Showing posts with label Pratheesh. Show all posts
Showing posts with label Pratheesh. Show all posts

പ്രണയം


കുറച്ചു ദിവസങ്ങൾക്കു ശേഷം
ഒരു രാത്രി വാപ്പച്ചിക്കൊരു എഴുത്തെഴുതി വെച്ച് ഞാൻ അവനോടൊത്തം ഇറങ്ങി പോയി,
ഞാനൊരു മുസ്ലിമും, അവനൊരു ഹിന്ദുവും എന്നതായിരുന്നു പരസ്പരം ഇഷ്ടപ്പെടുന്നതിൽ നിന്നു ഞങ്ങൾ പോലും ഞങ്ങളെ ആദ്യം തടഞ്ഞത്,
എന്നാൽ സ്നേഹത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങുന്നത് മണ്ണിലല്ല മനസ്സിലാണെന്നു തിരിച്ചറിഞ്ഞതും,
ഉള്ളിലുള്ള സ്നേഹ പ്രവാഹങ്ങളുടെ ശക്തിക്ക് ജാതിയേയും മതത്തേവും മാത്രല്ല വൻകരകളെ പോലും തകർത്തെറിയാനുള്ള കരുത്തുണ്ടെന്നു കൂടി മനസിലായതോടെ മുന്നിലെ ആദ്യമതിൽ വീണു,
എന്നാൽ
പ്രണയം എന്റെ വീട്ടിലറിഞ്ഞതും അതേ മതിൽ വീണ്ടും ഞങ്ങൾക്കു മുന്നിലുയർന്നു,
കാര്യങ്ങൾ അറിഞ്ഞതും വാപ്പച്ചി വളരെ സീരിയസായി തന്നെ എന്നോടു പറഞ്ഞു,
നീ പറയാൻ പോകുന്ന കഥകളൊന്നും കേൾക്കാനുള്ള നേരം എനിക്കില്ല,
എനിക്കറിയേണ്ടത് ഇത്രമാത്രമാണ്,
ഈ ബന്ധം തുടങ്ങുമ്പോൾ
തന്നെ നീ വിചാരിച്ചിരിക്കും ഈ ബന്ധം വീട്ടിലുള്ളവർക്ക് ഇഷ്ടമാവില്ലായെന്നും അങ്ങിനെ ഇഷ്ടമായില്ലെങ്കിൽ അവനെ ഒഴിവാക്കേണ്ടി വരുമെന്നും....!
പിന്നെ എന്തു കൊണ്ട് ഇപ്പോൾ അവനെ ഒഴിവാക്കാൻ നിനക്കു കഴിയുന്നില്ലാ...? ? ?
ഒന്നുകിൽ നീ ഇതിൽ നിന്നു സ്വയം പിന്മാറുക അല്ലെങ്കിൽ,
എന്നെയും നിന്റെ ഉമ്മച്ചിയേയും പോലെ ഒരാൾക്ക് മറുത്ത് ചിന്തിക്കാനാവാത്ത വിധം ഏറ്റവും കൺവിൻസിങ്ങായ ഒരു ഉത്തരം നീ തരണം..!
അതിനും കഴിഞ്ഞില്ലെങ്കിൽ
പിരിയാൻ തയ്യാറായിക്കോള്ളുക...!
വളരെ ശക്തമായിരുന്നു
വാപ്പച്ചിയുടെ ഒരോ വാക്കുകളും !
വാപ്പച്ചിയോട് അവനെ
സ്നേഹിച്ചു പോയി,
ഇഷ്ടപ്പെട്ടു പോയി,
പിരിയാൻ പറ്റുന്നില്ല,
മറക്കാൻ കഴിയുന്നില്ല എന്നൊക്കെ പറഞ്ഞാൽ അങ്ങിനെ പറഞ്ഞവരാണ് കൂടുതലും പിരിഞ്ഞിട്ടുള്ളതെന്ന് വാപ്പച്ചി തിരിച്ചെന്നോടും പറയും,
എന്നാൽ അവർക്കു കൺവിൻസിങ്ങായ ഒരു ഉത്തരം നൽകാനായില്ലെങ്കിൽ എല്ലാം ഇവിടെ അവസാനിക്കുകയും ചെയ്യും,
ഡോക്ടറായ വാപ്പച്ചിയേയും വക്കീലായ ഉമ്മയേയും എന്തെങ്കിലും പറഞ്ഞു കൺവിൻസിങ്ങ് ചെയ്യുക എന്നത് നടക്കാത്ത കാര്യവുമാണ്,
ഞാൻ ശരിക്കും ത്രിശങ്കുസ്വർഗ്ഗത്തിലായി...!
വാപ്പച്ചി ഒരു തീരുമാനം എടുക്കുന്നതിനായി എനിക്കനുവദിച്ചിരിക്കുന്ന സമയം രണ്ടാഴ്ച്ചയാണ്,
വാപ്പച്ചിയുടെ ചോദ്യത്തിന് എന്തു മറുപടി പറയണമെന്ന് എത്രയാലോചിച്ചിട്ടും എനിക്കൊരുത്തരവും കിട്ടിയില്ല,
പൊതുവേ നമ്മൾ നമ്മുടെ ഇഷ്ടം നടക്കാനായി വീട്ടിൽ പറയപ്പെടുന്ന ഏതൊരു കാരണത്തിലും വാപ്പച്ചി തൃപ്തനാവില്ലെന്ന് മനസിലായതോടെ എന്റെ ഭയവും കൂടി,
എന്നാൽ ആ ആലോചനയിൽ മറ്റൊരു കാര്യം കൂടി എനിക്കു മനസിലായി,
ശരിക്കും അതായിരുന്നു എന്നെ കൂടുതൽ ഭയപ്പെടുത്തിയത് !
ആ ചോദ്യം കൊണ്ട്
വാപ്പച്ചിയെന്നെ പരീക്ഷിക്കുകയാണ്,
വാപ്പച്ചിയുടെ ആ ചോദ്യം
സത്യത്തിൽ വലിയൊരു ട്രാപ്പായിരുന്നു,
എന്റെ ഇഷ്ടങ്ങളെ
ന്യായീകരിക്കാനായി ആ ചോദ്യത്തിനു ഞാനെന്തുത്തരം നൽകിയാലും തൃപ്തികരമല്ലെന്നു പറഞ്ഞു അതിനെ നിഷേധിക്കാൻ അവർക്കാവും,
അവരുടെ മനസിലുള്ള ഉത്തരം തന്നെ അവരോടു പറയുക എന്നത് പ്രാവർത്തീകവുമല്ല,
അതോടൊപ്പം വാപ്പച്ചിക്ക് വക്കീലായ ഉമ്മയുടെ പൂർണ്ണ സപ്പോർട്ടും കൂടിയുണ്ട്,
അതു കൊണ്ടു തന്നെ ജയം അവർക്കൊപ്പമേ നിൽക്കു എന്നും മനസിലായി,
എന്നാൽ
അവരുടെ ചിന്തകളിലേക്ക് നിഷേധിക്കാനാവാത്ത സത്യത്തിന്റെ വെടിയുണ്ട പോലെ ഉള്ളു തുളച്ചു കയറാനാവുമെങ്കിൽ അതൊരവസരം കൂടിയാണ്....!
100-ൽ വെറും 1% മാത്രം
വിജയസാധ്യതയുള്ള അവസരം...!
സമയം മെല്ലെ കടന്നു പോയി
അവനെ പിരിയുക എന്നല്ലാതെ എന്റെ മുന്നിൽ ഒരു വഴിയും തെളിഞ്ഞില്ല, അവന്റെ കൂടെ ഇറങ്ങി പോകണം എന്നൊക്കെയുണ്ട് പക്ഷെ അതിനും ഉള്ള ധൈര്യമില്ലാതെ ഞാൻ നിന്നു കുഴങ്ങി,
അങ്ങിനെ വാപ്പച്ചി എനിക്കനുവദിച്ച രണ്ടാഴ്ച്ചയുടെ അവസാന ദിവസം തമ്മിൽ പിരിയാം എന്നു പറയാനായി ഞാനവനെ ഫോണിൽ വിളിച്ചു,
ഒരിക്കൽ കൂടി തമ്മിൽ കാണാൻ പോലും ഞാൻ അശക്തയാണ് എന്നു തുടങ്ങി വാപ്പച്ചി എന്നോടു ചോദിച്ച ചോദ്യമടക്കം ഞാനെല്ലാം അവനോടു പറഞ്ഞു,
എല്ലാം കേട്ട ശേഷം പതിഞ്ഞ ശബ്ദത്തിൽ അവനെന്നോടു ചോദിച്ചു,
നമ്മൾ ഭയപ്പെട്ടത് സംഭവിക്കാൻ പോവാണല്ലെയെന്ന് ?
ഞാനതിനുത്തരമൊന്നും പറഞ്ഞില്ല, പറയാൻ എന്റെ കൈയ്യിൽ ഉത്തരങ്ങളൊന്നുമുണ്ടായിരുന്നുമില്ല,
എന്നാൽ
അപ്പോഴാണവൻ മറ്റൊരു ചോദ്യം ചോദിച്ചത്,
ഈ കാലമത്രയും ഭയമില്ലാതെ
ഒരിക്കലെങ്കിലും നമ്മൾ തമ്മിൽ കാണുകയോ മിണ്ടുകയോ ചെയ്തിട്ടുണ്ടോയെന്ന് ? ?
എന്തിനേയാണോ നമ്മൾ പ്രണയത്തിൽ ഭയപ്പെടുത്തത് ആ ഭയത്തെ തന്നെ ഉള്ളിൽ വളർത്തിയെടുത്ത് അതിനു തന്നെ കീഴ്പ്പെടുക മാത്രമല്ലെ നമ്മൾ ചെയ്യുന്നത് ?
അന്നേരം അവന്റെ ആ ചോദ്യം എന്നെ വല്ലാതെ പൊള്ളിച്ചു,
തുടർന്ന് ഒരക്ഷരം പോലും പറയാതെ ഞാനുടനെ ഫോൺ വെച്ചു,
എങ്കിലും ഞാൻ ആലോചിച്ചു
അവൻ പറഞ്ഞത് ശരിയാണ്,
ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ
ഭയപ്പെടുകയാണ് ചെയ്തിട്ടുള്ളത്,
ആ ഭയത്തിനിടയിലുള്ള ചെറിയ സമയങ്ങളിലെപ്പഴൊക്കയോ മാത്രമേ ശരിക്കും ഞങ്ങൾ സ്നേഹിച്ചിട്ടുള്ളൂയെന്ന് അപ്പോഴെനിക്കും മനസിലായി,
എന്റെ കാര്യത്തിൽ മാത്രമല്ല ഒട്ടുമിക്കവരുടെ പ്രണയത്തിലും സ്നേഹത്തിനേക്കാളും പിടിക്കപ്പെടുമോ എന്ന ഭയത്തെ തന്നെയാവും അവർ കൂടുതൽ കരുതലോടെ പരിപാലിച്ചിട്ടുണ്ടാവുക അവസാനം അവൻ പറഞ്ഞ പോലെ ആ ഭയത്തിനു തന്നെ കീഴടങ്ങിയിട്ടുമുണ്ടാകും,
ഞാനും അവനെ സ്നേഹിക്കാൻ തുടങ്ങിയതു തന്നെ പിരിയേണ്ടി വരുമോ എന്ന ഭയപ്പാടിലാണ്,
മറ്റുള്ളവർ അറിയുമോ, പിടിക്കപ്പെടുമോ എന്ന ആധിയോടെയാണ് ഞങ്ങൾ ഒരോ നിമിഷവും സ്നേഹിച്ചത്,
ചുറ്റും ആരും ഇല്ലെങ്കിൽ പോലും
പേടി കാരണം അവനോട് ഒന്നു ചേർന്നു നിൽക്കാൻ പോലും ധൈര്യപ്പെട്ടില്ല,
പലപ്പോഴും അവനെ അടുത്തു കിട്ടിയിട്ടു പോലും അവന്റെ മുഖമൊന്ന് ശരിക്ക് കാണാൻ പോലും കഴിഞ്ഞിട്ടില്ല,
അതിനു പോലും ഭയമാണ്,
എപ്പോഴും എന്നിലേക്ക് നോട്ടങ്ങളായി മാത്രം എന്നെ തിരഞ്ഞെത്തുന്ന അവന്റെ കണ്ണുകൾ മാത്രമാണ് ഞാൻ കണ്ടു കൊണ്ടിരുന്നത്,
പലപ്പോഴും ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് അവന്റെ മുഖത്തേക്കും കണ്ണുകളിലേക്കും ഒരു ഭയപ്പാടുകളും കൂടാതെ ആരാധനയോടെ നോക്കിയിരിക്കണമെന്ന്,
ഒരിക്കലും അതിനിതുവരെ സാധിച്ചിട്ടില്ല, ഭയമില്ലാത്ത ഒരു നിമിഷം പോലും തമ്മിലുണ്ടായിട്ടില്ല,
അവനോടൊത്തു ചേരുമ്പോൾ കാണുന്നതിലെല്ലാം ഭയം എന്നത് പലപ്പോഴും എന്നെ കൊല്ലാതെ കൊന്നിട്ടുമുണ്ട്,
ഭയമില്ലാതെ ആകെ കേൾക്കാനാവുന്നത് അവന്റെ ശബ്ദം മാത്രമാണ്,
ഇനി അതും നഷ്ടപ്പെടാൻ പോകുന്നു,
എത്ര കൊതിച്ചിട്ടുണ്ടെന്നറിയോ അവന്റെ ആ കണ്ണുകളോട് കഥ പറയാനും,
അവൻ എന്റെതാണെന്ന ഉത്തമ വിശ്വാസത്തോടെ ഇരുകൈകളിലുമായി അവന്റെ മുഖം കോരിയെടുത്തു കൊണ്ട് ആ നെറ്റിയിലും കണ്ണുകളിലും ഉമ്മ വെക്കാനും,
പക്ഷെ എന്തു ഫലം ?
നടക്കില്ല എന്നുറപ്പുള്ള ആഗ്രഹങ്ങളിൽ ഒന്നായി മനസ്സിന്റെ ഉള്ളറകളിൽ എവിടയോ ഈ ആഗ്രഹവും ചിതലരിച്ചു കിടപ്പുണ്ടാവും !
എല്ലാം കൂടി ഒാർത്തപ്പോൾ അവസാനമായി ഭയമില്ലാതെ ഒന്നു തമ്മിൽ കണ്ടശേഷം പിരിയാമെന്ന ധാരണയിൽ ഞാനും എത്തിച്ചേർന്നു,
അങ്ങിനെ പിരിയാനായി തമ്മിൽ കാണാൻ തീരുമാനിച്ച് പറഞ്ഞുറപ്പിച്ച സ്ഥലത്ത് ഞങ്ങളെത്തി,
അല്ലെങ്കിലും അവസാനക്കാഴ്ച്ചകൾക്ക് നിറം കൂടുതലാണ് ചിലപ്പോൾ അതവസാനത്തേതാണെന്ന തിരിച്ചറിവിൽ അവയുടെ പൂർണ്ണഭംഗി അവക്കു കൈവരുന്നതാവാം,
അവനെന്റെ അടുത്തെത്തിയതും ഭയപ്പാടുകളെയെല്ലാം മാറ്റിവെച്ച് എനിക്ക് അവനെ കാണാനായി അവനും അവനു എന്നെ കാണാനായി ഞാനും നിന്നു കൊടുത്തു,
കുറച്ചധികം നിമിഷങ്ങൾ കണ്ണിലേക്കല്ലാതെയും ഞങ്ങൾ നോക്കി നിന്നു,
പിരിയുക എന്ന ആശയം മുന്നോട്ടു വെച്ചത് ഞാനായതു കൊണ്ടും,
അവിടെ നിൽക്കുന്ന ഒരോ നിമിഷവും സ്വന്തം വേദനയുടെ ആഴം വർദ്ധിപ്പിക്കാമെന്നല്ലാതെ വലുതായൊന്നും സംഭവിക്കാനില്ലെന്നും മനസിലായതോടെ,
വന്നു കുറച്ചു കഴിഞ്ഞതും
അവനെന്നോടു ചോദിച്ചു,
ഞാൻ തിരിച്ചു പോയിക്കോട്ടെയെന്ന് ?
അന്നേരം മാത്രമാണ് ഞാനവന്റെ കണ്ണുകളിലേക്ക് നോക്കിയത് ആ സമയം അവൻ എന്നിൽ നിന്നവന്റെ കണ്ണുകൾ വെട്ടിച്ചു കളഞ്ഞു,
അതോടെ അവനു തിരിച്ചു പോകാൻ ഞാൻ സമ്മതം കൊടുത്തു,
എന്റെ സമ്മതം കിട്ടിയതും അവൻ തിരിഞ്ഞു നടന്നു,
എന്നെ വിട്ടകലും മുന്നേ ഒന്നു തിരിഞ്ഞു നോക്കുമെന്നു കരുതി ഞാനവൻ പോകുന്നതും നോക്കി നിന്നെങ്കിലും അവൻ തിരിഞ്ഞു നോക്കിയതേയില്ല.,
അവൻ എന്നിൽ നിന്ന് മടങ്ങുന്ന കാഴ്ച്ച കണ്ടു നിൽക്കേണ്ടി വന്നതോടെ അടക്കിവെച്ച വേദനകളെല്ലാം ഒന്നൊന്നായി സൂചി പോലെ വന്ന് എന്റെ നെഞ്ചിനകത്തു തറച്ചു രക്തം കിനിയാൻ തുടങ്ങിയിരുന്നു,
അതോടെ എന്റെ ഉള്ളിൽ എന്നോള്ളം അളവിൽ പൊട്ടിത്തെറിക്കാൻ ആവും വിധം കണ്ണീരും എന്നിൽ വന്നു നിറഞ്ഞു,
അവൻ ഇനി നാലടി കൂടി നടന്നാൽ പൂർണ്ണമായും എന്റെ മുന്നിൽ നിന്ന് അപ്രത്യക്ഷമാവും എന്നു തോന്നിയതും പെട്ടന്ന് എന്തോ പ്രേരണയിൽ ഞാൻ ഉറക്കെ #രോഹൻ " എന്ന അവന്റെ പേര് നീട്ടി വിളിച്ചു,
വിളി കേട്ടതും പെട്ടന്നവൻ തിരിഞ്ഞു നോക്കിയതും ഒന്നിച്ചായിരുന്നു,
ആ നിമിഷം ഞാൻ കണ്ടു അവനിൽ നിന്നും അണപ്പൊട്ടിയൊഴുകുന്ന അവന്റെ കണ്ണുനീർ,
അന്നേരം അവന്റെ കണ്ണിൽ നിന്ന് ധാരധാരയായി പുറത്തെക്കൊഴുകുന്നത് കണ്ണീരല്ല അതവനുള്ളിലെ ഞാൻ തന്നെയാണെന്നു തിരിച്ചറിയാൻ എനിക്കധികം സമയം വേണ്ടി വന്നില്ല,
എന്റെ വിളിയിൽ പെട്ടന്നുള്ള തിരിയേണ്ടി വന്നതിൽ സ്വന്തം കണ്ണീരൊളിപ്പിക്കാൻ മാത്രം അവനു സാവകാശം ലഭിച്ചില്ല, എങ്കിലും പെട്ടന്നവൻ ആ കണ്ണീരുകൾ തുടച്ചു കൊണ്ട് എന്നെ നോക്കി ആ സമയം ഞാനവനിലേക്ക് നടക്കുകയായിരുന്നു,
അവനടുത്തെത്തിയതും ഞാനവനെ ശരിക്കും നോക്കി ആ സമയം യാതൊരു ഭയവുമില്ലാതെ ഞാനവനോടു ചോദിച്ചു,
ഇത്രയും വേദനകൾ ഉള്ളിലൊളിപ്പിച്ചു കൊണ്ട് നമുക്ക് പരസ്പരം പിരിയേണ്ടതുണ്ടോന്ന് ??
അതു കേട്ടതും അവനെന്നോടു പറഞ്ഞു,
ഇവിടെ നിന്ന കഴിഞ്ഞ കുറച്ചു സമയങ്ങളിലായി ഞാനീ ചോദ്യം ഒരായിരം വട്ടമെങ്കിലും നിന്നോടു ചോദിക്കണമെന്നു കരുതിയിട്ടുണ്ടാവും,
നിനക്ക് ചിലപ്പോൾ അതിഷ്ടമായില്ലെങ്കിലോ എന്നു കരുതി പറയാതിരുന്നതാണ് എന്നവൻ പറഞ്ഞപ്പോൾ എന്റെ ശരീരത്തിലെ സർവ്വശക്തിയോടെയും ചേർത്തു ഞാനവനെ കെട്ടിപ്പിടിച്ചു,
അങ്ങിനെ ഒന്നാവാൻ പരസ്പരം തീരുമാനിച്ചതോടെ എന്നെ സംബന്ധിച്ച് അച്ഛന്റെ ചോദ്യത്തിന് വലിയ പ്രസക്തിയില്ലാതായി,
കാരണം അവരുടെ സമ്മതം ആവശ്യമുണ്ടെങ്കിലല്ലെ ആ ചോദ്യത്തിനുള്ള ഉത്തരം എനിക്കാവശ്യമുള്ളൂ !
എങ്കിലും അവിടുന്നുള്ള തിരിച്ചു വരവിൽ ആ ചോദ്യം എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു,
അന്നേരം മാത്രമാണ് ആ ചോദ്യം ഞാനെന്റെ ഹൃദയത്തിനു കൈമാറിയത്, തുടർന്ന് ഞാനെന്റെ കണ്ണുകളടച്ച് ഹൃദയത്തിലേക്കാഴ്ന്നിറങ്ങി,
ആ ചോദ്യം എന്റെ ഹൃദയവുമായി ഒരുപാടു നേരം മല്ലടിച്ചു, അന്നേരമാണ് പെട്ടന്നൊരാമ്പുലൻസിന്റെ സൈറൺ എന്റെ കാതുകളിലൂടെ കടന്നു പോയത്,
കുറച്ചു ദിവസങ്ങൾക്കു ശേഷം
ഒരു രാത്രി വാപ്പച്ചിക്കൊരു എഴുത്തെഴുതി വെച്ച് ഞാൻ അവനോടൊത്തം ആരുമറിയാതെ ഇറങ്ങി പോയി,
പിറ്റെ ദിവസം എന്റെ മുറിയിൽ നിന്നു കിട്ടിയ കത്തുമായി ഉമ്മച്ചിയാണ് വാപ്പയേ വിളിച്ചെഴുന്നേൽപ്പിച്ച് കാര്യം പറഞ്ഞത്,
ഉമ്മയുടെ കൈയിൽ നിന്നു ആ എഴുത്തു വാങ്ങി വായിച്ചതും വാപ്പച്ചി ഉമ്മച്ചിയോടു പറഞ്ഞു,
ബ്രില്യന്റ് "
ആ എഴുത്തിലുള്ളത് ഇത്രമാത്രമായിരുന്നു,
" ഒരു സർജ്ജൻ ഒരിക്കലും തന്റെ ശസ്ത്രക്രിയ പാതി വഴിയിൽ വെച്ച് നിർത്തി പോവാൻ തയ്യാറാവുകയില്ല,
കാരണം അങ്ങിനെ ചെയ്താൽ
ആ രോഗിയുടെ മരണം സുനിശ്ചിതമാണെന്ന് അയാൾക്കറിയാം "
വാപ്പച്ചിക്ക് എന്തായാലും ഒരു കാര്യം മനസിലായി കാണും ആഗ്രഹങ്ങളുടെ തീവ്രതക്ക് ബലം വെക്കുമ്പോൾ നിസാരവും അസാധ്യവുമായി തോന്നുന്ന,
1% ത്തിൽ നിന്നു 100% ത്തിലെക്കുള്ള ദൂരം അത്ര അധികമല്ലായെന്ന്...!
പലപ്പോഴും നമ്മൾ ഉത്തരങ്ങൾക്കായി കൂടുതലും ആശ്രയിക്കുന്നത് തലച്ചോറിനേയാണു,
എന്നാൽ നമുക്ക് വേണ്ട ഉത്തരങ്ങൾ നമ്മുടെ ഹൃദയത്തിൽ തന്നെയുണ്ട്,
നമ്മൾ പലപ്പോഴും അവിടെ തിരയാൻ മറക്കുന്നു എന്നുമാത്രം...!

ഞാൻ വലുതായതു മുതൽ



" മോളേ,
നീ ചോറു കഴിച്ചോ ?
അന്നും അമ്മയുടെ പതിവു ചോദ്യം
കേട്ടപ്പോൾ എനിക്ക് ദേഷ്യമാണു വന്നത്,
ഞാനെന്താ കൊച്ചു കുട്ടിയാണോ ?
എനിക്കെന്താ സമയാസമയത്ത് ചോറു കഴിക്കാൻ അറിയില്ലെ ?
വിശക്കുമ്പോൾ ആഹാരം കഴിക്കാൻ അറിയാത്ത ഒരുവൾ ആണോ ഞാൻ ?
എപ്പോൾ ഫോൺ വിളിച്ചാലും
അമ്മക്ക് ചോദിക്കാൻ ഇതേയുള്ളൂ,
എനിക്ക് ഇരുപത് വയസായിട്ടും ബാഗ്ലൂരിൽ ഒറ്റക്ക് താമസിച്ച് ജോലി ചെയ്യുകയായിരുന്നിട്ടും അമ്മയുടെ വിചാരം ഞാൻ ഇപ്പോഴും അമ്മയുടെ കൈകുഞ്ഞാണെന്നാണ്,
ബാഗ്ലൂരിൽ ഞാൻ വന്ന് താമസിക്കുന്നത് പട്ടിണി കിടക്കാനാണോ ?
എന്തിനാ എപ്പോഴും ഇതു തന്നെ ചോദിക്കുന്നത് എന്നു ചോദിച്ചാലും പിന്നെയും അമ്മ അതു തന്നെ ചോദിക്കും..!
ഇവിടെ എന്റെ പ്രശ്നം ഇതായിരുന്നെങ്കിൽ നാട്ടിലെ എന്റെ പ്രശ്നം മറ്റൊന്നായിരുന്നു,
ചുറ്റുപാടുകൾ ശ്രദ്ധിക്കാതെ സ്ഥലകാല ബോധമില്ലാതെ അമ്മയുടെ നീട്ടിയുള്ള ഒരു വിളിയുണ്ട്
" മോളേ തക്കുടൂന്ന് "
കൂട്ടുകാരികൾക്കിടയിൽ വെച്ചും,
ചില കടകളിൽ വെച്ചും, പള്ളിപെരുന്നാളിനിടക്കും,
ചിലപ്പോൾ ചില കല്യാണ വീട്ടിൽ വെച്ചും ആ വിളി പലപ്പോഴും എന്നെ വല്ലാതെ പരിഹാസ്യയാക്കിയിട്ടുണ്ട്,
ഇതു കേട്ട്
നീ വലുതായ വിവരം നിന്റെ അമ്മ അറിഞ്ഞിട്ടില്ലെയെന്ന് കൂട്ടുകാരികൾ കളിയാക്കി ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ ഞാൻ കൂടുതൽ അപമാനപ്പെട്ടു കൊണ്ടെയിരുന്നു,
പലപ്പോഴും നമ്മൾ ആരോടെങ്കിലും വളരെ പ്രസന്നവതിയായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും പുറകിൽ നിന്ന് അമ്മയുടെ ആ വിളി വരുന്നത് അതോടെ അതു വരെയുണ്ടായിരുന്ന സകല രസങ്ങളും ആ നിമിഷം നിലംപ്പൊത്തും..!
അപ്പൻ പിന്നെ ഞാൻ വലുതായതു മുതൽ സാഹചര്യത്തെ ഉൾക്കൊണ്ടു കൊണ്ടു എന്നെ എന്റെ പേരാണു വിളിക്കുന്നത്,
അമ്മക്കാണു ഒരു മാറ്റവുമില്ലാത്തത്,
ബാഗ്ലൂരിൽ എത്തിയ ശേഷമാണ്
ആ കളിയാക്കലുകളിൽ നിന്ന് ഒരു മോചനം ലഭിച്ചത്,
അതു കഴിഞ്ഞപ്പോൾ ഇതായി
എപ്പോൾ വിളിച്ചാലും
ചോറു കഴിച്ചോ ?
ചായ കുടിച്ചോ ? ഇതു തന്നെ ശരണം,
അമ്മക്ക് ഏതെങ്കിലും വിധത്തിൽ എന്നെ ബുദ്ധിമുട്ടിച്ചാലെ ഒരു സമാധാനമുള്ളൂ എന്ന നിലപാടിലാണ് അമ്മയുടെ പ്രവർത്തികൾ,
ബാഗ്ലൂരിലെ റൂംമേറ്റായ ധൃതിക റെഡ്ഢിയും എന്നോടു ചോദിച്ചു,
ഇത് എല്ലാ അമ്മമാരുടെയും സ്വഭാവമാണല്ലെയെന്ന് ?
അതെയെന്നു ഞാൻ പറഞ്ഞതും അവളും ഞാനും കൂടി അന്ന് അമ്മമാരുടെ പൊതുവായ സ്വഭാവങ്ങൾ പറഞ്ഞ് കുറെ ചിരിച്ചു,
അമ്മയുടെ രീതികൾ മാറ്റാനാവിലെന്ന് മനസിലായതോടെ
അമ്മയുടെ അത്തരം ചോദ്യങ്ങൾക്കെല്ലാം
"ആ " ആ " എന്നു മൂളി അവസാനിപ്പിക്കുന്നത് ഞാനും ശീലമാക്കി,
അങ്ങിനെ അമ്മയുടെ ആ ചോദ്യവും എന്റെ അതിനുള്ള ഉത്തരവും എനിക്കു തന്നെ വലിയ പ്രസക്തിയില്ലാതായി,
കുറച്ചു മാസങ്ങൾക്ക് ശേഷം
എന്റെ ജോലിയുടെ പ്രൊമോഷന്റെ ഭാഗമായി ആറു മാസത്തെ ട്രെയിനിങ്ങിനായി അമേരിക്കയിൽ പോകേണ്ടതായ ഒരു സാഹചര്യം എനിക്കു വന്നു,
എന്നാൽ ബാഗ്ലൂരിലെ ഒറ്റക്കുള്ള ജീവിതം തന്നെ മടുത്തു തുടങ്ങിയിരുന്ന എനിക്ക് ട്രെയിനിങ്ങിന്റെ ഭാഗമായി അമേരിക്കയിൽ പോയി ആറു മാസം നിൽക്കുക എന്നത് വലിയ ബുദ്ധിമുട്ടായി തോന്നി,
കൂടെ ജോലി ചെയ്യുന്നവരും കൂട്ടുകാരും എന്നോട് പോകണമെന്നും ഒരിക്കലും ഇങ്ങനെ അവസരം നഷ്ടപ്പെടുത്തരുതെന്നും പറഞ്ഞു കൊണ്ടെയിരുന്നു,
എങ്കിലും എന്റെയുള്ളിലെ ഭയപ്പാടുകൾ വെച്ച് കടലുകൾ കടന്ന് അമേരിക്ക പോലുള്ള ഒരു രാജ്യത്തു പോയി ഒറ്റക്കു താമസിക്കുക എന്നത് എനിക്ക് ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല.,
അതോടൊപ്പം ഈയൊരവസരം കടലോള്ളം വലുതാണെന്നും മനസു മന്ത്രിക്കുന്നുണ്ടായിരുന്നു,
എന്നെ അലട്ടിയ എന്റെ പ്രധാന പ്രശ്നം അതിനെനിക്ക് സാധിക്കുമോ എന്നതു തന്നെയായിരുന്നു, മറ്റൊരു രാജ്യം, ഭാഷ, സംസ്ക്കാരം, രീതി, ജീവിതം, കാലാവസ്ഥ തുടങ്ങിയവയും അന്നേരം എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു,
കൂടാതെ ആ ജോലിയിൽ തുടരണമെങ്കിൽ ആ ട്രെയിനിങ്ങ് നിർബന്ധവുമായിരുന്നു,
അങ്ങിനെ പോകാനും പാസ്പ്പോർട്ടെടുക്കാനും തയ്യാറെടുപ്പിനുമുള്ള അവസാനസമയമായപ്പോൾ ഞാൻ അപ്പനോട് ചോദിച്ചു,
ഈ ജോലി ഞാൻ നഷ്ടപ്പെടുത്തിയാൽ അപ്പനെനോട് ദേഷ്യമാവുമോയെന്ന് ?
എന്റെയുള്ളിലെ പേടിയും ഭയവും മനസിലാക്കിയിട്ടാവണം അപ്പൻ എന്നോടു പറഞ്ഞു,
ഈ ജോലി ഭൂമിയിലെ അവസാനത്തേതൊന്നുമല്ലല്ലോയെന്ന് "
നിനക്ക് താൽപ്പര്യമില്ലാത്ത ഒരു കാര്യവും ഞാൻ നിന്നെ നിർബന്ധിക്കില്ല, എന്നു കൂടി പറഞ്ഞതോടെ എനിക്കത് വലിയ ആശ്വാസമായി,
അപ്പന്റെ തീരുമാനം തന്നെയാണ് എപ്പോഴും അമ്മയുടെതും എന്നു അറിയാവുന്നതു കൊണ്ടു തന്നെ അതൊന്ന് അരക്കിട്ടുറപ്പിക്കാനും
ഒപ്പം ഞാനും അപ്പനും അമ്മയേ ഒഴിവാക്കി ഒരു തീരുമാനമെടുത്തു
എന്നു അമ്മക്ക് തോന്നാതിരിക്കാനാണ് അതെ ചോദ്യം ഞാൻ അമ്മയോടും കൂടി ചോദിച്ചത്,
എന്നാൽ ഒരു സാധാരണസ്ത്രീക്കും അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും എന്നു എന്നെ ബോധ്യപ്പെടുത്തി കൊണ്ടും,
ഒരു നിമിഷം എന്നെ തീർത്തും ഞെട്ടിച്ചു കൊണ്ടും അമ്മ പറഞ്ഞു,
" പാദങ്ങൾ മണ്ണിലൂന്നി ആർക്കും ആകാശം തൊടാനാവില്ലെന്ന് "
നിറഞ്ഞ അത്ഭുതത്തോടെയാണ് അമ്മയുടെ ആ വാക്കുകൾ ഞാൻ കേട്ടത്,
ആ വാക്കുകൾ എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി അതു വരെ കേട്ട മറ്റെല്ലാ അഭിപ്രായങ്ങളും ഒറ്റ നിമിഷം കൊണ്ട് മനസിൽ നിന്ന് എങ്ങോ മാഞ്ഞു പോയി,
എനിക്കു തന്നെ സംശയം
ആ വാക്കുകൾ പറഞ്ഞത് അമ്മ തന്നെയാണോന്ന്,
ആ വാക്കുകൾ മനസിൽ നിറഞ്ഞതോടെ കഴിയില്ലെന്നറിയാമിയിരുന്നിട്ടും
നിന്ന നിൽപ്പിൽ നിന്ന് കൈകളുയർത്തി ആകാശം തൊടാൻ ഞാൻ ശ്രമിച്ചു,
ആ സമയം ആ വാക്കുകളുടെ സ്വാധീനം എന്നിൽ അത്രമാത്രം ശക്തമായിരുന്നു,
കേൾക്കുന്ന മാത്രയിൽ തന്നെ പ്രാവർത്തികമാക്കാൻ സാധിക്കുമോ എന്നുള്ള പ്രേരണ നൽകുന്ന ആ വാക്കുകളിലൂടെ ഞാൻ പുതിയൊരു ഞാനായി,
ഈ വാക്കുകളുടെ അർത്ഥം അതിന്റെ ശരിയായ തലത്തിൽ അറിയുന്ന നിമിഷം നിങ്ങളും ചിലപ്പോൾ എന്നെ പോലെ അതിനു ശ്രമിച്ചേക്കാം,
അമ്മ പിന്നെയും ഒന്നു കൂടി പറഞ്ഞു,
അവസരം എന്നത് ഐസു പോലെയാണ് അലിഞ്ഞു തീരും മുന്നേ അവയേ പ്രയോജനപ്പെടുത്താൻ കഴിയണം "
പതിവു വാക്കുകളിൽ നിന്നു വ്യത്യസ്ഥമായി അമ്മ അന്നു പറഞ്ഞ
ആ വാക്കുകൾ അമ്മയിലെ യഥാർത്ഥ സ്ത്രീയേ എനിക്ക് കാണിച്ചു തന്നു,
അതോടെ പിന്നെ ഒന്നിനും വലിയ താമസമുണ്ടായില്ല,
അങ്ങിനെ എന്റെ ആദ്യത്തെ ആകാശയാത്രയിൽ മേഘങ്ങൾക്കിടയിലൂടെ വിമാനം കടന്നു പോകുന്നത് വിന്റോ സീറ്റിലിരുന്ന് കാണുമ്പോൾ എനിക്കുറപ്പുണ്ടായിരുന്നു എന്റെ പാദങ്ങൾ ഭൂമിയേ തൊടുന്നില്ലായെന്ന്,
അമേരിക്കയിൽ ഞാൻ ഭയപ്പെട്ടതു പോലെ ഒന്നും തന്നെ എനിക്ക് നേരിടേണ്ടി വന്നില്ല,
എന്നാൽ പുതിയ കുറെ കാഴ്ച്ചകളും, അനുഭവങ്ങളും, മാനസീക പിൻബലവും, ബർബാറ വില്യംസ് എന്ന ഒരു നല്ല കൂട്ടുകാരിയേ റൂംമേറ്റായും എനിക്കവിടുന്ന് കിട്ടി,
എന്നാൽ ഞാൻ അമേരിക്കയിലെത്തിയിട്ടും
ചോറുണ്ടോ ?
ചായ കുടിച്ചോ ?
എന്നുള്ള അമ്മയുടെ പഴയ പല്ലവികൾ അമ്മ ആവർത്തിച്ചു കൊണ്ടെയിരുന്നു,
ബർബാറ കൂടെയുള്ളൊരു ദിവസവും അമ്മ ഇതേ പല്ലവി ആവർത്തിച്ചപ്പോൾ ഞാൻ അതേപ്പറ്റി ബർബാറയോടു ഒരു പരാതി പോലെ പറഞ്ഞതും,
അതു കേട്ട്
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു,
ഞങ്ങൾ അമേരിക്കക്കാർക്ക് ഇടയിൽ കുറെക്കാലമായി ഒരു സംസാരമുണ്ട്, ആരാണതിന്റെ ഉപജ്ഞാതാവ് എന്നറിയില്ല എന്നാലത് സത്യമാണെന്ന് എനിക്കിപ്പോൾ ഉറപ്പായിയെന്ന്,
അവളതു പറഞ്ഞതും അതെന്താണെന്നറിയാനുള്ള ആകാംക്ഷ എന്നിൽ നിഴലിച്ചു, അതറിയാനായി ഞാനവളെ നോക്കിയതും അവൾ പറഞ്ഞു,
" നിങ്ങൾ വീട്ടിൽ നിന്ന് അകലെയാവുമ്പോൾ ഫോണിലൂടെ നിങ്ങളുടെ അമ്മ ചോദ്യം ചോദിക്കുന്നത്,
" കുഞ്ഞേ, നീയെന്തെങ്കിലും കഴിച്ചോ ? " എന്നാണെങ്കിൽ ഉറപ്പിക്കാം,
നിങ്ങൾ ഇന്ത്യക്കാരിയായ ഒരമ്മയുടെ കുട്ടിയാണെന്ന്...!
അത്രക്ക് കരുതൽ ആയിരിക്കും അവർക്ക് മക്കളുടെ കാര്യത്തിൽ എന്നു കൂടി അവൾ പറഞ്ഞതോടെ സന്തോഷം കൊണ്ടെന്റെ കണ്ണുകൾ വന്നു നിറഞ്ഞു,
നമ്മുടെ നാടും നമ്മുടെ അമ്മമാരും അവരുടെ നന്മയും ഒരേപ്പോലെ
ഒന്നായി ചേർന്ന അവളുടെ വാക്കുകൾക്ക് മുന്നിൽ,
ആ നിമിഷം തന്നെ ഞാൻ ബർബാറയേ ആലിംഗനം ചെയ്തു,
അതിനടുത്ത നിമിഷം,
ഫോണെടുത്ത് ഞാനമ്മയേ തിരിച്ചു വിളിച്ച് ഞാനെന്റെ അമ്മയോടു പറഞ്ഞു,
അമ്മാ ഐ ലവ് യൂ യെന്ന് "
അമ്മ അതിനു മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും,
എന്റെ വാക്കുകൾ കേട്ട്
പുഞ്ചിരി തൂകുന്ന അമ്മയുടെ മുഖം എന്റെ ഉൾഹൃദയത്തിലൂടെ
എനിക്കപ്പോൾ കാണാമായിരുന്നു....!!!!

ഇഷ്ടം

Art, Fingers, Heart, Love, Pair
എന്റെ ഭാര്യ ഒരു ദിവസം എന്നോടു ചോദിച്ചു,
നിങ്ങൾക്കുള്ളിലെ എന്നോടുള്ള ഇഷ്ടം എത്രമാത്രം വിലപ്പെട്ടതാണെന്ന്...? "
ചോദ്യം നിസാരമായിരുന്നെങ്കിലും പെട്ടന്നൊരുത്തരം നൽകാൻ എനിക്കപ്പോൾ സാധിച്ചില്ല,
ചോദ്യം ചോദിച്ച്
ഉത്തരത്തിനായി കാത്തു നിൽക്കാതെ അവൾ അവളുടെ പണികളിലെക്ക് തിരിഞ്ഞപ്പോൾ എനിക്കു മനസിലായി
ആ ചോദ്യം കേട്ടതു പോലെ അത്ര നിസാരമല്ലെന്ന്,
അവൾക്കാവശ്യം സ്ഥിരം പല്ലവികളല്ലെന്നും അതിലെന്റെ ആത്മാവുണ്ടാകണമെന്നും വ്യക്തം....!
അതല്ലായിരുന്നെങ്കിൽ
അവൾ ആ ചോദ്യത്തിന്റെ ഉത്തരത്തിനായി അവിടെ തന്നെ കാത്തു നിന്നേനെ..,
രണ്ടു ദിവസത്തിനു ശേഷം
അവൾ എന്നോടു വീണ്ടും പറഞ്ഞു,
ഞാൻ ചോദിച്ച ചോദ്യത്തിനു ഇതുവരെ എനിക്കൊരു ഉത്തരം കിട്ടിയിട്ടില്ലാട്ടോന്ന്,
ആ ചോദ്യം ഞാൻ മറന്നിട്ടൊന്നുമില്ലായിരുന്നു പക്ഷെ നിർബന്ധപ്പൂർവ്വം ആ ചോദ്യത്തിനൊരു ഉത്തരം കണ്ടെത്താൻ ശ്രമിച്ചില്ലാന്നു മാത്രം,
ദിവസങ്ങൾ പിന്നെയും കടന്നു പോയി
അവളുടെ ചോദ്യത്തിനുള്ള
ഉത്തരം മാത്രം നൽകാനായില്ല,
ദിവസങ്ങൾ പരിതി വിട്ടതോടെ അവൾ എനിക്കൊരു #ഡെഡ്_ലൈൻ വെച്ചു,
ഒരാഴ്ച്ച കഴിഞ്ഞ് വരുന്ന
ഞങ്ങളുടെ പത്താം വിവാഹ വാർഷികത്തിന്റെ അന്ന് അവൾക്കുള്ള സമ്മാനപ്പൊതിയോടൊപ്പം
ആ ചോദ്യത്തിനുള്ള ഉത്തരവും നിർബന്ധമായും വേണമെന്ന്...!
അതോടെ ഞാൻ ശരിക്കും പെട്ടു...!
രാവിലെ അവൾ പറഞ്ഞതും കേട്ടാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത് അതു കൊണ്ടു തന്നെ മനസു മുഴുവൻ
ആ ചോദ്യം തന്നെയായിരുന്നു.,
ആലോജിച്ചാലോജിച്ച് കുറെ ദൂരം ചെന്നപ്പോൾ പെട്ടന്നാണ് മറ്റൊരാശയം മനസിലോട്ടു വന്നത്,
എന്തു കൊണ്ട് ഇതെ ചോദ്യം തിരിച്ചവളോടും ചോദിച്ചു കൂടായെന്ന് ? ?
തിരിച്ച് അവളെയും
ഒന്നു ഉത്തരം മുട്ടിക്കാലോ ?
അന്നു രാത്രി വീട്ടിലെത്തിയ ഞാൻ അതെ ചോദ്യം തന്നെ അവളോടും ചോദിച്ചു,
അതുകേട്ടതും
ഉടൻ തന്നെ അവളുടെ മറുപടിയും വന്നു,
വിവാഹ വാർഷികത്തിന്റെ അന്ന്
ഞാൻ നിങ്ങൾക്ക് നൽകുന്ന സമ്മാനപ്പൊതിയോടൊപ്പം
ഈ ചോദ്യത്തിനുള്ള എന്റെ ഉത്തരവും അതിൽ ഉണ്ടാവുമെന്ന്..!!
അതു കേട്ടതോടെ
മുന്നേ ആരോ പറഞ്ഞ ഒരു കാര്യമാണ് ഒാർമ്മ വന്നത്,
നമ്മൾ ഭാര്യമാരോട് വാദിച്ചു
ജയിക്കാൻ നോക്കിട്ട് ഒരു കാര്യവുമില്ല,
അവർ അവർക്കാവശ്യമായതെല്ലാം കണ്ടെത്തിയ ശേഷമാണ്
അവർ നമ്മളോടു ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുന്നതു തന്നെയെന്ന്.....!
അതോടൊപ്പം
മറ്റൊന്നു കൂടി എനിക്കു ബോധ്യപ്പെട്ടു,
എന്റെ ഹൃദയത്തിൽ
ഞാൻ അവൾക്കു നൽകിയിരിക്കുന്ന ആ സ്ഥാനം എന്താണെന്നറിയാൻ അവളും അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന്..."
എനിക്കവളോട് വളരെയധികം ഇഷ്ടമുണ്ടെന്ന് വ്യക്തമായി അവൾക്കറിയാം,
എന്നാൽ അവൾക്കറിയേണ്ടത് അതിന് എന്റെയുള്ളിൽ എത്രത്തോള്ളം ആഴമുണ്ടെന്നാണ്,
കൂടാതെ ഞാൻ പറയുന്ന വാക്കുകളിലൂടെ അവൾക്കതു ബോധ്യപ്പെടുകയും വേണം..."
പോയി പോയി അവൾക്കു വാങ്ങാനുദേശിച്ച സമ്മാനത്തിനേക്കാൾ പ്രാധാന്യം ആ ഉത്തരത്തിനായി മാറി.
മനസിൽ അതു മാത്രമായതോടെ കാണുന്ന എന്തിലും ഏതിലും ഞാൻ ആ ഉത്തരം തിരയാൻ തുടങ്ങി.,
അങ്ങിനെ വിവാഹ വാർഷികത്തിന്റെ തലേ ദിവസം ട്രാഫിക്കിൽ പെട്ടു കിടക്കുമ്പോൾ ഞാൻ ഒരു കാഴ്ച്ച കണ്ടു,
വൃദ്ധയായ ഒരു സ്ത്രീ കുറച്ച് ഉയർന്ന
ഒരു സ്റ്റെപ്പ് തനിച്ചിറങ്ങാൻ ബുദ്ധിമുട്ടി നിൽക്കുന്നതും അതു കണ്ട് കൂടെയുണ്ടായിരുന്ന അവരുടെ ഭർത്താവ് അവർക്കടുത്തേക്ക് നടന്നു ചെന്ന് ആ സ്റ്റെപ്പ് ഇറങ്ങുന്നതിനു സഹായമായി അവർക്കു നേരേ കൈനീട്ടുന്നതും,
ഞാനടക്കം അതു കണ്ടു നിന്ന സകലർകും തോന്നിയത് അയാൾക്കതിനു സാധിക്കുമോയെന്നാണ്....?
കാരണം,
പ്രായത്തിന്റെ എല്ലാ അവശതകളും അയാളിൽ വ്യക്തമായി തന്നെ തെളിഞ്ഞു കാണുന്നുണ്ട്,
പറയത്തക്ക വലിയ ആരോഗ്യ ലക്ഷണങ്ങളാണെങ്കിൽ കാണുന്നുമില്ല,
എങ്ങാനും പിടി ഒന്നു തെറ്റിയാൽ
രണ്ടാളും ഒന്നായി മറിഞ്ഞു താഴെ വീഴും ഉറപ്പ്...!
ഞങ്ങൾ പലതും കരുതിയെങ്കിലും
ആ സ്ത്രീക്ക് പക്ഷെ യാതൊരു സംശയവും ഇല്ലായിരുന്നു അവർ തന്റെ ഭർത്താവ് നീട്ടിയ കൈയ്യിൽ പിടിച്ച് നിഷ്പ്രയാസം ആ സ്റ്റെപ്പ് ഇറങ്ങി...!
അതോടെ ഒരു കാര്യം മനസിലായി,
അവർ വിശ്വസിക്കുന്നത്
ഭർത്താവിന്റെ ആരോഗ്യത്തിലോ
ആ കൈയുടെ ബലത്തിലോ അല്ല,
അവർ വിശ്വസം വെച്ചിരിക്കുന്നത് അവരുടെ ഭർത്താവിലാണ് എന്ന് "
അവർക്കറിയാം
ഒരൽപ്പം വിശ്വാസകുറവ് ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും തന്റെ ഭർത്താവതിനു മുതിരില്ലാന്ന് അതാണു വിശ്വാസം"
ആ നിമിഷം തന്നെ അവളുടെ ചോദ്യത്തിനുള്ള ഉത്തരവും എന്നിൽ വന്നു ചേർന്നു,
ഒരു വിവാഹ ജീവിതത്തിലെ
എറ്റവും മനോഹരമായ കാര്യം പരസ്പര വിശ്വാസം അതു നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിയുക എന്നതാണ്,
അതിലൂന്നി ചിന്തിച്ചപ്പോൾ
അവളോടു പറയാനുള്ള
ഒരോ വാക്കുകളും എന്നിൽ തെളിഞ്ഞു വന്നു,
ആ സമയം എന്റെ മനസിൽ വിടർന്ന..,
" ഈ ലോകത്തുള്ള മറ്റൊന്നിനു വേണ്ടിയും ഞാൻ നിന്നെ നഷ്ടപ്പെടുത്തുകയില്ല "
എന്ന ആ വാക്കുകൾ
ഞാനാദ്യം എഴുതിയത് എന്റെ സ്വന്തം ഹൃദയത്തിൽ തന്നെയായിരുന്നു "
ഞാനെന്താണോ മനസിലാഗ്രഹിച്ചത് അതിന്റെ പൂർണ്ണതോടെ അവ ഒത്തു ചേർന്നു വന്നപ്പോൾ മനസിലാകെ ഒരു പ്രണയ തുലാമഴ പെയ്യുന്ന സുഖം നിറഞ്ഞു,
അതോടെ എനിക്കൊരൽപ്പം അഹങ്കാരമൊക്കെ തോന്നി എന്തായാലും അവൾ ഇത്രത്തോള്ളം ആഴത്തിലൊന്നും ചിന്തിച്ചെഴുതില്ലാന്ന് എനിക്കുറപ്പുണ്ടായിരുന്നു,
അങ്ങിനെ ഞങ്ങളുടെ പത്താം വിവാഹ വാർഷിക ദിനത്തിൽ ഞാനവൾക്കു വാങ്ങിയ സാരിയുടെ കൂടെ എന്റെ ഇഷ്ടം ഒരു കടലാസിൽ എഴുതി അതും ചേർത്ത് ഞാനവൾക്ക് നൽകി,
അവൾ എനിക്കു സമ്മാനിക്കാനായി വാങ്ങിയ വാച്ചിന്റെ കൂടെ അവളുടെ ഇഷ്ടം ഒരു കടലാസിലെഴുതി അതവൾ എനിക്കും തന്നു,
ഞാനെഴുതിയതു വായിച്ചതും അവൾ എന്നെ തന്നെ നോക്കി അവളുടെ ആ നോട്ടത്തിൽ ഒരതിശയോക്തിയുടെയും വിശ്വാസ കുറവിന്റെയും ഒരു ഭാവം നിറഞ്ഞിരുന്നു,
പെട്ടന്ന് അതെന്താണെന്നു മനസിലായില്ലെങ്കിലും,
അവൾ എന്തായിരിക്കും എഴുതിയിരിക്കുന്നത് എന്നറിയുന്നതിലെ ആകാംഷ അവൾ എഴുതി തന്ന കടലാസ് നിവർത്തി വായിച്ചതും എനിക്കും അത്ഭുതം...!
രണ്ടു പേരും എഴുതിയത്
ഒരേ പോലെ വന്നിരിക്കുന്നു....!
അവളെ അത്ഭുതപ്പെടുത്താൻ ശ്രമിച്ച എന്നെ ആ വരികളിലൂടെ അവൾ ശരിക്കും അത്ഭുതപ്പെടുത്തി..,
അതെങ്ങിനെ ഒരു പോലെ വന്നു എന്നതിലായിരുന്നു അവൾക്കും അതിശയം,
അവളുടെ അന്നേരത്തെ ആ ഭാവം അതിന്റെയായിരുന്നു..!
ചിലപ്പോൾ ഞങ്ങളുടെ മനസിന്റെ പൊരുത്തമായിരിക്കാം.."
എന്നാൽ
ഞാൻ എഴുതിയതിനേക്കാൾ
എത്രയോ മനോഹരമായാണ് അവൾ അവൾക്കെന്നോടുള്ള ഇഷ്ടങ്ങളെ വിവരിച്ചിരിക്കുന്നത്,
അവൾ ഹൃദയപ്പൂർവ്വം എഴുതിയ
ആ വരികൾ ഇവയായിരുന്നു,
" ഈ ലോകത്തിലെ
എല്ലാ വിശുദ്ധമായതിനോടും ഒപ്പം
ഞാൻ മനസു ചേർത്തു വെച്ചു സ്നേഹിക്കുന്ന രൂപമാണു നീ "
അവൾ എഴുതിയത് വായിച്ച എനിക്ക് ഞാൻ അവളെ കുറിച്ചെഴുതിയ
എന്റെ അടയാളപ്പെടുത്തലുകൾ കുറഞ്ഞു പോയോ എന്നൊരു വിഷമം,
പെട്ടന്നെന്റെ മുഖം അതോർത്ത് ഒരൽപ്പം മങ്ങി എന്നാൽ അതു കണ്ട് അതിനടുത്ത നിമിഷം തന്നെ അവൾ വേഗം വന്നെനെ അവളുടെ ഇരുകൈയാൽ ചേർത്തു പിടിച്ചു,
അവളുടെ
ആ കെട്ടിപ്പിടുത്തത്തിന്റെ മുറുക്കത്തിൽ തന്നെ എനിക്കു മനസിലായി അവളുടെ അന്നേരത്തെ എന്നോടുള്ള ഇഷ്ടം..!
ആ സമയം ഞാനവളുടെ മുഖം തെല്ലുയർത്തി അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.....!

By Pratheesh @ Nallezhuth

റൗഡി വൈഫ്

Grayscale Photography of Woman Holding Camera Shooting at Vehicle Side Mirror
അവളെന്റെ സ്വന്തം ഭാര്യയാണെങ്കിലും ചിലപ്പോഴൊക്കെ എനിക്കവളെ തല്ലി കൊല്ലാൻ തോന്നും...,
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ അതും അഞ്ചര വർഷത്തെ നീണ്ട പ്രണയത്തിനു ശേഷം എന്നാൽ പ്രണയിക്കുമ്പോൾ ഞാൻ കണ്ട പെണ്ണെയല്ലായിരുന്നു ഭാര്യയായപ്പോൾ അവൾ,
വലിയ പിടിവാശികളും,
തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യവും,
അവൾ പറയുന്നത് അനുസരിക്കണമെന്ന ശാഠ്യവും, അവളാണു ഭർത്താവെന്ന രീതിയിലുള്ള നടപ്പുകളും അതും പോരാഞ്ഞ് ഇപ്പോൾ എല്ലാം ഒരു സംശയത്തിന്റെ കണ്ണിലൂടെയാണവൾ എന്നെയും നോക്കി കാണുന്നത്,
മൊബൈലിനു റെയ്ഞ്ചിന്റെ പ്രശ്നം വരുമ്പോൾ ഫോണുമായി വീടിനു പുറത്തിറങ്ങി സംസാരിക്കുന്നതു പോലും അവൾ ചെവി വട്ടം പിടിച്ച് കാതോർക്കും ഞാനാരോടാണ്
അവളറിയാതെ പുറത്തു പോയി സംസാരിക്കുന്നതെന്ന് ?
ഇനി ഇതെങ്ങാനും രാത്രിയിലാണെങ്കിൽ കഴിഞ്ഞു കഥ അന്നേരം തൊട്ടവൾ ഭദ്രകാളിയാവും..,
പകൽ സമയങ്ങളിൽ എന്നെ കുറച്ചധികം നേരം അതായത് അവൾ അവളുടെ മനസിൽ എനിക്കനുവദിച്ച സമയത്തിനും അപ്പുറം വാട്ട്സ്ആപ്പിൽ കണ്ടാൽ ഉടനെ അവളുടെ ഫോൺ വരും നിങ്ങൾക്കെന്താ വാട്ട്സ് ആപ്പിൽ പരിപാടി ?
ഏതവളുമായിട്ടാ നിങ്ങളുടെ ചാറ്റിങ്ങ് ?
എന്നും ചോദിച്ചു കൊണ്ട്,
നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഒരുത്തിയും ശരിയല്ല,
എല്ലാറ്റിനും ഒരു കള്ളദൃഷ്ടിയുണ്ട്,
എന്നൊക്കെയാണ് അവളുടെ സംശയങ്ങൾ,
ഒാഫീസിലെ പെണ്ണുങ്ങളോടൊപ്പം
ഇരുന്ന് ഉച്ചഭക്ഷണം കഴിക്കരുത്,
അവരോടൊപ്പം ചായ കുടിക്കാൻ പുറത്തു പോകരുത്,
അവരോടൊന്നിച്ച് എങ്ങോട്ടും യാത്ര ചെയ്യരുത്,
അവരെ തൊട്ടുരുമി ഇരിക്കരുത്,
അവരോട് കൊഞ്ചികുഴയരുത് തുടങ്ങിയ കർക്കശ നിയമങ്ങൾ വേറെയും,
ഇവിടങ്ങളിലൊക്കെയാണ് പ്രണയം തുടക്കം കുറിക്കുന്നതെന്നാണ് അവളുടെ കണ്ടെത്തൽ,
കൂടെ വീട്ടിലെത്തിയാൽ
ഞാൻ ഫോൺ നോക്കി ചിരിക്കാനും പാടില്ല,
ഇതിലും കഷ്ടമാണ് ഒഫീസ് കഴിഞ്ഞാൽ അടുത്ത ഒരു മണിക്കൂറിനുള്ളിൽ വീട്ടിലെത്തണമെന്ന അവളുടെ ആവശ്യം,
നമ്മുക്കാണെങ്കിൽ ഒാഫീസിലെ തിരക്കും ടെൻഷനും കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് കുറച്ചെങ്കിലും രസവും ആശ്വാസവും ഉള്ളത് അവിടെയും അവളുടെ ഇഷ്ടത്തിനൊത്ത് തുള്ളണമെന്നു വെച്ചാൽ അതിത്തിരി പാടാണ്,
അവളാണെങ്കിൽ ആറു മണിക്ക് ഒരു മിനുട്ട് ബാക്കിയുള്ളപ്പോൾ തൊട്ട് എവിടെയെത്തിയെന്നും ചോദിച്ച് ഫോണിൽ വിളി തുടങ്ങും ആ ചോദ്യമങ്ങു കേൾക്കുമ്പോൾ തന്നെ മനുഷ്യനു പ്രാന്തു പിടിക്കും,
അവൾക്കങ്ങിനെ വിളിച്ചോണ്ടിരിക്കാം എന്നാൽ നമുക്ക് നമ്മുടെതായ ഒരു ലോകമുണ്ട് അതു നഷ്ടപ്പെടുത്തി ജീവിക്കുക എന്നത് നമുക്കും പ്രയാസമുള്ള കാര്യമാണ് അതവൾ മനസിലാക്കുന്നേയില്ല..,
എന്നാലും ഞാൻ വിട്ടു കൊടുക്കില്ല ഫോൺ ഒാഫാക്കി വെച്ച് ഞാൻ കൂട്ടുകാരോടൊത്ത് പോയിരിക്കും എന്നിട്ട് ഒരു എട്ടരയാവുമ്പോൾ മെല്ലെ വീട്ടിൽ കയറി ചെല്ലും ആ സമയം എന്നെയും കാത്തവൾ പുറത്തു തന്നെയുണ്ടാവും എന്നെ കാണുന്ന നിമിഷം അവൾ മുഖം വീർപ്പിച്ച് അകത്തേക്ക് കയറി പോകും..,
ആ സമയം അവളുടെ മനസിലുണ്ടാവും അവൾ അപ്പോൾ പപ്പടം പൊരിക്കുന്ന ആ തിളച്ച വെളിച്ചെണ്ണയിൽ എന്നെ കൂടി വറുത്തെടുക്കണമെന്ന്,
പക്ഷെ അവളുടെ എല്ലാ റൗഡിത്തരങ്ങൾക്കും അങ്ങിനെ വഴിവെച്ചു കൊടുക്കാൻ പറ്റില്ലല്ലോ..?
അവളുടെ പ്രധാന പ്രശ്നം എപ്പോഴും അവളുടെ കൺവെട്ടത്ത് ഞാനുണ്ടാവണമെന്നതാണ്,
എന്നാലൊ അപ്പോഴും എന്റെ ഫോണിലേക്ക് ഒരു കോളോ മെസേജോ വന്നാൽ അതിനടുത്ത നിമിഷം തന്നെ അവളുടെ തല എനിലേക്ക് വെട്ടി തിരിയും,
എറ്റവും വലിയ തലവേദന അനാവശ്യമായ അവളുടെ ഫോൺവിളിയാണ് ഒരോ അര മണിക്കൂറിലും അലാറം സെറ്റു ചെയ്തു വെച്ച പോലെ അനാവശ്യവും കൃത്യവുമായി അവ വന്നിരിക്കും,
ഒരു കല്യാണത്തിനു പോയാൽ പോലും അവളെന്നെ വിട്ടുമാറുകയേ ഇല്ല, കല്യാണത്തിനു വന്ന ഏതെങ്കിലും പെണ്ണെന്നെ ഒന്നു നോക്കിയാൽ,
എന്റെ ഭാര്യക്ക് സ്വന്തമായി പതിച്ചു കിട്ടിയ ഭൂമിയാണു ഞാൻ എന്ന രീതിയിൽ അവൾ എന്നോടു കുറച്ചു കൂടി ചേർന്നിരിക്കും, അതു കണ്ടും ആ പെണ്ണെനെ പിന്നേയും നേക്കിയാൽ അവളെന്റെ കൈയ്യെടുത്ത് അവളുടെ തോളിലിടും...!
ഇനി ആ കല്യാണത്തിനിടക്ക് തന്നെ വേറെ ഏതെങ്കിലും രണ്ടാമതൊരു പെണ്ണ് കുറച്ചധികം താൽപ്പര്യത്തോടെയോ സ്നേഹത്തോടെയോ എന്നെ എങ്ങാനം നോക്കുന്നതവളുടെ ശ്രദ്ധയിൽ പെട്ടാൽ അന്നു രാത്രി എനിക്കു ശിവരാത്രിയാണ് ഉറങ്ങാൻ പറ്റില്ല,
ഞാൻ ആ പെണ്ണിന്റെ ശ്രദ്ധ ഞാൻ എന്നിലേക്ക് ക്ഷണിച്ചു വരുത്തി,
അവൾക്ക് എന്നിലേക്കുള്ള താൽപ്പര്യത്തെ വളർത്താൻ ഞാൻ സൗകര്യം ഒരുക്കി കൊടുത്തു,
അവളുടെ നോട്ടങ്ങളെ ശക്തമായി തടയാൻ ശ്രമിച്ചില്ല,
പുതിയ ഷർട്ടും ജീൻസും ഇട്ടു സ്പ്രേയും അടിച്ചു ഇറങ്ങിയിരിക്കാണ് കാമുകൻ കളിക്കാൻ.
തുടങ്ങി ഒരോന്നു പറഞ്ഞ്
ചെവി തല കേൾപ്പിക്കില്ല,
അന്നേരം തോന്നും
ഇതിനെ എടുത്തോണ്ടു പോയി കിണറ്റിലിട്ടാലോന്ന് ?
പിന്നെ വിചാരിക്കും അങ്ങിനെ ചെയ്താൽ നമ്മുടെ ഉള്ള വെള്ളം കുടി മുട്ടുമല്ലൊന്ന്,
അതോടെ ആ തീരുമാനവും അവസാനിക്കും,
അങ്ങിനെയിരിക്കെ ഒരു സംഭവമുണ്ടായി എനിക്ക് ഒരു കമ്പനി മീറ്റിങ്ങിന് ഹൈദരാബാദു വരെ പോകേണ്ടതുണ്ടായിരുന്നു അവളും അച്ഛനും കൂടിയാണ് എന്നെ അന്നു കൊണ്ടു വിടാൻ റെയിൽവ്വേസ്റ്റേഷൻ വരെ വന്നത്,
അവൾ വന്ന് റിസർവേഷൻ ചാർട്ടു നോക്കിയപ്പോൾ എന്റെ പേരിനു തൊട്ടു താഴെ ഒരു #അനുരാധ_മംഗൾ എന്നൊരു പേരു കണ്ടത്,
അവരും ഹൈദരാബാദിലെക്കു തന്നെയായിരുന്നു,
അതു കണ്ടതും
അവൾക്കു പിന്നെയും സംശയം ആ സമയം അവൾ എന്നെ നോക്കിയ ഒരു നോട്ടമുണ്ട്
" എടോ താൻ കമ്പനി മീറ്റിങ്ങിനു തന്നെയാണോ പോണത് അതോ...? " എന്നതായിരുന്നു
ആ നോട്ടത്തിനർത്ഥം...!
അതു കണ്ടതും
ഞാൻ മുഖം വെട്ടിച്ചു കളഞ്ഞു,
അതെല്ലാം കണ്ടതും ഞാൻ മനസിൽ വിചാരിക്കുകയായിരുന്നു
ഈശ്വരാ വരുന്ന സ്ത്രീ ഒരു തൈകിളവി ആയിരിക്കണേന്ന് "
എന്നാൽ ഈശ്വരൻ അവിടെയും എന്നെ കൈവിട്ടു,
അവൾ എന്നെയും റിസർവേഷൻ ചാർട്ട് ബോർഡിനേയും മാറി മാറി സംശയത്തോടെ നോക്കവേ പെട്ടന്ന് അനുരാധ എന്ന പേരിനു മേൽ ആകാശനീല നെയിൽപോളിഷണിഞ്ഞ ഒരു വിരൽ വന്നു പതിഞ്ഞു,
അതു കണ്ട് ആ വിരലിനുടമയേ ഞാനൊന്നു നോക്കിയതും എന്റെ പ്രതീക്ഷകൾ പാടെ തകർന്നു, ഒരു മുപ്പതിനോടടുത്ത് പ്രായമുള്ള നല്ല കടും നീല ക്ലിഫോൺ സാരിയെല്ലാം ഉടുത്ത് ഒരു മൾട്ടി മദാലസയായ രൂപം"
ആ സ്ത്രീയേ കണ്ടതും അവളുടെ മുഖമൊന്നു കണണമായിരുന്നു,
അവളുടെ ഉള്ളിൽ അന്നേരം കിടന്നു കത്തിയെരിയുന്ന സംശയത്തിന്റെ ആ കനൽ എനിക്കു വ്യക്തമായി കാണായിരുന്നു,
അതു കണ്ടതും ഞാനുറപ്പിച്ചു ഇനി അവളെന്നെ ഒറ്റക്കു വിടില്ലാന്ന്,
എന്നാൽ അച്ഛൻ കൂടെയുണ്ടായിരുന്നത് ഒരു കണക്കിന് സഹായമായി,
എന്നാലവളുടെ മനസ്സ് അന്നേരം സംശയത്തിന്റെ കൊടുമുടി കയറുകയായിരുന്നു,
ട്രെയിൻ വന്നതും പെട്ടന്നു തന്നെ ഞാനതിൽ കയറിയിരുന്നു അതും അവൾക്ക് അത്ര പിടിച്ചിട്ടില്ലെന്ന് അവളുടെ മുഖഭാവങ്ങളിൽ നിന്ന് എനിക്കു മനസിലായി,
അച്ഛനകത്തേക്കു വന്നെങ്കിലും അവൾ ട്രെയിനിന്റെ വിന്റോയിലൂടെ എന്നെ തന്നെ നോക്കുകയായിരുന്നു,
അതിനിടയിൽ അനുരാധ എന്റെ മുന്നിലെ സീറ്റിൽ വന്നിരിക്കുകയും സൗഹാർദപരമായി എന്നെ നോക്കി ഒന്നു ചിരിക്കുകയും ചെയ്തു,
അതു കണ്ടതും അവളുടെ കലിപ്പ് പെരുവിരലിൽ നിന്നു നെറുംതല വരെ കയറുന്നത് ഞാൻ കണ്ടു,
ട്രെയിൻ വിടാൻ തുടങ്ങിയതും അവളുടെ മുഖത്തൊരു ഭാവം പ്രത്യക്ഷപ്പെട്ടു,
" അച്ഛൻ കൂടെയുള്ളത് നിന്റെ ഭാഗ്യം ഇല്ലെങ്കിൽ നിന്നെ ഞാൻ കൊന്നേനെ " എന്ന തരത്തിൽ,
ട്രെയിൻ സ്റ്റേഷൻ വിടാൻ തുടങ്ങിയതോടെ രക്ഷപ്പെട്ടു എന്നു കരുതിയതായിരുന്നു എന്നാലവൾ വീട്ടിലെത്തേണ്ട താമസം വീഡിയോ കോളിലൂടെ അവൾ എന്നെ പിൻതുടരാൻ തുടങ്ങി,
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ട്രെയിനിലും റോഡിലും ഹോട്ടൽ മുറിയിൽ പോലും വീഡിയോ കോൾ വഴി അവളെന്നെ പിൻ തുടർന്നു കൊണ്ടെയിരുന്നു,
എന്നാൽ സംശയത്തിന്റെ കാഠിന്യം മൂത്ത് അന്ന് അർദ്ധരാത്രിയിൽ
എന്നെ വിളിച്ചുണർത്തി ഹോട്ടലിലെ കുളിമുറിയിലും കട്ടിലിനടിയിലും ഞാൻ അനുരാധയേ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ വിഡീയോ കോൾ വഴി അവിടമെല്ലാം കാണണമെന്നു വാശിപിടിച്ചത് എന്നെ സംബന്ധിച്ച് അസഹ്യമായ ഒന്നായിരുന്നു,
എന്നെ ഒരു വിശ്വാസവും ഇല്ലാത്തതു പോലെ ഒരോന്ന് പ്രവർത്തിക്കുക എന്നു വെച്ചാൽ എന്റെ അഭിമാനത്തെ പോലും ചോദ്യം ചെയ്യും വിധമാണ് എനിക്കനുഭവപ്പെട്ടത്,
ആ സംഭവത്തോടെ ഇതിനൊരു തീരുമാനം വേണമെന്ന് എനിക്കും തോന്നി,
തുടർന്ന് കോൺഫ്രൻസ് കഴിഞ്ഞു നാട്ടിലെത്തിയ ഞാൻ വീട്ടിലേക്കു പോകും മുന്നേ നേരെ എന്റെ സുഹൃത്തും വക്കീലുമായ #ജോഷ്വോ_ഡാർവിയെ കാണാനാണു പോയത്,
അവൻ രണ്ടു വഴികളാണു എന്റെ മുന്നോട്ടു വെച്ചത്,
അതിലൊന്ന് ഈ ബന്ധം അവസാനിപ്പിക്കുക എന്നതായിരുന്നു,
എന്നാൽ
എല്ലാം ഉപേക്ഷിച്ച് എന്നെ വിശ്വസിച്ച് കൂടെ വന്ന അവളെ കുറിച്ച് അങ്ങിനെ ഒന്ന് ആലോചിക്കാൻ കൂടി എനിക്കു സാധിക്കുമായിരുന്നില്ല,
അതിനൊരിക്കലും ഞാൻ തയ്യാറല്ല കാരണം അവളെ ഞാൻ തന്നെ തിരഞ്ഞെടുത്തതാണ്
അതിൽ എന്തു കുറ്റങ്ങൾ വന്നാലും അതു സഹിക്കേണ്ട ബാധ്യത കൂടി എനിക്കുണ്ട് അതു കൊണ്ടു തന്നെ അവളെ ജീവിതത്തിൽ നിന്നെടുത്തു മാറ്റുക എന്നത് എനിക്ക് സാധ്യമല്ല,
ഞാൻ ഉറങ്ങി കിടക്കുമ്പോൾ
അവൾ എന്നെ കൊല്ലുമെന്നു എനിക്ക് ഉറപ്പുണ്ടെങ്കിൽ പോലും ഞാനവളോടൊപ്പമേ ഉറങ്ങു,
അവൾ എന്നെ എന്തും ചെയ്തോട്ടെ ഞാനവളെ അത്രയേറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു,
ജോഷ്വോ പറഞ്ഞ രണ്ടാമത്തെ വഴി ആലോചിക്കാവുന്നതാണെങ്കിലും ഈ പ്രശ്നങ്ങൾക്കിടയിൽ അത് എത്രമാത്രം പ്രാക്റ്റിക്കലാകുമെന്ന് നിശ്ചയമില്ല,
അവനടുത്തു നിന്നു ഇറങ്ങിയെങ്കിലും എനിക്കൊരു തീരുമാനവും എടുക്കാനായില്ല,
അവന്റെ ഒാഫീസിനു മുന്നിലായി
ഒരു ക്രിസ്ത്യൻ പള്ളിയുണ്ട് പെട്ടന്നാണ് അതെന്റെ ശ്രദ്ധയിൽ പെട്ടത് മനസ് അസ്വസ്ഥമായിരിക്കുന്നതു കൊണ്ടു തന്നെ കുറച്ചു നേരം അവിടെ പോയിരുന്നാലോ എന്നൊരു തോന്നൽ പിന്നെ അധികം ഒന്നും ചിന്തിച്ചില്ല നേരെ അങ്ങോട്ടു നടന്നു,
പള്ളിയിൽ ആരും തന്നെയില്ലായിരുന്നു, ഒരു കണക്കിന് അതൊരു സൗകര്യമായി ഞാനവിടെയുള്ള ഒരു ബഞ്ചിലിരുന്നു, പള്ളിക്കുള്ളിൽ ആ സമയം ഞാനും ഈശോയും മാത്രം,
പള്ളിക്കകവും ഈശോയേയും നോക്കിയിരിക്കവേ എന്റെ ഉള്ളു നിറയേ അവളും ജീവിതവും മാത്രമായിരുന്നു,
എങ്ങിനെ ഇങ്ങനെ മുന്നോട്ടു പോകും എന്നെനിക്കൊരു പിടിയുമില്ലായിരുന്നു,
എല്ലാം മനസിലോർത്ത് ഈശോയേ നോക്കിയിരിക്കവേ പെട്ടന്ന് ഈശോയുടെ ദൃഷ്ടി പതിക്കുന്നത്
ഞാൻ ഇരിക്കുന്നതിനും തൊട്ടുമാറി വലതു വശത്താണെന്നൊരു തോന്നൽ ഞാനങ്ങോട്ടു നോക്കിയതും അവിടെയൊരു ബൈബിൾ "
പെട്ടന്ന് ഏതൊ ഉൾപ്രേരണയുടെ പുറത്ത് ഞാനെഴുന്നേറ്റ് ചെന്ന് ആ ബൈബിളിനു മുന്നിൽ ചെന്നിരുന്നു പതിയെ അതെടുത്തു തുറന്നു മെല്ലെ വായിക്കാൻ ശ്രമിക്കവേ,എന്റെ കണ്ണിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്
" ഭയം " എന്ന വാക്കാണ്,
കുറച്ചു നേരം മറ്റൊന്നിലും ശ്രദ്ധ പതിയാത്ത വണ്ണം ആ വാക്കെന്നുള്ളിൽ കിടന്നു തട്ടി കളിച്ചു,
തുടർന്നു വായിക്കവേ
എന്നെ കാത്തൊരു അത്ഭുതം
ആ ബൈബിളിലുണ്ടായിരുന്നു,
ആ അത്ഭുത വാക്ക്യത്തിലായിരുന്നു എന്റെ മനസ്സുടക്കിയത് അതു വായിച്ചു തീർന്നതും എന്റെ ഉള്ളൊന്നു പിടഞ്ഞു "
ഞാനാ കുറച്ചു സമയത്തിനകം
ആ വാക്ക്യം എത്രയോ ആവർത്തി വായിച്ചു തീർത്തു,
ഞാൻ അതുവരെയും അന്വേഷിച്ചതെന്തോ അതിനെനിക്കു ഉത്തരം ലഭിച്ചിരിക്കുന്നു...!
തുടർന്ന് എനിക്കു ലഭിച്ച സഹായത്തിന് ഞാൻ ഈശോയുടെ രൂപത്തിനു മുന്നിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുകയും നന്ദി പറയുകയും ചെയ്തു,
ആ വാക്ക്യം മുൻപ് പല പള്ളിമതിലിലും എഴുതി വെച്ചത് വായിച്ചിട്ടുണ്ടെങ്കിലും അതിന്റെ പൂർണ്ണമായ അർത്ഥത്തലങ്ങളിൽ അതു ഗ്രഹിക്കാൻ കഴിഞ്ഞത് ഈ നിമിഷത്തിലാണ്,
അതെന്റെ ഉള്ളിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി...!
പള്ളിയിൽ നിന്നിറങ്ങുമ്പോൾ എല്ലാം എന്നിൽ വ്യക്തമായിരുന്നു,
ഒരോന്നും എന്നിൽ വളരെ ഭംഗിയായി തന്നെ ഉള്ളിൽ വന്നു നിറഞ്ഞു,
അതു പ്രകാരം ഒരു കാര്യം എനിക്കു മനസിലായി അവൾക്ക് എന്നോടുള്ളത് സംശയമല്ല,
അവളുടെ വിഷയം ഭയമാണ് "
എല്ലാം വിട്ടു വന്നിട്ട്
എന്നെ കൂടി നഷ്ടമാവുമോ എന്ന ഭയം "
ഒരു നോട്ടക്കുറവു കൊണ്ടു പോലും അവൾക്കെന്നെ നഷ്ടമാവരുതെന്ന ഭയം,
അവളുടെ ഉള്ളിൽ ഞാൻ മാത്രമേയുള്ളൂ
ആ എന്നെ ഒരിക്കലും നഷ്ടപ്പെടുത്താനാവാത്ത വിധം അവളുടെ നെഞ്ചോടു ഒതുക്കി പിടിക്കാൻ ശ്രമിക്കുകയാണവൾ ചെയ്യുന്നത് "
അവൾ അതിനായി സ്വീകരിക്കുന്ന വഴികൾ ചിലപ്പോൾ എനിക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാവാം എന്നാൽ അതുവഴിയുള്ള അവളുടെ ഉദേശം മഞ്ഞു പോലെ വിശുദ്ധമാണ്,
അതോടെ ജോഷ്വോ പറഞ്ഞ രണ്ടാമത്തെ കാര്യം പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും എന്നു തോന്നി,
അവൻ പറഞ്ഞ രണ്ടാമത്തെ കാര്യം,
ഒരു കുഞ്ഞില്ലാത്തതാണ്
അവളുടെ പ്രശ്നമെന്നാണ്,
ഒരു കുഞ്ഞ് ഉദരത്തിൽ ജന്മമെടുക്കുന്നതു മുതൽ അമ്മമാർ അതിന്റെ തിരക്കിൽ അകപ്പെട്ടു പോകും അങ്ങിനെ വരുമ്പോൾ ഇപ്പോഴുള്ള പല കാര്യങ്ങൾക്കുമുള്ള സമയം ഉണ്ടായെന്നു വരില്ല എന്നാണവൻ പറഞ്ഞത്, അതു ശരിയാണെന്ന് എനിക്കും തോന്നി,
തുടർന്ന് വരുന്ന വഴിക്ക് മറ്റൊരു ഫ്രണ്ടിനെ വിളിച്ച് പലപ്പോഴായി മാറ്റിവെച്ച ഞങ്ങളുടെ ഹണിമൂൺ ട്രിപ്പ് നടത്താനുള്ള കാര്യങ്ങൾ കൂടി ശരിയാക്കാൻ ഏർപ്പാടാക്കി,
ഇനി എന്റെ കഴിവു തെളിയിച്ച ശേഷമേ ഹണിമൂൺ അവസാനിപ്പിക്കു എന്നു ഞാനും അങ്ങു തീരുമാനിച്ചു...!
അവൾക്കറിയില്ല എന്നെ ഞാൻ വേണ്ടാന്നു വെച്ചിട്ടാണ്
ഇനി ഏതായാലും യുദ്ധക്കാലാടിസ്ഥാനത്തിൽ ഡബിൾഡ്യൂട്ടിയും ഒാവർടൈമും എടുത്ത് ഇതിലൊരു തീരുമാനമാക്കിട്ടെയുള്ളൂ ബാക്കി കാര്യം.,
ഇരട്ടക്കുട്ടികൾ തന്നെ
എന്റെ ലക്ഷ്യമായി ഞാനങ്ങ് തീരുമാനിച്ചു,
അന്ന് ഞാൻ വീട്ടിലെത്തിയത്
അവൾക്ക് ഏറ്റവും ഇഷ്ടമുള്ള മസാലദോശയും വാങ്ങിയായിരുന്നു എന്റെ വരവും കാത്തവൾ വീടിനു മുന്നിൽ തന്നെയുണ്ടായിരുന്നു,
എന്നെ കണ്ടതും
അവളുടെ കണ്ണുകളിൽ അളവില്ലാത്ത സ്നേഹത്തിന്റെ ഒരു ദിവ്യപ്രകാശം തെളിഞ്ഞു,
അതെ നിമിഷം ആ ബൈബിൾ വാക്ക്യം എന്റെയുള്ളിലും വന്നു നിറഞ്ഞു,
" നിന്റെ സമ്പാദ്യം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും " എന്നത്,
അതെ അവളുടെ ഏറ്റവും വലിയ
ആ സമ്പാദ്യം ഞാനാണ്......!

By Pratheesh @ Nallezhuth

പറ്റിച്ച് കടന്നു കളഞ്ഞിട്ട്



എന്നെ
പറ്റിച്ച് കടന്നു കളഞ്ഞിട്ട്
നീ ഇവിടെയാണോടാ പൊങ്ങുന്നത്....?
ചതിയൻ.....!!!!
പെട്ടന്നൊരുത്തി എന്റെയും അവന്റെയും ഇടക്കു കയറി വന്ന് അവനേ നോക്കി ഇങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി....!
അവളുടെ വാക്ക് കേട്ട് അവനും ഞെട്ടി ,
അവനവളെ ഇമവെട്ടാതെ തന്നെ നോക്കി,
തുടർന്നവൾ
എന്നെ കണ്ടതും അവനോടു ചോദിച്ചു,
ഒാ...... നീ പിന്നേയും പുതിയ ഇരയെ പാകപ്പെടുത്തിയെടുക്കുന്ന തിരക്കിലാണല്ലെ....?
നിനക്കൊന്നും ഇതുവരെ മതിയായില്ലെ.....?
എന്നെ പോലുള്ള പെൺക്കുട്ടികൾ നിന്നോട് എന്തു തെറ്റു ചെയ്തു..........?
അവളതു പറഞ്ഞു തീർന്നതും,
എന്റെ കാലുകൾ വിറക്കുന്നതു പോലെ തോന്നി,
തുടർന്ന് ഞാനവനെ കനപ്പിച്ചൊന്നു നോക്കിയ ശേഷം ഞാനവനിൽ നിന്നു ഇറങ്ങി നടന്നു,
ആ സംഭവത്തോടെ എനിക്കെന്തോ എന്നോടു തന്നെ വലിയ ജാള്യത തോന്നി,
ഇത്ര പെട്ടന്ന് ഒരു എടുത്തു ചാട്ടം വേണ്ടായിരുന്നു എന്ന് അപ്പോൾ തോന്നി...,
അന്ന്.,
ഏതോ ഒരു പ്രേരണയിൽ
അവനോടു തോന്നിയ ഒരു കൗതുകം,
അതായിരുന്നു സത്യം...!
എന്നാൽ അതിനവസാനം അത് എന്നെ ഇത്രയും അപമാനപ്പെടുത്തും എന്നു
ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല!
അന്ന് റെയിൽവ്വേ സ്റ്റേഷനിൽ ചെല്ലുമ്പോൾ ട്രെയിൻ ഒരു മണിക്കൂർ ലേറ്റായിരുന്നു,
ട്രെയിൻ കാത്തിരിക്കുന്നതിനിടയിലാണ് ആ കണ്ണുകൾഎന്നെ തിരഞ്ഞു വന്നത് ആദ്യം അതത്ര കാര്യമാക്കിയില്ലെങ്കിലും ആ കണ്ണുകൾ വിടാതെ എന്നെ തിരഞ്ഞു വന്നതോടെ അതൊരു കൗതുകവും അന്നേരം അതൊരു സമയം കൊല്ലിയും ആയിരുന്നു..,
അതോടൊപ്പം അന്നേരം പ്ലാറ്റ ഫോമിലെ ടിവിയിൽ മായാനദിയിലെ
"മിഴിയിൽ നിന്നും മിഴിയിലെക്ക് തോണി തുഴഞ്ഞു പോയി നമ്മൾ "
എന്ന പാട്ടു കൂടി വന്നതോടെ മനസ്സറിയാതെ എന്റെ മിഴിയും ഞാനെത്ര പിടിച്ചു വെക്കാൻ ശ്രമിച്ചിട്ടും പിടിവിട്ട് അവനെ തിരഞ്ഞു ചെല്ലാൻ തുടങ്ങി..,
അതോടൊപ്പം അതിനു കാരണമായ മറ്റൊന്നു കൂടിയുണ്ടായിരുന്നു,
ചെറുപ്പം തൊട്ടെ പ്രാണനായ്, സ്വപ്നമായി, സ്നേഹമായി ഹൃദയേശ്വരന്റെ രൂപം പേറി ഹൃദയത്തിൽ എന്നോ കയറി കൂടിയ മനസിലെ ആ മായാരൂപത്തിന്റെ പൂർണ്ണരൂപമായാണ് അന്നേരം ഞാനവനെ കണ്ടത്.....!
അത് അവനോടുള്ള എന്റെ താൽപ്പര്യങ്ങളെ കൂടുതൽ ബലപ്പെടുത്തി, നോട്ടങ്ങൾ പതിയേ പതിയേ ഇഷ്ടങ്ങളിലെക്ക് വഴിമാറി,
അതിനിടയിൽ ട്രെയിൻ വന്നതും നിന്നതും ഞാനതിൽ കയറിയതും എല്ലാം യാന്ത്രികമായിരുന്നു...,
അവനും കൂടി അതെ കംമ്പാർട്ടുമെന്റിലേക്ക് കയറിയതോടെ മറ്റെല്ലാം ഞാൻ മറന്നു, എന്റെ ഒരോ നോട്ടങ്ങളുംഅവനിലെക്കു മാത്രമായി ചുരുങ്ങി, ട്രെയിനിലെ ചൂടും പൊകയും ഒന്നും ഞാനറിഞ്ഞതേയില്ല.,
എന്നാൽ എനിക്ക് ഇറങ്ങേണ്ട സ്ഥലം എത്താറായതോടെ അവനെ വിട്ടു പിരിയുന്നതിലെ ഭയം എന്നെ പിടി കൂടാൻ തുടങ്ങി,
പക്ഷെ എന്തു ചെയ്യണം എന്നു മാത്രം ഒരു പിടിയുമില്ലായിരുന്നു,
ട്രെയിൻ എനിക്കു ഇറങ്ങേണ്ട സ്റ്റേഷനിൽ എത്തിയതും അവനും ഇറങ്ങാനായി എഴുന്നേൽക്കുന്നതു കണ്ട് ഞാനും വിസ്മയം കൊണ്ടു,
അവനാണു ആദ്യം പുറത്തിറങ്ങിയത്, ട്രെയിനിറങ്ങിയതും അവൻ എനിക്കായി കാത്തു നിൽക്കുന്നത് കണ്ട് എനിക്കും വല്ലാത്ത സന്തോഷമായി അതോടെ അവനോട് എന്റെ അച്ഛന്റെ ഫോൺ നമ്പർ പറഞ്ഞു കൊടുക്കാമെന്നു വെച്ചാണ് അവനടുത്തേക്ക് ചെന്നത്,
പെട്ടന്നാണ് അവൾ ഞങ്ങൾക്കിടയിലെക്ക് കയറി വന്ന് അവനെ ചീത്ത വിളിച്ചതും എല്ലാം തല്ലി കെടുത്തിയതും...!
അതോടെ എല്ലാം അവിടെ അവസാനിച്ചതാണ് എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം.,
റെയിൽവ്വേയുടെ ഒരു എക്സാമിനു വേണ്ടി പോയപ്പോഴാണ് അവിടെ വെച്ച് അതെ എക്സാം എഴുതാൻ വന്ന അവളെ പിന്നെയും ഞാൻ കാണുന്നത്..,
അതോടെ എക്സാമിന്റെ കാര്യമെല്ലാം ഞാൻ മറന്നു പകരം അവൾ എങ്ങിനെയായിരിക്കും അവനാൽ വഞ്ചിക്കപ്പെട്ടതെന്നതറിയാനായിരുന്നു ഞാനപ്പോൾ കൂടുതലായിട്ട് ആഗ്രഹിച്ചത്.,
എക്സാം കഴിഞ്ഞതോടെ ഞാനവളെയും തിരഞ്ഞു ചെന്നു, പുറകിലൂടെ ചെന്ന് അവളുടെ തോളിൽ തട്ടി വിളിച്ചതും തിരിഞ്ഞു നോക്കിയ അവൾ എന്നെ കണ്ടതും അവിശ്വസനീയതോടെ എന്നെയോന്നു നോക്കി,
തുടർന്നവൾ എനിക്കു ചുറ്റും ഒന്നു കണ്ണോടിച്ചു പിന്നെ വീണ്ടും എന്നെ തന്നെ നോക്കി
അപ്പോൾ ഞാനവളോട് ചോദിച്ചു,,
" അവൻ നിങ്ങളെ എങ്ങിനെയാ പറ്റിച്ചത്... ?
എന്റെ ചോദ്യം കേട്ടതും അവൾ എന്നെയൊന്നാകെ നോക്കി അതോടൊപ്പം അവളുടെ കണ്ണുകൾ ചുറ്റും പിന്നെയും പരന്നു.,
ഞാൻ പിന്നെയും ചോദിച്ചു..,
അവനെങ്ങനെയാ പറ്റിച്ചേ...?
ഞാൻ ധൃതി കൂട്ടി,
എനിക്കറിയേണ്ടത് അതു മാത്രമായിരുന്നു,
പെട്ടന്നാണ് എന്റെ പുറകിൽ നിന്നും ഒരു ശബ്ദം അവളെ തേടിയെത്തിയത്,
ഭാമാ പോകാം...?
ആ ശബ്ദം കേട്ടതും അവളെന്നെയാണു നോക്കിയത് അതു കണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു നോക്കിയതും ഞാനും ഞെട്ടി...!
അന്നു കണ്ട അതെ അവൻ.....!
എന്നെ കണ്ടതും അവനും ഒന്ന് ഞെട്ടി.....!
മൂന്നാൾക്കും പരസ്പരം ഒരക്ഷരം മിണ്ടാൻ പറ്റാത്ത അവസ്ഥ..,
അവസാനം അവളവനെ നോക്കി കണ്ണു കൊണ്ട് മാറി നിൽക്കാൻ ആഗ്യം കാണിച്ചതും അതു കണ്ടവൻ തലയാട്ടി ഞങ്ങളെ വിട്ടു മാറി പോയി...,
അവൻ പോയതും അവൾ എന്നോടു പറഞ്ഞു,
അതെന്റെ ഭർത്താവാണ്.....!!!!
അതും കൂടി കേട്ടതോടെ എന്റെ കിളിപോയി.,
അവൾ തുടർന്നു
അന്ന് സ്റ്റേഷനിൽ വെച്ച് നീ അവരെ കാണുമ്പോൾ അവരുടെ തെട്ടടുത്തായി
ഈ ഞാനും അവരുടെ അച്ഛനും അമ്മയും ഒക്കെയുണ്ടായിരുന്നു,
പക്ഷെ
നീ അവരെ മാത്രമേ കണ്ടുള്ളു..,
ഞങ്ങൾ ആരെയും കണ്ടില്ല,
അവരെ മാത്രമാണു നീ ശ്രദ്ധിച്ചത്.....!
ട്രെയിനിലും അവർക്കടുത്തായി ഞങ്ങളുണ്ടായിരുന്നു.,
അവിടെയും നീ ഞങ്ങളെ കാണുകയോ നോക്കകയോ ചെയ്തില്ല.....!
ട്രെയിനിറങ്ങുന്നതു വരെ മാത്രമേ അവരിതിനു മുതിരു എന്നെനിക്കറിയാമായിരുന്നു..,
അതുപോലെ സ്റ്റേഷനിലെത്തുന്നതോടെ ഇതൊരു തമാശയായി കണ്ട് നീയും വിട്ടു പോകുമെന്നു കരുതി പക്ഷെ അതുണ്ടായില്ല..,
കളി കാര്യമാവുന്നു എന്നു തോന്നിയതു കൊണ്ടാണ് ഇടക്കു കയറി ഇടപ്പെട്ട് ഞാനത് പൊളിച്ചത്.....!
എന്നിൽ നിന്നു അത്തരം ഒരു പ്രതികരണം എന്റെ ഭർത്താവു പോലും പ്രതീക്ഷിച്ചിരുന്നില്ല അതാ അവരും ഞെട്ടിയത്....,
പിന്നെയും അവൾ പറഞ്ഞു.,
പ്രണയം ഒരു തെറ്റൊന്നുമല്ല..,
പക്ഷെ
പ്രണയിക്കും മുന്നേ അബദ്ധം സംഭവിക്കാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും....,
അന്നും ഇതെല്ലാം സംഭവിക്കുന്നതിനിടയിൽ
നിന്റെ ഒരോ നോട്ടങ്ങൾക്കു ശേഷവും,
ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ അവർ ഒാരോ തവണയും എന്നെയും നോക്കിയിരുന്നു
ആ നോട്ടങ്ങളും പക്ഷെ നീ ശ്രദ്ധിച്ചില്ല.....,
അവനടുത്തുണ്ടായിരുന്ന ഞങ്ങൾ ആരെയും നീ ശ്രദ്ധിച്ചില്ല....!
ട്രെയിനിറങ്ങി അവർ കാത്തു നിന്നത് ഞങ്ങളെയാണ്, അത് നിന്നെയാണെന്നു
നീ തെറ്റിധരിക്കുകയായിരുന്നു..,
അവരുടെ വിരലിൽ കിടന്നിരുന്ന എന്റെ പേരു കൊത്തിയ വിവാഹമോതിരവും നീ ശ്രദ്ധിച്ചില്ല...!
അതെല്ലാം നീ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു, അല്ലാതെ
എന്നെ ആരും പറ്റിച്ചിട്ടില്ല...!
അവളതു പറഞ്ഞവസാനിപ്പിച്ചതും
അതു കേട്ട് അവൾക്കു മുന്നിൽ
ശരിക്കും എന്റെ തല കുനിഞ്ഞു പോയി..,
എല്ലാം എന്റെ തെറ്റാണ്...!
നമ്മൾ എന്നും മുഖം മാത്രമല്ലെ നോക്കാറുള്ളൂ..,
ചുറ്റും നോക്കുന്ന പതിവ് നമ്മൾക്കില്ലാല്ലോ...?
അതോടെ ഒരു കാര്യം വ്യക്തമായി..,
ഇഷ്ടമുണ്ട് എന്ന ഒറ്റ കാരണം
കൊണ്ടു മാത്രം ഒന്നും തിരഞ്ഞെടുക്കാനോ സ്വീകരിക്കാനോ ആഗ്രഹിക്കരുതെന്ന് "


DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo