Showing posts with label RajeeshKannamangalam. Show all posts
Showing posts with label RajeeshKannamangalam. Show all posts

കല്യാണരാത്രി - Part 1

Image may contain: Rajeesh Kannamangalam, smiling, beard and closeup
'ഞാൻ ചെയ്തത് എത്രത്തോളം ശരിയാണ് എന്നെനിക്കറിയില്ല, ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനമാണ് എടുത്തത്, പിഴവ് വരുത്തല്ലേ ഈശ്വരാ...'
കണ്ണടച്ച് പ്രാർത്ഥിച്ചിരിക്കുമ്പോഴാണ് വാതിൽ തുറന്ന് വിദ്യ അകത്തുവന്നത്. അവൾ വാതിൽ ചാരി, മുറിയിലെ മേശക്ക് സമീപം നിന്നു. അവൾ തല ഉയർത്തിയില്ല, എങ്കിലും മനസിലെ വിഷമം മുഴുവൻ അവളുടെ മുഖത്ത് കാണാമായിരുന്നു. എന്താണ് വിദ്യയോട് സംസാരിക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. അവളെ ആശ്വസിപ്പിക്കാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ലായിരുന്നു.
സമയം രാത്രി പതിനൊന്ന് ആയിരിക്കുന്നു, നല്ല ക്ഷീണം ഉണ്ട്. ഞങ്ങൾക്കിടയിൽ മൗനം കളിയാടി നിന്നു.
അല്പനേരത്തിനു ശേഷം ഞാൻതന്നെ തലയുയർത്തതെ തുടങ്ങി, 'വിദ്യേ... എന്താ പറയേണ്ടത് എന്നെനിക്കറിയില്ല, നമ്മൾ രണ്ടാളും പ്രതീക്ഷിച്ചതല്ല ഇന്ന് സംഭവിച്ചത്, നിനക്ക് അതിൽ ഒരുപാട് വിഷമം ഉണ്ടെന്നറിയാം, ഞാനിപ്പോ എന്ത് പറഞ്ഞാലും നിന്റെ വിഷമം മാറില്ല. എനിക്ക്....'
ഒരു തേങ്ങലായിരുന്നു മറുപടി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
ഞാൻ വീണ്ടും വിഷമത്തിലായി, ഇനി എന്താ പറയാ, എന്താ ചെയ്യാ?
ഇന്നത്തെ ദിവസം വളരെയധികം സംഭവബഹുലമായിരുന്നു. ഇന്ന് ഞങ്ങളുടെ വിവാഹമായിരുന്നു. ഇത് ഞങ്ങളുടെ ആദ്യരാത്രിയാണ്.
രണ്ട് മാസത്തെ ലീവിനാണ് നാട്ടിലെത്തിയത്. പ്രവാസത്തിന്റെ എല്ലാ സങ്കടങ്ങളും തീർക്കണം, തിരിച്ച് പോകുമ്പോൾ ഒരുപാട് നല്ല ഓർമ്മകൾ കൂടെ കൊണ്ടുപോകണം, ഇതായിരുന്നു ലക്ഷ്യം.
രാജകീയമായ സ്വീകരണം തന്നെ കിട്ടി, എല്ലാ ബന്ധുക്കളുടെയും വീട്ടിൽ പോയി, കൂട്ടുകാരുമൊത്ത് കറങ്ങാൻ പോയി, വീട്ടുകാരുമൊത്ത് ഗുരുവായൂരിൽ പോയി, അങ്ങനെ ആകെ അടിച്ച് പൊളിച്ചു. മനസ്സിൽ നഷ്ടപ്പെട്ട സന്തോഷത്തിന്റെ നാളുകൾ തിരിച്ചെത്തി.
അമ്മയുടെ കുടുംബത്തിലുള്ള മേമയുടെ മകളുടെ കല്യാണമായിരുന്നു ഇന്ന്. ഞാനും അച്ഛനും അമ്മയും പെങ്ങളും കുട്ടികളും എല്ലാവരും പോയി. അവിടെയുള്ള കൂട്ടുകാരോടും അനിയന്മാരോടും ഗൾഫിലെ ജീവിതം പൊടിപ്പും തൊങ്ങലും വെച്ച് പറഞ്കൊണ്ടിരിക്കുകയായിരുന്നു. പിന്നെ നമ്മുടെ സ്ഥിരം പരിപാടി വായ്നോട്ടവും. ഇപ്പോൾ വായ്നോട്ടത്തിൽ കൂടുതൽ താല്പര്യം ഉണ്ട്, എന്താന്ന്വെച്ചാൽ , സൗദിയിൽ സ്ത്രീകളുടെ മുഖം കാണാൻ പറ്റില്ല, പർദ്ദക്കുള്ളിൽ സ്ത്രീ ശരീരം മുഴുവൻ മറച്ചിരിക്കുന്നു. അകെ കാണാവുന്നത് കണ്ണുകൾ മാത്രം. അത് നോക്കാനും പേടി ആയിരുന്നു, അവിടുത്തെ നിയമത്തെ പേടിയായിരുന്നു.
നാട്ടിൽ വന്നപ്പോൾ ഏറ്റവും കൂടുതൽ അനുഭവിച്ചത് ആ സ്വാതന്ത്ര്യത്തെ ആയിരുന്നു. അങ്ങനെ നാടൻ പെൺകുട്ടികളുടെ ശാലീന സൗന്ദര്യം ആസ്വദിച്ചിരുന്ന സമയത്ത് മനു വന്നു പറഞ്ഞു 'ഏട്ടനെ അമ്മായി വിളിക്കുന്നുണ്ട്,വേഗം വരാൻ പറഞ്ഞു' . അമ്മ ഇപ്പൊ എന്തിനാ വിളിക്കുന്നത് എന്നോർത്ത് അവന്റെ കൂടെ ചെന്നു, ഡ്രസ്സിങ് റൂമിലാണ് എത്തിയത്, നിറയെ പെണ്ണുങ്ങൾ, ആകെ നാണക്കേട് തോന്നി.
പക്ഷേ അവരുടെ മുഖത്തൊന്നും കല്യാണത്തിന്റെ സന്തോഷം ഉണ്ടായിരുന്നില്ല.
പെട്ടന്ന് അമ്മ വന്ന് എന്റെ കൈ പിടിച്ച് ഒരു മൂലക്ക് കൊണ്ടുപോയി, 'ഡാ ഉണ്ണീ, ആകെ പ്രശ്നായി, കല്യാണച്ചെക്കൻ ഒരു പെണ്ണിന്റോപ്പം ഒളിച്ചോടി , ഇനീപ്പോ എന്താ ചെയ്യാന്ന് അറിയില്ല'
'അയ്യോ, അമ്മാ ഇനി എന്താ ചെയ്യാ? എല്ലാവരും അറിഞ്ഞോ?'
'അധികം ആരും അറിഞ്ഞിട്ടില്ല , അവര് ഇപ്പൊ ഫോൺ വിളിച്ച് പറയാ ചെയ്ത്'
'കഷ്ടം, എവിടെവരെ പോയാൽ കാര്യം വല്ലതും നടക്കോ?'
'ഡാ അവൻ എവിടേക്കോ പോയി, എവിടേക്കാന്ന് ആർക്കും അറിയില്ല. അവിടെ വിദ്യേം ബിന്ധും കരഞ്ഞോണ്ടിരിക്കാ, എനിക്ക് വയ്യ അത് കാണാൻ'
'ഇനീപ്പോ എന്ത് ചെയ്യാനാ?'
'ഡാ ഞാൻ അച്ഛനോടും ശില്പയോടും(പെങ്ങൾ) സംസാരിച്ചു, നീയവളെ കെട്ടുവോ?'
'ഞാനോ...?'
'ങാ, അച്ഛൻ ഏട്ടനെ(അളിയൻ) ഫോൺ വിളിക്കാ. ഇപ്പൊ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റണത് ചെയ്യാ, അതല്ലേ പറ്റു'
'അമ്മ അവരോട് പറഞ്ഞോ?'
'മ്മ്, അവർക്ക് കൊഴപ്പൊന്നും ഇല്ല. ആകെ തകർന്നിരിക്കാ, നീ ഒന്നും പറഞ്ഞില്ല, ഞാൻ അവരോട് എന്താ പറയാ?'
'അളിയൻ എന്താ പറയണത് എന്ന് നോക്കട്ടെ'
പെട്ടന്ന് അവിടേക്ക് അച്ഛൻ വന്നു, 'ഞാൻ അവനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അവൻ എതിരൊന്നും പറഞ്ഞില്ല, ഇപ്പൊ വാരാംന്ന് പറഞ്ഞു. ഡാ നിനക്ക് കുഴപ്പമില്ലല്ലോ?'
'ഞാനിപ്പോ എന്താ പറയാ?'
'ഡാ നീ ഒന്നും ആലോചിക്കേണ്ട, നമുക്ക് അറിയണ കുട്ടി അല്ലേ, എല്ലാം നന്നാവും' അത് പെങ്ങളുടെ വക.
പിന്നീട് നടന്നതെല്ലാം പെട്ടന്നായിരുന്നു. അളിയൻ വന്നു, എന്നോട് കെട്ടാൻ പറഞ്ഞു., വേഗം അടുത്തുള്ള ബന്ധുക്കളേം കുട്ടുകാരേം വിളിച്ചു. ഒരു വെള്ള ഷർട്ടും വെള്ള മുണ്ടും സംഘടിപ്പിച്ചു., താലി വാങ്ങി, മുഹൂർത്തം കഴിയുന്നതിനു മുൻപ് വിവാഹം നടന്നു.
കല്യാണപ്പെണ്ണിനോട് ഒന്ന് സംസാരിക്കാൻ പോലും പറ്റിയില്ല. ആ നിമിഷം അതാണ് ശരി എന്ന് തോന്നി. ദൈവത്തിന്റെ തീരുമാനം അതാണെന്ന് തോന്നി.
മുറിയിൽ വീണ്ടും മൗനം തളംകെട്ടി നിന്നു.
'ഏട്ടനെന്നോട് ദേഷ്യം ഉണ്ടോ?'
ഇത്തവണ വിദ്യ സംസാരിച്ചു.
'ഇല്ല,എന്തേ അങ്ങനെ തോന്നാൻ?'
'ഞാൻ കാരണം അല്ലേ....'
'നീ കാരണം എന്റെ കല്യാണം നടന്നു. അത്രേ ഉള്ളൂ. പ്രതീക്ഷിക്കാത്തത് സംഭവിച്ചതിന്റെ ടെൻഷൻ ഉണ്ട്, അത് കാര്യാക്കണ്ട. പിന്നെ എല്ലാം പെട്ടന്നായിരുന്നത് കൊണ്ട് ചോദിയ്ക്കാൻ പറ്റിയില്ല, നിനക്ക് എന്നെ ഇഷ്ടമായോ എന്നതിൽ ഇനി വലിയ കാര്യമില്ല, എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടോ?'
ചെറിയ നിശബ്ദത
'എനിക്ക് എന്താ പറയാന്ന് അറിയില്ല. ആകെ എന്തോ പോലെ, എന്തായാലും ഏട്ടനോട് ദേഷ്യം ഇല്ല. ഒട്ടും ഇല്ല.
'അതുമതി, ബാക്കി നമുക്ക് പിന്നെ ശരിയാക്കാം , സമയം ഒരുപാട് ഉണ്ടല്ലോ, എന്തായാലും ഈ രാത്രി വെളുക്കട്ടെ. ടെൻഷൻ കാരണം ചെറിയ തലവേദന, വിദ്യക്കും ക്ഷീണം കാണും , വന്നു കിടന്നോ , ഇനി എല്ലാം രാവിലെ.!!!
ഞാൻ കട്ടിലിൽ ചുമരിനോട് ചേർന്ന് കിടന്നു. വിദ്യ ഇപ്പോഴും അവിടെ തന്നെ നിൽക്കുകയാണ്. അവൾക്ക് ഇനി എന്താ ചെയ്യേണ്ടേ എന്ന് അറിയാത്തത് പോലെ തോന്നി.
'വിദ്യേ നീ പേടിക്കണ്ട, എന്നും ഉള്ള പോലെ ഒരു രാത്രിയാണിത്, വേറെ വീടാണ് , കട്ടിലിന്റെ ഒരരികിൽ ഒരാൾ കൂടി ഉണ്ടെന്ന് മാത്രം. ഇവിടെ ഒരു ബെഡ് മാത്രേ ഉള്ളൂ , അല്ലെങ്കിൽ ഒരാൾക്ക് താഴെ കിടക്കാർന്നൂ'
അപ്പുറത്ത് നിന്നും മറുപടി ഒന്നും വന്നില്ല. ഞാൻ എഴുന്നേറ്റിരുന്നു.
'അതേയ്, ഇന്ന് നമ്മുടെ ആദ്യ രാത്രി ആണ്, പക്ഷേ അതൊന്നും താൻ കാര്യാക്കണ്ട, ഇന്നത്തെ ഈ രാത്രിക്ക് വേണ്ടി മാനസികമായോ ശാരീരികമായോ ഞാൻ തയ്യാറായിട്ടില്ല. നിന്റെ കാര്യവും അങ്ങനെതന്നെ. അത്കൊണ്ട് ഒരുപാട് ആലോചിച്ച് ടെൻഷൻ അടിക്കണ്ട. നമ്മൾ രണ്ട്പേരും രണ്ട് റൂമിൽ കിടന്നാൽ അത് എന്റെ ആണത്വത്തിന് മോശമാ, അത്കൊണ്ട് ഒരു പേടിയും കൂടാതെ നീ ഇവിടെ കിടന്നോ. വേണെങ്കിൽ ഞാൻ താഴെ കിടക്കാം.
'അയ്യോ ഏട്ടാ.., അതൊന്നും വേണ്ട'
'എന്നാ നീയിവിടെ കിടന്നോ'
അതുംപറഞ്ഞ ഞാൻ അല്പം നീങ്ങികിടന്നു. അവൾ വന്ന് ബെഡിൽ ഇരുന്നു.
'ഒരു കാര്യം ചെയ്യ്, ആ ലൈറ്റ് ഓഫാക്ക്. അല്ലെങ്കിൽ മറ്റുള്ളവർ തെറ്റിദ്ധരിക്കും.'
അവൾ എണീച്ച്പോയി ലൈറ്റ് ഓഫാക്കി. ഞാൻ ഫോണിലെ ടോർച് ഓണാക്കി വെളിച്ചം കൊടുത്തു. എന്റെ നല്ല പാതി ബെഡിൽ വന്നിരുന്നു, ഞാൻ ഫോണിലെ ടോർച് ഓഫാക്കി, ഒപ്പം ഫോണും. അല്ലെങ്കിൽ അത് പണി ആകും. രണ്ടാളും കിടന്നു, ആരും മിണ്ടിയില്ല.
എപ്പോഴോ മനസ്സൊന്ന് പിറകിലേക്ക് പോയി.
അമ്മയുടെ തറവാട്ടിൽ എന്തെങ്കിലും വിശേഷത്തിന് പോകുമ്പോൾ വിദ്യയെ കാണാറുണ്ട്. ഞങ്ങൾ ബന്ധുക്കളാണെങ്കിലും അധികം സംസാരിക്കാറില്ല, കാരണം, ഞാൻ സംസാരിക്കില്ല. എനിക്ക് പെൺകുട്ടികളോട് സംസാരിക്കാൻ പേടി ആണ്. ആരോടും അധികം സംസാരിക്കില്ല. വിദ്യയോട് മനസ്സിൽ ചെറിയ താല്പര്യം ഉണ്ടായിരുന്നു, അത് പക്ഷേ അവളോട് മാത്രമല്ല, കാണാൻ കൊള്ളാവുന്ന എല്ലാ പെണ്കുട്ടികളോടും തോന്നുന്ന ഒരിഷ്ടം. കുടുംബത്തിലെ മറ്റു കുട്ടികളോടും ഇതേ ഇഷ്ടം തോന്നിയിരുന്നു. വിദ്യയോട് കുറച്ച് കൂടുതലാണെന്ന് മാത്രം. കാരണം, എന്റെ ഭാവിവധു സങ്കല്പത്തോട് കുറച്ച് കൂടി ചേർന്നുനിൽക്കുന്നതായിരുന്നു വിദ്യ.
എന്റെ മനസിലെ ഒരുവിധം ആഗ്രഹങ്ങളെല്ലാം എന്റെയുള്ളിൽ തന്നെ അവസാനിച്ചിരുന്നു,അത്പോലെ ഇതും. വിദ്യയുമായി ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലായിരുന്നു, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഒരു പെൺകുട്ടിക്ക് ചേർന്നതല്ല പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാൾ. സ്വന്തമായി ഒരു ജോലിയും ജോലി ഉള്ള ഭർത്താവിനെയും സ്വപ്നം കാണാൻ അർഹത അവൾക്കുണ്ട്. ആ സ്വപ്‌നങ്ങൾ തല്ലിയുടച്ച് എന്റെ പ്രാരാബ്ധങ്ങളുടെ പങ്ക് പറ്റാൻ അവൾ വേണ്ട. എവിടെയാണെങ്കിലും എപ്പോഴും നന്നായി ജീവിച്ച് കണ്ടാൽ മതി.
ഈ ചിന്തയോടെ വിദ്യ എന്ന അധ്യായത്തിന് അവസാനമായി.
വർഷങ്ങൾക്ക് മുൻപ് അടഞ്ഞ അതേ അധ്യായമാണ് ഇപ്പോൾ എന്റെ അരികിൽ കിടക്കുന്നത്. വിധി, അല്ലാതെന്ത് പറയാൻ. ഞാൻ ഒന്ന് തിരിഞ്ഞു നോക്കി, അവൾ ഉറങ്ങിയിട്ടില്ല. ജനൽ കർട്ടൻ ഒന്നു നീക്കി, പുറത്തെ നിലാവിൽ നിന്ന് വെളിച്ചം റൂമിലേക്ക് അരിച്ചിറങ്ങി. എന്റെ പ്രിയപത്നിയുടെ മുഖം അവ്യക്തമായി തെളിഞ്ഞു.
'നീയുറങ്ങിയില്ലേ?'
'ഇല്ല, ഉറക്കം വരുന്നില്ല'
ഞാൻ ഒന്ന് ചെറിഞ്ഞ് കിടന്നു.
'എന്തു പറ്റി, സങ്കടം വരുന്നുണ്ടോ?'
'മ്മ്, ഏട്ടൻ എന്നോട് ദേഷ്യപ്പെടല്ലേ, എന്റെ വിധി ഇങ്ങനെ ആയിപ്പോയി'
'എനിക്ക് ദേഷ്യമൊന്നും ഇല്ല. ഈ സാഹചര്യത്തോട് പൊരുത്തപ്പെടാൻ ഞാൻ തയ്യാറായി കഴിഞ്ഞു. എപ്പോൾ നീ റെഡിയാകുന്നോ അപ്പോൾ നമുക്ക് നമ്മുടെ ജീവിതം തുടങ്ങാം.'
'ഞാനും അതിനാണ് ശ്രമിക്കുന്നത്.'
'പെട്ടന്ന് തന്നെ എല്ലാം ശരിയാകും, നീ പേടിക്കണ്ട.'
'മ്മ്'
'ഇപ്പൊ നന്നായി ഉറങ്ങിക്കോ'
'മ്മ്'
പണ്ടെനിക്ക് അവളോട് തോന്നിയ ഇഷ്ടം പറയണം , ഇപ്പോഴല്ല, പിന്നെ. സംഭവബഹുലമായ കഴിഞ്ഞ മണിക്കുറുകളെ ഓർത്തുകൊണ്ട് എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ ഉണർന്നപ്പോൾ വിദ്യ ബെഡിലില്ല, ഇത്ര നേരത്തേ എണീച്ച് പോയോ, അടുക്കളയിൽനിന്ന് ആരുടെക്കെയോ ശബ്ദം കേൾക്കുന്നുണ്ട്. അതിലൊന്ന് എന്റെ ഭാര്യയുടേതായിരിക്കും.
കുറച്ച് നേരം വെറുതെ കിടന്നു. ഇപ്പോൾ ഞാനൊരു ഭർത്താവാണ്, ജീവിത രീതികൾ മാറ്റണം. ഒരുപാട് വിഷമത്തോടെ എന്റെ ജീവിതത്തിലേക്ക് കയറിവന്ന പെണ്ണാണ്, ഇനിയും ആ കണ്ണുകൾ നിറയരുത്. ഇനി എന്നും സന്തോഷത്തോടെ ഒത്തിരി സ്നേഹത്തോടെ ജീവിക്കണം. നല്ല ഭർത്താവാകണം.
ആദ്യം ഇപ്പൊ എണീച്ച് പുറത്തിറങ്ങട്ടെ.
ഞാൻ എഴുന്നേറ്റു, മുണ്ട് മുറുക്കിക്കുത്തി. കണ്ണാടിയിൽ മുഖം നോക്കി, മാറ്റമൊന്നുമില്ല. മേശയുടെ വലിപ്പ് തുറന്ന് ഒരു കവർ എടുത്തു, അതിനകത്ത് നിന്ന് ഒരു കടലാസ്സ് എടുത്ത് നോക്കി ചിരിച്ച്കൊണ്ട് തിരികെ വെച്ചു.
"തിരിച്ച് പോകാൻ ഇനി പതിനൊന്ന് ദിവസം"
രാവിലെ എഴുന്നേറ്റ് വാതിൽ തുറക്കാൻ തുടങ്ങിയപ്പോഴാണ് വാതിൽ തുറന്ന് എന്റെ പ്രിയതമ അകത്തേക്ക് വന്നത്. ചുരിദാറാണ് വേഷം, കുളികഴിഞ്ഞ് തോർത്ത്മുണ്ട് മുടിയിൽ ചുറ്റിവച്ചിരിക്കുന്നു. ഏതോ സിനിമയിലെ രംഗം പോലെ തോന്നി, ഒരു വ്യത്യാസമുണ്ട്, കയ്യിൽ ചായ ഇല്ല. പല്ല് തേക്കാതെ ഞാൻ ചായ കുടിക്കില്ല എന്ന് അറിഞ്ഞിരിക്കുന്നു.
അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാനും.
ഇനി എന്താ പറയാ, വീണ്ടും ടെൻഷൻ ആയി.
'ഗുഡ് മോണിംഗ്'
'ഉം'
അത് കഴിഞ്ഞു ഇനി എന്താ?
'ഏട്ടന് ചായ എടുക്കട്ടെ?'
'ഞാനൊന്ന് കുളിക്കട്ടെ എന്നിട്ട് മതി'
'മ്മ്, കുളിമുറിയിൽ വെള്ളം കൊണ്ട് വെക്കട്ടെ?'
'ഏയ്, വേണ്ട, ഞാൻ എടുത്തോളാം'
മൗനം
തുറന്ന് കിടന്ന വാതിൽ കാറ്റിൽ അടഞ്ഞു.
ഞാൻ പെട്ടന്നവളെ എന്നോട് ചേർത്ത് പിടിച്ചു, എതിർപ്പൊന്നും വന്നില്ല. എനിക്ക് സമാധാനമായി .
ഒന്നുകൂടി അടുപ്പിച്ചു. ഞങ്ങളുടെ ആദ്യ സ്നേഹസ്പർശം!
'പേടിയൊക്കെ മാറിയില്ലേ?'
'ഉം'
'ഒട്ടും ടെൻഷൻ അടിക്കണ്ട '
'ഉം'
'എല്ലാം ശരിയാകും, നീ പെട്ടന്ന് ഓ.കെ ആയാൽ മതി.'
'എനിക്ക് കുഴപ്പമില്ല, കുറച്ച് സമയംകൂടി വേണം'
'ഉം, എന്തുണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി'
'ഉം, എന്നാ പൊയ്ക്കോ, നിനക്ക് പരിചയമില്ലാത്ത ആരും ഇവിടെയില്ല. എല്ലാവരോടും പോയി സംസാരിക്ക്'
'ഞാൻ എല്ലാവരോടും സംസാരിച്ചു. അടുക്കളയിൽ എല്ലാവരും ഉണ്ട്, അവിടെ പണി ഒന്നും ഇല്ല'
'നീ വീട്ടിലേക്ക് വിളിച്ചോ?'
'ഇല്ല'
ഞാൻ അവളെ ചുറ്റിപിടിച്ചിരുന്ന കൈ അയച്ചു, ജനലരികിൽ ഇരുന്ന ഫോൺ എടുത്തു. ഫോൺ ഇന്നലെ ഓഫാക്കിയതാ,അത് ഓണാക്കി.
'ദാ നീ വീട്ടിലേക്ക് വിളിച്ചോ, പിന്നെ ഇനി അവരെക്കൂടി കരയിപ്പിക്കണ്ട, നന്നായി സംസാരിക്ക്'
'ഉം, ശരി'
അവൾ ഫോൺ വാങ്ങി.
ഞാൻ അവളുടെ കവിളിൽ ഒന്നു തലോടി പുറത്തേക്ക് പോയി.
നേരം നന്നായി വെളുത്തിരുന്നു, പുറത്ത് ചേച്ചിടെ കുട്ടികൾ കളിക്കുന്നു, ചെറിയവൻ അഭി ആട്ടിന്കുട്ടിയുടെ പിന്നാലെ ആണ്, അവന് ഒരു പേടിയും ഇല്ല. മൂത്തവൻ ആദി അവനെ പേടിപ്പിക്കാൻ നോക്കാ. അളിയനെ കാണുന്നില്ലല്ലോ,
ഞാൻ വടക്ക് ഭാഗത്തേക്ക് നടന്നു, ബ്രഷും പേസ്റ്റും എടുത്തു, അമ്മ ആ വഴി വന്നു,
'അമ്മാ.. അച്ഛനും ഏട്ടനും എവിടെ?'
'അവര് ക്ഷണിക്കാൻ പോയിരിക്കാ, ഏട്ടനും മാമേം ബൈക്കിൽ പോയി, അച്ഛൻ ഇവിടെ അടുത്തുകൂടെ പോയി'
ഇപ്പോള്‍ ആണ് ഓർമ്മ വന്നത്, ഇന്ന് ഒരു റിസപ്ഷൻ പ്ലാൻ ചെയ്തിട്ടുണ്ട്. ഇന്ന് ഞായറാഴ്ച്ചയാ, ആർക്കും തിരക്കുണ്ടാവില്ല, അതാ ഇന്ന് തന്നെ പരിപാടി വച്ചത്. അമ്മയുടെ വീടിന്റെ ഭാഗത്തു ക്ഷണിക്കാനാ മാമയെ കൂട്ടി അളിയൻ പോയിരിക്കുന്നത്, പിന്നെ അളിയന്റെ ബന്ധുക്കളേം വിളിക്കണം. വൈകുന്നേരം നാല് മണിക്ക് തുടങ്ങണം. ബിരിയാണിയാണ് ഭക്ഷണം, അബുക്കാനെ ഏർപ്പാടാക്കിയിട്ടുണ്ട്.
പല്ല് തേച്ച് കുളിക്കാൻ കയറി, കഴിഞ്ഞ ദിവസത്തെ പറ്റിയും ഇനിയുള്ള ദിവസങ്ങളെ പറ്റിയും ആലോചിച്ചു. മനസ്സിൽ ആകെ സന്തോഷം തോന്നി, മനസിലെ വികാരം മൂളിപ്പാട്ടായി പുറത്ത് വന്നു. എന്റെ കല്യാണവും കഴിഞ്ഞു, ഞാനും ഒരു ഭർത്താവായി, ഇരുപത്തി ആറ് വയസു കഴിഞ്ഞതേ ഉള്ളു, കുറച്ച് നേരത്തേ ആണ്. ങ്ങാ, കുഴപ്പമില്ല, കൂടെ പഠിച്ച പലർക്കും കുട്ടികൾ രണ്ടാ, ഒരുവിധം എല്ലാവരുടേം കല്യാണം കഴിഞ്ഞു, അങ്ങനെ നോക്കുമ്പോൾ വൈകി.
കുളി കഴിഞ്ഞ് , പ്രാർത്ഥിച്ച്, റൂമിൽ എത്തി. ഒരു മുണ്ടെടുത്തുടുത്തു, തല ചീകി കുറി തൊടുമ്പോഴേക്കും 'ഭാര്യ ' കയ്യിൽ ചായയുമായി വന്നു.
രണ്ടുപേരും ഒന്ന് പുഞ്ചിരിച്ചു.
'വീട്ടിൽ എല്ലാവരും എന്ത് പറയുന്നു?'
ചായ വാങ്ങിക്കൊണ്ട് ഞാൻ ചോദിച്ചു.
'കുഴപ്പമില്ല, അമ്മ കുറേ കരഞ്ഞു. എനിക്ക് സുഖമാണ്, വിഷമം ഇല്ല എന്നൊക്കെ പറഞ്ഞപ്പോൾ കുറച്ച് സമാധാനമായി.'
'ഉം'
'പിന്നെ ഏട്ടനും മാമനും അവിടെ ചെന്നിരുന്നു, വൈകുന്നേരത്തേക്ക് വിളിക്കാൻ'
'അവര് ഇത്ര പെട്ടന്ന് അവിടെ എത്തിയോ?'
'ഞാൻ എണീച്ചപ്പോ അവര് പോവാൻ നിക്കാ.'
'ഉം, വിദ്യേ നീ റെഡിയാവ് നമുക്ക് അമ്പലത്തിൽ പോകണം'
'ഉം, അമ്മ പറഞ്ഞിരുന്നു'
'എന്നാ വേഗം ആയിക്കോട്ടെ, എന്നാൽ രണ്ടിടത്ത് പോകാം'
'ശരി'
ഞാൻ പത്ര താളുകൾ നോക്കിക്കൊണ്ട് ചായകുടിച്ചു.
ചായകുടി കഴിഞ്ഞ് ഡ്രസ്സ് മാറ്റാനായി റൂമിൽ കയറി, പെട്ടന്ന് കയറിയത് കൊണ്ട് വിദ്യ അവിടെയുള്ളത് ഓർത്തില്ല, അവൾ സാരി ഉടുക്കുകയായിരുന്നു. സഹായിക്കാൻ ചേച്ചി ഉണ്ട്.
'സോറി'
ഞാൻ ഒരു ചമ്മലോടെ പുറത്തിറങ്ങി, അവിടെ ഉള്ളവർക്കെല്ലാം ചിരിക്കാൻ അത് ഒരു കാരണമായി.
പുറത്ത് വന്നിരുന്ന് പത്രം ഒന്ന് കൂടെ നോക്കി, ഫോൺ എടുത്ത് അടുത്തുള്ള കുറച്ച് കുട്ടുകാരെ വിളിച്ചു, വൈകുന്നേരം വരാൻ പറഞ്ഞു.
അമ്മായി അവിടെ വന്നു, 'നീ ഫോൺ വിളിച്ചിരിക്കാ, പോയി റെഡിയാവ്, അവൾടെ കഴിഞ്ഞു.'
ഞാൻ എഴുന്നേറ്റ് വീണ്ടും റൂമിൽ എത്തി. എന്റെ കഥാ നായിക സെറ്റ് സാരി ഉടുത്ത് സുന്ദരിക്കുട്ടിയായി നിൽക്കുന്നു. എനിക്ക് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി. മനസിലെ ആഗ്രഹം പുറത്ത് കാണിക്കാതെ ഞാൻ ഒന്ന് ചിരിച്ചു, അവളും. വെള്ളമുണ്ടും ഷർട്ടും വേഗം ഇട്ടു. ഒരു പെൺകുട്ടിയുടെ മുന്നിൽ നിന്ന് വസ്ത്രം മാറാൻ നാണക്കേട് ഉണ്ടായിരുന്നു, പക്ഷേ വേറെ വഴി ഇല്ലായിരുന്നു, അവൾ പുറത്തേക്ക് പോയില്ല. മുടി നന്നായി ചീകി വച്ചു. പഴ്സ് എടുത്ത് അരയിൽ തിരുകി. ഞാൻ റെഡി!
വീണ്ടും കാറ്റിൽ വാതിലടഞ്ഞു!
വീണ്ടും മൗനം!
ഞാൻ അവളോട് ചോദിച്ചു,
'എങ്ങനെ ഉണ്ട്?'
'കൊള്ളാം, നന്നായിട്ടുണ്ട്'
'നീയും നന്നായിട്ടുണ്ട്'
പിന്നെ ഒന്നും നോക്കിയില്ല അവളെ എന്റെ മാറിലേക്ക് അടുപ്പിച്ചു, മുറുകെ കെട്ടിപ്പിടിച്ചു, അവൾ എന്റെ മാറിൽ തല ചായ്ച്ചു. ഏതാനും സെക്കന്റുകൾ അതിൽ ഞാൻ തൃപ്തനായിരുന്നു.
കൈകൾ അയച്ചു, അവൾ സ്വതന്ത്രയായി, അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് സീമന്തരേഖയിൽ എന്റെ ആദ്യ ചുംബനം നൽകി.
ഞാൻ കൈ എടുത്തതും അവൾ എന്റെ കാലിൽ വീണു. വേഗം അവളെ എഴുന്നേൽപ്പിച്ച്, ചേർത്ത് പിടിച്ചു.
'ഇനി എന്നും നിന്റെ കൂടെ ഞാൻ ഉണ്ടാകും. എന്റെ മരണം വരെ നീയാണെന്റെ ലോകം. എന്നും എന്റെ കൂടെ നിൽക്കണം. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, അതിന് ഇനി ഒരു ജീവിതകാലം മുഴുവൻ ഉണ്ട്. എന്നും ഞാൻ കൂടെ ഉണ്ടാകും'
ഒരു തേങ്ങലോടെ അവൾ എന്റെ മാറിൽ ചാഞ്ഞു.
'ഡാ, നിങ്ങൾ ഇറങ്ങുന്നില്ലേ, വൈകിയാൽ നടയടക്കും'
അമ്മയുടെ ഓർമ്മപ്പെടുത്തൽ
'ദാ ഇറങ്ങുന്നു...'
'ഇനി പോവാം? ആ കണ്ണ് തുടക്ക്'
രണ്ട് പേരും പുറത്തിറങ്ങി, ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു,
'ഉം,കേറിക്കോ'
'ഡാ പതുക്കെ പോയാൽ മതി, വഴിപാടൊക്കെ കഴിപ്പിക്ക്'
അമ്മ മുന്നറിയിപ്പ് തന്നു. ബൈക്കിൽ ലേഡീസ് ബാലൻസ് കുറവാണെനിക്ക് , അമ്മയെ വല്ലപ്പോഴും മാത്രേ കയറ്റു, ചേച്ചി കയറുകയാണെങ്കിൽ 'ടു സൈഡ് ' ഇരിക്കും. ഇതിപ്പോ സാരി ഉടുത്തത്കൊണ്ട് അതിനും പറ്റില്ല, എങ്കിലും എങ്ങനൊക്കെയോ ഒരുവിധം അമ്പലത്തിൽ എത്തി.
അധികം തിരക്കില്ല, അത് നന്നായി, ഇല്ലെങ്കിൽ എല്ലാവരുടേം ചോദ്യങ്ങൾക്ക് മറുപടി കൊടുക്കേണ്ടി വന്നേനെ.
വഴിപാട് കൗണ്ടറിൽ പോയി രണ്ടാളുടേം പേരിൽ അർച്ചനകൾ പറഞ്ഞ് രസീത് വാങ്ങി. പ്രതീക്ഷിച്ചപോലെ അവിടെ ഉള്ള ആളുടെവക ചോദ്യം ഉണ്ടായിരുന്നു, ഒരുവിധത്തിൽ മറുപടി പറഞ്ഞൊപ്പിച്ചു. ഇനി ബാക്കി ഉള്ളവരോട് അയാൾ പറഞ്ഞോളും.
ശ്രീ കോവിലിനു മുന്നിൽ കണ്ണുകളടച്ച് രണ്ടാളും പ്രാർത്ഥിച്ചു. എന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ,
'ഈശ്വരാ, പ്രതീക്ഷിക്കാതെ എനിക്ക് കിട്ടിയ നിധിയാണിത്, എന്നെന്നും സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കാൻ കഴിയണേ, എന്റെ വിദ്യയുടെ കണ്ണുകൾ നിറയാതെ കാക്കണേ, മരണം വരെ ഒരുമിച്ച് ഉണ്ടാകണമേ'
ഞാൻ കണ്ണു തുറന്നു, പുള്ളിക്കാരി ഇപ്പോഴും പ്രാർത്ഥിക്കാ, തിരുമേനി പ്രസാദവുമായി വന്നു, ഞാൻ വിദ്യയെ ഒന്ന് തോണ്ടി. അവൾ കണ്ണ് തുറന്നു, ആ കണ്ണുകൾ നിറഞ്ഞിരുന്നു. രണ്ട് പേരും ദക്ഷിണ വച്ച് പ്രസാദം വാങ്ങി പുറത്ത് കടന്നു. വിദ്യയുടെ നെറ്റിയിൽ ഞാൻ ചന്ദനം ചാർത്തികൊടുത്തു , അവൾ എന്റെ നെറ്റിയിൽ തൊട്ടു തന്നു, ബാക്കി എടുത്ത് കഴുത്തിലെ താലിയിൽ ചാർത്തി. ഇനി അവളുടെ ജീവിതം അതാണല്ലോ.
ക്ഷേതത്തിൽ വലം വച്ച് ഞങ്ങൾ തിരിച്ച് വണ്ടിയിൽ കയറി.
ഇനി ഇവിടെ നിന്ന് ഞങ്ങളുടെ ജീവിതയാത്ര തുടങ്ങുകയാണ്. പിണക്കത്തിനോ, വാശിക്കോ, ദേഷ്യത്തിനോ ഇവിടെ സ്ഥാനമില്ല.
സ്നേഹം മാത്രമേ ഉള്ളൂ! ഹൃദയം നിറഞ്ഞ സ്നേഹം മാത്രം!
അമ്പലത്തിൽ നിന്നും ഇറങ്ങി അടുത്ത അമ്പലത്തിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ബൈക്ക് പതുക്കെയേ ഓടിച്ചിരുന്നുള്ളു. എങ്കിലും നമ്മുടെ നാട്ടിലെ റോഡല്ലേ ആർക്കും പേടിയാകും. വിദ്യ സുഖകരമായല്ല ഇരിക്കുന്നത് എന്ന് എനിക്ക് തോന്നി.
'ഏട്ടാ ഇതിൽ പിടിക്കാനുള്ളത് ഇല്ലേ?'
ഹൊ, ലേഡീസ് ഹാന്റിൽ ആണ് നോക്കുന്നത്.
'അത് ഞാൻ അഴിച്ച് വച്ചിരിക്കാ, ഇതിൽ സ്ത്രീകളാരും അങ്ങനെ കയറാറില്ല. അത്കൊണ്ട് ആവശ്യവും ഇല്ലല്ലോ.'
'ഉം'
'അതേയ്, നിനക്ക് പിടിക്കാനല്ലേ ഞാനൊരുത്തൻ ഇവിടെ ഇരിക്കുന്നത്'

പതുക്കെ അവളുടെ വലതു കൈ എന്റെ തോളിൽ അമർന്നു. ഞാൻ ഉള്ളിൽ ഒരുപാട് ചിരിച്ചു.
വണ്ടിക്ക് കുറച്ച് കൂടി സ്പീഡ് കൂട്ടി. ആ കൈകൾ ഒന്നുകൂടി ബലത്തിൽ അമർന്നു.
'ഇപ്പൊ ഓ.കെ അല്ലേ?'
'ഉം'
റോഡരികിൽ കാണുന്ന പരിചയക്കാർ ചിലർ വാ പൊളിച്ച് നോക്കി നിൽക്കുന്നു.
ഇതെപ്പോ സംഭവിച്ചു?
ഇന്നലെ കണ്ടപ്പോഴും അവൻ ഒന്നും പറഞ്ഞില്ലല്ലോ?
പലരും വിവരം അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. കുഴപ്പമില്ല നാളെയാകുമ്പോഴേക്കും എല്ലാവരും അറിഞ്ഞോളും.
ഇത്തരം വാർത്തകൾ കാട്ടുതീ പോലെ പടർന്നോളും, അതോടൊപ്പം പുതിയ കഥകളും കേൾക്കാം. പൊടിപ്പും തൊങ്ങലും വച്ച കഥകൾ നാടാകെ പാട്ടായിക്കോളും.
'ഏട്ടന് ആകെ നാണക്കേടായി ലേ?'
'ഉം, പിന്നേ, കല്യാണം കഴിക്കുന്നത് ഭയങ്കര നാണക്കേടല്ലേ'
'അതല്ല ഏട്ടാ, ഇങ്ങനെ നടന്നത് കൊണ്ട്....?'
'വിദ്യേ, ഞാനൊരു കാര്യം പറയാം, നമ്മൾ ജീവിക്കേണ്ടത് നമുക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടിയും നമ്മളെ വേണ്ടവർക്കും വേണ്ടിയുമാകണം. മുഴുവൻ നാട്ടുകാർക്ക് വേണ്ടിയും ജീവിക്കരുത്. ഇന്നലെ നിന്റെ കല്യാണം മുടങ്ങിയിരുന്നെങ്കിൽ ഈ പറഞ്ഞ നാട്ടുകാർക്ക് എന്തെങ്കിലും സംഭവിക്കോ? ഞാൻ നിന്നെ കെട്ടിയത് കൊണ്ട് അവർക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഇല്ല. അവർ ഇങ്ങനെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞ് സന്തോഷമായി ജീവിച്ചോളും.'
'ഉം'
'എന്റെ കുട്ടി ആവശ്യമില്ലാത്തത് ചിന്തിച്ച് സമയം കളയണ്ട.'
'ഉം'
അവൾ
ഒന്നുകൂടി ചേർന്നിരുന്നു.
അടുത്ത അമ്പലത്തിൽ എത്തി, ഇവിടെയും തിരക്ക് കുറവുണ്ട്, നടയടക്കാറായിരിക്കുന്നു.
വേഗം ചെന്ന് വഴിപാടുകൾ പറഞ്ഞ് രസീതി വാങ്ങി. അമ്പലത്തിനകത്തേക്ക് കടന്നു.
ഇത് ഒരു പ്രത്യേകത ഉള്ള അമ്പലമാണ്. ശ്രീകോവിലിനോട് ചേർന്ന് ഒരു വലിയ കുളമുണ്ട്.ജലത്തിൽ താമസിക്കുന്ന ദേവിയാണ് എന്നാണ് വിശ്വാസം. മഴക്കാലത്ത് കുളത്തിൽ വെള്ളം പൊങ്ങും, അപ്പോൾ ക്ഷേത്രത്തിനകത്തും വെള്ളം എത്തും. ശ്രീകോവിലിനകത്ത് വെള്ളത്തിലായിരിക്കും പൂജ.
ഇപ്പോൾ വെള്ളം കുറവാണ് എന്നാലും പ്രദക്ഷിണ വഴിയിൽ വെള്ളം ഉണ്ട്. പരൽ മീനുകൾ വെള്ളത്തിലൂടെ ഒഴുകി നടക്കുന്നത് കാണാം.
വിദ്യക്ക് അതൊരു അത്ഭുതമായിരുന്നു. അതവളുടെ മുഖത്ത് നിന്നും മനസിലാക്കാം.
'എപ്പളാ കുട്ട്യേ കല്യാണം കഴിഞ്ഞേ?'
അമ്പലത്തിലെ വാരസ്യാരാണ്.
'ഇന്നലെ ആയിരുന്നു.'
'അതേ? ആരും പറഞ്ഞ് കേട്ടില്ല ട്ടോ'
'ഒക്കെ പെട്ടെന്നാർന്നു'
കല്യാണക്കഥ ഒന്ന് ചുരുക്കി പറഞ്ഞു.
'നന്നായി കുട്ട്യേ, നല്ല കാര്യാ ചെയ്തത്, ഈശ്വരാനുഗ്രഹം എപ്പളും ഉണ്ടാകും'
വിദ്യയോട് 'കുട്ട്യേ, നന്നായി പ്രാർത്ഥിച്ചോളൂ, നല്ലതേ വരൂ. ദൈവം കൂടെ ഉണ്ട്, വേറെ ഒന്നും സംഭവിച്ചില്ലല്ലോ'
ഞങ്ങൾ തൊഴുത് പ്രസാദം വാങ്ങി, വലത്ത് വക്കാൻ തുടങ്ങി , വെള്ളത്തിന് നല്ല തണുപ്പുണ്ട്, വല്ല വഴുക്കലും ഉണ്ട്, മീനുകൾ കാലുകളിൽ ഇക്കിളി ആക്കുന്നു. വിദ്യ പേടിച്ചാണ് നടക്കുന്നത് , ഒരു കൈകൊണ്ട് സാരി ഒരല്പം ഉയർത്തിപ്പിടിച്ചിട്ടുണ്ട്, മറ്റേ കയ്യിൽ പ്രസാദം ആണ്. ഒരുവിധം ബാലൻസ് ചെയ്ത് നടക്കുന്നു.
'കുട്ടീ, ആ കുട്ടീടെ കൈ പിടിക്കൂ, നല്ല വഴുക്കൽ ഉണ്ട്, പരിചയം ഇല്ലാത്തതല്ലേ'
അത് കേട്ടതും അവൾ എന്റെ കയ്യിൽ കടന്ന് പിടിച്ചു, ഒന്ന് ചിരിച്ചു.
പ്രദക്ഷിണം പൂർത്തിയാക്കി, വീണ്ടും തൊഴുതു.
'തിരുമേനീ, പായസം ഉണ്ടാവോ? ഈ കുട്ടികൾക്ക് കൊടുക്കാനാ'
'പായസം ണ്ട്, പാത്രം ഇല്ല'
'ഞാനാ നെയ്യിന്റെ പാത്രം ഒന്ന് നോക്കട്ടെ'
'ദാ തിരുമേനീ പാത്രം'
അങ്ങനെ ഒരു പാത്രം പായസം കിട്ടി.
നെയ്യിന്റെ പാത്രം സംഘടിപ്പിച്ച് , വൃത്തിയാക്കി, എനിക്ക് പായസം തന്നത് ഞങ്ങളോടുള്ള സ്നേഹം കൊണ്ടാണോ ഞാൻ കൊടുത്ത ദക്ഷിണ അമ്പത് രൂപയോടുള്ള സ്നേഹം കൊണ്ടാണോ എന്ന് മനസിലായില്ല.
അങ്ങനെ അവിടെ നിന്നും ഇറങ്ങി.
വീണ്ടും യാത്ര തുടർന്നു. വെയിൽ വരുന്നതേ ഉള്ളൂ, തണുത്ത ഇളം കാറ്റുണ്ട്.
'ഇനി എന്താ ഏട്ടാ പരിപാടി?'
'ഇനി
വീട്ടിൽ പോയി നല്ലപോലെ ഭക്ഷണം കഴിക്കാ നല്ല വിശപ്പുണ്ട്'
'എന്നിട്ട്?'
'എന്റെ ഊഹം ശരിയാണെങ്കിൽ വിവരങ്ങളൊക്കെ അറിഞ്ഞ് നമ്മളെ കാണാനായി കുറേ പേർ വന്നിട്ടുണ്ടാകും. അവരോട് എന്തെങ്കിലും സംസാരിക്കാ, അപ്പോഴേക്കും ഉച്ച ആകും, വീണ്ടും ഭക്ഷണം കഴിക്കാ, വീണ്ടും ആളുകൾ വരും, പിന്നെ വൈകുന്നേരം റിസപ്‌ഷൻ'
'അപ്പൊ റസ്റ്റ് ഉണ്ടാവില്ല ലേ?'
'തീർച്ചയായും, രാത്രി പന്ത്രണ്ട് വരെയും തിരക്കവും'
'ഹാവു, എനിക്ക് വയ്യ'
'ഒരു കല്യാണം എന്നുവച്ചാ ചില്ലറക്കാര്യ?'
'ഉം, ഇന്നുംകൂടി അല്ലെ വേണ്ടൂ'
'അങ്ങനെ കരുതാം'
'അതെന്തേ?'
'ഇനി നാളെ മുതൽ വിരുന്നുകൾ തുടങ്ങും, ഓരോ വീട്ടിലും പോകണം, അവര് ഉണ്ടാക്കിത്തരണതൊക്കെ തിന്നണം, എന്നാ എല്ലാം കഴിഞ്ഞ് സ്വസ്ഥമായിരിക്കാ എന്ന് എനിക്കറിയില്ല'
'എന്റമ്മേ, എനിക്ക് വയ്യ'
'ഇനീപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല'
അങ്ങനെ അവസാനം വീട്ടിൽ തിരിച്ചെത്തി. വണ്ടിയിൽ നിന്നും ഇറങ്ങിയതും വിദ്യ എന്നെ ഒന്നു നോക്കി, കാര്യം വേറൊന്നുമല്ല ഞാൻ പറഞ്ഞത് പോലെ കുറേപേർ വന്നിട്ടുണ്ട്.
എല്ലാവരോടും ഒന്ന് ചിരിച്ച് , ഇപ്പൊ വരാം എന്ന് പറഞ്ഞ് ഞങ്ങൾ വേഗം റൂമിൽ കയറി വാതിലടച്ചു.
'ഇപ്പൊ എങ്ങനെ ഉണ്ട്?'
ഞാൻ ഒരു വിജയിയെ പോലെ വിദ്യയെ നോക്കി.
'ഹൊ, സമ്മതിക്കണം. പറഞ്ഞത് പോലെ തന്നെ ആയിട്ടുണ്ട്'
'ങാ, അതാണ് ഞാൻ. നിനക്കൊരു കാര്യം അറിയോ?'
'എന്താ?'
'ആരോടും പറയരുത്, ഞാനേ, ഞാനൊരു സംഭവാ'
'എപ്പോ മുതൽ?'
'ചെറുപ്പം മുതലേ'
'എന്നിട്ട് മരുന്നൊന്നും കഴിച്ചില്ലേ?'
അതുംപറഞ്ഞ് അവളെന്നെ നോക്കി ചിരിച്ചു.
'എടി ഭയങ്കരീ'
'സോറി ഏട്ടാ'
'എന്തിനാ സോറി?,, എപ്പോഴും ഇങ്ങനെ വേണം , എന്റെയൊപ്പം കട്ടക്ക് നിൽക്കണം. അല്ലെങ്കിൽ പുതിയ മോട്ടോർ വാങ്ങേണ്ടി വരും'
'ങേ, അതെന്തിനാ മോട്ടോർ?'
'നിന്റെ കണ്ണീർ വറ്റിച്ച് കളയാൻ, നമ്മളോടാ കളി'
രണ്ടുപേരും ചിരിച്ച്കൊണ്ട് കെട്ടിപ്പിടിച്ചു.
ഇനി ഇവിടെ കണ്ണീരിന് സ്ഥാനമില്ല! സന്തോഷം മാത്രം!
ഫോൺ ബെല്ലടിച്ചു, നോക്കിയപ്പോൾ ഉണ്ണിയാണ്.
'ഹലോ, എന്താടാ?'
'ഡാ, ഐശ്വര്യയിൽ ഒഴിവില്ല, അച്ചൂസ് മതിയോ?'
'ഏതായാലും കുഴപ്പമില്ല, പിന്നേ, ഫോട്ടോയും വിഡിയോയും വേണം'
'ങ്ങാ, ശരി ഡാ'
'അശോകേട്ടൻ എന്താ പറഞ്ഞത്?'
'അവര് ഇവിടുന്ന് പോന്നിട്ടുണ്ട്'
'ഓ.കെ, നീയും പെട്ടന്ന് വാ'
'ഓ.കെ'
ആരാത്? എന്ന ഭാവം വിദ്യയുടെ മുഖത്തുണ്ടായിരുന്നു.
'ഫോട്ടോ എടുക്കാൻ ഏൽപ്പിച്ചതാ, പിന്നെ പന്തൽ പണിക്കാർ ഇപ്പൊ എത്തും, അവിടന്ന് പോന്നിരുന്നു, അവര് വരുമ്പോഴേക്കും നമുക്ക് വല്ലതും കഴിക്കാ?'
'ഉം, ഞാൻ എടുത്ത് വക്കാം'
അവളുടെ കവിളിൽ ഒന്ന് തലോടി ഞാൻ പുറത്തിറങ്ങി.
കുട്ടികൾ ഓടിക്കളിക്കുന്നു. അച്ഛൻ ക്ഷണം കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു. വന്നിരിക്കുന്നവരോടെല്ലാം രണ്ട് വാക്ക് സംസാരിച്ചു. കുറേ അനുഗ്രഹങ്ങൾ കിട്ടി.
'ഡാ ഞാനിപ്പോ വരാം' അച്ഛനാണ്.
'എവിടെക്കാ?'
'അമ്പലപ്പാറക്കാ, വയസ്സായവർക്കെങ്കിലും ഒരു മുണ്ട് കൊടുക്കണ്ടേ?'
'ആ, പൈസ ണ്ടോ കയ്യിൽ?'
'ആ, ണ്ട്. ഞാൻ അജൂനേം കൂട്ടി പോകട്ടെ'
അജു ചെറിയച്ഛന്റെ മകനാണ്. എന്റെ അനിയൻ.
ഞാൻ അവനെ വിളിച്ച് റൂമിൽ പോയി.
'ഡാ, ഈ എ.ടി .എം കാർഡ് നീ പിടിക്ക്, പൈസക്ക് എന്തെങ്കിലും ആവശ്യം വന്നാൽ എടുത്തോ, കണക്കൊന്നും നോക്കണ്ട. പാസ്സ്‌വേർഡ് ഞാൻ മെസ്സേജ് അയക്കാം.'
'ഉം,ശരി'
'പിന്നെ, ദാ കുറച്ച് പൈസ കയ്യിൽ വക്ക് , കൊടുക്കാനുള്ള പൈസ എല്ലാം നീ നോക്കണം.'
'ഉം, ന്നാ ഞാൻ പോട്ടെ?'
'ഉം'
'ഏട്ടാ, കഴിക്കാ?'
'ഉം'
രണ്ടാളും കഴിക്കാൻ ഇരുന്നു.
പ്ലേറ്റ് വന്നു, വെള്ളം വന്നു, നല്ല ഇഡ്ഡലി വന്നു, സാമ്പാർ വന്നു, ചായ വന്നു, ആക്രമണം തുടങ്ങി. കഴിച്ച് കൊണ്ടിരിക്കുമ്പോൾ ഒരാഗ്രഹം, അവളെ കഴിപ്പിക്കണം എന്ന്. സാധാരണ കല്യാണത്തിന് വരൻ വധുവിനെ കഴിപ്പിക്കാറുണ്ട് , പപ്പടം വായിൽ വച്ച് കൊടുക്കും, പിന്നെ നമ്മുടെ കൂട്ടുകാരുടെ വക എന്തെങ്കിലും ഉണ്ടാകും. നമ്മുടെ കല്യാണം വേറെ ലെവൽ ആയത്കൊണ്ട് അതൊന്നും നടന്നില്ല.
മനസിലെ ആഗ്രഹം പ്രിയതമയോട് പറഞ്ഞു,
'ഡീ , ഞാൻ നിന്റെ വായിൽ വച്ച് തരട്ടെ?'
അവൾ ഒരു നോട്ടം! പിന്നെ ഒരു ചിരി.
അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. വീടിനകത്ത് നിറയെ ആളുകളാണ്, അതിനിടയിൽ എങ്ങനെയാ?...
എങ്കിലും മനസിലെ ആഗ്രഹം മാറുന്നില്ല, ഇനിയും ഒരുപാട് ദിനങ്ങൾ ഒരുപാട് വർഷങ്ങൾ ബാക്കി ഉണ്ട്. ഇതെല്ലാം അറിയാം , പക്ഷെ, ഇപ്പൊ ഇതൊരു ചെറിയ ആഗ്രഹമാണ്.
ആരും ഞങ്ങളെ ശ്രദ്ധിക്കാത്ത സമയത്തിന് വേണ്ടി ഞാൻ കാത്തിരുന്നു.
പുറത്ത് വിരുന്നുകാർ ആരോ വന്നത് കൊണ്ട് ഒരുവിധം എല്ലാവരും പുറത്തേക്ക് പോയി. കിട്ടിയ അവസരം മുതലെടുത്ത് ഒരു കഷ്ണം ഇഡ്ഡലി സാമ്പാറിൽ മുക്കി, ഇടത് കൈ കൊണ്ട് വിദ്യയെ ഒന്ന് തോണ്ടി, അവൾ തിരിഞ്ഞതും ഇഡ്ഡലി വായിൽ വച്ച് കൊടുത്തു.
ഒരു പുഞ്ചിരിയോടെ അവൾ അത് കഴിച്ചു. ഇനി അവളുടെ ഊഴം ആണ്, അതിനായി ഞാൻ തയ്യാറായി, അവൾ ഇഡ്ഡലി എടുത്ത് സാമ്പാറിൽ മുക്കി, അപ്പോഴേക്കും എല്ലാവരും വന്നു. ഡിം
എന്റെ ഇഡ്ഡലി അവളുടെ വായിലേക്ക് തന്നെ പോയി. അതും നോക്കി വെള്ളമിറക്കി ഞാനിരുന്നു.
അവൾ എന്റെ മുഖത്ത് നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
അപ്പോഴാണ് പുറത്ത് വന്ന വിരുന്നുകാർ അകത്തേക്ക് വന്നത്.
അവരെ കണ്ടതും വിദ്യയുടെ മുഖത്ത് സന്തോഷവും സങ്കടവും മാറി മാറി വന്നു, കണ്ണുകൾ നിറഞ്ഞു. അവളുടെ അച്ഛനും അമ്മയും ആയിരുന്നു അത്. അവൾ എഴുന്നേറ്റ് അമ്മയെ കെട്ടിപ്പിടിച്ചു. രണ്ട്പേരുടെ കണ്ണിൽ നിന്നും കണ്ണീർ വര്‍ഷം ഉണ്ടായി.
ഈ സീനിൽ എനിക്ക് സ്ഥാനമില്ല എന്ന് മനസിലാക്കിയ ഞാൻ പതുക്കെ എഴുന്നേറ്റു. കൈ കഴുകി വീടിന്റെ മുൻവശത്തേക്ക് വന്നു. അത് ഇനി അവരുടെ ലോകം ആണ്. അവരുടെ സ്നേഹപ്രകടനം കഴിഞ്ഞ് പിന്നെ സംസാരിക്കാം...
തുടരും...
Rajeesh Kannamangalam

ഗെറ്റ്ടുഗെതർ

Image may contain: 1 person, smiling, sunglasses and closeup
'ഡാ, ഞാൻ വരുന്നില്ല, അവൾ പരിപാടിക്ക് വരുന്നുണ്ടാകില്ലേ?'
'നീയിപ്പോഴും അത് മനസിലിട്ടുകൊണ്ടിരിക്കാണോ. അതൊക്കെ കഴിഞ്ഞ് കാലം എത്രയായി ഡാ?'
'എന്നാലും വേണ്ടടാ. എനിക്ക് പേടിയാണ്'
'നിന്നെ പറഞ്ഞിട്ട് കാര്യമില്ല, ലാൽജോസിനെ പറഞ്ഞാൽ മതി. പഴയ കൂട്ടുകാർ വീണ്ടുമൊരിക്കൽ ഒത്തുചേരുമ്പോൾ നായകനോട് പ്രതികാരം ചെയ്യുന്ന നായിക...
ഡാ പൊട്ടാ അതൊക്കെ സിനിമയിലല്ലേ ഉള്ളൂ. അവൾ അതൊക്കെ മറന്നിട്ടുണ്ടാകും. കൊല്ലം കുറെയായില്ലേ'
'പക്ഷേ എനിക്കെന്തോ പേടി പോലെ. ഞാൻ ഒന്ന്കൂടി ആലോചിച്ചിട്ട് പറയാം ട്ടോ'
പ്ലസ്‌ടു 2009ബാച്ചിന്റെ ഗെറ്റ്റ്റുഗെതെർ ആണ്. അരുൺ വിളിച്ച് അറിയിക്കുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമായിരുന്നു. പത്ത് കൊല്ലത്തിന് ശേഷം വീണ്ടുമൊരു ഒത്തുചേരൽ. പലരുടെയും പേരുതന്നെ മറന്നിരിക്കുന്നു, അന്നത്തെ വില്ലന്മാരും സുന്ദരികളും ഇപ്പൊ എങ്ങനെയിരിക്കുന്നു ആവോ?
വീണ്ടുമൊരു കൂടിച്ചേരൽ, ഒരുപാട് വിശേഷങ്ങൾ പങ്ക് വെക്കാനുണ്ട്. തലേന്ന് തന്നെ പോയി പരിപാടി അടിച്ച് പൊളിക്കണം എന്ന് കരുതിയിരിക്കുമ്പോഴാണ് അവളുടെ കാര്യം ഓർമ്മവന്നത്.
കീർത്തിക, അവളും വരുന്നുണ്ടാവില്ലേ? അവൾ വരുന്നുണ്ടെങ്കിൽ എങ്ങനെയാ അങ്ങോട്ട് പോവാ? ജീവിതത്തിൽ ഒരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്ന മുഖമാണ് അവളുടേത്. അവൾക്കുമുന്നിൽ നില്ക്കാൻ എനിക്കാവില്ല. ആ ഒരു കാരണം കൊണ്ടുതന്നെ വർഷങ്ങൾക്കുശേഷമുള്ള ഈ ഒത്തുചേരലിൽ പങ്ക്കൊള്ളാൻ എനിക്കാവില്ല.
എല്ലാവരെയും ഒരിക്കൽക്കൂടി കാണാനുള്ള ആഗ്രഹം മനസിലുണ്ട്, അത്കൊണ്ട് രാഹുലിനെ വിളിച്ച് അവൾ പങ്കെടുക്കുന്നുണ്ടോ എന്ന് ചോദിച്ചതാ.
അവൾ ഉണ്ട് എന്ന് മാത്രമല്ല, എല്ലാറ്റിനും മുൻകൈ എടുത്തതും അവളാണത്രെ.
കീർത്തിക ഉണ്ടാവുമെന്ന കാര്യം ഓർമ്മയില്ലാതെ ഞാൻ ഉണ്ടാകുമെന്ന് ഉറപ്പ്‌കൊടുത്തും പോയി, ഇനി എന്ത് കാരണം പറഞ്ഞാണ് പിന്മാറുക?
ഞാൻ പിന്മാറിയ കാര്യം അവൾ അറിഞ്ഞലോ?
ഇതിപ്പോ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി.
പൊടിമീശ മുളയ്ക്കണ കാലം, ആൺകുട്ടിയിൽ നിന്ന് ആണിലേക്കുള്ള മാറ്റത്തിന്റെ കാലം. പ്രേമം എന്ന വാക്കിന്റെ അർത്ഥം മനസിലാവുന്നതിന് മുൻപേ പ്രേമം തുടങ്ങിയ ആളാണ് ഞാൻ, പ്ലസ്‌ടു വരെയും പല പല പെൺകുട്ടികളിയായി എന്റെ പ്രേമം പൂത്തുവിടർന്നു.
പൂക്കൽ മാത്രമല്ല കായ്ക്കലും പ്രേമമാണെന്ന് മനസിലായത് പ്ലസ്‌ടുവിന് ബയോളജി സയൻസ് എടുത്തപ്പോഴാണ്. മൊബൈൽ ഫോണുകൾ വ്യാപിക്കാൻ തുടങ്ങുന്നതിന്റെ സമയം. നാട്ടിലെ ചില ഏട്ടന്മാരുടെ കയ്യിൽ ചൈന ഫോണുകൾ ഇറങ്ങിത്തുടങ്ങി. കയ്യിൽ സ്വന്തമായൊരു ഫോണില്ലെങ്കിലും ഇംഗ്ലീഷ് വായിച്ച് കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നത് കൊണ്ട് ഫോൺ സംബന്ധമായ പലരുടെയും സംശയങ്ങൾ തീർത്തുകൊടുത്തിരുന്നത് ഞാനായിരുന്നു.
ഫേസ്‌ബുക്കിലും ഓർക്കുട്ടിലും അക്കൗണ്ട് വേണ്ടവർ എന്നെ തേടിവരും.
അങ്ങനെ മൊബൈൽ ഫോൺ കയ്യിൽ കിട്ടിയപ്പോൾ ആണ് ചില ആവശ്യമില്ലാത്ത വീഡിയോകൾ കണ്ടത്. ആദ്യമൊക്കെ അത്തരം വീഡിയോകൾക്കെതിരെ മുഖം തിരിച്ചിരുന്നെങ്കിലും ആരും അടുത്തില്ലാത്തപ്പോൾ ചുമ്മാ തുറന്ന് നോക്കും.
ആ നോട്ടം നിഷ്കളങ്കമായ മനസിലേക്ക് അനാവശ്യമായ ചിന്തകളെ വലിച്ച് കേറ്റി.
ഒരു കൊല്ലത്തെ പരിശ്രമത്തിന് ശേഷമാണ് കീർത്തികയെ വളച്ചെടുത്തത്, ദിവ്യപ്രേമം ആയിരുന്നു. ടെക്സ്റ്റ് ബുക്കുകൾക്കുള്ളിലൂടെയുള്ള പ്രേമലേഖനങ്ങളുടെ കൈമാറ്റം, മഴയത്ത് ഒരു കുടയിലുള്ള നടത്തം, അസൈന്മെന്റുകൾ പരസ്പരം എഴുതിക്കൊടുക്കൽ, അങ്ങനെ ഒടുക്കത്തെ പ്രേമം. രണ്ടാളും നന്നായിപഠിക്കുന്ന ആളുകളായത്കൊണ്ട് ഞങ്ങളുടെ 'കമ്പൈൻ സ്റ്റഡി' ടീച്ചർമാരും എതിർത്തില്ല. ഒരുകണ്ണിൽ അവളോടുള്ള ദിവ്യപ്രേമവും മറ്റേകണ്ണിൽ പുതിയ ആളുകളെ തിരയലുമൊക്കെയായി ആകെ തിരക്കിലായി.
അങ്ങനെ ജീവിതം വളരെ സുന്ദരമായി പോകുന്നതിന്റെ ഇടയ്ക്കാണ് പ്രായത്തിനും മുന്നിൽ മനസ്സ് സഞ്ചരിക്കാൻ തുടങ്ങിയത്. കുഞ്ചാക്കോ ബോബന്റെ പ്രണയ സിനിമകൾ കണ്ടിരുന്ന ഞാൻ ഇമ്രാൻ ഹാഷ്മിയുടെ ലിപ്‌ലോക് കാണാൻ തുടങ്ങി.
പ്രണയം മനസ്സുകൾ മാത്രം തമ്മിലുള്ളതല്ല ശരീരത്തിനും അതിൽ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ആദ്യം അതിനെപ്പറ്റി പറഞ്ഞത് സ്വന്തം ആളിനോടാണ്.
കൂടുതലൊന്നും ചോദിച്ചില്ല, ഒരുമ്മ, അത് മാത്രം. ആ ഒരു ചോദ്യത്തിന്റെ പേരിൽ ഒരുമാസം അവൾ മിണ്ടാതെ നടന്നു. പരാജയത്തിൽ പതറാതെ നിരന്തരമായ പരിശ്രമം കൊണ്ട് വീണ്ടും അവളെ സ്വന്തം ട്രാക്കിൽ കയറ്റി.
പിന്നീടങ്ങോട്ട് അവളോട് പ്രേമം നടിക്കുകയായിരുന്നു, കണ്ണിൽ നോക്കി മാത്രം സംസാരിച്ചിരുന്ന എന്റെ കണ്ണുകൾ അവളുടെ ശരീരത്തെ അളക്കാൻ തുടങ്ങി.
എന്റെ നോട്ടം ആസ്ഥാനത്തേക്കാണെന്ന് അറിഞ്ഞിട്ടും അവൾ അധികം കാര്യമാക്കാതിരുന്നത് അവൾക്കും അത് ഇഷ്ടമായത് കൊണ്ടാവും എന്ന് കരുതി. ഒരുപക്ഷെ എന്നെക്കാളും അവൾ അവളുടെ പ്രേമത്തെ വിശ്വസിച്ചിട്ടുണ്ടാകും.
പ്രേമത്തിന്റെ ചൂട് ഒന്ന് കുറഞ്ഞത് കൊല്ലപ്പരീക്ഷ തുടങ്ങിയപ്പോഴാണ്. സ്‌കൂൾ ജീവിതം അവസാനിക്കുന്നതിന്റെ സന്തോഷവും എല്ലാവരെയും പിരിയുന്നതിന്റെ സങ്കടവും ഒരുമിച്ച് വന്നു. അവസാനപരീക്ഷ കഴിഞ്ഞ് എല്ലാവരുംകൂടി ഞങ്ങളുടെ ക്ലാസിൽ ഒത്തുചേർന്നു. കണ്ണീരിന്റെയും യാത്രപറച്ചിലിന്റെയും നിമിഷങ്ങൾ.
വേർപിരിയൽ എന്ന സത്യം മുന്നിൽ നിൽക്കുമ്പോൾ അവളെ നഷ്ടമാകുമോ എന്നൊരു പേടിയുണ്ടായിരുന്നു. ക്ലാസ്‌റൂമിലെ അവസാന ബെഞ്ചിലിരുന്ന് അവളുടെ കൈകളിൽ കൈ കോർത്ത് പിടിച്ച് ഒരുപാട് നേരം സംസാരിച്ചു. നെഞ്ചിനകത്ത് ഒരു വിങ്ങൽ, അവളുടെ കണ്ണുകൾ ഒരുവേള തുളുമ്പി. ഇനിയുള്ള ജീവിതം വിധിക്ക് വിട്ട് കൊടുത്ത് ഒരു കാഴ്ചക്കാരനായി നോക്കിനിൽക്കാനേ പറ്റൂ. ഓട്ടോഗ്രാഫിൽ ഓരോരുത്തരുടെയും വിരൽപ്പാടുകൾ ചാർത്തിയ ശേഷം ഓരോരുത്തരായി പടിയിറങ്ങാൻ തുടങ്ങി.
കൂട്ടുകാരിക്കൊപ്പം പോകാനായി എഴുന്നേൽക്കാൻ തുടങ്ങിയ കീർത്തി കയോട് കണ്ണുകൾകൊണ്ട് നില്ക്കാൻ പറഞ്ഞു.
പാടില്ലാത്തതാണെന്നറിയാം, എന്നാലും മനസ്സിനുള്ളിൽ എന്നോ കയറിപ്പറ്റിയ ആ ചെകുത്താൻ പുറത്ത് വന്നു.
ഒരു ഉമ്മ, വീണ്ടും അവളോട് അത് ആവശ്യപ്പെട്ടു. അത്രയും നേരം പ്രണയവും വിരഹവും തുളുമ്പി നിന്നിരുന്ന അവളുടെ കണ്ണിൽ കോപം ജ്വലിക്കുന്നതായി കണ്ടു. അവൾ ചീത്ത പറയുമ്പോഴും ഒരു നിമിഷത്തേക്കെങ്കിലും അവളെ സ്വന്തമാക്കണമെന്നായിരുന്നു മനസ്സിൽ.
ദേഷ്യത്തോടെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ തുടങ്ങിയ കീർത്തികയെ അകത്തേക്ക് വലിച്ച് കെട്ടിപ്പിടിച്ചു. അവൾ കുതറിമാറുന്നതിന് മുൻപ് തന്നെ അവളുടെ കവിളിൽ ഒരു ഉമ്മവച്ചു. അലറിക്കരഞ്ഞുകൊണ്ട് അവൾ പുറത്തേക്കോടി, പിന്നെ ബഹളമായി, എല്ലാവരും അറിഞ്ഞു. സ്‌കൂൾ സമയം കഴിഞ്ഞ് ടീച്ചേർസ് പോയിരുന്നതിനാൽ അത് അപ്പൊ വലിയ വിഷയമായില്ല. പക്ഷേ, പതുക്കെ എല്ലാവരും അറിഞ്ഞു, ആകെ നാണക്കേടായി.
റിസൾട്ട് നോക്കാനോ മാർക്ക് ലിസ്റ്റ് വാങ്ങാനോ എല്ലാവരുടെയും ഒപ്പം പോയില്ല. ആരെയും അറിയിക്കാതെ ഒരു ദിവസം പോയി ടി.സി വാങ്ങി പോന്നതാണ്. പിന്നെ ആ വഴിക്ക് പോയിട്ടില്ല, അന്നത്തെ ബാച്ചിലെ ആരുമായും അധികം ബന്ധമില്ല. അരുണും രാഹുലും അടുത്ത കൂട്ടുകാരാണ്, അവർ വഴി കാര്യങ്ങളൊക്കെ അറിയുന്നുണ്ട്.
ഒറ്റപ്പാലത്ത് നിന്ന് കൊച്ചിയിലേക്കെ മാറിയിട്ടുള്ളു എങ്കിലും എല്ലാവരിൽനിന്നും ഒരുപാട് അകലെയാണിന്ന്. ആരെയും മറന്നിട്ടല്ല, ഓർക്കാതിരിക്കുന്നതാ. പ്രൊഫെഷണൽ കോഴ്സിന്റെ ചൂട് തലയ്ക്ക് പിടിച്ചപ്പോൾ വേറെ ഒന്നും ഓർത്തില്ല. പഠിച്ചു, ജയിച്ചു, ജോലിയായി. ഇപ്പൊ തല ഉയർത്തിതന്നെയാണ് പിടിച്ചിരിക്കുന്നത്. ധൈര്യത്തോടെ ആരുടെ മുന്നിലും ചെല്ലാം, പക്ഷേ കീർത്തി, അതൊരു പ്രശ്നം തന്നെയാണ്.
അവൾ ബാംഗ്ലൂരിലേക്ക് പോയി എന്ന് മാത്രേ അറിഞ്ഞുള്ളു. പഴയതൊക്കെ അവൾ മറന്നിട്ടുണ്ടാവോ? എട്ട് പത്ത് കൊല്ലമായില്ലേ അതൊന്നും ഇപ്പൊ അത്രയ്ക്ക് കാര്യമാക്കുന്നുണ്ടാവില്ല. പരമാവധി അവളുടെ മുന്നിൽപെടാതെ നോക്കാം, പ്രത്യേകിച്ച് ഒറ്റയ്ക്ക്. എന്തെങ്കിലും പ്രശ്നം ആയാൽ പതുക്കെ വലിയാം.
എല്ലാവരെയും കാണാനുള്ള ഇത്രയും നല്ലൊരു അവസരം നഷ്ടപ്പെടുത്താൻ വയ്യ.
അറിവില്ലാത്ത പ്രായത്തിൽ പറ്റിപ്പോയ തെറ്റല്ലേ, അന്ന് ആ സംഭവിച്ചതിന്റെ പേരിൽ ഒരുപാട് വിഷമിച്ചിരുന്നതാ. എല്ലാം വരുന്നിടത്ത് വച്ച് കാണാം.
പഴയ സ്‌കൂൾ, ഒരുപാട് മാറിയിരിക്കുന്നു. പൊട്ടിയ ഓടുകളുള്ള പഴകിയ കെട്ടിടങ്ങളെല്ലാം കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് വഴിമാറിയിരിക്കുന്നു. കാറിൽ നിന്ന് ഇറങ്ങാതെ കുറച്ച് നേരം ഇരുന്നു. ആകെ ഒരു വീർപ്പുമുട്ടൽ. ഒരു സഹായത്തിനായി രാഹുലിനെ വിളിച്ച് വരുത്തി. അവന്റെ കൂടെയാണ് അകത്തേക്കുപോയത്. എല്ലാവരും വന്നിട്ടുണ്ട്, ടീച്ചേർസ് മാത്രം കുറവാണ്.
എല്ലാവരെയും കണ്ടമാത്രയിൽ തന്നെ മനസിലെ പേടി പമ്പകടന്നു. എന്റെ കൂട്ടുകാർക്കിടയിൽ എനിക്കെന്ത് പേടി ലേ? യാതൊരു മുഖവരയുടെയും ആവശ്യമില്ലാതെ എല്ലാവരോടും സംസാരിച്ചു.
ആർക്കും ഒരു മാറ്റവുമില്ല, രൂപത്തിൽ മാറ്റമുണ്ട്, അത് കാലത്തിന്റെ നീതിയാണല്ലോ. എല്ലാവരും ഉണ്ടാകുമെന്ന് പറഞ്ഞിരുന്നപ്പോഴും ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.
ഭർത്താവ് സമ്മതിച്ചില്ല എന്നുപറഞ്ഞ് വരാതിരുന്ന പെൺകുട്ടികളും, ഗൾഫിലാണ് ലീവ് കിട്ടില്ല എന്ന് പറയുന്ന ആൺകുട്ടികളെയും ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ എല്ലാവരും ഉണ്ട്, പലരും കുടുംബസമേതം തന്നെ. ഒരു കാര്യം ഉറപ്പാണ്, ഈ പരിപാടിക്ക് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്.
കളിചിരിസല്ലാപങ്ങളുമായി നടക്കുന്ന കൂട്ടുകാർക്കിടയിൽ ആ കണ്ണുകൾ ഞാൻ കണ്ടു. അതേ, അവൾ തന്നെ. എന്നെത്തന്നെ നോക്കുന്നുണ്ട്.
പെട്ടന്ന് തന്നെ അത്രയും നേരം സന്തോഷിച്ച മനസ്സ് ശൂന്യമായി. നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല, എല്ലാവരെയും കാണാൻ വേണ്ടിയാണ് വന്നത്, കണ്ടു, സംസാരിച്ചു, മതി. ഇനി തിരിച്ച് പോകാം, അതാണ് നല്ലത്.
ആൾക്കൂട്ടത്തിൽ നിന്ന് ഫോണിൽ സംസാരിക്കുന്നതായി അഭിനയിച്ച് പുറത്ത് കടന്നു. ഗ്രൗണ്ടിന്റെ അരികിലായി വലിയൊരു ആൽമരമുണ്ട്, അതിന്റെ ചുവട്ടിലേക്ക് നടന്നു.
പണ്ട് ഉച്ചക്ക് ചോറുണ്ണുന്നതും കത്തിയടിച്ചിരിക്കുന്നതും ഈ മരത്തിന്റെ വേരുകളിലാണ്. ഒരിക്കൽകൂടി അതിൽ ഇരുന്നു, മനസ്സ് കലുഷിതമാണ്. പ്രതീക്ഷിച്ചപോലെത്തന്നെ കീർത്തികയെ കണ്ടതോടെ ആകെ അസ്വസ്ഥനായി. അന്നത്തെ സംഭവത്തിന്റെ പിറ്റേദിവസം അവൾക്കുമുന്നിൽ നിന്നാലുണ്ടാകുന്ന അതേ മാനസികാവസ്ഥ ആണ് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും അനുഭവിക്കുന്നത്. ഛെ, എന്ത് പണിയാ ഞാൻ കാണിച്ചത്? കാമപ്രാന്തൻ. എല്ലാം അവൾ മറന്നിട്ടുണ്ടാകുമെന്ന് കരുതാൻ പാടില്ലായിരുന്നു. ഇത്തരം അനുഭവങ്ങൾ ആരെങ്കിലും മറക്കുമോ, പ്രത്യേകിച്ച് ഒരു പെണ്ണ്?
വന്ന കാര്യം നടന്നല്ലോ ഇനി ആരും കാണാതെ മുങ്ങാം.
'ഡാ...'
വിളികേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ പിന്നിൽ നിൽക്കുന്നു, കീർത്തി.
'നീയെന്താടാ ഇവിടെ വന്നിരിക്കുന്നത്?'
'ഏയ് ഒന്നൂല്ല്യ. പണ്ട് കുറേ ഇരുന്നതല്ലേ ഇവിടെ'
'ഓ, അങ്ങനെ. പിന്നെ എന്തൊക്കെയുണ്ട്?'
'സുഖം. നിനക്കോ?'
'ആ, ഇങ്ങനെ പോകുന്നു. എല്ലാവരോടും സംസാരിച്ചിട്ടും നീ എന്നോട് മിണ്ടിയില്ല, എന്താടാ?'
'ഏയ്, അങ്ങനെയൊന്നുല്ല്യ'
'ഉം, എവിടെയായിരുന്നു നീ, നിനക്ക് എങ്ങനെയൊക്കെ ഓർമ്മയുണ്ടായിരുന്നോ?'
'ആരെയും മറന്നിട്ടില്ല'
'ആരെ മറന്നാലും നീ എന്നെ മറക്കില്ലല്ലോ ലേ?'
അവളുടെ വാക്കുകൾ വാൾമുന പോലെ പോറലേൽപ്പിച്ചു. ഏത് അർത്ഥത്തിലാണ് അവൾ പറയുന്നത് ആവോ?
'നീയിപ്പോ എന്താ ചെയ്യുന്നത്?'
'അതൊക്കെ പറയാം. പഴയതൊന്നും നീ മറന്നിട്ടില്ലല്ലോ?'
'എന്ത്?'
'ഓ, ഇപ്പൊ അങ്ങനെയായോ?'
'ഡീ, അത് അന്ന് അറിവില്ലാത്ത പ്രായത്തിൽ...'
'അപ്പൊ നീ മറന്നിട്ടില്ല'
'അന്ന് എന്തൊക്കെയോ ചെയ്തു, അതൊക്കെ തെറ്റായിരുന്നു എന്ന് പിന്നെ തോന്നി. ആ കുറ്റബോധം ഉള്ളത് കൊണ്ട് ഈ പരിപാടിക്ക് വരുന്നില്ലെന്ന് തന്നെ തീരുമാനിച്ചതാ'
'നീ മുങ്ങുമോ എന്ന് എനിക്കൊരു സംശയമുണ്ടായിരുന്നു'
'സോറി ഡീ'
'ഒന്ന് പോടാ പൊട്ടാ. നീയിപ്പോഴും അത് ആലോചിച്ച് നടക്കാ? അതൊക്കെ ആ പ്രായത്തിന്റെയല്ലേടാ. ഞാനതൊക്കെ വിട്ടു'
'ഹാവൂ, ഇപ്പോഴാ സമാധാനമായത്'
'എന്തേ?'
'അല്ല, സിനിമയിലൊക്കെയുള്ളത്പോലെ പ്രതികാരം ചെയ്യാനാണോ നീ ഈ പരിപാടി പ്ലാൻ ചെയ്തതെന്ന് ഞാൻ പേടിച്ചു'
'പൊട്ടൻ. സത്യം പറഞ്ഞാൽ അന്നത്തെ സംഭവം എനിക്ക് ഭയങ്കര വിഷമമായി. നിന്നോട് ദേഷ്യവും. ജീവിതത്തിൽ ഒരിക്കൽപോലും നിന്നെ കാണരുതേ എന്ന് ആഗ്രഹിച്ചു. പതുക്കെ പതുക്കെ അതൊക്കെ മാറി. പിന്നെ വന്നവന്മാരെയൊക്കെ ഓർത്തപ്പോൾ നീയാണ് ഭേദമെന്ന് തോന്നി. പരിചയപ്പെട്ട് രണ്ടാം ദിവസം ഇഷ്ടമാണെന്ന് പറയും നാലാം ദിവസം വീഡിയോ ചോദിക്കും പത്താം ദിവസം റൂമെടുക്കുന്ന കാര്യം പറയും. കൂടെയുള്ളവരുടെ അനുഭവം കണ്ടറിഞ്ഞത്കൊണ്ട് ഞാൻ പെട്ടില്ല എന്നുമാത്രം'
'അന്നത്തെ എന്റെ അവസ്‌ഥ വേറെയായിരുന്നു. നീ എന്റെ സ്വന്താമാണ് എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അധികം സ്വാതന്ത്ര്യമെടുത്തത്'
'അത് വിട് ചെക്കാ. അതൊക്കെ ഞാൻ മറന്നു. ഇത്തരം കാര്യങ്ങൾ മനസിലിട്ടുനടക്കുകയാണെങ്കിൽ ഞാൻ ഒരു ഡോക്ടറാവുമോ?'
'ഡോക്ടറോ? നീയോ?'
'നിനക്ക് എഞ്ചിനീയർ ആകാമെങ്കിൽ എനിക്ക് ഡോക്ടർ ആയിക്കൂടെ?'
'എന്തായാലും കലക്കി ട്ടോ,, ഡോ.കീർത്തിക എം.ബി.ബി.എസ്സ് '
'ഓ, നമ്മൾ അത്രയ്ക്കൊന്നും വലുതല്ല, വെറും ബി.ഡി.എസ്സ്'
'പല്ല് ഡോക്ടറോ?'
'ഉം'
'അത് കലക്കി. നിനക്ക് അങ്ങനെതന്നെ വേണം'
'ഡാ ചെക്കാ നീ അധികം കളിച്ചാൽ നിന്റെ പല്ല് അടിച്ച് കൊഴിച്ച് ഞാൻ തന്നെ അത് ഫിറ്റ് ചെയ്ത് തരും'
'അയ്യോ വേണ്ട മാഡം, പാവങ്ങളാ ജീവിച്ച് പോട്ടെ.
പിന്നെ, നിന്റെ കല്യാണം?'
'കഴിഞ്ഞിട്ടില്ല, വീട്ടുകാർ ആലോചന തുടങ്ങി'
'നീയൊക്കെ കയ്യിൽ ഒന്നും ഒക്കത്ത് ഒന്നുമായി വരുമെന്നാകരുതിയത്'
'അങ്ങനെ വന്നവരെ നീ കണ്ടല്ലോ, ഇത് ആള് വേറെയാ മോനേ..'
'അപ്പൊ ഉടനെ ഒരു സദ്യ പ്രതീക്ഷിക്കാമല്ലേ?'
'ആ, വേണമെങ്കിൽ പ്രതീക്ഷിച്ചോ'
'എന്റെ കയ്യിലോ?'
'പഠിപ്പ് തലയ്ക്ക് പിടിച്ചപ്പോൾ വേറെ ഒന്നും നോക്കിയില്ല, ആരെയും ശ്രദ്ധിച്ചില്ല. ഇപ്പൊ എല്ലാം കഴിഞ്ഞു, ഇനി ഭാവിയെപ്പറ്റി ചിന്തിക്കണം. കല്യാണം എന്നത് ഏറ്റവും വലിയ പരീക്ഷയാണ്, അതിൽ തോൽക്കാനോ റിസ്ക് എടുക്കാനോ എനിക്ക് വയ്യ. നല്ലൊരു ബന്ധത്തിന് വേണ്ടി കാത്തിരിക്കുന്നു'
'അതൊക്കെ ശരിയാവും ഡീ'
'ഡാ, ഞാൻ ഒരു കാര്യം പറയട്ടെ, നിന്നെ ഞാൻ പൂർണ്ണമായി മറന്നിരിക്കുകയായിരുന്നു. കുറച്ച് കാലം ഓർത്തതേ ഇല്ല. കല്യാണാലോചന തുടങ്ങിയപ്പോൾ വീട്ടുകാർ ആദ്യം ചോദിച്ചത് മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്നാ. ആരുമില്ല എന്ന് പറഞ്ഞതിന് ശേഷമാണ് ഞാൻ എന്റെ മനസ്സിലേക്ക് നോക്കിയത്. ഇഷ്ടം പറഞ്ഞ് പലരും വന്നിരുന്നു. പണം കണ്ടും പഠിപ്പ് കണ്ടും ഭംഗി കണ്ടും വന്നവരുണ്ട്. എനിക്ക് താല്പര്യം തോന്നിയ ആളുകളും ഉണ്ട്. പക്ഷേ ഒരുമിച്ചുള്ള ഒരു ജീവിതം എന്നാലോചിച്ചപ്പോൾ അതൊന്നും എനിക്ക് ചേർന്നതായിരുന്നില്ല. ബാഹ്യമായ കാരണങ്ങൾ കൊണ്ട് ചേരുമായിരിക്കും, എന്റെ മനസ്സിന് ചേരുന്നുണ്ടായിരുന്നില്ല.
പഴയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിയപ്പോഴാണ് നിന്നെ കണ്ടത്, നിന്നെ ഓർമ്മ വന്നത്.
അന്ന് നീ ചെയ്തതും നമ്മുടെ പ്രേമവുമൊക്കെ ഓർത്തപ്പോൾ മനസ്സ് തുറന്ന് ചിരിച്ചു ഞാൻ. ആ ചിരിയാണ് നിന്നെ ഇവിടെയെത്തിച്ചത്. ഡാ എനിക്കറിയില്ല നീ ഇന്ന് എന്താണ്, നിന്റെ കല്യാണം കഴിഞ്ഞോ, വേറെ ഇഷ്ടമുണ്ടോ എന്നൊന്നും, നിന്നെ മനസ്സിൽ ഓർമ്മവന്നമുതൽ ഞാൻ വീണ്ടും സ്വപ്നംകാണാൻ തുടങ്ങി. ആ പഴയ പ്ലസ്‌ടുക്കാരിയായി'
'നീയെന്തൊക്കെയാ പെണ്ണേ പറയുന്നത്?'
'ഡാ ഞാനൊരു പെണ്ണല്ലേ, ഇനിയും തെളിയിച്ച് എങ്ങനെയാ പറയാ? നിനക്ക് സമ്മതമാണെങ്കിൽ ഞാൻ നിന്റെ പഴയ കീർത്തിയാവട്ടെ?'
#രജീഷ് കണ്ണമംഗലം
'ഛെ, നശിപ്പിച്ചു'
'എന്താടാ?'
'വൈഫ് ഡെലിവറി കഴിഞ്ഞ് കിടക്കാ, അതാ അവൾ വരാഞ്ഞത്. സോറി ഡീ'

കല്യാണം കഴിക്കാൻ പോകുന്ന പെണ്ണ്

Image may contain: 1 person, smiling, beard and closeup

"ഏട്ടാ, പെട്ടന്ന് എന്നെ വിളിക്ക്, അത്യാവശ്യം ആണ്"
ശ്രുതിയുടെ മെസ്സേജ് ആണ്. എന്താണാവോ ഇത്ര വലിയ അത്യാവശ്യം? അവിടെയിപ്പോ കല്യാണതിരക്കല്ലേ, ഈ പെണ്ണിന്റെയൊരു കാര്യം.
ശ്രുതി, എന്റെ കാമുകി, കല്യാണം കഴിക്കാൻ പോകുന്ന പെണ്ണ് എന്ന് വേണമെങ്കിൽ പറയാം. ഞാൻ നാട്ടിൽ എത്തിയാൽ കല്യാണം ഉണ്ടാവും. കാര്യങ്ങൾ ഒന്നുമായിട്ടില്ല, എന്റെ ഇഷ്ടം അവളുടെ വീട്ടിൽ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കല്യാണത്തിന് ഉണ്ടായിരുന്ന ഒരു തടസമാണ് അവളുടെ ചേച്ചി ശരണ്യ. തടസം എന്ന് പൂർണ്ണമായി പറയാൻ പറ്റില്ല, മൂത്ത കുട്ടി നിൽക്കുമ്പോൾ ഇളയതിനെ കെട്ടിച്ച് വിടാൻ പറ്റില്ലല്ലോ. ഓരോ നാട്ട്നടപ്പൊക്കെ ഇല്ലേ.
എന്തായാലും നാളത്തോടെ ആ തടസം മാറിക്കിട്ടും, ശരണ്യയുടെ കല്യാണമാണ് നാളെ.
'ഹലോ, കുഞ്ഞൂസ്...'
'ഹലോ, ഏട്ടാ...'
'എന്താ ഡീ, അവിടെ എല്ലാം റെഡിയായില്ലേ?'
'ഏട്ടാ ഒരു പ്രശ്നം ഉണ്ട്'
'ഉം? എന്ത് പറ്റി?'
'ഈ കല്യാണം നടക്കില്ല. അയാള് വേറെ പെണ്ണിന്റെയൊപ്പം ഒളിച്ചോടി'
'ങേ? നീ തെളിച്ച് പറ'
'കുറച്ച് മുന്നേ അവരുടെ വീട്ടിൽ നിന്ന് ഫോൺ വന്നിരുന്നു. കല്യാണച്ചെക്കൻ അയാൾ പ്രേമിച്ചിരുന്ന കുട്ടിയുമായി ഒളിച്ചോടി ത്രേ. രാവിലെ ബ്യുട്ടിപാർലറിൽ പോവാ എന്ന് പറഞ്ഞ് ഇറങ്ങിയതാ, ഉച്ചവരെ വന്നില്ല. വിളിച്ചപ്പോൾ ഫോൺ ഓഫാണ്. ഉച്ചതിരിഞ്ഞ് അയാൾ വിളിച്ചു ത്രേ, രണ്ടാളും കൂടി ബാംഗ്ലൂരിലേക്ക് പോവാണ് എന്ന് പറഞ്ഞ്'
'ഓ, പണ്ടാരടങ്ങാൻ. ഇവനൊക്കെ ഇത് നേരത്തെ പറഞ്ഞൂടെ, ഇത്രയും എത്തിക്കണോ'
'ഇവിടെ എല്ലാവരും വിഷമിച്ചിരിക്കാ. ഇനി എന്താ ചെയ്യാന്ന് അറിയില്ല എട്ടാ'
'ശരണ്യ എന്ത് പറയുന്നു?'
'ചേച്ചി അപ്പൊ തുടങ്ങിയ കരച്ചിലാ. എന്തെങ്കിലും ചെയ്യോ എന്ന് പേടിച്ച് എല്ലാവരും ചേച്ചിടെ അടുത്തുണ്ട്'
'ഉം. അത് നന്നായി. പിന്നെ, ഇനി എന്താ ചെയ്യുന്നത്? സിനിമയിലെ പോലെ വേറെ ചെക്കനെ തപ്പുന്നുണ്ടോ?'
'എല്ലാവരും അതാ നോക്കുന്നത്'
'നിങ്ങൾക്കൊക്കെ വട്ടാണോ? കല്യാണം മുടങ്ങിയാൽ ഉടൻതന്നെ പുതിയ ആളെ അന്വേഷിക്കാ? സിനിമയിലും കഥയിലുമൊക്കെ അത് നടക്കും ഇത് ജീവിതമാണ്'
'വേറെ എന്താ ഏട്ടാ ചെയ്യാ? നാളെ ക്ഷണിച്ച എല്ലാവരും വരില്ലേ?'
'അപ്പൊ നാട്ട്കാരാണോ നിങ്ങൾക്ക് വലുത്? കല്യാണം മുടങ്ങിയാൽ അവർക്ക് ഒരു സദ്യ മാത്രമാണ് നഷ്ടം, ഏതെങ്കിലും ഒരുത്തനെ കെട്ടി നാട്ടുകാർക്ക് സദ്യ കൊടുത്താൽ നമ്മുടെ ശരണ്യക്കോ? അവളുടെ സ്വപ്നങ്ങളല്ലേ ഇല്ലാതാവുന്നത്? ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാനാണോ അവളെ വളർത്തി വലുതാക്കിയത്?'
'എനിക്കൊന്നുമറിയില്ല ഏട്ടാ. അമ്മേടേം അച്ഛന്റേം കുടുംബത്തിൽ ഉള്ളവരൊന്നും റെഡിയല്ല. മാമൻ ഒരാളെ പറഞ്ഞിട്ടുണ്ട്, കൂടെ ജോലിചെയ്യുന്ന ആളുടെ അനിയനാ. വയസ്സ് കുറച്ച് കൂടുതലാ, മുപ്പത്തിആറ് ആയി. അതിലാണ് ഇപ്പൊ നിൽക്കുന്നത്'
'എനിക്കിതൊക്കെ കേൾക്കുമ്പോൾ ചൊരിഞ്ഞ് വരുന്നുണ്ട്. നിങ്ങൾക്കൊക്കെ എന്താ പറ്റിയത്?
നീ ഒരു കാര്യം ചെയ്യ്, അച്ഛന് ഫോൺകൊടുക്ക് ഞാൻ സംസാരിക്കാം'
'ശരി ഏട്ടാ'
'ഹലോ'
'ആ, വിനൂ, അറിഞ്ഞില്ലേ?'
'ഉം. അറിഞ്ഞു. അച്ഛൻ ഇനി എന്താ ചെയ്യാൻ പോകുന്നത്?'
'എനിക്കൊന്നും അറിയില്ലാ. എങ്ങനെയെങ്കിലും എന്റെ കുട്ടീടെ കല്യാണം നടന്നാൽ മതി എനിക്ക്'
'അവളെ അങ്ങനെ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കണോ അച്ഛാ?'
'അല്ലാതെ ഞാനിപ്പോ എന്താ ചെയ്യാ? വയസ്സ് ഇത്തിരി കൂടുതലാ. നല്ല സ്വഭാവം ആണെന്നാ സുധാകരൻ പറഞ്ഞത്'
'ശരണ്യക്ക് ഇരുപത്തി ഒന്നല്ലേ ആയിട്ടുള്ളൂ, പതിനഞ്ച് വയസ്സിന്റെ വ്യത്യാസം ഉണ്ട്. നമുക്ക് ഒന്ന്കൂടി ആലോചിച്ചിട്ട് പോരേ അച്ഛാ? എടുത്ത് ചാടി പരിചയമില്ലാത്ത ഒരാൾക്ക് അവളെ കൊടുക്കണോ? നമുക്ക് അവളുടെ നല്ല ജീവിതം അല്ലേ വലുത്. ഒന്നും അറിയാത്ത ആളെകൊണ്ട് കെട്ടിച്ചാൽ പിന്നെ വല്ല പ്രശ്നങ്ങളും ഉണ്ടായാലോ? ഉണ്ണിമോളുടെ സ്വഭാവം അച്ഛന് അറിയുന്നതല്ലേ, എന്ത് ഉണ്ടായാലും ആ പാവം സഹിക്കുകയെ ഉള്ളൂ, ആരോടും പരാതിപറഞ്ഞ് വരില്ല. ഇന്നത്തെക്കാലത് പരിചയമുള്ളവരെപോലും വിശ്വസിക്കാൻ പറ്റില്ല. ഉണ്ണിമോൾ നന്നായി പഠിച്ച് ഒരു ജോലിയൊക്കെ കിട്ടിയ ആളാണ്, അതും കൂടി നമ്മൾ നോക്കണം. ആരുടെയെങ്കിലും അടുക്കളയിൽ എരിഞ്ഞ് തീരാനാണോ അവളെ പഠിപ്പിച്ചത്'
'എനിക്ക് മനസ്സുണ്ടായിട്ടല്ല, വേറെ എന്താ ചെയ്യാ?'
'അച്ഛാ, നമുക്ക് വലുത് ഉണ്ണിമോളാണ്. നാളെ കല്യാണം നടന്നില്ലെങ്കിൽ നാണക്കേടും കുറച്ച് ദിവസത്തേക്ക് വിഷമവും ഉണ്ടാകും. അത് സഹിച്ചേ പറ്റൂ. ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ കിടന്ന് അവൾ നരകിക്കുന്നത് കാണുന്നതിനേക്കാൾ നല്ലതല്ലേ ഇത്?'
'എനിക്ക് എന്റെ കുട്ടി വിഷമിക്കുന്നത് കാണാനുള്ള ത്രാണിയില്ല'
'അവൾ പാവം കുട്ടിയാണ്, എല്ലാവർക്കും അറിയാം. നമ്മുടെ കുടുംബത്തിലോ പരിചയത്തിലോ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവൾക്കും കൂടി ഇഷ്ടമാണെങ്കിൽ നാളെ കെട്ട് നടത്താം. അല്ലെങ്കിൽ ഇത് ഇങ്ങനെ പോട്ടെ. അവൾക്ക് വയസ്സ് മൂത്തിട്ടൊന്നും ഇല്ലല്ലോ, നമുക്ക് നല്ലൊരാളെ കണ്ട് പിടിക്കാം'
'ഉം, ഞാൻ എല്ലാരോടും കൂടിയൊന്ന് ആലോചിക്കട്ടെ'
'അച്ഛാ, ശരണ്യക്ക് ഫോണൊന്ന് കൊടുക്കോ?'
'ഉം'
പാവം പെണ്ണാണ് , അതിന് ഈ ഗതി വന്നല്ലോ. വായിൽ വിരൽ ഇട്ടാൽപോലും കടിക്കാത്ത കുട്ടിയാ, ഈശ്വരന്റെ ഓരോരോ പരീക്ഷണങ്ങൾ.
എന്നാലും ഈ പെണ്ണ് അവന്റെ കളിയൊന്നും അറിഞ്ഞില്ലേ ആവോ?
കല്യാണം ഉറപ്പിക്കുമ്പോൾ ഇപ്പൊ മൊബൈൽ ഫോൺ ആണ് കൊടുക്കാ, കല്യാണം ആവുമ്പോഴേക്കും ഒരു ജീവിതകാലം മുഴുവൻ വാക്കുകളിൽ പറഞ്ഞ് തീർക്കും. ആദ്യരാത്രി, കുട്ടികളുടെ എണ്ണം, പേര്, അവരുടെ പഠിപ്പ്, ജോലി, കല്യാണം ഇതൊക്കെ കല്യാണത്തിന് മുൻപ് തന്നെ പ്ലാൻ ചെയ്യും. ഇത്രയും ദിവസം സംസാരിച്ചിട്ടും ഈ പൊട്ടിക്ക് അവന്റെ ചതി മനസിലാക്കാൻ പറ്റിയില്ലേ?
'ഡീ...'
'ഉം'
'അത് പോട്ടെ പെണ്ണേ. അവന് വേണ്ടെങ്കിൽ വേണ്ട. ഇനി പറഞ്ഞിട്ട് കാര്യമില്ല, അത്കൊണ്ട് നീ വിഷമിക്കണ്ട'
'ഉം'
പണ്ട് തൊട്ടേ ഞാൻ സെന്റിമെന്റൽ ആണ്, ആരെങ്കിലും കരയുന്നത് കണ്ടാൽ എനിക്കും കരച്ചിൽ വരും. അത് പ്രിയപ്പെട്ടവരാകുമ്പോൾ സഹിക്കാനും പറ്റില്ല. എന്ത് പറഞ്ഞാ ഈ പെണ്ണിനെ ആശ്വസിപ്പിക്കാ.
'ഡീ നീ ഓക്കെയല്ലേ?'
'ഉം'
'ഇപ്പൊ നടന്നതിനേക്കാൾ വലുതാണ് ഇനി നടക്കാൻ പോകുന്നത്. ധൃതിപിടിച്ച് നിന്നെ കെട്ടിക്കാൻ പോവാ, നിന്നോട് വല്ലതും പറഞ്ഞിരുന്നോ?'
'ഇവിടെ സംസാരിക്കുന്നത് കേട്ടു'
'നീയെന്ത് തീരുമാനിച്ചു?'
'എനിക്കറിയില്ല ഏട്ടാ'
'ഡീ ഇങ്ങനെ ധൃതിപിടിച്ച് വേണോ? നാണക്കേടും സങ്കടവുമൊക്കെ ഉണ്ടാകും അതൊക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് , പെട്ടന്ന് ഒരു പരിചയവും ഇല്ലാത്ത ആളെ കെട്ടിയിട്ട് റിസ്ക് എടുക്കണ്ട. നമുക്ക് വേറെ ആലോചന നോക്കാം'
'എനിക്ക് ഒന്നുമറിയില്ല ഏട്ടാ'
'നീ നിന്റെ അയ്യോ പാവം സ്വഭാവം കൊണ്ടിരുന്നാൽ അവിടെ ഉള്ളവരെല്ലാരും കൂടി നിന്റെ ജീവിതം കൊണ്ട് അമ്മാനമാടും. ഇപ്പൊ തന്നെ നോക്ക് ഏതോ ഒരു വയസ്സനെ ആലോചിച്ച് വച്ചിരിക്കുന്നു'
'എല്ലാവരും പറഞ്ഞാൽ ഞാൻ എന്താ ചെയ്യാ?'
'വേണ്ട എന്ന് തന്നെ പറയണം. നിന്റെ ജീവിതത്തിന്റെ കാര്യമാണ്. അച്ഛനോട് ഞാൻ കാര്യങ്ങൾ ഒരുവിധം പറഞ്ഞിട്ടുണ്ട്. ഒരു കാര്യം ചോദിക്കട്ടെ?'
'എന്താ ഏട്ടാ?'
'നീ അവിടെ നിന്നൊന്ന് വിട്ട് നിൽക്ക് , കുറച്ച് പേഴ്സണൽ ആണ്'
'ഉം. ശരി'
'നിന്നെപ്പറ്റി എനിക്കറിയാം, എന്നാലും ചോദിക്കാ, മോൾക്ക് ആരോടെങ്കിലും പ്രേമം ഉണ്ടോ?'
'അങ്ങനെയൊന്നും ഇല്ല ഏട്ടാ'
'ഉണ്ടെങ്കിൽ പറയണം. ഇപ്പോൾ ആണെങ്കിൽ എന്തെങ്കിലും ചെയ്യാം.'
'ഇല്ല, അങ്ങനെ ആരുമില്ല'
'ഉം. നിന്നോട് ആരെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ? ഉണ്ടെന്ന് അറിയാം, അതിൽ നിനക്ക് ആരോടെങ്കിലും താല്പര്യം തോന്നിയിട്ടുണ്ടോ?'
'ഇല്ല. ഞാനതൊന്നും ആലോചിച്ചിട്ടില്ല'
'എടീ, ഞാനൊരു കാര്യം പറയാം, നീ ആലോചിച്ച് പറയ് ട്ടോ. നിനക്ക് നിഖിലിനെ അറിയില്ലേ, എന്റെ ഫ്രണ്ട്. അവൻ മുൻപ് നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതാ, പക്ഷേ അന്ന് നീ സമ്മതിച്ചില്ല. അവന് ശരിക്കും ഇഷ്ടായിരുന്നു നിന്നെ. നല്ലൊരു ജോലി കിട്ടിയിട്ട് വീട്ടുകാരുമായി വന്ന് ആലോചിക്കണം എന്ന് പറഞ്ഞ് ഇരുന്നതാ. അവൻ ട്രൈനിങ്ങിന്റെ ഭാഗമായി ചെന്നൈയിൽ പോയി വന്നപ്പോഴേക്കും ഇത് ഉറപ്പിച്ചിരുന്നു. ഇപ്പൊ എന്താണ് അവന്റെ ലെവൽ എന്ന് എനിക്കറിയില്ല, നിന്റെ അഭിപ്രായം ചോദിച്ചിട്ട് അവനോട് സംസാരിക്കാം എന്ന് വച്ചു'
'ഞാനെന്താ പറയാ?'
'അവനെ ഇഷ്ടമാണോ നിനക്ക്? മുൻപ് ഇഷ്ടമില്ലെങ്കിലും ഇനി ഇഷ്ടപ്പെടാൻ പറ്റോ?'
'എനിക്ക് ആളെ മനസിലായി....
ഞാൻ അതൊന്നും ചിന്തിച്ചിട്ടില്ല'
'അവൻ കാണാൻ കുഴപ്പമില്ല, അത്യാവശ്യം പഠിപ്പുണ്ട്, ഇപ്പൊ നല്ലൊരു ജോലിയും. നമുക്ക് ചേർന്ന കുടുംബമാണ്, വീട്ടുകാരെല്ലാവരും നല്ല ആളുകളാ. നിനക്ക് അവനെ അംഗീകരിക്കാൻ പറ്റുമെങ്കിൽ ഞാനൊന്ന് സംസാരിച്ച് നോക്കാം. എന്നിട്ട് അവനും ഓക്കേ ആണെങ്കിലേ അച്ഛനോടും മറ്റുള്ളവരോടും പറയുന്നുള്ളു'
'ഏട്ടന് ആളെപ്പറ്റി ഉറപ്പുണ്ടെങ്കിൽ എനിക്ക് സമ്മതമാണ്'
'ഓക്കേ, എന്നാൽ ഞാൻ സംസാരിച്ചിട്ട് വിളിക്കാം'
നിഖിൽ ചങ്ക് കൂട്ടുകാരൻ ആണ്. ഞാനും അവനും ഏകദേശം ഒരേ സ്വഭാവക്കാരായത് കൊണ്ട് നല്ലവനാണെന്ന് പറയാം. ഞങ്ങൾ രണ്ടാളും കൂടിയാണ് വായ്‌നോക്കാൻ ഇറങ്ങാറ്, ബൈക്ക് ഞാനെടുക്കും പെട്രോൾ അവനടിക്കും. പലരോടും ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിലും ഞങ്ങൾ രണ്ടാളും ഒരാളിൽ ഉറച്ച് നിന്നത് ശരണ്യയെയും ശ്രുതിയെയും കണ്ടതിന് ശേഷമാണ്. മൂത്തതിനെ അവനും ഇളയതിനെ ഞാനും തിരഞ്ഞെടുത്തു. അപ്പോഴേക്കും നേരമ്പോക്കിനുള്ള പ്രേമമെല്ലാം മടുത്തിരുന്നു. അത്കൊണ്ട് ഇത് അവസാനത്തെ പ്രേമമാണെന്നും ഇത് കല്യാണത്തിൽ എത്തണമെന്നും ഉറപ്പിച്ചിരുന്നു.
അങ്ങനെ രണ്ടാളും ചേച്ചിയെയും അനിയത്തിയേയും വളയ്ക്കാൻ ശ്രമം തുടങ്ങി.
ഭാഗ്യം എന്റെ കൂടെ ആയത് കൊണ്ടാവണം ശ്രുതി ചില പോസിറ്റീവ് സിഗ്നലുകൾ തരാൻ തുടങ്ങി. കിട്ടിയ ചാൻസ് മുതലെടുത്ത് ഞാൻ അവളോട് ഇഷ്ടം അവതരിപ്പിച്ച് കരാറിൽ ഒപ്പിട്ടു. അപ്പോഴും അവൻ ശരണ്യയുടെ ഒരു നോട്ടത്തിനായി കാത്തിരിക്കുകയായിരുന്നു. അവനെ സഹായിക്കണം എന്നുണ്ടായിരുന്നെങ്കിലും കയ്യിൽ കിട്ടിയതിനെ നിലനിർത്താനുള്ള തത്രപ്പാടിൽ ഒന്നിനും പറ്റിയില്ല. ശ്രുതി വഴി കാര്യങ്ങൾ അവതരിപ്പിക്കാൻ അവൻ നിർബന്ധിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല, ആദ്യം എന്റെ കാര്യത്തിൽ ഉറപ്പ് വരുത്തട്ടെ എന്ന് പറഞ്ഞു.
ഞാൻ പാലം വലിച്ചു എന്ന് മനസിലായപ്പോൾ അവൻ നേരിട്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ തീരുമാനിച്ചു, ശരണ്യയെ കണ്ട് ഇഷ്ടം പറഞ്ഞു. ആലോചിക്കാന്പോലും സമയമെടുക്കാതെ അവൾ പറ്റില്ലെന്ന് പറഞ്ഞു. പ്രേമിക്കാൻ ഒട്ടും താല്പര്യമില്ലത്രേ. ഇപ്പൊ പഠിക്കുന്നതിൽ മാത്രേ ശ്രദ്ധിക്കുന്നുള്ളു, കല്യാണം വീട്ടുകാർ പറയുന്ന ആളിനെ. ശരണ്യ അവളുടെ നയം വ്യക്തമാക്കി.
പിന്നെ കുറേ ദിവസം നമ്മുടെ നായകൻ മാനസമൈനേ പാടിനടന്നു. അപ്പോഴാണ് അവന് ഒരു ജോലി ശരിയായത്. ആദ്യം ആറ് മാസം ചെന്നൈയിൽ ട്രെയിനിങ്, അത് കഴിഞ്ഞ് കേരളത്തിലോ പുറത്തോ പോസ്റ്റിങ്ങ് കിട്ടും.
അവനെ ട്രെയിൻ കയറ്റി വിടുമ്പോൾ അവൻ ശരണ്യയെ നോക്കാനാണ് എന്നോട് പറഞ്ഞത്. ജോലി സ്ഥിരമായിക്കഴിഞ്ഞാൽ ഉടൻ അവളുടെ അച്ഛനെ കണ്ട് പെണ്ണ് ചോദിക്കണം. പൊതുവെ തമാശക്കാരനായ അവന്റെ മുഖത്തെ ഉറച്ച തീരുമാനം എന്നെ അത്ഭുതപ്പെടുത്തി. അന്നാണ് ഞാൻ അവസാനമായി അവനെ കണ്ടത്.
അവൻ പോയി അധികം കഴിയുന്നതിന് മുന്നേ ഞാനിങ്ങോട്ട് പോന്നു. ഇപ്പൊ എന്താ അവന്റെ അവസ്ഥ എന്നറിയില്ല. എപ്പോഴും ശ്രുതിയെ വിളിക്കുക കാരണം മറ്റുള്ളവരെയെല്ലാം മറന്നു പോയി. അധികം ആരെയും വിളിക്കില്ല, അവനെയും. ഗ്രൂപ്പിൽ ഇടയ്ക്കൊക്കെ ചാറ്റ് ചെയ്ത് ബന്ധം പുതുക്കാറുണ്ട്. എന്തായാലും വിളിച്ച് നോക്കാം.
'ഡാ, ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞില്ലേ, നീയെന്താ ഒന്നും പറയാത്തത്?'
'വിനൂ, എനിക്കവളെ ഇഷ്ടാണ്. ഇപ്പോഴും എനിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഇത്രപെട്ടെന്ന് എന്നൊക്കെ പറയുമ്പോൾ...'
'നീയിപ്പോ വീട്ടിൽത്തന്നെ ഉണ്ടല്ലോ, കാര്യങ്ങൾ ഒന്ന് പെട്ടന്ന് ആലോചിക്ക്'
'അതല്ല അളിയാ, വീട്ടുകാർ എന്ത് പറയും എന്നറിയില്ല'
'വീട്ടുകാർ എതിർത്താൽ അവളെയും കൊണ്ട് ഒളിച്ചോടും എന്ന് പറഞ്ഞ നീയാണോ ഇതൊക്കെ പറയുന്നത്?
അളിയാ, പുരകത്തുമ്പോൾ ബീഡിവലിക്കാൻ നിൽക്കല്ലേ. നിനക്ക് പറ്റില്ലെങ്കിൽ പറയ്. അവര് വേറെ ഏതോ ആളുമായി ഏകദേശം ഉറപ്പിച്ചതാ. നിനക്ക് വേണ്ടിയാ ഞാൻ അത് മാറ്റിവെക്കാൻ പറഞ്ഞത്. നിനക്ക് സമ്മതമാണെങ്കിൽ അര മണിക്കൂറിനുള്ളിൽ വിവരം താ. അല്ലെങ്കിൽ അത് നടത്തിക്കോളാൻ ഞാൻ പറയും'
'അളിയാ...'
വേണമെങ്കിൽ വിളിച്ച് പറയട്ടെ, അവളോട് ആത്മാർത്ഥമായ സ്നേഹമുണ്ടെങ്കിൽ അവൻ വിളിക്കും.
പതിനഞ്ച് മിനുട്ട് തികയുന്നതിന് മുന്നേ അവന്റെ വിളി വന്നു. എല്ലാം ഓക്കേ, എല്ലാവർക്കും ഓക്കേ.
വേഗം അവന്റെ രണ്ട്മൂന്ന് കാരണവന്മാരെ ശരണ്യയുടെ വീട്ടിലേക്ക് പോകാൻ പറഞ്ഞു, അവിടെ വിളിച്ച് കാര്യങ്ങളൊക്കെ ഏർപ്പാടാക്കിയിരുന്നു.
ഇതിപ്പോ നാളെ രാവിലെ വരെ സമയമുണ്ടല്ലോ, എല്ലാവരും കൂടി സംസാരിച്ച് തീരുമാനമെടുക്കട്ടെ. ഇല്ലെങ്കിൽ എല്ലാം എന്റെ മാത്രം ഉത്തരവാദിത്വമാവും.
അവിടെ താലികെട്ടലും സദ്യ വിളമ്പലും നടക്കുമ്പോൾ ഞാൻ ഇവിടെ കഫീലിന്റെ പെണ്ണുങ്ങളേം കുട്ടികളേം കൊണ്ട് ഷോപ്പിംഗ് മാളുകളിലേക് ഓടുകയായിരുന്നു. ഹൌസ് ഡ്രൈവർ ആയത് കൊണ്ട് ശരീരത്തിന് ക്ഷീണമൊന്നുമുണ്ടാകില്ല. പക്ഷേ ആകെ മടുപ്പാണ്. ആരോടും ഒന്നും മിണ്ടാൻ പറ്റില്ല, ആളുകളെ എവിടെയെങ്കിലും കൊണ്ടാക്കണം, അവർ തിരിച്ച് വരുന്നത് വരെ വണ്ടിയിൽ വെറുതെ ഇരിക്കണം.
നാട്ടിലെ കാര്യങ്ങളെല്ലാം മംഗളമായി നടന്നു.
'ഏട്ടോയ്, അതേ, ഒരു കാര്യമുണ്ട്'
'എന്താടീ?'
'ചേച്ചിടെ കല്യാണം കഴിഞ്ഞത് കൊണ്ട് അച്ഛൻ ഹാപ്പിയാണ്. ഇന്നലെ അമ്മയോട് പറയുന്നത് കേട്ടു, പതുക്കെ നമ്മുടെ കാര്യം നോക്കണമെന്ന്. അച്ഛന് ഇപ്പൊ ഏട്ടനെ വല്ല്യ കാര്യമാണ്. ഏട്ടൻ കാരണമാണ് ചേച്ചീടെ കല്യാണം നടന്നതെന്നാ എല്ലാവരോടും പറയുന്നത്. ഏട്ടനോട് പറഞ്ഞ് വീട്ടുകാരെ ഇങ്ങോട്ട് വിടാൻ പറയണം എന്നാ പറഞ്ഞത്. ഏട്ടൻ നാട്ടിൽ വരുമ്പോഴേക്കും എല്ലാം ഉറപ്പിക്കാനാ പരിപാടി'
'ആഹാ, അത് കലക്കിയല്ലോ'
'ഉം, അത് കേട്ടപ്പോൾ ഞാൻ തുള്ളിച്ചാടുകയായിരുന്നു. നമ്മുടെ കാര്യം അച്ഛൻ ആദ്യം എതിർത്തതല്ലേ, ഇപ്പൊ ആ അച്ഛൻ തന്നെ എല്ലാറ്റിനും മുൻകൈ എടുക്കുന്നു'
'ഉം. ഞാൻ വീട്ടുകാരുമായി സംസാരിക്കാം ട്ടോ. കഴിഞ്ഞ ആഴ്ച്ച നിന്റെ അച്ഛന് വിളിച്ചപ്പോൾ ആള് ഒരു കടപ്പാട് ഉള്ളപോലെയൊക്കെ സംസാരിച്ചു. എനിക്ക് ആകെ എന്തൊപോലെയായി. അപ്പൊ എന്നെക്കൊണ്ട് പറ്റുന്നത് ചെയ്തു, അത്രേ ഉള്ളൂ.
പിന്നെ, നമ്മുടെ നവദമ്പതികൾ ഹണിമൂൺ കഴിഞ്ഞ് വന്നോ?'
'ഉം, ഇന്നലെ എത്തി. ശരിക്കും പറഞ്ഞാൽ അവരാണ് നല്ല ജോഡികൾ. മറ്റേ ആളേക്കാൾ നല്ലത് നിഖിലേട്ടൻ തന്നെയാണ്. ചേച്ചിയും ഹാപ്പിയാണ്'
'നന്നായി ജീവിക്കട്ടെ എന്നും.
പിന്നെ വേറെ ഒരു കാര്യം, അച്ഛനുണ്ടോ വീട്ടിൽ?'
'ഉം. ഉണ്ട്'
'ഞാനന്ന് അച്ഛനോട് ആ കേസിന്റെ കാര്യം പറഞ്ഞിരുന്നു. എന്താണാവോ തീരുമാനിച്ചത്?'
'അതൊന്നും വേണ്ടെന്നാ അച്ഛൻ പറഞ്ഞത്. എല്ലാം നന്നായി അവസാനിച്ചില്ലേ എന്നാ അച്ഛൻ പറയുന്നത്'
'ഇത് അങ്ങനെ വിട്ടാൽ ശരിയാവില്ല. കുറ്റകൃത്യങ്ങൾ കൂടുന്നത് ആരും പ്രതികരിക്കാതിരിക്കുന്നത് കൊണ്ടാണ്. നിങ്ങളെ എല്ലാവരേം കുറച്ച് നേരത്തേക്കെങ്കിലും കണ്ണീര് കുടിപ്പിച്ചതാ അവൻ, അത് മറക്കണ്ട. വഞ്ചനാ കുറ്റത്തിനും മാനനഷ്ടത്തിനും കേസ് കൊടുക്കണം. നമ്മൾ ഇന്ന് ഇത് ചെയ്തില്ലെങ്കിൽ നാളെ മറ്റൊരാൾ ഇത്പോലെ ചെയ്യും. അന്ന് വേറെ ഒരു കുട്ടിയുടെ ജീവിതം തകരും. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവൻ സമൂഹജീവിയല്ല. ഒന്നുമില്ലെങ്കിലും അവന് എന്തെങ്കിലും ശിക്ഷ കിട്ടിയാൽ ഒരു പെണ്കുട്ടിയുടെയെങ്കിലും ജീവിതം രക്ഷിക്കാൻ നമുക്ക് പറ്റുമല്ലോ'
'കേസും കോടതിയുമൊക്കെ നാണക്കേടാണെന്നാ അച്ഛൻ പറയുന്നത്'
'അപ്പൊ നാട്ട്കാർക്ക് മുന്നിൽ അവൻ കാരണം നാണംകെട്ട് നിന്നത് നിന്റെ അച്ഛൻ മറന്നോ?'
'എനിക്കൊന്നുമറിയില്ല. ഏട്ടൻതന്നെ അച്ഛനോട് പറയ്'
'ഉം'
കുറേ നിർബന്ധിച്ചിട്ടാണെങ്കിലും അച്ഛനെക്കൊണ്ട് ഒരു കേസ് കൊടുപ്പിച്ചു. അവൻ ഇപ്പൊ തിരിച്ച് വന്നിട്ടുണ്ട്. ഒരേ ഒരു മകൻ ആയത് കൊണ്ട് അവന്റെ വീട്ടുകാർ എതിർപ്പൊന്നും കൂടാതെ അവരെ സ്വീകരിച്ചു. മനപ്പൂർവ്വം ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ച് അവനങ്ങനെ സന്തോഷിച്ച് ജീവിക്കണ്ട. വഞ്ചനാ കുറ്റത്തിനും മാനനഷ്ടത്തിന് അമ്പത് ലക്ഷത്തിനും കേസ് കൊടുത്തു. കേസിന്റെ നടത്തിപ്പിന് വേണ്ട എല്ലാ സഹായത്തിനും ആളുകളെ ഏർപ്പാടാക്കി.
'വിനൂ,'
'ആ, അച്ഛാ'
'ഇന്ന് അവരുടെ വീട്ടുകാർ വന്നിരുന്നു'
'എന്തിന്?'
'കേസ് ഒഴിവാക്കണം എന്ന് പറയാൻ. സംഭവിച്ചതിൽ അവർക്ക് സങ്കടം ഉണ്ട്'
'അതൊക്കെ അവരുടെ പൈസ തരാതിരിക്കാനുള്ള അടവാ. നമ്മൾ അനുഭവിച്ചതൊന്നും മറക്കരുത് അച്ഛാ'
'ഒന്നും മറന്നിട്ടല്ല, അവനെ ആശ്രയിച്ച് ഒരു പെൺകുട്ടി അവിടെയുമില്ലേ, അതിനെ ഓർത്തിട്ടാ. അമ്പത് ബുദ്ധിമുട്ടാണെങ്കിലും പറ്റുന്നത് തരാമെന്ന് അവർ പറഞ്ഞിട്ടുണ്ട്'
'ഉം, എന്നാലും മുപ്പതിൽ കുറയ്ക്കണ്ട. അത് നമ്മുടെ അവകാശമാണ്. അവരുടെ ചെക്കൻ ജയിലിൽ പോയിക്കിടക്കാതിരിക്കാൻ അവർ അത് തന്നേ പറ്റൂ'
'നമുക്കെന്തിനാ മോനേ വല്ലവരുടേം പൈസ'
'അച്ഛന് വേണ്ടെങ്കിൽ വേണ്ട. നമുക്ക് ഒരു അപകടം വന്നപ്പോൾ രക്ഷിച്ച ആളല്ലേ നിഖിൽ, അവന് കൊടുത്തൂടെ? അതോടെ ശരണ്യക്കും നല്ലൊരു ജീവിതം കിട്ടില്ലേ? അവന് പൈസക്ക് അത്യാവശ്യം ഉണ്ടായിട്ടല്ല, എന്നാലും നമ്മുടെ വക ഇരിക്കട്ടെ. അവൻ ഇല്ലായിരുന്നെങ്കിലോ?'
'ഉം. അവൻ അന്ന് വന്നില്ലെങ്കിൽ എന്റെ കുട്ടി...
അവര് തരുന്നത് എത്രയായാലും അവന് കൊടുക്കാം. എന്റെ കുട്ടിയെ നന്നായി നോക്കിയാൽ മതി'
'ആ കാര്യത്തിൽ പേടിക്കേണ്ട. ശരണ്യക്ക് ഒരു സങ്കടവും വരാതെ അവൻ നോക്കും'
'വിനൂ, നീ അച്ഛനോടൊന്നു വരാൻ പറയൂ, നിങ്ങളുടെ കാര്യങ്ങൾ സംസാരിക്കേണ്ടേ? എപ്പോഴാ ലീവ് കിട്ടാ? ഞാൻ കാരണമാ നീയിപ്പോ അവിടെ കഷ്ടപ്പെടുന്നത് എന്നറിയാം. എന്നോട് ദേഷ്യമൊന്നും തോന്നരുത്'
'അങ്ങനെയൊന്നും പറയരുത് അച്ഛാ. ഒരു അച്ഛന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അതാണ് ശരി. അതിൽ എനിക്ക് ഒരു ദേഷ്യവും ഇല്ല. ഞാൻ വീട്ടിൽ പറയാം അച്ഛാ'
ഹാവൂ, അങ്ങനെ എന്റെ കാര്യത്തിലും തീരുമാനമായി. എന്തായാലും ശരണ്യയുടെ കല്യാണം മുടങ്ങിയത് നന്നായി!!!
#രജീഷ് കണ്ണമംഗലം
'ഡാ വിനൂ...'
'ആ, എന്താ അളിയാ?'
'ഒന്നൂല്ല്യ, സുഖല്ലേ?'
'ഉം, നിനക്കോ?'
'സുഖം. ഇപ്പൊ നല്ല സമയമല്ലേ. ഇഷ്ടപ്പെട്ടപെണ്ണിനെ കെട്ടി സന്തോഷമായി ജീവിക്കുന്നു. ഇപ്പൊ ഇതാ പുതിയ സന്തോഷം. ആ കേസിൽ നിന്ന് കിട്ടിയ പൈസയില്ലേ അത് എനിക്ക് തരാമെന്നാ അവളുടെ അച്ഛൻ പറഞ്ഞിരിക്കുന്നത്. ഏകദേശം മുപ്പത് ലക്ഷം ഉണ്ടാകും'
'ഡാ, ഞാനല്ലേ അങ്ങേരോട് നിനക്ക് തരാൻ പറഞ്ഞത്'
'ആണോ? താങ്ക്സ് മച്ചാനേ. എനിക്ക് ഒരുപാട് സന്തോഷായി ഡാ'
'നീ അധികം സന്തോഷിക്കണ്ട. ആ പൈസ നിനക്കുള്ളതല്ല'
'ങ്ങേ? പിന്നെ?'
'അത് എനിക്കുള്ളതാണ്. നിനക്ക് അതിൽ അവകാശമില്ല. അത് എനിക്ക് തരാൻ നീ അച്ഛനോട് പറയണം'
'അതെങ്ങനെയാ ശരിയാവാ? അന്ന് ഞാൻ വന്നത് കൊണ്ടല്ലേ കല്യാണം നടന്നത്, അപ്പൊ എനിക്ക് തന്നെയാണ് അവകാശം'
'നീയല്ലെങ്കിൽ വേറെ ആരെങ്കിലും അവളെ കെട്ടുമായിരുന്നു. നീ കെട്ടിയത് കൊണ്ട് മുപ്പത് പവനും പത്ത് ലക്ഷം രൂപയും നിനക്ക് കിട്ടി. അത് മതി നിനക്ക്. ഈ മുപ്പത് എനിക്കുള്ളതാണ്. ഞാനാണ് അവരെ നിർബന്ധിച്ച് കേസ് കൊടുക്കാൻ പറഞ്ഞത്. ഞാൻ അന്ന് ബുദ്ധിക്ക് കളിച്ചില്ലെങ്കിൽ ഈ മുപ്പത് ലക്ഷം അവരുടെ ബാങ്കിൽ തന്നെ ഇരുന്നേനെ'
'അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് തരാമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.
പിന്നെ വേറെ കാര്യം. നീ ഇപ്പോഴും ശ്രുതിയെ ഇഷ്ടപ്പെടുന്ന ആള് മാത്രമാണ്. ഞാൻ ആ വീട്ടിലെ മരുമകനും, ആരുടെ വാക്കിനാണ് വില കൂടുതൽ എന്നോർത്തോ. ഞാനൊരു വാക്ക് പറഞ്ഞാൽ....'
'നീ ഒന്നും പറയില്ല. ഒന്നും കാണാതെ ഞാൻ ഈ കളിക്ക് ഇറങ്ങുമെന്ന് നീ കരുതിയോ? പണ്ട് നിന്റെ കാര്യം ശരണ്യയോട് പറഞ്ഞില്ലെന്ന് പറഞ്ഞ് എന്നെയും ശ്രുതിയെയും തമ്മിലടിപ്പിക്കാൻ നീ കുറേ ശ്രമിച്ചതൊക്കെ എനിക്കറിയാം. അത് അറിഞ്ഞിട്ടും നിന്നെ ഞാൻ വിളിച്ചത് സ്നേഹം കൊണ്ടാണെന്ന് കരുതിയോ? ഇങ്ങനെ കുറച്ച് പ്ലാൻ എനിക്കുണ്ടായിരുന്നു. നീ അച്ഛനോട് പറഞ്ഞ് ആ പൈസ മുഴുവൻ എനിക്കുള്ള സ്ത്രീധനമായി തരാൻ പറയണം'
ശ്രുതിയോടുള്ള ഇഷ്ടം പറഞ്ഞപ്പോൾ ആദ്യം എതിർത്ത ആളാ അവളുടെ അച്ഛൻ. സ്വന്തമായി അധ്വാനിച്ച് പൈസ ഉണ്ടാക്കിവന്നാലേ അവളെ തരൂ എന്നാ അയാള് പറഞ്ഞത്. അച്ഛനും ഏട്ടനും ജോലി ചെയ്ത് പൈസ ഉണ്ടാക്കുമ്പോൾ ഞാൻ എന്തിനാ പണിക്ക് പോകുന്നത് എന്ന് ആലോചിച്ച് നടന്ന എന്നെ ഈ മരുഭൂമിയിൽ എത്തിച്ചത് അയാളാ. അല്ലെങ്കിൽ ഞങ്ങളുടെ കുട്ടിക്കിപ്പോ ഒരു വയസായേനെ. അയാൾ പറഞ്ഞു പൈസ ഉണ്ടാക്കാൻ, അയാളെ വച്ച് തന്നെ ഞാൻ പൈസ ഉണ്ടാക്കി അയാളുടെ കയ്യിൽതന്നെ ഏൽപ്പിച്ചു, ഇനി ആ പൈസ അയാൾ തന്നെ എനിക്ക് തരണം.
'അതൊന്നും പറ്റില്ല അളിയാ. നീ നിന്റെ പണി നോക്ക്. അധികം കളിച്ചാൽ നീ വരുന്നതിന് മുൻപ് അവളുടെ കെട്ട് നടക്കും. എനിക്കുള്ള ഒരു രൂപപോലും ഞാൻ നിനക്ക് തരില്ല. നിന്റെ കാര്യം ശരിയായപ്പോൾ പാലം വലിച്ച ആളാ നീ'
'മോനേ നിഖിലേ, നമ്മുടെ അശ്വിനി എങ്ങനെയാ മരിച്ചത്?'
'അവള് ആത്മഹത്യ ചെയ്തതല്ലേ. അതെന്തിനാ ഇപ്പൊ പറയുന്നത്?'
'നിങ്ങൾ തമ്മിൽ കുറച്ച് കാലം പ്രേമത്തിൽ ആയിരുന്നല്ലോ. അവള് ഒരു പോക്ക് കേസാണെന്ന് മനസിലായപ്പോ നീ ഒഴിഞ്ഞു. അവൾ വേറെ ആളെ പിടിച്ചു. അതൊക്കെ എനിക്കറിയാം. അവൾ മരിക്കുമ്പോൾ ഗർഭിണി ആയിരുന്നു. ഏതോ ഒരുത്തൻ കൊടുത്ത പണിയാണ്. നിനക്കതിന് കഴിവില്ല എന്നെനിക്കറിയാം.കെട്ടിപ്പിടിച്ച് ഉമ്മവെച്ചാൽ കുട്ടികൾ ഉണ്ടാവോ എന്ന് ചോദിച്ച ആളാ നീ.
അതൊക്കെ വിട്, നിങ്ങളുടെ ബന്ധം ഞാൻ ശരണ്യയോട് പറഞ്ഞാലോ?'
'പേടിപ്പിക്കല്ലേ, അതൊക്കെ ഞാൻ അവളോട് പറഞ്ഞതാ. പിന്നെ നീ പറയുന്നതിലും അവൾക്ക് വിശ്വാസം ഞാൻ പറയുന്നതാ'
'ഓക്കേ, നീ പറയാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞാലോ? അവളോടല്ല, എല്ലാവരോടുമായി. പോലീസിനോടും.
നീ ഈ കഥ കേൾക്ക്.
നിങ്ങൾ തമ്മിൽ പ്രേമത്തിലായിരുന്നു, തെളിവുണ്ട്. നിങ്ങൾ പാർക്കിലും ബീച്ചിലുമൊക്കെ കറങ്ങാൻ പോകുമ്പോൾ തുണ വന്നത് ഞാനല്ലേ. അന്ന് എന്റെ ക്യാമറയിൽ അല്ലേ നിങ്ങളുടെ ഫോട്ടോകൾ എടുത്തത്, അതെല്ലാം എന്റെ മെയിലിൽ ഉണ്ട്. നിങ്ങൾ ഉമ്മവയ്ക്കുന്നതുൾപ്പെടെ. അവളുടെ ഗര്ഭത്തിനുത്തരവാദി നീയാണെന്ന് പറഞ്ഞാലോ? നീ ചതിച്ചത് കൊണ്ടാണ് അവൾ ആത്മഹത്യ ചെയ്തതെന്ന് പറഞ്ഞാലോ?
ഈ ഫോട്ടോകൾ വച്ച് ഒരു കളി കളിച്ചാൽ നീ അകത്താ. ചിലപ്പോൾ ശിക്ഷയൊന്നും കിട്ടിയെന്ന് വരില്ല, എന്നാലും സ്ത്രീപീഡനം, ചതി, ആത്മഹത്യ, ഇതൊക്കെയായി ചാനലുകൾ ആഘോഷിക്കും. പിന്നെ കോടതിയും പോലീസ് സ്റ്റേഷനുമായി നിനക്ക് കറങ്ങിനടക്കാം.
ഈ സമയം കൊണ്ട് നിന്നെ ആ വീട്ടിൽ നിന്ന് പുറത്താക്കാൻ എനിക്ക് ഒരുപാട് ബുദ്ധിമുട്ടേണ്ടി വരില്ല'
'അളിയാ, നീ ചതിക്കല്ലേ'
'ആ, അളിയൻ. ആ ബോധം നിനക്ക് വേണം. എന്നാൽ രണ്ടാൾക്കും കൊള്ളാം. എനിക്ക് നിന്നെ ദ്രോഹിക്കണമെന്ന് ഒരു നിർബന്ധവുമില്ല'
'ഓക്കേ. ഞാൻ ആ പൈസ നിനക്ക് തരാം'
'നീ തരണ്ട. നമ്മുടെ അമ്മൂസാങ്ക് തന്നാൽ മതി. അയാൾ തരുമ്പോഴേ എനിക്ക് സന്തോഷമാകൂ. അതൊരു മധുരപ്രതികാരമാണ്'
'ഓക്കേ. ഞാൻ അങ്ങേരോട് പറയാം. പക്ഷേ നീ പാലം വലിക്കരുത്. നമ്മൾ ഒന്നിച്ച് നിന്നാൽ രണ്ടാൾക്കും കൊള്ളാം. ഈ പൈസ കിട്ടിയാൽ വീടൊന്ന് വെക്കാം എന്നാ കരുതിയത്, അത്കൊണ്ടാ ഞാൻ ഇത്തിരി ബലം പിടിച്ചത്. നീയത് മറന്നേക്ക്'
'വീടാണോ നിന്റെ പ്രശ്‍നം? എടാ ഞങ്ങളുടെ കെട്ട് കഴിഞ്ഞാൽ നീയങ്ങോട്ട് മാറിക്കോ. ഇളയ മകനായത് കൊണ്ട് എന്റെ വീട് എനിക്ക് തന്നെയാകും. ഏട്ടൻ വേറെ വീടിനുള്ള ആലോചന തുടങ്ങിയിട്ടുണ്ട്. നീ അവളുടെ വീട് എടുത്തോടാ'
'താങ്ക്സ് അളിയാ. ഡാ ഇത് പണിയൊന്നുമല്ലല്ലോ?'
'അല്ലടാ. നീയന്ന് കല്യാണത്തിന് സമ്മതിച്ചതിനുള്ള എന്റെ സമ്മാനം. (ഒന്ന് പോടാ കോപ്പേ, എന്റെ അച്ഛനും അമ്മയും എന്റെ തലയിലാവും ഇനി ഭാര്യേടെ വീട്ടുകാരെ കൂടി സഹിക്കാൻ എനിക്ക് വയ്യ. സാമ്പത്തികമായി നഷ്ടമാണെങ്കിലും റിസ്ക് എടുക്കാൻ വയ്യ. വയസ്സാൻകാലത്ത് അതുങ്ങൾക്ക് വല്ല രോഗവും വന്നാൽ ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ സമയമുണ്ടാവില്ല. കിട്ടിയത് മുഴുവൻ അവിടെ കൊടുക്കാനേ ഉണ്ടാവൂ)'
'അപ്പൊ ഞാൻ അച്ഛനോട് കാര്യങ്ങൾ പറയാം ട്ടോ'
'നീ ഞാൻ പറയുന്നത്പോലെ പറഞ്ഞാൽ മതി.
അച്ഛാ, എനിക്ക് പൈസയൊന്നും വേണ്ട, ഞാൻ അത് ആഗ്രഹിച്ചിട്ടല്ല ശരണ്യയെ കെട്ടിയത്. എനിക്ക് അവളെ അത്രയ്ക്ക് ഇഷ്ടായിരുന്നു. പണം തന്ന് അച്ഛൻ എന്റെ സ്നേഹത്തിന്റെ വില കുറയ്ക്കരുത്.
ആ പൈസ ശ്രുതിമോൾടെ കല്യാണത്തിന് എടുക്കാം, ഞങ്ങൾക്ക് ആവശ്യത്തിലധികം അച്ഛൻ തന്ന് കഴിഞ്ഞല്ലോ. വിനു അവിടെ ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്നത് ശ്രുതിയെ കെട്ടാൻ വേണ്ടി മാത്രമാണ്. അവന് അവളോടുള്ള സ്നേഹം എനിക്കറിയാം. ഈ പൈസ അവർക്ക് കൊടുത്താൽ ആ മരുഭൂമിയിൽ നരകിക്കാതെ നാട്ടിൽ എന്തെങ്കിലും ചെയ്യാമല്ലോ. എന്നെക്കൊണ്ട് പറ്റുന്നത് പോലെ ഞാനും സഹായിക്കാം. ഇനിയിപ്പോ വേറെ കാര്യങ്ങളൊന്നുമില്ലാത്തത്കൊണ്ട് അവരുടെ കാര്യം നമുക്ക് വേഗം നടത്തിക്കൂടേ?
ഇത് അതേപോലെ നീ അവതരിപ്പിച്ചാൽമതി'
'അളിയാ....'
'എന്താടാ അളിയാ....!!!!'

By: Rajeesh Kannamangalam

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo