദരൻ...എല്ലാകാര്യങ്ങളിലും മുന്നിൽ നിൽക്കുന്നവൻ...കോളേജ് യൂണിയൻ ചെയർമാൻ...പക്ഷെ അവൻ ഇതുവരെ ഒരുപെൺകുട്ടിയോടും ഇഷ്ടം തോന്നിയിട്ടില്ല..എന്നൊക്കെയാ പറഞ്ഞിരുന്നത്...ഇതിപ്പോ...'മീനു...എനിക്കൊരു കാര്യം പറയാനുണ്ട്..' അവൾ തിരിഞ്ഞുനോക്കിയതും മിഥുനാണ്....അവളുടെ കയ്യിലെ ബുക്കിലേക്ക് കണ്ണോടിച്ചുകൊണ്ടു അവൻ പറഞ്ഞു...'ഞങ്ങളൊഴിഞ്ഞു തന്നേക്കാം...നായകനും നായികയ്ക്കും കൂടി ഒരു ഡ്യൂയറ്റ് പാടാൻ തോന്നിയാലോ?' കൂട്ടുകാർ കളിയാക്കിക്കൊണ്ട് പുറത്തേക്ക് പോയി..ഇപ്പോൾ അവളും മിഥുനും മാത്രം....അവൻ പറഞ്ഞു...'എനിക്ക് മീനുവിനെ ഇഷ്ടമാണ്...എന്തൊകൊണ്ടാണെന്നു ചോദിച്ചാൽ എനിക്കുത്തരമില്ല...ഇയാളെ ആദ്യം കണ്ടപ്പോൾത്തന്നെ എന്റെയുള്ളിൽ ഒരു കുളിരു കോരിയ ഫീലിംഗ് ഉണ്ടായിരുന്നു...ഇയാൾ അടുത്തിരിക്കുമ്പോൾ, എന്നെ നോക്കുമ്പോൾ, സംസാരിക്കുമ്പോൾ ഒക്കെ അത് കൂടിക്കൂടി വന്നു...എനിക്ക് ഒന്നിലും ശ്രദ്ധിക്കാൻ സാധിക്കാതെയായി...ഞാൻ പറയാൻ ഇരിക്കുകയായിരുന്നു..അതിനുമുമ്പേ അവന്മാർ മണത്തറിഞ്ഞു...മീനുവിന് എന്നെ ഇഷ്ടമാണോ ?..'അത്...ഞാൻ' അവൾ പറയാൻ തുടങ്ങിയതും ..'ധൃതി ഇല്ല..ആലോചിച്ച് നാളെപ്പറഞ്ഞാൽ മതി...' എന്നും പറഞ്ഞു അവൻ നടന്നകന്നു...അന്നുമുഴുവൻ അവൾ ആലോചനയിലായിരുന്നു...മിഥുൻ പറഞ്ഞ ഈ കാര്യങ്ങളെല്ലാം തനിക്കും തോന്നിയിരുന്നില്ലേ...ഉള്ളിന്റെയുള്ളിൽ താനും അവന്റെ ആരാധികയായിരുന്നില്ലേ....
അപ്പോഴാണ് അവൾ വീട്ടിൽ അച്ഛൻ വളർത്തുന്ന ഇണക്കുരുവികളെ കണ്ടത്...ഇത്രയും ദിവസവും അവ ഇവിടെയുണ്ടായിരുന്നിട്ടും തനിക്ക് അവയുടെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞില്ല..ഇപ്പോൾ നോക്കുമ്പോൾ..എന്ത് രസമാണ്..അവയുടെ തമ്മിൽ തമ്മിലുള്ള കൊക്കുരുമ്മലും...ചിറകുകൾ വിരിച്ച് ആ കൂടിനുള്ളിൽത്തന്നെ രണ്ടുപേരും പാറി പാറി നടക്കുന്നു...ഇടയ്ക്ക് പെൺകിളി ആൺകിളിയെ കൊക്കുകൾ കൊണ്ട് ഉരുമ്മി കളിക്കുന്നത് കാണാം...എന്ത് രസമാണ് അവയുടെ ശബ്ദം കേൾക്കാൻ...അതുപോലെ തന്നെ ആ റോസാപ്പൂവ്...ഇന്ന് രാവിലെയാണ് താൻ കണ്ടത് അത് വിടർന്നിരിക്കുന്നു...ഇപ്പോൾ കാണാൻ എന്ത് ഭംഗിയാ... മിഥുൻ വരച്ച ആ ചിത്രത്തിലുള്ളതിന്റെ അത്രയും ഭംഗി ഇല്ല..എന്നിരുന്നാലും..ചെറിയ കാറ്റ് വീശുമ്പോൾ ആ റോസാപ്പൂവ് ആ കാറ്റിന്റെ ശക്തിയിൽ ആടുന്നത് കാണാൻ എന്ത് ഭംഗിയാണ്....അപ്പോഴാണ് അവളുടെ കവിളിൽ ഒരു ചെറിയ മഴതുള്ളി വീണത്..അവൾ ആകാശത്തേക്ക് നോക്കി..കാർമേഘങ്ങൾ ഉരുണ്ടുകൂടി...നിൽക്കുകയാണ്...പതുക്കെ പതുക്കെ മഴ പെയ്യാൻ തുടങ്ങി....കുറേക്കാലത്തിനു ശേഷം മഴവെള്ളം ഭൂമിയിൽ വീണപ്പോൾ വന്ന ഗന്ധം...അത് എല്ലാക്കാലവും അവൾ ഇഷ്ടപ്പെട്ടിരുന്നതാണ്...മഴ മണ്ണിനോട് സല്ലപിക്കുകയാണോ? അവളുടെ പിണക്കം തീർക്കുകയാണോ? അമ്മയുടെ ചോദ്യമാണ് അവളെ ആലോചനയിൽ നിന്നും ഉണർത്തിയത്..'നിനക്കിതെന്തു പറ്റി...സാധാരണ വീട്ടിൽ വന്നാൽ മുറിക്കകത്തു കേറി ഇരിക്കുന്നവളാണ്..ഇപ്പൊ ഇതാ കിളികളെയും പൂവിനേയും നോക്കി മഴയത്ത് ഇരിക്കുന്നു...'..ഓ ഒന്നുമില്ല..എന്റെ അമ്മേ...ഞാൻ വെറുതെ ഇതിന്റെ ഭംഗി ഒന്ന് നോക്കിയതാ...പിന്നെ മഴവെള്ളം വീഴുമ്പോൾ മണ്ണിൽ നിന്നും വരുന്ന ഗന്ധം എനിക്ക് വളരെ ഇഷ്ടമാണെന്ന് അമ്മക്കറിയില്ലേ.. എന്നും പറഞ്ഞ് അവൾ അകത്തേക്ക് പോയി....അടുത്ത ദിവസം രാവിലെയായതും അവൾ തീരുമാനമെടുത്തിരുന്നു....കോളേജിലേക്ക് പോകാൻ അവൾ ധൃതി കൂട്ടി...'മീനാക്ഷി...എനിക്ക് രണ്ട് കയ്യെയുള്ളു..അത്രക്ക് ധൃതിയാണെങ്കിൽ നീ ഇന്നൊരു ദിവസം കാന്റീനിൽനിന്നും വാങ്ങിക്കഴിക്ക്' എന്നും പറഞ്ഞ് അമ്മ അവൾക്ക് കാശ് കൊടുത്തു...അവൾ അത് പ്രതീക്ഷിച്ചിരുന്നതുപോലെ കോളേജിലേക്ക് പുറപ്പെട്ടു...കോളേജ് ഗേറ്റ് കടന്നതും അവൾ കണ്ടു..ദൂരെയായി ആ മരത്തണലിൽ മിഥുൻ ഇരിക്കുന്നു...അവളെ കണ്ടതും അവൻ പുഞ്ചിരിച്ചു...അവൾ അടുത്ത് ചെന്നു...റോസാപ്പൂവിൽ വന്നിരുന്ന ചിത്രശലഭത്തെ എനിക്കിഷ്ടമാണ്...അവൾ പറഞ്ഞു...അവൻ പറഞ്ഞു..മീനു..അപ്പോൾ നിനക്കെന്നെ....എനിക്കറിയാമായിരുന്നു മീനുവിന് എന്നെ ഇഷ്ടമായിരിക്കും എന്ന്...കൊള്ളാം, കൊള്ളാം..കൂട്ടുകാർ വിളിക്കുന്നത് കേട്ട് അവർ തിരിഞ്ഞുനോക്കി...പിന്നെ ചെറിയ ചമ്മലോടെ അവരോടൊപ്പം ചേർന്നു....
പിന്നീടുള്ള ദിവസങ്ങൾ അവരുടേതായിരുന്നു...എല്ലാ ദിവസവും അവർ കാന്റീനിലും മരച്ചുവട്ടിലും സമയം കഴിച്ചുകൂട്ടി....അപ്പോഴൊക്കെ അവൻ മീനുവിനെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു..ആ നാളുകളിലൊരുദിനം അവന്റെ നിർബന്ധത്തിനു വഴങ്ങി അവൾ അവന്റെ വീട്ടിലേക്ക് ചെന്നു..അച്ഛനും അമ്മയും കല്യാണത്തിന് പോയ സമയത്താണ് അവൻ അവളെ വീട്ടിൽ കൊണ്ടുപോയത്...അവിടെവച്ചു അവന്റെ സ്‌നേഹപൂർണമായ നിർബന്ധത്തിന് അവൾക്ക് വഴങ്ങേണ്ടി വന്നു....തിരിച്ചുപോരാൻ നേരം അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ അവൻ പറഞ്ഞു..മീനു. എന്തിനാ കരയുന്നത്...നമ്മൾ നാളെ വിവാഹം കഴിക്കേണ്ടവരല്ലേ! ഇതിൽ തെറ്റൊന്നുമില്ല...അവൾ ആ വാക്കുകൾ വിശ്വസിച്ചു..അടുത്ത ദിവസം ഹർത്താൽ ആയിരുന്നു...അവൾക്ക് ആ ഒരു ദിവസം ഒരു യുഗമായിത്തോന്നി...അടുത്ത ദിവസമാകാൻ അവൾ കൊതിച്ചു...അടുത്ത ദിവസം കോളേജിൽ ചെന്നപ്പോൾ മിഥുൻ കൂട്ടുകാരോടൊപ്പം നടന്നുപോകുന്നത് കണ്ടു അവൾ വിളിച്ചു...അവൻ തിരിഞ്ഞുനോക്കി..അവളെ കണ്ടതും അവൻ കൂട്ടുകാരോട് പറഞ്ഞു നിങ്ങൾ നടന്നോ..ഞാൻ വരാം...മീനു...ഇന്നെന്താ ലേറ്റായെ..അവൻ ചോദിച്ചു...അത് ഇന്ന് അച്ഛനാ കൊണ്ടാക്കിയത്...ഞാൻ ബസ് മിസ് ചെയ്തു..അവൾ പറഞ്ഞു..പിന്നേ...എനിക്ക് ഇപ്പൊ ഇച്ചിരി തിരക്കുണ്ട്...നമുക്ക് ഉച്ചക്ക് കാന്റീനിൽ കാണാം..എന്നും പറഞ്ഞ് മിഥുൻ നടന്നകന്നു. അവൾ ഒന്നും പറയാതെ ക്ളാസ്സിലേക്കും.
ഉച്ചയായപ്പോൾ അവൾ കാന്റീനിലെത്തി...കുറച്ചുകഴിഞ്ഞപ്പോൾ അവനും വന്നു...അവൾ പറഞ്ഞു...'മിഥുൻ...ഞാൻ നമ്മുടെ കാര്യം വീട്ടിൽ പറഞ്ഞു...എനിക്ക് വിവാഹാലോചന തുടങ്ങിയതുകൊണ്ട് പറയേണ്ടിവന്നതാണ്..അച്ഛൻ മിഥുനെ കാണണമെന്ന് പറഞ്ഞു...ഈ ഞായറാഴ്ച വരാമോ ?' 'എന്തിനാ ഇത്രയും ധൃതി... ഈ ഞായറാഴ്ച എനിക്ക് തീരെ സമയമില്ല...വേറൊരു ദിവസം ഞാൻ തന്നെ പറയാം' മിഥുൻ പറഞ്ഞു...അപ്പോഴേക്കും മിഥുനെ വിളിക്കാൻ കൂട്ടുകാർ വന്നിരുന്നു...അവൾ പറഞ്ഞു...'എന്താ ഇപ്പോ എന്നോട് സംസാരിക്കാൻ ഒരു മടി പോലെ,' മിഥുൻ പറഞ്ഞു..ഛെ..അതൊന്നുമല്ല...ഇച്ചിരി തിരക്കാണ്...എന്നും പറഞ്ഞ് അവൻ കൂട്ടുകാരോടൊപ്പം പോയി...ദിവസങ്ങൾ കഴിയുംതോറും മിഥുൻ അകന്നുപോകുന്നത് അവൾക്ക് മനസ്സിലായിത്തുടങ്ങി...രാവിലെ കണ്ടാൽ കാന്റീനിൽ വച്ച് സംസാരിക്കാം എന്ന് പറയും, ക്‌ളാസിൽ വരുന്നതേയില്ല..കാന്റീനിൽ ചെന്ന് കാത്തിരുന്നു മടുത്തിട്ടുണ്ട്....കൂട്ടുകാർ ചോദിച്ചു തുടങ്ങി..നിങ്ങൾ തമ്മിൽ പിണങ്ങിയോ?...ഒരുദിവസം അവളെത്തേടി അവളുടെ കൂടെപഠിക്കുന്ന നന്ദുവിന്റെ കോൾ വന്നു...ഹലോ മീനു...ഞാൻ ഒരു കാര്യം പറയാനാണ് വിളിച്ചത്...നീയറിഞ്ഞോ എന്നറിയില്ല...എന്നാലും ഞാൻ കേട്ടത് പറയുകയാണ്.. ഈ കോളേജിലെ പ്രേമമൊക്കെ കോളേജ് ലൈഫ് തീരുന്നത്വരെയേയുള്ളു...ഞാനിത് പറയാൻ കാരണം..അവൻ ഇന്നലെ ഞങ്ങളെല്ലാവരും കൂടിയിരിക്കുന്ന സമയത്ത് പറഞ്ഞു..നീയുമായുള്ള ഫ്രണ്ട്ഷിപ്പ് കട്ട് ചെയ്‌തെന്ന്...അവൾ ഒരു ഞെട്ടലോടെ അത് കേട്ടു....നിവൃത്തിയില്ലാതെ ഒരു ദിവസം അവൻ കോളേജ് കഴിഞ്ഞു പോകുന്ന വഴിയിൽ അവൾ അവനെ തടഞ്ഞുനിർത്തി...എന്താ മിഥുന്റെ ഉദ്ദേശ്യം അത് പറ...' ..അവൻ പറഞ്ഞു..എനിക്ക് ഇപ്പൊ വിവാഹത്തെപ്പറ്റിയൊന്നും ചിന്തിക്കാൻ സമയമില്ല...അത് തന്നെ...'വിവാഹത്തെപ്പറ്റി ചിന്തിക്കാൻ സമയമില്ലെന്നോ അതോ ഞാനുമായുള്ള വിവാഹത്തെപ്പറ്റി ചിന്തിക്കാൻ സമയമില്ലെന്നോ ? തുറന്നു പറ...അവൾ ചോദിച്ചു...എന്തായാലും നിന്നെ വിവാഹം കഴിക്കാൻ എനിക്ക് താത്പര്യമില്ല...കല്യാണത്തിന് മുൻപേ ഞാൻ വിളിച്ചപ്പോൾ ഒരു കൂസലുമില്ലാതെ എന്റെ കിടപ്പറ വരെ വന്നവളാണ് നീ...എനിക്ക് നിന്നെപ്പോലുള്ള ചാരിത്ര്യശുദ്ധി ഇല്ലാത്ത പെണ്ണിനെയല്ല വേണ്ടത്...'അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വേഗത്തിൽ ഓടിച്ചുപോയി...കുറച്ചുനേരത്തേക്ക് അവൾ തരിച്ചുനിന്നു...പിന്നീട് അവളുടെ കാലുകൾ യാന്ത്രികമായി ചലിക്കുകയായിരുന്നു...വീട്ടിൽ എത്തി മുറിയിൽ കയറിയതും അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി..കരയുന്നതിനിടയിൽ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് അവൾ പെട്ടെന്ന് കണ്ണ് തുടച്ച് വാതിൽ തുറന്നു...അമ്മൂമ്മയാണ്...എന്താ മക്കളെ...നിന്റെ മുറിയിൽ നിന്നും ഉച്ചത്തിൽ കരച്ചിൽ കേട്ടല്ലോ? എന്തുപറ്റി? ആ വൃദ്ധ പരിഭ്രമത്തോടെ ചോദിച്ചു..'ഒന്നുമില്ല അമ്മൂമ്മേ...അത്...ക്ലാസ്സിൽ...' അവൾക്കത് മുഴുമിപ്പിക്കാൻ പറ്റിയില്ല...കരച്ചിലോടെ അവൾ അമ്മൂമ്മയെ കെട്ടിപ്പിടിച്ചു....അവർ അവളെ കൊണ്ട് കട്ടിലിലിരുത്തി...കാര്യങ്ങൾ ചോദിച്ചു...അവൾ പറയുന്നത് ഒരു നടുക്കത്തോടെ അവർ കേട്ടിരുന്നു...'എന്താ മോളെ..ഇത്...പഠിക്കുന്ന കുട്ടികൾക്ക് കുറച്ചുകൂടി ശ്രദ്ധവേണ്ടേ...ഞാൻ ആ പയ്യനെക്കണ്ട് സംസാരിക്കാം...ഇപ്പോൾ നിന്റച്ഛനും അമ്മയും ഇവിടെയില്ലാത്തത് ഭാഗ്യം..ആ രണ്ടും ഇതറിഞ്ഞാൽ തകർന്നുപോകും....അച്ഛനമ്മമാർ എത്ര വിശ്വാസത്തോടെയാണ് നിങ്ങളെ പഠിക്കാൻ വിടുന്നത്? നിങ്ങളോ?...തെറ്റുപറ്റിപ്പോയി അമ്മൂമ്മേ....പക്ഷെ...അവൻ....അവൻ ഇത്ര നീചമായി എന്നോട് സംസാരിച്ച സ്ഥിതിക്ക് ഇനി ആര് പോയാലും ഫലം ഉണ്ടാവില്ല...അപ്പോൾ മോള് എന്താ ചെയ്യാൻപോകുന്നത്? അമ്മൂമ്മ ചോദിച്ചു...'എനിക്കറിയില്ല..അമ്മൂമ്മേ...' അവൾ പറഞ്ഞുകൊണ്ടേയിരുന്നു...എന്തായാലും കടുംകൈ ഒന്നും കാണിക്കില്ലെന്ന് മോൾ അമ്മൂമ്മക്ക്‌ വാക്ക് തരണം...' അവൾ സത്യം ചെയ്തു...പുറത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടതും അമ്മൂമ്മ അവളോട് കണ്ണ് തുടച്ച് ഒന്നും സംഭവിക്കാത്തത് പോലെ ഇരിക്ക് ...അവരറിയരുത്...എന്ന് പറഞ്ഞു...കോളിങ് ബെൽ ശബ്ദിച്ചതും അമ്മൂമ്മ ചെന്ന് വാതിൽ തുറന്നു...'ആഹാ..ഇന്നെന്തുപറ്റി...അമ്മ വിളക്കൊന്നും കത്തിച്ചില്ലേ...ആ പെണ്ണെവിടെ? സാധാരണ ഈ കിളിക്കൂടിനടുത്ത് കാണാറുള്ളതാണല്ലോ അവളെ?... അയാൾ ചോദിച്ചു..'ഏയ്..അവൾക്ക് ചെറിയ ഒരു തലവേദന...ഞാൻ ബാം പുരട്ടികൊടുക്കുകയായിരുന്നു...അവർ പറഞ്ഞു...അയ്യോ...എന്തുപറ്റി..മീനുവിന്...എന്നും ചോദിച്ചുകൊണ്ട് അച്ഛനും അമ്മയും അവളുടെ അടുത്തേക്ക് ചെന്നു...അവരെ കണ്ടതും അവൾ എഴുന്നേറ്റു...എന്താ മോളെ എന്തുപറ്റി? ഒരു ചെറിയ തലവേദനയാ..സാരമില്ല...അവൾ പറഞ്ഞു...രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചതിന്റെയായിരിക്കും. ഉറക്കം കളഞ്ഞിട്ടുള്ള ഒരു കാര്യവും വേണ്ടാ...ഇനിയിപ്പോ ഫൈനൽ എക്സാം കഴിഞ്ഞല്ലോ? മോള് കിടന്നുറങ്ങിക്കോളൂ...അവർ അതും പറഞ്ഞ് അവിടെനിന്നും പുറത്തേക്ക് പോയി....അവൾ വീണ്ടും കണ്ണീരോടെ കിടക്കയിലേക്ക് ചാഞ്ഞു...ദിവസങ്ങൾ ഓരോന്നായി പൊഴിഞ്ഞുകൊണ്ടിരുന്നു....
അമ്മേ...ഈ പെണ്ണിനെന്തു പറ്റി, ഞാനും ഒരാഴ്ചയായി ശ്രദ്ധിക്കുന്നു..., പണ്ടത്തെപ്പോലെ കളിയില്ല, ചിരിയില്ല,ഇപ്പോഴും ഒരാലോചന, എനിക്ക് പേടിയാകുന്നു..അവൾക്കൊരു ഇഷ്ടമുണ്ടായിരുന്നില്ലേ...അതിന്റെ എന്തെങ്കിലുമാണോ? മീനുവിന്റെ അമ്മ അമ്മൂമ്മയോട് പറഞ്ഞു...അമ്മൂമ്മ പറഞ്ഞു...ഓഹ്..അത് അത്ര വലിയ ഇഷ്ടമൊന്നുമല്ലായിരുന്നു..എല്ലാകുട്ടികൾക്കും ഈ പ്രായത്തിൽ തോന്നുന്നത്..ആ വില കൊടുത്താൽ മതി അതിന്...ഇത്..കൂട്ടുകാരെയൊക്കെ പിരിഞ്ഞില്ലേ...അതിന്റെയായിരിക്കും...അത് ക്രമേണ മാറിക്കോളും...ഞാൻ അവളുടെയടുത്തേക്കൊന്ന് ചെല്ലട്ടെ എന്നും പറഞ്ഞ് അവർ മീനുവിനെ അന്വേഷിച്ചുപ്പോയി. മീനു...ആ കിളികളെ നോക്കുകയായിരുന്നു...ഇപ്പോൾ കാണുമ്പോൾ ആൺകിളി പെൺകിളിയെ കൊതിയോട്ടിക്കുന്നപോലെയും ചിറകുകൾ കൊണ്ട് പരസ്പരം പോരടിക്കുന്നതുപോലെയും ആണ് അവൾക്ക് തോന്നിയത്....റോസാപൂക്കളെ കണ്ടപ്പോൾ മുള്ളുകളുടെ ഇടയിൽപ്പെട്ട് ദയനീയാവസ്ഥയിൽ അവ തന്നെ നോക്കുന്നത് പോലെ അവൾക്ക് തോന്നി...അമ്മൂമ്മ വിളിച്ചു..മീനുവേ...അവൾ തിരിഞ്ഞ് നോക്കി....നിന്റെ മുറിയിൽ കമ്പ്യൂട്ടർ ഒന്ന് ഓൺ ചെയ്യ്..എനിക്ക് ഒരു കാര്യം കാണണം..അമ്മൂമ്മ പറഞ്ഞു...അവൾ അത് പോലെ ചെയ്തു..അവർ അവളോട് സുനിത കൃഷ്ണൻ എന്ന പേര് പറഞ്ഞുകൊടുത്തു...അവൾ ആ പേര് ഗൂഗിളിൽ കൊടുത്തപ്പോൾ ആ മുഖം തെളിഞ്ഞു...അത് ചൂണ്ടിക്കാണിച്ചുകൊണ്ട് ആ അമ്മൂമ്മ അവളോട് ഇങ്ങനെ പറഞ്ഞു, മോളല്ലേ പണ്ട് അമ്മൂമ്മ പെണ്ണിന് മാനമാണ് വലുതെന്നു പറഞ്ഞപ്പോൾ പറഞ്ഞു തന്നത്...ഇവർ സഹിച്ചതിനെക്കുറിച്ച്....അവർ വീണ്ടും ജീവിതത്തിലേക്ക് വന്നതിനെക്കുറിച്ച്...പിന്നെന്താ......മോളെ...പെണ്ണിന്റെ മാനം അവളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലുമാണ്.....ശരീരത്തിലാണ് മാനം ഉള്ളതെങ്കിൽ അത് നശിക്കാത്ത എത്രയോ സ്ത്രീകൾ അവരുടെ സംസാരവും മറ്റുള്ളവരോടുള്ള പെരുമാറ്റവും കാരണം മറ്റുള്ളവരാൽ വെറുക്കപ്പെടുന്നു.....എന്റെ മോള് എല്ലാം മറക്കണം...എന്നിട്ട് പഠിത്തം തുടരണം...അച്ഛനെയും അമ്മയെയും ഓർക്കണം...ആര് നിന്നെ എത്ര വേദനിപ്പിച്ചാലും നിനക്ക് അവർ കാണും..പിന്നെ ഈ ഞാനും...അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.....
അവർ മീനുവിനെ തുടർന്നുള്ള പഠിത്തത്തിനായി അമേരിക്കയിലുള്ള അവളുടെ വലിയച്ഛന്റടുത്തേക്ക് പറഞ്ഞയച്ചു.കാലം കഴിഞ്ഞുപോയി....ഇന്നവൾ....കേരളത്തിലെ ഒരു വലിയ IT കമ്പനിയിൽ വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കാൻ പോകുകയാണ്...അവൾ ആ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് ചെന്നു...അവളുടെ ഓഫീസ് പത്താമത്തെ നിലയിലായിരുന്നു....ലിഫ്റ്റ് ഫസ്റ്റ് ഫ്ലോർ എത്തിയപ്പോൾ ഡോർ തുറക്കപ്പെട്ടു...അപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും അവൾ ആ മുഖം കണ്ടു....ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവൾ ഒന്നുമറിയാത്തതുപോലെ നിന്നു...അവനും അവളെ കണ്ട ഷോക്കിൽ ആദ്യം ഒന്ന് പതറിയെങ്കിലും അവളോട് അങ്ങോട്ടുപോയി സംസാരിച്ചു...നീ എന്താ ഇവിടെ? 10th ഫ്ലോർ ആണല്ലോ പ്രസ് ചെയ്തിരിക്കുന്നത്..അവിടെ ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയാണ് ഉള്ളത്..നീ ജോബ് ഇന്റർവ്യൂവിന് വന്നതാണോ? അവൻ ചോദിച്ചു...അവൾ ഒന്നും മിണ്ടിയില്ല.....അവൻ പറഞ്ഞു...ഞാൻ റെക്കമെൻഡ് ചെയ്യാം..ഒന്നുമില്ലെങ്കിലും പണ്ട് പരിചയക്കാരായിരുന്നില്ലേ നമ്മൾ?! അതും പറഞ്ഞു അവൻ ചിരിച്ചു....അവൾ ഒരക്ഷരം ഉരിയാടാതെ ലിഫ്റ്റ് 10th ഫ്ലോറിൽ എത്തിയതും ഓഫീസിലേക്ക് കയറിച്ചെന്നു...അവനും അവളുടെ പുറകെ ഓഫീസിലേക്ക് കയറിച്ചെന്നു...
എം ഡി വരുന്നത് കണ്ടതും അവൻ പറഞ്ഞു..ഇതാ ഞങ്ങളുടെ എം ഡി...ഞാൻ പറയാം സാറിനോട്..എനിക്ക് നല്ലരീതിയിൽ പരിചയമുള്ള ആളാണെന്ന്....അവൾ അവനെ രൂക്ഷമായി നോക്കി...എം ഡി നേരെ മീനാക്ഷിയുടെ അടുത്തെത്തിയതും അവൾക്ക് ഷേക്ക് ഹാൻഡ് കൊടുത്ത് ഓഫീസിലേക്ക് ഇൻവൈറ്റ് ചെയ്തു...അവൻ ഒന്നും മനസ്സിലാവാതെ നിൽക്കുമ്പോൾ അയാൾ പറഞ്ഞു...'ഇത് മീനാക്ഷി...നമ്മുടെ കമ്പനിയുടെ പുതിയ വൈസ് പ്രസിഡന്റാണ്!...മീനാക്ഷി...ഇത് ഇവിടത്തെ ടീം ലീഡർ മിസ്റ്റർ മിഥുൻ...' അവൾ പരിചയഭാവം കാണിക്കാതെ ഹായ് പറഞ്ഞു....ശേഷം ഓഫീസിലുള്ള എല്ലാവരെയും പരിചയപ്പെട്ടു....അവൻ വല്ലാത്തൊരു മാനസികാവസ്ഥയിലായി.....അവൾ പണ്ടത്തെ കാര്യമൊക്കെ ഇനി മറന്നുകാണുമോ? അതോ അത് വച്ച് എന്നോട് പ്രതികാരം ചെയ്യുമോ?...പക്ഷെ അവന്റെ ആലോചനകളെല്ലാം തെറ്റിച്ചുകൊണ്ട് അവൾ സാധാരണ രീതിയിൽ പെരുമാറാൻ തുടങ്ങി....ദിവസങ്ങൾ കഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു.....അവന്റെയുള്ളിൽ ആ പ്രണയം വീണ്ടും മൊട്ടിട്ടു....അവൻ അവളോട് സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവൾ വഴുതി മാറി...ഒരു ദിവസം ഓഫീസ് വിട്ടു ഇറങ്ങിയപ്പോൾ അവൻ അവളുടെ കാർ വരുന്ന വഴിയിൽ കാത്തുനിന്നു...അവൾ വരുന്നത് കണ്ടതും അവൻ കൈ കാണിച്ചു..അവൾ കാർ നിർത്തി...ഒരഞ്ചു മിനുട്ട് എനിക്ക്..സംസാരിക്കാനുണ്ട്...അവൻ വിളിച്ചു...അവൾ കാർ പാർക്ക് ചെയ്തതിനുശേഷം അവന്റെകൂടെ കോഫിഷോപ്പിൽ പോയി...അവൻ പറഞ്ഞു..'മീനു..എന്നോട് ക്ഷമിക്കണം...ഞാനന്ന് ചെയ്തത് വളരെ വലിയ തെറ്റാണ്....എനിക്കതിൽ കുറ്റബോധമുണ്ട്...ഞാൻ അന്വേഷിച്ചു...നിന്റെ വിവാഹം കഴിഞ്ഞില്ല എന്നറിഞ്ഞു..നിനക്ക് സമ്മതമാണെങ്കിൽ.എനിക്ക് നിന്നെ വിവാഹം ചെയ്താൽ കൊള്ളാം എന്നുണ്ട്...' അവൾ ചിരിച്ചു...'മിഥുൻ..നിങ്ങൾ വിളിച്ചപ്പോൾ ഒരു കൂസലുമില്ലാതെ നിങ്ങളുടെ കൂടെ വന്ന എന്നെപ്പോലൊരു പെണ്ണിനെ നിങ്ങൾക്കെങ്ങനെ ഇപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞു? കാരണം...ഞാൻ ഇപ്പോൾ നിങ്ങളെക്കാൾ നല്ല പോസ്റ്റിലാണ്....നല്ല സാമ്പത്തിശേഷിയുമുണ്ട്....പക്ഷെ...ഞാനും എന്നെ വിവാഹം കഴിക്കുന്നയാൾക്ക് ചാരിത്ര്യശുദ്ധി വേണമെന്ന് ആഗ്രഹിക്കുന്നു....പക്ഷെ...അത് നിങ്ങൾ വിചാരിക്കുന്നപോലെ ഉടലിന്റെയല്ല...മനസ്സിന്റെ.....അത് നിങ്ങൾക്കില്ല...

By
Uma Rajeev

തോമാച്ചന്റെ വിവാഹം, ഒരു വിപ്ലവം.


അളക്കാന്‍ നില്‍ക്കണ്ട, ഇനിയും നീളം കുറക്കാന്‍ പറ്റില്ല, സത്യമായിട്ടും പറ്റില്ല, അത് കൊണ്ടാണു. അപ്പോള്‍, വായിക്കയല്ലെ?
തോമാച്ചന്റെ വിവാഹം, ഒരു വിപ്ലവം.
---------------------------------------------------------
തോമാച്ചന്‍ ഒരു പാവം പയ്യനാണ്. സൗദിയില്‍ ഉയര്‍ന്ന ജോലിയും അതിനനുസരിച്ചുള്ള ശമ്പളവും. ജോലിയില്ലെങ്കിലും ജീവിക്കാനുള്ളത് റബ്ബറിന്റെ ഒട്ടുപാല്‍ വിറ്റാല്‍ കിട്ടും. . അതു മാത്രമല്ല, സ്വന്തമായി വീട്, അത്യാവശ്യം കൃഷിയിടം, ഠൗണില്‍ നാലുമുറി കട വാടകക്ക് കൊടുത്തിട്ടുണ്ട്. (വാടക അപ്പനാണ് മേടിക്കുന്നത്). ഇതൊക്കെ കുടുംബപരമായി കിട്ടിയതൊന്നുമല്ല. സ്വന്തം അധ്വാനത്തില്‍ നിന്നും ഉണ്ടാക്കിയതാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും തോമാച്ചന്‍ സന്തോഷവാനല്ല. കാരണം വയസ്സ് മുപ്പത്തിമൂന്ന് കഴിഞ്ഞു. ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ വീട്ടുകാര് കഴിപ്പിച്ചിട്ടില്ല. ഇരുപത്തി എട്ടാമത്തെ വയസ്സുമുതല്‍ കല്യാണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതാണ്. ഇതുവരെ സംഗതി നടന്നില്ല. ഓരോ വര്‍‌ഷവും അവധിക്ക് നാട്ടിലേക്ക് പെട്ടിനിറയെ പ്രതീക്ഷകളോടെയാണ് പോകുന്നത്. നാട്ടിലെത്തി കല്യാണമെന്ന് പറഞ്ഞാല്‍ അപ്പന്‍ അപ്പകയറി വെട്ടും.
"സമയമാകുമ്പോള്‍ ഞങ്ങള്‍ക്കറിയാം നടത്തി തരാന്‍, ഒരു കല്യാണം!!. നിന്റെ പാലായില്‍ കെട്ടിച്ച് വിട്ട ചേച്ചിയുടെ പുരപണി ഇതു വരെ കഴിഞ്ഞില്ല. ആദ്യം കുടുംബത്തെ ബാധ്യതകളൊക്കെ തീര്‍‌ത്തിട്ട് മതി കല്യാണവും ചരടുകെട്ടുമൊക്കെ."
തിരുവായ്ക്ക് എതിര്‍‌വായില്ലന്നല്ലെ?
വര്‍‌ഷങ്ങള്‍ കഴിയുംതോറും തോമാച്ചന്‍ അടവുകള്‍ പലതും പയറ്റിനോക്കി. അറ്റാച്ച് ബാത്റൂം ഉണ്ടായിരുന്നിട്ടും പുറത്തെ കുളിമുറിയില്‍ കുളിച്ചിട്ട് നനഞ്ഞോട്ടിയ കുട്ടി തോര്‍‌ത്തുമുടുത്ത് അപ്പന്റെ മുന്നിലൂടെ നടന്നുകാണിച്ചു. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലന്ന മട്ടില്‍ അപ്പനിരുന്നു. ഒരിക്കലൊരു മൂന്നാന് കാശുംകൊടുത്ത് തോമാച്ചന്‍ അപ്പന്റടുത്തേയ്ക്കയച്ചു. മൂന്നാന്‍ പെണ്ണിന്റെ ഗുണഗണങ്ങളോക്കെ വര്‍‌ണ്ണിച്ചു കഴിഞ്ഞപ്പോള്‍ അപ്പന്‍ പറഞ്ഞു,
"ഞങ്ങള്‍ അവനെ ഇപ്പോള്‍ അയക്കുന്നില്ല. അയക്കുമ്പോള്‍ പറയാം. അതുവരെ പെണ്ണിന്റെ വീട്ടുകാരു കാത്തിരിക്കുമോയെന്ന് ഒന്നു അന്വേഷിച്ചു വാ"
അങ്ങനെ തോമാച്ചന്റെ സ്വപനങ്ങള്‍ നീളം വച്ച് വച്ച് മുപ്പത്തിമൂന്ന് വയസ്സോളമെത്തിയപ്പോള്‍ അപ്പന്‍ പച്ചക്കൊടി കാണിച്ചു. തോമാച്ചന്‍ ഒരു മാസത്തെ എമെര്‍‌ജെന്‍‌സി ലീവില്‍ നാട്ടിലെത്തി. ഒരു ആഴ്ചകൊണ്ട് പെണ്ണുകാണണം, രണ്ടാമത്തെ ആഴ്ച കല്യാണം. പിന്നെ രണ്ടാഴ്ച അടിപൊളി ജീവിതം, സ്വപ്നം കണ്ടതും, സ്വപ്നത്തില്‍ മെനഞ്ഞതുമെല്ലാം രണ്ടാഴ്ച കൊണ്ട് ഇമ്പ്ലിമെന്റ് ചെയ്യണം.
നാട്ടിലെത്തി മൂന്നാനെയും കൂട്ടി പെണ്ണുകാണാനിറങ്ങിയ തോമാച്ചനെ വിളിച്ച് അപ്പന്‍ പറഞ്ഞു,
"നിന്നെ ദാവണ്‍ഗരെ വിട്ട് പഠിപ്പിച്ച വകയില്‍ എനിക്ക് നല്ലൊരു കാശ് ചിലവായി, അതോര്‍മ്മ വേണം"
ചായകുടിയും കടലക്കൊറിപ്പുമായി വീടുവീടാന്തരം കയറിയിറങ്ങി നടന്നപ്പോള്‍ തോമാച്ചന്‍ ഒരു കാര്യം മനസ്സിലാക്കി. ഇത് പ്രതീക്ഷിച്ചയത്രയും ഈസിയല്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍, ചായകുടിച്ചും കായ വറുത്തതും തിന്നും വയറ് കേടായതല്ലാതെ മറ്റ് പുരോഗതിയൊന്നുമുണ്ടായില്ല.
ഒരു ഞായറാഴ്ച, കുരിശുവരപ്പും അത്താഴം കഴിക്കലും കഴിഞ്ഞിട്ട് കുടുംബാംഗങ്ങളുടെ മാനേജ്മെന്റ് മീറ്റിംഗ് കുടി അടുത്ത പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. കാര്യം വേഗം നടക്കണമെങ്കില്‍ കുറച്ചൊക്കെ വിട്ടുവീഴ്ച വേണമെന്ന മൂത്ത പെങ്ങളുടെ അഭിപ്രായം കമ്മറ്റി അംഗീകരിച്ചു. അക്കോര്‍‌ഡിങ്ങലി, എഞ്ചിനീയറിംഗ് കഴിഞ്ഞ് സര്‍ക്കാര്‍ ജോലിയുള്ള പെണ്ണെന്ന മോഹം കളഞ്ഞ് സൗദിയില്‍ ജോലിയുള്ള നഴ്സോ അല്ലെങ്കില്‍ നഴ്സിങ്ങ് പഠിച്ചവളൊ മതിയെന്ന ധാരണയില്‍ മീറ്റിംഗ് പിരിഞ്ഞു.
"നീ ഏവളെ കെട്ടിയാലും എനിക്കൊന്നുമില്ല. അനുഭവിക്കുന്നത് നീയല്ലേ, പക്ഷെ ജോര്‍ജ്ജ് കുട്ടിയിലൊരു അണുകിട വ്യത്യാസം വരുത്താന്‍ ഞാന്‍ സമ്മതിക്കുവേല." അപ്പന്റെ സ്റ്റാന്‍ഡില്‍ മാറ്റമില്ല.
സൗദി നഴ്സ്മാര്‍ക്ക് സൗദിയിലുള്ള ചെറുക്കന്മാരെ വേണ്ടായെന്ന നഗ്ന സത്യം അപ്പോഴാണ് തോമാച്ചന് മനസ്സിലായത്. അവളുമാര്‍ക്ക് യുക്കെയും യുസ് ഒക്കെ മതി.
ഇനി എന്ത്? ലീവും തിരാറായി. തോമാച്ചന്‍ വീണ്ടും ചില വിട്ട് വീഴ്ചകള്‍ക്ക് തയ്യാറായി. നഴ്സും ഡോക്ടറും ഒന്നും വേണ്ട. ഒരു ടീച്ചറൊ ബിയെഡ് കഴിഞ്ഞവളോ മതി. അവിടെയും വിധി തോമാച്ചനെതിരായിരുന്നു. ടീച്ചര്‍‌മാര്‍ക്കും ബിയെഡ് കഴിഞ്ഞവര്‍ക്കും നാട്ടില്‍ ജോലിയുള്ളവരെ മതി, ഒരു നാലാം ഗ്രേഡ് ജോലിക്കാരനായാലും സര്‍ക്കരുദ്യോഗസ്ഥനെ മതി. തോമാച്ചന്‍ പിന്നേയും താഴോട്ടിറങ്ങി, ഒരു മരക്കൊമ്പില്‍ സാരി ചുറ്റി വച്ചാല്‍ പോലും അതിനെ കെട്ടാന്‍ തയ്യാറാണെന്ന ലെവലിലേക്ക്.
ഭാഗ്യം, കൊന്നതെങ്ങ് പോലെ പൊക്കമുള്ള ഒരെണ്ണത്തിനെ മൂന്നാന്‍ കണ്ടെത്തി. ചായകുടിയും ലഡു തീറ്റയും കഴിഞ്ഞപ്പോള്‍ തോമാച്ചന്‍ സംഭാഷണം ആരംഭിച്ചു,
എന്താ പേര്?
ഓ! ഒരു പേരിലെന്തിരിക്കുന്നു?
അതു ഷേക്സ്പിയര്‍ പറഞ്ഞതല്ലെ?
ആരാ ഷേക്സ്പിയര്‍?
ഒരു സ്വാതന്ത്ര്യ സമര സേനാനിയാ.
അതേയോ? എനിക്ക് ഹിസ്റ്ററി ഇഷ്ടമല്ലായിരുന്നു.
പേര് പറഞ്ഞില്ല.
ചാച്ചന് കേട്ടേ പറ്റുളെങ്കില്‍ പറയാം....
എന്നാ പറ.
ഡാലിയ.
അതൊരു ചെടിയുടെ പേരല്ലെ?
ഇയ്യാള്‍ക്ക് എന്റെ പേരാണൊ അറിയേണ്ടത് അതൊ ചെടിയുടെ പേരോ?
ഓക്കെ! ഓക്കെ! ഞാന്‍ ചുമ്മാ തമാശക്ക്,
അധികം തമാശ എനിക്കിഷ്ടമല്ല. അതും എന്നെ കളിയാക്കുന്നത്.
പോട്ടെ മോളെ, ഇനി പറയില്ല.
മോളൊ? മൊളെന്ന് വിളിക്കാന്‍ താനെന്റെ അപ്പനാണോ? അതൊ പെണ്ണൂ കാണാന്‍ വന്നതാണോ?
പെണ്ണു കാണാന്‍.
എന്നാല്‍ ആ രീതിയില്‍ സംസാരിച്ചാല്‍ മതി.
ശരി! എന്നാ എസ് എസ് എല്‍ സി പാസായത്?
തനിക്കെന്റെ വയസ്സറിയണമെങ്കില്‍ നേരെ ചൊവ്വെ ചോദിച്ചാല്‍ പോരെ, എന്തിനാ വളഞ്ഞ വഴിയിലൊരു ചോദ്യം.
എന്നാല്‍ എത്ര വയസ്സായി?
അതെന്റെ അപ്പനോട് ചോദിച്ചോളു. അപ്പന്‍ മൂന്നാനോട് പറഞ്ഞ് വിട്ടോളും.
ശരി!, എന്നോടോന്നും ചോദിക്കാനില്ലെ?
ഉണ്ടല്ലോ?
എന്നാല്‍ ചോദിച്ചോളു.
എത്ര രുപാ ശമ്പളം കിട്ടും?
അത്യാവശ്യം നല്ല ശമ്പളമുണ്ട്.
എന്നാലും എത്ര വരും? ഒരു ലക്ഷം കിട്ടൊ?
ഏതാണ്ട്.
കല്യാണം കഴിഞ്ഞാല്‍ എന്നെ കുടെ കൊണ്ട് പോകുമൊ?
കൊണ്ട് പോകാം.
എവിടെ?
പുറത്ത് പോകുമ്പോഴും പാര്‍ക്കില്‍ പോകുമ്പോഴുമൊക്കെ.
അതല്ല ചോദിച്ചത്?
പിന്നെ?
എന്നെ സൗദിയ്ക്ക് കൊണ്ട് പോകുമോയെന്ന്.
ഉടനെയില്ല. ആറ് മാസം കഴിഞ്ഞിട്ട്.
എന്നാല്‍ താന്‍ പോയിട്ട് ആറ് മാസം കഴിഞ്ഞ് വാ. അപ്പോള്‍ കെട്ടാം. എന്നെ വേറെ ആരും കെട്ടിക്കൊണ്ട് പോയില്ലെങ്കില്‍.
അതവിടെ അവസാനിച്ചു. തോമാച്ചന്‍ കുടിച്ച ചായയുടെ കാശ് മേടിക്കതെ ആ വീട്ടീന്ന് ഇറക്കിവിട്ടത് തന്നെ ഭാഗ്യം. പിന്നേയും തോമാച്ചന്‍ പല പെണ്‍കുട്ടികളെയും കണ്ടെങ്കിലും സൗദിയിലോട്ട് പോകാന്‍ പെണ്‍കുട്ടികള്‍ക്കും അങ്ങോട്ട് വിടാന്‍ അവരുടെ അപ്പന്മാര്‍ക്കും താല്പര്യമില്ല. ഒരുത്തിയുടെ അപ്പന്‍ തോമാച്ചന്റെ മുഖത്ത് നോക്കി പറഞ്ഞു,
"എന്റെ മോളെ നിന്നെക്കൊണ്ട് കെട്ടിച്ച് സൗദിയിലോട്ട് വിടുന്നതിലും നല്ലത് അവളെ, കല്ലുകെട്ടി കടലില്‍ താഴ്ത്തും"
എന്നാല്‍ പിന്നെ തന്റെ മോളെ ഒബാമയെ കൊണ്ട് കെട്ടിച്ച് അമേരിക്കയിലേക്ക് വിടു എന്ന് മറുപടി കൊടുത്തിട്ട് തിരിഞ്ഞു നോക്കാതെ ഓടി.
തോമാച്ചന്റെ എമര്‍ജെന്‍സി ലീവ് തീരുന്നത് വരെ ഒരു പെണ്ണും അവനെ കെട്ടാന്‍ തയ്യാറായില്ല. ബാക്ക് റ്റു സൗദി. തിരിച്ചുള്ള യാത്രാ വേളയില്‍ തോമാച്ചന്‍ എങ്ങനെ കല്യാണം കഴിക്കാന്‍ എന്നതിനെക്കുറിച്ച് ഗാഢമായി ചിന്തിച്ചു. ഒരു സൗദിക്കാരനെന്ന നിലയില്‍ തനിക്ക് ആഗ്രഹിച്ച രീതിയിലൊരു പെണ്ണ് കിട്ടില്ല. ഇനി ഈ ജോലി കളഞ്ഞിട്ട് വല്ല ദുഫായിയോലോ മറ്റെവിടെയെങ്കിലുമോ ജോലി അന്വേഷിക്കണം. നല്ലൊരു ജോലി അവിടൊക്കെ കിട്ടാനും ബുദ്ധിമുട്ടാണ്. അതൊക്കെ കിട്ടി ഒന്ന് നോര്‍മലൈസ് ചെയ്തു വരുമ്പോഴേക്കും മൂക്കില്‍ പല്ല് കിളിര്‍ക്കും. ദെന്‍ വാട്ട്?
തോമാച്ചന്റെ മുട്ടിപ്പായ പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടു, കസാഖിസ്ഥാനിലേക്കൊരു ജോബ് ഓഫര്‍. നാലാഴ്ച ജോലി നാലാഴ്ച ലീവ്. ഇനി ഏത് പെണ്ണിനേയും കയറിമുട്ടാം. ഏതവളുടെ അപ്പനോടും ധൈര്യമായിപെണ്ണു ചോദിക്കാം.
കസാഖിലെ ജിവിതം തോമാച്ചന്, സൗദിയിലെ പുറത്തെ ചൂടില്‍ നിന്നും അകത്ത് എസി മുറിയില്‍ കയറുന്ന പ്രതീതിയായിരുന്നു. കുടെ ജോലിചെയ്യാന്‍ അതിസുന്ദരിമാരായ തരുണീമണികള്‍. അവരണിഞ്ഞിരിക്കുന്ന വസ്ത്രങ്ങള്‍, പണ്ട് സൗദിയിലെ ലേഡിസ് ഷോപ്പുകളീല്‍ കണ്ടിട്ടുള്ളവയാണെങ്കിലും ഒരിക്കല്‍ പോലും അതൊന്നും അണിഞ്ഞ് ഒരുത്തിയേയും കണ്ടിട്ടില്ല.
ഇരുപത്തിയെട്ട് ദിവസത്തെ കസാഖ് ജീവിതം കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തിയ തോമാച്ചന്റെ സൗന്ദര്യ സങ്കല്പം ആകെ മാറി. അപ്പനും മൂന്നാനും കൂടികൊണ്ടുടവരുന്ന പെണ്ണിനെ പോയി തോമാച്ചന്‍ കാണും. പക്ഷെ, ഒന്നിനേയും പിടിക്കുന്നില്ല.
പതിവ് കുടുംബ സംഗമത്തില്‍ മൂത്ത അളിയന്‍ തോമാച്ചനോട് ചോദിച്ചു,
""ഇനി പറ അളിയാ, എങ്ങനെയുള്ള പെണ്ണിനെ നോക്കണം???
തോമാച്ചന്‍ പറഞ്ഞു, "എനിക്ക് ചില സങ്കല്പങ്ങളൊക്കെയുണ്ട് ഞാന്‍ കെട്ടുന്ന പെണ്ണിനെക്കുറിച്ച്, അവള്‍, പിന്നില്‍ നിന്ന് നോക്കുമ്പോള്‍ ഐനൂറിനെ പോലെയിരിക്കണം, മുന്നില്‍ നിന്നാകുമ്പോള്‍ അനാരയെപോലെയും. അവള്‍ക്ക് ഗുല്‍ഷാന്റെ കണ്ണുണ്ടായിരിക്കണം. അവള്‍ ചിരിക്കുമ്പോള്‍ അലിയയെ പോലെയിരിക്കണം. മറീനയുടെ മൂക്ക്, നസ്ഗുളിന്റെ കവിള്‍, നടാലിയയുടെ പൊക്കം, ഐഗുളിന്റെ നിറം."
ഒന്ന് നിര്‍ത്തിയിട്ട് തോമാച്ചന്‍ ചോദിച്ചു,
"എന്താ അളിയാ അങ്ങനെയൊരെണ്ണത്തിനെ കണ്ടെത്താന്‍ പറ്റൊ?"
അളിയന്‍ ഫ്ലാറ്റ്.
"നീ എങ്ങനെയുള്ളവളെ കെട്ടയാലും എനിക്കൊന്നുമില്ല. പക്ഷെ നിന്നെ ദാവണ്‍ഗരെ വിട്ട് പഠിപ്പിച്ച് കാര്യം മറക്കണ്ട" അപ്പന്‍ ഇപ്പോഴും പഴയ അപ്പന്‍ തന്നെ.
തോമാച്ചന്‍ തിരിച്ച് വിണ്ടും കസാഖില്‍ വണ്ടിയിറങ്ങി. ഇപ്രാവശ്യം തോമാച്ചന്‍ നിരാശനോ പരവേശനോ അല്ലായിരുന്നു, ഇത്രയും കാലം കല്യാണം നടക്കാത്തതില്‍ ദൈവത്തോട നന്ദി പറഞ്ഞു, എം ജി ശ്രീ കുമാറിന്റെ ഗാനമേളക്ക് പോകുമ്പോള്‍ എം പി ത്രീ പ്ലെയരിന്റെ ആവശ്യമില്ലല്ലൊ.
ഓഫീസിലെത്തിയ തോമാച്ചന്‍ കണ്ട കാഴ്ച സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തോമാച്ചന്റെ കൂടെ ഓഫീസ് ഷെയര്‍ ചെയ്തിരുന്ന മംഗോളിയന്‍ ലുക്കുള്ള കയര്ബെകക്ക് എന്ന കസാക്കിയെ മാറ്റിയിട്ട് പകരം ഡോക്കുമെന്റ് അസിസ്റ്റന്ഡ് അര്‍ദക്ക് ഉസ്കിന്ബിയേവ എന്ന സുന്ദരിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. കഴിഞ്ഞ റൊട്ടേഷനില്‍ ഈ സുന്ദരിയെ ഒന്നു മുട്ടാന്‍ കുറെ വട്ടമിട്ട് നടന്നതാണു, ഇപ്പോഴിത കണ്മുന്നില്‍. തേടിയ സ്റ്റ്ട്രാപ്ലര്‍ മേശവലിപ്പില്‍ കണ്ടതുപോലെ. പിന്നെ ഒന്നും ആലോചിച്ചില്ല. ഓഫീസിലിരുന്ന് കൊറിക്കാനായി ദുബായി ഡ്യുട്ടി ഫ്രീ ഷോപ്പില്‍ നിന്നും മേടിച്ച്കൊണ്ട് വന്ന ഒരു കിലോ കശുവണ്ടി പരിപ്പ് അര്‍ദക്കിനു കൊടുത്തു തുടക്കം കൊറിച്ചു. അണ്ടീപ്പരിപ്പിന് പകരം ബദാം കൊണ്ടുവരേണ്ടതായിരുന്നുവെന്ന് തോമാച്ചന്‍ ഓര്‍ത്തു.
ഓഫീസ് ഡോര്‍ മലര്‍ക്കെ തുറന്നിരുന്ന് കോറീഡോറിലൂടെ പോകുന്ന പെണ്കുട്ടികളുടെ സൗന്ദര്യം ആസ്വദിച്ചിരുന്ന തോമാച്ചന്‍, അര്‍ദക്കിനെ കിട്ടിയ ശേഷം വാതില്‍ പേരിനു വേണ്ടീ മാത്രം അല്പം തുറന്നുവച്ചു. ആരും തെറ്റിദ്ധരിക്കരുതല്ലൊ.!
ചുരുക്കിപ്പറയട്ടെ, കശുവണ്ടിപ്പരിപ്പില്‍ തുടങ്ങിയ ആ പരിചയം സായം സന്ധ്യകളീലെ മില്ലെര്‍ ബിയറിലും ഇറ്റാലിയന്‍ വൈറ്റ് വൈനിലും വരെയെത്തി. ഇരുപത്തിയെട്ട് ദിവസം കഴിഞ്ഞ് നാട്ടിലെത്തിയ തോമാച്ചന്റെ കൂടെ അവളുമെത്തി.
അപ്പന്‍ കത്തിക്കയറി, "കൊല്ലും ഞാന്‍ രണ്ടീനേയും, ഇപ്പ ഇറങ്ങണം എന്റെ കുടുംബത്തീന്ന്. നിന്നെ ദാവണ്‍ഗരെ വിട്ട് പഠിപ്പിക്കാന്‍ എന്ത കാശാടാ ഞാന്‍ മുടക്കിയതു? അതിന്റെ പലിശയെങ്കലും മുതലാകുന്ന ഒരെണ്ണത്തിനെ കെട്ടാന്‍ മേലായിരുന്നോടാ നിനക്ക്, നിനക്കിനി ഈ കുടുംബത്ത് സ്ഥാനമില്ല. ഞാനിങ്ങനെയൊരെണ്ണത്തിനെയുണ്ടാക്കിയിട്ടില്ലെന്ന് കരുതിക്കോളാം".
നനഞ്ഞിടം കുഴിക്കുന്ന മൂത്ത അളിയന്‍ പെണ്ണുമ്പിള്ളായെ നോക്കി കണ്ണിറുക്കി. പെങ്ങള്‍ക്ക് കാര്യം മനസ്സിലായി. പെങ്ങള്‍ കൃത്യമായി സാഹചര്യം ചൂഷണം ചെയ്തു.
"അപ്പനവരെ ഇവിടെ കയറ്റിയില്ലെങ്കില്‍, ഞാന്‍ അവരെ പാലായില്‍ എന്റെ വീട്ടില്‍ കൊണ്ട് പോകും".
ചേച്ചി ഒറ്റക്ക് കാര്യം സാധിക്കണ്ടായെന്ന് മനസ്സില്‍ പറഞ്ഞ് ഇളയ പെങ്ങളും കൊടുത്തു ഒരു ഒഫര്‍ അവരുടെ വീട്ടിലേക്ക്.
പെണ്മക്കളുടെ സ്വഭാവം നന്നായറിയാവുന്ന അമ്മച്ചി പ്രാക്ടിക്കലായി. കൊന്തയും കുരിശുമൊക്കെ കൊണ്ട് വന്ന് മകനേയും മരുമോളേയും അകത്തേക്ക് കടത്തി.
അപ്പനു പിന്നെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍സി നഷ്ടപ്പെട്ട് പന്ത്രണ്ടാമനായി വെള്ളം കൊണ്ടുവരുന്ന കളിക്കാരനെപ്പോലെ അപ്പനും ടീമിനോപ്പം ചേര്‍ന്നു.
ഇതവരുടെ ആദ്യ രാത്രിയല്ലന്ന് അളിയന്മാര്‍ക്കറിയാമെങ്കിലും, ഈ വീട്ടില്‍ ആദ്യമായാണല്ലൊ? ഒന്നിനും ഒരു കുറവും വരരുത്. മുല്ല പുവും പിച്ചി പൂവും കൊണ്ട് മണിയറ ഒരുങ്ങി. താലത്തില്‍ സകലവിധ പഴങ്ങളൂം - ഒപ്പം ഒരു തേങ്ങയും. അതപ്പന്‍ വച്ചതാ - പുള്ളിക്കാരന്റെ പ്രതിഷേധം.
തോമാച്ചനും അര്‍ദക്കും മണിയറയില്‍ കയറി കതകടച്ചതും മുത്ത പെങ്ങള്‍‌ ഒരു ഗ്ലാസ്സ് പാലുമായി വന്നു കതകില്‍ മുട്ടി. കതക് തുറന്ന് അര്‍ദക്കിന്റെ കയ്യിലേക്ക് പാലു കൊടുത്തിട്ട് പെങ്ങളു ഒരു കള്ള ചിരിയോടെ പുറത്ത് നിന്ന് വാതില്‍ ചാരി. പാലും കയ്യില്‍ പിടിച്ച് ഒരു ചോദ്യഭാവത്തില്‍ അര്‍ദക്ക് തോമാച്ചനെ നോക്കി. ഇതിവിടത്തെ ഒരു രിതിയാണെന്നും പാലിന്റെ പകുതി ഞാന്‍ കുടിച്ചിട്ട് ബാക്കി കുടിക്കണമെന്നുമൊക്കെ തോമാച്ചന്‍ പറഞ്ഞ് മനസ്സിലാക്കികൊടുത്തു.
തോമാച്ചന്‍ പറഞ്ഞ് തീര്‍ന്നതും, അവള്‍ പാലെടുത്ത് ജനാലയിലൂടെ പുറത്തേക്കോഴിച്ചു. ബാഗ് തുറന്ന് ഒരു ബിയറെടുത്ത് ഓപ്പണ്‍ ചെയ്ത് പാലു കൊണ്ടുവന്ന ഗ്ലാസ്സിലേക്കൊഴിച്ചു. ഗ്ലാസ്സ് നിറഞ്ഞ് ബാക്കി വന്ന ബിയര്‍ കുപ്പിയോടെ തോമാച്ചന്റെ കയ്യില്‍ കൊടുത്തു, കയ്യിലിരുന്ന ബിയര്‍ ഗ്ലാസ്സെടുത്ത് തോമാച്ചന്റെ കയ്യിലിരുന്ന കുപ്പിയിലൊന്ന് മുട്ടിച്ച് പിന്നെ ഒറ്റ വലി.
"സ്പോക്കൊയിനോയി നൊച്ചി" (ഗുഡ് നൈറ്റ്)
അത്രയും പറഞ്ഞ്, അവള്‍ കട്ടിലില്‍ കയറി ചുരുണ്ടുകിടന്നുറങ്ങി. തോമാച്ചന്‍ കട്ടിലിന്റെ ഒരറ്റത്ത് നീണ്ട് നിവര്‍ന്നും.
“ടോഓഓഓഓഓം”
അലര്‍ച്ച കേട്ട തോമാച്ചന്‍ ചാടിയെഴുന്നേറ്റു. വിളി കേട്ട ഭാഗത്തേക്ക് നോക്കി. ടോയ്‌ലറ്റില്‍ നിന്നാണ്. അവളിനി അതിനകത്ത് പോയോ? ഓടിചെന്ന് കതക് തുറന്ന് നോക്കി. അവളൊരു വല്ലാത്ത രൂപത്തില്‍ നില്ക്കു ന്നു.
"ഗ്ഡെ സല്‍‌ഫെട്ക" (ടിഷ്യു പേപ്പര്‍ എവിടെടോ)
ഇക്കാര്യത്തില്‍ ഇവള്‍ വെള്ളം തൊടാറില്ലെന്ന സത്യം അപ്പോഴാണ് തോമാച്ചന്‍ ഓര്‍ത്തത്. ഈ സമയത്ത് എവിടെപ്പോയി ടിഷ്യു പേപ്പര്‍ ഉണ്ടാക്കാന്‍. അവനോരു വെള്ള തോര്‍ത്തെടുത്ത് കൊടുത്തു. അവളത് മേടിച്ച് ചുരുട്ടി അവന്റെ മുഖത്തേക്കെറിഞ്ഞിട്ട് പറഞ്ഞു,
"ദായ് സ്‌വോയേമു ഒറ്റ്സു"
അവളത് മുഖത്തേക്കെറിഞ്ഞതിലോ അപ്പനു വിളിച്ചതിലോ ഉള്ള പ്രതികരണം അറിയിക്കാനുള്ള സമയമല്ലിതെന്ന് തോമാച്ചന്‍ മനസ്സിലായി. അറ്റ് എനി കോസ്റ്റ്, പേപ്പര്‍ സം‌ഘടിപ്പിച്ച് കൊടുകണം, അല്ലെങ്കില്‍ ആകെ "നാറും".
തോമാച്ചന്‍ പുറത്തേക്കോടി. ആദ്യം കണ്ടത് സിറ്റൗട്ടില്‍ കട്ടനും കുടിച്ച് കുത്തിയിരുന്ന് പത്രം വായിക്കുന്ന അപ്പനെയാണ്. ഓടിചെന്ന് അപ്പന്‍ വായിച്ചുകൊണ്ടിരുന്ന രാവിലത്തെ ചുടന്‍ പത്രമെടുത്ത് ഫ്രണ്ട് പേജ് നെടുകെ കീറി ചുരുട്ടിയെടുത്ത് കൊണ്ട് വന്ന് അവള്‍ക്ക് കൊടുത്തു. അവളത് മേടിച്ച് തോമാച്ചനെ രൂക്ഷമായിട്ടൊന്ന് നോക്കിയിട്ട് വാതില്‍ വലിച്ചടച്ചു.
ചെറുക്കന്‍ രാവിലേ പത്രം വലിച്ചു കിറിയതിന്റെ കഥയറിയാതെയും, സോളാര്‍ കേസില്‍ ബാഗ്ലൂര്‍ കോടതിയുടെ വിധി എന്താകും എന്ന വാര്‍ത്ത വായിച്ച് തീര്ക്കാന്‍ പറ്റാത്തതിന്റെ നിരാശയില്‍ ബീഡി ആഞ്ഞുവലിച്ചു.
"ദോബ്രയേ ഊത്ര" (ഗുഡ് മോണിം‌ഗ്) "കാക് ദേല ഊത്ര" (രാവിലെ എന്ത ചുറ്റിക്കളി)
ശബ്ദം കേട്ട ഭാഗത്തേക്ക് അപ്പന്‍ തിരിഞ്ഞു നോക്കി. സ്വന്തം മരുമകള്‍ ഒരു നൈറ്റ് ഗൗണുമിട്ട് തൊട്ടരികില്‍. ചുണ്ടില്‍ ഒരു നീളം കൂടിയ വെള്ള കളറിലുള്ള ഈര്‍ക്കില്‍ പോലൊരു സാധനം. കസാഖികളും നാക്ക് വടിക്കുന്നത് ഈര്‍ക്കില്‍ ല്‍ കൊണ്ടാണോ എന്ന് ആലോചിച്ച് നിന്ന അപ്പന്റെ ചുണ്ടില്‍ നിന്നും ബീഡിയെടുത്ത് അവളാ ഈര്‍ക്കില്‍ കത്തിച്ചിട്ട്, ബീഡി അപ്പന്റെ ചുണ്ടീല്‍ തിരികെ ഫിറ്റ് ചെയ്തു. അവളുടെ ചുണ്ടിലിരിക്കുന്നത് നാക്കുവടിക്കാനുള്ള ഈര്‍ക്കിലല്ലെന്നും അതൊരു സിഗററ്റാണെന്നും അപ്പന്‍ മനസ്സിലാക്കിയപ്പോഴേക്കും രണ്ട് പുക പുറത്തേക്ക് വിട്ട് ആകാശത്തേക്ക് നോക്കികൊണ്ട് അവള്‍ പറഞ്ഞു,
" ഖോറോഷായാ പോഗോഡ" (നല്ല കാലാവസ്ഥ)
ബീഡി കത്തി തീര്‍ന്ന് ചുണ്ടീല്‍ ചൂടടിച്ചപ്പോഴാണ് അപ്പന് സ്ഥലകാല ബോധമുണ്ടായത്.
അമ്മച്ചി ഇഡ്ഡലിയും ചമ്മന്തിയും ഉണ്ടാക്കിവച്ചിട്ട് എല്ലാവരേയും പ്രാതല്‍ കഴിക്കാന്‍ വിളിച്ചു. മരുമകള്‍ക്ക് സിഗററ്റ് കത്തിച്ചു കൊടുത്ത ലോകത്തെ ആദ്യത്തെ മലയാളി അമ്മായിയപ്പന്‍ സ്ഥാനം കരസ്ഥമാക്കിയ കാരണവര്‍ മാത്രം മരുമോളുടെ കുടെയിരുന്ന് ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു. എല്ലാം ശരിയാക്കം എന്ന് അമ്മച്ചി വാക്കു കൊടുക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തപ്പോള്‍ അപ്പന്‍ തീരുമാനം മാറ്റി ഡൈനിംഗ് ടേബിളിലെത്തി.
കുടുംബാം‌ഗങ്ങളെല്ലാം കാസറോളില്‍ നിന്നും ആവി പറക്കുന്ന ഇഡ്ഡലിയെടുത്ത് ചമ്മന്തിയും കൂട്ടി കുഴച്ച് അടിക്കുന്നത് കണ്ടപ്പോള്‍ അര്‍ദക്ക് അവഞ്‌ജ്‌യോടെ തോമാച്ചനെ നോക്കി ചോദിച്ചു.
"ഗ്ഡെ നോഷ് ഐ വില്ക്കോ" (കത്തിയും മുള്ളും ഒന്നും ഇല്ലേടൊ)
അടുത്ത പ്രതിസന്ധി. തോമാച്ചന്‍ ഒന്നാലോചിച്ചു. പിന്നെ അടുക്കളയിലേക്കോടി. കയ്യില്‍ കിട്ടിയത് കറിക്കത്തിയും പപ്പടം കുത്തിയും. തല്ക്കാ്ലം ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞുകൊണ്ട് അത് അര്‍ദക്കിനെ ഏല്പിച്ചു. അവള്‍ ഒരു ഇഡ്ഡലിയെ പപ്പടം കുത്തികൊണ്ട് കുത്തിപ്പിടിച്ചിട്ട് കറിക്കത്തികൊണ്ട് നാലായി മുറിച്ചു, നാലില്‍ ഒരു ഭാഗം കുത്തിയെടുത്ത് ചമ്മന്തിയില്‍ മുക്കി വയ്ക്കുള്ളിലേക്ക് വച്ചു. വായ്ക്കുള്ളീല്‍ വച്ച ഒന്നു ചവച്ചു, പിന്നെ ഒരലര്ച്ച യോടെ പുറത്തേക്കൊരു തുപ്പല്‍ - ഇഡ്ഡലിയുടെ പീസുകള്‍ നേരെ പോയി ലാന്ഡ് ചെയ്തത് അപ്പന്റെ മുഖത്ത്. ഇതെന്തോന്നടെ എന്ന മട്ടില്‍ അപ്പന്‍ തോമാച്ചനെ നോക്കി.
തോമാച്ചന്‍ പകച്ചു. അപ്പനെ നോക്കി. അര്‍ദക്കിനെ നോക്കി, അവള്‍ പറഞ്ഞു,
"എറ്റോ സ്ലിഷ്കോം ഒസ്റ്റ്റൊ" (ഇതിന് ഭയങ്കര എരിവ്)
വീണ്ടും അമ്മച്ചി മധ്യസ്ഥ സ്ഥാനം ഏറ്റെടുത്തു. കാര്യങ്ങള്‍ കൈവിട്ടു പോകാതെ നോക്കി. അപ്പന്‍ തീറ്റ മതിയാക്കി എഴുന്നേറ്റു പോയി ബീഡി കത്തിച്ചു വലിച്ചു. ഗണപതിക്ക് വച്ചത് കാക്ക കൊണ്ടുപോയി എന്ന രീതിയില്‍ മറ്റുള്ളവരും.
പുറത്ത് വെയിലുറച്ചു. അപ്പന്‍ ഹാളിലിരുന്നു തമിഴ് സിരിയലിന്റെ മലയാളം പതിപ്പ് കാണുന്നു. തോമാച്ചന്‍ ഏഫ് ബി യിലെ വായിച്ചിട്ടും മനസ്സിലാകാത്ത ഒരു പെണ്‍ കവിതക്ക് കമന്റെഴുതുന്നു. പുറത്തൊരാരവം കേട്ട് അപ്പന്‍ ആദ്യം പുറത്തേക്കോടി. പിന്നാലെ തോമാച്ചനും. പുറത്തെ മതിലിനു മുകളിലും ഗെറ്റിനുപുറത്തുമൊക്കെയായി ആ പരിസരത്തെ പുരുഷപ്രജകള്‍ തടിച്ചുകൂടിയിരിക്കുന്നു. വിടിന്റെ പുറത്ത് കണ്ട കാഴ്ച അപ്പനെ ഞെട്ടിച്ചു. തലമുറ തലമുറകളായി കാരണവന്‍‌മാര്‍ മാത്രം ഉപയോഗിച്ച് വന്ന ചാരു കസേര മുറ്റത്ത് കൊണ്ടിട്ട് അതിലൊരു രണ്ട് പീസ് സ്വിമ്മിം‌ഗ് വസ്ത്രം ധരിച്ച്, മുഖത്തൊരു കറുത്ത കൂളിംഗ് ഗ്ലാസ്സും ഫിറ്റ് ചെയ്ത് കഥാ നായിക മലര്ന്ന് കിടന്ന് ഏതോ പുസ്തകം വായിക്കുന്നു.
അപ്പനൊന്നേ നോക്കിയുള്ളു. എന്നിട്ട് തോമാച്ചനെ നോക്കി,
"എന്താടാ ഇത്"
"സണ്‍ ബാത്ത്"
"വിളിച്ചോണ്ടിറങ്ങടാ ഇപ്പം എന്റെ വീട്ടീന്ന്"
ബഹളം കേട്ട് അര്‍ദക്ക് ചാടിയെഴുന്നേറ്റു. വിറച്ചുകൊണ്ട് നില്ക്കു്ന്ന അപ്പനെ കണ്ടിട്ട് തോമാച്ചനോട് ചോദിച്ചു.
"ഒന്‍ സുമാഷെഡ്ഷൈ" (ഇങ്ങേര്ക്ക് വട്ടിളകിയൊ?)
ആര്‍ദക്കിന്റെ മനസ്സിലാകാത്ത ഭാഷകുടി കേട്ടപ്പോള്‍ അപ്പന്റെ കണ്ട്റോള്‍ കമ്പ്ലീറ്റ് പോയി. അടുത്ത് കണ്ടത് ഒരു കോടാലിയാണ്, അതെടുത്ത് വായുവിലൊന്നു ആഞ്ഞു വിശി.
"നീ വിളിച്ചോണ്ടിറങ്ങിയില്ലെങ്കില്‍ വെട്ടി കീറും ഞാന്‍ രണ്ടിനേയും." അപ്പന്റെ ഭാവമാറ്റം ആരേയും ഇടപെടാന്‍ അനുവദിച്ചില്ല.
"പായ്ക്കപ്പ്‌പ്പ്‌പ്പ്‌പ്പ്‌പ്പ്" തോമാച്ചന്‍ അലറി.
അന്ന് വിടുവിട്ടിറങ്ങിയ തോമാച്ചന്‍ പിന്നെ ഇതു വരെ തിരിച്ച് നാട്ടിലോട്ട് പോയിട്ടില്ല. റൊട്ടേഷന്‍ ഔട്ടാകുന്ന ഇരുപത്തിയെട്ട് ദിവസം അത്റാവിലെ ഉറാല്‍ നദിയില്‍ അര്‍ദക്കിനെ കയറ്റിയ കൊച്ചുവള്ളം തുഴഞ്ഞും, നദിയില്‍ ചൂണ്ട‌യിട്ട് മീന്‍ പിടിച്ചും ആനന്ദിക്കും.
ഇപ്പോള്‍ ആരെങ്കിലും തോമാച്ചനോട് ഗുഡ്മോണിംഗ്, ഹൗ ആര്‍ യു എന്ന ചോദിച്ചാല്‍ പുള്ളിക്കാരന്‍ തിരിച്ച് പറയുന്നത്
"ദോബ്രയേ ഉത്ര, യാ വ് പോറിയാഡ്കെ"
(അശോക് വാമദേവന്‍)

ബെസ്റ്റ് മദർ ഓഫ് ദ ഇയർ... 😂


ബെസ്റ്റ് മദർ ഓഫ് ദ ഇയർ... 😂
*************
ലീവിനു നാട്ടിലെത്തിയ അന്ന്തന്നെ, ഗൽഫിൽന്ന് താങ്ങിപ്പിടിച്ചു കൊണ്ടന്ന പെട്ടി പൊട്ടിച്ച്, അതിൽന്ന് രണ്ട് സ്പ്രേയും, സോപ്പും എടുത്തോണ്ട് നേരെ പോയത് അളിയന്റെ വീട്ടിൽക്കാണ്. അബടെയാണ് ഞമ്മടെ മുത്തുള്ളത്..
എന്ന്വച്ചാൽ, അച്ഛന്റെ കീശേൽ കയ്യിടാതെ ആദ്യായി സ്വന്തം വിയർപ്പൊഴുക്കി സ്വന്തമാക്കിയ ബജാജ് ഡിസ്കവർ 'ബൈക്ക്'.. (വിയർപ്പെന്നൊക്കെ ഒരു പഞ്ചിന് പറഞ്ഞതാണ് ട്ടാ...)
ചെങ്ങായിമാര് ഇഷ്ടംപോലെ നാട്ടിൽത്തന്നെ ഇണ്ടേലും അവർടെ കയ്യിലൊന്നും കൊടുക്കാതെ അടുത്ത പഞ്ചായത്തീ താമസിക്കണ അളിയനെ ബൈക്ക് ഏല്പിക്കാൻ കാരണംണ്ട്, വൈന്നേരായാ നുമ്മടെ ചെങ്ങായിമാര് മിക്കവരും നാലുകാലുമ്മലാകും. പിന്നവര് രണ്ട് വീലുമ്മൽ വണ്ടി ഓടിക്കൂല്ല. വണ്ടീങ്കൊണ്ട് ഒടുക്കത്തെ സർക്കസാവും.
റോട്ടിലിറക്കിയാൽ താറുപറ്റും, വീട്ടില് വച്ചാൽ പൂച്ചമാന്തുംന്നും കരുതി പൊന്നുപോലെ കൊണ്ടുനടക്കണ വണ്ട്യാണേ.. ഒരു പോറൽ പറ്റ്യാൽ മ്മടെ നെഞ്ച് കത്തും..
അളിയനാന്നെങ്കീ, ആനകുത്താൻ വന്നാലും 40 KM സ്പീഡിനപ്പുറത്തേക്ക് വണ്ടിയോടിക്കൂല്ല..!!
ഇനീം വെയിലു കൊണ്ട് കറുത്താല്‍ കാക്കപോലും മൂപ്പരെ നോക്കി കളിയാക്കും എന്ന ബോധ്യള്ളോണ്ട് കൂടപ്പറപ്പിനെപ്പോലെ തലേലെപ്പൊഴും ഹെൽമറ്റ് വെക്കേം ചെയ്യും. പോരാത്തേന് ആളൊരു മുന്തിയ പോലീസേമാനും..
വല്ല്യച്ചന്റെ മോൻ മിത്തൂട്ടനേം കൂടെക്കൂട്ടി അളിയന്‍റെ വീട്ടിലെത്തിയപ്പോ, ദേ അളിയന്‍ ന്റെ വണ്ടിയെ കുളിപ്പിക്കുന്നു. ശ്ശൊ, സന്തോഷം കൊണ്ടെന്‍റെ കണ്ണ് നെറഞ്ഞുപോയി. ഇത്രേം തങ്കപ്പെട്ടൊരു അളിയനെയാണല്ലോ, എയര്‍പോര്‍ട്ടില്‍ എന്നെ കൂട്ടാന്‍ വരാത്തതിന് 'പോലീസുകാരന്‍ മൂരാച്ചീ'ന്നു മനസ്സിൽ വിളിച്ചതെന്നോര്‍ത്തപ്പോ എനിക്കെന്നോടെന്നെ പുച്ഛം തോന്നി.
എന്നെയും എന്‍റെ കയ്യിലെ കവറും കണ്ടതോടെ വണ്ടി കഴുകലില്‍ അളിയന്‍റെ ആല്‍മാത്രത ലേശം കൂടീന്നു തോന്നണു...!
സ്പ്രേയും, സോപ്പുമടങ്ങിയ കവറ് പെട്ടെന്നെന്നെ മൂപ്പര്‍ടെ കയ്യിലങ്ങട് കൊടുത്തോണ്ട് രക്ഷപ്പെട്ട്. ഇല്ലേല്‍ ഒരച്ചൊരച്ച് ന്റെ വണ്ടീന്‍റെ പെയിന്‍റ് കളഞ്ഞേനെ പഹയന്‍...
പുറകിലിരിക്കുന്ന മിത്തൂട്ടനോട് ദുബായീലെ ബ്ലണ്ടർ കഥകളും പറഞ്ഞോണ്ട് നോർമൽ സ്പീഡിൽ, ഒരൊഴുക്കിൽ വന്നോണ്ടിരിക്കുമ്പളാണ് പുറകിലിരുന്ന ഓൻ ആ വെല്ല്യ കാര്യം ന്റെ ചെവീല് മൊഴിഞ്ഞത്..
"നന്ദ്വേട്ടാ, കൃഷ്ണന്നായരുടെ പീട്യ കഴിഞ്ഞാ റോഡ് സൈഡില് ക്യാമറ വച്ചിണ്ട്. 60 km സ്പീഡിനപ്പർത്ത് പോയാ ഫ്ലാഷടിക്കും, ഫൈൻ വരുംട്ടാ.''
കണ്ണാടീൽക്കൂടെ ഓന്റെ മോന്തയിലേക്ക് ഞാനൊന്ന് നോക്കി,
''ആഹാ!!! ന്നാപ്പിന്നെ അതൊന്നെനിക്ക് കാണണല്ലോ..''
എന്നും പറഞ്ഞ്,
ഒരു ലോഡ് പുച്ഛം ഓന്റെ മൊകത്തേക്ക് വാരിവിതറിക്കൊണ്ട് ഗിയറങ്ങട് മാറ്റി 80-90 സ്പീഡിൽ ബൈക്ക് കത്തിച്ചുവിട്ടു.
ഓൻ പറഞ്ഞപോലെന്നെ ക്യാമറാ ഫ്ലാഷ് മിന്നി. എന്നിട്ടും ന്റെ മൊകത്തെ കൂസലില്ലായ്മ കണ്ട് ചെക്കന് അദ്ഭുതം..
''നന്ദ്വേട്ടനൊരു സംഭവം തന്നാട്ടാ.. ഏട്ടനപ്പൊ ഫൈനൊന്നും വരൂല്ലേ..?''
ബൈക്കിന്റെ സ്പീഡ് കൊറച്ച്, കഷ്ടപ്പെട്ട് ലേശം അഹങ്കാരച്ചിരി മൊകത്ത് തേച്ചുപിടിപ്പിച്ച് ഞാമ്പറഞ്ഞു.
"മോനേ മിത്തൂട്ടാ, ഇയ്യെന്റെ വണ്ടീടെ നമ്പർപ്ലേറ്റ് കണ്ടിരുന്നാ...?
അതിലെ അവസാനത്തെ രണ്ട് നമ്പർ അമ്മൂട്ടി കഴിഞ്ഞകൊല്ലം കളിക്കുമ്പൊ മാന്തിപ്പറിച്ചു കളഞ്ഞിരുന്നു. പിന്നെ ഞാനത് നേരെയാക്കാനൊന്നും മെനക്കെട്ടില്യ.
പോലീസുകാരമ്മാര് നേരെ വന്ന് നോക്ക്യാപ്പോലും നമ്പറ് തിരിയൂല്ല, പിന്നെയല്ലേ അത്രേം ദൂരത്ത് പോസ്റ്റുമ്മൽ കെടക്കണ ക്യാമറ.."
ഇതും പറഞ്ഞ് ഷർട്ടിന്റെ കോളറൊക്കെ ഒന്ന് ശെരിയാക്കി വണ്ടി വീട്ടിൽക്ക് വിട്ടു.
വീട്ടിലെത്തി, തെരക്കൊക്കെ കഴിഞ്ഞ് ഉമ്മറത്തിരുന്നൊരു കട്ടൻചായ കുടിച്ചോണ്ടിരിക്കുമ്പൊളാണ് വീട്ടുവളപ്പിൽ നിന്ന് അച്ഛനാ സാധനോം എട്ത്തോണ്ട് വന്നത്...
''നന്ദ്വേ.. ഫുൾ നമ്പറില്ലാണ്ട് വണ്ടിയെടുത്താ ഫൈൻ വരുംന്ന് പറഞ്ഞ് നിന്റളിയൻ കഴിഞ്ഞമാസം പുതിയ നമ്പർപ്ലേറ്റ് വാങ്ങി ഫിറ്റാക്കീട്ട്ണ്ട്. ഇനി ഈ പഴേ പ്ലേറ്റ് വേണ്ടല്ലോ..? ഇതാ ആക്രിക്കാരൻ മമ്മദിന് കൊടുത്താ ഓനെന്തേലും ചില്ലറ തരും.."
പിതാവിന്റെ ഡയലോഗ് കേട്ടതും കുടിച്ചോണ്ടിരുന്ന കട്ടഞ്ചായ ന്റെ നെറുകുംതലേൽ കേറിപ്പോയി..
പഷ്ട്.. നാട്ടിൽ കാലുകുത്തിയപ്പൊത്തന്നെ അളിയന്റെവക കിട്ടീ, നല്ല അഡാർ പണി.. അളിയനിത്രേം വെല്യ നിയമപാലകനാണെന്ന് ഞാനറിഞ്ഞില്ലാർന്ന്..
നല്ല പെടക്കണ നോട്ട് ഫൈനാക്കിത്തന്ന ആ നമ്പർ പ്ലേറ്റിന് ചില്ലറ കിട്ടുംന്ന് പറഞ്ഞ് സ്വന്തം അപ്പനും എന്നെ തോൽപ്പിച്ച് കളഞ്ഞ്..
എന്തായാലും തിരിച്ചു വരണത് വരെ സ്റ്റേഷനിൽന്ന് പേപ്പറൊന്നും വന്നില്ല. തിരിച്ചിങ്ങട് ദുബായിലെത്തി, നാലഞ്ച് മാസം കഴിഞ്ഞിന്നലെയാണ് അമ്മ വിളിച്ച് പറഞ്ഞത് പോലീസ് സ്റ്റേഷനിൽന്ന് ഫൈൻ വന്നിണ്ടെന്ന്..
അതും ''ആറായിരം ഉർപ്പ്യ''!!! നാളെയാത്രെ അടക്കേണ്ട ലാസ്റ്റ് ഡേറ്റ്..
എന്റെ കർത്താവേ...
ഓവർസ്പീഡിന് നാനൂറോ, അഞ്ഞൂറോ ഉറുപ്പ്യാരുന്നു കഴിഞ്ഞവർഷം വരെ ഫൈൻ.. ഭരണം മാറീപ്പോ അതും കൂട്ട്യാ പഹയന്മാര്..? സ്വന്തം പാർട്ടിയായോണ്ട് തെറി പറയാനും പറ്റൂല്ല...
മാസാവസാനത്തിന്റെ ഞെരുക്കം കാരണം കയ്യില് നയാക്കാസില്ല. ഗതികെട്ട് അവസാനം ഫോണിന്റെ പൊട്ടിയ ഡിസ്പ്ലേ മാറ്റാനായി വച്ച കാശെടുത്ത് അപ്പൊത്തന്നെ നാട്ടിൽക്കയച്ചുകൊടുത്തു..
രണ്ടീസം കഴിഞ്ഞ് അച്ഛന്റെ ഫോൺ വിളിയിലാണ് അമ്മ നടത്തിയ അഴിമതിയുടെ ചുരുളഴിഞ്ഞത്..
കുടുംബശ്രീ വക വാഷിങ് മെഷീൻ ഡിസ്‌കൗണ്ടിൽ കൊടുക്കുന്നുണ്ടത്രെ. അക്കാര്യൊന്നും പറഞ്ഞാ എന്റേൽന്നു ഒരുർപ്പ്യ പോലും കിട്ടൂല്ലാന്നറിയുന്നോണ്ട് ഫൈൻ വന്നൂന്നു പറഞ്ഞ സംഖ്യയിൽ മമ്മീടെ വക ഒരു പൂജ്യമങ്ങട് കൂട്ടി.. 600 എന്നുള്ളത് 6000 എന്നാക്കി അതിവിദഗ്ദ്ധമായി ഒരു വാഷിങ്ങ് മെഷീനൊപ്പിച്ചു എന്റെ പൊന്നമ്മച്ചി..
രാത്രി കേടക്കാന്നേരം ഫോണെടുത്തു പൊട്ടിയ ഡിസ്പ്ലേ ഒന്ന് നോക്കി. അതിൽ മ്മടെ അമ്മേടെ ആക്കിയ ഒരു ചിരി തെളിഞ്ഞോ..? ഹേയ്.. ഇല്ല...
എല്ലാരും കൂടിയിങ്ങനെ പറ്റിക്കാൻ ചന്തൂന്റെ.. ഛെ..നന്ദൂന്റെ ജീവിതം ഇനിയും ബാക്കി...!!!

By

ഇവിടെ ഞാൻ തനിച്ചാണ് !! (നർമ്മകഥ )


ഇവിടെ ഞാൻ തനിച്ചാണ് !! (നർമ്മകഥ )
======== ========
''പാതിരാത്രി,
കിളികളെല്ലാം കൂടണഞ്ഞ നേരത്ത്,
എന്റെ ഇൻബോക്സെന്ന സിറ്റൗട്ടിൽ
എവിടെ നിന്നോ,
ഒരു കിളി പറന്ന് വന്നു,
അതും ഒരു മഞ്ഞക്കിളി, മഞ്ഞച്ചുരിദാറിൽ
മന്ദഹാസം തൂകി നില്ക്കുന്ന പെൺകിളി,
സി്റ്റൗട്ടിലെത്തിയ ചെല്ലക്കിളി കൊക്കുരുമി എന്നോടൊരു കിളിക്കൊഞ്ചൽ,
Hi. എന്ന്,
ഒരു അരിമണി എറിഞ്ഞ് കൊടുത്ത് ഞാനും ചോദിച്ചു,
Hai.
ആ അരിമണി കൊത്തി കൊക്കിലാക്കി കൊക്കിലൊതുങ്ങാത്ത ഒരു ചോദ്യം,
അറിയുമോ ?
അറിയില്ലാ എന്നു പറഞ്ഞാൽ കിളി പറന്ന് പോയാലോ എന്ന് വിചാരിച്ച് ഈയുളളവൻ പറഞ്ഞു,
അറിയും, ?
എങ്ങനെ അറിയും, ??
ഫേസ്ബുക്കിലെ ഫ്രണ്ട് ലിസ്റ്റിൽ ഈ മുഖം എത്രയോ തവണ കണ്ടിരിക്കുന്നു, !!
എന്നിട്ടെന്താ കൂട്ട് കൂടാൻ വരാഞ്ഞത്, ?? കിളിക്ക് ചെറിയ പരിഭവം, !!
സുന്ദരിമാർ റിക്വസ്റ്റ് നിരസിച്ചാൽ എനിക്ക് പനി വരും ,!!
പനിയോ, കിളിക്ക് ചിരി വന്നു,
അതെ, വെഷമം വന്നാൽ മേലാകെ പനിക്കും !! അതിരിക്കട്ടെ എവിടാ വീട്,?
തിരുവനന്തപുരം , പുജപ്പുര,
കല്ല്യാണം കഴിഞ്ഞതാണോ ?
അതെ, പതിനഞ്ച് വയസുളള മോളുണ്ട്, !!
കണ്ടാൽ പറയുകേലാട്ടോ,
താങ്ക്സ് അണ്ണാ,
ഹസ് എന്ത് ചെയ്യുന്നു,
ഇവിടില്ലാ, ഇവിടെ ഞാൻ തനിച്ചാ, അണ്ണാ !
എനിക്ക് സന്തോഷം, ഞാൻ കസേരയിൽ ഒന്നമർന്നിരുന്നു, എന്നിട്ട് ചോദിച്ചു,
ഹസ് പുറത്താണോ, ഗൾഫിൽ ?
അല്ല, അകത്താ ജയിലിൽ !!
ഞെട്ടിപ്പോയി ഈയുളളവൻ
ങെ, ജയിലിലോ, തമ്പുരാനെ (കുറ്റവാളീടെ മിസ്സീസാ ,ചാറ്റിംങ്ങ് തുടരണോ കുറ്റവാളീടെ ഭാര്യയുമായി നേരമല്ലാത്ത നേരത്ത് ചാറ്റുന്നതും, ചായുന്നതും കുറ്റകരമല്ലേ ??, ? ഞാൻ എന്നോട് തന്നെ ചോദിച്ചു, ) ,
എന്താ മിണ്ടാത്തേ , കിളി ചോദിച്ചു,
ഹേയ്, ഒന്നൂലാ, എത്ര വർഷമായി ഹസ് ജയിലിലായിട്ട്, ??
മോളുണ്ടായി ആറ് മാസമായപ്പോൾ ,ഇപ്പം പതിനാല് കൊല്ലമായി, !!
ഏത് ജയിലിലാ ?
പുജപ്പുര സെൻട്രൽ ജയിലിലാ
പടച്ചവനെ ഇത്രയും വർഷം ഈ സ്ത്രീ തനിച്ച്, ഒരാൺ തുണയില്ലാതെ, അപ്പം വീഴും ഒന്ന് മുട്ടി നോക്കാം, ആദ്യം സെന്റി യിൽ തുടങ്ങാം, ഇത്രയും വർഷം തനിച്ച് താമസിച്ച പെണ്ണല്ലേ ? സ്നേഹത്തിനായി ദാഹിക്കുന്നുണ്ടാകാം, സിറ്റൗട്ടിൽ ദാഹിച്ച് വന്ന കിളിയല്ലേ , ദാഹം മാറ്റി വിടാം, ആദ്യം ആശ്വസിപ്പിക്കാം, അങ്ങനെ തീരുമാനിച്ച് ഞാനെഴുതി,
''സത്യം പറഞ്ഞാൽ എനിക്ക് വിഷമമായി, നീണ്ട പതിനാല് കൊല്ലം , സങ്കടപ്പെടരുത്
ഒരാളും കുറ്റവാളിയായി ജനിക്കുന്നില്ല, എനിക്ക് ഒരുപാട് ഇഷ്ടമായി, ഈ നെഞ്ചിൽ കിടത്തി ആശ്വസിപ്പിക്കണമെന്നുണ്ട്, പക്ഷേ എന്തു ചെയ്യാം മോള് തിരുവനന്തപുരം കാരിയും ഞാൻ കാസർഗോഡുകാരനുമായി പോയില്ലേ , നമ്മുടെ ഇടയിൽ നല്ല നീളമുണ്ട്, എന്നാലും
മനസ് ഒരു ചാൺ അകലെയാണ് , ഹസ്സിനെ ഓർത്ത് ദുഃഖിക്കരുത്, ജയിലിൽ പണ്ടത്തെ പോലെയല്ല ഇപ്പം ''ചിരിച്ച കോഴിയും ചപ്പാത്തിയും കിട്ടും,'' (സോറി പൊരിച്ച കോഴിയും )എന്താവശ്യമുണ്ടേലും എന്നെ വിളിക്കണം ഫോൺ നമ്പർ തരാട്ടോ പൊന്നേ, !!
ഒരു മിനിറ്റ് നിശ്ചലം,
പിന്നെ കിളി എഴുതി,
അണ്ണനെന്തു വാ അണ്ണാ പറയണെ, എന്റെ ഹസ്സ് എന്ത് ചെയ്തെന്നാ ??
അല്ല, അത് ചോദിക്കാൻ മറന്നു, അങ്ങേര് എന്ത് കുറ്റമാ ചെയ്തത് ജയിലിലാകാൻ, !!?
ഒരു തെറ്റും ചെയ്തിട്ടില്ല അണ്ണാ !!
പിന്നെന്തിനാ ജയിലിൽ കിടക്കണെ ?
എന്റെ അണ്ണാ, ''ജയിൽ സൂപ്രണ്ടിന്റെ ജോലി ജയിലിലല്ലേ ,''
അല്ലാതെ പഞ്ചായത്തിലാണോ അണ്ണാ, !!??
ഹെന്റെ പടച്ചോനെ, അപ്പം നിങ്ങള് ജയിൽ സൂപ്രണ്ടിന്റെ ഭാര്യയാ ??
പിന്നല്ലാതെ മോളുണ്ടായപ്പം കിട്ടിയ ജോലിയാ അണ്ണാ, ആള് ഇപ്പം വരും, ഇവിടെ പുജപ്പുര ജയിലില്ലേ ജോലി, !
ഓകെ, പിന്നെ കാണാട്ടോ, ലേശം തിരക്കിലാണേ,
ഓകെ അണ്ണാ,
****
ഹൊ, ഒരൊടുക്കത്തെ അണ്ണൻ വിളി, മനുഷ്യനെ മെനക്കെടുത്താനായിട്ട് ഓരോ അവളുമാര് ഞാനിവിടെ തനിച്ചാണെന്നും പറഞ്ഞ് പാതിരാത്രി വന്നോളും, ' അണ്ണനാണു പോലും അണ്ണൻ, !!!!
=====
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!

ബ്ലാക്ക് ആന്‍ഡ് വൈറ്റ്


ബ്ലാക്ക് ആന്‍ഡ് വൈറ്റ്
***********************************************************
ലിഫ്റ്റില്‍ കയറി അഞ്ചാമത്തെ നിലയില്‍ എത്തിയാല്‍ കാര്‍ഡിയാക്ക് സ്പെഷലിസ്റ്റ് മാത്യു ജോണിന്റെ റൂമിലെത്താം. ഡോക്ടറുടെ മുറിക്ക് പുറത്തു അല്പം മാറി ഒരു കസേരയും ടേബിളും .അവിടെ ഡോക്ടറുടെ അസിസ്റ്റന്റ് ലിസി കേസ് ഫയലുകള്‍ അടുക്കി വയ്ക്കുകയാണ്.രോഗിയെ ഡോക്ടറുടെ അടുത്തു വിടുന്നതിന് മുന്പ് രോഗിയുമായ് സംസാരിച്ച് വേണ്ടുന്ന പ്രിലിമനറി വിവരം കേസ് ഫയലില്‍ രേഖപ്പെടുത്തുന്ന ജോലിയാണ് ലിസിയുടേത്.പ്രഷറും,ടെമ്പറേച്ചറും, മെഡിക്കല്‍ അലര്ജി് പോലുള്ള ചില വിവരങ്ങളും അതോടൊപ്പം രേഖപ്പെടുത്തും.
ലിസി ഫയലുകള്‍ അടുക്കി വച്ചു.ഫാര്‍മസിയിലേക്ക് കൊണ്ട് പോവാനുള്ള കേസ് ഫയലുകള്‍ കൊടുത്തു വിട്ടു.ഇന്നത്തെ അവസാനത്തെ രോഗിയാണ് ഡോക്ടറുടെ മുറിയിലുള്ളത്.
ശീതീകരിച്ച വലിയ മുറിയില്‍ ഇരുന്നു ഡോക്ടര്‍ മാത്യു രോഗിയെ പരിശോധിക്കുകയാണ്.ബൈപ്പാസ് കഴിഞ്ഞു ഡിസ്ചാര്‍ജ് വാങ്ങുന്ന രോഗിക്കൊപ്പം ബന്ധുക്കളുമുണ്ട്.നരച്ച ബുള്‍ഗാന്‍ താടിയും കരുണ വഴിഞ്ഞൊഴുകുന്ന മൃദു ശബ്ദവും.തൂവെള്ള ഷര്‍ട്ട്.ഡോക്ടര്‍ മാത്യുവിനെ കാണുമ്പോ തന്നെ രോഗികള്‍ക്ക് മനസ്സില്‍ ഒരു സുഖമാണ്.ഒരു ആശ്വാസം.മറ്റൊരു പ്രത്യേകത ചീകിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രോഗികളുമായി പങ്കുവച്ച് രോഗിയെ കൂടി അതിന്റെ ഭാഗമാക്കുന്ന രീതി.ചില ഡോക്ടര്‍മാര്‍ സംശയങ്ങള്‍ എന്തെങ്കിലും ചോദിച്ചാല്‍ ചിലപ്പോ പൊട്ടിത്തെറിക്കും.
കേസ് ഫയല്‍ ഒരിക്കല്‍കൂടി വായിച്ചു ,അടുത്ത ദിവസങ്ങളില്‍ രോഗിയുടെ വിശ്രമം എങ്ങനെ ക്രമീകരിക്കണം എന്ന കാര്യം ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കി .അവര്‍ ഡോക്ടര്‍ക്ക് നന്ദി പറഞ്ഞു എഴുന്നേറ്റു.
“എന്നെ ഡോക്ടറാണ് തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വന്നത്?”
“ഹെയ്,ഞാനല്ല,ദൈവം.ഞാന്‍ ഒരു ഉപകരണം മാത്രമാണു.”പ്രകാശം പൊഴിക്കുന്ന ചിരി സമ്മാനിച്ചു കൊണ്ട് ഡോക്ടര്‍ പറഞ്ഞു.
ഡോക്ടര്‍ അത് പറഞ്ഞ സമയം,ഏറ്റവും താഴത്തെ നിലയില്‍ നിന്നു ഒരു കറുത്ത വസ്ത്രധാരി ലിഫ്റ്റില്‍ കയറി.കറുത്ത ഷര്‍ട്ട് ,പാന്റ്സ് ,ഷൂസ്.
അയാളെയും വഹിച്ചു കൊണ്ട് ലിഫ്റ്റ് മുകളിലേക്കുയര്‍ന്നു.
രോഗി മടങ്ങിയപ്പോള്‍ ഡോക്ടര്‍ കസേരയില്‍ നിന്നു എഴുന്നേറ്റ് ഒന്നു നടുവ് നിവര്‍ത്തി..ഇനി ഇന്ന് മറ്റ് രോഗികള്‍ ഒന്നുമില്ല.ആ ഹോസ്പിറ്റലിന്റെ ഉടമസ്ഥരില്‍ ഒരാള്‍ കൂടിയാണ് ഡോക്ടര്‍.വൈകുന്നേരം ഒരു മീറ്റിങ് കൂടിയുണ്ട്.
ഡോക്ടര്‍ കര്‍ട്ടണ്‍ വകഞ്ഞു മാറ്റി റൂമിനുള്ളിലെ ക്യാബിനിലെ ചെറിയ ഫ്രിഡ്ജില്‍ നിന്നു ഒരു പെഗ് തണുത്ത വോഡ്ക ആസ്വദിച്ച് കുടിച്ചു.പിന്നെ ജനാല തുറന്നു പുറത്തേക്ക് നോക്കി.ഹോസ്പിറ്റലിന്റെ അങ്ങേ മൂലയില്‍ നില്ക്കു ന്ന ചുവന്ന ബോഗന്‍വില്ല വെയിലില്‍ വെട്ടിത്തിളങ്ങുന്നു.അത് കണ്ടപ്പോള്‍ ഡോക്ടറുടെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി വിടര്‍ന്നു.
അദ്ദേഹം തിരിയെചെന്നു കസേരയില്‍ ഇരുന്നു മേശയില്‍ ഇരുന്ന സ്പൈറല്‍ ബൈണ്ട് ഡയറി എടുത്തു.വില കൂടിയ പുതിയ കറുത്ത ഡയറി.ഡോക്ടര്‍ക്ക് ആരോ സമ്മാനം കൊടുത്തതാണ്.അത് തുറന്നു അതിന്റെ പുതു ഗന്ധം ഡോക്ടര്‍ ഒന്നു മണത്തു.അപ്പോഴും ചുണ്ടില്‍ ആ കുസൃതിച്ചിരി ഉണ്ടായിരുന്നു.
പിന്നെ അതില്‍ ഒന്നു ഒരു പേജ് കീന്തിയെടുത്തു.ശൂന്യമായ ഒരു വെളുത്ത പേജ്.
അതില്‍ ഡോക്ടര്‍ ഒരു സ്ത്രീയുടെ അഴകളവുകള്‍ വരക്കാന്‍ തുടങ്ങി.അത് മറ്റാരുടെയുമല്ല,റൂമിന് പുറത്തു കേസ് ഫയലുകള്‍ അടുക്കി വയ്ക്കുന്ന സുന്ദരിയായ മുപ്പത്തിയെട്ടുകാരി ലിസിയുടെ.
ലിഫ്റ്റ് ആറാം നിലയില്‍ എത്തി.അതില്‍ നിന്നു കറുത്ത വസ്ത്രം ധരിച്ച മനുഷ്യന്‍ ലിസിയെ കടന്നു പോയി.അപ്പോള്‍ ലിസി ഫയലുകള്‍ അടുക്കി വച്ചതിന് ശേഷം ചിന്താധീനയായി പുറത്തേക്ക് നോക്കിയിരിക്കയായിരുന്നു.
അവളുടെ മുഖം തീര്‍ത്തൂം മ്ലാനമായിരുന്നു. ഏക മകള്ക്കു കരളിന് അസുഖമാണ്.മാറ്റി വയ്ക്കണം.ഓപ്പറേഷന് അടക്കം വലിയ തുക ചിലവ് വരും.ഈ ഹോസ്പിറ്റലില്‍ അതിനു സൌകര്യമുണ്ട്...പക്ഷേ...
ഡോക്ടര്‍ മാത്യു ജോണ്‍ വിചാരിച്ചാല്‍ എല്ലാം നടക്കും.അദ്ദേഹത്തോട് സംസാരിച്ചതുമാണ്.പക്ഷേ അയാള്ക്ക് പകരം വേണ്ടത് തന്റെ‍ ശരീരമാണ്.
കരുണ വഴിഞ്ഞൊഴുകുന്ന കണ്ണുകള്‍ ക്കൊണ്ടു നോക്കി പതിഞ്ഞ സ്വരത്തില്‍ അധികമായി കുറച്ചു പണവും ചീകിത്സക്ക് വാഗ്ദാനം ചെയ്തു.കഠിനമായി സാമ്പത്തിക ബുദ്ധിമുട്ടുള്ള ലിസിയുടെ കുടുംബത്തിന് ഈ ചീകിത്സ താങ്ങാന്‍ സാധിക്കില്ല.
മൊബൈലില്‍ ബീപ് ശബ്ദം കേട്ടു.
ഫോണില്‍ ഡോക്ടറുടെ എസ്.എം.എസ്!
സമ്മതമാണെങ്കില്‍ യെസ് എന്നു മെസേജ് ചെയ്യുക.
പ്രത്യേക സ്വഭാവമാണ് ഡോക്ടറുടെ .തൊട്ട് അപ്പുറത്തെ മുറിയാണെങ്കിലും മൊബൈലില്‍ സന്ദേശം അയക്കും.
മൊബൈലില്‍ ലിസിക്ക് മെസ്സേജ് ചെയ്ത ശേഷം ഡോക്ടര്‍ ചിത്രം വര തുടര്‍ന്നു .ലിസിയുടെ ചിത്രം അനാട്ടമി റെക്കോര്‍ഡ് വരക്കുന്ന ശ്രദ്ധയോടെ പകര്‍ത്തുന്നതിനിടയില്‍ മുറിയില്‍ വല്ലാതെ തണുപ്പ് കൂടുന്നതായി തോന്നിയപ്പോഴാണ് ഡോക്ടര്‍ കണ്ണുകള്‍ ഉയര്‍ത്തിയത്..മുന്നിലെ കസേരയില്‍ ഒരു കറുത്ത വസ്ത്രധാരി.
ദേഷ്യം പതഞ് വന്നെങ്കിലും ഡോക്ടര്‍ അത് പുറത്തു കാണിച്ചില്ല.ലീസി ഒരു പക്ഷേ ഫാര്‍മസിയിലേക്ക് പോയിരിക്കണം.അനുവാദമില്ലാതെ ആരെയും കണ്‍സള്‍ട്ടിങ് റൂമിലേക്ക് വിടാറില്ല.
പക്ഷേ ഡോക്ടര്‍ പ്രകാശം പരത്തുന്ന ഒരു ചിരി പുറപ്പെടുവിച്ചു.
“ഇന്നത്തെ അപ്പോയിന്റ്മെന്റ്സ് കഴിഞ്ഞതാണല്ലോ..മെഡിക്കല്‍ റെപ്സിന് ശനിയാഴ്ച മാത്രമേ അപ്പോയിന്‍റ്മെന്‍റ്സ് കൊടുക്കാറുള്ളൂ.."
ആഗതന്‍ ചിരിച്ചു കൊണ്ട് ഗ്ലാസ് ടേബിളില്‍ കൈ കുത്തി മുന്നോട്ടാഞ്ഞിരുന്നു.പക്ഷേ അയാളുടെ കണ്ണുകള്‍ മ്യൂസിയത്തില്‍ സ്റ്റഫ് ചെയ്ത സിംഹത്തിന്റെ കൃത്രിമ സ്ഫടിക മിഴികള്‍ പോലെ നിശ്ചലവും വികാരശൂന്യവുമായിരുന്നു.
“ഹഹ,അതിനു ഇത് ഡോക്ടറുടെ അപ്പോയിന്‍റ്മെന്‍റ് അല്ല.എന്റെ അപ്പോയിന്‍റ്മെന്‍റ് ആണ്.ഡോക്ടറെ പോലെയല്ല,ഞാന്‍ എന്റെ രോഗികളെ അങ്ങോട്ട് ചെന്നു കാണുകയാണ് പതിവ്..”അയാളുടെ മുഴങ്ങുന്ന ശബ്ദം.
മുറിയില്‍ ഇപ്പോള്‍ തണുപ്പ് നന്നായി കൂടിയിട്ടുണ്ട്.വിറക്കുന്ന തണുപ്പ്.ഡോക്ടര്‍ ഭിത്തിയിലേക്ക് നോക്കി.എ.സി ഓഫാണ്.മുറിയിലെ വൈദ്യുതി നിലച്ചിരിക്കുന്നു.യേശുവിന്റെ തിരുഹൃദ്യയ രൂപത്തിന് മുന്നിലെ നീല സീറോവാട്ട് ബള്‍ബും അണഞിരിക്കുന്നു.
“എനിക്കു നിങ്ങള്‍ പറയുന്നതു മനസിലാകുന്നില്ല.പുറത്തു സിസ്റ്റര്‍ ലിസി ഉണ്ട്.എന്തേലും ഉണ്ടെല്‍ അവരോടു പറയൂ,” ഡോക്ടറുടെ ശബ്ദത്തില്‍ അസഹ്യത കലര്‍ന്ന് കഴിഞ്ഞു.
“പുറത്തു മാത്രമല്ല,അകത്തും സിസ്റ്റര്‍ ലിസി ഉണ്ടല്ലോ..”ആഗതന്‍ ചിരിച്ചു കൊണ്ട് ഡോക്ടര്‍ വരച്ചു കൊണ്ടിരുന്ന കടലാസ് കഷണത്തിലേക്ക് കൈ ചൂണ്ടി.
ഇപ്രാവശ്യം ഡോക്ടറുടെ മുഖം വിളറി.
കറുത്ത വസ്ത്രധാരി കസേരയിലേക്ക് ചാഞ്ഞിരുന്നു.
“ഞാന്‍ ഇങ്ങോട്ട് വന്നപ്പോള്‍,സിസ്റ്റര്‍ ലിസിയെ കണ്ടിരുന്നു.പക്ഷേ അവള്ക്കു് എന്നെ കാണാന്‍ ആവില്ല.കണ്ടാല്‍ തന്നെ അവള്‍ ശ്രദ്ധിക്കാന്‍ ഇടയില്ല.കാരണം അവള്‍ കഠിനമായ ചിന്തയിലാണ്.നിങ്ങളെക്കുറിച്ചാണ് അവള്‍ ചിന്തിക്കുന്നത്.നിങ്ങളാകട്ടെ അവരെകുറിച്ചും.നിങ്ങളുടെ അവരെക്കുറിച്ചുള്ള ചിന്തകളുടെ ചുവന്ന തരംഗങ്ങള്‍ ഹോസ്പിറ്റല്‍ ഭിത്തികള്‍ വഴി പുറത്തു കടന്നു ബോഗണ്‍വില്ലയുടെ പൂക്കളുടെ ചുവപ്പില്‍ അലിയുന്നത് വരുന്ന വഴി ഞാന്‍ കണ്ടു.”
ഡോക്ടര്‍ സ്തബ്ധനായി ഇരിക്കുകയാണ്.
ആഗതന്‍ കൈ പുറകില്‍ കെട്ടി വച്ചു പുറകോട്ടു ചാഞ്ഞിരുന്നു ഡോക്ടറെ സ്ഫടികമിഴികള്‍ കൊണ്ട് നോക്കി.
“നിങ്ങള്‍ ഒരു സ്പെഷ്യല്‍ കേസ് ആണ് ഡോക്ടര്‍.നിങ്ങളുടെ ഒരു പരാമര്‍ശമാണ് എന്നെ നിങ്ങളെ കൊണ്ട് പോവുന്നതിനും മുന്പ് നേരിട്ടു കാണാന്‍ പ്രേരിപ്പിച്ചത്.നിങ്ങള്‍ ദൈവത്തിന്റെ ഉപകരണമാണ് എന്ന പരാമര്‍ശം..ശരിയാണ്.ഒരുപാട് ജീവന്‍ എടുക്കാനും തിരികെ നല്‍കാനുംദൈവത്തിനെ നിങ്ങള്‍ സഹായിച്ചു.അത് കൊണ്ട്,നിങ്ങള്ക്ക് അല്പ സമയം തരാം.എന്തെങ്കിലും ചെയ്യാന്‍ ബാക്കിയുണ്ടെങ്കില്‍ ചെയ്തു കൊള്ളുക.ഒരു അരമണിക്കൂര്‍ കഴിഞ്ഞതിന് ശേഷം നിങ്ങള്‍ എന്റെ കൂടെ പോരേണ്ടി വരും.ദീര്‍ഘയാത്രക്ക്."
അത് പറഞ്ഞതിന് ശേഷം ആഗതന്‍ മുറിവിട്ടിറങ്ങി.
ഡോക്ടര്‍ക്ക് അയാള്‍ ആരാണെന്നോ എന്തിന് വന്നെന്നോ ചോദിക്കാന്‍ കഴിഞ്ഞില്ല.പക്ഷേ ആ വാക്കുകള്‍ ഹൃദയത്തിനുള്ളിലേക്ക് സൂചി കൊണ്ട് കുത്തുന്നത് പോലെ തറഞ്ഞു കയറുകയാണ്.
അയാള്‍ പുറത്തിറങ്ങിയ ഉടനെ മുറിയില്‍ വൈദ്യുതി വന്നു.തണുപ്പ് കുറഞ്ഞു.ഡോക്ടര്‍ ബെല്ലടിച്ചു.ലിസി വന്നില്ല.
ലിസി അപ്പോള്‍ താഴേക്കു പോയിരിക്കുകയായിരുന്നു.താഴെ ഹോസ്പിറ്റല്‍ ചാപ്പലില്‍ കയറി അവള്‍ പ്രാര്‍ത്ഥനയില്‍ ആലോചിച്ചു..ഡോക്ടര്‍ക്ക് എന്തു മറുപടി കൊടുക്കണം?
തനിക്ക് മകളുടെ ജീവനാണ് വലുത്.പക്ഷേ തന്റെ് ശരീരം ഡോക്ടര്ക്ക് വിട്ടു കൊടുത്താല്‍ പിന്നെ തന്റെന ആത്മാവിന്നു എന്തു വിലയാണ് ഉള്ളത്.ശരീരത്തിനു എന്തു വിലയാണ് ഉള്ളത്?ജീവിച്ചിട്ട് എന്തു കാര്യം?മകളുടെ ജീവന്‍ കിട്ടിയാല്‍ ,തന്‍റെവീട്ടുകാരും ഭര്‍ത്താവും അവളെ എങ്ങനെയും നോക്കും.
അവള്‍ ഐ.പി. ഫാര്‍മസിയില്‍ കയറി.ഒരു പാക്കറ്റ് സ്റ്റോക്കില്‍ കയറ്റാത്ത ഉറക്ക ഗുളികകളുടെ പാക്കറ്റ് എടുത്തു.സീനിയര്‍ സ്റ്റാഫ് ആയത് കൊണ്ട് അവള്‍ക്ക് എല്ലായിടത്തും കയറിച്ചെല്ലാം.
ഫാര്‍മസിയില്‍ നിന്നു ഇറങ്ങിയപ്പോള്‍ ചാപ്പലിന് അരികില്‍ വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ ഒരാള്‍.വെളുത്ത പാന്റ്സ് ഷര്‍ട്ട്,ഷൂസ്..
പുതിയ മെയില്‍ നഴ്സായിരിക്കും.അവള്‍ കരുതി.
“ഈ മരുന്ന് ആര്‍ക്കാണ്?”വെള്ള വസ്ത്രധാരി ചോദിച്ചു.
‘എനിക്കു തന്നെ.ഒന്നു രണ്ടു ദിവസം കഴിയുമ്പോ ഒരു അസുഖം വരും.മുന്കൂട്ടി വാങ്ങിയതാണ്.”അവള്‍ ദേഷ്യത്തില്‍ മറുപടി പറഞ്ഞിട്ടു ലിഫ്റ്റില്‍ മുകളിലേക്കു കയറി.
അവളുടെ മുഖഭാവം കണ്ടു അയാളുടെ സ്ഫടിമിഴികളില്‍ കൌതുകം നിഴലിച്ചു.
ലിഫ്റ്റില്‍ വച്ചു അവള്‍ ഡോക്ടര്‍ക്ക് ‘യെസ് ‘ എന്ന മെസേജ് അയച്ചു.
ഈ സമയം മുകളില്‍ തന്റെറ റൂമില്‍ ഡോക്ടര്‍ വിയര്‍ത്ത് ഞെട്ടല്‍ മാറാതെ ഇരിക്കുകയായിരുന്നു.അയാള്‍ പോയ ഉടന്‍ തന്നെ ഡോക്ടര്‍ ചെക്ക് ബുക്ക് എടുത്തു അഞ്ചു ലക്ഷം രൂപ ലിസിയുടെ പെര്‍ക്ക് എഴുതി.ഉടനെ തന്നെ ഹോസ്പിറ്റല്‍ സൂപ്രണ്ടിനെ വിളിച്ച് ലിസിയുടെ മകളുടെ ചികിത്സാ ചെലവുകള്‍ ഫ്രീ ആക്കാന്‍ ഉള്ള നടപടികള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.അതിനു വേണ്ടിയുള്ള ലെറ്റര്‍ ഡ്രാഫ്റ്റ് ചെയ്തു ഒപ്പിട്ടു വച്ചു.അപ്പോഴേക്കും പതിനഞ്ചു മിനിറ്റ് കഴിഞ്ഞിരുന്നു.
അപ്പോഴാണ് മൊബൈലില്‍ ബീപ് എന്ന ശബ്ദം കേട്ടത്.
‘യെസ് ‘എന്ന ലിസിയുടെ മെസേജ്.
ഹോസ്പിറ്റല്‍ ലിഫ്റ്റില്‍ വച്ചു അയച്ച സന്ദേശം താമസിച്ചാണ് ഡോക്ടറുടെ ഫോണില്‍ എത്തിയത്.
ആ സന്ദേശം വായിച്ചതും ഡോക്ടര്‍ കുഴഞ്ഞ് വീണു.ബെല്‍ തട്ടി മറിച്ച് താന്‍ എഴുതിയ ചെക്കിന് മുകളിലേക്കാണ് അയാള്‍ വീണത്.
മുറിക്കുള്ളില്‍ തണുപ്പ് ആരംഭിച്ചു..
ശബ്ദം കേട്ടു ലിസി ഓടി വന്നു റൂം തുറന്നു.
ഡോക്ടറുടെ മൂക്കില്‍ അവള്‍ കൈ വച്ചു.ശ്വാസം പോകുന്നില്ല.കാര്‍ഡിയാക്ക് അറസ്റ്റ്.അവള്‍ താഴെ കാഷ്വല്ട്ടിയിലേക്ക് ഫോണില്‍ വിളിച്ച് പറഞ്ഞു.പക്ഷേ ലിഫ്റ്റില്‍ ഐ.സി.യു.വില്‍ എത്തിക്കാന്‍ സമയം എടുക്കും.
അവര്‍ ഡോക്ടറുടെ ഷര്‍ട്ടിന്റെ കുടുക്കുകള്‍ വിടര്ത്തി .ഷർട്ടിനുള്ളില്‍ കുടുങ്ങിയിരുന്ന ചെക്ക് ലീഫ് താഴെ വീണു.ഒപ്പം ആ ലെറ്ററും.
മുറിയുടെ മൂലയില്‍ കൈയും കെട്ടി ആ കറുത്ത വസ്ത്രധാരി നില്ക്കുന്നത് അടഞ്ഞ കണ്ണുകള്ക്ക് അപ്പുറത്തെ മനസ്സിലൂടെ ഡോക്ടര്‍ മാത്യു കണ്ടു.ഒരു കണ്ണാടിയ്ക്ക് അപ്പുറം എന്നത് പോലെ.പുകമഞ്ഞിലൂടെ കാണുന്നത് പോലെ.
തന്റെ പേരില്‍ എഴുതിയ ചെക്ക് ലീഫ് ലിസി നോക്കുന്നത് ഡോക്ടര്‍ അറിയുന്നുണ്ടായിരുന്നു.ആ ലെറ്ററും..ഡോക്ടറുടെ മനസ്സ് കാണുന്നത് കറുത്ത വസ്ത്രധാരിയും കാണുന്നുണ്ടായിരുന്നു.
അവള്ക്ക് വേണമെങ്കില്‍ ഡോക്ടറെ ഇപ്പോള്‍ ഉപേക്ഷിക്കാം.
പക്ഷേ അവള്‍ ഡോക്ടറുടെ നെഞ്ചില്‍ ശക്തിയായി ഇടിച്ചു കൊണ്ടുള്ള സി.പി.ആര്‍ കൊടുക്കാന്‍ തുടങ്ങി.ആ സമയം ചാപ്പലിന് പുറത്തു നിന്നിരുന്ന വെളുത്ത വസ്ത്രധാരി പുറത്തെ ബോഗണ്‍വില്ലയുടെ ചുവപ്പ് നിറം നോക്കി ഒന്നു പുഞ്ചിരിച്ചു.
ഡോക്ടറുടെ ജീവന്‍ തിരിച്ചു പിടിക്കാന്‍ ഉള്ള ശക്തിയായ ശ്രമം.എന്തിനോടോ ഉള്ള കഠിനമായ രോഷം ശൂന്യതയിലേക്ക് നോക്കുന്ന അവളുടെ കണ്ണില്‍ തിളങ്ങി.
ആ രോഷം പൂണ്ട കണ്ണുകള്‍ കറുത്ത വസ്ത്രം ധരിച്ച ആളുടെ സ്ഫടിക മിഴികളുമായി കൂട്ടി മുട്ടി.ആ നോട്ടം നേരിടാനാവാതെ അയാള്‍ പുഞ്ചിരിച്ചു കൊണ്ട് പുറത്തിറങ്ങുന്നത് ഡോക്ടര്‍ കണ്ടു.
ആ നിമിഷം ഡോക്ടര്‍ ചുമച്ചു,ശ്വാസം തിരിച്ചു വന്നു.അവള്‍ ഡോക്ടറെ ചാരിയിരുത്തി.
“ആ മെസേജുകള്‍ എല്ലാം ഡിലീറ്റ് ചെയ്തെക്ക് ലിസി..” തളര്‍ന്ന ശബ്ദത്തില്‍ ഡോക്ടര്‍ പറയുന്നത് ലിസി കേട്ടു.
അപ്പോള്‍ താഴെ വെളുത്ത വസ്ത്രധാരിയും കറുത്ത വസ്ത്രധാരിയും കണ്ടു മുട്ടി.പരസ്പരം നോക്കി പുഞ്ചിരിച്ചതിന് ശേഷം വെളുത്തയാള്‍ ചാപ്പലിനുള്ളിലെക്കു കയറി.മറ്റെയാള്‍ ചുവന്ന ബോഗണ്‍വില്ല വെയിലില്‍ വെട്ടിത്തിളങ്ങുന്നതു കണ്ടു കുറെ നേരം നിന്ന ശേഷം നഗരത്തിലേക്കുള്ള റോഡില്‍ ഇറങ്ങി മറഞ്ഞു.അയാള്‍ക്ക് വീണ്ടും കുറെ പേരെ സന്ദര്‍ശിക്കാന്‍ ഉണ്ടായിരുന്നു.
(അവസാനിച്ചു)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo