Showing posts with label ManikandanAnakkattil. Show all posts
Showing posts with label ManikandanAnakkattil. Show all posts

സ്ത്രീത - സ്ത്രീഭാവങ്ങൾ


“ഇനി എന്നെ അന്വേഷിച്ചുവരരുത്. ഒരു കുഞ്ഞിനു ജന്മം നല്കുവാൻ കഴിയാത്ത നിങ്ങളുടെ, ഭാര്യ ഗർഭിണിയാണ്. മറ്റൊരാളുടെ കുഞ്ഞിന്‍റെ പിതൃത്വം ഏറ്റെടുക്കുവാനുള്ള ചങ്കുറപ്പുണ്ടെങ്കിൽമാത്രം ഇങ്ങോട്ടു വരാം. അല്ലാത്തപക്ഷം ഒന്നും ആരോടും അറിയിക്കാതെ സ്വസ്ഥമായി ജീവിക്കുവാൻ എന്നെ അനുവദിക്കുക. ഇനിയൊരിക്കലും ഞാൻ നിങ്ങളുടെ ജീവിതത്തിലേക്കു കടന്നുവരില്ല." എന്ന് ആര്‍ജ്ജവത്തോടെ പറയുന്ന സാവിത്രിയെപ്പോലുള്ള (ഇലഞ്ഞിമരം പൂത്തപ്പോള്‍) കഥാപാത്രങ്ങളല്ലേ കാലത്തിനാവശ്യം?
( On his note about Sthreetha by BabuPaul Thuruthy)

സ്ത്രീഭാവങ്ങളുടെ യഥാർത്ഥ ആവിഷ്കാരങ്ങൾ,.സ്ത്രീത വായിച്ചില്ലേ?? വിളിക്കൂ - 9846874168 ( Whatsapp)

കുഞ്ഞുണ്ണിമാഷ് കുഞ്ഞിമാഷ്( ലേഖനം)

Image may contain: 1 person, beard
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
മൗനത്തിൽനിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവി, കുഞ്ഞുണ്ണിമാഷ്, "പൊക്കമില്ലായ്മയാണെന്റെ പൊക്കം" മെന്ന് നമ്മെ പഠിപ്പിച്ചു.
1927 മെയ് 10 ന് ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിയമ്മയുടെയും മകനായി ജനനം. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ചേളാരി ഹൈസ്ക്കൂളിന്റ അദ്ധ്യാപകനായാണ്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ ഹൈസ്കൂളിലെ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1982ൽ വിരമിച്ചു സ്വദേശമായ വലപ്പാട്ടേയ്ക്കു തിരിച്ചുപോന്നു.
കുട്ടിക്കാലത്ത് വായിച്ചതേറെയും കുഞ്ചൻ നമ്പിയാർ കവിതകളായതിനാലാവണം, കുഞ്ചൻ നമ്പിയാരുടെ ഭാഷാശാസ്ത്രമാണ് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചതെന്നുകാണാം. പത്താംക്ളാസ് കഴിഞ്ഞസമയത്ത് 'യുഗപ്രപഞ്ചം' എന്ന തുള്ളൽ എഴുതി കവിയായി അറിയപ്പെടാൻ തുടങ്ങി.
കുട്ടികളോടായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയം. വലപ്പാടുള്ള അദ്ദേഹത്തിന്റെ വീട്ടിൽ നിത്യസന്ദർശകരായിരുന്നു കുട്ടികൾ. കുട്ടികളോട് സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്കു നിവൃത്തിവരുത്തുകയും, കുട്ടികൾ അയയ്ക്കുന്ന സൃഷ്ടികൾക്ക് പോസ്റ്റുകാർഡിലൂടെ മറുപടി നൽകുകയും തിരുത്തലുകളും ചെയ്തുകൊടുത്തിരുന്നു.
അദ്ദേഹത്തിന്റെ കവിതകളും ബാലകവിതകളുംതമ്മിൽ നേർത്ത അന്തരം മാത്രമേയുള്ളൂ എന്നതിനാൽ അദ്ദേഹത്തെ ബാലസാഹിത്യകാരനായി പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗം ബാലസാഹിത്യമായിരുന്നു.
എങ്ങനെ വ്യക്തവും ലളിതവുമായ ഭാഷയിൽ എഴുതാമെന്നു വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാളശൈലിയോടു ചേർത്തുവെയ്ക്കാവുന്നതാണ്. അദ്ദേഹത്തിന്റെ പ്രധാന പരിഗണന ഭാഷാശുദ്ധിയായിരുന്നു. എഴുതിത്തുടങ്ങുന്ന കുട്ടികൾക്ക് അദ്ദേഹം നൽകുന്ന നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. 'കുട്ടേട്ടൻ' എന്നപേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ എഴുതിയിരുന്നു.
ജപ്പാനിലെ ഹൈക്കു കവിതകളോട് അദ്ദേഹത്തിന്റെ കവിതകളെ സാദൃശ്യം ചെയ്യാറുള്ളത് രൂപപരമായ ഹ്രസ്വതമൂലമാണ്. അദ്ദേഹത്തിന്റെ ലാളിത്യവും നർമ്മബോധവും ചാരുതയും, ആത്മകഥയായ 'എന്നിലൂടെ', പ്രശസ്തമാണ്. ആദ്യകാല കവിതകൾ അല്പം ദൈർഘ്യമുള്ളവയാണെങ്കിലും ഈരടികളും നാലുവരികളുമായിരുന്നു ഏറെയും.
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നവയായിരുന്നു കുഞ്ഞുണ്ണിക്കവിതകൾ. ആധുനിക കവിതയുടെ ആദ്യകാലസമാഹാരമായ 'കാൽശതം കുഞ്ഞുണ്ണി' എന്നപേരിൽ സമാഹരിക്കപ്പെട്ട 25 കവിതകൾ സമകാലീനരായ മറ്റുകവികളിൽനിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.
"കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കുഞ്ഞായിട്ടു മരിക്കാൻ. "
വാക്കുകളെ കത്തിച്ചു വെട്ടമുണ്ടാക്കുന്ന കവി; ഇരുട്ടിനെയെടുത്ത് വെളിച്ചത്തിലേക്കിടുന്ന കവി.
"അകത്തൊരു കടൽ
പുറത്തൊരു കടൽ
അവയ്ക്കിടയ്ക്കെന്റെ
ശരീരവൻകര", എന്നാണ് അദ്ദേഹം പറഞ്ഞത്. ലോകത്തിനുനേരെ തുറന്നുവെച്ച കണ്ണാടികളാണ് അദ്ദേഹത്തിന്റെ കവിതകൾ.
"എനിക്കു പൊക്കം കുറവാണ്
എന്നെ പൊക്കാതിരിക്കുവിൻ"
"പൊക്കമില്ലായ്മയാണെന്റെ പൊക്കം " എന്നും വ്യക്തിസത്തയുടെ ആത്മഭാവങ്ങൾ വിമർശനാത്മകമായും അല്പം പരിഹാസരൂപേണയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വാക്കും നോക്കും പ്രവൃത്തിയും നന്നാക്കണമെന്ന് അദ്ദേഹം ആശിച്ചു.
"വലിയൊരു ലോകം
നന്നാകാൻ
ചെറിയൊരു സൂത്രം
ചെവിയിലോതാം ഞാൻ
സ്വയം നന്നാവുക."
മാതൃബ്ഭാഷ അഭ്യസിക്കണം, അതിലൂടെ വിദ്യാഭ്യാസം ചെയ്യണം, അതുകഴിഞ്ഞേ മറ്റു ഭാഷകൾക്കു പ്രാധാന്യം കൊടുക്കാവൂ.
"ജനിക്കുംതൊട്ടെൻമകനിംഗ്ലീഷ് പഠിക്കണം
അതിനാൽ ഭാര്യതൻ പേറങ്ങിംഗ്ലണ്ടിലാക്കി ഞാൻ ", എന്ന വരികളിലെ പരിഹാസം തിരിച്ചറിയണം. മലീമസമായ കപടരാഷ്ട്രീയകാപട്യങ്ങൾക്കെതിരെ ഒന്നും ചെയ്യാനാവുന്നില്ലല്ലോയെന്ന ചിന്ത അദ്ദേഹത്തെ രോഷംകൊള്ളിക്കുന്നു.
"നേതാക്കന്മാരേ നിങ്ങൾ ആത്മഹത്യചെയ്യുവിൻ
എന്തുകൊണ്ടെന്നാൽ
എനിക്കു നിങ്ങളെ കൊല്ലാനുള്ള
കഴിവില്ല."
അമ്മയും മക്കളും പേറ്റുനോവറിയണമെന്നും 'അമ്മ' എന്നും 'മണ്ണ്' എന്നുമുള്ള ഒറ്റക്ഷരമാണ് എന്റെ 'മലയാളം എന്നുപറഞ്ഞു മലയാളത്തിന്റെ പുണ്യം!
കുഞ്ഞുണ്ണിമാഷിന്റെ ഏതാനും ചില കവിതകൾക്കൂടി പരിചയപ്പെടുത്തി ഈ ലേഖനം അവസാനിപ്പിക്കാം.
(1)
ആനക്കുള്ളതും ജീവിതം
ആടിനുള്ളതും ജീവിതം
ആഴിക്കുള്ളതും ജീവിതം
ഊഴിക്കുള്ളതും ജീവിതം
ഈ എനിക്കുള്ളതും ജീവിതം.
(2)
ഉടുത്തമുണ്ടഴിച്ചിട്ടു
പുതച്ചങ്ങുകിടക്കുകിൽ
മരിച്ചങ്ങു കിടക്കുമ്പോ-
ഴുള്ളതാം സുഖമുണ്ടിടാം
(3)
കൊച്ചിയിൽനിന്നും കൊല്ലത്തെത്തിയ
കുസൃതിക്കാരൻ പൂച്ച
കാപ്പിക്കടയിൽ കഥകൾ പറഞ്ഞു
കാപ്പികുടിച്ചു രസിച്ചു
കാപ്പികുടിക്കാൻ കൂടെകേറിയ
കൊതിയച്ചാരൻ ഈച്ച
കഥകൾ കേട്ടു ചിരിച്ചു പിന്നെ
കാപ്പിയിൽ വീണു മരിച്ചു.
(4)
ഞാൻ
ഞാനെന്നവാക്കിന്റെ
യൊക്കത്തിരിക്കയോ
വക്കത്തിരിക്കയോ
മുന്നിലിരിക്കയോ
പിന്നിലിരിക്കയോ
താഴെയിരിക്കയോ
എള്ളിലെയെണ്ണപോ-
ലാകെയിരിക്കയോ
അതോ
ഞാനെന്ന വാക്കായിരിക്കയോ.
(5)
ചെറിയ കറുപ്പിനു പണ്ടേയുണ്ടേ
ചെറിയൊരു ദുഃശീലം
ഉറക്കമുണർന്നാൽ മുറുക്കു
തിന്നണമെന്നൊരു ദുഃശീലം
ചെറിയ കറുപ്പിനു പിന്നെയുമുണ്ടേ
വലിയൊരു ദുഃശീലം
മുറുക്കുതിന്നാലുടനെ
മുറുക്കണമെന്നൊരു ദുഃശീലം.
(6)
ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല.
അവിവാഹിതനായി ജീവിതം തുടർന്ന്
2006 മാർച്ച് 26ന്, അദ്ദേഹത്തിന്റെ കുഞ്ഞുവലിയ ജീവിതം നമ്മുടെ മുന്നിലേക്കൊരു പാഠപുസ്തകമായി നൽകി അദ്ദേഹം വിടപറഞ്ഞു. മലയാളത്തിന്റെ പുണ്യമേ അങ്ങയുടെ തൃപ്പാദങ്ങളിൽ നമിക്കുന്നു.
***മണികണ്ഠൻ അണക്കത്തിൽ***

സ്ത്രീത - New Book


സ്ത്രീത  -  സ്ത്രീഭാവങ്ങൾ ആവിഷ്കരിച്ച കഥകൾ . ജീവിതത്തിന്റെ നേര്‍ക്കാഴ്ചയില്‍ കണ്‍മുന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങള്‍ക്കു രൂപം പകര്‍ന്നെഴുതിയ ചില നൊമ്പരപ്പാടുകള്‍
രചന -  മണികണ്ഠൻ അണക്കത്തിൽ
എഡിറ്റർ  -   ബാബുപോൾ തുരുത്തി
പ്രസാധനം -   നൊസ്റ്റാൾജിയ -നല്ലെഴുത്ത്
വില  -  149 /-
Buy this book @ Whatsapp: 9048852036

മഹാത്മാ അയ്യൻകാളി( ലേഖനം )

Image may contain: 1 person
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
പാർശ്വവത്ക്കരിക്കപ്പെട്ട പണിയാളുകളെ പടയാളികളാക്കിമാറ്റി സാമൂഹ്യപരിവർത്തനത്തിന് പാതയൊരുക്കിയ ധീരദേശാഭിമാനി, 'മഹാത്മാ അയ്യൻകാളി'.
നാളത്തെ ദിവസത്തിന്റെ പ്രാധാന്യമോർത്തപ്പോൾ ഈ മഹത് വ്യക്തിത്ത്വത്തോട് ഇങ്ങനെ ഒരു കടമ നിറവേറ്റണമെന്നുതോന്നി. കേരളത്തിലെ ആദ്യകാല നവോത്ഥാന നായകനിരയിൽ ഏറെ പ്രാധാന്യമുള്ള വ്യക്തിയായതിനാൽ ഒരു ചരിത്രവിദ്യാർത്ഥിയെന്നനിലയിൽ അദ്ദേഹത്തെക്കുറിച്ച് ഒരു കുറിപ്പ്. ഒരു വിഭാഗത്തിന്റെ നേതാവ് അല്ലെങ്കിൽ അദ്ദേഹം ജനിച്ച സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരു ജീവിതം ഉഴിഞ്ഞുവെച്ചു എന്നതിലുപരി, എന്നെ ആകർഷിച്ചത് അദ്ദേഹം അതിനുവേണ്ടി എത്രമാത്രം ത്യാഗം ചെയ്തു എന്നതാണ്. ഇവിടെ ജാതീയചിന്തകൾ നമുക്ക് ഒഴിവാക്കാം. അദ്ദേഹത്തിന്റെ പാദങ്ങളെ സ്മരിച്ചുകൊണ്ട് തുടരട്ടെ....
തിരുവനന്തപുരത്തെ വെങ്ങാനൂർ എന്ന ഗ്രാമത്തിൽ 1863 ആഗസ്റ്റ് 28-നാണ്, അയ്യൻ- മാല, ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചത്. കുട്ടിക്കാലത്ത് കാളി എന്നു വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പുലയസമൂഹത്തെ മനുഷ്യർക്ക് അയ്യൻകാളിയായി.
ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന് കുറ്റപ്പെടുത്തേണ്ടിവന്ന സാമൂഹ്യാവസ്ഥയിൽനിന്നും കേരളത്തെ തീർത്ഥാലയമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ത്യാഗി. തിരുവിതാംകൂറിലെ സാമൂഹ്യമാറ്റത്തിന് ഊടുംപാവും നെയ്ത ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികൾക്കും ഒപ്പമാണ് അയ്യൻകാളിയുടെ സ്ഥാനം.
എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയസമുദായമായിരുന്നു അദ്ദേഹത്തിന്റേത്. പറയർ, പൂലയർ തുടങ്ങിയ അധഃസ്ഥിതർക്ക് തിരുവിതാംകൂറിലും കേരളത്തിന്റെ ഇതരഭാഗങ്ങളിലും, പാടത്തു പണിയെടുക്കുന്ന കന്നിന്റെ വിലയേ പ്രമാണിമാർ നൽകിയിരുന്നുള്ളൂ. ദാരിദ്ര്യവും അവഗണനയും അപമാനവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും സമുദായാംഗങ്ങളുടെയും സമ്പാദ്യം. എന്തിനധികം, അക്കാലത്ത് പറയ-പുലയ സമൂഹത്തെ മനുഷ്യരായിപോലും പരിഗണിച്ചിരുന്നില്ല.
സമൂഹത്തിൽനിന്നും എല്ലാത്തരത്തിലും ബഹിഷ്കൃതരായിരുന്നു ഈ വിഭാഗക്കാർ. കൃഷിചെയ്യാൻ ജന്മിമാർക്കുവേണ്ട ഉപകരണം മാത്രമായാണ് മേല്പറഞ്ഞ സമുദായത്തെ കണ്ടിരുന്നത്. അയിത്താചാരംമൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിക്കാനും വിദ്യ നേടുന്നതിനും ഇവർക്ക് അവകാശമുണ്ടായിരുന്നില്ല.
അധഃസ്ഥിതർ രോഗബാധിതരായാൽ വൈദ്യന്മാർ തൊട്ടുപരിശോധിക്കില്ല. ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹിഷ്കരണങ്ങളാൽ ദുരിതപൂർണ്ണമായിരുന്നു അവരുടെ ജീവിതം. ഇവയ്ക്കുപുറമെ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കുവാനും അവർ നിർബന്ധിതരായി. അരയ്ക്കുമുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കാനും അന്നത്തെ അയിത്താചാരങ്ങൾ അനുവദിച്ചില്ല.
അക്ഷരാഭ്യാസം നേടിയില്ലെങ്കിലും അധഃകൃത ചുറ്റുപാടുകൾ അയ്യൻകാളിയെ അസ്വസ്ഥനാക്കി. ഇത്തരം ഉച്ചനീചത്വങ്ങൾക്കെതിരെ അധഃസ്ഥിതരുടെ ഇടയിൽനിന്നും ആദ്യം ഉയർന്ന സ്വരമായിരുന്നു അയ്യൻകാളിയുടെത്. സ്വസമുദായത്തിൽനിന്നുതന്നെയുണ്ടായ എതിർപ്പുകൾ അവഗണിച്ച് മുപ്പതാം വയസ്സിൽ ദുരാചാരങ്ങൾക്കെതിരെ അദ്ദേഹം പോരിനിറങ്ങി. തുടക്കത്തിൽ കൂടെ ആരുമുണ്ടായില്ലെങ്കിലും പിന്നീട് കുറെ ചെറുപ്പക്കാർ അദ്ദേഹത്തോടൊപ്പം കൂടി.
ആദ്യമായി അവർ ചെയ്തത്, ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാൻ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകൾ പരിശീലിപ്പിച്ചു എന്നതാണ്.
വിശേഷവസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്ത് പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രാമദ്ധ്യേ ചെന്നുപെടുന്ന കീഴാളർ വഴിമാറിനടക്കണം. ഈ ഗർവ്വിനെ അതേ നാണയത്തിൽ നേരിടാൻ അദ്ദേഹം തീരുമാനിച്ചു. തമിഴ് നാട്ടിൽനിന്നും ഒരു കാളയെ വാങ്ങി, മുണ്ടും മേൽമുണ്ടും തലപ്പാവും ധരിച്ച്, പൊതുവീധിയിലൂടെ (വെങ്ങാനൂർ - കല്ലിയൂർ ), അദ്ദേഹം സാഹസികയാത്ര നടത്തി. ആവേശഭരിതരായ അനുയായികൾ അദ്ദേഹത്തിന് അകമ്പടിസേവിച്ചു. സ്വസമുദായത്തിലുള്ളവർ അദ്ദേഹത്തെ ആദരപൂർവ്വം യജമാനൻ എന്നു വിളിക്കാൻ തുടങ്ങി. അക്കാലത്തായിരുന്നു ഹിന്ദുസമുദായത്തിലെ നീചാചാരങ്ങൾ അവസരമാക്കി മതംമാറ്റാൻ തക്കംപാർത്തിരുന്നവരുടെ ദുഷ്ടനീക്കങ്ങളെ പരാജയപ്പെടുത്തുവാനായി ശ്രീനാരായണുരുവും ചട്ടമ്പിസ്വാമികളും ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയിരുന്നത്. അയ്യൻകാളിയുടെ നീക്കവും സമുദായത്തെ ശക്തിപ്പെടുത്തി സമൂഹത്തിലെ അനാചാരങ്ങളെ ഉന്മൂലനംചെയ്യുന്നതിലേക്കുതന്നെയാണ് നീങ്ങിയിരുന്നത്.സമുദായോന്നമനത്തിന് അക്ഷരാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
അയിത്തജാതിക്കാരായ കുട്ടികളെ സ്ക്കൂളിൽ പ്രവേശിപ്പിക്കാത്തതിനെത്തുടർന്ന് 1904-ൽ വെങ്ങാനൂർ ചാവടി നടയിൽ സ്വന്തമായി ഒരു നിലത്തെഴുത്തുപള്ളിക്കൂടം സ്ഥാപിച്ചു. എന്നാൽ അന്നുരാത്രിതന്നെ അത് തീവെച്ചു നശിപ്പിക്കപ്പെട്ടു. വീണ്ടും നിർമ്മിച്ചെങ്കിലും നശിപ്പിക്കലും അതുപോലെ പലതവണ ആവർത്തിച്ചു. അതിനാൽ, അതിനുപിന്നിൽ പ്രവർത്തിച്ചവരുടെ കൃഷിയിടങ്ങളിൽ സ്വസമുദായാംഗങ്ങൾ ജോലി നിർത്തിവെക്കാൻ വെങ്ങാനൂർ ഏലായിൽ വെച്ച് പ്രഖ്യാപിച്ചു. അങ്ങനെ ആരംഭിച്ച കർഷകസമരം 1907 വരെ നീണ്ടു. ഒടുവിൽ കണ്ടല നാഗൻപിള്ളയുടെ നേതൃത്വത്തിൽ വിദ്യാലയപ്രവേശനം അനുവദിച്ചുകൊണ്ട്
ഒത്തുതീർപ്പിനു തയ്യാറായി. അതോടെ അതിനുള്ള സർക്കാർ ഉത്തരവും വന്നു. 1907-ൽ തന്നെ സമുദായോത്ക്കർഷത്തിനായി "സാധുജന പരിപാലന സംഘം " ആരംഭിച്ചു.
1911-ൽ ശ്രീമൂലം പ്രജാസഭയിൽ അയ്യൻകാളിയെ നാമനിർദ്ദേശം ചെയ്തുകൊണ്ട് വിജ്ഞാപനം വന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി നിയമനിർമ്മാണസഭയിലെത്തുന്ന ആദ്യത്തെ അധഃസ്ഥിത പ്രതിനിധിയായി അയ്യൻകാളി. 1912-ൽ അദ്ദേഹം തന്റെ കന്നിപ്രസംഗം നടത്തി. പ്രജാസഭയിൽ അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത് അയിത്തജാതിക്കാർക്കായി പുതുവൽ ഭൂമിയും അവരുടെ കുട്ടികൾക്ക് വിദ്യാലയപ്രവേശനവുമായിരുന്നു.
1912-ൽ നെടുമങ്ങാട് ചന്തയിൽ അയിത്തജാതിക്കാർക്കെതിരെ മുസ്ലിം മാടമ്പിമാർ മർദ്ദനം ആരംഭിച്ചു. അയ്യൻകാളിയും സംഘവും നിചസ്ഥിതിയറിയുവാൻ അവിടെയെത്തി. ഒരു പ്രകോപനവും കൂടാതെ അയ്യൻകാളിയെ മർദ്ദിക്കാൻ ശ്രമിച്ചു. അദ്ദേഹം അവിടെ ഒറ്റയ്ക്ക് പൊരുതി ജയിച്ചു. കഴക്കൂട്ടത്ത് സാധുജനപരിപാലന സംഘത്തിന്റെ യോഗത്തിനെത്തിയ അദ്ദേഹത്തെ മർദ്ദിച്ചൊതുക്കുവാൻ മുസ്ലിം മാടമ്പിമാർ രംഗത്തെത്തിയെങ്കിലും അദ്ദേഹത്തെ തോല്പിക്കാൻ കഴിഞ്ഞില്ല. ബാലരാമപുരം ചാലിയതെരുവിലും ആറാലംമൂട് ചന്തയിലും അയ്യൻകാളിസംഘത്തെ മർദ്ദിച്ചൊതുക്കുവാൻ ഇതേരീതിയിൽ ശ്രമമുണ്ടായി. ഇതിനിടെ സ്ക്കൂൾ പ്രവേശനം വീണ്ടും സംഘർഷത്തിലെത്തുകയും 1914-ൽ സർക്കാർ കർശനമായി ഉത്തരവുപാലിക്കുവാൻ നിർബന്ധിക്കുകയും അല്ലാത്ത സ്ക്കൂളുകളുടെപേരിൽ ശിക്ഷണനടപടികൾ സ്വീകരിക്കുമെന്ന് ഉത്തരവിറക്കുകയും ചെയ്തു. അതിനു നിർബന്ധിതമായതും അയ്യൻകാളിയുടെ സമരവീര്യം മാത്രമാണ്. അങ്ങനെ പുതുക്കിയ സർക്കാർ ഉത്തരവുമായി പഞ്ചമി എന്ന പെൺകുട്ടിയെയുംകൂട്ടി അദ്ദേഹവും സംഘവും ഊരുട്ടമ്പലം സ്ക്കൂളിലെത്തി. പഞ്ചമിയെ സ്ക്കൂളിലെ ബഞ്ചിൽ കൊണ്ടിരുത്തിയതോടെ ചിലർ സംഘട്ടനം ആരംഭിച്ചു. തിരിച്ച് അയ്യൻകാളിയും സംഘവും അടിതുടങ്ങി. തുടർന്ന് ചിലർ ഊരുട്ടമ്പലം സ്ക്കൂൾ ചുട്ടുചാമ്പലാക്കി. പഞ്ചമിയെന്ന കുട്ടി ഇരുന്ന ബഞ്ചൊഴികെ മറ്റെല്ലാം കത്തിച്ചാമ്പലായ ആ ലഹളയുടെ സ്മാരകമായി ഇന്നും ആ ബഞ്ച് സ്ക്കൂളിൽ സൂക്ഷിക്കുന്നു.
1926-ൽ മാത്തൻതരകൻ എന്നയാൾ അയ്യൻകാളിയെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ തേവൻസ്വാമിയെയും മതപരിവർത്തനം ചെയ്യാൻ നിരന്തരം ശ്രമിച്ചു. അവരുടെ ചോദ്യശരങ്ങൾക്കുമുന്നിൽ മാത്തൻതരകൻ തോറ്റുപിൻവാങ്ങുകയും മതപരിവർത്തനം ഉപേക്ഷിക്കുകയും ചെയ്തതായി തേവൻസ്വാമി പിൽക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
നൂറ്റാണ്ടുകളായി അടിമത്തംപേറി അസമത്വങ്ങൾ അനുഭവിച്ചുജീവിച്ച ജനസാമാന്യത്തെ സമൂഹത്തോടൊപ്പം കൂട്ടിയിണക്കാൻ കാലത്തിന്റെ ഉൾവിളിയുൾക്കൊണ്ടു പ്രവർത്തിച്ച മഹാനായ അയ്യൻകാളിയാണ് തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കുസമരം നയിച്ചത്. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാൻ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളിൽ അധഃസ്ഥിത വിഭാഗത്തിൽപ്പെട്ടവർ പണിക്കിറങ്ങിയില്ല. തുടക്കത്തിൽ സ്വയം കൃഷിയിറക്കി പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചുവെങ്കിലും അതു പരാജയപ്പെട്ടു. ഒടുവിൽ പ്രതികാരബുദ്ധിയോടെ അവർ പാടങ്ങൾ തരിശിട്ടു. തൊഴിലില്ലാതെ കർഷകത്തൊഴിലാളികൾ ദുരിതത്തിലായി. എന്നാൽ മാടമ്പിമാർക്കെതിരായ സമരത്തിൽനിന്നും പിൻവാങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ ജന്മിമാർ കീഴടങ്ങി. തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഒരു പരിധിവരെ അംഗീകരിക്കുപ്പെട്ടതോടെ 1905-ൽ സമരം ഒത്തുതീർപ്പായി. അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കുസമരമാണ് പിൽക്കാലത്ത് കേരളത്തിലുടനീളം കർഷകതൊഴിലാളി മുന്നേറ്റത്തിന് ഊർജ്ജം പകർന്നത്.
വർഗ്ഗസിദ്ധാന്തവും പ്രത്യയശാസ്ത്രപ്പൊലിമയും കടന്നുവരാത്തകാലത്താണ് അയ്യൻകാളി ചരിത്രം സൃഷ്ടിച്ചത്. ജാതീയമായ ഉച്ചനീചത്ത്വങ്ങളുടെ ഭാഗമായി അധഃസ്ഥിത സ്ത്രീകൾ മാറുമറച്ചുകൂട എന്നൊരു വിചിത്രനിയമം അക്കാലത്ത് കേരളത്തിൽ നിലനിന്നിരുന്നു. കർഷകത്തൊഴിലാളിസമരത്തിൽനിന്നും ലഭിച്ച ഊർജ്ജവുമായി അദ്ദേഹം ഈ അനീതിക്കെതിരേ പോരാടാൻ തീരുമാനിച്ചു. തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലുമാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള ജാതിശാസനകളെ തിരസ്ക്കരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചാരത്തിന്റെ വക്താക്കൾ ഇത് ധിക്കാരമായി കരുതി. അയ്യൻകാളിയെ അനുസരിച്ച സാധുജനങ്ങളെ അവർ വേട്ടയാടി. അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറി. ചെറുത്തുനിന്നവരുടെ മുലകൾ അറുത്തുകളഞ്ഞു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ അരങ്ങേറിയത്. അവരിൽനിന്നും പ്രത്യാക്രമണവുമുണ്ടായി. തിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപഭൂമികളായി. രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന് ജനവിഭാഗങ്ങൾ കൊല്ലത്തെ പീരങ്കിമൈതാനത്ത് സമ്മേളിക്കാൻ അയ്യൻകാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടർന്നു നാടും വീടും വിട്ടവർ ഈ സമ്മേളനവേദിയിലേക്ക് ഇരച്ചെത്തി. 1915-ൽ നടന്ന ചരിത്രപ്രസിദ്ധമായ ഈ സഭയിൽവെച്ച് ജാതിയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യപ്രഖ്യാപനത്തെ ഉയർന്നജാതിക്കാർ
മാനിക്കണമെന്നും ആഹ്വാനം ചെയ്തു. അയ്യൻകാളിയുടെ ആഹ്വാനംകേട്ട സ്ത്രീകൾ ആവേശത്തോടെയാണ് കല്ലുമാലകൾ അറുത്തുമാറ്റി. കീഴാളജനവിഭാഗങ്ങൾ നടത്തിയ വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. " കല്ലുമാലസമരം" എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
അയിത്തജാതിക്കാരായ പുലയന്റെയും പറയന്റെയും കുട്ടികളുടെ വിദ്യാഭ്യാസപ്രവേശനം സാദ്ധ്യമാക്കുന്നതിനുവേണ്ടി ജീവിതം മുഴുവൻ പോരാടിയ അയ്യൻകാളി, അന്ത്യകാലത്ത് വെങ്ങാനൂരിൽ തന്നെ കാണാനെത്തിയ ഗാന്ധിജിയോട് ആവശ്യപ്പെട്ടത് തന്റെ സമുദായത്തിൽനിന്നും 10 ബി.എ.ക്കാരെയാണ്. ഇന്ന് സമുദായങ്ങളിൽ ബി.എ.ക്കാരും ബി.എസ് സി.ക്കാരും, എം.എ. ക്കാരും എം.എസ്.സി ക്കാരും, എം.ബി.ബി.എസുകാരും, ഐ. എ.എസ്, ഐ.പി.എസ് നേടിയവർ വരെ വളരെയധികംപേരുണ്ട്. അച്ഛനോടൊപ്പം കൃഷിപ്പണി പഠിച്ച അയ്യൻകാളിയുടെ ദർശനം സാർത്ഥകമായി.
തിളക്കമാർന്ന ഓർമ്മകൾ ബാക്കിയാക്കിപ്പോയ അയ്യൻകാളിയെക്കുറിച്ച് ഇന്നും മലയാളികൾക്കുപോലും നന്നായി അറിയില്ല. കുടുബമഹിമയോ കലാലയ ബിരുദങ്ങളോ അവകാശപ്പെടാനില്ലാത്ത ഈ മഹാത്മാവിനെ കാലമെത്ര കഴിഞ്ഞാലും ആദരപൂർവ്വം സ്മരിക്കപ്പെടുമെന്നു തീർച്ച.
(ഞാൻ പഠിച്ചതും വായിച്ചറിഞ്ഞതുമായ അറിവുകളാണ് ഇവിടെ പങ്കുവെച്ചത്... നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***

ഏയ്, എനിക്ക് തെറ്റിയതാകും"(കഥ)

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
"ഇതേതാ ഈ പുരാവസ്തു? മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ. ഇത്ര വയസ്സായിട്ടും അകത്തെങ്ങാനും ഒതുങ്ങിക്കഴിയാതെ ഇങ്ങനെ വടിയും കുത്തിപ്പിടിച്ച്..."
സ്ഥിരമായി യാത്രചെയ്യാറുള്ള മെയിൻറോഡിനരികിലെ പാലത്തിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ, കുറെ നാളുകൾക്കുശേഷമാണ് ഞാൻ ആ വൃദ്ധയെ കണ്ടത്. 80-85 വയസ്സ് പ്രായം തോന്നിക്കുന്ന, വെളുത്ത് കൊലുന്നനെയുള്ള ശരീരപ്രകൃതി. കൈയ്യിൽ ഊന്നുവടിയുമായി ,വെളുത്തതെങ്കിലും മുഷിഞ്ഞ മുണ്ടും ഇറക്കംകൂടിയ ബ്ലൗസുമിട്ട്, കൺതടങ്ങളിൽ പോയകാലത്തിന്റെ കഷ്ടപ്പാടുകളുടേതെന്ന് തോന്നുംവിധം കറുത്തപാടുകൾ അവശേഷിക്കുന്ന അവരുടെ കാതിൽ വലിയ തോടകൾ അണിഞ്ഞിരുന്നു.
കുറെ നാളുകൾക്ക് മുൻപ് അവിടെ ഒരു യവാവിനെ മാത്രമേ കണ്ടിട്ടുള്ളൂ. ഏതോ ഒരു ഗുഡ്സ് വാൻ കഴുകുന്നത് കാണാമായിരുന്നു. മുൻപ് റോഡിനോട് ചേർന്ന സ്ഥലവും വീടുമായിരുന്നുവെങ്കിലും പാലം പണിതതോടെ വീട് താഴെയും റോഡ് മേലെയുമായി. ഇപ്പോൾ ആ വീട്ടിലേക്ക് പോകണമെങ്കിൽ ഏകദേശം ഒന്നര കിലോമീറ്റർ വളഞ്ഞുപോകണം. അതുകൊണ്ടുതന്നെ അങ്ങോട്ടുള്ള ആൾസഞ്ചാരവും കുറവാണെന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാകുംവിധം അവിടേയ്ക്കുള്ള പാത പുല്ലുനിറഞ്ഞു നില്പുണ്ട്.
ഒന്നോ രണ്ടോ തവണമാത്രം ആ യുവാവിനെ കണ്ടപ്പോൾ അവിടെ വാടകയ്ക്ക് താമസിക്കുന്ന ആരെങ്കിലുമായിരിക്കും എന്നാണ് കരുതിയത്. മുറ്റവും പരിസരവും ഒരിക്കലും വൃത്തിയായി കണ്ടിട്ടില്ല. എന്നാൽ ഇന്ന് ആ സ്ത്രീയെക്കൂടി കണ്ടതൊടെ അതൊരു വാടകവീടാണെന്നത് തെറ്റിദ്ധാരണയാണെന്ന് മനസ്സിലായി.
മഴപെയ്ത് നനഞ്ഞ മുറ്റത്തും പറമ്പിലും വീണുകിടക്കുന്ന മാങ്ങ വളരെ കഷ്ടപ്പെട്ട് പെറുക്കിയെടുക്കുകയാണ് ആ സ്ത്രീ. ആർക്കുവേണ്ടിയാവാം ഇതെല്ലാം പെറുക്കിയെടുക്കുന്നത്? മറ്റാരെങ്കിലും അവിടെ ഉണ്ടാകില്ലേ? ആ യുവാവ് അവരുടെ മകനായിരിക്കുമോ? അയാൾക്ക് മാമ്പഴക്കൊതിയനായ ഒരു കൊച്ചുമിടുക്കൻ ഉണ്ടാകുമോ? എങ്കിൽ അവരുടെ അമ്മയെവിടെ? ഇതിനുമുമ്പ് ഒരിക്കലും അങ്ങനെ ആരെയും അവിടെ കണ്ടിട്ടില്ലല്ലോ? ചിലപ്പോൾ അവർ മറ്റൊരു വീട്ടിലാകാം താമസിക്കുന്നത്. വല്ലപ്പോഴും ഇവിടെ അമ്മയെ കാണുവാൻ വരുന്നതാകാം.
അപ്പോൾ ആ വയസ്സായ അമ്മ തനിയെയായിരിക്കുമോ ഇത്രയും വലിയ വീട്ടിൽ താമസിക്കുന്നത്? ആരുടേയും സഹായമില്ലാതെ അവർക്ക് ഇവിടെ താമസിക്കുവാനാകുമോ, അതും ഇക്കാലത്ത്. അങ്ങനെ ഒരു നൂറ് സംശയങ്ങൾ എന്റെ മനസ്സിൽ ഉദയംചെയ്തു.
വീണ്ടും എന്റെ കണ്ണുകളിൽ ആ വൃദ്ധയുടെ രൂപം തെളിഞ്ഞുവന്നു. പ്രായമേറെയായിട്ടും അവരുടെ ഓരോ ചുവടുവെയ്പ്പുകളും ശക്തമായിരുന്നു. അവരുടെ കണ്ണുകളിൽ പെയ്തൊഴിഞ്ഞ മഴയുടെ തോരാത്തകണ്ണീർ ഞാൻ കണ്ടു. തീയിൽ കുരുത്ത് വെയിലേറ്റാൽ വാടാത്ത ജീവിതാനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു ധീരവനിത അവരുടെയുള്ളിൽ ഒതുങ്ങിയിരിപ്പുണ്ട്.
വർഷം പെയ്തുതുടങ്ങിയതോടെ ആ വീട് കൂടുതൽ കാടുപിടിച്ചതുപോലെ കാണപ്പെട്ടു. വലിയ പറമ്പിനുള്ളിൽ പാലത്തിനേക്കാൾ പഴക്കമുള്ള, പഴയൊരു വീട്. വർഷങ്ങളായി അവിടെ വീടിന്റെ അറ്റകുറ്റപ്പണികൾ യാതൊന്നും നടന്നിട്ടില്ല. റോഡിലൂടെ നോക്കിയാൽ കാണുന്ന വീടിന്റെ അതിരുകളിലെല്ലാം വയസ്സൻ ശീമക്കൊന്ന ശാഖോപശാഖകളായി വളർന്നു നില്ക്കുന്നുണ്ട്. അവയിൽ ചിലത് പുവിട്ടുനില്പുണ്ട്. ആ വീടിനപ്പുറം ഒഴിഞ്ഞ സ്ഥലങ്ങളാണ്. അതുകഴിഞ്ഞാൽ പുഴ. ഒരു വാഹനത്തിന് കടന്നുപോകുവാനുള്ള വഴി ആ സ്ഥലത്തോടുചേർന്ന് കാണാമെങ്കിലും കൊന്നയുടെ ശാഖകൾ വഴിമുടക്കികളായി നിലകൊള്ളുന്നു. എപ്പോഴെങ്കിലും ഒരു വാഹനം അതുവഴി കടന്നുപോയിരുന്നുവെങ്കിൽ തീർച്ചയായും കൊന്നമരങ്ങൾ അങ്ങനെ കാണപ്പെടില്ലെന്ന് നിശ്ചയം.
ഒരു കാൽനടപ്പാതയൊഴിച്ചാൽ വഴിയുടെ ഇരുവശവും തൊട്ടാർവാടിയും കുറുന്തോട്ടിയും ഊരോത്തുംകായും മറ്റുപുല്ലുകളും നിറഞ്ഞുനില്ക്കുന്നു. പാമ്പോ, മറ്റുവല്ല ഇഴജന്തുക്കളോ ഒളിഞ്ഞിരുന്നാലും കാണാത്ത അവസ്ഥ. പുഴയുടെ തീരപ്രദേശമായതിനാൽ തെങ്ങിനും മറ്റും നനയ്ക്കേണ്ട ആവശ്യമില്ല. വിളഞ്ഞതും കരിക്കും മെച്ചിലും കൂടാതെ വിളഞ്ഞുണങ്ങി തെങ്ങിൽ കടിച്ചുതൂങ്ങിയതുപോലെ ഏതാനും കുലകളും, കാറ്റിൽ ആടിയുലയുന്ന ഉണങ്ങിയ ഓലയും മടലുമെല്ലാം താഴേക്ക് വീഴാതെ തെങ്ങിൽ ചേർന്നുകിടക്കുന്നു. താഴെ ഉണങ്ങിയതും ദ്രവിച്ചുതുടങ്ങിയതുമായ ഓലയും നാളികേരവും ആരേയും കാണാതെ മണ്ണോടുചേരുവാൻ തയ്യാറെടുക്കുകയാണ്.
മുറ്റത്ത് ഒന്നോ രണ്ടോ നാട്ടുമാവുകളുണ്ട്. അതിൽ ഇപ്പോൾ മാമ്പഴം കുറവാണ്. എങ്കിലും കറുത്ത പുള്ളികളോടെ ഏതാനും ചിലവ ഇപ്പോഴും മാവിന് അലങ്കാരമായി കിടപ്പുണ്ട്. അണ്ണാനും കാക്കയും കൊത്തിയതോ, കാറ്റിലും മഴയിലും വീണതോ ആയ ചിലത് മാവിന്റെ ചുവട്ടിൽ കിടപ്പുണ്ട്.
വർഷങ്ങൾക്കുമുൻപ് ഒരുപക്ഷെ ആ വൃദ്ധയോ അവരുടെ ഭർത്താവോ ആയിരിക്കാം അതിനെ നട്ടുനനച്ചു വളർത്തിയത്. മാവിന്റെ വളർച്ചയോടൊപ്പം അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വളർന്നിരിക്കാം. മാവ് വളർന്നു വലുതായപ്പോൾ അവരുടെ മക്കളും അതിൽ ഊഞ്ഞാലുകെട്ടി ആടിയിരിക്കാം.
"ആദ്യം ഞാൻ ആടാം. എന്നിട്ട് ഉണ്ണിക്ക്."
"വേണ്ടവേണ്ട. എനിക്ക് ആദ്യം ആടണം. എന്നിട്ട് ചേട്ടന്."
"എന്നാ നമ്മക്ക് ഒരു കാര്യം ചെയ്യാം. ആദ്യം ഉണ്ണി പത്തുപ്രാവശ്യം ആടണം. പിന്നെ ചേട്ടൻ പത്തുപ്രാവശ്യം. "
"ആ.."
"രണ്ടുഭാഗത്തും മുറുക്കിപ്പിടിച്ചോ ട്ടോ.
വീണാൽ അമ്മേടെ അടികിട്ടുന്നത് ചേട്ടനാവും."
"ഞാൻ വീഴൂല.."
കയറുകൊണ്ടു കെട്ടിയ ഊഞ്ഞാലിൽ ഓലമടൽ മുറിച്ചെടുത്ത് ഇരിക്കുവാൻതക്ക അളവിലാക്കി ഇരുവശത്തും ചെറിയ ഗ്യാപ് ഉണ്ടാക്കി മടൽ വീഴാതിരിക്കാൻ അവരും ശ്രദ്ധിച്ചിരിക്കാം.
ഒറ്റയ്ക്കും പിന്നെ ഉണ്ണിയെ മടിയിലിരുത്തിയും അവർ ഊഞ്ഞാലാടിയിട്ടുണ്ടാവാം. മാവിൽനിന്ന് അല്പം താഴോട്ടുചാഞ്ഞ് മുന്നിലായി നില്ക്കുന്ന ചില്ലകളിലൊന്നിൽ ഊഞ്ഞാലാടിക്കൊണ്ട് പാദങ്ങളാൽ സ്പർശിക്കുവാൻ അവരും ശ്രമിച്ചിരിക്കാം. ഒടുവിൽ ഊഞ്ഞാലിൽനിന്ന് താഴെവീണ് ഉണ്ണി വലിയവായിൽ കരഞ്ഞിട്ടുണ്ടാകാം.
"കരയാതെ ഉണ്ണിക്കുട്ടാ. അമ്മ കണ്ടാൽ ഉണ്ണിക്കുട്ടനെ തട്ടിയിട്ടുവെന്നുപറഞ്ഞ് അമ്മ ഏട്ടനെ അടിക്കും. ചക്കരക്കുട്ടനല്ലേ കരയാതെ. ഏട്ടൻ നാളെ സ്ക്കൂളിൽനിന്ന് വരുമ്പോൾ നാരങ്ങാമിഠായി കൊണ്ടുത്തരാം." എന്ന് ആ പാവം ഏട്ടൻ ഭയത്തോടെ പറഞ്ഞുവോ?
പിറ്റേന്നുമുതൽ ഞാൻ അവിടെയെത്തുമ്പോൾ ആദ്യം നോക്കുക ആ വൃദ്ധ അവിടെയുണ്ടോ എന്നാണ്. ആ വൃദ്ധയെ അവിടെ കണ്ടില്ലെങ്കിൽ എന്തോ ഒരു നഷ്ടബോധമാണ്. ചില ദിവസങ്ങളിൽ അവർ ചിലപ്പോൾ നീളമുള്ള കമ്പുകൊണ്ട് മുറ്റത്ത് വീണുകിടക്കുന്ന ഉണങ്ങിയതും പഴുത്തതുമായ ഇലകൾ കുത്തിയെടുക്കുന്നത് കാണാമായിരുന്നു. മറ്റാരും ആ വീട്ടിലില്ലെന്ന് എനിക്ക് വ്യക്തമായി. മുറ്റമടിക്കുവാനോ കുമ്പിട്ടുജോലിചെയ്യുവാനോ അവർ അശക്തയാണെന്നു വ്യക്തം.
ആദ്യം ഒരു പുരാവസ്തു എന്നൊക്കെ പരിഹസിച്ചുവെങ്കിലും പോകപ്പോകെ ആ വൃദ്ധയെ, അല്ല അമ്മയെ വീടിന്റെ മുറ്റത്ത് കാണാതാവുമ്പോൾ എന്തോ ഒരു ശൂന്യതയാണ് മനസ്സിൽ. എനിക്ക് അമ്മയോടോ, അമ്മയ്ക്ക് എന്നോടോ എന്തൊക്കെയോ പറയുവാനുണ്ടെന്ന് മനസ്സ്.
പകലിന്റെ ചിത്രങ്ങൾക്ക് മാറ്റങ്ങൾസംഭവിച്ചു. ഇരുണ്ട പ്രഭാതങ്ങളും നനഞ്ഞ പകലുകളും സന്ധ്യയുടെ നേരത്തെയുള്ള വരവുകളും, ഇരുൾ മൂടിയ രാത്രിയ്ക്ക് വർണ്ണങ്ങളും പെരുമ്പറ ശബ്ദങ്ങളും അകമ്പടിയായി. പുറത്തിറങ്ങുവാൻ മടിതോന്നുംവിധം മഴയും തണുപ്പും. കിണറിലും കുളങ്ങളിലും വയലുകളിലും തോടുകളിലുമെല്ലാം വെള്ളം നിറയുവാൻ തുടങ്ങി. ഒപ്പം പുഴയും അതിർത്തി ഭേദിക്കുവാൻ ശ്രമിക്കുന്നുണ്ട്.
പുഴയിലെ ജലവിതാനം ഇനിയും കൂടുവാനിടയുണ്ട്. അങ്ങനെവന്നാൽ അമ്മയുടെ കാര്യം...! കുറച്ചു ദിവസമായി വീടിന്റെ വാതിൽ അടഞ്ഞുകിടക്കുകയാണ്. അമ്മയ്ക്ക് അസുഖം വല്ലതുമായിരിക്കുമോ? കാലാവസ്ഥ മാറിയില്ലേ... പനിയോ മറ്റോ.. അവിടെവരെ ഒന്നു പോയി നോക്കിയാലോ.. മനസ്സ് അങ്ങനെ ഒരു യാത്രയ്ക്ക് തയ്യാറായിക്കഴിഞ്ഞു. എന്നെ അറിയാത്ത, ഞാൻ അറിയാത്ത ആ അമ്മയുടെ അടുത്തേക്ക് ഒരു യാത്ര.
അന്ന് ഞായറാഴ്ചയാണ് ഞാൻ അങ്ങോട്ട് പുറപ്പെട്ടത്. അവധിദിനമായതിനാൽ ആ വീട്ടിൽ ഏതെങ്കിലും സന്ദർശകർ വരുന്നുണ്ടെങ്കിൽ അറിയാം. ഒരുപക്ഷെ, അമ്മയുടെ മക്കൾ ആരെങ്കിലും!
പാലംകഴിഞ്ഞ് അങ്ങോട്ടുള്ള ചെമ്മൺ പാതയിലൂടെ ഞാൻ സ്ക്കൂട്ടറിൽ ആ വീടിനരികിലെത്തി. വഴിയിലേക്ക് കൊന്നയുടെ ശാഖകൾ ചാഞ്ഞുകിടക്കുന്നതിനാൽ സ്കൂട്ടർ ഒരിടത്ത് വെച്ച് ഞാൻ നടന്നു. താഴെ വളർന്നു വലുതായ പുൽച്ചെടികൾ എന്റെ കാലുകളെ പുണരുന്നുണ്ടായിരുന്നു. തൊട്ടാർവാടികൾ എന്നെ കണ്ടില്ലെന്നുനടിച്ച് ഒതുങ്ങിക്കൂടി. കൊന്നയുടെ ചില ചില്ലകൾ കൈകൊണ്ട് ഒടിച്ചുമാറ്റി ഞാൻ വീട്ടുമുറ്റത്തേക്ക് നടന്നു.
അപ്പോഴാണ് ഒരു കാര്യം ഞാൻ ഓർമ്മിച്ചത്. ആ പറമ്പിലേക്ക് ഒരു കാൽനടവഴി ഉള്ളതുപോലെ ഒരു നടപ്പാത എതിർദിശയിലേക്കും പോകുന്നുണ്ട്. അതു ചെന്നെത്തുന്നത് പുഴയോരത്തേക്കാണ്. തോടും ചിറയുമൊക്കെയായി ആ പ്രദേശം പുഴവരെ പുല്ലുനിറഞ്ഞുനില്ക്കുകയാണ്. ഓരോ ചിറയിലും ഇടവിട്ടിടവിട്ട് കേരവൃക്ഷങ്ങൾ നില്പുണ്ട്. അതിനിടയിലൂടെ നടന്നാൽ ശാന്തമായൊഴുകുന്ന പുഴ.
ഒരുപാട് തവണ ഒരുപക്ഷെ ആ അമ്മയും അവരുടെ ഭർത്താവും ആ പുഴയുടെ തീരത്തിരുന്ന് സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെച്ചിരിക്കാം. പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നിരിക്കാം. അവരുടെ വിരസമായ ദിവസങ്ങളിൽ പുഴയോട് സങ്കടം പറഞ്ഞിരിക്കാം. പുഴയിലെ ഓളങ്ങളിൽ തിളങ്ങുന്ന വെള്ളിമണികളെക്കണ്ട് കോരിയെടുത്ത് പരസ്പരം വാരിയെടുത്തെറിഞ്ഞിരിക്കാം.
പുഴയും അവരോട് സല്ലപിച്ചിട്ടുണ്ടാവില്ലേ? മനസ്സിൽ പുഴയോരത്തിരിക്കുന്ന ഒരു യുവാവിന്റെയും യുവതിയുടെയും രൂപം തെളിഞ്ഞുവന്നു. അവർ തൊട്ടുരുമ്മി ആ പുഴയിലേക്കുനോക്കി എന്തോ പറയുന്നുണ്ട്. പൂർവ്വകാലസ്മൃതികൾ അയവിറക്കുകയാണോ? പുഴയോട് നന്ദി പറയുകയുമാവാം. പട്ടിണിയിൽ പുഴയിലെ മീനുകളേയും കക്കയും നൽകി വിശപ്പടക്കാൻ സഹായിച്ചതിന് കഷ്ടതകൾക്കറുതി വരുമ്പോൾ എന്തു പകരം നൽകണമെന്ന് ചോദിച്ചതാണോ? കടവിൽ കെട്ടിയിട്ട കളിത്തോണി കാറ്റിൽ അഴിഞ്ഞുപോയതിന് പരിഭവം പറഞ്ഞതുമാകാം. അതോ, അവരുടെ കുഞ്ഞുമക്കളെ കാത്തോളണമേയെന്ന് അപേക്ഷിച്ചതാണോ?
നിലാവുള്ള നിശകളിൽ പുഴയുടെ തീരത്ത് മലർന്നുകിടന്ന് വിണ്ണിലെ താരകങ്ങളോട് കളിപറഞ്ഞിരിക്കാം. വാനിലെ പൗർണ്ണമിത്തിങ്കൾ താഴത്തുതിച്ചതുകണ്ട് അമ്പരന്നിരിപ്പാണോ? നാളെയുടെ സ്വപ്നങ്ങൾ നെയ്തെടുക്കുകയാവാം.
നാലുപാളികളുള്ള ഉമ്മറവാതിൽ അപ്പോഴും അടഞ്ഞുകിടക്കുകയായിരുന്നു. വന്നത് വെറുതെയാകുമോ എന്നൊരു സംശയം എന്നിൽ ഉടലെടുത്തുവെങ്കിലും അമ്മയെ കണ്ടിട്ടേ തിരിച്ചുപോകൂവെന്ന് ഞാൻ തീരുമാനിച്ചു.
പുഴ എന്തായിരിക്കും അവരോട് ചോദിച്ചത്? വേലിയേറ്റവും വേലിയിറക്കവും കണ്ട് ഭയപ്പെടരുതെന്നാണോ?
എപ്പോഴെങ്കിലും അവർ പിണങ്ങുവാനിടയായി ആരെങ്കിലും ആ പുഴയിൽ ജീവിതം അവസാനിപ്പിക്കാമെന്ന് കരുതിയിരിക്കുമോ?
"നീ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്? നീ പോയാൽ എനിക്കുപിന്നെ കൂട്ടിനാരാണുള്ളത്" എന്ന് അമ്മയോട് അച്ഛൻ ചോദിച്ചിരിക്കുമോ? തെറ്റ് ക്ഷമിക്കണമെന്ന് ഏറ്റുപറഞ്ഞ് അമ്മ നിറമിഴികളാൽ അച്ഛന്റെ പാദം കഴുകിയിരിക്കുമോ?
മരണംവരെ ഞാൻ കൂടെയുണ്ടാകുമെന്ന വാക്കുകേട്ട് ഒരു മനസ്സും രണ്ടുടലുകളുമായി ഒരു നല്ലജീവിതപങ്കാളികളായി ഒരുമയോടെ അവർ ജീവിച്ചിരിക്കാം.
പുഴയോരത്തുനിന്ന് ഒരു തണുത്തകാറ്റ് എന്നെ തഴുകിയതുപോലെ തോന്നി. അമ്മയെ കണ്ടുസംസാരിച്ച് ഒരിക്കൽക്കൂടി അമ്മയോടൊപ്പം ആ പുഴയോരത്തു പോകണം. അമ്മയുടെ നാവിൽനിന്നുതന്നെ അവരുടെ ജീവിതകഥകൾ ഒഴുകിവരുന്നത് കാണണം. ഒറ്റയ്ക്കല്ല കൂട്ടിനായി ഞാനുമുണ്ടെന്ന് ബോദ്ധ്യപ്പെടുത്തണം.
ഞാൻ വീണ്ടും വീട്ടിലേക്കു നടന്നു. വീടിന്റെ വാതിലും വശങ്ങളിലെ ഇരു ജാലകങ്ങളും അടഞ്ഞുകിടക്കുന്നു. വാതിലിനരികിലായി ചുമരിൽ എന്തോ എഴുതിയ ചെറിയ ബോർഡുണ്ട്. വീടിന്റെ പേരെഴുതിയ ബോർഡാകുമെന്ന് ഞാൻ ഊഹിച്ചു. ദൂരക്കാഴ്ച കുറവായതിനാൽ ഞാൻ കണ്ണടയെടുത്തുവെച്ച് നോക്കി.
"വീട് വില്പനയ്ക്ക്" എന്നെഴുതിയ പഴയൊരു ബോർഡ്. അതിലെ എല്ലാ അക്ഷരങ്ങളും വ്യക്തമല്ലായിരുന്നു. വളരെ പഴക്കമുള്ള ഒരു ബോർഡാണെന്ന് വളരെ വ്യക്തം.
ഞാൻ ചുറ്റും നോക്കി. മുറ്റം നിറയെ ചപ്പുചവറുകൾ നിറഞ്ഞു കിടപ്പുണ്ട്. അത്രയധികം ചപ്പുചവറുകൾക്കിടയിലൂടെയാണ് ഞാൻ നടന്നതെന്ന് അപ്പോഴാണ് അറിഞ്ഞത്. വീടിന്റെ മുകളിലെ നില ഓടുമേഞ്ഞതാണ്. എട്ടുകാലികൾ വല നെയ്തു നിറച്ചിട്ടുണ്ട്. വീടിന്റെ അകത്തേക്ക് എത്തിനോക്കുവാനെന്നവണ്ണം അടർന്നുവീണ ഒരു ജനൽപ്പാളിയുടെ ചില്ല് താഴെ പൊട്ടിച്ചിതറി കിടപ്പുണ്ട്. അതിലൂടെ ഞാൻ അകത്തേക്ക് നോക്കി.
വലിയൊരു ഹാളിലേക്കാണ് ഉമ്മറവാതിൽ. അകത്ത് മരത്തിൽ പണിതീർത്ത ഏതാനും ഫർണിച്ചറുകൾ മാത്രം. ഭിത്തിയിൽ മുകളിലായി കുറെ ഫോട്ടോകൾ കൊളുത്തിയിട്ടിട്ടുണ്ട്. പലതും അവ്യക്തമാണെങ്കിലും ഞാൻ വെറുതെ എല്ലാമൊന്നു കണ്ണോടിച്ചു. അപ്പോഴാണ് അമ്മയുടേതെന്ന് തോന്നിപ്പിക്കുന്ന പൊടിപിടിച്ച ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ അതിനിടയിൽ കണ്ടത്. തൊട്ടടുത്ത് ഞാൻ മുൻപൊരിക്കൽ കണ്ട യുവാവിന്റെയും. എന്നാൽ അവ രണ്ടും മാല ചാർത്തിയ വളരെ പഴയ ഫോട്ടോ ആയിരുന്നു.
അപ്പൊ ഞാൻ കണ്ടതൊക്കെ. .?
"ഏയ് എനിക്ക് തെറ്റിയതാകും.."
തിരിച്ചു സ്കൂട്ടറിടുത്തേക്ക് എത്തിയപ്പോഴാണ് ഞാൻ ഒരു കാര്യം മനസ്സിലാക്കിയത്, ഞാൻ നടക്കുകയല്ല, ഓടുകയായിരുന്നു എന്ന സത്യം!
***മണികണ്ഠൻ അണക്കത്തിൽ***
02/07/2019
Copyright protected.

നെടുവീർപ്പുകൾ (കഥ)

Image may contain: 1 person, closeup
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
അച്ഛന്റെ പ്ലേറ്റിൽനിന്നും ഒരു വലിയ ഉരുള ചോറുരുട്ടി, കുഞ്ഞായിരുന്ന എന്റെ വായിലേക്ക് അച്ഛൻ വെച്ചുതരുമ്പോൾ താഴെ വീഴാതിരിക്കാൻ ഞാൻ കൈകൊണ്ട് താങ്ങിപ്പിടിക്കും. അതുകാണുന്നേരം അമ്മയുടെ കണ്ണും അച്ഛന്റെ മനസ്സും നിറയുന്നതുപോലെ എന്റെ വയറും നിറഞ്ഞിരുന്നു.
"ഇനി മോൻപോയി കൈയ് കഴുകി വാ."
ചോറുണ്ട കൈ ട്രൗസറിൽ തുടയ്ക്കുന്നതിനുമുമ്പേ അമ്മ പറയും. മുറ്റത്ത് മൺകുടത്തിൽ ചിരട്ടകൊണ്ട് അടച്ചുവെച്ച വെള്ളത്തിൽനിന്ന് കുറച്ചുവെള്ളം ചെരിച്ച് ഞാൻ കൈ കഴുകും. അടുത്തായി വെള്ളമില്ലാതെ കാലിയായ ചെറിയ കുടത്തിലേക്ക് അമ്മ കാണാതെ ചിരട്ടകൊണ്ട് കുറച്ചു വെള്ളം അതിനുമുകളിലേക്ക് ഒഴിക്കും. എന്തിനാണെന്ന് അറിയുമോ? വെള്ളം ഒഴിക്കുമ്പോൾ കുടത്തിനുള്ളിൽനിന്ന് 'ശീ' എന്നൊരു ശബ്ദം കേൾക്കാം.
"വേണൂ, വെള്ളത്തീ കളിച്ചത് മതീട്ടോ. അമ്മേടെക്കന്ന് അടി വാങ്ങേണ്ടെങ്കിൽ വേഗം വന്നോ. "
ഞാൻ അപ്പോഴും കുടത്തിന്റെ വായിലേക്ക് ചെവിയും വട്ടംപിടിച്ചിരിക്കുകയാവും.
"അവൻ കുട്ടിയല്ലേടീ... അവൻ കളിക്കട്ടെ."
"ആ നിങ്ങക്ക് അതുപറയാം. എന്തോരം വഴി പോയിട്ടാ രണ്ടുകൊടം നല്ലവെള്ളം കുണ്ടരുണതെന്നറിയാമോ?"
"പോട്ടെടീ സാരല്ല്യ. ഇമ്മടെ മോൻ വലുതാവുമ്പൊ അവൻ വല്ല്യൊരു ജോലിക്കാരനാവും. അപ്പൊ നമ്മക്കും ഒരു കെണറ് കുത്താം. "
"അതെ... അതൊക്കെ ദേ നാളെ നടക്കാൻ പോണതല്ലേ..?"
"നീ കളിയാക്കണ്ടടീ അവൻ പഠിച്ച് മിടുക്കനാവും.."
അച്ഛൻ എന്റെ അടുത്തുവന്ന് എന്നെ എടുത്തുകൊണ്ടു പറയും.
"അവന്റെ ജാതകത്തിലിണ്ട്, ഒരു സർക്കാരുദ്യോഗസ്ഥനാവും ന്ന്. "
"അതേടീ.. നീ നോക്കിക്കോ.. അവൻ ഇപ്പോഴേ ഒന്നാമനല്ലേ.."
അച്ഛൻ എന്നെയെടുത്ത് മേലേക്കുയർത്തി വട്ടംകറക്കും. അതു കാണുമ്പോൾ അമ്മ പറയും;
"ദേ, ആ കളി വേണ്ടാട്ടോ.. കൈയെങ്ങാനും വിട്ടാലേ.."
"അങ്ങനെ അങ്കട് വിടോടീ.. നീ നോക്കിയേ ഈ കൈ കണ്ടാ. "
അച്ഛൻ കൈയിന്റെ ആരോഗ്യം അമ്മയുടെ കൈത്തണ്ടയിൽ ഒരു നേരിയ ഇടിയോടെ തെളിയിക്കും. അച്ഛൻ പതുക്കെ ഇടിച്ചാലും അമ്മയ്ക്ക് വേദനിക്കും. അമ്മ പറയും;
"നിങ്ങടെ ആ മരക്കൈയ്യോണ്ട് എന്നെ ഇടിക്കല്ലേട്ടാ.. എന്റെ ജീവൻ പോയി. ഇനി ഒരാഴ്ച്ചക്ക് ഈ കൈയ്യൊന്ന് അനക്കാൻ പറ്റൂല്യ."
അപ്പോൾ അച്ഛൻ അമ്മയെക്കൂടി ചേർത്തുപിടിച്ച് ആ കൈയ്യിൽ തലോടിക്കൊടുക്കും. കുറച്ചു കഴിഞ്ഞ് അച്ഛൻ ചോദിക്കും;
"ഇപ്പൊ വേദന പോയോ?"
അല്പം ചിരിച്ചുകൊണ്ട് അമ്മ തലയാട്ടും. അച്ഛനും ചിരിക്കും. എന്നാൽ അപ്പോൾ അമ്മയുടെ കണ്ണുനിറഞ്ഞ് അമ്മ കരയുന്നത് എന്തിനാണെന്ന് എനിക്ക് അന്ന് മനസ്സിലായില്ല.
"അമ്മ എന്തിനാ കരയണത്" എന്നു ചോദിച്ച് ഞാൻ ആ കണ്ണു തുടയ്ക്കുമ്പോൾ അമ്മ എന്നെ വാരിയെടുത്ത് ഉമ്മ വയ്ക്കും.
"ഇനി മോൻപോയി പുസ്തകം എടുത്തുവച്ച് വായിക്ക്. തിങ്കളാഴ്ചയ്ക്ക് എന്തെങ്കിലും എഴുതിക്കൊണ്ടുചെല്ലാൻ ടീച്ചർ പറഞ്ഞിട്ടുണ്ടോ?"
"ഉം. അതൊക്കെ ഞാൻ എഴുതിവെച്ചു."
"എന്നാ മോൻ പുസ്തകം എടുത്തുവച്ച് വായിക്ക്. അമ്മയ്ക്ക് കൊറച്ചുംകൂടി ഓല മെടയാനുണ്ട്."
"ഞാനും വരും അമ്മേടെടുത്തിക്ക് ഓല മെടയുന്നോടത്തിക്ക്. "
"അപ്പൊ മോന് പഠിക്കണ്ടേ..?"
"അത് വൈന്നേരം പഠിക്കാം. "
"സുഭദ്രേ, ഞാനാ വേലുണ്ണീനെ ഒന്ന് കണ്ടിട്ട് വരാം. ഇപ്പൊഴേ പറഞ്ഞാലേ മഴ തൊടങ്ങുന്നേന് മുമ്പ് അവര് വരുള്ളൂ. "
"അത് ശരിയാ. അവരുക്കും തെരക്കല്ലേ. ഇനീം വേണം മൂന്നാലുകെട്ട് ഓലേങ്കൂടി. എന്നാലേ പന്ത്രണ്ടുകെട്ട് ആവൊള്ളൂ."
"ആ, ഇനീപ്പോ ഇവടെ അടുത്തൊന്നും കിട്ടില്ല. എല്ലാരും വാങ്ങിക്കഴിഞ്ഞിട്ടുണ്ടാവും."
"ആ, എല്ലാരും പെര കെട്ടിക്കഴിഞ്ഞു. ഇനി നമ്മടേം പിന്നെ അവടെ വെളക്കന്തലത്തേം മാത്രള്ളൂ. പെര കെട്ടീലെങ്ങ മഴ പെയ്യാണ്ടാവുമ്പോ ആൾക്കാര് പറയും നമ്മടെ പെര കെട്ടാത്തോണ്ടാന്ന്."
"ഇല്ല.. അവരോടുതന്നെ ഒന്ന് ചോദിക്കട്ടെ. എവടെങ്കിലും ഓല ബാക്കി ഇണ്ടോന്ന്. ഇല്ലെങ്കിൽ മതിരംപുള്ളീന്ന് കിട്ടും."
"അയ്യോ.. അതൊന്നും വേണ്ട. ഒരു വസ്തിന് കൊള്ളാത്ത മുണ്ടനോല രണ്ടെണ്ണം കൂട്ടിവെച്ച് മൊടഞ്ഞ് വെലുതാക്കി വെലുതിന്റെ കാശ് വാങ്ങും. കെട്ടഴിച്ച് പെരേമൽക്ക് എറിഞ്ഞുകൊടുക്കാൻ നേരത്താ കാണൊള്ളൂ. അതിലും ഭേദം നമ്മടെ തെങ്ങിന്റ ഓലതന്നെയാ.."
"അതും ശരിയാ.. ഞാൻ സഹായിക്കണോ നിന്നെ..?"
"തൽക്കാലം വേണ്ട. ഇതൊക്കെ ഞങ്ങൾ പെണ്ണുങ്ങൾക്കുള്ള ജോലിയാണ്. നിങ്ങൾ തെങ്ങ് കേറാൻ വരുന്ന ശങ്കരനെ ആ ചായപ്പീടേലെങ്ങാനും കണ്ടാ പറയണം വന്ന് തെങ്ങുകേറിത്തരാൻ. പിന്നെ കൊറച്ചു കൊതുമ്പും വെട്ടിത്തരാൻ. അത് വെള്ളത്തിലിട്ട് കീറി വള്ളിയാക്കിവെക്കണം. പോരാത്തത് ഓലമടലീന്ന് നാര് ചെത്തിയെടുക്കാം. "
"ആ ഞാനത് മറന്നു. ഞാൻ അവനെ പോയി കാണട്ടെ."
അച്ഛൻ കള്ളിമുണ്ടും വെളുത്തു ചെറിയ ഓട്ടയുള്ള ബനിയനുമിട്ട് രണ്ടുകൈയ്യും വീശി നടക്കും. നേരെ കാതിര് മാപ്ലേടെ ചായപ്പീടികയിലേക്ക്. അവിടെയാണ് മിക്കവാറും അവരൊക്കെ ഒത്തുചേരുന്നത്. അതിനോട് ചേർന്നാണ് കരീമാക്കായുടെ പലചരക്ക് കടയും.
"ദേ, പിന്നേ, വരുമ്പൊ ഇത്തിരി ഒണക്കച്ചെമ്മീൻ വാങ്ങിക്കൊ. കൂട്ടാത്തിന് ഒന്നുമില്ല. "
കിഴക്കേ ഇടവഴിയിലൂടെ അച്ഛൻ നടന്നുനീങ്ങുന്നത് കണ്ണെത്തുംവരെ അമ്മ നോക്കിനില്ക്കും. എന്നിട്ട് ഒരു നെടുവീർപ്പോടെ അമ്മ വീടിന്റെ ഉമ്മറത്ത്
വാതിലിനു മുകളിലായി ചില്ലിട്ടുവെച്ച ദൈവങ്ങളുടെ ഫോട്ടോയിലേക്ക് നോക്കി കണ്ണടച്ച് എന്തോ പ്രാർത്ഥിക്കുമ്പോഴും എനിക്ക് അറിയില്ലായിരുന്നു അമ്മ എന്താണ് പ്രാർത്ഥിച്ചതെന്ന്.
അമ്മ വീടിന്റെ കിഴക്കേപ്പാടത്തിനടുത്തുള്ള പൊട്ടക്കുളത്തിനരികിലേക്ക് പോകും, അവിടെ വെള്ളത്തിൽ കെട്ടിയിട്ടിരിക്കുന്ന കീറിയ ഓലക്കെട്ട് വലിച്ചു കൊണ്ടുവരാൻ. അമ്മയുടെ വിരലിൽ തൂങ്ങി ഞാനും കൂടെപ്പോകും. ഇടവഴിയിലെ വേനപ്പച്ചയുടെ ഇല പൊട്ടിച്ച് തള്ളവിരലും ചൂണ്ടാണിവിരലും വട്ടം കൂട്ടിപ്പിടിച്ച് അതിനുമേലെ വെച്ച് മറുകൈത്തലംകൊണ്ട് ആഞ്ഞടിച്ചു പടക്കം പൊട്ടിച്ചുകൊണ്ട്. ഇടയ്ക്ക് അമ്മയുടെ ചെവിയുടെ അരികിലേക്ക് ചേർത്തുപിടിച്ച്. അപ്പോൾ അമ്മയ്ക്ക് ദേഷ്യം വരും.
"ചെക്കൻ വെല്ലാണ്ട് കൊഞ്ചുണുണ്ട് ട്ടാ. നല്ല അടി കിട്ടാത്ത കൊഴപ്പാ."
കുറുന്തോട്ടിയും തുമ്പയും മഞ്ഞപ്പൂക്കളുള്ള ചെടികളും വഴിയരികിൽ കാണും. അവയുടെ ഇടയിലൂടെ തേൻകുടിച്ചുകൊണ്ട് മഞ്ഞത്തുമ്പിയും വെളുത്ത തിളങ്ങുന്ന ചിറകുള്ള കുഞ്ഞിത്തുമ്പിയും കൂടെ കറുത്ത തുമ്പിയുമുണ്ടാകും. ഞാൻ അവയിലേതെങ്കിലും പിടിക്കുവാൻ ശ്രമിക്കുമ്പോൾ അമ്മ പറയും;
"വേണ്ട മോനെ. അവറ്റേള് അവടെ പറന്നു നടന്നോട്ടെ."
"ഇനിക്ക് കല്ലെടുപ്പിക്കാനാ... ഒരെണ്ണം പിടിച്ചുതരോ അമ്മേ..?"
"അയ്യോ, അത് പാവല്ലേ മോനെ.. അവറ്റേളെ ഉപദ്രവിക്കാൻ പാടില്ല.. മോൻ വാ. നമ്മക്ക് വേഗം നടക്കാം."
വഴിയുടെ ഇടതുവശത്തെ കൈതവേലിയിലിടയിലൂടെ നുഴഞ്ഞെന്നവണ്ണം ഞങ്ങൾ പാടവരമ്പത്തേക്ക് ഇറങ്ങും. ആ വരമ്പ് ചെന്നു ചേരുന്നത് കുളത്തിലേക്കാണ്.
പാടത്തിനരികിലുള്ള ഒഴിഞ്ഞ വലിയ പറമ്പിന്റെ ഒരറ്റത്ത് മൂലയിലാണ് ആ കുളം. ആരും ആ കുളത്തിൽ കുളിക്കുകയോ ഇറങ്ങുകയോ ഇല്ല. ബാലമേനോന്റെയാണ് ആ വലിയ പറമ്പ്. ഒന്നുരണ്ട് ഏക്കർ പറമ്പുണ്ടാകും. കൂടാതെ അതിന് ചുറ്റും കുറെ വയലുകളും എല്ലാം അവരുടെ സ്വന്തമാണ്. ആരും അധികം സഞ്ചരിക്കാത്ത അവരുടെ ഈ കുളത്തിനോട് ചേർന്ന് ഒരു കാടും ഉണ്ടായിരുന്നു. രാത്രിയിൽ പല ശബ്ദങ്ങളും ആ കാട്ടിൽനിന്ന് കേൾക്കാം. കൂടാതെ ചേര് എന്നുപേരുള്ള തൊട്ടാൽ പൊള്ളുന്ന വലിയ മരവും അതിനുള്ളിൽ ഉണ്ടായിരുന്നു.
ആ പറമ്പിന്റെ ഒരു വശത്ത് ആരെയോ മരിച്ച് കുഴിച്ചിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ കുളത്തിനരികിലേക്ക് പോകുവാൻ എല്ലാവർക്കും ഭയമായിരുന്നു. ആരും ഒറ്റയ്ക്ക് അങ്ങോട്ട് പോകാറില്ല.
"മോൻ അവടെ നിന്നാമതി. അമ്മ ഇറങ്ങി ഓലവലിക്കട്ടെ."
അമ്മ കുളത്തിന്റെ ഇടിഞ്ഞുതുടങ്ങിയ പടവുകളിലൂടെ താഴേക്ക് ഇറങ്ങും. കുളത്തിൽ നിറയെ ആഫ്രിക്കൻ പായൽ നിറഞ്ഞിരിക്കും. കുളത്തിനരികിലുള്ള കശുമാവിന്റെ മാങ്ങയും അടുത്തുളള തെങ്ങിന്റ തേങ്ങയും ഓലയുമെല്ലാം അതിനുമുകളിൽ പൊന്തിക്കിടക്കുന്നുണ്ടാകും. അമ്മ താഴേക്ക് ഇറങ്ങുമ്പോഴേക്കും ഞാൻ കരഞ്ഞുതുടങ്ങും. പിന്നിൽ കുറച്ചകലെയായി മരിച്ച് അടക്കം ചെയ്തയിടെത്ത തെങ്ങിൻ തൈ നോക്കി ഞാൻ വീണ്ടും കരയും. . അവസാനം അമ്മ എന്നെയെടുത്ത് കുറച്ചുകൂടി താഴേക്ക് എടുത്തുനിർത്തും.
കയറുകെട്ടിയ ഓലക്കെട്ട് ചണ്ടികളൊക്കെമാറ്റി അമ്മ മേലേക്ക് വലിച്ചുകയറ്റും. കരയിലെത്തിയാൽ എളിയിൽ കൈകുത്തിനിന്ന് ഒരു നെടുവീർപ്പിടും. അത് എന്തിനാണെന്നറിയാതെ ഞാനും അമ്മയെ അനുകരിച്ച് അതുപോലെ ചെയ്യും. അതുകാണുമ്പോൾ അമ്മ ചിരിച്ചുകൊണ്ട് വെറുതെ എന്നെ അടിക്കുവാനെന്നപോലെ കൈ ഓങ്ങും. ഞാനും ചിരിച്ചുകൊണ്ട് തിരികെ, വന്നവഴിയിലൂടെ ഓടും.
വീട്ടിലെത്തിയാൽ കുറച്ചുകഴിഞ്ഞ് അമ്മ ഓല മെടയുവാൻ തുടങ്ങും. വെള്ളം വാർന്ന് ഉണങ്ങുന്നതിനുമുമ്പേ അത് മെടഞ്ഞു തീർക്കണം. ഓല ഉണങ്ങിയാൽ വീണ്ടും വെള്ളത്തിലിടണം.
"അമ്മേ, എന്നേം പഠിപ്പിച്ചു തരോ ഓലമെടയാൻ?"
"എന്തിനാ.. ഇതൊന്നും ആൺകുട്ടികൾ ചെയ്യേണ്ട ജോലിയല്ല. മോൻ വെറുതെ കണ്ടാമതി."
അമ്മ ഓലയെടുത്ത് മെടയുന്നത് ഞാൻ നോക്കി ഇരിക്കും.
ഒരു മുട്ടിപ്പലകയെടുത്തുവെച്ച് അമ്മ അതിൽ ഇരിക്കും. എന്നിട്ട് ഒരു ഓലയെടുത്ത് അതിന്റെ തലഭാഗം അല്പം വളച്ചെന്നപോലെ ഇരിക്കുന്ന ഭാഗത്ത് അതിന്റെ തണ്ട് വരുന്നതുപോലെ വയ്ക്കും. ഓലയുടെ കടഭാഗം കാലിന്റെ തള്ളവിരലുകൊണ്ട് ചവിട്ടിപ്പിടിക്കും. അപ്പോൾ ഞാൻ ചോദിക്കും;
"അമ്മേ ഓല നേരയല്ല കെടക്കുന്നത്."
"അത് സാരല്ല്യ. മെടയുമ്പോൾ ഓല നേരെവരണമെങ്കിൽ കുറച്ചു ചെരിച്ചിടണം. അല്ലെങ്കിൽ കൂന് വരും ഓലക്ക്."
അമ്മയുടെ വലതുഭാഗത്തുനിന്നും മെടഞ്ഞു തുടങ്ങും. ആദ്യത്തെ ഓല അല്പം ഉയർത്തിപ്പിടിച്ച് രണ്ടാമത്തെ ഓല എകദേശം ഒരിഞ്ചുമേലെവച്ച് ഈർക്കിലിയോടെ ഒടിച്ച് ആദ്യത്തെ ഓലയുടെ അടിയിലേക്ക് വെയ്ക്കും. അങ്ങനെ നാല് ഓലവരെയെടുത്ത് മെടഞ്ഞ് അവസാനംവരെ മെടയും. അവിടെയെത്തുമ്പോൾ ഓല മറിച്ചൊടിക്കും. അവിടെ നാലോ അഞ്ചോ ഓല മടക്കിവെച്ചുനെയ്ത് ഓലയുടെ വീതിനോക്കി വീണ്ടും തിരിച്ചും നെയ്തു തുടങ്ങിയ ഭാഗത്തും അതുപോലെ ചെയ്ത് മടക്കിവെച്ച് ഓല അഴിയാത്തവിധത്തിലാക്കും. പിന്നെ അത് മറ്റൊരു ഭാഗത്ത് വെച്ചു അടുത്ത ഓല എടുത്തു മെടയും.
കുറെ വാശിപിടിക്കുമ്പോൾ എനിക്കും ഒരു ചെറിയ ഓല അമ്മ തരും. ഞാനും സന്തോഷത്തോടെ അമ്മ ചെയ്തതുപോലെ ശ്രമിക്കും. സംശയം വരുമ്പോൾ വീണ്ടും അമ്മയോട് ചോദിക്കും. അമ്മ മെടയുന്ന ഓല നീക്കിയിട്ട് എന്നെ മടിയിലിരുത്തി കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മവെയ്ക്കും. മുടിയിഴകളിലൂടെ വിരലോടിക്കും. ഇടയിൽ അമ്മയുടെ കണ്ണിലൂടെ ഊർന്നുവീണ കണ്ണുനീർത്തുള്ളികൾ എന്റെ കവിളിൽ പതിക്കും.
"അമ്മ എന്തിനാ കരയണത്? "
"ഒന്നൂല്ല്യ മോനെ.. " എന്ന് പറയുമ്പോഴും എന്തിനാണ് അമ്മ കരഞ്ഞതെന്നറിയാതെ ഞാൻ ആലോചനയിലാവും.
"എന്താ ഇത്ര ആലോചന.... ? കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു. "
സുനിതയുടെ പെട്ടെന്നുള്ള ശബ്ദം കാതുകളിൽ പതിച്ചപ്പോഴാണ്
ഞാൻ എന്റെ ഓർമ്മകളോടൊപ്പം സഞ്ചരിക്കുകയായിരുന്നു എന്നത് തിരിച്ചറിഞ്ഞത്.
"ഏയ്.. ഒന്നുമില്ല. ഞാൻ വെറുതെ ഓരോന്നൊക്കെ ആലോചിച്ചുപോയി."
"എനിക്കറിയാം, സുകുവേട്ടൻ ഇപ്പോൾ എന്താ ആലോചിച്ചതെന്ന്. ഈ വീടിന്റെ രണ്ടാമത്തെ നില വാർക്കുന്നതിനുപകരം ട്രെസ്സടിച്ചാമതിയായിരുന്നു എന്നല്ലേ? ഞാനും വിചാരിച്ചതാണ് അതു മതിതെന്ന്. പക്ഷേ മോന്റെ നിർബന്ധം.. അതു വേണ്ടാന്ന്. ഇനി വേണമെങ്കിൽ അതിന്റെ മുകളിൽ അടിക്കാമെന്ന്."
"അതൊന്നുമല്ലെടീ. അമ്മ അവിടെ ഒറ്റയ്ക്കല്ലേ. അമ്മയെ ഇങ്ങോട്ട് കൊണ്ടുവരാമായിരുന്നു എന്നാ. "
"ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. സുകുവേട്ടന്റെ അമ്മയെ ഇങ്ങോട്ട് കൊണ്ടുവന്നാൽ ആ നിമിഷം ഞാൻ എന്റെ വീട്ടിലേക്ക് പോകും. ഏതാ വേണ്ടതെന്ന് ചേട്ടൻതന്നെ തീരുമാനിച്ചോ."
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അല്ലെങ്കിലും അവളോട് എന്തു പറയുവാനാണ്? ഞങ്ങൾ രണ്ടുപേരും രണ്ടു വ്യത്യസ്ത ജീവിതപശ്ചാത്തലത്തിലൂടെ വളർന്നു വന്നതാണ്. അവൾക്കെന്നും ഞങ്ങളുടേത് കുഗ്രാമമാണ്. അവിടെയുള്ളവർ കൾച്ചർ ഇല്ലാത്തവരും. എന്റെ നോവുണർത്തുന്ന ഓർമ്മകളൊന്നും അവൾക്ക് അതുപോലെയായിരുന്നില്ല. ഞാനും എന്റെ ജോലിയും മാത്രമായിരുന്നു അവൾ ആഗ്രഹിച്ചത്. അതിനപ്പുറം ഒന്നിനേയും ഒരിക്കലും അവൾ സ്നേഹിച്ചില്ല. അംഗീകരിച്ചില്ല. ഇണങ്ങാത്ത കണ്ണികൾ വിളക്കിച്ചേർത്തതുപോലെ ഒരു ജീവിതം.
"സുകുവേട്ടാ നമുക്ക് സൂപ്പർ മാർക്കറ്റിലേക്ക് ഒന്നു പോകണം കേട്ടോ. വരുമ്പോൾ നമുക്ക് ആ 'തനിയെ നാടനി'ൽ കയറി ഫുഡ് കഴിക്കാം. "
അവളുടെ വാക്കുകൾ കേട്ട് ഞാനും ഒരു നെടുവീർപ്പിട്ടു. എന്നാൽ അപ്പോൾ എനിക്ക് അറിയാമായിരുന്നു എന്തിനാണ് ഞാൻ നെടുവീർപ്പിട്ടതെന്ന്. അകലെ ഇപ്പോഴും ഒരു ഓടുമേഞ്ഞവീട്ടിൽ എന്റെ വരവും കാത്തിരിക്കുന്ന അമ്മയെ ഓർത്തിട്ടായിരുന്നു...
***മണികണ്ഠൻ അണക്കത്തിൽ***

കഥയറിയാതെ (കഥ)

Image may contain: 1 person, closeup
"ഒരുപക്ഷേ, ആത്മഹത്യ ചെയ്യുവാൻ തയ്യാറെടുക്കുന്ന എല്ലാവരും പ്രതീക്ഷിച്ചിരിക്കാം, ആ അവസാനനിമിഷത്തിലെങ്കിലും ആരെങ്കിലും സഹായഹസ്തം നീട്ടുമെന്ന്..അല്ലേ?"
അയാൾ മറുപടിയൊന്നും പറയാതെ ഡൈനിംഗ് ടേബിളിനുമുകളിൽ അവരരിവർക്കുമായി തയ്യാറാക്കിയ വിഷലിപ്തമായ ആഹാരത്തിലേക്ക് നോക്കി ഇരുന്നു.
മായ അപ്പോഴും മറ്റെവിടെയോ ആണെന്ന് അയാൾക്കുതോന്നി. അവളുടെ മുഖത്തേക്ക് നോക്കുവാൻ അയാളുടെ കണ്ണുകൾക്ക് ശക്തി പോരാത്തതുപോലെ.
ഭിത്തിയിൽ തൂക്കിയിട്ടിരുന്ന അവരുടെ ഫാമിലി ഫോട്ടോയിലായിരുന്നു മായയുടെ ദൃഷ്ടികൾ ഉടക്കിനിന്നത്. സന്തോഷത്തോടെ പുഞ്ചിരി പൊഴിക്കുന്ന നാലുപേരുടെ ചിത്രങ്ങൾ അതിലുണ്ടായിരുന്നു. മായയും ഗണേഷും കൂടെ അവരുടെ മക്കളായ മാളവികയും മീരയും.
പെൺമക്കൾ രണ്ടുപേരും വിവാഹം കഴിഞ്ഞ് അവരുടെ ഭർത്തൃഗൃഹത്തിലാണ്. രണ്ടുപേരും ഇരട്ടകളായതിനാൽ അവരേപ്പോലെ ഇരട്ടകളായ രണ്ടു മരുമക്കൾതന്നെ വേണമെന്ന് അവർ തീരുമാനിച്ചു. ആഗ്രഹിച്ചതുപോലെ ഒരേ വീട്ടിലേക്ക് അവർക്ക് മക്കളെ വിവാഹംചെയ്തയയ്ക്കുവാനും കഴിഞ്ഞു.
സ്വസ്തമായ അവരുടെയെല്ലാം ജീവിതത്തിലേക്ക് എവിടെനിന്നോ ഒരാൾ വില്ലനായി വന്നുചേർന്നു. അവർ ഇതുവരെ കാണാത്ത അജ്ഞാതനായ ഒരാൾ.
ഏതാനും വർഷങ്ങൾക്കുമുൻപായിരുന്നു അയാൾ ആദ്യമായി ഗണേഷിന്റെ സ്വസ്തത നഷ്ടപ്പെടുത്തിയത്. രാത്രി പതിനൊന്നുമണി കഴിഞ്ഞാൽ അയാൾ ഗണേഷിന്റെ മൊബൈലിലേക്ക് വിളിക്കും. പേരു പറയാത്ത അയാൾ പലപ്പോഴും സംസാരിച്ചത് മായയെക്കുറിച്ചായിരുന്നു.
സിറ്റിയിലെ പ്രൈവറ്റ് ഹോസ്പിറ്റലിൽ നേഴ്സായിരുന്നു മായ. ഗണേഷ്കുമാർ അതേ സിറ്റിയിൽതന്നെയുള്ള ബാങ്കിലെ ഉദ്യോഗസ്ഥനും. പലതവണ നേരിൽക്കണ്ട് സംസാരിച്ച് നല്ലൊരു സൗഹൃദം നേടിയതിനുശേഷമായിരുന്നു ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെ അവർ വിവാഹിതരായത്.
സന്തോഷകരമായ ദാമ്പത്യജീവിതത്തിന്റെ വിലമതിക്കാത്ത സമ്പാദ്യമായിരുന്നു അവരുടെ രണ്ടു മക്കൾ. കാണുന്നവരിൽ അസൂയയുണർത്തുന്ന അവരുടെ കുടുംബജീവിതത്തിലേക്ക് എപ്പോഴാണ് അയാൾ വില്ലനായി എത്തിയതെന്ന് ഗണേഷിന് മറക്കുവാനാവില്ല.
മായയുടെ സുഹൃത്തെന്ന പേരിലായിരുന്നു അയാൾ ഗണേഷിനെ സ്വയം പരിചയപ്പെടുത്തിയത്. മായയോടൊപ്പം നേഴ്സിങ്ങിന് കോയമ്പത്തൂരിൽ അയാളും ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. പക്ഷേ, മായയോട് ചോദിച്ചപ്പോഴൊക്കെ അവൾ അയാളെ അറിയില്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറി. വീണ്ടും അയാളെ കണ്ടപ്പോൾ അക്കാര്യം ഗണേഷ് അയാളെ ധരിപ്പിച്ചു. അതുകേട്ട് ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു;
"അതിൽ അതിശയിക്കാനെന്തിരിക്കുന്നു മിസ്റ്റർ.." വീണ്ടും അർത്ഥംവെച്ച ചിരി.
"അതെന്താ അങ്ങനെ പറഞ്ഞത്? "
ഗണേഷ് ചോദിച്ചു.
ഗണേഷിന്റെ മുഖത്തേക്ക് അല്പംക്രൂരമായ ഭാവത്തോടെ നോക്കി ബുള്ളറ്റ് സ്റ്റാർട്ടാക്കിക്കൊണ്ട് അയാൾ പറഞ്ഞു;
"ഭർത്താവും രണ്ടു മക്കളുമുള്ള സ്ത്രീയോട് അവളുടെ ഭർത്താവുതന്നെ ആദ്യഭർത്താവിനെക്കുറിച്ച് നേരിട്ട് ചോദിച്ചാൽ ഏതു ഭാര്യയാണ് മറുപടി തരിക?"
ഗണേഷ് ഷോക്കേറ്റതുപോലെ അവിടെ നില്ക്കവേ അയാൾ എൻഫീൽഡിൽ റോഡിലെ തിരക്കിലേക്കു മറഞ്ഞു.
വീട്ടെലെത്തിയിട്ടും അതേക്കുറിച്ച് ഗണേഷ് മായയോട് ഒന്നും ചോദിച്ചില്ല. പലപ്പോഴും ശ്രമിച്ചുവെങ്കിലും അയാൾക്ക് അതിനു കഴിഞ്ഞില്ല എന്നതാണ് സത്യം. അത്രമേൽ വിശ്വസ്തതയും സ്നേഹവുമായിരുന്നു അവൾ അതുവരെ അയാൾക്ക് നൽകിയിരുന്നത്.
അതുവരെയുള്ള പതിനഞ്ചു വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിൽ ഒരിക്കൽപ്പോലും ഒരു പകലിനപ്പുറം എന്തെങ്കിലും കാരണവശാൽ അവർക്ക് തെറ്റിപ്പിരിയുവാൻ കഴിഞ്ഞിട്ടില്ല. എന്നാൽ അതിനുശേഷം ആ അപരിചിതന്റെ വരവോടെ ഗണേഷിന്റെ മനസ്സിലെവിടെയോ ഒരു സംശയത്തിന്റെ മുളപൊട്ടുന്നുണ്ടായിരുന്നു. എങ്കിലും അതേക്കുറിച്ച് അയാൾ മായയോട് ചോദിച്ചില്ല.
വർഷങ്ങൾ കഴിഞ്ഞു മക്കൾക്ക് ഇരുപത് വയസ്സായപ്പോഴായിരുന്നു അവരുടെ വിവാഹം. വിവാഹചടങ്ങുകൾ കഴിഞ്ഞ് അവർ വരന്മാരോടൊപ്പം കാറിലേക്ക് കയറുന്നതിനിടയിലാണ് ഇനിയും പേരറിയാത്ത ആ അജ്ഞാതൻ രണ്ടു സമ്മാനപ്പൊതികളുമായി വീണ്ടും അവർക്കരികിലേക്ക് എത്തിയത്.
"സോറി, ഞാൻ അല്പം താമസിച്ചുപോയി. എനി വേ വിഷിങ് യൂ ഏ ഹാപ്പി മേരീഡ് ലൈഫ്" ഓരോ സമ്മാനവും ഇരുവർക്കുമായി നൽകിക്കൊണ്ട് അയാൾ കൂട്ടിച്ചേർത്തു ,"ബോത്ത് ഓഫ് യൂ.. ഗോഡ് ബ്ലസ്..."
മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്തതിനാൽ സംശയത്തോടെ നോക്കിനിന്ന മക്കളോട് അയാൾ പറഞ്ഞു;
"അങ്കിളിനെ ഇതിനുമുമ്പ് കണ്ടിട്ടില്ല അല്ലേ? സാരമില്ല.. അമ്മയുടെ ഒരു പഴയ ക്ലാസ്മേറ്റാണ്. പേര് സനൽ കെ. ജോൺ. "
ഗണേഷ് മായയെ നോക്കി. മായ അയാളെക്കണ്ട് അമ്പരന്നതുപോലെ നില്ക്കുന്നതുകണ്ടപ്പോൾ കൂടിനില്ക്കുന്നവരിൽ യാതൊരുവിധ സംശയങ്ങളുമുണ്ടാകാതിരിക്കുവാൻ ഗണേഷ് വേഗംതന്നെ അയാൾക്കരികിൽചെന്ന് "ഹായ് സനൽ" എന്നുപറഞ്ഞ് പരസ്പരം ഷേക്ക് ഹാന്റ് കൊടുത്ത് അയാളെ സ്വീകരിച്ചു.
മക്കൾ യാത്രയായതിനുശേഷം ഗണേഷ് അയാളെ വീട്ടിനകത്തേക്ക് വിളിച്ച് അയാളുടെ മുറിയിലേക്ക് കൊണ്ടുപോയി. മുറിയിൽ കയറി വാതിലടച്ചുകൊണ്ട് ഗണേഷ് ചോദിച്ചു;
"പറയൂ, നിങ്ങൾ ഇപ്പോഴെന്തിനാണ് ഇവിടെ വന്നത്? ഞങ്ങളുടെ മക്കളുടെ വിവാഹമാണെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞു? ആരാണ് നിങ്ങളെ വിളിച്ചത്?"
നേരിയ പുഞ്ചിരിയോടെ അയാൾ പോക്കറ്റിൽനിന്നും സിഗരറ്റ് പേക്കറ്റെടുത്ത് ഒരെണ്ണം ചുണ്ടിൽ തിരുകിക്കൊണ്ട് ചോദിച്ചു;
"സോറി, ലൈറ്റർ എടുത്തിട്ടില്ല.. പ്ലീസ്..."
അയാളുടെ ഓവർ ആക്ഷനും പരിഹാസചിരിയും കണ്ട് ക്ഷമ നശിച്ച ഗണേഷ് വലതുകരമുയർത്തി അയാളുടെ ഇടതുകവിളിൽ ആഞ്ഞടിച്ചു. അപ്രതീക്ഷിതമായ അടിയിൽ അയാളുടെ ചുണ്ടിൽനിന്നും സിഗരറ്റ് ദൂരേക്ക് തെറിച്ചുവീണു, ഒപ്പം അയാളുടെ മുഖത്ത് കണ്ണടയും.
ഒരുനിമിഷം അമ്പരന്നുവെങ്കിലും പെട്ടെന്നുതന്നെ സ്വതസിദ്ധമായ ചിരി മുഖത്തുവരുത്തി മുറിയിൽ വീണുകിടന്ന കണ്ണടെയെടുത്ത് മുഖത്തുവെച്ചു. ഗണേഷിന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി അയാൾ പറഞ്ഞു;
"പോയ് ചാകടോ... "
മറ്റൊന്നും പറയാതെ അയാൾ മുറിവിട്ടിറങ്ങി. എന്നാൽ അയാളുടെ വാക്കുകൾ ഗണേഷിന്റെ കാതുകളിൽ പ്രതിദ്ധ്വനിച്ചുകൊണ്ടേയിരുന്നു.
കുറെ കഴിഞ്ഞ് തിരക്കൊഴിഞ്ഞപ്പോൾ മായ ഗണേഷിന്റെ അരികിലേക്ക് വന്നു ചോദിച്ചു;
"ചേട്ടൻ പറഞ്ഞത് അയാളെക്കുറിച്ചാണോ?"
സ്വരം ഉയർത്തിത്തന്നെ അയാൾ ചോദിച്ചു;
"അതേടി... ആരാ അവൻ... ഇന്ന് ആരാ അവനെ ഇങ്ങോട്ട് ക്ഷണിച്ചത്?"
കോപമടക്കാനാവാതെ ഗണേഷ് വിറയ്ക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖഭാവവും പെരുമാറ്റവും മായയിൽ ഭീതിവളർത്തി. ഇതുവരെ ഒരിക്കലും അയാൾ എടീ പോടീ, എന്നൊന്നും മായയെ വിളിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ... എന്തു ചെയ്യണമെന്നറിയാതെ കരഞ്ഞുകൊണ്ട് അവൾ അയാളുടെ കാൽക്കൽ വീണു.
"സത്യായിട്ടും, നമ്മുടെ മക്കളാണെ എനിക്ക് അയാളെ അറിയില്ല. ഞാൻ മുമ്പൊരിക്കലും അയാളെ കണ്ടിട്ടില്ല.."
അവൾ ഭർത്താവിന്റെ കാലുപിടിച്ചു പൊട്ടിക്കരഞ്ഞു. അയാൾ അവളുടെ വാക്കുകളിൽ തൃപ്തനാകാത്തതുപോലെ ആ മുറിവിട്ടിറങ്ങി.
വീണ്ടും ആഴ്ചകൾ മൂന്നു കഴിഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും കഴിഞ്ഞു.
പരസ്പരം സംസാരിക്കാത്ത അവരുടെ ജീവിതത്തിലെ ഏതാനും നാളുകളായി അതുമാറി. സനൽ കെ. ജോൺ അവസാനമായി പറഞ്ഞ വാക്കുകൾ ഗണേഷിന്റെ ഉറക്കം കെടുത്തി. ഭർത്താവിന് തന്നോടുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു എന്നു മനസ്സിലാക്കിയ മായയുടെ മനസ്സും കലുഷിതമായിരുന്നു.
സന്തോഷവും സമാധാനവും കളിചിരികളും നിറഞ്ഞ അവരുടെ വീട്ടിൽ ശ്മശാനമൂകതയായി. ഘടികാരത്തിന്റെ നേരിയ ശബ്ദം പോലും മായയിൽ ഭീതിയുണർത്തി. അടുക്കളയിൽ ഒരു പാത്രം അനങ്ങുന്ന ശബ്ദം പോലും ഗണേഷിന് അരോചകമായിത്തുടങ്ങി. എല്ലാറ്റിനും ദേഷ്യം.
രാത്രിയിൽ പതിവില്ലാത്തവണ്ണം നായ്ക്കളുടെ ഓരിയിടൽ കേൾക്കുമ്പോൾ മായയ്ക്ക് വല്ലാത്ത ഭയം തോന്നി. ആ വീടിന്റെ ഓരോ മുക്കിലും മൂലയിലും മരണം പതുങ്ങിയിരിക്കുന്നതുപോലെ.
ഇന്നലെയാണ് അയാൾ മായയോട് സംസാരിച്ചത്.
"എന്റെ മുന്നിൽ രണ്ട് ഓപ്ഷനാണ് ഉള്ളത്. ഒന്നുകിൽ മരണം അല്ലെങ്കിൽ ഡിവോസ്. ഏതുവേണമെന്ന് നിനക്ക് തീരുമാനിക്കാം. ഞാൻ ഏതിനും തയ്യാർ."
മായയ്ക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു ആ വാക്കുകൾ. ഇക്കാലത്തിനിടയ്ക്ക് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത രണ്ടു കാര്യങ്ങൾ. അവൾക്ക് പറയുവാനോ ചോദിക്കുവാനോ ഉള്ള ഇടവേള അയാൾ നൽകിയില്ല. ഒരുപാട് ആലോചിച്ചശേഷം അവൾ ഒരു തീരുമാനത്തിലെത്തി.
അയാളെ പിരിഞ്ഞ് ഒരു ജീവിതം സ്വപ്നത്തിൽ പോലുമില്ല. ഇങ്ങനെ ഇഞ്ചിഞ്ചായുള്ള മരണത്തേക്കാൾ നല്ലത് എല്ലാം പെട്ടെന്ന് അവസാനിക്കുന്നതാണ്. എല്ലാം തീരുമാനിച്ചുറപ്പിച്ചതുപോലെ ഒട്ടും ഭീതിയില്ലാതെ അവൾ ഭക്ഷണം തയ്യാറാക്കി. പറമ്പിലെ വാഴകൃഷിക്കായി കരുതിയിരുന്ന കീടനാശിനി ആഹാരത്തിൽ കലർത്തിവെച്ചു.
രാത്രി ഭക്ഷണത്തിനായി അന്ന് മായ ഗണേഷിനെ വിളിച്ചു;
"വരൂ.. ആഹാരം എടുത്തുവെച്ചിട്ടുണ്ട്."
കട്ടിലിൽ തിരിഞ്ഞു കിടന്നുകൊണ്ട് അയാൾ പറഞ്ഞു;
"നീ പോയി കഴിച്ചോ. ഞാൻ പിന്നെ കഴിച്ചോളാം."
"അതുപറ്റില്ല. ഇന്ന് നമ്മൾ ഒരുമിച്ച് ആഹാരം കഴിക്കണം. അത് എന്റെ അവസാനത്തെ ആഗ്രഹമാണ്."
അയാൾ ആശ്ചര്യത്തോടെ മായയെ നോക്കി. മായ തികച്ചും നിർവ്വികാരയായി അതേനില്പ് തുടർന്നു. അയാളും ആഗ്രഹിച്ചിരുന്നത് അതുതന്നെയായിരുന്നു എന്ന് അയാളുടെ മുഖഭാവം വ്യക്തമാക്കി.
ഡൈനിംഗ് ടേബിളിനരികിൽ പരസ്പരം മുഖത്തോടുമുഖം കാണുമാറ് അവർ ഇരുന്നു. ഒരു പ്ലേറ്റിലെ ആഹാരം അയാൾക്കരികിലായി വെച്ചു. ഒരു പാത്രം അവളുടെ അരികിലും.
വിഷമയമായ ആഹാരത്തിലൂടെ വിരലോടിച്ചുകൊണ്ട് അവൾ പറഞ്ഞു;
"ഇതിൽ ഞാൻ വിഷം കലർത്തിയിട്ടുണ്ട്. പല തവണ ആലോചിച്ചാണ് അങ്ങനെ ചെയ്തത്. ഞാൻ മാത്രം വിഷം ഉള്ളിൽചെന്ന് മരിച്ചാൽ ഒരുപക്ഷേ ചേട്ടനെ ശിക്ഷിച്ചേക്കാം. ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം. അതുകൊണ്ട് രണ്ടുപേർക്കും ഒന്നിച്ചാകുന്നതാണ് നല്ലതെന്നു തീരുമാനിച്ചു. "
മറുപടിക്കായി ചലിക്കുവാൻ അയാളുടെ അധരങ്ങൾ വിറച്ചു. ഒരുപക്ഷേ, അത് മറിച്ചൊരു തീരുമാനത്തിലേക്കാവുമോ എന്ന് അയാൾ ഭയന്നു. പലവിധ ചിന്താധാരയിലൂടെ അയാളുടെ മനസ്സ് സഞ്ചരിച്ചു.
ഭക്ഷണം കഴിക്കുവാനായി അയാൾ കൈകളിൽ എടുത്തപ്പോൾ മായ വീണ്ടും ചോദ്യം ആവർത്തിച്ചു;
"അവസാന നിമിഷത്തിൽ രക്ഷകനായി ആരെങ്കിലും വരുമെന്ന് ചേട്ടൻ കരുതുന്നുണ്ടോ?"
"അയാൾ അവളുടെ കണ്ണുകളിലേക്ക് തീഷ്ണമായി നോക്കിക്കൊണ്ട് ചോദിച്ചു;
"നിനക്ക് മരിക്കാൻ ഭയമുണ്ടോ?"
"അതിന് ഞാൻ ജീവക്കുന്നുണ്ടെങ്കിലല്ലേ? ഇപ്പോൾ എന്റെ ശരീരം എനിക്കൊരു ഭാരമാണ്. അത് ഉപേക്ഷിക്കുക. .. അത്രയേ വേണ്ടൂ."
"അപ്പോൾ ഇക്കാലമത്രയും ഞാൻ അനുഭവിച്ചതൊക്കെ.. അതൊന്നും ഒന്നുമല്ലെന്നാണോ?"
"ചേട്ടൻ എന്തനുഭവിച്ചുവെന്നാണ്? ഏതോ ഒരാൾ എന്തോ പറഞ്ഞുവെന്നുവെച്ച് ഇത്രയുംകാലം കൂടെ ജീവിച്ച എന്നെ അവിശ്വസിച്ചതോ? അതാണോ ഇത്രവല്യ കാര്യം?"
"നിനക്ക് അങ്ങനെ തോന്നിയേക്കാം. പക്ഷേ നീ കരുതുംപോലയല്ല. വർഷങ്ങൾക്ക് മുമ്പ് അയാൾ എന്നെക്കണ്ട് ചിലത് പറഞ്ഞിരുന്നു. "
"അതുശരി. എന്നിട്ട് എന്നോട് ചോദിക്കാതെ അത് മനസ്സിലിട്ട് വലുതാക്കി. എപ്പോഴെങ്കിലും ചേട്ടനിഷ്ടമില്ലാത്ത എന്തെങ്കിലും ഞാൻ ചെയ്തിട്ടുണ്ടോ?"
"അതൊക്കെ ശരിയാണ്. എന്നാലും..."
"അതെ.. ആ എന്നാലുമാണ് ഇപ്പോൾ നമ്മുടെ മുമ്പിൽ വിളമ്പിയിരിക്കുന്നത്. ഇതിൽ തീരട്ടെ എല്ലാം. ഇങ്ങനെ ഒരു ജീവിതത്തേക്കാൾ ഭേദം അതുതന്നെയാണ്. "
മായ പറഞ്ഞു നിർത്തി ഭക്ഷണം കഴിക്കുവാനായി വായിലേക്ക് വെച്ചതോടെ ഗണേഷ് ചാടിയെഴുന്നേറ്റ് അവളുടെ കൈയിലെ ഭക്ഷണം ദൂരേക്ക് തെറിപ്പിച്ചു. കൂടെ മേശപ്പുറത്തിരുന്ന പ്ലേറ്റുകളും...
അടക്കാനാവാത്ത സങ്കടത്താലോ അതിരറ്റ സ്നേഹത്താലോ, അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി അവരുടെ മുറിയിലെ കട്ടിലിലേക്ക് വീണു. എന്തു പറയണമെന്നറിയാതെ കുറച്ചു സമയം അയാൾ അവിടെതന്നെ ഇരുന്നു.
കുറച്ചു സമയം കഴിഞ്ഞ് അയാൾ മുറിയിലേക്ക് ചെന്നു. കിടക്കയിൽ കിടന്ന് പൊട്ടിക്കരയുന്ന മായയെ ഒന്നു സ്പർശിക്കുവാനോ ഒരു ആശ്വാസവാക്ക് പറയുവാനോ കഴിയാതെ അയാൾ ഒരിടത്തിരുന്നു.
കുറെ സമയം കഴിഞ്ഞ് മായ കണ്ണുതുറന്നു നോക്കിയപ്പോൾ അവളുടെ പാദങ്ങൾ കെട്ടിപ്പിടിച്ച് കരയുന്ന ഗണേഷിനെയാണ് കണ്ടത്. അതു കണ്ടമാത്രയിൽതന്നെ അവളുടെ ഹൃദയം പിടഞ്ഞു. എങ്കിലും എവിടെയോ നഷ്ടപ്പെട്ട അവരുടെ ജീവിതം അവളെ മാടിവിളിക്കുന്നത് അവളറിഞ്ഞു.
ഒരു കാരണവുമില്ലാതെ അവരുടെ ജീവിതത്തിലേക്ക് വില്ലനായി വന്ന അയാൾ ആരായിരുന്നു... എന്തിനായിരുന്നു... ചോദ്യം ബാക്കിനില്ക്കുന്നുവെങ്കിലും പിന്നീട് ഒരിക്കലും അയാളെ അവർ കണ്ടിട്ടില്ല. ഒരുപക്ഷേ, അയാൾ മറ്റൊരിരയെ കണ്ടെത്തിയതാവാം... അതോ അയാൾ ആഗ്രഹിച്ചതെന്തോ അത് നേടിയതിനാലുമായിരിക്കാം....
............
***മണികണ്ഠൻ അണക്കത്തിൽ***

രാത്രിമഴ

Image may contain: 1 person


മാനം പെയ്തൊരീകണ്ണീർ
കണങ്ങൾക്കു
മഴയെന്നുപേരിട്ടതാരോ..?
രാവിന്നിരുളിൽ ഏകാന്തതയിൽ
ചാരത്തണയുന്നോ നീയും..?
കാണാതിരിക്കേ കാത്തങ്ങിരിക്കിലും
കാണുന്നനേരത്തൊട്ടല്ല ഭീതിയീ-
കാലം എനിക്കേകിയൊരോർമ്മ.
എങ്കിലും നീയേകുമീകുളിർ, മഴയേ,
വരികന്റെ ചാരത്തിനിയും..
നിറയട്ടെ ഞാനും നിന്നുള്ളിലലിയട്ടെ
ഒഴുകട്ടെ നിൻമാറിലൊന്നായ്....
ഇനിയുമൊഴുകട്ടെ നിൻമാറിലൊന്നായ്.
മാനം പെയ്തൊരീകണ്ണീർ കണങ്ങൾക്കു
മഴയെന്നുപേരിട്ടതാരോ....
മഴയെന്നുപേരിട്ടതാരോ....?
**മണികണ്ഠൻ അണക്കത്തിൽ***

ജീവിക്കാൻ മറന്നുപോയവർ

Image may contain: 1 person, closeup
"വിറ്റ്ല വേണോ..?"
വൈകുന്നേരം കുട്ടികൾ സ്ക്കൂൾവിട്ട് വരുമ്പോഴേക്കും അവർക്ക് നൽകുവാനായി അടയുണ്ടാക്കുകയായിരുന്നു അനുരാധ. അതിനിടയിലാണ് കിഴക്കേതിലെ ദേവകിയമ്മയുടേതുപോലെ തോന്നിക്കുന്ന ഉച്ചത്തിലുള്ള ആ ശബ്ദം കേട്ടത്.
എന്താ പതിവില്ലാതെ ദേവകിയമ്മ ഈ വഴിയ്ക്ക്, അതും വെറ്റില വേണോ എന്ന് ചോദിച്ചുകൊണ്ട്? ഏതായാലും തന്നോടായിരിക്കില്ലെന്നറിയാം. ചിലപ്പോൾ പടിഞ്ഞാറേതിലെ നാണിയമ്മയോടായിരിക്കും. നാണിയമ്മയ്ക്ക് മുറുക്കുന്ന ശീലമുണ്ട്.
അല്പം കഴിഞ്ഞ് ദേവകിയമ്മ ചോദ്യം ആവർത്തിച്ചു. ഉടനെ നാണിയമ്മ പറഞ്ഞു;
"ആ വിറ്റ്ലല്ലേ.... വേണം. " രണ്ടുപേരും ഉച്ചത്തിൽ സംസാരിക്കുന്നവരാണ്. അതുകൊണ്ട് അനുവിന് അടുക്കളയിൽ നിന്നുകൊണ്ടുതന്നെ അവരുടെ സംഭാഷണം കേൾക്കാമായിരുന്നു.
"അതേ, വെറുതേ കളയേണ്ടല്ലോന്ന് കരുതി ഞാൻ കൊണ്ടോന്നതാ. ഇന്നാളുതന്നെ കത്തിച്ചുകളഞ്ഞു. ആരെങ്കിലും മുറുക്കുണോരുണ്ടെങ്കിൽ നശിപ്പിച്ചു കളയേണ്ടല്ലോ? "
"ആ...അതു നേരാ. ഇന്നിപ്പൊ എന്താ അവടെ?"
"ഇന്ന് പേരുവിളി ആയിരുന്നു. ആ ചടങ്ങിന് വാങ്ങീതാ. രണ്ടു കുട്ട്യോൾടേം ഒരുമിച്ച് ആയിരുന്നു. "
"അതേ..!" നാണിയമ്മ അതിശയം കലർന്ന സ്വരത്തിൽ ചോദിച്ചു. "എന്ന്ട്ട് ആരും പറയണ കേട്ടില്ലല്ലാ?"
"ആ... ആർക്കും ഇണ്ടായില്ല, വീട്ടുകാരും വേണ്ടപ്പെട്ടവരും മാത്രേ ഇണ്ടായുള്ളൂ. വേറെ ആരോടും പറഞ്ഞില്ല."
ശരിയാണ്. വീട്ടുകാരും വേണ്ടപ്പെട്ടവരും മാത്രം! ഈ വേണ്ടപ്പെട്ടവരുടെ കൂട്ടത്തിലൊന്നും തൊട്ടയൽപ്പക്കത്തുള്ളവരൊന്നും ഉൾപ്പെടില്ലല്ലോ? ഉണ്ടായിരുന്നുവെങ്കിൽ ഇവിടേയും പറയുമായിരുന്നു. അനു സ്വയം പറഞ്ഞു. അല്ലെങ്കിലും അവർക്കെന്തിനാ അയൽപക്കക്കാർ? ആരും ഒന്നും കാണാതിരിക്കുവാനല്ലേ ആകാശംമുട്ടെ ഉയരത്തിൽ ചുറ്റും മതിലുകെട്ടി വച്ചിരിക്കുന്നത്?
ഉച്ചസമയത്ത് അവിടെ പതിവില്ലാതെ കുറെയാളുകളുടെ സംസാരം കേട്ടിരുന്നു. കൂടാതെ ഒരു പന്തലിന്റെ മുകൾഭാഗവും കാണാമായിരുന്നു. അപ്പോഴേ ഊഹിച്ചതാണ് എന്തെങ്കിലും വിശേഷം കാണുമെന്ന്. രണ്ടു പെൺമക്കളും വളരെ ചുരുങ്ങിയ ദിവസങ്ങളുടെ വ്യത്യാസത്തിൽ പ്രസവിച്ചു കിടക്കുകയല്ലേ... ഇത്രയൊക്കെയേ ഉള്ളൂ അയൽക്കാര്...
"എന്ത് പേരിട്ടു?" നാണിയമ്മയുടെ ശബ്ദം വീണ്ടും കാതുകളിൽ.
"എന്തോ പേരൊക്കെ ഇട്ടു. അവരുടെ അച്ചിച്ചന്റെ പേരാ. നിക്ക് അത്ര നിശ്ചല്ല്യ. അല്ലെങ്കിലും നമുക്ക് ഇപ്പൊ അതിലെന്താ കാര്യം?"
നിരാശകലർന്ന ആ വാക്കുകളിൽ എന്തൊക്കെയോ മറഞ്ഞിരിക്കുന്നതായി അനുവിന് അനുഭവപ്പെട്ടു. അല്പം കഴിഞ്ഞ് വീണ്ടും ദേവകിയമ്മയുടെ ശബ്ദം.
"ഇത് ആരടെ വീടാ. .?"
"ഇത് അറിയില്ലേ? സുലൈഖേടെ വീട്."
"ആ..ആ.. ആരാ ഇവിടെ താമസിക്കണത്?"
"അത് അറിയില്ലേ?"
നാണിയമ്മയുടെ മറുപടി മുഴുവിക്കുംമുമ്പേ ദേവകിയമ്മ പറയുന്നത് കേട്ടു;
"ആ.. ഉവ്വുവ്വ് മനസ്സിലായി. "
ദേവകിയമ്മയെ കുറ്റം പറയുന്നതെങ്ങനെ? സുലൈഖ ഈ വീടുവിറ്റ് ഞങ്ങൾ ഇവടെ താമസമാക്കിയിട്ട് വർഷം നാല് കഴിഞ്ഞു. കിഴക്കേ മതിലിനപ്പുറത്തുനിന്ന് എത്തിനോക്കി നാണിയമ്മയോട് എന്തെങ്കിലും പറയാൻ തന്നെ വിളിക്കുന്നതല്ലാതെ ഈ വിട്ടിലേക്ക് അവർ ഇതുവരെ വന്നിട്ടില്ല. പിന്നെ നാലുവർഷംകൊണ്ട് വീടിന്റെ മുൻവശത്തും വീടിനും വന്നമാറ്റം അവർ കണ്ടിരിക്കില്ല.
പാവം!
ദേവകിയമ്മയെക്കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നും.
അനു ഒരു നെടുവീർപ്പോടെ ഇഡ്ഡലിച്ചെമ്പിന്റെ മൂടി തുറന്നു. നല്ലതുപോലെ ആവി വരുന്നുണ്ട്. അട വെന്തുവെന്ന് മനസ്സിലായപ്പോൾ അരികിൽ വെച്ചിരുന്ന പാത്രത്തിലെ വെള്ളത്തിൽ കൈവിരൽ നനച്ച് അട എടുത്ത് പ്ലേറ്റിലേക്ക് വെച്ചു. ചെമ്പ് ഇറക്കിവെച്ച് പകരം കുടിക്കുവാനുള്ള വെള്ളം തിളപ്പിക്കുവാനായി അടുപ്പിലേക്ക് വെച്ച്, ഒരു വലിയ കഷണം ചകിരിപ്പൊളി അടുപ്പിലേക്ക് തിരുകി.
കൈ കഴുകി ദേവകിയമ്മയെ കാണാമെന്ന് കരുതി ഉമ്മറത്തേക്ക് എത്തിയപ്പോഴേക്കും അവർ പോയെന്ന് മനസ്സിലായതിനാൽ അല്പനേരം ആ ഉമ്മറപ്പടിയിൽ ഇരുന്നു.
പടിഞ്ഞാറ് മേഘം ഇരുണ്ടുകൂടുന്നുണ്ടായിരുന്നു. കുട്ടികൾക്ക് സ്ക്കൂൾ വിടുമ്പോഴേക്കും മഴ പെയ്യുമോ ആവോ? ആ കുട്ടികള് ഇവിടെ എത്തിയിട്ട് മഴ പെയ്താൽ മതിയായിരുന്നു. എന്നാലും എന്തൊരു ചൂടാണ്.. ഇതുവരെ ഇങ്ങനെ ഒരു ചൂട് ഉണ്ടായതായി ഓർമ്മയില്ല. പ്രളയത്തിനുശേഷം കാലാവസ്ഥ വളരെ മാറിയിരിക്കുന്നു.
അനു അവിടെ ഇരുന്നുകൊണ്ട് അകത്തെ ചുവരിൽ തൂക്കിയ ഘടികാരത്തിലേക്ക് നോക്കി. സമയം ഇനിയും ഉണ്ട് അര മണിക്കൂർ.
നാണിയമ്മ അവരുടെ ഇറയത്തിരുന്ന് വെറ്റില തുടച്ചു വൃത്തിയാക്കുന്നത് അനു കണ്ടു. അനുവിന്റെ മനസ്സ് വീണ്ടും ദേവകിയമ്മയിലേക്ക് ചേക്കേറുവാൻ തുടങ്ങി.
രണ്ടു പെൺമക്കൾ മാത്രമേയുള്ളു ദേവകിയമ്മയ്ക്ക്. രണ്ടുപേരും വിവാഹിതരായി മക്കളും പേരക്കുട്ടികളുമായി ഭർത്താക്കന്മാരോടൊപ്പം സുഖമായി ജീവിക്കുന്നു. അതിൽ മൂത്തമകളുടെ പേരക്കുട്ടികളുടെ പേരിടലായിരുന്നു കഴിഞ്ഞത്.
ദേവകിയമ്മയുടെ ഭർത്താവ് വർഷങ്ങൾക്കു മുമ്പ് മരിച്ചു. അന്ന് രണ്ടു പെൺമക്കളും അവിവാഹിതരായിരുന്നു. രണ്ടു മക്കളും കാണാൻ സുന്ദരികളായിരുന്നുവെങ്കിലും വിവാഹക്കമ്പോളത്തിൽ അതുമാത്രം പോരായിരുന്നു. സ്ത്രീധനം ഒരു മടിയും കൂടാതെ നേരിട്ട് ചോദിക്കുന്ന കാലമായിരുന്നു. മക്കളുടെ നല്ല ഭാവി മാത്രം ആഗ്രഹിച്ചതിനാൽ താമസിക്കുന്ന വീടും സ്ഥലവും പണയപ്പെടുത്തി ഒരു പോലീസ് ഉദ്യോഗസ്ഥനേയും ഒരു സ്ക്കൂൾ അദ്ധ്യാപകനേയും രണ്ടുപേർക്കുമായി പറഞ്ഞുറപ്പിച്ച്, അവർ ചോദിച്ച സ്ത്രീധനം നൽകാമെന്ന ഉറപ്പിൽ വിവാഹം നടത്തി.
പക്ഷേ, വാക്ക് പാലിക്കുവാൻ ദേവകിയമ്മയ്ക്ക് കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞ് പെൺമക്കൾ ഭർത്താക്കന്മാരോടൊത്ത് ഭാര്യവീട്ടിൽ താമസിക്കുന്ന കാലമായിരുന്നു. അതുകൊണ്ട് സ്ത്രീധന തുകയ്ക്ക് പകരമായി സ്ഥലം നൽകാമെന്ന ദേവകിയമ്മയുടെ കണക്കുകൂട്ടൽ മക്കളും മരുമക്കളും തെറ്റിച്ചു.
വിവാഹം കഴിഞ്ഞതോടെ മക്കളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി. തീരുമാനങ്ങളെല്ലാം വളരെ വേഗത്തിലായിരുന്നു. ഒരിക്കൽ ദേവകിയമ്മ തന്നെയാണ് ക്ഷേത്രത്തിൽവെച്ച് കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞത്.
മൂത്ത മകളായിരുന്നു അവരോട് അക്കാര്യം ആദ്യം സൂചിപ്പിച്ചത്.
"വാക്കുപറഞ്ഞ് ഉറപ്പിച്ച സ്വർണ്ണം കൊടുക്കാതെ എനിക്ക് ആളുകളുടെ മുഖത്ത് നോക്കാൻ വയ്യ. രാധയ്ക്കും അതുതന്നെയാണ് സ്ഥിതി. അമ്മ എന്തെങ്കിലും ചെയ്യണം. ഇല്ലെങ്കിൽ എന്താ ഉണ്ടാവാന്ന് പറയാൻ പറ്റില്ല. "
"മോളെ , അമ്മ ഇപ്പൊ ന്താ ചെയ്യ? നിവൃത്തി ഉണ്ടായിരുന്നൂച്ചാ എന്തെങ്കിലും ചെയ്യുമായിരുന്നില്ലേ... ഇതിപ്പൊ....?"
" ഗോപ്യേട്ടൻ ഒരു കാര്യം പറഞ്ഞു. അമ്മയ്ക്ക് സമ്മതാച്ചാ പറയാൻ പറഞ്ഞു".
"എന്ത് കാര്യാ മോളെ?"
"ഗോപ്യേട്ടൻ പറേണത് അമ്മയ്ക്ക് വയസ്സായില്ലേ.. അമ്മയെ ഇങ്ങനെ ഒറ്റയ്ക്ക് നിറുത്തണോന്നാ?"
"അതൊന്നും സാരല്ല്യ മോളെ. അമ്മ എങ്ങനേങ്കിലും ജീവിച്ചോളാം".
"അതല്ല... അതുകൊണ്ട് ഈ വീടും സ്ഥലവും വിറ്റ് കടവും വീട്ടാം, സ്ത്രീധനത്തിന്റെ ബാക്കിയും കൊടുക്കാം. പിന്നെ ഉള്ളത് ഞങ്ങളുടെ രണ്ടുപേരുടെയും പേരിൽ എഴുതിത്തരണമെന്നാ പറഞ്ഞത്. അമ്മയ്ക്ക് ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടിൽ താമസിക്കാല്ലോ?"
മറ്റുപോംവഴികൾ ഇല്ലാത്തതിനാൽ ഒരാഴ്ച കഴിഞ്ഞ് അവരുടെ ഇഷ്ടപ്രകാരം എല്ലാം രണ്ടു മക്കൾക്കുമായി എഴുതിക്കൊടുത്തു. കരാർ പ്രകാരം അമ്മ ഓരോ മാസവും ഓരോ മക്കളുടെ വീട്ടിൽ താമസിക്കണം. ഒരു മാസം മൂത്ത മകളുടെ വീട്ടിലാണെങ്കിൽ അടുത്ത മാസം ഇളയ മകളുടെ വീട്ടിൽ.
പാവം ദേവകിയമ്മ! ഇപ്പോൾ 22 വർഷമായി ഈ റിലേ തുടങ്ങിയിട്ട്. ഒരു ചാൺ വയറിനുവേണ്ടി രണ്ടു പെൺമക്കളുടേയും വീട്ടിൽ മാറിമാറി താമസിച്ച് അവരുടെ വീട്ടിൽ അടുക്കളജോലിയും മുറ്റമടിയും പുല്ലുപറിക്കലും ചവറ് അടിച്ചു തീയിടലും... അങ്ങനെയങ്ങനെ നേരം പലർച്ച നാലരമണി മുതൽ രാത്രി പത്തുമണി വരെയുള്ള വീട്ടുജോലിക്കാരി.
ശമ്പളം നൽകേണ്ട. എല്ലാം സ്വന്തം വീടുപോലെ നോക്കും. ഇത്രനല്ല വേലക്കാരിയെ വേറെ എവിടെ ലഭിക്കും?
കഴിഞ്ഞവർഷം ഒരു വൈകുന്നേരം ദേവകിയമ്മ മതിലിനരികിൽ വന്നു വിളിച്ചത് അനു ഓർത്തു. നാണിയമ്മയുടെ വീട്ടിൽ പശു ഉള്ളതിനാൽ അയൽവീടുകളിലെ കഞ്ഞിവെള്ളം അവർ എടുക്കുമായിരുന്നു. മതിൽ പണിതതിനാൽ അവിടേക്കുള്ള എളുപ്പവഴി ഇല്ലാതായി. ഇനി കുറച്ചധികം വളഞ്ഞുതിരിഞ്ഞു പോകണം...അതും ഉമ്മറത്തുകൂടി.. ദൂരം കൂടുതലായി. അതുകൊണ്ട് എന്നും വൈകുന്നേരം ഒരു പോണിയിൽ കഞ്ഞിയോ കഞ്ഞിവെള്ളമോ നിറച്ച് മതിലിനു മുകളിൽ വെക്കും. നാണിയമ്മയോ മകളോ മതിലിന് ഇപ്പുറത്തുനിന്ന് എടുക്കും. ചില ദിവസങ്ങളിൽ ആരും വെള്ളം എടുക്കാൻ വരില്ല. അന്നാണ് അനുവിനെ വിളിച്ചിരുന്നത്.
"ആരാ ഇവിടെ ഉള്ളത്. .?"
അങ്ങനെയാണ് ദേവകിയമ്മ വിളിക്കുക. ചോദ്യം ഇങ്ങോട്ടാണെന്ന് മനസ്സിലായതിനാൽ അനു ചോദിക്കും;
"എന്താ വിളിച്ചത്? "
"അതേ.. കഞ്ഞിവെള്ളം വച്ചിട്ട് ഇതുവരെ ആരും വന്നില്ല. ഇന്നലേം വന്നില്ല. പൂച്ച പാത്രം താഴെ തള്ളിയിട്ടു. വിരോധല്ല്യാച്ചാ ഒന്ന് ചോദിക്കോ വേണോന്ന്? എങ്ങന്യാ വെറുതെ താഴെ ഒഴിച്ചു കളയാന്ന് കരുതീട്ടാ. മിണ്ടാപ്രാണികളല്ലേ..?"
"ആ ഇങ്ങോട്ട് തന്നോളൂ. ഞാൻ കൊടുക്കാം."
ദേവകിയമ്മ ചിരിച്ചുകൊണ്ട് പാത്രം അനുവിന് നൽകി. മതിലിന് മുകളിലേക്ക് വളർന്നു തുടങ്ങിയ ചെടികളുടെ ചില്ലകൾ ഒരു വശത്തേക്ക് ഒതുക്കിപ്പിടിച്ച് ക്ഷീണിച്ച സ്വരത്തിൽ അവർ പറഞ്ഞു;
"രാവിലെ തുടങ്ങണ ജോലിയാണ്. ഇപ്പോ സന്ധ്യയാകാറായി. ഇതുവരെ ഒന്ന് നടു നീർത്തീട്ടില്ല്യ. ഇത് അങ്കട് കൊടുത്തിട്ട് വേണം അടിച്ചുതെളിച്ചു വിളക്ക് കാണിക്കാൻ. "
അവരുടെ സംസാരത്തിലെ നീരസവും വിഷമവും മനസ്സിലായെങ്കിലും വെറുതെ ചോദിച്ചു;
"അതിന് അവിടെ മോളും പേരക്കുട്ടിയുമൊക്കെ ഇല്ല്യേ?"
"ശബ്ദത്തിൽ കൂടുതൽ ഈർഷ്യയോടെ അവർ തുടർന്നു;
"അതാപ്പൊ നന്നായത്. മകളാന്ന് പറഞ്ഞിട്ട് ഒരു കാര്യോല്ല്യ. ഞാൻ ഇങ്ങട് വന്നുകഴിഞ്ഞാ പിന്നെ ആ ഒരുമാസം അമ്മയും അതെ, മോളുമതെ, ഒരു കൂട്ടം ചെയ്യില്ല. ഒരാള് ഫോണും പിടിച്ച് ഇരിക്കും, മറ്റയാള് പുസ്തകോം നീർത്തി ഇരിക്കും. നിക്ക് ചെലപ്പോ ഭ്രാന്ത് വരും. ന്നാലും ന്താ ചെയ്യാ? ഇട്ടെറിഞ്ഞ് പോകാനാവില്ലല്ലോ? അവർക്ക് വേണ്ടാച്ചാലും നമുക്ക് നമ്മടെ മക്കളല്ലേ... വേണ്ടാന്ന് കരുതാൻ വയ്യാലോ..."
മിണ്ടാതെ നില്ക്കുകയല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല. അനുവിന് വളരെ വിഷമം തോന്നി. വിവരവും വിദ്യാഭ്യാസവുമുള്ള മക്കൾ. പക്ഷേ, ഇക്കാലമത്രയും അവരെ സംരക്ഷിച്ച് അവർക്ക് നല്ലൊരു ജീവിതം നേടിക്കൊടുക്കുവാൻ സകലതും ത്യജിച്ച മാതാവ്. സ്വന്തം ജീവിതം മറന്നുപോയവർ.... അതോ... ഇതൊക്കെയാണ് ജീവിതമെന്ന് നേരത്തെ മനസ്സിലാക്കിയവരോ?
കഞ്ഞിവെള്ളം വാങ്ങി അനു അടുക്കളയിൽനിന്നും ഒരു പാത്രമെടുത്ത് അതിലേക്ക് ഒഴിച്ചുവെച്ച് ദേവകിയമ്മയ്ക്ക് പാത്രം തിരിച്ചു നൽകിക്കൊണ്ട് പറഞ്ഞു;
"സമയം കളയേണ്ടല്ലോന്ന് കരുതി ഞാൻ ഒരു പാത്രത്തിൽ ഒഴിച്ചുവെച്ചതാ. ഞാൻ കൊടുത്തോളാം."
ദേവകിയമ്മ പാത്രം വാങ്ങിക്കൊണ്ട് പറഞ്ഞു;
"അത് നന്നായി. ഇല്ല്യാച്ചാ ഇനിം സമയം പോയേനെ. നിങ്ങടെ വീട്ടിലേക്ക് വരണന്നും സംസാരിക്കണന്നും ഒക്കെണ്ട്. ന്താ ചെയ്യാ... വല്ലതിനും നേരോണ്ടോ ഇവിടെ? "
75 വയസ്സോളമായെങ്കിലും ഇപ്പോഴും ആ മുഖത്ത് എന്തൊരു പ്രസരിപ്പാണ്, നല്ല ഐശ്വര്യമുള്ള ഒരമ്മ. ഇതുപോലെ ഒരമ്മ തനിക്ക് ഉണ്ടായിരുന്നുവെങ്കിലെന്ന് അമ്മ മരിച്ചുപോയ അനു ചിന്തിച്ചുപോയി.
അമ്മമാരൊക്കെ ഇങ്ങനെയാണ്. മക്കളായിക്കഴിഞ്ഞാൽ പിന്നീടുള്ള ജീവിതം അവർക്കായി മാറ്റിവെക്കുന്നു. എന്നാൽ ആ മക്കൾ വളർന്നു വലുതായി നല്ലൊരു ജീവിതസാഹചര്യത്തിൽ എത്തുന്നതോടെ പലരും മാതാപിതാക്കളെ മറക്കുന്നു. ഇതെന്തൊരു ലോകം! കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. ഇല്ലാതാവുമ്പോൾ എല്ലാവർക്കും മനസ്സിലാവും ചെയ്തതൊക്കെ തെറ്റായിരുന്നുവെന്ന്. പക്ഷേ, ആ പശ്ചാത്താപംകൊണ്ട് മരിച്ചവർക്കെന്തു നേട്ടം? ജീവിച്ചിരിക്കുമ്പോൾ തിരിഞ്ഞു നോക്കാത്ത മക്കളുടെ, മരണശേഷമുള്ള പ്രവൃത്തികൾ കാണുമ്പോൾ സത്യത്തിൽ അവജ്ഞയാണ് തോന്നുന്നത്.
അന്നുമുഴുവനും അനുവിന്റെ മനസ്സിൽ ദേവകിയമ്മ മാത്രമായിരുന്നു. ഇന്നത്തെ ദേവകിയമ്മയാകുമോ നാളെ ഞാനും!
ദിവസങ്ങൾ കഴിഞ്ഞ്, വൈകുന്നേരം ക്ഷേത്രത്തിൽവെച്ചാണ് സരസ്വതിയമ്മയെ കണ്ടത്. ദേവകിയമ്മയുടെ മകളുടെ ഭർത്താവിന്റെ അമ്മയാണ് സരസ്വതിയമ്മ. എൺപതിനോടടുത്ത പ്രായമായെങ്കിലും മുടങ്ങാതെ എല്ലാദിവസവും രണ്ടുനേരം ക്ഷേത്രത്തിൽ പോകും. ഒരു ദിവസം പോയില്ലെങ്കിൽ അറിയാം, വൈകുന്നേരം അഞ്ചരമണിയോടെ കേൾക്കാനാവും അവരുടെ നാമജപം. വെളുത്തുമെലിഞ്ഞ് മുടിയിഴകളിൽ വാർദ്ധക്യം കൂടുകൂട്ടിയെങ്കിലും എപ്പോഴും ചിരിച്ചുകൊണ്ട് മാത്രമേ സംസാരിക്കൂ, അതും സ്നേഹമൂറുന്ന നേർത്ത സ്വരത്തിൽ. വെളുത്ത വസ്ത്രങ്ങൾ മാത്രമേ ധരിച്ചു കണ്ടിട്ടുള്ളൂ ഇതുവരെ. കേൾവിശക്തി അല്പം കുറവാണെങ്കിലും എപ്പോൾ കണ്ടാലും കുശലം ചോദിക്കും. നമ്മൾ അല്പം ഉച്ചത്തിൽ പറയണമെന്നുമാത്രം.
പരസ്പരം വിശേഷം കൈമാറുന്നതിനിടയിൽ അനു ചോദിച്ചു;
"കുറെ ദിവസമായി അവിടെ സരസ്വതിയമ്മേടെ ശബ്ദം കേൾക്കാറില്ലല്ലോ? വീട്ടിൽ ഉണ്ടായിരുന്നില്ലേ?"
അനുവിന്റെ ചോദ്യം കേട്ടമാത്രയിൽതന്നെ സരസ്വതിയമ്മയുടെ മുഖം വാടി. ആ കണ്ണുകളിൽ ഈറനണിഞ്ഞു. അനുവിന് ചോദിച്ചത് അബദ്ധമായോ. പ്രദക്ഷിണവഴിയിൽ മറ്റാരും ഇല്ലാതിരുന്നത് നന്നായെന്ന് അനുവിന് തോന്നി. അല്പം കഴിഞ്ഞ് മുഖത്ത് കൃത്രിമമായി പുഞ്ചിരി വരുത്തുവാനുള്ള ശ്രമത്തോടെ സരസ്വതിയമ്മ പറഞ്ഞു.
"മോളെ, ഞാൻ അവിടെ ആയിരുന്നില്ല. മൂത്ത മോന്റെ വീട്ടിലേ.., ബാലകൃഷ്ണന്റെ. അവട്യായിരുന്നു.
അനു ഒന്നും മിണ്ടാതെ മൂളി കേൾക്കുക മാത്രം ചെയ്തു. സരസ്വതിയമ്മ ദക്ഷിണാമൂർത്തിയെ തൊഴുത് വീണ്ടും വലംവെച്ചു. ഇടറിയ സ്വരത്തിൽ അവർ തുടർന്നു;
"രണ്ടു കുട്ട്യോള് അവടെ പ്രസവിച്ചു കെടക്കണുണ്ട്. ന്റെ മോന്റെ മക്കളല്ലേ അവര്. അവരടെ കുട്ട്യോൾടെ ഒരു കാര്യത്തിനും നിക്ക് പോകാനായില്ല. "
"എന്തേ..?"
മേൽമുണ്ടിന്റെ അറ്റത്താൽ കണ്ണും മുഖവും തുടച്ചുകൊണ്ട് ഗദ്ഗദത്തോടെ അവർ പറഞ്ഞു;
"നിക്ക് ചെവി കേക്കില്ലാലോ.. വയസ്സായില്ലേ... പോരാത്തതിന് മുഖത്തും ശരീരത്തിലുമൊക്കെ വെള്ളപ്പാണ്ടും. അപ്പൊ ആളൊള് കാണുമ്പൊ കൊറച്ചിലല്ലേ? അതുകൊണ്ട് എന്തെങ്കിലും വിശേഷം ഉണ്ടാവുമ്പൊ അവരൊക്കെ എന്നെ മറ്റെവിടേക്കെങ്കിലും മാറ്റി താമസിപ്പിക്കും. നിക്കും ഉണ്ടല്ലോ രണ്ടുമൂന്നു മക്കൾ! "
അനുവിന് മറുപടി ഇല്ലായിരുന്നു. ഇങ്ങനെയുണ്ടോ മക്കൾ? അതും ആൺമക്കളും ഇങ്ങനെയാണോ?
"അപ്പോ പേരക്കുട്ടികളുടെ വിവാഹമൊക്ക..."
പടിഞ്ഞാറെ നടയിൽനിന്ന് പാർവ്വതീദേവിയെ നോക്കി കണ്ണുനീർ വാർത്തുകൊണ്ട് സരസ്വതിയമ്മ തുടർന്നു;
"നിക്ക് ഒന്നിനും യോഗല്ല്യ മോളെ. ഒന്നും ഞാൻ കണ്ടില്ല. എന്നെ കണ്ടാൽ വിവാഹം മുടങ്ങെന്ന് പറഞ്ഞ് ആലോചനകൾ വരുമ്പോഴൊക്കെ എന്നെ മാറ്റും. അതുപോലെ തന്നെ മറ്റെല്ലാറ്റിനും. ഒരു നിമിഷം മൗനംപൂകി അവർ പറഞ്ഞു;
"ന്റെ രോഗം പകരൂന്ന് പറഞ്ഞ് ആ കുട്ട്യോളെ ഒന്ന് തൊടാൻകൂടി അവരെന്നെ അനുവദിക്കില്ല്യാർന്നു. ന്റെ മോന്റെ കുട്ട്യോളും അവരടെ പൈതങ്ങളേം എടുക്കണംന്നും കൊഞ്ചിക്കണന്നുമൊക്കെ നിക്കും മോഹണ്ടാവില്ലേ...? സഹിക്കാൻ പറ്റണില്ല കുട്ട്യേ..."
"സരസ്വതിയമ്മയുടെ കരച്ചിലിന് തേങ്ങലിന്റെ അകമ്പടികൂടിയായി. ചുറ്റമ്പലത്തിന് പുറത്ത് കണ്ണനാംകുളം തേവരുടെ നടയിൽ മുട്ടുകുത്തിക്കിടന്ന് അവർ കരഞ്ഞു വിളിച്ചു;
"ന്റെ മക്കളോട് പൊറുക്കണേ.. തേവരേ... ഇനിയും കണ്ണീര് കുടിപ്പിക്കാതെ ന്നെ ങ്ങട് തിരിച്ചു വിളിക്കണേ.... ദൈവമേ...!"
ആ വാക്കുകൾ അനുവിന്റെ ഹൃദയഭിത്തികളിൽ വേദനയുടെ സ്പർശമേകി. അനുവിന്റെ നേത്രങ്ങളും നിറഞ്ഞൊഴുകി. അവൾക്ക് ആ തിരുനടയിൽനിന്ന് ഒന്നും പ്രാർത്ഥിക്കുവാനായില്ല. കണ്ണടച്ചപ്പോഴും അവിടെ മുട്ടുകുത്തി അപേക്ഷിക്കുന്ന സരസ്വതിയമ്മയുടെ ദയനീയരൂപം മാത്രമേ കാണുവാനായുള്ളൂ.
അനുവും മന്ത്രിച്ചു;
"ഈശ്വരാ അവരുടെ കൂടെയുണ്ടാകണേ!"
അല്പം കഴിഞ്ഞ് സരസ്വതിയമ്മ എഴുന്നേറ്റ് അകത്തേക്ക് കയറി.
"മോള് വരണുണ്ടോ അകത്തേക്ക് ?"
"ഇല്ല. സരസ്വതിയമ്മ പൊയ്ക്കൊള്ളൂ. ഞാൻ ഇവിടെനിന്ന് തൊഴുതുകൊള്ളാം."
ആ വേദനയിലും മുഖത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് സരസ്വതിയമ്മ അകത്തേക്ക് വേച്ചുവേച്ചു നടന്നു, ആ സർവ്വേശ്വരനിൽ ലയിക്കുവാനെന്നവണ്ണം... സ്വന്തം ജീവിതം മറന്ന് മക്കൾക്ക് വേണ്ടി സർവ്വസുഖങ്ങളും ഉപേക്ഷിച്ച മറ്റൊരു ജന്മം... ജീവിക്കാൻ മറന്നുപോയ മറ്റൊരു പാവം ഒരു മുത്തശ്ശി!
നിറമിഴികളോടെ അനു തിരിഞ്ഞു നടന്നു. അകലെനിന്നെത്തിയ ചാറ്റൽമഴയിൽ ആ ദേവഭൂമിയിൽ തീർത്ഥം തെളിച്ചുകൊണ്ട് മഴ ദൂരേക്ക് പോയി...
***മണികണ്ഠൻ അണക്കത്തിൽ***

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo