നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭൂമിയിലെ ദൈവങ്ങൾ

Image may contain: 1 person, indoor
***********************
ആൾതിരക്കില്ലാത്ത പാതയിൽ കൂടി കാർ ഓടിക്കുമ്പോൾ പ്രകാശ് സുനന്ദയെ ശ്രദ്ധി ക്കുന്നുണ്ടായിരുന്നു…
കഴിഞ്ഞ രണ്ടു മണിക്കൂറും അവൾ ഏറെക്കൂറെ നിശ്ശബ്ദയായിരുന്നു….. തന്റേതായ ഏതോ ലോകത്തു ഒറ്റപെട്ടവളെ പോലെ ….. ഈയിടെയായി അല്ലെങ്കിലും അവൾ അങ്ങിനെയാണ് … എല്ലാത്തിൽ നിന്നും അകന്ന്.. ഈ തന്നിൽ നിന്നു പോലും…
ഭൈമിനി നദിയുടെ തീരത്താണ് സ്വാമി നിത്യാനന്ദയുടെ ആശ്രമം .
“നമ്മൾ എത്താറായി.. “
പ്രകാശ് പറഞ്ഞത് കേട്ടു സുനന്ദ പുറംകാഴ്കളിൽ നിന്നും കണ്ണുകൾ പിൻവലിച്ചു..
“എത്ര ശാന്തമായ സ്ഥലം… അല്ലേ പ്രകാശേട്ടാ.. ബ്യൂട്ടിഫുൾ….. “
“ഉം…
“ദാ ആ കാണുന്നതാണ് ആശ്രമം… വണ്ടി ഉള്ളിലേക്കു കടത്തി വിടില്ല… “
ഗീത വചനങ്ങൾ കൊത്തി വെച്ച വലിയ ആശ്രമകവാടത്തിനടുത്തു വെച്ചു സെക്യൂരിറ്റിയുടെ വേഷമണിഞ്ഞ ആൾ കാർ തടഞ്ഞു….
പ്രകാശ് കാർ മെല്ലെ സൈഡ് ആക്കി സുനന്ദയെ നോക്കി……
“പ്രകാശേട്ടൻ മടങ്ങിക്കോളൂ ഞാൻ പൊയ്ക്കോളാം “
ഹാൻഡ്ബാഗ് കയ്യിലെടുത്തു സുനന്ദ കാറിന്റെ ഡോർ തുറന്നു..
ഡിക്കിയിൽ നിന്നും സുനന്ദയുടെ പെട്ടികൾ എടുത്തു താഴെ വെക്കുമ്പോഴേക്കും സെക്യൂരിറ്റി ഓടി വന്നു
“ഞാൻ എടുക്കാം സർ..മാഡം വരൂ “
പ്രകാശ് ഒരിക്കൽ കൂടി സുനന്ദയെ നോക്കി…
“നന്ദാ.. നീ അന്വേഷിക്കുന്നതെന്തോ അത് ഇവിടെ നിന്നെങ്കിലും നിനക്ക് ലഭിക്കട്ടെ… സന്തോഷമായിരിക്കു “
സുനന്ദയുടെ മുഖത്തു ഒരു ചെറിയ ചിരി മിന്നായം പോലെ വന്നു കണ്ണുകളിലേക്കെത്താതെ മാഞ്ഞു പോയത് പ്രകാശ് കണ്ടു…….അല്ലെങ്കിലും അവൾ മനസ്സ് തുറന്നു ചിരിച്ചു കണ്ടിട്ട് എത്ര നാളുകളായി..
“അറിയില്ല .. … ബട്ട്‌ ഐ വിൽ ബി ഓൾ റൈറ്റ്… പ്രകാശേട്ടൻ പേടിക്കണ്ട…. പൊയ്ക്കോളൂ… “
“മൂന്നു ദിവസത്തെ കോഴ്സ് അല്ലേ.. കഴിഞ്ഞാൽ വിളിക്കു…”
സെക്യൂരിറ്റിയോടൊപ്പം സുനന്ദ നടന്നു പോവുന്നത് പ്രകാശ് നോക്കി നിന്നു….
പുഴയോരത്തിൽ നിന്നും ഒരു തണുത്ത കാറ്റ് വന്നു അവിടമാകെ തഴുകി പെട്ടെന്ന് എങ്ങോട്ടോ ഓടി മറഞ്ഞു….
************
തിരിച്ചു കാറോടിക്കുമ്പോൾ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ സുനന്ദയിൽ ഉണ്ടായ മാറ്റങ്ങൾ ഓർത്തെടുക്കുകയായിരുന്നു പ്രകാശ്…
ഒരു മൾട്ടിനാഷണൽ കമ്പനിയുടെ സിഇഒ ആയി രണ്ടു വർഷം മുൻപ് വിരമിക്കുമ്പോൾ കുറേ കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു മനസ്സിൽ… സ്വസ്ഥമായ ഒരു കുടുംബ ജീവിതം…. സുനന്ദയുമായി ചില വിനോദ യാത്രകൾ… ഇടക്ക് കുട്ടികളൊത്തു അവരുടെ കൂടെ കുറച്ചു സമയം…
അത് വരെ എന്തൊക്കെയോ നേടിയെടുക്കാനും വെട്ടിപ്പിടിക്കാനുമുള്ള ഓട്ടത്തിലായിരുന്നല്ലോ താൻ ..ജോലിത്തിരക്കുകൾ മീറ്റിംഗുകൾ, വിദേശ യാത്രകൾ, .. പണവും പ്രതാപവും സുഖ സൗകര്യങ്ങളും… എന്നിട്ടും കൂടുതൽ കൂടുതൽ ഉയരങ്ങൾ തേടി.. ഒരിക്കലും കെട്ടടങ്ങാത്ത ആഗ്രഹങ്ങൾക്ക് പിറകെ…. ജീവിതം മനസ്സാഗ്രഹിക്കുന്ന വഴിയേ ഒഴുകുകയായിരുന്നു…. തടസ്സങ്ങളില്ലാതെ..
സുനന്ദ ഒരിക്കലും ഒന്നിനെ കുറിച്ചും ഒരു പരിഭവവും പറഞ്ഞു കണ്ടിട്ടില്ല…മഹേഷും അഞ്ജലിയും പഠിക്കാൻ മിടുമിടുക്കർ.. അവരായിരുന്നു അവളുടെ ലോകം… തിരക്കിട്ടു അവരുടെ ഓരോ കാര്യങ്ങളും നോക്കി നടത്തുമ്പോഴും അവൾ സന്തോഷവതിയായിരുന്നു… ഒന്നും തനിക്കു അറിയേണ്ടി വന്നിട്ടില്ല….അവർ എങ്ങിനെയാണ് വളർന്നു വരുന്നതെന്ന് പോലും.എന്തായിരുന്നു അവരുടെ ഇഷ്ടങ്ങൾ .. ഇഷ്ടക്കേടുകൾ… താല്പര്യങ്ങൾ…ഒന്നും ശ്രദ്ധിച്ചിരുന്നില്ല..
കുറെ ഓടിത്തളർന്ന് ഇടയ്ക്കു ഒരതിഥിയെ പോലെ വീട്ടിലെത്തുമ്പോൾ സുനന്ദയ്ക്ക് വായ്തോരാതെ പറയാനുണ്ടാവും നൂറു വിശേഷങ്ങൾ…. സ്കൂളിലെ പി ടി എ മീറ്റിംഗ്.
കുട്ടികളുടെ പഠനം, അവരുടെ റാങ്കുകൾ, അഞ്ജലിക് ഡാൻസിൽ സമ്മാനം കിട്ടിയത്, മഹേഷ്‌ സയൻസ് ക്വിസിൽ ഒന്നാമതെത്തിയത്….
“മഹേഷിന് സ്പേസ് സയൻസിലാണ് താല്പര്യം പ്രകാശേട്ടാ
അഞ്ജലിക്ക് മെഡിസിനാട്ടോ നല്ലത്…. “
എല്ലാറ്റിലും സുനന്ദയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു.. കുട്ടികളുടെ ഭാവിയൊക്കെ അവൾ എന്നോ നിശ്ചയിച്ചുറപ്പിച്ച പോലെ…
ഏതൊരച്ഛനെയും പോലെ മക്കളെ കുറിച്ച് അഭിമാനിക്കുമ്പോഴും അന്നൊക്കെ ഉള്ളിൽ സുനന്ദയോട് ബഹുമാനം തോന്നിയിരുന്നു.. എത്ര ഭംഗിയോടെയാണവൾ ഓരോ കാര്യവും നോക്കി നടത്തുന്നത്…
മഹേഷ്‌ എം എസ് ചെയ്യാൻ വേണ്ടി അമേരിക്കയിലേക്ക് പോയപ്പോൾ സുനന്ദയിൽ പ്രത്യേകിച്ചു മാറ്റങ്ങളൊന്നും ഉണ്ടായില്ല.. മാറ്റങ്ങൾ കാണാൻ തുടങ്ങിയത് അഞ്ജലിയും മെഡിസിൻ കഴിഞ്ഞു വിവാഹിതയായി കാനഡയിലേക്ക് പോയപ്പോഴാണ് ..
അധിക സമയവും പൂജാമുറിക്കകത്തു അല്ലെങ്കിൽ അമ്പലത്തിൽ…
മുഖത്തെ പ്രകാശവും പ്രസരിപ്പും വറ്റി അണഞ്ഞ ഒരു നിലവിളക്കു പോലെ.. !!
“എന്തോ വല്ലാത്തൊരു ശൂന്യത തോന്നുന്നു പ്രകാശേട്ടാ.. ഒന്നും ചെയ്യാനില്ലാത്ത പോലെ… അഞ്ജലിയും മഹേഷുമൊക്ക വേറൊരു ലോകത്തിൽ വളരെ ദൂരത്തായ പോലെ… അവരുള്ളപ്പോൾ എനിക്ക് ഒന്നിനും സമയം മതിയായിരുന്നില്ല.. ഇപ്പൊ.”
“അഞ്ജലിയാണെങ്കിൽ എപ്പോഴും തിരക്ക്.. ഫോൺ വിളിക്കുന്നത് തന്നെ വല്ലപ്പോഴും.. മുൻപൊക്കെ എന്നോട് എല്ലാം പറയുമായിരുന്നു… ഇപ്പൊ എന്തോ എന്നോട്
എല്ലാം മറച്ചു വെക്കുന്നതു പോലെ.. “
ഒരിക്കലും പരിഭവം പറഞ്ഞു കണ്ടിട്ടില്ലാത്ത സുനന്ദ പരാതികളുടെ കെട്ടഴിക്കാൻ തുടങ്ങി
“അവർ കുട്ടികളല്ലല്ലോ നന്ദാ….അവർക്കുമില്ലേ അവരുടേതായ സ്വകാര്യ ജീവിതം…ഒന്നിനും നമ്മൾ തടസ്സമാവരുത് “പലപ്പോഴും പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നു പ്രകാശ്
എന്നിട്ടും അവളുടെ കണ്ണുകൾ എപ്പോഴും എന്തോ തേടുന്നത് പോലെ…
ആശ്രമങ്ങൾ, ധ്യാന കേന്ദ്രങ്ങൾ, തീർത്ഥാടനങ്ങൾ.. കഴിഞ്ഞ രണ്ടു വർഷവും ഒരു എതിർപ്പും പ്രകടിപ്പിക്കാതെ അവളുടെ കൂടെ യാത്ര ചെയുമ്പോൾ മനസ്സ് സ്വയം ചോദിച്ചു കൊണ്ടേയിരുന്നു..
എന്താണ് സുനന്ദ അന്വേഷിക്കുന്നത്… എന്തിനു വേണ്ടിയാണ് അവളുടെ മനസ്സ് അലയുന്നത്… ഒരിക്കലും ഒന്നിനും അവളിൽ നിന്നും ഒരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല...
*************
“ഭഗവാൻ പറയുന്നു. ‘അചഞ്ചലമായ ഭക്തിയോടെ എന്നെ ഭജിക്കുന്നവൻ ത്രിഗുണങ്ങളെ മറികടന്ന് ബ്രഹ്മത്തെ പ്രാപിക്കുവാൻ യോഗ്യനാവുന്നു..,’”
മൈക്കിലൂടെ സ്വാമി നിത്യാനന്ദയുടെ പതിഞ്ഞ സ്വരം ഒരു മധുര സംഗീതം പോലെ ഒഴുകുകയാണ്….
അതിന്റെ മാസ്മരികതയിൽ ഭൈമിനിയുടെ ഓളങ്ങൾ പോലും നിശബ്ദമായതു പോലെ..
“ഇനി എല്ലാവരും അൽപനേരം മൗനമായി ധ്യാനിക്കു. “സ്വാമിജിയുടെ വാക്കുകൾ കാതുകളിൽ വീണപ്പോൾ സുനന്ദ കണ്ണുകളടച്ചു..
ഇല്ല കഴിയുന്നില്ല !!
മെല്ലെ കണ്ണ് തുറന്നു ചുറ്റും നോക്കി.. എല്ലാവരും കണ്ണടച്ച് നിശബ്ദരായി ഇരിക്കുന്നു..
തന്റെ ഉള്ളിൽ മാത്രമാണോ എണ്ണിയാൽ ഒടുങ്ങാത്ത തിരമാലകൾ !
ഒന്നിന് പിറകെ ഒന്നായി ആർത്തിരമ്പി വന്ന് അവ എങ്ങോട്ടാണ് മനസ്സിനെ വലിച്ചു കൊണ്ട് പോവുന്നത് !!
************
“എങ്ങനെയുണ്ടായിരുന്നു കോഴ്സ് ….? “
ആദ്യം അവരുടെ ഇടയിലെ മൗനത്തെ ഭേദിച്ചതു പ്രകാശ് തന്നെയാണ്
“എല്ലാവരും എല്ലായിടത്തും പറയുന്നത് ഒരേ കാര്യങ്ങൾ … രീതികൾക്ക് മാറ്റമുണ്ടെന്നു മാത്രം …” സുനന്ദ പ്രകാശിന്റെ മുഖത്തേക്കു നോക്കാതെ ദൂരെയെവിടെയോ കണ്ണുകൾ പായിച്ചു…
“ഞാൻ കുറച്ചു ഡ്രൈവ് ചെയ്യണോ.. പ്രകാശേട്ടൻ കുറേ നേരായില്ലേ.. “
“വേണ്ട… നിന്റെ മുഖത്തു നല്ല ക്ഷീണമുണ്ട്…I പിന്നെ രഘു വിളിച്ചിരുന്നു ഇന്നലെ രാത്രി.. അമ്മ സ്നേഹാലയത്തിൽ ബഹളം വെക്കുന്നു ന്ന്… ഒന്ന് പോയി അന്വേഷിക്കാൻ പറഞ്ഞു.. “
സുനന്ദ ചോദ്യഭാവത്തിൽ പ്രകാശിനെ നോക്കി. സുനന്ദയുടെ നേരെ താഴെയാണ് രഘു
“അതിനിപ്പോ അമ്മക്ക് അവിടയെന്താ ഒരു കുറവ്… ചില സമയത്ത് ചെറിയ കുട്ടികളെ പോലെയാ അമ്മ .. വല്ലാത്തൊരു വാശി.. “
“നമുക്ക് അമ്മയെ കുറച്ചു ദിവസം വീട്ടിലേക്കു കൊണ്ടുവന്നാലോ. നന്ദക്കും ഒരു ചേഞ്ച്‌ ആവും ‌ അമ്മ കൂടെയുള്ളപ്പോൾ.. “
സുനന്ദ എന്തോ ആലോചിച്ച ശേഷം പറഞ്ഞു . “എനിക്ക് ഋഷികേശും ഹരിദ്വാറും ഒന്ന് പോണംന്നുണ്ട് പ്രകാശേട്ടാ...അത് കഴിഞ്ഞിട്ടു മതി അമ്മയെ കൊണ്ടുവരുന്നത്. “
“ നിന്റെ ഇഷ്ടം നന്ദാ.. പിന്നെ ഡോക്ടർ ഡയാന വിളിച്ചിരുന്നു...വെള്ളിയാഴ്ച അപ്പോയ്ന്റ്മെന്റ് കിട്ടിയിട്ടുണ്ട്.. “
“ഒരു കൗൺസിലിങ് ഒക്കെ എനിക്ക് ആവശ്യമുണ്ടോ ഇപ്പൊ ”..ഒരു ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് സുനന്ദ ചോദിച്ചു
“ഒന്ന് അറ്റൻഡ് ചെയ്തു നോക്കൂ… ഡോക്ടർ ഡയാനയെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്.. ഞാൻ അന്വേഷിച്ചിരുന്നു…”
“പിന്നെ… “
കാർ ഷെഡിലേക്കു കയറ്റി നിർത്തി പ്രകാശ് സുനന്ദയുടെ കണ്ണുകളിലേക്ക് നോക്കി..
അവളുടെ തോളിൽ മെല്ലെ കൈ വെച്ചു കൊണ്ട് പറഞ്ഞു..
“എനിക്ക് എന്റെ നന്ദയെ തിരിച്ചു വേണം.. പ്രസരിപ്പിലുള്ള സന്തോഷവതിയായ പരിഭവങ്ങളില്ലാത്ത ആ പഴയ
നന്ദയെ… “
******************
തന്റെ മുന്നിലിരിക്കുന്ന വെളുത്തു മെലിഞ്ഞ സ്ത്രീയെ ഡോക്ടർ ഡയാന കുരിശിങ്കൽ എന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌ കറുത്ത ഫ്രെയ്‌മിട്ട കണ്ണടയിലൂടെ നോക്കി ഒന്ന് വിലയിരുത്തി.
ഏകദേശം അമ്പത്തിരണ്ട് വയസ്സ് പ്രായമുണ്ടവർക്ക്. ഒരു കാലത്ത് അവർ അതീവ സുന്ദരിയായിരുന്നു. സംശയമില്ല.. ഇപ്പോഴും സൗന്ദര്യത്തിന്റെ നേർത്ത തുടിപ്പുകൾ അവരുടെ മുഖത്തു ശേഷിക്കുന്നുണ്ട്.
കണ്ണിനടിയിലെ കറുത്ത പാടുകൾ കണ്ടാലറിയാം.. അവർ നന്നായൊന്നു ഉറങ്ങിയിട്ട് ദിവസങ്ങളായിരിക്കുന്നു.. ഈയിടെയായി തന്നെ കാണാൻ എത്തുന്നവരിൽ കൂടുതലും ഈ പ്രായത്തിലുള്ളവരാണല്ലോ എന്ന് ഡോക്ടർ വെറുതെ ഓർത്തു..
അവരുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ വശ്യതയോടെ പുഞ്ചിരിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു
“മിസ്സിസ് പ്രകാശ്.. എന്നോട് എല്ലാം തുറന്നു പറയു.. മനസിലുള്ളതെല്ലാം… ഒന്നും മറച്ചു വെക്കരുത് .. ബി ഫ്രീ വിത്ത്‌ മി. “
“എനിക്കറിയില്ല ഡോക്ടർ.. എനിക്കൊന്നിലും സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല.. ഒന്നിനും ഒരു കുറവുമില്ല.. സ്നേഹിക്കാൻ മാത്രമറിയുന്ന ഭർത്താവ്.. എല്ലാ സുഖസൗകര്യങ്ങളും ഉള്ള ജീവിതം.. മിടുക്കരായ മക്കൾ.. എന്നിട്ടും.. “
സുനന്ദ വരുന്നതു വരെ അവരുടെ ബയോഡാറ്റ പരിശോധിക്കുകയായിരുന്നു ഡോക്ടർ..
ഒരു മൾട്ടിനാഷണൽ കമ്പനിയിൽ നിന്നും സിഇഒ ആയി റിട്ടയർ ചെയ്‌തതാണ് പ്രകാശ് നായർ… മകൻ മഹേഷ്‌ അമേരിക്കയിൽ എം എസ് ചെയുന്നു.. മകൾ ഡോക്ടർ അഞ്ജലി വിവാഹം കഴിഞ്ഞു കാനഡയിൽ..
തന്റെ പേഷ്യന്റിന്റെ കണ്ണുകളിലേക്കു ഒന്ന് സൂക്ഷിച്ചു നോക്കി ഡോക്ടർ തുടർന്നു..,
“മിസ്സിസ് പ്രകാശ് യാത്രകൾ ഇഷ്ടപെടുന്ന കൂട്ടത്തിലാണല്ലേ.. “
“ഞാൻ പറഞ്ഞല്ലോ ഡോക്ടർ…. പ്രകാശിനോളം സ്നേഹിക്കാൻ കഴിയുന്ന ഒരു ഭർത്താവ് ഈ ലോകത്തുണ്ടോ എന്ന് തോന്നി പോവാറുണ്ട് പലപ്പോഴും.. എന്നെ സന്തോഷിപ്പിക്കാനായി പ്രകാശ് ചെയ്തു കൂട്ടുന്ന കാര്യങ്ങളിലൊന്ന് മാത്രമാണ് ഈ വിദേശ യാത്രകളും.. “
ഡോക്ടർ ഡയാന ഒന്ന് കൂടി തന്റെ പുതിയ പേഷ്യന്റിനെ അളന്നു..
“ആത്മീയ കാര്യങ്ങളിൽ നല്ല താല്പര്യം.. സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ സ്ഥിരം സന്ദർശകയാണോ “
“കഴിഞ്ഞാഴ്ച മൂന്നു ദിവസം അവിടെ ഗീത പഠന ക്ലാസ്സിൽ പോയിരുന്നു.. വേറെയും ആശ്രമങ്ങളിൽ പോവാറുണ്ട്.. സമാധാനവും സന്തോഷവും തേടി മനസ്സ് പലയിടത്തും ചെന്നിട്ടുണ്ട് ഡോക്ടർ...എല്ലാവരും പറയുന്നതു ഒരേ കാര്യങ്ങൾ “
“എന്ത് കൊണ്ടാണ് മിസ്സിസ് പ്രകാശ് അമ്മയെ വൃദ്ധസദനത്തിൽ ആക്കിയിരിക്കുന്നത്. “
ആ ചോദ്യം സുനന്ദ തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി ഡോക്ടർ ഡയാനക്ക്..
“എന്റെ സഹോദരൻ രഘു ഇപ്പോ ലണ്ടനിലാണ്… പിന്നെ ഞാൻ എപ്പോഴും ഓരോ യാത്രകളിലും… അമ്മയെ തനിച്ചാക്കി പോവാൻ വയ്യല്ലോ.. പിന്നെ സ്നേഹാലയത്തിൽ എല്ലാ സൗകര്യങ്ങളുമുണ്ട്.”
ഒന്ന് നിർത്തി സുനന്ദ ഡോക്ടറുടെ മുഖത്തേക്ക് നോക്കി
“എനിക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ട് ഡോക്ടർ.. സാമൂഹ്യ സേവനം പോലെ... ഏതെങ്കിലും ഒരു സ്ഥാപനവുമായി ബന്ധപെട്ടു.. മനസ്സിന് ഒരു സംതൃപ്തി തരുന്ന എന്തെങ്കിലും..”
സുന്ദന്ദയുടെ വാക്കുകൾ കേട്ടു ഡോക്ടറുടെ മുഖത്തു ഒരു ചിരി വിടർന്നു
“വിരോധമില്ലെങ്കിൽ നാളെ എന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കാമോ മിസ്സിസ് പ്രകാശ് .. നമുക്ക് ഒരു സ്ഥലം വരെ പോവാം.. “
****************
റസിയ !!
ദേവാശ്രയത്തിലേക്കു കാറോടിക്കുമ്പോൾ ഡോക്ടർ ഡയാന സുനന്ദയോട് റസിയയുടെ കഥ പറഞ്ഞു..
പത്തു വർഷങ്ങൾക്കു മുൻപാണ് റസിയയുടെ സഹോദരൻ അവളെ ഡോക്ടറുടെ അടുത്ത് ആദ്യമായി കൊണ്ടുവരുന്നത്…അന്നവൾക്കു ഇരുപത്തിനാല് വയസ്സാണ് പ്രായം. പതിനാറു വയസ്സിൽ നിക്കാഹ്‌ കഴിഞ്ഞു പത്തൊൻപത് വയസ്സിൽ വിധവ ആയവൾ.. ഭർത്താവിന്റെ വീട്ടിലെ പീഡനവും ഒറ്റപെടലുമൊക്കെ കാരണം ആ കുട്ടിയുടെ മാനസിക നില തെറ്റിയ നിലയിലായിരുന്നു….
ഡോക്ടറുടെ പരിചരണത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വന്ന റസിയ ആദ്യമായി ആഗ്രഹം പ്രകടിപ്പിച്ചത് നഴ്സിംഗ് പഠിക്കണം എന്നായിരുന്നു..
നഴ്സിംഗ് പഠനം കഴിഞ്ഞു ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി നോക്കുമ്പോഴാണ് റസിയയുടെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവങ്ങൾ ഉണ്ടായത്..
ഒരു പ്രായമായ സ്ത്രീയെ അവരുടെ മക്കൾ ചികിത്സക്കായി ആശുപത്രിയിൽ കൊണ്ടുവന്നു.
ഓർമ നഷ്ടപെട്ട അവരെ അവിടെ ആക്കിയ മക്കൾ പിന്നെ തിരിച്ചു വന്നില്ല.
അന്വേഷണങ്ങളൊക്കെ വിഫലമായപ്പോൾ പിച്ചും പേയും പറയുന്ന ആ സ്ത്രീയെ എല്ലാവരുടെയും എതിർപ്പ് അവഗണിച്ചു റസിയ വീട്ടിലേക്കു കൊണ്ടുപോയി…
വീട്ടുകാരുടെ മുഖവും പതുക്കെ കറുത്ത് തുടങ്ങിയപ്പോൾ റസിയ ഒരു വാടക വീട്ടിലേക്കു താമസം മാറി… ദൈവം എന്തൊക്കെയോ റസിയക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ച പോലെ ആയിരുന്നു ആ സംഭവങ്ങൾ. !!
അതൊരു തുടക്കമായിരുന്നു.. ഇന്ന് ആ വീട് ഇരുപത്തഞ്ചോളം അന്തേവാസികളുള്ള ദേവാശ്രയം എന്ന സ്ഥാപനമാണ്.. മക്കൾ ഉപേക്ഷിച്ചു പോയതും ആരും നോക്കാനില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയതുമായ അമ്മമാർക്ക് സാന്ത്വനവും തണലുമാണ് ഇന്ന് ദേവാശ്രയം..
സമൂഹത്തിലെ നന്മ മനസ്സുകളുടെ സഹായം കൊണ്ട് നല്ലൊരു കെട്ടിടത്തിലാണ് ഇന്ന് ദേവാശ്രയം പ്രവർത്തിക്കുന്നതു…
റസിയക്ക് താങ്ങും തണലുമായി ഡോക്ടറും എന്നും കൂടെയുണ്ട്.
******************
ദേവാശ്രയത്തിന്റെ മുൻപിൽ കാർ നിർത്തിയപ്പോഴേക്കും ഒരു പെൺകുട്ടി ചിരിച്ച് കൊണ്ട് ഗേറ്റ് തുറക്കാനായി ഓടി വന്നു..
“റസിയയുടെ സഹായിയാണ്…ശാലിനി.. ആരുമില്ലാത്ത കുട്ടിയാണ്… രണ്ടു കൊല്ലമായി ഇവിടെ നിൽക്കുന്നു. “
“ റസിയ മാഡം പ്രാർത്ഥന മുറിയിലാണ്..” ശാലിനി പറഞ്ഞു.
“ദിവസവും വൈകിട്ട് ആറു മണിക്ക് കൂട്ട പ്രാർത്ഥനയുണ്ട്… എല്ലാവർക്കും അവരുടെ വിശ്വാസമനുസരിച് ഏത് ദൈവത്തെ വേണമെങ്കിലും പ്രാർത്ഥിക്കാം… ഒരു ദൈവത്തിന്റെ പടവും ദേവാശ്രയത്തിൽ വെച്ചിട്ടില്ല ” ഉള്ളിലേക്ക് കടക്കുമ്പോൾ ഡോക്ടർ പറഞ്ഞു
“നമുക്കിവിടെ വെയിറ്റ് ചെയ്യാം “അകത്തെ ഒരു മുറിയിലേക്ക് ഡോക്ടർ സുനന്ദയെ കൊണ്ട്പോയി…
മുറിയുടെ നടുവിൽ ഒരു മേശപുറത്തു നിറയെ ട്രോഫികളും മെമെന്റോകളും വെച്ചിരിക്കുന്നു..
“റസിയക്ക് കിട്ടിയ അംഗീകാരങ്ങൾ.. ഇപ്പൊ സർക്കാരും പല സാമൂഹ്യ സംഘടനകളും ദേവാശ്രയത്തെ സഹായിക്കുന്നുണ്ട്.. “
“ഡോക്ടർ വന്നിട്ട് കുറെ നേരമായോ “
വിടർന്ന ചിരിയുമായി ഉള്ളിലേക്കു കടന്നു വന്ന ചെറുപ്പകാരിക്ക്‌ ഡോക്ടർ സുനന്ദയെ പരിചയപ്പെടുത്തി..
“റസിയ.. ഇത് സുനന്ദ പ്രകാശ്.. ദേവാശ്രയം സന്ദർശിക്കാൻ വന്നതാണ്.. കൂടെ സഹായം നൽകാനും. “
“ഡൊനേഷൻ ആണെങ്കിൽ ദേവാശ്രയത്തിന്റെ പേരിൽ ചെക്ക് തന്നാൽ മതി. “പുഞ്ചിരിച്ചു കൊണ്ട് റസിയ പറഞ്ഞു
സുനന്ദ അത്രയും നേരം റസിയയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു .. എന്തൊരു തേജസ്സാണ് ആ കുട്ടിയുടെ മുഖത്തു… വല്ലാത്തൊരു ചൈതന്യം…. ഒരു മാലാഖയെ പോലെ..
“വരൂ എല്ലാവരെയും പരിചയപ്പെടാം. “റസിയ അകത്തേക്ക് കൂട്ടികൊണ്ട് പോയി..
രണ്ട് നിലയിലായാണ് അന്തേവാസികളെ പാർപ്പിച്ചിരിക്കുന്നത്… റസിയ എല്ലാവരെയും പരിചയപെടുത്തി… മിക്കവരും ജീവിത സായാഹ്നത്തിൽ എത്തിയവർ…
കൂട്ടത്തിൽ ഒരു സ്ത്രീ സുനന്ദയുടെ കൈ പിടിച്ചു.. “എനിക്ക് മാഡത്തിനെ പോലെ ഒരു മോളുണ്ട്…. പക്ഷെ അവൾ എന്നെ ഇവിടെ ആക്കിയ ശേഷം പിന്നെ വന്നിട്ടില്ല.. മാഡം വന്നല്ലോ ഞങ്ങളെ കാണാൻ സന്തോഷം ”
അവരുടെ കണ്ണ് നിറയുന്നത് സുനന്ദ അസ്വസ്ഥയോടെ നോക്കി.. “റസിയ മോൾ ഞങ്ങൾക്ക് ദൈവമാണ് മാഡം… എത്ര സ്നേഹമുള്ള കുട്ടിയാണവൾ !!“
**********
ക്ലിനിക്കിലേക്ക് തിരിച്ചു കാറോടിക്കുമ്പോൾ ഡോകടർ ഡയാന സുനന്ദയെ വീണ്ടും ഒന്ന് നിരീക്ഷിച്ചു….
“മിസ്സിസ് പ്രകാശ് ….ആലോചിച്ചിട്ടുണ്ടോ ജീവിതത്തിൽ എന്താണ് നമ്മളെല്ലാവരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.. എന്തിനു വേണ്ടിയാണു നമ്മുടെ മനസ്സ് ഭ്രാന്തമായി അലയുന്നത്… ചിലർ തേടുന്നത് സന്തോഷം.. ചിലർക്ക് വേണ്ടത് സമാധാനം. ചിലർ അന്വേഷിക്കുന്നത് ഈശ്വരനെ… “
“ഈശ്വരാരാധന ഒരു തെറ്റാണെന്നല്ല ഞാൻ പറയുന്നത്…,റസിയയെ പോലെ എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്… പലരുടെയും ജീവിതത്തിൽ താങ്ങും തണലുമായി മാറുന്നവർ… അവർ ജീവിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ് ..അവർ തിരയുന്നത് മറ്റുള്ളവരുടെ കണ്ണിലെ പ്രകാശമാണ്….ആ പ്രകാശമാണ്അവരുടെ ഉള്ളിൽ സന്തോഷം നിറക്കുന്നത്.. അവരെ നമ്മൾ എന്താണ് വിളിക്കേണ്ടത് ”
“ഭൂമിയിലെ ദൈവങ്ങൾ എന്ന് തന്നെയല്ലേ !!

“ജീവിതത്തിൽ നമുക്ക് പല വേഷങ്ങളും ആടിത്തീർക്കേണ്ടതുണ്ട് മിസ്സിസ് പ്രകാശ്.. മകളായി അമ്മയായി അമ്മൂമ്മയായി.. ഒരമ്മയുടെ ഭാഗം വളരെ ഭംഗിയായി തന്നെ അവസാനിച്ചിരിക്കുന്നു … ഇനി കുറച്ചു കാലം മകളായി വീണ്ടും ഒന്ന് ജീവിച്ചൂടെ മിസിസ്സ് പ്രകാശ്.. “
ആർത്തിരമ്പി വന്ന തിരമാലകൾ പിൻവാങ്ങുന്നു…..ഉള്ളിലെ കടൽ ശാന്തമാവുന്നു !!
***********
ഡോക്ടറോട് യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ സുനന്ദയുടെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിക്കുകയായിരുന്നു പ്രകാശ്..
“ഡെറാഡൂണിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് കൺഫേംട് ആയിട്ടുണ്ട്… അവിടുന്ന് ഋഷി കേശിലേക്കു ബസിൽ പോണം “
കാർ സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് പ്രകാശ് പറഞ്ഞു..
“അത് ക്യാൻസൽ ചെയ്തേക്കു പ്രകാശേട്ടാ.. ഞാൻ ഇപ്പോ പോവുന്നില്ല.”
“പിന്നെ?... “പ്രകാശ് അതിശയത്തോടെ സുനന്ദയെ നോക്കി
“നമ്മളിപ്പോൾ പോവുന്നത് സ്നേഹാലയത്തിലേക്കാണ്.. ഇന്ന് തന്നെ അമ്മയെ വീട്ടിലേക്കു കൊണ്ട് വരണം.. ഇനി മുതൽ അമ്മ നമ്മുടെ കൂടെയാണ്.. “
“ നന്ദാ.. നീ നല്ലോണം ആലോചിച്ചിട്ട് തന്നെയാണോ “
“അതേ പ്രകാശേട്ടാ.. ഞാൻ എന്താണ് ഇത്രയും കാലം അന്വേഷിച്ചത് അതിന്റെ ഉത്തരം ഇന്നെനിക്കു കിട്ടി...ഇനി ഞാൻ ഒരു പരാതിയും പറയില്ല.. സന്തോഷവും സമാധാനവും എല്ലാം നമ്മുടെ ഉള്ളിൽ തന്നെയാണ്.. എനിക്ക് എല്ലാ ആദ്യം മുതൽ തുടങ്ങണം എന്റെ അമ്മയിൽ നിന്ന് അമ്മയുടെ മകളായി ”
“അഞ്ജലിയെയും മഹേഷിനെയും പിരിഞ്ഞപ്പോൾ ഞാൻ വേദനിച്ചെങ്കിൽ ഇത്രയും അടുത്ത് മക്കളെ പിരിഞ്ഞിരിക്കേണ്ടി വന്ന അമ്മ എത്ര മാത്രം വേദനിച്ചിരിക്കും ”
“ അമ്മക്ക് നഷ്ടപെട്ട സന്തോഷംമുഴുവൻ എനിക്ക് തിരിച്ചു നൽകണം.. ഋഷികേശും ഹരിദ്വാറും ഒക്കെ ഒരിക്കൽ പോണം.. പക്ഷെ അന്ന് അമ്മയും ഉണ്ടാവും നമ്മുടെ കൂടെ.. “
അത് പറയുമ്പോൾ അത് വരെ കാണാത്ത ഒരു പുതിയ പ്രകാശം സുനന്ദയുടെ കണ്ണുകളിൽ പടരുന്നത് പ്രകാശ് നിർവൃതിയോടെ കണ്ടു. !!
(റസിയ ജീവിക്കുന്ന ഒരു കഥാപാത്രമാണ്.. യഥാർത്ഥ പേര് റസിയ ഭാനു… പാലക്കാട്‌ ഒരു വൃദ്ധ സദനം നടത്തുന്നു.. റസിയയെ ഞാൻ പരിചയപെടുന്നതു കുറച്ചു വർഷങ്ങൾക്കു മുൻപാണ്..കഥ സന്ദർഭങ്ങൾ സാങ്കല്പികം മാത്രം. ഈ കഥ ഇതേ പോലുള്ള അനേകം റസിയമാർക്കായി ഭൂമിയിലെ ദൈവങ്ങൾക്കായി സമർപ്പിക്കുന്നു )
ശ്രീകല മേനോൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot