Showing posts with label MaluGNair. Show all posts
Showing posts with label MaluGNair. Show all posts

തീരങ്ങൾ തേടി


banner  - Copy
~~~~~~~~~~~~


Malu G Nair

''ദൈവമേ മണി ആറരയായിരിക്കുന്നു."

അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി അടുക്കളയിലേക്ക് തിരക്കിട്ടോടുന്നതിനിടയിൽ സുജാത പിറുപിറുത്തു

എന്തു പറ്റിയതാണാവോ.... വല്ലാണ്ട് ഉറങ്ങിപ്പോയല്ലോ..... അനിയേട്ടൻ പറയും പോലെ വല്ലാതെ മടിച്ചിയാവണുണ്ടോ താൻ..... ആയിരിക്കും കുറച്ച് ദിവസായി ആകെയൊരു മന്ദത തുടങ്ങീട്ട്.... ക്ഷീണം പോലെ....

മടിയുടെ മറ്റൊരു വാക്കാത്രേ ക്ഷീണം അനിയേട്ടന്റെ കണ്ടുപിടിത്തമാണ്.....

ആകുമോ.... ആ ആർക്കറിയാം

വീട്ടിലെ എല്ലാ ജോലിയും ചെയ്യുന്നുണ്ട്. മാത്രമല്ല കറന്റ് ബില്ല്... വാട്ടർ ബില്ല്... ഹൗസിംഗ് ലോണടയ്ക്കൽ.... കല്യാണം , മരണം തുടങ്ങി ഒരായിരം കൂട്ടം വേറെയും.... ഒന്നിനും മുടക്കം വരുത്താറില്ല... എന്നിട്ടും മടിച്ചിയാത്രേ ഞാൻ....

ഒന്ന് കുനിഞ്ഞ് നിവർന്നതേയുള്ളൂ....ഇടം നെഞ്ചിലെവിടെയോ ഒരു വേദന..... ഒരു മിന്നൽ...ഒപ്പം നെഞ്ചാകെയൊരു വിങ്ങൽ പോലെ..... ഇതിപ്പോ ഇടക്കിടെയുണ്ടല്ലോ.... സുജാത ഓർത്തു. ഒരിത്തിരി നേരം മാത്രേ ഉണ്ടാകൂ. ന്നാലും.....

ഒരായിരം പണികളുള്ളതാ... അതിനിടേലാ ഇത്തരം ഏടാകൂടങ്ങൾ... അനിയേട്ടൻ പറയും പോലെ ഒക്കെ തന്റെ തോന്നലാവും..... ഓരോ വയ്യായ്കകളെ പറ്റി പറയുമ്പോൾ അച്ഛനും മക്കൾക്കും ചിരിയാണ്.... ഈ വരുന്ന അസുഖങ്ങളുടെയും വേദനകളുടെയും കണക്കെടുത്താൽ നീയെന്നേ മണ്ണിനടിയിൽ വിശ്രമിക്കേണ്ടതായിരുന്നു എന്നാ ഏട്ടൻ പറയാ.... അപ്പോ പരിഭവം തോന്നിയാലും പിന്നെ ആലോചിക്കുമ്പാേ ചിരിയാ വര്വാ....

"ശരിയാ തെക്കേ തൊടിയിൽ ഒരു തെങ്ങ് കായ്ക്കേണ്ട സമയം കഴിഞ്ഞു. "

തന്റെ പതം പറച്ചിൽ കേൾക്കുമ്പോ ഉത്ക്കണ്ഠപ്പെടുന്ന ഏക വ്യക്തി അമ്മയാണ്. വയ്യായ്കയെ പറ്റി പറയുമ്പോൾ അമ്മയുടെ കണ്ണുകളിൽ ഒരു വെപ്രാളം വന്നു കൂടും..... വല്ലാത്തൊരു വാത്സല്യവും പരിഭ്രമവും തളം കെട്ടും.... അത് കണ്ടിരിക്കാൻ തന്നെ ഒരു രസമാണ്. ഒപ്പം കുഞ്ഞുനാളിലെ പനിച്ചൂടിലേക്കൊരു യാത്ര പോകും. അമ്മ തരുന്ന കട്ടനും ബിസ്ക്കറ്റും പാരസെറ്റാമോൾ ഗുളികയും കഴിച്ച് മൂടിപ്പുതച്ച് കിടക്കുന്ന , കൊതിപ്പിക്കുന്ന പനിക്കാലം.... ഇടയ്ക്കിടെ ചൂടുണ്ടോയെന്ന് തൊട്ടു നോക്കുന്ന കൈകളെ കവിളോട് ചേർത്ത് പിടിച്ച് ആ മടിയിലേക്ക് മുഖം പൂഴ്ത്തി കിടക്കുന്ന പനിക്കാലം....

''ഒരു പനി വന്നിരുന്നെങ്കിൽ..." എന്ന ആലോചനയിലൂടെ ചുണ്ടിലേക്കിറ്റു വീണ പുഞ്ചിരിയെ പുറം കൈകൊണ്ട് തുടച്ചു മാറ്റി സുജാത യന്ത്രം കണക്കെ ചലിച്ചുകൊണ്ടിരുന്നു.....

ഉറക്കമുണർന്ന് വന്ന ഭർത്താവിനും മക്കൾക്കും വേണ്ടതെല്ലാം ഒരുക്കി കൊടുത്ത് ഓഫീസിലേക്കും സ്ക്കൂളിലേക്കും മൂവർക്കുമുള്ള ഉച്ചഭക്ഷണവും എടുത്തു വച്ച ശേഷം വാട്ടർ ബോട്ടിലിൽ വെള്ളം നിറയ്ക്കുന്നതിനിടയിലാണ് വീണ്ടും നെഞ്ചിലേക്കൊരു കൊളുത്ത് വീണത്.... ശരീരമാകെ ഒന്ന് വിയർക്കുകയും ചെയ്തു.... രണ്ടു മൂന്ന് മിനിറ്റിനിടെ ശാന്തമാവുകയും ചെയ്തു.... തോന്നുന്നതാവും അല്ലെങ്കിൽ ഗ്യാസ് കയറിയതാവും.... ചിന്തിച്ച് നിൽക്കുന്നതിനിടയിലാണ് അനിയേട്ടൻ കടന്നു വന്നത്...

"എന്താടീ ആലോചിച്ചു നിക്കണേ"

''ഏയ്...ഒന്നൂല്യ അനിയേട്ടാ ''

''ന്തോ ഉണ്ടല്ലോ..... പറഞ്ഞേ "

"അത്...... അത്..... അനിയേട്ടാ...! നെഞ്ചിലൊരു കൊളുത്ത് പോലൊരു വേദന.....''

" ഇന്നെന്താ നിന്റെ അമ്മ വരുന്നുണ്ടോ..... സാധാരണ അപ്പോഴാണല്ലോ വേദനേം ക്ഷീണോം തളർച്ചയുമൊക്കെ... "

"വേണ്ട...... പറയണ്ടായിരുന്നു. നാണക്കേടായിപ്പോയി..... വേദന തോന്നിയത് തന്നെയാവും.... പ്രശ്നമുള്ള വേദനയാണേൽ തുടർന്ന് നിക്കേണ്ടതല്ലേ.... "

മക്കളെ സ്ക്കൂൾ ബസിൽ കയറ്റി വിട്ട് തിരികെ വരുമ്പോഴേക്കും അനിയേട്ടൻ കയറ് പൊട്ടിക്കാൻ തുടങ്ങിയിരുന്നു.

"സുജീ...... എടി സുജി ഷർട്ട് എന്തിയേ ടീ"

"അവിടെ അലമാരയിൽ തന്നെയുണ്ട് അനിയേട്ടാ.....,

''തേച്ച് വെച്ചതാണോ "

അതേന്ന്.....

അനിയേട്ടന് കഴിക്കാനുള്ള ദോശയും സാമ്പാറുമെടുത്ത് തിരിയുന്നതിനിടെ വീണ്ടും വിളി വന്നു.

''ന്റെ സോക്സെന്തിയേ ടീ....

'' ഈ മനുഷ്യനെ കൊണ്ട് തോറ്റല്ലോ ദൈവേ.... എല്ലാത്തിലും എന്റെ കൈയ്യെത്തിയാലേ പറ്റുള്ളോ...."

മുറുമുറുക്കുന്നതിനിടയിലും ഇതൊക്കെ തന്റെ മനസ്സ് ആസ്വദിക്കുകയാണല്ലോ ന്നോർത്ത് അവൾ അത്ഭുതപ്പെട്ടു. ഒക്കെയൊരു സന്തോഷമാണ് ഇങ്ങനെയോരോന്ന് ഒരുക്കി കൊടുത്ത് ഓഫീസിലേക്കയക്കുന്നത്.... അതിന്റെ പേരിൽ വഴക്കിടുന്നത്.... അദ്ദേഹവും ഇതൊക്കെ ഇഷ്ടപ്പെടുന്നുണ്ടാവാം.....

''കഴിക്കാനെടുത്തു വച്ചോ.... ശൊ ഇന്ന് ലേറ്റായിപ്പോയല്ലോ '' എന്ന് പറയുന്നതിനിടയിൽ തന്നെ അദ്ദേഹം കഴിക്കാനിരുന്നു. ഒരു കഷ്ണം ദോശ മുറിച്ച് സാമ്പാറിൽ മുക്കി വായിലേക്ക് വച്ച അദ്ദേഹത്തിന്റെ മുഖം ചുളിഞ്ഞു....

''ന്താടീ ഈ ഉണ്ടാക്കി വച്ചിരിക്കുന്നെ"

'' ന്താ അനിയേട്ടാ....."

"ഉപ്പ് കൂടീട്ട് വായിൽ വെക്കാൻ കൊള്ളില്ലല്ലോ... നീ തന്നെ തിന്ന് എനിക്കെങ്ങും വേണ്ട.... അല്ലേലും മനസ്സോടെയാണോ വെച്ചുവിളമ്പുന്നെ... എല്ലാറ്റിനും മടി തന്നെ മടി....."

ദേഷ്യത്തിൽ അദ്ദേഹം ഇറങ്ങിപ്പോയി.....

ആകെ വിഷമം തോന്നി....
''എന്താ പ്പോ ഇത്.... അത്രക്ക് ഉപ്പ് കൂടുതലാ...?? ഏയ് മക്കളൊന്നും പറഞ്ഞില്ലല്ലോ..... "

ഒരു കഷണം ദോശ സാമ്പാറിൽ മുക്കി വായിൽ വെച്ചു.

"ഏയ് അത്ര കൂടുതലൊന്നുമല്ല."

വേണേൽ കഴിക്കട്ടെ സുജാത അടുക്കളയിലേക്ക് നടന്നു....

"ല്ലാറ്റിനും മടി തന്നെ മടി " മനസ്സാ പദത്തിൽ കുരുങ്ങി കിടന്നു.... "കാലങ്ങളെത്രയായിരിക്കും തന്നെ ഈ പദം വിഴുങ്ങി തുടങ്ങിയിട്ട്..... "
സുജാതയുടെ ഓർമ്മത്താളുകളിൽ നിന്ന് ആരൊക്കെയോ ആർത്ത് വിളിക്കുന്നുണ്ടായിരുന്നു.

" മടിച്ചിക്കോത...."

'' മന്ദബുദ്ധി...."

''ഇതിങ്ങനൊരു പൊട്ടിയായിപ്പോയല്ലോ ദൈവമേ''

പരിഹാസങ്ങൾ ,കളിയാക്കലുകൾ , ഒഴിവാക്കി നിർത്തലുകൾ...... എല്ലാവരും കൂടി തനിക്കായൊരു ഷെൽട്ടർ തീർത്തു തരികയായിരുന്നു.

അതിനുള്ളിൽ പാത്തും പതുങ്ങിയും ഒതുങ്ങുന്ന തന്നോട് വഴക്കിട്ടും...ശാസിച്ചും... സന്തോഷിച്ചും... സങ്കടപ്പെട്ടും... തന്റെയുള്ളിൽ നിന്ന് മറ്റൊരു താൻ ഷെൽട്ടറിനുള്ളിലേക്ക് കുടിയേറുകയായിരുന്നു...... പെരുമാറ്റങ്ങളിൽ ,കർമ്മങ്ങളിൽ ,കളി ചിരികളിൽ നിന്നൊക്കെ തന്നെ പിന്നോക്കം നിർത്തി തന്റെയുള്ളിലെ താൻ , തന്നെ പൊതിഞ്ഞു പിടിക്കുന്നുണ്ടായിരുന്നു.....

ഞാൻ വലുതോ നീ വലുതോ എന്ന മത്സരബുദ്ധികൾക്കിടയിൽ നിന്ന് "നീ ചെറുത്.... " "നീ ചെറുത്....'' എന്നാർത്തിരുന്ന തന്റെ തന്നെ മനസ്സോർത്ത് സുജാതയൊന്ന് പൊട്ടിച്ചിരിച്ചു പോയി.....

"യ്യോ..... ഒറ്റയ്ക്ക് ചിരിക്കേ.... അതും ഇത്ര ഉച്ചത്തിൽ....ആരേലും കണ്ടു വന്നാലെന്താ കഥ.... " സുജാത ചുറ്റും നോക്കി....

കഴുകിയ പാത്രങ്ങളടുക്കി വെയ്ക്കുന്നതിനിടയിൽ മിന്നൽ പോലെ വീണ്ടും ആ വേദന.... ഇതെന്തായിങ്ങനെ..... നെഞ്ചിലെ വേദന ഇടതു വശമാകെ പടർന്ന് പിടിക്കുന്ന പോലെ..... മെല്ലെ നിലത്തേക്കിരുന്നു....... പതിയെ കിടന്നു...

" ദൈവമേ ഒക്കെയെന്റെ തോന്നലാണോ...... തോന്നിലിലെ വേദനക്കിത്ര വേദന ണ്ടാവോ..."

അനിയേട്ടനെ വിളിച്ചാലോ....
''വേണ്ട... വഴക്കിട്ട് പോയതല്ലേ ദേഷ്യം ണ്ടാവും.... ഓഫീസിൽ നല്ല തിരക്കാവും" ഉള്ളിലെ സുജാത തടഞ്ഞു.

- 'ഒക്കെ ഒരു തോന്നലാണ്.... കുറച്ച് കഴിയുമ്പോ മാറും...." ഉള്ളിലിരുന്നവൾ മന്ത്രിച്ചു.

''അതേ എല്ലാം വെറും തോന്നലുകളാണ്. മടി പിടിച്ച മനസ്സിന്റെ.... തന്റേതായ പുറന്തോടിനുളളിൽ ഒതുങ്ങിക്കൂടാനുള്ള തോന്നലുകൾ.... "

ഈ തോന്നൽ മാറുമ്പോ അനിയേട്ടന് ഇഷ്ടമുള്ള ഇലയട ഉണ്ടാക്കി വയ്ക്കണം.... മക്കൾക്കിത്തിരി പായസം ണ്ടാക്കണം.... അതൊക്കെ കാണുമ്പോ ആളുടെ പരിഭവമൊക്കെ പമ്പ കടക്കും.... രാവിലെ വഴക്കിട്ടതിന് ഒരു ചമ്മലുണ്ടാവും പുളളിക്കാരന്. ചെറുപുഞ്ചിരിയോടെ

തന്നെയൊന്ന് ചേർത്ത്..............

കൂടി വരുന്ന ആ "തോന്നലി"നൊപ്പം പാദത്തിൽ നിന്ന് അരിച്ച് കയറുന്ന തണുപ്പിൽ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.

അപ്പോഴും ഉള്ളിൽ നിന്നൊരുവൾ മൃദുവായി തലോടുന്നുണ്ടായിരുന്നു. ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു...... മുറിഞ്ഞ വാക്കുകൾ പൂരിപ്പിക്കുന്നുണ്ടായിരുന്നു.

" ചേർത്ത് പിടിക്കുമായിരിക്കും..... "

''പ്രണയമാവോളം നിറച്ച് നെറ്റിയിൽ നീണ്ടു നിൽക്കുന്ന ഒരുമ്മ തരുമായിരിക്കും.........."

എൻ പ്രിയ മനമേ



തേങ്ങിക്കരയുമെൻ മനമെന്നോടിന്നാരാഞ്ഞു..
മുഖം മനസ്സിന്റെ കണ്ണാടിയാണു പോൽ..
നീറിപ്പിടയും മനസ്സിൻ പിടച്ചിൽ
കാണാതെയഴകോടെ
പുഞ്ചിരിപ്പതിനെങ്ങനെയാകുന്നു മിത്രമേ....
ദുഷ്ടരാകും നിൻ ചൊടികളുതിർക്കും
നൽ പുഞ്ചിരിപ്പാലിന്ന് മീതെയാ മിഴികളിൻ
മണിമുത്തു പൊഴിയാതിരിപ്പാനെന്തു
മന്ത്രമോതി തടയണ തീർപ്പു നീ....
പുഞ്ചിരി തൂകും അധരങ്ങളന്നേരവും
പുഞ്ചിരി മായാതെയോതീടിനാൻ
എൻ പ്രിയ മനമേയെൻ മിത്രമേ
ഞാൻ നിൻ കണ്ണാടി തന്നെയാണന്നുമിന്നും..
നിന്നെയറിയാൻ കഴിവില്ലാത്തോർക്കു 
മുന്നിലീയലറിക്കരച്ചിലിനെന്തു പുണ്യം
നിന്നെയറിയുന്ന ഞാനുമെൻ ചൊടികളും
നമ്മുടെയീ മിഴിപ്പൂക്കളുമൊരുമിച്ചീയടച്ചിട്ട
പാഴ് മുറിക്കുള്ളിലെയിരുൾച്ചയിലൊറ്റയ്ക്ക് പെയ്തു തീർക്കാം....
നമ്മിലെ ഋതുക്കൾ ഇനിയുള്ള കാലമേകാന്തമായ് തന്നെ തിന്നുതീർക്കാം....

By: Malu G Nair

അല്ല.........ഈ ദേവൂട്ടി ക്കെന്താ കൊഴപ്പം


അല്ല.........ഈ ദേവൂട്ടി ക്കെന്താ കൊഴപ്പം.... ഈ കഴിഞ്ഞ അഞ്ചു കൊല്ലവും ദേവൂട്ടീന്ന് തന്നെയല്ലേ ഇവരെന്നെ വിളിച്ചിരുന്നെ..... വിളിക്കുമ്പോഴൊക്കെ "ന്തോ...... " ന്ന് നീട്ടി വിളിയും കേട്ടിട്ടുണ്ട്..... ന്നിട്ടും..... ന്റെ പേര് മാറ്റണം ത്രേ... സ്ക്കൂളിൽ ചേർക്കുമ്പം ദേവൂട്ടി പേര് ചേരില്ലാ പോലും.... ചേച്ചിക്ക് സംഗീത യാ പേര് അതുകൊണ്ട് ദേവൂട്ടിക്കും " S" ൽ തുടങ്ങണ പേര് വേണം ന്ന്... ഈ അമ്മേടൊരു പരിഷ്ക്കാരം.....ഹും
രാവിലെ മുതൽ ചിന്താധീനയായിരിക്കുന്ന ദേവൂട്ടിയെ കണ്ട് അമ്മ അവളുടെ അടുത്തു വന്നിരുന്നു ചേർത്തു പിടിച്ചു എന്നിട്ട് ചോദിച്ചു
"ന്താ ന്റെ മോൾക്കിത്ര വല്യ ആലോചന......ന്താമുഖം വല്ലാണ്ടിരിക്കണെ....?"
ദേവൂന്റെ കണ്ണ് നിറഞ്ഞു വന്നു......
"എന്തിനാ അമ്മേ ന്റെ പേര് മാറ്റണെ..... പേര് മാറ്റാതെ തന്നെ ന്നെ സ്കൂളിൽ ചേർത്തൂടെ......"
" ആഹാ അതാണോ ന്റെ മോൾടെ വിഷമം..... നോക്ക് നിന്റെ ചേച്ചിക്കും രണ്ട് പേരുണ്ടല്ലോ സ്ക്കൂളിൽ സംഗീതയും വീട്ടിൽ മഞ്ചുവും..... ന്നിട്ടവൾക്കൊരു വിഷമോമില്ലല്ലോ...... "
ഒന്ന് നിർത്തിയിട്ട് അമ്മ തുടർന്നു.....
"അത് മാത്രാണോ..... അവൾക്ക് രണ്ട് പേരും ദേവൂട്ടിക്ക് ഒറ്റ പേരും..... ശ്ശെ.... മോശല്ലേ അത്... അവൾ വല്യ ഗമ കാണിച്ച് നടക്കില്ലേ ന്റെ കുഞ്ഞിന്റെ മുന്നിലൂടെ... "
പണ്ട് മുതലേ ചേച്ചിയും അനിയത്തിയും തമ്മിലുള്ള ഐക്യം അറിയാവുന്ന അമ്മ ദേവൂട്ടിയുടെ വീക്ക് പോയിന്റിൽ തന്നെ പിടിച്ചു.....
"ശെടാ അത് ശരിയാണല്ലോ.... പറ്റില്ല.... പറ്റില്ല.... അങ്ങനിപ്പം അവൾ വല്യാളാവണ്ട.... ദേവൂട്ടി ചിന്തിച്ചു.
" നിക്ക് ന്ത് പേരാ ഇടുന്നെ അമ്മേ...."
" അതോ അമ്മയൊരു നല്ല പേര് കണ്ടു വച്ചിട്ടുണ്ട് "ട " ൽ തന്നെ തുടങ്ങുന്നത്....."
"ആണോ ന്ത് പേരാ അമ്മേ"
"നല്ല പേരാ അമ്മ ഒരു കഥയിൽ വായിച്ച പേരാ....... " സ്മിത '' സ്മിതയെന്നാ പേര്....എങ്ങനുണ്ട് ഇഷ്ടായോ..."
"ങേ... അയ്യേ.... സ്മിതയോ അതെന്ത് പേരാ... നിക്കെങ്ങും വേണ്ട..... കണ്ടു പിടിച്ചൊരു പേരേ.... സ്മിത.... ഹും.... "
ദേവൂട്ടി ദേഷ്യത്തോടെ മുഖം തിരിച്ചിരുന്നു.
'' അയ്യോ...... ന്ത് നല്ല പേരാ സ്മിത..... ദേവൂട്ടിയെക്കാൾ നല്ല പേരല്ലേ.... മോൾക്കറിയാത്തോണ്ടാ....."
" നിക്ക് വേണ്ടാന്ന് പറഞ്ഞില്ലേ..... ഒരു പേരും കൊണ്ട് വന്നേക്കുന്നു...... ഹും"
ദേവൂട്ടി ആകെ ദേഷ്യം കൊണ്ട് ചുവന്നു.
മകളുടെ ഈ മാറ്റം കണ്ട അമ്മ അടുത്ത നമ്പരിറക്കി....
"നിനക്കിഷ്ടായില്ലേൽ വേണ്ട..... ഇനീപ്പോ വേറെന്തെലും നോക്കാം.... ശ്ശൊ നല്ല പേരായിരുന്നു സ്മിത... സുന്ദരിമാർക്കിടണ പേര്.... ങാ നിനക്ക് യോഗമില്ല.... "
" സുന്ദരിമാർക്കോ..... അതെന്താ അങ്ങനെ.... "
" അതേന്ന് സുന്ദരിമാർക്കിടണ പേരാ.... സ്മിത എന്നാൽ നല്ല സുന്ദരമായി പുഞ്ചിരിക്കുന്നവൾ ന്നാ.... "
''ഹാണോ....."
'' ആ.... അതേ... ന്റെ ദേവൂട്ടീടെ ചിരി കാണാൻ ന്താ ഭംഗീന്നറിയോ...... അതു കൊണ്ടാ അമ്മ ആ പേരിടാന്ന് കരുതിയെ......."
" എന്റെ ചിരി കാണാൻ അത്രക്ക് ചന്താ...? " ദേവൂട്ടിയുടെ മുഖം ചുവന്നു തുടുത്തു....
" പിന്നില്ലേ... ന്റെ മോൾടെ ചിരിയും ചുവന്നു തുടുത്ത തക്കാളി പോലത്തെ കവിളുമൊക്കെ കാണാൻ ന്ത് ഭംഗിയാ.... അതല്ലേ ആ പേരിടാന്ന് കരുതിയെ..... മോൾക്കിഷ്ടല്ലേൽ വേണ്ടാ ട്ടോ... അമ്മ വേറെ പേര് നോക്കാം....
" യ്യോ വേണ്ട.....വേണ്ട....നിക്ക് സ്മിത തന്നെ മതീ.... " ദേവൂട്ടി പുഞ്ചിരിച്ചു.....
" ഉം....ന്നാ അതുമതി...." അമ്മ ഒരു കുസൃതി ചിരിയോടെ എണീറ്റുപോയി
ദേവു ഓടിപ്പോയി കണ്ണാടിയിൽ നോക്കി.... ചാഞ്ഞും ചരിഞ്ഞും നിന്ന് ചിരിച്ചു..... കവിളിലേക്ക് സൂക്ഷിച്ചു നോക്കി... തക്കാളി പോലാണോ തന്റെ കവിൾ.....ശെടാ ന്നിട്ട് ഇന്നലേം കൂടി ചേച്ചി ന്നെ മത്തങ്ങാ കവിളീന്ന് വിളിച്ചതാണല്ലോ....... കുശുമ്പിയാ അവൾ ഹും....."
അങ്ങനെ ചിന്തിച്ചു നിൽക്കെയാണ് ദേവൂന്റെ അമ്മായീ ടെ മകൻ സുധിയും ചേച്ചിയും അയൽവക്കത്തെ കളി കൂട്ടുകാർ പിള്ളേരും അങ്ങോട്ട് കയറി വന്നത്.
കണ്ണാടി നോക്കി പുഞ്ചിരിച്ചു നിൽക്കണ ദേവൂനെ കണ്ടതും അവൻ ചോദിച്ചു
"ന്താടീ ഒറ്റയ്ക്ക് നിന്ന് ചിരിക്കണെ.... വട്ടായോ നിനക്ക്....... "
പുഞ്ചിരിച്ച മുഖവുമായി ഗമയൊട്ടും കുറയാതെ ദേവു അവരോട് പറഞ്ഞു....
"അതേയ് നിക്ക് അമ്മ പുതിയൊരു പേരിട്ടിട്ടുണ്ട്. സുന്ദരിമാർക്ക് മാത്രമിടണ പേരാ.... "
" സുന്ദരിമാർക്കിടണ പേരോ.... അതെന്ത് പേരാ " സുധി ചേട്ടൻ ആകാംക്ഷയോടെ ചോദിച്ചു.....
"അതേയ്..... അതേയ്..... സ്മിത.... സ്മിതയെന്നാ ഇനിയെന്റെ പേര്...." അഭിമാനത്തോടെ..... ലേശം നാണത്തോടെ ദേവു പറഞ്ഞു.
" എല്ലാവരും ഒന്ന് നിശബ്ദരായി..... പരസ്പരം മുഖത്തേക്ക് നോക്കി...... വളരെ പെട്ടെന്ന് ആ നിശബ്ദത ഒരു പൊട്ടിച്ചിരിയിലേക്ക് തെറിച്ചു വീണു..... നിലയ്ക്കാത്ത ചിരി... അതിങ്ങനെ മാലപ്പടക്കം പോലെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുകയാണ്.....
ദേവൂട്ടി അന്തം വിട്ട് നിന്നു. അവൾക്ക് ചെറിയ ദേഷ്യം വരുന്നുണ്ടായിരുന്നു.....
'' നിങ്ങളെന്തിനാ ചിരിക്കണെ.... " ദേവൂന് സങ്കടം വന്നു.
സുധി ചേട്ടൻ ചിരിയടക്കാൻ പാടുപെട്ടു കൊണ്ട് അവിടെ കിടന്ന ഒരു സിനിമാ മാസികയെടുത്ത് തുറന്ന് കാണിച്ചു....
" ദേനോക്കെടീ.... ഇതാ നിന്റെ ചുന്നരി സ്മിത...... " അതിലേക്കൊന്ന് നോക്കിയ ദേവു ഞെട്ടിപ്പോയി....
സുന്ദരിയായൊരു ചേച്ചി വെറും രണ്ടു കഷണം തുണിയിൽ മാനം മറച്ച് വെളുക്കെ ചിരിച്ചു നിക്കണു........ പാവം ഇത്രേം തുണിക്ക് ദാരിദ്ര്യമനുഭവിക്കുന്നൊരു ചേച്ചിയെ ആദ്യായി കാണുകയാരുന്നു ദേവു
അത്ഭുതസ്തബ്ധയായി അതിലേറെ നാണിച്ച് നിന്ന ദേവൂട്ടിയോട് ചേട്ടൻ.....
" ഇങ്ങനെ തുണിയുടുക്കാത്ത പെണ്ണിന്റെ പേരാ സ്മിത.... സിൽക്ക് സ്മിത....... അയ്യേ....... കൂയ്..... കൂയ്..... " എല്ലാരും പൊട്ടിച്ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി.
ഇതികർത്തവ്യാ മൂഢയായി നിന്ന ദേവൂട്ടി സ്വബോധം വീണ്ടെടുത്ത്, ചീറിക്കരഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പാഞ്ഞു.
മിഴിച്ചു നിന്ന അമ്മയുടെ മുഖത്ത് നോക്കി പൊട്ടിത്തെറിച്ചു....... നിലത്ത് വീണുരുണ്ട് നിലവിളിച്ചു.....
'' നിക്ക് തുണിയില്ലാത്ത പെണ്ണിന്റെ പേര് വേണ്ടേ.....യ്....... "
കാര്യം കൈവിട്ടു പോയീന്ന് മനസിലായ അമ്മ നിലത്ത് കിടന്നു കാറുന്ന ദേവൂനെ പിടിച്ചെഴുന്നേൽപ്പിച്ച് പറഞ്ഞു.....
" കരയണ്ട മോൾക്കിഷ്ടല്ലാത്ത പേര് അമ്മയിടില്ല ട്ടോ... വേറെ നല്ലൊരു പേരിടാം പോയി മുഖം കഴുകി വാ....."
അങ്ങനെ സന്തോഷത്തോടെ അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങിയ ദേവു വീണ്ടും ആ സിനിമാമാസികയെടുത്ത് സിൽക്ക് സ്മിതയെ നോക്കി... വിജയീ ഭാവത്തിൽ പുച്ഛത്തോടെ ഒന്നു ചിരിച്ചു........
അങ്ങനെ നാളുകൾക്ക് ശേഷം അമ്മ കണ്ടു പിടിച്ച......അധികമാർക്കുമില്ലാത്ത..... സുന്ദരമായ.....ഒരു നല്ല പേരുമായി സ്ക്കൂളിൽ ചേർന്നു ദേവൂട്ടീ.....
*******************************
വർഷങ്ങൾക്കിപ്പുറം കൃത്യമായി പറഞ്ഞാൽ ഇരുപത്തെട്ട് വർഷങ്ങൾക്കു ശേഷം ഒരു സുപ്രഭാതത്തിൽ ടി വി തുറന്ന ദേവു ഞെട്ടിപ്പോയി.........ഏതു ചാനൽ മാറ്റിയാലും തന്റെ പേര്..... ഒപ്പം വൃത്തിയായി വസ്ത്രം ധരിച്ചൊരു സുന്ദരിപ്പെണ്ണും....
കുറച്ച് നേരം ടിവിയിൽ കണ്ണും മിഴിച്ചിരുന്ന ദേവു തന്റെ പേരു കാരിയായ ആ പെണ്ണിന്റെ തൊലിയുരിയുന്ന കദനകഥകൾ കേട്ട് പകച്ചുപോയി.... ദേഷ്യത്തോടെ ടിവി ഓഫ് ചെയ്തിട്ട് ബെഡ്റൂമിലേക്ക് നടന്ന അവളുടെ മുന്നിലേക്ക് ഒരു ടു പീസുകാരി തന്റെ മാദകത്വം നിറഞ്ഞ മിഴിചിമ്മി ഒരു പൊട്ടിച്ചിരിയോടെ കടന്നു വന്നു.
ഇതിലും ഭേദം സ്മിതയായിരുന്നു..... സിൽക്ക് സ്മിതയെന്ന് മുഴുവനായിട്ടിട്ടാലും സാരമില്ലാരുന്നു....
അന്യായം തന്നെ ചേച്ചീ..... ങ്ങടെ ശാപത്തിന് ഇരുപത്തെട്ട് വർഷത്തെ ഗ്യാരണ്ടിയുള്ള കാര്യം മ്മളറിഞ്ഞില്ല....
മനോഹരമായ ഒരു വേണുഗാനത്തോടെ മൊബൈൽ കൺചിമ്മിയുണർന്നു.
ആരാണാവോ........ദേവു മൊബൈലെടുത്തു നോക്കി......
ങാ...നിഷയാണ്.... കുഞ്ഞമ്മയുടെ മകൾ
എത്ര ദിവസായി അവൾ വിളിച്ചിട്ട് ദേവു പുഞ്ചിരിയോടെ ഫോൺ ചെവിയോട് ചേർത്തു.....
ഹലോ.......
"ഹലോ.......സരിതാ എസ് നായരുണ്ടോ....???" മറുപുറത്ത്....!!
'' പ്ഫാ...... വച്ചിട്ടു പോടീ..... "
ദേഷ്യം കൊണ്ട് വിറച്ചു പോയ ദേവു ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കട്ടിലിലേക്കെറിഞ്ഞു..... എന്നിട്ട് FM ഓണാക്കി....
" ഏഴിമല പൂഞ്ചോല.....
മാമലയ്ക്ക് മണിമാല.....
പൊന്മാലാ..... പൊന്മാല......
പുത്തൻ ഞാറ്റുവേലാ.......
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി ഞാറ്റുമുത്തേ......

Malu G Nair

*****മുക്തി******

*****മുക്തി******
മനോഹരമായ ഒരു സ്വപ്നത്തിൽ നിന്ന് അതിശക്തമായൊരു വേദനയുടെ ചുഴിയിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴാണ് ജാനകി ഞെട്ടിയുണർന്നത്.ഒരു മാത്ര ആ മിഴികൾ സ്ഥലജലവിഭ്രമം ബാധിച്ച പോലെയായിരുന്നു... പിന്നെ പതിയെ മനസിലാക്കി തന്റെ കൂട്ടുകാരൻ ഇന്നിത്തിരി പരിഭവത്തിലാണ്... അതാവും ഈശക്തമായ പ്രതികരണം. കുറച്ചു ദിവസായി കുസൃതി കാട്ടിയും കുഞ്ഞു പരിഭവം കാട്ടിയും ചിലപ്പോളിതുപോലെ വല്യ പിണക്കം കാട്ടിയും ഈ വേദന കൂട്ടിരിക്കാൻ തുടങ്ങിയിട്ട്...
വേദനയുടെ കാഠിന്യം ഉച്ചസ്ഥായിയിലെത്തുമ്പോൾ ഒന്നാർത്തു വിളിക്കണമെന്നും ഒന്നു പൊട്ടിത്തെറിക്കണമെന്നും തോന്നാറുണ്ട്. പക്ഷെ... ഏറെ നാളുകളായി ശരീരത്തെയും നാവിനെയും കെട്ടിയിട്ടും മനസ്സിനെ പൂർവ്വാധികം സ്വതന്ത്രമാക്കിയും ദൈവം പരീക്ഷിക്കാൻ ശ്രമിക്കുന്നു.... പക്ഷെ അവിടെയും താൻ സന്തോഷിച്ചു. ജീവിതത്തിന്റെ ഭൂരിഭാഗവും സങ്കല്പലോകത്ത് ജീവിച്ച തനിക്ക്, തന്റെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും കടിഞ്ഞാണിടാതെ ആരോഗ്യമുള്ളൊരു മനസ്സിനെ തിരികെ തന്നതാൽ ദൈവത്തോട് നന്ദി പറഞ്ഞു...
പക്ഷെ ഈ വേദന അസഹനീയമായി തുടങ്ങിയിരിക്കുന്നു.... ആരെങ്കിലും ഒന്നു വന്നിരുന്നെങ്കിൽ ജാനകി ചുറ്റിലും നോക്കി..... ഇല്ല ... ആരുമില്ല.... അകത്തെവിടെയോ കളി ചിരികളും ഒച്ചപ്പാടുകളും കേൾക്കുന്നുണ്ട്....
ആരാ... അത്..
ദേവൂട്ടന്റെ ഒച്ചയല്ലേ ആ കേൾക്കണെ....
അവൻ വന്നോ ബാംഗ്ലൂരീന്ന്.... ജാനകി ഒന്നു ചെവി കൂർപ്പിച്ചു... അതേ ദേവൂട്ടൻ തന്നെ. ഒപ്പം അവന്റെ കെട്ട്യോൾടെയും മക്കളുടെയും ശബ്ദം കേൾക്കുന്നുണ്ട്... പ്രിയ മോൾടെ ചിരിയും കേൾക്കാം... ആങ്ങളയുടെ തമാശകൾ കേട്ടവൾ പൊട്ടിച്ചിരിക്കുകയാണവൾ.....
ന്നാലും ഇക്കുട്ടിക്ക് ഒന്നിത്രേടം വന്നൊന്ന് അമ്മയെ നോക്കാൻ തോന്നീലല്ലോ.ജാനകിയുടെ കണ്ണുകൾ തുളുമ്പി. പണ്ട് അമ്മയുടെ സാരിത്തുമ്പീന്നു മാറാത്ത കുട്ടികളായിരുന്നു ദേവൂട്ടനും പ്രിയ മോളും... താൻ പ്രസവിച്ചില്ലെന്നേയുള്ളു.... അവരുടെ അച്ഛന്റെ ആദ്യവിവാഹത്തിലുണ്ടായ കുട്ടികൾ.... ന്നാലും എന്റെ തന്റെ തല്ലെന്നൊരു ചിന്ത തനിക്കോ അവർക്കോ ഇതുവരെയുണ്ടായിട്ടില്ലാത്തതാ....ന്നിട്ടും...... പെട്ടെന്നു തന്നെ ജാനകി തന്റെ ചിന്തകൾക്കു കടിഞ്ഞാണിട്ടു...... ഏയ് താൻ മയങ്ങിയപ്പോ അവർ വന്നിട്ടുണ്ടാകും..... തന്നെ കണ്ടിട്ടുണ്ടാകും... എന്തൊരസൂയക്കാരിയാണു താൻ...മക്കൾ സന്തോഷിക്കുന്നതു പോലും കുറുമ്പോടെ നോക്കിക്കാണുന്ന അമ്മ.... അവൾക്ക് ലജ്ജ തോന്നി.ഒപ്പം ചുണ്ടിൽ വാത്സല്യം തുളുമ്പൊന്നൊരു പുഞ്ചിരിയും......
ഈ വേദന സഹിക്കാനാകുന്നില്ലല്ലോ ദൈവമേ.... കണ്ണുക്കൾക്കൊരു മയക്കം പോലെ...... ഇത്തിരി വെള്ളം കിട്ടീരുന്നെങ്കിൽ.... ആരെങ്കിലും വന്നിരുന്നെങ്കിൽ........ തനിക്കെന്തോ സംഭവിക്കാൻ പോകുന്നതായി ഉള്ളു പറയുന്നു. മരണമാണോ അത്ത്. ജാനകിയുടെ ഉള്ളിൽ നിന്നൊരു ഭയം പുറത്തുചാടി..... ഹൃദയം മക്കളെ കാണാൻ വെമ്പുന്നുണ്ടായിരുന്നു. ഉച്ചത്തിലവരെ വിളിക്കുന്നുണ്ടായിരുന്നു...... ഇല്ല ആരും വരുന്നില്ല..... തന്റെ മക്കളെ ഒരു നോക്കു കാണാതെ ആ കൈകളിൽ നിന്ന് ഒരിറ്റു ജലം ഈ ചുണ്ടിലേക്കേറ്റുവാങ്ങാതെ താൻ യാത്രയാവുകയാണോ.....
തന്റെ അടുത്താരോ നിൽക്കുന്നതായി ജാനകിക്കു തോന്നി.... ഒരു വെളുത്ത, അവ്യക്തമായൊരു രൂപം.... വളരെ ലോലമായ എന്തോ ഒന്ന്..... തണുക്കുന്നുണ്ടോ തനിക്ക്..... ഉവ്വ്... വല്ലാത്ത തണുപ്പ്..... ചുറ്റും ചെമ്പക സുഗന്ധം... തനിക്കേറ്റവും പ്രിയപ്പെട്ട സുഗന്ധം.... ചുണ്ടിലേക്കൊരു പുഞ്ചിരി പതുങ്ങി വന്നു... അവൾ പോലുമറിയാതെ..... മയക്കം കൺകളെ തളർത്തി....ചെമ്പക ഗന്ധമാർന്ന ഒരു നേർത്ത മഞ്ഞല തന്നെ സ്നേഹവാത്സല്യങ്ങളോടെ പൊതിഞ്ഞു പിടിക്കുന്നത് ജാനകിക്കറിയാനായി..... ആ കൺകളിൽ നിന്ന് ഓരോന്നായി പടിയിറങ്ങി... തികച്ചും ശൂന്യവും ശാന്തവുമായ അവസ്ഥ മനസ്സേറ്റുവാങ്ങി....
അസ്സാധാരണമാം വിധം ഞെട്ടിയുണരുകയായിരുന്നു ജാനകി. ചുറ്റിലും ഇരുട്ടാണ്... എന്താണിത്... എവിടെയാണിത്... അവൾ,വളരെ ശ്രദ്ധിച്ച് പതിയെ നടക്കാൻ തുടങ്ങി..... ഇരുട്ടാണെങ്കിലും കാഴ്ചക്കു തടസ്സമില്ലാത്ത പോലെ.... ഒരു ചതുപ്പിലാണ്ടതു പോലെ..... ശ്വാസം മുട്ടിക്കുന്ന എന്തോ ഒന്ന് ചുറ്റിലും..... അറപ്പുണ്ടാക്കുന്നതും ദുർഗ്ഗന്ധം വമിക്കുന്നതുമായ എന്തോ ഒന്ന് തന്നെ തഴുകി പോകുന്നുണ്ട്. ഭീതിദമായ അന്തരീക്ഷം.ചുറ്റിലും അലർച്ചകളോ നിലവിളിയോ എന്തൊക്കെയോ....
ഭയപ്പാടോടെ പതറി നടക്കുകയായിരുന്നു ജാനകി. അസാധാരണമായ മന്ത്രോച്ചാരണങ്ങൾ മുഴങ്ങുന്നുണ്ടോ.... ആരോ തന്നെ പിന്തുടരുന്നുണ്ട്.ഒരു നേർത്ത കാഴ്ചക്കതീതമായ എന്തോ ഒന്ന് കൂടെയുണ്ട്. ഭയം ഇരട്ടിക്കുന്നുണ്ട്.. അവൾ ചുറ്റും നോക്കി.... നീണ്ട ഇടനാഴികളും ചതുപ്പുകളും കടന്ന് ജാനകി മുന്നോട്ടു നടന്നു... ഇരുട്ടിന് കട്ടി കുറയും പോലെ... നിശബ്ദനായി കൂടെ വരുന്ന ആ അരൂപിയിൽ നിന്നും രക്ഷപ്പെടണം..... എത്രയും വേഗം.....
അതാ അങ്ങകലെ ചിന്നി ചിതറുന്ന ഒരു പ്രകാശഗോളം. എത്രയും പെട്ടെന്ന് അവിടെയെത്തണം. ആ തളർച്ചയിലും അവൾ ആഞ്ഞു നടന്നു... ദൂരം കുറയുംതോറും ആ പ്രകാശവലയത്തിനൊരു രൂപം കൈവരുന്നു.'
അതൊരു വാതിലല്ലേ.... പ്രകാശമാനമായൊരു വാതിൽ..
അതു കാണുന്തോറും ജാനകിയുടെ ഉള്ളു തുടിച്ചു.... സന്തോഷം കൊണ്ട് വിങ്ങുന്നതുപോലെ... ശാന്തിയും സമാധാനവും നിറയുന്നതുപോലെ......
പെട്ടെന്നാണ് പിൻതുടർന്ന വന്ന രൂപം മുന്നിലേക്ക്..... വഴി തടഞ്ഞെന്ന പോലെ...... അവൾ ആലില പോലെ വിറച്ചു പോയി....
ആരാണ്..... ആരാണ് നിങ്ങൾ....
ആ രൂപം തന്റെ മഞ്ഞിൻ തണുപ്പാർന്ന കൈകൾ താഴേക്ക് ചൂണ്ടി. ജാനകി ആ ദിശയിലേക്ക് നോക്കി. ചുറ്റും പച്ചപ്പു നിറഞ്ഞ ഒരു നദീതീരത്ത് നിറയെ പൂ വിട്ടൊരു ചെമ്പക മരം......
ജാനകിയുടെ ഉള്ളൊന്നുലഞ്ഞു.' തനിക്കേറെ ഇഷ്ടപ്പെട്ട ചെമ്പക മരം...... തന്റെ പ്രാണന്റെ പ്രാണൻ വിട്ടകന്ന ചെമ്പകച്ചോട്.... പ്രാണപ്രിയന്റെ കരവലയത്തിൽ നിന്ന് ബലമായി അടർത്തിമാറ്റി മറ്റൊരു കൈയിലേൽപ്പിച്ചപ്പോൾ തന്റെ ഹൃദയരക്തം കൊണ്ട് ചുവന്ന ചെമ്പകച്ചോട്.... അനേകം സ്ത്രീ ശരീരത്തിലൊന്നു മാത്രമായി കണ്ട ഭർത്താവിന്റെ കാഴ്ചപ്പാടിൽ സന്തോഷിച്ച് അയാളുടെ മുന്നിൽ നിന്ന് തന്നെ, മനസ്സുകൊണ്ട് ചെമ്പകചോട്ടിലെത്തി രഘു വേട്ടനോടൊത്തു ജീവിച്ച അതേ ചെമ്പകച്ചോട്.
ജാനകി അതിശയം കൊണ്ട് നിർവ്വികാരയായി നിർന്നിമേഷയായി ആ രൂപത്തെ നോക്കി നിന്നു... ആ രൂപത്തിന് കട്ടി കൂടുന്നുണ്ടോ.
ജാനീ.....
ലോകത്തിലെ സകല സ്നേഹവും പ്രേമവും വാത്സല്യവും ദയയും ആ രണ്ടക്ഷരത്തിലേക്ക് കിനിഞ്ഞിറങ്ങിയതു പോലെ ഒരു ശബ്ദം.
'ജീവിതത്തിലിന്നോളം കേട്ടതിൽ വച്ചേറ്റവും ഹൃദ്യമായ ശബ്ദം.
വിറച്ചു പോയി ജാനകി....
ആയിരക്കണക്കിനു മഞ്ഞു തുള്ളികൾ ഹൃദയത്തിലേക്കിറ്റു വീണ പോലെ....
' ആകാശത്തോളം വാരിക്കൂട്ടിയ ചെമ്പകപ്പൂവുകൾക്കുള്ളിൽ ഹൃദയം ഭദ്രമായതുപോലെ....
നിശബ്ദത ഘനീഭവിച്ചതു പോലെ നിന്ന ജാനകായോടാരൂപം സൗമ്യവും ശാന്തവുമായ സ്വരത്തിൽ ചോദിച്ചു....
''ആ ചെമ്പകയോട്ടിൽ നിന്നൊരു മോക്ഷം എനിക്ക് തന്നൂടെ ജാനീ..... നീ വരുമെന്ന പ്രതീക്ഷയിൽ ദശാബ്ദങ്ങളായി ഞാനവിടെ എന്നെ തളച്ചിട്ടിട്ട്.... നീ വരുമ്പോൾ ഒരു നിദ്രകൊണ്ടു പോലും നിന്നെ നഷ്ടമാകാതിരിക്കാൻ...... ഉറങ്ങാൻ പോലും കൂട്ടാക്കാതെ.... ഭ്രാന്തെന്ന കവചം അണിയിച്ച് സ്വന്തം മനസ്സിനെ, ലോകത്തിന് പരിഹസിക്കാൻ വിട്ടു കൊടുത്ത് ഇന്നലെ വരെയും ഞാനാ ചെമ്പകച്ചോട്ടിൽ നിന്നെയും കാത്തിരുന്നു ജാനീ......
ഇനിയെങ്കിലും ഈ ആത്മാവിനെ നിന്നിലേക്കാവാഹിക്കുക...... ആ സ്വർഗ്ഗ കവാടത്തിലേക്ക് നമുക്കൊരുമിച്ച് കയറിച്ചെല്ലാം....... ഇനിയൊരു ജന്മത്തിലേക്ക് തിരികെയെത്താൻ..... ദൈവത്തോട് യാചിച്ചു നേടാം...... വരൂ ജാനീ...... "
ആ ആത്മാക്കൾ ഒരുമിച്ച് ലയിച്ച് ഒരൊറ്റ ഉരുവമായി ആസ്വർഗ്ഗവാതിൽ ലക്ഷ്യമാക്കി സഞ്ചരിച്ചു..... ആ പ്രകാശവലയത്തിലേക്ക് വിലയം പ്രാപിച്ചു..... അപ്പോഴും ആ രണ്ടാത്മാക്കളുടെ തിരിച്ചു വരവും കാത്ത് നിറഞ്ഞ ചെമ്പകപ്പൂക്കളുമായി ഒരു ചെമ്പക മരം കാതോർത്തിരിക്കുകയായിരുന്നു.......

malu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo