Showing posts with label AnithaNassim. Show all posts
Showing posts with label AnithaNassim. Show all posts

ഓർമ്മക്കൂട്ട്


ഓര്‍മ്മകളെനിക്ക്
നേരുതൊട്ട സൗഹൃദങ്ങള്‍ പോലെയാണ് 
ഒറ്റയ്ക്കാവുമ്പോള്‍
അരികിലണഞ്ഞു കളിച്ചും ചിരിച്ചും
കണ്ണീര്‍ പൊഴിച്ചും ..
കാഴ്ചകള്‍ കണ്ട്തളര്‍ന്ന
പുകമൂടിയ വെളുപ്പിനും
ആലസ്യത്തിന്റെ മറപാകിയ
കറുപ്പിനുമിടയിലെ
അരുണാഭയില്‍ അഭയം തേടിയുള്ള യാത്രയില്‍
അവ കൈപിടിച്ച് കൂടെ നില്‍ക്കും...
മെല്ലെ..മെല്ലെ..
കണ്‍ ചിമിഴിലലിവ് പകര്ന്ന്
കിനാവിന്‍ വീഥികളിലേക്ക് നയിക്കും.
പിന്നെ..കണ്ട കിനാവുകളെ
മനസ്സില്‍‍നിന്നുതിരാതെ കാക്കാന്‍
ശാസനയോടെ പറഞ്ഞു തരും..
ചതിയിലെ നേരും
നേരിലെ ചതിയും കണ്ടറിയാന്‍
അകകണ്ണ് ഒരായുധമാക്കാന്‍
ശക്തിയോടെ മന്ത്രിക്കും.
ചിലപ്പോള്‍ അക കാഴ്ച്ചയുടെ പിന്നാമ്പുറങ്ങളില്‍
ഒതുങ്ങിനിന്നവ
കരുണയുടെ കരങ്ങള്‍ നീട്ടി
ഹൃദയത്തെ തലോടും..
ഒരിക്കലുമൊളിമങ്ങാത്ത
എന്‍ മോഹത്തിന്‍ നിറക്കൂട്ടുകള്‍
ഇന്നിന്റെ സത്യങ്ങളില്‍ ചാലിച്ച്
നാളെയുടെ വിരല്‍ത്തുമ്പില്‍ മുറുകെപിടിച്ച്
മുന്നോട്ട് പോകാനുള്ള
ചിത്ര പാഠങ്ങള്‍ പകര്‍ന്നു തരും
ഈ ഓര്‍മ്മകളില്ലാതാകുമ്പോള്‍
നാളെകളുണ്ടാകില്ല ...
സൌഹൃദങ്ങള്‍ വരളുമ്പോള്‍
നന്മകളും ഈ ഞാനും..
By: 
Anitha Nassim

എൻ പ്രിയവാക്കുകളോട്


ഇന്നലെ ഞാൻ ഒരുക്കൂട്ടിവെച്ച
വാക്കുകൾ ഇന്നെവിടെയാണ്? 
കയ്യെത്താദൂരത്തെ കാണാമരച്ചില്ലകളിൽ
തിരഞ്ഞുപിടിക്കാനാകാതെ
ഒക്കെയും വേണമെന്ന് കരുതിവെച്ചതാണ്
എന്നിട്ടും ഓർത്തെടുത്തു അടുക്കി പെറുക്കി
കൊരുത്തെടുക്കാനാകാതെ
ഇന്നലെ അവ എന്റെ ഓർമ്മകൾക്കൊപ്പം
കളിച്ചുല്ലസിച്ചതാണ്
ഇന്നിതാ തിരികെ വേണമെന്ന
എന്റെ വാശിയിൽ മുഖം തിരിച്ചു
എങ്ങോ പോയി മറഞ്ഞിരിക്കുന്നു
ഒരുവേള ഇന്നിന്റെ നിസ്സംഗതയിൽ
അലിഞ്ഞതാകാം .
അല്ലെങ്കിൽ ഒരു കണ്ണുപൊത്തിക്കളിയിൽ
വഴുതിമാറിയതാകാം
എങ്കിലും പ്രിയവാക്കുകളെ
നിങ്ങളെന്റെ ചിന്തകൾക്ക് കൂട്ടായിരിക്കുക
ഉണർവ്വിന്റെ ഉയിരായി
അറിവിന്റെ ശക്തിയായി
ഞാനുണ്ടെന്ന ഓർമ്മപ്പെടുത്തലായ്
ഈ വഴിയരികിലൊരുകോണിൽ
തനിയെ ഇരിക്കുമ്പോൾ
വിരൽത്തുമ്പിൽ കിനിയുന്ന
സ്നേഹമായ് വന്നെന്റെ
മനസ്സിലൂടൊഴുകി കടന്നുപോയീടുക.
By: 
Anitha Nassim

ബാല്യം


വേണമെനിക്കെന്റെ
മഷിത്തണ്ടിന് മണമോലും ബാല്യം
_________________________________
(സ്ളേറ്റിൽ മായ്ച്ചുമായ്ച്ചെഴുതിയ 
അക്ഷരങ്ങളിൽ പറ്റിച്ചേർന്നിരുന്നത്
നിന്റെ ഹൃദയരക്തമായിരുന്നല്ലോ
ആ ഓർമ്മകൾക്കൊപ്പമിരുന്നാണ്
നിന്നെ ഞാനിന്നു വാത്സല്യപൂർവ്വം
തഴുകുന്നത്) .

By: Anitha Nassim

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo