Showing posts with label AjiDivakar. Show all posts
Showing posts with label AjiDivakar. Show all posts

പ്രണയപൂർവ്വം


ഇരുണ്ട് കൊലുന്നനെ ഉള്ള ഈ പയ്യനെ ആര് പ്രേമിക്കാന്‍ ??ഇതായിരുന്നു എട്ടാംക്ലാസ് മുതലുള്ള എന്‍റെ ചിന്ത.കൂനിന്മേല്‍ കുരുവെന്ന പോലെ രണ്ടു ചെവിയിലും രണ്ടു കുണുക്കുകള്‍ പോലെയുള്ള അരിമ്പാറകളും,കൂര്‍ത്ത പല്ലിളിച്ചുള്ള ചിരിയും.കണ്ണാടിയുടെ മുന്നില്‍ നില്ക്കുമ്പോള്‍ കണ്ണാടി എന്നെ പല്ലിളിച്ചു പരിഹസിക്കും " പോടാ എന്‍റെ മുന്‍പില്‍ നിന്ന് ,ഒരു കാമുകന്‍ വന്നിരിക്കുന്നു. " പിന്നെപ്പിന്നെ കണ്ണാടിയും എന്‍റെ ആജന്മ ശത്രുവായി.ഞാന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ചിന്തിക്കും ദൈവമേ " സ്വര്‍ണ്ണ കണ്ണാടി കൂപ്പും കവിളിണ ഒളിവും ,പൈങ്കിളിയുടെ പവിഴച്ചുണ്ട് തോല്‍ക്കുന്ന മൂക്കും കട്ടിമീശയുമൊക്കെ എനിക്കുണ്ടാവുമോ ?" അഥവാ അതുണ്ടായാല്‍ തന്നെ എന്നെ പ്രേമിക്കാന്‍ ഏതെങ്കിലും ഒരുമ്പെട്ടവള്‍ കാണുമോ ?
ഏഴില്‍ നിന്ന് എട്ടിലേക്ക് എത്തിയപ്പോള്‍ പഠിച്ചിരുന്ന വിദ്യാലയവും മാറി.പുതിയ സഹപാഠികളുമൊത്തുള്ള ആദ്യ ദിനം. പുത്തനുടുപ്പിന്റെയും പുസ്തകത്തിന്റെയും വശ്യതയുള്ള ഗന്ധം പെരുത്തിഷ്ടായി. ഹേമ ടീച്ചര്‍ ഓരോരുത്തരോടും പേരുകള്‍ ചോദിച്ചു.കൈകള്‍ രണ്ടും നിക്കറില്‍ നിന്ന് പിടിവിടാതെ എഴുന്നേറ്റു നിന്ന് ഞാനും പേര് ചൊല്ലി.പെണ്‍കുട്ടികളുടെ ഊഴമായി. രണ്ടാമത്തെ ബഞ്ചില്‍ ഇരിക്കുന്ന രണ്ടുപേര്‍ അവരുടെ പേര് ചൊല്ലി ഇരുന്നു. സവിതയും ശോഭയുമായിരുന്നു അത്..ഏറ്റവും മുന്‍ ബഞ്ചിലിരുന്ന ഞാന്‍ വലതു വശത്തെ പെണ്‍കുട്ടികളുടെ നിരയിലെ രണ്ടാം ബഞ്ചിലേക്ക് വെറുതെ ഒന്ന് നോക്കി. ശോഭയുടെ നോട്ടം എന്നിലെക്കായി. കണ്ണുകള്‍ പിന്‍വലിച്ചു ടീച്ചറിനെ നോക്കി ഇരുന്നു. വീണ്ടുമൊരു വെമ്പല്‍ . വീണ്ടും നോക്കി. അടുത്ത നോട്ടത്തിന് നൂറിന്‍റെ ബള്‍ബ് പോലെ കണ്ണുരുട്ടി ഒരു നോട്ടമായിരുന്നു, ശോഭയുടെ വക. ചൂളിപ്പോയി , ഞാന്‍. ധൈര്യം വീണ്ടെടുക്കാന്‍ വീണ്ടും നിമിഷങ്ങള്‍ വേണ്ടി വന്നു എനിക്ക്.പിന്നെയും നോക്കണം എന്ന് മനസ് പറഞ്ഞു. പാളി ഒന്ന് നോക്കി. കണ്ണുരുട്ടി പാതി ചിരിയോടെ ശോഭ എന്നെ നോക്കുന്നു. അന്തം വിട്ടുപോയ നിമിഷം.സമനില വീണ്ടെടുത്ത്‌ എലി പുന്നെല്ലു കണ്ടു ചിരിക്കുന്നപോലെ ഞാനും വെളുക്കെ ഒരു ചിരി പാസ്സാക്കി.
അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകുവച്ചു സ്വര്‍ഗത്തിനുമപ്പുറത്തെക്ക് പറന്നു.ശോഭയായിരുന്നു മനോ മുകുളങ്ങളില്‍.എന്‍റെ ജീവിതത്തിലേക്ക്- എന്‍റെ ഇല്ലായ്മകളിലേക്ക്, എന്‍റെ ഇഷാനിഷ്ടങ്ങളിലേക്ക് ശോഭ സ്വപ്നത്തില്‍ ഇറങ്ങി വന്നു.
അടുത്ത ദിവസങ്ങളില്‍ ക്ലാസില്‍ ശോഭയോട് പതുക്കെ മിണ്ടാന്‍ തുടങ്ങി. അവള്‍ കണ്ണുരുട്ടുന്ന സ്വഭാവം മാറ്റിയില്ല. എങ്കിലും അതൊരു രസമുള്ള കാഴ്ചയായിരുന്നു.സ്കൂള്‍ വിട്ടാല്‍ അവള്‍ പോകുന്ന വഴിയും വീടുമൊക്കെ മനസിലാക്കി, ഞാന്‍. സ്ക്കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കാന്‍ സന്തോഷത്തിന്റെ മഴ പെയ്യുന്ന ദിനങ്ങള്‍ ആയിരുന്നു അത്. കുട്ടനാടിന്റെ ഉയര്‍ന്ന പ്രദേശ വാസിയാതിനാല്‍ ചൂണ്ടയിടലും മീന്‍ പിടുത്തവുമൊക്കെ തകൃതിയായി നടക്കുന്ന സമയം. ഒരു ഞായറാഴ്ച ചൂണ്ടക്കോലും കൊണ്ട് ഊത്ത പിടിക്കുന്ന സമയം അതാ വരുന്നു അവള്‍ ഒരു സൈക്കിളില്‍ റോഡിലൂടെ... ചൂണ്ട പതുക്കെ താഴത്തിട്ടു. പതുക്കെ അവിടുന്നു വലിയാന്‍ തുടങ്ങിയ എന്നെ അവള്‍ കണ്ടു. സൈക്കിള്‍ നിര്‍ത്തി അടുത്തേക്ക് വിളിച്ചു. വിറയാര്‍ന്ന മെയ്യോടെ അവളുടെ അടുക്കലെത്തി.ഉച്ച തിരിഞ്ഞു ക്ലാസ്സില്‍ വരാതിരുന്ന ഒരു ദിവസത്തെ നോട്ടു എഴുതാന്‍ അവള്‍ എന്‍റെ ബുക്ക്‌ ആവശ്യപ്പെട്ടു. മിന്നല്‍ കണക്കെ ഞാന്‍ വീട്ടില്‍ പോയി ബുക്കെടുത്തു കൊടുത്തു.യാത്ര പറഞ്ഞു കണ്ണില്‍നിന്നു മായുന്നത് വരെ അവളെ നോക്കി നിന്നു.
അടുത്ത ദിവസം ശോഭ ക്ലാസില്‍ വന്നപ്പോള്‍ ബുക്ക് തിരികെ തന്നു.സഞ്ചിയില്‍ വച്ച് സ്കൂള്‍ കഴിഞ്ഞു വീട്ടിലെത്തിയ ഞാന്‍ ബുക്ക് മെല്ലെ പുറത്തെടുത്തു. .അവള്‍ അടുത്ത് വരുമ്പോള്‍ ഉണ്ടാകുന്ന കാച്ചെണ്ണയുടെയും മുല്ലപ്പൂവിന്റെയും ഗന്ധം ആയിരുന്നു അതിനു. അത് തുറന്നു. ഉള്ളില്‍ ഒരു പേപ്പര്‍ മടക്കി വച്ചിരിക്കുന്നു. ഹൃദയമിടിപ്പ് ഉച്ചസ്ഥായിയില്‍ ആയി. പേപ്പര്‍ മലര്‍ക്കെ തുറന്നു.സരസ്വതി ദേവിയുടെ മനോഹരമായ ഒരു ചിത്രം അവള്‍ വരച്ചു കയ്യൊപ്പോട് കൂടി തന്നിരിക്കുന്നു. അവളോടുള്ള പ്രണയം കഥാകാരന്‍ പറഞ്ഞത്‌ പോലെ പ്രചണ്ടമായി, പ്രക്ഷുബ്ദമായി എനിക്ക്. എന്നോട് അവള്‍ക്കുള്ള പ്രണയം ചിത്രങ്ങള്‍ ആയി സമര്‍പ്പിക്കുകയായിരിക്കും എന്ന് ഞാന്‍ മനസ്സില്‍ നൂറ്റൊന്നാവര്‍ത്തി ഉറപ്പിച്ചു.
എന്‍റെ കടുത്ത പ്രണയം അവളോട്‌ പറയണം എന്ന് കരുതിയെങ്കിലും അതിനു നിയതി സമ്മതിച്ചില്ല എന്ന് കരുതുന്നതാണ് എനിക്കിഷ്ടം. അവള്‍ക്കു പ്രണയമുണ്ടായിരുന്നു.... ഈയുള്ളവനോടല്ല എന്ന കടുത്ത യാഥാര്‍ത്ഥ്യം പേറാന്‍ എന്‍റെ ഹൃദയം പാകമാല്ലായിരുന്നു.ഇരുട്ടടി പോലെ , അവള്‍ പ്രണയിക്കുന്നവനാകട്ടെ എന്‍റെ അയല്‍വാസിയും സീനിയര്‍ വിദ്യാര്‍ത്ഥിയും. എല്ലാവര്ക്കും സുമുഖനായ അവന്‍ എനിക്ക് കൂതറയും. നീറുന്ന ഹൃദയവുമായി കഴിഞ്ഞ അവള്‍ എന്നെ ഒരു ദൌത്യവും ഏല്‍പ്പിച്ചു.അവനു കൈമാറാനുള്ള പ്രണയലേഖനം. കരള്‍ പറിച്ചു വലിച്ചെറിയുന്ന അനുഭവം ആയിരുന്നു അത്. കടുത്ത യാദാസ്ഥിതിക ചിന്താഗതിയുള്ള കുടുംബം ആയതിനാല്‍ ആവാം അവന്‍ അവളുടെ പ്രണയത്തെ കാര്യമായി എടുത്തില്ല.അതുകൊണ്ടാവണം അത് സ്കൂള്‍ ജീവിത കാലത്ത് തന്നെ മണ്മറഞ്ഞു പോയതും.
വര്‍ഷങ്ങള്‍ക്കിപ്പുറം കഥാ നായിക കേരളം അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അവരോടുള്ള എന്‍റെ കടുത്ത പ്രണയം ക്രമേണ എഴുത്തുകാരോട് തോന്നുന്ന ആരാധനയായി. സാഹിത്യ പുരസ്ക്കാരങ്ങള്‍ ഓരോന്നായി അവരെ തേടി എത്തിയപ്പോള്‍ എന്‍റെ ആരാധന ആദരവായി.ആ ആദരവിലും പഴയ പുസ്തക കെട്ടുകളില്‍ ഒളിപ്പിച്ച ,ഹൃദയത്തില്‍ പതിപ്പിച്ച താമരയിതളില്‍ കുടികൊള്ളുന്ന സരസ്വതി ദേവിയെ കണ്ചിമ്മാതെ നോക്കുമ്പോള്‍ കണ്‍ കോണുകളില്‍ ഒരു നനവ്‌ പടരുന്നോ എന്ന് സംശയം.അത് ആരാധനയുടെ.. ആദരവിന്റെ ,പ്രണയത്തിന്റെ ...ആയിരിക്കാം.. ..... അറിയില്ല എനിക്ക് പറയാന്‍......
അജി ദിവാകര്‍

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo