Showing posts with label VineethaAnil. Show all posts
Showing posts with label VineethaAnil. Show all posts

ആണുങ്ങൾ കരയാറില്ല

അയാളുടെ ഭാര്യ മരിച്ചിട്ട് അന്നേക്ക് നാലാം ദിവസമായിരുന്നു.വെറും 42വയസേയുണ്ടായിരുന്നുള്ളു അവർക്ക്.
അതീവസുന്ദരിയായ വെളുത്തുമെലിഞ്ഞൊരു
യുവതി ആയിരുന്നു അവർ.
പെട്ടന്നൊരുദിവസം ഉറക്കത്തിൽ ശാന്തസുന്ദരമായൊരു മരണം
ആയിരുന്നു അവരുടേത്.

അനുശോചനം അറിയിക്കാൻ വന്ന ബന്ധുമിത്രാദികൾ ഏറെക്കുറെ പിരിഞ്ഞുപോയിക്കഴിഞ്ഞിരുന്നു.
തെരുവിന്റെ അങ്ങേയറ്റത്തുനിന്നു
അയാളുടെ ഭാര്യയുടെ സുഹൃത്തുക്കളായ മൂന്ന് സ്ത്രീകൾ നടന്നുവരുന്നുണ്ടായിരുന്നു. അവർ വീടിനരികിലെത്തുമ്പോൾ അയാൾ മുന്നിലെ നടവഴിയിൽനിന്നു പച്ചക്കറിക്കാരനുമായി ഒരു രൂപയ്ക്ക് വേണ്ടി തർക്കിക്കുക ആയിരുന്നു.അയാളും നല്ല
രൂപസൗകുമാര്യമുള്ള പുരുഷനായിരുന്നു.

അവരെ കണ്ടതോടെ വിടർന്ന
ചിരിയോടെ പതിവുരീതിയിൽ അയാൾ സംസാരിച്ചുതുടങ്ങി.

"പിടിച്ചുപറിക്കാൻ നോക്കിയിരിക്കയാ ഇവറ്റകൾ..ഞാനായതുകൊണ്ട് എന്തും ആവാം എന്ന ഭാവമാണ് "

സ്ത്രീകൾ മടുപ്പോടെ മുഖം തിരിച്ചു
വീടിനകത്തേക്ക് നടന്നു.പുറകിൽ അയാളുടെ സംസാരം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.

വീടിനകത്തു അയാളുടെ പ്രായമായ 'അമ്മ
മരിച്ച സ്ത്രീയുടെ വസ്ത്രങ്ങളെല്ലാം ഒരു തുണിക്കെട്ടിലാക്കി ജോലിക്കാരിക്ക് കൊടുക്കുകയായിരുന്നു. മുഖം കൂർപ്പിച്ചു അയാളുടെ മകളോട് അവർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

അതും കേട്ടുകൊണ്ട് ഉള്ളിലേക്ക് കയറിവന്ന അയാൾ പച്ചക്കറിസഞ്ചി മകളെ ഏല്പിച്ചശേഷം.ആരോടെന്നില്ലാതെ ഉറക്കെപറഞ്ഞു.

"ഇവിടിരുന്നിട്ടെന്തിനാ..?
പോയ ആൾ വരുമോ
ഉടുക്കാനിനി..
ആർക്കേലും ഉപകാരപ്പെടട്ടെ.."

അതിനുശേഷം അയാൾ മകളുടെ കയ്യിൽനിന്നു പച്ചക്കറി സഞ്ചി വാങ്ങി അടുക്കളയിലേക്ക് നടന്നു.അയാളുടെ ഗർഭിണിയായ മൂത്ത മകൾ
അടുപ്പിനരികിൽ എന്തോ ആലോചിച്ചു നിൽക്കുന്നുണ്ടായിരുന്നു.

തിരിച്ചുള്ള യാത്രയിൽ സ്ത്രീകൾ മൂന്നുപേരും നിശ്ശബ്ദരായിരുന്നു.കുറേസമയത്തെ ആലോചനയ്ക്ക് ശേഷം ഒരാൾ
സംസാരിച്ചു തുടങ്ങി

"എനിക്ക് തോന്നുന്നത് ആറു മാസത്തിനുള്ളിൽ അയാൾ വേറെ
കല്യാണം കഴിക്കുമെന്നാണ്"

അതിനു തുടർച്ചയായി അടുത്തവൾ പറഞ്ഞു

"പാവം..അവൾക്കെന്തു സ്നേഹമായിരുന്നു അയാളോട്..അവളുടെ ഇഷ്ടങ്ങളോ സന്തോഷങ്ങളോ ഒരിക്കലും
ആലോചിച്ചിട്ടില്ല അവൾ"

"അയാൾക്ക് പറയാൻ ഇനിയിപ്പോ ഒരുകാരണം ഉണ്ടല്ലോ. മോളുടെ പ്രസവം"

പുച്ഛത്തോടെ മൂന്നാമത്തെ സ്ത്രീ പറഞ്ഞുനിർത്തി..അവർ മൂന്നുപേരും തിടുക്കപ്പെട്ട് നടക്കുന്നതോടൊപ്പം തന്നെ തങ്ങളുടെ സ്നേഹിതയുടെ ദുർവ്വിധിയെ
പറ്റി ദുഖങ്ങൾ പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടേയിരുന്നു.

***** ****** *****

പിന്നീട് മൂവരും വന്നത് നാല്പത്തിയൊന്നാംനാൾ ആത്മാവിനെ ആവാഹിക്കുന്ന ചടങ്ങിൽ
പങ്കെടുക്കാനായിരുന്നു.അവർ വന്നു അല്പനേരം കഴിഞ്ഞാണ് അയാളും മൂത്തമകളും കാറിൽ വന്നിറങ്ങിയത്.

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അയാൾ തീർത്തും ഒരു വൃദ്ധനെ പോലെ ആയിത്തീർന്നിരുന്നു. അയാളുടെ രൂപമാറ്റം കണ്ടു വേദനയോടെ അയാളുടെയമ്മ കണ്ണീർതൂകി. അമ്പരപ്പോടെ സ്ത്രീകൾ മൂവരും പരസ്പരം നോക്കി.

"അദ്ദേഹത്തിന് എന്തെങ്കിലും വയ്യായ്കയുണ്ടോ?"
അയാളുടെ അമ്മയോട് ഒന്നാമത്തെ
സ്ത്രീ പതുക്കെ ചോദിച്ചു.

"ഇതില്പരം ഇനിയെന്തുവരാനാണ്"
അവർ മുഖം പൊത്തി വിങ്ങിക്കരഞ്ഞുകൊണ്ട് തുടർന്നു...

"അവൾ പോയതിനു ശേഷം ഒന്നുറങ്ങിയിട്ടില്ല എന്റെ മകൻ. പകൽ മൊത്തം ബഹളം വച്ച് എന്തെങ്കിലുമൊക്കെ സംസാരിച്ചു നടക്കും. രാത്രിയിലിറങ്ങിപ്പോയി അവളുടെ ശവക്കൂനയ്ക്കരികിൽ
ഇരുന്നു പതം പറച്ചിൽ.
ഉറങ്ങാനുള്ള മരുന്ന് കൊടുത്തിട്ടു
പോലും ഫലമുണ്ടായില്ല.
എന്താ ചെയ്ക ആണായിപ്പോയില്ലേ ...
നെഞ്ചത്തലച്ചു കരയാനൊക്കില്ലലോ..
ഒരു മാറ്റമുണ്ടാവാൻ വേണ്ടി മൂത്തവൾ
കൂടെ കൊണ്ടുപോയതായിരുന്നു .
ഇപ്പോക്കണ്ടില്ലേ..പടുവൃദ്ധനായിപ്പോയി
എന്റെ കുട്ടി"

**** **** ****

പടി കടക്കും മുന്നേ രണ്ടാമത്തെ
സ്ത്രീ ഒന്നു തിരിഞ്ഞുനോക്കി.
തെക്കേപ്പുറത്തു,മാവിൻ ചുവട്ടിൽ ഭാര്യയുടെ മൺകൂനയ്ക്കരികിൽ ഒരു ചെറിയ കുറ്റിച്ചൂലുമായി പൊഴിഞ്ഞുവീണ
മാവിന്റെ ഇലകൾ തൂത്തു വൃത്തിയാക്കുന്നതിനോടൊപ്പം എന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു
അയാൾ.

മൂവരും നിശ്ശബ്ദരായിരുന്നു

"എന്തുകൊണ്ടാണ് ആണുങ്ങൾ കരയാത്തതു?"

മൂന്നാമത്തെ സ്ത്രീ നടത്തത്തിനിടയിൽ പതുക്കെ ചോദിച്ചു.

മറ്റു രണ്ടുപേരും ഒരുനിമിഷം പരസ്പരം നോക്കി. പിന്നെ ഒരു നെടുവീർപ്പോടെ
ഒരുവൾ പതുക്കെ പിറുപിറുത്തു...

"അറിയില്ല... എല്ലാ സങ്കടവും കരഞ്ഞുതീർത്താൽ പിന്നെ അവരും നമ്മളും ഒരുപോലെയായിപ്പോകില്ലേ എന്നുവച്ചാവാം"..

വിനീത അനിൽ

ആത്മഹത്യ



"രമേശിന്റെ അമ്മ തീകൊളുത്തിയിട്ടു സീരിയസായി ഹോസ്പിറ്റലിലാണ്"
രാവിലെ ഓഫീസിലേക്ക് കയറുമ്പോൾ കേൾക്കുന്ന ആദ്യത്തെ വാർത്തയാണ്.
മൂന്നാം ക്‌ളാസ് വിദ്യാർത്ഥി ആണ് രമേശ്. ഒന്നിൽ പഠിക്കുന്ന ഒരനിയനുമുണ്ട്.
എപ്പോളും കൈകോർത്തുപിടിച്ചു നടക്കുന്ന എണ്ണമിനുപ്പുള്ള രണ്ടു ഗുണ്ടുമണികൾ.
ഇടയ്ക്കിടെ മക്കളെ കൊണ്ടുവിടാൻ വരുമ്പോൾ കണ്ടിട്ടുണ്ട് ആ സ്ത്രീയെയും ഭർത്താവിനെയും. മെലിഞ്ഞു നല്ല പ്രസരിപ്പുള്ളൊരു സ്ത്രീ. ഭർത്താവ് അധികം സംസാരിക്കാതെ ഒരു ചെറിയ ചിരിയുമായി ബൈക്കിൽ ഇരിക്കും. അവർ കുട്ടികളെ ക്‌ളാസിലിരുത്തി എല്ലാ ടീച്ചർമാരോടും സംസാരിച്ചിട്ടേ പോകാറുള്ളൂ.
രണ്ടുപേരും നല്ല സ്നേഹത്തിലാണെന്നു അവരുടെ രീതികൾ കണ്ടാലറിയാം...എന്നിട്ടും...?
"പിള്ളേരുറങ്ങും മുന്നേ പാല് തിളപ്പിച്ച് കൊടുക്കാത്തതിന് ഭർത്താവ് വഴക്ക് പറഞ്ഞതിനാണത്രെ... ഗ്യാസ് തുറന്നു വിട്ടിട്ടു തീപ്പെട്ടി ഉരയ്ക്കുകയായിരുന്നു. അയാൾ ഓടിയെത്തി തീയണച്ചപ്പോളേക്ക് നന്നായി പൊള്ളിക്കഴിഞ്ഞിരുന്നു."
ദുർഗ മിസ് കാര്യങ്ങൾ വിവരിക്കുന്നതും കേട്ടിരിക്കയാണ് മറ്റുള്ളവർ. സ്‌കൂളിലെ രണ്ടു വിദ്യാർത്ഥികളുടെ അമ്മ എന്ന നിലയിൽ തീർച്ചയായും സ്റ്റാഫ് പോകണം. ആരൊക്കെ പോകുമെന്ന ചർച്ചക്കൊടുവിൽ നാലുപേർ പോകാൻ തീരുമാനമായി.
ജനറൽ ഹോസ്പിറ്റലിൽ ആണുള്ളതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. അവിടെ ചെന്നിറങ്ങിയപ്പോൾ തന്നെ തിരിച്ചോടാൻ തോന്നി. അത്രയേറെ വൃത്തിഹീനമായ അന്തരീക്ഷം.
ഓരോ വാർഡും കയറിയിറങ്ങി.
എല്ലായിടത്തും ഒരു വ്യവസ്ഥയുമില്ലാതെ
രോഗികളെ കിടത്തിയിരിക്കുന്നു.
ഒരു നഴ്സിനോട് ചോദിച്ചപ്പോൾ മൂന്നാമത്തെ നിലയിലാണ് തീപ്പൊള്ളലേറ്റവരുടെ വാർഡ് എന്നറിഞ്ഞു.
അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
എല്ലാ ബെഡും സാരിയൊക്കെ
വച്ച് മറച്ചിട്ടിരിക്കയാണ്. പൊള്ളിയടർന്ന ദേഹങ്ങൾ മറ്റാരും കാണാതിരിക്കാനാവും.
മനം മടുപ്പിക്കുന്നൊരു ഗന്ധവും.
ബെഡിൽ കിടക്കുന്നത് ആരാണെന്നു അറിയണമെങ്കിൽ സാരിക്കർട്ടൻ മാറ്റിനോക്കണം. കാരണം
പരിചയമുള്ള ഒരു മുഖം
പോലുമില്ല പുറത്തു.
ആദ്യത്തെ ബെഡിലെ കർട്ടൻ മാറ്റിയതോടെ ഞെട്ടിത്തരിച്ചുപോയി എല്ലാവരും. മുഖവും കഴുത്തിന്റെ ഒരുവശവും പൊള്ളിയടർന്ന ഒരു
സ്ത്രീ ആയിരുന്നു അത്.
അടുത്ത ബെഡിലേക്ക് നീങ്ങുന്ന മൂന്നുപേരുടെയും പുറകെ നടക്കാൻ തോന്നിയില്ല. കാലുകൾക്ക് വിറ തുടങ്ങിയിരുന്നു. വാതിൽക്കൽത്തന്നെ നിന്നുകൊണ്ട് അടുത്ത കർട്ടൻ മാറ്റുന്നത് കാണാതിരിക്കാൻ മുഖം തിരിച്ചുപിടിച്ചു.പെട്ടന്നാണ്
കൈവിരലിൽ ആരോ പിടിച്ചത്.
"മിസ്സ്"... എന്നൊരുവിളിയും,
നേർത്ത ശബ്ദത്തിൽ..
ഒറ്റനോട്ടത്തിൽ ഒരു കരിഞ്ഞ രൂപം.
ശരീരത്തിലെ മാംസളമായ ഭാഗങ്ങൾ മാത്രം വല്ലാതെ വീർത്തിട്ടുണ്ട്. മാറിടങ്ങൾ വലിയ ബലൂൺ പോലെ.ചിലയിടങ്ങളില് ചുവന്ന മാംസമൊഴികെ ബാക്കിയെല്ലാം കത്തിപോയ രൂപം.
അതവരായിരുന്നു. ഞങ്ങളുടെ ഓരോ ചലനവും കണ്ടുകൊണ്ട് പുറത്തെ വാതിലിനരികിൽ നീക്കിയിട്ടൊരു ബെഡിൽ ഒരു സാരിക്കർട്ടൻ പോലുമില്ലാതെ വെന്തടർന്ന ദേഹത്ത് അരയ്ക്ക് കീഴ്പ്പോട്ടു ഒരു തുണിക്കഷ്ണം മാത്രമിട്ട് ജീവച്ഛവമായി,
ഒന്നലറിക്കരയാൻപോലുമാവാതെ...
നേരിയ ശബ്ദത്തിൽ അവർ കരഞ്ഞു കൊണ്ടേയിരുന്നു.
"അപ്പോളത്തെ ദേഷ്യത്തിൽ പറ്റിപ്പോയി..വേദന സഹിക്കാൻ വയ്യ..ജീവിക്കണമിനിയും.. എന്നെ എവിടെങ്കിലും കൊണ്ടുപോകാൻ പറയൂ"'..
അടുത്ത് നിൽക്കുന്ന സ്ത്രീ പറഞ്ഞാണ് ബാക്കി വിവരങ്ങൾ അറിഞ്ഞത്.
70/പൊള്ളൽ ഏറ്റതിനാൽ വേറെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പറഞ്ഞു ഇവർ കയ്യൊഴിഞ്ഞു. എന്തായാലും മരിക്കുമെന്ന് ഉറപ്പായതിനാൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഭർത്താവോ മറ്റു ബന്ധുക്കളോ തയ്യാറല്ല.
ബന്ധങ്ങൾക്ക് ഒരു വിലയും കൊടുക്കാത്തവരുടെ നാടാണിത്. അതുകൊണ്ട് തന്നെ അതിശയം തോന്നിയില്ല.
കഴിഞ്ഞയാഴ്ചയാണ് കൂടെ ജോലി ചെയ്യുന്ന ടീച്ചറുടെ ചേട്ടൻ മരിച്ചത്. ഹൃദയത്തിനു ഒരു ഓപ്പറേഷൻ ചെയ്താൽ 50/ചാൻസുണ്ടെന്ന് ഡോക്ട്ടർ പറഞ്ഞപ്പോൾ "ഉറപ്പില്ലല്ലോ" എന്ന കാരണവും പറഞ്ഞു മൂന്ന് ദിവസം കൊണ്ട് അയാളെ മരണത്തിലേക്ക് തള്ളിയവർ.
ആ നാട്ടിൽ ഇതേ സംഭവിക്കൂ..
അവരോട് ഞങ്ങൾ കാര്യം പറഞ്ഞുമനസിലാക്കാൻ ശ്രമിക്കുമ്പോളൊക്കെ ആ സ്ത്രീ ഞരങ്ങിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.
കൃത്യം മൂന്നാം ദിവസം ആ ഹോസ്പിറ്റൽ വരാന്തയിൽ കിടന്നു അവർ മരിച്ചു.
ആറു മാസം തികയുമ്പോളേക്ക് കുഞ്ഞുങ്ങളെ നോക്കാൻ ആരുമില്ലെന്ന പേരുംപറഞ്ഞു അയാൾ അടുത്ത വിവാഹം ചെയ്തു. പിന്നീട് ഒന്നോ രണ്ടോ മാസമേ ആ കുട്ടികൾ സ്‌കൂളിൽ വന്നുള്ളൂ. കുട്ടികളെ നോക്കാനെത്തിയ പുതിയ അമ്മയ്ക്ക് അവരെ നോക്കാൻ വയ്യ. അതോടെ അവരുടെ മുത്തശ്ശന്റെ നാട്ടിലേക്ക് ആ കുഞ്ഞുങ്ങളെ കൊണ്ടുവിട്ടു അവർ.
പിന്നീട് മാസങ്ങൾക്ക് ശേഷം ടൗണിൽവച്ചു അവരെ രണ്ടുപേരെയും വീണ്ടും കാണുകയുണ്ടായി. മെലിഞ്ഞുണങ്ങി, പാറിപ്പറക്കുന്ന കോലന്മുടിയുമായി ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരുന്നു അവർ.കൂടെയുള്ള മുത്തശ്ശൻ നടക്കാൻ പോലും ബുദ്ധിമുട്ടുള്ള ഒരു വൃദ്ധനായിരുന്നു. അയാളിനി എത്രകാലം ?
"പുതിയ ഭാര്യ ഗർഭിണി കൂടിയായതോടെ"
അവരുടെ അച്ഛൻ അവരെ
തീർത്തും മറന്നെന്നു ആ വൃദ്ധൻ നിർവികാരതയോടെ പറഞ്ഞു.
ഒറ്റനിമിഷം കൊണ്ട് ആ സ്ത്രീ
ചെയ്ത വിഡ്ഢിത്തരത്തിന്റെ ഫലം
ഇത്രയേറെ വലുതാവുമെന്നു
അവരന്ന് അറിഞ്ഞിരിക്കില്ല.
ഭർത്താവിനെ പേടിപ്പിക്കാനുള്ള അടവാണോ ആത്മഹത്യാശ്രമം? അതും തീ കൊണ്ട്..?
ഒരുപക്ഷെ മറ്റൊരു മാർഗമായിരുന്നു അവർ പരീക്ഷിച്ചതെങ്കിൽ ഇന്നും ആ കുഞ്ഞുങ്ങൾക്ക് അമ്മയും അച്ഛനും ഉണ്ടായിരുന്നേനെ.
ജീവിതം നമ്മുടേതാണ് അത് നശിപ്പിച്ചാൽ നഷ്ടവും നമുക്ക് മാത്രമാണ്. ബാക്കിയെല്ലാവരും
നമ്മെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മറക്കും.
നമ്മുടെ സ്ഥാനത്തു മറ്റൊരാൾ വരും
പക്ഷെ നമ്മുടെ മക്കൾക്ക് പെറ്റമ്മയാവാനുള്ള മനസ് ലക്ഷങ്ങളിൽ ഒരാൾക്കെയുണ്ടാവൂ.
അവരെ നമ്മുടെ മക്കൾക്ക് കിട്ടണമെന്നുമില്ല.
അതുകൊണ്ടുതന്നെ വികാരങ്ങൾക്ക് അടിമപ്പെടാതെ വിവേകപൂർവ്വം ആവട്ടെ നമ്മുടെ മുന്നോട്ടുള്ള ജീവിതം.
=====
വിനീത അനിൽ

ജഹന്നാര



രുധിരവർണ്ണമാർന്ന നഭസ്സിൽ നിന്നും സായാഹ്‌നസൂര്യന്റെ ദുർബലകിരണങ്ങൾ ആഗ്രക്കോട്ടയുടെ വിശാലമായ അകത്തളച്ചുവരിൽ പതിപ്പിച്ച സ്ഫടികഖണ്ഡങ്ങളെത്തലോടി, ഇടനാഴികളിലേക്ക് അരണ്ടവെളിച്ചമായി പ്രതിഫലിച്ചു.
ചെങ്കല്ലുകളാൽ സൃഷ്ടിക്കപ്പെട്ട കോട്ടച്ചുവരുകളും അകത്തളങ്ങളും ലളിതമായ അലങ്കാരങ്ങളാൽ സുന്ദരമായിരുന്നു.അകത്തളങ്ങളിലും ഇടനാഴികളിലും ശുഭവസ്‌ത്രധാരികളായ പരിചാരകർ ദീപങ്ങൾ കൊളുത്തുവാനുള്ള ഒരുക്കങ്ങളിൽ നിശബ്ദരായി ഏർപ്പെട്ടിരുന്നു.
വിശാലമായ പ്രാർത്ഥനാമുറിയുടെ മുൻഭാഗത്തുള്ള തളത്തിൽ സാമ്രാട്ട് ഔറംഗസീബ് ചക്രവർത്തി അക്ഷമനായി ഉലാത്തി.
വിവിധവർണ്ണങ്ങളിൽ വിദഗ്ദമായി സൃഷ്ടിക്കപ്പെട്ട ചുവർചിത്രങ്ങളിൽ മുഗൾസാമ്രാജ്യത്തിന്റെ ചരിത്രം വിവരിക്കപ്പെട്ടിരുന്നു.അതിനിടയിലുള്ള ഛായാചിത്രങ്ങളിൽ പിതാവായ ഷാജഹാന്റെയും സഹോദരനായ ദാരയുടെയും ജീവസ്സുറ്റ മുഖങ്ങൾ ചക്രവർത്തിയെ അസ്വസ്ഥനാക്കി.
"ഈ സായാഹ്നവേളയിൽ ഗർഹ്യയാം അടിയന്റെ കോട്ടയിൽ ഇത്രയേറെ വിശിഷ്ടനായ ഒരാഗന്തുകനെ നാം പ്രതീക്ഷിച്ചിരുന്നില്ല.."
മുഖം തിരിച്ച ചക്രവർത്തിക്ക് മുന്നിൽ പ്രാർത്ഥനാമുറിയിൽ നിന്നുമുള്ള ദീപപ്രഭയിൽ ജ്വലിക്കുന്ന മുഖവുമായി ധവളവർണ്ണമാർന്ന സൂഫിവസ്ത്രങ്ങൾ ധരിച്ച നേർത്തുമെലിഞ്ഞ, യൗവ്വനം വിടപറയാനൊരുങ്ങുന്ന സ്ത്രീരൂപം, ജഹന്നാര ബീഗം, നിലകൊണ്ടു..
സ്വസോദരിയുടെ തീവ്രമായ പരിവാദങ്ങൾക്ക് മുന്നിൽ ശിരസ്സ് താഴ്ത്തിക്കൊണ്ട്
മുഗൾ ചക്രവർത്തി
തീർത്തും അക്ഷോഭ്യനായി നിന്നു.
"മുഗൾ സാമ്രാജ്യാധിപതി, ആഗമനോദ്ദേശ്യം ഉണർത്തിച്ചാലും"
വിവശവദനനായി ശിരസുയർത്തിയ സഹജനെ ബീഗം നിർന്നിമേഷയായി നോക്കിനിന്നു.
വിശിഷ്ടമായ രാജവസ്ത്രങ്ങളിൽ രത്നഖചിതകിരീടധാരിയും പ്രൗഢഗംഭീരനുമെങ്കിലും ജരാനരകൾ ബാധിച്ചുതുടങ്ങിയിരിക്കുന്നു. നയനങ്ങളിൽ ദൃശ്യമാകുന്ന ആർദ്രത, സോദരീ സ്നേഹമോ മറ്റൊരു ഗൂഢലക്ഷ്യമോ എന്ന് വ്യവച്ഛേദിച്ചറിയാനാവുന്നില്ല..
"നാമൊരിക്കൽ സൂചിപ്പിച്ചിരുന്നു;
ആ കുറിപ്പുകൾ. അവ എന്തിനുവേണ്ടിയാണ് പ്രിയസോദരി സൂക്ഷിച്ചുപോരുന്നത് ?"
"നമ്മുടെ നിഗമനം തെറ്റിയില്ല." ജഹന്നാര ബീഗത്തിന്റെ അധരങ്ങളിൽ മന്ദഹാസം പ്രകടമായി.
"ചക്രവർത്തിയായ അവിടുന്ന് വെറുമൊരു സൂഫിവര്യയായ അടിയന്റെ ജീവചരിത്രക്കുറിപ്പിനെ എന്തിനു ഭയപ്പെടുന്നു ? അസത്യമായ് യാതൊന്നുമേ കുറിച്ചിട്ടില്ലതിൽ. സത്യത്തെ മുഗൾചക്രവർത്തിക്ക് ഇത്രയേറെ ഭയമോ!?"
അവമതിയുടെ സ്പർശനമേറ്റ ഔറംഗസീബിന്റെ മിഴികളിൽ ധാർഷ്ട്യമുനകൾ ദൃശ്യമായി. നിണപാനാനന്തരം മയങ്ങുന്ന
ജളൂകത്തെ ദർശിച്ചപോലെ
അവജ്ഞ കലർന്നതായിരുന്നു ബീഗത്തിന് സഹോദരനോടുള്ള മുഖഭാവമപ്പോൾ.
"എത്ര വരാഹനാണ് ആവശ്യം ? അതോ ധാന്യങ്ങളോ? ഇപ്പോൾ അനുവദിച്ചതിന്റെ നാലിരട്ടി കൊട്ടാരത്തിൽനിന്നും അനുവദിക്കാൻ നാം തയ്യാറാണ്.പക്ഷെ ഭാരതചരിത്രത്തിൽ എന്നെന്നും നമ്മുടെ സ്ഥാനം "ക്രൂരനായ ഭരണാധികാരി" യായി ശേഷിക്കരുത്."
ഔറംഗസീബ് അപേക്ഷാഭാവത്തിൽ സഹോദരിക്ക് നേരെ മുഖം തിരിച്ചു.
ജഹന്നാര ബീഗം ക്ഷീണിച്ച മുഖമുയർത്തി കനിഷ്ഠസോദരനെ നോക്കി. ഇടനാഴിയിൽ പരിചാരകർ മൃഗക്കൊഴുപ്പും എണ്ണയും ചേർത്ത മിശ്രിതമൊഴിച്ചു ദീപങ്ങൾ ജ്വലിപ്പിക്കുന്നതിന്റെ പ്രഭയിൽ അവരുടെ മുഖം അചഞ്ചലമായ ഭാവത്തോടെ നിന്നു.
"ധനമോ ധാന്യമോ ഇതുവരെ നമ്മെ പ്രലോഭിപ്പിച്ചിട്ടില്ല. മുംതാസ് മാതാവിന്റെ മരണശേഷം പരമ്പരാഗതസ്വത്തായി നമ്മിൽ വന്നുചേർന്ന സമ്പത്ത് എത്ര ഭീമമായിരുന്നുവെന്ന് അനുജൻ വിസ്മരിച്ചിട്ടുണ്ടാവില്ലല്ലോ ? കൊട്ടാരവിഹിതം പോലും ഇന്ന് നാം ദാനത്തിനാണുപയോഗിക്കുന്നത്"
ശിരസ്സുയർത്തി തന്നിലേക്ക് ഉറ്റുനോക്കുന്ന സഹോദരിയുടെ മിഴികളിലെ ഭാവം ചക്രവർത്തിയെ അസ്വസ്ഥനാക്കി. ഛത്രസാലന്റെ വധത്തിനുശേഷം കോട്ടയിലെത്തിയ നിമിഷമാണ് അയാളുടെ സ്മരണയിലുണർന്നതപ്പോൾ.
ഔറംഗസീബിന്റെ മുഖം പരാജയഭീതിയിൽ വിളറിത്തുടങ്ങിയിരുന്നു. അവസാനശ്രമമെന്ന നിലയിൽ അടക്കിപ്പിടിച്ച സ്വരത്തിൽ ചക്രവർത്തി ജ്യേഷ്ഠസഹോദരിയോടുരുവിട്ടു.
"ചക്രവർത്തിയായിട്ടല്ല, സംവത്സരങ്ങൾക്കപ്പുറം പിറന്നാൾവസ്ത്രത്തിൽ അഗ്നിബാധയുണ്ടായി
മരണശയ്യയിൽ കിടന്ന സോദരിക്കായി വേദനകൊണ്ട് പിടയുന്ന ഹൃദയവുമായി ഓടിയെത്തിയ സഹോദരനായിക്കൊണ്ട്, നാം യാചിക്കുകയാണ്."
ബീഗത്തിന്റെ മുഖം സ്തബ്ധമായി.
നന്മ നിറഞ്ഞ നാളുകളുടെ സ്മരണയിൽ ആ മിഴികൾ ദീപ്‌തങ്ങളായി.
"നമുക്കുമുണ്ടായിരുന്നു നല്ല നാളുകൾ!. വിവാഹം നിഷിദ്ധമായ മുഗൾരാജകുമാരിയുടെ പ്രണയത്തെ
ഉടവാളിനിരയാക്കി അവളെ കാരാഗൃഹത്തിലടയ്ക്കും ദിനങ്ങൾക്കുമപ്പുറെ.."
അർദ്ധനിദ്രയിലെന്നപോലവർ മന്ത്രിച്ചു.
നിറദീപങ്ങൾ ജ്വലിക്കുന്ന ഇടനാഴിയിൽനിന്നും ബീഗം അടുത്ത അകത്തളത്തിലേക്ക് കടന്നു.
കിളിവാതിലിനരികിൽ നിന്നുകൊണ്ടവർ യമുനാതീരത്തേക്ക് മിഴികളോടിച്ചു.
നിലാവുദിച്ചു വരുന്നേയുള്ളൂ.
എങ്കിലും താജ്മഹലിന്റെ വെള്ളത്താഴികക്കുടം സ്പഷ്ടമായി കാണാം. അനിർവ്വചനീയമായ വികാരത്താൽ അവരുടെ നയനങ്ങൾ നിറഞ്ഞൊഴുകി.
"സ്വപുത്രനാൽ ബന്ധനസ്ഥനായ നമ്മുടെ പിതാവ് ഈ കിളിവാതിലിലൂടെയാണ് എട്ടുവർഷത്തോളം മാതാവിനെ ദർശിച്ചിരുന്നത്. അന്ത്യശ്വാസമുഹൂർത്തത്തിൽ അദ്ദേഹത്തിന്റെ അപേക്ഷ മാതാവിനരികിൽ വിശ്രമിക്കണമെന്നതായിരുന്നു."
" ഒരുകാലത്തു ഭാരതം മൊത്തം അടക്കിവാണ മുഗൾചക്രവർത്തിയുടെ ജഡം സ്വപുത്രനെ ഭയപ്പെട്ട് ഒരു തുരങ്കത്തിലൂടെയാണ് വിശ്വസ്തസേവകർ മഹലിലേക്ക് കൊണ്ടുപോയത്." അവർ പറഞ്ഞുനിർത്തി.
ഔറംഗസീബിന്റെ വദനത്തിൽ ആത്മവേദനയുടെ നിഴൽപാടുകൾ ദൃശ്യമായിരുന്നു. ബീഗത്തിനു പുറകിലായി നിന്നുകൊണ്ട് അദ്ദേഹം താജ്മഹലിലേക്ക് ദൃഷ്ടിയുയർത്തിക്കൊണ്ട് മന്ത്രിച്ചു.
"ഹൃദയപൂർവ്വം നാം ഖേദിക്കുന്നു"
ശ്രവിച്ച വാക്കുകൾ വിശ്വസിക്കാനാകാതെ ജഹന്നാര സഹോദരന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി..
"ഇതൊന്നുമല്ല പ്രഭോ..അവിടുന്ന് ചെയ്ത ക്രൂരതകൾ! സ്വന്തം സഹോദരന്മാരായ മുറാദിനെയും ഷൂർജയെയും "പവിർസർബത്" കുടിപ്പിച്ചുകൊന്നില്ലേ?."
"സിംഹാസനത്തിന്റെ അവകാശിയായ ദാരയെ രണ്ടു പാദങ്ങളും രണ്ടു കുതിരകളിലായി ബന്ധിച്ചശേഷം അവയുടെ ആസനത്തിൽ പഴുപ്പിച്ച ശൂലം കയറ്റി. വിപരീതദിക്കിലേക്ക് വേദനിച്ചോടിയ അശ്വമധ്യേ വലിച്ചുകീറപ്പെട്ട സഹോദരന്റെ ശിരസ് വെട്ടിയെടുത്തു പിതാവിന് ജന്മദിനസമ്മാനമായി സമർപ്പിച്ചില്ലേ? "
കഠിനവേദനയാൽ ബീഗത്തിന്റെ മുഖം ചുളിഞ്ഞിരുന്നു. ജ്വലിക്കുന്ന റാന്തലിനരികിൽ നിൽക്കുമ്പോൾ അവരുടെ മിഴികളിൽ നിന്നും നിണമാണൊഴുകുന്നതെന്ന് ചക്രവർത്തിക്ക് തോന്നി. തീർത്തും നിശബ്ദനായയാൾ ശിരസുതാഴ്ത്തി നിലകൊണ്ടു.
നിമിഷങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു. ആലോചനാമഗ്നയായ ബീഗത്തിന്റെ
വദനം നിശ്ചയദാർഢ്യത്താൽ കല്ലിച്ചിരുന്നു.
"ഇന്നീ നിമിഷം, മുറാദിന്റെയും ഷൂർജയുടെയും പുത്രന്മാരെ തടവിൽ നിന്നും മുക്തരാക്കുവാൻ ഉത്തരവിടൂ. അവരിലൂടെ നമുക്ക് നശിച്ചുപോയ ഒരുമയും നന്മയും വീണ്ടെടുക്കണം.
അങ്ങനെയെങ്കിൽ,നമ്മുടെ കുറിപ്പുകളിനി പുറംലോകം കാണാത്തവിധം നാം നശിപ്പിക്കുന്നതായിരിക്കും"
ഞൊടിനേരംകൊണ്ട് ചക്രവർത്തിയുടെ മുഖം പൂർണ്ണചന്ദ്രനെപ്പോൽ പ്രകാശിച്ചു.
പ്രതീക്ഷയോടെ അദ്ദേഹം സഹോദരിയെ നോക്കി പുഞ്ചിരിച്ചു.
"മുഗൾസാമ്രാജ്യ ചക്രവർത്തിയായ നാമിതാ വാക്കുതരുന്നു.ഈ നിമിഷം മുതൽ അവർ സ്വതന്ത്രരാണ്. മാതാവിന്റെ സ്ഥാനം നൽകികൊണ്ട് സഹോദരിയായ ജഹന്നാര ബീഗത്തിനു മുന്നിൽ, ഔറംഗസീബ് ചക്രവർത്തി സമർപ്പിക്കുന്ന പ്രതിജ്ഞയാണിത്"
ബീഗത്തിന്റെ മിഴികളിൽ അലിവ് ദൃശ്യമായി. ക്ഷണനേരത്തേക്ക് മാത്രം!
"നമ്മുടെ ഗുരുവിന്റെ കണ്ണുകൾ കുന്തുമുനകളിൽ കോർത്തെടുത്തു കൊലപ്പെടുത്തിയതും സിംഹാസനത്തിനായി സ്വപിതാവിനെയും ചേർത്ത് അപദാനകഥകൾ പറഞ്ഞുണ്ടാക്കിയതും നാം വിസ്മരിക്കുന്നില്ല. എങ്കിലും ഈ പ്രതിജ്ഞയിൽ നാം വിശ്വാസമർപ്പിക്കുന്നു."
തൂലചിത്തനായ്, അടക്കിപ്പിടിച്ച മന്ദസ്മിതത്തോടെ, കോട്ടവാതിൽക്കലേക്ക് നീങ്ങിയ ചക്രവർത്തിയുടെ മിഴികളിൽ ഒളിമിന്നിയ കുടിലത ജഹന്നാരബീഗത്തിന്റെ നിർമ്മലചിത്തത്തിൽ സന്ദേഹമുളവാക്കിയില്ല. സഹോദരന്റെ ചലനങ്ങളെ വാത്സല്യപൂർവ്വം വീക്ഷിച്ചുകൊണ്ടവർ നീൾമിഴികളിൽ സോദരസ്നേഹത്തിന്റെ ഈർപ്പവുമായ്, ആർദ്രയായി സ്മരണകളിൽ ലയിച്ചുനിന്നു.

സൂര്യോദയത്തിനു നാഴിക ബാക്കി നിൽക്കെ ജാസ്മിൻ ഗോപുരത്തിൽ നിന്നും ഒരു ചെറുറാന്തലുമേന്തി ജഹന്നാര ബീഗം പതുക്കെ ഇറങ്ങിവന്നു. വിജനമായ പരിസരം ഗഹനമായ് വീക്ഷിച്ചുകൊണ്ട് നടന്നുനീങ്ങുന്ന ബീഗത്തിന്റെ മിഴികളിൽ വാഗ്ദാനപാലനത്തിന്റെ
ആത്‌മസംതൃപ്തി തെളിഞ്ഞുനിന്നു.
ചരിത്രത്തിലെ ചതികളറിയാതെ, മുഗൾവംശത്തിന്റെ ഒരു വലിയ
"ഏട്" ഗോപുരത്തിനുള്ളിലെ
മാർബിൾ ഫലകത്തിനിടയിൽ നിത്യനിദ്രയിലമർന്നു കിടന്നു.
===============================
(300വർഷങ്ങൾക്ക് ശേഷം ആഗ്രാകോട്ട സന്ദർശിക്കാനെത്തിയ ആൻഡ്രിയ എന്ന സ്വീഡൻ യുവതിയുടെ മുന്നിലേക്ക് ജാസ്മിൻഗോപുരത്തിലെ മാർബിൾ ഫലകത്തിന്റെ ചെരിവിലൂടെ ഊർന്നുവീഴുകയായിരുന്നു അന്ന് അടക്കം ചെയ്യപ്പെട്ട ആ കുറിപ്പുകൾ)
വിനീത അനിൽ
(ഒരു സങ്കല്പമാണ് ഈ സംഭാഷണം)

മകൾക്കായ്

Image may contain: 1 person
*************
"കഴിഞ്ഞ മൂന്ന് ദിവസം നീയെവിടെയായിരുന്നു ഋതു?"
ഉറക്കച്ചടവുള്ള മുഖവും, വാരിച്ചുറ്റി അലസമായി റബ്ബർബാൻഡിലിട്ട മുടിയുമായി മുന്നിൽവന്നു
നിൽക്കുന്ന മകളുടെ നേരെ
വസുധ പൊട്ടിത്തെറിച്ചു.
കഷ്ടിച്ച് മുട്ടൊപ്പം ഇറക്കമുള്ള ട്രൗസറും സ്ലീവ്‌ലെസ് ലൂസ് ബനിയനുമാണ് അവളുടെ വേഷം.
ബ്രായുടെ വള്ളി പുറത്തുകാണാം.
കയ്യൊന്നുയർത്തിയാൽ പൊക്കിൾ കാണാവുന്ന ഇറക്കമേയുള്ളു ബനിയനു.അവളുടെ ശരീരത്തിന്റെ കൊഴുപ്പും മുഴുപ്പും ഇത്തിരിയില്ലാത്ത ആ വസ്ത്രങ്ങൾക്കടിയിൽ ഒതുങ്ങാതെ പുറത്തേക്ക് തുളുമ്പിനിന്നിരുന്നു.വസുധയ്ക്ക് കാലിനടിയിൽ നിന്നും തലച്ചോറ് വരെ കോപം ഇരച്ചുകയറുന്നുണ്ടായിരുന്നു.
" നിന്നോടല്ലേ ഞാൻ ചോദിച്ചത്?
എവിടെ ആയിരുന്നു നീ ?
ഒരു വഴിക്ക് പോകുമ്പോൾ വീട്ടിൽ
ഒരു വാക്ക് പറയേണ്ട മാന്യത ഒരു പെൺകുട്ടിയായ നിനക്കില്ലേ ?
ഇതാണോ നിന്റെ ഡാഡി പഠിപ്പിച്ചത്?"
ഋതു പതുക്കെ മുഖമുയർത്തി മമ്മിയെ നോക്കി.അവളുടെ മുഖത്തു പുച്ഛം പ്രകടമായി.കറുപ്പിൽ വരയുള്ള കോട്ടൺസാരിയും കറുത്ത മുട്ടറ്റം കയ്യുള്ള കോളർ ബ്‌ളൗസും ധരിച്ചുനിൽക്കുന്ന അവരുടെ
വെളുത്തുതുടുത്ത മുഖം ഒന്നുകൂടി
തുടുത്തിരുന്നു. കറുത്ത ഫ്രെയിമുള്ള
വട്ടക്കണ്ണടയ്ക്കുള്ളിലെ വലിയ കണ്ണുകളിൽ തെളിഞ്ഞുനിൽക്കുന്ന
കോപത്തെ അവൾ പൂർണ്ണമായും
അവഗണിച്ചുകളഞ്ഞു
"വൈ ആർ യു മേക്കിങ് നോയ്‌സ്?
"ഞാൻ നിതിനുമൊത്തു ഡേറ്റിനു പോയിരുന്നു. വരാൻ രണ്ടുദിവസം കഴിയുമെന്ന് ഞാൻ മമ്മിയുടെ സെർവന്റിനോട് പറഞ്ഞതാണല്ലോ"
വസുധയ്ക്ക് തലയിൽ ആരോ
കൂടം വച്ചടിച്ചത് പോലെ തോന്നി.
പതിനേഴു വയസുള്ള ഒരു പെൺകുട്ടിയാണ് തന്റെ മകൾ. ഇത്രയും അധപ്പതിക്കുവാൻ അവൾക്കെങ്ങനെ കഴിയുന്നു?
തന്നെ തീർത്തും അവഗണിച്ചുകൊണ്ട് അകത്തേക്ക് കയറാൻ ശ്രമിക്കുന്ന മകൾക്ക് നേരെ തിരിഞ്ഞവൾ.
"ഇതൊന്നും ഇവിടെ നടക്കില്ല.
ഡോക്ട്ടർ വസുധയുടെ വീടാണിത്.
അയാൾ നിന്നെ അഴിച്ചുവിട്ടാണ് വളർത്തിയതെന്ന്‌ ഞാനൂഹിച്ചിരുന്നു.
പക്ഷെ...ഇത്...ഛീ..."
കഠിനമായ വെറുപ്പിൽ വസുധയുടെ മുഖം ചുളിഞ്ഞു.വാതിൽക്കൽ വന്നുനിന്ന കല്യാണിയെ കണ്ടവൾ പറയാൻവന്നത് പാതിയിൽ നിർത്തി.
"സീ മമ്മീ..വെറും ഒരുവർഷം മാത്രമാണ് കോടതി എന്നെ നിങ്ങൾക്ക് തന്നിരിക്കുന്നത്. പതിനെട്ടു തികഞ്ഞാൽ എനിക്ക് തീരുമാനിക്കാം ഡാഡിയുടെ കൂടെയാണോ അതോ മമ്മിയുടെ കൂടെയാണോ കാമുകന്മാരിൽ ആരുടെയെങ്കിലും കൂടെയാണോ പോകേണ്ടതെന്ന്.."
ഋതു മമ്മിയുടെ മുന്നിലേക്ക് കുറച്ചുകൂടി നീങ്ങിനിന്നു. വെളുത്തു വടിവൊത്ത, ഉയരമുള്ള ശരീരപ്രകൃതയായ അമ്മയ്ക്ക്
മുന്നിൽ അമ്മയോളം വളർന്ന മകൾ തലയുയർത്തിപ്പിടിച്ചു നിന്നുകൊണ്ട്
അടക്കിയ ശബ്ദത്തിൽ പറഞ്ഞു.
"സൊ...പ്ലീസ്"
വെട്ടിത്തിരിഞ്ഞുകൊണ്ട് മുകളിലേക്ക് നടക്കുന്നതിനിടയിൽ അവൾ കയ്യിലുള്ള മുഷിഞ്ഞ ബാഗ് കല്യാണിയുടെ നേർക്ക്
വലിച്ചെറിഞ്ഞു കൊടുത്തു.
മകളുടെ അവസാനവരികൾ ദഹിക്കാത്ത ഭക്ഷണം പോലെ വസുധയുടെ ആത്മാവിൽ
പുളിച്ചു തികട്ടി.
**** **** *****
"യെസ്.,ഡോക്ട്ടർ ഋഷി സ്പീക്കിങ്.."
"എന്റെ മോളുടെ ജീവിതം
വച്ചാണ് നിങ്ങളെന്നോട്
പ്രതികാരം ചെയ്തത്, അല്ലെ?"
ഫോണിലൂടെ വന്ന വിങ്ങുന്ന സ്ത്രീശബ്ദം കേട്ട് ഋഷി പൊട്ടിച്ചിരിച്ചു.
"ഇതിലെന്താണ് വസുധാ പ്രതികാരം? നിനക്കോർമ്മയില്ലേ നമ്മളെന്തിനാണ് പിരിഞ്ഞതെന്നു?
നിനക്ക് സ്വാതന്ത്ര്യം വേണമായിരുന്നു.
മരുമകളുടെ,ഭാര്യയുടെ,അമ്മയുടെ
കടമകൾ വലിച്ചെറിഞ്ഞുകൊണ്ട്
ഒരു സുപ്രഭാതത്തിൽ നീയിറങ്ങിപ്പോയി.
നിന്റെ മകളാണവൾ.
അവൾക്കും വേണ്ടേ സ്വാതന്ത്ര്യം?
ഒൻപതു വർഷങ്ങളുടെ അജ്ഞാതവാസത്തിനു ശേഷം മകളിൽ അവകാശമുന്നയിച്ചുകൊണ്ട് നീ വന്നു.വീണ്ടും നീ ജയിച്ചു.
ഇനിയുള്ള ഒരു വർഷം അവൾ
നിനക്ക് സ്വന്തമായി. നിന്റെ തനിപ്പകർപ്പാണവൾ.രൂപം കൊണ്ട് മാത്രമല്ല, വാശിയിലും.അത് നിനക്ക് മനസ്സിലാവാൻ പോകുന്നേയുള്ളു.."
അവളെയൊന്ന് ഉപദേശിക്കാൻ
വേണ്ടിയെങ്കിലും നാമവൾക്ക്
മാതൃകയാവണം എന്നാണ് എന്റെ
ആഗ്രഹം..വാശിയും പ്രതികാരബുദ്ധിയും മാറ്റിവച്ചു ഒരമ്മയായി ചിന്തിക്കൂ നീ"
അവസാനത്തെ വരികളെത്തിയപ്പോൾ
അയാളുടെ സ്വരം നേർത്തിരുന്നു..
ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് വസുധ ബാൽക്കണിയിലേക്കിറങ്ങിനിന്നു.
മഞ്ഞു നീങ്ങിത്തുടങ്ങുന്നേയുള്ളു.
താഴെ അവ്യക്തമായ രൂപങ്ങൾ തെളിഞ്ഞുതുടങ്ങിയിരിക്കുന്നു.
ആത്മസംഘർഷത്തിന്റെ അലയാഴികൾ അവളുടെ
മുഖത്തു തെളിഞ്ഞുനിന്നു.
കഴിഞ്ഞ കാലത്തെ കുറിച്ച് ചിന്തിക്കുമ്പോളൊക്കെ അവളുടെ ഉള്ളിൽ ഒരു പാമ്പിഴഞ്ഞു.
അതിന്റെ വഴുവഴുത്ത, അറപ്പുളവാക്കുന്ന ശല്കങ്ങൾ തന്റെ മനസ്സിൽ ഇപ്പോളും പുളയുന്നുണ്ടെന്ന് ഭയത്തോടെയവൾ തിരിച്ചറിഞ്ഞു.
വരാന്തയുടെ അറ്റത്തായുള്ള വലിയ ചൂരൽ കസേരയിലേക്ക് ചാഞ്ഞവർ കണ്ണുകളടച്ചു. കാപ്പിയുമായി വന്ന വേലക്കാരി അവളെ വിളിക്കുവാൻ മടിച്ചു അവിടെത്തന്നെ നിന്നു.
***** ***** *****
സമയം പാതിരയോടടുത്തിരുന്നു.
പുറത്തെ ഇരുട്ടിലേക്ക് നോക്കി
വസുധ തനിച്ചിരുന്നു.. ഋതു ഇനിയുമെത്തിയിട്ടില്ല. വന്നതിന്റെ
പിറ്റേന്നുമുതൽ ഇതാണ് പതിവ് രാവിലെ ഇറങ്ങിപോകും. രാത്രികളിൽ ഓരോദിവസവും ഓരോരുത്തരാണ് അവളെ ഡ്രോപ്പ് ചെയ്തിരുന്നത്.
ഉപദേശത്തിനോ വഴക്കിനോ അവൾ മുഖം തരില്ല. തീർത്തും പുച്ഛമാണ് മമ്മിയോടവൾക്ക്.കഴിഞ്ഞ കുറച്ചുദിവസങ്ങൾകൊണ്ട്
വസുധ തികച്ചും തളർന്നിരുന്നു.
മടിയിലിരുന്നു റിങ് ചെയ്ത മൊബൈൽ യാന്ത്രികമായി വസുധ ചെവിയോട് ചേർത്ത്പിടിച്ചു.
"ഡോക്ട്ടർ വസുധ മാം അല്ലെ ?
"അതെ,പറയൂ.."
"ഇത് കേരളന്യൂസ് റിപ്പോർട്ടർ നയനയാണ് സംസാരിക്കുന്നത്..
ഹോട്ടൽ സരോവരത്തിൽ ഇന്ന് നടന്ന റെയ്ഡിൽ നാലു പുരുഷന്മാരോടൊപ്പം മാമിന്റെ മകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അനാശാസ്യം
മാത്രമല്ല ബ്ലൂ ഫിലിം നിർമ്മാണം
കൂടി ഉണ്ടെന്നാണ് വിശ്വസനീയമായ കേന്ദ്രത്തിൽനിന്നും കിട്ടിയ വാർത്ത"
വസുധയുടെ കയ്യിൽ നിന്നും ഫോൺ താഴേക്കൂർന്നുപോയി.നടുങ്ങിയെണീറ്റ അവൾക്ക് മുന്നോട്ടേക്ക് നടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. തൊട്ടുമുന്നിൽ അഗാധമായൊരു ഗർത്തം രൂപപ്പെട്ടുവരുന്നത് അവളറിഞ്ഞു.ഇത്രയും നാൾ താൻ പടുത്തുയർത്തിയ സൽപ്പേര്, ഹോസ്പിറ്റൽ,രോഗികൾ,തനിച്ചു ജീവിക്കാൻ തുടങ്ങിയപ്പോൾ കുറ്റപ്പെടുത്തിയ ബന്ധുക്കൾ...
ഓരോരുത്തരും മാറിമാറി അവളുടെ മുന്നിൽ വന്നുനിന്നു പല്ലിളിച്ചു.
മുന്നോട്ട് നടക്കാനാഞ്ഞ കാലുകൾ തളർന്ന് അവളവിടെ കുഴഞ്ഞുവീണു.
***** ***** *****
പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ, സുന്ദരിയായ ഋതു നെറ്റിയിൽ തലോടുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് വസുധ ഉണർന്നത്.
കണ്ണുകൾ തുറന്നിട്ടും ആ സ്വപ്നം മാഞ്ഞുപോകുന്നില്ലെന്ന് അമ്പരപ്പോടെ അവൾ തിരിച്ചറിഞ്ഞു.ഉണർവ്വിനും ഉറക്കത്തിനുമിടയിലുള്ള ഏതോ ലോകത്തു ഋതു അവളെനോക്കി പുഞ്ചിരിച്ചു. കവിളിൽ മുഖം ചേർത്ത് ചുംബിച്ചു കൊണ്ട് മന്ത്രിച്ചു.
"സോറി മമ്മി..
എന്നെ ഇത്രയും കാലം മറന്നുകളഞ്ഞതിനും ഡാഡിയെ തനിച്ചാക്കിയതിനും ഒന്നു പേടിപ്പിക്കണം എന്നേ കരുതിയുള്ളൂ.
എന്നെ നേർവഴിക്ക് നടത്താനെങ്കിലും ഡാഡിയുടെ കൂടെ മമ്മിയും ചേരുമെന്ന് കരുതി..റിയലി സോറി..
ഞാൻ തന്നെയായിരുന്നു
ഫോൺ ചെയ്തത്.."
വസുധയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ സ്നേഹത്തോടെ,അതിലേറെ ആശ്വാസത്തോടെ മകളെ ചേർത്തുപിടിച്ചു.
"നോക്കു മമ്മി.. ഡാഡിയുണ്ട് പുറത്തു."
ഋതു അവളെ പതുക്കെ ഉയർത്തി തലയിണയിൽ ചാരിയിരുത്തി.
റൂമിന്റെ പുറത്തു അക്ഷമനായിരിക്കുന്ന ഋഷിയെ ഗ്ലാസിലൂടെ വസുധയ്ക്ക് കാണാമായിരുന്നു.
"ഞാൻ ഡാഡിയെ ഇങ്ങോട്ട് വിടാം."
വസുധയുടെ ഇടനെഞ്ചിലൊരു ഞെട്ടലുണ്ടായി.
പുറത്തേക്കിറങ്ങാനാഞ്ഞ മകളുടെ കൈയ്യിൽ മുറുക്കെ പിടിച്ചു വസുധ.
സംശയത്തോടെ തിരിഞ്ഞ ഋതുവിന്റെ കണ്ണുകളിലെ അപേക്ഷ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അവൾ പതുക്കെപ്പറഞ്ഞു.
"മോളിവിടിരിക്കു കുറച്ചുസമയം."
തന്റെയരികിലിരിക്കുന്ന ഋതുവിനെ പതുക്കെ നെഞ്ചിലേക്ക് ചായ്ച്ചുകിടത്തി വസുധ.
ഋതു കയ്യുയർത്തി വസുധയുടെ വയറിനു മുകളിൽ വച്ചു.
"ഡാഡി മമ്മിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. മൂന്നുവർഷം
മുൻപ് ഡാഡിക്ക് അറ്റാക്ക് വന്നതുമുതൽ ഞാൻ തനിച്ചായിപ്പോകുമോ എന്ന
പേടിയായിരുന്നു ഡാഡിക്ക്.
അന്നുമുതൽ മമ്മി പോകുന്നിടത്തെല്ലാം ഡാഡിയും ഉണ്ടായിരുന്നു.അതൊക്കെ ഡാഡി തന്നെ മമ്മിയോട് പറയും."
ഋതു വസുധയുടെ മുഖത്തേക്ക് നോക്കി. ആത്മസംഘർഷം കൊണ്ടാവാം മമ്മിയുടെ മുഖം കരുവാളിച്ചിരിക്കുന്നു..
***** ****** *******
ഉള്ളിലേക്ക് നടന്നുവരുന്ന ഋഷിയുടെ പരവശമായ മുഖത്തേക്ക് നോക്കി
വസുധ പതുക്കെ കണ്ണുകളടച്ചു..
പതുക്കെ തന്റെ കൈകളുയർത്തി
അവളുടെ കൈപ്പത്തിയിൽ ആർദ്രമായി സ്പർശിച്ചയാൾ..
വിരലുകൾ പിൻവലിക്കാതെ..,
കണ്ണുകൾ തുറക്കാതെ,
വസുധ മന്ത്രിച്ചു.
"ഒന്നും മറന്നിട്ടില്ല..മറക്കുകയുമില്ല..
അതിന് കഴിഞ്ഞിരുന്നെങ്കിൽ
എന്നേ തിരിച്ചുവന്നേനെ..
ഇനിയൊരു പരീക്ഷണത്തിനുള്ള സമയമില്ല എന്റെ മുന്നിൽ..
തിരിച്ചു പൊയ്ക്കോളൂ.."
കഠിനവേദനയിൽ എന്നപോലെ അവളുടെ മുഖം കല്ലിച്ചു
ചുവന്നിരുന്നു. അയാൾ പരിഭ്രാന്തിയോടെ പതുക്കെ
മന്ത്രിച്ചു.
"ഒരിക്കൽകൂടി , ഒരിക്കൽക്കൂടി മാത്രം..പ്ലീസ് വസു..
മനഃപൂർവ്വമായിരുന്നില്ല ഒന്നും.
ഞാൻ.....ഞാൻ പോലുമറിയാതെയാണ്.."
വസുധ പതുക്കെ കണ്ണുകൾ തുറന്നു.അവളുടെ മുഖത്തേക്ക്
നോക്കാതെ പെട്ടന്നുതന്നെ
അയാൾ മുഖം കുനിച്ചുകളഞ്ഞു.
"പക്ഷെ ഞാനറിഞ്ഞിരുന്നു..
അന്ന് മാത്രമല്ല, ഇന്നുമറിയുന്നു..
ഓരോ വേദനയും,വേദനയെക്കാളുപരി
നിങ്ങളുടെ വൈകൃതങ്ങൾക്ക് കീഴടങ്ങുമ്പോൾ അനുഭവിച്ച അറപ്പും വെറുപ്പും ഞെട്ടലും...ഇന്നും ഞാൻ അനുഭവിക്കാറുണ്ട് ഇടയ്ക്കിടെ.."
"ഞാൻ വാക്കുതരുന്നു..ഇനി ഉണ്ടാവില്ല..ഒരിക്കലും..
നമ്മുടെ മകൾക്കുവേണ്ടി...
നീ വരണം വസുധ..
എനിക്കെന്തിങ്കിലും സംഭവിച്ചാൽ
അവൾ അനാഥയായിപ്പോകും.."
അയാളുടെ സ്വരം തീർത്തും താണിരുന്നു.മുഖമുയർത്തി അവളെനോക്കാൻ അയാൾക്ക് ധൈര്യം വന്നില്ല.വസുധയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി തെളിഞ്ഞു.
"നമ്മുടെ മകൾ അനാഥയാവില്ല.
ഞാൻ മരിച്ചാൽ നിങ്ങളും നിങ്ങൾ മരിച്ചാൽ ഞാനുമുണ്ടാവുമവൾക്ക്.
മക്കൾക്കായി വീണ്ടും ഒന്നിച്ചു സന്തോഷമായി ജീവിച്ച ദമ്പതികൾ ഉണ്ടാവും ഈ ലോകത്തു.,പക്ഷെ അതിൽ നമ്മളുണ്ടാവില്ല..കാരണം, വസുധ ഒരു വിഡ്ഢിയായിരുന്നു
പക്ഷെ ഇപ്പോളല്ല.."
മുഖമുയർത്തിയ അയാളുടെ കണ്ണുകളിൽ അടക്കിപ്പിടിച്ച കോപം ഒളിമിന്നി..കണ്ണട ഊരി ഒന്ന് തുടച്ചു വീണ്ടും ധരിച്ചശേഷം ഒട്ടിച്ചുവച്ച പുഞ്ചിരിയോടെ അയാൾ
വസുധയെ നോക്കി.
"സാരമില്ല..മോളോട് എന്താണ് പറയേണ്ടതെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്.
"മമ്മി മറ്റൊരു വിവാഹം ചെയ്യാൻ പോകുന്നു "
എന്നതാവും ബെറ്റർ എന്ന് തോന്നുന്നു."
വസുധ ഒരു ഞെട്ടലോടെ മുഖമുയർത്തി.അയാളുടെ കണ്ണുകളിലെ ക്രൗര്യം അവളുടെ മനസിനെ പിടിച്ചുലയ്ക്കാൻ പോകുന്നതായിരുന്നു..
"അത് നിങ്ങളുടെ ഇഷ്ടം.."
അവളുടെ മുഖത്തു ഒരു
പുച്ഛച്ചിരി വിരിഞ്ഞു..
"പക്ഷെ, മമ്മിയുടെ വിവാഹവാർത്തയ്ക്ക് മുന്നേ
മറ്റൊരു കഥ കൂടി മകളറിയും..
അത് തന്നിഷ്ടക്കാരിയും തന്റേടിയുമായ അമ്മയുടെ കഥയാവില്ല..ലൈംഗീക വൈകൃതങ്ങൾക്ക് അടിമയായ ഒരാളുടെ ഭാര്യയാവേണ്ടിവന്ന പാവം പെൺകുട്ടിയുടെ കഥയായിരിക്കും.
ഉൾതുടയിൽ സർജിക്കൽ ബ്ലേഡ് കൊണ്ട് ഭർത്താവായ ഡോക്റ്റർ ഋഷി സ്വന്തം പേരെഴുതുമ്പോൾ വേദന കൊണ്ട് ബോധം കെട്ടു വീണവൾ.
കാമം മൂക്കുമ്പോളുള്ള അയാളുടെ ഭ്രാന്തുകൾ സഹിച്ചു മരണത്തെ മുന്നിൽകണ്ട് ജീവിച്ചവൾ..
അയാളുടെ മൂത്രവും ശുക്ലവും കുടിക്കാൻ പീഡിപ്പിക്കപ്പെട്ടു, തൊണ്ടപൊട്ടി രക്തം ഛർദിച്ചവൾ.."
ഡോക്ട്ടർ ഋഷിയുടെ മുഖത്തു രക്തമയമില്ലായിരുന്നു.അയാൾ പതുക്കെ എഴുന്നേറ്റു.
"ഇനിയുമുണ്ട് മകളോട് പറയാൻ ഡാഡിയുടെ ധീരകഥകൾ..
ഉപ്പുകല്ലിൽ നഗ്നയായി മുട്ടുകുത്തിനിർത്തിയ ഭാര്യയിൽ
കാമം തീർത്ത കഥകളുൾപ്പെടെ.."
വസുധയുടെ മുഖം കനൽ പോലെ ജ്വലിച്ചുനിന്നു.അവൾ കിടക്കയിൽ എഴുന്നേറ്റിരുന്നു..
"എനിക്ക് കാണാൻ തോന്നുമ്പോൾ എന്റെ മകളെ ഇതേ സ്നേഹത്തോടെ എനിക്ക് വേണം. എന്ത് വേണമെങ്കിലും പറയാം നിങ്ങൾക്കവളോട്..
ഡാഡിയും മമ്മിയും ഒന്നായി, എന്നതൊഴികെ.."
***** ****** *****
കോറിഡോറിലൂടെ മകളെയും ചേർത്തുപിടിച്ചുകൊണ്ട് തലകുനിച്ചിറങ്ങിപോകുന്ന
ഋഷിയെ ഗ്ലാസിലൂടെ വസുധയ്ക്ക് കാണാമായിരുന്നു. അവളുടെ
മുഖത്തു ആശ്വാസത്തിന്റെ
ശാന്തത തെളിഞ്ഞിരുന്നു.
=============================
വിനീത അനിൽ

പിൻവിളി- Part 2

Image may contain: 1 person

==വിനീത അനിൽ എഴുതുന്ന  തുടർക്കഥ ==
***********
"ഇന്ദീവരം" എന്നെഴുതിയ ആ വലിയ ബംഗ്ളാവ് പച്ചപ്പുതപ്പു പുതച്ച ഒരു രാക്ഷസനെപോലെ തോന്നിപ്പിച്ചു ബാലയ്ക്ക്.
അവൾ കാറിൽ നിന്നിറങ്ങും മുന്നേ അപ്പുറത്തെ ഡോർ തുറന്നു സൃഷ്ടി പൂമുഖ വാതിലിനു നേരെ ഓടിക്കഴിഞ്ഞിരുന്നു.
മകളുടെ ആവേശം ബാലയുടെ ഹൃദയത്തിൽ വിവരണാതീതമായ ഒരു വിങ്ങലുണ്ടാക്കുന്നത് അവളറിയുന്നുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങി അവൾ ചുറ്റുപാടും കണ്ണോടിച്ചു.
എല്ലായിടത്തും പച്ചപ്പാണ്. ബംഗ്ളാവിന്റെ ചുവരടക്കം പച്ചവള്ളികൾ പടർത്തിയിരിക്കുന്നു.മതിൽക്കെട്ടിനുള്ളിൽ മുഴുവൻ വലിയ മരങ്ങളും വള്ളിച്ചെടികളും പൂക്കളും നിറഞ്ഞിരിക്കുന്നു. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന
ആരോ ഇതിനു പിറകിലുണ്ടെന്നു ഒറ്റനോട്ടത്തിൽത്തന്നെ വ്യക്തം.
ബാലയുടെ നോട്ടം മതിലിനടുത്തായ്
കെട്ടിയുയർത്തിയ അസ്ഥിത്തറയിൽ
ചെന്നെത്തി. ഉൾക്കിടിലത്തോടെ അവൾ അതിനരികിലേക്ക് നീങ്ങാൻ തുടങ്ങി.
പെട്ടന്നാണ് പൂമുഖവാതിൽ തുറന്നു നാല്പത് വയസോളം തോന്നുന്ന ഉയരമുള്ള ഒരാൾ പുറത്തേക്ക് വന്നത്. ബാലയ്ക്ക് മുന്നോട്ട് നീങ്ങാൻ കഴിയും മുന്നേ സൃഷ്ടി
"അച്ഛാ" എന്നൊരു വിലാപത്തോടെ അയാളുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്നുകഴിഞ്ഞിരുന്നു. പകച്ചമുഖത്തോടെ നിന്ന അയാൾ ഒറ്റനിമിഷം കൊണ്ട് തന്റെ മകളെ വാരിയണച്ചു നെഞ്ചിലേക്ക് ചേർത്തുപിടിച്ചു
"അച്ഛന്റെ പൊന്നുമോനെ".. എന്ന വിളിയോടെ വിങ്ങിക്കരയുന്നത് ബാല വിറങ്ങലിച്ചു നോക്കിനിന്നു. അയാൾ ഒരുപക്ഷെ ഹോസ്പിറ്റലിൽ വച്ച് സൃഷ്ടിയെ കണ്ടിട്ടുണ്ടാവാം. അതുകൊണ്ടാവാം സ്വന്തം മകന്റെ ഹൃദയമാണ് മുന്നിൽ നിൽക്കുന്ന പെൺകുട്ടിയിൽ തുടിക്കുന്നതെന്നു അയാൾ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞതെന്നു ബാല വെറുതെ ആശ്വസിച്ചു. വിങ്ങുന്ന മുഖമുയർത്തി അയാൾ ബാലയെ നോക്കി.
"അകത്തേക്ക് വരൂ മാഡം"..
ഹാളിലെ ചുവരിൽ നിറയെ പല ഭാവത്തിലുള്ള ഒരു യുവാവിന്റെ പല വലിപ്പത്തിലുള്ള ചിത്രങ്ങളായിരുന്നു. ചെറുപ്പം മുതൽ പതിനേഴു വയസ് വരെയുള്ള ഓമനത്തം തുളുമ്പുന്ന ചിത്രങ്ങൾ. ഓരോന്നായി കാണുമ്പോൾ ബാലയുടെ ഹൃദയമുരുകുന്നുണ്ടായിര.ുന്നു. ഹോസ്പിറ്റൽ
ഉടമസ്ഥന്റെ കൊച്ചുമകൾക്കായി നടത്തിയ ചതിയറിയാതെ, മരിക്കാത്ത മകന്റെ ഹൃദയം മാറ്റിവയ്ക്കാൻ ഒപ്പിട്ടുകൊടുത്ത ആ പിതാവിന്റെ കണ്ണുകൾ അവളെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു. എത്രയൊക്കെ ചതി ചെയ്തിട്ടും ആ ഹൃദയം സ്വന്തം മാതാപിതാക്കൾക്കായി തിരിച്ചെത്തിയല്ലോ എന്ന് ബാല അത്ഭുതത്തോടെ ചിന്തിച്ചു.
ഉള്ളിൽ നിന്ന് ഒരു സ്ത്രീയുടെ പൊട്ടിക്കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. ഒരാന്തലോടെ ബാല അങ്ങോട്ടേക്ക് നീങ്ങി. അവിടുത്തെ കാഴ്ച്ച ബാലയിലെ അമ്മയ്ക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു.
മെലിഞ്ഞുവിളറിയ ഒരു സ്ത്രീയുടെ നെഞ്ചിൽ പറ്റിച്ചേർന്നിരിക്കയാണ് സൃഷ്ടി. ശ്വാസമെടുക്കാൻ വിഷമിച്ചു, ഏങ്ങിക്കരഞ്ഞുകൊണ്ടു അവർ തന്റെ മകളെ ഉമ്മകൾ കൊണ്ട് മൂടുകയാണ്. തൊട്ടരികിൽ അയാളും ഉണ്ട്. ബാലയ്ക്ക് ഉറക്കെ അട്ടഹസിച്ചുകരയാൻ തോന്നി. ഒരുവേള മുന്നോട്ടാഞ്ഞു മകളെ പിടിച്ചുയർത്തി
അവരുടെ മുന്നിൽനിന്നു ഒരുപാടു ദൂരേയ്ക്ക്
മകളെയും കൊണ്ട് ഓടിയകലാൻ അവളിലെ 'അമ്മ മനസ് പിടഞ്ഞു. വിങ്ങിക്കൊണ്ടു അവൾ തിരിഞ്ഞുനടന്നു.
അസ്ഥിത്തറയ്ക്കരികിൽ
ഏകയായി ബാല വിങ്ങിക്കരഞ്ഞുകൊണ്ടേയിരുന്നു.
ഒരു തെറ്റും ചെയ്യാത്ത അമ്മയുടെയും അച്ഛന്റെയും ഏകമകനാണ് ഇതിനുള്ളിൽ ഉറങ്ങുന്നത്.
കൊച്ചുമകൾക്കായി തന്റെ അച്ഛൻ നടത്തിയ വലിയൊരു ചതിയിൽ അകപ്പെട്ടു ജീവൻ വെടിയേണ്ടിവന്ന പാവം യുവാവ്. മനസുകൊണ്ട് ആയിരംവട്ടം അവൾ മന്ത്രിച്ചു
"മകനെ...മാപ്പ്..."
"വല്യ വാശിക്കാരനായിരുന്നു"
പുറകിൽ അടഞ്ഞശബ്ദം കേട്ടു ബാല ഞെട്ടിത്തിരിഞ്ഞു. അയാൾ കൈ നെഞ്ചിൽകെട്ടി താഴേക്ക് നോക്കിനിൽക്കുന്നുണ്ടായിരുന്നു.
"ഞാൻ വാങ്ങിക്കൊടുത്തേനേ..
പക്ഷെ അവന്റമ്മയ്ക്കായിരുന്നു പേടി..പതിനേഴാം വയസിൽ ബൈക്ക് വേണ്ടെന്ന അവളുടെ വഴക്കും കേട്ടാണ് അവനന്നിറങ്ങിപ്പോയത്..
പിന്നീട് കേട്ടത് നിങ്ങളുടെ ഹോസ്പിറ്റലിൽ ആണെന്ന വാർത്തയാണ്. ലോറിക്കടിയിലേക്ക് ഓടിച്ചുകയറ്റി എന്നൊക്കെ പലരും പറഞ്ഞെങ്കിലും എനിക്കറിയാം അവനങ്ങനെ ചെയ്യില്ലെന്ന്.
പക്ഷെ അവസാനമായി ഒന്ന് ചോദിക്കാൻ പോലും അവൻ കണ്ണുതുറന്നില്ലല്ലോ."
അയാളുടെ കണ്ണീർതുള്ളികൾ അസ്ഥിത്തറയിൽ വീണു ചിതറി
"രണ്ടാം ദിവസമാണ് നിങ്ങളുടെ അച്ഛൻ വിളിപ്പിച്ചു വെന്റിലേറ്ററിൽ നിന്ന് മാറ്റുകയാണെന്നറിയിച്ചത്.
അപ്പോൾ ഡോക്ട്ടർ മഹിജയാണ് നിങ്ങളുടെ മകളുടെ കാര്യം പറഞ്ഞത്. അവന്റെ ഹൃദയമെങ്കിലും ഈ ഭൂമിയിൽ ബാക്കിയാവട്ടെയെന്നു കരുതി ഞാനും "
ബാലയുടെ ഉള്ളിൽ പാപഭാരത്തിന്റെ വിങ്ങൽ തിക്കുമുട്ടി. അച്ഛന്റെ വലംകൈ ആണ് മഹിജ ഡോക്ട്ടർ. ഹോസ്പിറ്റലിലെ സകല അഴിമതിയുടെയും മാസ്റ്റർ ബ്രെയിൻ.
"അന്ന് വീണതാണ് അവന്റെയമ്മ..
പിന്നെ എണീറ്റിട്ടില്ല. കുറച്ചുദിവസങ്ങളായിട്ട്
വളരെ മോശമാണ് അവളുടെ അവസ്ഥ.
മോളെ ഒന്ന് കാണിക്കുമോ എന്ന് ചോദിക്കാനായി നിങ്ങളുടെ അച്ഛനെ ഫോൺ ചെയ്തിരുന്നു ഞാൻ. അദ്ദേഹം താത്പര്യമില്ലെന്ന് പറഞ്ഞു ഫോൺ വച്ചുകളഞ്ഞു"
ബാലയുടെ ഉള്ളിലെ വിങ്ങൽ പൂർണ്ണമായി.
എന്തെല്ലാം കടമ്പകൾ കടന്നാണ് ആ മകൻ ആത്മാവ് അവന്റെ അമ്മയുടെ അന്ത്യാഭിലാഷം നടത്താനായി എത്തിയിരിക്കുന്നതെന്നോർത്തപ്പോൾ കണ്ണീരിനോടൊപ്പം തന്നെ പറഞ്ഞറിയിക്കാനാവാത്ത വികാരത്താൽ ബാലയുടെ ദേഹം കിടുകിടുത്തു.
**** ***** ***** ***** ****** *****
താനിവിടെ തിരിച്ചെത്തിയിട്ട് ഒരാഴ്ചയോളമായെന്നു ബാല അത്ഭുതത്തോടെ ഓർത്തു. സുദേവന്റെ മരണശേഷം ഒരു ദിവസം പോലും മകളെ പിരിഞ്ഞിരിക്കാത്ത തനിക്ക് എങ്ങനെ കഴിഞ്ഞു ഒരാഴ്ചയോളം അവളെ പിരിഞ്ഞിരിയ്ക്കാനെന്നു അവൾ അതിശയത്തോടെ ചിന്തിച്ചു. ഒരമ്മയുടെ വേദനയോടൊപ്പം തന്നെ തന്റെ അച്ഛൻ ചെയ്ത ചതിക്ക് പ്രായശ്ചിത്തം ചെയ്യുന്നതിന്റെ ആത്മനിർവൃതിയും അവൾ അനുഭവിക്കുന്നുണ്ടായിരുന്നു.
കാർ നിർത്തി ഇറങ്ങുമ്പോളെ അസ്ഥിത്തറയിൽ ദീപം വച്ച് നടന്നുവരുന്ന സൃഷ്ടിയെ അവൾക്ക് കാണാമായിരുന്നു.
അമ്മയെക്കണ്ട ആഹ്ലാദത്തോടെ ഓടിയെത്തി തന്റെ നെഞ്ചിൽ ചേർന്ന മകളുടെ മുഖത്തെ സ്നേഹം ബാലയുടെ നെഞ്ചിലെ വേവുന്ന കനലിൽ വീണ മഴത്തുള്ളികളായി..
"പാവം ഏട്ടൻ, അല്ലെ അമ്മെ?"
അവൾ മറുപടി പറയാതെ മകളെ തന്നോട് ചേർത്തണച്ചുമ്മവച്ചു. അച്ഛനോടും അമ്മയോടുമുള്ള സ്നേഹമൊഴികെ മറ്റൊന്നും അവന്റെ ഹൃദയത്തിന്റേതായി അവളിൽ ബാക്കിയായിട്ടില്ലെന്ന തിരിച്ചറിവ് ബാലയെ ഈ ദിവസങ്ങളിൽ ഒരുപാട് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.. അവളെയുംകൊണ്ട് ബാല അകത്തേക്ക് നടന്നു. ബെഡ്‌റൂമിൽ കുറച്ചുപേരുടെ തിരക്കുകൾക്കിടയിൽ ആ സ്ത്രീ കണ്ണുകളടച്ചു ശ്വാസം എങ്ങിവലിച്ചു കിടക്കുന്നുണ്ടായിരുന്നു. അയാൾ അവർക്കരികിൽനിന്നു തലയുയർത്തി മകളെ വിളിച്ചു.
"അമ്മയ്ക്ക് വെള്ളം കൊടുക്ക് മോളെ"..
ബാല പതുക്കെ പുറത്തിറങ്ങി സോഫയിൽ ചെന്നിരുന്നു.. എത്രനേരമിരുന്നെന്നറിയില്ല
ഉള്ളിൽ നിന്നുള്ള പൊട്ടിക്കരച്ചിലാണ് അവളെ ഉണർത്തിയത്. ഓടി വാതിൽക്കലെത്തിയ അവളുടെ മുന്നിൽ ശാന്തമായ ഉറക്കത്തിലെന്ന പോൽ അവർ കണ്ണടച്ചുകിടന്നു. അവരുടെ നെഞ്ചിൽവീണ് പൊട്ടിക്കരയുന്ന സൃഷ്ടിയുടെ അരികിൽ പരാജിതയെപ്പോലെ ബാലയും പോയിരുന്നു.
***** ***** ******* ****** ******
ചടങ്ങുകളെല്ലാം അവസാനിച്ചിരിക്കുന്നു.
ബാല മകളുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് കാറിന്റെ ഡിക്കിയിൽവച്ചു തിരിഞ്ഞുനോക്കി.
വിങ്ങുന്ന മുഖവുമായി അയാൾ ചുവരിൽ ചാരി നിൽക്കുന്നുണ്ട്. തങ്ങൾ കൂടി പടിയിറങ്ങിയാൽ അയാളീ ലോകത്തു തീർത്തും തനിച്ചാവുകയാണല്ലോ എന്ന ചിന്ത അവരുടെ മനസിനെ അലട്ടുന്നുണ്ടായിരുന്നു.
എങ്കിലും സ്വന്തം മകളെ ഇനിയും വിട്ടുനിൽക്കാൻ അവളിലെ അമ്മമനസ് തയ്യാറല്ലായിരുന്നു.
അവൾ സൃഷ്ടിയെ തിരഞ്ഞു.
അസ്ഥിത്തറയുടെ അരികിൽനിന്നു ശാന്തമായ മുഖഭാവത്തോടെ അവൾ നടന്നുവരുന്നുണ്ടായിരുന്നു. പതുക്കെ അയാളുടെ അരികിലെത്തി അയാളുടെ കൈകൾ തന്റെ കൈകളിൽ കോർത്ത് അവൾ കാറിനരികിലേക്ക് നടന്നു.
"അച്ഛൻ ഞങ്ങളോടൊപ്പം വരണം..
അച്ഛനെ ഇവിടെ തനിച്ചാക്കരുതെന്നു ഏട്ടൻ പറഞ്ഞു. എനിക്ക് അച്ഛനും അമ്മയും വേണം"..
ബാലയുടെ നട്ടെല്ലിലൂടെ ഒരു വിറയൽ കടന്നുപോയി. ഞെട്ടിനിൽക്കുന്ന അയാളുടെ മുഖത്തേക്ക് നോക്കി ഏതാനം നിമിഷങ്ങൾ അവർ പകച്ചുനിന്നു. പിന്നെ പതുക്കെ കാറിന്റെ താക്കോൽ അയാളുടെ നേരെനീട്ടി അവൾ പുഞ്ചിരിയോടെ പറഞ്ഞു.
"വണ്ടിയെടുക്കു"..
അസ്ഥിത്തറയ്ക്ക് നേരെ നോക്കി ബാല മനസുകൊണ്ട് പറഞ്ഞു.
"മകനെ..നിന്നോട് ചെയ്ത ചതിയ്ക്ക് ഇതിനേക്കാൾ വലിയ പ്രായശ്ചിത്തം ചെയ്യാൻ ഇനിയീ ജന്മമെനിക്ക് കഴിയില്ല"..
"വേണ്ട...ഞാനും കൂടി ഇറങ്ങിയാൽ അസ്ഥിത്തറയിലുറങ്ങുന്ന രണ്ടാത്മാക്കൾക്ക് ആരുമില്ലാതായിപ്പോകും. മോളെ ഇടയ്ക്കിടെ ഒന്ന് കാണാനുള്ള അനുവാദം.. അതുമതിയെനിക്ക്..
ഒരുപാട് സന്തോഷത്തോടെ ജീവിച്ച ഒരു കുടുംബത്തിനെ ഓർമ്മിക്കാൻ ഒരാളെങ്കിലും ബാക്കിയാവട്ടെ ഇവിടെ."
വണ്ടി മതിൽകെട്ടിനു പുറത്തേക്ക് കടക്കും മുന്നേ ബാല സൈഡ് ഗ്ലാസ്സിലൂടെ പിറകിലേക്ക് നോക്കി.
അസ്ഥിത്തറയ്ക്ക് മുന്നിൽ പതിവ് പോലെ കൈകെട്ടിക്കൊണ്ട്, തലകുനിച്ചയാൾ നിശ്ചലായി നിൽക്കുന്നുണ്ടായിരുന്നു.
By Vineetha Anil
Read All Parts here - https://goo.gl/vtXJt9

പിൻവിളി - Part 1

Image may contain: 1 person

==വിനീത അനിൽ എഴുതുന്ന  തുടർക്കഥ ==
ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു..
സൃഷ്ടി വീട്ടിലെത്തിയിട്ടില്ല..
മൊബൈലും കയ്യിൽവച്ചു ബാല
ഒരുനിമിഷം തരിച്ചിരുന്നു..
പിന്നെ ചാടിയെണീറ്റു കാബിൻ ഡോർ
തുറന്നു പുറത്തേക്കിറങ്ങിയോടി..
ഇത്തവണയും പതിവ് തെറ്റിയില്ല മഴ കോരിച്ചൊരിയുകയാണ് പുറത്തു..
റോഡരികൊക്കെ ചെറിയ അരുവികൾ പോലെയായിരിക്കുന്നു..വെള്ളം രണ്ടു സൈഡിലേക്ക് ചിതറിത്തെറിപ്പിച്ചുകൊണ്ട്
ബാല കാറിനു വേഗത കൂട്ടി..
അവളുടെ ഉള്ളിൽ ഒരു നടുക്കം അലയടിക്കുന്നുണ്ടായിരുന്നു..സൃഷ്ടിയുടെ അച്ഛന്റെ മരണശേഷം എല്ലാം മറക്കാൻ വേണ്ടിയാണ് ഈ ഹിൽ സ്റ്റേഷനിലേക്ക് താമസം മാറിയത്..ബാല ഗ്രുപ്പ് ഓഫ് കമ്പനീസിന്റെ എം ഡി ആയ
ബാല സുദേവിന് പണം മാത്രമേ
എന്നും കൂട്ടിനുണ്ടായിരുന്നുള്ളൂ..
സുദേവ് കൂടെയുണ്ടായിരുന്ന ആറു വർഷങ്ങൾ അവൾ ജീവിതമെന്തെന്നറിഞ്ഞു..പക്ഷെ
ഒരാക്സിഡന്റിന്റെ രൂപത്തിൽ വിധി സുദേവിനെ നേരത്തെ കൊണ്ടുപോയി..
പിന്നീടങ്ങോട്ട് മകൾ മാത്രമായി
ബാലയുടെ ലോകം..അവൾക്ക് വേണ്ടിയാണു ഇങ്ങോട്ടേക്കുള്ള
ഒളിച്ചോട്ടവും ഏകാന്തവാസവും പോലും.
എതിരെവന്ന ലോറിയുടെ ഹോൺ ശബ്ദം ബാലയെ ഞെട്ടിച്ചു..അവൾ വെപ്രാളത്തോടെ പുറത്തേക്ക് നോക്കി..കുറെ സമയമായി കയറ്റം കയറിത്തുടങ്ങിയിട്ടു ..
മഴനാരുകൾക്ക് ശക്തി കുറഞ്ഞിരിക്കുന്നു..
ഇവിടെ ഈ റോഡിൽ ആണ് കഴിഞ്ഞ മൂന്നു പ്രാവശ്യവും സൃഷ്ടിയെ കണ്ടുകിട്ടിയതു..
അപ്പോഴൊക്കെ മഴ കോരിചൊരിയുന്നുണ്ടായിരുന്നു..
വണ്ടി കുറച്ചുകൂടെ സ്ലോ ആക്കി അവൾ പുറത്തേക്ക് നോക്കി..
അടുത്ത വളവിൽവച്ചേ അവൾ കണ്ടു..
ദൂരെ... യൂണിഫോമിൽ നനഞ്ഞുകുതിർന്നു
നടന്നുപോകുന്ന സൃഷ്ടിയെ..
വണ്ടി നിർത്തി ഓടിവന്നു വാരിപ്പുണർന്ന അമ്മയെ നിർജീവമായ കണ്ണുകളുയർത്തി സൃഷ്ടി നോക്കി..മകളെയും ചേർത്ത് പിടിച്ചു ബാല കാറിനരികിലേക്ക് നടന്നു..
ഉറങ്ങിക്കിടക്കുന്ന മകളുടെ നേരെ ഒന്നുനോക്കി..ഫോണെടുത്തു പുറത്തേക്കിറങ്ങി ശരണിന്റെ
നമ്പർ ഡയൽ ചെയ്തു ബാല..
"മന്ത്രവാദം ജ്യോതിഷം എന്നിങ്ങനെയുള്ള വിഢിത്തങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല ശരൺ..അതുകൊണ്ടു തന്നെ എനിക്കറിയണം..എന്താണ്
എന്റെ മകളെ ആ മലമുകളിലേക്ക് ആകർഷിക്കുന്നതെന്നു..നീ ചോദിച്ച
എല്ലാ ഡീറ്റൈൽസും നാളെയെത്തിക്കാം..
നാല് മാസത്തിനുള്ളിൽ മൂന്നു തവണയാണ് അവളെ കാണാതായത് ..എല്ലാ പ്രാവശ്യവും അവൾ മലമുകളിലേക്കുള്ള റോഡിൽ എങ്ങോട്ടെന്നില്ലാതെ നടന്നുപോകുക ആയിരുന്നു.."
ബാലയുടെ ക്ലാസ്‌മേറ്റ് ആയിരുന്നു
ശരൺ..വിവാഹത്തോടെ തീർന്ന
സുഹൃദ്ബന്ധം യാദൃശ്ചികമായി
സ്ഥലം സർക്കിൾ ആയി ശരണിനെ
കണ്ടപ്പോൾ പുനരാരംഭിച്ചതാണ്
ഇരുവരും..
വീണ്ടും ബാലയുടെ ഫോൺ ശബ്ദിച്ചു..
അച്ഛനാണ്..അവൾക്ക് ഫോൺ എടുക്കാൻ തോന്നിയില്ല..എപ്പോൾ തിരിച്ചെത്തും എന്ന ഒറ്റവാചകം മാത്രമേ അങ്ങേത്തലയ്ക്കൽ നിന്നും പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നവൾക്കറിയാമായിരുന്നു..
അച്ഛൻ അന്നും ഇന്നും ഒരു ചക്രവർത്തി ആണ്..കൽപ്പിക്കാൻ മാത്രം അറിയാവുന്ന ചക്രവർത്തി..തന്റെ സ്ഥാപനത്തിന്റെ ബ്രാഞ്ചു ഇവിടെയുണ്ടെന്ന ഒറ്റപരിഗണനയിൽ ആണ് അച്ഛൻ
മകളെയും പേരക്കുട്ടിയെയും
ഇങ്ങോട്ടേക്ക് വിട്ടത്.
പതിവ് ഞായറാഴ്ച സായാഹ്നം..
മടിയിൽ കിടക്കുന്ന മകളുടെ മുടിയിൽ തലോടി വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ ഉമ്മവച്ചു ബാല..ബാക്കിയെല്ലാ സമയങ്ങളിലും തന്റെ മകൾ മിടുക്കിയും സുന്ദരിയും ആണെന്ന് സന്തോഷത്തോടെയോർത്തു അവൾ..
തിളങ്ങുന്ന കണ്ണുകളും നിഷ്കളങ്കമായ പുഞ്ചിരിയുമായി പതിവുപോലെ സൃഷ്ടി അമ്മയുടെ വയറിൽ ഇക്കിളിയിട്ടു..
പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്..ബാല കോൾ അറ്റൻഡ് ചെയ്തു..
"വേണ്ട..ഞാനങ്ങോട്ട് വന്നോളാം ശരൺ"
"സൃഷ്ടിയുടെ കേസ് സോൾവ് ചെയ്തിട്ടുണ്ട്..അതെത്രത്തോളം വിശ്വസനീയമാണ് എന്ന് ബാലയുടെ മനസാക്ഷി തീരുമാനിക്കട്ടെ"..
ബാലയ്ക്ക് ഹൃദയമിടിപ്പ് കൂടിവരുംപോലെ തോന്നി.. കൈകൾ ടേബിളിൽ വച്ച് മുന്നോട്ടാഞ്ഞിരുന്നു അവൾ
"നാലുകാര്യങ്ങൾ ആണ് എനിക്ക് പറയാനുള്ളത്..അതിന്റെ മറുപടി
ബാല തന്നെ തരണം "
"ബാലയുടെ മകളും ഭർത്താവും സഞ്ചരിച്ച കാർ ആക്സിഡന്റായി രണ്ടു വര്ഷം മുൻപ്
സുദേവ് കൊല്ലപ്പെടുകയാണുണ്ടായത് അല്ലെ?"
"അതെ"..ബാല നിർവികാരയായി പതുക്കെ പറഞ്ഞു..
"ആ ആക്സിഡന്റിൽ ഹൃദയത്തിനു സാരമായി പരിക്ക് പറ്റിയ സൃഷ്ടിക്കു ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഹൃദയം മാറ്റിവയ്‌ക്കേണ്ടിവന്നു അല്ലെ?അതും പത്താം വയസിൽ.."
ബാലയ്ക്ക് നട്ടെല്ലിൽ നിന്നൊരു തരിപ്പ് കയറിവന്നു..ചാരം മൂടിയ വേദനകൾ
ആരോ ഊതിക്കത്തിക്കാൻ ശ്രമിക്കും പോലെ..അവൾ പതുക്കെ മൂളി..
"ഇനിയുള്ള കാര്യം.. ആ സർജറിയുടെ പുറകിൽ ഞെട്ടിപ്പിക്കുന്ന ഒരു ചതി നടന്നിട്ടുണ്ടെന്നതാണ്..അത് ബാലയുടെ അറിവോടെയാണോ "?
ഒരു ഞെട്ടലോടെ ബാല ചാടിയെണീറ്റു
"എന്ത് ചതി"?എനിക്കൊന്നും മനസിലാകുന്നില്ല..
"ബാലയുടെ അച്ഛന്റെ പണത്തിനും സ്വാധീനത്തിനും മുന്നിൽ മറ്റൊരു കുട്ടിയുടെ ഹൃദയം വിലയ്‌ക്കെടുക്കപ്പെടുക ആയിരുന്നു.
അതേ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ഉള്ള പതിനേഴുകാരന്റെ ഹൃദയം..ബൈക്ക്‌ വാങ്ങിക്കൊടുക്കില്ലെന്ന് പറഞ്ഞ അച്ഛനോടുള്ള വാശിയിൽ കൂട്ടുകാരന്റെ ബൈക്കെടുത്തു പോയി ലോറിക്കടിയിലേക്ക് അറിഞ്ഞോ അറിയാതെയോ പായിച്ച വിഡ്ഢി..
ഒൻപത് ദിവസം വെന്റിലേറ്ററിൽ ആണുള്ളതെന്നു ഡോക്ടർമാർ വരുത്തിത്തീർത്ത ഒരു പയ്യൻ..
സത്യത്തിൽ ഹോസ്പിറ്റലിൽ വന്നു
രണ്ടാം ദിവസം തന്നെ അവന്റെ ഹൃദയം ബാലയുടെ മകൾക്കായി മുറിച്ചുമാറ്റപ്പെട്ടിരുന്നു "..
ബാലയ്ക്ക് തനിക്കുചുറ്റുമുള്ളതെല്ലാം കറങ്ങുന്നതുപോലെ തോന്നി..അവൾ
തളർന്നു കസേരയിലേക്ക് വീണു..
ഒന്നും അറിഞ്ഞിരുന്നില്ല താൻ..
സുദേവിന്റെ മരണത്തിന്റെ ഷോക്കിൽ നിന്നും മുക്തി നേടുമ്പോൾ മോൾക്ക് ഓപ്പറേഷൻ കഴിഞ്ഞിരുന്നു..എല്ലാം അച്ഛൻ അതിന്റെ സമയത്തു ചെയ്തു..മോളുടെ ചെക്കപ്പ് മറ്റു ട്രീറ്റ്മെന്റ്സ്..എല്ലാമെല്ലാം..
കഴിഞ്ഞ ഒരുവർഷത്തോളമായി മോളുടെ സ്വാഭാവത്തിൽ ഉണ്ടായ ചിലമാറ്റങ്ങളാണ് അവൾക്കിഷ്ടപെട്ട ഹിൽസ്റ്റേഷനിലേക്ക് ഒന്ന് മാറാൻ തീരുമാനിക്കാൻ കാരണം തന്നെ..
ബാലയുടെ ചിന്തകളെ കീറിമുറിച്ചുകൊണ്ടു
ശരണിന്റെ ശബ്ദം ഉയർന്നു
"ഇനി പറയാൻ പോകുന്ന കാര്യമാണ് ശ്രദ്ധിച്ചു കേൾക്കേണ്ടത്..
അന്ന് കൊല്ലപ്പെട്ട പയ്യന്റെ മാതാപിതാക്കളുടെ അടുത്തേക്കാണ് സൃഷ്ടിയുടെ ഉപബോധമനസ് ഇടയ്ക്കിടയ്ക്ക് അവളെയും കൊണ്ട്
പോകുന്നത്..അവരുടെ അഡ്രെസ്സ് ആണിതിൽ ..ബാലയ്ക്കു നേരിട്ടു
ചെന്നു ബോധ്യപ്പെടാവുന്നതാണ്..
ബാലയുടെ നടുക്കം പൂർണ്ണമായി..
ശവത്തിന്റേതെന്ന പോൽ വിളറിയ മുഖവുമായി അവൾ കസേരയിൽ
ഇരുന്നു വിയർത്തൊഴുകി..
*** *** ***
മലമുകളിലേക്കുള്ള അവസാനത്തെ
വളവും കഴിഞ്ഞു ബാലയുടെ കാർ "ഇന്ദീവരം"എന്ന് പേരുകൊത്തിവച്ച
ഗേറ്റും കടന്നു പതുക്കെ ഉള്ളിലേക്ക് നീങ്ങി..അവളുടെ ഇടതുവശത്തിരിക്കുന്ന സൃഷ്ടിയിലേക്ക് അറിയാതെ അവളുടെ കണ്ണുകൾ നീങ്ങി..
കണ്ണുകളിൽ ഇതുവരെ
കാണാത്തൊരു തിളക്കവുമായി തല പുറത്തേക്കിട്ടു ചുറ്റും നോക്കുകയാണവൾ..
ആവേശമാണത്.. ഒരുപാട് സ്നേഹിക്കുന്ന ആരെയൊക്കെയോ കാണാനുള്ള ആവേശം..
കണ്ടുമതിയാവാതെ പിരിഞ്ഞുപോകേണ്ടിവന്ന ഒരു
ഹൃദയത്തിന്റെ വേദനയുടെ..
കാത്തിരിപ്പിന്റെ..
അവസാനമെത്തിയ ആവേശം..
അതിദ്രുതം മിടിക്കുന്ന ഹൃദയവുമായി
ബാല ഇന്ദീവരത്തിലേക്ക് കാറോടിച്ചു പൊയ്ക്കൊണ്ടിരുന്നു..ഇനിയെന്തെന്നറിയാത്തൊരു അനിശ്ചിതത്വത്തോടൊപ്പം തന്നെ
അനിർവ്വചനീയമായ ഒരു നിർവൃതിയും
അവളിൽ തുടിച്ചുകൊണ്ടേയിരുന്നു..
By  Vineetha Anil
To read all parts of Pinvili - Click here - https://goo.gl/vtXJt9

വിവാഹത്തിന്റെ ഒൻപതാം നാൾ- Part 2

Image may contain: 1 person

മധുവിധുവിന്റെ ദിനങ്ങളായിരുന്നു നിളയ്ക്കും ദേവനും പിന്നീടങ്ങോട്ട്.
എത്ര കുടിച്ചാലും തീരാത്ത
മുന്തിരി ചഷകം പോലെ
ജീവിതം അവളെ കൊതിപ്പിച്ചുകൊണ്ടേയിരുന്നു.
അലതല്ലിയാൽ തളരാത്ത തിരമാലകളായി ഓരോ
നിമിഷവും ദേവന്റെ കൈകൾ വാരിയണയ്ക്കുമ്പോൾ..ഒരു മണൽത്തരിയായി അവനോട്
ചേരാൻ അവൾ വീണ്ടും വീണ്ടും
വെമ്പൽകൊണ്ടു.
എന്ത് മായയാണ് അവൻ തന്നിൽ പ്രവർത്തിച്ചതെന്ന് തനിച്ചിരിക്കുമ്പോൾ ഉൾക്കുളിരോടെ നിള ഓർക്കാറുണ്ട്.
പ്രണയോന്മാദ നിമിഷങ്ങളിൽ ചെവിയിലമരുന്ന ചൂടുള്ള നിശ്വാസമായി..തളർന്നുറങ്ങുമ്പോൾ കൈകൾക്കുള്ളിലേക്ക് ചേർത്ത് ,നെഞ്ചിലേക്ക് പൊതിഞ്ഞുപിടിക്കുന്ന സ്നേഹമായി,
ചിലനേരങ്ങളിൽ ഒരു കുഞ്ഞിനെപ്പോലെ തന്റെ മടിയിൽ പറ്റിച്ചേർന്നുറങ്ങുന്ന വാത്സല്യമായി, അവളവനെ സ്നേഹിച്ചു,
ആരാധിച്ചു,ഓമനിച്ചു,
പ്രണയകാമനകളിൽ അലിഞ്ഞ വശ്യസുഗന്ധമായി താൻ അവനിൽ ലയിച്ചു തീർന്നിരിക്കുന്നുവെന്നു
ഓരോ നിമിഷവും അവൾ തിരിച്ചറിഞ്ഞുകൊണ്ടേയിരുന്നു.
കാത്തുവമ്മയുടെ ചില നേരത്തെ പ്രവർത്തികളോടുള്ള ഭയം കാരണം
പിന്നീടൊരിക്കൽ പോലും അവൾ ആ വീട്ടിൽ തനിച്ചു നില്ക്കാൻ ഇഷ്ട്ടപ്പെടുകയുണ്ടായില്ല. ദേവനും അവളെ തനിച്ചാക്കിയില്ല.
മൂന്ന് മാസങ്ങൾക്ക് ശേഷം ദേവന് ഒഴിച്ചുകൂടാനാവാത്ത വിദേശയാത്ര വേണ്ടിവന്ന ദിവസമാണ് നിള പിന്നീട് അന്നത്തെ രാത്രിയിലെ ഭയം വീണ്ടുമറിഞ്ഞത്.
രാത്രിഭക്ഷണം കഴിച്ചു അല്പനേരത്തിനകം
കാഴ്ച്ചകൾ മങ്ങിപോകുന്നത് പോലെ തോന്നിയ അവൾ ദേവനെ വിളിക്കാൻ വേണ്ടി ഫോണിനടുത്തേക്ക് നീങ്ങി.
കുഴഞ്ഞുപോകുന്ന കൈകൾ ഉയർത്തി ഫോൺ ഡയൽ ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ അവൾ കുഴഞ്ഞുവീണു. കാത്തുവമ്മ ഓടിവരുന്നത് സ്വപ്നത്തിൽ എന്നപോലെ അവളറിഞ്ഞു.
കണ്ണ് തുറക്കുമ്പോൾ ഇരുട്ടിൽ വൃദ്ധ തന്റെ കാൽക്കൽ ഇരിക്കുന്നത് കണ്ടു അവൾ പിടഞ്ഞെണീറ്റു.
അവർ നിസ്സംഗതയോടെ പറഞ്ഞു.
"ഞാൻ കൂട്ടിയാ കൂടൂല്ല..അതാ ഇവിടെത്തന്നെ കിടത്തിയെ."
നിള ഞെട്ടലോടെ അവർക്കുനേരെ തിരിഞ്ഞു.
"സത്യം പറ.. എന്താ നിങ്ങളെന്റെ ഭക്ഷണത്തിൽ കലർത്തിയത് ?
ഇത്രയും ദിവസം കാത്തത് ഇതിനായിരുന്നു അല്ലെ?"
പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിള ഫോണിനടുത്തേക്ക് നീങ്ങി.
പെട്ടന്നാണ് ആരോ ബെല്ലടിച്ചത്.
"വൈദ്യരാവും .. ഞാനാ വരാമ്പറഞ്ഞതു.."
വൃദ്ധ പിറുപിറുത്തുകൊണ്ട് പോയി ലൈറ്റിട്ടു വാതിൽ തുറന്നു.ഡോക്ട്ടർ ആയിരുന്നു പുറത്തു.മൂന്നാമതൊരാളെ കണ്ടതോടെ നിളയ്ക്ക് ചെറിയൊരു ആശ്വാസം തോന്നി.അവൾ പതുക്കെ കസേരയിലേക്കിരുന്നു.
"എന്തുപറ്റി മോളെ?" എന്ന് ചോദിച്ചുകൊണ്ട് പുഞ്ചിരിയോടെ അയാൾ നിളയുടെ നാഡിമിടിപ്പ് പരിശോധിച്ചു.പ്രാരംഭഘട്ട പരിശോധനകൾക്കു ശേഷം
അയാൾ പറഞ്ഞു.
"എന്റെ ഊഹം ശരിയാണെങ്കിൽ,
ഇതൊരു സന്തോഷവാർത്തയാവും.
ഏതായാലും ദേവൻ വന്നിട്ട് രണ്ടാളും ഹോസ്പിറ്റലിൽ വന്നു ചെക്ക് അപ് ചെയ്യൂ. അതിനുശേഷം മതി ആഘോഷമൊക്കെ."
നിളയിൽ ഒരുൾപ്പുളകമുണ്ടായി.
ദേവേട്ടന്റെ കുഞ്ഞു തന്റെയുള്ളിൽ ജന്മം കൊണ്ടിരിക്കുന്നു.. അവൾ പുഞ്ചിരിയോടെ മുഖമുയർത്തി കാത്തുവമ്മയെ നോക്കി.
ഡോക്റ്ററെ യാത്രയാക്കി തിരിച്ചുവന്ന വൃദ്ധയുടെ മുഖത്തെ കല്ലിച്ചഭാവം അവളെ ഭയചകിതയാക്കി.
"മോളാണെങ്കിൽ നമുക്ക് ഗൗരി
എന്ന് പേരിടാം കാത്തുവമ്മേ"..
വൃദ്ധ അവിശ്വസനീയമായ എന്തോ കേട്ടതുപോലെ തലയുയർത്തി അവളെ നോക്കി. പിന്നെ നിഷേധാർത്ഥത്തിൽ തലയാട്ടി.
"ദേവൻകുഞ്ഞിനു ഇഷ്ടാവില്ല,..
സമ്മതിക്കില്ല.."
വൃദ്ധയുടെ അപ്പോളത്തെ ഭാവം നിളയ്ക്ക് കൗതുകകരമായി തോന്നി.
അവൾ പുഞ്ചിരിയോടെ തുടർന്നു.
"ഗൗരിയെ ദേവേട്ടന് വല്യ ഇഷ്ടമായിരുന്നു കാത്തുവമ്മേ..
തീർച്ചയായും സമ്മതിക്കും"
"പിന്നെന്തിനാണ് കൊന്നുകളഞ്ഞത്?"
നിമിഷനേരം കൊണ്ടാണ് വൃദ്ധ ചോദിച്ചത്.നിള അമ്പരന്നുപോയി.
"അതിനു, ഗൗരി മരിക്കുമ്പോൾ ദേവേട്ടൻ ഇവിടെയില്ലായിരുന്നല്ലോ..?"
അവൾ വിക്കി...വിക്കി..മെല്ലെപ്പറഞ്ഞു.
"ആരുപറഞ്ഞു..?"
വൃദ്ധയുടെ കണ്ണുകളിലെ ഭാവം കണ്ടു നിളയ്ക്ക് ഭയം തോന്നി.
"ഞാൻ കണ്ടതാണ് ..പുലർച്ചെ കാർ പോണത്..ചെവി ശരിക്ക് കേൾക്കില്ലെങ്കിലും കാഴ്ചയ്ക്ക് ഒരു കുറവുമില്ലെനിക്ക്."
ചെവിയടച്ചു ആരോ അടിച്ചതുപോലെ തോന്നി നിളയ്ക്ക്. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് തേങ്ങിക്കരച്ചിലോടെ വൃദ്ധ അടുക്കളയിലേക്ക് നടന്നുപോകുന്നതും നോക്കി നിള
കസേരയിൽത്തന്നെ മരവിച്ചിരുന്നു.
ഒറ്റക്കുതിപ്പിന് അവൾ ബെഡ്റൂമിന് നേർക്ക് ഓടി. അന്ന് രാത്രി ദേവേട്ടൻ തന്നെ കാണിച്ച ഗൗരിയുടെ ആത്മഹത്യാക്കുറിപ്പ്..അതിവിടെ എവിടെയോ ആണ് വച്ചതെന്ന് നല്ല ഓർമ്മയുണ്ട്.പക്ഷെ മണിക്കൂറുകളോളം അന്വേഷിച്ചിട്ടും അവൾക്കത് കിട്ടിയില്ല.. ഒടുവിൽ തളർന്നു നിലത്തിരിക്കുമ്പോൾ കാത്തുവമ്മയുടെ വാക്കുകൾ വീണ്ടും വീണ്ടും അവളുടെ ചെവിയിൽ അലയടിച്ചു..
ഗൗരിയെ...ദേവേട്ടൻ...?
ദേവേട്ടനായിരിക്കുമോ...?
ദേവന്റെ കാർ മതില്കെട്ടിനുള്ളിലേക്ക് കയറിവരുന്നത് മട്ടുപ്പാവിൽ നിന്ന് നിളയ്ക്ക് കാണാമായിരുന്നു. പതിവിന് വിപരീതമായി അവൾ അവിടെത്തന്നെ ഇരുന്നു.ചുമലിൽ അവന്റെ കരങ്ങൾ പതിക്കും വരെ.
"എന്താണെന്റെ നിളാദേവിക്ക്
ഇന്നൊരു മൗനം?"
അവളുടെ കഴുത്തിൽ താടിയുരസിക്കൊണ്ട് അവൻ പതുക്കെ ചെവിയിൽ മന്ത്രിച്ചു.
സാധാരണ ഇക്കിളി കൊണ്ട് പിടഞ്ഞുചിരിക്കുന്ന അവളിലെ നിസ്സംഗത അവനെ അതിശയിപ്പിച്ചു..
അരക്കെട്ടിലൂടെ കൈചുറ്റി അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തണച്ചു കൊണ്ട് അവൻ വീണ്ടും എന്തോ ചോദിക്കാനാഞ്ഞു. അതിനു മുൻപേ നിളയിൽ നിന്ന് ചോദ്യമുയർന്നു.
"അന്ന് ഗൗരി മരിച്ച രാത്രിയിൽ ദേവേട്ടൻ ഇവിടെ വന്നത് എന്തിനാണ് ?"
ചേർത്തണച്ച അവന്റെ നെഞ്ചിടിപ്പ് കൂടുന്നതും ഇറുകെപ്പുണർന്ന വിരലുകൾ അയഞ്ഞുപോകുന്നതും അവൾ അറിയുന്നുണ്ടായിരുന്നു.
ഒരു വിതുമ്പലോടെ അവൾ ദേവന്റെ നേർക്ക് തിരിഞ്ഞു.
"എന്നോട് കള്ളം പറയരുതേ ദേവേട്ടാ..
സഹിക്കാനാവില്ലെനിക്ക്. ജീവൻ കളയും ഞാനീ മുന്നിൽത്തന്നെ. അത്രയേറെ സ്നേഹിച്ചുപോയി"
വെറും നിലത്തു തലകുനിച്ചിരിക്കുന്ന ദേവന്റെ അരികിൽ മുട്ടുകുത്തി ഇരുന്നു അവൾ..പതുക്കെ ചുമലിൽ കൈവച്ചു...മുഖം കൈകളിൽ താങ്ങി ദേവൻ പതുക്കെ പറഞ്ഞു.
"ഞാനായിട്ട് ചെയ്തതല്ല .."
"ഗൗരിയുടെ കാമുകന്റെ മരണം അവളെക്കാൾ മുന്നേ ഞാനറിഞ്ഞിരുന്നു. പൂർണ്ണഗർഭിണി
ആയ അവൾക്കത് താങ്ങാനായില്ലെങ്കിലോ
എന്നുകരുതി ഞാൻ വീട്ടിലേക്ക് പോയില്ല. ആരോ വിളിച്ചു
പറഞ്ഞു വിവരമറിഞ്ഞ
അവൾ എന്നോട് ചെല്ലാൻ പറഞ്ഞതനുസരിച്ചാണ് അന്ന് രാത്രി വൈകിയിട്ടും ഞാനെത്തിയത്."
"കുളപ്പടവിൽ തനിച്ചിരിക്കയായിരുന്നു
അവളപ്പോൾ. പറഞ്ഞുവന്നപ്പോൾ അവളെ അറിയിക്കാതെ ഞാൻ മറച്ചുവച്ചത് എന്റെ സ്വാർത്ഥത എന്ന രീതിയിലായിരുന്നു അവളുടെ സംസാരം. കാരണം അവൻ വരുന്നതിന്റെ തലേന്നും
അവളോട് ഞാൻ യാചിച്ചിരുന്നു
"എന്നെ വിട്ടു പോകാതിരിക്കാൻ."
അതുകൊണ്ടാവാം, ഒരു
ഭ്രാന്തിയെ പോലെയായിരുന്നു
അവളുടെ ഓരോ വാക്കും പ്രവർത്തിയും. "
"കുളത്തിലേക്കിറങ്ങുന്ന പടവിന്റെ മുകളിൽ വച്ച ശില്പമെടുത്തു എന്നെ അടിക്കാൻ ശ്രമിച്ചതാണവൾ.
പ്രതീക്ഷിച്ച നീക്കമായതുകൊണ്ട് ഞാൻ മാറിക്കളഞ്ഞു. അത് അവളുടെ ശരീരം പ്രതീക്ഷിച്ചിരുന്നില്ല. എന്റെ മുന്നിലൂടെയാണ് അവൾ തെറിച്ചു വെള്ളത്തിലേക്ക് വീണത്.
പടവിൽ തലയടിച്ചാണ് കിടന്നിരുന്നത്.
മരിച്ചു എന്നാണ് എനിക്ക് തോന്നിയത്.
അപ്പോളുള്ള ഭയത്തിൽ എത്രയും പെട്ടന്ന് രക്ഷപ്പെടാനാണ് എനിക്ക് തോന്നിയത്. "
"പക്ഷെ,പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നപ്പോളാണ് അറിഞ്ഞത് അവൾ വെള്ളം കുടിച്ചാണ് മരിച്ചതെന്ന്"
നിലത്തിരുന്നു ദേവൻ വിങ്ങി വിങ്ങി കരഞ്ഞുകൊണ്ട് പിറുപിറുത്തു.
"വേണന്നു വച്ചിട്ടല്ല..സത്യം...
ഒടുവിൽ രണ്ടാമത് വന്നുകയറിയവൾ പാതിയിൽ തീർന്നപ്പോൾ എന്റെ ശിക്ഷ തീർന്നെന്നു കരുതി...പക്ഷെ.."
നിളയ്ക്ക് ലോകം തനിക്കു ചുറ്റും കറങ്ങുന്നത് പോലെ തോന്നി.
ദേവേട്ടൻ ഒരു കൊലപാതകി ആയിരുന്നു എന്നത് അവളുടെ ഹൃദയത്തിനു എത്ര ശ്രമിച്ചിട്ടും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല.
"നിനക്ക് നിന്റെ ഇഷ്ടം പോലെ
ചെയ്യാം നിളാ..
ഞാൻ ചോദ്യം ചെയ്യില്ല..
കാരണം,എനിക്കതിനുള്ള അവകാശമില്ല"
ഒരുപാട് സമയത്തിനുശേഷം
മരവിച്ച സ്വരത്തിൽ ദേവൻ
പറയുന്നത് ഏതോ ഗുഹയിൽ നിന്നെന്നവണ്ണം അവൾ കേട്ടു..
******* ******* ********
നേരം പുലർന്നുവരികയാണ്..
നിള പതുക്കെ കണ്ണുകൾ തുറന്നു.
എപ്പോളാണ് ഇന്നലെ ഉറങ്ങിയതെന്ന് അവൾ ഓർക്കാൻ ശ്രമിച്ചു.. കരഞ്ഞുകരഞ്ഞു എപ്പോളോ കണ്ണടഞ്ഞുപോയി. അവൾ
ചുറ്റും നോക്കി. ദേവേട്ടൻ..?
കാൽക്കലായി മടിയിൽ തലചായ്ച്ചു തന്റെ പാദങ്ങളിൽ കൈകൾ ചേർത്തണച്ചു ഒരു കുഞ്ഞിനെപ്പോലെ ശാന്തനായി ഉറങ്ങുന്ന ദേവനെ നോക്കിനിൽക്കെ അവളിൽ ഒരുപാട് ചിന്തകൾ ഇളകിമറിഞ്ഞു.
അറിയാതെ ചെയ്ത ഒരു പാപത്തിന്റെ പേരിൽ ദേവേട്ടനെ നിയമത്തിനു മുന്നിലേക്ക് വിട്ടുകൊടുത്താൽ?
കാത്തുവമ്മയും ഇതേ തെറ്റു ചെയ്തിട്ടുണ്ടാവില്ലേ?കൊല്ലണമെന്ന് വിചാരിച്ചിട്ടുണ്ടാവില്ലെങ്കിലും നന്ദയെ ഭയപ്പെടുത്തി മരണത്തിലേക്ക് നയിച്ചത് അവർ തന്നെയല്ലേ?
ദേവന്റെ മുടിയിൽ അവൾ പതുക്കെ കൈവച്ചു. ഞെട്ടി കണ്ണുതുറന്ന അയാൾ അവളുടെ കണ്ണുകളിലേക്ക് ദയനീയമായി നോക്കി.. അയാളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് തന്റെ പാദങ്ങളിൽ പിടിച്ചിരിക്കുന്ന അവന്റെ കൈകൾ കൈകളിൽ കോർത്തെടുത്തു തന്റെ വയറിലേക്ക് ചേർത്തണച്ചുകൊണ്ട് അവൾ പതുക്കെപ്പറഞ്ഞു.
"നമുക്കിവളെ ഗൗരി എന്ന് വിളിക്കാം"
ദേവന്റെ കണ്ണുകൾ അതിശയവും സന്തോഷവും കൊണ്ട് നിറഞ്ഞുതുളുമ്പുന്നത് കണ്ടപ്പോൾ അവൾക്ക് തോന്നി ,
ഇതാണ് ...,
ഇതുമാത്രമാണ് ശരി..
ഗൗരിയുടെ ആത്മാവ് പൊറുക്കട്ടെ.
പ്രണയിച്ച പുരുഷനുവേണ്ടി ജീവിതം
ഹോമിച്ച അവൾക്ക് മനസിലാകും
തന്റെ മനസ്.
കണ്ണീർ പുഞ്ചിരിയോടെ അവനെ മാറിലേക്ക് ചേർത്തണച്ചു കൊണ്ട് അവൾ നെറ്റിയിൽ മൃദുവായി ചുംബിച്ചു.പുറകിൽ ചായയുമായി വന്നുനിന്ന വൃദ്ധ പതുക്കെ ചായ വച്ചിട്ട് തിരിഞ്ഞുനടന്നു. അവരുടെ മുഖത്തു
വേദനയിൽ കുതിർന്നതെങ്കിലും നിർവൃതിയുടേതായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

The End
വിനീത അനിൽ

വിവാഹത്തിന്റെ ഒൻപതാം നാൾ - Part 1

Image may contain: 1 person

ഇന്നാണ് ആ ദിവസം.
കാത്തുവമ്മ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ ഈ രാത്രി തന്റെ അവസാനരാത്രി ആയിരിക്കും. ഓർക്കുംതോറും നിളയുടെ ഉള്ളിൽ എന്തോ കിടുങ്ങിവിറച്ചു. ഭയം അതിന്റെ പാരമ്യതയിൽ എത്തിയത് കൊണ്ടാവാം കണ്ണീർ പോലും വരുന്നില്ല.അവൾ ചെവിയോർത്തു.. ഇല്ല കരച്ചിൽ കേൾക്കുന്നില്ല. സമയമാകുന്നേയുള്ളു.
മട്ടുപ്പാവിലെ പേരറിയാത്ത വള്ളിപ്പടർപ്പിന്റെ ചുവട്ടിലെ ഊഞ്ഞാൽക്കട്ടിലിൽ തളർന്ന
മനസും ദേഹവുമായി ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം അവൾ
താഴേക്ക് നോക്കിയിരുന്നു.
സന്ധ്യ ആവുന്നേയുള്ളു.
എന്നിട്ടും വഴിയെല്ലാം കോടമഞ്ഞു മൂടിത്തുടങ്ങിയിരിക്കുന്നു.
അല്ലെങ്കിലും ഇങ്ങോട്ടാര് വരാൻ.?
അഞ്ചേക്കർ വനത്തിനുള്ളിൽ
ഒരു കരിങ്കൽകൊട്ടാരം.
വിവാഹദിവസം ആദ്യമായി ഈ
വീട് കണ്ടപ്പോൾ ഭയം മാത്രമാണ് തോന്നിയത്.
വലിയ ഗേറ്റ് കടന്നു പത്തു മിനിറ്റോളം നിഗൂഢ വനത്തിനുള്ളിലൂടെ ഒരുപാട് വള്ളിപ്പടർപ്പും പലവിധ വൃക്ഷങ്ങളും നിറഞ്ഞ ഒരു വഴിത്താരയും കടന്നു. കരിങ്കൽ ചുവരുകളിൽ പോലും കടുംപച്ച വള്ളികൾ പടർന്നുകയറിയ ഇരുണ്ട ഒരു ബംഗ്ലാവ്. ചുറ്റോടുചുറ്റും പലവിധ സസ്യങ്ങൾ, പുറകുവശത്തായി നിറയെ ആമ്പലുകൾ വിടർന്ന ചെറിയ കുളം.
ഇരുപത്തിയെട്ടു മുറികളുണ്ട് ഈ ബംഗ്ലാവിനെന്നു കാത്തുവമ്മയാണ് പറഞ്ഞുതന്നത്. ഈ വീട്ടിൽ തങ്ങളെക്കൂടാതെ ആകെയുള്ളൊരു മനുഷ്യജീവി. വയസ് നൂറു കടന്നിട്ടുണ്ടാവാം.ബ്ലൗസ് ഇടാറില്ല.
ഉണങ്ങിച്ചുരുണ്ട വളഞ്ഞ ദേഹവുമായി
കാതിലെ തോട ആട്ടി പ്രത്യേക രീതിയിലുള്ള സംസാരവുമായി അവർ തന്നെ ചുറ്റിപ്പറ്റിനിന്നു.
ആദ്യരാത്രിയിൽ അവർ തന്നെ ചേർത്തുപിടിച്ചു പറഞ്ഞത് ഇപ്പോളും ചെവിയിൽ മുഴങ്ങുന്നു.
"പാലും പഞ്ചാമൃതോം ഒന്നും
വേണ്ട മോളെ..പോയിക്കിടന്നോളുക... ന്നുവച്ചാ പക ഇല്ലാണ്ടിരിക്ക്യോ..? നിറഗർഭിണിയുടെ ആത്മാവല്ലേ..
അതിന്റെ തെളിവാണ്
കഴിഞ്ഞപ്രാവശ്യം കണ്ടത്..
കൃത്യം ഒൻപതാം നാൾ തീർന്നില്ലേ.. അന്നത്തോടെയാണ്
വല്യ കുളം മൂടിയത്.
എട്ടുമാസം ഗർഭിണിയായ ആദ്യഭാര്യയും പിന്നീട് വിവാഹം
ചെയ്ത രണ്ടാം ഭാര്യ അന്നേക്ക്
കൃത്യം ഒൻപതാം ദിനവും ദുർമ്മരണമടഞ്ഞുപോയ ഒരാളുടെ മൂന്നാം ഭാര്യയെന്ന സ്ഥാനം എന്നല്ലാതെ മറ്റു വിവരങ്ങൾ ഒന്നും തനിക്കറിയില്ലായിരുന്നു.
അത് ചിറ്റമ്മയുടെ പദ്ധതിയാവാം.
അവർക്കും മക്കൾക്കും ജീവിതം സുരക്ഷിതമായല്ലോ.
എത്രയാണെന്നറിയില്ല.
എങ്കിലും ദേവനാരായണനെന്ന
തന്റെ ഭർത്താവ് നല്ലൊരു തുക തന്നെയാണ് വാഗ്ദാനം ചെയ്തതെന്ന് ചെറിയമ്മയുടെ അമിത സ്നേഹത്തിൽ മനസിലാക്കാവുന്നതേ
ഉണ്ടായിരുന്നുള്ളു.
ആദ്യഭാര്യയുടെ ആത്മാവിന്റെ പക അടങ്ങുവാൻ വേണ്ടിയാണത്രെ കഴിഞ്ഞ എട്ടു ദിനങ്ങളായി താൻ അനുഷ്ഠിക്കുന്ന വ്രതങ്ങളൊക്കെ. ഇന്നത്തെ ദിവസം കടന്നുകിട്ടിയാൽ പിന്നീടൊന്നും പേടിക്കാനില്ലെന്നാണത്രെ പ്രശ്നത്തിൽ തെളിഞ്ഞത്.
പക്ഷെ, മനസ്സിൽ എപ്പോളും തെളിഞ്ഞു നിൽക്കുന്നത് ഗർഭിണിയായിരിക്കെ കുളത്തിൽ വീണു മരിച്ച ആദ്യഭാര്യയല്ല. വിവാഹത്തിന്റെ ഒൻപതാം നാൾ അതേ കുളത്തിൽ വീണുമരിച്ച രണ്ടാം ഭാര്യയാണ്.അവളുടെ നിലവിളിയാണ് രാത്രികളിൽ ചെവിയിൽ നിറയുന്നത്. രാത്രിയിൽ എപ്പോളോ വീണുമരിച്ചത് ആരുമറിയാതെ പിറ്റേന്ന് വൈകുന്നേരം ബിസിനസ് ടൂർ കഴിഞ്ഞു ദേവനാരായണൻ വരും വരെ ആ കുളത്തിൽ വീർത്തു മരവിച്ചു കിടന്ന പാവം പെണ്ണ്.
ആരോ നടന്നുവരുന്നുണ്ട് . നിള ചിന്തയിൽ നിന്നുണർന്നു. കാത്തുവമ്മയാണ്. പ്രാഞ്ചിപ്രാഞ്ചി
ചുക്കിച്ചുളിഞ്ഞ തോടയും മുലകളുമാട്ടി അവരടുത്തേക്ക് വരുമ്പോൾ അവൾക്ക് ശ്വാസം മുട്ടി.
"മുടി ഇങ്ങനെ അഴിച്ചിടാതെ കുട്ട്യേ..
കെട്ടിവച്ചിട്ട് പൂജാമുറിയിൽ പോയിരുന്നു ജപിച്ചോളൂ. ഇന്നത്തെ ദിവസം കൂടി കഴിഞ്ഞുകിട്ടാൻ."
"ജപിച്ചാൽ രക്ഷപ്പെടുമെന്ന് ഉറപ്പൊന്നുമില്ലല്ലോ "?
കാത്തുവമ്മ തിരിഞ്ഞു നിളയെ നോക്കി. നിസ്സഹായതയും ഭയവും അലയടിക്കുന്ന വിടർന്ന കണ്ണുകൾ.
അഗ്നിയിൽ വീണ ഈയലിന്റെ അവസ്ഥയാണ് അവൾക്കിപ്പോൾ എന്ന് തോന്നി അവർക്ക്.
"ദൈവത്തെക്കാൾ വലുതല്ലല്ലോ ഒരാത്മാവും." അവരൊന്നു നിർത്തി.
പിന്നെ ദീർഘനിശ്വാസം വിട്ടുകൊണ്ട് തുടർന്നു.
"എന്തൊരു പ്രസരിപ്പായിരുന്നെന്നോ ഗൗരിമോൾക്ക് , എട്ടുമാസം
നിറഞ്ഞ വയറും താങ്ങി ഈ വീട് മൊത്തം ചിരിച്ചുകളിച്ചങ്ങനെ നടക്കുന്നത് ഇപ്പോളും കണ്മുന്നിലുണ്ട് . അന്നും ദേവൻകുഞ്ഞു ഇതുപോലെ ടൂറിലായിരുന്നു.പുലർച്ചെ ഞാനാണ് ആദ്യം കുളത്തിൽ എന്റെ
മോളുടെ ശവം കണ്ടത്."
ഒന്നു ശ്വാസമെടുത്തു അവർ വിങ്ങിക്കരഞ്ഞു. കണ്ണീരൊഴുകുന്ന
മുഖമുയർത്തി വീണ്ടും തുടർന്നു.
"പിന്നെ രണ്ടുവർഷം... അതിനു ശേഷമാണ് നന്ദക്കുഞ്ഞു വന്നത്.
ഒൻപതുനാൾ കടക്കില്ലെന്നു പ്രശ്നത്തിൽ തെളിഞ്ഞിരുന്നു.
അതുപോലെതന്നെ നടന്നു.
പിന്നീടൊരു വിവാഹത്തിന് ദേവൻ കുഞ്ഞു തയ്യാറാവുമെന്നു ആരും കരുതിയതല്ല. വീണ്ടുമൊരു പരീക്ഷണം
കൂടി വിധിച്ചിട്ടുണ്ടാവാം. "
പടിയിറങ്ങിപോകുന്ന വൃദ്ധയെ നോക്കി
തളർന്ന മനസോടെ നിള പൂജാമുറിയിലേക്ക് നടന്നു. നാളെ നേരം പുലരുമ്പോളേ തന്റെ വ്രതം കഴിയൂ. ജീവനോടെയുണ്ടെങ്കിൽ നാളെ വൈകുന്നേരം കാണാം ദേവേട്ടനെ.
വിവാഹത്തിന്റെ രണ്ടാംനാൾ വരെ അദ്ദേഹം ബംഗ്ലാവിലുണ്ടായിരുന്നു.
തനിക്ക് വ്രതമായതിനാൽ രാത്രിയിൽ കിടപ്പറയിലേക്ക് വരാറില്ലെങ്കിലും
സ്നേഹം നിറഞ്ഞ നോട്ടവും കരുണയുള്ള പുഞ്ചിരിയും കുഞ്ഞുകുഞ്ഞു സംസാരങ്ങളുമായി ഇടയ്ക്കിടെ അടുത്തുവന്നിരിക്കും.
കാത്തുവമ്മ ശ്രദ്ധിക്കുമ്പോൾ ഒരു ചിരിയോടെ എണീറ്റ് പുറത്തേക്ക് നടക്കും. പിന്നീട് ഒരാഴ്ച്ചത്തേക്കുള്ള ബിസിനസ്
ടൂറിനു പോയതാണ് .
നാളെ വൈകുന്നേരത്തേക്ക് എത്തുമെന്ന് അല്പം മുന്നേ വിളിച്ചപ്പോൾ പറഞ്ഞത്രേ.
ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ...
**** ***** *****
ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. എപ്പോളാണ് ഉറങ്ങിപ്പോയത്? പൂജാമുറിയിലെ ഒറ്റത്തിരിയുടെ വെളിച്ചമേയുള്ളു മുന്നിൽ. ബാക്കിയെല്ലായിടത്തും കൂരിരുട്ടാണ്. പുറത്തു മഴ കോരിച്ചൊരിയുന്നുണ്ട്. ആഞ്ഞുവീശിയ കാറ്റിൽ ഏതോ
ജനൽപ്പാളി വന്നടിച്ച ശബ്ദം
കാതിൽ മുഴങ്ങി..
നിള വിറയ്ക്കുന്ന പാദങ്ങൾ പെറുക്കിവച്ചു വാതിൽക്കലേക്ക് നീങ്ങി., ശരിയാണ്..
ഒരു സ്ത്രീശബ്ദം പതംപറഞ്ഞു ഏങ്ങിയേങ്ങി കരയുന്നുണ്ട്. കാത്തുവമ്മയെ വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.
ഇടനാഴിയുടെ അങ്ങേയറ്റത്ത് ആരോ നിൽക്കുന്നത്പോലെ തോന്നി നിളയ്ക്ക് . വിറയ്ക്കുന്ന പാദങ്ങൾ പിറകിലേക്ക് പെറുക്കിവച്ചു ബാൽക്കണിയിലേക്കുള്ള വാതിൽക്കലേക്ക് നീങ്ങിയവൾ.
ആ വാതിൽ ആരാണ് തുറന്നിട്ടത്?
പെട്ടന്നാണ് ഇടനാഴിയിലെ നിഴൽ തനിക്കുനേരെ വേഗത്തിൽ നടന്നടുക്കുന്നത് അവൾ കണ്ടത്.
അലറിക്കരഞ്ഞുകൊണ്ടു അവൾ തുറന്നുകിടന്ന വാതിലിലൂടെ ബാൽക്കണിയിലേക്ക് ഓടി. ഊഞ്ഞാൽ കട്ടിലിന്റെ അരികിലൂടെ പടർന്നുകയറിയ വള്ളിപ്പടർപ്പിൽ കാൽ കുരുങ്ങി ആരോ വലിച്ചെറിഞ്ഞെന്ന
പോലെ അവൾ ബാൽക്കണിയുടെ കൈവരികൾക്കരികിലേക്ക് നെഞ്ചിടിച്ചു വീണു. കോരിച്ചൊരിയുന്ന മഴത്തുള്ളികൾ അവളുടെ കണ്ണീരിനൊപ്പം കലർന്നൊഴുകി.
അവൾ തിരിഞ്ഞുനോക്കി ഇടിമിന്നലിന്റെ വെളിച്ചത്തിൽ വ്യക്തമായി കാണാം
ആ നിഴൽ വാതിൽക്കൽ എത്തിക്കഴിഞ്ഞിരിക്കുന്നു.
നിള കൈവരിയിൽ പിടിച്ചു തിരിഞ്ഞുനോക്കി. ഇരുട്ടിൽ ഒന്നും വ്യക്തമല്ല. ഒറ്റച്ചാട്ടത്തിൽത്തീരും. മൂന്നാം നിലയിൽനിന്ന് താഴെ എത്തുന്നസമയം മതിയാകും. ചിതറിത്തീർന്നുകിട്ടും എല്ലാം.
പിന്നീട് ആരെയും ഭയക്കേണ്ട..
ചിറ്റമ്മയെ.. ദുരാത്മാക്കളെ.. ആരെയും ഭയക്കേണ്ടിനി.. ആവേശം
സിരകളിൽ നിറയുന്നു...
ഒരടികൂടി പിന്നിലേക്ക് കാൽവച്ചവൾ തിരിഞ്ഞുനോക്കി.അതടുത്തേക്ക്
വരികയാണ്...
"നിളേ"..
കിണറ്റിനുള്ളിൽ നിന്നെന്നപോലെ
ആരോ വിളിക്കുന്നു.
അവൾ പതുക്കെ കണ്ണ് തുറന്നു.
ആട്ടുകട്ടിലിലാണ് താൻ, കത്തിച്ചുവെച്ച ലാമ്പിന്റെ വെളിച്ചത്തിൽ കണ്ടു. അടുത്തിരുന്നു മുടിയിൽ തലോടുന്ന ദേവേട്ടനെ.,അപ്പോൾ..ആ നിഴൽ..
അവൾ ചാടിയെണീറ്റു..
"എനിക്കറിയാമായിരുന്നു. ഇന്ന്
ഞാനിവിടെ ഉണ്ടാവേണ്ട ആവശ്യം.
അതുകൊണ്ടുതന്നെയാണ് ആരോടും പറയാതെ പുറപ്പെട്ടത്.കാറിന്റെ മുന്നിൽ മരം പൊട്ടിവീണത് കാരണം നടക്കേണ്ടിവന്നു . അതാണ് വൈകിയത്.. കുറെവിളിച്ചിട്ടും തുറക്കാഞ്ഞിട്ടു എന്റെ കയ്യിലുള്ള
താക്കോൽ വച്ചാണ്
അകത്തു കയറിയത്. "
പച്ചമുള ചീന്തും പോലെ നിള പൊട്ടിക്കരഞ്ഞു.നിശബ്ദനായി ദേവൻ അവളെ തന്നോട് ചേർത്തണച്ചു.
നാലായിമടക്കിയ ഒരു കടലാസ്സ് അവളുടെ കൈക്കുള്ളിലേക്ക് വച്ചു അയാൾ.
"ഇതൊരു ആത്മഹത്യ കുറിപ്പാണു.,
എന്റെ ആദ്യഭാര്യ ഗൗരിയുടെ,. ഒരിക്കലും ആരെയും കാണിക്കില്ലെന്നു തീരുമാനിച്ചതാണ് ഞാൻ. പക്ഷെ..
നീയിത് കണ്ടില്ലെങ്കിൽ നിന്നെയും
എനിക്ക് നഷ്ടപ്പെടും..
എല്ലാവരും മനസിലാക്കി വച്ചത് പോലെ വിവാഹം കഴിഞ്ഞു
ഒൻപതാം മാസം ഗൗരി മരിക്കുമ്പോൾ
അവളുടെ വയറ്റിലെ കുഞ്ഞിന് എട്ടു മാസമായിരുന്നില്ല വളർച്ച.
ഒൻപത് മാസമെത്തിയ പൂർണ്ണവളർച്ചയെത്തിയ കുഞ്ഞിനേയും കൊണ്ടാണ്
അവൾ ആത്മഹത്യ ചെയ്തത്.
കാരണം ഒന്നേയുണ്ടായിരുന്നുള്ളു.
അവൾ കാത്തിരുന്ന അവളുടെ കുഞ്ഞിന്റെ അച്ഛൻ അവളെയും കുഞ്ഞിനേയും കൊണ്ടുപോകാനുള്ള വരവിനിടയിൽ അപകടമരണമടഞ്ഞു.
അതവളെ തളർത്തിക്കളഞ്ഞു.
അന്ന് ഞാനുണ്ടായിരുന്നെങ്കിൽ..
സംഭവിക്കില്ലായിരുന്നു ആ ആത്മഹത്യ. കാരണം അത്രയും നാൾ ഒരു വിഡ്ഢിയെപ്പോൽ അവളുടെ ഭർത്താവായി ജീവിച്ചു ജീവിച്ചു അവളെ ഞാൻ
സ്നേഹിച്ചു തുടങ്ങിയിരുന്നു."
"അപ്പോൾ..രണ്ടാമത് വിവാഹം കഴിച്ച നന്ദ?"
നിള അറിയാതെ ചോദിച്ചുപോയി..
"എനിക്കറിയില്ല അവൾക്കെന്താണ് സംഭവിച്ചതെന്ന്. ഞാൻ വരാൻ വൈകിയിരുന്നെങ്കിൽ നിന്റെ അവസ്ഥ ഇപ്പോൾ എന്തായേനെ ?അതുപോലെയാവാം അവൾക്കും സംഭവിച്ചത്"..
"പക്ഷെ ..ആരോ കരയുന്നത്
ഞാൻ കേൾക്കാറുണ്ട് ദേവേട്ടാ..പാതിരയാവുമ്പോൾ.."
നിള ഭയത്തോടെ ദേവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചുരുണ്ടുകൂടി.
"അത് കാത്തുവമ്മയാണ് നിളാ..
ഗൗരി അവളുടെ കൊച്ചുമകളായിരുന്നു. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചാണ് മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞിട്ടും ഞാനവളെ വിവാഹം ചെയ്തത്."
നിളയ്ക്ക് നട്ടെല്ലിനുള്ളിലൂടെ ഒരു വിറയൽ കടന്നുപോയി....
ഗൗരിയെപ്പറ്റി പറയുമ്പോളുള്ള വൃദ്ധയുടെ കണ്ണുകളിലേ തിളക്കം രക്തബന്ധത്തിന്റേതായിരുന്നുവോ?
ദേവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പതുക്കെ തുടർന്നു.
"അവർക്കീലോകത്തിൽ ആകെയുണ്ടായിരുന്ന
ബന്ധുവായിരുന്നു ഗൗരി.
അവളുടെ മരണം അവരെ തളർത്തിക്കളഞ്ഞു. പകൽ മൊത്തം ഇങ്ങനെ നടക്കും. രാത്രികളിൽ
തനിച്ചിരുന്നു കരയും...പാവം.."
നിളയിൽനിന്ന് ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു. പതുക്കെ അവൾ ആ കത്ത് ദേവന്റെ കൈകളിലേക്ക് വച്ചുകൊടുത്തു.
"നമുക്ക് റൂമിലേക്ക് പോകാം ദേവേട്ടാ..
ഇനിയെനിക്കിതു വായിക്കേണ്ട.
ദേവേട്ടൻ ഉണ്ടല്ലോ എന്റെ കൂടെ.
അതുമതിയെനിക്ക്"...
പുഞ്ചിരിയോടെ ദേവൻ കുനിഞ്ഞു അവളെ കൈകളിൽ വാരിയെടുത്തു.
ലജ്ജാവിവശയായി തന്റെ മാറിൽ മുഖമണച്ചു പറ്റിച്ചേർന്ന അവളുടെ പൂവുടൽ ഒന്നുകൂടി തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ടു അയാൾ ഇടനാഴിയിലേക്കിറങ്ങി അവരുടെ കിടപ്പുമുറിയിലേക്ക് നടന്നുനീങ്ങി.
ഇടനാഴിയുടെ അങ്ങേയറ്റത്ത്, കട്ടപിടിച്ച ഇരുട്ടിൽ , ചെറിയൊരു വളവുള്ളൊരു മനുഷ്യരൂപം അവരെ ശ്രദ്ധിച്ചു നിക്കുന്നുണ്ടായിരുന്നു.
വെറുപ്പും പകയും ഇച്ഛാഭംഗവും നിറഞ്ഞ അവരുടെ കണ്ണുകൾ ആ ഇരുട്ടിലും ജ്വലിച്ചുനിന്നു....

To be continued - Part 2 in two hours in Nallezhuth Page and Website
വിനീത അനിൽ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo