Showing posts with label ReshmaVaishakathil. Show all posts
Showing posts with label ReshmaVaishakathil. Show all posts

ഗോതമ്പ് മണികള്‍

By: 
Reshma Vaishakathil

പണ്ടെന്നോ കേട്ടു മറന്ന ഒരു കഥയാണ്‌.... 
പക്ഷേ ജീവിതത്തില്‍ എപ്പോളും മനസ്സില്‍ കാത്തു വയ്ക്കുന്ന ഒരു നല്ല തിരി നാളമാണ് ഈ കഥ...
സമൃദ്ധിക്കായി എപ്പോളും ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്ന ഒരു യുവാവ്‌ ഉണ്ടായിരുന്നു.. ഒരിക്കല്‍ ഈശ്വരന്‍ അയാളെ ഒരു ഗോതമ്പ് വയലില്‍ എത്തിച്ചു...ഈശ്വരന്‍ അയാളോടു പറഞ്ഞു നിനക്ക് ഇഷ്ടം ഉള്ള ഒരു ഗോതമ്പ് കതിര്‍ നിനക്കു പറിച്ചെടുക്കാം.. വയലിനു ഉള്ളില്‍ പ്രവേശിച്ചാല്‍ നിനക്ക് തിരികെ നടന്നു വരാന്‍ സാധിക്കില്ല.. മുന്‍പിലേക്ക് മാത്രമേ നിനക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരിക്കു...
വെറും ഒരു ഗോതമ്പ് കതിരാണോ ഈശ്വരന്‍ എനിക്കു സമൃദ്ധിക്കായി തരുന്നത് എന്ന പോലുള്ള നൂറായിരം സംശയങ്ങളുമായി അയാള്‍ ഗോതമ്പ് വയലില്‍ പ്രവേശിച്ചു...
അയാളുടെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു ഗോതമ്പ് മണികള്‍ എല്ലാം സ്വര്‍ണ മണികള്‍ അയാള്‍ അത്ഭുതത്തോടെ മുന്നോട്ട് നടന്നു.. മുന്‍പിലേക്ക് ചെല്ലും തോറും ഗോതമ്പ് മണികളുടെ വലുപ്പം വര്‍ധിച്ചു വരുന്നതായി അയാള്‍ കണ്ടു... അയാള്‍ കരുതി ഈശ്വരന്‍ ഒരു കതിര്‍ പറിച്ചെടുക്കാന്‍ ആണു പറഞ്ഞത് മുന്‍പോട്ടു ചെന്നു നോക്കാം അപ്പോള്‍ ഏറ്റവും വലുത് കിട്ടും.. അതു തന്നെ എടുക്കാം അയാള്‍ മുന്‍പിലേക്ക് നടന്നു.. ഗോതമ്പ് മണികളുടെ വലുപ്പം കൂടി. കൂടി വന്നു.. അയാള്‍ ആര്‍ത്തിയോടെ മുന്നിലേക്ക്‌ നടന്നു.. പെട്ടന്നു ഒരു കാര്യം അയാളുടെ ശ്രദ്ധയില്‍ പെട്ടു ഗോതമ്പ് കതിരുകള്‍ ഇട കലര്‍ന്നു നില്‍ക്കുന്നു ചെറുതും വലുതുമായി...
അയാള്‍ വീണ്ടും മുന്നിലേക്ക്‌ നടന്നു ... അവസാനം വയലിന്‍റെ അതിരില്‍ എത്തി.. കൂട്ടത്തില്‍ ഏറ്റവും ചെറിയ ഗോതമ്പ് മണികള്‍ അവസാനത്തില്‍ നിന്നതായിരുന്നു.. വേദനയോടെ അയാള്‍ തിരിഞ്ഞു നോക്കി.. തിരികെ നടക്കാന്‍ ശ്രമിച്ചു സാധിക്കുന്നില്ല..അയാള്‍ അവസാനത്തെ ചെറിയ ഗോതമ്പ് മണികള്‍ പറിച്ചെടുത്തു വയലിനു പുറത്തു കടന്നു....
പലപ്പോഴും നമ്മളും ഇതു പോലെ തന്നെയാണ് കൈയിലെ മാണിക്യകല്ലിനെ തിരിച്ചറിയാതെ കാക്കപൊന്നു തേടി അലയും.. അല്ലെങ്കില്‍ എത്ര കിട്ടിയാലും തൃപ്തിപ്പെടാത്ത മനസുമായി അലഞ്ഞു നടക്കും...


എന്‍റെ പിഴ എന്‍റെ വലിയ പിഴ

By: Reshma vaishakhathil
സ്കൂള്‍ വിട്ടു കൂട്ടുകാര്‍ക്കൊപ്പം സ്കൂള്‍ബസിലേക്ക്കയറാന്‍ തുടങ്ങിയപ്പോള്‍ ചിന്നമ്മു എന്ന പിന്‍വിളി കേട്ടു ഞാന്‍ തിരിച്ചു നോക്കി
കൈയില്‍ നീണ്ട ഒരു കുടയും പിടിച്ചു മുത്തശന്‍ നില്കുന്നു പാതി കഷണ്ടി കയറിയ മുടിയും മുട്ടറ്റം തെറുത്തു കയറ്റിയ ഷര്‍ട്ടും.. ചുറ്റുമുള്ള കൂട്ടുകാരെ നോക്കി ഞാന്‍ മെല്ലെ മുത്തശന്‍റെ അടുത്തേക്ക് നടന്നു..
അനുവാദം ചോദിക്കാതെ മുത്തശന്‍എന്‍റെ കൈ പിടിച്ചു മുന്നോട്ടു നടന്നു
“ഞാന്‍ ബസില്‍ വന്നോളാം”
മുത്തശന്‍ രൂക്ഷമായി എന്നെ നോക്കി.. എന്‍റെ പുറത്തു കിടന്ന ബാഗ്‌ ഊരി വാങ്ങാന്‍ നോക്കി
“വേണ്ട ഞാന്‍ പിടിച്ചോളാം” മുത്തച്ഛന്‍ ഒന്നും മിണ്ടാതെ നടന്നു
മുത്തശന്‍ എന്നെ ഒരു ചായ കടയിലേക്ക് ആണ് കൊണ്ടുപോയത്
“പങ്കജക്ഷാ.. രണ്ടു ബോണ്ടയും പാലും വെള്ളവും”
“എനിക്ക് വേണ്ട ”
മുത്തശന്‍വീണ്ടും എന്നെ രൂക്ഷമായി നോക്കി
ചായകടക്കാരന്‍ കൊണ്ടു വന്നു വച്ച പത്രത്തില്‍ ഇരുന്നു എണ്ണയില്‍ മുങ്ങി തോര്‍ന്ന ബോണ്ട എന്നെ ഇളിച്ചു കാണിച്ചു.. എന്‍റെ മുഖത്ത് ഉയര്‍ന്നു വരുന്ന എണ്ണ കുരുക്കളെ പറ്റി ഭയത്തോടെ ഓര്‍ത്തു..
മുത്തശന്‍റെ കല്‍പനയ്ക്കു മുമ്പില്‍ മിണ്ടാതെ ഞാന്‍ അതു കഴിച്ചു.
“ചിന്നമ്മു അങ്ങ് വലിയ ആളായി പോയല്ലോ ഭാസ്കരന്‍ചേട്ടാ.... ഇപ്പൊ ഈ വഴിക്കൊന്നും വരാറില്ല”
വലിയ തമാശ പറഞ്ഞ പോലെചായകടക്കാരന്‍ കുലുങ്ങി ചിരിച്ചു ഒപ്പം മുത്തശനും..
പത്രത്തില്‍ ഇരിക്കുന്ന ബോണ്ടകള്‍ പൊട്ടിചിരിക്കുന്ന അയാളുടെ വായില്‍ കുത്തി കയറ്റണം എന്നു തോന്നി എനിക്കു..
“ഇല്ല.. പങ്കജാക്ഷ... അവള്‍ ഇപ്പോള്‍ 10 ക്ലാസ്സിലാ പഠിക്കുന്നെ.. ഒത്തിരി പഠിക്കാന്‍ ഉണ്ട്.. ക്ലാസ്സില്‍ ഫസ്റ്റ് അവള്‍ക്കാ..” മുത്തശന്‍ അഭിമാനത്തോടെ പറഞ്ഞു
ഞാന്‍ തല ഉയര്‍ത്തി ആരെടാ എന്ന ഭാവത്തില്‍ ആ കടക്കാരനെ നോക്കി.. അയാള്‍ പുഞ്ചിരിയോടെ എന്നെ നോക്കി..
വൈകിട്ട് വീട്ടില്‍എത്തിയപ്പോള്‍ തന്നെ അമ്മയ്ക്കു മുന്നില്‍എന്‍റെ പരാതികള്‍ തുറന്നു.. ഏറ്റവും വലിയ നാണക്കേടു സ്കൂളില്‍ വച്ചു ചിന്നമ്മു എന്നു ഉറക്കെ വിളിച്ചു ഇനി എല്ലാവരും എന്നെ കളിയാക്കും.. അതും പോരാഞ്ഞിട്ട് ആ വൃത്തികെട്ട ചായ കടയില്‍ കൊണ്ടു പോയി
അമ്മ എല്ലാം പുഞ്ചിരിയോടെ കേട്ടു... അമ്മ എന്‍റെ പരാതികള്‍ വേണ്ടത്ര ഗൌരവത്തില്‍ എടുക്കുന്നില്ല എന്നതില്‍ എനിക്കു നല്ല അമര്‍ഷം ഉണ്ടായി
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും മുത്തശന്‍ സ്കൂളില്‍ നില്‍ക്കുന്നത് കണ്ടു.. വേഗം ആരും കാണാതെ ഞാന്‍ ഒളിച്ചു ഞാന്‍ ബസില്‍ കയറി ഏറ്റവും പിന്നിലത്തെ സീറ്റില്‍ പോയിരുന്നു.. ബസ്‌ സ്റ്റാര്‍ട്ട്‌ ആയി.. ഞാന്‍ ബസിന്‍റെ പിന്നിലത്തെ ഗ്ലാസ്സിലൂടെ മുത്തശനെ നോക്കി..
മുത്തശന്‍ ഒരോ കുട്ടികള്‍ പോകുമ്പോളും നോക്കുന്നു പിന്നെ ധൃതി പിടിച്ചു സ്കൂളിനുള്ളിലേക്ക് നടന്നു..
ഒരു വിജയിയെ പോലെ തുള്ളിച്ചാടിയാണ് ഞാന്‍ വീട്ടിലേക്ക്‌ ചെന്നത്..
കുറച്ചു സമയം കഴിഞ്ഞു വിയര്‍ത്തു കുളിച്ചു വെപ്രാളത്തോടെ മുത്തശന്‍ എത്തി..
കിതപ്പോടെ അമ്മയോട് എന്നെ തിരക്കി.. ഞാന്‍ വീട്ടില്‍ എത്തിയെന്ന് അറിഞ്ഞപ്പോള്‍ ആ കണ്ണില്‍ നക്ഷത്രങ്ങള്‍ തിളങ്ങി.. നെടുവീര്‍പ്പോടെ തിണ്ണയില്‍ ഇരുന്നു
“ഞാന്‍ വല്ലാതെ ഭയന്നു മോളെ... എന്തൊക്കെ വാര്‍ത്തകളാണ് പത്രത്തില്‍ വരുന്നത്”
മുത്തശന്‍ അമ്മയോടു പറഞ്ഞു.. അമ്മ അകത്തേക്കു വന്നു എന്നോട് ചോദിച്ചു
“മുത്തശനെ ഒളിച്ചാണോ നീ വന്നത്”
ഞാന്‍ ഒന്നും മറുപടി പറയാതെ നിന്നു.. അമ്മ രൂക്ഷമായി എന്നെ നോക്കി എന്നിട്ട് ഒന്നും മിണ്ടാതെ അടുക്കളയിലേക്കു നടന്നു..
പിന്നിടുള്ള ദിവസങ്ങളില്‍ ഒന്നും എന്നെ കാത്തു മുത്തശന്‍ സ്കൂളില്‍ നിന്നില്ല.. എന്തെന്നില്ലാത്ത കുറ്റബോധം എന്‍റെ മനസ്സില്‍ നിറഞ്ഞു...
എനിക്കുള്ള ബോണ്ടയും പരിപ്പ് വടയും പൊതികളായി മുത്തശന്‍ വീട്ടില്‍ എത്തിച്ചു... കുറ്റബോധത്തിന്‍റെ ആഴങ്ങളിലേക്ക് ഞാന്‍ ഊളി ഇട്ടു പാഞ്ഞു..
തീരെ കുട്ടിയായിരുന്നപ്പോള്‍ മുത്തശന്‍ വാങ്ങി തന്ന ബോണ്ടയും പഴം പൊരിയും എന്‍റെ നാവിനു നനവേകിയതും .. അത് കൊണ്ടു വരുന്നതും കാത്തു ഞാന്‍ നില്‍ക്കുമായിരുന്നു മുത്തശന്‍റെ കൈയില്‍ തൂങ്ങിയാണ് ഈ ലോകത്തെ പരിചയപെട്ടതും.. എങ്കിലും മുത്തച്ഛന്റെ വയോധികതയെ അന്ഗീകരിക്കാന്‍ എന്‍റെ ചപലമായ കൌമാരത്തിനു ആയില്ല.. ഈ ചപലതയുടെ അന്ധതയില്‍ മുത്തശന്‍റെ തേജസ്സും ഓജസ്സും ഞാന്‍ മറന്നു...
വാര്‍ധക്യം എന്നതു അറിവിന്‍റെ പൂര്‍ണതയാണ് അതിന്‍റെ പരമപദത്തിലേക്ക് എത്താനായി സ്വയമുരുകി ഒരു പ്രകാശ നാളമായി അവര്‍ അണയും... മരണം തിരുത്തപെടാന്‍ കഴിയാത്ത പാഠമാണ് ഒരോ തലമുറയ്ക്കും അവര്‍ നടന്നകന്ന വഴികളിലൂടെ അവരുടെ കാല്‍പാട് പിന്തുടര്‍ന്ന് ഞാനും വഴിയെരെ പിന്നിടണം.... ഈ അറിവുകള്‍ എന്നിലേക്ക്‌ പ്രവഹിക്കാന്‍ കാലം എന്ന ഗുരുവിനെ എനിക്കു വേണ്ടി വന്നു
മുത്തശന്‍ ഒരു ഓര്‍മയായി എന്‍റെ മുന്നില്‍ കിടക്കുന്നു.. ഇനി ഈ നന്മ മരത്തിന്‍റെ തണലും ചൂടും എനിക്കില്ല..
മുന്നില്‍ കത്തിച്ചു വച്ച വിളക്കു അണഞ്ഞു എങ്കിലേ നമുക്കു ചുറ്റുമുള്ള അന്ധകാരത്തിന്‍റെ കാഠിന്യം നമുക്കു തിരിച്ചറിയു...

By: 
Reshma Vaishakathil

നഞ്ഞാമുഞ്ഞ

നാട്ടിലെ പേരു കേട്ട തറവാട്ടിലെ മൂത്ത പുത്രന്‍ ആരുന്നു കുഞ്ഞികൃഷ്ണന്‍... വീട്ടില്‍ എല്ലാരും ഒരു വിധം നല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍.
സ്ഥലത്തെ കുട്ടി രാഷ്ട്രിയക്കാര്‍ മുതല്‍ ഒരു MLA വരെ കുഞ്ഞികൃഷ്ണന്‍റെ
ബന്ധുക്കള്‍ ആണ്.. കുട്ടിക്കാലത്ത് ഈ രാഷ്ട്രിയ മുത്തശന്മാരുടെയും ചേട്ടന്മാരുടെയും പരിലാളനത്തിലും രാഷ്ട്രിയ ടംബിലും ആരുന്നു കുഞ്ഞികൃഷ്ണന്‍റെ വളര്‍ച്ച..
പഠിക്കാന്‍ ബഹുമിടുക്കന്‍ ആയതു കൊണ്ടും തന്‍റെ ഭാവി രാഷ്ട്രിയത്തില്‍ ശോഭിക്കും എന്നു ഉറപ്പുള്ള കൊണ്ടും പത്താം ക്ലാസ്സില്‍ കുഞ്ഞികൃഷ്ണന്‍ പഠിത്തം അവസാനിപ്പിച്ചു....പാര്‍ട്ടി പ്രവര്‍ത്തനം സജീവമായി മുന്നോട്ട് പോയി നിലകണ്ണാടിയില്‍ സ്വയം നോക്കി ഭാവി MLA യെയും മുഖ്യമന്ത്രിയെയും കുഞ്ഞികൃഷ്ണന്‍ സ്വപ്നം കണ്ടു...
പണിക്കു ഒന്നും പോകാതെ സുലഭമായി തിന്നു നടക്കുന്ന കുഞ്ഞികൃഷ്ണന്‍ വീട്ടുകാര്‍ക്ക് കുഞ്ഞു അല്ലാത്ത വലിയ ഭാരമായി തുടങ്ങി...
കുഞ്ഞികൃഷ്ണന്‍റെ രാഷ്ട്രിയഭാവിയെയും അതു സാരമായി തന്നെ ബാധിച്ചു... പാര്‍ട്ടി പിരുവുകള്‍ക്കും മറ്റും പണമില്ലാത്ത കുഞ്ഞികൃഷ്ണന്‍ പിണമായി തന്നെ മാറി...
അങ്ങനെ സ്ഥലത്തെ കുട്ടി നേതാവ് അമ്മാവന്‍ വഴി ഒരു ഹോട്ടല്‍ ജീവനക്കാരന്‍ ആയി കുഞ്ഞികൃഷ്ണന്‍ മാറി.. ആദ്യമൊന്നും വലിയ കുഴപ്പം അവനു തോന്നിയില്ല പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ളതും തന്‍റെ സ്വകാര്യ ചിലവിനുള്ള പണവും അവനു കിട്ടിതുടങ്ങി..
എതിര്‍ പാര്‍ട്ടിക്കാരനു വേണ്ടി മേശ തുടയ്ക്കേണ്ടി വന്നത് കുഞ്ഞികൃഷ്ണനില്‍ വലിയ അഭിമാനക്ഷതം സൃഷ്ടിച്ചു...
തന്‍റെ മുതലാളി രണ്ടോ മൂന്നോ വള്ളത്തില്‍ കാലും കൈയും ഒരേ സമയം വച്ചു തുഴയുന്നവന്‍ ആണെന്ന നഗ്നസത്യം അവന്‍ മനസിലാക്കി.. കുഞ്ഞികൃഷ്ണന്‍റെ മനസിലേറ്റ മുറിവിന്‍റെ വേദനയിലോ പഴുപ്പിലോ.. കുഞ്ഞികൃഷ്ണന്‍ തന്‍റെ ജോലി വലിച്ചെറിഞ്ഞു.. പിന്നെയും അലഞ്ഞു തിരിയുന്ന കുഞ്ഞികൃഷ്ണന്‍ കേള്‍ക്കെ തന്നെ അച്ഛന്‍ തന്‍റെ അമര്‍ഷങ്ങള്‍ വാക്കുകളിലൂടെയും പുച്ഛം നിറഞ്ഞ ചിരിയിലൂടെയും അറിയിച്ചു...
അമ്മയുടെ ആവലാതികള്‍ കാരണം അമ്മാവന്‍റെ രൂപത്തില്‍ ദൈവം അവനു വീണ്ടും പ്രത്യക്ഷന്‍ ആയി.. ഇത്തവണ ഒരു ബസിലെ കണ്ടക്ടര്‍ പണിക്കു അവനെ ചേര്‍ത്തു.. ദേഹം അധികം അനങ്ങാതെ തരുണിമണികള്‍ക്കിടയിലൂടെ ഉള്ള സഞ്ചാരപഥത്തിലുള്ള ജോലി അവനു നന്നേ രസിച്ചു..
ഇടയ്ക്ക് അവന്‍റെ സുഹൃത്തുക്കളും അവന്‍റെ ബസില്‍ ഫ്രീയായി സഞ്ചരിച്ചു പോണു... അവന്‍റെ സുഹൃത്തുകളില്‍ ആരോ ബസില്‍ കയറിയ ഒരു തരുണിമണിയെ തോണ്ടിയതിന്‍റെ അമര്‍ഷം അവള്‍ അവന്‍റെ മുഖത്ത് അടിച്ചു തീര്‍ത്തു.. പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം കുഞ്ഞികൃഷ്ണന്‍റെ ചെവിയിലും എത്തി.. സുഹൃത്തിനെ തല്ലിയത് മാത്രമേ അവന്‍ കണ്ടുള്ളൂ തല്ലിയത് എന്തിനാന്നു അവനു അറിയില്ല.. കാരണം തിരക്കല്‍ മലയാളിയുടെ രക്തത്തില്‍ ഇല്ലാത്തതു കൊണ്ട് അവര്‍ കാരണം തിരക്കിയില്ല.... കുഞ്ഞികൃഷ്ണനും മറ്റു സുഹൃത്തുകളും അവളെ തെറി പറഞ്ഞു കണ്ണ് പൊട്ടിച്ചു വിട്ടു...
കരഞ്ഞു കൊണ്ടു പോയ പെണ്‍കുട്ടി അച്ഛനൊപ്പം പോലീസില്‍ പരാതി നല്‍കി.. കുഞ്ഞികൃഷ്ണന്‍റെ ബസ്‌ അടക്കം പോലീസ് പിടിച്ചെടുത്തു..
പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആണ് പെണ്ണ്കേസാണെന്ന് കുഞ്ഞികൃഷ്ണന്‍ അറിഞ്ഞത് തന്നെ..
ബസ്‌ഉടമ വരെ പോലീസ് സ്റ്റേഷനില്‍ എത്തി..കുനിഞ്ഞ ശിരസുമായി അമ്മാവനും.. ഒടുവില്‍ പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞു അവരെ വിട്ടയച്ചു.. ഒരു മാസം മുമ്പ് ശമ്പളം നല്‍കി ബസ്‌ മുതലാളി കുഞ്ഞികൃഷ്ണനെയും പറഞ്ഞയിച്ചു...
ഇതു വരെ ഇതു പോലൊരു നാറ്റ കേസില്‍ പെട്ടിട്ടില്ലന്നു അമ്മാവന്‍ അമ്മയോടും അച്ഛനോടും കടുപ്പത്തില്‍ തന്നെ പരാതി പറഞ്ഞു.. ഇവനു വേണ്ടി ഇനി എന്‍റെ മുന്നില്‍ വരരുതെന്ന് അമ്മയ്ക്കു പ്രത്യേക ദയാഹര്‍ജിയും അമ്മാവന്‍ സമര്‍പ്പിച്ചു... തന്‍റെ മന്ത്രിയെന്ന സ്വപ്നം തകര്‍ന്നു അടിഞ്ഞു തരിപ്പണം ആകുന്നത്‌ കുഞ്ഞികൃഷ്ണന്‍ കണ്ടു..
അച്ഛന്റെ കുത്തുവാക്കുകള്‍ കൂടി കൂടി വന്നു..
നാട്ടിലും വീട്ടിലും കുഞ്ഞികൃഷ്ണന് സമാധാനം ഇല്ലാതെ ആയി..
അങ്ങനെയാണ് കുഞ്ഞികൃഷ്ണന്‍റെ ബാല്യകാലസുഹൃത്ത്‌ ദുബായില്‍ നിന്നു ലീവില്‍ എത്തിയത്.. അവന്‍ കുഞ്ഞികൃഷ്ണനു ഫോറിന്‍ പെര്‍ഫ്യൂം.. ഫോറിന്‍ സോപ്പ്.. ഫോറിന്‍ വാച്ച്.. എന്നിവ സമ്മാനമായി നല്‍കി.. ദുബായ് എന്ന സ്വര്‍ഗഭൂമിയെ പറ്റി കുഞ്ഞികൃഷ്ണന്‍റെ മനസില്‍ ആ സമ്മാനങ്ങള്‍ ഒരു ചില്ലു കൊട്ടാരം തീര്‍ത്തു...
വര്‍ണഭാളമായ ആ സ്വപ്നഭൂമി അവനും കൊതിച്ചു... ഊണിലും ഉറക്കത്തിലും എല്ലാം ദുബായ് എന്ന സ്വര്‍ഗം തോല്‍ക്കും നഗരമായി... അങ്ങനെ വിസ ഒപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ ആയി കുഞ്ഞികൃഷ്ണന്‍.. അവസാനം തന്നെ കൈ വിട്ട അമ്മാവന്‍റെ അടുക്കലേക്കു വീണ്ടും അവന്‍ അമ്മയെ അയച്ചു.. നേര്‍പെങ്ങളുടെ കണ്ണീരിനു മുന്നില്‍ അമ്മാവന്‍ മൂക്കും കുത്തി വീണു..
അങ്ങനെ കുഞ്ഞികൃഷ്ണനു പാസ്പോര്‍ട്ട്‌ എടുത്തു.. ഒരു ഏജന്‍സിയില്‍ വിസയ്ക്കുള്ള വേണ്ടിയുള്ള ശ്രമവും തുടങ്ങി... അമ്മയുടെ സ്വര്‍ണവും പണവും എല്ലാം വിസയ്ക്കു വേണ്ടി മുങ്ങി പോയി..
അവസാനം കുഞ്ഞികൃഷ്ണന് വിസ എത്തി.. നാട്ടുകാര്‍ മുളച്ചു വരുന്ന ആ പുത്തന്‍ ഗള്‍ഫുകാരനെ ആരാധനയോടെ നോക്കി.. പാര്‍ട്ടിക്കാരും നാട്ടുകാരും കുടുംബക്കാരും ആഘോഷപൂര്‍വ്വം കുഞ്ഞികൃഷ്ണനെ യാത്രയാക്കി.. വിമാനത്തിലെ സുന്ദരികളെ കണ്ടു കുഞ്ഞികൃഷ്ണന്‍റെ കണ്ണുകള്‍ വിടര്‍ന്നുനിന്നു.. നാട്ടില്‍ തലയില്‍ എണ്ണക്കുടം കമിഴ്ന്ന പോലുള്ള തവിട്ടു നിറമുള്ള സുന്ദരിമാരെ പുച്ഛത്തോടെ ഓര്‍ത്തു..
ദുബായിലെ വലിയ കെട്ടിടങ്ങള്‍ അത്ഭൂതത്തോടെ അയാള്‍ നോക്കി കണ്ടു.. ഇതിലേതു കെട്ടിടത്തില്‍ ആകും തന്‍റെ വാസം.. എല്ലാം അത്ഭൂതത്തോടെ നോക്കുന്ന കുഞ്ഞികൃഷ്ണനോട് എജെന്റ് പറഞ്ഞു
“ഇവടെ AC ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല...നമ്മുടെ നാട് പോലല്ല.. ഒരിക്കലും കറണ്ട് പോകില്ല..”
“ഏതു കമ്പനിയിലാ എനിക്കു ജോലി”
കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.. ആ ചോദ്യം കേട്ട് എജന്റ്റ് ഒന്നു പുഞ്ചിരിച്ചു. പിന്നെ ഒന്നും അവര്‍ സംസാരിച്ചില്ല
വലിയ കെട്ടിട സമുച്ചയങ്ങള്‍ അവസാനിക്കാറായി.. മുന്നോട്ട് പോകും തോറും ചെറിയ തെരുവുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി..
ഇടുങ്ങിയ തെരുവിലൂടെ ഒരു കെട്ടിടത്തിലേക്ക് അവര്‍ കയറി.. അവിടെഒരു കുടുസു മുറിയില്‍ ഇരുനില കട്ടിലുകള്‍ അതില്‍ ഒന്നില്‍ കുഞ്ഞികൃഷ്ണന്‍റെ ബാഗ്‌ വച്ചിട്ട് എജന്റ്റ് പറഞ്ഞു
“ഇതാണ് നിങ്ങള്‍ടെ മുറി.. ബാകിയുള്ളവര്‍ പണി കഴിഞ്ഞു വരും”
കുഞ്ഞികൃഷ്ണന്‍ പകപ്പോടെ ചുറ്റും നോക്കി
വീട്ടിലെ വിറകു പുരയ്ക്ക് ഇതിലും വലുപ്പം ഉണ്ടാകും...
അയാള്‍ ആ മുറിയില്‍ ഒറ്റയ്ക്ക് ഇരുന്നു വലിയ ശബ്ദത്തോടെ റൂമിലെ പഴകിയ ഫാന്‍ കറങ്ങി
വൈകിട്ട് കുറച്ചു ആളുകള്‍ മുറിയിലേക്ക് വന്നു അതില്‍ 4 മലയാളികളും 2 ഹിന്ദിക്കാരും ആരുന്നു.
പിറ്റേന്ന് തന്നെ കുഞ്ഞികൃഷ്ണന്‍ പണിക്കിറങ്ങി.. പൊരി വെയിലത്തു കെട്ടിടം പണി..
സ്വര്‍ഗത്തിനുള്ളില്‍ ഒരു നരകം ഉണ്ടെന്നു കുഞ്ഞികൃഷ്ണനു മനസിലായി
ദിവസങ്ങള്‍ക്കു ഒപ്പം കുഞ്ഞികൃഷ്ണന് യൌവനത്തില്‍ തന്നെ വാര്‍ധക്യം എത്തി.. തൊലി ചുക്കി ചുളിഞ്ഞു കറുത്ത നിറമായി..2 വര്‍ഷം കൊണ്ട് 60 വയസില്‍ അയാള്‍ എത്തപ്പെട്ടു,,,
ഇനി തിരിച്ചു ഈ നരകത്തിലേക്ക് ഇല്ല എന്ന ഉറപ്പില്‍ അയാള്‍ നാട്ടിലേക്ക് വിമാനം കയറി..
വീട്ടിലെത്തിയ കുഞ്ഞികൃഷ്ണന്‍റെ യൌവനത്തിലെ വാര്‍ധക്യം കണ്ടു അമ്മയുടെ കണ്ണില്‍ നിന്നു ചുടു ചോര ചീന്തി... കളഞ്ഞുപോയ എന്തോ തിരികെ കിട്ടിയ പോലെ അവര്‍ അവനെ ചുറ്റിപറ്റി നിന്നു...
2വര്‍ഷം കൊണ്ട് നാട് ഒരുപാടു മാറിമറിഞ്ഞു...പുരോഗമനം കേരളത്തെയും ബാധിച്ചിരിക്കുന്നു....
നാട്ടില്‍ വന്നപ്പോള്‍ പറ്റികൂടിയവര്‍ കൈയില്‍ ഒന്നും ഇല്ലാന്ന് അറിഞ്ഞപ്പോള്‍ ചിറകടിച്ചു അകലേക്ക്‌ പോയി.. ജീവിതം മുന്നോട്ട് പോകണം അതിനൊരു ജോലി അനിവാര്യമാണ് എന്ന തിരിച്ചറിവിലേക്ക് അയാള്‍ എത്തപ്പെട്ടു...
പക്ഷെ ഇപ്പോള്‍ കേരളത്തില്‍ മലയാളികളെക്കാള്‍ കൂടുതല്‍ ബംഗാളികള്‍ ആണെന്ന നഗ്നസത്യം കുഞ്ഞികൃഷ്ണന്‍ അറിഞ്ഞു ഇപ്പോള്‍ പാര്‍ട്ടിക്കു ജാഥ പോകുന്നതു തുടങ്ങി എല്ലാ ജോലികളും ബംഗാളികള്‍ ഏറ്റെടുത്തു.. ഉപ്പ് കറികള്‍ക്ക് എന്ന പോലെ എല്ലായിടത്തും ബംഗാളികള്‍...
എന്തിനുഏറെ പറയുന്നു ഈ ഓണത്തിന് മഹാബലി ആയതു വരെ ഒരു ബംഗാളിയായിരുന്നു എന്ന സത്യം കുഞ്ഞികൃഷ്ണന്‍ അറിഞ്ഞു..പണ്ടു ജോലി ചെയ്ത ഹോട്ടലും ബസും എല്ലാം ബംഗാളികള്‍ കൈയടക്കിയിരുന്നു.. കേരളത്തില്‍ തെങ്ങ് കയറുന്നത് വരെ ബംഗാളികള്‍..
നാട്ടിലുള്ള ബംഗാളികള്‍ മുന്‍പ് കണ്ടു പരിചയം ഇല്ലല്ലോടാ എന്ന ഭാവത്തില്‍ കുഞ്ഞികൃഷ്ണനെ നോക്കി.. ആയിടയ്ക്ക് സ്വന്തം വീട്ടില്‍ കിണറു തേകാന്‍ വന്നത് വരെ ബംഗാളികള്‍... കാരണം തിരക്കിയപ്പോള്‍ അച്ഛന്‍ പറഞ്ഞു “മലയാളികള്‍ കൂലി കള്ളന്മാരാടാ ഇവന്മാര്‍ക്ക് ആണേല്‍ നേര്‍ പകുതി കൂലി കൊടുത്താല്‍ മതി ”...
സ്വന്തമായ സ്വന്തമല്ലാത്ത നാട്ടില്‍ ഒരു ജോലി വിദൂര സ്വപ്നം ആണെന്ന തിരിച്ചറിവില്‍ അയാളെത്തി... നാട്ടില്‍ ഉള്ള കോടാനുകോടി തൊഴില്‍രഹിതരായ യുവാക്കളുടെ കൂട്ടത്തിലെ പുതിയ അംഗം ആയി ആയാലും മാറി... അപ്പോളും ഒരു സംശയം..
കോടിക്കണക്കിനു മലയാളികള്‍ക്ക് തൊഴില്‍ ഇല്ലാത്ത ഈ നാട്ടില്‍ എങ്ങനെയാണു ഈ ബംഗാളികള്‍ ജോലി കണ്ടെത്തുന്നത്...

by: 
Reshma Vaishakathil

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo