Showing posts with label RayanSami. Show all posts
Showing posts with label RayanSami. Show all posts

കല്യാണ പ്രായമായ പെണ്ണും ഫ്രിഡ്ജും

കല്യാണ പ്രായമായ പെണ്ണും ഫ്രിഡ്ജും തമ്മിലെന്തേലും ബന്ധമുണ്ടോ...
ഉണ്ടെന്നാണെന്റെ വിശ്വാസം..
പെണ്ണുകാണാൻ ചെല്ലുമ്പോ ഉണ്ടാവുന്ന ആശങ്കകളൊക്കെ ഫ്രിഡ്ജ് വാങ്ങാൻ ചെല്ലുമ്പോഴും ഉണ്ടാവും..
ഏതു കമ്പനിയാവും നല്ലതു..
ഈട് നിൽക്കുമോ..
വിലക്കുറവുണ്ടാകുമോ എന്ന് തുടങ്ങി നൂറായിരം ചോദ്യങ്ങളുണ്ടാവും..
ബന്ധുവീടുകളിൽ കണ്ട ഫ്രിഡ്‌ജുകളുടെ മോഡലുകളെ പറ്റി ചോദിച്ചു സംശയ നിവാരണം വരുത്തുന്നത് പോലെ പെണ്ണിനെ പറ്റിയും കുടുംബക്കാരെ പറ്റിയും പലരോടും അന്വേഷിച്ചു ഉറപ്പു വരുത്തും..
പെണ്ണുകാണാൻ ചെല്ലുന്നതു പോലെത്തന്നെയാണ് ഫ്രിഡ്ജ് നോക്കാൻ ചെല്ലുന്നതും..
മിക്കപ്പോഴും രണ്ടോ മൂന്നോ പേരു കൂടെകാണും..
ഫ്രിഡ്ജിനെ പറ്റി ഒരു ചുക്കും അറിയില്ലേലും തൊട്ടും തുറന്നു നോക്കിയും ഫ്രിഡ്ജിനു ചുറ്റും നടക്കുന്നത് പോലേ പെണ്ണിന് ചട്ടുകാലുണ്ടോ വിക്കുണ്ടോ എന്നുനോക്കാനും ചിലരുണ്ടാവും..
പെണ്ണുകാണാൻ ചെന്നാൽ ചായേം പലഹാരവും കിട്ടുന്നതുപോലെ ഫ്രിഡ്ജ് നോക്കാൻ ചെന്നാലും കുടിക്കാനെന്തെലും കിട്ടും..
ഫ്രിഡ്ജ് വാങ്ങിക്കാൻ ചെല്ലുമ്പൊ ഭയങ്കര സ്വീകരണമായിരിക്കും..
ഗുണഗണങ്ങളെപ്പറ്റി വർണ്ണിക്കാനും കൂടെനടന്നു സംശയങ്ങൾ തീർക്കാനും രണ്ടുമൂന്നു പേരുണ്ടാവും..
പെണ്ണുകാണാൻ ചെന്നാലും സ്വീകരണത്തിന് കുറവുണ്ടാവുകേലാ..
എല്ലാവർക്കും പറയാനുണ്ടാവുക പെണ്ണിന്റെയും തറവാട്ടിന്റെയും ഗുണങ്ങളാവും..
ഫ്രിഡ്ജിഷ്ടപ്പെട്ടാൽ പിന്നെ വിലപേശലുകളാണ്..
പെണ്ണിനെ ഇഷ്ടപ്പെട്ടാലും ഏതാണ്ടങ്ങിനൊക്കെ തന്നെ..
വീട്ടിലെത്തിയാൽ ആദ്യദിവസങ്ങളിൽ ഫ്രഡ്ജിനോട് ഭയങ്കര കെയറായിരിക്കും..
തുറക്കുന്നതും അടക്കുന്നതുമൊക്കെ കണ്ടാൽ കൊച്ചുകുട്ടിയെ സ്നേഹിക്കുന്നതുപോലാ..
കുഞ്ഞു പൊടികണ്ടാൽ പോലും അപ്പൊത്തന്നെ വൃത്തിയാക്കും..
സാധനങ്ങളാണേൽ തീരെക്കുറച്ചേ സൂക്ഷിക്കത്തുള്ളൂ..
ഓവർ ലോഡായി ഫ്രിഡ്‌ജ്‌ങ്ങാനും അടിച്ചുപോയാലോന്നുള്ള പേടിയാവും..
പുതുപ്പെണ്ണിന്റേം അവസ്ഥ ഏതാണ്ടങ്ങിനെ തന്നെ..
ചെന്നയുടനെ ഭയങ്കര സ്നേഹാവും..
ഒരുപണിയും ചെയ്യിക്കത്തില്ല..
കെട്ടിയൊന്റേം കുടുംബക്കാരുടേം സ്നേഹം കാണുമ്പോ മനസ് നിറഞ്ഞു തുളുമ്പും..
പതിയെപ്പതിയെ സ്ഥിതി മാറും..
പിന്നെ ജോലിചെയ്തു തീർത്തു നടുനിവർത്താൻ നേരുണ്ടാവില്ല..
അടുക്കളയിൽ നിന്നിറങ്ങാനും..
ഫ്രിഡ്‌ജും ഏതാണ്ടതേ അവസ്ഥയിലാവും..
പഴയതും പുളിച്ചതും മുഴുവനും താങ്ങി ക്ഷീണിച്ചു തുടങ്ങും..
ഡോർ വലിച്ചടക്കുന്നതിന്റെ ശബ്ദം മുറ്റം വരെയെത്തും..
നമ്മളുടെ കയ്യിലിരിപ്പ്കൊണ്ടു ഫ്രിഡ്ജ് കേടായാലും കുറ്റം കമ്പനിക്കാരുടെ മേൽ ചാർത്തുന്നതുപോലെ തന്നെയാണ് പെണ്ണിന്റെ കാര്യത്തിലും..
ആദ്യമാദ്യമൊക്കെ പുതുപ്പെണ്ണിന്റെ വീട്ടുകാർക്ക് കാര്യമന്വേഷിക്കാനും ഇടക്കിടെ വന്നു കാണാനുമൊക്കെ വലിയ ഉത്സാഹമാവും..
എന്ത് പരിഭവം പറഞ്ഞാലും കേൾക്കാനും സമയമുണ്ടാവും..
പരിഹാരത്തിനായി ഓടിവരികയും ചെയ്യും..
പിന്നെപ്പിന്നെ അതു കുറഞ്ഞുവരും..
ഫ്രിഡ്ജിന്റെ കാര്യവും ഇങ്ങനൊക്കെ തന്നെ..
ആദ്യമൊക്കെ എന്തു കംപ്ലയിന്റ് ഉണ്ടായാലും കസ്റ്റമർ കെയറിൽ വിളിച്ചു പറയേണ്ട താമസം അവരോടിയെത്തും..
പരാതികളൊക്കെ ശ്രദ്ധാപൂർവം കേൾക്കും..
പതിയെ പതിയെ ഫോണെടുക്കാൻ പോലും നേരമുണ്ടാവുല്ല..
കേടായ ഫ്രിഡ്ജിന്റെ അവസ്ഥയാണ് ഏറെ ദയനീയം..
മുടക്കുമുതലിന്റെ പത്തുശതമാനം പോലും തിരികെ കിട്ടില്ല..
ശരിയാക്കാൻ വയ്യെങ്കിൽ കിട്ടിയ കാശിനു വിൽക്കുകയെ നിവൃത്തിയുള്ളൂ..
പെണ്ണിന്റെ അവസ്ഥയും ഏറെക്കുറെ അതുപോലല്ലേ..
ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുകയൊ വൈധവ്യം പേറുകയോ ചെയ്യേണ്ടിവന്നാൽ ആരുടേലും തലേൽ കെട്ടിവെച്ചു രക്ഷപ്പെടാനാവും എല്ലാവർക്കും തിടുക്കം..
സ്നേഹത്തിന്റെ കണിക പോലും ആരിൽനിന്നും പ്രതീക്ഷിക്കാൻ പറ്റില്ല..
കാര്യങ്ങൾ ഇങ്ങനൊക്കെയാണേലും ഫ്രിഡ്ജില്ലാത്ത അടുക്കളയെപ്പറ്റിയും പെണ്ണില്ലാത്ത ജീവിതത്തെ കുറിച്ചും ചിന്തിക്കാൻ പോലും പറ്റില്ല നമുക്ക്..
ഇതൊക്കെ വായിച്ചു പെണ്ണിനെ വെറും ഉപഭോഗ വസ്തുവായി കാണുന്ന മെയിൽ ഷോവനിസ്റ്റാണ് (സത്യത്തിൽ ആവാക്കിന്റെ അർത്ഥം പോലുമെനിക്കറിയൂല ) ഞാനെന്നാരും തെറ്റിദ്ധരിച്ചേക്കല്ലേ..
ഇതുവെറുമൊരു നർമഭാവനയാണ്..
പലരുടെയും കാര്യത്തിലിതു സത്യമാവണമെന്നില്ല..
എന്നാൽ ഇതിൽ ഒട്ടു സത്യമില്ലാതുമില്ല.

Rayan

പനി



പനി ശരിക്കുമൊരു പണിയാണ്..
പണ്ടൊക്കെയാരുന്നേൽ ആരും മൈൻഡ്‌ ചെയ്യാത്തോണ്ട് ഒന്നോ രണ്ടോ ദിവസം കഴിഞാൽ പനി ചമ്മലടക്കി പിടിച്ചോണ്ട് എങ്ങോട്ടേക്കോ പോവും..
വല്ല കഞ്ഞിയോ ചമ്മന്തിയോ ഉണക്കമീൻ
ചുട്ടതോ കിട്ടിയെങ്കിലായി..
ഇന്നങ്ങനല്ലാലോ..
പനിവന്നാൽ രാജകീയ സ്വീകരണമാ..
ഫ്രൂട്സും ടാബ്ലറ്റ്‌സും എന്നുവേണ്ട മൂന്നാലു ദിവസം റെസ്റ്റും..
പനിക്കു അഹങ്കാരം വന്നില്ലേലെ അത്ഭുതമുള്ളൂ..
പണ്ടത്തെ പനിക്ക് വ്യക്തമായൊരു പേരോ മേൽവിലാസമോ ഉണ്ടായിരുന്നില്ല..
ഇന്നങ്ങനല്ല..
നല്ല കിടുക്കാച്ചി പേരുകൾ മാത്രല്ല ആധാർകാർഡ് വരെയുണ്ട്..
ഇന്നുള്ളവർക്ക് വരുന്ന പനിയും രസകരമാണു..
പ്രായമുള്ളവർക്കാണേൽ വലിയ ഗമയൊന്നും ഇല്ലാത്ത പാവം പിടിച്ച പനിയാവും..
വല്ലപ്പോഴുമൊന്നു ചുമച്ചു സാന്നിധ്യമറിയിച്ചു അലസതയോടെ അവിടവിടായി ഇരുന്നു നേരം കളയും..
അമ്മമാരുടെ അടുത്തു വരുന്ന പനിക്ക് ഇച്ചിരി കുട്ടിത്തമുണ്ടാവും..
ഇടക്കു വന്നും പോയും കളിപ്പിച്ചോണ്ടിരിക്കും..
ഒരു കട്ടൻചായയോ റസ്കോ കിട്ടിയാൽ പനിക്ക് കുശാലായി..
അവനതും കഴിച്ചോണ്ട് രണ്ടീസം കഴിഞ്ഞാൽ എങ്ങോട്ടേലും പോവും..
അച്ഛന്റടുത്തു വരുന്ന പനിക്ക് ഒരു ഗാംഭീര്യമൊക്കെ കാണും..
ചുമക്കുമ്പോഴും കാണും ആ ആഢ്യത്വം..
ആരെയും കൂസാത്ത ആ പാവം കാണുമ്പൊ പനിക്കും വാശികൂടും..
എന്നാലും പനിയെ സൽക്കരിച്ചിരുത്താൻ കൂട്ടാക്കാതെ മുണ്ടും മാടിക്കുത്തി കവലയിലേക്കൊരു നടത്തമുണ്ട്..
ഗത്യന്തരമില്ലാതെ പനിക്കു ഒഴിഞ്ഞു പോവുകയെ നിവൃത്തിയുണ്ടാവുള്ളൂ..
കാമുകന്റെ പനിക്ക് മടിയന്റെ സ്വഭാവമാവും..
മനസില്ലാ മനസോടെ ഡോക്ടറെ കണ്ടാലും മരുന്നു കൃത്യമായി കഴിക്കൊന്നുമില്ല..
അതോണ്ട് തന്നെ മൂന്നു നാല് ദിവസമെങ്കിലുമെടുക്കും അതൊന്നു പോയിക്കിട്ടാൻ..
കാമുകിയുടേതിന് പരിഭവചൂടുള്ള പനിയാവും..
പനിവന്നതിനേക്കാൾ പ്രിയപ്പെട്ടവൻ എന്നോടതെപ്പറ്റി ഒന്നു ചോദിക്കാൻ മെനക്കെട്ടില്ലാലോ എന്നൊക്കെ ഓർത്തു ആധി കയറും..
അതൊടെ പനിക്കും വാശിയാവും..
മെല്ലെയെ ഇറങ്ങിപ്പോവത്തുള്ളൂ..
ഭർത്താവിനു വരുന്ന പനി പലപ്പോഴുമൊരു സംഭവമാവും..
വിക്സ്‌വിടെ ടാബ്ലെറ്റെവിടെ എന്നൊക്കെ തിരഞ്ഞുള്ള നെട്ടോട്ടമാവും..
ഭാര്യ അടുക്കളയിലേക്കോടും..
ആവിപിടിക്കാനുള്ള വെളളം ചൂടാക്കലും കഞ്ഞിയുണ്ടാക്കലും എന്നുവേണ്ട ആകപ്പാടെ വെപ്രാളമാവും..
അതോടേ പനിക്കും കുശാലാവും..
കൃത്യമായ പരിഗണന കിട്ടുവല്ലേ..
ഭാര്യക്കാണേൽ അവളതു പുറമേക്കു കാണിക്കൊന്നുമില്ല..
എന്നാലും മനസുകൊണ്ട് കൊതിക്കും..
ഒന്നു തൊട്ടു നോക്കിയിരുന്നേൽ..
ഇന്നു അടുക്കളയിൽ കേറാതെ റെസ്റ്റെടുത്തോന്നു പറഞ്ഞു കേട്ടിരുന്നേൽ എന്നൊക്കെ..
പക്ഷേ പലപോഴും നിരാശയാവും ഫലം..
അതൊടെ അവൾ ക്ഷീണിതയായി അടുക്കളയിലേക്കു നടക്കും..
ഇതുകാണുമ്പൊ പനിക്ക് പോലും സഹതാപം തോന്നും..
കൂടുതൽ വിഷമിപ്പിക്കാതെ അതിറങ്ങിപ്പോവും..
കുട്ടികൾക്കുള്ള പനിക്ക് വാത്സല്യചൂടുണ്ടാവും..
അമ്മയുടെ സ്നേഹാർദ്രമായ ചുംബനവും..
പനിക്കും അതുമതിയാവും..
അവനപ്പോത്തന്നെ ശാന്തനാവും..
പ്രവാസിയുടെ പനിക്ക് പലപോഴും അവഗണയുടെ ചൂടാവും..
ഒന്ന്‌ രണ്ടു ദിവസങ്ങൾ കഴിയുമ്പോ താനെയങ്ങു പൊയ്‌ക്കോളും..
കാര്യങ്ങളിങ്ങനൊക്കെയാണേലും പനിയൊരു സുഖമുള്ള ഓർമയാണ്..
അമ്മയുടെ സ്നേഹച്ചൂടേറ്റ് മയങ്ങുന്ന നല്ലോർമകൾ.

By: Rayan Sami

സ്ക്രിപ്റ്റ്

"മാഡം സ്ക്രിപ്റ്റ് റെഡിയായിട്ടുണ്ട്..
ഒന്നു വായിച്ചു നോക്കി അഭിപ്രായം പറഞാൽ ബാക്കി കാര്യങ്ങൾ തീരുമാനിക്കാമായിരുന്നു.."
"ഉം കാണിക്കു.."
അല്പസമയം കഴിഞ്..
"എന്താണിത് മിസ്റ്റർ..
മുഴുവൻ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ കുത്തി നിറച്ചേക്കുവാണല്ലോ.."
"സോറി മാഡം..
മനഃപൂർവമായിരിക്കില്ല..
സന്ദർഭോചിതമായി ഉപയോഗിക്കാവുന്ന ചില വാക്കുകളായിരിക്കില്ലേ.."
"എന്നുവെച്ചു..
ഈ ഭാഗം നോക്കിയേ..
അടുക്കളയിലേക്കു നോക്കി 'എടീ ഒരു ചായയിങ്ങെടുത്തെ'ന്നു ആക്രോശിക്കുന്ന ഭർത്താവ്.."
"മാഡം അതു ആക്രോശമല്ല..
നാട്ടിൻ പുറങ്ങളിലൊക്കെ സ്‌നേഹത്തോടെ വിളിക്കുന്നതാണ്.."
"സ്‌നേഹത്തോടെ ഒരു സ്ത്രീയെ എടീന്ന് വിളിക്കാൻ നിങ്ങളെയാരാണ് പഠിപ്പിച്ചത് മിസ്റ്റർ.."
"മാഡം ഭാര്യയെ ഭർത്താവിനു അങ്ങനെ വിളിക്കാമല്ലോ.."
"അതെ!!
അങ്ങിനാണല്ലോ കാലങ്ങളായി പറഞ്ഞു പഠിപ്പിച്ചേക്കുന്നേ..
സ്ത്രീയെ വെറും ഉപഭോഗ വസ്തുവായി കാണുന്ന പുരുഷസമൂഹത്തിന്റെ മറ്റൊരു പതിപ്പാണിതും.."
"സോറി മാഡം..
ആ ഭാഗം തിരുത്താം.."
"തീർന്നില്ല..
അലക്കു കല്ലിനടുത്തേക്കു പോവുന്ന രംഗമുണ്ടല്ലോ..
അവിടെയും തിരുത്തലാവശ്യമുണ്ട്.."
"അവിടെ പ്രത്യേകിച്ചൊന്നുമില്ലാലോ മാഡം.."
"ഒന്നുമില്ലേ..
തുണിയലക്കുവാണെന്നുള്ള വ്യാജേന നിങ്ങൾ വയറിന്റേം കാലുകളുടേയുമൊക്കെ നഗ്നത കാണിക്കാൻ വേണ്ടി സൃഷ്ടിച്ചെടുത്ത രംഗമല്ലേ അതു..
അലക്കുന്നതു എന്തുകൊണ്ട് വാഷിങ് മെഷീനിൽ ആക്കിക്കൂടാ.."?
"മാഡം ഇതൊരു പാവപ്പെട്ട കുടുംബത്തിന്റെ കഥയാണ്..
അവർക്കു വാഷിംഗ് മെഷീനൊന്നും വാങ്ങി ഉപയോഗിക്കാനുള്ള ശേഷിയില്ല.."
"എന്തുകൊണ്ടില്ല..
ലോണെടുക്കണം മിസ്റ്റർ..
എന്നും അലക്കു കല്ലിനടുത്തു തളച്ചിടപ്പെടേണ്ടതല്ല സ്ത്രീയുടെ ജീവിതം.."
"സോറി മാഡം..
ആ ഭാഗവും തിരുത്താൻ ശ്രമിക്കാം.."
"തിരുത്തിയാൽ നിങ്ങൾക്ക് കൊള്ളാം..
ഒന്നൂടി കാണിക്കാനുണ്ട്.."
"പറയൂ മാഡം.."
"രാത്രി അടുക്കള ജോലിയൊക്കെ കഴിഞു കിടപ്പു മുറിയിലേക്കു വരുന്ന അവളെ ഭർത്താവു കടന്നുപിടിക്കുന്ന രംഗം.."
"മാഡം അതൊരു റൊമാന്റിക് സീനാണ്.."
"ഏയ് മിസ്റ്റർ..
ഇങ്ങനാണോ റൊമാന്റിക് സീൻ ക്രിയേറ്റ് ചെയ്യുക..
ഒരു പെണ്ണിന്റെ സമ്മതം കൂടാതെ അവളെ കടന്നു പിടിക്കുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ പെടുന്ന കുറ്റമാണെന്ന് തനിക്കറിയില്ലെടോ.."
"മാഡം ഇതു ഭാര്യ ഭർത്താക്കന്മാർ തമ്മിലുണ്ടാവുന്നതല്ലേ.."?
"എന്തുണ്ടാവുന്നതു..
അങ്ങിനെ ആക്കിത്തീർത്തതാണ് നിങ്ങളുൾപ്പെടുന്ന പുരുഷ സമൂഹം..
കേറിപ്പിടിക്കുക..
എന്നിട്ടവളുമായി കിടക്കയിലേക്ക് മറിഞ്ഞു അവളയാളുടെ അടിയിൽക്കിടന്നു ശ്വാസം മുട്ടിപ്പിടയുക..
എന്തൊരക്രമമാണ്...
പുരുഷാധിപത്യം എടുത്തു കാണിക്കുന്ന ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കാൻ എനിക്കു പറ്റില്ല മിസ്റ്റർ..
നിങ്ങൾക്ക് പോവാം.."
"ങേ....😮😮😮😮😮
Rayan

സ്‌നേഹം.



ചിലതു ചില്ലറത്തുട്ടുകൾ പോലെയാണു..
ഒരുവിലയുമില്ലാതെ അലക്ഷ്യമായി എവിടെലുമൊക്കെ വലിച്ചെറിയും..
ആവശ്യം വരുമ്പോഴാണു അതെത്രമാത്രം പ്രിയപ്പെട്ടതായിരുന്നുവെന്നോർക്കുക..
ചിലതു കറിവേപ്പില പോലെയാണ് ആവശ്യം കഴിഞ്ഞാൽ എടുത്തു പുറത്തേക്കിടും..
എന്നാൽ അതില്ലാതെ ജീവിതത്തിനു ഒരു രുചിയുമുണ്ടാവില്ല താനും..
ചിലതു കടുകുപോലെയാണ്..
തീരെച്ചെറുതാണെങ്കിലും
പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങളിലേക്ക് എടുത്തെറിയപ്പെടുമ്പോൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചേക്കാം..
എങ്കിലുമതൊപ്പമില്ലെങ്കിൽ വല്ലാത്തൊരു നഷ്ടബോധമായിരിക്കും..
ചിലതു വിക്സ്ബോട്ടിൽ പോലെയാണ്..
എന്തെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ വരുമ്പോ മാത്രം ആശ്വാസത്തിനായി തേടുന്നത്..
അല്ലാത്തപ്പോൾ ഒരു നന്ദിവാക്കുപോലും പറയാതെ ഏതെങ്കിലുമൊരു മൂലയിലേക്ക് മാറ്റിനിർത്തപ്പെടുന്നതും..
ചിലതു ഓവർകോട്ട് പോലെയാണു..
പുറമേക്കു മാത്രമുള്ളത്..
മനസ്സു തൊടുന്നൊരു വാക്കുപോലും അവരിൽനിന്നു പ്രതീക്ഷിക്കാനാവില്ല..
ചിലതു അടിവസ്ത്രം പോലെയാവും..
മനസ്സിനോടൊട്ടി നിക്കും എല്ലായ്പ്പോഴും..
വല്ലാത്തൊരു ആത്മവിശ്വാസമാവുമതു
സമ്മാനിക്കുക..
തുളവീഴാതെയും അയഞ്ഞുപോവാതെയും സൂക്ഷിക്കണമെന്ന് മാത്രമേയുള്ളൂ.
#കൂട്ടിച്ചേർത്തത്...
ഭാര്യാഭർത്താക്കന്മാർക്കിടയിലെ സ്‌നേഹം ചിലപ്പോഴൊക്കെ രാഷ്ട്രീയക്കാരുടേതു പോലെയാവും..
യാതൊരുവിധ പ്രതിപക്ഷ ബഹുമാനവും കൊടുക്കാതെ അവരവരുടെ സ്നേഹമാണ് വലുതെന്നു വാദിച്ചോണ്ടിരിക്കും.

By: Rayan Sami

തേങ്ങാക്കൊല



തേങ്ങാക്കു ഒരെണ്ണത്തിന് ഇരുപതു രൂപ..
വെളിച്ചെണ്ണയ്ക്ക് ഇരുന്നൂറ്റി അമ്പതു രൂപയും..
ഞാൻ തൊടിയിലേക്കു നോക്കി..
ലൈക്കു കിട്ടാതെ ശുഷ്കിച്ച പോസ്‌റ്റുകൾ പോലേ അഞ്ചെട്ടു തെങ്ങുകൾ..
ആരോടൊക്കെയോ ഉള്ള കടമ നിർവഹിക്കാനെന്ന പോലെ കുറച്ചു തേങ്ങകളുമുണ്ട്..
വല്ലപ്പൊഴും പോസ്റ്റിനു വീഴുന്ന കമന്റ് പൊലെ പൊഴിഞ്ഞു താഴേക്കു വീഴുന്നത് പെറുക്കിയെടുക്കാറായിരുന്നു പതിവു..
നല്ല വില കിട്ടുമെന്നറിഞ്ഞപോ ഒരു ആക്രാന്തം..
മുഴുവനും പറിച്ചെടുത്ത് ആവശ്യമുള്ളതെടുത്തു ബാക്കി വിൽക്കാമല്ലോ..
എങ്ങിനായാലും ഒരു പത്തിരുനൂറ്‌ തേങ്ങായെങ്കിലും കിട്ടാതിരിക്കില്ല..
ഇപോഴത്തെ നിരക്ക് വെച്ചു കൂലികൊടുത്താലും ബാക്കി മൂവായിരം രൂപയോളം കയ്യിൽവരും..
ചുമ്മാ കിട്ടുന്നതല്ലേ..
പിന്നൊന്നും ആലോചിച്ചില്ല..
തെങ്ങൊന്നിനു മുപ്പതു രൂപവെച്ചു ആളെ ഏർപ്പാടാക്കി..
ആളെക്കൊണ്ടുവന്ന ഇടനിലക്കാരന് കമ്മീഷൻ അഞ്ചു ശതമാനമാണ് പോലും..
അതും കണക്കുകൂട്ടി കൊടുത്തു..
കലികാലമല്ല..
കച്ചവടക്കാലം..
എല്ലാം ബിസിനസ്സാണ്..
വരുന്നയാൾക്കു ചായേം പലഹാരവും നിർബന്ധമാണ്..
അതും സമ്മതിച്ചു..
പിറ്റേന്നു രാവിലേ ആളെത്തി..
ബൈക്കിലായിരുന്നു വരവു..
ബർമുഡയും ടീഷർട്ടുമാണ് വേഷം..
ന്യൂജെൻ 'തെങ്ങുകേറൻ..'
വന്നപാടെ തൊടിയിലാകെ ഒന്നു കണ്ണോടിച്ചു..
കൂളിങ്ഗ്ലാസ്സ് മാറ്റി പുച്ഛത്തോടെ തെങ്ങുകളെയും പിന്നെ എന്നെയും മാറിമാറി നോക്കി..
മെലിഞ്ഞൊട്ടി നിൽക്കുന്ന വിരൂപികളായ തെങ്ങുകളായത് കൊണ്ടാവണം അവനൊരു പുച്ഛം..
"ഞാനിങ്ങനുള്ള തെങ്ങുകളിലൊന്നും കയറാറില്ല.."
എന്നൊരു കമന്റും എന്റെനേർക്കു വലിച്ചെറിഞ്ഞു..
തെങ് ഇങ്ങനല്ലാതെ പിന്നെ മാവുപോലാണോ ഉണ്ടാവുകാ എന്നൊക്കെ ചോദിക്കണമെന്നുണ്ടാരുന്നു..
പക്ഷേ ഞാനതു ചോദിച്ചില്ല..
കാരണം ബൈക്കിലേറിവന്ന ഈ മഹാൻ അപ്പൊതന്നെ വന്നവഴിപോവും..
പിന്നൊരാളെ കിട്ടണേൽ ദിവസങ്ങൾ കാത്തിരിക്കണം..
എന്റെ ക്ഷമ കണ്ടിട്ടാണോ അതോ തെങ്ങുകളോടുള്ള സഹതാപമാണോന്നറില്ല..
'തെങ്ങുകേറൻ' പണിതുടങ്ങി..
പോസ്റ്റിലെ കമന്റുകള് പൊലെ തേങ്ങവീണു തുടങി..
കുസൃതികളായ ചിലതേങ്ങകൾ വീണിടത്തൂന്നും തുള്ളിച്ചാടി എങ്ങോട്ടോക്കൊക്കെയോ പോയി..
അവറ്റകളുടെ പിറകെപോയി തിരികെ കൊണ്ടുവരേണ്ടത് എന്റെ ആവശ്യമായത് കൊണ്ടു ഞാനും പിറകേയോടി..
തൊട്ടാൽ തെങ്ങിന് വേദനിക്കുമെന്നോർത്തോ എന്തൊ തേങ്ങയൊഴികെ മറ്റൊന്നും 'തെങ്ങുകേറൻറെ' അജണ്ടയിലുണ്ടായിരുന്നില്ല..
പണ്ടൊക്കെയാണേൽ തേങ്ങ പറിക്കുമ്പോ തന്നെ തെങ്ങിനെയൊന്നു തലോടി മുടിയൊക്കെ ക്ഷമിക്കണം മടലൊക്കെ ചിക്കിയിളക്കി വൃത്തിയാക്കിയാണ് താഴേക്കിറങ്ങുക..
ഇതു കൊട്ടെഷനെടുത്ത പോലാരുന്നു..
ഒരൊറ്റ വെട്ട്..
നിമിഷങ്ങൾക്കകം 'തെങ്ങുകേറൻ' അയാളുടെപണി തീർത്തു..
പറഞ്ഞുറപ്പിച്ച കൂലിപറഞ്ഞപ്പോ ഞാൻ തേങായിലേക്കും പരട്ടത്തേങ്ങ പോലുളള അയാളുടെ മുഖത്തേക്കും മാറിമാറിനോക്കി..
ഇപോഴത്തെ വിലവെച്ചു നോക്കിയാൽ കൂലികൊടുത്താൽ ബാക്കികിട്ടുന്നതു അഞ്ചാറു തേങ്ങയാവുമെന്നുറപ്പ്..
കണക്കുകൂട്ടലുകളൊക്കെ തെറ്റിയല്ലോ..
"നോക്കി നിക്കാതെ കാശെടുക്കു കാക്കേ...എനിക്കു പോണം..."
പിന്നെ പൈലറ്റല്ലേ..
ഓന്റെ ഒടുക്കത്തെ തിരക്കു..
കാശെടുത്തു കൊടുത്തതും കൂട്ടിയിട്ട തേങ്ങകളിൽ നിന്നു മുഴുപ്പുള്ള നാലുതേങ്ങ അവനെടുത്തു വണ്ടിയുടെ പിറകിലെ ബോക്സിൽ നിക്ഷേപിച്ചു..
അതുമൊരു നാട്ടുനടപ്പാണ്..
ആരോട് പറയാൻ..
ബൈക്കുമെടുത്ത് 'തെങ്ങുകേറൻ' പോയപ്പൊൾ ഞാനൊന്നുടെ കണക്കുകൂട്ടി നോക്കി..
വിൽക്കാൻ കൊണ്ടൊയാൽ ആട്ടോചാർജ് പോക്കെറ്റിൽനിന്നെടുത്തു കൊടുക്കെണ്ടിവരും..
എങ്ങനെ കൂട്ടിയാലും പത്തുമുന്നൂറു രൂപ അധികചിലവാണ്..
എന്തൊക്കെയാരുന്നു..
തേങ്ങാക്കൊല...
വല്ലപ്പൊഴും വീഴുന്ന ഒരെണ്ണം മതിയാരുന്നു..
ഇതിപ്പൊ സമയോം പോയി..
കാശുംപോയി..
എന്റീശ്വരാ..

By Rayan Sami

ഉപദേശി



തനിച്ചിരുന്നു മടുത്തപ്പോഴാണയാൾ എന്റടുത്തേക്കുവന്നു ഫേസ്ബുക്കിൽ ആക്ടീവ് ആവാനുപദേശിച്ചതു..
ഫേസ്ബുക്കിൽ ആക്ടീവായ കാലത്തു അയാൾവന്നു പറഞ്ഞു..
"ചുമ്മാ ലൈക്കിട്ടു കളിക്കാതെ വല്ലതും വായിച്ചൂടെ..."
ഞാൻ വായിച്ചു തുടങി..
എല്ലാം നല്ല എഴുത്തുകൾ..
ഞാനവയ്‌ക്കൊക്കെ നല്ല കമന്റിട്ട് തുടങ്ങി..
അപ്പോഴയാൾ വീണ്ടും വന്നു..
"ഇങ്ങനെ കമന്റിട്ടു നടന്നാ മതിയോ..
വല്ലതും എഴുതിക്കൂടെ.."
ശരിയാണല്ലോ..
അങ്ങിനെ ഞാനുമെഴുതി തുടങ്ങി..
ആദ്യമാദ്യം ആരും വായിച്ചില്ല..
എഴുത്തല്ലേ..
അണ്ണാക്കിൽ തള്ളിക്കേറ്റി വായിക്കെന്നു പറയാനൊക്കില്ലലോ..
അതോണ്ട് കാത്തിരുന്നു...
കുറേശ്ശെയായി ആരൊക്കെയൊ വായിച്ചു തുടങി..
ഇച്ചിരി ലൈക്കും കിട്ടിത്തുടങ്ങി...
അപ്പോഴയാൾ വീണ്ടും വന്നു..
"ഇതുപോര..
ഒന്നുടെ ഉഷാറാക്കണം...
കൂടുതൽ ലൈക്കു മേടിക്കണം.."
ശരിയാണല്ലൊ..
ലൈക്കു ഒരു ഹരമാണ്..
ഞാൻ ഒന്നുടെ നന്നാക്കാൻ ശ്രമിച്ചു..
സംഗതിയെറ്റ്..
പോസ്റ്റുകൾ ഹിറ്റായിത്തുടങ്ങി..
അപ്പോഴയാൾ വന്നു വീണ്ടും..
എന്നിട്ടെന്നോട് പറഞ്ഞു..
"ലൈക്കിനു വേണ്ടി എഴുതാതിരിക്കാൻ ശ്രദ്ധിക്കു.."
അതും ശരിയാണല്ലോ..
ലൈക്കു കിട്ടീട്ടെന്നാ ചെയ്യാനാ..
ഞാനതോടെ എഴുതുന്നതു നിർത്തി ആലോചിക്കാൻ തുടങി..
ലൈക്കിനു വേണ്ടിയല്ലാതെ എന്തെഴുതും..
അഥവാ അങ്ങിനെഴുതുവാണേൽ
തന്നെ നോട്ടുബുക്കിലെങ്ങാനും എഴുതിയാൽപ്പോരേ..
ആലോചനക്കൊടുവിൽ ഒന്നും കിട്ടാതായപ്പോൾ ഞാൻ വീണ്ടും തനിച്ചിരിക്കാൻ തുടങി.

By: Rayan Sami

കവിത



സ്വന്തമായെഴുതിയ കവിത ഗ്രൂപ്പിൽ പോസ്റ്റിയപ്പോൾ ഒരാളുണ്ട് കമന്റിൽ എല്ലാരേയും നിരത്തി മെൻഷൻ ചെയ്യുന്നു..
കണ്ടപ്പൊൾ മനസ്സിൽ കുളിരു കോരി..
എന്റെ കവിത അത്രക്കു മനോഹരമായിട്ടാവും അയാളിങ്ങനെ എല്ലാരെക്കൊണ്ടും വായിപ്പിക്കുന്നെ..
എന്തായാലും അയാളോട് ചെന്നൊരു നന്ദിവാക്കു പറഞ്ഞേക്കാം..
നാളെയും പോസ്റ്റേണ്ടതല്ലേ..
"സന്തോഷം..
എന്റെ കവിത ഇഷ്ടായിക്കാണും ല്ലെ.."?
ചോദ്യം കേട്ടതും അയാൾ പല്ലുകടിക്കുന്ന ഒരു സ്മൈലി തിരികെ അയച്ചു..
പിറകെയൊരു മെസ്സേജും..
"എന്തോന്നാടെ ഇതു..
ഇതിലും ഭേദം വല്ല വിഷവും വാങ്ങിത്തന്നു കൊല്ലുന്നതല്ലേ.."
"പിന്നെന്തിനാ മറ്റുള്ളോരെയൊക്കെ മെൻഷൻ ചെയ്തു വായിപ്പിക്കുന്നെ.."?
"അതൊ..
ഈ ഉപദ്രവം ഞാൻ മാത്രം സഹിച്ചാ പോരല്ലോ..
ബാക്കിയുള്ളോരും അനുഭവിക്കട്ടെ..
അങ്ങനെ അവരൊറ്റക്കു അവിടെക്കിടന്നു സന്തോഷിക്കണ്ട.."
"ങേ.."
By : rayan Sami

By : rayan Sami😮😮😮

ഒരിടത്തൊരു പെണ്ണുണ്ട്..



ഭർത്താവു പ്രവാസിയായതുകൊണ്ടു മാത്രം തനിച്ചായിപ്പോയ പെണ്ണു..
ഉറക്കം വരാതെ തലയിണയിൽ മുഖംപൂഴ്ത്തിക്കിടന്നു കണ്ണീരൊഴുക്കുന്ന പെണ്ണു..
വാപ്പയെന്നുവരുമെന്ന മകന്റെ ചോദ്യത്തിന് മറുപടി പറയാതെ അവനെ ചേർത്തുപിടിച്ചു കണ്ണുതുടക്കുന്ന പെണ്ണ്..
വീട്ടുജോലികളും മറ്റുകാര്യങ്ങളും പെട്ടന്ന് തീർത്തു പ്രിയപ്പെട്ടവന്റെ ഫോൺവിളിക്കായി കാതോർക്കുന്ന പെണ്ണ്‌..
ഈ മാസത്തെ ശമ്പളം വൈകുമെന്ന് കേൾക്കുമ്പോൾ സാരമില്ല ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാമെന്നു പറഞ്ഞു വളകൾ ഊരിയെടുത്തു ബാങ്കിലേക്കോടുന്ന പെണ്ണ്..
അയക്കുന്ന പണംകൊണ്ട് മാസച്ചിലവും മക്കളുടെ ഫീസും ഒപ്പിക്കാൻ പാടുപെടുന്ന പെണ്ണ്..
മക്കൾക്കസുഖം വന്നാൽ ഏതുപാതിരാക്കും എടുത്തോടുകയും അവൾക്കൊന്നു പനിച്ചാൽ പതിയെ മാറിക്കോളുമെന്നു പറഞ്ഞു പുഞ്ചിരിക്കുകയും ചെയുന്ന പെണ്ണു..
അമ്മായിഅമ്മയോടു വഴക്കിട്ടാലും പിണങ്ങിയാലും ഭർത്താവറിഞ്ഞാൽ വെഷമിക്കുമെന്നോർത്തു ഒത്തുതീർപ്പിന്റെ വക്കീലാവുന്ന പെണ്ണു..
പ്രവാസത്തിന്റെ പ്രയാസങ്ങളിൽ ഒന്നുമില്ലാതെ മടങ്ങേണ്ടിവന്നാലും നമുക്കു ജീവിക്കാമെന്ന് ഭർത്താവിന് ധൈര്യം പകരുന്ന പെണ്ണു..
നിങ്ങളൊന്നു വന്നിട്ടു വേണം ഈ ഭാരങ്ങളൊക്കെയൊന്നിറക്കി വെക്കാനെന്നു പറഞ്ഞു പരിഭവിക്കുന്ന പെണ്ണു..
ഒരു രാത്രിയെങ്കിലും മനസ്സമാധാനത്തോടെ പ്രിയപ്പെട്ടവന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങാൻ കൊതിക്കുന്ന പെണ്ണു..
അവളാണെന്റെ പെണ്ണു..
ഒരുപക്ഷെ നിങ്ങളിൽ ആരുടെയോ ഒക്കെയും..

By: Rayan Sami

"ഇതിങ്ങനെ വിട്ടാൽ പറ്റില്ല..

"ഇതിങ്ങനെ വിട്ടാൽ പറ്റില്ല..
നമ്മുടെ കൂട്ടത്തിലെ ഒരുവളെ കൊണ്ടുപോയതിനു അവന്മാരുടെ പത്തെണ്ണത്തിനെ നമുക്കു വലയിലാക്കണം.."
"എടാ അത്രക്കു വേണോ..
അവനവളെ ഇഷ്ടായത് കൊണ്ടാവില്ലേ കൂട്ടിക്കൊണ്ടു പോയതു..
അതിനു മറ്റൊരു പരിവേഷം കൊടുക്കേണ്ടടാ..."
"ഇല്ലെടാ..
അവളെ പൊന്നുപോലെ ഇത്രേം കാലം നോക്കിവളർത്തിയവരുടെ ദെണ്ണം നിനക്കു മനസ്സിലാവാണേൽ നിന്റെ വീട്ടീന്നൊരുവളെ ഇതുപൊലെ ഇറക്കിക്കൊണ്ട് പോവണം.."
"എടാ ഞാനതല്ല പറഞ്ഞതു..
കഴിഞ്ഞത് കഴിഞു..
ഇനി പ്രശ്നം വഷളാക്കണ്ടാന്നു കരുതിയാണ്.."
"നിനക്കു പറ്റില്ലെങ്കിൽ പറയ്‌..
ഞാനിന്നു തന്നെ പ്ലാൻ നടപ്പാക്കാൻ പോവാ.."
"എടാ ഒന്നുടെ ആലോചിച്ചു പോരെ.."
"ഒന്നും ആലോചിക്കാനില്ല..
ഇവിടുന്നടിച്ചു മാറ്റിയ ഒരു കോഴിക്ക് പകരം അവന്മാരുടെ പത്തു കോഴിയെ എങ്കിലും ഇന്നുരാത്രി നമ്മൾ അടിച്ചു മാറ്റിയിരിക്കും..
അല്ലേൽ പിന്നെന്തിനാ ആണാണെന്നും പറഞ്ഞു നടക്കുന്നത്.."
"കോഴിയോ.."?
"അല്ലെടാ താറാവ്..
അതല്ലേ ഇത്രെം നേരം പറഞ്ഞോണ്ടിരുന്നേ..
നീ പിന്നെന്താ കരുതിയത്.."
"ഒന്നുല്ലടാ...
ഹോ വെറുതെ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു.."

rayan

സ്റ്റാറ്റസുകൾ ഉണ്ടാവുന്നത്...

സ്റ്റാറ്റസുകൾ ഉണ്ടാവുന്നത്...
........... ...... ..... .... .... .... ....
രാവിലെയുണർന്നപ്പോ തന്നെ കേട്ടത് പൂവൻ കോഴിയുടെ കൂവലും പാത്രങ്ങളുടെ കലപില ശബ്ദങ്ങളുമാണ്..
അപ്പൊത്തന്നെ സ്റ്റാറ്റസിട്ടു..
"ബഹളങ്ങൾ സൃഷ്ടിക്കുന്ന പുകമറക്കപ്പുറം നിറയെ പ്രതീക്ഷകളും വെളിച്ചവുമാണ് ജീവിതം.."
"കിടു ബ്രോ.."
ആദ്യത്തെ കമന്റ്..
പല്ലുതേച്ചുകഴിഞ്ഞു മൊബൈൽ തേക്കുന്നതിനിടെൽ ഉമ്മ ചായ കൊണ്ടത്തന്നു..
മധുരം സ്വല്പം കൂടുതലാണ്...
പാല് കുറവും..
സ്റ്റാറ്റസിടാൻ അതുപോരെ..
"മധുരമേറിയും കുറഞ്ഞും കടുപ്പമുള്ളതും ഇല്ലാത്തതും ചൂടൊടെയാണേൽ ആസ്വദിച്ചും തണുത്തുപോയാൽ ഒഴിവാക്കാനാവാതെ ആസ്വദിച്ചുവെന്നു വരുത്തിതീർത്തും അനുഭവിച്ചറിയേണ്ട ചായയാണ് പ്രണയം.."
"സത്യം.."
അനുമോളുടെതാരുന്നു ആദ്യകമന്റു..
പ്രണയം മൂത്തു അന്യമതക്കാരന്റെ കൂടെ പോയതാരുന്നു..
ഇപോ അവനു പഴയത്പോലെ സ്നേഹമൊന്നുമില്ല..
ചായകുടിച്ചു പുറത്തേക്കിറങ്ങാൻ നേരം ഭാര്യ എതിരേവന്നു...
"എങ്ങോട്ടേക്കാ.."?
"എവിടെക്കായലും നിനക്കെന്താ.."
മറുപടിയും പെട്ടെന്നാരുന്നു..
ഇടക്കിടെ അങ്ങിനെയാണ്..
പ്രണയിക്കുന്ന കാലത്തു തേനും പാലുമാരുന്നു..
ഒന്നവളെ കാണാനായി മണിക്കൂറുകളോളം
കാത്തു നിന്നിട്ടുണ്ട്..
ഓർത്തപ്പോ സ്റ്റാറ്റസിടാൻ തോന്നി..
"അകലെനിന്ന് കാണുമ്പോഴുള്ള സുഖമൊന്നും അടുത്തു കിട്ടുമ്പോഴുണ്ടാവില്ല.."
റോഡിലേക്കിറങ്ങിയപ്പോ തങ്കമണിയുണ്ട് എതിരെവരുന്നു..
കയ്യിലൊരു സഞ്ചിയുമുണ്ട്..
"സഹായിക്കണോ ചേച്ചീ"? എന്നുചോദിച്ചതും മുഖമടച്ചൊരു ആട്ടായിരുന്നു..
തുപ്പല് ശരിക്കും മുഖത്തേക്കു തെറിച്ചു..
സ്റ്റാറ്റസിടാൻ വേറെന്തെലും വേണോ..
"ഒരു ചാറ്റൽ മഴക്കുളിരിൽ ഈ വഴിയോരത്തു.."
പ്രണയവരികളാണെന്നു കരുതി ആരൊക്കെയൊ ലവ് സിംബലിടുന്നുണ്ടാരുന്നു..
കവലയിലെ കലാപരിപാടികൾ കഴിഞു മടങ്ങുമ്പോൾ കൂട്ടുകാരന്റെ ബൈക്കിലാരുന്നു..
വളവിനപ്പുറത്തുണ്ടാരുന്ന പോലീസുകാരൻ ഹെൽമെറ്റില്ലാത്തതിന് പെറ്റിയടിച്ചപ്പോൾ സ്റ്റാറ്റസിട്ടു..
"വളവുകളിൽ കാത്തുനിൽക്കുന്ന പോലീസുകാരെപ്പോലെയാണ് മരണം..
തൊട്ടടുത്തെത്തിയാൽ മാത്രമെ നമ്മളതോർക്കുകയുള്ളൂ.."
കുറേപ്പേർ സങ്കടസ്‌മൈലിയൊക്കെ ഇട്ടു സെന്റിയടിച്ചു..
വരുന്ന വഴിക്കു വണ്ടിയൊന്നു ചെരിഞ്ഞു..
വണ്ടിചെരിഞ്ഞപോ ഞങ്ങളും ചെരിഞ്ഞു.
ചെറുതായൊന്നു പോറി..
അപ്പോഴും വീണു സ്റ്റാറ്റസ്...
"എത്രതന്നെ ശ്രദ്ധിച്ചോടിച്ചാലും ചെറിയൊരു
അശ്രദ്ധകൊണ്ട് വീണുപോയേക്കാവുന്ന വണ്ടിപോലെയാണ് വിവാഹജീവിതം..
ഒന്നുപോറിയാലും കാര്യമാക്കാതെ നേരെയാക്കി ഓടിക്കാൻ ശ്രമിച്ചാൽ മനോഹരമാവുന്നതും.."
അപ്പൊതന്നെ ഏതോ ഒരു തെണ്ടി കമ്മന്റിട്ടു..
"നിറയെ കുണ്ടുംകുഴിയുമുള്ള പഞ്ചായത്തു റോഡ്‌ പോലെയാണ് വിവാഹജീവിതം..
ഹെൽമെറ്റില്ലാണ്ട് ഓടിച്ചാൽ പണികിട്ടുമെന്നുറപ്പ്.."
ഉള്ളിൽ തെറിവിളിച്ചെങ്കിലും പുറമേ ലവ്യൂ ചക്കരെന്നു കമന്റിട്ടു..
ആത്മരതി ഹിഹി...
എങ്ങിനൊക്കെയോ ഓടിപ്പിടിച്ചു വീടെത്തി..
കൈമുട്ടിലെ മുറിവുകണ്ടതും അവൾ പരിഭ്രമത്തോടെ തലയിലെ തട്ടം നെടുകെ കീറി മുറിവിൽ ചുറ്റിക്കെട്ടി..
അന്നേരം ആ കണ്ണുകളിലേക്കു നോക്കിയപ്പോ ശരിക്കും ഒരു സ്റ്റാറ്റസിടാൻ തോന്നി മച്ചൂ...
"ഒന്നു വീഴുമ്പോഴാണ് ഒപ്പമുള്ളവർ ആരൊക്കെയാണെന്ന് തിരിച്ചറിയുക..
കൊച്ചു കൊച്ചു മുറിപ്പാടുകൾ സൃഷ്ടിക്കുന്ന വേദനകൾ മറക്കാൻ സ്നേഹപൂർവമുള്ള ഒരു തലോടൽ മതിയാവും.."
പോസ്റ്റിയതും കമന്റ് വീണു..
"സത്യമാണു സഹോ..
കൂടെയുണ്ടെന്ന് കരുതിയവർ വീഴ്ചയിൽ ഒപ്പമില്ലെന്നുള്ള തിരിച്ചറിവ് നൽകുന്ന മുറിവുകളാവും ഒരിക്കലും മായാത്ത വേദന സമ്മാനിക്കുക.."
ഞാനവളെ നോക്കി പുഞ്ചിരിച്ചു..
പിന്നെയെന്നോട് ചേർത്തുപിടിച്ചു..
രാവുറങ്ങും നേരത്തു എന്റെ നെഞ്ചിൽ മുഖംപൂഴ്ത്തിക്കിടക്കുന്ന അവളുടെ തലമുടിയിഴകളിലൂടെ വിരലോടിക്കുമ്പോൾ ജനാലവാതിലിനപ്പുറം മഴത്തുള്ളികൾ വാഴയിലകളിൽ തട്ടി ശബ്ദമുണ്ടാക്കുന്നത് വ്യക്തമായി കേൾക്കാമാരുന്നു..
നേർത്തൊരു കുളിർക്കാറ്റു കർട്ടൻവിരികൾ
നീക്കിയകത്തേക്കു വന്നതും ഞാനവളെയൊന്നുടെ ചേർത്തുപുണർന്നു..
ശരിക്കുമൊരു സ്റ്റാറ്റസ് ഇടാൻ തോന്നിപ്പോയി..
ഒന്നുമാലോചിച്ചില്ല..
"പ്രണയമൊരു മഴപ്പെയ്ത്തു പോലെയാണ് ശരിക്കും..
എത്ര നനഞ്ഞാലും പിന്നെയും ചേർത്തണക്കാൻ തോന്നുന്ന മഴപ്പെയ്ത്ത്."

Rayan

ഈ നാട്ടുകാരുടെ ഒരു കാര്യമേ..

ഈ നാട്ടുകാരുടെ ഒരു കാര്യമേ..
എന്തു കണ്ടാലും നെഗറ്റിവിറ്റിയെ ചിന്തിക്കുള്ളൂ...
കാര്യമെന്താണെന്നാവും നിങ്ങളിപ്പോ ആലോചിക്കുന്നത്..
പറയാം..
"ഇങ്ങളെ തടി കൂടിക്കൂടി വരുന്നുണ്ട്‌ ട്ടാ..
ഫുഡൊക്കെ ഒന്നു കണ്ട്രോള് ചെയ്‌തോ.."
പതിവുതീറ്റക്കിടെ അഞ്ചാമത്തെ ദോശ മുട്ടറോസ്റ്റ് കൂട്ടി വായിലേക്ക് തിരുകാൻ നോക്കുമ്പോഴാണു കെട്ട്യോള് ഇടങ്കോലിട്ടത്..
അപ്പോഴാ വഴിക്കു വന്ന ഉമ്മാക്ക് അവളുടെ ഡയലോഗ് അത്ര രസിച്ചില്ല..
അല്ലേലും ഉമ്മമാർക്കു മക്കളെത്ര കഴിച്ചാലും കഴിപ്പിച്ചാലും മതിയാവില്ല..
"അങ്ങനിപ്പ തിന്നാണ്ടും കുടിക്കാണ്ടും പട്ടിണി കിടന്നാരും തടി കൊറക്കണ്ട..
ഞങടെ തറവാട്ടിനിന്നെ വരെ അങ്ങനൊരു
ഗതികേടു വന്നിട്ടുമില്ല.."
എന്നും പറഞ്ഞുമ്മ ഒരു ദോശേം കൂടി പ്ലേറ്റിലേക്കിട്ടു നീ കഴിക്കു മോനെന്നും പറഞ്ഞു അവളെ ഇടങ്കണ്ണിട്ടു നോക്കി..
അതൊടെ അഡ്മിനും അപ്രൂവലിനും ഇടയിൽപ്പെട്ട പോസ്റ്റിന്റെ അവസ്ഥയായി എനിക്കു..
അവളൊന്നും മിണ്ടാതെ എന്റരികിലേക്കു വന്നു..
"ഇങ്ങനെ തൂക്കം കൂടിയാൽ സഹിക്കേണ്ടത് ഞാനാ ഇങ്ങടെ പുന്നാര ഉമ്മയല്ല" എന്നും പറഞ്ഞെന്റെ കാലിനിട്ടൊരു തട്ടും തട്ടി അടുക്കളയിലേക്കു പോയി..
അതും സത്യമാണു..
അവളാന്ന്യല്ലേ സഹിക്കേണ്ടത്..
എന്തായാലും കാര്യങ്ങളിത്രത്തോളമായ സ്ഥിതിക്കു തൂക്കം കുറക്കാൻ തന്നെ തീരുമാനിച്ചു..
സ്വഭാവികമായും ഭക്ഷണം കണ്ട്രോൾ ചെയ്തതല്ലേ പറ്റുള്ളൂ..
അതായിരുന്നു ഏറ്റവും വലിയ പാടു..
ആദ്യമൊക്കെ ഉമ്മ "പെങ്കോന്തൻ ഓളുടെ വാക്കും കേട്ട് പട്ടിണി കിടക്കാൻ നടക്കുന്നു" എന്നൊക്കെ പരിഹസിച്ചെങ്കിലും ഞാനതൊന്നും ചെവിക്കൊണ്ടില്ല..
പക്ഷെ പ്രശ്നമതൊന്നും അല്ലായിരുന്നു..
അവളോടും എന്നോടുമുള്ള വാശി തീർക്കാനാണോ അതൊ എന്റെ തോന്നലാണൊന്നറില്ല..
ഇടക്കിടെ കിച്ചണിൽ നിന്നു വറുത്ത മീനിന്റെയും പൊരിച്ച കൊഴിയുടേയുമൊക്കെ മണം അകത്തേക്കു ഓടിവന്നു മൂക്കിലേക്ക് ഇടിച്ചു കയറി പ്രലോഭനം സൃഷ്ടിക്കാൻ തുടങി..
സുന്ദരിപ്പെൺകുട്ട്യോളെ ഓൺലൈനിൽ കണ്ടിട്ടും ചാറ്റ് ചെയ്യാൻ പറ്റാത്തോന്റെ അവസ്ഥയായിരുന്നു എന്റേത്..
കണ്ടു വെള്ളമിറക്കുകയെ നിവൃത്തിയുണ്ടാരുന്നുള്ളൂ..
പക്ഷേ അതൊക്കെ അതിജീവിച്ചു
ഒരുവിധം തടിയൊക്കെ കുറച്ചു ആത്മ വിശ്വാസത്തോടെ പുറത്തിറങ്ങിയ എന്നെ കണ്ടപ്പൊൾ ചില പരട്ടകൾ ചോദിക്കാ..
"എന്താ ഇങ്ങനെ ക്ഷീണിച്ചിരിക്കുന്നെ..
അസുഖം വല്ലതുമുണ്ടോന്നു.."
ഇനി നിങ്ങളെന്നെ പറ ഇവരെയെന്തു ചെയ്യണൊന്നു..

rayan

പച്ചവെളിച്ചം ഒരു സത്യകഥ..

പച്ചവെളിച്ചം ഒരു
സത്യകഥ..
***** ***** ****
ഏഷ്യാനെറ്റിനൊരു തുറന്ന പോസ്റ്റ്..
പച്ചലൈറ്റ് എന്ന പംക്തിയും അതിന്റെ വർദ്ധിച്ചുവരുന്ന സ്ത്രീപിന്തുണയും ചർച്ചാവിഷയമാവുന്ന ഈ വേളയിൽ ചിലകാര്യങ്ങൾ പറയാനാഗ്രഹിക്കുന്നു..
പച്ചലൈറ്റിലേക്കു ആകർഷിക്കപ്പെട്ട്
അകാല ബ്ലോക്ക് ഏറ്റുവാങ്ങേണ്ടിവന്ന കോഴികളുടേയും ഞരമ്പുകളുടെയും പാവന സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് തുടങ്ങട്ടെ..
ഒരു ശരാശരി മലയാളി യുവാവ് ( മലയാളികൾക്കായുള്ള പോസ്റ്റല്ലേ.. അപ്പൊ അങ്ങനെ തന്നെ അഭിസംബോധന ചെയ്തേക്കാം...)അക്കൗണ്ട് എടുത്തു കഴിഞ്ഞു സഹിക്കേണ്ടുന്ന പ്രയാസങ്ങളെ പറ്റി നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..
ഹോം പേജ് തുറന്നാൽ അപ്പൊ കാണിക്കും പീപ്പിൾ മേ യു നോ (ഇവരെ ചിലപ്പോ നിനക്കറിയാമാരിക്കും )എന്നും പറഞ്ഞോണ്ട് കുറേ സുന്ദരിമാരുടെ ഫോട്ടോസ്..
ആ ചിലപ്പൊ അറിയുമാരിക്കും..
ഇനി നമുക്കറിയില്ലെങ്കിലും അവർക്കു നമ്മളെ അറിയാമെങ്കിലോ എന്നോർത്ത് ഒരു റിക്വസ്റ്റ് അങ്ങോട്ടക്കയക്കും..
അയച്ചാലുള്ള പുകില് പറയേണ്ട കാര്യമില്ല..
ഐ എൻ എ കേസന്വേഷിക്കുന്നത് പോലെ ആരാണ് എന്താണെന്നൊക്കെ അറിഞ്ഞാവും പാവത്തുങ്ങളുടെ റിക്വസ്റ്റ് ഒന്നു ആക്സെപ്റ്റ് ചെയുന്നത് തന്നെ..
അതു കഴിഞാൽ അവളുമാരുടെ വാളിലേക്കു നോക്കിയാ അതിനേക്കാൾ രസാവും..
ഇവിടെ പാർക്ക് ചെയ്യരുത്..
ഇവിടെ തുപ്പരുത് എന്നൊക്കെ പറഞ്ഞതു പോലൊരു ബോർഡ്‌ അവിടെയും തൂക്കിയിട്ടിട്ടുണ്ടാവും..
ഇവിടെ ചാറ്റരുത് എന്ന്പറഞ്ഞോണ്ടു..
എന്തെലും ചെയ്യരുതു എന്നുപറഞ്ഞാൽ അതു ചെയ്തെ തീരൂ എന്നു കരുതി നടക്കുന്നവരാണ് മലയാളികളിൽ ഭൂരിഭാഗവും..
പരസ്യം പതിക്കരുതെന്നു പറയുന്നിടത്താണ് കൂടുതൽ പരസ്യങ്ങൾ ചാർത്തുക..
അവരോടിതൊക്കെ പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ..
അതോ പോട്ടെന്നു വെക്കാം..
തിരികെ സ്വന്തം വീട്ടിലേക്ക് അതായതു നമ്മുടെ വാളിലേക്കു മടങ്ങിവരുമ്പോൾ അവിടെ മെസഞ്ചറിൽ നമ്മെ കാത്തിരിക്കുന്നുണ്ടാവും അടുത്ത പ്രലോഭനം..
ആർക്കാണോ റിക്വസ്റ്റ് അയച്ചു ഫ്രണ്ടായത്..
അവരോടു ഒരു ഹായ് പറയൂ എന്നുംപറഞ്ഞു പഹയൻ സുക്കൻ സായിവ് നമ്മളെ കുടുക്കാൻ നോക്കും..
സത്യം പറഞ്ഞാലുണ്ടല്ലോ കള്ളുകുടി നിർത്താൻ പരുമല പള്ളീല് ഒരുമാസത്തെ ധ്യാനം കൂടാൻ പോയവൻ തിരികെ മടങ്ങുമ്പൊ കള്ളുഷാപ്പിന്റെ അടുത്തു ബസ്സ്‌ കാത്തുനിക്കുന്ന അവസ്ഥയാണു..
എന്റെ മാതാവേ മെസ്സേജ് അയക്കണോ വേണ്ടയോ എന്നുള്ള കടുത്ത മല്പിടുത്തത്തിലാവും മനസ്സു..
അതൊക്കെ പച്ചലൈറ്റെന്നും പറഞ്ഞു ആണുങ്ങളെ പരിഹസിക്കുന്നോർക്കു മനസ്സിലാവോ..
എന്നിട്ടും അതിനെ അതിജീവിച്ചു മുന്നോട്ടു പോവുന്ന ഫേസ്ബുക്ക് ബ്രഹ്മചാരികളെ മനസ്സിലാക്കാതെ അറിയാൻ ശ്രമിക്കാതെ ഏതെങ്കിലും മനോരോഗി ഒരു മെസ്സേജ് അയച്ചതിനു എന്നെ പിച്ചി,തോണ്ടി ,എന്നൊക്കെ പറയുന്നവർക്ക് വേണ്ടി നിങ്ങളൊരു വേദിയൊരുക്കിയത് തികച്ചും നിരാശാജനകമാണെന്നു പറയേണ്ടതില്ലാലോ..
കാരണം ഒരാളെ ഫ്രണ്ടാക്കുമ്പോഴും അയാൾ മെസ്സേജ് അയച്ചു തുടങ്ങുമ്പോഴും നമുക്കു മനസ്സിലാവും കാളയെന്തിനാണ് വാലുപൊക്കുന്നതെന്നു..
അതിനു ചാണകമിടുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ലലോ..
ഇനി ഫ്രണ്ടല്ലാത്ത ഒരാളാണ് മെസ്സേജ് അയക്കുന്നതെങ്കിൽ അതു മെസ്സേജ് റിക്വസ്റ്റ് ആയാണ് കാണിക്കുക..
അതു കഷ്ടപ്പെട്ട് തുറന്നു വായിക്കേണ്ട വല്ല
ആവശ്യവുമുണ്ടോ..
വേണമെങ്കിൽ മാത്രം നോക്കിയാൽ മതി..
അതും വേണ്ട..
കടുപ്പിച്ചൊരു മൂളൽ കുറച്ചു വാക്കുകൾ അതുമാത്രം മതിയാവും ഒട്ടുമിക്ക കോഴികളുടെയും അസുഖത്തിനു കുറവുണ്ടാവാൻ..
കാര്യങ്ങളിങ്ങനൊക്കെ ആണെന്നിരിക്കേ
എല്ലാവിധ പ്രലോഭനങ്ങളെയും അതിജീവിചു യാതൊരുവിധ പ്രതികാരചിന്തകളോ സ്ക്രീൻഷോട്ടുകളോ ഇല്ലാതെ ഫേസ്ബുക്കിൽ ആക്ടീവാവുന്ന പാവം ഞങ്ങൾ പുരുഷന്മാരെ അപമാനിക്കാനും താഴ്ത്തിക്കെട്ടാനുമുള്ള അവസരങ്ങൾ ഒരുക്കിക്കൊടുത്തു സ്ത്രീജനങ്ങളെ അഹങ്കാരികളാക്കുന്ന ലേഖന പരമ്പരകൾ ഇനിയെങ്കിലും നിർത്തലാക്കുമെന്ന പ്രതീക്ഷയോടെ..
നിങ്ങളുടെ വരിക്കാരനും വായനക്കാരനുമായ
രായപ്പൻ
ഇന്ബോക്സ് വളപ്പിൽ വീടു..
കൊഴിമൂല..
പാതിരാചാറ്റ് പി ഒ
മെസ്സെഞ്ചർ വയ
ഫേസ്ബുക്ക്
0091090909000456
(പിന് നമ്പറല്ല വാട്സ്ആപ് നമ്പറാണ്..)
ഇവിടെ ചാറ്റാൻ താല്പര്യമില്ലാത്തോർക്ക് അവിടെയാവാല്ലോ..
അല്ല പിന്നെ.

Rayan

ഒരു ഫേസ്ബുക്ക് എഴുത്തുകാരി

മനം കവരുന്ന പ്രണയ പോസ്റ്റുകള് വായിച്ചതു തൊട്ടുള്ള ആഗ്രഹമാരുന്നു ഒരു ഫേസ്ബുക്ക് എഴുത്തുകാരിയെത്തന്നെ കല്യാണം കഴിക്കണമെന്നു..
പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം അവളോളം അറിയുന്ന മറ്റാരുമുണ്ടാവില്ലലോ..
അങ്ങനെ കൊണ്ടുപിടിച്ച അന്വേഷണത്തിനൊടുവിൽ ഒരുവളെ കണ്ടുപിടിച്ചു കല്യാണ നിശ്ചയവും നടന്നു..
പിന്നീടങ്ങോട്ട് അപ്രൂവലിനു കൊടുത്ത പോസ്റ്റിന്റെ അവസ്ഥയായിരുന്നു എന്റേതു..
ആദ്യ ലൈക്കു ചെ തെറ്റി ആദ്യരാത്രിയും സ്വപ്‌നം കണ്ട് ഉറങ്ങിയും ഉറങ്ങാതെയും ദിവസങ്ങൾ തള്ളിനീക്കി..
എന്നും രാവിലെ ഗുഡ് മോർണിംഗിനൊപ്പം അവള് പോസ്റ്റിന്റെ ലിങ്ക് കൂടിയെനിക്കയച്ചു തരുന്നത് പതിവായി..
അവളിടുന്ന പോസ്റ്റിനെന്റെ ലൈക്കു കണ്ടില്ലേൽ പരിഭവമായി..
കമന്റ് കണ്ടില്ലേൽ പിണക്കമായി..
കളിയുടെ ആദ്യ ഓവറിലെ ആദ്യത്തെ പന്തിൽത്തന്നെ ഔട്ടാവേണ്ടിവരുന്ന ബാറ്റ്സ്മാന്റെ അവസ്ഥയാവേണ്ടല്ലോ എന്നോർത്തു ഞാനതൊക്കെ ക്ഷമാപൂർവം ചെയ്തുപോന്നു..
അല്ലേലും എനിക്കങ്ങിനെത്തന്നെ വേണം..
മോഹിച്ചു കണ്ടെത്തിയ പെണ്ണല്ലേ..
അങ്ങിനെ കാത്തിരുന്ന നാളെത്തി..
കല്യാണത്തിരക്കുകൾക്കിടയിലും അവൾ അവളുടെ ഫ്രണ്ട്സിനെയെനിക്ക് പരിചയപ്പെടുത്താൻ മറന്നില്ല..
അവരിൽപലരെയും പേരുപറയാതെ തന്നെ എനിക്കറിയാമാരുന്നു താനും..
എന്നും സമയം തെറ്റാതെ അവളുടെ പോസ്റ്റിനു കമന്റിടുന്നതല്ലേ അവന്മാരൊക്കെ..
പരിചയപ്പെടുന്നതിനിടയിൽ നിനക്കിതു തന്നെ കിട്ടണമെന്നുള്ള മട്ടിൽ അവരെന്നെ നോക്കി ചിരിച്ചോ..
ഏയ്‌ എന്റെ തോന്നലാവണം..
നേരമിരുട്ടി തുടങ്ങി..
ഇടനെഞ്ചിൽ ദഫ്മുട്ടും തുടങി..
ആദ്യരാത്രിയുടെ വെപ്രാളമായിരുന്നു മനസ്സിൽ നിറയെ..
ഏറെസമയം കാത്തിരിക്കേണ്ടിവന്നില്ല...
പാലുമായവൾ അകത്തേക്കു വന്നു..
പതിയെ അതവളുടെ കയ്യിൽനിന്നു വാങ്ങിക്കുമ്പോൾ വിരലുകളറിയാതവളുടെ കൈകളിലൂടെ ഒന്നു ഉരസിയിറങ്ങി..
അതുപിന്നെ വിവാഹത്തിന് മുന്നേയുള്ള ശീലമാരുന്നു..
മാറ്റാനൊക്കില്ലലോ..
പാല് കുടിക്കാനൊരുങ്ങിയതും അവൾതടഞ്ഞു..
"നിക്ക് പാൽഗ്ലാസ്സുമായി ഒരു നമുക്കൊരു സെൽഫിയെടുക്കാം..
ഞങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിലിടാനാ.."
സെൽഫിയെങ്കി സെൽഫി..
മുഖത്തു പരമാവധി ചിരി വരുത്തി ഞാൻ പാലുമായി സെൽഫിക്കു പോസ് ചെയ്തു..
ഇതിപ്പൊ വെറും സെൽഫി മാത്രാവോ പടച്ചോനെ എന്നു മനസ്സിലോർത്തു ഞാൻ പാലുകുടിച്ചു പാതി അവൾക്കും കൊടുത്തു..
ഇനിയങ്ങോട്ടെല്ലാം അതു സങ്കടമാണേലും സന്തോഷമാണെലും ഒരുപോലെ ഷെയർചെയ്യാമെന്നുള്ള കരാറൊപ്പിടുന്ന ധന്യ മുഹൂർത്തം..
ബാക്കിവന്ന പാലുകുടിച്ചു അവൾ ജനാലക്കരികിലേക്കു നടന്നു..
ജനാല വാതിൽ തുറന്നതും പാൽഗ്ലാസ്സ് മേശമേൽ വെച്ചു അവളെന്റെ അരികിലേക്കു വരുമെന്നും മെല്ലെ എന്നോട് ചേർത്തുപിടിച്ചു ആദ്യചുംബനം സമ്മാനിക്കണമെന്നുമൊക്കെയുള്ള എന്റെ കണക്കു കൂട്ടൽ വൃഥാമോഹങ്ങളായി ജനാലക്കമ്പികൾക്കിടയിലൂടെ പുറത്തേക്കു തെറിച്ചു വീണു..
"ഡാ നോക്കിയെ നിലാവിനെന്തു ഭംഗിയാണെന്നു.."
ഡാന്നോ..
കിലുക്കത്തിലെ ഇന്നസെന്റിനെപ്പോലെ എന്റെ മുഖമൊന്നു കോടിയെങ്കിലും പെട്ടെന്നുതന്നെ പഴയരൂപം പ്രാപിച്ചു..
സാരല്ല ചാറ്റിലും കമന്റിലുമൊക്കെ എല്ലാരേം വിളിച്ചുള്ള ശീലമാവണം..
അന്നാദ്യമായി നിലവിനെപ്പോലും വെറുത്തു പോയി..
ഞാനല്ല ആരായാലും വെറുത്തുപോവൂല്ലേ..
ആദ്യരാത്രി ഇമ്മാതിരിയൊരു ചതിചെയ്താൽ..
അതൊന്നും പുറത്തുകാണിക്കാതെ ഞാനവളുടെ അരികിലേക്കു ചെന്നു..
മെല്ലെയാ മുഖമെനിക്കഭിമുഖമായി തിരിച്ചു പിടിച്ചു..
എന്നിട്ടുപറഞ്ഞു..
"നിലാവിനെപോലും നാണിപ്പിക്കുന്ന ഈ മുഖമുള്ളപ്പോൾ ഞാനെന്തിനാ ചക്കരെ നിലാവ് കണ്ടാസ്വദിക്കുന്നതു.."
ഭാഗ്യം അതേറ്റു...
അവളെന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു..
എന്നിട്ടുപറഞ്ഞു..
"സ്‌നേഹം ഡാ.."
ങേ ഇതെന്നാ പോസ്റ്റിന്റെ കമന്റിനുള്ള റിപ്ലൈ പോലെ..
ആ എന്തെലും ആവട്ട്..
ആലോചിച്ചു നിന്നാ സമയം പോവും..
ഇനി കാറ്റു മഴ എന്നൊക്കെ പറഞ്ഞു വീണ്ടും ജനാലക്കടുത്തേക്കു പോവുന്നതിനു മുന്നെ അതു വലിച്ചടച്ചെക്കാം..
അല്ലേൽ പിന്നെം പണിയാവും..
അവളപ്പോഴേക്കും വസ്ത്രം മാറിത്തുടങ്ങിയിരുന്നു..
നീലബൾബിന്റെ വെളിച്ചത്തിലവൾ അതിസുന്ദരിയായി തോന്നി..
പ്രണയത്തിന്റെ ആഗമനം അറിയിക്കാനെന്നപോലെ ചുറ്റിനും വല്ലത്തൊരു സുഗന്ധം പരന്നു..
തെറ്റിദ്ധരിക്കണ്ട..
അതിഭാവുകത്വം നിറഞ്ഞ വർണനയൊന്നുമല്ല ട്ടാ..
അവളു ബോഡിസ്പ്രേ അടിച്ചപ്പോ ചുറ്റിനും പരന്ന മണമായിരുന്നു..
മെല്ലെയവളരികിലേക്കു വന്നപ്പൊ ശ്വാസമിടിപ്പ് ഒന്നൂടെ കൂടി..
ഞാനവളെ നോക്കി പുഞ്ചിരിച്ചു..
പിന്നെയെന്നോട് ചേർത്തുപിടിച്ചു ഞാനാ നെറുകയിലൊന്നുമ്മ വെച്ചു..
അതിനൊരു കാരണമുണ്ടാരുന്നു..
പ്രണയിക്കപ്പെടുമ്പോൾ നെറുകയിലൊരു ചുംബനത്താലെന്റെ പ്രണയത്തിന്റെ വാതിൽ തുറന്നേക്കണേ എന്നു തുടങ്ങുന്നൊരു കവിത ഉണ്ടായിരുന്നു അവളുടേതായിട്ട്..
പെണ്ണെന്നും മനസ്സു തൊട്ടുണർത്തുന്ന പ്രണയമാണ് കൊതിക്കുന്നതെന്നും ശരീരമത് പ്രകടിപ്പിക്കാനുള്ള ഉപാധിയാണെന്നും അവളെഴുതിയതോർത്തപ്പോ ഞാനാ കണ്ണുകളിലേക്കു നോക്കി..
പതിയെ ആ ചുണ്ടുകളെയെന്നരികിലേക്കടുപ്പിച്ചു മെല്ലെ കവർന്നെടുത്തു...
ആദ്യ മഴ മണ്ണിനെ ചുംബിച്ചുണർത്തുന്നത് പോലേ അവളിലേക്കമർന്നലിഞ്ഞു..
പിറ്റേന്നവളൊരു പോസ്റ്റിട്ട്..
"ഒരു മഴപ്പെയ്ത്തിന്റെ കുളിരോർമകൾ."

അഭ്യുദയകാംക്ഷികൾ

സ്‌കൂളിപ്പടിക്കുന്ന കാലത്താണ് ഞങടെ നാട്ടിൽ വായനശാലക്കു സ്വന്തമായൊരു കെട്ടിടമുണ്ടാവുന്നത്..
അന്നത് ഉദ്ഘാടനം ചെയ്യാൻവന്നത് സ്വതസിദ്ധമായ നർമ്മം കൊണ്ടു മലയാളികളെ കുടുകുടാ ചിരിപ്പിച്ച ശ്രീ ഇ കെ നായനാർ ആയിരുന്നു..
അദ്ദേഹം വരുന്നതറിഞ്ഞു അയൽനാടുകളിൽ നിന്നുപോലും പാർട്ടിഭേദമന്യേ വൻജനാവലി വായനശാലക്കു മുന്നിലേക്കെത്തിയിരുന്നു..
പ്രസംഗം തുടങ്ങിയതും എല്ലാവരുടെയും മുഖത്തു ചിരിവന്നു തുടങ്ങി..
സ്വതവേ ആരൊടും ചിരിക്കാത്ത റിട്ടയേർഡ് പട്ടാളം ചന്ദ്രേട്ടന്റെ കൊമ്പൻ മീശക്കിടയിലൂടെ ഒരു കുഞ്ഞുചിരി പുറത്തേക്കെത്തി നോക്കി..
അങ്ങിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കത്തിക്കയറിയ അദ്ദേഹം പ്രസംഗം അവസാനിച്ചപ്പോ സദസ്സൊന്നടങ്കം നിശബ്ദമായി..
ഒടുവിൽ കൈവീശിക്കൊണ്ടു എല്ലാവരോടും യാത്രപറഞ്ഞു അദ്ദേഹം മടങ്ങുമ്പോൾ ചിലരൊക്കെ കണ്ണു തുടക്കുന്നുണ്ടായിരുന്നു..
സ്വന്തം കുടുംബത്തിലെ ആരെയോ യാത്രയയക്കും പോലെ..
അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു കൊണ്ട് ഒരുകുഞ്ഞു കഥ പറഞ്ഞൊട്ടെ..
വായനശാലക്കു പുതിയ കെട്ടിടമായതോടു കൂടി പുസ്തകങ്ങളും ദിനപത്രങ്ങളും കൂടാതെ പുതിയൊരു അതിഥി കൂടിവന്നെത്തി..
ടെലിവിഷൻ...
അതൊടെ ഞങ്ങൾ കുട്ടികളും വായനശാലയിലെ പതിവുകാരായി..
അതിൽ വായനശാല നടത്തിപ്പുകാർക്ക് എതിർപ്പൊന്നുമില്ലാന്നു മാത്രല്ല അവർ ഞങ്ങൾക്കായി ചിത്രഗീതവും സീരിയലുകളും ആഴ്ചയിലൊരിക്കൽ മാത്രമുണ്ടാവുന്ന പ്രതിഭാസമായ മലയാളം മൂവിയുമൊക്കെ കാണാൻ സൗകര്യമുണ്ടാക്കിത്തന്നു..
കാര്യങ്ങളങ്ങിനെ സുഖകരമായി നടന്നു പോവുന്നതിനിടെയാണ് അവിടവിടൊക്കെയായി ചില്ലറ മുറു മുറുപ്പുകൾ തുടങ്ങിയതു..
കുട്ടികളെ ഇങ്ങനെ കയറൂരി വിടുന്നത് വായനശാലയുടെ സൽപ്പേരിനെ ബാധിക്കുമെന്നും സിനിമാപ്പാട്ടുകളും ബഹളങ്ങളുമല്ല വായനശാലകളിൽ ഉണ്ടാവേണ്ടതെന്നും മറിച്ചു ആരോഗ്യകരമായ വായനയാണ് ഉണ്ടാവേണ്ടതെന്നും വാദിച്ചു വായനശാലയുടെ അഭ്യുദയകാംക്ഷികളെന്നു സ്വയം കരുതിപ്പോന്ന ചിലർ രംഗത്തുവന്നു..
ഏതൊക്കെ പത്രങ്ങൾ വായിക്കപ്പെടണമെന്നും ഡസ്കിന്റെയും ബെഞ്ചിന്റെയും സ്ഥാനങ്ങൾ എവിടെയായിരിക്കണമെന്നുമൊക്കെ അഭിപ്രായം പറഞ്ഞുകൊണ്ട് അവർ ചർച്ചകളിൽ സജീവമായി..
ഇടക്കിടെ ഞങ്ങൾ കുട്ടികളെ കണ്ണുരുട്ടിക്കാണിച്ചും വീട്ടിപ്പോടാന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയും അവർ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ശ്രമിച്ചു..
നാട്ടുകാരായതു കൊണ്ടും എന്നും കാണേണ്ടവരല്ലേ എന്നോർത്തും വായനശാല നടത്തിപ്പുകാർ അവരുടെ ചെയ്തികളെ കൂടുതൽ വിമർശിക്കാൻ ധൈര്യം കാണിക്കാത്തത് അവർക്കു ഒന്നുടെ ഊർജ്ജം പകർന്നു..
രസകരമായ കാര്യം അവരാരും തന്നെ ഒരു പുസ്തകമെടുത്തു വായിക്കുകയോ വായിക്കുന്നവർക്കായി എന്തെങ്കിലും ചെയ്യുന്നതായോ കണ്ടിട്ടില്ലാരുന്നു..
മാത്രല്ല വൈകുന്നേരമാവുമ്പോൾ പുറത്തിട്ടിരിക്കുന്ന ബഞ്ചുകളിൽ ഇരുന്നു വഴിയേപോവുന്നോരെ പറ്റിയും വായിക്കാൻ വരുന്നൊരെപ്പറ്റിയും അപവാദങ്ങളും മറ്റും പറഞ്ഞുണ്ടാക്കുകയും പരിഹസിക്കുകയും ചെയ്യുന്നതു പതിവാക്കുകയും ചെയ്തു..
അതൊടെ പലരും അങ്ങോട്ടേക്കുള്ള വരവ് ഒഴിവാക്കിത്തുടങ്ങി..
ഞങ്ങൾ കുട്ടികളും അവരെപ്പേടിച്ചു ആ വഴിക്ക് പോവാതെയായി..
പതിയെ പതിയെ ആളും ആരവവുമൊഴിഞ്ഞു വോൾട്ടേജ് കുറഞ്ഞ ബൾബിൻ വെളിച്ചത്തിലുള്ള നിശബ്ദമായൊരു കെട്ടിടം മാത്രമായത് മാറിയെങ്കിലും നിറങ്ങളുടെ ലോകത്തേക്കു കൈപിടിച്ചുയർത്തിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച ഞങളുടെ വായനശാലാ ഇന്നും തെളിഞു നിൽക്കുന്നോരോർമയാണ്..
കാലങ്ങൾക്കിപ്പുറം വായനശാലകൾ ഓൺലൈൻ ഗ്രൂപ്പുകളായി രൂപാന്തരപ്പെട്ടുവെങ്കിലും അന്നത്തെ അഭ്യുദയകാംക്ഷികളെ പോലുളള ഇത്തിൾക്കണ്ണികൾക്കൊരു മാറ്റവും വന്നില്ല...
പലവിധ പേരുകളിലായി അവർ ഞാനും നിങ്ങളുമടങ്ങുന്ന കൂട്ടായ്മകളുടെ ഇടയിൽ കടന്നുകൂടി സ്വപ്നങ്ങളുടെ ഭാവനകളുടെ ചില്ലകളോരോന്നായി വെട്ടിമാറ്റാൻ ശ്രമിക്കുമ്പോൾ നിസ്സഹായതയോടെ പിന്മാറുകയല്ലാതെ മറ്റു നിവൃത്തിയില്ല എന്നതാണ് സത്യം.

Rayan

ക്രിക്കറ്റും ഫേസ്ബുക്ക് പോസ്റ്റും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ..?

ക്രിക്കറ്റും ഫേസ്ബുക്ക് പോസ്റ്റും തമ്മിലെന്തെങ്കിലും
ബന്ധമുണ്ടോ..?
ഉണ്ടെന്നാണ് എന്റെ തോന്നലു..!
ക്രിക്കറ്റിനു ക്രീസിലിറങ്ങുന്നതു രണ്ടു പേരും പോസ്റ്റിനു ഒരാൾ മാത്രവുമാണെന്നതൊഴിച്ചാൽ മറ്റൊരുപാട് സാമ്യതകൾ കാണാം..
ക്രീസിലിറങ്ങുമ്പൊ കളിക്കാരന്റെ മുഖത്തു കാണുന്ന ആത്മ വിശ്വാസം പോലെ പോസ്റ്റു ചെയ്യുന്നയാളുടെ മുഖത്തും കാണാം..
ആദ്യ ബൗൾ പോലെയാണു
ആദ്യ കമന്റും..
നെഞ്ചിടിപ്പേറും..
ചിലപ്പൊ ആദ്യത്തെ കമന്റിനു തന്നെ ആത്മ വിശ്വാസം നഷ്ടപ്പെട്ടു പോസ്റ്റു ഡിലീറ്റു ചെയ്തു പോവുന്നവരുണ്ട്..
പാടുപെട്ടു പിടിച്ചു നിന്നു സെഞ്ച്വറി തികക്കുന്നവരുമുണ്ട്..
ചിലർ സച്ചിനെയും സെവാഗിനെയും പോലേ പെട്ടെന്നു തുടങ്ങും..
മറ്റു ചിലർ പതിയെ തുടങ്ങി മുകളിലേക്കു കുതിക്കുന്നു..
ചില ബോളുകൾ സിക്സറിലേക്കു ഉയർത്തുമ്പോ ചിലതു വളരെ നിരാശപ്പെടുത്തും..
കമന്റുകളും അങ്ങനെ തന്നെ ..
ചിലതു ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ എത്തിക്കുമ്പോ ചിലനേരത്തു നിസ്സഹായരായിപ്പോവും..
ഫീൽഡിങ്ങിലെ പിഴവുകൾ ബാറ്റ്സ്മാന് സഹായകരമാവുന്നതു പോലേ അശ്രദ്ധമായ കമന്റുകളും പുകഴ്ത്തലുകളും പോസ്റ്റിനെയും ചിലപ്പോ സഹായിക്കും..
നന്നായി കളിക്കാനറിയുന്നവർ ചിലപ്പൊ ആദ്യപന്തിൽ തന്നെ ഔട്ടാവാറില്ലേ..
തീരെ കളിക്കാനറിയാത്തവർ ചില നേരത്തു മികച്ച കളി പുറത്തെടുക്കുകയും ചെയ്യും..
പോസ്റ്റിലും അങ്ങനെ തന്നെ..
ചിലർക്കു സിംഗിൾ റണ്ണെടുക്കുന്നതിനോട് അലെർജിയുള്ളതു പോലെയാണു ചിലർക്കു പോസ്റ്റിലുള്ള കമന്റുകളും..
എല്ലാ കമന്റസിനും റിപ്ലൈ ചെയ്യാതെ അവർക്കിഷ്ടമുള്ളവ മാത്രം തിരഞ്ഞെടുക്കുന്നു..
ചിലർക്കു ക്രീസിലിറങ്ങുമ്പൊ ലക്‌ഷ്യം സെഞ്ച്വറിയും ലോക
റെക്കോർഡുമൊക്കെയാവും..
പക്ഷേ നേടാനാവുക പത്തോ പതിനഞ്ചോ റൺസാവും..
പോസ്റ്റും അങ്ങനെ തന്നെ..
ഏത് കളിയിലും അമ്പയർമാരുടെ തീരുമാനം പ്രധാനമാണ്..
അതുപൊലെ തന്നെയാണു ഗ്രൂപ്പു പോസ്റ്റുകളിൽ അഡ്മിൻസിന്റെ തീരുമാനങ്ങൾ..
കളി വേണ്ടവണ്ണം ശ്രദ്ധിക്കാതെ മോശം തീരുമാനങ്ങളെടുക്കുന്ന അമ്പയർമാരുണ്ട്..
ചില ടീമിനോടു പ്രത്യേക ചായ്‌വുള്ളവരുമുണ്ട്..
അഡ്മിൻസിലുമുണ്ട് അങ്ങിനുള്ളവർ..
കാണികളുടെ സപ്പോർട്ട് ഒരു ടീമിന്റെ വിജയത്തിന് പ്രധാന ഘടകമാണ്..
പോസ്റ്റിനു അതു ലൈക്ക്‌
ആണെന്നു മാത്രം..
മികച്ച കളി പുറത്തെടുത്തിട്ടും ജയിക്കാതെ പോയ ടീമുകളില്ലേ ..
മികച്ച എഴുത്തുകളും വേണ്ടവണ്ണം ശ്രദ്ധിക്കാതെ പോവാറുണ്ട്..
നന്നായി കളിക്കുന്നവർക്കു ഒരുപാടു ആരാധകരുള്ളത് പോലെ നന്നായി എഴുതുന്നവർക്കും ഉണ്ടാകും..
ക്രിക്കറ്റിലെ പാരവെപ്പും തൊഴുത്തിൽ കുത്തും നമുക്കെല്ലാവർക്കും അറിയാവുന്നതാണ്..
എഴുതുന്നവർക്കിടയിലുമുണ്ട് അത്തരം കീടങ്ങൾ..
നന്നായി ആക്ടീവാകുന്നവരെയും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവരെയും പുകച്ചു പുറത്തു ചാടിക്കാൻ നടക്കുന്ന ചിലർ..
അങ്ങിനുള്ളവരാണ് എല്ലാ ഗ്രൂപ്പുകളുടേയും ശാപവും.

Rayan

"ഹായ് എന്തൊരു ചുള്ളനാടാ നീ..

"ഹായ് എന്തൊരു ചുള്ളനാടാ നീ..
മുഖത്തൂന്നു കണ്ണെടുക്കാൻ തോന്നില്ല.."
അവളുടെ മെസ്സേജ്‌ കണ്ടപ്പൊൾ മനസിലൊരു കുളിരു കോരി..
വേഗം ചെന്നു കണ്ണാടി നോക്കി..
അങ്ങിങ്ങായി വെള്ളിക്കല കണ്ടു തുടങ്ങീട്ടുണ്ട്..
നെറ്റിയിലെ ചുളിവ് ഒന്നുടെ വ്യക്തമായി കാണാൻ തുടങ്ങി..
കണ്ണുകൾ ഉൾവലിഞ്ഞു അവിടൊരു കറുത്ത അടയാളം വന്നു തുടങ്ങി..
പ്രൊഫൈൽ ഫോട്ടോയിൽ പല്ലു കാണാഞ്ഞത് ഭാഗ്യം..
മുൻവശത്തെ ഒരെണ്ണം പോയിക്കിടക്കുവാ..
അണപ്പല്ലെന്നു പറയാൻ ഒന്നുമില്ല..
അവിടൊക്കെ കയ്യേറ്റക്കാർ വന്നു വെട്ടിപ്പിടിച്ചേക്കുവാ..
താടിയിലെ നര കാണാതിരിക്കാൻ ക്ലീൻ ഷേവ് പതിവാക്കിയതോണ്ട് അതത്ര പെട്ടെന്നു തിരിച്ചറിയുകേല എന്നതാണ് ഒരാശ്വാസം..
ചാറ്റിൽ ജിമ്മാണ് സിക്സ് പാക്കാണെന്നൊക്കെ പറയാറുണ്ടെങ്കിലും നെഞ്ചോക്കെ കറവ വറ്റിയ പശൂന്റെ അകിടുപോലെയായി..
കുടവയറ്‌ അമ്പട ഞാനെന്നുള്ള മട്ടിൽ തള്ളിത്തെറിച്ചു നിക്കാണ്..
പെണ്ണുങ്ങൾ പത്തുമാസല്ലേ ചുമക്കേണ്ടതുള്ളൂ..
ഇതിപ്പോ ആയുഷ്കാലം മുഴുവനും കൊണ്ടുനടക്കേണ്ടതാ..
എന്നാലും അവരുടെ പത്തുമാസക്കണക്കെ എല്ലാർക്കും പറയാനുണ്ടാവുള്ളൂ..
പ്രൊഫൈൽ ഫോട്ടോയിൽ മുഴുവനും കാണിക്കേണ്ടി വന്നെങ്കിൽ പെട്ടുപോയേനെ...
ഈ കുടവയറ്‌ തള്ളിനിപ്പുള്ളോണ്ട് സ്ക്രീൻവരെ പൊട്ടിത്തെറിച്ചോവും..
അഞ്ചുമിനിറ്റ് നടക്കുമ്പോ തന്നെ കിതക്കുമെങ്കിലും ചാറ്റിൽ ഞാനെന്നും അഞ്ചു കിലോമീറ്റർ ഓടുന്നവനാ..
കെട്യോളോടു മിണ്ടീട്ട് ആഴ്ച രണ്ടായി..
അതൊക്കെ ആരോടേലും പറയാനൊക്കുമൊ..
ഫുൾടൈം റൊമാന്റിക് ആണെന്നൊക്കെ എഴുതിവിടും..
വായിക്കുന്നോര് അസൂയപ്പെടട്ടെന്നു..
ഈ കാലമാടനെ കെട്ടിയേപ്പിന്നെ എന്റെ ജീവിതം തുലഞ്ഞൂന്നു അവളും ഇങ്ങനുള്ളൊരു പുരുഷനെ ഭർത്താവായിക്കിട്ടിയെങ്കിലെന്നു ഫേസ്‌ബുക്കിലെ ചില പെങ്കുട്ട്യോളും പറയുന്ന കേക്കുമ്പോ ചിരിവരും...
അല്ലേലും നാടോടുമ്പോൾ നടുവേയെന്നല്ലേ..
പറഞ്ഞു വന്നതു ഈ പുറംമോടി കൊണ്ടൊന്നും വിശ്വസിച്ചേക്കരുത് ട്ടാ..
ശരിക്കും ഇങ്ങനൊന്നുമല്ല..
മഹാ കൂതറയാണ്..
പറഞ്ഞില്ലാന്നു വേണ്ടാ..
ഹിഹി.

Rayan

ധനാകർഷണ യന്ത്രം..

ധനാകർഷണ യന്ത്രം..
വെറും മൂവായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതു രൂപമാത്രം..
സാമ്പത്തിക പ്രശ്നങ്ങളാണോ നിങ്ങളെ അലട്ടുന്നത്..
എങ്കിൽ ഈ യന്ത്രം ഇന്നുതന്നെ ഓർഡർ ചെയ്യൂ..
വർഷങ്ങളായുള്ള ഗവേഷണ ഫലമായി സ്ഫുടം ചെയ്തെടുത്ത ഈ യന്ത്രം വീട്ടിൽ സൂക്ഷിച്ചാൽ ജോലി സംബന്ധമായ പ്രശ്നങ്ങൾ കുടുംബ വഴക്ക് ലൈംഗിക ശേഷിയില്ലായ്മ..
എന്നിവക്ക് പ്രതിവിധി ഉണ്ടാവുന്നതിനോടൊപ്പം ധനം നിങ്ങളുടെ വീട്ടിൽ കുമിഞ്ഞു കൂടുന്നു..
ഈ യന്ത്രം വാങ്ങിച്ച മന്ദബുദ്ധ്യാ സിംഗിന്റെ വാക്കുകൾ കേൾക്കൂ..
"നമസ്കാരം..
എനിക്കു ചെരുപ്പിന്റെ ബിസിനസായിരുന്നു..
ആളുകളൊന്നും ചെരുപ്പ് ഉപയോഗിക്കാതെ വെറുതെ വീട്ടിലിരുന്നു ഫേസ്ബുക്ക് നോക്കുന്നത് കാരണം എന്റെ ബിസിനസ് നഷ്ടത്തിലാവുകയും ഞാൻ കടക്കെണിയിലാവുകയും ചെയ്തു..
അപ്പോഴാണ് ഞാൻ ധനാകർഷണ യന്ത്രത്തെ കുറിച്ചറിയുന്നതു..
അപ്പോൾത്തന്നെ ഭാര്യയുടെ കെട്ടുതാലി പണയം വെച്ചു അതു ഓർഡർ ചെയ്തു..
ഇപ്പോഴെനിക്കു അഞ്ചു ചെരുപ്പ് കമ്പനികളുണ്ട്..
ഇഷ്ടംപോലെ വരുമാനവും ലഭിക്കുന്നു..
ധനാകർഷണ യന്ത്രത്തിനു നന്ദി.."
കണ്ടില്ലെ നിങ്ങൾക്കിതുപോലെ പണക്കാരനാവാൻ എത്രയും പെട്ടെന്നു ഓർഡർ ചെയ്യൂ..
ഇനി നിങ്ങൾ ധനാകർഷണ
യന്ത്രം വാങ്ങിച്ച വായാടിയാ ബീഗത്തിന്റെ വാക്കുകൾ കേൾക്കൂ..
"അസലാമു അലൈക്കും..
എന്റെ ഭർത്താവ് ഒരു ഉറക്ക ഭ്രാന്തനായിരുന്നു..
കിടക്ക കണ്ടപാടെ അദ്ദേഹം കൂർക്കം വലിച്ചുറങ്ങുമായിരുന്നു..
അതുകൊണ്ടുതന്നെ ഞങ്ങൾക്കിടയിൽ എന്നും വഴക്കുണ്ടായിത്തുടങ്ങി..
ഒരിക്കൽ അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടറാണ് പറഞ്ഞതു..
അദ്ദേഹത്തിന് മക്കളുണ്ടാവാനുള്ള സാധ്യത കുറവാണെന്ന്..
അതോടെ ഞാനാകെ തളർന്നു..
ഒരു കുഞ്ഞുണ്ടായിക്കാണാൻ ആഗ്രഹിച്ചു നടക്കുന്നതിനിടയിലാണ് ഈ യന്ത്രത്തെ പറ്റി അറിയുന്നത്..
അന്നുതന്നെ ഇതു ഓർഡർ ചെയ്യുകയും ചെയ്തു..
യന്ത്രം വീട്ടിലെത്തിയതു തൊട്ടു അദ്ദേഹത്തിന് ഉറക്കം കുറയുകയും ഞാൻ ഗർഭിണിയാവുകയും ചെയ്തു..
ഇപ്പോൾ ഞങ്ങൾക്കു 6 മക്കളുണ്ട്..
ഞാൻ വീണ്ടും ഗർഭിണിയാണ്..
യന്ത്രത്തിനു നന്ദി.."
●○
ടീവി ചാനലിൽ പരസ്യം പൊടിപൊടിക്കെ ധനാകർഷണ യന്ത്ര മുതലാളിയുടെ വീട്ടിൽ..
"ദേ മനുഷ്യാ നിങ്ങളീ യന്ത്രവും വിറ്റ് നടന്നോ..
ബാങ്കീന്നു ജപ്‌തി നോട്ടീസ് വന്നിട്ടു ഒരാഴ്ചയായി.."
"നീയൊന്നടങ്ങേടീ..
ഈ യന്ത്രത്തിനുള്ള ഓർഡർ ഒന്നു വന്നോട്ടെ..
എല്ലാം ശരിയാക്കാം.."
"പിന്നെ ശരിയാക്കുന്നൊരാള്..
നാട്ടുകാർക്ക് മക്കളുണ്ടാക്കാൻ യന്ത്രം വിക്കുന്ന നിങ്ങൾക്ക്‌ എന്താ മനുഷ്യാ അതില്ലാതെ.."
"ശവത്തിൽ കുത്താതെടീ..
പൈസ കിട്ടീട്ട് ഡോക്ടറെ ചെന്നു കാണാം..
എന്തെലും വഴിയുണ്ടോന്ന് നോക്കാം..
നീ കഴിക്കാനെന്തെലും എടുക്കു.."
●○
ടീവിയിലെ ഇത്തരം പരസ്യങ്ങൾ കാണുമ്പോ എനിക്കുണ്ടാവാറുള്ള ഒരു സംശയമാണ്..
ഇത്തരം യന്ത്രങ്ങൾ പണം കൊണ്ടുവരുമെങ്കിൽ അതെന്തിനാണ് പണം വാങ്ങിച്ചോണ്ട് വിൽക്കുന്നതെന്നു..
അവരുടെ വീട്ടിൽ തന്നെ വെച്ചാൽപോരെ..
ആവശ്യത്തിന് പണം കിട്ടുമല്ലൊ..
ചിന്താ ബോധത്തിലും വിദ്യാഭ്യാസത്തിലും മുൻപന്തിയിലെന്നു അവകാശപ്പെടുന്ന മലയാളികളുടെ സ്വീകരണ മുറികളിലേക്കും ഇത്തരം യന്ത്രങ്ങൾ കടന്നു കയറുകയാണ്..
അതിനു വളംവെച്ചു കൊടുക്കുന്നതോ മലയാളികളുടെ പ്രിയപ്പെട്ട ചാനലുകളും..
കാശിനുവേണ്ടി എന്തും ചെയ്യാൻ തയാറാവുന്നവർ..
ചിന്തിക്കൂ..
ഇത്തരം കെണികളിൽ ചെന്നു ചാടാതിരിക്കൂ.
പൊതുജന താല്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്.

Rayan

മനുഷ്യമനസ്സുകളെ നിർവ്വചിക്കാൻ ശ്രമിച്ചവരൊക്കെ പരാജയപ്പെട്ടിട്ടേയുള്ളൂ

ഹോം പേജിലെ പോസ്റ്റുകളിലൂടെ കണ്ണോടിക്കുമ്പോഴാണു മെസ്സഞ്ചർ നോട്ടി വന്നതു..
പരിചയമുള്ള മുഖമായത് കൊണ്ടു പെട്ടെന്നു തന്നെ ഓപ്പൺ ചെയ്തു..
വിനീതാണ്..
മെസ്സേജ് വായിച്ചതും കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നിപ്പോയി..
എബിൻ ആത്മഹത്യ ചെയ്തുവത്രെ..
വിശ്വസിക്കാൻ കഴിയുന്നില്ല..
ഇന്നലെ വൈകീട്ട് വരെയും ഗ്രൂപ്പിലെ ഒട്ടുമിക്ക പോസ്റ്റുകളിലും അവന്റെ കമന്റുണ്ടായിരുന്നതാണ്..
അത്യാവശ്യം എഴുതാറുള്ളത് കൊണ്ടുതന്നെ കമന്റിലൂടെ തന്നെ നല്ല അടുപ്പവും സ്നേഹവും അവനോടുണ്ടായിരുന്നു..
ഫ്രണ്ട് റിക്വസ്റ്റ് അയക്കാനുള്ള ഓപ്‌ഷൻ ഞാൻ ക്ളോസ് ചെയ്തുവെച്ചിരുന്നത് കൊണ്ടാവാം അവനെന്റെ ഫ്രണ്ടായിരുന്നില്ല..
നിഷ്കളങ്കനായൊരു ചെറുപ്പക്കാരൻ..
എന്തിനാവാം അവനത് ചെയ്തതു..
ആത്മഹത്യ ചെയ്തുവെന്ന് മാത്രമെ വിനീതിനും അറിവുള്ളൂ..
അവനും എന്നെപോലെ എബിന്റെ കമന്റ് ഫ്രണ്ട് മാത്രമായിരുന്നു..
വെറുതെ എബിന്റെ പ്രൊഫൈൽ എടുത്തു നോക്കി..
പപ്പയോടൊപ്പമുള്ള പഴയൊരു ഫോട്ടൊ പോസ്റ്റ് ചെയ്തിട്ടുണ്ട്..
രാത്രി വൈകും വരെയും അതിലെ കമൻറ്സിനു റിപ്ലൈ കൊടുത്തതും കാണാനുണ്ടാരുന്നു..
എന്തോ മനസ്സിനു വല്ലാത്തൊരു ഭാരം തോന്നി..
വാർത്തയറിഞ്ഞ പലരും എബിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകളുമായി ഗ്രൂപ്പിലേക്ക് വന്നുതുടങ്ങിയിരുന്നു..
സ്വീകരിക്കാതെ പോയ എബിനയച്ച റിക്വസ്റ്റിന്റെ സ്ക്രീന്ഷോട്ടുമായി ഒരു പോസ്റ്റ് കണ്ടപ്പൊൾ എന്തോ ഓർത്തെടുത്തെന്ന പോലെ ഞാൻ മെസ്സഞ്ചർ ഓപ്പൺ ചെയ്തു..
അതിലെ ഫിൽറ്റെർഡ് മെസ്സേജിലൂടെ കണ്ണുകൾ പായിച്ചു..
എബിൻ രാജുവിന്റെ പേരിൽ കണ്ണുകളുടക്കിയപ്പോൾ മനസിലൂടൊരു കരിങ്കൽചീള് പാഞ്ഞുപോയതു പോലേ തോന്നി..
രണ്ടു ദിവസം മുന്നെ അയച്ചതാണ്..
ഹായ് ബ്രോ എന്നു അഭിസംബോധന ചെയ്തുകൊണ്ടുള്ള മെസ്സേജ്‌..
തിരക്കില്ലെങ്കിൽ എന്നോടു കുറച്ചുനേരം സംസാരിക്കാമോ എന്നായിരുന്നു അതിലെ ഉള്ളടക്കം...
വായിച്ചതും മനസ്സൊന്നുലഞ്ഞു..
അവനെന്നോട് എന്തെങ്കിലും പറയാനുണ്ടായിരുന്നിരിക്കണം..
എഴുതാനുള്ള കഴിവുള്ളൊരാൾക്കു അവനെ മനസ്സിലാക്കാനും കഴിയുമെന്നു കരുതിയാവും അവനതയച്ചിട്ടുണ്ടാവുക..
വല്ലാത്ത കുറ്റബോധം തോന്നി..
കമന്റിലൂടെ സംസാരിക്കുമ്പോൾ ഇങ്ങനൊരു മെസ്സേജിനെപ്പറ്റി ഒരു സൂചനയെങ്കിലും തന്നെങ്കിൽ ഞാൻ നോക്കുമായിരുന്നില്ലേ എബിൻ..
ഒന്നുമെന്നോട് പറഞ്ഞില്ലാലോ...
ഞാൻ കണ്ടിട്ടും വായിക്കാതെ പോയതാണെന്ന് തോന്നിയിട്ടാവുമോ അവനെന്നോടു മെസ്സേജ്‌ അയച്ചതിനെ പറ്റി സൂചിപ്പിക്കാതിരുന്നത്..
ഓർക്കുന്തോറും കണ്ണുകൾ നിറഞ്ഞൊഴുകി..
ഒരു മിനിറ്റെങ്കിലും അവനോടു സംസാരിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അവനിന്നു ഞങ്ങളോടൊപ്പം ഉണ്ടായേനെ..
ആരും ഫ്രണ്ടായിട്ടു വേണ്ടെന്നുള്ള എന്റെ അഹങ്കാരമോ അതൊ അശ്രദ്ധയോ ആവാം നിരാശയുടെ പടുകുഴിയിലേക്ക് ആണ്ടുപോയൊരു ജീവന്റെ തുടിപ്പ്‌ കേൾക്കാനാവാതെ പോയതു..
ഒരുപക്ഷെ എന്നെപോലെ അവനിഷ്ടപ്പെടുന്ന പലർക്കും അവനിതുപോലെ മെസ്സേജ് അയച്ചിട്ടുണ്ടാവുമോ..
ഇനിയും തുറക്കപ്പെടാതെ അവനു പറയാനുള്ളതു പറയാൻ അനുവദിക്കാതെ ആരുടെയൊക്കെയോ മെസ്സെഞ്ചറുകളുടെ റിക്വസ്റ്റ് മെസ്സേജുകൾക്കിടയിൽ അവന്റെ ജീവന്റെ തുടിപ്പുകളും അവശേഷിച്ചിട്ടുണ്ടാവാം..
ഇനിയൊരിക്കലും വെളിച്ചം കാണാതെ..
മാപ്പുചോദിക്കാൻ പോലും അർഹതയില്ലെനിക്ക്...
എങ്കിലും കണ്ണീരു കൊണ്ടു കഴുകിക്കളയുവാ ഞാനെന്റെ തെറ്റിനെ..
ഇന്നു എത്ര തിരക്കുണ്ടായാലും മെസ്സേജ് റിക്വസ്റ്റുകളോ മെസ്സേജുകളോ വന്നാൽ ഞാനാദ്യം വായിച്ചുനോക്കും..
വേറൊന്നിനുമല്ല...
ആരൊടും പറയാനാവാതെ കേൾക്കാനാരുമില്ലാതെ പോയ ആരെങ്കിലും എബിനെപ്പോലെ എന്നെത്തേടി വന്നാൽ കാണാതെ പോവരുതെന്നോർത്തു..
വാക്കുകൾ കൊണ്ടൊരു കൈവിരൽ കോർക്കാൻ...
തളർന്ന് പോവാതിരിക്കാൻ..
മെസ്സേജ്സ് പലപ്പോഴും കുരിശായി മാറാറുണ്ട്..
അതോണ്ടാവണം പലരും അതിനോട് മുഖം തിരിക്കുന്നതും..
പക്ഷേ നിങ്ങളൊരു എഴുത്തുകാരനാണെങ്കിൽ നിങ്ങളുടെ വാക്കുകൾ ആരെയൊക്കെയോ പ്രചോദിപ്പിക്കുന്നുണ്ട് എന്നു നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ ഒരിക്കലും തുറക്കില്ലെന്നു നിങ്ങൾ മനസ്സിലുറപ്പിച്ചു ഇന്ബോക്സിന്റെ താഴൊന്നു തുറന്നു നോക്കു...
തെറിവിളികളും അശ്ലീലവുമല്ലാത്ത എന്തെങ്കിലുമൊക്കെ അവിടുണ്ടാവും..
ഒരാശ്വാസ വാക്കുകേൾക്കാൻ കൊതിച്ചു..
വിഷമിക്കേണ്ട ഒക്കെ ശരിയാവുമെന്നൊരു വാക്കുമതിയാവും ചിലപ്പൊ അണയാൻ പോവുന്നൊരു തിരിനാളം തെളിഞു പ്രകാശിക്കാൻ..
അതുമതിയാവില്ലേ ആയിരം ലൈക്കുകളേക്കാൾ മനസ്സോട് ചേർത്തു വെക്കാൻ..
നമുക്കു നിസ്സാരമെന്നു തോന്നുന്ന പലതും മറ്റ്‌ പലർക്കും എത്രയോ മൂല്യമുള്ളതാവും..
ഫേസ്ബുക്കിൽ ആശ്വാസം തേടുന്നത് മണ്ടത്തരമാണെന്നും ഓൺലൈൻ സൗഹൃദങ്ങളെ വിശ്വസിക്കരുതെന്നുമൊക്കെ പറയുന്നവരോട്..
അതൊക്കെ സത്യമാണെങ്കിൽ തന്നെയൂം ഒരു നമ്മുടെ ലോജിക്കിനപ്പുറം ചിലതുണ്ടാവും എല്ലായ്പ്പോഴും..
പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത ആത്മബന്ധം പോലെ അദൃശ്യമായൊരു നൂലിഴയാൽ കോർത്തുവെച്ച ബന്ധങ്ങൾ.
അല്ലെങ്കിലും മനുഷ്യമനസ്സുകളെ നിർവ്വചിക്കാൻ ശ്രമിച്ചവരൊക്കെ പരാജയപ്പെട്ടിട്ടേയുള്ളൂ എല്ലാക്കാലത്തും.
(കഥയും കഥാപാത്രങ്ങളും സങ്കല്പികമാണ്..)

Rayan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo