Showing posts with label Bins Thomas. Show all posts
Showing posts with label Bins Thomas. Show all posts

കുന്നിൻചെരുവിലെ നായിക.

 കുറേ വർഷങ്ങൾക്ക് മുൻപാണ്.. കൃത്യമായി പറഞ്ഞാൽ 1924 ൽ., മലയാളത്തിൽ കൊല്ല വർഷം 1099 ൽ.


ജൂലൈ മാസം പതിനാലാം തിയതി.
മൂന്നാറിനടുത്തുള്ള കുന്നിൽ ചെരുവിലെ പുരക്കുള്ളിൽ ഇട്ടിര ഉറക്കമുണർന്നു.സമയം എത്രയായി കാണുമെന്നറിയാനുള്ള പരിശ്രമത്തിൽ
പുര മറച്ചിരിക്കുന്ന പനയോലയുടെ വിടവുകൾക്കുള്ളിൽ കൂടി സൂര്യകിരണങ്ങൾ നോക്കി ഇട്ടിര ചുറ്റി തിരിഞ്ഞപ്പോൾ കീറപ്പായയുടെ ഒരറ്റത്ത് കിടന്നിരുന്ന അച്ചാമ്മ മുരണ്ടു.
"നേരം വെളുത്തുപോലുമില്ല, എങ്ങോട്ടെങ്കിലും എഴുന്നുള്ളുവാണെങ്കിൽ അനങ്ങാതെ അങ്ങ് പോകത്തില്ലേ മനുഷ്യാ !,ബാക്കിയുള്ളവരുടെ ഉറക്കം കൂടി കളഞ്ഞോളും ".
പറഞ്ഞിട്ട് തിരിഞ്ഞു കിടന്നു കൂർക്കം വലിച്ച അച്ചാമ്മയുടെ ചന്തിക്ക് നേരെ ഓങ്ങിയ കാൽ ഒരു സ്വയം വിചാരം ഉണ്ടായത് പോലെ പിൻവലിച്ച് ഇട്ടിര പതുക്കെ പറഞ്ഞു.
'കോട്ടയംകാരിയായ ഇവളെ ഇടുക്കിക്ക് കെട്ടിക്കൊണ്ട് വന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലോ തമ്പുരാൻ കർത്താവെ !.'
പക്ഷേ ആത്മഗതം ഇച്ചിരി ഉച്ചത്തിലായിപ്പോയി.അച്ചാമ്മ വലതുതിരിഞ്ഞു കനപ്പിച്ച് ഒന്ന് നോക്കി.
ഒറ്റമുറിയിലെ തഴപ്പായയിൽ തലങ്ങനേയും, വിലങ്ങനെയുമൊക്കെ കിടന്നിരുന്ന ആറു മക്കളുടെ ഇടയിൽക്കൂടി ഇട്ടിര പുറത്തേക്കിറങ്ങി.
ഇവളുടെ സ്വഭാവം അറിയാതെയാണ് കേപ് ക്ലീൻ സായിപ്പ് ഇവളെക്കാണുമ്പോൾ ബ്യൂട്ടിഫുൾ ഗേൾ എന്ന് പറയുന്നത്. ബ്യൂട്ടിഫുളിന്റെ അർത്ഥം അറിഞ്ഞപ്പോൾ അച്ചാമ്മയുടെ തലയിലുണ്ടായിരുന്ന അഹങ്കാരം കഴുത്തിലോട്ടും വ്യാപിച്ചുവെന്ന് ഇട്ടിരക്കു തോന്നി.സായിപ്പിന്റെ ബ്യൂട്ടിഫുൾ പറച്ചിലിൽ ഒരു ഏനക്കേട്‌ ഇട്ടിരക്ക് തോന്നിയിട്ടുണ്ട്. തേയില എസ്റ്റേറ്റിൽ പണിക്കു വരുന്ന തമിഴത്തിപെണ്ണുങ്ങളെ സായിപ്പ് വരുതിയിലാക്കുന്നത് ഇട്ടിരക്കറിയാം.സായിപ്പ് വരുമ്പോൾ മുന്നിൽ വന്നു നിൽക്കല്ലന്ന് പറഞ്ഞാൽ ഈ പോത്തിന്റെ ചെവിയിൽ കേറണ്ടേ.
മഴയും, കൂട്ടിന് മഞ്ഞും പെയ്തിറങ്ങുന്നതിനാൽ ഒന്നും കാണാൻ വയ്യ. പറമ്പിൽ നിന്നും ഒരു ചേമ്പില ഒടിച്ചെടുത്തു തലയ്ക്കു മുകളിൽ പിടിച്ചുകൊണ്ട് ഇട്ടിര കുന്നിറങ്ങി.
മഴവെള്ളവും, ചുവന്ന മണ്ണും കൂടി ലയിച്ചുകിടന്ന ഇടവഴിയിൽക്കൂടി താഴേക്കു ഇറങ്ങുമ്പോൾ ഇട്ടിരയുടെ നെഞ്ചകം ഇടക്കൊക്കെ ഒന്ന് ചാടി ഇടിച്ചു.
പേടിയുണ്ടോന്ന് ചോദിച്ചാൽ ഭയങ്കര പേടിയാ. പക്ഷേ കേപ് ക്ലീൻ സായിപ്പ് പറഞ്ഞത്പോലെ, പേടിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല.എപ്പോഴും സായിപ്പ് പറയാറുള്ള ഇംഗ്ലീഷ് വാക്ക് ഇട്ടിര ഒന്ന് നാക്കിനിടയിൽ തപ്പി നോക്കിയെങ്കിലും പല്ലേൽ തട്ടി അത് വായിക്കകത്ത്‌ തന്നെ കിടന്നു.
മണ്ണിൽ ചവിട്ടി ഇറക്കം ഇറങ്ങുമ്പോൾ കാല് തെന്നുന്നുണ്ട്. പേടി കൊണ്ടാണോ? ഏയ്‌ അല്ല !.പേടി തോന്നിയാൽ ഇട്ടിര തന്റെ ഓലപ്പുരയെക്കുറിച്ച് ഓർക്കും, അച്ചാമ്മയേയും, മക്കളെയും കുറിച്ച് ഓർക്കും. സായിപ്പ് വാഗ്ദാനം ചെയ്ത ഇരുപത്തിഅയ്യായിരം രൂപയെക്കുറിച്ച് ഓർക്കും.
കാശ് കിട്ടിയാൽ ഓലപ്പുര പൊളിച്ചു പണിയണം.ഒരു പോത്തുവണ്ടി വാങ്ങണം. അതിൽ കയറി മൂന്നാർ മൊത്തം കറങ്ങണം. മക്കളേ സായിപ്പൻമാരുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ ചേർക്കണം.
കാലാവസ്ഥയും, ഭൂപ്രകൃതിയും അനുയോജ്യമായ മൂന്നാറിലും, സമീപത്തും ബ്രിട്ടീഷുകാർ തേയില നട്ടുവളർത്തി.തേയിലകൃഷി വ്യാപകമായതോടെ മൂന്നാർ ബ്രിട്ടീഷുകാരുടെ താവളം ആയി.
ഇന്ത്യയിലെ ആദ്യത്തെ മോണോ റയിൽപ്പാത മൂന്നാറിലെ ആയി. വൈദ്യുതിയും, നല്ല റോഡുകളും, സ്കൂളുകളുമൊക്കെ ആയപ്പോൾ ഏഷ്യയിലെ സ്വിറ്റ്സർലാൻഡ് എന്ന പേര് മൂന്നാറിന് ചാർത്തപ്പെട്ടു.
തേയിലഫാക്ടറിയിൽ മാനേജർ ആയി വന്ന കേപ് ക്‌ളീൻ സായിപ്പ് അവിടത്തെ പണിക്കാരനായിരുന്ന ഇട്ടിരയുടെ മനസ്സിൽ മോഹങ്ങളുടെ വിത്ത് ഇട്ടു.
ഏക്കർ കണക്കിന് പരന്നു കിടക്കുന്ന തേയില ചെടികൾക്കിടയിൽ കഞ്ചാവ് നടുക.ആരും പെട്ടന്ന് കണ്ടുപിടുക്കാത്ത കുറച്ച് സ്ഥലം കണ്ടെത്തി ഇട്ടിര കൃഷി ചെയ്തു. വിളവെടുപ്പ് കഴിഞ്ഞ കഞ്ചാവ് ഉണക്കി പായ്ക്കറ്റുകളിലാക്കി വെച്ചിരിക്കുന്നു. ഇംഗ്ളണ്ടിന്‌ തേയില കയറ്റി വിടുന്ന പെട്ടികൾക്കുള്ളിൽ ഈ കഞ്ചാവ് പായ്ക്കറ്റുകളും ആരുമറിയാതെ വെക്കണം.
കുണ്ടള വാലി റയിൽവേ എന്നറിയപ്പെടുന്ന മൂന്നാറിൽ നിന്നും കേരള -തമിഴ്നാട് അതിർത്തി, തേനി ജില്ലയിലുള്ള ടോപ്പ് സ്റ്റേഷൻ വരെ മോണോ റയിൽ വഴി തേയിലപെട്ടികൾ എത്തിക്കും.അവിടെ നിന്നും അഞ്ചു കിലോമീറ്റർ താഴെയുള്ള കോട്ടഗുഡിയിലേക്ക് റോപ്പ്വേ മാർഗ്ഗം. പിന്നെ റോഡ് വഴി തൂത്തുക്കുടി തുറുമുഖത്തു എത്തിക്കുന്ന സാധനം കപ്പലിൽ നേരേ ഇംഗ്ലണ്ടിലേക്ക്.
ദിവാസ്വപ്നം കണ്ടു നടന്ന ഇട്ടിരക്കു മുന്നിലേക്ക് ഒരു കുതിരപ്പുറത്തു കേപ് ക്‌ളീൻ സായിപ്പ് എത്തി.
"ഗുഡ് മോർണിംഗ് ".
ഇട്ടിര തല കുലുക്കി സ്വീകരിച്ചു.
"നീ എന്താ തിരിച്ചു പറയാത്തത്. ഞാൻ പറഞ്ഞത് നീ കേട്ടില്ലേ? ".
ശരിയാ, പല പ്രാവശ്യം സായിപ്പ് പറഞ്ഞിട്ടുണ്ട്, ഗുഡ് മോർണിംഗ് പറയുമ്പോൾ തിരിച്ചു പറയണമെന്ന്. നാക്ക്‌ ഉളുക്കുമെന്നതിനാൽ ഇട്ടിര അതിനു മുതിരാറില്ല. കേരളത്തിൽ വന്നു സായിപ്പന്മാരൊക്ക മലയാളം പഠിച്ചത് നന്നായി എന്ന് ഇട്ടിര ഓർത്തു.
സായിപ്പ് തുടർന്നു.
"ഞാൻ ഇങ്ങോട്ട് വന്നത് നമ്മൾ സംസാരിക്കുന്നത് ആരും കാണാതിരിക്കാനാണ്. നാളെ തൂത്തുക്കുടിക്ക് ഉള്ള തേയിലപെട്ടികൾ പോകും.നമ്മുടെ സാധനവും ആ കൂടെ പോകണം.നാളെ ചരക്ക് പോകുന്ന കൂടെ നീയും പോകണം. തൂത്തുക്കുടിയിൽ കപ്പലിൽ എൻ്റെ ആള് ഉണ്ടാവും. കഞ്ചാവ് ഉള്ള പെട്ടി അയാളെ കാണിച്ചു കൊടുത്താൽ നിന്റെ ജോലി കഴിയും. തിരിച്ചു ഇവിടെ വരുമ്പോൾ കാശ് കയ്യിൽ തരും.ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ?".
ഓർത്തപ്പോൾ ഒരു വിറ ഉണ്ടെങ്കിലും ഇട്ടിര തല കുലുക്കി.
സായിപ്പ് കുതിരയേ ഓടിച്ചു പോയപ്പോൾ ഇട്ടിര ധൈര്യം സംഭരിച്ചു ഫാക്ടറിയിലേക്ക് നടന്നു.
-------------------------------------------
ഇട്ടിര തൂത്തുക്കുടിക്ക് പോയതിന്റെ പിറ്റേദിവസം രാവിലെ കേപ് ക്ളീൻ സായിപ്പ് ഇംഗ്ലണ്ടിൽ നിന്നും കൊണ്ടുവന്ന വില കൂടിയ വൈറ്റ് റം രണ്ടെണ്ണം അകത്താക്കി.ബംഗ്ലാവിൽ നിന്നും തൻറെ കുതിരപ്പുറത്തു കയറി കുന്നിൻ ചെരുവിലെ ഇട്ടിരയുടെ പുര ലക്ഷ്യമാക്കി നീങ്ങി.
മഴയുടെ ശക്തി ഓരോ ദിവസവും കൂടികൊണ്ടിരുന്നു. മക്കൾ സ്കൂളിൽ നിന്നും വരുന്നതിനു മുൻപ് പുരയിലെ ചോർച്ച ഉള്ളിടത്ത്‌ പനയോല തിരുകി അടക്കാനുള്ള ശ്രമത്തിൽ ആയിരുന്നു അച്ചാമ്മ.
"അച്ചാമ്മ !!".
പ്രതീക്ഷിക്കാത്ത സമയത്തുള്ള വിളി കേട്ട് തിരിഞ്ഞു നോക്കിയ അച്ചാമ്മ ഞെട്ടിപ്പോയി.
വാതിൽക്കൽ കേപ് ക്‌ളീൻ സായിപ്പ്. സായിപ്പിന്റെ മുഖത്തുള്ള വഷളൻ ചിരിയും, മദ്യത്തിന്റെ മണവും,..
ഇട്ടിര പലപ്പോഴും സായിപ്പിനെപ്പറ്റി പറഞ്ഞിട്ടുള്ളത് കൂടി ഓർമ്മ വന്നപ്പോൾ ആറാം ഇന്ദ്രിയത്തിൽ അപകട സൂചന മിന്നി. ഉള്ളിൽ തോന്നിയ പേടി പുറത്തു കാണിക്കാതെ അച്ചാമ്മ ചോദിച്ചു.
"എന്താ സായിപ്പേ? ഇട്ടിര ഇവിടെ ഇല്ല. "
"ഇട്ടിര ഇല്ലന്ന് എനിക്കറിയാം. ഞാൻ ആണ് അവനേ തൂത്തുക്കുടിക്ക് പറഞ്ഞു വിട്ടത്. ഞാൻ വന്നത് അച്ചാമ്മയെ കാണാനാ."
"എന്താ സായിപ്പിന്റെ ഉദ്ദേശം?".
"ഹ.. ഹ.. സിമ്പിൾ. അച്ചാമ്മയേ കണ്ട നാൾ മുതൽ എന്റെ മനസ്സിൽ ഉള്ള ആഗ്രഹം. അതൊന്ന് സാധിക്കണം. നീ ഭയങ്കര സുന്ദരിയാ. ബ്യൂട്ടിഫുൾ
ഗേൾ. "
"അതിന് സായിപ്പ് വേറെ ആളേ നോക്ക്. തമിഴത്തി പെണ്ണുങ്ങളുടെ അടുത്ത ചെല്ലുന്നപോലെ എൻ്റെ അടുത്ത് വന്നാൽ ഈ അച്ചാമ്മ ആരാണെന്നു സായിപ്പ് അറിയും."
വിറച്ചുകൊണ്ട് അച്ചാമ്മ പറഞ്ഞു.
"ഇട്ടിരയേ അച്ചാമ്മക്ക് വേണോ?. തൂത്തുക്കുടിയിൽ പോയ ഇട്ടിര തിരിച്ചു വരണമെങ്കിൽ നീ എനിക്ക്
വഴങ്ങണം."
ശക്തനായ സായിപ്പിനെ നേരിടാൻ തന്നെക്കൊണ്ട് കഴിയില്ലന്ന് അച്ചാമ്മക്ക് മനസ്സിലായി. ഇയാൾ ഇവിടുള്ളടത്തോളം കാലം തങ്ങൾക്കു സ്വസ്ഥതയും ഉണ്ടാകില്ല. പക്ഷേ എന്ത് ചെയ്യണമെന്ന് അച്ചാമ്മക്കു അറിയില്ലായിരുന്നു. ഈ സമയം ഇട്ടിര അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് അച്ചാമ്മ ആഗ്രഹിച്ചു.
"സായിപ്പ് ഇങ്ങോട്ട് ഇരിക്ക് ".
കാൽ ആടുന്ന ബഞ്ചിലെ പൊടി, ഉടുത്തിരുന്ന ചട്ടയുടെ അറ്റത്താൽ തുടച്ചിട്ട് അച്ചാമ്മ പറഞ്ഞു.
"ഗുഡ് ഗേൾ. നിനക്ക് സൗന്ദര്യം മാത്രമല്ല ബുദ്ധിയും ഉണ്ട്. "
സന്തോഷത്തോടെ സായിപ്പ് പറഞ്ഞു.
ഇട്ടിരുന്ന കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ബോട്ടിൽ എടുത്തു സായിപ്പ് ചുണ്ടിലേക്ക് അടുപ്പിച്ചു.
"സായിപ്പേ അങ്ങനെ കുടിക്കാതെ, ഞാൻ ഗ്ലാസ്സിലൊഴിച്ചു തരാം ".
"ഊം.. ഗുഡ്. ഇന്ന് എല്ലാം അച്ചാമ്മയുടെ ഇഷ്ടം ".
ചായ്‌പ്പിലേക്ക് ചെന്ന് സായിപ്പിന്റെ കയ്യിൽ നിന്നും വാങ്ങിയ ബോട്ടിൽ തുറന്ന് റം അച്ചാമ്മ സ്റ്റീൽ ഗ്ലാസ്സിലേക്ക് ഒഴിച്ചു. അപ്പോൾ തോന്നിയ ബുദ്ധിയിൽ വാഴക്ക് ഇടാൻ വെച്ചിരുന്നതിൽ നിന്നും അൽപ്പം കുരുടാനും കൂടെ ഇട്ടു കലക്കി.
പുരയിടത്തിനു താഴെയുള്ള ഓലിയിൽനിന്നും വെള്ളം കോരി അച്ചാമ്മ തലയിലേക്ക് ഒഴിച്ചു കൊണ്ടിരുന്നു. ഇട്ടിരുന്ന ചട്ടയും, മുണ്ടും നനഞ്ഞു കുതിർന്നെങ്കിലും ഉള്ളിലേ ചൂട് കുറയുന്നില്ലന്ന് അച്ചാമ്മക്ക് തോന്നി.
കുളിച്ചിട്ടു വരാമെന്നു പറഞ്ഞാണ് സായിപ്പിന്റെ മുന്നിൽ നിന്നും പോന്നത്. കുരുടാൻ ഇട്ട കള്ള് അയാൾ കുടിച്ചുകാണുമോ? കുടിച്ചാൽ താൻ ചെല്ലുമ്പോഴേക്കും സായിപ്പ് മരിച്ചിട്ടുണ്ടാവും.എങ്കിൽ താമസിയാതെ പോലീസ് തന്നെ പിടിക്കും. ഇതൊക്കെ അറിയുമ്പോൾ ഇട്ടിരയും, മക്കളും തന്നെ വെറുക്കുമായിരിക്കും.സായിപ്പിന് വഴങ്ങേണ്ടി വന്നിരുന്നെങ്കിൽ താൻ പിന്നെ ജീവിച്ചിരിക്കുമായിരുന്നില്ല. അതിലും നല്ലത് ഇപ്പോൾ ചെയ്തതാണന്ന് അച്ചാമ്മ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
സമയം പോകുന്തോറും അച്ചാമ്മയുടെ ഉള്ളിൽ ആധി കൂടി.മഴ വീണ്ടും അലച്ചു പെയ്യാൻ തുടങ്ങി.മക്കൾ സ്കൂളിൽ നിന്നും വരാറാകുന്നു.അതിന് മുൻപ് എന്തെങ്കിലും ചെയ്യണം. അച്ചാമ്മ പുരയിടത്തിലേക്ക് പതിയെ ചെന്നു.പുറത്ത് നിന്നുകൊണ്ട് അച്ചാമ്മ നോക്കുമ്പോൾ സായിപ്പ് ഇരുന്നിരുന്ന ബെഞ്ച്‌ ശൂന്യം. ചങ്കിടിപ്പോട അകത്തേക്ക് കാലുകൾ വെച്ചു. ഉള്ളിലൊന്നും സായിപ്പ് ഇല്ല. സ്റ്റീൽ ഗ്ലാസ്‌ കാലിയായി നിലത്ത് കിടപ്പുണ്ട്. അയാൾ
രക്ഷപ്പെട്ടു കാണുമോ? അച്ചാമ്മ പുറത്തേക്കു ഇറങ്ങി. മുറ്റത്ത്‌ സായിപ്പിന്റെ ഒരു ചെരുപ്പ് കിടക്കുന്നു. പതിയെ മുറ്റത്തുനിന്നും കുറച്ച് താഴേക്ക് ഇറങ്ങിയ അച്ചാമ്മ പെട്ടന്ന് നിന്നു.
ഇടവഴിയിൽ അനക്കമില്ലാതെ സായിപ്പ് കിടക്കുന്നു.രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ഇവിടെ വരെ എത്തിയതാവും.മുഖത്തും, കയ്യിലുമൊക്കെയുള്ള മുറിവുകളിൽ നിന്നും വരുന്ന ചോര മഴവെള്ളത്തിൽ അലിഞ്ഞൊഴുകുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ, സായിപ്പിന്റെ അടുത്തേക്ക് പോകാൻ മടിച്ച് അച്ചാമ്മ നിന്നു.
പെട്ടന്ന് മഴയുടെ ശക്തി കൂടി.ഉള്ളിൽ ധൈര്യം സംഭരിച്ചു അച്ചാമ്മ സായിപ്പിന്റെ കാലുകളിൽ പിടിച്ചു വലിച്ചു.കുറച്ചധികം പരിശ്രമത്തിനു ശേഷം പറമ്പിന്റെ കുറച്ച് ഉള്ളിലേക്ക് സായിപ്പിനെ വലിച്ചിട്ടു.കുറേ വാഴക്കച്ചകൾ വലിച്ച് പറിച്ച് ജീവൻ പോയ ആ ശരീരത്തെ മറച്ചു. ശക്തമായ മഴത്തുള്ളികൾ ദേഹത്തു പതിക്കുമ്പോഴും മനസ്സും, ശരീരവും ഒരുപോലെ പൊള്ളുന്നുണ്ടന്ന് അച്ചാമ്മക്ക് തോന്നി.
അന്ന് രാത്രി ഏറെ വൈകിയിട്ടും അച്ചാമ്മക്ക് ഉറക്കം വന്നില്ല. മക്കളേ മാറി, മാറി കെട്ടിപ്പുണർന്നു അച്ചാമ്മ നെഞ്ചുരുകി കരഞ്ഞു.ഇട്ടിര തിരിച്ചുവരുന്നതിനു മുൻപേ പോലീസ് തന്നെ കൊണ്ടുപോകുമെന്ന് അവൾക്ക് തോന്നി.
ആ രാത്രി പ്രകൃതി കലിതുള്ളുകയായിരുന്നു. ശക്തമായ മഴയിൽ മണ്ണിടിഞ്ഞും, മരങ്ങൾ കടപുഴകിയും മാട്ടുപ്പെട്ടിയിൽ രണ്ട് മലകൾ ചേരുന്നിടത് ഒരു ബണ്ട് തനിയേ രൂപം കൊണ്ടു.
171.2 ഇഞ്ചളവിൽ രാവും, പകലും പെരുമഴ പെയ്തപ്പോൾ പലയിടത്തും ഉരുൾ പൊട്ടലുണ്ടായി. ഒഴുകി വന്ന മണ്ണും, വെള്ളവും താങ്ങാനാവാതെ ബണ്ട് പൊട്ടി വെള്ളം കുത്തിയൊലിച്ചു. മുന്നിൽ കണ്ടതൊക്കെ കടപുഴക്കി മുന്നേറിയ വെള്ളപ്പാച്ചിലിൽ സമുദ്ര നിരപ്പിൽ നിന്നും ആറായിരം അടി ഉയരത്തിലുള്ള മൂന്നാർ പട്ടണം തകർന്നു തരിപ്പണം ആയി. മൂന്നാറിന്റെ അഭിമാനം ആയിരുന്ന കുണ്ടള വാലി റയിൽവേ പൂർണ്ണമായും നശിച്ചു. റോഡുകൾ മിക്കതും ഒലിച്ചു പോയി. ഉയർന്ന പ്രദേശങ്ങളൊഴികെ സർവ്വവും വെള്ളം മൂടി.
--------------------------------------------------
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വെള്ളം പതിയെ ഇറങ്ങിത്തുടങ്ങി. പുരയിടത്തിനു തൊട്ട് താഴെ വരെ വെള്ളം പൊങ്ങിയതിനാൽ അച്ചാമ്മ മക്കളുമായി പുരക്കുള്ളിൽ തന്നെ കഴിച്ചുകൂട്ടുവായിരുന്നു. ഇട്ടിരയേപ്പറ്റി ഒരു വിവരവും ഇല്ല.പോലീസ് ഏത് നിമിഷവും കടന്നു വരാം.
കുന്നിൻ ചെരുവിലെ നായികയുടെ മനസ്സിൽ ഭയാശങ്കകൾ നിറയുമ്പോൾ താഴെ മൂന്നാർ പട്ടണത്തിൽ കണക്കെടുക്കാനാവാത്തപോലെ മൃതശരീരങ്ങൾ ഒഴുകിനടന്നു. അതിലൊന്ന് അഴുകി തുടങ്ങിയ കേപ് ക്ലീൻ
സായിപ്പിന്റേതായിരുന്നു.
(അവസാനിച്ചു )
Written By : Bins Thomas.

Comments


ലൗലി..


ലൗലി.. (ചെറുകഥ ).
****************
"ദേ ചേച്ചീ, മുഖത്തു മുഴുവൻ പൗഡർ ആണ് കേട്ടോ ".
ജാൻസി സിസ്റ്റർ പറഞ്ഞപ്പോളാണ് കണ്ണാടിയിൽ നോക്കിയില്ലല്ലോ എന്ന് ലൗലി ഓർത്തത്. 

നടുവിൽ വിണ്ടു കീറിയ കണ്ണാടിയുടെ മുൻപിൽ നിന്ന് ലൗലി മുഖത്തേക്ക് നോക്കി.പ്രസരിപ്പെല്ലാം നഷ്ട്ടപ്പെട്ട മുഖം.പൊട്ടിയ കണ്ണാടിയുടെ മുകൾ ഭാഗത്ത്‌ തന്റെ പഴയ മുഖം അവൾ കണ്ടു. 

'എത്ര നേരമാടീ കണ്ണാടിയുടെ മുൻപിൽ നിന്ന് അണിഞ്ഞൊരുങ്ങന്നേ '.
അമ്മയുടെ സ്വരം കേട്ടതുപോലെ ലൗലിക്ക് തോന്നി. 

കവിളിൽ പറ്റിപ്പിടിച്ചിരുന്ന പൗഡർ ലൗലി രണ്ടു കൈകൊണ്ടും തൂത്തു കളഞ്ഞു. 

" ലൗലിചേച്ചീയേ ബസ്സ് ഹോൺ അടിക്കുന്നുണ്ട് ".
ജാൻസി വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ ലൗലി വേഗം മാസ്കും, ഗ്‌ളൗസും ഇട്ടു. 

"എടീ കൊച്ചേ ഞാൻ പോകട്ടെ.  ഇനി പതിനാലു ദിവസം കഴിഞ്ഞു  കാണാം. ആയുസ്സുണ്ടെങ്കിൽ.. "

"ഉറപ്പായും കാണും. ഇന്നും ഒത്തിരി കോവിഡ് പേഷ്യന്റ് അഡ്മിറ്റ് ആയിട്ടുണ്ട്. ചേച്ചീ ഒന്ന് സൂക്ഷിച്ചാൽ മതി. "

"ഞാൻ എന്നാ സൂക്ഷിക്കാനാടീ കൊച്ചേ. വിസ റെഡിയല്ലേ. ഇനി ടിക്കറ്റ് വന്നാൽ പോരേ..? ".

ജാൻസിയുടെ കണ്ണുകൾ നിറയുന്നത് കാണാത്തതുപോലെ ലൗലി മുറിക്കു പുറത്തേക്ക് ഇറങ്ങി. 
കൂടെപ്പിറപ്പിതുങ്ങൾക്കില്ലാത്ത സ്നേഹമാണ് ജാൻസിക്ക്. അറിയാതെ നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചുകൊണ്ട് ലൗലി വേഗം ബസ്സിനടുത്തേക്കു നടന്നു. 
------------     ------------  ------------    -----------
ലോക്ക് ഡൌൺ ആയതിനാൽ തിരക്കുകൾ ഇല്ലാത്ത റോഡിലൂടെ ഹോസ്പിറ്റലിന്റെ ബസ്സ് നല്ല സ്പീഡിൽ പൊയ്ക്കൊണ്ടിരുന്നു.എത്ര പെട്ടെന്നാണ് ലോകത്തിന്റെ അവസ്ഥ ഇങ്ങനെ ആയത്.മനുഷ്യൻ കൂട്ടിക്കിഴിച്ച  കണക്കുകൾ എല്ലാം തെറ്റിച്ചുകൊണ്ട് കൊറോണവൈറസ് താണ്ടവം തുടരുന്നു. 

ലൗലി മൊബൈൽ എടുത്ത് മകൻ കുട്ടപ്പായിയുടെ  വീഡിയോസ് മാറി, മാറി കണ്ടുകൊണ്ടിരുന്നു.കുറുമ്പുകൾ കാണുമ്പോൾ കുഞ്ഞിനരികിലേക്ക് ഓടിയെത്താൻ തോന്നും.വേണ്ട...പോയാൽ ശരിയാവില്ല എന്ന് മനസ്സിനോട്‌ പറഞ്ഞ്, പറഞ്ഞ് ആ ആഗ്രഹം ഉപേക്ഷിക്കും.അടുത്ത മാസം രണ്ടിന് അവന്റെ ബർത്ഡേയാണ്.അന്ന് എന്തായാലും പോകണം. പക്ഷേ അന്നുവരെ താനുണ്ടാവുമോ എന്ന ചിന്ത അവളുടെ കണ്ണുകളെ ഈറനണിയിച്ചു. 

പത്ത്‌ ലക്ഷത്തിൽ ഒരാളുടെ രക്തത്തിൽ കാണുന്ന അണുക്കൾ തനിക്കുണ്ടെന്ന് അറിഞ്ഞപ്പോൾ അടിമുടി പതറിപ്പോയി.മുന്നോട്ടുള്ള നാളുകൾ തനിക്കനുവദിച്ചിട്ടില്ലന്നുള്ള തിരിച്ചറിവിൽ മരണത്തിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി. 

ചിലപ്പോൾ തോന്നും താൻ ചെയ്യുന്നതൊക്കെ ശരിയാണോ എന്ന്.പെട്ടന്നുള്ള ഒരു വേർപാട് കുഞ്ഞിന്റെ മനസ്സിൽ മുറിവുണ്ടാക്കാതിരിക്കാനാണ് വീട്ടിൽ പോകാതെ ജോലി ചെയ്യുന്നിടത്ത്‌ തന്നെ തങ്ങാൻ തീരുമാനിച്ചത്. അത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു. കുട്ടപ്പായി  ഇപ്പോൾ കാര്യമായി തന്നെ അന്വേഷിക്കാറില്ല.ജോബിച്ചന്റെ കാര്യമോർക്കുമ്പോൾ ലൗലിക്ക് കുറ്റബോധം തോന്നും. തന്നെ ജീവനായിരുന്നെങ്കിലും എത്ര ശ്രമിച്ചിട്ടും തിരിച്ചങ്ങോട്ടതുപോലെ സ്നേഹിക്കാൻ  കഴിഞ്ഞിട്ടില്ല.ആദ്യമായി തോന്നിയ ഇഷ്ട്ടം നഷ്ടപ്പെട്ടതിന്റെ മുറിവ് മായുന്നില്ല. പറ്റുന്നത്ര നോക്കി.പക്ഷേ പരാജയപ്പെടുന്നു. മനസ്സ്  കൊടുത്ത് ഒന്ന് സ്നേഹിച്ചവർക്ക് കാലമെത്ര കഴിഞ്ഞാലും അതിൽ നിന്നും മോചനം ഉണ്ടാവില്ല.ചിലർ അഭിയനയിച്ചു വിജയിക്കുന്നു. തന്നെപ്പോലെ ചിലർ  തോറ്റുപോകുന്നു. 

"ലൗലി സിസ്റ്ററേ.... ഹോസ്പിറ്റൽ എത്തി.. ". 
അവസാനം ഇറങ്ങിയ യൂസഫ്‌ വിളിച്ചപ്പോൾ ലൗലി ഞെട്ടി കണ്ണുകൾ തുറന്നു. എല്ലാവരും ഇറങ്ങിക്കഴിഞ്ഞു. 
--------      --------   ----------   ---------     ---------
ഐസൊലേഷൻ വാർഡിലേക്ക് ഡ്യൂട്ടിയിൽ വന്ന ലൗലി വേദനയോടെ ചുറ്റും നോക്കി.  നിരനിരയായി കൊറോണ  വൈറസ് ബാധിച്ചവർ.വെന്റിലേറ്ററിന്റെ അഭാവം പലരേയും മരണത്തിലേക്ക് തള്ളിവിടുന്നു.ശ്വാസം എടുക്കാൻ കഴിയാതെ പിടഞ്ഞു മരിക്കുന്നവരുടെ മുൻപിൽ നിസ്സഹായരായി നിൽക്കേണ്ടി വരിക.അവൾക്കെന്തോ ഒരു വല്ലായ്മ തോന്നി. 

ഒരറ്റത്ത് നിന്നും രാവിലത്തെ മരുന്ന് അവൾ കൊടുത്തു തുടങ്ങി. മൂന്നാമത്തെ ബെഡിനരികിലേക്ക്  വന്ന ലൗലി കാലുറച്ചതുപോലെ അനങ്ങാനാവാതെ നിന്നു.തന്നെ നോക്കി ആ ബെഡിൽ... 

കൂടെയുള്ള സിസ്റ്ററേ മരുന്ന് കൊടുക്കാൻ ഏല്പിച്ചിട്ട് ,  ഡ്യൂട്ടി റൂം എന്ന് പേരുള്ള ആ ചെറിയ മുറിയിലെ കസേരയിലേക്ക്  അവൾ തളർന്നിരുന്നു.ശരീരമാകെ വിറക്കുന്നുണ്ടെന്ന് ലൗലിക്ക് തോന്നി. ഉറക്കെ... ഒത്തിരി ഉറക്കെ ഒന്ന് പൊട്ടിക്കരയാൻ സാധിച്ചിരുന്നെങ്കിൽ.ഉള്ളിൽ കൊത്തിവലിക്കുന്ന വേദന. മുന്നിലെ മേശയിലെ മരുന്നുകൾ തള്ളിമാറ്റി തല കുമ്പിട്ടിരുന്ന് അവൾ വിങ്ങിപ്പൊട്ടി. 
------------     ---------     -----------   -----------
ബാംഗ്ലൂരിലെ നഴ്സിംഗ് പഠനത്തിന്റെ അവസാനവർഷം. ഇന്റേൺഷിപ്പിന്റെ  ഭാഗമായി ശിവാജി നഗറിലെ ബോറിങ് ഹോസ്പിറ്റലിൽ വന്നതായിരുന്നു കുട്ടികളെല്ലാവരും. 

നിരന്തരമായ അപേക്ഷയേ തുടർന്ന് കോളേജിലേക്ക് തിരിച്ചു പോകുന്നതിനു മുൻപ് ഷോപ്പിംഗിനായി കിട്ടിയ അരമണിക്കൂർ.. 

രണ്ട് ടോപ്പ് അല്ലാതെ വേറൊന്നും വാങ്ങാൻ തോന്നിയില്ല ലൗലിക്ക്.

വലിയ ഗോപുരങ്ങളോടെ തല ഉയർത്തി നിൽക്കുന്ന സെന്റ് മേരിസ് ബസലിയ്ക്കയുടെ അടുത്തെത്തിയപ്പോൾ  ലൗലി കൂട്ടുകാരി മേബിളിനോട് ചോദിച്ചു. 
" നമ്മുക്ക് ഒന്ന്  പള്ളിയിൽ കയറിയിട്ട് പോകാം ".
"സമയം ആയി. മിസ്സ്‌ ചീത്ത പറയും ".
"പെട്ടെന്നിറങ്ങാടീ "
"ഊം ".

"ലൗലിയേ !!!  എനിക്കുവേണ്ടി കൂടി ഒന്ന് പ്രാർത്ഥിച്ചേക്കണേ. എക്സാം ജയിക്കാൻ ".
അവർ തിരിഞ്ഞു നോക്കിയപ്പോൾ കൂടെ പഠിക്കുന്ന സാവിയോ. 

"ചെറുക്കൻ സിഗരറ്റ് വലിച്ചോണ്ട് നിൽക്കുന്നത് കണ്ടില്ലേ.അവൻ കഞ്ചാവും വലിക്കുമെടീ,..  എന്നിട്ട് പ്രാർത്ഥിക്കണം പോലും ".
മേബിൾ അരിശത്തോടെ പറഞ്ഞെങ്കിലും ലൗലി  ഒന്നും മിണ്ടിയില്ല.
-----------   ------------   ----------    ------------
"ലൗലിയേ  !!!! ഇന്ന് നിന്റെ എർത്ത്‌ എവിടെ പോയി..?. 
എക്സാം കഴിഞ്ഞ് കാന്റീനിൽ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കട്ടൻ ചായയുമായി സാവിയോ ലൗലിക്ക് അടുത്തേക്ക് വന്നു. 
"അവൾ ഫീസടക്കാൻ പോയതാ. ഇപ്പോൾ വരും. എക്സാം എളുപ്പമായിരുന്നോ..? ".

" എവിടെ..??.. നീ പ്രാർത്ഥിച്ചില്ലായിരുന്നോ..? ".

"ഞാൻ പ്രാർഥിച്ചത് സാവിയോയുടെ കള്ളുകുടിയും, സിഗററ്റുവലിയും മാറാൻ വേണ്ടിയാ ".

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കിയതല്ലാതെ ഒന്നും മിണ്ടുന്നില്ലന്ന് കണ്ടപ്പോൾ ലൗലി തുടർന്നു. 

" വീട്ടിൽ കാശുണ്ടായിട്ടാണോ സാവിയോയെ നഴ്സിംഗ് പഠിക്കാൻ വിട്ടത്.ജീവിതത്തിൽ എവിടെയെങ്കിലും ഒന്നെത്തിച്ചേരുന്നത് കാണാൻ അവർ കഷ്ടപ്പെട്ട് കാശുണ്ടാക്കി അയക്കും. മകൻ ഇവിടെ കൂട്ടുകാരുടെ കൂടെ കള്ളും, കഞ്ചാവും അടിച്ചു നടക്കും.ഇത് ശരിയാണോയെന്ന് ബോധമുള്ളപ്പോൾ ഒന്ന് ചിന്തിക്കണം കേട്ടോ.. ".

സാവിയോയ്ക്കു അപ്പനെ ഓർമ്മ വന്നപ്പോൾ അവൻ എഴുന്നേറ്റു. ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

 പെട്ടന്ന് നിന്ന അവൻ തിരിച്ചു വരുന്നത് കണ്ടപ്പോൾ അവളുടെ ഉള്ളൊന്ന് കാളി.  

"ഇനി ഞാൻ ഒരു അലമ്പിനും പോകില്ല. കള്ളും, കഞ്ചാവും ഒന്നും ഉപയോഗിക്കില്ല. നീയാണേ സത്യം ".

ലൗലി അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. 
----------  ------------  ----------   -----------    
വീട്ടിൽ കല്യാണാലോചന മുറുകിയപ്പോഴാണ് ലൗലി, സാവിയോയുടെ കാര്യം സൂചിപ്പിച്ചത്. പ്രതീക്ഷിച്ചതിലും ഉയരെ ആയിരുന്നു എതിർപ്പുകൾ. വല്യപ്പച്ചനായിരുന്നു കൂടുതൽ എതിർപ്പ്. കുടുംബ മഹിമയുടെയും, അഭിമാനത്തിന്റെയും പേരിൽ വീട്ടുകാർ കടും പിടിത്തം പിടിച്ചപ്പോൾ സാവിയോയെ അവൾക്ക് മറക്കേണ്ടി വന്നു.പക്ഷേ ജീവിതം മുന്നോട്ട് പോകും തോറും പഴയതൊന്നും അങ്ങനെ മറക്കാൻ കഴിയില്ലെന്ന് അവൾ തിരിച്ചറിഞ്ഞു കൊണ്ടേയിരുന്നു. 
----------  ----------  ------------  -----------  ---------
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. രാവിലെ മുതൽ ശരീരം തളരുന്നതുപോലെ ലൗലിക്ക് തോന്നുന്നുണ്ടായിരുന്നു. എങ്കിലും  ഡ്യൂട്ടിയുടെ തിരക്കിൽ അവൾ അതെല്ലാം മറന്നു. 

" ലൗലി സിസ്റ്ററേ, ആ മൂന്നാമത്തെ ബെഡിലെ പേഷ്യന്റിനു സീരിയസ് ആണല്ലോ. കള്ള് കുടിച്ച്, കുടിച്ച് കരൾ ഒന്നും ഇല്ലന്നാ ഡോക്ടർ പറഞ്ഞത്. ഞാൻ അയാളോട് സംസാരിച്ചായിരുന്നു. ആള് കല്യാണം ഒന്നും കഴിച്ചിട്ടില്ല. അടുത്ത നമ്പർ അയാളുടെ ആണോ എന്നൊരു സംശയം ".

"നമ്മളല്ലല്ലോ അതൊക്കെ തീരുമാനിക്കേണ്ടത്. ആയുസ്സുണ്ടേൽ ജീവിക്കും ". 
പിന്നെയും ശരീരം തളരുന്നത് പോലെ തോന്നിയപ്പോൾ ലൗലി കസേരയിലേക്കിരുന്നു. 

ലൗലീയുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ ഇപ്പോളാണ് സാവിയോ അവളെ കാണുന്നത്. ഇടക്കൊക്കെ  സാവിയോ,  ലൗലിയേ നോക്കി കിടക്കും.ലൗലി അടുത്ത് വരുമ്പോൾ അവൻ കണ്ണുകൾ അടച്ചു കിടക്കും.ഇവിടുന്ന് പോകുമ്പോൾ ഒരിക്കൽ കൂടി ലൗലിയോട് സത്യം ചെയ്യണമെന്ന് സാവിയോ ഓർത്തു. 

പേഷ്യന്റ്‌സിന് ഉച്ചക്കുള്ള മരുന്ന് എടുത്തു വെച്ചുകൊണ്ടിരുന്നപ്പോൾ പിന്നെയും ലൗലിക്ക് ക്ഷീണം തോന്നി. 

"ലൗലി സിസ്റ്ററേ.. ഒരു സീരിയസ്  അഡ്മിഷൻ. അഞ്ചുവയസേയുള്ളൂ. വെന്റിലേറ്റർ വേണം. എന്താ ചെയ്യുക. "

കൂടെയുള്ള സിസ്റ്റർ ഓടിവന്നു പറഞ്ഞപ്പോൾ ലൗലി ക്ഷീണമൊക്കെ മറന്നു. 

അഞ്ചുവയസ്സുകാരനെ കണ്ടപ്പോൾ കുട്ടപ്പായിയുടെ മുഖമാണ് ലൗലിക്ക് ഓർമ്മ വന്നത്. 

" ലൗലി സിസ്റ്ററേ ആരുടെ വെന്റിലേറ്റർ ആണ് കട്ട്‌ ചെയ്യാൻ പറ്റുക ". 

ഡോക്ടർ ചോദിച്ചപ്പോൾ ലൗലിയുടെ മനസ്സിൽ ആ വാർഡിലുള്ള എല്ലാവരുടെയും മുഖം മാറി, മാറി വന്നു. 

" ഇവൻ ജീവിക്കണം ഡോക്ടർ ".

ലൗലി അടുത്ത് വരുന്നത് കണ്ടപ്പോൾ സാവിയോ വീണ്ടും കണ്ണുകൾ അടച്ചു.
വെന്റിലേറ്റർ ഡിസ്ക്കണക്റ്റ് ചെയ്യുമ്പോൾ, അവളുടെ  കണ്ണീർതുള്ളികൾ അവനെ നനച്ചു. 

ശ്വാസം കിട്ടാതെ കണ്ണുതുറന്നപ്പോൾ തന്റെ ബെഡിന്റെ സ്ഥാനം മാറുന്നതായി അവൻ കണ്ടു. 

അകന്നുപോകുന്ന ലൗലിയേ മങ്ങിയ കാഴ്ച്ചയിൽ സാവിയോ കണ്ടു. 

അഞ്ചുവയസ്സുകാരന് വെന്റിലേറ്റർ കണക്ട് ചെയ്ത് പൂർത്തിയാക്കുന്നതിനു മുൻപേ ലൗലി നിലത്തേക്ക് വീണു. 
----------    ----------    ----------   -----------  ----------
നഗരത്തിൽ നിന്നകലെയുള്ള  കാട്ടുപ്രദേശത്തിൽ  തയ്യാറാക്കിയ താഴ്ച്ചയേറിയ  കുഴിക്കരികിലേക്ക്  ട്രക്ക് വന്നു നിന്നു. വലിയ ശബ്ദത്തോടെ ട്രെക്കിന്റെ പിൻഭാഗം ഉയർന്നു. നിറഞ്ഞിരുന്ന ശവപ്പെട്ടികൾ താഴേക്ക് ഊർന്നു വീണു.ഒരേ സൈസിലുള്ള..അടുത്തടുത്തിരുന്ന ആ രണ്ട് ശവപ്പെട്ടികൾ താഴേക്ക് പതിച്ചപ്പോൾ രണ്ട് ദിക്കുകളിലായി ചെന്നു വീണു.അടങ്ങാത്ത ഏങ്ങലടികൾ കേട്ട് ആത്മാക്കൾ ചുറ്റും നോക്കി.


                          By : ബിൻസ് തോമസ്.. 







കട്ടപ്പന പി. ഒ, ഇടുക്കി

ചെറുകഥ.
Written By..ബിൻസ് തോമസ്.
ചാണകം മെഴുകിയ തറയിൽ വിരിച്ച കീറപ്പായക്ക് ചുറ്റും ഇരുന്ന കുട്ടികളുടെ മുന്നിലേക്ക് കാച്ചിൽ പുഴുങ്ങിയത് കുടഞ്ഞിട്ട് കൊണ്ട് ശോശാമ്മ പറഞ്ഞു.
"ഇപ്പോ ഇത് കഴിക്ക് മക്കളേ , റേഷൻ അരി കിട്ടിയാൽ ഉച്ചക്ക് അമ്മ കഞ്ഞി വെച്ച് തരാം ".
"ഇറച്ചിയും മേടിക്കുമോ അമ്മേ ?"
ഏറ്റവും ഇളയവൻ നാല് വയസ്സുള്ള ലോപ്പന്റെ ചോദ്യത്തിന് ശോശാമ്മ ഉത്തരം മുട്ടി നിന്നപ്പോൾ മൂത്തവൻ മാത്തൻ പറഞ്ഞു.
"നമ്മുടെ അപ്പച്ചന്റെ കയ്യിൽ കാശില്ല ലോപ്പാ ! ചേട്ടായി പഠിച്ചു ജോലി മേടിക്കട്ടെ. എന്റെ കൊച്ചിന് ഇഷ്ട്ടം പോലെ ഇറച്ചി മേടിച്ചു തരാം ".
"ചേട്ടായീ !എനിക്ക് ബിരിയാണി മതി "
രണ്ടാമൻ ജോപ്പൻ തന്റെ ആഗ്രഹം പറഞ്ഞു.
"ബിരിയാണിയോ? അത് എങ്ങനത്തെയാ കൊച്ചേട്ടായീ ? ".
മൂന്നാമൻ ഈപ്പന് സംശയം.
മക്കളുടെ ആഗ്രഹങ്ങൾ ഒക്കെ കേട്ടു കൊണ്ട് ശോശാമ്മ മുറ്റത്തേക്കിറങ്ങി.
വാതിലിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന തിരുഹൃദയത്തിന്റെ രൂപത്തിലേക്ക് ഒന്ന് കണ്ണുകൾ ഉയർത്തി.
'എൻ്റെ തമ്പുരാനെ ഈ കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങൾ ഒക്കെ നീ കേൾക്കുന്നുണ്ടല്ലോ അല്ലേ ?.'
ശോശാമ്മ മുറ്റത്തു നിന്നുകൊണ്ട് ഉറക്കെ ചോദിച്ചു.
"ദേ... ! മനുഷ്യാ... ! എവിടെയാണോ ? ".
പറമ്പിന്റെ താഴെയുള്ള ഏലക്കാട്ടിൽ നിന്നും ശോശാമ്മയുടെയും , നാലുമക്കളുടെയും ഉടയോൻ കോശി തിരിച്ചു ചോദിച്ചു.
"എന്നാതാടീ പെണ്ണുംപിള്ളേ കിടന്നു തൊള്ള തുറക്കുന്നേ? ".
കുറേ ദിവസമായി കാലം തെറ്റി നല്ല മഴയും കാറ്റുമായിരുന്നു. ഏലത്തിനു മുകളിലേക്ക് ഒടിഞ്ഞു വീണ മരക്കൊമ്പൊക്കെ വെട്ടിമാറ്റാൻ രാവിലെ മഴ തോർന്ന സമയം നോക്കി ഇറങ്ങിയതായിരുന്നു കോശി.
പൂത്തു നിൽക്കുന്ന ഏലച്ചെടികൾക്കിടയിലൂടെ തൂശനിലയിൽ കാച്ചിലുമായി വരുന്ന ശോശാമ്മയേ കണ്ടപ്പോൾ കോശിയുടെ കണ്ണുകളിൽ കുസൃതി തോന്നി. പക്ഷേ വീർത്തിരിക്കുന്ന വയറിൽ അഞ്ചാമൻ ഉണ്ടല്ലോ എന്നുള്ള ചിന്ത വന്നപ്പോൾ കോശി പ്ലാവിൻ കമ്പിന്മേൽ ആഞ്ഞു വെട്ടി.
"നിങ്ങൾക്ക് വിശപ്പൊന്നും ഇല്ലേ മനുഷ്യാ?"
കാച്ചിൽ പുഴുങ്ങിയതും, കാന്താരി പൊട്ടിച്ചതും മുന്നിലേക്ക് വെച്ചുകൊണ്ട് ശോശാമ്മ ചോദിച്ചു.
"ഈ ചൂട് കാച്ചിലിന്റെ കൂടെ ഇച്ചിരി ഇറച്ചിച്ചാറും, മൂന്നാല് കഷണവും കൂടെ ഉണ്ടായിരുന്നാൽ നല്ലതായിരുന്നു അല്ലേടീ ? ".
"ദേ, പിള്ളാര്‌ ഇപ്പോൾ പറഞ്ഞതേയുള്ളൂ, ഇറച്ചി തിന്നാൻ കൊതിയാവുന്നൂന്ന് ".
"ഞായറാഴ്ച്ച അന്തോനിച്ചൻ പോത്തിനേ വെട്ടുവാണേൽ നമ്മുക്ക് ഒരു കിലോ മേടിക്കാം ".
"കഴിഞ്ഞ വട്ടം മേടിച്ചതിന്റെ കാശ് ഇതു വരെ കൊടുത്തില്ലല്ലോ മനുഷ്യാ ".
"മഴ ഒന്ന് മാറി വെയില് തെളിയട്ടടീ, ഉള്ള കുരുമുളക് രണ്ട് വെയില് കൊള്ളിച്ചിട്ടങ്ങു വിക്കാം. അല്ലേലും അന്തോണിച്ചനങ്ങനേ കുഴപ്പമൊന്നുമില്ല. അവൻ എൻ്റെ കൂട്ടുകാരനാ. ".
കാച്ചിലിൽ കാന്താരി പുരട്ടി കോശി എടുത്തപ്പോൾ ശോശാമ്മ വാ പൊളിച്ചു.
"ങ്‌ഹും, ചോദിച്ചാലേ ആ കൈ ഇങ്ങോട്ട് നീളത്തൊള്ളൂ. ഞാൻ പോകുവാ,
അടുത്ത മഴ വരുന്നതിനു മുൻപേ മാത്തനേ പറഞ്ഞു റേഷൻ കടയിൽ
വിടട്ടെ ".
"എടീ ഡോക്ടർ ആകണ്ട കൊച്ചാ, നീ അവനേക്കൊണ്ട് അരി ചുമപ്പിക്കുവാണോ?. "
"എന്നും പറഞ്ഞോണ്ട്?, പിള്ളേർ എല്ലാം ചെയ്തു പഠിക്കട്ടെ മനുഷ്യാ !".
വീട്ടിലേക്കു പോകുന്ന ശോശാമ്മയേ നോക്കി ചിരിച്ചുകൊണ്ട് കോശി ചൂട് കട്ടൻ ഊതി കുടിച്ചു.
-----------------------------------------------------------------
കോശിയുടെ വീടിരിക്കുന്ന കുന്തളം പാറയിൽനിന്നും റേഷൻ കട സ്ഥിതിചെയ്യുന്ന കട്ടപ്പനയിൽ എത്താൻ അര മണിക്കൂർ നടക്കണം.
ഒരാൾക്ക് മാത്രം നടക്കാൻ കഴിയുന്ന ഇടവഴിയിൽ കൂടി മാത്തൻ കുന്നിറങ്ങി റോഡിൽ എത്തിയപ്പോഴേക്കും മഴ ഇരച്ചെത്തി. വെള്ളവും, ചുവന്ന മണ്ണും കൂടിക്കുഴഞ്ഞ മൺറോഡിലൂടെ നടക്കുമ്പോൾ, ഇടം, വലം റബ്ബർ ചെരുപ്പുകൾ അവന്റെ നീല കളറുള്ള ഷർട്ടിനെ ചുവപ്പിക്കാൻ പരിശ്രമിച്ചു കൊണ്ടിരുന്നു.
വഴിത്താരയിൽ നിറയേ കായ്ച്ച ഒരു പുളിമരം ഉണ്ട്. പുളിമരം കഴിഞ്ഞുള്ള രണ്ടാമത്തെ വീട് എത്തിയപ്പോൾ മാത്തന്റെ നടത്തത്തിന്റെ വേഗത കുറഞ്ഞു.
നിവർത്തിപ്പിടിച്ച കുടയിൽ നിന്നുതിർന്ന് വീഴുന്ന മഴത്തുള്ളികൾക്കിടയിലൂടെ മാത്തൻ ഏറുകണ്ണിട്ട് പരിസരമാകെ ഒന്ന് വീക്ഷിച്ചു.
ഇന്ന് എന്തായാലും ഇത് കൊടുക്കണം. ഷർട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന മലയാളം ബുക്ക് അവൻ പുറത്തെടുത്തു. ബുക്ക്‌ പൊതിഞ്ഞിരുന്ന പഴയ പേപ്പറിന്റെ സൈഡ് വിടർത്തി ഉള്ളിലുള്ളത് ഭദ്രമാണെന്ന് ഉറപ്പ് വരുത്തി.
മണ്ണ് വെട്ടിയുണ്ടാക്കിയ നട ചവിട്ടിക്കേറി മാത്തൻ ആ വീട്ടുമുറ്റത്തേക്ക് ചെന്നു.
"ലൈസമ്മേ !!.
മാത്തൻ രണ്ടും കൽപ്പിച്ച് നീട്ടി വിളിച്ചു.
അകത്തു നിന്നും ഒരു പാവാടക്കാരി ഓടിയെത്തി.
തൊട്ട് പുറകെ അവളുടെ അമ്മയും.
"എന്നാ കൊച്ചേ? ".
ലൈസമ്മയുടെ അമ്മയാണ് ചോദിച്ചത്.
"ഞാൻ ലൈസമ്മക്ക് മലയാളം ബുക്ക്‌ കൊടുക്കാൻ വന്നതാ. ടീച്ചർ പറഞ്ഞു ഈ ബുക്ക്‌ നോക്കി വരാത്ത ദിവസത്തെ എഴുതിക്കൊണ്ട് ചെല്ലാൻ ".
ലൈസമ്മയുടെ കയ്യിൽ മലയാളം ബുക്ക്‌ കൊടുത്തതും അവൻ വേഗം തിരിഞ്ഞു നടന്നു.
-----------------------------------------------------------
കുറുപ്പിന്റെ റേഷൻകടയിലെ
ആടിക്കളിക്കുന്ന ത്രാസിൽ നോക്കി നിന്നപ്പോഴും നാളെ ലൈസമ്മ എങ്ങനെ പ്രതികരിക്കും എന്ന് മാത്രമായിരുന്നു അവന്റെ ചിന്ത.
താൻ കൊടുത്തത് ലൈസമ്മ കാണുമോ?, കണ്ടാൽ.. ഇഷ്ട്ടപ്പെട്ടില്ലങ്കിൽ അവൾ വീട്ടിൽ കാണിക്കും, ചിലപ്പോൾ സ്കൂളിൽ വരുമ്പോൾ ടീച്ചറിനോടും പറയും.അങ്ങനെ സംഭവിച്ചെങ്കിൽ അപ്പച്ചനും അറിയും.എല്ലാം കൂടെ ഓർത്തപ്പോൾ മാത്തന് പേടി തോന്നി.
പരസ്പരം കണ്ണുകൾ കോർത്തപ്പോൾ ലൈസമ്മയുടെ മുഖത്ത്‌ ഒരു കള്ളച്ചിരി ഉണ്ടായിരുന്നില്ലേ?.മാത്തന് സംശയം തോന്നി.
അവന്റെ ചിന്തകളെ മുറിച്ചു കൊണ്ട് അലറിപ്പെയ്യുന്ന മഴയിലൂടെ ഒരു ഫയർ എഞ്ചിൻ ഉച്ചത്തിൽ സൈറൺ മുഴക്കി കടന്നു പോയി.
എവിടെയോ അപകടം നടന്നിരിക്കുന്നു. എല്ലാവരും ആശങ്കയോടെ ഫയർ എഞ്ചിൻ പോയ ദിക്കിലേക്ക് നോക്കി നിൽക്കുമ്പോഴാണ് സൈക്കിളിൽ വന്ന കൃഷ്ണൻകുട്ടി വിളിച്ചു പറഞ്ഞത്.
"കുന്തളംപാറയിൽ ഉരുൾ പൊട്ടി.തേക്കിലക്കാട്ടിലെ കോശിയുടെ വീട് ഒലിച്ചു പോയി ".
മാത്തന് തലയിൽ ഒരു പെരുപ്പുണ്ടായി. കൃഷ്ണൻകുട്ടി പറഞ്ഞത് വീണ്ടും അവന്റെ ചെവിയിൽ മുഴങ്ങി.
അവന്റെ കയ്യിൽനിന്നും റേഷൻകാർഡും,സഞ്ചിയും, കുടയും, താഴെ വീണു.
താഴെ വീണുപോകുമെന്ന് തോന്നിയപ്പോൾ അവൻ റോഡിലേക്ക് ഇറങ്ങി. കണ്ണുകൾ ഉയർത്തി ആകാശത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.
"എന്റെ ദൈവമേ !!.
പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു.
അപ്പന്റെയും, അമ്മയുടെയും, അനിയന്മാരുടെയും പല ഭാവങ്ങളിലുള്ള മുഖങ്ങൾ അവന്റെ മനസ്സിലേയ്ക്ക് വന്നുകൊണ്ടിരുന്നു.
-----------------------------------------------------------------
മുതലക്കോടം സെൻറ് ജോർജ് പള്ളിയുടെ ഉള്ളിൽ മുട്ടുകുത്തി നിന്ന മാത്തൻ കണ്ണുകൾ അടച്ചു. ഇരുട്ട് മാറി വെള്ള മേഘങ്ങൾക്കിടയിൽ അവന്റെ പ്രിയപ്പെട്ടവർ ചെറുപുഞ്ചിരിയോടെ വന്നു നിന്നു.
അടച്ച കൺപീലികളെ തള്ളി മാറ്റി നീർമണിത്തുള്ളികൾ അവന്റെ കവിളിലൂടെ ഒഴുകി.
അപ്പച്ചനും, അമ്മച്ചിയും, ഈപ്പനും ഉണ്ട്. ലോപ്പനും, ജോപ്പനും ഇല്ല.
അവർ ഒരുമിച്ചാണ് തന്നെ തനിച്ചാക്കി പോയത്. പക്ഷേ പിന്നീട് ഒരിക്കൽ പോലും എല്ലാവരും ഒരുമിച്ച് തന്റെ മുൻപിൽ വന്നിട്ടില്ല.
'അപ്പച്ചാ !, അപ്പച്ചന്റെ ആഗ്രഹം പോലെ മാത്തൻ ഒരു ഡോക്ടർ ആയി കേട്ടോ.നാളെ നമ്മുടെ നാട്ടിലോട്ട് പോകുവാ. അമ്മാമ ഒത്തിരി പറഞ്ഞു,ഇവിടെ ഏതെങ്കിലും ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ.
പെട്ടെന്നൊരു ദിവസം നിങ്ങൾ എല്ലാവരും കൂടിയങ്ങു പോയപ്പോൾ അമ്മാമ കൂട്ടിക്കൊണ്ട് വന്നു. സ്വന്തം മകനേപ്പോലെ വളർത്തി,പഠിപ്പിച്ചു.
കട്ടപ്പനയിലെ ഹോസ്പിറ്റലിൽ ഞാൻ ഒരു ഡോക്ടർ ആയി കാണണമെനന്നായിരുന്നു അപ്പച്ചന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ , സങ്കടത്തോടെ ആണെങ്കിലും അമ്മാമ സമ്മതം തന്നു.'
അനുസരണ ഇല്ലാത്ത കണ്ണുനീർ തുള്ളികളെ തുടച്ചിട്ട് മാത്തൻ ശോശാമ്മയോട് പറഞ്ഞു.
'അമ്മച്ചീ ! മാത്തൻ പറഞ്ഞത് ഒക്കെ കേട്ടില്ലേ?
ലോപ്പാ !, നിൻറെ ചേട്ടായീ നാളെ ഒരു ഡോക്ടർ ആയി ജോലി തുടങ്ങുവാ. ഈപ്പനോടും, ജോപ്പനോടും പറയണം കേട്ടോ. നിങ്ങൾ ഒന്നും എൻ്റെ അടുത്തില്ലല്ലോ എന്നോർക്കുമ്പോൾ എൻ്റെ ചങ്ക് പൊട്ടിപ്പോകുവാ അപ്പച്ചാ '.
ഒരു തണുത്ത കാറ്റ് അവനേ ആശ്വസിപ്പിച്ചു കടന്നു പോയി.വെള്ള മേഘങ്ങൾ മാറി ഇരുട്ടു പരന്നപ്പോൾ മാത്തൻ കണ്ണുകൾ തുറന്നു.
--------------------------------------------------------------
പതിമൂന്നു വർഷങ്ങൾക്ക് ശേഷം അനാഥനാക്കിയ മണ്ണിൽ നിന്നപ്പോൾ ഓർമ്മകൾ പലതും അവൻറെ മനസ്സിലേക്ക് ഇരച്ചെത്തി. പിച്ചവെച്ചു വളർന്ന മണ്ണ്. സങ്കടം ഉള്ളിൽ ആർത്തലച്ചപ്പോൾ മാത്തൻ തിരികെ നടന്നു.
തിരിച്ചു പോകുമ്പോൾ, കുറേ നാളുകൾ കാലടികളെ നിയന്ത്രിച്ചു കൊണ്ടിരുന്ന പുളിമരവും, അതിനടുത്ത വീടും അവന്റെ കണ്ണുകൾ തിരഞ്ഞു. ഒന്നുമില്ല. അവിടെയെല്ലാം ഏതോ ഫാക്ടറി എന്ന് തോന്നിപ്പിക്കും പോലെ കോൺക്രീറ്റ് കൂടാരങ്ങൾ.
ചിലപ്പോഴൊക്കെ ഓർമ്മകളിൽ വന്നു പോയിട്ടുണ്ടങ്കിലും മോഹങ്ങൾക്ക് ചിറക് മുളപ്പിച്ച ആ രൂപവും, പേരും തന്റെ ഉള്ളിൽ ഇത്ര ആഴത്തിൽ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണവന് മനസ്സിലായത്.
---------------------------------------------------------
അന്ന് ഒരു വെള്ളിയാഴ്ച്ച ആയിരുന്നു. സെൻറ് ജോൺസ് ഹോസ്പിറ്റലിലെ കൺസൾട്ടിങ് റൂമിൽ തിരക്കൊഴിഞ്ഞപ്പോൾ Dr.മാത്തൻ തരകൻ പോകുവാൻ എഴുന്നേറ്റു.
അകത്തേക്ക് വന്ന സിസ്റ്റർ ഒരു കവർ നീട്ടിയപ്പോൾ മാത്തൻ ചോദ്യചിഹ്നത്തോടെ നോക്കി.
"ഡോക്ടർക്ക് തരാൻ പറഞ്ഞു ".
"ആര്? ".
"അറിയില്ല !, ഒരു പെൺകുട്ടിയാരുന്നു ".
മാത്തൻ ജിജ്ഞാസയോടെ കവർ പൊട്ടിച്ചു.
ഉള്ളിൽ വേറൊരു ചെറിയ കവർ.
അതുകൂടി പൊട്ടിച്ചു.
ഒരു പ്യാരി മിട്ടായി. കൂടെ ഒരു കുറിപ്പും.
ഒരു നിമിഷം മാത്തന്റെ മനസ്സിൽ ലൈസമ്മയുടെ മുഖം ഓടിയെത്തി.
മാത്തൻ മിട്ടായിയുടെ കവർ ധൃതിയിൽ പൊളിച്ചു.
അകത്തു മിട്ടായി പൊതിഞ്ഞിരിക്കുന്ന
ചെറിയ വെള്ളക്കടലാസ്സ് തുറന്നു.
'കെട്ടിക്കോളൂ, ഇപ്പോഴും ഇഷ്ടമാണെങ്കിൽ'.
അന്ന് താൻ മലയാളം ബുക്കിന്റെ പൊതിക്കുള്ളിൽ ഒരു പ്യാരി മിട്ടായിയുടെ വെള്ളക്കടലാസിൽ ഇതേപോലെ എഴുതി ലൈസമ്മക്ക് കൊടുത്ത അക്ഷരങ്ങൾ അവന്റെ മനസ്സിലേക്ക് കടന്നുവന്നു.
'നിന്നെ ഞാൻ കെട്ടിക്കോട്ടെ '?.
മാത്തൻ മിട്ടായിയുടെ കൂടെ ഉണ്ടായിരുന്ന കുറിപ്പ് വായിച്ചു.
'ഡോക്ടർ സാറേ !,
ഇനിയും ഒരു പ്യാരി മിട്ടായി തരാൻ ഉദ്ദേശമുണ്ടങ്കിൽ താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഇല്ലങ്കിൽ... അടുത്തുള്ള വേസ്റ്റ് ബോക്സിൽ ഈ മിട്ടായി കളഞ്ഞേക്കുക. '
മാത്തൻ മിട്ടായി എടുത്തു വായിലേക്കിട്ടു ഒരു നറുപുഞ്ചിരിയോടെ എഴുന്നേറ്റു.
ആ കുറിമാനത്തിൽ അവൻ ഒന്നുകൂടി കണ്ണുകൾ ഓടിച്ചു.
ലൈസമ്മ ജോൺ,
ചെറുപുരയിടം ഹൗസ്,
കട്ടപ്പന പി.ഒ,
ഇടുക്കി.
ഡോർ തുറന്നു പുറത്തിറങ്ങിയ മാത്തന്റെ വായിൽ അലിഞ്ഞുകൊണ്ടിരുന്ന മിട്ടായിയുടെ മധുരം, ലൈസമ്മ സിസ്റ്ററുടെ മുഖത്തു വിരിഞ്ഞ ചിരിയിൽ ഉണ്ടായിരുന്നു.
(അവസാനിച്ചു. )
  

താന്തോന്നിയെ പ്രണയിച്ചവൾ.

Image may contain: 1 person, closeup

---------------------------------------------------------
പ്രളയത്തിന് മുൻപ് വരെ, ആധിപത്യം അവകാശമാക്കിയവർ കപ്പയും, വാഴയും, ഇഞ്ചിയും ഒക്കെ നട്ടു പിടിപ്പിച്ച് വിളവെടുത്തിരുന്ന ചെറുതോണി പുഴയിൽ, മണ്ണ് ലവലേശമില്ലാതെ അസ്ഥികൂടം കണക്കെ ഭീമൻ കല്ലുകൾ തല ഉയർത്തി നിൽക്കുന്നു.
ഞായറാഴ്ച്ച പത്തുമണി കുർബാനയും കഴിഞ്ഞ്, പുഴക്ക് സമാന്തരമായുള്ള കൈ വഴിയിലൂടെ വീട്ടിലേക്ക് നടക്കുകയായിരുന്നു ലിഷയും, അമ്മ നിർമ്മലയും.
നിർമ്മലക്കു രണ്ട് ചുവട് പിന്നിലായി നടന്നിരുന്ന ലിഷ പെട്ടന്ന് ഇടവഴിയിലൂടെ താഴേക്കിറങ്ങി. പുഴക്കരയിൽ വന്ന അവൾ നെറ്റി ചുളിച്ച്, കൃഷ്ണമണികൾ ഒന്ന് വട്ടം കറക്കി.ഒരു ഭീമാകാരനായ കല്ലിന്റെ നിഴലിൽ ഇരിക്കുന്ന അലക്സിയെ കണ്ടപ്പോൾ ലിഷയുടെ കണ്ണുകളൊന്ന് വിടർന്നു.
വറ്റി വരണ്ടു കിടക്കുന്ന ചെറുതോണി പുഴയിലേക്ക് ലിഷ ഇറങ്ങുന്നത് കണ്ടപ്പോൾ, ബിയർ കുപ്പിയിൽ അവശേഷിച്ചിരുന്നത് കൂടി വായിലേക്ക് കമഴ്ത്തിയിട്ട്, അലക്സി കുപ്പി ദൂരേക്ക്‌ വലിച്ചെറിഞ്ഞു.കല്ലിൽ കൊണ്ട് പൊട്ടിച്ചിതറിയ ആ ശബ്ദം തിരിച്ചറിഞ്ഞെന്നു അവളുടെ നെറ്റി ചുളിഞ്ഞപ്പോൾ അവനു മനസ്സിലായി.കല്ലുകളിൽ ചവിട്ടി,ഇടക്കൊന്നു ചാടിയുള്ള വരവിൽ , ഹൈഹീൽ അവളെ ചതിക്കുമെന്ന് അലക്സിക്ക് തോന്നിയെങ്കിലും,ഇതിനപ്പുറവും ചാടിക്കടന്നവളാണ് എന്ന് തെളിയിച്ചുകൊണ്ട്, ആ വലിയ കല്ലിന്റെ സൈഡിൽ വന്ന് താഴേക്കിറങ്ങാതെ അവൾ ഇരുന്നു. കാറ്റിൽ, അവളുടെ ചുവപ്പ് ഷാളിന്റെ ഒരറ്റം പറന്ന് അവന്റെ മുഖത്തുരുമ്മികൊണ്ടിരുന്നു.
"എന്ത് തീരുമാനിച്ചു...? ".
മുകളിൽ നിന്നും ചോദ്യം വന്നപ്പോൾ തൻ്റെ മുഖം മൂടിയിരുന്ന ഷാളിൽ പിടിച്ച് വലിച്ചുകൊണ്ട് അലക്സി പറഞ്ഞു.
"ഇങ്ങിറങ്ങി വാടീ പെണ്ണേ ".
ലിഷ പതിയെ താഴേക്ക് ഇറങ്ങി. ചുവപ്പ് അണിഞ്ഞപ്പോൾ കൂടുതൽ സുന്ദരിയായ അവളുടെ വെളുത്ത മുഖത്തേക്ക് അലക്സി കണ്ണ് പറിക്കാതെ നോക്കി.
"ഇങ്ങനെ നോക്കി ഇരിക്കുകയേ ഉള്ളൂ. ഞാൻ എൻ്റെ പാട്ടിനു പോകും.പിന്നെ പറഞ്ഞില്ലന്ന് പറയരുത്."
"ഓ !! അങ്ങനെ പോകുന്നവരാണേൽ അങ്ങ് പോട്ടെന്നു വെക്കും ".
"എന്നാലും നമ്മൾ നന്നാവില്ല അല്ലേ,,? ".
"അങ്ങിനെ ഒരു ഉറപ്പൊന്നും തരാൻ പറ്റില്ല. "
"വേണം. എനിക്ക് ഉറപ്പ് വേണം.ഇപ്പോഴും കുടിച്ചിട്ടുണ്ടല്ലോ, ആദ്യം ഈ കള്ളുകുടി ഒന്ന് നിർത്തുവോ..? ".
"കള്ളല്ല, ബിയറാരുന്നു ".
"എന്ത് കുന്തം ആണേലും വേണ്ടില്ല. ഇപ്പോൾ ഉള്ള കൂട്ടുകെട്ടെല്ലാം നിർത്തി ഒരു ജോലി കണ്ടുപിടിച്ചാലേ എൻ്റെ വീട്ടുകാരെ എങ്ങനെയെങ്കിലും ഒന്ന് പറഞ്ഞു സമ്മതിപ്പിക്കാൻ പറ്റൂ.വാക്കാൽ എങ്കിലും പറഞ്ഞു വെച്ചില്ലെങ്കിൽ, ജോലിയൊക്കെ കിട്ടി കുറച്ച് കഴിയുമ്പോൾ അവർക്ക് ഡിമാന്റുകൾ ഒത്തിരി ഉണ്ടാകും."
"ജോലിക്കാരി ആയിക്കഴിയുമ്പോൾ നിൻറെ ഡിമാന്റുകളും കൂടുമോ..? ".
"എൻ്റെ ഡിമാന്റുകൾ അല്ല പ്രശ്നം.എല്ലാവരുടെയും അനുഗ്രഹത്തോടെ അലക്സിയുടെ സ്വന്തം ആവണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ".
"ഇന്ന് പള്ളിയിൽ വായിച്ച സുവിശേഷം ഏതാ..? ".
"ആ.. ഞാൻ ഓർക്കുന്നില്ല ".
"വിശുദ്ധ മത്തായിയുടെ സുവിശേഷം.ആറാം അധ്യായം, ഇരുപത്തിയാറു മുതലുള്ള തിരുവചനങ്ങൾ.
'ആകാശത്തിലെ പക്ഷികളെ നോക്കുവിൻ, അവ വിതക്കുന്നില്ല, കൊയ്യുന്നില്ല,കളപ്പുരയിൽ ശേഖരിക്കുന്നില്ല. എങ്കിലും സ്വർഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അതിനാൽ നാളെയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി."
"അലക്സിയോട് വല്ലതും പറയുന്ന എൻ്റെ തലക്കിട്ടടിക്കണം.അപ്പച്ചൻ ഇന്നലെ കാനഡക്ക് വിളിച്ചായിരുന്നു.രണ്ട് മാസത്തിനുള്ളിൽ പോകാം എന്നാണ് അവർ പറഞ്ഞത്.ജോലി കിട്ടി പോയിട്ട്, ആദ്യത്തെ ലീവിന് വരുമ്പോൾ കല്യാണം. അതുവരെ അലക്സിയോടും വിദേശത്ത് എവിടെയെങ്കിലും ഒരു ജോലി നോക്കാനാ അപ്പച്ചൻ പറഞ്ഞത്."
"അത് നടക്കില്ലന്ന് താൻ പറഞ്ഞില്ലേ..? "
അകലേക്ക്‌ നോക്കി ഇരുന്നതല്ലാതെ മറുപടി ഒന്നും വന്നില്ല.
മൗനം നീണ്ടുപോയപ്പോൾ ലിഷ എഴുന്നേറ്റു.
"ഞാൻ പോകുവാ, അമ്മച്ചി അന്വേഷിക്കുന്നുണ്ടാവും ".
ലിഷ കണ്ണിൽ നിന്നും മറയുന്നത് വരെ അലക്സി അവളെ നോക്കി ഇരുന്നു. കണ്ണുകൾ നിറഞ്ഞാണ് അവൾ പോയത്.ഇതിന് മുൻപൊരിക്കൽ നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി ലിഷയെ കണ്ടത് അവനോർമ്മ വന്നു.
പെരുമഴ പ്രളയം തീർത്തപ്പോൾ വർഷങ്ങൾക്ക് ശേഷം ഇടുക്കി ഡാം തുറന്നു. ആർത്തിയോടെ ഇടിച്ചുകുത്തി ഒഴുകിയ വെള്ളം, രണ്ട് ഭാഗവും കവർന്നെടുത്ത്‌ ചെറുതോണി പുഴയുടെ വീതി കൂട്ടി.പുഴയുടെ സൈഡിലുള്ള വീടുകളിലെല്ലാം വെള്ളം ഇരച്ചു കയറി. ലിഷയുടെ വീട്ടിലും. താനും, കൂട്ടുകാരും ചെല്ലുമ്പോൾ നിലവിളിയോടെ ടെറസിനു മുകളിലായിരുന്നു ലിഷയും, വീട്ടുകാരും. എല്ലാവരേയും രക്ഷിച്ച് ക്യാമ്പിൽ എത്തിച്ചപ്പോൾ അവസാനം ഇറങ്ങിയത് ലിഷ ആയിരുന്നു .
'ഒന്ന് നോക്കി', നനഞ്ഞ കൺപീലികൾക്കിടയിൽ കൂടി.
കുഞ്ഞുനാൾ മുതൽ കാണുന്നതാണെങ്കിലും ഒരിക്കൽ പോലും മിണ്ടിയിട്ടില്ലായിരുന്നു.
ഭക്ഷണം ഉണ്ടാക്കുമ്പോഴും, വിളമ്പി കൊടുക്കുമ്പോളും,സാധനങ്ങൾ ചുമന്നു കൊണ്ട് വരുമ്പോഴുമെല്ലാം, ഞാനും കൂടാമെന്ന് പറഞ്ഞ് അവൾ അരികത്തുണ്ടായിരുന്നു.കുറച്ചു ദിവസങ്ങൾക്ക് ശേഷം ക്യാമ്പിൽ നിന്നും തിരിച്ചു പോകുമ്പോൾ മനസ്സുകൾ തമ്മിലടുത്തിരുന്നു.
പ്രളയം കഴിഞ്ഞപ്പോൾ താന്തോന്നിക്കൂട്ടം ധീരന്മാരായി ഒരു നാടിന്റെ മനസ്സിലേക്ക് ഇടിച്ചു കയറി. അലക്സി, ലിഷയുടെ മനസ്സിലേക്കും.
പ്രളയം എല്ലാവർക്കും ദുഃഖം ആയപ്പോൾ, തനിക്ക് മാത്രം പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനത്തെ നെഞ്ചോട് ചേർത്ത് കൊണ്ടു നടന്നു. അതിപ്പോഴും അങ്ങനെ തന്നെ ഉണ്ട്.
പക്ഷേ... ഒരു അകൽച്ച തുടങ്ങുവാണെന്ന് മനസ്സ് പറയുന്നു.
ലിഷയുടെ നിർബന്ധത്തിനു വഴങ്ങി കല്യാണത്തിന് സമ്മതിക്കുമെങ്കിലും, കല്യാണ ശേഷം മകളെ വീട്ടിൽ നിർത്താതിരിക്കാനാണ് അവളുടെ അപ്പച്ചൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
കാരണം... വീൽ ചെയറിലും, കട്ടിലിലും ആയി ജീവിതം തള്ളി നീക്കുന്ന തൻ്റെ അമ്മയാണ്.
---------------------------------------------------------
മകൾ പഠിച്ചു വിദേശത്ത് ജോലി ലഭിക്കാനും, അവിടെത്തന്നെ ജോലിയുള്ള ഒരാൾക്ക് മകളെ കല്യാണം കഴിച്ചു കൊടുക്കണമെന്നും ആഗ്രഹിച്ച അപ്പൻ.
സ്നേഹിച്ച പെണ്ണിനെ ഇഷ്ടമാണെങ്കിലും , ജീവിതത്തിലേ അവസാന നാളുകളിൽ കൂടി കടന്നു പോകുന്ന അമ്മയേ വിട്ടിട്ടു പോകാൻ തയ്യാറല്ലാത്ത മകൻ.
പ്രളയം പോലെ മനസിനുള്ളിലേക്ക് ഇടിച്ചു കയറിയ പുരുഷനേയും,ഏറ്റവും വലിയ ശരിയെന്നു വിശ്വസിക്കുന്ന അപ്പനേയും വേണമെന്ന് ആഗ്രഹിക്കുന്ന മകൾ.
------------------------------------------------------
ജോർജിനും, റോസിക്കും ഒറ്റ മകനായിരുന്നു 'അലക്സി'.ജോർജ് ജീവിതത്തിലെ വസന്തകാലം മുഴുവൻ മരുഭൂമിയിൽ കഷ്ട്ടപ്പെട്ട് കാശുണ്ടാക്കി. ഷുഗർ കൂടി റോസിയുടെ കാൽ മുറിച്ചു മാറ്റിയപ്പോൾ അയാൾ വിദേശവാസം അവസാനിപ്പിച്ചു നാട്ടിലേക്കു വന്നു.കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ റോസിയുടെ അടുത്ത കാലിനും സ്പർശന ശേഷി നഷ്ടപ്പെട്ടു.
നേരത്തേ ഒരു ദേഷ്യക്കാരനായ ആളായിരുന്നു ജോർജ്.റോസിയുടെ കാൽ മുറിച്ചു മാറ്റിയതിൽ പിന്നെ അയാളൊരു പാവമായി.
അപ്പൻ, അമ്മയേ പൊന്നുപോലെ നോക്കുന്നുണ്ടെങ്കിലും, പലപ്പോഴും അപ്പന് തനിയെ അതിന് കഴിയുന്നില്ലന്ന് തോന്നിയപ്പോൾ , തൽക്കാലം ജോലി വേണ്ടാന്ന് അലക്സി തീരുമാനിച്ചു.
അത് വരെ ലഭിക്കാതിരുന്ന ചില നല്ല നിമിഷങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടായി. അവസാന നാളുകളിലൂടെ കടന്നു പോകുന്ന അമ്മക്ക് കൊടുക്കാൻ ഇങ്ങനെ ചില സന്തോഷങ്ങൾ മാത്രമേ ഉള്ളതിനാൽ വീട് വിട്ട് പോകണ്ടെന്ന് അലക്സി തീരുമാനിക്കുകയായിരുന്നു.
-------------------------------------------------------------
ഒരു വർഷം പെട്ടന്നങ്ങു പോയി.ലിഷ ആദ്യത്തെ ലീവിന് നാളെ നാട്ടിൽ വരും.എല്ലാവരും അവരവരുടെ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുകയാണ്.
ലിഷയെ കാനഡയിൽ തന്നെ ജോലിയുള്ള ഒരു സുമുഖനെ കൊണ്ട് കെട്ടിക്കാൻ വീട്ടുകാർ കരുക്കൾ നീക്കുന്നുണ്ട്.
-----------------------------------------------------------
അലച്ചുപെയ്തൊഴിഞ്ഞതിന്റെ ബാക്കിയെന്നോണം, ചാറ്റൽ മഴയുള്ളതിനാൽ കുളിരുള്ള ഒരു രാത്രി.റോഡിന് മുകളിലുള്ള ആ വീട്ടിൽ തലേ ദിവസം തെളിഞ്ഞ ചെറിയ ബൾബുകൾ ഇപ്പോഴും മിന്നിക്കൊണ്ടിരിക്കുന്നു.
ആ വീടിനുള്ളിലെ അത്താഴമേശയിൽ ഒരു പ്ളേറ്റ് കൂടുതൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
അലക്സിയും, അപ്പനും കാത്തിരിക്കുമ്പോൾ, അവർക്കരികിലേക്ക് വീൽ ചെയറിൽ റോസിയേയുമായി ലിഷ കടന്നു വന്നു.
സ്വന്തമായി ശമ്പളം ഉള്ള പെണ്ണിൻ്റെ ഉറച്ച ശബ്ദം ഉണ്ടായിരുന്നതിനാൽ, വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി തേപ്പ് ചരിത്രത്തിൻ്റെ ഭാഗമാകേണ്ടി വന്നില്ല അവൾക്ക്.
By :ബിൻസ് തോമസ്..

ചാണക മണമുള്ള അപ്പൻ. (ചെറുകഥ )

.Image may contain: 1 person
---------------------------------------------------------
മലമുകളിൽ നിന്നും മഴ പെയ്തിറങ്ങി വരുന്നത് നോക്കി സൊസൈറ്റിയുടെ വരാന്തയിൽ വർക്കി നിന്നു.സൊസൈറ്റിയിൽ പാൽ കൊടുക്കാൻ വന്നതായിരുന്നു അയാൾ.
നാളെയാണ് ഒരാഴ്ച്ച പാൽ കൊടുത്തതിന്റെ കാശ് കിട്ടുന്നത്. സെക്രട്ടറിയോട് അത് ഇന്ന് തരാൻ പറ്റുമോ എന്ന് ചോദിക്കണമെന്ന ഉദ്ദേശത്തോടെയാണ് വർക്കി ഒരു മിനിറ്റ് നിന്നത്.
'ചോദിക്കണോ..? ചോദിച്ചിട്ട് തന്നില്ലങ്കിൽ നാണക്കേടാകും !!!'.
അഭിമാനം സമ്മതിക്കുന്നില്ലന്ന് തോന്നിയപ്പോൾ വർക്കി മഴയിലേക്കിറങ്ങി.
ആൻസിമോൾ മൊബൈൽ റീചാർജ് ചെയ്യണമെന്ന് പറഞ്ഞതാണ്. ബ്ലേഡുകാരൻ വിജയന്റെ കയ്യിൽ നിന്നും മേടിച്ച കാശിന്റെ പലിശ കൊടുക്കണ്ട ദിവസവും ഇന്നാണ്. നനയാതിരിക്കാനാണ് എന്ന് തോന്നിപ്പിക്കുന്ന വിധം കുട താഴ്ത്തിപിടിച്ചു അയാൾ വേഗം നടന്നു.
ഹൈറേഞ്ചിലെ ഒരു സാധാരണ കുടുംബ നാഥനാണ് വർക്കി.രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടാപ്പാട് പെട്ട് തോറ്റുപോകുന്ന പലരിൽ ഒരാൾ.
വർക്കി വീട്ടിലേക്കു വന്ന് കയറുമ്പോൾ സീരിയലിൽ കണ്ണ് നട്ടിരിക്കുവായിരുന്നു കുടുംബ നാഥ റാണിയും, മകൾ ആൻസിയും. മകൻ ജോസ് മോൻ മൊബൈലിൽ ചാറ്റിക്കൊണ്ടു സോഫയിൽ കിടപ്പുണ്ട്.
ആകുലതകളുടെ ഭാരത്തിൽ തൊണ്ട വരളുന്നുവെന്നു തോന്നിയ അയാൾ മേശപ്പുറത്തിരുന്ന ജഗ്ഗ് എടുത്തു വായിലേക്ക് കമഴ്ത്തി.
"അപ്പാ എൻ്റെ മൊബൈൽ റീചാർജ് ചെയ്തോ..? ".
ജഗ്ഗ് തിരികെ വെച്ച് പുറത്തേക്കു നടക്കുമ്പോൾ ആൻസി വിളിച്ചു ചോദിച്ചു.
"മറന്നു പോയി മോളേ.നാളെ ചെയ്യാം."
"നിങ്ങളുടെ അപ്പനോട് ഇന്നു പറഞ്ഞാൽ നാലു ദിവസം കഴിയണം അത് നടക്കണേൽ ".
വരാന്തയിലെ കളറ് മാറിത്തുടങ്ങിയ കസേരയിലേക്കിരിക്കുമ്പോൾ റാണി പറഞ്ഞത് കേട്ട് വർക്കി ഒന്ന് ചിരിച്ചു.
മിന്നലിന്റെ അകമ്പടിയിൽ ശക്തമായി ഒരു ഇടി മുഴങ്ങി. അകലെ മലയുടെ ചെരുവിലുള്ള വീടുകളിൽ തെളിഞ്ഞു നിന്നിരുന്ന ലൈറ്റുകൾ അണഞ്ഞു.
പള്ളിമണിയുടെ മുഴക്കം മഴയുടെ ഇരമ്പലിനെ വകഞ്ഞുമാറ്റി ചെവികളിൽ എത്തിയപ്പോൾ അയാൾ നെറ്റിയിൽ കുരിശു വരച്ചുകൊണ്ട് കണ്ണുകൾ അടച്ചു.
-----------------------------------------------------------------
രാത്രി ഏറെയായിട്ടും വർക്കിക്ക് ഉറങ്ങാൻ പറ്റിയില്ല. നാളെ റാണി ഇസ്രായേലിനു പോകുകയാണ്. ഒരു വീട്ടിൽ പ്രായമായവരെ നോക്കുകയാണ് ജോലിയെന്നൊക്കെ ഓരോരുത്തരെയും മാറി, മാറി വിളിച്ചു പറയുന്നത് കേട്ടു. ഇടുക്കി ജില്ല വിട്ടു ഒറ്റക്ക് എവിടെയും പോയിട്ടില്ലാത്തവളാണ്. എങ്ങും ചതിയുടെയും, വഞ്ചനയുടെയും കാലം ആണ്. തന്നോട് വല്യ സ്നേഹമൊന്നും കാണിക്കാറില്ലെങ്കിലും വർക്കിക്ക് ജീവനായിരുന്നു റാണിയെ. അതുകൊണ്ടാണ് അയാൾ പോകണ്ടെന്നു പറഞ്ഞത്.
"നിങ്ങൾ ഇത്രയും കാലമായിട്ട് എന്തുണ്ടാക്കി..?. എനിക്കുമുണ്ട് സ്വപ്നങ്ങൾ. എന്നും ഇങ്ങനെ ഒരു ഗതിയും, പരഗതിയുമില്ലാതെ ജീവിച്ചു മടുത്തു. മക്കൾക്ക്‌ സമ്മതമാണ്. ഞാൻ പോകും ".
മറുപടി ഇല്ലായിരുന്നു അയാൾക്ക്‌.
കുറേക്കഴിഞ്ഞു ചിന്തിച്ചു നോക്കിയപ്പോൾ മനസ്സിലായി റാണി പറഞ്ഞതിലും കാര്യമുണ്ടന്ന്.വിലയില്ലാത്ത വാക്കുകൾക്കായി വാ തുറക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു അയാൾ.
---------------------------------------------------------
വെളുപ്പിന് നാലുമണിക്ക് അലാറം ഒച്ച വെച്ചപ്പോൾ വർക്കി എഴുന്നേറ്റു.റാണി ഇസ്രായേലിനു പോയതിൽ പിന്നെ ഇതാണ് പതിവ്. അടുക്കളയിൽ പകുതി ജോലി ചെയ്യുമ്പോഴേക്കും വെട്ടം വീഴും. പശുവിനു പുല്ല് ചെത്തി ഇട്ടിട്ടു, പാൽ കറന്നു സൊസൈറ്റിയിൽ കൊണ്ട് കൊടുത്തിട്ട് വീണ്ടും അടുക്കളയിലേക്ക്. മക്കൾക്കുള്ള പൊതിയും കെട്ടിവെച്ചു എട്ടരക്ക് മുന്നേ ജോലി സ്ഥലത്തു എത്താനായി ഓടുമ്പോൾ പലപ്പോഴും അയാൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ല.
മക്കൾ വളർന്നു പ്രായപൂർത്തി ആയെങ്കിലും വീട്ടിൽ ഒരു കൈ സഹായത്തിനു അയാൾ ആവശ്യപ്പെട്ടിട്ടില്ല.കണ്ടറി ഞ്ഞ് അവരൊട്ടു ചെയ്തുമില്ല.
കോളേജിൽ പഠിക്കുന്ന ജോസ്‌മോന് കൊടുക്കാനുള്ള ഫീസ് ആയിട്ടാണ് അന്ന് വർക്കി വീട്ടിലേക്കു വന്നത്.
പൈസ കയ്യിലേക്ക് കൊടുക്കുമ്പോഴെങ്കിലും അവൻ തന്നോട് ഒന്ന് സംസാരിക്കും എന്നയാൾ പ്രതീക്ഷിച്ചു.
"അമ്മ കാശയച്ചു തന്നിട്ടുണ്ട്. അപ്പന്റെ പൈസ മേടിക്കണ്ടാന്നാ അമ്മ പറഞ്ഞത് ".
മകൻ തന്നോട് ഒന്ന് മിണ്ടണം എന്നായിരുന്നു വർക്കിയുടെ ആഗ്രഹം. അവൻ മിണ്ടി. അയാൾ ഇളിഭ്യനായി തിരിഞ്ഞു നടന്നു.
വർഷം നാല് കഴിഞ്ഞു റാണി പോയിട്ട്. ഒരിക്കൽ പോലും തൻ്റെ പേരിലേക്ക് കാശൊന്നും അയച്ചിട്ടില്ല.റാണി അയക്കുന്ന കാശൊക്ക മകനാണ് കൈകാര്യം ചെയ്യുന്നത്.മക്കളുടെ ജീവിത രീതി മാറിയത് അയാൾ കണ്മുന്നിൽ കാണുന്നുണ്ടായിരുന്നു.ഉണ്ടാക്കി വെക്കുന്ന ഭക്ഷണം അവർ കഴിക്കുന്നില്ല.എന്തൊക്കെയോ പുറത്തുനിന്നും വാങ്ങിക്കൊണ്ട് വരുന്നു. വിശപ്പ് എന്താണെന്നു അനുഭവിച്ചിട്ടുള്ളതിനാൽ പലപ്പോഴും അതെടുത്തു കളയുമ്പോൾ അയാളുടെ കണ്ണുകൾ നിറയും.പുതിയ ഡ്രെസ്സുകൾ, മൊബൈൽ ഫോൺ, ഇപ്പോൾ ഒരു ബൈക്കും വാങ്ങിയിട്ടുണ്ട്. പലപ്പോഴും ആങ്ങളയും, പെങ്ങളും കാശിന്റെ കണക്കു പറഞ്ഞ് വഴക്കുണ്ടാക്കുന്നത് കണ്ടപ്പോൾ വർക്കി ഒരു ദിവസം ഇടപെട്ടു.
വഴക്ക് അടിച്ച മക്കൾ ഒന്നായി. 'ഒന്നിനും കൊള്ളാത്ത അപ്പൻ തങ്ങളുടെ ഒരു കാര്യത്തിലും ഇടപെട്ടേക്കരുതെന്ന് ,അപ്പനേക്കാൾ വളർന്ന ജോസ്‌മോൻ പറഞ്ഞത് ഒരു മുന്നറിയിപ്പായിരുന്നു.
രാത്രി ഏറെ വൈകി കിടക്കുമ്പോൾ ഇരുട്ടിൽ വർക്കി കുറേ നേരം കരയും.തുറന്നു പറയാൻ ആരുമില്ലാത്ത അയാൾക്ക്‌ അത് മാത്രമായിരുന്നു ഒരാശ്വാസം.റാണിയും,മക്കളും തന്നെ വെറുക്കാൻ എന്തായിരിക്കും കാരണമെന്ന് അയാൾ പലവട്ടം ആലോചിച്ചിട്ടുണ്ട്. താൻ അവരോട് സ്നേഹം കാണിക്കുമ്പോളൊക്കെ അവർ മുഖം തിരിക്കുന്നു.എങ്ങനെയും കാശുണ്ടാക്കണം എന്ന് തോന്നിയിട്ടില്ല.പകലന്തിയോളം അധ്വാനിച്ചു.ധാരാളിത്തം കാണിക്കാൻ അത് പോരായിരുന്നു.
റാണി തന്നേപ്പോലൊരു പുരുഷനെ ആയിരുന്നില്ല ആഗ്രഹിച്ചിരുന്നതെന്ന് പെരുമാറ്റങ്ങളിലൂടെ മനസ്സിലാക്കി തന്നിട്ടുണ്ട്. ആദ്യമൊക്ക അപ്പനെ സ്നേഹിച്ചിരുന്നു മക്കൾ.മാതൃക ആകേണ്ടിയിരുന്ന അമ്മ അവഗണിക്കുന്നതും, കുറ്റപ്പെടുത്തുന്നതും കണ്ട്, കണ്ട് മക്കളും അങ്ങനെ ആയി.
---------------------------------------------------------
"ചേട്ടന്റെ കൂടെ ആരും വന്നിട്ടില്ലേ..? ".
"ഇല്ല ഡോക്ടറേ. ഭാര്യ വിദേശത്താണ്. മക്കൾ കോളേജിൽ പോയി."
"ചേട്ടനെ അഡ്മിറ്റ്‌ ചെയ്യണം. മക്കളോട് ആരോടെങ്കിലും വിളിച്ച് ഒന്ന് വരാൻ പറയൂ ".
" ഒരു പനി അല്ലേ ഉള്ളൂ. ഒരു ഇൻജെക്ഷൻ എടുത്ത്, കുറച്ച് മരുന്നും തന്നാൽ മതി. കിടക്കാനൊന്നും എനിക്ക് സമയം ഇല്ല ഡോക്ടറേ ".
"പനി കൂടുതൽ ആണ് ചേട്ടാ. ചേട്ടൻ മക്കളുടെ ആരുടെയെങ്കിലും നമ്പർ ഒന്ന് പറയൂ. സിസ്റ്റർ വിളിച്ച് പറഞ്ഞോളും ".
കാര്യമില്ലെന്ന് അറിയാമെങ്കിലും ഡോക്ടർ പറഞ്ഞപ്പോൾ അയാൾ മകന്റെ നമ്പർ കൊടുത്തു.
വീട്ടിലെ കാര്യങ്ങൾ ഓർത്തപ്പോൾ ആശുപത്രി കിടക്കയിൽ നിന്നും എഴുന്നേറ്റു പോകാൻ വർക്കി ആഗ്രഹിച്ചു. താൻ ചെന്നില്ലങ്കിൽ മക്കൾ തനിച്ചാണ്. വല്ലതും വെച്ചുണ്ടാക്കി കൊടുക്കണേലും താൻ ചെല്ലണം. കറവയുള്ള രണ്ട് പശുക്കൾ. പുല്ല് ചെത്തിയതൊന്നും കിടപ്പില്ല.മനസ്സ് ബലപ്പെടുത്താൻ ശ്രമിക്കുമ്പോഴും ശരീരം തളരുന്നുണ്ടന്ന് അയാൾക്ക്‌ തോന്നി.
"ആ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ ചേട്ടാ.., വേറെ നമ്പർ ഉണ്ടോ..? ".
"വേറെ... "
അയാൾ മൊബൈൽ എടുത്ത് ആൻസിമോളുടെ നമ്പർ കൊടുത്തു.
"സിസ്റ്ററേ !!, ഞാൻ അവയവ ദാനത്തിന് സമ്മതപത്രം ഒപ്പിട്ടു കൊടുത്തിട്ടുള്ളതാണ് കേട്ടോ. "
"ചേട്ടാ...!!!!".
"നിങ്ങൾ ഒന്നും പറഞ്ഞില്ലേലും എനിയ്ക്കറിയാം സിസ്റ്ററേ.ജീവിച്ചിരുന്ന കാലം ആർക്കും പ്രയോജനപ്പെടാത്ത ശരീരമാണിത്. മരിച്ചു കഴിഞ്ഞാലെങ്കിലും ഉപകാരപ്പെടട്ടെ. "
------------------------------------------------------------
"മോളുടെ പേരെന്താ..? ".
"ആൻസി ".
കോളേജിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സെമിനാർ കഴിഞ്ഞുള്ള കൗൺസിലിംഗിൽ ആയിരുന്നു ആൻസി.
"ആൻസി !!,വീട്ടിൽ ഉള്ളവരെയൊക്കെ മനസ്സിൽ ഓർത്തേ. അതിൽ മോളോട് ഏറ്റവും സ്നേഹം ഉള്ള ആളെയും ഓർക്കുക. ആർക്കാണ് ആൻസിമോളോട് ഏറ്റവും സ്നേഹം ".
"എൻ്റെ അപ്പന്.അപ്പൻ എന്നേ ആൻസിമോളേയെന്നാ വിളിക്കുന്നത്‌ ".
"അപ്പൻറെ കാര്യം പറഞ്ഞപ്പോൾ മോളെന്തിനാ കരഞ്ഞത്,,? ".
"എൻ്റെ അപ്പനോട് ഞാൻ മിണ്ടിയിട്ട് ഒത്തിരി നാളുകളായി ".
"ആൻസിമോളോട് ഒത്തിരി സ്നേഹമുള്ള അപ്പനോട് മിണ്ടാതിരിക്കാൻ എന്തായിരുന്നു കാരണം..? ".
"അമ്മ കാശയച്ചു തരുമ്പോൾ പറയും,അപ്പൻ തരുന്ന കാശൊന്നും മേടിക്കണ്ടെന്ന് .ആവശ്യമില്ലാതെ മിണ്ടുക പോലും വേണ്ടെന്ന്.അപ്പന്റെ കയ്യിൽ കാശില്ല. അമ്മയുടെ കയ്യിൽ നിന്നുള്ള കാശ് കിട്ടിയില്ലെങ്കിലോ എന്നോർത്ത്.. ".
പൂർത്തിയാക്കാനാകാതെ വിങ്ങിപ്പൊട്ടി അവൾ.
"അമ്മയ്‌ക്കെന്താ അപ്പനെ ഇഷ്ടമില്ലാത്തത്..? ".
"അറിയില്ല.. !!,അപ്പന് ചാണകത്തിന്റെ മണം ആണെന്നാ അമ്മ പറയാറ്.വീട്ടിൽ ആരും അപ്പനോട് മിണ്ടാറില്ല. "
"അപ്പന് ചാണകത്തിന്റെ മണം വന്നത് എന്തു കൊണ്ടായിരിക്കും..?, നിങ്ങൾക്ക് വേണ്ടിയുള്ള കഷ്ടപ്പാടിൽ വന്ന് ചേർന്ന മണം ആയിരിക്കും അത്.
എല്ലാവർക്കും വേണ്ടി ജീവിക്കുമ്പോഴും, ആരുടെയും ഒരു പരിഗണനയും, സ്നേഹവും കിട്ടാതെ വന്നപ്പോൾ, ആ മനസ്സ് എന്തുമാത്രം വേദനിച്ചിട്ടുണ്ടാവും.ഈ ലോകത്തിൽ അച്ഛൻ ഇല്ലാത്ത, അല്ലങ്കിൽ അച്ഛന്റെ സ്നേഹം ലഭിക്കാതെ എത്രയോ കുട്ടികൾ ഉണ്ടാവും.നല്ലൊരു അപ്പൻ ഉണ്ടായിട്ടും ആ സ്നേഹം നിങ്ങൾ തിരസ്ക്കരിക്കുവായിരുന്നു."
ആൻസിയുടെ കണ്ണുനീർ കടലായി ഒഴുകി.
കൗൺസിലർ തുടർന്നു.
"സാരമില്ല. !!!.തെറ്റുകൾ മനസ്സിലാവുമ്പോൾ അത് തിരുത്തുന്നവരാണ് ജീവിതത്തിൽ വിജയം നേടുന്നത്. ആൻസിമോൾക്ക്‌ അതിന് കഴിയും. അമ്മയുടേയും, ചേട്ടന്റെയും സ്നേഹം മോള് അപ്പന് നേടി കൊടുക്കണം.ഞാനും പ്രാർത്ഥിക്കാം എല്ലാവരും ഒന്നാകാൻ വേണ്ടി ".
------------------------------------------------------------
അന്ന് വീട്ടിൽ ചെന്ന് ആൻസി,ആദ്യം തൊഴുത്തിലേക്ക് കയറി.അറപ്പ് ഇല്ലാതെ ചാണകം വാരിക്കളഞ്ഞ് തൊഴുത്ത്‌ വൃത്തിയാക്കി. അപ്പന്റെ ചാണക മണമുള്ള വസ്ത്രങ്ങൾ എടുത്തു കഴുകി ഇട്ടു.
അടുക്കളയിലേക്ക് കയറിയിട്ട് എവിടെ തുടങ്ങണം എന്നറിയാതെ കുറേ നേരം അവൾ ഇരുന്നു.പിന്നെ ഒരറ്റത്ത് നിന്നും തുടങ്ങി.അപ്പൻ വരുന്നതിനു മുൻപ് എല്ലാം ചെയ്തു തീർക്കാൻ അവൾ വേഗം കൂട്ടി.പലപ്പോഴും സങ്കടം സഹിക്കാൻ കഴിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
സാധാരണ അപ്പൻ വരുന്ന സമയം ആയിട്ടും കാണാതിരുന്നപ്പോൾ, വിളിച്ചു നോക്കാൻ അവൾ മൊബൈൽ എടുത്തു.പുതിയതായി എടുത്ത സിമ്മിൽ അപ്പന്റെ നമ്പർ ഇല്ല എന്ന് ഒരു ഇടർച്ചയോടെ അവൾ തിരിച്ചറിഞ്ഞു.
---------------------------------------------------------
പകൽവെട്ടം വിടവാങ്ങി, ഇരുട്ട് പരന്നു തുടങ്ങി.ഹോസ്പിറ്റലിൽ ബൈക്ക് ആക്സിഡന്റായി കൊണ്ടുവന്ന യുവാവിന്റെ ഐഡി കാർഡിലെ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്തുകൊണ്ടിരുന്ന സിസ്റ്ററുടെ വിരലുകൾ വിറച്ചു.പനി കാരണം മരണം അടഞ്ഞ വർക്കി ചേട്ടന്റെ അതേ അഡ്രെസ്സ്.
രണ്ട് ഫോമുകൾ സിസ്റ്റർ എടുത്ത് മേശപ്പുറത്തു വെച്ചു.അവയവം സ്വീകരിക്കാൻ സമ്മതിച്ചു കൊണ്ടുള്ളതും, അവയവം ദാനം ചെയ്യാൻ സമ്മതിച്ചു കൊണ്ടുള്ളതും.
ഹോസ്പിറ്റലുകാർ അറിയിച്ച വിവരവുമായി ഒരു പോലിസ് വാഹനം പുറപ്പെട്ടു.ആ രണ്ട് ഫോമുകളിലും ഒപ്പിടാൻ അവകാശമുള്ള ആൻസി മോളുടെ അടുത്തേക്ക്.
(അവസാനിച്ചു )
Image may contain: 1 person, selfie and closeup
By :ബിൻസ് തോമസ്.

കഡിൽ to..... ( നർമ്മകഥ )

Image may contain: 1 person, selfie and closeup
------------------------------------------
'അപരിചിതരായ ഒരു സ്ത്രീക്കും, പുരുഷനും മണിക്കൂറുകളോളം വികാരങ്ങൾക്കടിമപ്പെടാതെ ഒരു കട്ടിലിൽ വെറുതെ കെട്ടിപിടിച്ചു കിടക്കാൻ കഴിയുമോ..? '.
കേരള സംസ്ഥാനത്തിൽ, തെക്കിനാട്ടു കരയിൽ സ്ഥിരതാമസം ഉള്ള ,പോയിക്കര വീട്ടിൽ കുഞ്ഞ് വറീത് ഭാര്യ ശോശാമ്മയോട് ഈ ചോദ്യം ചോദിക്കുമ്പോൾ രാത്രി ഒൻപത് മണി.
കിടപ്പറയിൽ നിദ്രയിലാകുന്നതിന് മുൻപുള്ള സമയം.ചെറിയ ആട്ടമുള്ള കട്ടിലിൽ, എതിർ ദിശയിൽ ഇരുന്നു രണ്ടു പേരും മൊബൈലിൽ ലോകത്തിന്റെ സ്പന്ദനം തിരയുകയായിരുന്നു.കുഞ്ഞുവറീതിൻറെ നെറ്റ് വർക്കിൽ നിന്നുയർന്ന ചോദ്യം കേട്ട് ശോശാമ്മ ഒരു നിമിഷം സിഗ്നൽ ഇല്ലാത്ത മൊബൈൽ പോലെ ആയി.
"ഏത് അപരിചിതയുടെ കൂടെ കെട്ടിപിടിച്ചു കിടക്കാനാ നിങ്ങൾക്ക് ഇപ്പോൾ ഇത്ര പൂതി.."
ഫുൾ കവറേജിൽ ശോശാമ്മ ചോദിച്ചു.
"ഓ. എനിക്ക് കൊതി ആയിട്ടല്ലടീ.അമേരിക്കയിൽ ഒക്കെ ഉണ്ടായിരുന്ന പരിപാടിയാ. 'കഡ്ലിംഗ് തെറാപ്പി '.ഇപ്പോൾ ബാംഗ്ലൂരിൽ തുടങ്ങിയിരിക്കുന്നു. മനസമ്മർദ്ദം ഉള്ളവർക്കും, ദുഃഖിതർക്കും ഒക്കെ ആലിംഗനത്തിലൂടെ ആശ്വാസം കൊടുക്കുന്നു.ചുമ്മാ കെട്ടിപിടിച്ചു കിടക്കും.വേറൊന്നും പാടില്ലന്ന്. പക്ഷേ.. ഒന്നര മണിക്കൂർ മുതൽ നാലു മണിക്കൂർ വരെ വെറുതെ കെട്ടിപിടിച്ചു കിടക്കാൻ കഴിയുമോ എന്നൊരു സംശയം..? ".
"നിങ്ങൾ വെറുതെ കിടക്കില്ല !!! അതെനിക്കറിയാം. "
"നീയോ..?".
"അത് സാഹചര്യം പോലെ ഇരിക്കും ".
ശോശാമ്മയുടെ മറുപടി കേട്ട് കുഞ്ഞുവറീതിന്റെ റേഞ്ചു പോയി.
"കേറി അടങ്ങി കിടന്നുറങ്ങാൻ നോക്ക് മനുഷ്യാ ".
ശോശാമ്മ കനപ്പിച്ചങ്ങനെ ചൊല്ലി കട്ടിലിലേക്ക് മറിഞ്ഞു.
അന്ന് മാത്രം അല്ല. ദിവസം കുറേ കഴിഞ്ഞിട്ടും കുഞ്ഞുവറീതിന് അടങ്ങി കിടക്കാൻ കഴിഞ്ഞില്ല. ഓരോ രാത്രികളും 'കഡ്ലിംഗ് ' എന്ന വാക്ക് അയാളെ മോഹിപ്പിച്ചു കൊണ്ടിരുന്നു.
--------------------------------------------------------
'പൂർണ്ണമായും വസ്ത്രം ധരിച്ചിരിക്കണം, ചുണ്ടിൽ തൊടാനോ, ചുംബിക്കാനോ പാടില്ല, ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല.'
നമ്പർ ഇട്ടെഴുതിയത് കുറച്ചെണ്ണം വായിച്ചപ്പോൾ തന്നെ ഇതൊരു മാതിരി കോപ്പിലെ നിയമങ്ങൾ ആണല്ലോയെന്നു കുഞ്ഞുവറീതിന് തോന്നി.
എന്നാലും.. 'ചിലപ്പോൾ ബിരിയാണി കിട്ടിയാലോ '...
കിട്ടാതിരിക്കില്ല എന്നുള്ള പ്രതീക്ഷയിൽ കുഞ്ഞുവറീത് നോട്ടുകൾ എടുത്ത് വീശി. റിസപ്ക്ഷനിലെ സുന്ദരി കള്ളച്ചിരിയോടെ അത് വാങ്ങി പെട്ടിയിൽ ഇട്ടിട്ട് വേറൊരു സുന്ദരിയേ വിളിച്ചു.
വശ്യമായ പുഞ്ചിരിയോടെ വന്ന വെള്ള സുന്ദരി വറീതിന് നേരേ കൈ നീട്ടി കൊണ്ട് പറഞ്ഞു.
"വെൽക്കം സാർ ".
സുന്ദരിക്ക് നേരേ നീളുന്ന തൻ്റെ കൈകളിലേക്ക് വറീത് അതിശയത്തോടെ നോക്കി.
വിരലുകളിൽ വിരലുകൾ കോർത്തു അവൾ നടന്നു. കൂടെ വറീതും.
---------------------------------------------------------------
വിശാലമായ മുറിയിലാകെ വറീത് കണ്ണോടിച്ചു.
ഒരു സോഫ, കട്ടിൽ, രണ്ട് കസേര. ഫാനിന്റെ കുളിർ കാറ്റിൽ, മുറിയുടെ കോണിൽ വെച്ചിട്ടുള്ള ചെടിച്ചട്ടിയിലെ പൂക്കൾ പരസ്പരം മുട്ടിയുരുമ്മി ചുംബിക്കുന്നു.
ആലിംഗനബദ്ധരായ സ്ത്രീയുടെയും, പുരുഷന്റെയും മനോഹര ചിത്രങ്ങൾ ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്നു.
ചുറ്റിലും ഓടി നടന്നിരുന്ന കൃഷ്ണമണികളെ സുന്ദരിയിലേക് മാറ്റി വറീത് ചിരിച്ചു.
"വരൂ സാർ !!! ഇവിടെ ഇരിക്കാം ".
സുന്ദരി ക്ഷണിച്ചു.
അടുത്തേക്ക് ഇരുന്ന
വറീതിൻറെ കൈകൾ എടുത്തു മൃദുവായി തഴുകി സുന്ദരി ചോദിച്ചു.
"സാറിന്റെ പേര് കുഞ്ഞുവറീത് എന്നാണല്ലേ..? ".
"അതേ, എന്നാലും ഈ കുഞ്ഞ് ഒഴിവാക്കി വറീത് എന്നാ എല്ലാവരും വിളിക്കുന്നത്‌. അല്ല.. നിങ്ങൾ ഇംഗ്ലീഷ്കാര് മലയാളം എങ്ങനെ പഠിച്ചെടുത്തു..? ".
"നിങ്ങളെപ്പോലെയുള്ള കസ്റ്റമർക്കു വേണ്ടി സാർ ".
പെട്ടന്ന് ചെണ്ട മേളം അവിടെ മുഴങ്ങി.
സുന്ദരി ഞെട്ടി കൈകൾ പിൻവലിച്ചു.
"പേടിക്കണ്ട, എൻ്റെ വൈഫാ. ഒരു മിനിറ്റ് ഒന്നും മിണ്ടല്ലേ ".
പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് വറീത് പതുക്കെ പറഞ്ഞു.
"ഹലോ !! ശോശാമ്മേ.. !!! , ഞാൻ ഒരു ഡിസ്കഷനിലാ . വൈകിട്ട് വിളിക്കാം. Ok ".
ഫോൺ കട്ട്‌ ചെയ്തപ്പോൾ ശോശാമ്മയുടെ ചിരിക്കുന്ന മുഖം ഡിസ്‌പ്ലേയിൽ തെളിഞ്ഞു. വറീത് പെട്ടന്ന് ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു .
"പേര് ചോദിക്കാൻ ഞാൻ മറന്നു ".
"മഡോണ ".
"നിങ്ങൾ മലയാളം പഠിച്ചത് നന്നായി. ഇല്ലങ്കിൽ ആശയവിനിമയം കുഴഞ്ഞേനേ. "
വറീതിനെ കൈകളിൽ പിടിച്ച് എഴുന്നേൽപ്പിച്ച് മഡോണ തന്നിലേക്ക് ചേർത്തു.ഒരു കുഞ്ഞിനെപ്പോലെ വറീത് അവളുടെ മാറിലേക്ക് ചാഞ്ഞു. മഡോണയുടെ കൈകൾ വറീതിന്റെ ശിരസ്സിലൂടെ തഴുകി നടന്നു.പണ്ടെങ്ങോ അനുഭവിച്ച ഒരു നിർവ്വചീയ അനുഭൂതിയിൽ വറീതിന്റെ കൈകൾ മഡോണയേ വലിഞ്ഞു മുറുക്കി. ഉയർന്ന താഴുന്ന ശ്വാസഗതിയുടെ നേർത്ത ഇരമ്പൽ മാത്രം.
"ഇപ്പോൾ ഒരു ആശ്വാസം തോന്നുന്നുണ്ടോ..? ".
മഡോണ വറീതിനെ അടർത്തി മാറ്റിയിട്ടു ചോദിച്ചു.
"ഉള്ള ആശ്വാസം കൂടി പോയി എന്നാ തോന്നുന്നത്."
"അതെന്താ..? ".
"ഇത്രയും കാശും കൊടുത്തിട്ടു വെറുതെ ഇങ്ങനെ കെട്ടിപ്പിടിച്ചു നിന്നാൽ എങ്ങനെ ആശ്വാസം ഉണ്ടാവും എൻ്റെ സുന്ദരീ...? ".
"വേറൊന്നും പാടില്ലന്നാ ഇവിടുത്തെ നിയമം. "
"നിയമം തെറ്റിച്ചാലോ..? ".
" സെഷൻ അവസാനിപ്പിച്ചു പുറത്തു പോകേണ്ടി വരും.കാശ് വെറുതെ കളയണോ സാർ..? ".
"ഞാൻ ഈ നിയമം പൊളിച്ചെഴുതാൻ പോകുവാ സുന്ദരീ ".
പറഞ്ഞതും വറീത് മഡോണയേ കെട്ടിപ്പിടിച്ചു. വറീതിന്റെ കരവലയത്തിനുള്ളിൽ അനുസരണയോടെ നിന്ന അവളുടെ മുഖം കൈവെള്ളയിൽ ഒതുക്കി, ചുമന്നു തുടുത്ത ചുണ്ടുകളിലേക്ക് വറീത് അമർത്തി ചുംബിച്ചു.
"ഹോ.. ഇന്നലെ വലിച്ചു കേറ്റിയതിന്റെ മണം ഇപ്പോഴും പോയിട്ടില്ല. അങ്ങോട്ട്‌ മാറിക്കിടക്ക് മനുഷ്യാ.. ".
വെളുപ്പാൻ കാലത്ത് വറീതിൽ നിന്നുണ്ടായ ഭീകരാക്രമണത്തെ തടഞ്ഞു കൊണ്ട് ശോശാമ്മ തിരിഞ്ഞു കിടന്നു.
കണ്ണ് മിഴിച്ചു നോക്കിയ വറീത് നെടുനിശ്വാസത്തോടെ മന്ത്രിച്ചു. '
ഹോ.. !!കാശ് പോയില്ല.. ഭാഗ്യം ".
By :
ബിൻസ് തോമസ്.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo