Showing posts with label ShariPanicker. Show all posts
Showing posts with label ShariPanicker. Show all posts

ഒരു കത്ത്

ഒരു കത്ത്
__________
പ്രിയപ്പെട്ട അണ്ണന്,
ഒരു വ്യത്യസ്തയ്ക്ക് വേണ്ടിയാണ് കത്തെഴുതുന്നത്. വിളിച്ച് സംസാരിച്ചാൽ ചിലപ്പോൾ ഞാൻ കരഞ്ഞുപ്പോകും. മംഗ്ലീഷ് എനിക്ക് ഇഷ്ടമല്ല, അതാ മെസ്സേജ് അയക്കാത്തത്. അല്ലെങ്കിലും മെസ്സേജ് 2 വാക്കിൽ തീരും അതുകൊണ്ടാണ് ഈ കത്ത്. കത്ത് വായിക്കുന്നത് ഒരു സുഖമാണെന്ന് പഴമക്കാർ പറഞ്ഞ് കേട്ടിട്ടുണ്ട്.
ഇവിടുത്തെ വിശേഷം അറിഞ്ഞുകാണുമല്ലോ! പുതിയ അതിഥിയ്ക്ക് അണ്ണൻ തന്നെ പേരിടണം. പേരക്കുട്ടികളുടെ മക്കളുടെ കൂട്ടത്തിലെ ആദ്യത്തെ പെൺതരിയാണ്. വി വച്ച് തുടങ്ങുന്ന പേര് തന്നെ വേണം. ഇല്ലെങ്കിൽ ഒരു രസവും കാണില്ല.
ഈയിടെ ഒരു കുറിപ്പിൽ ഞാൻ വായിച്ചതാണ്; പെങ്ങളില്ലായ്മ ഒരു ദാരിദ്ര്യമാണെന്ന്. അണ്ണന് അങ്ങനെ തോന്നിയിട്ടുണ്ടോ? അപ്പോൾ ആങ്ങളയില്ലായ്മയും ദാരിദ്ര്യമാണോ? ഒരമ്മയുടെ വയറ്റിൽ പിറന്നാലെ സഹോദരങ്ങൾ ആകത്തൊള്ളോ? എനിക്കിന്നുവരെ സ്വന്തമായി ഒരാങ്ങള ഇല്ലെന്ന് തോന്നിയിട്ടല്ലല്ലോ? അത് എന്നെ മനപൂർവ്വം അറിയിക്കാതെ വളർത്തിയതാണോ?
ഞാൻ ഒരുപാട് മിസ് ചെയ്യുന്നണ്ണാ! ഈ വേർപാട് സഹിക്കാൻ വയ്യ. നമ്മൾ ചെറുപ്പം മുതൽ ഒരുമിച്ചായിരുന്നല്ലോ! പണ്ട് അണ്ണൻ എന്റെ സൈക്കിൾ എടുക്കുമ്പോൾ കരഞ്ഞ് ബഹളം വച്ചത്തോർക്കുമ്പോൾ ഇപ്പോ ചിരി വരുന്നു. കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ ചുറ്റി കറങ്ങിയതിന് അമ്മ നമ്മളെ വഴക്ക് പറഞ്ഞതോർമ്മയുണ്ടോ? അണ്ണനപ്പോൾ പറഞ്ഞ മറുപടി എനിക്കൊരുപാട് ഇഷ്ടമായി. "എന്റെ പെങ്ങൾ എന്റെ കൂടെയാ വന്നത്, അതിന് വേറെ ആരും ആധി പിടിക്കേണ്ട " എന്ന്. അണ്ണന് ഞാൻ തരുന്ന അടിയും കടിയും, തിരിച്ചണ്ണൻ തരുന്ന കുനിച്ച് നിർത്തിയുളള ഇടിയും കിട്ടാൻ ഇനി എത്രനാൾ ഞാൻ കാത്തിരിക്കണം?
നമ്മുടെ കുരുത്തക്കേട് കണ്ട് സഹിക്കെട്ട് നമ്മളെ 2 വീട്ടുകാരും വഴക്ക് പറയുമ്പോൾ, "എല്ലാ ഓൾഡ് സെറ്റിനേയും വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കുമെന്ന്" മാസ് ഡയലോഗും അടിച്ച് സംഭവസ്ഥലത്ത് നിന്ന് നൈസായി നമ്മൾ മുങ്ങുന്നത് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്.
ഷവർമ്മ കൊതിച്ചിയായ എനിക്ക്, അണ്ണൻ മേടിച്ച് തരുന്ന ഷവർമ്മയുടേയും പിസ്സയുടേയും നമ്മുടെ സ്പെഷ്യൽ തട്ടുകടയിലെ കപ്പയുടേയും ബീഫിന്റേയും ഒക്കെ രുചി ഇപ്പോഴും എന്റെ നാവിലുണ്ട്.
പഠിക്കാൻ കാശ് തികയില്ലെന്ന് പറഞ്ഞപ്പോൾ "ഞാൻ മെഷീൻ മേടിച്ച് തരാം, നീ തയ്യൽ പഠിക്കെന്ന് " എന്നോട് പറഞ്ഞിട്ട് പഠിക്കാനുളള കാശ് അമ്മയെ ഏൽപ്പിച്ചത് ഞാൻ അറിഞ്ഞില്ലെന്ന് വിചാരിക്കരുത്. കഥയെഴുതാൻ തുടങ്ങിയെന്ന് പറഞ്ഞപ്പോൾ "നീ നാട്ടുക്കാരെയെല്ലാം വെറുപ്പിക്കുവാണല്ലോ" എന്ന് പറഞ്ഞ് പരിഹസിച്ചതിന് ഞാൻ വച്ചിട്ടുണ്ട്! ഇനി നേരിൽ കാണുമ്പോൾ അതിനുളള സമ്മാനം തരാം.
അണ്ണന് ഒന്ന് പെണ്ണ് കെട്ടിക്കൂടെ? ഇത് അണ്ണനോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല, കല്ല്യാണതലേന്ന് പെണ്ണിന് ഡ്രസ്സ് കൊടുക്കാൻ ഞാനായിരിക്കും പോവുക. ഇനി എന്റെ ഊഴമാണല്ലോ! അതുകൊണ്ട് എനിക്കാണ് ആ മോതിരത്തിന്റെ അവകാശം. പിന്നെ ഇച്ചിരി വഴക്കാളി പെണ്ണായാൽ അത്രയും നല്ലത്. നമ്മുടെ കുടുംബത്തിൽ വന്ന് കേറിയതെല്ലാം 'അയ്യോ പാവം പിളേളരാ'. ഒരു നാത്തൂൻ പോരിനുളള ചാൻസ് അണ്ണനാണ് ഉണ്ടാക്കി തരേണ്ടത്. പഴയതൊക്കെ ആലോചിച്ചു ഇനിയും ജീവിതം നശിപ്പിക്കാനാണ് ഉദ്ദേശിമെങ്കിൽ ചവിട്ടി കൂട്ടികളയും പറഞ്ഞേക്കാം.
അണ്ണൻ തിരിച്ച് വരാൻ ഇനിയും 3 വർഷങ്ങൾ എടുക്കും. അപ്പോഴത്തേക്ക് കാലം ഒരുപാട് മാറും. നമ്മളും മാറുമോ? എന്നെ കെട്ടിച്ച് വിട്ടാൽ... ആ ചെറുക്കൻ സമ്മതിക്കുമോ ഇതുപോലെ അണ്ണന്റെ അനിയത്തിയായി ഇരിക്കാൻ? അതോ എല്ലാരെയും പോലെ സ്വന്തം ആങ്ങളയല്ലെന്ന് പറഞ്ഞ് അണ്ണനിൽ നിന്ന് അകറ്റുമോ? അണ്ണൻ എപ്പോഴും പറയാറില്ലേ "കണ്ണെത്താത്ത ദൂരത്ത് എത്തുമ്പോൾ ആളുകളൊക്കെ മറക്കുമെന്ന്". എല്ലാവരും അങ്ങനെയല്ല അണ്ണാ. ആത്മാർത്ഥമായി സ്നേഹിക്കുന്നവർ എപ്പോഴും കൂടെ കാണും, നമ്മൾ എത്ര വലിയ ദൂരത്താണെങ്കിലും. എനിക്കറിയാം ഇത് വായിച്ചെന്നെ കളിയാക്കുമെന്ന്. "നിനക്ക് കഥ എഴുതി വട്ടായോന്ന് ചോദിക്കും". സാരമില്ല. എന്നാലും ഞാൻ ഇനിയും എഴുതി വെറുപ്പിക്കും. എന്തായാലും ഈ കത്ത് നിരത്തുവാ. വീണ്ടും എഴുതുമേ!!
എന്ന്,
സ്ഥലം
തീയതി അണ്ണാന്റെ സ്വന്തം
ചൈനാമൂക്കി

Shari

അനുവിന്റെ അച്ഛൻ

അനുവിന്റെ അച്ഛൻ
__________________
ജോലിയും കഴിഞ്ഞ് വീട്ടിലോട്ട് കയറി വന്നപ്പോഴാണ് വിഷമിച്ചു വാടി ഇരിക്കുന്ന അനുവിനെ അച്ഛൻ കണ്ടത്. കണ്ടപാടെ അവളെ എടുത്ത് മടിയിൽ വച്ചു.
"എന്താ മോളേ വിഷമിച്ചിരിക്കുന്നത്, അച്ഛനോട് പറ."
"എനിക്ക് ശരിക്ക് പാടാൻ പറ്റിയില്ല അച്ഛാ സ്റ്റേജിൽ"."
"അത് സാരമില്ല. പതിയെ ശരിയായി കൊളളും. സമ്മാനം കിട്ടുന്നതിലല്ല കാര്യം, മത്സരത്തിൽ പങ്കെടുക്കുക എന്നതാണ് പ്രധാനം."
"ഉം. എന്നാലും."
"മോളുടെ വിഷമം എനിക്ക് മനസ്സിലായി. ചെറിയ പരാജയങ്ങൾ എല്ലാവർക്കും പറ്റും. പരാജയങ്ങൾ വിജയത്തിലോട്ടുളള ചവിട്ട് പടികളാണ്. ആദ്യം നമ്മുടെ പരാജയത്തിന്റെ കാരണം കണ്ടുപിടിക്കണം. എന്നിട്ട് മനസ്സിലാക്കി തിരുത്തണം, ഇനി അത് ആവർത്തിക്കാതെ ശ്രദ്ധിക്കുകയും വേണം. ഇപ്പോ മോൾക്ക് 11 വയസ്സായതല്ലേ ഉളളൂ. നമ്മുക്ക് സമയമൊരുപാടുണ്ട്, എല്ലാം ശരിയാക്കാം."
"എനിക്ക് പാട്ട് പാടികൊണ്ടിരുന്നപ്പോൾ വിഷമം വന്നച്ഛാ."
"അനു മോളേത് പാട്ടാ പാടിയത്?"
"അച്ഛനെന്താ വരാഞ്ഞത്?."
"ജോലി തിരക്കായി പോയി മോളേ! അച്ഛനോട് ക്ഷമിക്ക്. എന്റെ മോളൊന്ന് പാടിക്കെ, അച്ഛനൊന്ന് കേൾക്കട്ടെ, എന്റെ മോളെ വിഷമിപ്പിച്ച പാട്ട്"
"സൂര്യനായി തഴുകി ഉറക്കം ഉണർത്തുന്ന
അച്ഛനെയാണെനിക്ക് ഇഷ്ടം................"
"ഇതൊരു സിനിമ പാട്ടല്ലേ? ഇത് പാടീട്ട് വിഷമിക്കുന്നതെന്തിനാ മോളെ? "
അപ്പോഴേക്കും അമ്മ രമണി എത്തി.
"അച്ഛനും മോളും ഇങ്ങനെയിരുന്നാൽ മതിയോ? പോയി കുളിക്ക്, എന്നിട്ട് വന്ന് ഭക്ഷണം കഴിക്ക്."
എല്ലാവരും ഭക്ഷണവും കഴിച്ചു, ഉറങ്ങാൻ തയ്യാറായി. അച്ഛന്റെയും അമ്മയുടെ നടുക്ക് കിടക്കുമ്പോഴാണ് അടക്കി പിടിച്ച സംസാരം അനു കേട്ടത്.
"രമണീ...നാളെയല്ലേ പോകേണ്ടത്? "
"ഉം."
"ഇതുവരെ ഇതവസാനിക്കാത്തതിൽ നിനക്ക് വിഷമമുണ്ടന്ന് അറിയാം. പക്ഷേ എന്ത് ചെയ്യാനാ? നമ്മുടെ നാട്ടിലെ ഇതിനൊക്കെ കാലതാമസമെടുക്കും."
"ഓരോ തവണയും തിരിച്ചു വരുമ്പോഴും ഞാൻ വിചാരിക്കും ഇതെല്ലാം അവസാനിപ്പിക്കാമെന്ന്. ഇഞ്ചിഞ്ചായി എന്നെ കൊല്ലുകയാണ്. മടുത്തു എനിക്ക്."
"അങ്ങനെ പറയാതെ! നീ ഇങ്ങനെ തളരരുത്. ഞങ്ങളൊക്കെയില്ലേ നിനക്ക് ധൈര്യം പകരാൻ. എന്തായാലും അന്തിമ വിജയം സത്യത്തിന്റെ ഭാഗത്തായിരിക്കും."
ഇതെല്ലാം കേട്ടുകൊണ്ട് കിടന്ന അനുവിന് ഒന്നും മനസിലായില്ല. കൂടുതൽ ചിന്തയ്ക്കാതെ അവൾ ഉറക്കമായി. കേട്ടതൊക്കെ മനസിന്റെ ഏതോ കോണിൽ ഒളിപ്പിച്ച് വച്ച് കൊണ്ട്.
**********************************
6 വർഷങ്ങൾക്ക് ശേഷം. കാര്യമൊന്നും മനസ്സിലാകാതെ കോടതിയ്ക്കകത്ത് ഇരിക്കുകയാണ് അനു. അച്ഛൻ തൊട്ടടുത്ത് ഇരിക്കുന്നുണ്ട്. അവളുടെ അമ്മയാണ് വിസ്താര കൂട്ടിൽ നിൽക്കുന്നത്. ആ അമ്മ എന്ത് തെറ്റാണ് ചെയ്തേക്കുക? അവളോട് ഒന്നും പറയാതെയാണ് അങ്ങോട്ട് കൂടിക്കൊണ്ട് വന്നത്. വിസ്താരം തുടങ്ങി.
"മിസ്സിസ് രമണി, താങ്കൾക്ക് ഇപ്പോഴും അന്ന് നടന്നത് ഓർമ്മയുണ്ടല്ലോ? ഒന്നും മാറ്റി പറയുന്നില്ലല്ലോ അല്ലേ? ഇത്രയും വർഷങ്ങളായല്ലോ!"
"ഒരു മാറ്റവുമില്ല. 1996 ആഗസ്റ്റ് 18 ട്ട് ഞാൻ പെട്ടെന്നൊന്നും മറക്കില്ല. ഞാനും അച്ഛനും ബന്ധുവീട്ടിൽ പോയി തിരിച്ചു വരുന്ന വഴിയിലാണ് അവരഞ്ചുപേർ അച്ഛനെ അടിച്ചു വീഴത്തി എന്നെ....."
"താങ്കളുടെ സംസാരത്തിൽ അല്പം അഹംങ്കാരമുണ്ടല്ലോ? ഞങ്ങളോടെല്ലാം ഒരു പുച്ഛിവും."
"അങ്ങനെയല്ല സാറെ. സഹിച്ചു സഹിച്ചു മനസ്സിന് കട്ടിവച്ചതാണ്."
"ഒരു ചോദ്യം ചോദിക്കട്ടെ! 5 പേരിൽ ആരാണ് നിങ്ങളുടെ കുട്ടിയുടെ അച്ഛൻ? ഡിഎൻഎ ടെസ്റ്റ് പ്രകാരം 4 പേരുടെയും അല്ല ആ കുട്ടി. പിന്നെ കാണാതായ പ്രഭാകരന്റെ പേര് വേണമെങ്കിൽ നിങ്ങൾക്ക് ഉന്നയിക്കാം."
അനുവിന്റെ ഉളളിൽ വെളളിടി വെട്ടി. അവളുടെ അമ്മ ദയനീയമായി അവളെ നോക്കി. അച്ഛനേയും അമ്മയേയും മാറി മാറി നോക്കിയവൾ. കൈ നെഞ്ചത്ത് വച്ചു, ഹൃദയമിടിക്കുന്നുണ്ടോ എന്നറിയാൻ. ആരോടും ഒന്നും മിണ്ടാതെ അവളവിടെ നിന്നും ഇറങ്ങി. മനസ്സ് നിറയെ ഒരായിരം ചോദ്യങ്ങളായിരുന്നു.
വീട്ടിലെത്തിയതും മുറിയിൽ കയറി. ആരോടും സംസാരിക്കാൻ കൂട്ടാക്കിയില്ല. അച്ഛൻ പലവട്ടം ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു, അവളത് കണ്ടില്ലെന്ന് നടിച്ചു. എങ്ങനെ വിശ്വസിക്കും? തന്റെ അമ്മയ്ക്ക് ഈ ഗതി വന്നതിന് കാരണവും ഇവരല്ലേ? തന്നെയും ആ കണ്ണുകൊണ്ടാണോ നോക്കുന്നത്? അച്ഛൻ തനിക്ക് ജൻമം നൽകിയിട്ടില്ല. അപ്പോഴതും മറ്റുളള ആണുങ്ങളെ പോലെ തന്നെയല്ലേ തനിക്കും? താനെങ്ങനെ സമാധാനത്തോടെ ഇനി ഈ വീട്ടിൽ കഴിയും?
താനപ്പോൾ ആരാണെന്നുളള ചോദ്യമാണവളെ കൂടുതൽ അലട്ടിയത്. അമ്മയ്ക്ക് സംഭവിച്ചത് പോലെ തനിക്കും സംഭവിക്കുമോ? താൻ ഇത്രയും നാൾ അച്ഛനെന്ന് വിളിച്ചയാൾ തന്റെ അച്ഛനല്ലത്ര. അമ്മയ്ക്കും അതാരാണെന്ന് കൃത്യമായി അറിയില്ല പോലും. കാണാതായ അ മനുഷ്യനെ കൂടി കണ്ടുപിടിച്ചിട്ട് അതുമല്ല തന്റെ അച്ഛനെന്ന് പറയുമോ എന്നവൾ ഭയപ്പെട്ടു.
ഈ ലോകത്ത് താനാരെ വിശ്വസിക്കും? തന്റെ അമ്മയോട് അന്യായം പ്രവൃത്തിച്ച ആൺവർഗത്തേയോ? ലോകത്തോട് മുഴുവൻ വെറുപ്പ് തോന്നി അവൾക്ക്.
ഇനി ആ മനുഷ്യനെ താനെങ്ങനെ അച്ഛനെന്ന് വിളിക്കും. സത്യത്തിൽ അതാരുമല്ല തനിക്കെന്ന് അവൾ മനസ്സിലാക്കി, അമ്മയുടെ ഭർത്താവ് മാത്രം. അമ്മയുടെ ജീവിതത്തിൽ എന്തൊക്കെയാണ് നടന്നതെന്ന് ശരിക്കും അവൾക്കറിയില്ലായിരുന്നു. അച്ഛനും അമ്മയും രഹസ്യമായി പറഞ്ഞ കാര്യങ്ങൾ അറ്റവും മൂലയും കേൾക്കുമ്പോൾ ഒന്നും മനസിലായിരുന്നില്ല. പക്ഷേ ഇപ്പോ അന്ന് കേട്ടത് മുഴുവൻ കൂട്ടി വായിക്കുമ്പോൾ എല്ലാം മനസ്സിലാകുന്നു .
പെട്ടെന്ന് അമ്മ മുറിയിലോട്ട് കയറി വന്നു.
"മോളേ വന്ന് വല്ലോം കഴിക്ക്. മോള് കഴിക്കാത്തതുകൊണ്ട് അച്ഛനും ഒന്നും കഴിച്ചിട്ടില്ല."
"അതിനെനിക്കെന്താ? അതെന്റെ അച്ഛനല്ല."
"പതിയെ പറ, അദ്ദേഹം കേൾക്കും."
"എല്ലാവരും കേൾക്കട്ടെ! എനിക്കെന്താ നഷ്ടം?"
"നിർത്തടീ. നീ എന്തറിഞ്ഞിട്ടാ ഈ നെഹളിക്കുന്നത്? ആ മനുഷ്യൻ ദാനം തന്ന ജീവിതമാണ് നമ്മുടെ. ഇത്രയും കാലം നിന്നോട് ഇതൊക്കെ മറച്ച് വെച്ചതാ ഞാൻ ചെയ്ത തെറ്റ്. ഇപ്പോ കാര്യങ്ങൾ മനസ്സിലാക്കാനുളള പ്രായവും പക്വതയും നിനക്കുണ്ട്."
"എന്നാൽ പറ. ഞാനും കൂടി അറിയേണ്ടതല്ലേ ഇതെല്ലാം. എന്തിനാ മറച്ച് വച്ചത്?"
"എന്നാൽ കേൾക്ക് ഞാൻ പറയാം. തലയ്ക്ക് അടിയേറ്റ അച്ഛനെ ചികിത്സക്കാൻ പോലും കാശില്ലാത്തതു കാരണം അച്ഛൻ എന്നെ വിട്ട് പോയി. ഒരു ബന്ധുക്കളുപോലും സഹായിച്ചില്ല, എന്റെ കൂടെപ്പിറപ്പ് പോലും. നിന്നെ നോക്കാൻ കഴിവില്ലാത്തതുകൊണ്ട് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാൻ പോകുന്ന സമയത്താണ് ദാസേട്ടനെ വീണ്ടും കാണുന്നത്. എന്റെ മുറച്ചെറുക്കനാണ് അദ്ദേഹം. കുഞ്ഞുനാള് മുതൽ എന്നെ സ്നേഹിച്ചു. പഠിപ്പ് കൂടിയപ്പോൾ സാധാരണക്കാരനായ അദ്ദേഹത്തെ വിവാഹം കഴിക്കില്ലെന്ന് ഞാൻ പറഞ്ഞു. അന്ന് നാടുവിട്ടതിനു ശേഷം പിന്നെ ദാസേട്ടനെ കാണുന്നത് അമ്മത്തൊട്ടിലിന് മുന്നിൽ വച്ചാണ്. ആരോരുമില്ലാത്ത എനിക്ക് അദ്ദേഹം ഒരു ജീവിതം തന്നു. കേസ് നടത്തി. അനാഥാലയത്തിൽ കഴിയേണ്ട നീ ഇന്ന് രാജകുമാരിയായി ജീവിക്കുന്നു. എന്നിട്ടും നീ........"
വിതുമ്പി കരഞ്ഞ് കൊണ്ട് രമണി അ മുറി വിട്ട് പുറത്തിറങ്ങി.
അമ്മ ഇത്രയൊക്കെ പറഞ്ഞിട്ടും മനസ്സിലെ കൊടുംങ്കാറ്റ് അടങ്ങിയില്ല. ആ കണ്ണീര് അവളുടെ ഉളളിലെ തീ അണച്ചില്ല.
പിറ്റേന്ന് പതിവ് പോലെ സ്കൂളിൽ പോകാനിറങ്ങി, എന്നും അച്ഛനാണ് കൊണ്ട് വിടാറ്. പക്ഷേ അവൾ അച്ഛനെ വിളിച്ചില്ല, കാരണം അത് തന്റെ അച്ഛനല്ലല്ലോ! താനെന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. അച്ഛനെ പഴയെ പോലെ കാണാൻ തനിക്കാവുമോ? അമ്മയ്ക്ക് ഈ ഗതി വരുത്തിയത് ആ വർഗത്തിൽ പെട്ടയാളല്ലേ?
ഗേറ്റ് തുറന്നു വെളിയിൽ ഇറങ്ങി. ചുറ്റം നോക്കി. അവിടെയുളള ആണുങ്ങളെല്ലാം അവളെ ഉറ്റ് നോക്കുന്നതായി തോന്നി. കാലിൽ നിന്ന് പേടി ഇരച്ച് കയറി തുടങ്ങി.
എല്ലാവരുടേയും കണ്ണുകൾ അവളെ കൊത്തി പറിക്കുന്നതായി ഭയപ്പെട്ടു. പെട്ടെന്ന് വലത് കൈവെളളയിൽ തണുപ്പനുഭവപ്പെട്ടു. നോക്കിയപ്പോഴാണ് കണ്ടത് അച്ഛൻ കൈയ്യിൽ മുറുക്കെ പിടിച്ചിരിക്കുകയാണ്. അവളുടെ ഭയം മഞ്ഞുപോലെ ഉരുകി പോയി. അവൾ സുരക്ഷിതയാണ്, അച്ഛന്റെ കരങ്ങളിൽ. കർമ്മം കൊണ്ട് അതാണ് തന്റെ അച്ഛൻ. അവൾ മനസ്സിലാക്കി, ലോകമെന്തൊക്കെ പറഞ്ഞാലും അതവളുടെ അച്ഛനാണെന്ന്, അവളുടെ മാത്രം സ്വന്തം അച്ഛൻ.
~ ചാരു

ലവ് ലെറ്റർ

ലവ് ലെറ്റർ
__________
(Take from someone's life )
ഞാൻ ഹൈസ്ക്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി പ്രണയമെന്നുളളിൽ മൊട്ടിട്ടത്. പ്രണയമാണെന്ന് പറയാനാവുമോന്നറിയില്ല. ഒരു പെണ്ണിനേയും നോക്കാത്ത ഞാനാണല്ല എന്ന് കൂട്ടുക്കാര് പറഞ്ഞ് കളിയാക്കിയപ്പോൾ, വാശിയ്ക്ക് പ്രേമിച്ചതാണ് അവളെ. അന്ന് കൂട്ടുകാരുമായി വഴക്കിട്ടപ്പോൾ ക്ലാസിന് മുന്നിൽ കൂടെ ആദ്യം പോകുന്ന പെണ്ണിനെ വളയ്ക്കുമെന്ന് ബെറ്റ് വച്ചു. എന്റെ ഭാഗ്യത്തിന് പ്രായത്തിന് മൂത്തവരും ടീച്ചേഴ്സും പോയില്ല അതുവഴി. പോയത് സുന്ദരിയായ ഒരു യു പി യിൽ പഠിക്കുന്ന ഒരു കൊച്ച്. ഒരാഴ്ച മുഴുവൻ അവളെ നിരീക്ഷിച്ചു. നല്ല കുട്ടിയാണ്. എനിക്ക് പെരുത്തിഷ്ടായി.
ഞാൻ പറയുന്നതിന് മുൻപേ അവൾ എന്റെ ഇഷ്ടം കണ്ടുപിടിച്ചു. ഇൻട്രവെൽ സമയത്ത് അവൾ എന്നോട് വന്ന് ചോദിച്ചു.
"എന്തിനാ ചേട്ടാ, എന്റെ പിന്നാലെ നടക്കുന്നത്?"
ഇഷ്ടമായതുകൊണ്ടാണെന്ന് ആവേശം മൂത്തറിയാതെ പറഞ്ഞുപോയി ഞാൻ. സത്യത്തിൽ തിളങ്ങുന്ന കണ്ണുകളും ആ പാൽ പുഞ്ചിരിയും എന്നെ ഹിപ്നോട്ടസ് ചെയ്തതാണ്. അതോടെ എന്റെ കണ്ടകശനി തുടങ്ങി. സ്കൂളിൽ സൽപ്പേര് രാമൻകുട്ടിയായ ഞാൻ ഒറ്റയടിക്ക് വിലയില്ലാത്ത 50 പൈസയായി. തൊട്ടതിനും പിടിച്ചതിനുമെല്ലാം ചുമ്മ പരാതി കൊടുത്തു അവൾ. എന്റെ തലവെട്ടം കണ്ടാൽ അപ്പോ പറയും, ഞാൻ വായിനോക്കി എന്ന്. ഒരു വർഷമായപ്പോൾ എനിക്ക് മടുത്തു, ദിവസം ടീച്ചേഴ്സിന്റെ വായിൽ വഴക്ക് കേട്ട്. ഞാൻ ശ്രദ്ധിക്കാതെയായപ്പോൾ അവളുടെ ശിങ്കിടി വന്ന് ചോദിച്ചു.
"അവളെ ഇഷ്ടമല്ലേ ചേട്ടാ?"
ഞാൻ പറഞ്ഞു.
"എനിക്കൊരു ഒരു ഭൂതനേയും ഇഷ്ടമല്ലെന്ന്"
പറഞ്ഞത്ര എളുപ്പമായിരുന്നില്ല അവളെ മറക്കാൻ. ഞാനൊരു മിഡിൽ ബെഞ്ചറാണ്. അവളാണെങ്കിൽ കട്ട ബുജിയും. മുടങ്ങാതെ എന്നും ക്ലാസിലും വരും. പഠിപ്പിയാണെന്ന് അറിഞ്ഞപ്പോൾ വിടാമെന്ന് കരുതിയതാ. പക്ഷേ പറ്റിയില്ല എന്നെക്കൊണ്ട്. ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും അവളറിയാതെ നോക്കാൻ തുടങ്ങി ഞാൻ. വാശിയ്ക്കാണ് സ്നേഹിച്ച് തുടങ്ങിയതെങ്കിലും അവളോടുളള സ്നേഹമെന്റെ അസ്ഥിയ്ക്ക് ഇതിനോടകം പിടിച്ചിരുന്നു.
3 വർഷം ഞാനവളുടെ പിന്നിലെ നടന്നു ഒരു നിഴലായി. പക്ഷേ അവളെന്നെ ഗൗനിച്ചത് പോലുമില്ല. ഞാനുളളത് കൊണ്ട് സ്കൂളിലാരും അവളെ ശല്യപ്പെടുത്തിയിരുന്നില്ല. അവൾക്ക് ആൺസുഹൃത്തുകളും പെൺസുഹൃത്തുക്കളും ഒരുപോലെയുണ്ടായിരുന്നു. അവളുടെ ആൺക്കുട്ടികളുമായുളള കൂട്ടുക്കെട്ട് തീരെ ഇഷ്ടമല്ലായിരുന്നു. ഒരുപക്ഷേ അതെന്റെ സ്വാർത്ഥതയും കുശുമ്പുമായിരിക്കാം. 3 വർഷം കഴിഞ്ഞപ്പോൾ ഞാനാസ്സ്ക്കൂളിൽ നിന്ന് പഠിച്ചിറങ്ങി. സ്കൂളിലെ അവസാന ദിവസം ഞാനവളോട് കൂട്ടുകാരുടെ മുന്നിൽ വച്ച് ചോദിച്ചു
"എന്നെ ഇഷ്ടമാണോ ഇപ്പോഴെങ്കിലും?"
"അല്ല."
ഇത് പറഞ്ഞ് അവളോടി പോയി, മുഖത്ത് പോലും നോക്കാതെ. അവിടെ നിന്ന് ഇറങ്ങിയ ശേഷമാണ് എനിക്കവളോടുളള സ്നേഹത്തിന്റെ ആഴം മനസിലായത്. ഒന്ന് കാണാതെയും മിണ്ടാതെയും വർഷങ്ങൾ കടന്നു പോയി.
ഇന്ന് എന്റെ കുഞ്ഞിന് പാൽ കൊടുത്തു കൊണ്ട് അവളെന്റെ അടുത്ത് കിടക്കുമ്പോൾ എന്താ ഞാൻ പറയുക? എങ്ങനെ പ്രകടിപ്പിക്കും എന്റെ സന്തോഷം?
"ഡീ പാറൂ.... സ്കൂളിൽ വച്ച് എന്താ നീ എന്നെ സ്നേഹിക്കാതെ ഇരുന്നത്. അപ്പോഴേ സ്നേഹിച്ചിരുന്നെങ്കിൽ എത്ര വർഷം നമുക്ക് പ്രേമിച്ചു തകർക്കാമായിരുന്നു."
"ആര് പറഞ്ഞു സ്നേഹിച്ചില്ലായിരുന്നെന്ന്? ആദ്യമൊന്നും ഇഷ്ടമല്ലായിരുന്നു. പിന്നെ ഇഷ്ടായി. അതുകൊണ്ടല്ലേ ഇത്രയും കാലം കാത്തിരുന്നത്, ആർക്കും പിടി കൊടുക്കാതെ! എനിക്കറിയാമായിരുന്നു ഏട്ടൻ വന്ന് കല്ല്യാണമാലോചിച്ചിക്കുമെന്ന്."
"ഓഹോ! നുണ പറയാതെ. ഞാൻ വന്നാലോചിച്ചതുകൊണ്ടല്ലേ നീയിപ്പോൾ ഇങ്ങനെ പറഞ്ഞത്? "
"അല്ല. എനിക്ക് ഉറപ്പുണ്ടായിരുന്നു ഏട്ടൻ വരുമെന്ന്. സ്ക്കൂളിൽ വച്ചത്രയും ദ്രോഹിച്ചിട്ടും,വെറുക്കാതെ വീണ്ടും സ്നേഹിച്ചപ്പോൾ മനസ്സിലായി എന്നെ വിട്ട് പോകില്ല എന്ന്."
"ഇഷ്ടമുണ്ടെങ്കിൽ പറഞ്ഞൂടായിരുന്നോ?"
"നല്ല കഥയായി! എന്നിട്ട് വേണം ഏട്ടനത് ഫ്ലാഷാക്കാൻ. സ്കൂളിലെ എന്റെ ഇമേജ് പോകില്ലേ? പിന്നെ രഹസ്യമായി പറയാൻ ഏട്ടനെ തനിച്ച് കിട്ടില്ലല്ലോ? അതുകൊണ്ടല്ലേ ഞാൻ ലവ് ലെറ്റർ തന്നത്?"
"ലവ് ലെറ്ററോ? എപ്പോ? "
"അപ്പോ ഏട്ടന് അത് കിട്ടിയില്ലേ? എന്റെ പേനയില്ലേ, അതിൽ നമ്മൾ പേര് പേപ്പറിൽ എഴുതി റീഫില്ലിന്റെ കൂടെ ഇടില്ലേ മാറി പോകാതെയിരിക്കാൻ. ഞാനവിടെ ഐ ലവ് യു എന്നെഴുതി ഏട്ടന് നേരെ എറിഞ്ഞായിരുന്നല്ലോ, ഒരു ഇൻട്രർവെൽ സമയത്ത്. ഏട്ടനത് കിട്ടിയില്ലെങ്കിൽ പിന്നെ അതാർക്കായിരിക്കും കിട്ടിയിരിക്കുക? എന്റെ 10 രൂപയുടെ പേനയാ. ശോ കഷ്ടമായി പോയല്ലോ!"
അവളുടെ പറച്ചിൽ കേട്ടിട്ട് എനിക്ക് ചിരി നിയന്ത്രിക്കാൻ പറ്റിയില്ല. ലോകത്ത് ഇങ്ങനെ ഒരു ലവ് ലെറ്റർ ആദ്യമായിട്ടായിരിക്കും. ഇത്രയ്ക്ക് പൊട്ടിയാണല്ലോ എന്റെ പെണ്ണ്! ഒടുവിൽ എന്റെ അട്ടഹാസം കേട്ട് കുഞ്ഞ് കരഞ്ഞപ്പോഴാണ് ചിരി ഞാൻ നിർത്തിയത്.
~ ചാരു

പൂവാലൻ

പൂവാലൻ
__________
ഞങ്ങൾ 5 അംഗസംഘമാണ് യാത്ര പുറപ്പെട്ടത്. കോളേജിൽ നിന്ന് മലബാറിലുളള കൂട്ടുകാരുടെ വീടായിരുന്നു ലക്ഷ്യം. 10 മണിക്കൂറെത്തെ യാത്ര വളരെ മുഷിപ്പേറിയതായിരുന്നു. യാത്രയ്ക്ക് ഒടുവിൽ കൂട്ടത്തിൽ ഒരാളുടെ വീട്ടിലെത്തി. നല്ലൊരു ഗ്രാമീണ അന്തരീക്ഷം. കഴിപ്പിച്ചു സ്നേഹിക്കുന്ന ആളുകൾ. കഴിക്കാൻ മടി ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷിച്ചു. കല്ലുമ്മക്കായ്, നെയ്യ് പത്തര്, ടയർ പത്തര്, കുഴി മന്തി, മുട്ടമാല അങ്ങനെ നീണ്ടു പോകുന്നു പട്ടിക. ഇനി കഴിക്കാനൊന്നും ബാക്കി വയ്ക്കാതെ ഞങ്ങളടിച്ചു കയറ്റി. മലബാറുകാർ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നത് ഭക്ഷണത്തിലൂടെയാണെന്ന് മനസ്സിലായി.
കോഴിക്കോടാണ് ആദ്യം പോയത്. വളരെയേറെ പ്രതീക്ഷയോടെയാണ് അവിടെ ചെന്നത്. കാരണം കോളേജ്, ഹോസ്റ്റൽ പിന്നെ വല്ലപ്പോഴും വീട്, ഇതായിരുന്നു ഞങ്ങളുടെ അവസ്ഥ. ഈ 3 സ്ഥലങ്ങളിലായി ജീവിതം ചുരുങ്ങിയിരിക്കുവായിരുന്നു. വീട്ടിൽ പോകുന്നത് തന്നെ വല്ലോ ആണ്ടിനും ചക്രാന്തിയ്ക്കുമായിരുന്നു.
വായുംനോട്ടം പ്രൊഫഷൻ ആയതുകൊണ്ട് തന്നെ നല്ല ചുളളൻ കോഴിക്കോടൻ ചെക്കൻമാരെ കാണാമെന്ന് കരുതി. കോഴിക്കോടാണ് കേരളത്തിലെ ചുളളൻ ചെക്കൻമാരുളളതെന്ന ശ്രുതി ഞങ്ങൾക്കിടയിൽ പരന്നിരുന്നു. പക്ഷേ നിർഭാഗ്യമെന്നല്ലാതെ എന്ത് പറയാൻ, കൂട്ടത്തിൽ വായുംനോട്ടത്തിന് മാസ്റ്റർ ഡിഗ്രി എടുത്ത ഞാൻ പോലും ആരെയും കണ്ടില്ല. ഇതിനെ പറ്റി ആരാഞ്ഞപ്പോൾ കൂട്ടുകാരി പറഞ്ഞു.
' നമ്മുടെ പ്രായത്തിലുളളവരെയെല്ലാം കടൽ കടത്തി വിട്ടെന്ന്'.
അങ്ങനെ നിരാശയോടെ കുന്നും കാടും തേയില തോട്ടങ്ങളുമുളള വയനാട്ടിലോട്ട് പോയി. ഹരിതാഭയും പച്ചപ്പും ഒക്കെ കണ്ടാസ്വദിച്ചു. ഒരു ഡാം സന്ദര്‍ശിച്ചു. പേര് ബാണാസുര സാഗർ ഡാം. അവിടെ മുഴുവൻ ചുറ്റിയടിച്ചു, പിന്നെ ഊഞ്ഞാലാടി. അവിടെ വച്ചാണ് ആ മൂവർസംഘത്തെ കണ്ട് മുട്ടിയത്. കമന്റടിച്ച് പിന്നാലെ കൂടി ആ പയ്യൻമാർ. പോട്ടെ കുഞ്ഞു പിളേളരല്ലേ എന്ന് ഞങ്ങളും കരുതി. മീശപോലും മുളച്ചിട്ടില്ല ആ പയ്യൻമാർക്ക്. അവർക്കറിയില്ലല്ലോ ഞങ്ങൾക്ക് അവരേക്കാൾ പ്രായമുണ്ടന്ന്. എന്ത് ചെയ്യാനാ ഞങ്ങളുടെ ചർമം കണ്ടാൽ പ്രായം പറയില്ല!
പിന്നെ പോയത് മീൻമുട്ടി വെളളച്ചാട്ടം കാണാനാണ്. കുറച്ച് നടക്കണമായിരുന്നു അങ്ങോട്ട്. നടക്കുന്ന വഴിയിൽ കുറച്ച് മൃഗങ്ങളൊക്കെ നിൽപ്പുണ്ട്. പണ്ടേ ഇതിനെയൊക്കെ പേടിയുളള ഞാൻ, പലയിടത്തും പേടിച്ച് അനങ്ങാതെ നിന്നു. അപ്പോഴാണ് നല്ല ലക്ഷണമൊത്ത മുട്ടനാടിനെയും കുടുംബത്തേയും കണ്ടത്. അതിനെ കണ്ട പാടെ ഞാൻ ചോദിച്ചു.
' ഇത് കുത്തുമോ?'
'ഇല്ല. കടിക്കത്തതേ ഉള്ളൂ. ചിലപ്പോൾ മാന്തും'.
അത് പറഞ്ഞത് ആ മൂവർസംഘ തലവനെന്ന് തോന്നിക്കുന്ന ചുവന്ന ടീ ഷര്‍ട്ടുകാരനാണ്. ഞങ്ങളെ പിൻതുടർന്ന് അവിടെയുമെത്തി അവർ. കൂട്ടത്തിലെ മൊഞ്ചത്തിയോട് ഫോൺ നമ്പർ ചോദിച്ചു പിന്നാലെ കൂടിയിട്ടുണ്ട് ആ ചുവന്ന ടീ ഷര്‍ട്ടുകാരൻ. വെളളച്ചാട്ടത്തിനടുത്തെത്തിയപ്പോൾ ചെക്കൻമാർക്ക് വലിയ ഫോട്ടോ കമ്പം. ഈ ഫോട്ടോയുടെ ഒക്കെ ബാക്കൗണ്ട് ഞങ്ങളഞ്ച് സുന്ദരികളാണ് കേട്ടോ! അപ്പോ പിന്നെ ഞാനും സെൽഫി എടുത്തു. അതിന്റെ ബാക്കൗണ്ട് മുഴുവൻ ആ ചെക്കൻമാരായിരുന്നു. എന്നോടാ അവന്റെ കളി!
പെട്ടെന്നാണ് ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത്. കൂട്ടത്തിലെ ഉമ്മച്ചിക്കുട്ടി ഉച്ചത്തിൽ വഴക്കിടുകയാണ്. ചുവന്ന ടീ ഷര്‍ട്ടുകാരൻ മൊഞ്ചത്തിയെ തോണ്ടി പോലും. ഉമ്മച്ചിക്കുട്ടിയും കൂടെ ഉണ്ടായിരുന്ന ഫെമിനിസ്റ്റും ചൂടാകാൻ തുടങ്ങി. പേടിച്ച് ആ പയ്യൻ കണ്ണിൽ കണ്ട പാറയെല്ലാം വലിഞ്ഞു കേറി മുകളിലോട്ട് പോയി. ഞാനും കൂട്ടത്തിലെ വേറെ ഒരു കുട്ടിയും കാര്യം മനസ്സിലാകാതെ മിളിങ്ങസ്യാ എന്ന് പറഞ്ഞ് അവിടെ തന്നെ നിന്നു.
അപ്പോഴേക്കും മൊഞ്ചത്തി ചൂടായവരുടെ ചെവിയിൽ എന്തോ പറഞ്ഞു. അതോടെ വഴക്കിന് തിരശ്ശീല വീണു. തിരിച്ചുളള യാത്രയിലാണ് കാര്യം മനസ്സിലായത്. ശരിക്കും ആ പയ്യൻ തോണ്ടിയില്ലായിരുന്നു. ദൂരെ നിന്ന് കണ്ട അവർ തെറ്റിധരിച്ചതാണ്. ആ സത്യമാണ് മൊഞ്ചത്തി അവരുടെ ചെവിയിൽ പറഞ്ഞത്. അതുകൊണ്ടാണ് വേഗം അവിടെ നിന്ന് ഞങ്ങൾ ഊരി പോന്നത്. എന്തായാലും ഞാൻ കാണാഞ്ഞത് നന്നായി. അല്ലെങ്കിൽ ആക്ഷൻ ഹീറോയിൻ ആയ ഞാൻ ആളെത്തല്ലി എന്ന പേര് കേൾപ്പിക്കേണ്ടി വന്നേനെ!
അങ്ങനെ, ഇങ്ങനെയൊക്കയുളള സംഭവവികാസങ്ങൾക്ക് ശേഷം 58 കിലോ ഉണ്ടായിരുന്ന ഞാൻ 61 കിലോയായി മലബാറിൽ നിന്ന് മടങ്ങി.
~ ചാരു

ഓർമ്മകൾ

ഓർമ്മകൾ
____________
കണ്ണ് തുറന്നപ്പോൾ ചുറ്റും ഒരു കൂട്ടം ആളുകളുണ്ട്. എല്ലാവരും അത്ഭുതജീവിയെ പോലെ എന്നെ ഉറ്റുനോക്കുകയാണ്. എന്താണ് സംഭവമെന്ന് എനിക്ക് മനസ്സിലായതേയില്ല.
ഡോക്ടർ എന്നോട് ചോദിച്ചു, എങ്ങനെയുണ്ടെന്ന്. കുഴപ്പമില്ലെന്ന് ഞാൻ മറുപടിയും കൊടുത്തു. ഡോക്ടറെ കണ്ടപ്പോഴാണ് ഞാൻ ആശുപത്രിയിലാണെന്ന് തന്നെ മനസ്സിലായിത്. കൈയ്യിൽ ഡ്രിപ്പ് കയറ്റുന്നുണ്ട്. തലയിലെ വേദനയ്ക്ക് കാരണം അവിടെയുണ്ടായ മുറിവാണെന്ന് മനസ്സിലായി.
ചുറ്റും നിന്നവരിൽ ഒരു വൃദ്ധനും വൃദ്ധയും അവരുടെ മകനെന്ന് തോന്നുന്ന ഒരാളുമുണ്ടായിരുന്നു. അയാൾ ബെഡിനരികെ വന്നിരുന്നു. എന്റെ കൈയ്യിൽ തൊട്ടു. കൈ ഞാൻ പിൻവലിച്ചു.
' എന്താടി പെണ്ണേ! എന്നോട് പിണക്കമാണോ? 2 ദിവസം ഞാനൊന്ന് മാറി നിന്നപ്പോൾ ഇവിടെയെന്തൊക്കെയാ സംഭവിച്ചത്? ഇത്രയും പ്രായമായിട്ടും വീഴാതെ നടക്കാൻ നീ പഠിച്ചില്ലേ? ഭാഗ്യത്തിനാണ് നിനക്കും കുഞ്ഞിനും ഒന്നും പറ്റാതെയിരുന്നത്.'
അപ്പോഴാണ് അൽപ്പം ഉയര്‍ന്ന് നിൽക്കുന്ന എന്റെ വയർ ഞാൻ ശ്രദ്ധിച്ചത്. ഞെട്ടിപ്പോഴെന്ന് മാത്രമല്ല ആകെയൊരു അങ്കലാപ്പ്. ഈ സംസാരിക്കുന്ന മനുഷ്യൻ ആരാണെന്ന് കൂടി ഓർമ വരുന്നില്ല. അപ്പോഴാണ് ഈ വയർ..... ഈശ്വരാ ഇതെന്ത് പരീക്ഷണമാണ്? കഴുത്തിൽ കിടക്കുന്ന താലിയ്ക്ക് ഭാരമേറിയതായി അനുഭവപ്പെട്ടു. അവസാനം ചോദിച്ചു, നിങ്ങളൊക്കെ ആരാണെന്ന്. അതിന്റെ അനന്തഫലം വളരെ വലുതായിരുന്നു. സുനാമിയ്ക്ക് മുമ്പുളള ശാന്തതയായിരുന്നു കുറച്ചു ദിവസത്തേക്ക്. പിന്നെ കുറെ പരിശോധനകളും മരുന്നുകളും. ഭര്‍ത്താവ് മറവിക്കുളള ചികിത്സ പിന്നീടാവാമെന്ന് പറഞ്ഞു. കാരണം ഞാനൊട്ടു തിരക്കിയതുമില്ല. കുറേ ആളുകൾ വന്നുകണ്ടു പോയി. ആ കൂട്ടത്തിൽ തിരിച്ചറിഞ്ഞത് വളരെ കുറച്ചാളുകളെയായിരുന്നു. അതിൽ പ്രധാനികൾ എന്റെ അച്ഛനുമമ്മയുമായിരുന്നു. 15 വയസുവരെയുളള ഓർമ്മയെ എനിക്കുണ്ടായിരുന്നുളളൂ. പക്ഷേ അത് കഴിഞ്ഞ് ഞാൻ പഠിച്ച കാര്യങ്ങളൊക്കെ ഓർമ്മയിൽ തങ്ങി നിന്നിരുന്നു. ആളുകളും സംഭവങ്ങളും മാത്രമാണ് മനസ്സിൽ നിന്ന് തുടച്ചുമാറ്റപ്പെട്ടിരുന്നത്.
അച്ഛന്റേയും അമ്മയുടേയും ഒപ്പം ഞാൻ പോയില്ല. അതിനുളള അർഹത എനിക്കില്ലെന്ന് തോന്നി. കാരണം വീട്ടുകാരെ എതിർത്ത് 6 വർഷത്തെ പ്രണയത്തിന്റെ പേരിൽ ഇറങ്ങി പോയവളാണ് ഞാനെന്ന് ഇതിനകം മറ്റുളളവരിൽ നിന്ന് മനസിലാക്കിയിരുന്നു. അവരെ വേദനിപ്പിച്ചതിന്റെ ശിക്ഷയായിരിക്കാം ഈ മറവി. കിട്ടിയ സ്വർഗതുല്ല്യമായ ജീവിതം ആസ്വദിക്കാൻ കൂടെ കഴിയുന്നില്ല.
ഡിസ്ചാർജായി വീട്ടിൽ ചെന്ന അന്ന് മുതൽ നിഴലായി ഭർത്താവ് കൂടെയുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഞാനെല്ലാവരുമായി കൂട്ടായി. പ്രത്യേകിച്ചും അദ്ദേഹവുമായി. എല്ലാവരേയും അദ്ദേഹം പരിചയപ്പെടുത്തി തന്നു. പക്ഷേ അദ്ദേഹം ഒരിക്കലും പറഞ്ഞു തന്നില്ല, എനിക്ക് അദ്ദേഹം ആരായിരുന്നു എന്ന്. പലരിലൂടെയുമാണ് ഞാനറിഞ്ഞത് 6 വർഷത്തെ പ്രണയത്തെ പറ്റിയും 3 വർഷമായി കുഞ്ഞിന് വേണ്ടിയുളള കാത്തിരിപ്പിനെ പറ്റിയും. കുഞ്ഞിനെ വരവേൽക്കാനിരുന്നപ്പോഴാണ് ഈ ദുരന്തമുണ്ടായത്.
അദ്ദേഹം മുഴുവൻ സമയവും എന്നോടൊപ്പമുണ്ടായിരുന്നു, ജോലി കഴിഞ്ഞ് വരുന്നതു മുതൽ പോകുന്നതു വരെ. എനിക്ക് മറവിയൊന്നുമില്ലെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.
പക്ഷേ അദ്ദേഹം എന്നെ ഒന്നും വിളിച്ചിരുന്നില്ല, വർഷയെന്നുളള എന്റെ പേരുപോലും. അതിൽ എനിക്കെന്തോ അപാകത തോന്നി. ഇതേപ്പറ്റി ഞാൻ ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു.
' നീയും എന്നെ ഒന്നും വിളിക്കാറില്ലല്ലോ! ഓർമ്മ വരുമ്പോൾ, നീ എന്നെ പതിവായി വിളിച്ചിരുന്ന പേര് വിളിക്കുമ്പോൾ ഞാനും തിരിച്ച് നിന്നെ പതിവായി വിളിക്കാറുളള പേര് വിളിക്കാം. എന്താ പോരെ? അതുവരെ നമ്മൾക്ക് പരസ്പരം ഒന്നും അഭിസംബോധന ചെയ്യേണ്ട. പിന്നെ വീട്ടിലാരോടും ചോദിച്ചിട്ടു കാര്യമില്ല. അവരാരും പറഞ്ഞ് തരില്ല.'
'ഓഹോ! അപ്പോ എല്ലാവരും ഒറ്റ കെട്ടാണല്ലേ? എനിക്ക് ഓർമ്മ കിട്ടട്ടേ എല്ലാവരേയും ഒരു പാഠം പഠിപ്പിക്കും.'
'ഇപ്പോ നിന്റെ മറവിയേക്കാൾ വലിയ ഒരു ശിക്ഷയില്ല പെണ്ണേ ! 5 മാസമായി അനുഭവിക്കുന്നു. നിന്റെ ഓര്‍മ പോയത് നന്നായി. എന്റെയായിരുന്നെങ്കിൽ നിന്നെക്കൊണ്ട് താങ്ങാൻ പറ്റില്ലായുരുന്നേനെ! '
പ്രസവസമയം അടുത്തു. അദ്ദേഹവും എന്റെ കൂടെ ഉണ്ടായിരുന്നു ലേബർ റൂമിൽ എന്നെ ആശ്വാസിപ്പിക്കാൻ. ഞാൻ പ്രാണവേദനയെടുത്ത് കരഞ്ഞപ്പോൾ അദ്ദേഹം കരഞ്ഞു കൊണ്ട് പറഞ്ഞു.
"കരയല്ലേടി പാറൂ..........."
ആ വിളി എനിക്ക് പ്രസവവേദനയേക്കാൾ കൂടുതൽ വേദന സൃഷ്ടിച്ചു. പ്രകാശവേഗത്തിൽ എന്റെ ജീവിതം കൺമുന്നിൽ ഞാൻ കണ്ടു. മഞ്ഞു വീണു മറഞ്ഞ കാഴ്ചകൾ ഓരോന്നായി ആ സൂര്യവെളിച്ചത്തിൽ ദൃശ്യമായി.
ആ വിളി. അതെ ഞാൻ പാറുവാണ് എന്റെ ഏട്ടന്റെ മാത്രം പാറു. ഞങ്ങൾക്ക് മോളാണ് ജനിച്ചത്. അവളെ ഏട്ടന്റെ കൈകളിൽ ഏൽപ്പിച്ചിട്ട് ഞാൻ പറഞ്ഞു.
' ഏട്ടാ! ഇതാ നമ്മുടെ ആമി.'
ഏട്ടൻ ഞെട്ടലോടെ എന്നെ നോക്കി. പ്രസവിച്ചാൽ ഉടനെ ഓർമ്മവരുമോ എന്ന മട്ടിൽ. അപ്പോ ഞാൻ പറഞ്ഞു.
' പാറൂ എന്ന് നേരത്തേ വിളിച്ചിരുന്നെങ്കിൽ ഇത്രയും കാലം പാഴാക്കേണ്ടി വരില്ലായിരുന്നെന്ന്.'
~ ചാരു

ഇടവഴികൾ

ഇടവഴികൾ
_______________
'സത്യം പറ. നിനക്ക് ഈ വിവാഹത്തിന് താൽപര്യമുണ്ടോ?'
'ഉണ്ട് വിനു.'
'കടപ്പാട് വീട്ടാനായിട്ടാണ് ഈ വിവാഹമെങ്കിൽ, എനിക്ക് അതിനോട് യോജിപ്പില്ല. '
'എനിക്ക് വിനുവിനോട് ഒരുപാട് കടപ്പാട് ഉണ്ട്. പക്ഷേ ഈ വിവാഹം കടപ്പാടുവിട്ടാനല്ല.'
'പിന്നെ? '
'എനിക്ക് ഇഷ്ടമാണ് വിനുവിനെ. വിനുവിലെ സുഹൃത്തിനെ. എന്റെ ജീവിതകാലം മുഴുവൻ അത് വേണമെന്ന് എനിക്കാഗ്രഹമുണ്ട്.'
'അതിന് ഈ കല്ല്യാണം വേണോ? എനിക്ക് നിന്നെ ഇഷ്ടമാണ്. സ്വന്തമാക്കണമെന്ന് ഒരുപാടാഗ്രഹവുമുണ്ട്. പക്ഷേ അതെല്ലാം നിന്റെ പൂർണമനസ്സോടെയായിരിക്കണം.'
'എനിക്ക് സന്തോഷമേ ഉള്ളൂ വിനു. ജീവിതത്തിൽ എനിക്ക് സങ്കടങ്ങൾ മാത്രമേ ഉണ്ടായിട്ടുളളൂ. വൈശാഖിന്റെ കൂടെയുള്ള ജീവിതം സ്വപ്നം കണ്ടു. പക്ഷേ സംസ്ക്കാരത്തിനു ശരീരം പോലും കിട്ടിയില്ല. അവസാനമായിട്ട് ഒരുനോക്ക് പോലും കാണാൻ കഴിഞ്ഞില്ല. മരിച്ചെന്ന് വിശ്വസിക്കാൻ മടിച്ച മനസ്സിന്റെ നില തെറ്റിയപ്പോഴും, വിനു.....നീ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്. വൈശാഖ് കൂടെ ഉളളപ്പോഴും വിനു, നീ എന്നെ സ്നേഹിച്ചത് ഞാനറിഞ്ഞിരുന്നു. പക്ഷേ ആ സ്നേഹത്തിനു മുന്നിൽ വിനുവിന്റെ സ്നേഹം ഞാൻ കണ്ടില്ലെന്ന് നടിച്ചു. അതുകൊണ്ടാകാം ദൈവം എല്ലാം തട്ടിതെറിപ്പിച്ചത്.'
'എല്ലാം മറക്ക് നീ. എന്തിനാ പഴയകാര്യമെല്ലാം ഓർത്തോണ്ടിരിക്കുന്നത്. ഓർത്തോണ്ടിരുന്നിട്ടെന്താ പ്രയോജനം?'
'എങ്ങനെ മറക്കാനാണ് വിനു? ആര് കാത്തിരിക്കും 5 വർഷം മാനസിക നില തെറ്റിയ പെണ്ണിനെ നേരെയാക്കാൻ? വീട്ടുകാരും നാട്ടുകാരും വിനുവിനെ തളളി പറഞ്ഞില്ലേ ഇതിന്റെ പേരിൽ? എന്നിട്ടും എനിക്ക് വേണ്ടി......'
അപ്പോഴേക്കും മുറിയിലേക്ക് അമ്മ കയറി വന്നു.
'ഇത് കൊളളാമല്ലോ! കല്ല്യണപ്പെണ്ണും ചെക്കനും മുറിയിൽ നിന്ന് കിന്നരം പറയുവാ! അല്ലേ, നിങ്ങൾക്ക് ഇങ്ങനെ ഇവിടെ നിന്നാൽ മതിയോ? കെട്ടേണ്ടേ?'
ചിരിച്ചുകൊണ്ട് മറുപടി നല്‍കി, ഞങ്ങൾ വെളിയിലേക്ക് ഇറങ്ങി. അങ്ങനെ വിനുവിന്റെ താലി എന്റെ കഴുത്തിൽ തിളങ്ങി. ഈ സമയത്ത് പഴയ കാര്യങ്ങളൊക്കെ മനസിൽ മിന്നി മാഞ്ഞു. 8 വർഷത്തെ വൈശാഖുമായുളള പ്രണയം. കല്യാണ തലേന്ന് വന്ന മരണവാർത്ത. 5 വർഷത്തെ തടവുജീവിതം. പിന്നെ ജീവിതത്തിലോട്ടുളള മടക്കം. പക്ഷേ ഇന്നും വൈശാഖിനെ മറക്കാൻ എനിക്കാവുന്നില്ല. ഇത് ഞാൻ വിനുവിനോട് കാണിക്കുന്ന ചതിയിണെന്നറിയാം. അത്രമേൽ വൈശാഖിനെ ഞാൻ സ്നേഹിച്ചിക്കുണ്ട്. വിനു പറഞ്ഞത് ഓർമ്മ വരുന്നു, "വൈശാഖിനെ സ്നേഹിച്ചതിന്റെ നൂറിൽ ഒന്ന് ഭാഗം സ്നേഹം മതി എനിക്ക് ജീവിക്കാനെന്ന്."
വലം വെച്ച് മണ്ഠപത്തിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ആ കാഴ്ച ഞാൻ കണ്ടത്. ഞാൻ വർഷങ്ങളായി കാത്തിരുന്ന മുഖം എന്റെ മുന്നിൽ. എന്റീശ്വരാ... ഞാൻ എന്ത് ചെയ്യും? വീൽ ചെയറിൽ ഇരുന്ന് മന്ദഹസിക്കുവാണ്. എന്റെ ജീവച്ഛവം പോലുളള നിൽപ്പ് കണ്ടിട്ടാകാം വിനു എന്റെ തോളിൽ തട്ടി. ഞങ്ങളിരുവരും ആ ചിരിക്കുന്ന മുഖം നോക്കി നിന്നു കുറേ നേരം. എന്നിട്ട് ഞാൻ വിനുവിനെ നോക്കി. ആ കണ്ണുകളിൽ എന്റെ എല്ലാ ചോദ്യങ്ങൾക്കുമുളള മറുപടി ഉണ്ടായിരുന്നു.
~ ചാരു

ആളെത്തല്ലി

ആളെത്തല്ലി
_____________
ചീത്തപ്പേരു വീഴാൻ വളരെ എളുപ്പമാണല്ലോ! കുഞ്ഞിലെ തന്നെ വീണു അസ്സലൊരു ചീത്തപ്പേര് , ആളെത്തല്ലി എന്ന്. ഇനി ഇതെന്റെ പ്രശ്നമാണോ എന്നറിയില്ല, തല്ലിയതെല്ലാം ആണുങ്ങളെയായിരുന്നു. പക്ഷേ ഞാനൊരു സ്ത്രീപക്ഷവാധിയോ പുരുഷവിരോധിയോ ആയിരുന്നില്ല.
4 ൽ പഠിക്കുമ്പോൾ ഉമ്മ ചോദിച്ച ചെക്കനെ ചെറിയ ഒരു പൊക്കത്തിൽ നിന്ന് തളളിയിട്ടാണ് തുടക്കം. അവന്റെ നെറ്റിയിൽ 6 തുന്നിക്കെട്ട് സമ്മാനിച്ചു. പിന്നീട് പല കാരണങ്ങൾ ഉണ്ടായി പലരേയും തല്ലാൻ. ദൂരെ പഠിക്കാൻ പോയതിന് ശേഷമാണ് ഇരട്ടപേര് പ്രശസ്തമായത്. ചത്ത് കിടന്ന പഠിച്ച എൻട്രൻസ് കോച്ചിങിനിടയിൽ വീണ് കിട്ടിയ അവധിയ്ക്ക് നാട്ടിലോട്ട് പോയതാണ്. അന്ന് കഷ്ടകാലത്തിന് ബസ് കുറവും മുടിഞ്ഞ ബ്ലോക്കും. നിൽക്കാൻ പോലും സ്ഥലമില്ലാത്ത തിരുവനന്തപുരം ബസ്സിലാണ് യാത്ര. ഫുഡ്ബോഡിനടുത്തായി ഒരാൾ ആടി നിൽപ്പുണ്ട്. മാറാൻ പറഞ്ഞിട്ടൊന്നും കേൾക്കാതെ അവിടെ തന്നെ നിലയുറപ്പിച്ചേക്കുവാണ്. ഇറങ്ങുന്ന സ്ത്രീകളെ തൊട്ടും തലോടിയുമാണ് ആ വീരന്റെ നിൽപ്പ്. എല്ലാവർക്കും ധൃതിയായതുകൊണ്ട് ഇതൊന്നും ശ്രദ്ധിക്കുന്നുമില്ല, കാര്യമായി എടുക്കുന്നതുപോലുമില്ല.
അങ്ങനെ എന്റെ സ്റ്റോപ്പെത്തി. സമയം വൈകുന്നേരം 5.30 യോട് അടുത്തിരുന്നു. ഇറങ്ങാൻ എല്ലാവരും തിരക്ക് പിടിച്ചു. എനിക്ക് തൊട്ട് മുൻപേ ഇറങ്ങിപോയ ഗർഭിണിയായ സ്ത്രീയോടുളള അയാളുടെ പെരുമാറ്റം വളരെയേറെ വേദന എന്നിൽ ഉളവാക്കി. അവർ അതിനോട് പ്രതികരിക്കാതെ കൈ തട്ടി മാറ്റി പോവുകയാണുണ്ടായത്. ഈ പ്രതികരണശേഷിയില്ലായ്മയാണ് എന്നെ ഏറെ വേദനിപ്പിച്ചത്. അടുത്തത് എന്റെ ഊഴമാണല്ലോ! ഞാൻ ജാഗരൂകയായി. അയാളുടെ കൈ എന്റെ ദേഹത്ത് പതിക്കുന്നതിന് തൊട്ട് മുൻപ് എന്റെ കൈ അയാളുടെ കവിളത്ത് പതിഞ്ഞു. സത്യത്തിൽ അയാൾ എന്നെ ഒന്നും ചെയ്തില്ല. എന്നിട്ടും ഞാൻ തല്ലിയത് ഇതിന് മുൻപ് ഇറങ്ങിയ സ്ത്രീകളെ ഓർത്തിട്ടാണ്. ആ ബസ്സിലുളളവർ എന്താണ് സംഭവിച്ചതെന്ന് നോക്കിയതല്ലാതെ സിനിമയിൽ കാണുന്നപോലെ കൂട്ടയടിയൊന്നും ഉണ്ടായില്ല. എന്നാലും എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞതിൽ ഒരു സംതൃപ്തി തോന്നി. പക്ഷേ ഇതൊക്കെ കണ്ട കുറച്ചു നാട്ടുകാർ വണ്ടിയിൽ ഉണ്ടായിരുന്നു. കാരണമില്ലാതെയും, ഒന്നും പറയാതെയും ഞാൻ ഒരുത്തനെ തല്ലിയെന്നായി പിന്നെ നാട്ടിലെ കഥ. എന്തിനാണ് തല്ലിയതെന്ന് ചോദിച്ച എന്റെ നാട്ടുകാർക്ക് ഞാൻ മറുപടി കൊടുത്തില്ല. കാരണം പണ്ട് ഉമ്മ ചോദിച്ചതിനു ഒരുത്തനെ ഉരുട്ടി ഇട്ടപ്പോൾ എനിക്ക് ഉമ്മ തന്നതുകൊണ്ട് ഉരുട്ടി ഇട്ടതാണെന്ന് പറഞ്ഞ ആളുകളാണവർ. ആ ചെക്കൻ എനിക്ക് ഉമ്മ തന്നെന്നും പറഞ്ഞ് ഒരുപാട് കളിയാക്കൽ സഹിക്കേണ്ടി വന്നതാ അന്ന്.
പിന്നെ കുറെ കാലത്തേക്ക് എന്റെ ഗുണ്ടായിസമൊക്കെ മറന്ന് ജീവിക്കുവായിരുന്നു. കാരണം പിന്നീട് കണ്ടുമുട്ടിയതെല്ലാം നല്ല ആളുകളെയായിരുന്നു. അന്ന് അയാൾ ചെയ്ത തെറ്റിന് പുരുഷവർഗത്തെ മുഴുവൻ കുറ്റം പറയുന്നത് ശരിയല്ലല്ലോ! തെറ്റ് ചെയ്യുന്നവർ പുരുഷനായാലും സ്ത്രീയായലും വർഗം നോക്കേണ്ട കാര്യമില്ല.
എന്തായാലും നാട്ടുകാർ പതിയെ ഇരട്ടപേര്
മറന്ന് തുടങ്ങി. വെക്കേഷന് കോളേജിൽ നിന്ന് ഒരു പ്രൈവറ്റ് ബസ്സിൽ വീട്ടിലോട്ട് പോവുകയാണ്. ഒരു മണിക്കൂർ സമയമുണ്ട്. ഒരുത്തൻ പുറകിൽ നിന്ന് തട്ടലും മുട്ടലുമൊക്കെ നടത്തുന്നുണ്ട്. നോക്കിയും കണ്ണുരുട്ടിയും ഒക്കെ ആവുന്നത്ര പേടിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പതിഞ്ഞ ശബ്ദത്തിൽ അയാൾ തന്റെ ഇംഗിതം എന്നെ അറിയിച്ചു. വീണ്ടും ആ ഇരട്ടപ്പേര് നാട്ടുകാര് ഓർത്തെടുക്കാതിരിക്കാൻ, ചെറിയ ഒരു പ്രതികരണമേ ഞാൻ നടത്തിയുളളു. എന്നിട്ട് നല്ല കുട്ടിയായി വീട്ടിലോട്ട് പോന്നു.
~ ചാരു

ഓൺലൈൻ

ഓൺലൈൻ
_____________
എല്ലാരും അവളെയാണ് കുറ്റം പറയുന്നത്. പക്ഷേ അവളൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാം. പെൺകുട്ടികൾക്കെന്താ കൊമ്പ് ഉണ്ടോ? ആൺകുട്ടികളെ എത്ര നേരം ഓൺലൈനിൽ കണ്ടാലും ആർക്കും ഒരു പ്രശ്നവും ഇല്ല. അതേസമയം പെണ്ണാണെങ്കിലോ? അവൾക്ക് പിന്നെ കാമുകനായി, അവൾ ശരിയല്ലാതവളായി...
ഞാൻ പറയുന്നത് ഗൗരിയെ പറ്റിയാണ്. പഠിക്കാൻ മിഠുക്കിയാണ്. നാട്ടിൻ പുറത്തുകാരി. നാട്ടിൽ നിന്ന് ആദ്യമായി പുറത്തു പോയി പഠിക്കുന്നത് അവളാണ്. അതുകൊണ്ട് തന്നെ അവളുടെ അവിടുത്തെ ജീവിതമനുസരിച്ചിരിക്കും ബാക്കി നാട്ടിലുളള പെൺകുട്ടികളുടെ ഭാവിയും.
റാഗിംങ് ഒക്കെ കിട്ടി പണ്ടാരമടങ്ങി ഒരു വിധത്തിൽ ആദ്യ വർഷം കടന്നുപോയി. രണ്ടാം വർഷമൊക്കെയായപ്പോൾ ഫോൺ വളരെ അത്യാവശ്യമായി വന്നു. നോട്ടുകളും മറ്റും വാട്ട്സ്അപ്പ് വഴി അയക്കുന്ന കാലമാണല്ലോ! വീട്ടിൽ ഫോണിന്റെ കാര്യം പറഞ്ഞപ്പോൾ, "പഠിക്കുന്ന പിളേളർക്ക് ഫോണൊന്നും വേണ്ട" എന്നായിരുന്നു മറുപടി. അവസാനം വാശിയ്ക്കും കരച്ചിലിനും ഫലം കണ്ടു. വീട്ടുകാരൊരു ഫോൺ മേടിച്ചു കൊടുത്തു. മറ്റുളളവരെ പരീക്ഷ സമയത്ത് ഫോൺ ചോദിച്ചു ബുദ്ധിമുട്ടിച്ചു അവൾ മടുത്തിരുന്നു.
ഫോൺ ആയപ്പോൾ പിന്നെ ഫേസ്ബുക്കായി വാട്ട്സ്അപ്പായി. എന്നാലും അവൾ പരിധി വിട്ട് ഇതൊന്നും ഉപയോഗിച്ചില്ല. പണ്ട് പഠിത്തതിനു വേണ്ടി മാറ്റി വച്ച ആഗ്രഹങ്ങളൊക്കെ വീണ്ടും മനസിൽ തല പൊക്കി തുടങ്ങി. സ്മൂളിൽ പാട്ട് പാടാനും കഥകളെഴുതി പോസ്റ്റ് ചെയ്യാനും തുടങ്ങി. ഇതൊന്നും തന്റെ പഠനത്തെ ബാധിക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിനായി അവൾ തിരഞ്ഞെടുത്ത സമയം അർദ്ധരാത്രിയായിരുന്നു. അതായത് കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പുളള സമയം. ഓൺലൈനിൽ കണ്ടു പല ആളുകളും മെസ്സേജ് അയച്ചുതുടങ്ങി. അ സമയത്ത് ചാറ്റ് ചെയ്യുന്നത് ശരിയല്ലെന്നു തോന്നിയതുകൊണ്ട് അതെല്ലാം അവൾ കണ്ടില്ലെന്നു നടിച്ചു. അപ്പോൾ അതാ പുതിയ പ്രശ്നം. ഡോക്ടറിനു പഠിക്കാൻ പോയതിന്റെ അഹംങ്കാരമാണ് പെണ്ണിനെന്നു എല്ലാവരും പറഞ്ഞു തുടങ്ങി. അത് ഒഴിവാക്കാൻ വരുന്ന മെസ്സേജിനെല്ലാം മറുപടി കൊടുത്തു തുടങ്ങി.
അപ്പോഴും അവളെ വെറുതെ വിടാൻ ആർക്കും ഉദ്ദേശമില്ലായിരുന്നു. അവൾക്കവിടെ ഒരു കാമുകൻ ഉണ്ടെന്നും അവനോടാണ് രാത്രി ചാറ്റിംങ് എന്നും ആയി. സ്വന്തം ബന്ധുക്കൾ തന്നെയാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നതെന്ന് അറിഞ്ഞപ്പോഴാണ് അവൾ തകർന്നു പോയത്. അവസാനം അവൾ ദേഷ്യത്തിൽ പൊട്ടി തെറിച്ചു. 'കാമുകൻ ഉണ്ടെങ്കിൽ തന്നെ ചാറ്റ് ചെയ്യേണ്ട കാര്യം ഇല്ല, ഇതു ജിയോ യുഗമാണ്, ഫ്രീ കോൾ ചെയ്താൽ മതിയെന്ന്'. അതോടെ എല്ലാരും ഉറപ്പിച്ചു, അവൾക്ക് അജ്ഞാത കാമുകൻ ഉണ്ടെന്ന്.
പതിവു പോലെ വെക്കേഷൻ കഴിഞ്ഞ് തനിച്ച് ഹോസ്റ്റലിലോട്ട് പോയതാണ്. പക്ഷേ ബസ്സിലിരുന്നു ഉറങ്ങി പോയി. കുറച്ചു സ്റ്റോപ്പ് അകലെയാണ് ഇറങ്ങിയത്. തിരിച്ച് പോകാൻ അടുത്തു കണ്ട ബസ് സ്റ്റോപ്പിൽ നിന്നു. എല്ലാ പ്രൊഫഷണൽ കോളേജുകളെ പോലെതന്നെ അവളുടെ കോളേജും ഒരു പട്ടിക്കാട്ടിലായിരുന്നു. സമയം സന്ധ്യ കഴിഞ്ഞിരുന്നു. ആദ്യമായാണ് അവൾ ഇത്രയും താമസിക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചെക്കനും വന്നു നിന്നു അവിടെ. ചെക്കൻ ഫ്രീക്കനായതുകൊണ്ട് ഇയർഫോണിൽ പാട്ട് കേട്ട് കുലുങ്ങുന്നുണ്ട്. പേടി കൊണ്ടാവാം അവൾ ഇടയ്ക്കിടയ്ക്ക് അച്ഛനെ വിളിക്കുന്നുണ്ട്. 300 മൈൽ അകലെ കിടക്കുന്ന ആ മനുഷ്യൻ എന്ത് ചെയ്യാനാ? ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ ഇരുപ്പുണ്ടായിരുന്നു. ദൈവമൊന്നുമല്ല കേട്ടോ! ആ ഒരാൾ പത്തു പേരെയും കൂടെ കൂട്ടി അവിടെ നല്ലൊരു പെരുന്നാൾ നടത്തി. ഒരു സാദാചാര പെരുന്നാൾ. അങ്ങനെ പോലീസ് എത്തി. പെണ്ണിനേയും ചെക്കനേയും തൂക്കി എടുത്തു ജീപ്പിലിട്ടു. നാട് മുഴുവൻ പാട്ടായി. ' വല്യേതിലെ ഗൗരികൊച്ചിനേയും ചെക്കനേയും എവിടെങ്ങാണ്ടു വച്ചു പിടിച്ചു എന്ന്'.
ഇതിൽ ആരാണ് തെറ്റുകാർ? ഗൗരിയാണെന്ന് എനിക്ക് തോന്നുന്നില്ല. അവളുടെ കൂടെ ബസ് സ്റ്റോപ്പിൽ നിന്ന പയ്യനോ? അല്ല. പിന്നെയാരാണ്?
നമ്മളാണ്, മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകളുളള ഈ സമൂഹമാണ്.
~ ചാരു.

എന്റെ മകൾ

എന്റെ മകൾ
______________
എനിക്ക് കുറച്ചു ദുശ്ശീലങ്ങൾ ഉണ്ടായിരുന്നു. വലുതായി ഒന്നുമില്ല. ചെറുതായി മൂക്കിപ്പൊടി വലിക്കും, വെറ്റില ചവയ്ക്കും, പിന്നെ വല്ലപ്പോഴും കുറച്ചു കളളും കുടിക്കും. പക്ഷേ ഇന്നുവരെ ഈ ശീലങ്ങൾ കാരണം ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അതുകൊണ്ട് ഇതൊക്കെ ദുശ്ശീലമായി എനിക്ക് തോന്നിയിട്ടുമില്ല. ഭാര്യയ്ക്ക് ഇഷ്ടമില്ലായിരുന്നു എന്റെ കളളു കുടിയും മൂക്കിപ്പൊടി വലിയും. കാരണം കളളു കുടിച്ചാൽ ഞാൻ വളാ വളാന്നു സംസാരിച്ചു കൊണ്ടിരിക്കും, പിന്നെ മൂക്കിപ്പൊടി വലിച്ചാൽ എന്റെ തുമ്മൽ കേട്ട് പ്ലൂട്ടോ വരെ തെറിച്ചു പോകും.
ഇങ്ങനെയൊക്കെ തന്നെയാണെങ്കിലും ഞാനൊരു മര്യാദരാമനായി ജീവിക്കുകയായിരുന്നു. പക്ഷേ എന്റെ ശീലങ്ങളും തട്ടി തെറിപ്പിച്ചുകൊണ്ടാണ് അവൾ വന്നത്. അവളുടെ വരവ് അറിഞ്ഞത് തന്നെ ഭാര്യയുടെ കരച്ചിലിലൂടെയാണ്. ഭാവി പ്രവചിക്കാൻ വന്ന കാക്കാത്തിയും വയറു കാണാൻ വന്ന ബന്ധുക്കളും ഉറപ്പിച്ചു പറഞ്ഞതാണ് ആൺകുട്ടിയാണെന്ന്. പക്ഷേ സ്കാൻ ചെയ്തപ്പോൾ പെണ്ണാണെന്ന് അറിഞ്ഞപ്പോൾ ഭാര്യ വാവിട്ടു കരഞ്ഞു. എനിക്ക് വലിയ ചലനമൊന്നും ഉണ്ടായില്ല. ആദ്യത്തെ പെണ്ണായതുകൊണ്ട് രണ്ടാമത് പെണ്ണായി കൂടാ എന്നൊന്നും ഇല്ലല്ലോ! ഞങ്ങൾ എന്തായാലും മോളെ വരവേൽക്കാൻ തീരുമാനിച്ചു. എല്ലാവരുടേയും വിഷമം തീർക്കാൻ മോളെ ആൺകുട്ടിയായി വളർത്താമെന്ന് വിചാരിച്ചു.
ശരിക്കും ആണായി വളർത്തണ്ട ആവശ്യമേ വന്നില്ല, ശരിക്കും ആൺകുട്ടിയുടെ സ്വഭാവം തന്നെയായിരുന്നു. കുസൃതിയുടെ ആശാട്ടി. മോളെ പറ്റി വരുന്ന പരാതികൾ തീർക്കാനെ എനിക്ക് സമയമുണ്ടായിരുന്നുളളൂ. സുരേഷ് ഗോപിയുടെ സിനിമ കണ്ട് ഒരു കടക്കാരനെ പോയി "പുല്ലേ" എന്ന് വിളിച്ചതായിരുന്നു ആദ്യത്തെ പരാതി. പിന്നീട് അങ്ങോട്ട് പരാതികളുടെ ഘോഷയാത്രയായിരുന്നു. കൂടെ പഠിച്ച ചെക്കനെ തളളിയിട്ടു, കൂട്ടുകാരിയുടെ കൈ ബ്ലേഡ് കൊണ്ട് മുറിച്ചു.... അങ്ങനെ നീണ്ടു പോയി പരാതികൾ. അടിക്കാൻ പിടിച്ചാൽ കൈയിൽ കിട്ടില്ല പെണ്ണിനെ. ഓടി, വീടിന്റെ മുറ്റത്ത് നിൽക്കുന്ന പേരമരത്തിൽ കേറും. അവസാനം ആ മരം വെട്ടി കളഞ്ഞു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല, അവൾ ജനലിൽ ചവിട്ടി വീടിന്റെ മുകളിൽ കേറിതുടങ്ങി. പണികിട്ടിയത് എനിക്കാണ്, ഏണി കൊണ്ടുവന്നു മോളെ താഴെ ഇറക്കേണ്ടി വന്നു. ആ നിഷ്കളങ്കമായ മുഖം കണ്ടാൽ തല്ലാൻ പോലും തോന്നില്ല എന്നതാണ് വാസ്തവം.
പതിവു പോലെ മൂക്കിപ്പൊടി വലിച്ചു. പക്ഷേ അന്ന് ദേഹം മുഴുവൻ പുകഞ്ഞു പോയി. ഉച്ചിക്ക് തീ പിടിച്ച അവസ്ഥ. തുമ്മൽ നിർത്താൻ പറ്റുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. കുറേ നേരത്തേക്ക് ഒരു ബോധവും ഉണ്ടായിരുന്നില്ല. ബോധം വന്നപ്പോൾ കുറ്റവാളിയെ പോലെ എന്റെ മുന്നിൽ നിൽപ്പുണ്ട് ഒരാൾ. അപ്പോഴേ മനസ്സിലായി മോള് പറ്റിച്ച പണിയാണെന്ന്. മോള് മൂക്കിപ്പൊടിയിൽ മുളകുപൊടി ഇടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ആ സംഭവത്തിന്റെ എഫക്ട് തീരുന്നതിനു മുമ്പ് തന്നെ അടുത്ത പണി എനിക്ക് കിട്ടി. വെറ്റിലയിൽ കാന്താരി വച്ചു തന്നു ആ പെണ്ണ്. അതുകൊണ്ടും തീർന്നില്ല, കട്ടിലിന്റെ അടിയിൽ ഒളിച്ചു വച്ച കുപ്പിയിൽ ചാരം ഇട്ടുവെച്ചു. ഇതൊന്നും അറിയാതെ കുടിച്ച പാവം ഞാൻ.....
വയറും പോയി... കുടിച്ച സാധനം അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥയിലുമായി. എന്തൊക്കെയായാലും അതോടെ എന്റെ ദുശ്ശീലങ്ങൾക്കെല്ലാം തിരശ്ശീല വീണു.
പക്ഷേ എനിക്ക് ഇന്നും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. മോൾക്ക് എന്റെ ശീലങ്ങളൊക്കെ ഇഷ്ടമല്ലെന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ പണ്ടേ ഇതൊക്കെ ഞാൻ നിർത്തിയേനെ! എന്തുകൊണ്ടാണ് പറയാഞ്ഞതെന്ന് ചോദിച്ചപ്പോൾ ആറുവയസുകാരിയുടെ ചിരിയായിരുന്നു മറുപടി.
~ ചാരു

പ്രണയങ്ങൾ

പ്രണയങ്ങൾ
____________
നീണ്ട വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. വീട്ടുകാരുടെയെല്ലാം എതിർപ്പിനെ അവഗണിച്ചു ഞങ്ങൾ വിവാഹിതരായി. വളരെ സന്തോഷപൂർവ്വമായ ജീവിതമായിരുന്നു ഞങ്ങളുടെ. ആരേയും അസൂയപ്പെടുത്തുന്ന രീതിയിൽ ആദ്യനാളുകൾ കടന്നു പോയി.
ഞാനും ഏട്ടനും മാറി താമസിക്കുകയായിരുന്നു. പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാനപ്പോൾ. ഏട്ടനാണെങ്കിൽ മുഴുവൻ സമയവും ജോലി എന്നൊരു വിചാരമേ ഉളളൂ. പക്ഷേ എന്റെ കാര്യത്തിൽ ഒരു കുറവും വരുത്തിയിരുന്നില്ല. പെട്ടെന്ന് പ്രതീക്ഷിക്കാത്ത നിമിഷത്തിൽ ഒരതിഥി കടന്നു വന്നു. വന്നപ്പോലെ തിരിച്ചും പോയി. എന്റെ ജീവിതം മാറുകയായിരുന്നു പിന്നീട്.
അതിഥിയെ സ്വീകരിക്കാൻ പറ്റിയ സാഹചര്യമല്ലെങ്കിലും ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല എനിക്ക്. അവസാനം എന്റെ വാശിയ്ക്ക് മുന്നിൽ ഏട്ടൻ മുട്ടു കുത്തി. ഞങ്ങളങ്ങനെ അതിഥിയെ വരവേൽക്കാനുളള തയ്യാറെടുപ്പ് തുടങ്ങി. പക്ഷേ സൂര്യനുദിച്ച് അസ്തമിക്കുന്നതിനുളളിൽ എല്ലാം അവസാനിച്ചു. എന്റെ കുഞ്ഞ്.......
അതോടെ ഞങ്ങൾ മാനസികമായി അകന്നു. ഞാൻ വിഷമിക്കാതിരിക്കാൻ ഏട്ടന്റെ ഉളളിലെ സങ്കടം മറച്ചുവച്ചു. എനിക്കതാണ് താങ്ങാൻ പറ്റാത്തത്. ഇന്നുവരെ എന്നോട് ഒന്നും മറച്ചു വയ്യക്കാത്ത മനുഷ്യൻ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് ഞാൻ എങ്ങനെ സഹിക്കും? ഏട്ടനറിയാം എന്റെ മുഖത്തു നോക്കിയാൽ എല്ലാം പുറത്തു വരുമെന്ന്. ഞാനാണ് വിഡ്ഢി. ആ സമയത്ത് ഞാൻ എന്നെ പറ്റി മാത്രമേ ചിന്തിച്ചുളളൂ. ഏട്ടനും എന്റെത്രയും വിഷമമുണ്ടെന്ന് ഞാൻ മനസിലാക്കിയില്ല.
വിഷമങ്ങൾ ഒന്നും പറയാൻ പറ്റാതെ ഞാൻ ഒറ്റപ്പെട്ട് പോയി. ജോലികഴിഞ്ഞ് താമസിച്ചാണ് ഏട്ടനെത്തുന്നത്, ഭക്ഷണവും കഴിച്ചു പെട്ടെന്ന് ഉറങ്ങുകയും ചെയ്യും. അവസാനം എന്റെ കാര്യങ്ങൾ തിരക്കാറു പോലുമില്ല എന്നവസ്ഥയായി. ശരീരിക ബുദ്ധിമുട്ടുകളും ഉറക്കമില്ലായ്മയും കൂടെപ്പിറപ്പായി. ജീവിതം മടുത്തു തുടങ്ങിയ നിമിഷങ്ങൾ....
പിന്നെ ഞാൻ ചെയ്തു കൂട്ടിയതെല്ലാം ശരിയാണോ എന്നെനിക്ക് അറിയില്ല. എന്റെ ജീവിതത്തിലെ ഏകാന്തതയെ കീറിമുറിച്ചുകൊണ്ട് ഒരാളെത്തി. സോഷ്യൽ മീഡിയ തന്ന ഒരു സുഹൃത്ത്. സ്ഥിരം കാണുന്ന മെസ്സേജ് റിക്വസ്റ്റുകളിൽ നിന്നു വ്യത്യസ്തമായ ഒന്ന്. ഹായ്, ഹലോ എന്നതിനു പകരം പൂർവ്വകാലബന്ധമുളളതുപോലുളള മെസ്സേജിങ് രീതി. പ്രൊഫൈൽ പിക്ച്ചറിലെ നടിയെ പറ്റി പറഞ്ഞാണ് ചാറ്റ് തുടങ്ങിയത്. നല്ല രീതിയിലാണ് തുടങ്ങിയത്. എനിക്ക് അയാൾ വലിയ ഒരാശ്വാസമായിരുന്നു. തനിച്ചല്ല എന്നൊരു തോന്നൽ എനിക്ക് തോന്നി. ദിവസം മുഴുനീള ചാറ്റിങ് ആയി അതു മാറി. സ്ലീപ്പിങ് പിൽസ് ഇല്ലാതെ എന്നെ ഉറങ്ങാൻ പഠിപ്പിച്ചു. എന്റെ വിഷമങ്ങളെല്ലാം പങ്കുവച്ചു. എനിക്കൊരുപാട് സപ്പോർട്ട് തന്നു. എന്റെ കാര്യങ്ങൾ തിരക്കാനും ഒരാളുണ്ടായപ്പോൾ ഞാനാകെ മാറി. സമയത്തുളള ഭക്ഷണവും മരുന്നും എന്നെ പഴയ ആളാക്കി. പതിയെ ആ ബന്ധം വാക്കുകൾ കൊണ്ട് അതിർത്തികൾ ലംഘിച്ചു. എനിക്ക് കുറ്റബോധം തോന്നി തുടങ്ങി. എനിക്ക് അയാൾ, ആരാണെന്നു എന്ന ചോദ്യത്തിനു ഉത്തരമില്ലായിരുന്നു. അയാളെന്നെ സ്നേഹിച്ചു തുടങ്ങിയത് ഞാൻ മനസ്സിലാക്കി. എന്തുകൊണ്ട് എന്നെ സ്നേഹിച്ചതെന്ന് എനിക്കറിയില്ല. ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാള്‍. ഒരിക്കലും കാണുമോന്ന് അറിയുകപോലുമില്ല. എന്നിട്ടും ഞാൻ..
ഒരിക്കലെങ്കിലും ഏട്ടന്റെ സ്ഥാനത്തു അയാളെ കണ്ടിട്ടുണ്ടെങ്കിൽ, അതിനർത്ഥം ഞാനൊരു വഞ്ചകിയാണെന്നല്ലേ? ഏട്ടന്റെ മനസ്സിൽ ഞാനല്ലാതെ വേറെ ഒരു പെണ്ണല്ലെന്നു, എന്റെ കഴുത്തിൽ കിടക്കുന്ന താലിയെ തൊട്ട് സത്യം ചെയ്യാൻ എനിക്ക് കഴിയും. പക്ഷേ എനിക്കോ?..
ഞാൻ അയാളെ പ്രണയിച്ചിരുന്നോ? എനിക്കറിയില്ല. ഒരിക്കലും ഞാനയാളെ കുറ്റം പറയില്ല. കാരണം ഞാൻ മാത്രമാണ് തെറ്റുകാരി. ഇതെല്ലാം ഏട്ടനോട് തുറന്ന് പറഞ്ഞു. ആ മനുഷ്യൻ എന്നെ കെട്ടി പിടിച്ചു കരഞ്ഞു. തെറ്റെല്ലാം അദ്ദേഹത്തിന്റെയാണെന്ന് പറഞ്ഞു. ഏട്ടൻ തന്നെയാണ് പിന്നീട് അയാളോട് സംസാരിച്ച് എല്ലാം ശരിയാക്കിയത്. അതോടെ ഞങ്ങൾ തമ്മിലുളള ബന്ധം അവസാനിച്ചു. നല്ലൊരു കൂട്ടുകാരിയായി ഇരിക്കാമോ എന്ന അയാളുടെ ചോദ്യം പോലും ഞാൻ അവഗണിച്ചു. അത്രയ്ക്ക് സ്വാർത്ഥയായി പോയി ഞാൻ.
ഇപ്പോ എന്റെ മനസ്സിൽ ഒരുപാട് സന്തോഷമുണ്ട്, എന്റെ ജീവിതം തിരിച്ചു കിട്ടിയതിൽ. ഇതിനെല്ലാം ഞാൻ കടപ്പെട്ടിരിക്കുന്നത് അയാളോടാണ്. എനിക്ക് ഒരുപാട് സഹായം ചെയ്തിട്ട് പകരം ഞാൻ കടലോളം സങ്കടങ്ങൾ മാത്രമാണ് നല്‍കിയത്. മാപ്പ് ചോദിക്കാനുളള അർഹയില്ലെന്നറിയാം. എന്നാലും ചോദിക്കുവാ,
മാപ്പ്.......
~ ചാരു

ജേണലിസ്റ്റ്

ജേണലിസ്റ്റ്
___________
എന്റെ പേര് നന്ദിത ലക്ഷ്മി. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റാണ്. 20 വർഷം മുൻമ്പ് നടന്ന പീഡന കേസിലെ വാദിയാണ് ഇപ്പോൾ എന്റെ മുന്നിലിരിക്കുന്നത്. ഒളിവിൽ ഇത്രയും കാലം കഴിഞ്ഞ അവരെ കണ്ടെത്തിയത് ഞാനാണ്.
'മേഡം, പഴയതൊന്നും കുത്തി പൊക്കാനല്ല ഞാൻ വന്നത്. അന്ന് പറയാത്ത കുറച്ചു കാര്യങ്ങൾ അറിയാനാണ്'
'കുട്ടിയ്ക്ക് അതൊക്കെ അറിഞ്ഞിട്ടെന്തിനാ? കഴിഞ്ഞു പോയ കാര്യമല്ലേ അതൊക്കെ! ഇനിയിപ്പോ പറഞ്ഞാലും എനിക്ക് നഷ്ടമായതൊന്നും തിരിച്ചു കിട്ടില്ലല്ലോ!'
'മേഡം ഇപ്പോൾ എന്നെ കാണാൻ സമ്മതിച്ചതിനു പിന്നിൽ ഒരു കാരണമില്ലേ? ഞാൻ തന്ന വാക്ക്. അതു ഞാൻ പാലിക്കണമെങ്കിൽ എന്റെ കുറച്ചു ചോദ്യങ്ങൾക്ക് ഉള്ള മറുപടി മേഡം തരണം.'
'എന്താ കുട്ടി ബ്ലാക്ക്മേയിലിങ് ആണോ?'
'അല്ല മേഡം, ഗതികേടാ. വേറെ വഴിയില്ല. '
'ഹും... കുട്ടി ചോദിച്ചോളളൂ.'
'കേസു തുടങ്ങി 5 വർഷത്തിനു ശേഷം മേഡത്തിനെ കാണാതായി. അന്ന് എന്തിനാണ് അങ്ങനെ ചെയ്തത്?'
'കോടതി മുറിയിലെ വിസ്താരം ശരീരത്തിന് ഏറ്റ മുറിവിനേക്കാൾ വലുതായിരുന്നു മോളേ! എന്നിട്ടും പിടിച്ചു നിന്നു. അവസാനം യഥാര്‍ത്ഥ കുറ്റവാളികളല്ല ശിക്ഷിക്കപ്പെടുന്നെന്ന അവസ്ഥയായപ്പോൾ... ഒളിച്ചോട്ടമല്ലാതെ വേറെ ഒന്നും മുന്നിൽ കണ്ടില്ല.'
'മേഡത്തിനോട് ആരാണ് അങ്ങനെ ചെയ്തതെന്ന്, ഇന്നുവരെ കോടതിയിൽ പറയാഞ്ഞത് എന്തുകൊണ്ടാണ്?'
'പറഞ്ഞിട്ടുണ്ട്. ഒന്നല്ല, ഒരായിരം വട്ടം. പക്ഷേ ആര് കേൾക്കാൻ. ആരും എന്റെ വക്കാലത്ത് ഏറ്റെടുത്തില്ല. വക്കീലിനു കൊടുക്കാൻ കൈയ്യിൽ കാശും ഇല്ലായിരുന്നു. '
'മേഡം പേരു പറഞ്ഞില്ല ഇതുവരെ. '
'എല്ലാവർക്കും അറിയാം അയാളെ. പ്രശസ്തനായ വക്കീലാണ് , മോഹന്‍ദാസ് നെടുംപുറം.'
'മേഡത്തിനോട് എന്തിനാണ് അയാൾ അങ്ങനെ ചെയ്തത്? '
' ചെറുപ്പം മുതലേ എനിക്ക് അയാളെ അറിയാം. എന്റെ വീടിനടുത്താണ്. വക്കീൽ പഠനം കഴിഞ്ഞ് വീട്ടിൽ എന്നെ കല്ല്യാണമാലോചിച്ചു വന്നിരുന്നു അയാൾ. വലിയ തറവാടിയായിരുന്ന അച്ഛന് അത് ഇഷ്ടപ്പെട്ടില്ല . അന്ന് വീട്ടിൽ നിന്ന് അച്ഛൻ അയാളെ ആട്ടി പുറത്താക്കി. അതിനു അയാൾ ഇങ്ങനെ പ്രതികാരം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. '
'എന്താണ് അന്നു നടന്നത്?'
'അന്നു ഞാൻ പ്രീഡിഗ്രി കഴിഞ്ഞു ടൈപ്പ് പഠിക്കുന്ന സമയമായിരുന്നു. തറവാട്ടിൽ നിന്ന് ആദ്യമായി എന്നെയാണ് പഠിക്കാൻ വെളിയിൽ വിട്ടത്. മഴയായതു കൊണ്ട് വീട്ടിലോട്ടു വരാൻ പതിവിലും താമസിച്ചു. സ്വന്തം നാട്ടിൽ ആരെ പേടിക്കാനാണ് എന്നു വിചാരിച്ചു. പക്ഷേ എല്ലാം തെറ്റായിരുന്നു. വഴിയിൽ എന്നെ കാത്ത് വലിയ ഒരു ദുരന്തമുണ്ടായിരുന്നത് ഞാൻ അറിഞ്ഞില്ല. മരിച്ചെന്നു കരുതിയാ അയാൾ അവിടെ എന്നെ ഉപേക്ഷിച്ചത്. ആരുടേയോ ഭാഗ്യം കൊണ്ട് ജീവൻ രക്ഷപ്പെട്ടു. നാണക്കേട് കാരണം അച്ഛൻ ആത്മഹത്യ ചെയ്തു. എനിക്കെല്ലാം നഷ്ടപ്പെട്ടു. ആകെ ബാക്കിയായത് ആ കുഞ്ഞ്! അവസാനം അതിനെയും ഉപേക്ഷിക്കേണ്ടി വന്നു. '
'ആ കുട്ടിയെവിടെയാണ് മേഡം?'
'എന്റെ കുഞ്ഞിനെ കണ്ടുപിടിച്ചു തരാമെന്ന് വാക്കു തന്നിട്ടല്ലേ ഇതെല്ലാം ഞാൻ കുട്ടിയോടു പറഞ്ഞത്. എന്നിട്ട് ഇപ്പോ കുഞ്ഞ് എവിടെയാണെന്ന് എന്നോട് ചോദിച്ചാൽ?..'
'അതല്ല മേഡം. ഡിറ്റേൽസ് ഒന്നും പറയാതെ ഞാൻ എങ്ങനെ കണ്ടുപിടിക്കും?'
'അന്നു മോൾക്ക് 4 വയസായിരുന്നു. അവൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാനുളള കഴിവ് പോലും എനിക്കില്ലായിരുന്നു. മോളെ വളർത്താൻ പരിചയത്തിലുളള മക്കളില്ലാത്ത ദമ്പതികൾക്ക് കൊടുത്തു. എന്നിട്ട് എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു, അവസാനം ഈ കരുണാലയത്തിൽ എത്തി.'
'ആ ദമ്പതികൾ ആരാണ്?'
'എന്നെ ടൈപ്പ് പഠിച്ച മാഷാണ്, രവി മാഷ്. മോളെയും കൂട്ടി അവർ ദൂരെ എവിടെയോ പോയി. പിന്നെ വിവരമൊന്നുമില്ല. എനിക്ക് വലിയ ആഗ്രഹമൊന്നുമില്ല. ദൂരെ നിന്ന് ഒന്ന് കണ്ടാൽ മതി എന്റെ മോളെ. എന്റെ അമ്മ എനിക്ക് ഒരു വയസുളളപ്പോൾ മരിച്ചു. അതുകൊണ്ട് അമ്മയുടെ പേരും കൂടി ചേര്‍ത്താ മോൾക്ക് പേരിട്ടത്. ലക്ഷ്മി. ... നന്ദിത ലക്ഷ്മി. ...'
ഇടിവെട്ടിയതു പോലെ ഞാൻ ഒരു നിമിഷം ഇരുന്നു പോയി. ഇത്രയും നാൾ എന്നെ വളർത്തി വലുതാക്കിയ രവിയച്ഛനും ശാന്താമ്മയും എന്റെ സ്വന്തമല്ലെന്ന് ഓർത്തപ്പോൾ... നൊന്തു പ്രസവിച്ച അമ്മ തൊട്ടു മുന്നിൽ ഇരിക്കുന്നു. ഞാൻ എന്താ ചെയ്യുക എന്റെ ദൈവമേ?
'എന്താ കുട്ടി? എന്തു പറ്റി? കുട്ടിയ്ക്ക് അറിയാമോ എന്റെ മോളെ? '
'ഹാ. അറിയാം അമ്മേ'
'ആഹാ ! ഇപ്പോ മേഡം മാറി അമ്മയായോ! നമുക്ക് വേഗം പോകാം. എനിക്ക് മോളെ കാണാൻ ധൃതിയായി.'
'വരൂ. നമുക്ക് ആ വണ്ടിയിൽ പോകാം.'
ഞങ്ങൾ രണ്ടുപേരും വണ്ടിയിൽ കേറി. ഞാനാണ് വണ്ടി ഓടിച്ചത്. എന്തിനാണ് അമ്മയെന്നു വിളിച്ചതെന്ന് എനിക്ക് അറിഞ്ഞുകൂടാ! എങ്ങോട്ടാണ് പോകുന്നതെന്നും അറിയില്ല. ഞാനാണ് മകളെന്ന് പറയണോ എന്ന് കൂടി അറിയില്ല. എനിക്ക് തന്നെ ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല. എത്രയോ കേസുണ്ടായിട്ടും ഞാൻ എന്തിനാ ഇത് തിരഞ്ഞെടുത്തത്. എല്ലാം ഒരു നിമിത്തം.
ആൾക്കൂട്ടം കണ്ടു ഞങ്ങൾ വണ്ടി നിർത്തി. അനുവാദം കൂടി ചോദിക്കാതെ പരിക്കേറ്റയാളെ വണ്ടിയിൽ കയറ്റി. ജീവൻ രക്ഷിക്കുന്നതല്ലേ പ്രധാനം. അയാളെയും കൂട്ടി ആശുപത്രിയിൽ എത്തി. കുറച്ചു നേരം കഴിഞ്ഞപ്പോൾ നേഴ്സ് വന്നു ഡിറ്റേൽസ് ചോദിച്ചു.
'അയാളുടെ കൂടെ ആരാണ് വന്നിരിക്കുന്നത്?'
'ഞാനാണ് സിസ്റ്റർ'
'നിങ്ങളാരാണു അയാളുടെ?'
'അകന്ന ബന്ധുവാണ്.'
'ഒരോപ്പറേഷൻ നടത്തണം. ക്യാഷ് അടക്കണം. അല്പ്പം സീരിയസ്സാണ്. രക്ഷപ്പെട്ടാൽ തന്നെയും കിടപ്പിലാകാനാണ് സാധ്യത. സോ ഹോപ്പ് ഫോർ ദി ബെസ്റ്റ്.
'അയാളുടെ പേരെന്താണ്?'
"മോഹന്‍ദാസ് നെറുംപുറം"
ആ പേര് അമ്മ പറഞ്ഞ് കെട്ടപ്പോൾ ...... എനിക്കറിയില്ല എന്ത് വികാരമാണ് എന്റെ മനസിൽ തോന്നിയതെന്ന്....
~ ചാരു

പ്രേതം

പ്രേതം
_______
'എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണമ്മേ!'
'നാണമില്ലേ നിനക്കിത് പറയാൻ. കെട്ടിക്കാൻ പ്രായമായി, എന്നിട്ടും അവൾക്ക് പേടി. കതക് നന്നായി അടച്ച് കിടക്ക്. കട്ടിലിന്റെ അടിയിൽ കൂടി നോക്ക്. നിന്നെ ആരും പിടിച്ചു തിന്നാന്‍ പോകുന്നില്ല. '
'എനിക്ക് കളളൻമാരേയും കൊലപാതികളേയും പേടി ഇല്ല. '
'പിന്നെ നിനക്ക് എന്തിനേയാ പേടി? '
"പ്രേതം"
'പോടി പെണ്ണേ! ഞാൻ രണ്ടു വീക്ക് തരും. മര്യാദയ്ക്ക് പോയി കിടന്നു ഉണങ്ങാൻ നോക്ക്.'
പേടിച്ചു വിറച്ചാണെങ്കിലും തനിയെ കിടന്നു ഉറങ്ങാൻ തുടങ്ങി. പക്ഷേ ഉറക്കത്തിനിടയ്ക്ക് എപ്പോ കണ്ണു തുറന്നാലും ചുറ്റും കൂറേ രൂപങ്ങൾ. ഉടനെ തന്നെ കണ്ണടച്ച്, രാമനേയും ലക്ഷമണനേയും വിളിക്കും. വർഷങ്ങൾ കഴിഞ്ഞിട്ടും പേടി മാറിയില്ല. എങ്ങനെ മാറാനാണ്? ചെറുപ്പം മുതൽ പ്രേതത്തിന്റെ കാര്യം പറഞ്ഞു പേടിപ്പിച്ചു വച്ചേക്കുവല്ലേ! മനസ്സിൽ ഉറച്ചു പോയി, മറക്കാൻ പറ്റുന്നില്ല.
പേടി മാറ്റാൻ സ്വാമിയുടെ അടുത്ത് കൊണ്ട് പോയി. അവിടെ ചെന്നപ്പോൾ പുതിയ കണ്ടുപിടിത്തം. എന്റെ ദേഹത്ത് ബാധ ഉണ്ടത്ര. തീർന്നില്ലേ കഥ!! പിന്നെ ചൂരലായി ,അടിയായി, ഒഴിപ്പിക്കലായി. അങ്ങനെ ബാധ ഒഴിപ്പിച്ചു. കുറച്ചു അടി കിട്ടിയതും മുടി പോയതും മാത്രം മിച്ചം.
കൂട്ടുകാരുടെ നിർബന്ധപ്രകാരം പേടി മാറാൻ കുറെ പ്രേത സിനിമ കണ്ടു. ഫലമോ? അലർച്ച കേട്ട് നാട്ടുകാർ വീട്ടിലെത്തി. ആകെ നാണക്കേടായി. വീട്ടുകാർക്ക് മാത്രം അറിയാവുന്ന പ്രേതപേടി നാട്ടുകാരെല്ലാം അറിഞ്ഞു. അതുകൊണ്ട് പേടി മാറ്റണമെന്ന് ദൃഢ പ്രതിജ്ഞ എടുത്തു.
ചെറിയ മുറിയാണ് എന്റെ. രാവിലെ സ്വന്തം മുഖം കണി കാണാതിരിക്കാൻ വേണ്ടി മുറിയിലെ കണ്ണാടികളെല്ലാം എടുത്തു മാറ്റി. ഭിത്തി മുഴുവൻ പണ്ടേ ദൈവങ്ങൾ സ്ഥാനം പിടിച്ചിരുന്നു. ഒരു കട്ടിലും മേശയും മാത്രമേ മുറിയിൽ ഉള്ളൂ. പിന്നെ ജഗ്ഗ് നിറയെ വെളളവും.
പതിവുപോലെ ഉറങ്ങാൻ കിടന്നു. എന്തായാലും രഹസ്യങ്ങളുടെ ചുരുൾ അഴിക്കണമെന്ന് കരുതിയാണ് കിടന്നത്. അതുകൊണ്ടാണ് 12.30 ക്ക് ഫോണിൽ അലാറവും വച്ചു. കൃത്യ സമയത്ത് തന്നെ അലാറം അടിച്ചു. നല്ല ഉറക്കത്തിലായതുകൊണ്ട് കുറച്ചു സമയമെടുത്തു അലാറം ഓഫ് ചെയ്യാനും എന്തിനാണ് അലാറം വച്ചതെന്ന് ഓർത്തെടുക്കാനും. പതിയെ കണ്ണു തുറന്നു. ഒരു രൂപത്തെ കണ്ടു. ഉണരാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു. കൈ നീട്ടി മേശപ്പുറത്തു വച്ചിരുന്ന കണ്ണട എടുത്തു വച്ചു. എല്ലാം വ്യക്തമായി കാണണമല്ലോ!
ധൈര്യം സംഭരിച്ച് എഴുന്നേറ്റു. മുറിയുടെ മൂലയ്ക്കാണ് ആ രൂപം. മാരത്തോൻ ഓടുന്ന ഹൃദയത്തെ വക വയ്ക്കാതെ സ്വിച്ച് ബോര്‍ഡിന്റെ അടുത്തേക്ക് നടന്നു. സ്വിച്ച് ഓൺ ആക്കി. കറന്റ് ഇല്ലായിരുന്നു എന്ന് അപ്പോഴാണ് അറിഞ്ഞത്. ചീവിടിന്റെ ശബ്ദമല്ലാതെ വേറെ ഒന്നും കേൾക്കാനില്ല. ചുറ്റുമുളള നിശബ്ദത എന്റെ ഭയം കൂട്ടിയതേ ഉള്ളൂ. കൈയിലുളള ഫോണിൽ ടോർച്ച് ഓണാക്കി. ഞാൻ പ്രതീക്ഷിച്ചത് വെളിച്ചത്തിൽ ആ രൂപം ഇല്ലാതാകുമെന്നായിരുന്നു. പക്ഷേ അത് തെറ്റായിരുന്നു. രൂപം മുഖം തിരിഞ്ഞു നിൽക്കുവായിരുന്നു. ഓരോ ചുവട് എടുത്തു വയ്ക്കുത്തോറും എന്നെ ആരോ പുറകോട്ടു വലിച്ചു. പെട്ടെന്നാണ് ആ രൂപം തിരിഞ്ഞു എന്നെ നോക്കിയത്. എന്റെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു.
അതേ ആ രൂപം......
അതു ഞാൻ തന്നെയായിരുന്നു.......
~ ചാരു

ഇടവേള

Image may contain: one or more people

എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഓടുകയാണ്. കട്ടിലിൽ കിടക്കുന്ന എന്റെ ശരീരത്തെ രക്ഷിക്കാനുളള തത്ത്രപ്പാടിലാണ്. 6 മണിക്കൂർ മുൻപ് നടന്ന ഓപ്പറേഷനിടയ്ക്ക് ഞാൻ ആ ശരീരം വിട്ട് പുറത്തുവന്നതാണ്. എന്റെ മുന്നിൽ ഇപ്പോൾ 2 വഴികൾ ഉണ്ട്. ഒന്നുകിൽ ആ ശരീരത്തിലോട്ടു മടങ്ങി പോകാം, അല്ലെങ്കിൽ എന്നന്നേക്കുമായി ആ ശരീരം ഉപേക്ഷിക്കാം.
രാവിലെ ഏട്ടാനോടൊപ്പം അമ്പലത്തിൽ പോയതായിരുന്നു. ഫ്രീക്കൻ പയ്യൻ മരണപ്പാച്ചിലിൽ വന്നു ചാടി ഞങ്ങളുടെ ബൈക്കിനു മുന്നിൽ. ഏട്ടൻ ബൈക്ക് വെട്ടിച്ചു, എതിരെ വന്ന ടിപ്പറിൽ വണ്ടി ഇടിച്ചു. ദാ... കിടക്കുന്നു രണ്ടും കൂടി താഴെ. ഹെല്‍മറ്റ് ഉള്ളതുകൊണ്ട് ഏട്ടനൊന്നും പറ്റിയില്ല. എനിക്ക് ബാഹ്യമായി പരിക്ക് ഒന്നുമില്ലായിരുന്നു. പക്ഷേ തലയിൽ കുറച്ചു രക്തം കട്ടപ്പിടിച്ചു. ഏട്ടൻ എന്നെ കുറെ വിളിച്ചു. ഞാൻ എല്ലാം അറിയുന്നുണ്ടായിരുന്നു. പക്ഷേ എന്നെക്കൊണ്ട് കണ്ണുപോലും തുറക്കാൻ കഴിഞ്ഞില്ല.
ഐ സി യു വിനു വെളിയിൽ ഏട്ടനും കുഞ്ഞും അച്ഛനും അമ്മയുമൊക്കെയുണ്ട്. ഏട്ടന്റെ കൈയ്യിലിരുന്നു, എന്നെ കാണാൻ വാശി പിടിച്ചു കരയുകയാ മോൻ.
ചൊവ്വാദോഷം ഉണ്ടായിരുന്നു ഏട്ടന്. പ്രേമവിവാഹമായതുകൊണ്ട് ഞങ്ങൾ രണ്ടുപേരും അതുകാര്യമായി എടുത്തില്ല. ഏട്ടന്റെ അമ്മയ്ക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു. കാരണം നല്ല കാശുകാരി ചൊവ്വാദോഷമുളള പെണ്ണിന്റെ ആലോചന അ സമയത്ത് ഏട്ടനു വന്നിരുന്നു. അമ്മ എപ്പോഴും പറയുമായിരുന്നു, എന്നെ കൊല്ലാൻ വേണ്ടിയാ ഏട്ടൻ കെട്ടിയതെന്ന്. പലപ്പോഴും ഞങ്ങളെ വഴക്കിടിയിക്കാൻ ശ്രമിച്ചെങ്കിലും, ഒന്നും വിജയിച്ചില്ല. നല്ല പൊന്നിൻകുടം പോലത്തെ ഒരു പൊന്നു മകനെ തന്നു.
ഇപ്പോൾ ഇവിടെ എന്തൊക്കെയാ നടക്കുന്നതെന്ന് എനിക്ക് നന്നായി അറിയാൻ കഴിയുണ്ട്. ഡോക്ടറിന്റേയും നേഴ്സുമാരുടേയും മനസിൽ എന്റെ ജീവൻ നിലനിർത്തണമെന്ന ഒറ്റ ചിന്ത മാത്രമേ ഉള്ളൂ. വെളിയിൽ എല്ലാവരും മനസ്സുരുകി പ്രാർത്ഥിക്കുന്നു. എനിക്ക് വേണ്ടി അമ്മയുടെ കണ്ണിൽ നിന്ന് രണ്ട് തുളളി കണ്ണീർ അടർന്നു വീണു. അതിൽ ഞാൻ കണ്ടു, ഇന്നുവരെ എന്നോട് പ്രകടിപ്പിക്കാത്ത സ്നേഹം.
പച്ച വിരിച്ച മെത്തയിൽ എന്റെ ശരീരം കിടക്കുകയാണ്. പൾസും ഹാർട്ട് റേറ്റും കുറവാണ്. പുതിയതായി ഉണ്ടായ രക്ത കട്ടയെ നശിപ്പിക്കാൻ ന്യൂട്രോഫിൽസും മാക്രോഫേജുകളും രക്തത്തിനോടൊപ്പം അങ്ങോട്ടു പ്രവഹിക്കുന്നുണ്ട്. പുതിയ ഐ വി ഫ്യൂയിഡ് ശരീരത്തിലോട്ടു കയറ്റുന്നുണ്ട്. വൃക്കയുടെ പ്രവർത്തനം മന്ദഗതിയിലാണ്. ആകെ മൂന്നു പേരെ അ മുറിയിൽ ഉള്ളൂ. ഡോക്ടറും ഒരു നേഴ്സും പൂർണ്ണ ആരോഗ്യമുളളവരാണ്. പക്ഷേ മറ്റേ നേഴ്സിനു പാൻക്രിയാറ്റിക്ക് ക്യാൻസർ ഉണ്ട്. അവര്‍ അതു ഇതുവരെ തിരിച്ചറിഞ്ഞില്ലെന്നു തോന്നുന്നു. മുറിയിലെ ഉപകരണങ്ങളുടെ ശബ്ദം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. വെന്റിലറേറ്ററിൽ നിന്ന് മാറ്റുന്ന ലക്ഷണമൊന്നും കാണുന്നില്ല. വളരെ വൃത്തിയായി സൂക്ഷിക്കേണ്ട മുറിയാണ് ഇത്. എന്നിട്ടും ഉറുമ്പുകൾ ഒരറ്റത്ത് സവാരി നടത്തുന്നുണ്ട്. ഗ്ലാസിൽ കൂടെ മോനെ നോക്കുമ്പോൾ വല്ലാത്ത ഒരു വിഷമം. മോന്റെ അടുത്തെത്തി കൊഞ്ചിക്കാൻ കൊതിയാവുന്നു. ഈ ആത്മാക്കൾക്ക് വികാരങ്ങളുണ്ടോ? ഒരുപക്ഷേ ആ ശരീരത്തിലോട്ടു മടങ്ങി പോയാൽ ഈ കണ്ട കാഴ്ചകൾ എനിക്ക് ഓര്‍മ കാണുമോ? ചിലപ്പോൾ ശരീരത്തിന്റെ വേദന മാത്രമായിരിക്കും അപ്പോൾ അറിയുക.
ശബ്ദങ്ങൾ കൂടി കൂടി വരുന്നു. ഡോക്ടർ കരണ്ടി പോലെ എന്തോ സാധനം എന്റെ ശരീരത്തിൽ അമർത്തുന്നു. അമർത്തി കഴിയുമ്പോൾ എന്റെ ശരീരം കുതിച്ചു ചാടുന്നു. എതോ ഒരു ശക്തി എന്നെ ശരീരത്തോടു ആകർഷിക്കുന്നു.
'എനിക്ക് വേദനിക്കുന്നല്ലോ!'
~ ചാരു

മാനസികരോഗി

മാനസികരോഗി
________________
9 വയസ് പ്രായം. വെളുത്തു തുടുത്തു നല്ല ഐശ്വര്യമുള്ള പെൺകുട്ടി. പ്രായത്തിനപ്പുറം വളർച്ചയുണ്ട്. റോഡിൽ നിന്ന് കൂട്ടുകാരോടൊപ്പം കളിക്കുകയാണ്. കൂട്ടത്തിൽ അവൾ മാത്രമേ പെൺകുട്ടിയായിട്ടുളളതുകൊണ്ടായിരിക്കും, മുറ്റമടിച്ചുകൊണ്ടിരിക്കുന്ന
അമ്മ അവളെ ഇടയ്ക്ക് ഇടയ്ക്ക് ശ്രദ്ധിച്ചുകൊണ്ടേ ഇരുന്നു. അമ്മ തൂത്തു തൂത്തു വീടിന്റെ പിൻഭാഗത്ത് എത്തിയപ്പോഴേക്കും കളി അവസാനിച്ചു. കൂട്ടത്തിൽ മൂത്ത ചേട്ടൻ അവളോട് ചോദിച്ചു.
'ഡീ.. നിനക്ക് ബാലരമ വേണോ?'
'വേണം ചേട്ടാ. '
'എന്നാ വാ. വീട്ടിലുണ്ട് എടുത്തു തരാം.'
അവൾ അയാളുടെ കൂടെ നടന്നു. വീട്ടിലെത്തിയ പാടെ കതകടച്ചു. അവളുടെ ഉള്ളിൽ ഭയം തോന്നി. അയാൾ അവളുടെ സമീപത്തെത്തി. അയാൾ കൈയ്യടുത്ത് അവളുടെ മാറിടത്തിനു മുകളിൽ വച്ചു. അവളുടെ ഹൃദയമിടിപ്പ് ഇടിമുഴക്കത്തെക്കാൾ ഉച്ചത്തിലായി. വിയർപ്പു കണങ്ങൾ പൊടിഞ്ഞു. കണ്ണുനീരിനു പോലും അ അവസ്ഥയിൽ അവളെ തനിച്ചാക്കാൻ പേടിയായിട്ടായിക്കാം മിഴികളിൽ തങ്ങിനിന്നു. സെക്കന്റ് സൂചി പോലും മണിക്കൂറുകളുടെ ദൈർഘ്യത്തിൽ ചലിച്ചു. പെട്ടെന്ന് അയാൾ പറഞ്ഞു.
'നീ ഇതൊന്നു കാണിച്ചു താ! ഇല്ലെങ്കിൽ ഈ പേപ്പറിൽ പടം വരച്ചു കാണിക്ക്.'
അവൾക്ക് ഒരക്ഷരം സംസാരിക്കാൻ കഴിഞ്ഞില്ല. നെഞ്ചിൽ കഠാര കുത്തിയിറക്കിയ വേദന. പെട്ടെന്ന് എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അവൾ പറഞ്ഞു.
'എനിക്ക് അമ്മയെ കാണണം.'
അവളുടെ മുഖഭാവം കണ്ട് പേടിച്ചതുകൊണ്ടാകാം അയാൾ കതകു തുറന്നു. എന്നിട്ട് പറഞ്ഞു.
'ഇതു നീ ആരോടും പറയണ്ട! പറഞ്ഞാൽ നിനക്കാണ് നാണക്കേട്. കാരണം നീ പെണ്ണാണ്.'
അവൾ പതിയെ വീട്ടിലേക്ക് നടന്നു. അയാളുടെ അമ്മ ജോലി കഴിഞ്ഞ് വീട്ടിലോട്ട് മടങ്ങി വരുന്നത് അവൾ കണ്ടു. വീട്ടിലെത്തിയപ്പോൾ അമ്മ സന്ധ്യ ദീപം കൊളുത്തുന്നു. കുളിച്ചു നാമം ജപിക്കാത്തതിൽ ഒരുപാട് ശകാരം കേൾക്കേണ്ടി വന്നു. അമ്മയോട് ഇതൊക്കെ പറയാൻ പേടിയായിരുന്നു. പറഞ്ഞാൽ തന്നെ ഇതിന്റെ പഴിയും തന്റെ മേൽ വീഴുമെന്ന് അവൾ ഭയപ്പെട്ടു. പെണ്ണായി പിറന്നതിന്റെ പേരിൽ അവൾ അനുഭവിക്കുന്ന നിയന്ത്രണങ്ങൾ അവളെ വല്ലാതെ വിയർപ്പുമുട്ടിച്ചിരുന്നു. ഇളകി മറിഞ്ഞ കടൽ പോലെ പ്രക്ഷുബ്ദമായിരുന്നു അവളുടെ മനസ്സ്.
അന്നുമുതൽ അവൾ മറ്റൊരാളായി. സ്വന്തം അച്ഛനെ പോലും സംശയദൃഷ്ടിയോടെ നോക്കി കണ്ടു. അമ്മയിൽ നിന്ന് പോലും ആശ്വാസം കണ്ടെത്താൻ അവൾക്കായില്ല. പ്രായത്തിനു മുൻപേ മുതിര്‍ന്നപ്പോൾ നാട്ടൈകാരുടേയും ബന്ധുക്കളുടേയും മുന്നിൽ അപമാനിതയായി. സ്വന്തം അമ്മയിൽ നിന്നു പോലും കുത്തു വാക്കു കേൾക്കേണ്ടി വന്നു. "ഒളള സിനിമയൊക്കെ കണ്ടിട്ടാ ഇങ്ങനെയൊക്കെ" എന്ന്. സിനിമയും ഇതും തമ്മിൽ എന്താ ബന്ധമെന്ന്, ശരീരം കൊണ്ട് വളർച്ചയെത്തിയെങ്കിലും മനസ്സുകൊണ്ട് പക്വതയെത്താത്ത അവൾക്ക് മനസിലായില്ല.
മകളുടെ മാറ്റങ്ങൾ അമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ആണുങ്ങളെ കാണുമ്പോഴുളള പേടി. പക്ഷേ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമായതുകൊണ്ട് ആശുപത്രിയിലും കൗൺസിലിങ്ങിനു കൊണ്ടുപോകാനും അവർക്ക് കഴിഞ്ഞില്ല. പിന്നെ പെൺകുട്ടിയല്ലേ! ആരെങ്കിലും അറിഞ്ഞാലോ എന്ന ഭയം.
അങ്ങനെ കാലങ്ങൾകടന്നു പോയി. അവളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് വീട്ടുകാർ അവളെ വിവാഹം കഴിപ്പിച്ചയച്ചു. പക്ഷേ ആദ്യരാത്രിയിൽ നിലവിളിച്ചു കൊണ്ട് ഇറങ്ങി ഓടിയ അവൾ അവസാനം എത്തിച്ചേർന്നത് നാലു ചുവരുകൾക്ക് ഉളളിലായിരുന്നു.
ചങ്ങലയുടെ കിലുക്കം എപ്പോഴും കേൾക്കുന്ന മുറിയിൽ........
~ ചാരു.

ആളുകൾ

ആളുകൾ
__________
'നീ വരുന്നുണ്ടോ ഇല്ലയോ?'
' എന്തിനാ നീ ഇത്ര ചൂടാവുന്നേ? ഒരു പത്ത് മിനുട്ട് വെയ്റ്റ് ചെയ്യ്.'
' സമയം എന്തായെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ? 10 മണിക്കാണു ലാസ്റ്റ് ബസ്. എന്നെ ഒന്നു ബസ് കയറ്റി വിട്ടിട്ട് നീ ഫ്രൺസുമായി പോയി അടിച്ചു പൊളിക്ക്.'
'ഇപ്പോ അതിനു 9.30 ആയതല്ലേ ഉള്ളൂ. പാർട്ടി ഇപ്പോ തീരും. ഞാൻ നിന്നെ പെട്ടെന്ന് കൊണ്ടാക്കാം.'
'വേണ്ട. ഞാൻ തന്നെ വണ്ടി വിളിച്ചു. പൊക്കോളാം. നിന്നെ പോലെ ഒരു പൊട്ടനെ സ്നേഹിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ. '
'മതിയെടി വാചകമടി'
'ഇന്നത്തെ കാലമാണ് എന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ....'
'നിന്നെ ഞാൻ സഹിക്കുന്നതുപോലെ വേറെ ആരും സഹിക്കീല്ലെടീ. നിന്നെ പിടീച്ചോണ്ടു പോകാൻ മാത്രം ഗതികേടുള്ള ആരും ഈ ലോകത്തില്ല'.
'അത്രയും കഷ്ടപ്പെട്ട് ആരും എന്നെ സഹിക്കേണ്ട.'
ദേഷ്യത്തിൽ ഞാൻ ഫോൺ കട്ട് ചെയ്തു. എന്നിട്ട് ഓട്ടോ പിടിച്ചു ബസ് സ്റ്റോപ്പിലെത്തി. അവിടെ ആകെ ഒരു സ്ത്രീ മാത്രമേ ഉള്ളൂ. സാധാരണ അല്പം തിരക്കുള്ള സ്ഥലമാണ്. ഉള്ളിൽ ചെറിയ പേടി തോന്നി തുടങ്ങി. അ സ്ത്രീ ഒന്ന് ശ്രദ്ധിക്കുന്നതു കൂടി ഇല്ല. ഒരു വണ്ടി അപ്പോൾ മുൻപിൽ കൂടെ പോയി. ആ വെളിച്ചത്തിൽ ഞാൻ ആ സ്ത്രീയെ കണ്ടു. ഞെട്ടി തരിച്ചു.
അവർ ഒരു ട്രാൻസ്ജെൻടറായിരുന്നു. എന്റെ പേടി ഇരട്ടിച്ചു. അവരിൽ നിന്ന് അല്പം മാറി നിന്നു. ഞാൻ ഇടം കണ്ണിട്ടു ഇടയ്ക്ക് ഇടയ്ക്ക് അവരെ വീക്ഷിച്ചുകൊണ്ടിരുന്നു. എന്റെ ശ്വസനത്തിന്റെ ശബ്ദം ഹൃദയമിടിപ്പിനെക്കാൾ വേഗത്തിലായി. നാക്കു വറ്റി വരണ്ടു. ബോധം പോകരുതേ എന്ന പ്രാർത്ഥന മാത്രമായിരുന്നു അപ്പോൾ. വണ്ടിയും വരുന്നില്ല. അരുണിനോടു വഴക്ക് ഇടണ്ടായിരുന്നു. ദൈവമേ... ഞാൻ പറഞ്ഞത് അറം പറ്റുമോ? അവരെന്റെ അടുത്തേക്ക് നീങ്ങി നിന്നു തുടങ്ങി. എന്റെ കിലുകൾക്ക് ചലനശേഷി നഷ്ടമായത് പോലെ. അവർ കരങ്ങൾ എനിക്ക് നേരെ നീട്ടി. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. അവരുടെ കൈ എന്റെ മേൽ സ്പർശിച്ചില്ല. ശബ്ദം കേട്ട് നോക്കിയപ്പോൾ എന്റെ പുറകിലായി ഒരുത്തൻ, അയാളെ തല്ലി വിരട്ടുകയാണ് അവർ.
അവരോടുള്ള പേടി കാരണം ഞാൻ ചുറ്റും ശ്രദ്ധിച്ചില്ലായിരുന്നു. ശരീരത്തിൽ എന്തോ മുട്ടുന്നതായി തോന്നിയതും ഞാൻ കാര്യമായി എടുത്തില്ല.' രാത്രി പെൺകുട്ടികളെ കിട്ടിയാൽ അവരെ കേറി പിടിക്കുമോടാ' എന്നു ചോദിച്ചാ അവർ അയാളെ തല്ലുന്നത്. വണ്ടി അപ്പോഴത്തേക്കും എത്തി. ഒരു നന്ദി പോലും പറയാതെ ഞാൻ വണ്ടിയിൽ കേറി. വണ്ടിയിലെ ആളുകളെല്ലാം അ അടി രംഗം നന്നായി കണ്ടു ആസ്വദിക്കുന്നുണ്ട്.
'അല്ലേലും ഇവറ്റകളൊക്കെ ഇങ്ങനെയാണ് ഒരാണിനെ തനിച്ചു കിട്ടിയാൽ.... കാശിനു വേണ്ടിയാ. എന്തൊരു ജന്മം."
വണ്ടിയിലെ സഹയാത്രകയുടെ പുച്ഛം നിറഞ്ഞ കമന്റ് കേട്ട് തിരിച്ചു ഒന്നു പറയാതെ ഞാൻ ഇരുന്നു. ഒരു നന്ദികെട്ടവളായി........
~ചാരു.

ഭാര്യ



വാതിലിലെ മുട്ടുകേട്ടാണ് അവൾ ഉണർന്നത്. സമയം നോക്കി, 9 കഴിഞ്ഞിരിക്കുന്നു. ചാടി പിടിച്ചെഴുന്നേക്കാൻ നോക്കി, നടന്നില്ല. ഓടിപോകാതിരിക്കാനാണെന്നു തോന്നുന്നു മുറുക്കെ കെട്ടിപിടിച്ചിരിക്കുകയാണ്. കഷ്ടപ്പെട്ട് കൈകൾ എടുത്തു മാറ്റി, സാധന സമഗ്രികളുമായി കുളിമുറിയിലേക്ക് ഓടി. നോക്കിയപ്പോൾ ഒരു തുള്ളി വെള്ളമില്ല. കുടവും ബക്കറ്റുമെടുത്ത് കിണറ്റിൻ കരയിലെത്തി. കിണർ കുറച്ചകലെയാണ്.
പെട്ടെന്ന് കുളിച്ചെന്നു വരുത്തി ഇറങ്ങി. മുണ്ടും നേര്യതും ഉടുത്തു. 2 മാസമായി ദിവസവും ഈ വേഷമാണ്. അവളുടെ ഏട്ടനു ഇങ്ങനെ കാണാനാണു ഇഷ്ടം. വേഷം മാറിയ ഉടനെ കുങ്കുമചെപ്പെടുത്തു നെറുകൈയ്യിൽ ചുവന്ന സീമന്ത രേഖ അലങ്കരിച്ചു. എന്നിട്ട് ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങി, അടുക്കളയിൽ പോയി.
അമ്മയെല്ലാം തയ്യാറാക്കി വെച്ചിരുന്നു. അവൾക്ക് ജാള്യത തോന്നി. ഇത്രയും നേരം ഉറങ്ങിയതോർത്ത് കുറ്റബോധം ഉണ്ടായി. എങ്ങനെ ഉറങ്ങാതിരിക്കും, ഭർത്താവു നാട്ടിൽ വന്നന്നു തുടങ്ങിയ തിരക്കാണ് വീട്ടിൽ. അവളെ താലി കെട്ടി പിറ്റേന്ന് വണ്ടി കേറിയതാണ്. രണ്ടു വര്‍ഷം കഴിഞ്ഞാണു ഇപ്പോ എത്തിയേക്കുന്നത് അതും രണ്ടു മാസത്തെ ലീവിനു. ഇന്നു തിരിച്ചു പോകും.
അമ്മ ഉണ്ടാക്കിവച്ച ചായയുമായി ഏട്ടനെ പോയി ഉണർത്തി. അവള്‍ക്ക് ആ മുഖത്ത് നോക്കിയിരിക്കണമെന്ന് തോന്നി. പക്ഷേ അപ്പോഴെത്തേക്കും അമ്മയുടെ വിളി എത്തി.
'മോളേ'....
'ദാ വരുന്നു അമ്മേ'....
പിന്നെ രണ്ടു പേരും ചേര്‍ന്ന് ഉച്ചയ്ക്കെത്തേക്കുളളത് തയ്യാറാക്കി. അപ്പോഴത്തേക്ക് വീട്ടിലുള്ള എല്ലാവരും രാവിലത്തെ ഭക്ഷണമെല്ലാം കഴിച്ചു. അവളോടാരും ചോദിച്ചില്ല കഴിച്ചോ എന്നു പോലും. ഓടി നടന്നു ജോലി ചെയ്യ്തുകൊണ്ടേയിരുന്നു. പല തവണ തലകറങ്ങിയപ്പോൾ അമ്മ പറഞ്ഞു.
'മോളേ.. പോയി വല്ലോം കഴിക്ക്. മോളിങ്ങനെ കഴിക്കാതെ ഓടി നടന്നാൽ എങ്ങനാ? അവനിന്നു തിരിച്ചു പോകുമ്പോൾ ഒരു സമാധാനവും കാണില്ല. "
'ഞാൻ കഴിച്ചോളാം അമ്മേ'....
അപ്പോഴത്തേക്ക് വീടു മുഴുവൻ ബന്ധുമിത്രാതികളെകൊണ്ട് നിറഞ്ഞു. ഏട്ടനെ ഒന്നു കാണാൻ കൂടി കഴിഞ്ഞില്ല. അവൾക്ക് എന്തൊക്കെയോ അയാളോടു പറയുവാൻ ഉണ്ടായിരുന്നു. അയാളോടു സംസാരിക്കാൻ പല അവസരങ്ങളുമുണ്ടാക്കി നോക്കി. ഒന്നും നടന്നില്ല. അങ്ങനെ അയാൾക്ക് പോകാൻ സമയമായി. വണ്ടി വീടിനു മുന്നിൽ വന്നു. എല്ലാം വണ്ടിയിൽ എടുത്തു വച്ചു. കൂടെ അവളുടെ ജീവനും കയറി. അവളുടെ കണ്ണുകൾ എന്തോ മൊഴിഞ്ഞു. അയാൾക്കതു മനസ്സിലായെന്നു തോന്നുന്നു. അയാളുടെ കണ്ണുകളും അവളുടെ കൈകളും ഒരേ സ്ഥാനത്തേക്ക് പോയി.
അവളുടെ ഉദരത്തിലേക്ക്...
അതേ, പ്രതീക്ഷയുടെ ഒരു പുതുനാമ്പ് അവിടെ ഉദയം കൊണ്ടിരിക്കുന്നു.....
ഇനിയുള്ള രണ്ടു വർഷം ആ മണലാരണ്യത്തിൽ കിടന്നു കഷ്ടപ്പെട്നുള്ള ഊർജമായാണ് അയാളതു കണ്ടത്.
അവളുടെ മൗനം എല്ലാം പറയുന്നുണ്ടായിരുന്നു. കണ്ണുനീർ കാഴ്ച്ചയെ മറച്ചപ്പോലെ, വിഷമങ്ങൾ മറയ്ക്കാൻ അവൾക്ക് കഴിഞ്ഞു....

By: Shari P Panicker

മിസ്ഡ് കോൾ

മിസ്ഡ് കോൾ
_______________
അവരുടെ പ്രണയത്തിനു വഴിവച്ചതു ഒരു മിസ്സ് കോളായിരുന്നു. ഒന്ന് രണ്ട് കൊച്ചുവർത്താനങ്ങളൊക്കെ പറഞ്ഞവർ അടുത്തു. അവൾ ചെന്നൈയിൽ എജിനിയറിങ് പഠിക്കുകയാണ്. അയാൾ എജിനിയറിങ് ഒക്കെ കഴിഞ്ഞു ഇപ്പോ പതിനയ്യായിരം രൂപ മാസ ശബളത്തിൽ ജോലി ചെയ്യുന്നു. അങ്ങനെ പ്രേമിച്ചു രണ്ടു വർഷമായി. അതുവരെ നേരിൽ കണ്ടിട്ടില്ല. അവസരമെല്ലാം ഒത്തു ചേര്‍ന്നപ്പോൾ അയാള്‍ അവളെ കാണാൻ അങ്ങു ചെന്നൈയിലേക്ക് വണ്ടി കയറി.
നേരിട്ടങ്ങനെ കണ്ടു. അയാൾ വെളുത്തു മെലിഞ്ഞിട്ടാണ്. അവൾ കറുത്തു തടിച്ചിട്ടും. എന്തായാലും അവൾക്കാണ് ഭംഗി കൂടുതൽ. കണ്ടപാടെ ഒരു താലി അങ്ങ് കെട്ടി അയാള്‍. പിന്നെ ബാക്കി പറയണ്ടല്ലോ? എല്ലാത്തിനും ലൈസൻസായി. പക്ഷേ പെട്ടെന്ന് അവൾ ഗർഭിണിയായപ്പോഴാണ് അവർ പെട്ട് പോയത്. അതുകാരണം അയാളുടെ വീട്ടുകാർ കല്യാണം നടത്തി കൊടുത്തു . വീട്ടിലെത്തിയപ്പോഴാണ് അവിടുത്തെ അവസ്ഥ അവൾക്ക് മനസിലായത്. അയാൾക്ക് ജോലിയൊന്നും ഇല്ല. എന്തിനേറെ പറയുന്നു, ആവശ്യത്തിനുള്ള വിദ്യഭ്യാസം പോലുമില്ല. അച്ഛന്റെയും അനിയന്റെയും ചിലവിലാണ് കഴിയുന്നത്. ഭയങ്കര കഷ്ടപ്പാട്. താമസിക്കുന്നത് വാടകവീട്ടിൽ, ഒരു മുറിയും അടുക്കളയും മാത്രം.
അവൾ ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. നല്ല ഒരു ജീവിതം സ്വപ്നം കണ്ട് ഒളിച്ചോടിയതാണ്. അച്ഛൻ മാനസികരോഗിയാണ്. പാവം അമ്മ. എല്ലാവരുടേയും നിർബന്ധപ്രകാരം അവളെ പടിയടച്ചു പിണ്ഠം വച്ചു. പറഞ്ഞിട്ടെന്താ കാര്യം ! വരാനുള്ളത് വഴിയിൽ തങ്ങില്ല. അയാളത്ര നല്ലവനൊന്നുമല്ല കേട്ടോ! അയാളുടെ മൂന്നാമത്തെ പ്രണയമാണ് ഇത്. കൂടാതെ സുഖമില്ലാതെ കിടക്കുന്ന സ്വന്തം അമ്മയെ പോലും നോക്കാത്തവനാണു ഈ കക്ഷി. പിന്നെ അവളോടുളള അഗാധ പ്രണയമൊന്നുമല്ല ഇതുവരെ കാര്യങ്ങൾ എത്തിച്ചത്, മുപ്പതു വയസായ തനിക്ക് ഇനി പെണ്ണ് കിട്ടുമോന്നുള്ള പേടിയാണ്.
ഏറ്റവും വലിയ രസം ഇതൊന്നുമല്ല. ഇതൊക്കെ വായിക്കുമ്പോൾ നിങ്ങൾ കരുതും അവൾ നല്ലവളാണെന്ന്. പക്ഷേ അത് വെറുമൊരു തെറ്റിധാരണ മാത്രമാണ്. അയാൾ അവളുടെ നാലാമത്തെ പ്രണയമാണ്. ഒരാൾക്ക് ഒന്നിൽ കൂടുതൽ പ്രണയമുണ്ടാകുന്നത് തെറ്റാണോ എന്ന് എനിക്കറിയില്ല. എന്നാൽ ഒരു സമയം ഒന്നിൽ കൂടുതൽ ആളുകളെ പ്രണയിക്കുന്നത് തെറ്റുതന്നെയാണ്. അവളുടെ ബലഹീനത അതായിരുന്നു. തമ്മിൽ ഭേദം തൊമ്മൻ എന്നു പറഞ്ഞ് തിരഞ്ഞെടുത്തതാണ് അയാളെ. അതിപ്പോ ഒടുവിൽ ഇങ്ങനെയും ആയി.
ആരോട് പറയാന് ആര് കേക്കാനാണ്.......
~ ചാരു

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo