Showing posts with label PremMadhusudanan. Show all posts
Showing posts with label PremMadhusudanan. Show all posts

വിഹാരങ്ങൾ.

 


കവാടത്തിലെ സൂര്യജാലകത്തിലൂടെ ചൈത്യഗ്രഹം എന്നറിയപ്പെടുന്ന പ്രാർത്ഥന മുറിയിലേക്ക് വെളിച്ചം വീണുകിടന്നിരുന്നു. മുകളിലെ മേൽക്കൂരയിലെ വിവിധ കൊത്തുപണികളുടെ ഭംഗി നോക്കി കുറച്ചുനേരം നിന്നു. പിന്നെ സാവധാനം പുറത്തേക്കിറങ്ങി.

സർ ഇവിടെ മുൻപ് വന്നിട്ടുണ്ടോ?
മുരളിയുടെ ചോദ്യത്തിൻ്റെ മറുപടി വെറുതെ ഒരു ചിരിയിലൊതുക്കി തലയാട്ടി.
പ്രവേശനകവാടത്തിലെ ടിക്കറ്റ് കൗണ്ടറിനു മുൻപിലെ തിരക്കിനെ നോക്കിനിൽക്കുമ്പോൾ അയാൾ ഗുഹയുടെ ചരിത്രം പറഞ്ഞു.
ബുദ്ധമതത്തിൻ്റെ ഹീനാ യണഘട്ടത്തിൽ പണികഴിപ്പിച്ചതാണ് ഒറ്റപാറയിൽ തുരന്ന ഇതിലെ പതിനാറ് ഗുഹകൾ. ചെറിയ പതിനഞ്ചു ഗുഹകൾ വിഹാരങ്ങൾ എന്ന സന്യാസിമാരുടെ പ്രാർത്ഥനാമുറികളാണ്.
ഹോട്ടലിലെ മാനേജരാണ് സ്ഥലം കാട്ടിത്തരുവാൻ മുരളിയെ ഏർപ്പാടാക്കിയത്.
സ്റ്റുഡിയോ അപ്പാർട്ടുമെൻ്റിലെ ഏഴാമത്തെ നിലയിലുള്ള മുറിയിൽ മൂന്നുദിവസത്തെ താമസത്തിനുശേഷം, ഉച്ചയ്ക്ക് മുൻപേ ചെക്ക്ഔട്ട് ചെയ്തിറങ്ങുമ്പോൾ കാറുമായി അയാൾ പുറത്തു കാത്തുനിന്നിരുന്നു. പിൻസീറ്റിൽ ഒന്നും മറന്നിട്ടില്ലെന്ന് തിട്ടപ്പെടുത്താൻ കണ്ണടച്ചിരിക്കുമ്പോൾ അയാളുടെ ചോദ്യം ഉയർന്നു.
ഫ്ളെയ്റ്റ് രാത്രിയിലല്ലേ സർ ?
രാത്രി എട്ടിന് ചെക്കിൻ ചെയ്യണം.അതുവരെ...
പിന്നിലേക്കോടുന്ന പച്ചപ്പുകളിൽ വാക്കുകൾ മുറിഞ്ഞു. പിന്നെ പറഞ്ഞു.
കർലഗുഹകൾ ആദ്യം. അതുകഴിഞ്ഞ് ലോനാവാലയിലെ അസ്തമയനം.
ആവർത്തിക്കപ്പെടുന്ന ജീവിത ക്കാഴ്ചകൾ. തണുത്ത കാറ്റിൻ്റെ തലോടലുകൾ.
ആ പഴയ മുഖം .
വിടർന്ന വലിയ കണ്ണുകൾ . മേൽചുണ്ടിന് മുകളിലെ ചെറിയ കറുത്ത മറുക്. കൈ കുടഞ്ഞ് വാ പൊത്തിയമർത്തുന്ന ചിരികൾ.
മുകളിലേക്കുള്ള പടികൾ കയറിത്തുടങ്ങുമ്പോൾ സ്വയം പറഞ്ഞു.
ഓർമ്മകളുടെ കൽപടവുകളിൽ വർഷങ്ങൾക്കുശേഷം
ഇതാ വീണ്ടും...
വെയിലിറങ്ങിനിന്ന മരച്ചില്ലകൾക്കപ്പുറം കൂർത്തു നിൽക്കുന്ന വലിയ പാറയ്ക്കരുകിൽ നിന്ന് താഴ്വാരങ്ങളിലേക്ക് നോക്കി.
അകലെ തിരികെയെത്തുന്നവരെ പ്രതീക്ഷിച്ച് ഗ്രാമം കാത്തിരിക്കുന്നു.
പുറംമതിലുകൾ അലങ്കരിച്ചിരുന്ന കൊത്തുപണികളിലേക്ക് തിരിഞ്ഞുനോക്കി പടികളിറങ്ങുമ്പോൾ ചോദിച്ചു.
മൂന്നുറിലധികം പടികൾ അല്ലേ?
മുരളി തിരുത്തി . മൂന്നൂറ്റിയമ്പത് പടികൾ. ഇറങ്ങുന്നത് പാർക്ക് ഏരിയയിലേക്കാണ്.കയറ്റത്തെക്കാൾ പ്രയാസം ഇറക്കമാണ്. ഒരു ചെറിയ ചിരിയോടെ അയാൾ തുടർന്നു.
ഇവിടെ പണ്ട് രാജകുമാരിയെ പ്രണയിച്ച പ്രജയെ
ചങ്ങലയ്ക്കിട്ടു കാരാഗ്രഹത്തിലടച്ചു.പിന്നീട് ഈ ഗുഹകൾ കുറ്റവാളികൾക്ക് ശിക്ഷ നൽകുന്ന ഇടമായി . ചങ്ങലയിട്ട തടവുകാരെ തുറുങ്കിലടക്കാൻ ഈ വഴിയിലൂടെയാണ് നടത്തികൊണ്ടുവന്നിരുന്നത്.
എന്തോ പറയാനായി ഞാൻ വാക്കുകൾ പരതി.
ചങ്ങലകൾ ചുറ്റിയ കാലുകൾ. രക്തത്തുള്ളികൾ വീണ പടികൾ. ഓർമ്മകൾ വീണ്ടും വിളിച്ചു.
ആളൊഴിഞ്ഞ ഇടവഴിയിൽ അടക്കിയ ശബ്ദത്തിൽ പെട്ടെന്നായിരുന്നു ആ ചോദ്യം.
പഠിച്ച് വല്യ ആളാവുമ്പോൾ എന്നെ കൂടെകൂട്ടുമോ?
തലയുയർത്തി നോക്കി. കുപ്പിവളയിട്ട കൈകൾ വാ പൊത്തി ചിരിയടക്കി. അദൃശചങ്ങലകളുടെ ഭാരമുള്ള കാലുകൾ വലിച്ച് താഴേക്ക് പടികളിറങ്ങി.
അടിവാരത്തിലെ കാഴ്ചകൾ അടുത്തുവന്നു. ഇറങ്ങിവന്ന പടികളോട് നിശബ്ദമായി യാത്രചോദിച്ചു.
ലോനാവാലയിലേക്കുള്ള ഹെയർപിൻ വളവുകൾ കയറുമ്പോൾ മുരളി
രാജകുമാരിയുടെ കഥയുടെ തുടർച്ചയെന്നോണം പറഞ്ഞു.
പ്രണയിച്ച പുരുഷനെ രാജകുമാരി കാത്തിരുന്നു. ഇരുട്ടുവീണ വിഹാരത്തിൽ ചങ്ങലകളുമായി അവനുണ്ടെന്നവൾ അറിഞ്ഞതേയില്ല.
എന്നിട്ട് ?
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
രണ്ടു പകലുകളും ഒരു രാത്രിയും ലോനാവാലയിലെ മലമുകളിൽ രാജകുമാരി കാത്തിരുന്നു.പിന്നെയാരും അവളെ കണ്ടിട്ടില്ല.
കുറച്ചുനേരത്തെ മൗനത്തിനുശേഷം ഒരു ദീർഘനിശ്വാസത്തോടെ അയാൾ തുടർന്നു.
സർ, ' ഇവിടെ ഉദിക്കുന്നതും അസ്തമിക്കുന്നതും പ്രണയസൂര്യനാണ്.
പച്ചപ്പുനിറഞ്ഞ
മലമുകളിലേക്ക് ഞരക്കത്തോടെ വണ്ടി കയറുമ്പോൾ
അകലെയെവിടെയോ ഇരുട്ടിലെ ചങ്ങലക്കിലുക്കം കേട്ടു. ഉള്ളറകളിലെവിടെയോ തേങ്ങലുകളടക്കിയ മുഖം ചുട്ടുപൊള്ളുന്നു.
നിരപ്പായ ഒരു സ്ഥലത്ത് വണ്ടി നിർത്തി മുരളി അകലെയുള്ള മലനിരകളിലേക്ക് കൈ ചൂണ്ടി പറഞ്ഞു.
സർ. ദാ അവിടെയാണ് സൺ സെറ്റ്.
പഴയ അതേ വഴി.
വഴിവാണിഭക്കാരുടെ ബഹളങ്ങൾക്കപ്പുറെ തലയുയർത്തി നിൽക്കുന്ന വലിയ കോട്ടമതിൽ. സൂര്യരശ്മികൾ മഞ്ഞളിപ്പിച്ച കാത്തിരിപ്പിൻ്റെ കുറേ മുഖങ്ങൾ.
പച്ചപ്പുകൾ വിരിച്ച കുന്നുകൾക്കപ്പുറെ കറുത്ത മലയിടുക്കിലേക്ക് സൂര്യൻ സാവധാനം താഴ്ന്നു വന്നു.
വർണ്ണങ്ങൾ വിതറിയ ആകാശത്തിൻ്റെ ചരിവിൽ ഒരു പുഞ്ചിരി മിന്നി മറഞ്ഞു.
അടക്കിയ ശബ്ദത്തിൽ അവളുടെ കാതിൽ പറഞ്ഞു.
ഈ രാത്രി ആരുമറിയാതെ ഇവിടെ നമ്മൾ.
ഓർമ്മകളുടെ ദൂരങ്ങളിലെവിടെയോ ഉടുക്കിൻ്റെ നാദം. ആരോ പാടുന്നുണ്ട്.
നിലത്തിട്ട പഞ്ചവർണ്ണകളത്തിലെ നിറങ്ങൾ ചാലിച്ച കണ്ണുകളിൽ കവിത വിരിയുന്നു.
'ഉത്തരത്നമാലയിട്ടുമെത്തമേലിരുന്നയെന്നെ
സത്വരം പുണർന്നമാരനിത്തെങ്ങു പോയി
ദൂരെയൊരു നാട്ടിൽ '...
ഒഴുകിവന്ന തണുത്തകാറ്റിൽ വിറപൂണ്ട ശബ്ദം വീണ്ടും കേട്ടു.
ഇനി ഇവിടെ വരുമ്പോൾ എന്നെ ഓർക്കുമോ?.
മറുപടി പറയാതെ ചേർത്തുനിർത്തി നെറ്റിയിൽ
ഉമ്മ
വച്ചു.
പാറയിടുക്കുകളിലേക്ക് കണ്ണുകൾ കൂപ്പി പ്രകാശം സാവധാനം താഴ്ന്നിറങ്ങി. ഇരുട്ടിൻ്റെ പാളികൾ കനത്തുവരവേ ആളുകൾ കുറഞ്ഞുവന്നു.
എനിക്ക് തിരക്കില്ലായിരുന്നു.
ഇരുണ്ട മേഘങ്ങൾ പടർന്ന
ആകാശത്തിലെ ചെറിയ വെളിച്ചങ്ങളെ നോക്കി ശബ്ദമില്ലാതെ പറഞ്ഞു.
ഖബറിൽ ഉറങ്ങുന്ന രാജകുമാരി...
ഇതാ ഞാൻ വീണ്ടും.
ഇരുട്ടിൽ മുഖംതുടച്ച് ഭാരമുള്ള കാലുകൾ വലിച്ചു തിരികെനടക്കവേ...
അകലെ ചൈത്യഗ്രഹത്തിൻ്റെ കരിങ്കൽത്തൂണുകളിലെ നിറകണ്ണുള്ള ഒരു ശില്പം ഇരുട്ടുപടർന്ന ജാലകത്തിലേക്ക് കണ്ണുകളെറിഞ്ഞു.
...പ്രേം മധുസൂദനൻ...

ചുവന്നകല്ലുള്ള മൂക്കുത്തി


ഏറ്റവും മികച്ച ഒരു പ്രോജക്ട് അവതരണം കഴിഞ്ഞപ്പോൾ കൈകൾ ചേർത്ത് പിടിച്ച് മരീന മാഡം പറഞ്ഞു.. പ്രൗഡ് ഓഫ് യൂ... ഡിയർ...
സന്തോഷം തോന്നി... ഏറ്റവും വലിയ പ്രതികാരം ഏറ്റവും വലിയ വിജയമാണ്..
ഒഴിഞ്ഞ മൂലയിൽ ഗ്ലാസ്സിൽ നുരയുന്ന സ്വർണ്ണ കുമിളകളുമായി ഇരിക്കവേ അഞ്ജലി പിള്ളയുടെ വെളുത്ത കാൽപാദങ്ങളിൽ പറ്റിക്കിടന്ന നേർത്ത സ്വർണ്ണപാദസ്വരങ്ങളിലേക്ക് കണ്ണുകൾ പാളി പോയി.. ഒരു ചെറിയ ചിരിയുമായി ആ പാദങ്ങൾ ഇന്നലെകളുടെ കഥ പറയുന്നുണ്ടോ?...
ഫോൺ അടിച്ചപ്പോൾ നോക്കി ഭാര്യയാണ്...
"ഗോപിയേട്ടാ "...
.ഉം..
കുട്ടിയമ്മയ്ക്ക് സുഖയില്ലെന്ന്... ഒന്നു കാണണമെന്ന്
തിരക്കിലാണെന്ന് പറഞ്ഞു ഫോൺ കട്ടു ചെയ്തു..
അശ്വനിയുടെ ചുവന്ന കല്ലുള്ള മൂക്കൂത്തിയുടെ തിളക്കം... ചുവന്ന ചുണ്ടുകൾ.... പ്രണയാർദ്ദമായ കണ്ണുകൾ...
ഗ്ലാസിൽ നുരയുന്ന സ്വർണ്ണ കുമിളകൾക്ക് നൃത്തവും സംഗീതവും ഉണ്ടെന്ന് തോന്നി...
വിജയാഘോഷങ്ങളിൽ ചില മുഖങ്ങൾ തിളങ്ങുന്നു.. നടന്നു കേറിയ പടികളിൽ എവിടെയോ ചില തേങ്ങലുകൾ ....
വൈകിയാണ് വീട്ടിലെത്തിയത്.. മൂന്നു മാസത്തെ കഠിനാദ്ധ്വാനത്തിന്റെ വിജയത്തെകുറിച്ച് വാ തോരാതെ ഭാര്യയോട് പറഞ്ഞു.. മധുരമായ പ്രതികാരങ്ങൾ...
ആരോടൊക്കെയോ ഉള്ള വാശി...
ഇല്ല.. കരയുന്ന കണ്ണുകളും, പിടയ്ക്കുന്ന മനസ്സുകളും നോക്കി നിൽക്കാൻ എനിക്ക് സമയമില്ല.. ആർക്കും വേണ്ടി കാത്തിരിക്കുവാനും വയ്യ...
അവൾ ഒന്നും മിണ്ടാതെ കേട്ടിരുന്നു.. ശബ്ദം ഇടറി പിന്നെ പറഞ്ഞു..
അമ്മ വിളിച്ചിരുന്നു... "കുട്ടിയമ്മ പോയെന്ന്."...
കോളോൺ സുഗന്ധമുള്ള അഞ്ജലി പിള്ളയുടെ വെളുത്ത ശരീരം മനസ്സിൽ നിന്നു മാറി കറുത്തു ചുളിഞ്ഞ ഒരു വയസ്സിയുടെ മുഖം ഓടി വന്നു.. തുളസിയിലയിട്ടു കാച്ചിയ എണ്ണയുടെ ഗന്ധവും...
"കുഞ്ഞേ " എന്ന വിളി... മുഷിഞ്ഞ മുണ്ടും ബ്ലൗസും ധരിച്ച കുട്ടിയമ്മ...
എണ്ണ പുരട്ടിയ കാലുകൾ തഴുകി കൊച്ചു കാല് വളരൂ വളരൂ എന്നു പാടുന്ന ആ നേർത്ത ശബ്ദം..
വേലക്കാരിയായിരുന്നില്ല അവർ... മുറ്റമടിക്കാനും , പാത്രം കഴുകാനും , കഥകൾ പറയാനും എല്ലാം..
സർപ്പക്കാവിനടുത്തുള്ള ഒറ്റമുറി ഓടിട്ട വീട്ടിൽ ഒറ്റയ്ക്കു....
രാവിലെ വീട്ടിൽ വരും.. പുറം പണികൾ ചെയ്യും..
അമ്മ ജോലിക്ക് പോയാൽ എന്നെ ഒക്കത്തു വച്ച്....
നീ ഉറങ്ങിയില്ലേ?
അവളും ഉറങ്ങിയിരുന്നില്ല.. എത്രയോ പകലുകളിൽ അവൾക്കും അവർ കൂട്ടായിട്ടുണ്ട്..
ഗോപിയേട്ടാ.. നമ്മുടെ മോനെ കുളിപ്പിച്ചത്.. വാക്കുകൾ പകുതിയിലെവിടെയോ മുറിഞ്ഞു..
പിറ്റേന്ന് വീട്ടിലെത്തുമ്പോൾ അമ്മ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു..
അകലെ വച്ചേ ഞാൻ കണ്ടിരുന്നു വടക്കുവശത്തെ ഒറ്റമുറി കെട്ടിടത്തിനു മുന്നിലെ നീല ടർപോള പന്തൽ....
ഇത്ര വയ്യാതിരിക്കുവാന്ന് അമ്മയ്ക്കൊന്നു പറഞ്ഞു കൂടായിരുന്നോ?... ദേഷ്യത്തിലാണ് ചോദിച്ചത്...
അതിനു നീ വല്യ തിരക്കിലായിരുന്നല്ലോ? എത്ര പ്രാവശ്യം വിളിച്ചു നിന്നെ?
ശരിയാണ്... തിരക്കിനിടയിൽ മാറ്റി വച്ച ഫോൺ വിളികൾ...
നിന്നെ ഒന്നു കാണാൻ വല്യ മോഹമായിരുന്നു... പല പ്രാവശ്യം തിരക്കി... അമ്മ അതുപറയുമ്പോൾ എന്റെ മോനെ നോക്കുന്നുണ്ടായിരുന്നു.
വെളുത്ത തുണിയാൽ മൂടിയ ശരീരം.. തലയ്ക്കൽ കത്തിച്ചു വച്ച നിലവിളക്ക് .പുകയുന്നചന്ദനത്തിരികൾ .
ഉയരങ്ങൾ ചവിട്ടുന്ന എന്റെ കാലുകൾ വിറച്ചു. എനിക്കായി ഒരു പുഞ്ചിരി കൊളുത്തിയിട്ട് നെറ്റിയിൽ ചന്ദനം പൂശി അവർ കിടക്കുന്നു..
ഞാൻ ആ കാലടികൾ തൊട്ട് തൊഴുതു...
കറുത്തു മെലിഞ്ഞു ശോഷിച്ച കാൽവിരലുകൾ കൂട്ടി കെട്ടിയിരുന്നു...
അങ്ങകലെ അഞ്ജലി പിള്ളയുടെ സ്വർണ്ണപാദസ്വരമിട്ട തുടുത്ത കാലുകൾ ഒരു നിമിഷം മനസ്സിൽ ഓടി മറഞ്ഞു..
എനിക്കൊന്നുറക്കെ കരയുവാൻ തോന്നി...
സാറേ....
ഞാൻ തിരിഞ്ഞു നോക്കി..
ഒരു ചെറുപ്പക്കാരിയാണ്..
അപ്പച്ചി.... സാറു വരുമ്പോൾ കൊടുക്കണമെന്ന് പറഞ്ഞിരുന്നു..
ആ ചെറിയ പൊതി ഞാൻ വാങ്ങി.. എന്തായിരിക്കും കുട്ടിയമ്മ എനിക്കായി മാറ്റി വച്ചത്..?
വേലിയ്ക്കരികിലേക്ക് മാറി നിന്ന് ആ പൊതിയഴിച്ചു... വെളുത്ത ഓയിൽ പേപ്പറിൽ...
ചുവന്ന കല്ലുവച്ച ഒരു മൂക്കൂത്തി..
ഞാൻ കരയുകയായിരുന്നു.. ഏതോ തണുത്ത കാറ്റ് സ്വാന്തനിപ്പിക്കാനെന്നവണ്ണം ഓടിയെത്തി എന്നെ തഴുകി കൊണ്ടിരുന്നു.
.ഞാൻ ആ ശബ്ദം വ്യക്തമായി കേട്ടു ..
" കുഞ്ഞ് വന്നോ ".... എന്നെ കാണാൻ വരുമെന്ന് ഉറപ്പായിരുന്നു....

... പ്രേം...

അരവിന്ദൻ്റെ യാത്ര


മൂടൽമഞ്ഞുള്ള ഒരു പ്രഭാതത്തിലാണ് അരവിന്ദൻ യാത്ര പുറപ്പെട്ടത്. വീതി കുറഞ്ഞ റോഡിലൂടെ അയാൾ സാവധാനം ബോട്ട്ജെട്ടിയിലേക്ക് നടക്കുകയായിരുന്നു.
അരവിന്ദൻ്റെ ആ യാത്രയിൽ ഒരിക്കൽ പോലും അയാൾ ആരോടും ചിരിക്കുകയോ, നോക്കുകയോ, സംസാരിക്കുകയോ ചെയ്തിരുന്നില്ല.തോളിൽ തൂക്കിയ ബാഗുമായി, കീ കൊടുത്ത ഒരു പാവയെ പോലെ അയാളുടെ കാലുകൾ മാത്രമാണ് ചലിച്ചിരുന്നത്. കടത്തിണ്ണയിൽ മൂടിപ്പുതച്ചിരുന്ന ഒരു വ്യദ്ധൻ്റെ യാചനയുടെ ശബ്ദം അരവിന്ദൻ കേട്ടില്ല. കായലോളങ്ങളിൽ വീണ് ചിരിക്കുന്ന സൂര്യരശ്മികൾ അരവിന്ദൻ കണ്ടില്ല. യാത്രയ്ക്ക് തയ്യാറായി നിന്ന ബോട്ടിലേക്ക് ഒന്നും കാണാതെ, കേൾക്കാതെ കയറി കീ തീർന്നുപോയ പാവയുടെ നിശ്ചലാവസ്ഥയിലെന്ന പോലെ അരവിന്ദൻ അനങ്ങാതിരുന്നു.
മുന്നിലെ വെളുത്ത പേപ്പറിൽ അരവിന്ദനെ പറ്റി അപ്പോൾ ഞാൻ ഇങ്ങനെ എഴുതി.
'അരവിന്ദൻ ജീവനുള്ള പാവയാണ് '.
എൻ്റെ ശ്രദ്ധ തിരിച്ചുകൊണ്ട് ബോട്ടിലേക്ക് ഒരു തെരുവു ഗായകൻ പെട്ടെന്ന് കടന്നുവന്നു. കൈവിരലുകളിൽ ഒതുക്കിപ്പിടിച്ച കമ്പോടുകൾ കൂട്ടിയടിച്ച് തലയിളക്കി അയാൾ ഉറക്കെ പാടുവാൻ തുടങ്ങി.ഭാഷയുടെ അതിരുകൾ ഭേദിച്ച് ആ പാട്ട് അകലേക്ക് ഒഴുകവേ ഞാൻ വീണ്ടും കാഴ്ചകൾ പരതി.
കടവിലെ പായലുകളിലെ വയലറ്റ് നിറമുള്ളപൂക്കൾ തലയാട്ടുന്നു. അകലെ പകുതി വെള്ളപൂശിയ ആകാശത്തിൻ്റെ ദിക്കുകളിലേക്ക് കൂട്ടമായി പക്ഷികൾ പറന്നുപോകുന്നു. കരിങ്കൽഭിത്തികളിൽ വീണു ചിതറുന്ന കായലോളങ്ങളുടെ ചിരികളുമായി ഒരു ചെറിയ കാറ്റ് ഏന്തി വലിച്ചു നടക്കുന്നു.
ആ ബോട്ടിനുള്ളിൽ
അരവിന്ദനെ പോലെ കുറേ പാവകൾ. അനങ്ങാത്ത മിണ്ടാത്ത കുറേ ജീവനുള്ള പാവകൾ.
എഴുതിയ വരികൾക്കു താഴെ ഞാൻ വീണ്ടും കുറിച്ചു.
പാവകൾക്ക് കിതപ്പുള്ള ശബ്ദമുണ്ട്. കായലോളങ്ങൾക്ക് ചിരിയും , കാറ്റിന് മുടന്തുമുണ്ട്.
അപ്രതീക്ഷിതമായാണ് ആ ബോട്ടിലേക്ക് സീതാലക്ഷ്മിയുടെ കൊലുസിട്ട വെളുത്ത കാൽപാദങ്ങൾ കയറിവന്നത്. കൈകളിൽ ഒതുക്കിപ്പിടിച്ച സാരിയുമായി അവർ സാവധാനം നടന്ന് പാവകൾക്കിടയിലൂടെ നിശ്ചലാവസ്ഥയിലായ അയാളുടെ അരികിൽ ഇരുന്നു. എൻ്റെ ചിന്തകളിൽ
ഒരു മുരൾച്ചയുയർത്തി അപ്പോഴേക്കും ബോട്ട് യാത്രതുടങ്ങിക്കഴിഞ്ഞിരുന്നു.
വായനക്കാരാ...
ജീവിതം ഒരു യാത്രയാണ്. ഓളങ്ങളിൽ കുലുങ്ങി കര തേടിയുള്ള യാത്ര. മേഘത്തൂവലുകൾ പൊഴിക്കുന്ന ആകാശത്തിൻ്റെ ദിക്കുകൾ തേടിയുള്ള യാത്ര.
അകലെ തലയിളക്കുന്ന തളിരിലക്കൊമ്പുകളോട് മൗനമായി യാത്ര ചോദിച്ച സീതാലക്ഷ്മി അരവിന്ദനെ നോക്കി അപ്പോൾ പുഞ്ചിരിച്ചു. മൗനമുറഞ്ഞ വരണ്ട ചുണ്ടുകൾ നനച്ച് പാവ ചെറുതായി തലയിളക്കി.
ഞാൻ ശ്രദ്ധയോടെ ചെവികൾ കൂർപ്പിച്ചു.
കായലോളങ്ങളുടെ ചിരികൾക്കിടയിൽ ജനാധിപത്യവ്യവസ്ഥയുടെ മൂല്യശോഷണങ്ങളെ പറ്റി ആരോ അടക്കിയ ശബ്ദത്തിൽ സംസാരിക്കുന്നു. നിവർത്തിവച്ച പത്രക്കടലാസിലെ വാർത്തകളിലേക്ക് നോക്കി ഏതോ ഒരു പാവ ഭീതിയോടെ നെടുവീർപ്പുതിർത്തു.
ഒടുവിൽ അരവിന്ദൻ മൗനമായി ചോദിച്ചു.
എന്താ പേര്?
സീതാലക്ഷ്മി സൂര്യരശ്മികളെ നോക്കി മറുപടി പറഞ്ഞു. സീതാലക്ഷ്മിയുടെ മുടിയിഴകൾ അരവിന്ദനെ പതുക്കെ തലോടി.
'ഒന്ന് ചിരിച്ചുകൂടെ, ഇയാൾക്ക് ?.
സീതാലക്ഷ്മി മനസിൽ ചോദിച്ച ചോദ്യത്തിന് മറുപടിയെന്നവണ്ണം അയാൾ അകന്നുപോയ കരയിലേക്ക് കൈ ചൂണ്ടി.
അകലെ തോരണങ്ങൾ തൂക്കിയ തെരുവിലെ കുറച്ചാളുകൾ മുകളിൽ പാറികളിക്കുന്ന ത്രിവർണ്ണപതാക നോക്കി നിശബ്ദരായി നിന്നിരുന്നു.
എൻ്റെ പേന, വെളുത്ത പേപ്പറിൽ ഒരുനിമിഷം പരുങ്ങി നിന്നു.പുസ്തകത്താളുകളിൽ ഉറങ്ങിക്കിടന്ന ദേശത്തിൻ്റെ ചിത്രം ഓർമ്മിച്ച് ഞാനെഴുതി.
കൊടികളും, പ്രണയവും പല നിറങ്ങളിലാണ്.
തെരുവുഗായകൻ ഒരു പ്രണയ ഗാനം പാടുകയാണ്. എപ്പോഴോ സീതാലക്ഷ്മിയുടെ കൈകൾ ഒരു സാന്ത്വനമായി അയാളുടെ കൈകളെ ചേർത്തു പിടിച്ചു. വാക്കുകൾ ഉറഞ്ഞുപോയ ചുണ്ടുകൾ വിടർത്തി അയാൾ എന്തോ പറയാൻ ശ്രമിച്ചു.
സീതാലക്ഷ്മി ആ ചിലമ്പിച്ച ശബ്ദം കേട്ടു.
കരയും തീരവും അകലെയാണ്. കാഴ്ചകൾക്കു മകലെ.

...പ്രേം മധുസൂദനൻ...

പച്ചമുളക്..(കഥ)

ഗ്രോബാഗിൽ നട്ടിരുന്ന ചെടിയിൽ നിറയെ പച്ചമുളക് കായ്ച്ചുകിടന്നിരുന്നു.

ഇത് അനുഗ്രഹ. എൻ്റെ ഭാര്യ ഒരു ചെടിയെ തൊട്ടുകൊണ്ട് പറഞ്ഞു. ഇതിന് നല്ല പച്ചനിറമുണ്ടാവും എരിവ് കുറവുമായിരിക്കും.
ഞാൻ വേറൊരു ചെടിയെ ചൂണ്ടി തമാശയായി ചോദിച്ചു.
ഇതേതിനമാ?
അവൾ ആവേശത്തോടെ വീണ്ടും പറഞ്ഞു.
അത് 'ഉജ്ജ്വല'. ചുവപ്പ് നിറമാകും. എരിവ് കൂടുതലാണ്.
നിരയായി അടുക്കി വച്ചിരുന്ന ഗ്രോബാഗുകളിലെ അങ്ങേത്തലയ്ക്കലേക്ക് കൈ ചൂണ്ടി അവൾ തുടർന്നു.
അത് മഞ്ജരിയാണ്.
മഞ്ജരിയോ? ഞാൻ ചിരിയോടെ അവളെ നോക്കി.
മഞ്ജരി , ജ്വാലാമുഖി ഇവയൊക്കെ മികച്ചയിനം പച്ചമുളക് വർഗ്ഗങ്ങളാണ്.
എപ്പോഴോ എൻ്റെ കണ്ണുകൾ ഗ്രോബാഗിൽ ശോഷിച്ചുനിന്ന ഒരു ചെടിയിൽ ഉടക്കി. എൻ്റെ ചിന്ത വായിച്ച വണ്ണം ഭാര്യ പറഞ്ഞു.
അന്നുവാങ്ങിയതിൽ ആ ഒരു തൈ മാത്രം ഗുണം പിടിച്ചില്ല.
ഞാൻ ശോഷിച്ചുനിന്ന ആ ചെടിയുടെ അടുത്തേക്ക് നടക്കവേ പിറകിൽ നിന്നവൾ പിന്നേയും പറഞ്ഞു.
അത് പിഴുതുകളഞ്ഞിട്ട് പുതിയ തൈ നടണം.
കുറച്ചിലകളുമായി നേർത്ത ഒരു ചെടി. അതിൻ്റെ തളർന്ന കൊമ്പുകളിൽ ഒരു ചെറിയ പച്ചമുളക് ആർക്കും വേണ്ടാതെ പഴുത്തുകിടന്നിരുന്നു.
ദേ ഇതും കായ്ച്ചിട്ടുണ്ട്.
എൻ്റെ ശബ്ദം ഇടറിയിരുന്നു.
കൂട്ടത്തിൽനിന്ന് നാണിച്ച് കായ്ച്ചതാവും .അവളുടെ ചിരി ഞാൻ കേട്ടു.
ആ ചെടിയുടെ ഇനത്തെപറ്റി ഞാൻ ചോദിച്ചില്ല. ഭാര്യ അത് പറഞ്ഞതുമില്ല.
എന്തോ ആലോചിച്ചുകൊണ്ട് ഞാനവിടെ കുറച്ചുനേരം നിന്നു.
പണ്ട് ഞാനും...
എന്തോ പറയാൻ ശ്രമിച്ച് ഞാൻ വാക്കുകൾ വിഴുങ്ങി. .
പഴുത്തുനിന്ന ചെറിയ പച്ചമുളക് ഞാൻ അടർത്തിയെടുത്ത് ഞാനവൾക്കുനേരേ നീട്ടി.
നേർത്ത കമ്പുകളാട്ടി ചെടിയെന്തോ പറയാൻ ശ്രമിച്ചു. അതിനാവാതെ വന്നപ്പോൾ ഒരു പഴുത്തയില എൻ്റെ കാൽച്ചുവട്ടിലേക്ക് ഒരു തുള്ളി കണ്ണുനീരായി കൊഴിഞ്ഞു വീണു.

...പ്രേം മധുസൂദനൻ...

രാത്രിയുടെ തേങ്ങലുകൾ

Image may contain: Prem Madhusudanan, beard
മുകളിലത്തെ ഇരുട്ടുപടർന്ന ഒറ്റ മുറിയിലെ തുറന്നിട്ട ജനാലയിലൂടെ അയാൾ ചാറ്റൽമഴ പെയ്യുന്ന രാത്രിയെ നോക്കിനിന്നു.
മഴ പതറിയ ശബ്ദത്തിൽ ഏതോ കഥ പറയുകയായിരുന്നു.
മൂക്കിലേക്കിറങ്ങിയ കണ്ണട കയറ്റിവച്ച് അയാൾ തെല്ലകലെയുള്ള റോഡിലേക്ക് നോക്കി.ചിതറിയ വളപ്പൊട്ടുകൾ പോലെ പലനിറങ്ങളിൽ വെളിച്ചം തെളിയിച്ച് നഗരം ഉറങ്ങുകയായിരുന്നു. അകലെയുള്ള കയറ്റമിറങ്ങിവരുന്ന ചെറിയ റോഡിലെ ഇരുട്ടിലേക്ക്, തെരുവുവിളക്കിലെ നേർത്ത പ്രകാശങ്ങൾ അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
അയാളുടെ കാഴ്ചകളെ ഞെട്ടിച്ചുകൊണ്ട് പെട്ടെന്നാണ് പരിഭ്രമത്തോടെ ഒരു പെൺകുട്ടി പടികൾ കയറിയോടിവന്നത്. പടികൾ അവസാനിക്കുന്ന ചെറിയ മറവിൽ തെല്ലിട നിന്നശേഷം, തലകുനിച്ചവിടെയവൾ പതുങ്ങിയിരുന്നു. ആ മുഖം വ്യക്തമായി കാണുവാനായില്ലെങ്കിലും അവൾ എന്തിനേയോ ഭയക്കുന്നുണ്ടായിരുന്നു.
മഴ പെട്ടെന്നു നിന്നു.തണൽമരങ്ങളുടെ ചില്ലകളിൽ വീശിയ കാറ്റ് കഥയുമായി അകലേക്ക് പറന്നു.
കാഴ്ചകളുടെ ഗതിമാറ്റിക്കൊണ്ട് കുറച്ചകലെ റോഡിൻ്റെ ഇറക്കത്തിൽ ഉറയ്ക്കാത്ത കാലുകളുമായി എരിയുന്ന സിഗരറ്റിൻ്റെ ഒരു ചുവന്ന തീ പ്രത്യക്ഷപ്പെട്ടു.റോഡരുകിലെ കുഴൽക്കിണറിനു സമീപം ആ തീ ആരെയോ പ്രതീക്ഷിച്ചു നിന്നു. ആ മുറിയിലെ ഇരുട്ടിൽ നിശ്വാസങ്ങളുയർത്തി അയാൾ കാത്തുനിന്നു.
കാത്തിരിപ്പിനൊടുവിൽ , ഒറ്റപ്പെട്ടുനിന്ന ഒരു വീടിനരികിലെ ഇരുട്ടിൽനിന്ന് നല്ല ഉയരമുള്ള ഒരാൾ കുഴൽകിണറിൻ്റെ അടുത്തേക്കു വന്നു. എന്തോ പറഞ്ഞുകൊണ്ടവർ സാവധാനം റോഡിൻ്റെ കയറ്റത്തിലേക്കു നടന്നുവന്നു.
കാലടി ശബ്ദങ്ങൾ അടുത്തടുത്തു വന്നപ്പോൾ , റോഡിലെ
അടക്കിപ്പിടിച്ച ആ ശബ്ദം വ്യക്തമായി കേട്ടു.
മകളെ ഒന്നും ചെയ്യല്ലേന്ന് പറഞ്ഞ് തള്ള കരച്ചിലായിരുന്നു. ആ നാശം പെണ്ണ് അതിനിടയ്ക്ക് എങ്ങോട്ടോ ഓടിപ്പോയി.
എന്നിട്ട് എന്തായി സംഗതി നടന്നോ?
ആകാംക്ഷയുടെ മറ്റൊരു ശബ്ദം ചിരിയോടെ ചോദിച്ചു.
പൈസാ കടം മേടിക്കുമ്പോൾ ഇവറ്റകൾക്ക് യാതൊരു ചിന്തയുമില്ല. കരഞ്ഞപ്പോൾ
കഠാര നീട്ടി കിടത്തി. ചരക്ക് കൊള്ളാം..പലിശയ്ക്കുള്ളതുണ്ട്. അടക്കിയ ചെറുചിരികളോടെ കാലടിശബ്ദങ്ങൾ മുകളിലേക്ക് നടന്നു കയറവേ..
കാർമേഘം മാറിയ ആകാശ ചെരുവിലൊരു ഈറൻനിലാവ് മിഴിതുടച്ചു. മരത്തിൻ്റെ ചില്ലകളിലേക്കു തിരിച്ചുവന്ന കാറ്റിൻ്റെ കിതപ്പിൽ വേച്ചുപോയൊരു നിഴലിൻ്റെ വിറയ്ക്കുന്ന വിളി ഉയർന്നുകേട്ടു.
മൂക്കിലേയ്ക്കിറങ്ങിവന്ന കണ്ണട ഇടതു ചൂണ്ടുവിരലിനാൽ അയാൾ വീണ്ടും കയറ്റിവച്ചു.
അപ്പോൾ..
പടികളുടെ മറവിലെ ഇരുട്ടിൽ തേങ്ങലോടെ ആ ശരീരം വിറച്ചുകൊണ്ടെഴുന്നേറ്റു നിന്നു.

...പ്രേം മധുസൂദനൻ..

നഗ്നനായ മരം

Image may contain: Prem Madhusudanan, beard and closeup
അത്തിമരത്തിന്റെ തണൽ വീണുകിടന്ന റോഡിലൂടെ നടന്നുപോകുന്ന വഴിയാത്രക്കാരെ നോക്കി നിൽക്കുമ്പോഴേയ്ക്കും ബാലു പറഞ്ഞു.
'നമുക്ക്‌ പുറകിലെ ബാൽക്കണിയിലിരിക്കാം. അവിടെ നല്ലകാഴ്ചകളാണ്. നിനക്കു കവിതയും പാടാം'
ഞാൻ ചിരിച്ചു. ഒത്തിരിക്കാലങ്ങൾക്കുശേഷം ബാലുവുമായൊരു ഒത്തുകൂടൽ. പഴയ സൗഹൃദത്തിന്റെ ഓർമ്മ പുതുക്കൽ.
നടന്നു പോകുന്ന കുറച്ചുപേരെ കൈ ചൂണ്ടി ബാലു വീണ്ടും പറഞ്ഞു.
' അവിടെ മുന്തിരിത്തോട്ടങ്ങളാണ്. ആ പോകുന്നവരിൽ പലരും തോട്ടത്തിൽ പണിയെടുക്കുന്നവരാണ്.
അകലെ പ്രകൃതി മലനിരകളുടെ അവ്യക്തമായ ചിത്രം വരച്ചിട്ടിരുന്നു.
പുറകിലെ മുറിയോടുചേർന്ന വിസ്താരമുള്ള ബാൽക്കണിയിൽ ഞങ്ങൾ മുഖാമുഖമിരുന്നു. . ഗ്ലാസിലെ ഐസ്ക്യൂബുകളിലേക്ക് സ്വർണ്ണ നിറമുള്ള ലഹരി ലയിച്ചു ചേരുന്നതു നോക്കിയിരിക്കവേ ബാലുവിന്റെ ചിലമ്പിച്ച ശബ്ദം വീണ്ടും കേട്ടു.
'ദീപ നാട്ടിൽ നിന്നടുത്തയാഴ്ചയേ വരൂ..'
പറയാനാഞ്ഞ വാക്കുകൾ മുഴുമിപ്പിക്കാതെ ബാലു നിർത്തി.ഞങ്ങൾ ഗ്ലാസുകൾ മുട്ടിച്ചു.
'ചിയേഴ്സ്.'
ലഹരിയിൽ പഞ്ചേന്ദ്രിയങ്ങളിൽ അവഗണിക്കപ്പെട്ട ചെവിയ്ക്ക് സ്ഫടിക ഗ്ലാസുകളുടെ ശബ്ദമുള്ള ചുംബനം. 'ചീ... ഈയേഴ്‌സ് '.
നൃത്തത്തിലലിയുന്ന സംഗീതം. .
ഒരിറക്കു കുടിച്ചു പുറത്തേയ്ക്കു നോക്കി. അവൻ പറഞ്ഞത് ശരിയായിരുന്നു.ബാൽക്കണിയിൽ നിന്നുള്ള കാഴ്ചകൾ മനോഹരമായിരുന്നു.
ഏതോ ചിത്രകാരൻ വരച്ചിട്ട ചിത്രം പോലെ വിശാലമായ തോട്ടത്തിനരികിലൂടെ വളഞ്ഞു പോകുന്ന ഒരു ചെമ്മൺപാത . കുറച്ചകലെ പുതുതായി പണിതു കൊണ്ടിരിക്കുന്ന കുറച്ചു കെട്ടിടങ്ങൾ. അതിനുമപ്പുറം കാറ്റാടിമരങ്ങൾ. മരങ്ങൾക്കപ്പുറം നിറയെ പൂക്കൾ വിരിഞ്ഞുനിന്ന തോട്ടങ്ങൾ. മനോഹരമായ പ്രകൃതിഭംഗി നോക്കിയിരിക്കവേ ബാലു ഒരു ചിരിയോടെ ചോദിച്ചു?.
'ഉണ്ണി.. പറയണമെന്ന് പലപ്പോഴും വിചാരിച്ച ഒരു കഥയുണ്ട്. ഇതുവരെ സാധിച്ചില്ല. പറഞ്ഞോട്ടെ ?
അങ്ങകലെ ഏതോ തീവണ്ടിയുടെ കിതപ്പിൽ ആ ശബ്ദം മുങ്ങിപ്പോകവേ, ഞാൻ തലയാട്ടി.
ഗ്ലാസിൽ നിറഞ്ഞ സ്വർണ്ണലായനിയിലേക്കു വീണ്ടും ഐസ്ക്യൂബുകൾ ഉരുകി ചേരുമ്പോൾ ബാലു പതുക്കെ പറഞ്ഞു തുടങ്ങി.
പണ്ട്, വളരെ പണ്ട് ,ഒരു ഗ്രാമത്തിൽ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരിക്കൽ അവൻ അമ്പലനടയിൽ വച്ചൊരു പെൺകുട്ടിയെ കണ്ടു. കൽവിളക്കുകളിലെ തിരിനാളങ്ങൾ കണ്ണിൽ നിറച്ചവൾ ചെറുപ്പക്കാരനെ നോക്കി പുഞ്ചിരിച്ചു. അതായിരുന്നു പ്രണയത്തിന്റെ തുടക്കം.
ഞാൻ ഗ്ലാസു ചുണ്ടോടുച്ചേർത്തു സംഗീതത്തെ രുചിച്ചു.
കൺകോണുകളിൽ നൃത്തത്തിന്റെ ആദ്യചുവടുകൾ താളം ചവിട്ടി. പ്രണയത്തിന്റെ ഗീതകങ്ങൾ. സംഗീതവും നൃത്തവുമുള്ള ലഹരി നെഞ്ചിൽ നിറഞ്ഞു.
ബാലു കഥ തുടർന്നു.
പിന്നീടവർ പലപ്പോഴായി പലയിടത്തും കണ്ടുമുട്ടി.
അവർ ആത്മാർത്ഥമായി അന്യോനം സ്നേഹിച്ചു. ഒടുവിൽ അവളെല്ലാമുപേക്ഷിച്ച്, അവനോടൊപ്പം അന്യനാട്ടിലെത്തി.
വാക്കുകൾ പെട്ടെന്നു നിർത്തി ബാലു അകലേക്കു നോക്കി.കുറച്ചുനേരം ഞങ്ങൾക്കിടയിലേക്കു മൗനം കടന്നുവന്നു
തിളങ്ങിനിന്ന ഉച്ചവെയിലിൽ,
ഒരു യുവതി, പാതയിലൂടെ കല്ലുകൾ ചുമന്നുകൊണ്ടു കൊണ്ടുപോകുന്ന കാഴ്ചയിലേക്കു ഞാനും ചെന്നു. കല്ലിന്റെ ഭാരം നിമിത്തം ഇടയ്ക്കവൾ വേച്ചു പോകുന്നുണ്ടായിരുന്നു.
ഞാനവളുടെ മുഖം കണ്ടിരുന്നില്ല. .തലയിൽ വട്ടംവച്ച ചെറിയ പലകയിൽ ഉയർത്തിപ്പിടിച്ച വെളുത്ത കൈകളിൽ ചുവന്ന കുപ്പിവളകളുണ്ടായിരുന്നു.
നൂലിൽ നിരകെട്ടി ,കല്ലുകൾ അടുക്കി സിമൻറ് തേയ്ക്കുന്ന ഒരു ചെറുപ്പക്കാരൻ ഉറക്കെയെന്തോ വിളിച്ചു പറഞ്ഞു.
ഒഴിഞ്ഞ ഗ്ലാസിലേക്കു അഗ്നി നിറച്ച ദ്രാവകമൊഴിച്ചു ബാലു ചോദിച്ചു..
'പണിതീരാത്ത കെട്ടിടം പോലെയാണ് ഒരർത്ഥത്തിൽ ജീവിതം. അല്ലേ '?.
ഞാൻ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ഗ്ലാസുയർത്തി.
ഇതാ ഗ്ലാസുകൾ കൂട്ടിമുട്ടാത്ത ചിയേഴ്സ്.
'ഭൂമിയ്ക്കു വേണ്ടി.. ഭൂമിയിലെ ജീവിതങ്ങൾക്കുവേണ്ടിയുള്ള പെഗ്ഗ് '..
മേഘവെൺചാമരങ്ങൾ വിരിഞ്ഞു നിന്ന നീലാകാശത്തിൽ ആരോ നൃത്തം തുടങ്ങിയിരിക്കുന്നു. ചെവികൾക്കരുകിൽ കൊലുസിന്റെ കിലുക്കങ്ങൾ.തലച്ചോറിനുള്ളിൽ പീലി വിടർത്തിയാടുന്ന കാവടികൾ.
അകലെ, തോട്ടങ്ങൾക്കരികിൽ പാതവക്കിലേക്കു ചൂണ്ടി ബാലു ചോദിച്ചു
'ഉണ്ണി .. ദാ , നീയതു കണ്ടോ'?
തെന്നിത്തെറിച്ചു പോകുന്ന കാഴ്ചകളിലേക്ക് ദൃഷ്ടികളുറപ്പിക്കാൻ ശ്രമിച്ച് , ഞാൻ എഴുന്നേറ്റുനിന്നു. ഇടയ്ക്കെപ്പോഴോ അവ അടുത്തടുത്തു വന്നു.
ഒരു വട്ടം, ഞാൻ കണ്ടു. പൂക്കളോ കായ്കളോ ഇല്ലാതെ , ഇലകൾ കൊഴിഞ്ഞുപോയ കമ്പുകൾ ആകാശത്തേയ്ക്കു നീട്ടി തൊഴുതു നിൽക്കുന്ന ഒരു മരം.
' നഗ്നനായ മരം.'
മണ്ണിനടിയിൽ വേരുകളൂന്നി, ആകാശം നോക്കി, എന്തോ പറയാതെ പറഞ്ഞ് സ്വയം ആശ്വസിക്കുന്ന ഒരു ജീവൻ.
പണിതീരാത്ത വീടിനു മുമ്പിൽ സിമൻറുതേയ്ക്കുന്ന ചെറുപ്പക്കാരൻ വീണ്ടും എന്തോ ഉറക്കെ ചോദിച്ചു.
പാതവക്കിൽ എവിടെയോ ,ചുവന്ന കുപ്പിവള കൈകൾ കിലുങ്ങി നേർത്ത ശബ്ദത്തിൽ വിളി കേട്ടു.
ശബ്ദമിടറി ബാലു പറഞ്ഞു.
ഉണ്ണി..
പൂക്കളില്ല.. കായ്കളുമില്ല. അസ്തമിച്ചു പോയ പ്രതീക്ഷകളുമായി, അവഗണനകളും, പരിഹാസങ്ങളും പേറി ചില ജീവനുകൾ. സന്തോഷത്തിനായി ആരോ കൊടുക്കുന്ന സഹതാപത്തിന്റെ വെറും വാക്കുകൾ മാത്രം ഇടയ്ക്ക് കൂട്ടിന്.
അഗ്നിയുള്ള , സ്വർണ്ണനിറമുള്ള ജലം നിറച്ച ഗ്ലാസ് വീണ്ടും വായുവിൽ ഒരു പൂ പോലെ ഉയർത്തി അവൻ തുടർന്നു.
ഭൂമിയിൽ നിന്ന് ആകാശത്തിന്.. പഞ്ച തത്വങ്ങൾക്കു മൊത്തമായി ഇതാ"ചീയേഴ്സ്.. "
ആകാശച്ചെരുവുകളിൽ തൂങ്ങിക്കിടന്ന മേഘങ്ങളിൽ നിന്ന് ഞങ്ങൾക്കിടയിലേക്കു വീണ്ടും മൗനം ഇറങ്ങി വന്നു.
നിറഞ്ഞുനിന്ന കണ്ണുകളോടെ ബാലു എന്നെ നോക്കി..പിന്നെയവൻ താഴേയ്ക്കു തല കുനിച്ചു.
ഓർമ്മകൾ അടുത്തുവന്ന ഏതോ നിമിഷത്തിൽ മൗനം ഭേദിച്ചു ഞാൻ അവനെ വിളിച്ചു..
'ബാലു.'
കണ്ണുകൾ അമർത്തിത്തുടച്ചു ചിരിക്കാൻ ബാലു വെറുതെ ശ്രമിച്ചു. അതിനാവാതെ വന്നപ്പോൾ വിതുമ്പി ക്കൊണ്ടവൻ പറഞ്ഞു.
'എനിക്കും ആ ഭാഗ്യമില്ലടാ..' ആ മരത്തെ പോലെ.. ഞാനും'
എന്തു പറയണമെന്നറിയാതെ
ഞാനവന്റെ മുതുകിൽ പയ്യെ തലോടി.
അകലേക്കും അടുത്തേക്കും കാഴ്ചകൾ ഊഞ്ഞാലാടവേ കാറ്റാടി മരങ്ങളിൽ തട്ടി , ഒരു കാറ്റ് താഴേയ്ക്കു പറന്നു വന്നു.അടുത്തെവിടെയോ സാന്ത്വനത്തിന്റെ വളകിലുക്കങ്ങൾ. .
വീണ്ടും ഞാൻ കണ്ടു.
പാതയോരത്ത് നിസഹായനായി, ശബ്ദമില്ലാതെ കരയുന്ന ആ മരം.
എന്റെ കാതുകളിൽ ആരോ വീണ്ടുമൊരു കഥ മന്ത്രിക്കുന്നു..
'ഒരിടത്ത് ഒരു പാതയോരത്ത് ഒരു മരമുണ്ടായിരുന്നു.നിറയെ ഇലകളും പൂക്കളുമായി !....'
ഞാൻ കാതുകൾ കൂർപ്പിച്ചു.
കാറ്റിലലിഞ്ഞുപോയ തേങ്ങുന്ന ശബ്ദംകേട്ടു ഞാൻ പാതയോരത്തേക്കു കണ്ണുകൾ നീട്ടി..
...പ്രേം മധുസൂദനൻ...

കാലത്തിന്റെ മൂന്ന് കഥകൾ

Image may contain: Prem Madhusudanan, beard and closeup
######################
ഇതു കണ്ടോ
നീ പണ്ടു കെട്ടിയ ഊഞ്ഞാൽ തീർത്ത പാടുകൾ..
ആ ഓർമ്മകൾക്കായെങ്കിലും നീ എന്നെ കൊല്ലരുത്..
കരച്ചിലോടെ വൃക്ഷം അയാളെ നോക്കി..
ആ ചാഞ്ഞു നിൽക്കുന്ന കൊമ്പില്ലേ അത് ആദ്യം മുറിക്കൂ..
കോടാലി കൊമ്പിൽ വീണപ്പോൾ വേദനയോടെ വൃക്ഷം ഒന്നു പുളഞ്ഞു. പിന്നെ മറിഞ്ഞു നിലം പതിക്കുന്നതിനു മുൻപു അയാളുടെ ചിരി നിറഞ്ഞ വാക്കുകൾ കേട്ടു
'ഞങ്ങൾ പണ്ടു ഊഞ്ഞാൽ കെട്ടുന്ന മാവായിരുന്നത്...'
***********************************
രമ മഗ്ഡോണാൾസിൽ പോയിട്ടില്ല .അവൾ ഹാംബർഗർ കഴിച്ചിട്ടില്ല. എങ്കിലും അവൾ കൂട്ടുകാരിയോട് നുണ പറഞ്ഞു.
ഇന്നലെ ഞാനും ഹസും വൈകിട്ട് സിറ്റിയിൽ പോയി ഹാംബർഗർ കഴിച്ചു.
അത്ഭുതത്തോടെ, ആരാധനയോടെ കൂട്ടുകാരി രമയെ നോക്കി.
ഒരിക്കൽ പോലും പുറത്ത് ഒരു നല്ല ഹോട്ടലിൽ കൊണ്ടു പോകാത്ത സാധാരണക്കാരനായ ഭർത്താവിനെ കൂട്ടുകാരി മനസ്സിൽ ശപിച്ചു.
രമ സാം വാൾട്ടനെപറ്റിയും വാറൻ ബഫെറ്റിനെ പറ്റിയും സംസാരിച്ചു.രമയുടെ പാണ്ഡിതൃമോർത്തു കൂട്ടുകാരി വാ പൊളിച്ചു നിന്നു..
ജെഫ് ബിസൂസ് വലിയ ഗോഡൗണുകളില്ലാതെ അധികം തൊഴിലാളികളില്ലാതെ ബിസിനസ് വിജയിപ്പിച്ച കഥ പറഞ്ഞപ്പോൾ കൂട്ടുകാരി രമയോടു ചോദിച്ചു.
ആരാണീ ജെഫ് ..
നിനക്കറിയില്ലേ.. രമ ദയനീയമായി കൂട്ടുകാരിയെ നോക്കി..
അവൾ സ്വന്തം അറിവില്ലായ്മ യോർത്തു തല കുനിച്ചു.
ആമസോണിന്റെ സ്ഥാപകൻ..
ബ്ലൂ ഡാർട്ട് കൊറിയറിന്റെ സ്ഥാപകനായ തുഷാർജാനിയെ പറ്റി പറഞ്ഞു തുടങ്ങവേ കൂട്ടുകാരി എണീറ്റു.
മോൻ വരാറായി ഞാൻ പോട്ടെ..
അവൾ തല കുനിച്ചു നടന്നു തന്റെ വീട്ടിലേക്കു നടന്നു.
വെകിട്ടു കൂലിപണി കഴിഞ്ഞു വന്ന രമേശൻ ഭാര്യയുടെ വാടിയ മുഖം കണ്ടു ചോദിച്ചു.
എന്തു പറ്റി നിനക്ക്?
ഭർത്താവിനെ നോക്കാതെ അവൾ പറഞ്ഞു
നിങ്ങൾക്ക് എന്നോടൊരു സ്നേഹവുമില്ല..
കാര്യം പറയ് നീ.. രമേശൻ ചിരിയോടെ അവളോട് ചോദിച്ചു..
ഇത്രേം നാളായി നിങ്ങൾക്ക് എനിക്ക് ഒരു ഹാംബെർഗർ വാങ്ങിത്തരാൻ പറ്റീട്ടുണ്ടോ..ഇല്ലല്ലോ?
രമേശൻ അന്ധാളിച്ചിരിക്കവേ അവൾ വീണ്ടും പറഞ്ഞു. അച്ഛനെ പറഞ്ഞാൽ മതി.. ആ ബിസൂസിനെയോ ജാനിയോ ഒക്കെ കല്യാണം കഴിച്ചിരുന്നേൽ......
രമേശൻ വിവര സാങ്കേതിക യുഗത്തിലെ ഇരുട്ടിലേക്കു നോക്കി നെഞ്ചു തടവി..
*********************†**********
ചെല്ലപ്പൻ ഒരു നാട്ടിൻ പുറത്തുകാരനായിരുന്നു. ഏകമകനായ പ്രദീപിന്റെ ഒരു കാര്യത്തിലും ചെല്ലപ്പൻ ഒരു കുറവും വരുത്തിയില്ല.
പക്ഷെ പ്രദീപിൽ കാലം ഒത്തിരി മാറ്റം വരുത്തി. ചെല്ലപ്പനെ പോലെ കഷ്ടപ്പെടാനൊന്നും പ്രദീപ് തയ്യാറായിരുന്നില്ല. പെട്ടെന്നു പ്രശസ്തനാകുവാൻ പ്രദീപ് നെട്ടോട്ടമാരംഭിച്ചു.
ആദ്യം പ്രദീപ് പാട്ടു പഠിക്കുവാൻ ശ്രമിച്ചു.സ്വരങ്ങൾ തനിക്കിണങ്ങില്ല എന്നു ബോദ്ധ്യമായപ്പോൾ വയലിൽ ,കീ ബോർഡ് മുതലായ മ്യൂസിക് ഇൻസ്ട്രമെൻറിലേക്കു പരീക്ഷണം തിരിഞ്ഞു.. താമസിയാതെ അതിൽ നിന്നും പിൻമാറി.
ദേശസ്നേഹവും അസ്ഥിത്വ പ്രണയവും ജ്വലിച്ചപ്പോൾ കവിതയിലും കൈവച്ചു നോക്കി.. പിന്നെ കഥയിലെത്തി.
മലയാളക്കരയിലെ സകല മാഗസിൻ എഡിറ്റർക്കും വാശിയോടെ കഥയെഴുതിയയച്ചു. പക്ഷെ പ്രദീപിന്റെ കഥകൾ അച്ചടിമഷി പുരട്ടാതെ അവരതു മടക്കിയയച്ചു.
അപ്പോഴാണ് മുമ്പു പറഞ്ഞ രണ്ടു കഥകളിലെ കാലം ഓടിയെത്തുന്നത്.
ഇൻഫോമേഷൻ എയ്ജ് അല്ലെങ്കിൽ വിവരസാങ്കേതിക യുഗം.
ബന്ധങ്ങൾ യാന്ത്രികമാകുന്ന ജീവിതങ്ങളിൽ ഊഞ്ഞാൽ പാട്ടുകൾ മറന്നു പോയ കാലം. രമ ഹാംബർഗുകളെ പറ്റി പറയുന്ന കാലം. രമയുടെ കൂട്ടുകാരി ജെഫ് ബിസൂസിനെ വിവാഹം കഴിക്കുവാനാഗ്രഹിക്കുന്ന കാലം.
അപ്പോഴാണ് മാർക്ക് സുക്കർബർഗ്ഗ് ഫെയ്സ് ബുക്ക് അഥവാ മുഖപുസ്തകവുമായി വരുന്നത്.
അച്ചടിമഷി പുരട്ടാതെ തിരിച്ചയച്ച എഡിറ്ററൻമാരെ നോക്കി പ്രദീപ് പല്ലു ഞെരിച്ചു.
പിന്നെ എഡിറ്ററില്ലാത്ത മുഖപുസ്തകത്തിലേക്കു കഥകൾ വർഷിച്ചു.സൗഹൃദങ്ങളുടെ വലയം വലുതാക്കി. പിറന്നാൾ ആശംസകളും വിവാഹാശംസകളും മുടങ്ങാതെ കൈമാറി. രമയുടെ കൂട്ടുകാരി വിവാഹ വാർഷികത്തിന് ഭർത്താവായ രമേശന്റെ കവിളിൽ ഉമ്മ വയ്ക്കുന്ന ചിത്രം മുഖപുസ്തകത്തിലിട്ടതിന് പ്രദീപ് ഇങ്ങനെ അടിക്കുറിപ്പെഴുതി..
'മെയിഡ് ഫോർ ഈച്ച് അദർ.. അടുത്ത ജന്മത്തിലും ഒന്നിക്കുവാൻ പ്രാർത്ഥിക്കുന്നു'.
സുന്ദരിമാർ പ്രദീപിന്റെ കഥകൾക്കു ലെക്കും കമന്റും നൽകി.
അപ്പോഴാണ് പ്രദീപിന്റെ കൂട്ടുകാരൻ പുതിയൊരറിവ് പറഞ്ഞു കൊടുത്തത്.
വെറുതെ കഥയെഴുതിയാൽ മാത്രം പ്രശസ്തനാവില്ല. ശക്തമായി വിമർശിക്കണം. എന്തിലും അതൃപ്തി കാട്ടണം.
വിമർശിക്കാനോ...എങ്ങനെ? പ്രദീപ് കൂട്ടുകാരന്റെ മുഖത്തേയ്ക്കു സംശയത്തോടെ നോക്കി.
സാഹിത്യത്തെ പരിപോഷിപ്പിക്കുന്നവനാണ് താനെന്ന തോന്നൽ ഉണ്ടാക്കണം. നിന്റെ വിമർശനങ്ങൾ കണ്ടാൽ എല്ലാവരും ഒന്നു ഞെട്ടണം . അതിന് ആദ്യം ഈ പേരു മാറ്റണം.
ഒന്നു നിർത്തി കൂട്ടുകാരൻ തുടർന്നു.
കൈരളിയിൽ ഈ ആയുസു മുഴുവൻ വായിച്ചാലും തീരാത്ത നല്ല പുസ്തകങ്ങളും വായനക്കാരും ഉണ്ട്.
പ്രദീപ് സംശയത്തോടെ ചോദിച്ചു.
അച്ഛന്റെ പേരു കൂട്ടി പ്രദീപ് ചെല്ലപ്പൻ എന്നായാലോ?
കൂട്ടുകാരൻ വിവര സാങ്കേതിക യുഗത്തിലെ ആകാശത്തേയ്ക്കു നോക്കി മിണ്ടാതിരുന്നു.
അന്ന് രാത്രി മനോഹരമായി എഴുതപ്പെട്ട ഒരു കഥയുടെ താഴെ പുതിയൊരു തൂലികാനാമത്തിൽ ആർക്കും മനസ്സിലാവാത്ത ഒരു വിമർശനലേഖനമുണ്ടായിരുന്നു.
ആ തൂലികാനാമം ഇപ്രകാരമായിരുന്നു..
"പ്രദീപ് ചെല്പ്സ് "
...പ്രേം മധുസൂദനൻ...

ഉറക്കം...

.Image may contain: Prem Madhusudanan, beard and closeup
അവൾക്കു പൂക്കളെ ഇഷ്ടമായിരുന്നു. മഴയെ ഇഷ്ടമായിരുന്നു. രാത്രിയും നിലാവും ഇഷ്ടമായിരുന്നു.പക്ഷെ എന്തുകൊണ്ടോ അവൾക്ക് സരസ്വതിയെ ഇഷ്ടമായില്ല.
ഒരു രാത്രിയിൽ ഉറക്കമൊഴിച്ചു ഞാൻ സൃഷ്ടിച്ച കഥാപാത്രമായിരുന്നു സരസ്വതി. സരസ്വതിയാവട്ടെ എനിക്കു പ്രിയപ്പെട്ടവളും.
'എന്താ നിനക്കു സരസ്വതിയെ ' ........
ഞാൻ ചോദ്യം പകുതിയിൽ നിർത്തി അവളെ നോക്കി.
വെളുത്ത കടലാസിൽ നീലമഷിയിലെ അക്ഷരങ്ങളിൽ കളിമുറ്റത്ത് തിരസ്കരിക്കപ്പെട്ട ഒരു കുട്ടിയുടെ മുഖഭാവത്തോടെ സരസ്വതി ഞങ്ങളെ മാറി മാറി നോക്കി.
സരസ്വതിയുടെ നോട്ടം പാടെ അവഗണിച്ചാണവൾ മറുപടി പറഞ്ഞത്.
"നിങ്ങളുടെ കഥകളിൽ പ്രണയമില്ല. നിങ്ങൾക്കു പ്രണയിക്കാനുമറിയില്ല."
മുറിയിൽ ഒറ്റയ്ക്കായപ്പോൾ ഞാൻ കടലാസിലേക്കു നോക്കി. നിറഞ്ഞു തൂവാത്ത കണ്ണുമായി സരസ്വതി എന്നെ നോക്കി.
ഞാൻ സരസ്വതിയെ ആശ്വസിപ്പിക്കുവാൻ വാക്കുകൾ തിരഞ്ഞു. പിന്നെ സാവധാനം പറഞ്ഞു
'സാരമില്ല. ഒന്നും കാര്യാക്കണ്ട . ചിലപ്പോൾ അവളങ്ങനെയാണ്.'
നിറകണ്ണോടെ സരസ്വതി എന്നെ നോക്കി . പിന്നെ തല കുനിച്ചു.
എന്റെ പേനയിലൂടെ സരസ്വതി ഗുൽമോഹർ വീണു കിടന്ന വഴിയിലെത്തി. തിരയെണ്ണുന്ന കടൽത്തീരത്തെത്തി.. ആളൊഴിഞ്ഞ ഒരു കോഫീ ഷോപ്പിലെത്തി.
നീണ്ട മുടിയിഴകളിൽ ഞാൻ മുല്ലപ്പൂ ചൂടിച്ചു. ചുണ്ടുകളിൽ ചുവന്ന ചായം പുരട്ടി.
പക്ഷെ സരസ്വതിയ്ക്ക് മാറ്റമുണ്ടായില്ല.
പ്രണയം മരവിച്ചു പോയ കണ്ണുകളുമായി വെളുത്ത കടലാസിൽ സരസ്വതി ഒരു ശിലാ ബിംബം പോലെ അനങ്ങാതിരുന്നു.
'.എന്താ ഇങ്ങനെ.?' ഞാൻ അക്ഷമനായി ചോദിച്ചു.
സരസ്വതി ക്രുദ്ധമൗനത്തോടെ എന്നെ നോക്കി.
അന്നു രാത്രി ..
ഉറങ്ങുകയായിരുന്ന അവളെ .
ഞാൻ വിളിച്ചുണർത്തി..
'എന്തു പറ്റി ? പരിഭ്രമത്തോടെ അവൾ ചോദിച്ചു..
'മുഖം മൂടാൻ പോകുകയാ.'. നിനക്കു കാണണ്ടേ? വാ..
ഞാൻ അവളേയും കൂട്ടി മുറിയിലേക്കു നടന്നു. മേശപ്പുറത്തെ വെളുത്ത കടലാസിലേക്കു കൈ ചൂണ്ടി ഞാൻ വിതുമ്പിക്കരഞ്ഞു.
തലയ്ക്കൽ കത്തിച്ചു വച്ച നിലവിളക്കും ചന്ദനത്തിരിയും. വെള്ള പുതപ്പിച്ച ശരീരം.
വെളുത്ത കടലാസിൽ സരസ്വതി ഉണരാതെ ഉറങ്ങിക്കിടന്നിരുന്നു..
...പ്രേം മധുസൂദനൻ...

.യാത്ര

Image may contain: Prem Madhusudanan, beard and closeup
എനിക്കു തിരക്കുണ്ടായിരുന്നില്ല.. വെയിറ്റിങ്ങ് ഷെഡ്ഡിൽ എന്നെ കൂടാതെ സുന്ദരിയായ ഒരു യുവതിയും , രണ്ടു വൃദ്ധൻമാരും മാത്രമാണ് ഉണ്ടായിരുന്നത്.. അകലെയുള്ള കാഴ്ചകൾ വ്യക്തമായി കാണുവാനായി ഒഴിഞ്ഞൊരു മൂലയിലാണ് ഞാനിരുന്നിരുന്നത്. നനഞ്ഞു നിന്ന ആകാശത്തിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടി നിൽക്കുന്നതും താഴെ മരപച്ചകൾ തലയാട്ടി സന്തോഷിക്കുന്നതും എനിക്കു കാണാമായിരുന്നു.
ബസ് സ്റ്റോപ്പിനടുത്തെ കടയ്ക്കു മുന്നിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ചിലർ സാധനങ്ങൾക്കായി ബഹളം വയ്ക്കുന്നതും, മറ്റു ചിലർ വാങ്ങിയ സാധനങ്ങളുമായി കടത്തിണ്ണയിൽ സംസാരിച്ചു നിൽക്കുകയും ചെയ്തിരുന്നു. . കുറച്ചു നേരം ആ കാഴ്ചകൾ നോക്കി മടുത്തപ്പോൾ ഞാൻ തെല്ലകലെയായി നിന്ന വലിയൊരു മരച്ചുവട്ടിലേക്കു കണ്ണുകൾ നീട്ടി.
അപ്പോഴേക്കും ശക്തമായി മഴ പെയ്തു തുടങ്ങിരുന്നു. മഴയുടെ മൂടലിൽ എന്റെ കാഴ്ച്ചകൾ മങ്ങുകയും ഞാൻ വീണ്ടും യാത്രക്കാരെ ശ്രദ്ധിക്കുവാനും തുടങ്ങി.
എനിക്കു തെറ്റി.. ഒരു യുവതിയും രണ്ടു വൃദ്ധൻമാരും മാത്രമല്ല.. അതാ യുവതിയുടെ സാരിത്തുമ്പിൽ തൂങ്ങി ഒരു ആൺകുട്ടി.
. ഒരു നിമിഷം അവൻ അവന്റെ അമ്മയോടായി ചോദിച്ചു.
വയസായവരാണോ അമ്മേ ആദ്യം മരിച്ചു പോകുക ?
ചോദ്യം കേട്ട അമ്മ പരിഭ്രമത്തോടെ ചുറ്റും നോക്കി. ഒരു വട്ടം അവരുടെ കണ്ണുകൾ എന്നേയും തൊട്ടു കടന്നു പോയി..
മരിച്ചു പോയാൽ തിരിച്ചുവരാനാവില്ലേ അമ്മേ '?
അവന്റെ ചോദ്യം പതിവിലും ഉച്ചത്തിലായിരുന്നു. ഇത്തവണ ശാസനാ ഭാവത്തിൽ അവനെ നോക്കി ആ സ്ത്രീ പറഞ്ഞു.
മിണ്ടാതിരിക്കൂ നീ..
ഒരു ചിരിയോടെ അവൻ ഓരോ മുഖങ്ങളും മാറി മാറി നോക്കി കൈവിരൽ ചൂണ്ടി.. മഴത്തുള്ളികൾ അവനോടൊപ്പം ചിരിക്കുന്നുണ്ടായിരുന്നു.
വൃദ്ധൻമാർ അന്യോനം മുഖത്തു നോക്കി മിണ്ടാതിരുന്നു.
ഞാൻ മറുപടി തിരഞ്ഞു.
' പ്രായം നോക്കാതെ , സമയം നോക്കാതെ വരുന്ന അതിഥി'........
ജനനം മുതൽ മരണം വരെയുള്ള ഒരു ചെറിയ യാത്ര....
കരഞ്ഞും, ചിരിച്ചും, തമാശകൾ പറഞ്ഞും, പരിഭവിച്ചും ,സ്നേഹിച്ചും, വെറുത്തും .....
എന്തോ പറയുവാൻ ആഗ്രഹിച്ചു ഞാൻ.വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു..
കടയ്ക്കു മുമ്പിൽ ആളുകൾ തിരക്കുകൂട്ടുകയാണ്.. ചിലർ തോരാത്ത മഴയെ നോക്കി പരിഭവിക്കുകയാണ്.
വളഞ്ഞു പോകുന്ന റോഡിന്റെ അങ്ങേത്തലയ്ക്കൽ പെട്ടെന്നാണ് ബസ്സു പ്രത്യക്ഷപ്പെട്ടത്.
എനിക്കു തിരക്കുണ്ടായിരുന്നില്ല..
എങ്കിലും വെറുതെ ഞാൻ എഴുന്നേറ്റു നിന്നു.
....പ്രേം മധുസൂദനൻ.....

പൂർണ്ണമാവാത്ത ചിത്രം

Image may contain: Prem Madhusudanan, beard and closeup

സൂചിയിൽ നൂൽ കോർക്കുന്ന ഒരു വൃദ്ധന്റെ ചിത്രമായിരുന്നത്. തന്റെ കാൻവാസിൽ അതിന്റെ അവസാന മിനുക്കുപണികൾ ചെയ്യവേ ചിത്രകാരൻ തന്റെ സൃഷ്ടിയായ വൃദ്ധനെ നോക്കിച്ചിരിച്ചു പറഞ്ഞു
' ഇനി കോർത്തോളൂ '
പുറത്തു മഴ പെയ്യുകയായിരുന്നപ്പോൾ. തുറന്നിട്ട ജനാലയിലൂടെ ഇരുണ്ടുമൂടിയ ആകാശത്തെനോക്കി ചിത്രകാരൻ നെടുവീർപ്പുയർത്തി. ആകാശമാവട്ടെ ഇരുണ്ട മുഖവുമായി കണ്ണീർ പൊഴിച്ചു നിന്നു.
നരച്ച മുടികളുള്ള ഈ വ്യദ്ധനെ എവിടെയാണ് കണ്ടതെന്നോർത്തെടുക്കുവാൻ അയാൾ ശ്രമിച്ചു നോക്കി.
നഗരത്തിലെ നടപ്പാതയുടെ ഒരു കോണിൽ മുഷിഞ്ഞ പുതപ്പുമായി ഒരു വൃദ്ധൻ ദൈന്യത പടർന്ന കണ്ണുകളുമായി മടിയോടെ യാത്രക്കാരുടെ മുഖത്തു നോക്കി കൈ നീട്ടികൊണ്ടിരുന്നു..
അല്ല ... അതല്ല..
ചിത്രകാരൻ വീണ്ടും ഓർമ്മകളിൽ പരതി.
പള്ളിയുടെ പുറകിലെ വഴിയോരത്ത് ചെറിയ വീടിന്റെ മുന്നിൽ നിറഞ്ഞ കണ്ണു തുടച്ചു വിതുമ്പിക്കരയുന്ന മറ്റൊരാൾ.. ഒട്ടിക്കിടന്ന വയറ്റിൽ തിരുമ്മി അയാൾ ഇടയ്ക്കു വഴിയിലേക്കു നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
എന്തോ ഓർത്ത പോലെ ചിത്രകാരൻ ചിത്രത്തിലേക്കു തിരിഞ്ഞു നോക്കി..
വിറയ്ക്കുന്ന കൈകൾ.. സൂചിയിൽ നൂൽ കോർക്കാനാവാൻ പാടുപെടുന്ന ചിത്രം.
ചിത്രത്തിലെ ശോഷിച്ച കൈകളിൽ ചിത്രകാരൻ തന്റെ ബ്രഷു തലോടി പയ്യെ പറഞ്ഞു
' കോർത്തോളൂ"
നരച്ച കണ്ണുകളാൽ വൃദ്ധൻ ചിത്രകാരനെ നോക്കി. നനഞ്ഞു പടർന്നുപോയ കാഴ്ചകളുടെ നിസഹായത ആ മുഖത്തു പ്രകടമായിരുന്നു.
'കരയണ്ട '.
നിറഞ്ഞു തുടങ്ങിയ കണ്ണുകളിൽ ബ്രഷു തലോടി ചിത്രകാരൻ പറഞ്ഞു.
കണ്ണു തെളിഞ്ഞ വൃദ്ധൻ സൂചിദ്വാരത്തിലൂടെ അകലേയുള്ള ആകാശത്തെ നോക്കി .
ആകാശത്തിന്റെ കറുത്ത മുഖം തെളിഞ്ഞു തുടങ്ങിയിരുന്നു. തെല്ലകലെ വൃക്ഷങ്ങളുടെ ഇലപടർപ്പുകളിൽ നിന്നു മഴ നനഞ്ഞ ഒരു കാക്ക തല വെട്ടിച്ചു ചിത്രകാരന്റെ ഓർമ്മകളിലേക്കു നോക്കി കരഞ്ഞു.
ഓർമ്മകളുടെ വേരുകളിലേക്ക് ചിന്തകൾ പായിച്ചു ചിത്രകാരൻ നിന്നു.. തുറന്നിട്ട ജനാലയിലൂടെ ആ കണ്ണുകൾ പഴയ ഓർമ്മകളിലേക്കു നീണ്ടുപോയി.
ചായമടിച്ച സിമന്റു ബഞ്ചിലിരുന്ന പെൺകുട്ടി കടലിനെ നോക്കിയിരുന്ന അവനോടു ചോദിച്ചു.
എന്താ ചിത്രകാരാ പ്രകൃതിയുടെ കാൻവാസിൽ?
'ജീവിതം'
അവൻ കുങ്കുമം തൊട്ട സന്ധ്യയെ നോക്കി പറഞ്ഞു.
ദിക്കു തേടി പറന്നു പോകുന്ന പക്ഷികൾ പ്രകൃതിയുടെ ആകാശചിത്രത്തിനു മാറ്റുകൂട്ടുന്നുണ്ടായിരുന്നു.
എന്റെ ജീവിതം സൂചിയിൽ നൂലു കോർക്കുന്നതു പോലെയാണ്.. ആർത്തിരമ്പിവന്ന ഒരു വലിയ തിരയിൽ അവന്റെ ശബ്ദം മുങ്ങിപോയിരുന്നു.
പെൺകുട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.
'അപ്പോൾ വയസാവുമ്പോൾ ചിത്രകാരൻ എങ്ങനെയാ ജീവിതം കോർക്കുക ?'
'ഞാൻ.... മറുപടി പരതി അയാൾ അവളുടെ മുഖത്തേക്കു നോക്കി.
പുല്ലുപിടിച്ച വിജനമായ വഴിയിൽ നിന്നും കണ്ണുകൾ വലിച്ചെടുത്തു ചിത്രകാരൻ ഓർമ്മകളിൽ നിന്നു തിരിച്ചു വന്നു.
.സൂചിയിൽ നൂൽ കോർക്കാനാവാൻ പാടുപെടുന്ന വ്യദ്ധന്റെ ചിത്രത്തെ നോക്കി തേങ്ങലോടെ , വീണ്ടും പറഞ്ഞു.
കോർത്തോളൂ...
സൂചിദ്വാരത്തിലൂടെ വൃദ്ധൻ ചിത്രകാരനെ നോക്കി അനങ്ങാതിരുന്നു.
വിറയ്ക്കുന്ന കൈകളോടെ അയാൾ ആ ചിത്രത്തെ ഒന്നു തൊട്ടു.
പിന്നെ വിതുമ്പിക്കരഞ്ഞുകൊണ്ടതിനെ നെഞ്ചോടു ചേർത്തു..
...പ്രേം മധുസൂദനൻ...

കായ്ക്കാത്ത മരം

Image may contain: Prem Madhusudanan, beard and closeup
എന്നെയറിയില്ലേ ....?
ചിന്തിച്ചു വിഷമിക്കേണ്ടതില്ല. മറന്നു പോയവരെ ഓർമ്മിപ്പിച്ചതാണ്.
അറിയാത്തവർക്കായി ഞാൻ സ്വയം പരിചയപ്പെടുത്തട്ടെ..
ഞാനൊരു പ്ലാവാണ്. കാലം ചെന്നിട്ടും ഇതുവരെ ചക്കപ്പൊടിപ്പുകൾ വീഴാത്ത , വീടിനു മുകളിലേക്കു ചാഞ്ഞുപോയ ശിഖരങ്ങൾ മുറിക്കപ്പെട്ട ഒരു പ്ലാവ്. കാലങ്ങളായി ഞാനിവിടെ നിൽക്കാൻ തുടങ്ങിയിട്ട്.
എവിടെയാണന്നല്ലേ.
ഇതാ ഇവിടെ.ഈ കടലാസുപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വീടിന്റെ മതിലിനടുത്തു വെയിലും മഴയും കുടിച്ചു ഞാൻ നിൽക്കുന്നു.. ചിലപ്പോൾ അനങ്ങാതെ ,മറ്റു ചിലപ്പോൾ കാറ്റിൽ ചില്ലകളനക്കി, ഇവിടെ ഞാൻ.. നിങ്ങളൊരുപക്ഷെ എന്നെ കണ്ടിരിക്കും. ഇല്ലേ?
ഇല്ലെങ്കിൽ അതാ നോക്കൂ.
വീടിന്റെ ഉമ്മറത്തു ചാരുകസേരയിലിരുന്നു കണ്ണടയ്ക്കു മുകളിലൂടെ പുറത്തേയ്ക്കു നോക്കി എന്തോ ആലോചിച്ചിരിക്കുന്ന ആ സാറിനെ കണ്ടോ ? ആ സാറിന്റേതാണീ സ്ഥലം. മറ്റൊരർത്ഥത്തിൽ ഇവിടെ നിൽക്കുന്ന ഈ ഞാനും സാറിന്റേതാണ്..
ഇവിടെ വേറേയും മരങ്ങളുണ്ട്. തേനൂറുന്ന മാമ്പഴം തരുന്ന മാവ് . ചെടിച്ചട്ടികൾക്കരികിൽ കമ്പുകൾ ചാഞ്ഞു കായ്ച്ചു നിൽക്കുന്ന മാതള ചെടി . അതിനുമപ്പുറം നിറയെ സപ്പോട്ടകൾ നിറഞ്ഞ കൊമ്പുമായി ഇലകൾ പടർത്തിയ ആ ചെറിയ മരം.
അതാ തൊട്ടടുത്ത വീട്ടിലെ തൊടിയിൽ നിറയെ ചക്കയുമായി നിൽക്കുന്ന ആ തടിയൻ തേൻവരിക്കപ്ലാവ് എന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നത് തൽക്കാലം ഞാൻ കണ്ടില്ലെന്നു നടിക്കുകയാണ്.
അതിനും കാരണങ്ങളുണ്ട്.
എന്നും രാവിലെ സാറിന്റെ ഭാര്യ
എന്റെ ചുവട്ടിൽ കൊഴിഞ്ഞ പഴുത്ത ഇലകൾ കമ്പിയിൽ കുത്തിയെടുക്കവേ എന്നോട് പിറുപിറുക്കാറുമുണ്ട്.
എന്റെ പ്ലാവേ ... ഒന്നു കായ്ച്ചൂടെ? കായ്ക്കേം ഇല്ല വെറുതെ ഇലകളും പൊഴിച്ച്.....
സ്വയം ശപിച്ചു ഞാൻ സങ്കടത്തോടെ നിൽക്കും. പരിഹാസങ്ങൾ ഉള്ളു നിറയ്ക്കുമ്പോൾ ശിഖരങ്ങൾക്കു താങ്ങാനാവാതെ നിറഞ്ഞു കിടക്കുന്ന ചക്കകൾ വെറുതെ സ്വപ്നം കാണും.
മനക്കണ്ണിൽ വെറുതെ കാഴ്ചകൾ കാണും.
ചിരിക്കുന്ന സാറിന്റെ മുഖം. സ്നേഹത്തോടെ എന്നെ നോക്കുന്ന സാറിന്റെ ഭാര്യ..
എന്നാണാ സ്വപ്ന സായൂജ്യത്തിന്റെ നാളുകൾ? എന്നാണാ സൗഭാഗ്യത്തിന്റെ ദിനങ്ങൾ.?
ഒരിക്കൽ ഭഗവതിയ്ക്കു ചാർത്തിയ ഉടയാടയും പൂമാലയും അവരെന്റെ തടിയിൽ കെട്ടിവച്ചു പ്രാർത്ഥിച്ചു ..
' ദേവീ ഈ പ്ലാവ് കായ്ക്കണേ..'
പ്രതീക്ഷയോടെ ഞാൻ നിന്നു .
മറ്റൊരിക്കൽ മുറ്റമടിക്കുന്ന ചൂലുകൊണ്ടവർ എന്റെ ചുവട്ടിൽ തല്ലി ചോദിച്ചു.
നാണമില്ലേ....' പ്ലാവേ...'
എന്നിട്ടും ഞാൻ കായ്ക്കാത്ത മരമായി തുടർന്നു. ശിഖരങ്ങൾ താഴ്ത്തി പ്രതീക്ഷയോടെ എത്തി നോക്കി.
ദിനങ്ങൾ പഴുത്ത ഇലകളായി കൊഴിഞ്ഞു വീണു.. വെയിലും ,മഴയും, മഞ്ഞും മാറി മാറി വന്നു..
പകലിന്റെ തീ വെയിലേറ്റു തളർന്നു. രാത്രിയുടെ ഇരുട്ടിൽ ഒറ്റയ്ക്കു നിന്നു.
പ്രിയമുള്ളവരേ ...
അതാ പടിഞ്ഞാറുനിന്നു ക്ലേശത്രയങ്ങൾ മാറ്റാൻ ശാന്തി മന്ത്രവും ജപിച്ചു ഒരു കാറ്റ് വരുന്നുണ്ട്.. കായ്ക്കാത്ത എന്റെ ചില്ലകളെ വെറുതെ മുട്ടിയുരുമ്മാൻ..
അടുത്തെവിടെയോ മുറിച്ചു മാറ്റിയ വൃക്ഷത്തിന്റെ അവസാന നിലവിളിയും കേൾക്കുന്നുണ്ട്..
പരിഹാസങ്ങളിൽ മനംനൊന്ത്..
പ്രാർത്ഥനയുടെ മനസ്സുമായി,
ഞാനിവിടെ കാത്തിരിക്കുകയാണ്.
തിരക്കുകളിൽ ഓടിയകലുമ്പോൾ നിങ്ങൾ ഈ മതിൽക്കെട്ടിലേക്ക് ഒന്നു നോക്കണേ...
ഞാനുണ്ടോയെന്നറിയുവാൻ ..
മറക്കുമോ ....?
...പ്രേം മധുസൂദനൻ....

പണപ്പൊതി.

Image may contain: Prem Madhusudanan, beard and closeup

ഇരുട്ടിന്റെ മറവിൽ മോഷ്ടിച്ച പൈസ പങ്കു വയ്ക്കുകയായിരുന്നു കള്ളൻമാർ. കറുത്ത ബാഗിൽ അടുക്കിവച്ച നോട്ടുകെട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തവേ ഒന്നാമത്തെ കള്ളൻ ചോദിച്ചു.
നിനക്കെന്തു വേണം..?
നേർപകുതി .. രണ്ടാമൻ മറുപടി പറഞ്ഞു.
എന്റെ മോന് പുതിയൊരു ഉടുപ്പു വാങ്ങണം. പിന്നെ വീട്ടിലേക്കു അത്യാവശ്യം സാധനങ്ങളും.ആദ്യത്തെ കള്ളൻ നോട്ടുകളെണ്ണി വികാരാധീനനായി പറഞ്ഞു.
കാർമേഘം മൂടിയ നിലാവിന്റെ വെളിച്ചം ഇടവഴിയിൽ വീണു കിടന്നിരുന്നു.
രണ്ടു ലക്ഷം രൂപയുണ്ടിത്.. ആദ്യത്തെ കള്ളന്റെ കണ്ണുകൾ ഇരുട്ടിൽ തിളങ്ങി.
അപ്പോൾ ഒരു ലക്ഷം രൂപാ എനിക്ക് അല്ലേ...?
രണ്ടാമത്തെ കള്ളൻ ചെറുചിരിയോടെ ചോദിച്ചു..
ഒന്നാമൻ തലയാട്ടി. പകുത്തെടുത്ത പണവുമായി അവർ ഇടവഴിയിലൂടെ നടന്നു..
ഇരുട്ടുവീണ വലിയൊരു പുന്നമരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ ഒന്നാമന്റെ വയറിലൂടെ ഒരു കത്തി തുളച്ചു പുറത്തു വന്നു.
ചോര വീണ മണ്ണിൽ ഒന്നാമൻ നെഞ്ചിൽ അടുക്കിപ്പിടിച്ച പണപൊതിയുമായി ആകാശം നോക്കിക്കിടന്നു.
ശ്വാസം നിലച്ച നെഞ്ചിൽ അടുക്കിപ്പിടിച്ച പൊതി വലിച്ചെടുത്ത് രണ്ടാമൻ വിളറിയ നിലാവിനെ നോക്കി ചിരിച്ചു.
അപ്പോഴും അകലെയെവിടെയോ ഒരു വീട്ടിലെ അണയാത്ത വെളിച്ചം ഇരുട്ടിലേക്കു തലചായ്ച്ചു ആരെയോ കാത്തു കിടക്കുകയായിരുന്നു.
...പ്രേം മധുസൂദനൻ....

കാള

Image may contain: 1 person
മണികണ്ഠാ നീ
കേൾക്കുന്നുണ്ടോ?
ആ കാള തലയുയർത്തി ചെവി വട്ടം പിടിച്ചു.
' വെയിലിറങ്ങി നിന്ന മരച്ചില്ലകൾക്കു താഴെ ഗോപാലൻ ആകാശം നോക്കി കിടക്കുകയായിരുന്നപ്പോൾ..
എനിക്ക് ഒരാഗ്രഹമേയുള്ളൂ.. നീ ചത്തിട്ടു വേണം എനിക്കു ചാവാൻ..
കാള വലിയ കണ്ണുകൾ മിഴിച്ചു ഒന്നും മനസ്സിലാവാത്തതുപോലെ ഗോപാലനെ നോക്കി.
ആകാശത്തു വെൺമേഘങ്ങൾ പാറി നടന്നിരുന്നു. എന്തോ ഓർത്തു നെടുവീർപ്പുയർത്തി അയാൾ തുടർന്നു..
വയറ്റിൽ മുഴ വന്നാൽ..... ? ഇനി ഈ പ്രായത്തിൽ ഓപ്പറേഷൻ ഒന്നും വയ്യ..
തെങ്ങിൽ ചുറ്റിയ കയർ മണികണ്ഠന്റെ കാലിലുടക്കി കിടന്നിരുന്നു. മുടന്തി മുടന്തി കഴുത്തിൽ കെട്ടിയ മണി കിലുക്കി അവൻ ഗോപാലന്റെ അടുത്തേയ്ക്കു നടന്നു ചെന്നു.
ഡോക്ടർ വിശ്രമിക്കാൻ പറഞ്ഞിട്ടു ഞാൻ ഈ ആകാശം നോക്കി കിടക്കുകയാടാ... എതിലോടെയാ മോളീ ലേക്കു പോണതെന്നറിയാൻ..
നെഞ്ചു തടവി അയാൾ ചുമച്ചു കൊണ്ടു വീണ്ടും പറഞ്ഞു..
നിന്നെ ആരു നോക്കാനാ ഇനി?. ഇന്നലെ ഞാൻ ഇറച്ചിക്കടക്കാരനോടു ......'
പകുതി മുറിഞ്ഞ വാക്കുകൾ നിർത്തി അയാൾ മണികണ്ഠനെ നോക്കി..
മിഴിച്ച കണ്ണുകളാൽ കാള അയാളെ നോക്കി. അതു നിറഞ്ഞിരുന്നു. അകലേയ്ക്കു തെല്ലിട നോക്കി നിന്ന ശേഷം മണികണ്ഠൻ സാവധാനം തലയാട്ടി...
മിണ്ടാനാവാത്തതിനാൽ സമ്മതമരുളാൻ കഴുത്തിലെ മണി കിലുങ്ങുകയാണ്..
അല്ല തേങ്ങുകയാണ്....
....പ്രേം മധുസൂദനൻ...

മരം പറഞ്ഞ കഥ

Heart Red Leafed Tree on Red Field
അമ്പലത്തെരുവിലെ വിശ്രമാലയത്തിനു പുറകിൽ പാത്രങ്ങൾ തേച്ചു കഴുകി സീത നടുവൊന്നു നിവർത്തിയപ്പോഴേയ്ക്കും പാട്ടുകച്ചേരി തുടങ്ങിക്കഴിഞ്ഞിരുന്നു.
നിഴൽ വീണു കിടന്ന നാട്ടുവഴിയെ നോക്കി നിന്നവൾ ആ പാട്ടു ശ്രദ്ധിച്ചു..
"കണ്ണടച്ചിരിപ്പതെന്തെൻ
കണ്ണുനീർ കണ്ടിടാതേ
കണ്ണിലുണ്ണിയായ കണ്ണന്നുണ്ണി..... "
സുന്ദരമായ ആ ശബ്ദം നാട്ടുവഴിയിലൂടെ അകലേയ്ക്കു ഒഴുകി ഇരുട്ടു പടർന്ന മരക്കൊമ്പിലെത്തി.
.പാട്ടുകേട്ട മരക്കൊമ്പുകൾ ഒരിളം കാറ്റിൽ ആടിയുലഞ്ഞു.
ഞാനൊരു കഥ പറയട്ടെ " ?
മരക്കൊമ്പിലിരുന്ന ഇണകിളികൾ ചോദ്യം കേട്ടു മുകളിലേക്കു നോക്കി ചിറകുകൾ കുടഞ്ഞു.
ഇടറിയ ശബ്ദത്തിൽ മരം കഥ പറഞ്ഞു തുടങ്ങി..
പണ്ടു ഒരു വീട്ടിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. . അവളുടെ വീടിനു മുന്നിൽ അയൽപക്കത്തുള്ള നാട്ടു ജന്മിയുടെ വിശാലമായ ഒരു തെങ്ങിൻ തോപ്പുണ്ടായിരുന്നു. മൺകുടത്തിൽ വെള്ളം കോരി നിത്യേന അവളായിരുന്നു ആ തെങ്ങുകൾ നനച്ചിരുന്നത്. അവൾക്കതിനു തുച്ഛമായ പ്രതിഫലം ലഭിക്കാറുമുണ്ടായിരുന്നു.
ഒരിക്കൽ അവൾ കടുത്ത വേനലിൽ വാടിയ ഇലകളോടെ തളർന്നു നിൽക്കുന്ന ഒരു മാവിന്റെ തൈ കണ്ടു. സ്നേഹപൂർവ്വം അവൾ ആ തൈ ചുവട്ടിലേക്കു വെള്ളം പകർന്നു. പിന്നീട് നിത്യേനയുള്ള നനയ്ക്കലിൽ അവൾ അതു പതിവാക്കുകയും ചെയ്തു..
അങ്ങനെ ആ മാവിൻ തൈ വളർന്നു. ദിവസവും അവളുടെ വരവിനായി മാവ് കാത്തുനിന്നു. അവൾക്കു വേണ്ടി കാറ്റിൽ തലകളാട്ടിച്ചിരിച്ചു.
പക്ഷെ ആ മാവിൽ പൂക്കൾ വിടരും മുൻപേ ആ പെൺകുട്ടി വിവാഹം കഴിച്ചു ദൂരെ ഒരു സ്ഥലത്തേയ്ക്കു പോയി..
എന്നിട്ട് ..?
പെൺകിളി കഥ കേൾക്കാനായി ആൺകിളിയുടെ അടുത്തേയ്ക്കു ചേർന്നിരുന്നു.
ജീവിത തിരക്കിൽ അവൾ നാടു മറന്നു. നാട് അവളേയും മറന്നു.
പക്ഷെ ആ മരം എന്നും അവളെ ഓർത്തു. അവളെ ഒരു നോക്കു കാണുവാൻ കൊതിച്ചു.
കാലം വീണ്ടും ചിറകുകൾ കുടഞ്ഞു.
ഒരു സന്ധ്യയിൽ ഭർത്താവും മകനും മരണപ്പെട്ട അവൾ നാട്ടിലേക്കു തിരിച്ചു വന്നു.
മൺകുടങ്ങളില്ലാതെ, മുടന്തി നടന്ന ആ കറുത്തു മെലിഞ്ഞ രൂപം കണ്ടു മരം കരഞ്ഞു ശിഖരങ്ങൾ താഴ്ത്തി..
അതു നോക്കാതെ അവൾ കാലുകൾ വലിച്ചു നടന്നു..
അടക്കിപ്പിടിച്ച തേങ്ങലുകൾ കേട്ടു പെൺകിളി മരത്തിനു മുകളിലേക്കു നോക്കി.. ഇലകൾ പടർന്ന ശിഖരങ്ങൾക്കു മുകളിൽ ആകാശത്തു കണ്ണീർക്കുടങ്ങൾ പേറി മഴമേഘങ്ങൾ പടർന്നു കിടന്നിരുന്നു .
പാട്ടു കച്ചേരി തീർന്നിരുന്നില്ല.. ഇരുട്ടിലൂടെ ഈരടികൾ ഒഴുകി വന്നു..
"എന്നെ അറിയില്ലയെന്നോ....
നിൻ കരൾ തൂവെണ്ണ
എന്നിലലിയില്ലയെന്നോ... കണ്ണാ..... "
.മാല ചാർത്തിയ കൃഷ്ണ വിഗ്രഹം ഓടക്കുഴലൂതി പുഞ്ചിരിച്ചു നിൽക്കുകയാണ്..
പന്തലിനു ചുറ്റും ആളുകൾ പാട്ടിൽ ലയിച്ചിരിക്കുകയാണ്.. ചിലർ താളം പിടിക്കുന്നു. മറ്റുചിലർ തലയാട്ടുന്നു..
പാട്ടൊഴുകുന്ന വഴിയിലൂടെ , ആളുകൾക്കിടയിലൂടെ സീത മുടന്തി വന്നു. അവളുടെ കൈയ്യിൽ തേച്ചുമിനുക്കുവാനായി കരിപിടിച്ച വലിയൊരു വിളക്കുമുണ്ടായിരുന്നു. ആ വിളക്കിന്റെ ഭാരം താങ്ങാനാവാതെ എല്ലുന്തിയ മുതുകുകൾ കൂനി വളഞ്ഞിരുന്നു ..
തെല്ലകലെ ബലിഷ്ഠമായ ശിഖരങ്ങൾ കാറ്റിലിളക്കി മരം നിസഹായതയോടെ അവളെ നോക്കി..
അപ്പോൾ...
കറുത്ത ആകാശത്തിലെ മൺകുടങ്ങളിൽ നിന്നും
അവൾക്കു വേണ്ടി മഴയുടെ ആദ്യ തുള്ളികൾ കണ്ണുനീരായി താഴേയ്ക്കു വീണു.
...പ്രേം മധുസൂദനൻ.... 
Image may contain: Prem Madhusudanan, beard and closeup

കൂട്ടിമുട്ടലുകൾ

Image may contain: Prem Madhusudanan, beard and closeup

അമ്പലനടയിൽ ആദ്യമുണ്ടായ സംഭവം തികച്ചും അപ്രതീക്ഷിതമായിരുന്നു. അതും ദീപാരാധനയ്ക്കു മുമ്പ്..
നടയിൽ ആൾത്തിരക്കുണ്ടായിരുന്നില്ല. ശ്രീകോവിലിനു മുന്നിൽ നിരനിരയായി വച്ചിട്ടുള്ള വിളക്കുകളിൽ അപ്പുക്കുട്ടൻ തിരി ഇട്ടു കൊണ്ടിരിക്കുമ്പോഴാണ് അതു സംഭവിച്ചത്. പിറകിലേക്കു നീങ്ങവേ തല ശക്തിയായി എന്തിലോ മുട്ടി.ശക്തമായ വേദനയിൽ ഒരു നിമിഷം അപ്പുക്കുട്ടൻ' എല്ലാം മറന്നു. പിന്നെ തിരിഞ്ഞു നോക്കി.
നടവഴിയിലെ കൊത്തുപണിയുള്ള കരിങ്കൽത്തൂണിലാണ് അപ്പുക്കുട്ടന്റെ തലയിടച്ചത്.
അപ്പുക്കുട്ടനു ജീവനുള്ളതുകൊണ്ടും കരിങ്കൽ തൂണിനു ജീവനില്ലാത്തതുകൊണ്ടും തലയിലെ മുഴച്ച ഭാഗം പയ്യെ തലോടി അയാൾ ഒന്നും മിണ്ടാതെ നിന്നു.
രണ്ടാമതുണ്ടായ സംഭവവും ഒരു കൂട്ടിമുട്ടലായിരുന്നു. പ്രദക്ഷിണ വഴിയിൽ അപ്പുക്കുട്ടന്റെ തലയും സുരേഷിന്റെ തലയുമായി കൂട്ടിമുട്ടി. കണ്ണടച്ചു നിന്ന അപ്പുക്കുട്ടന്റെ തലയിൽ നല്ല വേഗതയിൽ നടന്നു വന്ന സുരേഷിന്റെ തല ചെന്നിടിക്കുകയായിരുന്നു. ശക്തമായ വേദനയിൽ അപ്പുക്കുട്ടൻ കണ്ണു തുറന്നു. പിന്നെ തല പൊത്തി..
എവിടെ നോക്കിയാടോ നടക്കുന്നത്? തനിക്കു കണ്ണു കാണില്ലേ..?
സുരേഷിന്റെ കണ്ണിലും തീ പാറി. അയാളും അലറി.
തന്നെ മനപൂർവ്വം ഇടിച്ചതൊന്നുമല്ലടോ .തനിക്കു സുഖിച്ചു തൊഴണമെങ്കിൽ വീട്ടിലിരുന്നു തൊഴുതാൽ മതി..
അതു പറയാൻ നീ ആരാടാ? അപ്പുക്കുട്ടൻ തിരിച്ചു ചോദിച്ചു.
സുരേഷ് ഒന്നു വിറച്ചു. അപ്പുക്കുട്ടന്റെ നേരേ വിരൽ ചൂണ്ടി അയാളും ചോദിച്ചു
നീ ആരാടാ ?
ജീവനുള്ള അപ്പുക്കുട്ടനും സുരേഷും കുറച്ചു സമയം പ്രദക്ഷിണ വഴിയിൽ തർക്കിച്ചു നിന്നു.. പിന്നെ മുഖം ഇരുളിച്ചു നടയിലേക്കു നടന്നു..
മൂന്നാമത്തെ കൂട്ടിമുട്ടൽ നടക്കുന്നതു നല്ല ആൾത്തിരക്കിലായിരുന്നു. ആരതിയുഴിയുന്ന ദേവിയെ പ്രാർത്ഥിച്ചു നിൽക്കുകയായിരുന്നു അപ്പുക്കുട്ടൻ., ശക്തമായി എന്തോ തന്റെ ചുമലിൽ തട്ടിയപ്പോൾ പ്രാർത്ഥന മുഴുവനാക്കാതെ അപ്പുക്കുട്ടൻ തിരഞ്ഞു.
വിടർന്ന കണ്ണുകൾ. നനഞ്ഞ ചുണ്ടുകളിൽ പകുതി വിടർന്ന പുഞ്ചിരി.
മുടിയിൽ ചൂടിയിരുന്ന മുല്ലമാല അപ്പുക്കുട്ടനെ മുട്ടുവാനായി തോളിലൂടെ മുന്നിലേക്കു വീണു കിടക്കുന്നു.
അഞ്ജലി പകുതി വിടർന്ന പുഞ്ചിരി മുഴുവനാക്കി അപ്പുക്കുട്ടനെ നോക്കി ചിരിച്ചു.
അപ്പുക്കുട്ടനും അഞ്ജലിക്കും ജീവനുണ്ട്. അവരുടെ കൂട്ടിമുട്ടൽ ശക്തവുമായിരുന്നു.
പക്ഷെ അപ്പുക്കുട്ടൻ ക്ഷുഭിതനായില്ല.
വിടർന്ന കണ്ണുകളിൽ തെളിയുന്ന തിരിനാളങ്ങൾ കണ്ടു ,സുന്ദരമായ ചിരിയിൽ മയങ്ങി ഒരു ചെറുചിരിയോടെ വീണ്ടും കൂട്ടിമുട്ടുവാൻ തയ്യാറായി ജീവനുള്ള അപ്പുക്കുട്ടൻ ജീവനില്ലാത്ത തൂണിനെ സാക്ഷിയാക്കി അഞ്ജലിയോട് ചേർന്നു നിന്നു..
പ്രിയമുള്ളവരെ ....
ഈ കഥ ഇവിടെ തീരുകയല്ല. നേരെ മറിച്ചു പുതിയൊരു കഥ ഇവിടെ തുടങ്ങുകയാണ്...
....പ്രേം മധുസൂദനൻ......

ഗുളിക മാജിക്ക്

Image may contain: Prem Madhusudanan, beard and closeup

ശങ്കരൻ വൈദ്യൻ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി. രണ്ടു വിരലുകൾ കൊണ്ടു കണ്ണു വലിച്ചു തുറന്നു.
ഉറക്കക്കുറവുണ്ടോ? ചോദ്യം പെട്ടെന്നായിരുന്നു..
ഞാൻ തലയാട്ടി.. നാടിനും വീടിനും കാവലായി ഞാനുണ്ട് എന്നുറക്കെ പറയാൻ തോന്നി .പക്ഷെ പറഞ്ഞില്ല.
തലവേദന..വൈദ്യർ ചോദ്യം ആവർത്തിച്ചു.
ഇടയ്ക്ക്.. ഞാൻ വിനയത്തോടെ മറുപടി പറഞ്ഞു.
താങ്കൾക്ക് പ്രത്യക്ഷത്തിൽ കുഴപ്പമൊന്നും കാണുന്നില്ല.. എന്താണ് ബുദ്ധിമുട്ട്..?
വൈദ്യരുടെ ചിലമ്പിച്ച ശബ്ദം വീണ്ടും കേട്ടു.
ഞാൻ നല്ലെഴുത്തിലെ ഒരംഗമാണ് വൈദ്യരേ.. ഇടയ്ക്കു കഥകൾ ഒക്കെ എഴുതാറുണ്ട്..
നേരേ കാര്യം പറയുന്ന പതിവെനിക്കില്ല. എന്തും പരമാവധി വളച്ചുകെട്ടുവാൻ ശ്രമിക്കാറുണ്ട്.. ഇത്തവണയും ആലപ്പുഴയ്ക്കു പോകാൻ കാസർഗോഡിൽ നിന്നും ഞാൻ തുടങ്ങി..
നല്ലെഴുത്ത്.. ഉം വൈദ്യരൊന്നു മൂളി..
എങ്ങനെ പറയണമെന്നെനിക്കറിയില്ല. ഞാൻ എന്തെഴുതിയാലും വായനക്കാർ ഗൗരവത്തോടെയാണെടുക്കുന്നത്. മാത്രവുമല്ല ഞാൻ കഷ്ടപ്പെട്ടു തമാശ പറഞ്ഞിട്ടും ആരും ചിരിക്കുന്നുമില്ല..
ഞാനൊരു വിധം പറഞ്ഞൊപ്പിച്ചു.
വൈദ്യർ എന്റെ കണ്ണുകളിലേക്കു നോക്കി ചിരിച്ചു കൊണ്ടു ചോദിച്ചു.
സാധാരണ താങ്കൾ എപ്പോഴാണ് തമാശ പറയാൻ ശ്രമിക്കുന്നത്..?
രാത്രിയിൽ.. അപ്പോൾ ആ ഗണേഷും ജോളി മാഷും ഒക്കെ ...ഞാൻ വിക്കി നിർത്തി..
തുറന്നു പറഞ്ഞോളൂ.. വൈദ്യർ എന്നെ പ്രോൽസാഹിപ്പിച്ചു..
മാതൃഭൂമിയിലെ ആ ഗണേഷും തല മൊത്തം വെളുത്ത ജോളിചക്രമാക്കിയിലും, ത്യശൂരുള്ള അലക്സ് ജോണും ഒക്കെ തമാശയെഴുതി തകർക്കുകയാ വൈദ്യരേ..
എന്റെ വേദനയുടെ ശബ്ദം കേട്ട വൈദ്യർ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു. പിന്നെ അകത്തേയ്ക്കു പോയി..
വല്ലാത്ത ദേഷ്യത്തിൽ ഞാൻ തമാശക്കാരുടെ മുഖങ്ങൾ ഓരോന്നായി ഓർത്തു..
ലിപി ജസ്റ്റിന്റെ ഫോട്ടോയെടുത്തു കൊഞ്ചനം കുത്തി.. ശബ്ന ഫെലിക്സിനെ നോക്കി പല്ലിളിച്ചു.. അരുൺ സജീവിനെ നോക്കി കണ്ണുരുട്ടി..
പുറത്തു വന്ന വൈദ്യരുടെ കൈയ്യിൽ പഴയ ഒരു ഒരാൽബം ഉണ്ടായിരുന്നു.
നോക്കൂ... ഇത്..
ആൽബത്തിന്റെ പേജുകൾ ഞാൻ മറിച്ചു.
തമാശ പറഞ്ഞു തുടങ്ങുന്നതിനു മുമ്പുള്ള അവരുടെയൊക്കെ ക്രൂരമായ മുഖഭാവങ്ങളുടെ ഫോട്ടോ വൈദ്യൻ എടുത്തു കാട്ടി..
ഇവരൊക്കെ വർഷങ്ങൾക്കു മുമ്പേ തമാശ പറയാനാവാതെ വൈദ്യരുടെ അടുത്തെത്തിയിരുന്നു..
അപ്പോൾ എനിക്കും... സന്ദേഹത്തോടെ ഞാൻ വൈദ്യരെ നോക്കി..
എനിക്കു കഴിക്കുവാൻ ആദ്യം ഒരു പൊടി തന്നു..
പിന്നെ തലയിൽ പയ്യെ തലോടി ശങ്കരൻ വൈദ്യർ പറഞ്ഞു.
തമാശ പറയുവാൻ തോന്നുമ്പോൾ രാവിലെയും വൈകിട്ടും ആഹാരത്തിനു ശേഷം ചുവന്നതും വെള്ളയും അടപ്പുള്ള കുപ്പികളിലെ ഗുളികകൾ കഴിക്കുക.. മരണ വീട്ടിലോ മറ്റോ പോവുമ്പോൾ ഇതു കഴിക്കുകയും അരുത്..
ഞാൻ തലയാട്ടി പിന്നെ നീല അടപ്പുള്ള കുപ്പിയെ സംശയത്തോടെ നോക്കി..
ഇത് അത്യാവശ്യത്തിനു വേണ്ടി മാത്രം..
ഗണേഷ് തമാശ പറയുന്നത് ഈ ഗുളികയിലാണ്...
എന്റെ തമാശകൾ കേട്ടു വായനക്കാർ പൊട്ടിച്ചിരിക്കുന്ന രംഗം ഞാൻ മനസ്സിൽ കണ്ടു..വിഷാദ രോഗം പിടിപ്പെട്ടു ഗണേഷും, ജോളി മാഷും കണ്ണുനീർ തൂവുന്നതും ഞാൻ കണ്ടു.
' ജോളി മാഷിന്റെ തമാശയ്ക്കു നിദാനം വെള്ള അടപ്പുള്ള കുപ്പിയാണത്രേ..
ലിപിയും ,ശബ്നയും, അലക്സും ഒക്കെ വർഷങ്ങളായി ഗുളികകൾ കഴിക്കുന്നു.
പകയോടെ പല്ലിറുമ്മി, ഗണേഷിനേയും ജോളി മാഷിനേയും അലക്സിനേയും ലിപിയേയും ശബ്നയേയും അരുണിനേയും പോക്കറ്റിലിട്ടു ഞാൻ വേഗത്തിൽ വീട്ടിലേക്കു നടന്നു..
....പ്രേം മധുസൂദനൻ....

ഗോവിന്ദന്റെ മൗനം.


Image may contain: Prem Madhusudanan, beard and closeup
*******************************
ആരോ വിളിക്കുന്നതു കേട്ടു ഗോവിന്ദൻ പയ്യെ തല തിരിച്ചു നോക്കി.. ഉച്ചവെയിലേറ്റു നീറി കിടന്ന വഴി വിജനമായിരുന്നു.
ആഞ്ഞിലിമരത്തിനു താഴെ വീണു കിടന്ന തണലിലേക്കു വേഗത്തിൽ കാലുകൾ വലിച്ചു നടക്കുവാൻ തുനിയുമ്പോഴേയ്ക്കും കരയുന്ന പോലുള്ള ആ വിളി വീണ്ടും കേട്ടു.ഗോവിന്ദൻ പരിഭ്രമത്തോടെ ചുറ്റും നോക്കി..
വഴിയരുകിലെ തൊട്ടാവാടി പടർപ്പുകളിൽ ഒരു തുമ്പ..
ആ തുമ്പ എന്തോ ' പറയുവാൻ ശ്രമിക്കുന്നു. കാറ്റുകൾ കാതിലെത്തിയപ്പോൾ ഗോവിന്ദൻ ആ നേർത്ത ശബ്ദം കേട്ടു.
ഇത്തിരി വെള്ളം...
കത്തുന്ന ആകാശത്തിനു ചുവട്ടിൽ വിറയ്ക്കുന്ന കൈകളോടെ ഗോവിന്ദൻ ആ തുമ്പയുടെ വാടിയ ഇലകളിൽ ഒന്നു തൊട്ടു..
######################
മണ്ണിൽ വെള്ളം തിരയുന്ന വേരുകൾ മനസ്സിൽ കണ്ടു ഗോവിന്ദൻ തന്റെ മുറിയിൽ കിടന്നു.
എന്റെ മോനെന്താ ഒന്നും മിണ്ടാത്തേ.?..
നെടുവീർപ്പോടെ ഗോവിന്ദന്റെ അമ്മ സാവിത്രി ചോദിച്ചു.
ഗോവിന്ദൻ മുകളിലേക്കു നോക്കി കിടന്നു.. തുറന്നിട്ട ജനാലയ്ക്കു മുകളിൽ നിറം മങ്ങിത്തുടങ്ങിയ ഭാരതത്തിന്റെ ഭൂപടത്തിലേക്കു ഗോവിന്ദൻ നോക്കി.. ഗോവിന്ദൻ മനകണ്ണിൽ കാഴ്ചകൾ കാണുകയാണ്..
യന്ത്രശാലകളിലെ പുക തുപ്പുന്ന കുഴലുകൾ.. തെരുവിന്റെ ഓരത്തു മുടി പാറിയ കുട്ടിയുടെ വിശപ്പിന്റെ മുഖം.
അറവുശാലയ്ക്കു പിറകിൽ കെട്ടിയിട്ട മാടിന്റെ മിഴികൾ ...
വറ്റിവരണ്ട പുഴയുടെ വിളറി വെളുത്ത ശരീരം.
എന്തോ പറയുവാനായി ഗോവിന്ദൻ ശ്രമിച്ചു. പിന്നെ കണ്ണുകൾ ഇറുക്കിയടച്ചു..
കാഴ്ചകൾക്കിടയിലെപ്പോഴോ അയാൾക്കു ശബ്ദം നഷ്ടപ്പെട്ടിരുന്നു..
######################
ശബ്ദം നഷ്ടപ്പെട്ട ഗോവിന്ദന്റെ കഥ നാട്ടിൽ കാട്ടുതീ പോലെ പടർന്നു. ദിക്കറിയാതെ വീശിയ കാറ്റ് ആ തീ ആളിക്കത്തിച്ചു.. അടുക്കളയിൽ നിന്നും അടുക്കളയിലേക്കു ഗോവിന്ദന്റെ മൗനം ചർച്ചാ വിഷയമായി.
നിറകണ്ണുമായി സാവിത്രി മകനെ പരിചരിച്ചു.
വെള്ളം തിരയുന്ന വേരുകൾ കണ്ടു അയാൾ മിണ്ടാതെ കിടന്നു..
######################
താടിയും മുടിയും നീട്ടി വളർത്തി മുഷിഞ്ഞ ജൂബാ ധരിച്ച ഒരാൾ ഗോവിന്ദന്റെ അരികിലിരുന്നു. അയാൾ കവി പങ്കജാക്ഷൻ ആയിരുന്നു..
കവിയുടെ തോൾസഞ്ചിയിൽ നിന്നും എഴുതി പൂർത്തിയാക്കാത്ത ദേശസ്നേഹത്തിന്റെ ഒരു കവിത ഗോവിന്ദന്റെ മൗനത്തെ നോക്കി ചിരിച്ചു. അപ്പോൾ ഗോവിന്ദൻ കവിയുടെ മുഷ്ടി ചുരട്ടിയ കൈപ്പത്തിയിൽ മുറുകെ പിടിച്ചു.
ഭൂപടത്തിലേക്കു നോക്കി നെടുവീർപ്പിട്ടു കവി പങ്കജാക്ഷൻ ഗോവിന്ദന്റെ ശിരസ്സിൽ തലോടി പതുക്കെ പറഞ്ഞു.
സമാധാനമായിരിക്കൂ ... എല്ലാം ശരിയാവും..
അവസാനം ഗോവിന്ദനോടു നിശബ്ദനായി യാത്ര പറഞ്ഞു കവി പങ്കജാക്ഷൻ ഇടറിയ കാലടികളോടെ പുറത്തേയ്ക്കിറങ്ങി..
എന്റെ മോനെന്തു പറ്റീതാ .. വിതുമ്പലോടെ സാവിത്രി ചോദിച്ചു..
ഇടയ്ക്കു നരവീണ താടിയിൽ കൈ വിരലോടിച്ചു കവി നിന്നു.. പിന്നെ മുകളിലേക്കു നോക്കി..
സാവിത്രിയമ്മേ...
"ഗോവിന്ദന്.... അസ്തിത്വ പ്രണയമാണ് ".
അർത്ഥം മനസ്സിലാവാതെ സാവിത്രി ആദ്യം ഒന്നു ഞെട്ടി.. പിന്നെ എന്തോ ഓർത്തു കോരിത്തരിപ്പോടെ ഗോവിന്ദനെ നോക്കി പുഞ്ചിരിച്ചു.
.....പ്രേം മധുസൂദനൻ.....

രാജ്കുമാറിന്റെ സ്വപ്നം

Image may contain: Prem Madhusudanan, beard and closeup

മഞ്ഞു വീണു തണുത്ത ഒരു പുലർകാലത്തിന്റെ തുടക്കത്തിൽ രാജ് കുമാർ തലവഴി തന്റെ കമ്പിളി വലിച്ചിട്ടു. തണുപ്പിൽ ആ പുതപ്പു പകർന്ന ചെറിയ ചൂടിലേയ്ക്കു മരവിച്ച ഇല പടപ്പുകളിൽ നിന്നും ഒരു കൊറ്റിയെ പോലെ വെളുത്ത ചിറകുകൾ വിരിയിച്ചു ഒരു സ്വപ്നം പറന്നു വന്നു.
സ്വപ്നത്തിന്റെ തുടക്കം ഒരു തിരക്കേറിയ തെരുവായിരുന്നു. ഡ്രമ്മിന്റെ അകമ്പടിയോടെ ട്രംപറ്റു വായിച്ചു കൊണ്ടു തലപ്പാവു ധരിച്ച കുറച്ചു പേർ ആ തെരുവിലേയ്ക്കു രാജ് കുമാറിനെ എതിരേറ്റു..അമ്പലവും പള്ളിയും അടുത്തടുത്തു നിന്ന റോഡിനരികിൽ കുതിരകളെ പൂട്ടാത്ത വണ്ടികൾ നിരനിരയായി കിടന്നിരുന്നു... മലിനമായ ജലമൊഴുകുന്ന തോടിനടുത്തുള്ള മാനം മുട്ടി നിന്ന ഒരു കൂറ്റൻ കെട്ടിടത്തിലേക്കു വാദ്യഘോഷങ്ങളോടെ അവർ അയാളെ കൊണ്ടുപോയി. കനകാമ്പരപ്പൂവുകൾ ചൂടിയ കുറച്ചു സ്ത്രീകൾ അയാളെ നോക്കി എന്തോ അടക്കം പറഞ്ഞു ചിരിച്ചു. അത്ഭുതത്തോടെ അയാൾ ചുറ്റും നോക്കി..
എന്തോ ചോദിക്കാനാഞ്ഞ രാജ് കുമാറിന്റെ പകുതിയിൽ മുറിഞ്ഞ ശബ്ദം ആ വാദ്യമേളങ്ങളിൽ മുങ്ങിപ്പോയി..
ഏതോ നിമിഷത്തിൽ വാദ്യമേളങ്ങൾ നിന്നു.. നിശബ്ദമായ അന്തരീക്ഷത്തെ തെല്ലു പതർച്ചയോടെ നോക്കി
മുകളിലേക്കുള്ള പടികൾക്കു മുന്നിൽ രാജ് കുമാർ ഒരു കുട്ടിയെ പോലെ പകച്ചു നിന്നു..
മുകളിലേക്ക്....... ഉള്ളിന്റെ ഉള്ളിൽ ആരോ മന്ത്രിച്ചു..
അഴുക്കുപുരണ്ട പടികൾ മെല്ലെ അയാൾ ചവിട്ടി കയറി.. ആദ്യ നിലയിലെ ഭിത്തിയിൽ തൂക്കിയിട്ട പഴയ വലിയ ക്ലോക്കിലെ മണിയുടെ ശബ്ദം എന്തോ ഓർമ്മിപ്പിക്കാനെന്നവണ്ണം അപ്പോൾ അയാളുടെ കാതുകളിൽ മുഴങ്ങി കേട്ടു..
മുകളിൽ ആരോ കാത്തിരിക്കുന്നുവെന്ന 'തോന്നൽ ശക്തമായപ്പോൾ ഇടുങ്ങിയ പടികൾ വീണ്ടും ധ്യതിയിൽ ചവിട്ടി
ഇടയ്ക്കെപ്പോഴോ രാജ് കുമാർ ഇടനാഴിയിലെ തുറന്നിട്ട ജനാലയിലൂടെ താഴോട്ടു നോക്കി..
അകലെ മലിന ജലമൊഴുക്കുന്ന തോടിനരികിലെ പ്ലാസ്റ്റിക്ക് കൂമ്പാരങ്ങൾ.. അതിനരുകിൽ എന്തിനോ മുകളിലേക്കു നോക്കി നിൽക്കുന്ന ഒരു കുട്ടി.. അകലെ വെള്ളത്തൂവലുകൾ പോലെ മേഘങ്ങൾ വിതറിയ നീല ആകാശം..
മുകളിൽ ഏതോ കാഴ്ചകൾക്കായി അയാൾ വീണ്ടും തളർന്ന കാലുകൾ വലിച്ചു പടികൾ കയറി.
ഏറ്റവും മുകളിലെ വിശാലമായ മുറിയിലെത്തിയപ്പോഴേയ്ക്കും അയാൾ തളർന്നിരുന്നു.. ഒരിറ്റു വെള്ളത്തിനായി അയാൾ ചുറ്റും നോക്കി..
അപ്പോഴാണതു കണ്ടത്..
മുറിയുടെ മൂലയിൽ വലിയൊരു സോപ്പു കുമിള ..
സാവധാനം അതു രാജ്കുമാറിനടുത്തേയ്ക്കു പാറി വന്നു.. അതിൽ വരണ്ടുണങ്ങിയ ചില്ലകളുള്ള ഒരു വ്യക്ഷത്തിന്റെ രൂപം തെളിഞ്ഞിരുന്നു.. തെല്ലിട അതു വായുവിൽ തങ്ങി നിന്നു. കാഴ്ചകൾ വ്യക്തമാകും മുൻപു അതു പൊട്ടിച്ചിതറുകയും ചെയ്തു..
ഇത്തിരി വെള്ളം ... അയാൾ ഞരങ്ങി.. മുറിയിലങ്ങോളമിങ്ങോളം അയാൾ നടന്നു..
അയാളെ അത്ഭുതപ്പെടുത്തി വീണ്ടും കുമിളകൾ എത്തി.. ഓരോ കുമിളകളിലും വ്യത്യസ്ത മുഖങ്ങളും ഭാവങ്ങളും തെളിഞ്ഞു നിന്നിരുന്നു
എന്തിനോ വേണ്ടി ആകാശം നോക്കി നിൽക്കുന്ന ആ കുട്ടിയുടെ മുഖം... സാരിത്തുമ്പാൽ തല മറച്ച കാത്തിരിക്കുന്ന കണ്ണുകളുള്ള മുഖം.. കടത്തിണ്ണയിൽ വരണ്ട ചുണ്ടുകളോടെ എന്തോ വിതുമ്പുന്ന ഒരു മുഖം..
മുഖങ്ങളും ഭാവങ്ങളും വിരിഞ്ഞ
കുമിളകൾ ചിന്തകൾക്കു മുൻപേ പൊട്ടിച്ചിതറി മായുന്നു..
ഞെട്ടലോടെ രാജ് കുമാർ തിരിഞ്ഞു നോക്കി.. കടന്നു വന്ന വാതിൽ ആരോ ബന്ധിച്ചിരിക്കുന്നു..
അതാ കുമിളകൾ വീണ്ടും ....
കൊഴിഞ്ഞു വീഴുന്ന പൂവുകളുടെ കുമിള... നിറഞ്ഞ കണ്ണുകളുടെ കുമിള.. എല്ലാം വായുവിൽ ഒരു നിമിഷം നിന്നു പൊട്ടിച്ചിതറുകയാണ്..
കാഴ്ച്ചകളിലെപ്പോഴോ സ്വന്തം മുഖമുള്ള ഒരു കുമിള പറന്നു വന്നു.... അതു വായുവിൽ പ അയാളുടെ മുന്നിൽ പയ്യെ തങ്ങി നിൽക്കവേ....
പൊടുന്നനേ വാതിൽ തുറന്നു.. ഡ്രമ്മിന്റെ കാതടപ്പിക്കുന്ന ശബ്ദം വീണ്ടും..... ട്രംപറ്റു വായിച്ചു കൊണ്ടു തലപ്പാവു ധരിച്ച ഒരാൾ ആ മുറിയിലേക്കു വന്നു..
അയാൾ രാജ് കുമാറിന്റെ മുഖമുള്ള കുമിളയെ നോക്കി കൈ ചൂണ്ടി ..
ഏതു നിമിഷവും പൊട്ടിപ്പോയേക്കാവുന്ന ആ കുമിളയെ രാജ് കുമാർ ഭീതിയോടെ നോക്കവേ....
കമ്പിളി പുതപ്പിലെ ചൂടിൽ നിന്നും തണുപ്പിലേക്കു വെള്ളച്ചിറകുള്ള പക്ഷി തിരികെ ചിറകടിച്ചു പറന്നുയർന്നു..
ഇതാ പുലരിയിലെ വെളിച്ചങ്ങളിലേക്കു രാജ് കുമാർ ഞെട്ടലോടെ വീണ്ടും കണ്ണു തുറക്കുകയാണ്....
....പ്രേം മധുസൂദനൻ.....

പ്രതിമയുടെ ചിരി.

Image may contain: Prem Madhusudanan, beard and closeup
ഗോപു കാത്തുനിൽക്കുന്നുണ്ടാവും.. അമ്മേ... രൂപ താ...
അമ്മ ഒന്നും പറഞ്ഞില്ല.. അടുപ്പിലെ തീ നാളങ്ങൾ പാത്രത്തിന്റെ ചുവട്ടിൽ നക്കി തുടയ്ക്കുന്നതു നോക്കി നിന്നപ്പോൾ പുഞ്ചിരിയുടെ ആ രൂപം മനസ്സിലേക്കോടിയെത്തി..
അമ്മ കേൾക്കാനായി വീണ്ടും പറഞ്ഞു..
നല്ല ഭംഗിയുള്ള കൃഷ്ണൻ.... ഓടക്കുഴലൂതി ചിരിച്ചു കൊണ്ട്.....
അമ്മ മുഖം തിരിക്കാതെ പറഞ്ഞു..
മിണ്ടാതിരിക്കൂ അച്ചു .. എനിക്കു നൂറു കൂട്ടം പണിയുണ്ട്..
അമ്പലത്തെരുവിൽ ഒത്തിരി പ്രതിമകൾ ഉണ്ടായിരുന്നു..പീലി വിരിച്ച മയിലിന്റെ പ്രതിമ.. തുമ്പിക്കൈ പൊക്കി നിൽക്കുന്ന ആനയുടെ പ്രതിമ... അന്യോന്യം മുഖം നോക്കിയിരിക്കുന്ന അരയന്നങ്ങളുടെ പ്രതിമ...
ദാ നോക്കടാ അച്ചൂ...
ഗോപു കൈചൂണ്ടി കാട്ടിയപ്പോഴാണ് അവസാന നിരയിലെ ആ പ്രതിമയിൽ കണ്ണുകളെത്തിയത്.
കഴുത്തിൽ പൂമാലയും, ആഭരണങ്ങളണിഞ്ഞ ശ്രീകൃഷ്ണൻ.. ഓടക്കുഴലൂതുന്ന, പുഞ്ചിരിക്കുന്ന ചുണ്ടുകൾ...
ഈ കൃഷ്ണനെത്രയാവും...?
അയാൾ കറപിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു...
നാനൂറ്റി അൻപതു രൂപ... ഇനി ഇതൊരെണ്ണമേയുള്ളൂ..
വിറയ്ക്കുന്ന കൈകളോടെ ഞാനാ പ്രതിമയെ പയ്യെ ഒന്നു തൊട്ടു..
തിരികെ നടക്കുമ്പോൾ ഗോപു പറഞ്ഞു..
എന്നെ ചോറു കൊടുക്കാൻ പോയപ്പോഴാ വീട്ടിലെ കൃഷ്ണനെ വാങ്ങിയത്. ... ഗുരുവായൂരിന്ന്...
ഞാൻ ഒന്നും മിണ്ടിയില്ല..
ഗോപുവിന്റെ ചുണ്ടുകൾ പിന്നേയും അനങ്ങി ..
നിനക്കറിയാമോ കുഞ്ഞുങ്ങൾക്കു എങ്ങനെയാ ചോറു കൊടുക്കുന്നതെന്ന്..?
ഞാൻ ഇല്ലെന്നു തലയാട്ടി...
കൺമുന്നിൽ പുഞ്ചിരിക്കുന്ന ആ മുഖം.. ചുണ്ടിൽ ചേർത്തുവച്ച ഓടക്കുഴൽ..
എരിവും പുളിയും മധുരവും ഉപ്പും ഒക്കെ ചേർത്ത്... അവൻ ചിരിച്ചു ശബ്ദം അടക്കി പറഞ്ഞു
അമ്മൂമ്മ പറഞ്ഞു തന്നതാ...
ഇടവഴി തിരിഞ്ഞപ്പോൾ ഞാനവനോടു ചോദിച്ചു
അമ്മയോടു പറഞ്ഞു എനിക്കു ആ കണ്ണനെ എനിക്കു വേണം...
നീ കൂടെ വരുമോ ഗോപു...?'
ഗോപു ചിരിയോടെ തലയാട്ടി...
അടുപ്പിലെ കനലുകൾ ചുവന്നു തിളങ്ങിയപ്പോൾ പുക നീറുന്ന കണ്ണുകളാൽ അമ്മ പുറകിൽ നിന്ന എന്നെ നോക്കി..
പിന്നെ ആ കൈകൾ കൊണ്ടെന്റെ തലയിൽ മെല്ലെ തലോടി..
അമ്മേടെ കൈയിൽ പൈസാ ഇല്ലാത്തോണ്ടല്ലേ.. .. മോനാ എന്റെ ക്യഷ്ണൻ ....
വാക്കുകൾ ഇടറി നിന്നു.. ഞാനമ്മയ്യെ ചേർത്തു പിടിച്ചു..
അടക്കിപ്പിടിച്ച കരച്ചിലുമായി ഞാൻ പുറത്തേയ്ക്കു നടക്കുമ്പോൾ കാറ്റിൽ ഓടക്കുഴൽ നാദം ഒഴുകി വന്നു..
ഇടവഴി വളഞ്ഞു പുന്നച്ചുവട്ടിൽ ഒന്നു കിതച്ചു നിന്നപ്പോഴേയ്ക്കും ഗോപു എത്തി.
.ഇരുണ്ടു തുടങ്ങുന്ന മാനം നോക്കി നിറഞ്ഞ കണ്ണുകളോടെ ഞാൻ പറഞ്ഞു
അമ്മേടെ കൈയ്യിൽ പൈസാ ഇല്ല .
കൈയ്യിൽ മടക്കിപ്പിടിച്ചിരുന്ന കുറച്ചു നോട്ടുകൾ ഉയർത്തി കാട്ടി അവൻ എന്നെ നോക്കി പറഞ്ഞു...
കുടുക്ക പൊട്ടിച്ചതാ.. നേരം ഇരുളാറായി വേഗം വാ ....
ഞങ്ങൾ ഒരുമിച്ചു തെരുവിലേക്കോടി..ഗ്രന്ഥശാല കഴിഞ്ഞപ്പോഴേയ്ക്കും വഴി ഇരുണ്ടു തുടങ്ങിയിരുന്നു...
അകലെയെവിടെയോ ഓടക്കുഴലിന്റെ നാദം.. പുഞ്ചിരിക്കുന്ന മുഖം...
റോഡു മുറിച്ചു ഞങ്ങൾ ചെല്ലുമ്പോൾ 'അയാൾ തല കുമ്പിട്ടിരിക്കുകയായിരുന്നു..
പീലി വിരിച്ചാടുന്ന മയിലുകളുടെ പ്രതിമ..തുമ്പിക്കൈ പൊക്കി നിൽക്കുന്ന ആനയുടെ പ്രതിമ... അന്യോന്യം മുഖം നോക്കിയിരിക്കുന്ന അരയന്നങ്ങളുടെ പ്രതിമ...
അതിനപ്പുറം അവസാന വരിയിലെ കള്ളനോട്ടത്തിനായി ഞാൻ കണ്ണുകളയച്ചു... അവിടെ അതുണ്ടായിരുന്നില്ല..
എപ്പോഴോ അയാളുടെ ശബ്ദം കേട്ടു..അത് വിറ്റു പോയി ... മയിലിന്റെ പ്രതിമ വേണോ?
കൈയ്യിൽ മുറുക്കിപ്പിടിച്ച നോട്ടുമായി ഗോപു എന്നെ നോക്കി...
അമ്മേടെ കൃഷ്ണൻ ഞാനാ ....
വാക്കുകൾ ഇടറി ഞാൻ എന്റെ നെഞ്ചിലേക്കു കൈ ചൂണ്ടി..
ആൽത്തറയിലിരുന്നു ആരോ പാടുന്നുണ്ട്...
"ദുർഗ്ഗേ മഹാമായേ അമ്മേ നമസ്തേ
ഭദ്രേ മഹാമായേ അമ്മേ നമസ്തേ
ദുഃഖങ്ങളെല്ലാമകറ്റുന്നൊരമ്മേ
ഭദ്രേ മഹാമായേ അമ്മേ നമസ്തേ.. "
നിറഞ്ഞ കണ്ണുകളിൽ അമ്പലവിളക്കുകളുടെ തെളിച്ചം മങ്ങി പടർന്നപ്പോൾ ഞാൻ ഗോപുവിന്റെ കൈയ്യിൽ മുറുകെ പിടിച്ചു ....
.....പ്രേം മധുസൂദനൻ.....

ഉരുളകൾ


Image may contain: Prem Madhusudanan, beard and closeup

കണ്ണാ അമ്മേടെ നല്ല കുട്ടിയല്ലേ വാ പൊളിയ്ക്ക്..
അവൻ വാ പൊളിച്ചു.. കുയിൽ ആയി കൂവി ഒരുള വായിലേക്കു പോയി..
ഇനി മയിൽ ഉരുള തരട്ടെ അമ്മ..
മയിലായി നൃത്തം ചെയ്യവേ അവൻ അമ്മയുടെ തോളിൽ പിടിച്ചു..
അവൾ അവനെ ചേർത്തു പിടിച്ചുമ്മ വച്ചു..
ഈ മയിലിനെ മാമ്മുണ്ണ് കണ്ണാ....
അവൻ കുഞ്ഞി വായ പൊളിച്ചു.. മയിലായി ഒരുരുള നൃത്തം ചെയ്തു . പിന്നെ പയ്യെ പയ്യെ അവളുടെ കൈകൾ ആ കുഞ്ഞിവായിലേക്കു നീണ്ടു..
എന്റെ മോന് അമ്മേ ഇഷ്ടാണോ?..
കുഞ്ഞി കൈകൾ വിരിയിച്ചു കണ്ണൻ ചിരിച്ചു..
ഇത്രേ ഇഷ് ടോള്ളൂ അമ്മയോട്...
അവൻ മുകളിലേക്കു കൈ ചൂണ്ടി കൊഞ്ചി
അത്രേം... ദൂരെ മാനത്തിനപ്പുറം. ഇഷ്ടം അമ്മയോട്..
ഉരുളകൾ മാനായും ,സിംഹമായും വന്നു..
പശുവായി കരഞ്ഞു..
കുഞ്ഞിവായ തുറന്നു കണ്ണൻ മാനിനേയും, സിംഹത്തേയും ,പശുവിനേയും വിഴുങ്ങി..
എന്റെ മോൻ വളരണ്ടേ.. കൊച്ചു കാലു വളരണ്ടേ...
കണ്ണൻ തലയാട്ടി...ട്രെയിനായും ബസ്സായും ഉരുളകൾ ഇരമ്പി വന്നു...
കൊച്ചു കാലുകൾ വളർന്നു.. കൊച്ചു കൈകളും വളർന്നു..
കാറ്റുകളിൽ ഓർമ്മകൾ പറന്നു പൊങ്ങി....
വൃദ്ധസദനത്തിലെ മതിലിനകത്തു തൊലി ചുളിഞ്ഞ കൈകളുമായി അവർചാഞ്ഞു നിന്ന ഒരു മരക്കൊമ്പിൽ പിടിച്ചു നിന്നു.. പിന്നെ ആരോടെന്നില്ലാതെ ചോദിച്ചു..
അമ്മേ ഇഷ്ടാണോ...?.
ആരും മറുപടി പറഞ്ഞില്ല.. വാക്കുകൾ മരവിച്ച മരക്കൊമ്പുകൾ ഒന്നും പറയാനാവാതെ തലയാട്ടി നിന്നു.
അകലെ ക്ലാവു പിടിച്ച മാനത്തിലേക്കു അവർ കണ്ണുകൾ നീട്ടി...
ചിതറിത്തെറിച്ച മങ്ങിയ കാഴ്ചകൾ..
അപ്പോൾ മാനം നോക്കി അവർ തേങ്ങിക്കരഞ്ഞു.....
....പ്രേം മധുസൂദനൻ.....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo