നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തീരങ്ങൾ തേടി


banner  - Copy
~~~~~~~~~~~~


Malu G Nair

''ദൈവമേ മണി ആറരയായിരിക്കുന്നു."

അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി അടുക്കളയിലേക്ക് തിരക്കിട്ടോടുന്നതിനിടയിൽ സുജാത പിറുപിറുത്തു

എന്തു പറ്റിയതാണാവോ.... വല്ലാണ്ട് ഉറങ്ങിപ്പോയല്ലോ..... അനിയേട്ടൻ പറയും പോലെ വല്ലാതെ മടിച്ചിയാവണുണ്ടോ താൻ..... ആയിരിക്കും കുറച്ച് ദിവസായി ആകെയൊരു മന്ദത തുടങ്ങീട്ട്.... ക്ഷീണം പോലെ....

മടിയുടെ മറ്റൊരു വാക്കാത്രേ ക്ഷീണം അനിയേട്ടന്റെ കണ്ടുപിടിത്തമാണ്.....

ആകുമോ.... ആ ആർക്കറിയാം

വീട്ടിലെ എല്ലാ ജോലിയും ചെയ്യുന്നുണ്ട്. മാത്രമല്ല കറന്റ് ബില്ല്... വാട്ടർ ബില്ല്... ഹൗസിംഗ് ലോണടയ്ക്കൽ.... കല്യാണം , മരണം തുടങ്ങി ഒരായിരം കൂട്ടം വേറെയും.... ഒന്നിനും മുടക്കം വരുത്താറില്ല... എന്നിട്ടും മടിച്ചിയാത്രേ ഞാൻ....

ഒന്ന് കുനിഞ്ഞ് നിവർന്നതേയുള്ളൂ....ഇടം നെഞ്ചിലെവിടെയോ ഒരു വേദന..... ഒരു മിന്നൽ...ഒപ്പം നെഞ്ചാകെയൊരു വിങ്ങൽ പോലെ..... ഇതിപ്പോ ഇടക്കിടെയുണ്ടല്ലോ.... സുജാത ഓർത്തു. ഒരിത്തിരി നേരം മാത്രേ ഉണ്ടാകൂ. ന്നാലും.....

ഒരായിരം പണികളുള്ളതാ... അതിനിടേലാ ഇത്തരം ഏടാകൂടങ്ങൾ... അനിയേട്ടൻ പറയും പോലെ ഒക്കെ തന്റെ തോന്നലാവും..... ഓരോ വയ്യായ്കകളെ പറ്റി പറയുമ്പോൾ അച്ഛനും മക്കൾക്കും ചിരിയാണ്.... ഈ വരുന്ന അസുഖങ്ങളുടെയും വേദനകളുടെയും കണക്കെടുത്താൽ നീയെന്നേ മണ്ണിനടിയിൽ വിശ്രമിക്കേണ്ടതായിരുന്നു എന്നാ ഏട്ടൻ പറയാ.... അപ്പോ പരിഭവം തോന്നിയാലും പിന്നെ ആലോചിക്കുമ്പാേ ചിരിയാ വര്വാ....

"ശരിയാ തെക്കേ തൊടിയിൽ ഒരു തെങ്ങ് കായ്ക്കേണ്ട സമയം കഴിഞ്ഞു. "

തന്റെ പതം പറച്ചിൽ കേൾക്കുമ്പോ ഉത്ക്കണ്ഠപ്പെടുന്ന ഏക വ്യക്തി അമ്മയാണ്. വയ്യായ്കയെ പറ്റി പറയുമ്പോൾ അമ്മയുടെ കണ്ണുകളിൽ ഒരു വെപ്രാളം വന്നു കൂടും..... വല്ലാത്തൊരു വാത്സല്യവും പരിഭ്രമവും തളം കെട്ടും.... അത് കണ്ടിരിക്കാൻ തന്നെ ഒരു രസമാണ്. ഒപ്പം കുഞ്ഞുനാളിലെ പനിച്ചൂടിലേക്കൊരു യാത്ര പോകും. അമ്മ തരുന്ന കട്ടനും ബിസ്ക്കറ്റും പാരസെറ്റാമോൾ ഗുളികയും കഴിച്ച് മൂടിപ്പുതച്ച് കിടക്കുന്ന , കൊതിപ്പിക്കുന്ന പനിക്കാലം.... ഇടയ്ക്കിടെ ചൂടുണ്ടോയെന്ന് തൊട്ടു നോക്കുന്ന കൈകളെ കവിളോട് ചേർത്ത് പിടിച്ച് ആ മടിയിലേക്ക് മുഖം പൂഴ്ത്തി കിടക്കുന്ന പനിക്കാലം....

''ഒരു പനി വന്നിരുന്നെങ്കിൽ..." എന്ന ആലോചനയിലൂടെ ചുണ്ടിലേക്കിറ്റു വീണ പുഞ്ചിരിയെ പുറം കൈകൊണ്ട് തുടച്ചു മാറ്റി സുജാത യന്ത്രം കണക്കെ ചലിച്ചുകൊണ്ടിരുന്നു.....

ഉറക്കമുണർന്ന് വന്ന ഭർത്താവിനും മക്കൾക്കും വേണ്ടതെല്ലാം ഒരുക്കി കൊടുത്ത് ഓഫീസിലേക്കും സ്ക്കൂളിലേക്കും മൂവർക്കുമുള്ള ഉച്ചഭക്ഷണവും എടുത്തു വച്ച ശേഷം വാട്ടർ ബോട്ടിലിൽ വെള്ളം നിറയ്ക്കുന്നതിനിടയിലാണ് വീണ്ടും നെഞ്ചിലേക്കൊരു കൊളുത്ത് വീണത്.... ശരീരമാകെ ഒന്ന് വിയർക്കുകയും ചെയ്തു.... രണ്ടു മൂന്ന് മിനിറ്റിനിടെ ശാന്തമാവുകയും ചെയ്തു.... തോന്നുന്നതാവും അല്ലെങ്കിൽ ഗ്യാസ് കയറിയതാവും.... ചിന്തിച്ച് നിൽക്കുന്നതിനിടയിലാണ് അനിയേട്ടൻ കടന്നു വന്നത്...

"എന്താടീ ആലോചിച്ചു നിക്കണേ"

''ഏയ്...ഒന്നൂല്യ അനിയേട്ടാ ''

''ന്തോ ഉണ്ടല്ലോ..... പറഞ്ഞേ "

"അത്...... അത്..... അനിയേട്ടാ...! നെഞ്ചിലൊരു കൊളുത്ത് പോലൊരു വേദന.....''

" ഇന്നെന്താ നിന്റെ അമ്മ വരുന്നുണ്ടോ..... സാധാരണ അപ്പോഴാണല്ലോ വേദനേം ക്ഷീണോം തളർച്ചയുമൊക്കെ... "

"വേണ്ട...... പറയണ്ടായിരുന്നു. നാണക്കേടായിപ്പോയി..... വേദന തോന്നിയത് തന്നെയാവും.... പ്രശ്നമുള്ള വേദനയാണേൽ തുടർന്ന് നിക്കേണ്ടതല്ലേ.... "

മക്കളെ സ്ക്കൂൾ ബസിൽ കയറ്റി വിട്ട് തിരികെ വരുമ്പോഴേക്കും അനിയേട്ടൻ കയറ് പൊട്ടിക്കാൻ തുടങ്ങിയിരുന്നു.

"സുജീ...... എടി സുജി ഷർട്ട് എന്തിയേ ടീ"

"അവിടെ അലമാരയിൽ തന്നെയുണ്ട് അനിയേട്ടാ.....,

''തേച്ച് വെച്ചതാണോ "

അതേന്ന്.....

അനിയേട്ടന് കഴിക്കാനുള്ള ദോശയും സാമ്പാറുമെടുത്ത് തിരിയുന്നതിനിടെ വീണ്ടും വിളി വന്നു.

''ന്റെ സോക്സെന്തിയേ ടീ....

'' ഈ മനുഷ്യനെ കൊണ്ട് തോറ്റല്ലോ ദൈവേ.... എല്ലാത്തിലും എന്റെ കൈയ്യെത്തിയാലേ പറ്റുള്ളോ...."

മുറുമുറുക്കുന്നതിനിടയിലും ഇതൊക്കെ തന്റെ മനസ്സ് ആസ്വദിക്കുകയാണല്ലോ ന്നോർത്ത് അവൾ അത്ഭുതപ്പെട്ടു. ഒക്കെയൊരു സന്തോഷമാണ് ഇങ്ങനെയോരോന്ന് ഒരുക്കി കൊടുത്ത് ഓഫീസിലേക്കയക്കുന്നത്.... അതിന്റെ പേരിൽ വഴക്കിടുന്നത്.... അദ്ദേഹവും ഇതൊക്കെ ഇഷ്ടപ്പെടുന്നുണ്ടാവാം.....

''കഴിക്കാനെടുത്തു വച്ചോ.... ശൊ ഇന്ന് ലേറ്റായിപ്പോയല്ലോ '' എന്ന് പറയുന്നതിനിടയിൽ തന്നെ അദ്ദേഹം കഴിക്കാനിരുന്നു. ഒരു കഷ്ണം ദോശ മുറിച്ച് സാമ്പാറിൽ മുക്കി വായിലേക്ക് വച്ച അദ്ദേഹത്തിന്റെ മുഖം ചുളിഞ്ഞു....

''ന്താടീ ഈ ഉണ്ടാക്കി വച്ചിരിക്കുന്നെ"

'' ന്താ അനിയേട്ടാ....."

"ഉപ്പ് കൂടീട്ട് വായിൽ വെക്കാൻ കൊള്ളില്ലല്ലോ... നീ തന്നെ തിന്ന് എനിക്കെങ്ങും വേണ്ട.... അല്ലേലും മനസ്സോടെയാണോ വെച്ചുവിളമ്പുന്നെ... എല്ലാറ്റിനും മടി തന്നെ മടി....."

ദേഷ്യത്തിൽ അദ്ദേഹം ഇറങ്ങിപ്പോയി.....

ആകെ വിഷമം തോന്നി....
''എന്താ പ്പോ ഇത്.... അത്രക്ക് ഉപ്പ് കൂടുതലാ...?? ഏയ് മക്കളൊന്നും പറഞ്ഞില്ലല്ലോ..... "

ഒരു കഷണം ദോശ സാമ്പാറിൽ മുക്കി വായിൽ വെച്ചു.

"ഏയ് അത്ര കൂടുതലൊന്നുമല്ല."

വേണേൽ കഴിക്കട്ടെ സുജാത അടുക്കളയിലേക്ക് നടന്നു....

"ല്ലാറ്റിനും മടി തന്നെ മടി " മനസ്സാ പദത്തിൽ കുരുങ്ങി കിടന്നു.... "കാലങ്ങളെത്രയായിരിക്കും തന്നെ ഈ പദം വിഴുങ്ങി തുടങ്ങിയിട്ട്..... "
സുജാതയുടെ ഓർമ്മത്താളുകളിൽ നിന്ന് ആരൊക്കെയോ ആർത്ത് വിളിക്കുന്നുണ്ടായിരുന്നു.

" മടിച്ചിക്കോത...."

'' മന്ദബുദ്ധി...."

''ഇതിങ്ങനൊരു പൊട്ടിയായിപ്പോയല്ലോ ദൈവമേ''

പരിഹാസങ്ങൾ ,കളിയാക്കലുകൾ , ഒഴിവാക്കി നിർത്തലുകൾ...... എല്ലാവരും കൂടി തനിക്കായൊരു ഷെൽട്ടർ തീർത്തു തരികയായിരുന്നു.

അതിനുള്ളിൽ പാത്തും പതുങ്ങിയും ഒതുങ്ങുന്ന തന്നോട് വഴക്കിട്ടും...ശാസിച്ചും... സന്തോഷിച്ചും... സങ്കടപ്പെട്ടും... തന്റെയുള്ളിൽ നിന്ന് മറ്റൊരു താൻ ഷെൽട്ടറിനുള്ളിലേക്ക് കുടിയേറുകയായിരുന്നു...... പെരുമാറ്റങ്ങളിൽ ,കർമ്മങ്ങളിൽ ,കളി ചിരികളിൽ നിന്നൊക്കെ തന്നെ പിന്നോക്കം നിർത്തി തന്റെയുള്ളിലെ താൻ , തന്നെ പൊതിഞ്ഞു പിടിക്കുന്നുണ്ടായിരുന്നു.....

ഞാൻ വലുതോ നീ വലുതോ എന്ന മത്സരബുദ്ധികൾക്കിടയിൽ നിന്ന് "നീ ചെറുത്.... " "നീ ചെറുത്....'' എന്നാർത്തിരുന്ന തന്റെ തന്നെ മനസ്സോർത്ത് സുജാതയൊന്ന് പൊട്ടിച്ചിരിച്ചു പോയി.....

"യ്യോ..... ഒറ്റയ്ക്ക് ചിരിക്കേ.... അതും ഇത്ര ഉച്ചത്തിൽ....ആരേലും കണ്ടു വന്നാലെന്താ കഥ.... " സുജാത ചുറ്റും നോക്കി....

കഴുകിയ പാത്രങ്ങളടുക്കി വെയ്ക്കുന്നതിനിടയിൽ മിന്നൽ പോലെ വീണ്ടും ആ വേദന.... ഇതെന്തായിങ്ങനെ..... നെഞ്ചിലെ വേദന ഇടതു വശമാകെ പടർന്ന് പിടിക്കുന്ന പോലെ..... മെല്ലെ നിലത്തേക്കിരുന്നു....... പതിയെ കിടന്നു...

" ദൈവമേ ഒക്കെയെന്റെ തോന്നലാണോ...... തോന്നിലിലെ വേദനക്കിത്ര വേദന ണ്ടാവോ..."

അനിയേട്ടനെ വിളിച്ചാലോ....
''വേണ്ട... വഴക്കിട്ട് പോയതല്ലേ ദേഷ്യം ണ്ടാവും.... ഓഫീസിൽ നല്ല തിരക്കാവും" ഉള്ളിലെ സുജാത തടഞ്ഞു.

- 'ഒക്കെ ഒരു തോന്നലാണ്.... കുറച്ച് കഴിയുമ്പോ മാറും...." ഉള്ളിലിരുന്നവൾ മന്ത്രിച്ചു.

''അതേ എല്ലാം വെറും തോന്നലുകളാണ്. മടി പിടിച്ച മനസ്സിന്റെ.... തന്റേതായ പുറന്തോടിനുളളിൽ ഒതുങ്ങിക്കൂടാനുള്ള തോന്നലുകൾ.... "

ഈ തോന്നൽ മാറുമ്പോ അനിയേട്ടന് ഇഷ്ടമുള്ള ഇലയട ഉണ്ടാക്കി വയ്ക്കണം.... മക്കൾക്കിത്തിരി പായസം ണ്ടാക്കണം.... അതൊക്കെ കാണുമ്പോ ആളുടെ പരിഭവമൊക്കെ പമ്പ കടക്കും.... രാവിലെ വഴക്കിട്ടതിന് ഒരു ചമ്മലുണ്ടാവും പുളളിക്കാരന്. ചെറുപുഞ്ചിരിയോടെ

തന്നെയൊന്ന് ചേർത്ത്..............

കൂടി വരുന്ന ആ "തോന്നലി"നൊപ്പം പാദത്തിൽ നിന്ന് അരിച്ച് കയറുന്ന തണുപ്പിൽ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.

അപ്പോഴും ഉള്ളിൽ നിന്നൊരുവൾ മൃദുവായി തലോടുന്നുണ്ടായിരുന്നു. ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു...... മുറിഞ്ഞ വാക്കുകൾ പൂരിപ്പിക്കുന്നുണ്ടായിരുന്നു.

" ചേർത്ത് പിടിക്കുമായിരിക്കും..... "

''പ്രണയമാവോളം നിറച്ച് നെറ്റിയിൽ നീണ്ടു നിൽക്കുന്ന ഒരുമ്മ തരുമായിരിക്കും.........."

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot