നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കല്യാണരാത്രി - Part 1

Image may contain: Rajeesh Kannamangalam, smiling, beard and closeup
'ഞാൻ ചെയ്തത് എത്രത്തോളം ശരിയാണ് എന്നെനിക്കറിയില്ല, ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനമാണ് എടുത്തത്, പിഴവ് വരുത്തല്ലേ ഈശ്വരാ...'
കണ്ണടച്ച് പ്രാർത്ഥിച്ചിരിക്കുമ്പോഴാണ് വാതിൽ തുറന്ന് വിദ്യ അകത്തുവന്നത്. അവൾ വാതിൽ ചാരി, മുറിയിലെ മേശക്ക് സമീപം നിന്നു. അവൾ തല ഉയർത്തിയില്ല, എങ്കിലും മനസിലെ വിഷമം മുഴുവൻ അവളുടെ മുഖത്ത് കാണാമായിരുന്നു. എന്താണ് വിദ്യയോട് സംസാരിക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. അവളെ ആശ്വസിപ്പിക്കാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ലായിരുന്നു.
സമയം രാത്രി പതിനൊന്ന് ആയിരിക്കുന്നു, നല്ല ക്ഷീണം ഉണ്ട്. ഞങ്ങൾക്കിടയിൽ മൗനം കളിയാടി നിന്നു.
അല്പനേരത്തിനു ശേഷം ഞാൻതന്നെ തലയുയർത്തതെ തുടങ്ങി, 'വിദ്യേ... എന്താ പറയേണ്ടത് എന്നെനിക്കറിയില്ല, നമ്മൾ രണ്ടാളും പ്രതീക്ഷിച്ചതല്ല ഇന്ന് സംഭവിച്ചത്, നിനക്ക് അതിൽ ഒരുപാട് വിഷമം ഉണ്ടെന്നറിയാം, ഞാനിപ്പോ എന്ത് പറഞ്ഞാലും നിന്റെ വിഷമം മാറില്ല. എനിക്ക്....'
ഒരു തേങ്ങലായിരുന്നു മറുപടി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
ഞാൻ വീണ്ടും വിഷമത്തിലായി, ഇനി എന്താ പറയാ, എന്താ ചെയ്യാ?
ഇന്നത്തെ ദിവസം വളരെയധികം സംഭവബഹുലമായിരുന്നു. ഇന്ന് ഞങ്ങളുടെ വിവാഹമായിരുന്നു. ഇത് ഞങ്ങളുടെ ആദ്യരാത്രിയാണ്.
രണ്ട് മാസത്തെ ലീവിനാണ് നാട്ടിലെത്തിയത്. പ്രവാസത്തിന്റെ എല്ലാ സങ്കടങ്ങളും തീർക്കണം, തിരിച്ച് പോകുമ്പോൾ ഒരുപാട് നല്ല ഓർമ്മകൾ കൂടെ കൊണ്ടുപോകണം, ഇതായിരുന്നു ലക്ഷ്യം.
രാജകീയമായ സ്വീകരണം തന്നെ കിട്ടി, എല്ലാ ബന്ധുക്കളുടെയും വീട്ടിൽ പോയി, കൂട്ടുകാരുമൊത്ത് കറങ്ങാൻ പോയി, വീട്ടുകാരുമൊത്ത് ഗുരുവായൂരിൽ പോയി, അങ്ങനെ ആകെ അടിച്ച് പൊളിച്ചു. മനസ്സിൽ നഷ്ടപ്പെട്ട സന്തോഷത്തിന്റെ നാളുകൾ തിരിച്ചെത്തി.
അമ്മയുടെ കുടുംബത്തിലുള്ള മേമയുടെ മകളുടെ കല്യാണമായിരുന്നു ഇന്ന്. ഞാനും അച്ഛനും അമ്മയും പെങ്ങളും കുട്ടികളും എല്ലാവരും പോയി. അവിടെയുള്ള കൂട്ടുകാരോടും അനിയന്മാരോടും ഗൾഫിലെ ജീവിതം പൊടിപ്പും തൊങ്ങലും വെച്ച് പറഞ്കൊണ്ടിരിക്കുകയായിരുന്നു. പിന്നെ നമ്മുടെ സ്ഥിരം പരിപാടി വായ്നോട്ടവും. ഇപ്പോൾ വായ്നോട്ടത്തിൽ കൂടുതൽ താല്പര്യം ഉണ്ട്, എന്താന്ന്വെച്ചാൽ , സൗദിയിൽ സ്ത്രീകളുടെ മുഖം കാണാൻ പറ്റില്ല, പർദ്ദക്കുള്ളിൽ സ്ത്രീ ശരീരം മുഴുവൻ മറച്ചിരിക്കുന്നു. അകെ കാണാവുന്നത് കണ്ണുകൾ മാത്രം. അത് നോക്കാനും പേടി ആയിരുന്നു, അവിടുത്തെ നിയമത്തെ പേടിയായിരുന്നു.
നാട്ടിൽ വന്നപ്പോൾ ഏറ്റവും കൂടുതൽ അനുഭവിച്ചത് ആ സ്വാതന്ത്ര്യത്തെ ആയിരുന്നു. അങ്ങനെ നാടൻ പെൺകുട്ടികളുടെ ശാലീന സൗന്ദര്യം ആസ്വദിച്ചിരുന്ന സമയത്ത് മനു വന്നു പറഞ്ഞു 'ഏട്ടനെ അമ്മായി വിളിക്കുന്നുണ്ട്,വേഗം വരാൻ പറഞ്ഞു' . അമ്മ ഇപ്പൊ എന്തിനാ വിളിക്കുന്നത് എന്നോർത്ത് അവന്റെ കൂടെ ചെന്നു, ഡ്രസ്സിങ് റൂമിലാണ് എത്തിയത്, നിറയെ പെണ്ണുങ്ങൾ, ആകെ നാണക്കേട് തോന്നി.
പക്ഷേ അവരുടെ മുഖത്തൊന്നും കല്യാണത്തിന്റെ സന്തോഷം ഉണ്ടായിരുന്നില്ല.
പെട്ടന്ന് അമ്മ വന്ന് എന്റെ കൈ പിടിച്ച് ഒരു മൂലക്ക് കൊണ്ടുപോയി, 'ഡാ ഉണ്ണീ, ആകെ പ്രശ്നായി, കല്യാണച്ചെക്കൻ ഒരു പെണ്ണിന്റോപ്പം ഒളിച്ചോടി , ഇനീപ്പോ എന്താ ചെയ്യാന്ന് അറിയില്ല'
'അയ്യോ, അമ്മാ ഇനി എന്താ ചെയ്യാ? എല്ലാവരും അറിഞ്ഞോ?'
'അധികം ആരും അറിഞ്ഞിട്ടില്ല , അവര് ഇപ്പൊ ഫോൺ വിളിച്ച് പറയാ ചെയ്ത്'
'കഷ്ടം, എവിടെവരെ പോയാൽ കാര്യം വല്ലതും നടക്കോ?'
'ഡാ അവൻ എവിടേക്കോ പോയി, എവിടേക്കാന്ന് ആർക്കും അറിയില്ല. അവിടെ വിദ്യേം ബിന്ധും കരഞ്ഞോണ്ടിരിക്കാ, എനിക്ക് വയ്യ അത് കാണാൻ'
'ഇനീപ്പോ എന്ത് ചെയ്യാനാ?'
'ഡാ ഞാൻ അച്ഛനോടും ശില്പയോടും(പെങ്ങൾ) സംസാരിച്ചു, നീയവളെ കെട്ടുവോ?'
'ഞാനോ...?'
'ങാ, അച്ഛൻ ഏട്ടനെ(അളിയൻ) ഫോൺ വിളിക്കാ. ഇപ്പൊ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റണത് ചെയ്യാ, അതല്ലേ പറ്റു'
'അമ്മ അവരോട് പറഞ്ഞോ?'
'മ്മ്, അവർക്ക് കൊഴപ്പൊന്നും ഇല്ല. ആകെ തകർന്നിരിക്കാ, നീ ഒന്നും പറഞ്ഞില്ല, ഞാൻ അവരോട് എന്താ പറയാ?'
'അളിയൻ എന്താ പറയണത് എന്ന് നോക്കട്ടെ'
പെട്ടന്ന് അവിടേക്ക് അച്ഛൻ വന്നു, 'ഞാൻ അവനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അവൻ എതിരൊന്നും പറഞ്ഞില്ല, ഇപ്പൊ വാരാംന്ന് പറഞ്ഞു. ഡാ നിനക്ക് കുഴപ്പമില്ലല്ലോ?'
'ഞാനിപ്പോ എന്താ പറയാ?'
'ഡാ നീ ഒന്നും ആലോചിക്കേണ്ട, നമുക്ക് അറിയണ കുട്ടി അല്ലേ, എല്ലാം നന്നാവും' അത് പെങ്ങളുടെ വക.
പിന്നീട് നടന്നതെല്ലാം പെട്ടന്നായിരുന്നു. അളിയൻ വന്നു, എന്നോട് കെട്ടാൻ പറഞ്ഞു., വേഗം അടുത്തുള്ള ബന്ധുക്കളേം കുട്ടുകാരേം വിളിച്ചു. ഒരു വെള്ള ഷർട്ടും വെള്ള മുണ്ടും സംഘടിപ്പിച്ചു., താലി വാങ്ങി, മുഹൂർത്തം കഴിയുന്നതിനു മുൻപ് വിവാഹം നടന്നു.
കല്യാണപ്പെണ്ണിനോട് ഒന്ന് സംസാരിക്കാൻ പോലും പറ്റിയില്ല. ആ നിമിഷം അതാണ് ശരി എന്ന് തോന്നി. ദൈവത്തിന്റെ തീരുമാനം അതാണെന്ന് തോന്നി.
മുറിയിൽ വീണ്ടും മൗനം തളംകെട്ടി നിന്നു.
'ഏട്ടനെന്നോട് ദേഷ്യം ഉണ്ടോ?'
ഇത്തവണ വിദ്യ സംസാരിച്ചു.
'ഇല്ല,എന്തേ അങ്ങനെ തോന്നാൻ?'
'ഞാൻ കാരണം അല്ലേ....'
'നീ കാരണം എന്റെ കല്യാണം നടന്നു. അത്രേ ഉള്ളൂ. പ്രതീക്ഷിക്കാത്തത് സംഭവിച്ചതിന്റെ ടെൻഷൻ ഉണ്ട്, അത് കാര്യാക്കണ്ട. പിന്നെ എല്ലാം പെട്ടന്നായിരുന്നത് കൊണ്ട് ചോദിയ്ക്കാൻ പറ്റിയില്ല, നിനക്ക് എന്നെ ഇഷ്ടമായോ എന്നതിൽ ഇനി വലിയ കാര്യമില്ല, എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടോ?'
ചെറിയ നിശബ്ദത
'എനിക്ക് എന്താ പറയാന്ന് അറിയില്ല. ആകെ എന്തോ പോലെ, എന്തായാലും ഏട്ടനോട് ദേഷ്യം ഇല്ല. ഒട്ടും ഇല്ല.
'അതുമതി, ബാക്കി നമുക്ക് പിന്നെ ശരിയാക്കാം , സമയം ഒരുപാട് ഉണ്ടല്ലോ, എന്തായാലും ഈ രാത്രി വെളുക്കട്ടെ. ടെൻഷൻ കാരണം ചെറിയ തലവേദന, വിദ്യക്കും ക്ഷീണം കാണും , വന്നു കിടന്നോ , ഇനി എല്ലാം രാവിലെ.!!!
ഞാൻ കട്ടിലിൽ ചുമരിനോട് ചേർന്ന് കിടന്നു. വിദ്യ ഇപ്പോഴും അവിടെ തന്നെ നിൽക്കുകയാണ്. അവൾക്ക് ഇനി എന്താ ചെയ്യേണ്ടേ എന്ന് അറിയാത്തത് പോലെ തോന്നി.
'വിദ്യേ നീ പേടിക്കണ്ട, എന്നും ഉള്ള പോലെ ഒരു രാത്രിയാണിത്, വേറെ വീടാണ് , കട്ടിലിന്റെ ഒരരികിൽ ഒരാൾ കൂടി ഉണ്ടെന്ന് മാത്രം. ഇവിടെ ഒരു ബെഡ് മാത്രേ ഉള്ളൂ , അല്ലെങ്കിൽ ഒരാൾക്ക് താഴെ കിടക്കാർന്നൂ'
അപ്പുറത്ത് നിന്നും മറുപടി ഒന്നും വന്നില്ല. ഞാൻ എഴുന്നേറ്റിരുന്നു.
'അതേയ്, ഇന്ന് നമ്മുടെ ആദ്യ രാത്രി ആണ്, പക്ഷേ അതൊന്നും താൻ കാര്യാക്കണ്ട, ഇന്നത്തെ ഈ രാത്രിക്ക് വേണ്ടി മാനസികമായോ ശാരീരികമായോ ഞാൻ തയ്യാറായിട്ടില്ല. നിന്റെ കാര്യവും അങ്ങനെതന്നെ. അത്കൊണ്ട് ഒരുപാട് ആലോചിച്ച് ടെൻഷൻ അടിക്കണ്ട. നമ്മൾ രണ്ട്പേരും രണ്ട് റൂമിൽ കിടന്നാൽ അത് എന്റെ ആണത്വത്തിന് മോശമാ, അത്കൊണ്ട് ഒരു പേടിയും കൂടാതെ നീ ഇവിടെ കിടന്നോ. വേണെങ്കിൽ ഞാൻ താഴെ കിടക്കാം.
'അയ്യോ ഏട്ടാ.., അതൊന്നും വേണ്ട'
'എന്നാ നീയിവിടെ കിടന്നോ'
അതുംപറഞ്ഞ ഞാൻ അല്പം നീങ്ങികിടന്നു. അവൾ വന്ന് ബെഡിൽ ഇരുന്നു.
'ഒരു കാര്യം ചെയ്യ്, ആ ലൈറ്റ് ഓഫാക്ക്. അല്ലെങ്കിൽ മറ്റുള്ളവർ തെറ്റിദ്ധരിക്കും.'
അവൾ എണീച്ച്പോയി ലൈറ്റ് ഓഫാക്കി. ഞാൻ ഫോണിലെ ടോർച് ഓണാക്കി വെളിച്ചം കൊടുത്തു. എന്റെ നല്ല പാതി ബെഡിൽ വന്നിരുന്നു, ഞാൻ ഫോണിലെ ടോർച് ഓഫാക്കി, ഒപ്പം ഫോണും. അല്ലെങ്കിൽ അത് പണി ആകും. രണ്ടാളും കിടന്നു, ആരും മിണ്ടിയില്ല.
എപ്പോഴോ മനസ്സൊന്ന് പിറകിലേക്ക് പോയി.
അമ്മയുടെ തറവാട്ടിൽ എന്തെങ്കിലും വിശേഷത്തിന് പോകുമ്പോൾ വിദ്യയെ കാണാറുണ്ട്. ഞങ്ങൾ ബന്ധുക്കളാണെങ്കിലും അധികം സംസാരിക്കാറില്ല, കാരണം, ഞാൻ സംസാരിക്കില്ല. എനിക്ക് പെൺകുട്ടികളോട് സംസാരിക്കാൻ പേടി ആണ്. ആരോടും അധികം സംസാരിക്കില്ല. വിദ്യയോട് മനസ്സിൽ ചെറിയ താല്പര്യം ഉണ്ടായിരുന്നു, അത് പക്ഷേ അവളോട് മാത്രമല്ല, കാണാൻ കൊള്ളാവുന്ന എല്ലാ പെണ്കുട്ടികളോടും തോന്നുന്ന ഒരിഷ്ടം. കുടുംബത്തിലെ മറ്റു കുട്ടികളോടും ഇതേ ഇഷ്ടം തോന്നിയിരുന്നു. വിദ്യയോട് കുറച്ച് കൂടുതലാണെന്ന് മാത്രം. കാരണം, എന്റെ ഭാവിവധു സങ്കല്പത്തോട് കുറച്ച് കൂടി ചേർന്നുനിൽക്കുന്നതായിരുന്നു വിദ്യ.
എന്റെ മനസിലെ ഒരുവിധം ആഗ്രഹങ്ങളെല്ലാം എന്റെയുള്ളിൽ തന്നെ അവസാനിച്ചിരുന്നു,അത്പോലെ ഇതും. വിദ്യയുമായി ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലായിരുന്നു, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഒരു പെൺകുട്ടിക്ക് ചേർന്നതല്ല പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാൾ. സ്വന്തമായി ഒരു ജോലിയും ജോലി ഉള്ള ഭർത്താവിനെയും സ്വപ്നം കാണാൻ അർഹത അവൾക്കുണ്ട്. ആ സ്വപ്‌നങ്ങൾ തല്ലിയുടച്ച് എന്റെ പ്രാരാബ്ധങ്ങളുടെ പങ്ക് പറ്റാൻ അവൾ വേണ്ട. എവിടെയാണെങ്കിലും എപ്പോഴും നന്നായി ജീവിച്ച് കണ്ടാൽ മതി.
ഈ ചിന്തയോടെ വിദ്യ എന്ന അധ്യായത്തിന് അവസാനമായി.
വർഷങ്ങൾക്ക് മുൻപ് അടഞ്ഞ അതേ അധ്യായമാണ് ഇപ്പോൾ എന്റെ അരികിൽ കിടക്കുന്നത്. വിധി, അല്ലാതെന്ത് പറയാൻ. ഞാൻ ഒന്ന് തിരിഞ്ഞു നോക്കി, അവൾ ഉറങ്ങിയിട്ടില്ല. ജനൽ കർട്ടൻ ഒന്നു നീക്കി, പുറത്തെ നിലാവിൽ നിന്ന് വെളിച്ചം റൂമിലേക്ക് അരിച്ചിറങ്ങി. എന്റെ പ്രിയപത്നിയുടെ മുഖം അവ്യക്തമായി തെളിഞ്ഞു.
'നീയുറങ്ങിയില്ലേ?'
'ഇല്ല, ഉറക്കം വരുന്നില്ല'
ഞാൻ ഒന്ന് ചെറിഞ്ഞ് കിടന്നു.
'എന്തു പറ്റി, സങ്കടം വരുന്നുണ്ടോ?'
'മ്മ്, ഏട്ടൻ എന്നോട് ദേഷ്യപ്പെടല്ലേ, എന്റെ വിധി ഇങ്ങനെ ആയിപ്പോയി'
'എനിക്ക് ദേഷ്യമൊന്നും ഇല്ല. ഈ സാഹചര്യത്തോട് പൊരുത്തപ്പെടാൻ ഞാൻ തയ്യാറായി കഴിഞ്ഞു. എപ്പോൾ നീ റെഡിയാകുന്നോ അപ്പോൾ നമുക്ക് നമ്മുടെ ജീവിതം തുടങ്ങാം.'
'ഞാനും അതിനാണ് ശ്രമിക്കുന്നത്.'
'പെട്ടന്ന് തന്നെ എല്ലാം ശരിയാകും, നീ പേടിക്കണ്ട.'
'മ്മ്'
'ഇപ്പൊ നന്നായി ഉറങ്ങിക്കോ'
'മ്മ്'
പണ്ടെനിക്ക് അവളോട് തോന്നിയ ഇഷ്ടം പറയണം , ഇപ്പോഴല്ല, പിന്നെ. സംഭവബഹുലമായ കഴിഞ്ഞ മണിക്കുറുകളെ ഓർത്തുകൊണ്ട് എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ ഉണർന്നപ്പോൾ വിദ്യ ബെഡിലില്ല, ഇത്ര നേരത്തേ എണീച്ച് പോയോ, അടുക്കളയിൽനിന്ന് ആരുടെക്കെയോ ശബ്ദം കേൾക്കുന്നുണ്ട്. അതിലൊന്ന് എന്റെ ഭാര്യയുടേതായിരിക്കും.
കുറച്ച് നേരം വെറുതെ കിടന്നു. ഇപ്പോൾ ഞാനൊരു ഭർത്താവാണ്, ജീവിത രീതികൾ മാറ്റണം. ഒരുപാട് വിഷമത്തോടെ എന്റെ ജീവിതത്തിലേക്ക് കയറിവന്ന പെണ്ണാണ്, ഇനിയും ആ കണ്ണുകൾ നിറയരുത്. ഇനി എന്നും സന്തോഷത്തോടെ ഒത്തിരി സ്നേഹത്തോടെ ജീവിക്കണം. നല്ല ഭർത്താവാകണം.
ആദ്യം ഇപ്പൊ എണീച്ച് പുറത്തിറങ്ങട്ടെ.
ഞാൻ എഴുന്നേറ്റു, മുണ്ട് മുറുക്കിക്കുത്തി. കണ്ണാടിയിൽ മുഖം നോക്കി, മാറ്റമൊന്നുമില്ല. മേശയുടെ വലിപ്പ് തുറന്ന് ഒരു കവർ എടുത്തു, അതിനകത്ത് നിന്ന് ഒരു കടലാസ്സ് എടുത്ത് നോക്കി ചിരിച്ച്കൊണ്ട് തിരികെ വെച്ചു.
"തിരിച്ച് പോകാൻ ഇനി പതിനൊന്ന് ദിവസം"
രാവിലെ എഴുന്നേറ്റ് വാതിൽ തുറക്കാൻ തുടങ്ങിയപ്പോഴാണ് വാതിൽ തുറന്ന് എന്റെ പ്രിയതമ അകത്തേക്ക് വന്നത്. ചുരിദാറാണ് വേഷം, കുളികഴിഞ്ഞ് തോർത്ത്മുണ്ട് മുടിയിൽ ചുറ്റിവച്ചിരിക്കുന്നു. ഏതോ സിനിമയിലെ രംഗം പോലെ തോന്നി, ഒരു വ്യത്യാസമുണ്ട്, കയ്യിൽ ചായ ഇല്ല. പല്ല് തേക്കാതെ ഞാൻ ചായ കുടിക്കില്ല എന്ന് അറിഞ്ഞിരിക്കുന്നു.
അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാനും.
ഇനി എന്താ പറയാ, വീണ്ടും ടെൻഷൻ ആയി.
'ഗുഡ് മോണിംഗ്'
'ഉം'
അത് കഴിഞ്ഞു ഇനി എന്താ?
'ഏട്ടന് ചായ എടുക്കട്ടെ?'
'ഞാനൊന്ന് കുളിക്കട്ടെ എന്നിട്ട് മതി'
'മ്മ്, കുളിമുറിയിൽ വെള്ളം കൊണ്ട് വെക്കട്ടെ?'
'ഏയ്, വേണ്ട, ഞാൻ എടുത്തോളാം'
മൗനം
തുറന്ന് കിടന്ന വാതിൽ കാറ്റിൽ അടഞ്ഞു.
ഞാൻ പെട്ടന്നവളെ എന്നോട് ചേർത്ത് പിടിച്ചു, എതിർപ്പൊന്നും വന്നില്ല. എനിക്ക് സമാധാനമായി .
ഒന്നുകൂടി അടുപ്പിച്ചു. ഞങ്ങളുടെ ആദ്യ സ്നേഹസ്പർശം!
'പേടിയൊക്കെ മാറിയില്ലേ?'
'ഉം'
'ഒട്ടും ടെൻഷൻ അടിക്കണ്ട '
'ഉം'
'എല്ലാം ശരിയാകും, നീ പെട്ടന്ന് ഓ.കെ ആയാൽ മതി.'
'എനിക്ക് കുഴപ്പമില്ല, കുറച്ച് സമയംകൂടി വേണം'
'ഉം, എന്തുണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി'
'ഉം, എന്നാ പൊയ്ക്കോ, നിനക്ക് പരിചയമില്ലാത്ത ആരും ഇവിടെയില്ല. എല്ലാവരോടും പോയി സംസാരിക്ക്'
'ഞാൻ എല്ലാവരോടും സംസാരിച്ചു. അടുക്കളയിൽ എല്ലാവരും ഉണ്ട്, അവിടെ പണി ഒന്നും ഇല്ല'
'നീ വീട്ടിലേക്ക് വിളിച്ചോ?'
'ഇല്ല'
ഞാൻ അവളെ ചുറ്റിപിടിച്ചിരുന്ന കൈ അയച്ചു, ജനലരികിൽ ഇരുന്ന ഫോൺ എടുത്തു. ഫോൺ ഇന്നലെ ഓഫാക്കിയതാ,അത് ഓണാക്കി.
'ദാ നീ വീട്ടിലേക്ക് വിളിച്ചോ, പിന്നെ ഇനി അവരെക്കൂടി കരയിപ്പിക്കണ്ട, നന്നായി സംസാരിക്ക്'
'ഉം, ശരി'
അവൾ ഫോൺ വാങ്ങി.
ഞാൻ അവളുടെ കവിളിൽ ഒന്നു തലോടി പുറത്തേക്ക് പോയി.
നേരം നന്നായി വെളുത്തിരുന്നു, പുറത്ത് ചേച്ചിടെ കുട്ടികൾ കളിക്കുന്നു, ചെറിയവൻ അഭി ആട്ടിന്കുട്ടിയുടെ പിന്നാലെ ആണ്, അവന് ഒരു പേടിയും ഇല്ല. മൂത്തവൻ ആദി അവനെ പേടിപ്പിക്കാൻ നോക്കാ. അളിയനെ കാണുന്നില്ലല്ലോ,
ഞാൻ വടക്ക് ഭാഗത്തേക്ക് നടന്നു, ബ്രഷും പേസ്റ്റും എടുത്തു, അമ്മ ആ വഴി വന്നു,
'അമ്മാ.. അച്ഛനും ഏട്ടനും എവിടെ?'
'അവര് ക്ഷണിക്കാൻ പോയിരിക്കാ, ഏട്ടനും മാമേം ബൈക്കിൽ പോയി, അച്ഛൻ ഇവിടെ അടുത്തുകൂടെ പോയി'
ഇപ്പോള്‍ ആണ് ഓർമ്മ വന്നത്, ഇന്ന് ഒരു റിസപ്ഷൻ പ്ലാൻ ചെയ്തിട്ടുണ്ട്. ഇന്ന് ഞായറാഴ്ച്ചയാ, ആർക്കും തിരക്കുണ്ടാവില്ല, അതാ ഇന്ന് തന്നെ പരിപാടി വച്ചത്. അമ്മയുടെ വീടിന്റെ ഭാഗത്തു ക്ഷണിക്കാനാ മാമയെ കൂട്ടി അളിയൻ പോയിരിക്കുന്നത്, പിന്നെ അളിയന്റെ ബന്ധുക്കളേം വിളിക്കണം. വൈകുന്നേരം നാല് മണിക്ക് തുടങ്ങണം. ബിരിയാണിയാണ് ഭക്ഷണം, അബുക്കാനെ ഏർപ്പാടാക്കിയിട്ടുണ്ട്.
പല്ല് തേച്ച് കുളിക്കാൻ കയറി, കഴിഞ്ഞ ദിവസത്തെ പറ്റിയും ഇനിയുള്ള ദിവസങ്ങളെ പറ്റിയും ആലോചിച്ചു. മനസ്സിൽ ആകെ സന്തോഷം തോന്നി, മനസിലെ വികാരം മൂളിപ്പാട്ടായി പുറത്ത് വന്നു. എന്റെ കല്യാണവും കഴിഞ്ഞു, ഞാനും ഒരു ഭർത്താവായി, ഇരുപത്തി ആറ് വയസു കഴിഞ്ഞതേ ഉള്ളു, കുറച്ച് നേരത്തേ ആണ്. ങ്ങാ, കുഴപ്പമില്ല, കൂടെ പഠിച്ച പലർക്കും കുട്ടികൾ രണ്ടാ, ഒരുവിധം എല്ലാവരുടേം കല്യാണം കഴിഞ്ഞു, അങ്ങനെ നോക്കുമ്പോൾ വൈകി.
കുളി കഴിഞ്ഞ് , പ്രാർത്ഥിച്ച്, റൂമിൽ എത്തി. ഒരു മുണ്ടെടുത്തുടുത്തു, തല ചീകി കുറി തൊടുമ്പോഴേക്കും 'ഭാര്യ ' കയ്യിൽ ചായയുമായി വന്നു.
രണ്ടുപേരും ഒന്ന് പുഞ്ചിരിച്ചു.
'വീട്ടിൽ എല്ലാവരും എന്ത് പറയുന്നു?'
ചായ വാങ്ങിക്കൊണ്ട് ഞാൻ ചോദിച്ചു.
'കുഴപ്പമില്ല, അമ്മ കുറേ കരഞ്ഞു. എനിക്ക് സുഖമാണ്, വിഷമം ഇല്ല എന്നൊക്കെ പറഞ്ഞപ്പോൾ കുറച്ച് സമാധാനമായി.'
'ഉം'
'പിന്നെ ഏട്ടനും മാമനും അവിടെ ചെന്നിരുന്നു, വൈകുന്നേരത്തേക്ക് വിളിക്കാൻ'
'അവര് ഇത്ര പെട്ടന്ന് അവിടെ എത്തിയോ?'
'ഞാൻ എണീച്ചപ്പോ അവര് പോവാൻ നിക്കാ.'
'ഉം, വിദ്യേ നീ റെഡിയാവ് നമുക്ക് അമ്പലത്തിൽ പോകണം'
'ഉം, അമ്മ പറഞ്ഞിരുന്നു'
'എന്നാ വേഗം ആയിക്കോട്ടെ, എന്നാൽ രണ്ടിടത്ത് പോകാം'
'ശരി'
ഞാൻ പത്ര താളുകൾ നോക്കിക്കൊണ്ട് ചായകുടിച്ചു.
ചായകുടി കഴിഞ്ഞ് ഡ്രസ്സ് മാറ്റാനായി റൂമിൽ കയറി, പെട്ടന്ന് കയറിയത് കൊണ്ട് വിദ്യ അവിടെയുള്ളത് ഓർത്തില്ല, അവൾ സാരി ഉടുക്കുകയായിരുന്നു. സഹായിക്കാൻ ചേച്ചി ഉണ്ട്.
'സോറി'
ഞാൻ ഒരു ചമ്മലോടെ പുറത്തിറങ്ങി, അവിടെ ഉള്ളവർക്കെല്ലാം ചിരിക്കാൻ അത് ഒരു കാരണമായി.
പുറത്ത് വന്നിരുന്ന് പത്രം ഒന്ന് കൂടെ നോക്കി, ഫോൺ എടുത്ത് അടുത്തുള്ള കുറച്ച് കുട്ടുകാരെ വിളിച്ചു, വൈകുന്നേരം വരാൻ പറഞ്ഞു.
അമ്മായി അവിടെ വന്നു, 'നീ ഫോൺ വിളിച്ചിരിക്കാ, പോയി റെഡിയാവ്, അവൾടെ കഴിഞ്ഞു.'
ഞാൻ എഴുന്നേറ്റ് വീണ്ടും റൂമിൽ എത്തി. എന്റെ കഥാ നായിക സെറ്റ് സാരി ഉടുത്ത് സുന്ദരിക്കുട്ടിയായി നിൽക്കുന്നു. എനിക്ക് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി. മനസിലെ ആഗ്രഹം പുറത്ത് കാണിക്കാതെ ഞാൻ ഒന്ന് ചിരിച്ചു, അവളും. വെള്ളമുണ്ടും ഷർട്ടും വേഗം ഇട്ടു. ഒരു പെൺകുട്ടിയുടെ മുന്നിൽ നിന്ന് വസ്ത്രം മാറാൻ നാണക്കേട് ഉണ്ടായിരുന്നു, പക്ഷേ വേറെ വഴി ഇല്ലായിരുന്നു, അവൾ പുറത്തേക്ക് പോയില്ല. മുടി നന്നായി ചീകി വച്ചു. പഴ്സ് എടുത്ത് അരയിൽ തിരുകി. ഞാൻ റെഡി!
വീണ്ടും കാറ്റിൽ വാതിലടഞ്ഞു!
വീണ്ടും മൗനം!
ഞാൻ അവളോട് ചോദിച്ചു,
'എങ്ങനെ ഉണ്ട്?'
'കൊള്ളാം, നന്നായിട്ടുണ്ട്'
'നീയും നന്നായിട്ടുണ്ട്'
പിന്നെ ഒന്നും നോക്കിയില്ല അവളെ എന്റെ മാറിലേക്ക് അടുപ്പിച്ചു, മുറുകെ കെട്ടിപ്പിടിച്ചു, അവൾ എന്റെ മാറിൽ തല ചായ്ച്ചു. ഏതാനും സെക്കന്റുകൾ അതിൽ ഞാൻ തൃപ്തനായിരുന്നു.
കൈകൾ അയച്ചു, അവൾ സ്വതന്ത്രയായി, അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് സീമന്തരേഖയിൽ എന്റെ ആദ്യ ചുംബനം നൽകി.
ഞാൻ കൈ എടുത്തതും അവൾ എന്റെ കാലിൽ വീണു. വേഗം അവളെ എഴുന്നേൽപ്പിച്ച്, ചേർത്ത് പിടിച്ചു.
'ഇനി എന്നും നിന്റെ കൂടെ ഞാൻ ഉണ്ടാകും. എന്റെ മരണം വരെ നീയാണെന്റെ ലോകം. എന്നും എന്റെ കൂടെ നിൽക്കണം. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, അതിന് ഇനി ഒരു ജീവിതകാലം മുഴുവൻ ഉണ്ട്. എന്നും ഞാൻ കൂടെ ഉണ്ടാകും'
ഒരു തേങ്ങലോടെ അവൾ എന്റെ മാറിൽ ചാഞ്ഞു.
'ഡാ, നിങ്ങൾ ഇറങ്ങുന്നില്ലേ, വൈകിയാൽ നടയടക്കും'
അമ്മയുടെ ഓർമ്മപ്പെടുത്തൽ
'ദാ ഇറങ്ങുന്നു...'
'ഇനി പോവാം? ആ കണ്ണ് തുടക്ക്'
രണ്ട് പേരും പുറത്തിറങ്ങി, ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു,
'ഉം,കേറിക്കോ'
'ഡാ പതുക്കെ പോയാൽ മതി, വഴിപാടൊക്കെ കഴിപ്പിക്ക്'
അമ്മ മുന്നറിയിപ്പ് തന്നു. ബൈക്കിൽ ലേഡീസ് ബാലൻസ് കുറവാണെനിക്ക് , അമ്മയെ വല്ലപ്പോഴും മാത്രേ കയറ്റു, ചേച്ചി കയറുകയാണെങ്കിൽ 'ടു സൈഡ് ' ഇരിക്കും. ഇതിപ്പോ സാരി ഉടുത്തത്കൊണ്ട് അതിനും പറ്റില്ല, എങ്കിലും എങ്ങനൊക്കെയോ ഒരുവിധം അമ്പലത്തിൽ എത്തി.
അധികം തിരക്കില്ല, അത് നന്നായി, ഇല്ലെങ്കിൽ എല്ലാവരുടേം ചോദ്യങ്ങൾക്ക് മറുപടി കൊടുക്കേണ്ടി വന്നേനെ.
വഴിപാട് കൗണ്ടറിൽ പോയി രണ്ടാളുടേം പേരിൽ അർച്ചനകൾ പറഞ്ഞ് രസീത് വാങ്ങി. പ്രതീക്ഷിച്ചപോലെ അവിടെ ഉള്ള ആളുടെവക ചോദ്യം ഉണ്ടായിരുന്നു, ഒരുവിധത്തിൽ മറുപടി പറഞ്ഞൊപ്പിച്ചു. ഇനി ബാക്കി ഉള്ളവരോട് അയാൾ പറഞ്ഞോളും.
ശ്രീ കോവിലിനു മുന്നിൽ കണ്ണുകളടച്ച് രണ്ടാളും പ്രാർത്ഥിച്ചു. എന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ,
'ഈശ്വരാ, പ്രതീക്ഷിക്കാതെ എനിക്ക് കിട്ടിയ നിധിയാണിത്, എന്നെന്നും സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കാൻ കഴിയണേ, എന്റെ വിദ്യയുടെ കണ്ണുകൾ നിറയാതെ കാക്കണേ, മരണം വരെ ഒരുമിച്ച് ഉണ്ടാകണമേ'
ഞാൻ കണ്ണു തുറന്നു, പുള്ളിക്കാരി ഇപ്പോഴും പ്രാർത്ഥിക്കാ, തിരുമേനി പ്രസാദവുമായി വന്നു, ഞാൻ വിദ്യയെ ഒന്ന് തോണ്ടി. അവൾ കണ്ണ് തുറന്നു, ആ കണ്ണുകൾ നിറഞ്ഞിരുന്നു. രണ്ട് പേരും ദക്ഷിണ വച്ച് പ്രസാദം വാങ്ങി പുറത്ത് കടന്നു. വിദ്യയുടെ നെറ്റിയിൽ ഞാൻ ചന്ദനം ചാർത്തികൊടുത്തു , അവൾ എന്റെ നെറ്റിയിൽ തൊട്ടു തന്നു, ബാക്കി എടുത്ത് കഴുത്തിലെ താലിയിൽ ചാർത്തി. ഇനി അവളുടെ ജീവിതം അതാണല്ലോ.
ക്ഷേതത്തിൽ വലം വച്ച് ഞങ്ങൾ തിരിച്ച് വണ്ടിയിൽ കയറി.
ഇനി ഇവിടെ നിന്ന് ഞങ്ങളുടെ ജീവിതയാത്ര തുടങ്ങുകയാണ്. പിണക്കത്തിനോ, വാശിക്കോ, ദേഷ്യത്തിനോ ഇവിടെ സ്ഥാനമില്ല.
സ്നേഹം മാത്രമേ ഉള്ളൂ! ഹൃദയം നിറഞ്ഞ സ്നേഹം മാത്രം!
അമ്പലത്തിൽ നിന്നും ഇറങ്ങി അടുത്ത അമ്പലത്തിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ബൈക്ക് പതുക്കെയേ ഓടിച്ചിരുന്നുള്ളു. എങ്കിലും നമ്മുടെ നാട്ടിലെ റോഡല്ലേ ആർക്കും പേടിയാകും. വിദ്യ സുഖകരമായല്ല ഇരിക്കുന്നത് എന്ന് എനിക്ക് തോന്നി.
'ഏട്ടാ ഇതിൽ പിടിക്കാനുള്ളത് ഇല്ലേ?'
ഹൊ, ലേഡീസ് ഹാന്റിൽ ആണ് നോക്കുന്നത്.
'അത് ഞാൻ അഴിച്ച് വച്ചിരിക്കാ, ഇതിൽ സ്ത്രീകളാരും അങ്ങനെ കയറാറില്ല. അത്കൊണ്ട് ആവശ്യവും ഇല്ലല്ലോ.'
'ഉം'
'അതേയ്, നിനക്ക് പിടിക്കാനല്ലേ ഞാനൊരുത്തൻ ഇവിടെ ഇരിക്കുന്നത്'

പതുക്കെ അവളുടെ വലതു കൈ എന്റെ തോളിൽ അമർന്നു. ഞാൻ ഉള്ളിൽ ഒരുപാട് ചിരിച്ചു.
വണ്ടിക്ക് കുറച്ച് കൂടി സ്പീഡ് കൂട്ടി. ആ കൈകൾ ഒന്നുകൂടി ബലത്തിൽ അമർന്നു.
'ഇപ്പൊ ഓ.കെ അല്ലേ?'
'ഉം'
റോഡരികിൽ കാണുന്ന പരിചയക്കാർ ചിലർ വാ പൊളിച്ച് നോക്കി നിൽക്കുന്നു.
ഇതെപ്പോ സംഭവിച്ചു?
ഇന്നലെ കണ്ടപ്പോഴും അവൻ ഒന്നും പറഞ്ഞില്ലല്ലോ?
പലരും വിവരം അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. കുഴപ്പമില്ല നാളെയാകുമ്പോഴേക്കും എല്ലാവരും അറിഞ്ഞോളും.
ഇത്തരം വാർത്തകൾ കാട്ടുതീ പോലെ പടർന്നോളും, അതോടൊപ്പം പുതിയ കഥകളും കേൾക്കാം. പൊടിപ്പും തൊങ്ങലും വച്ച കഥകൾ നാടാകെ പാട്ടായിക്കോളും.
'ഏട്ടന് ആകെ നാണക്കേടായി ലേ?'
'ഉം, പിന്നേ, കല്യാണം കഴിക്കുന്നത് ഭയങ്കര നാണക്കേടല്ലേ'
'അതല്ല ഏട്ടാ, ഇങ്ങനെ നടന്നത് കൊണ്ട്....?'
'വിദ്യേ, ഞാനൊരു കാര്യം പറയാം, നമ്മൾ ജീവിക്കേണ്ടത് നമുക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടിയും നമ്മളെ വേണ്ടവർക്കും വേണ്ടിയുമാകണം. മുഴുവൻ നാട്ടുകാർക്ക് വേണ്ടിയും ജീവിക്കരുത്. ഇന്നലെ നിന്റെ കല്യാണം മുടങ്ങിയിരുന്നെങ്കിൽ ഈ പറഞ്ഞ നാട്ടുകാർക്ക് എന്തെങ്കിലും സംഭവിക്കോ? ഞാൻ നിന്നെ കെട്ടിയത് കൊണ്ട് അവർക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഇല്ല. അവർ ഇങ്ങനെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞ് സന്തോഷമായി ജീവിച്ചോളും.'
'ഉം'
'എന്റെ കുട്ടി ആവശ്യമില്ലാത്തത് ചിന്തിച്ച് സമയം കളയണ്ട.'
'ഉം'
അവൾ
ഒന്നുകൂടി ചേർന്നിരുന്നു.
അടുത്ത അമ്പലത്തിൽ എത്തി, ഇവിടെയും തിരക്ക് കുറവുണ്ട്, നടയടക്കാറായിരിക്കുന്നു.
വേഗം ചെന്ന് വഴിപാടുകൾ പറഞ്ഞ് രസീതി വാങ്ങി. അമ്പലത്തിനകത്തേക്ക് കടന്നു.
ഇത് ഒരു പ്രത്യേകത ഉള്ള അമ്പലമാണ്. ശ്രീകോവിലിനോട് ചേർന്ന് ഒരു വലിയ കുളമുണ്ട്.ജലത്തിൽ താമസിക്കുന്ന ദേവിയാണ് എന്നാണ് വിശ്വാസം. മഴക്കാലത്ത് കുളത്തിൽ വെള്ളം പൊങ്ങും, അപ്പോൾ ക്ഷേത്രത്തിനകത്തും വെള്ളം എത്തും. ശ്രീകോവിലിനകത്ത് വെള്ളത്തിലായിരിക്കും പൂജ.
ഇപ്പോൾ വെള്ളം കുറവാണ് എന്നാലും പ്രദക്ഷിണ വഴിയിൽ വെള്ളം ഉണ്ട്. പരൽ മീനുകൾ വെള്ളത്തിലൂടെ ഒഴുകി നടക്കുന്നത് കാണാം.
വിദ്യക്ക് അതൊരു അത്ഭുതമായിരുന്നു. അതവളുടെ മുഖത്ത് നിന്നും മനസിലാക്കാം.
'എപ്പളാ കുട്ട്യേ കല്യാണം കഴിഞ്ഞേ?'
അമ്പലത്തിലെ വാരസ്യാരാണ്.
'ഇന്നലെ ആയിരുന്നു.'
'അതേ? ആരും പറഞ്ഞ് കേട്ടില്ല ട്ടോ'
'ഒക്കെ പെട്ടെന്നാർന്നു'
കല്യാണക്കഥ ഒന്ന് ചുരുക്കി പറഞ്ഞു.
'നന്നായി കുട്ട്യേ, നല്ല കാര്യാ ചെയ്തത്, ഈശ്വരാനുഗ്രഹം എപ്പളും ഉണ്ടാകും'
വിദ്യയോട് 'കുട്ട്യേ, നന്നായി പ്രാർത്ഥിച്ചോളൂ, നല്ലതേ വരൂ. ദൈവം കൂടെ ഉണ്ട്, വേറെ ഒന്നും സംഭവിച്ചില്ലല്ലോ'
ഞങ്ങൾ തൊഴുത് പ്രസാദം വാങ്ങി, വലത്ത് വക്കാൻ തുടങ്ങി , വെള്ളത്തിന് നല്ല തണുപ്പുണ്ട്, വല്ല വഴുക്കലും ഉണ്ട്, മീനുകൾ കാലുകളിൽ ഇക്കിളി ആക്കുന്നു. വിദ്യ പേടിച്ചാണ് നടക്കുന്നത് , ഒരു കൈകൊണ്ട് സാരി ഒരല്പം ഉയർത്തിപ്പിടിച്ചിട്ടുണ്ട്, മറ്റേ കയ്യിൽ പ്രസാദം ആണ്. ഒരുവിധം ബാലൻസ് ചെയ്ത് നടക്കുന്നു.
'കുട്ടീ, ആ കുട്ടീടെ കൈ പിടിക്കൂ, നല്ല വഴുക്കൽ ഉണ്ട്, പരിചയം ഇല്ലാത്തതല്ലേ'
അത് കേട്ടതും അവൾ എന്റെ കയ്യിൽ കടന്ന് പിടിച്ചു, ഒന്ന് ചിരിച്ചു.
പ്രദക്ഷിണം പൂർത്തിയാക്കി, വീണ്ടും തൊഴുതു.
'തിരുമേനീ, പായസം ഉണ്ടാവോ? ഈ കുട്ടികൾക്ക് കൊടുക്കാനാ'
'പായസം ണ്ട്, പാത്രം ഇല്ല'
'ഞാനാ നെയ്യിന്റെ പാത്രം ഒന്ന് നോക്കട്ടെ'
'ദാ തിരുമേനീ പാത്രം'
അങ്ങനെ ഒരു പാത്രം പായസം കിട്ടി.
നെയ്യിന്റെ പാത്രം സംഘടിപ്പിച്ച് , വൃത്തിയാക്കി, എനിക്ക് പായസം തന്നത് ഞങ്ങളോടുള്ള സ്നേഹം കൊണ്ടാണോ ഞാൻ കൊടുത്ത ദക്ഷിണ അമ്പത് രൂപയോടുള്ള സ്നേഹം കൊണ്ടാണോ എന്ന് മനസിലായില്ല.
അങ്ങനെ അവിടെ നിന്നും ഇറങ്ങി.
വീണ്ടും യാത്ര തുടർന്നു. വെയിൽ വരുന്നതേ ഉള്ളൂ, തണുത്ത ഇളം കാറ്റുണ്ട്.
'ഇനി എന്താ ഏട്ടാ പരിപാടി?'
'ഇനി
വീട്ടിൽ പോയി നല്ലപോലെ ഭക്ഷണം കഴിക്കാ നല്ല വിശപ്പുണ്ട്'
'എന്നിട്ട്?'
'എന്റെ ഊഹം ശരിയാണെങ്കിൽ വിവരങ്ങളൊക്കെ അറിഞ്ഞ് നമ്മളെ കാണാനായി കുറേ പേർ വന്നിട്ടുണ്ടാകും. അവരോട് എന്തെങ്കിലും സംസാരിക്കാ, അപ്പോഴേക്കും ഉച്ച ആകും, വീണ്ടും ഭക്ഷണം കഴിക്കാ, വീണ്ടും ആളുകൾ വരും, പിന്നെ വൈകുന്നേരം റിസപ്‌ഷൻ'
'അപ്പൊ റസ്റ്റ് ഉണ്ടാവില്ല ലേ?'
'തീർച്ചയായും, രാത്രി പന്ത്രണ്ട് വരെയും തിരക്കവും'
'ഹാവു, എനിക്ക് വയ്യ'
'ഒരു കല്യാണം എന്നുവച്ചാ ചില്ലറക്കാര്യ?'
'ഉം, ഇന്നുംകൂടി അല്ലെ വേണ്ടൂ'
'അങ്ങനെ കരുതാം'
'അതെന്തേ?'
'ഇനി നാളെ മുതൽ വിരുന്നുകൾ തുടങ്ങും, ഓരോ വീട്ടിലും പോകണം, അവര് ഉണ്ടാക്കിത്തരണതൊക്കെ തിന്നണം, എന്നാ എല്ലാം കഴിഞ്ഞ് സ്വസ്ഥമായിരിക്കാ എന്ന് എനിക്കറിയില്ല'
'എന്റമ്മേ, എനിക്ക് വയ്യ'
'ഇനീപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല'
അങ്ങനെ അവസാനം വീട്ടിൽ തിരിച്ചെത്തി. വണ്ടിയിൽ നിന്നും ഇറങ്ങിയതും വിദ്യ എന്നെ ഒന്നു നോക്കി, കാര്യം വേറൊന്നുമല്ല ഞാൻ പറഞ്ഞത് പോലെ കുറേപേർ വന്നിട്ടുണ്ട്.
എല്ലാവരോടും ഒന്ന് ചിരിച്ച് , ഇപ്പൊ വരാം എന്ന് പറഞ്ഞ് ഞങ്ങൾ വേഗം റൂമിൽ കയറി വാതിലടച്ചു.
'ഇപ്പൊ എങ്ങനെ ഉണ്ട്?'
ഞാൻ ഒരു വിജയിയെ പോലെ വിദ്യയെ നോക്കി.
'ഹൊ, സമ്മതിക്കണം. പറഞ്ഞത് പോലെ തന്നെ ആയിട്ടുണ്ട്'
'ങാ, അതാണ് ഞാൻ. നിനക്കൊരു കാര്യം അറിയോ?'
'എന്താ?'
'ആരോടും പറയരുത്, ഞാനേ, ഞാനൊരു സംഭവാ'
'എപ്പോ മുതൽ?'
'ചെറുപ്പം മുതലേ'
'എന്നിട്ട് മരുന്നൊന്നും കഴിച്ചില്ലേ?'
അതുംപറഞ്ഞ് അവളെന്നെ നോക്കി ചിരിച്ചു.
'എടി ഭയങ്കരീ'
'സോറി ഏട്ടാ'
'എന്തിനാ സോറി?,, എപ്പോഴും ഇങ്ങനെ വേണം , എന്റെയൊപ്പം കട്ടക്ക് നിൽക്കണം. അല്ലെങ്കിൽ പുതിയ മോട്ടോർ വാങ്ങേണ്ടി വരും'
'ങേ, അതെന്തിനാ മോട്ടോർ?'
'നിന്റെ കണ്ണീർ വറ്റിച്ച് കളയാൻ, നമ്മളോടാ കളി'
രണ്ടുപേരും ചിരിച്ച്കൊണ്ട് കെട്ടിപ്പിടിച്ചു.
ഇനി ഇവിടെ കണ്ണീരിന് സ്ഥാനമില്ല! സന്തോഷം മാത്രം!
ഫോൺ ബെല്ലടിച്ചു, നോക്കിയപ്പോൾ ഉണ്ണിയാണ്.
'ഹലോ, എന്താടാ?'
'ഡാ, ഐശ്വര്യയിൽ ഒഴിവില്ല, അച്ചൂസ് മതിയോ?'
'ഏതായാലും കുഴപ്പമില്ല, പിന്നേ, ഫോട്ടോയും വിഡിയോയും വേണം'
'ങ്ങാ, ശരി ഡാ'
'അശോകേട്ടൻ എന്താ പറഞ്ഞത്?'
'അവര് ഇവിടുന്ന് പോന്നിട്ടുണ്ട്'
'ഓ.കെ, നീയും പെട്ടന്ന് വാ'
'ഓ.കെ'
ആരാത്? എന്ന ഭാവം വിദ്യയുടെ മുഖത്തുണ്ടായിരുന്നു.
'ഫോട്ടോ എടുക്കാൻ ഏൽപ്പിച്ചതാ, പിന്നെ പന്തൽ പണിക്കാർ ഇപ്പൊ എത്തും, അവിടന്ന് പോന്നിരുന്നു, അവര് വരുമ്പോഴേക്കും നമുക്ക് വല്ലതും കഴിക്കാ?'
'ഉം, ഞാൻ എടുത്ത് വക്കാം'
അവളുടെ കവിളിൽ ഒന്ന് തലോടി ഞാൻ പുറത്തിറങ്ങി.
കുട്ടികൾ ഓടിക്കളിക്കുന്നു. അച്ഛൻ ക്ഷണം കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു. വന്നിരിക്കുന്നവരോടെല്ലാം രണ്ട് വാക്ക് സംസാരിച്ചു. കുറേ അനുഗ്രഹങ്ങൾ കിട്ടി.
'ഡാ ഞാനിപ്പോ വരാം' അച്ഛനാണ്.
'എവിടെക്കാ?'
'അമ്പലപ്പാറക്കാ, വയസ്സായവർക്കെങ്കിലും ഒരു മുണ്ട് കൊടുക്കണ്ടേ?'
'ആ, പൈസ ണ്ടോ കയ്യിൽ?'
'ആ, ണ്ട്. ഞാൻ അജൂനേം കൂട്ടി പോകട്ടെ'
അജു ചെറിയച്ഛന്റെ മകനാണ്. എന്റെ അനിയൻ.
ഞാൻ അവനെ വിളിച്ച് റൂമിൽ പോയി.
'ഡാ, ഈ എ.ടി .എം കാർഡ് നീ പിടിക്ക്, പൈസക്ക് എന്തെങ്കിലും ആവശ്യം വന്നാൽ എടുത്തോ, കണക്കൊന്നും നോക്കണ്ട. പാസ്സ്‌വേർഡ് ഞാൻ മെസ്സേജ് അയക്കാം.'
'ഉം,ശരി'
'പിന്നെ, ദാ കുറച്ച് പൈസ കയ്യിൽ വക്ക് , കൊടുക്കാനുള്ള പൈസ എല്ലാം നീ നോക്കണം.'
'ഉം, ന്നാ ഞാൻ പോട്ടെ?'
'ഉം'
'ഏട്ടാ, കഴിക്കാ?'
'ഉം'
രണ്ടാളും കഴിക്കാൻ ഇരുന്നു.
പ്ലേറ്റ് വന്നു, വെള്ളം വന്നു, നല്ല ഇഡ്ഡലി വന്നു, സാമ്പാർ വന്നു, ചായ വന്നു, ആക്രമണം തുടങ്ങി. കഴിച്ച് കൊണ്ടിരിക്കുമ്പോൾ ഒരാഗ്രഹം, അവളെ കഴിപ്പിക്കണം എന്ന്. സാധാരണ കല്യാണത്തിന് വരൻ വധുവിനെ കഴിപ്പിക്കാറുണ്ട് , പപ്പടം വായിൽ വച്ച് കൊടുക്കും, പിന്നെ നമ്മുടെ കൂട്ടുകാരുടെ വക എന്തെങ്കിലും ഉണ്ടാകും. നമ്മുടെ കല്യാണം വേറെ ലെവൽ ആയത്കൊണ്ട് അതൊന്നും നടന്നില്ല.
മനസിലെ ആഗ്രഹം പ്രിയതമയോട് പറഞ്ഞു,
'ഡീ , ഞാൻ നിന്റെ വായിൽ വച്ച് തരട്ടെ?'
അവൾ ഒരു നോട്ടം! പിന്നെ ഒരു ചിരി.
അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. വീടിനകത്ത് നിറയെ ആളുകളാണ്, അതിനിടയിൽ എങ്ങനെയാ?...
എങ്കിലും മനസിലെ ആഗ്രഹം മാറുന്നില്ല, ഇനിയും ഒരുപാട് ദിനങ്ങൾ ഒരുപാട് വർഷങ്ങൾ ബാക്കി ഉണ്ട്. ഇതെല്ലാം അറിയാം , പക്ഷെ, ഇപ്പൊ ഇതൊരു ചെറിയ ആഗ്രഹമാണ്.
ആരും ഞങ്ങളെ ശ്രദ്ധിക്കാത്ത സമയത്തിന് വേണ്ടി ഞാൻ കാത്തിരുന്നു.
പുറത്ത് വിരുന്നുകാർ ആരോ വന്നത് കൊണ്ട് ഒരുവിധം എല്ലാവരും പുറത്തേക്ക് പോയി. കിട്ടിയ അവസരം മുതലെടുത്ത് ഒരു കഷ്ണം ഇഡ്ഡലി സാമ്പാറിൽ മുക്കി, ഇടത് കൈ കൊണ്ട് വിദ്യയെ ഒന്ന് തോണ്ടി, അവൾ തിരിഞ്ഞതും ഇഡ്ഡലി വായിൽ വച്ച് കൊടുത്തു.
ഒരു പുഞ്ചിരിയോടെ അവൾ അത് കഴിച്ചു. ഇനി അവളുടെ ഊഴം ആണ്, അതിനായി ഞാൻ തയ്യാറായി, അവൾ ഇഡ്ഡലി എടുത്ത് സാമ്പാറിൽ മുക്കി, അപ്പോഴേക്കും എല്ലാവരും വന്നു. ഡിം
എന്റെ ഇഡ്ഡലി അവളുടെ വായിലേക്ക് തന്നെ പോയി. അതും നോക്കി വെള്ളമിറക്കി ഞാനിരുന്നു.
അവൾ എന്റെ മുഖത്ത് നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
അപ്പോഴാണ് പുറത്ത് വന്ന വിരുന്നുകാർ അകത്തേക്ക് വന്നത്.
അവരെ കണ്ടതും വിദ്യയുടെ മുഖത്ത് സന്തോഷവും സങ്കടവും മാറി മാറി വന്നു, കണ്ണുകൾ നിറഞ്ഞു. അവളുടെ അച്ഛനും അമ്മയും ആയിരുന്നു അത്. അവൾ എഴുന്നേറ്റ് അമ്മയെ കെട്ടിപ്പിടിച്ചു. രണ്ട്പേരുടെ കണ്ണിൽ നിന്നും കണ്ണീർ വര്‍ഷം ഉണ്ടായി.
ഈ സീനിൽ എനിക്ക് സ്ഥാനമില്ല എന്ന് മനസിലാക്കിയ ഞാൻ പതുക്കെ എഴുന്നേറ്റു. കൈ കഴുകി വീടിന്റെ മുൻവശത്തേക്ക് വന്നു. അത് ഇനി അവരുടെ ലോകം ആണ്. അവരുടെ സ്നേഹപ്രകടനം കഴിഞ്ഞ് പിന്നെ സംസാരിക്കാം...
തുടരും...
Rajeesh Kannamangalam

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot