നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്ലീപ് ആപ്നിയ

Image may contain: Ajoy Kumar, smiling, beard, hat and closeup

കുറച്ചു കാലം മുൻപാണ്, സ്ലീപ് ആപ്നിയ കുറേക്കാലം മൈൻഡ് ചെയ്യാതെ കൊണ്ട് നടന്നതിനാൽ എന്റെ ബ്രെയിൻ സെൽസിന്‌ എന്തെങ്കിലും ഡാമേജ് ഉണ്ടായിക്കാണുമോ എന്ന് ഡോക്ട്ടറിന് ഒരു സംശയം.ഒരു എം ആർ ഐ എടുത്താലോ ? ഡോക്ടർ ചോദിച്ചു.
ശ്യാമയും സംശയം പ്രകടിപ്പിച്ചു, ഭാര്യയോട് സ്നേഹം കാണിക്കുന്ന ഭാഗത്തെ ചില സെൽസ് പോയിരിക്കാനും മറ്റുള്ളവരോട് പഞ്ചാര അടിക്കുന്ന ഭാഗത്തെ ചില സെൽസ് വളർന്നിരിക്കാനും സാധ്യത കാണുന്നു ഡോക്ടർ
എന്നാൽ ഉറപ്പായും ഒരു എം ആർ ഐ എടുത്തു കളയാം എന്താ ?
എം ആർ ഐ സ്‌കാനും എം ആർ എ ബേക്കറിയും തമ്മിലുള്ള വ്യത്യാസം പോലും അറിഞ്ഞു കൂടാത്ത ഞാൻ പറഞ്ഞു.എടുത്തേക്കാം ,അതിനെന്താ ?
എന്നാൽ ഞാൻ പറയുന്നിടത്തു തന്നെ പോയി എടുക്കണം കേട്ടോ? അല്ലെങ്കിൽ ഞാൻ ഇനി ഇയാളോട് മിണ്ടൂല , വരുമ്പോൾ ചന്തീൽ ഇൻജക്ഷനും തരും
ഇല്ല ഡോക്ടർ ,അവിടെത്തന്നെ പൊക്കോളാം
അങ്ങനെ ഡോക്ടർ എഴുതിത്തന്ന തുണ്ടും കൊണ്ട് ഞാനും ശ്യാമയും ആ ക്ലിനിക്കിലേക്കു പോയി.മൊത്തം മാലിക്കാർ ആണ് അവിടെ . അതിനിടയിൽ ബ്രെയിൻ ഇല്ലാത്ത ആളാണെന്നു പറഞ്ഞു സിമ്പതി പിടിച്ചു പറ്റി നുഴഞ്ഞു കയറി ഞാൻ വല്ല വിധവും ടോക്കൺ എടുത്ത് .എം ആർ ഐ എടുക്കുന്ന മുറിയിലേക്ക് പോയി.
ശ്യാമയെ അങ്ങോട്ട് കയറ്റില്ല. ആദ്യ ദിവസം എൽ കെ ജിയിൽ 'അമ്മ വിട്ടിട്ടു പോകുമ്പോൾ മക്കൾ അമറുന്നത്‌ പോലെ ശ്യാമയെ ചൂണ്ടി ഞാൻ അമറി നോക്കിയെങ്കിലും അയാൾ എന്നെ മാത്രമേ അകത്തേക്ക് കൊണ്ട് പോയുള്ളു.ദുഷ്ടൻ
അകത്തു പോയ എന്നെയും കാത്ത് കയ്യിലെ മൊബൈലിൽ പതിവ് പോലെ തോണ്ടിക്കൊണ്ട് ശ്യാമ വെളിയിൽ ഇരുന്നു. അവിടെയും ഇവിടെയുമായി വേറെ കുറെ ആൾക്കാരും. ടീ വിയിൽ ഏതോ പരിപാടി നടക്കുന്ന ശബ്ദം മാത്രം, പെട്ടെന്നാണ് നൈറ്റി ഇട്ട ഏകദേശം ആറടിയിൽ അധികം ഉയരം വരുന്ന ഒരു സ്ത്രീ സ്കാനിങ് റൂമിൽ നിന്നും വാതിലും തള്ളിത്തുറന്നു പുറത്തേക്കിറങ്ങി ഓടിയത് ,
അവിടെ ഇരുന്ന പുരുഷന്മാർ ഒന്നടങ്കം ആ പെണ്ണിന്റെ പുറകുവശം നോക്കി പറഞ്ഞു, എന്തൊരു സ്ട്രക്ച്ചർ എന്റമ്മച്ചീ.
ശ്യാമ ആലോചിച്ചു, അജോയ് ഇനി ഈ തടിച്ചിയെ വല്ലതും ചെയ്തു കാണുമോ? അതാവുമോ അവർ ഈ വേഷത്തിൽ ഇറങ്ങി ഓടിയത്.
പെട്ടെന്ന് നൈറ്റിക്കാരി തിരികെ ഓടി വന്ന് ശ്യാമയുടെ കയ്യിൽ പിടിച്ചു കൊണ്ട് മുന്നോട്ടോടി.'
ശ്യാമ പറഞ്ഞു ,വിടെടീ , ആരാടീ നീ,വിടാൻ,എന്റെ ഭർത്താവ് അകത്താണെന്ന്
നിന്റെ ഭർത്താവാണെടീ ഞാൻ , ആ നൈറ്റിക്കാരി അഥവാ നൈറ്റി ഇട്ട ഞാൻ പറഞ്ഞു
ങേ, നിങ്ങൾ സ്ത്രീ ആവാനുള്ള ആ ഷഷ് ...ഷഷ്....ത്ര...
ശസ്ത്രക്രിയ?
അതെ, അത് ചെയ്യാനാണോ അകത്തേക്ക് പോയത് ,
പോടീ അവിടന്ന്. ഒരു എം ആർ ഐ യും തേങ്ങയും ,
ഞാൻ സംഭവം വിവരിച്ചു. എം ആർ ഐ എന്ന് പറഞ്ഞാൽ ഫോട്ടോ എടുക്കുന്ന പോലെയോ, പരമാവധി എക്സ് റേ എടുക്കുന്നത് പോലെയോ ആണെന്ന് വിചാരിച്ചാണ് ഞാൻ അകത്തേക്ക് പോയത്
ചെന്ന പാടെ അയാൾ ഒരു പച്ച നൈറ്റി എടുത്തു തന്നു.എല്ലാം ഊരൂ, ഇതിടൂ
പോണം മിസ്റ്റർ, ഞാൻ ആണാണ്.കണ്ടു കൂടെ,വല്ല മുണ്ടും ഉണ്ടെങ്കിൽ താ ,എനിക്ക് നൈറ്റി ഒന്നും വേണ്ട. ഞാൻ ഇടൂടൂടൂടൂടൂടൂടൂടൂടൂടൂ ല
എന്റെ സാറെ, ഇത് നൈറ്റി അല്ല, കണ്ടാൽ അങ്ങനെ തോന്നുമെങ്കിലും ഇത് ഗൗൺ ആണ്.രോഗികൾ ഇടേണ്ട ഒന്ന്. ഇവിടത്തെ യൂണിഫോം
അങ്ങനെ ആണ് ഞാൻ മനസില്ലാമനസോടെ എല്ലാം ഊരി വെച്ച ശേഷം ആ കുന്തവും ഇട്ട് ആജാനബാഹുവായ ഒരു മദാലസ ആയി അയാളുടെ മുന്നിൽ പോയി നാണിച്ചു പെരുവിരൽ കൊണ്ട് നിലത്ത് രവിവർമ്മയുടെ "വാട്ട്സ്ആപ്പ് തോണ്ടുന്ന മലയാളിപ്പെൺകൊടി" എന്ന ചിത്രം വരച്ചു കൊണ്ട് നിന്നത്
അയാൾ പറഞ്ഞു.ശ്രദ്ധിക്കൂ. പേടിക്കരുത്
പേടിക്കും,ഞാൻ പറഞ്ഞു, ഇവിടെ ഒരു ഷാൾ ഉണ്ടോ, എനിക്ക് മേലെ ഇടാനാണ്
അയ്യോ,ആ പേടി അല്ല സാറെ, മെഷീനിൽ കിടക്കുമ്പോൾ പേടിക്കരുത് എന്ന് . അത് ഭീകര ശബ്ദം ഒക്കെ ഉണ്ടാക്കും.
എന്റെ ഭാര്യയുടെ അത്ര വരില്ലല്ലോ. ഞാൻ പേടിക്കില്ല
പെട്ടെന്നാണ് എന്തോ ശബ്ദം കേട്ടപ്പോൾ അയാൾ മെഷീൻ ഉള്ള മുറിയുടെ അകത്തേക്ക് പോയതും എന്റേത് പോലുള്ള നൈറ്റി ഇട്ട ഒരു മാലിക്കാരിയുമായി പുറത്തേക്കു വരുന്നതും.അവർ നെഞ്ചത്തടിയും വിളിയും. മൂക്ക് തുമ്മിച്ച് അയാളുടെ ദേഹത്ത് തേക്കലും ആകെ ബഹളം
എന്ത് പറ്റി? ഇതാരാ ?
ഇവർ ആണ് ഇപ്പോൾ അകത്തു എം ആർ ഐ എടുത്തു കൊണ്ടിരുന്നത്
എം ആർ ഐ ഇവരെ പിടിച്ചു കടിച്ചോ ?
ഇല്ല, ഇവർ പേടിച്ചു
അതെന്താ എം ആർ ഐ മെഷീൻ ഹൊറർ സിനിമ വല്ലതുമാണോ?
ഹേയ്, അങ്ങനെ ഒന്നുമല്ല, നല്ല ബെസ്ററ് മെഷീനല്ലേ, സാർ വാ
അങ്ങനെ മുന്നിൽ അയാളും പിന്നിൽ നൈറ്റിധരൻ ആയ ഞാനും അകത്തേക്ക് പോയി ,അകത്തു സയൻസ് ഫിക്ഷൻ സിനിമകളിൽ ഒക്കെ കാണുന്നത് പോലെയുള്ള ഒരു സാധനം.
കിടക്കു
ഞാൻ അതിൽ കേറി കിടന്നു.നൈറ്റി ഒക്കെ നേരെ പിടിച്ചിട്ടു, അയാൾ ഒരു ഇരുമ്പു ചട്ട കൊണ്ട് വന്നു എന്റെ കഴുത്തിൽ പിടിപ്പിച്ചു.ഞാൻ കഴുത്തനക്കാതെ ഇരിക്കാൻ ആണത്രേ
നേരെ മുന്നിൽ , എന്ന്ആ വെച്ചാൽ ശ്വാസം വിട്ടാൽ മുട്ടുന്ന ദൂരത്തിൽ മെഷീൻ.ക്ളോസ്ട്രോ ഫോബിയ ഉള്ള ഞാൻ പേടിക്കാൻ തുടങ്ങി.
ഇനി ഇത് അര മണിക്കൂർ കറങ്ങും,അതി ഭീകര ശബ്ദങ്ങൾ ഉണ്ടാക്കും, പേടിക്കാൻ പാടില്ല, അവരെ പോലെ കരയാനും പാടില്ല.
ഉറങ്ങാമോ?
ഉറങ്ങുന്ന കാര്യം ചിന്തിക്കാനേ പാടില്ല .കഴുത്ത് പിന്നെ സാർ ശ്രമിച്ചാലും അനക്കാൻ പറ്റില്ലല്ലോ. അപ്പോൾ ഞാൻ പോകുവാണേ , എല്ലാം പറഞ്ഞ പോലെ,
നിങ്ങൾ എങ്ങോട്ടു പോണു, ഞാൻ ചോദിച്ചു, ശബ്ദം വെളീലോട്ടു വരുന്നില്ല.കഴുത്തിൽ ഒക്കെ ഈ കുന്തമല്ലേ
ഞാൻ ഇവിടെ ഇരുന്നാൽ എനിക്ക് കേടാണ്.ഞാൻ അപ്പുറത്തെ മുറീല് കാണും. ബൈ
നിക്ക്.. നിക്ക്...ഞാൻ കൈ കൊണ്ട് അയാളെ വിളിച്ചു. കയ്യും കെട്ടി വെച്ചിരിക്കുകയാണ്. എന്നാലും അനക്കാം .
എന്താ സാറെ
വേഗം വാ. ഇതൊന്നു ഊരിക്കെ, എനിക്ക് അത്യാവശ്യമായി ഒന്ന് ശ്വാസം വിടണം
ഇത് കഴിഞ്ഞിട്ടു പോരെ ശ്വാസമൊക്കെ വിടുന്നത് ?
പോരെടാ
ങേ
അല്ല പോരാ സാറെ ...ഊരൂ ഊരൂ, ഊരാൻ, ഊരുന്നതല്ലേ നല്ലത്
അയാൾ മനസില്ലാ മനസ്സോടെ ആദ്യം കഴുത്തിലെ പടച്ചട്ടയും,കയ്യിലെ ബക്കിളും ഊരി
ഉം ,സാർ വേഗം ശ്വാസം വീട്.അടുത്ത ആളിന് എടുക്കാനുള്ളതാ
എന്ത്? എന്റെ ശ്വാസമോ
അല്ലെന്ന്..സ്കാൻ
ഒന്നു പോടാപ്പാ...എനിക്കേ ക്ളോസ്ട്രോഫോബിയ ആണ്, എനിക്ക് എം ആർ ഐ എടുക്കണ്ട.....ഞാൻ പെട്ടെന്ന് എണീറ്റ് പുറത്തേക്കോടി
നിക്കാൻ....സാറെ, വേഗം എടുക്കാം....ഡോക്ടർ പറഞ്ഞതല്ലേ...വാ സാറെ, സൈലന്റ് മോഡിൽ ഇടാം
വേണ്ട, പോടോ
അങ്ങനെ ആണ് ഞാൻ ആ നൈറ്റിയുമിട്ടു പുറത്തു ചാടിയതും ശ്യാമയുടെ കയ്യും പിടിച്ചു റിസപ്‌ഷനിലേക്ക് ഓടിയതും.
സാർ ഈ കുട്ടി എം ആർ ഐ ചെയ്യില്ലാന്ന്. എന്റെ പുറകെ ഓടി വന്ന ടെക്‌നീഷ്യൻ കിതച്ചു കൊണ്ട് റിസപ്‌ഷനിലെ ആളോട് പറഞ്ഞു.
ഏതു കുട്ടി ?
കുട്ടി അല്ല, ഈ സാർ
അയ്യോ അതെങ്ങനെ ശരിയാവും, ഡോക്ടറോട് എല്ലാം ഓക്കേ എന്ന് പറഞ്ഞതാണല്ലോ ,അയാൾ ടെക്‌നീഷ്യനെ കണ്ണിറുക്കി കാണിച്ചു
എന്നെക്കൊണ്ട് വയ്യ അവിടെ കിടക്കാൻ , പൈസ തിരിച്ചു തരൂ , ഞാൻ പറഞ്ഞു
ഒരു മിനിറ്റ്, ഡോക്റ്ററോട് സംസാരിക്കട്ടെ .അയാൾ ഫോണുമെടുത്തു പുറത്തേക്കു പോയി
കുറച്ചു കഴിഞ്ഞപ്പോൾ അകത്തേക്ക് വന്ന പുള്ളി പറഞ്ഞു ,ഒരു കാര്യം ചെയ്യാം, നമുക്കൊരു സീ റ്റി സ്കാൻ എടുക്കാം എന്താ ,അതാവുമ്പോൾ ഇത്ര പ്രശ്നമില്ല, പിന്നെ രണ്ടു മൂന്ന് ഈ സീ ജി , നാലഞ്ച് ബ്ലഡ് ടെസ്റ്റ്, യൂറിൻ ടെസ്റ്റ്, കയ്യിന്റേം കാലിന്റേം ഓരോ എക്സ് റേ
എക്സ് റേയോ , അതെന്തിന് ? സീ റ്റി അല്ലാത്തതൊക്കെ എന്തിനാണ് ?
എന്നാലേ മൊത്തം പൈസ അഡ്‌ജസ്‌റ് ആവൂ സാർ , എം ആർ ഐ ടെ കമ്മീഷൻ ആൾറെഡി പോയിക്കഴിഞ്ഞെന്ന് .
കമ്മീഷൻ പോയോ ? എങ്ങോട്ട് ?
പോകേണ്ടടത്തോട്ടു തന്നെ , സാറിനിങ്ങനെ നൈറ്റിയും ഇട്ടോണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടിയാൽ മതിയല്ലോ. വൈകിട്ടാവുമ്പോൾ കണക്കു കൊടുക്കേണ്ടതേ ഞാനാണ് .ഡേയ് ഹരീ..സാറിനെ പിടിച്ചോണ്ട് പോയി സീ ടി എട് ,പോ പോ
എന്നെ വിടാൻ....വിടാൻ... ഡോ ഞാൻ വരൂലാന്ന്.....അയ്യേ, നൈറ്റീൽ പിടിക്കല്ലേ...... വരൂലാന്ന്.......ശ്യാമേ രക്ഷിക്കണേ. അയ്യോ...യ്യോ...യ്യോ.....യ്യോ........യ്യോ
ശുഭം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot