Showing posts with label Muraleekrishnan. Show all posts
Showing posts with label Muraleekrishnan. Show all posts

മണ്ണാങ്കട്ടയും കരിയിലയും


അക്കാവും കുളവും കാണാൻ
നെയ്ത്തിരി തൻ ദീപം കാണാൻ
പാടത്തെ കാറ്റിൻ കുളിരിൽ
പാടവരമ്പോടിനടക്കാൻ.
കൊതി പെരുകുന്നെന്നുടെ മനസിൽ
കനിയില്ലേ കാലമതെന്നിൽ?
ഇനിയും ചെറു ബാല്ല്യമതെന്നിൽ
വരികില്ലേ വീണ്ടുമൊരിക്കൽ?
കുമ്മാട്ടിക്കളിയുണ്ടവിടേ
തെയ്യം തിറ താലപ്പൊലിയും.
കൂത്തുണ്ടേ കഥകളിയുണ്ടേ
തീയാട്ടും പാട്ടും കളവും.
പൂത്താലം പൂവിളിയുണ്ടേ
പൊന്നോണപ്പുലരികളുണ്ടേ.
പുന്നെല്ലുകളുതിരും കറ്റ
പുതുമണവും പേറി വരുന്നേ.
ശർക്കരമാങ്കൊമ്പുകളുലയും
തേനൂറും കനികൾ പൊഴിയും.
മാങ്ങാണ്ടിക്കൂട്ടും പോകും
മാങ്ങാച്ചുന കവിളിൽ പൊള്ളും.
മണപ്പം ചുട്ടുകളിക്കും
മണ്ണിരയെ ചൂണ്ട കൊരുക്കും.
മാതേരും മണ്ണാലാണേ
മഴയത്താ മണ്ണു മണക്കും.
വെറ്റിലയും പാക്കും പുകലേം
ചുണ്ണാമ്പും ചുണ്ടു ചുവക്കും.
മുത്തശ്ശിക്കഥകളിലെന്നും
കരിയിലയും മണ്ണാങ്കട്ടേം!
പോകില്ലിനിയിവിടുന്നെവിടേം
പൊകില്ലിനിയൊരുകാലത്തും.
ചക്രം പുറകോട്ടു കറക്കും
കാലത്തെ കൂട്ടിലടയ്ക്കും.
പറയാനോ വളരെയെളുപ്പം!
മാങ്കൊമ്പുകളെവിടെപ്പോയോ?
പറയാനാ കഥകൾ വീണ്ടും
മുത്തശ്ശിയുമെവിടെപ്പോയോ?
മുരളീകൃഷ്ണൻ

അമ്മയ്ക്കായി


ഇത്രനാളൊറ്റയ്ക്കിരുന്നൊരീയമ്മയ്ക്ക്‌
കൂട്ടിരിക്കാനുള്ള കാലമിനി.
അമ്മ നിന്നൊപ്പമായ്‌ എത്തുമീ കാലത്ത്‌
തിരികെപ്പിടിക്കു നിൻ ബാല്ല്യകാലം.
അമ്മ നിനക്കായ്‌ കുറുക്കിയൊരിങ്കിനി
നേദിക്കു നീ നിൻ നിവേദ്യമായി.
അമ്മ നിനക്കായുരുട്ടിയുരുളകൾ
ഇനി നിന്റെയൂഴം തിരിച്ചു നൽകാൻ.
പിച്ച നടത്തിയൊരമ്മ തൻ വിരലുകൾ
ഇനി നിന്റെ കൈകളിൽ ഭദ്രമാക്കൂ.
അമ്മതൻ കാലടി പതറാതിരിക്കുവാൻ
അമ്മയ്ക്കു നീയിനി അമ്മയാകൂ.
എന്നും വഴിക്കണ്ണുമായി നിൻ വരവിനായ്‌
കാത്തു തളർന്നൊരീ അമ്മയ്ക്കിനി,
അണുനേരമിടവേളയില്ലാതെ നീയിനി
കൂട്ടായിരിക്കുവാൻ മുടിവെടുക്കൂ.
മുരളീകൃഷ്ണൻ

ഹേമന്തം


ഹിമകണം പോലെന്തു വർണ്ണരാജി!
ഹിമപാളിപോലെന്തു ശബളാഭയും!
ഹിമവാന്റെ പുത്രിപോൽ ഭാഗ്യരേണു.
ഹിമശൃംഗമുത്തുംഗ പ്രൗഢഭംഗി.
ഹിമശീതളം നീല നയനദ്വയം,
ഹിമസാഗരം പോലഗാധഗൂഢം!
ഹിമപാളിയുരുകിപ്രവാഹമായ്‌ ഗംഗ,
ഹിമവാഹിനി, പുണ്യ മനമോഹിനി.
ഹിമമായുറഞ്ഞൊരീ മനസിന്റെ താഴ്‌വര
ഹിമകാലമായിനിയെത്ര കാലം!
ഹിമബിന്ദുഹാരമായിനിയെന്നു നീവരും,
ഹിമവാനുമിളകുന്ന കാലമാമോ?
മുരളീകൃഷ്ണൻ

പാഴ്‌വേലകൾ

By: മുരളീകൃഷ്ണൻ
എന്തിനായ്പ്പാഴ്‌വേല ചെയ്യുന്നു ഞാനിന്നി
തെത്ര ചിന്തിക്കുന്നിതെന്നുമെന്നും!
എന്നിട്ടുമെന്നിട്ടുമിന്നും തുടരുന്നു
ചിന്തയില്ലാത്തൊരീപ്പാഴ്‌വേലകൾ
കാലേയെഴുന്നേൽപ്പതെന്തിനാവോ!
കട്ടനടിപ്പതുമെന്തിനാവോ!
കലചക്രം പോലെ കാലങ്ങളായി ഞാൻ
കാലാരി നാമം ജപിപ്പതെന്തേ!
ചിക്കിച്ചികഞ്ഞെന്നുമെന്തിനായിങ്ങനെ
പത്രവൃത്താന്തമായ്‌ പേൻ നോക്കിടൂ.
ചുക്കിച്ചുളിഞ്ഞങ്ങു ചത്തുമല്യ്ക്കുന്ന
ചരമകോളങ്ങളിൽ ചാരി നിൽപ്പൂ!
പെട്ടിവയറുള്ള പള്ളകളൊക്കവേ
കുത്തിക്കയറ്റുന്നു പുട്ടുകുറ്റി.
പിന്നെയതെല്ലമിറക്കുന്നു പുട്ടുപോൽ
കാലത്തൊഴിയും തിരുവയറായ്‌.
നട്ടു വളർത്തും ചെടിയ്ക്കിടെ നിന്നു ഞാൻ
കിള്ളിപ്പറിക്കും കളകളാകെ,
ആരും വിളിക്കാതെയുണ്ണുവാനെത്തുന്ന
ആർക്കുമേ വേണ്ടാ നികൃഷ്ടജീവി!
പാലം പണിയുന്നു വീഥി കറുപ്പിച്ചു
ചീറിപ്പറക്കുന്ന വണ്ടി മണ്ടി!
കുണ്ടും കുഴികളായ്‌ വണ്ടി മറിക്കുവാൻ
എന്തിനാവോയിത്ര കീലുരുക്കി!
ലക്ഷ്യമണുവിട തെറ്റാതെ ബോമ്പുകൾ
വർഷിക്കുവാനെത്ര സാങ്കേതികം!
പൊട്ടിത്തെറിക്കുന്ന കുഞ്ഞിൻ തലമണ്ട
പൊട്ടിക്കുവാനെന്തു പാഴ്‌വേലകൾ!
എണ്ണ്യാലൊടുങ്ങാത്ത പാഴ്‌വേലയാകവേ
എണ്ണിപ്പറയുന്ന പാഴ്‌വേലയും,
എന്തിനായിങ്ങനെയിന്നു ഞാൻ ചെയ്യുന്നു
ചെന്നു പതിക്കാൻ ചവറ്റുകുട്ട!

ശൃംഗാരപ്പദം



കഥകളിപ്പദമായി നീയെൻ കളിത്തട്ടു
ഘനനീല രാത്രിയിൽ കർണ്ണമെത്തി.
കേളികൊട്ടോടെയുണർത്തി നീയിന്നെന്റെ
കേളീവിലാസ നികുഞ്ചപർവ്വം.
മദ്ദളം ചെണ്ടയും ചേങ്ങിലത്താളവും
മേളപ്പദം തീർത്തു ഹൃദയതാളം.
കൂർത്ത നഖവിരൽ വിറളിപിടിച്ചൊരു
തിരശീലനോട്ടം തിരിഞ്ഞുനോട്ടം.
പച്ച കരി കത്തി താടിയും മോടിയിൽ
ശൃംഗാരപ്പദമാടിയൊപ്പമായി.
ആട്ടവിളക്കിന്റെ തിരികൾ കെടാതൊരു
കരിനീല കണ്ണിമ നാളമായി.
നീ ചുട്ടി കുത്തുന്ന മനയോല പോലുമെൻ
മനതാരിളക്കുന്ന സൗഗന്ധികം.
കൃഷ്ണനാട്ടം പിന്നെ രാമനാട്ടം
എന്റെ കരളു പറിക്കുന്ന കേളിയാട്ടം.
നീ കോറി വയ്ക്കുന്ന വരികളിൽ വിരിയുന്നു
സോപാനഗീതമിടയ്ക്കയൊപ്പം.
ഇരയിമ്മനൊഴുകുന്ന വരികളായ്‌ തിരയുന്നു
ശൃംഗാര പദമായൊരാത്മഹർഷം.
മുരളീകൃഷ്ണൻ

ശർക്കരമാവും മയിൽപ്പീലിയും


ശർക്കരമാവിൻ ചോട്ടിലായന്നു
കൂടു കൂട്ടിയ ബാല്യങ്ങൾ.
ശർക്കര തോൽക്കും തേൻവരിക്കയായ്‌
നാട്ടുമാങ്ങ തൻ നിർവ്വൃതി.
അന്നാ മാമരം ഒറ്റത്തായ്‌ തടി
ആകാശം മുട്ടും പന്തലായ്‌!
അൽപ്പമുന്നതി ചുറ്റുവട്ടമായ്‌
തട്ടു പോലൊരു മാന്തറ.
വല്ല്യവധിയായ്‌, പുസ്തകം വേണ്ട,
മാവിൻ ചോട്ടിലായ്‌ ബാല്യവും.
വള്ളിനിക്കറും പെറ്റിക്കോട്ടുമായ്‌
നാട്ടുമാഞ്ചോട്ടിലാരവം.
കാറ്റു മൂളിയോ, കാക്ക കേറിയോ,
മാമ്പഴമൊന്നു വീഴ്ത്തുവാൻ.
ആകാശക്കണ്ണും ആയി നിൽക്കവെ,
അണ്ണാനേ തട്ടൂ മാങ്കുല.
വീണു മാമ്പഴം, കൂട്ടമോട്ടമായ്‌,
കിട്ടുവോനെന്തു ഗർവ്വമായ്‌!
കിട്ടാതാക്കനി വിട്ടു പോയോൾക്ക്‌
വിട്ടു നൽകിയാ മാമ്പഴം.
അന്നാ കൺകളിൽ കണ്ട നിർവൃതി
മാമ്പഴത്തിലും മാധുര്യം.
അന്നാ മാങ്കൊമ്പിൽ ഓട്ടക്കണ്ണാലെ
ചാട്ടുളി നോട്ടം കാക്കയും.
മൂന്നു കണ്ണുള്ള കൺചിരട്ടയിൽ
മണ്ണപ്പം ചുട്ടു തന്നവൾ.
കഞ്ഞിയും കറീം വെച്ചു പന്തലിൽ
അച്ഛനമ്മയായ്‌ വാണുപോൽ!
ജയ്ച്ചോ തോറ്റുവോ, സ്കൂളിൽ നിന്നെത്തും
കുറിമാനം കാക്കും നാളുകൾ.
വട്ടു ഗോലികൾ, കുട്ടീം കോലുമായ്‌
അന്യമായൊരാ ലീലകൾ.
മാഞ്ഞുപോയൊരാ ബാല്ല്യമോടൊപ്പം
എങ്ങോ പോയൊരാ മാമരം!
കൂട്ടുപോയി വാ മാങ്ങാണ്ടിക്കെന്ന
കൂട്ടുകെട്ടുമിതെങ്ങു പോയ്‌!
ഇനിയുമുണ്ടൊരു ബാല്ല്യമെങ്കിലും
മാവതില്ലെങ്കിലെന്തിനായ്‌,
ഓർത്തു വെച്ചു ഞാൻ പുസ്തകത്താളിൽ
മിന്നി നില്ല്ക്കും മയിൽപ്പീലി?
മുരളീകൃഷ്ണൻ

വെടിക്കെട്ട്‌


വെടിക്കെട്ട്‌

(വെടിക്കെട്ടപകടങ്ങളിൽ പൊലിഞ്ഞ ജീവനുകൾക്കായി)

അച്ഛന്റെ കൈവിരൽ ചുറ്റിപ്പിടിച്ചു ഞാൻ
അമ്പലക്കോണിലായ്‌ നോക്കി മേലേ
സ്വർണ്ണവർണ്ണത്തരി തീപ്പൊരി ചിതറിയ
ചീറുന്നെലിവാണമെട്ടു പൊട്ടി.

മാലപ്പടക്കമതാകെപ്പടപടാ ഒപ്പമായ്‌
ഗർഭം കലക്കി പൊട്ടി
അച്ഛന്റെ പിടിവിട്ടൊരെൻ ചെറു പെരുവിരൽ
തിരുകിയെൻ ചെവിയിൽ ഞാൻ ഭീതിയോടെ.

പൊട്ടുന്നമിട്ടിന്റെ വർണ്ണപ്രപഞ്ചമായ്‌
നക്ഷത്രജാലങ്ങളിങ്ങു പോന്നോ!
പൂക്കുറ്റിയുയരുന്നതൊപ്പമായ്‌ കുരവ തൻ
കൂക്കുവിളിയിന്നു കാതിലാർത്തു.

ചുറ്റി വിരലു ഞാൻ പിന്നെയുമച്ഛന്റെ
കൈവിരൽ ചാരേ വരുന്ന നേരം.
കമ്പത്തിൽ കമ്പം പെരുത്തു ഞാൻ നിൽക്കവെ
കമ്പിത്തിരികളായ്‌ കർമ്മയോഗം.

കമ്പമായ്‌ കമ്പമങ്ങാർത്തു തകർക്കവെ
ചെറു തീപ്പൊരിയൊന്നു തെന്നി മാറി.
ഒന്നൊന്നായ്‌ പൊട്ടുവതെന്തിനെന്നൊർത്തിട്ട്‌
പൊട്ടിത്തെറിച്ചേക പൊട്ടലായി!

ആളിയങ്ങാകാശമുയരുന്ന തീഗോള-
മൊപ്പം തെറിക്കും കബന്ധ ഭാഗം.
പൊട്ടും അമിട്ടിന്റെ ശകലങ്ങളാകവേ
ചെന്നിറം ചിതറിയ ചോര മാത്രം.

ഓടാനൊരുങ്ങൊന്നൊരാൾക്കൂട്ടമോടുവാൻ
കാലുകളില്ലാതെ കത്തി നിന്നു
അലറിക്കരയുവാനാഞ്ഞൊരു തൊണ്ടയും
കുരവള്ളി കത്തിക്കരിഞ്ഞു നിന്നു

ആരാണു നീയെന്നതാരാണു ഞാനെന്നു
തിരിയുവാനാവാതെ ഞാൻ തിരഞ്ഞു.
കാലിന്നെവിടെയോ തലയിന്നെവിടെയോ
കാണാതകലത്തു കാണുമെന്നോ!

പോയവൻ ഭാഗ്യവാൻ, കരിയുന്ന തോലുമായ്‌
കണ്ണീരു കത്തിയോനെന്തു നീറ്റൽ!
അച്ഛന്റെ കൈവിടാതോടി ഞാൻ തിരിയുമ്പോൾ
കാണുന്നിതച്ഛന്റെ വിരലു മാത്രം!

അച്ഛനില്ല, കയ്യിൽ വിരലു മാത്രം!
അച്ഛനെവിടെ എന്റെയച്ഛനെവിടെ?
ചോദ്യം ഇതാരോടു ചോദിക്കുവാൻ?
ചോദ്യങ്ങളനവധി ബാക്കി നിൽപ്പൂ!

ഇനിയും
ചൊദ്യങ്ങളനവധി ബാക്കി നിൽപ്പൂ....



By: മുരളീകൃഷ്ണൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo