Slider

ഇന്നിനെ കണ്ട് അഹങ്കരിക്കണ്ട !!

0

Image may contain: 1 person
മാനസികാരോഗ്യ ആശുപത്രിയിൽ മിത്രയുടെ ആദ്യ ദിവസം. പുള്ളിക്കാരിയുടെ ചില പെരുമാറ്റമൊക്കെ കാണുമ്പോൾ അവിടെ രോഗചികിത്സക്ക് വേണ്ടി പോയതാണ്ന്ന് തോന്നുമെങ്കിലും മിത്ര അവിടെ എത്തിയിരിക്കുന്നത് ഇന്റേൺഷിപ്പിനാണ്! ചികിത്സക്കല്ല!
ജോയിനിംഗ് ഫോർമാലിറ്റി ഒക്കെ കഴിഞ്ഞതിനു ശേഷം,മിത്ര ഇന്റേൺ ഡോക്ടർമാരുടെ മുറിയിലേക്ക് ചെന്നു. ഒരാഴ്ച്ച മുൻപേ തന്നെ മിത്രയുടെ സുഹൃത്തുക്കളായ ആരതിയും ഹർഷയും രേഷ്മയും എല്ലാം അവിടെ ജോയിൻ ചെയ്തിരുന്നു.
ഹർഷ പറഞ്ഞു, "വാ മിത്ര, നമുക്ക് റൗണ്ടിന് പോകാം. മെയിൻ ഡോക്ടർ വരുന്നതിനു മുൻപ് രോഗികളുടെ ബിപിയും മറ്റും നോക്കി കേസ് ഷീറ്റിൽ രേഖപ്പെടുത്തണം."
അങ്ങനെ വാർഡിലേക്ക് മറ്റുള്ളവരും, റൂമുകളിലേക്ക് മിത്രയും ഹർഷയും സ്റ്റെതെസ്കോപ്പും ബിപി അപ്പാരറ്റസും ഒക്കെ തൂക്കി നടപ്പായി. രണ്ടു മൂന്നു മുറികൾ കയറിയിറങ്ങി. നേരം പത്തര ആയെങ്കിലും രോഗികൾ പലരും ഉറക്കച്ചടവോടെ കിടക്കുകയായിരുന്നു.
വലത്തേ അറ്റത്തെ മുറിയുടെ അടുത്തെത്തിയപ്പോൾ ഹർഷ മിത്രയുടെ ചെവിയിൽ പതുക്കെ പറഞ്ഞു.
"അതേ ആ രോഗിയുടെ ബിപി എടുക്കാൻ ബുദ്ധിമുട്ടായതു കൊണ്ട് ചില ദിവസങ്ങൾ നമ്മൾ ഈ കോളത്തിൽ രോഗി സഹകരിച്ചില്ല എന്നു എഴുതിയിടാറാണ് പതിവ്. അയാൾ ഉപദ്രവിക്കാൻ സാധ്യത ഉണ്ട്. സൂക്ഷിക്കണം."
ഹർഷ പറഞ്ഞത് കേട്ട് മിത്ര ചിരിച്ചു.
"എടാ ഇത്തരം രോഗികളെ പ്രത്യേക രീതിയിൽ കൈകാര്യം ചെയ്യണം. വളരെ സ്നേഹത്തോടെ കൊച്ചു കുഞ്ഞുങ്ങളോടെന്ന പോലെ.അപ്പൊ അവർ സാധാരണ പോലെ പെരുമാറും."
അത് കേട്ടപ്പോൾ ഹർഷയുടെ മുഖത്ത് വിരിഞ്ഞ ചിരിയുടെ അർത്ഥം മിത്രയ്ക്ക് മനസ്സിലായില്ല.
അവൾ സധൈര്യം മുൻപോട്ടു നടന്നു.പിന്നാലെ ഹർഷയും. വാതിലിൽ പതുക്കെ തട്ടി. സെറ്റു സാരിയുടുത്ത നല്ല ഐശ്വര്യമുള്ള ഒരമ്മമ്മ വാതിൽ തുറന്നു.
അവരെ നോക്കി പുഞ്ചിരിച്ചു. മിത്ര ഉള്ളിലേക്ക് ധൈര്യത്തോടെ കയറി. അമ്മമ്മയുടെ മുഖത്ത് സംശയഭാവം. ഹർഷ ആണെങ്കിൽ ഒരു കാൽ മാത്രം മുറിയ്ക്കുള്ളിൽ വച്ചു, മറ്റേ കാൽ മുറിക്കു വെളിയിലുമായി, വെടി പൊട്ടിയാൽ ഓടാൻ തയാറായി നിൽക്കുന്ന അത്‌ലെറ്റിനെ പോലെ നിൽക്കുന്നു.
കിടക്കയിൽ ഒരു സുന്ദരനായ അച്ഛാച്ചൻ. ഇളം നീലയിൽ വെള്ള വരകൾ ഉള്ള ടീഷർട്ടും മുണ്ടുമാണ് വേഷം. സിനിമ നടനെ പോലെ സുന്ദരനായ ഈ അച്ഛാച്ചനെക്കുറിച്ചാണല്ലോ ഇവർ ഓരോന്ന് പറയുന്നേ..
"അച്ഛാച്ച, ഇന്നലെ ശരിക്കും ഉറങ്ങ്യോ"..മിത്ര വളരെ സ്നേഹത്തോടെ ചോദിച്ചു.
മറുപടി ഇല്ലാ.
"അച്ഛാച്ച, രാവിലെ ന്താ കഴിച്ചേ.."
മറുപടിയില്ലെന്ന് മാത്രമല്ല, അരിശത്തോടെ തിരിഞ്ഞു കിടന്നു മൂപ്പര്.
"അച്ഛാച്ച, നമുക്ക് ബിപി നോക്കണ്ടേ. നല്ല കുട്ടിയായി ഒന്ന് തിരിഞ്ഞു കിടന്നേ"
മിത്ര പതുക്കെ അയാളുടെ തോളിൽ തൊട്ടു.
തൊട്ടതു മാത്രേ ഓർമ്മയുള്ളൂ.
" നീ എന്റെ ബിപി എടുക്കുവോടി, നരുന്തു ഡോക്ടറെ... അതൊന്നു കാണണമല്ലോ ".. എന്ന് അലറിക്കൊണ്ട് ഒരു വില്ലനെ പോലെ, ഒരു കളരി അഭ്യാസിയെപ്പോലെ അദ്ദേഹം ഇടത് ചെരിഞ്ഞു, ഞെരിഞ്ഞുണർന്ന്, വലത്തെ കൈ പൊക്കി വീശി.
എന്തോ ദൈവകൃപ കൊണ്ട്, കൃത്യ സമയത്തിന് മിത്ര പിന്നിലേക്ക് മാറി. തിരിഞ്ഞു നോക്കുമ്പോൾ ഹർഷയുടെ പൊടി പോലുമില്ല. മുറിയുടെ മൂലയ്ക്ക് പേടിച്ചു മുഖം പൊത്തി നിൽക്കുന്നു അമ്മമ്മ. പിന്നെ അവൾ ഒട്ടും വൈകിച്ചില്ല. മുറിയിൽ നിന്നുമിറങ്ങി ഒറ്റയോട്ടം.
ഇന്റേൺസിന്റെ മുറിയിൽ എത്തി അവൾ നിന്നു കിതച്ചു.
"എന്തായി ബിപി എടുത്തോ മിത്ര",ഹർഷ സ്വന്തം കിതപ്പ് മാറാതെ പതുക്കെ ചോദിച്ചു.
ബാക്കി അവിടെ ഉള്ളവരെല്ലാം ഞങ്ങളെ നോക്കി ചിരിച്ചു.
മിത്രയ്ക്ക് സ്വയം തോറ്റത് പോലെ തോന്നി. എങ്കിലും അവൾ പുഞ്ചിരിച്ചു.
ഓമനിച്ചു വളർത്തിയ മകൻ സ്വത്തു കൈക്കലാക്കി അച്ഛനേം അമ്മയേം വീട്ടിൽ നിന്നും ഇറക്കി വിട്ടു. അച്ഛനെ അടിക്കാൻ കയ്യോങ്ങിയത്രെ മകൻ.
ആ പാവം അച്ഛൻ ഇന്ന് ഈ അവസ്ഥയിലായില്ലെങ്കിലേ അത്ഭുതമുള്ളു.
********************************************
"മോളെ, ഇടയ്ക്ക് വിളിക്കണം ട്ടോ. ഞങ്ങളെ കാണാൻ വരണം. ഈ അച്ഛാച്ചനെ മറക്കുമോ ഡോക്ടറൂട്ടി."
മിത്രയെ ചേർത്ത് നിർത്തി, തെല്ലു വിഷമത്തോടെ അദ്ദേഹമത് പറയുമ്പോൾ അപ്പുറത്ത് മാറി നിന്ന് കണ്ണ് തുടക്കുകയായിരുന്നു അമ്മമ്മ.
എന്റെ സുന്ദരക്കുട്ടപ്പനെ ഞാൻ മറക്കുമോ!! വീണ്ടും കാണാം കേട്ടോ. മരുന്നൊക്കെ കൃത്യമായി കഴിക്കണം. മിടുക്കനാവണം.
അവർ പോകുന്ന കാർ കണ്മുന്നിൽ നിന്നും മറയുന്ന വരെ മിത്ര ആശുപത്രിയുടെ ഗേറ്റിനു മുൻപിൽ നിന്ന് കൈ വീശി.
നത്തുമോളെ, കുട്ടി ഡോക്ടറെ !!! പൂയ് !! വാതിൽക്കൽ നിന്ന് കൊണ്ട്, ദേവകിചേച്ചിയുടെ വിളിയാണ്.
"ഭരണി പാട്ട് പാടി തരാം, വേഗം വായോ."
ആറാമത്തെ കുട്ടിയും അബോർഷൻ ആയതിന്റെ വിഷമം താങ്ങാനാവാതെ മാനസികമായി തകർന്നു പോയതാണ് ആ പാവം.
അന്ന് വ്യാഴാഴ്ച ആണ്.വൈകുന്നേരം കലാപരിപാടിക്ക് പാട്ട് പ്രാക്ടീസ് ചെയ്യാൻ വിളിക്കുകയാണ്‌ ചേച്ചി.
(എല്ലാ വ്യാഴാഴ്ചയും രോഗികൾക്ക് വേണ്ടി ചെറിയ രീതിയിൽ എന്തെങ്കിലുമൊക്കെ കലാപരിപാടികൾ ആശുപത്രിയിൽ നടത്തിയിരുന്നു)
ഇത്തരം മനുഷ്യർക്ക്‌ വേണ്ടി, അവരുടെ സന്തോഷത്തിനു വേണ്ടി അവരുടെ മോളാകാനും, അമ്മയാവാനും, കൂട്ടുകാരിയാവാനുമൊക്കേ ഒരു ഡോക്ടർക്ക് കഴിയുമ്പോൾ, ആ പാവങ്ങളിൽ നിന്നും തിരിച്ചു കിട്ടുന്നത് ഒട്ടും കളങ്കമില്ലാത്ത സ്നേഹമാണ്.
മനസ്സ് കൈവിട്ടുപോയവരുടെ സ്നേഹത്തിനു ആഴമേറെയാണ്‌.
"ന്തോ, ദേ വരുന്നു", മിത്ര കണ്ണുകൾ തുടച്ചു കൊണ്ട്, പതുക്കെ ആശുപത്രിയിലേക്ക് തിരിച്ചു നടന്നു.
ദൈവമേ...എല്ലാവർക്കും നല്ലത് വരുത്തണമേ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo