നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പരിശുദ്ധ

Image may contain: 1 person, smiling, closeup

രചന: അച്ചു വിപിൻ
"എടി കൊച്ചെ ഒരു നൂറു രൂപ ഉണ്ടേൽ അമ്മച്ചിക്ക് താടി ഇച്ചിരി പൊകല മേടിക്കാനാ"......
നൂറു രൂപയോ?അത് വല്ലാതെ അങ്ങ് കുറഞ്ഞു പോയല്ലോ.ഇവിടെ മനുഷ്യൻ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുവാ അപ്പഴാ അവരുടെ ഒരു പൊകല.... കഷ്ടപ്പെട്ട് ഉണ്ടാക്കണ കാശ് കൊണ്ട് മേടിച്ചു വെച്ചുണ്ടാക്കി തരുന്നത് മൂന്നു നേരവും കൃത്യയായി തിന്നാൻ കിട്ടണില്ലേ അത് പോരെ നിങ്ങക്ക്....വെറുതെ ഇരിക്കണ സമയം ആ വേദപുസ്തകം എടുത്തു വെച്ചെങ്ങാൻ വായിച്ചൂടെ ....
തിന്നണ കണക്കൊന്നും പറയേണ്ടടി...തേയില തോട്ടത്തിൽ പോയി നീ തലയും മൊലയും കാട്ടി ഉണ്ടാക്കണ കാശല്ലേ....അതെങ്ങനാ ചേച്ചീടെ പാതയിൽ തന്നെയല്ലേ അനിയത്തിയും പോണത്...അങ്ങനെ ഉള്ളവളാ വേദപുസ്തകം വായിക്കാൻ പറയുന്നത്......
ദേ തള്ളെ നാട്ടുകാര് പറയണത് പോട്ടെന്നു വെക്കാം നിങ്ങള് കൂടെ ഇങ്ങനെ പറഞ്ഞാലുണ്ടല്ലോ കർത്താവു പൊറുക്കുകേല....ഞാൻ രാവിലെ ഉണ്ടാക്കിത്തന്ന പുട്ടു നിങ്ങടെ തൊണ്ടേന്നു ഇറങ്ങി പോയോ ഇല്ലേ പറ ഈ അടുപ്പിലൂതണ കുഴല് വെച്ച് കുത്തിയിറക്കാം ഞാൻ...
മനുഷ്യൻ ആയ അല്പമെങ്കിലും നന്ദി വേണം. നിങ്ങള് എന്റെ പെറ്റ തള്ളയൊന്നുമല്ലല്ലോ എന്നിട്ടും എന്റെ ചേച്ചിയോടുള്ള കൂറ് ഒന്നുകൊണ്ടു മാത്രം നിർത്തിയത നിങ്ങളെ ഇവിടെ... കേറികിടക്കാൻ ഒരു വീടേലും ഉണ്ടോ നിങ്ങക്ക്....നിങ്ങടെ ഈ സ്വഭാവ മഹിമ കാരണം ജനിപ്പിച്ച മോന് കൂടി വേണ്ട നിങ്ങളെ....ഒക്കെ നിങ്ങള് എന്നെ കൊണ്ട് പറയിപ്പിക്കുന്നതാ സഹിക്കുന്നതിനും ഒരു പരിധി ഒക്കെ ഉണ്ട്....
ത്ഫൂ .....നീ തന്നെ ഇത് പറയണമെടി.....
ഞാൻ കൂടെ ഇല്ലേ കാണായിരുന്നു ഇവിടെ കണ്ട ആൺപിള്ളേർ കയറി നിരങ്ങണത്....
അവരോടു മറുപടി പറയാൻ ഓങ്ങിയതും പുറത്തുന്നു വിളി വന്നു....
ക്ലാരമ്മേ ഞാൻ ഇറങ്ങീട്ടൊ നീ വരുന്നില്ലേ?
ഒരു പത്തു മിനുട്ട് സോഫി ഞാൻ ദേ വരുന്നു.....
ദേ അരി അടുപ്പത്തു വെച്ചിട്ടുണ്ട് വാർത്തു വെച്ചേക്കണം വാതിലും തുറന്നിട്ട് അയൽ വക്കത്തു തെണ്ടാൻ പോയേക്കല്ലു പറഞ്ഞേക്കാം....
അകത്തു ചെന്ന് ഇട്ടിരുന്ന ബ്ലൗസ് ഊരി മാറ്റി അടുത്തതു എടുത്തിട്ടു ഹുക് ഇട്ടപ്പഴാണ് കിർ" എന്നൊരു ശബ്ദം കേട്ടത്.... കർത്താവെ കീറിയത് ബ്ലൗസാവല്ലേ എന്ന് പ്രാർത്ഥിച്ചു കണ്ണാടിയിൽ നോക്കിയപ്പോ ചങ്കു പിടഞ്ഞു പോയി കക്ഷം പിഞ്ഞി പോയിരിക്കുന്നു...ആകെ ഉണ്ടായിരുന്ന മൂന്നെണ്ണത്തിൽ ഒന്നിന്റെ കാര്യത്തിൽ തീരുമാനായി...സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞെങ്കിലും കരയാൻ ഉള്ള സമയം ഇല്ലാത്തതിനാൽ അഴയിൽ കിടന്ന വേറെ ഒരെണ്ണം ധൃതിയിൽ വലിചെടുതിട്ടു കട്ടിലിൽ കിടന്ന ബ്ലൗസിന് ചേരാത്ത ഒരു ഷോളും പാവാടയിൽ തിരുകി കയറ്റി പുറത്തേക്കൊരോട്ടമായിരുന്നു.....
എന്തായിരുന്നു ക്ലാരെ അകത്തൊരു ബഹളം.....
ഓ അത് എന്നും ഉള്ളതല്ലേ...അവരോടു രണ്ടു പറയാതെ എന്നേലും ഞാനീ വീട്ടീന്ന് ഇറങ്ങീട്ടുണ്ടോ....അല്ലേലും ഉച്ചത്തിൽ എന്തേലും വിളിച്ചു പറയുമ്പോ നെഞ്ചിലെ ആന്തൽ അങ്ങ് നിക്കും...
നിന്റെ സ്വന്തം അമ്മച്ചിയൊന്നുമല്ലല്ലോ അവര് അങ്ങട് പറഞ്ഞു വിടണമെടി അതാ വേണ്ടത്....
ഹും...പറഞ്ഞുവിടാനോ എങ്ങോട്ടു...അഥവാ വിട്ടാലും അവരെങ്ങോട്ടു പോവാന ഒരു കണക്കിന് പറഞ്ഞ അവരുള്ള കൊണ്ട രാത്രിയിൽ ഞാൻ സമാധാനായി ഒന്നുറങ്ങണത് ഇല്ലേൽ നിനക്കറിയാലോ...
നാട്ടുകാരുടെ മുന്നിൽ ക്ലാര ചീത്തയായിരിക്കും പക്ഷെ എനിക്കറിയാം ഞാൻ വഴിപിഴച്ചിട്ടില്ലന്നു അതാരെയും ബോധ്യപെടുത്തെണ്ടെനിക്ക്....ഒടയതമ്പുരാന്റെ മുന്നിലിരുന്നു പ്രാർഥിക്കുമ്പോ എന്റെ മുട്ട് വിറക്കുകേല സോഫി....
നീ വേഗം നടക്കാൻ നോക്ക്....
***********************************
ദേണ്ടേടി നിന്നേം നോക്കി ആ വായ്നോക്കി സാബു നിക്കണ്ടു .....
ഉം ഞാൻ കണ്ടു....ഇന്നവൻ എന്നോടെന്തെലും മോശമായി പറഞ്ഞ അവന്റെ വിധിയാ...
അല്ല ക്ലാരപെണ്ണ് ഇന്നല്പം വൈകിയോ?രാത്രി വീട്ടിൽ ആളുണ്ടാർന്നു കാണും അല്ലെ? മുഖത്തൊരു ക്ഷീണം കാണുന്നുണ്ട്....
അയാൾ വളിച്ച ഒരു ചിരി ചിരിച്ചു .
അതേ.....ഉണ്ടായിരുന്നെടാ നാറി നിന്റെ തന്ത വർഗീസ് മാപ്ല...അങ്ങേർക്കു നിന്റെ തള്ളേടെ കൂടെ കിടന്നു മടുത്തെന്നു....
അമ്മച്ചിയോടു മോൻ പറഞ്ഞേക്കു അപ്പനെ സൂക്ഷിച്ചോളാൻ....
നന്നായെടി എനിക്കതങ്ങിഷ്ടപ്പെട്ടു .. സാബു മോന്റെ കിളി പോയി ...ഇനി അവൻ നിന്നോടതികം മിണ്ടാൻ വരുകേല.....
തോട്ടത്തിൽ കയറി തേയില നുള്ളുന്നതിനിടയിൽ ആണ് സോഫി എന്റെ മേല് തട്ടിയത്...
എടി ക്ലാരമ്മോ തോട്ടത്തിൽ പുതിയതായി വന്ന മാനേജർ സാറിന് നിന്റെ മേൽ ഒരു കണ്ണുണ്ട് കേട്ടോ...അയാൾക്ക്‌ നിന്നോട് പ്രേമമാണെന്നു തോന്നണ്ട്....
"മ്മ് പ്രേമം"
അതും ഈ ദരിദ്രവാസിയായ എന്നോട്...
അയാൾക്ക്‌ പ്രേമം എന്നോടാവില്ലടി എന്റെ ശരീരത്തോടാവും അല്ലാണ്ട് പ്രേമിക്കാൻ തക്കവണ്ണം ഉള്ള യാതൊരു ഗുണമോ കുടുംബ മഹിമയോ എനിക്കില്ല....എന്റെ ചേച്ചി ഇത് പോലെ ഒരുത്തന്റെ പ്രേമത്തിൽ വീണത പണ്ട് എന്നിട്ടെന്തായി കൊണ്ട് പോയി വിറ്റില്ലേ ആ നാറി..ഒടുക്കം സഹികെട്ട ട്രെയിന് മുന്നിൽ ചാടിയത്.... ആ മുഖം എങ്കിലും കാണാൻ പറ്റിയോ എനിക്ക്....ഒന്നും മറന്നിട്ടില്ല ഞാൻ
ക്ലാര എന്ന പെണ്ണിനെ മനസ്സിലാക്കാൻ മാത്രം പോന്ന ആണൊരുത്തൻ ഈ തച്ചത്തുമലയിലില്ലെടി സോഫി. .എല്ലാ കഴുന്മാർക്കും എന്റെ ശരീരം കൊത്തി തിന്നാ മതി..ഒരു കൊന്ത കയ്യിൽ തന്നേച്ചും നീയെന്റെ കൂടെ പോരെ പെണ്ണെ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു ആണൊരുത്തൻ വിളിച്ച കൂലിപ്പണിക്കാരൻ ആയാലും ഞാൻ കൂടെ പോകും അവന്റെ മുന്നിൽ സ്വയം ഞാൻ അഴിക്കും എന്റെ മടിക്കുത്തു അല്ലാതെ ഒരുത്തനും വെള്ളമിറക്കിയിട്ടു ഒരു കാര്യോമില്ല....
ഒന്ന് പതുക്കെ പറ പെണ്ണെ അയാള് കേട്ടെന്നു തോന്നുന്നു...
ദാണ്ടെ കിടക്കുന്നു ഐസ് മിട്ടായി....കേട്ടാലിപ്പോ എനിക്കെന്നാന്നെ ഞാൻ ആരേം കൊന്നിട്ടൊന്നുമില്ലല്ലോ... നീ തേയില നുള്ളു സോഫി അല്ല പിന്നെ.......
****************************************
'ഇന്നാ നിങ്ങടെ പോകലാ' ഇനി ഇത് തിന്നാഞ്ഞിട്ടു നിങളു ചാകണ്ട....
അല്ലേലും എനിക്കറിയാമെടി എന്തൊക്കെ പറഞ്ഞാലും നീ സ്നേഹൊള്ളവളാണെന്ന്.....
മ്മ് കൂടുതൽ അങ്ങട് സുഖിപ്പിക്കണ്ട കേട്ടല്ലോ.... ഞാൻ ഒന്ന് കുളിച്ചേച്ചും വരാം....ചോറ് വിളമ്പി വെച്ചോ...
വെള്ളം പിടിച്ചു കുളിമുറിയിൽ കയറി മേല് കിടന്ന ഷോൾ ഊരി സൈഡിൽ വെച്ചപ്പഴാണ് അടുത്തെവിടെയോ ഒരു കാൽപ്പെരുമാറ്റം കേട്ടത് ....ആരോ ഞാൻ കുളിക്കുന്നത് കാണാൻ വന്നു നിൽക്കുന്നുണ്ട് വീട്ടിൽ വന്നാലും മനസ്സമാധാനം തരില്ലല്ലോ കർത്താവെ....
കുളിമുറി എന്നൊക്കെ പറയാം എന്നേയുള്ളു മൂന്നു സൈഡും കെട്ടി പൊക്കി വശത്തായി ഒരു വാതിലുമുണ്ട് എന്നാല്ലാതെ മുകളിൽ ഒരോല മടൽ കൂടി വെച്ചിട്ടില്ല...അതിലൂടെ ആണേൽ കുളിക്കുന്നത് കാണുകയും ചെയ്യാം ഇതിൽ പരം ഒരു ദുർവിധി ഇനി വരാനില്ല.....
വാതിൽ തുറന്നു ഞാൻ പുറത്തിറങ്ങി കുളിമുറിയിലെ ലൈറ്റ് ഓഫ് ചെയ്തു തപ്പി തടഞ്ഞു അകത്തു കയറി ഇരുട്ടത്തു നിന്നു കുളിച്ചു .. കണ്ണിൽ നിന്നും ഊർന്നു വീണ ചൂട് കണ്ണുനീർ തണുത്ത വെള്ളത്തിൽ അലിഞ്ഞില്ലാതായി...ഒന്നുറക്കെ കരയാൻ പല തവണ തോന്നിയിട്ടുണ്ട് പക്ഷെ കരഞ്ഞില്ല കരഞ്ഞാൽ ചിലപ്പോ തോറ്റുപോയാലോ..അല്ലേലും ആരുടെ മുന്നിലും തോറ്റു കൊടുത്തിട്ടില്ല...
കുളി കഴിഞ്ഞകത്തു കയറി എന്തൊക്കെയോ വാരി വലിച്ചു തിന്നു നിലത്തു പായ വിരിച്ചു അതിലേക്കൊരു വീഴ്ചയായിരുന്നു അത്രക്കും തളർന്നിരുന്നു .....നാളെ ഞായറാഴ്ചയാണല്ലോ തോട്ടത്തിൽ പോകണ്ടല്ലോ എന്നോർത്തപ്പോൾ ഇച്ചിരി ആശ്വാസം തോന്നി. കുനിഞ്ഞു നിന്ന് തേയില നുള്ളി നടു ഒടിഞ്ഞു പോകുന്ന വേദനയുണ്ട് അതൊന്നും ജീവിതത്തിൽ പോന്ന വഴികളിൽ അനുഭവിച്ചതിന്റെ ഏഴയലക്കത്തു വരില്ല.....
സ്വന്തം എന്ന് പറയാൻ ആരുമില്ല...എന്തൊരു ജീവിതമാണ് കർത്താവെ എന്തിനു നീയെന്നെ സൃഷ്ടിച്ചു....അപ്പന്റേം അമ്മേടേം അടുത്തേക്ക് എന്നെ കൂടി കൊണ്ട് പൊയ്ക്കൂടേ.....
ഉറക്കം വന്നു കണ്ണുകൾ പാതിയടഞ്ഞു പോയി തലയിണക്കടിയിൽ ഉള്ള വെട്ടുകത്തി അവിടെ തന്നെയില്ലേ എന്ന് ഒന്ന് കൂടി ഉറപ്പു വരുത്തി....
***************************************
ക്ലാര പളളിലേക്കാണോ ആണെങ്കിൽ വണ്ടിയിൽ കയറിക്കോട്ടോ ....
ഓ വേണ്ടാ സാറ് പോയാട്ടെ... ഇനി കയറിയാൽ തന്നെ എന്നും പറ്റില്ലല്ലോ സാറിവിടെ നിന്നും പോയ ഞാൻ നടന്നു തന്നെ പള്ളിയിൽ പോവേണ്ടി വരും എന്തിനാ വെറുതെ ഇതൊരു ശീലമാക്കുന്നത്....
എനിക്കായി തുറന്ന കാറിന്റെ ഡോർ അടക്കുമ്പോ അയാളുടെ മുഖം വാടിയിരുന്നു...
ടീ ക്ലാരെ നിക്കെടി......
സോഫിയുടെ വിളി കേട്ട് ഞാൻ അവിടെ തന്നെ നിന്നു....
ആ ജോണി സാറു നിന്നോടെന്തുവാടി പറഞ്ഞെ....
അയാളെന്നോട് കാറിൽ കയറാൻ പറഞ്ഞതാ പള്ളിയിൽ വിടാം പോലും....അകെ ഉള്ള ഇച്ചിരി മാനം അയാളുടെ കാറിൽ കയറിപ്പോയ ഇല്ലാണ്ടാവും നാട്ടുകാർക്ക് പറയാൻ പുതിയ കഥയും കിട്ടും എന്തിനാ വെറുതെ....അത് പോട്ടെ നീയെന്താ ഇത്രേം വൈകിയത്?
എറണാകുളത്തു നിന്നും ഒരുകൂട്ടര് എന്നെ കാണാൻ വന്നതാ അതാ ...ചെറുക്കനു പ്ലൈവുഡ് കമ്പനിയേല ജോലി കാണാൻ വലിയ തരക്കേടില്ല. എന്റെ അപ്പനതങ്ങു ബോധിച്ചു അടുത്ത ആഴ്ച ചെക്കന്റെ വീട് കാണാൻ പോകുവാ...
ആഹാ പെണ്ണ് മണവാട്ടിയായല്ലോ?നീയും എന്നെ വിട്ടു പോകുവാണല്ലേടി.അടുത്തെവിടെലും ആർന്നേ വന്നൊന്നു കാണായിരുന്നു ഇനിപ്പോ അതിനും പറ്റില്ലല്ലോ ...
അത് പോട്ടെ ചിലവുണ്ട്ട്ടോ പെണ്ണെ.... കൂടുതൽ ഒന്നും വേണ്ട തരക്കേടില്ലാത്ത ഒരു പാവാടയും പുതിയൊരു ബ്ലൗസും നിന്റപ്പനോട് പറഞ്ഞു മേടിച്ചു തന്ന മതി അതാകുമ്പോ തോട്ടത്തിൽ പണിക്കു പോകുമ്പോ ഇടാലോടി...
ക്ലാരേ.....അവളെന്നെ കെട്ടി പിടിച്ചു കരഞ്ഞു ...
എന്റെ കണ്ണുകളും നിറഞ്ഞിരുന്നു......
എന്തോന്നാടി ഇത് ഒരുമാതിരി കൊച്ചു പിള്ളേരെ പോലെ...നല്ല കാര്യം വരുമ്പോ കരയുവാ ചെയ്യുന്നനെ വേഗം നടക്കു കുർബാന തീരുമ്പഴെങ്കിലും പള്ളിയിൽ ചെല്ലുമോ ആവൊ?
പള്ളിയിൽ കുർബാന നടക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു മാനേജരുടെ കണ്ണ് മുഴുവൻ എന്റെ മേലാണ്‌...നോക്കുമ്പോൾ എല്ലാം അയാളെന്നെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു...അറിയാതെ ഇടയ്ക്കിടയ്ക്ക് ഞാനും നോക്കി പോയി കാരണം എന്തോ ഒരു പ്രത്യേകത അയാളുടെ മുഖത്തുണ്ടായിരുന്നു...അയാളെന്റെ നേരെ നോക്കി ചിരിച്ചു പെട്ടെന്ന് തന്നെ ഞാൻ നോട്ടം പിൻവലിച്ചു....എന്റെ കർത്താവെ നീയെന്നെ കാത്തോളണേ പ്രലോഭനങ്ങളിൽ അകപ്പെടാൻ ഇടവരുത്തല്ലേ.....
*******************************************
ഇന്ന് സോഫിയുടെ കല്യാണമാണ്....അവൾ മേടിച്ചു തന്ന ദാവണി ഉടുത്തു ഞാൻ പള്ളിയിൽ ചെന്നു...ഞാൻ ദൂരെ നിന്നു കണ്ടു വെള്ള സാരിയിൽ സുന്ദരിയായെന്റെ സോഫി.....അവളും വേറൊരുത്തന്റെ ഭാര്യയാവാൻ പോകുന്നു...ഒരു പുരുഷന്റെ തണലിൽ ആരെയും പേടിക്കാതെ സുരക്ഷിതമായിരിക്കാനുള്ള ഭാഗ്യം അവൾക്കും കിട്ടിയിരിക്കുന്നു...കർത്താവെ എന്റെ സോഫിക്ക് നല്ലൊരു ജീവിതം കൊടുക്കണമേ....
അവൾ കെട്ടു കഴിഞ്ഞു ചെക്കന്റെ ഒപ്പം പോകുന്നത് കാണാൻ ഞാൻ നിന്നില്ല അത് കാണാൻ ഉള്ള ശക്തി എനിക്കില്ലായിരുന്നു..ഒരു പിടുത്തം ചോറ് വാരി ഉണ്ടെന്നു വരുത്തി ഞാൻ വീട്ടിലേക്കു നടന്നു.....
മോളെ ക്ലാരെ നീ വീട്ടിലെക്കാന്നോടി.... പോണ വഴിക്കു ഈ പാല് ആ മാനേജർ സാറിന്റെ വീട്ടിലേക്കു ഒന്ന് കൊടുത്തേക്കാമോ?
കുഞ്ഞപ്പൻ ചേട്ടന് ഒട്ടും വയ്യ അതോണ്ടാ.....
മ്മ് ഇങ്ങു തന്നേക്കു ഞാൻ കൊടുത്തോളം...ഇഷ്ടമില്ലെങ്കി കൂടി ആ മനുഷ്യന്റെ വയ്യായ്കയോർത്തു ഞാൻ സമ്മതിച്ചു.....
ഇടയ്ക്കു പള്ളിയിലേക്കുള്ള വഴിയിൽ വെച്ച് കാണുമ്പഴൊക്കെ അയാൾ എന്നോട് ഓരോന്ന് പറഞ്ഞു മിണ്ടാൻ വരുമായിരുന്നു...അയാൾ സംസാരിക്കണം എന്ന് പറയുമ്പോഴൊക്കെ ഞാൻ ഒഴിഞ്ഞു മാറുമായിരുന്നു.....
ഞായറാഴ്ചകളിൽ അയാൾ എനിക്കായുള്ള കാത്തു നിൽപ്പ് തുടർന്നപ്പോൾ പള്ളിയിലേക്കുള്ള പോക്ക് തന്നെ വേറെ വഴിക്കാക്കി...തോട്ടത്തിൽ വെച്ചയാളെ കാണുമ്പഴും ഒഴിഞ്ഞു മാറി നടന്നു. ഒക്കെ മനസ്സിന്റെ നിയന്ത്രണം വിട്ടു പോകുമോ എന്ന പേടി കൊണ്ടായിരുന്നു...
ഇതിപ്പോ സ്വയം മുന്നിലേക്ക് ചെന്ന് കൊടുക്കേണ്ടി വന്നല്ലോ കർത്താവെ......
ഇവിടാരും ഇല്ലേ?..
വീടിന്റെ വാതിൽ തുറന്നു കിടക്കുന്നു...ഇയാൾ ഈ വാതിലും തുറന്നിട്ട് എങ്ങടു പോയോ ആവൊ....പാൽ പുറത്തു വെക്കാന്നു വെച്ച വല്ല പട്ടിയോ പൂച്ചയോ തട്ടിയിടും..ഇതിപ്പോ ആകെ കുരിശായല്ലോ....
ആ വരുന്നത് വരട്ടെ അകത്തു കൊണ്ട് വെച്ചിട്ടു പോകാം...ഞാൻ രണ്ടു കൽപ്പിച്ചു ഹോളിൽ ഇരുന്ന ടേബിളിൽ പാൽ വെച്ചിട്ടു വേഗത്തിൽ പുറത്തേക്കു പോകാൻ തിരിഞ്ഞു നോക്കുമ്പോൾ വാതിലിന്റെ സൈഡിൽ അയാൾ നിൽക്കുന്നു ...
കുഞ്ഞപ്പൻ ചേട്ടന് സുഖമില്ല അതോണ്ടാ പാൽ ഞാൻ കൊണ്ടുവന്നത്....ഇത്രയും പറഞ്ഞു ഞാൻ വാതിലിനടുത്തേക്കു നീങ്ങി ചെന്നു....
അങ്ങനെ അങ്ങ് പോകാതെ എനിക്ക് പറയാൻ ഉള്ളത് കൂടി കേട്ടിട്ട് പോ അയാൾ കൈകൾ കൊണ്ടെന്നെ തടഞ്ഞു....
എനിക്ക് കേൾക്കണ്ട...വഴി മാറ് എനിക്ക് പോകണം...
ഞാൻ പോകാനായി മുന്നോട്ടാഞ്ഞു...
പറയുന്നത് കേൾക്കു ക്ലാരെ
അയാൾ എന്നെ പുറകിലേക്ക് തള്ളി വാതിൽ കൊട്ടിയടച്ചു....
കർത്താവെ ഇന്നത്തോടെ ഒക്കെ കഴിഞ്ഞുവെന്നു ഞാൻ മനസ്സിൽ കരുതി....
എന്നാലും തോൽക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു പുറകിലത്തെ വാതിൽ ലക്ഷ്യമാക്കി ഞാൻ ഓടി ..അയാൾ ക്ലാരെ എന്ന് വിളിച്ചെന്റെ പുറകിലൂടെ ഓടി വന്നു...അടുക്കള നോക്കി ഓടിയ എന്റെ എന്റെ ഷാളിലാണ് അയാൾ കയറി പിടിച്ചത്...മുന്നോട്ടു വേച്ചു പോയ എന്റെ ചുമലിൽ നിന്നും ഷാൾ ഊർന്നു അയാളുടെ കൈക്കുള്ളിലമർന്നു
ഞാൻ മുട്ടുകുത്തി നിലത്തിരുന്നു പോയി....
ക്ലാര......ഞാൻ വേണമെന്നു വെച്ചിട്ടില്ല.....
അറിയാതെ പറ്റിയതാണു ഞാൻ പറയുന്നത് ഒന്ന് കേൾക്കു....അയാൾ വന്നെന്റെ തോളിൽ കൈ വെച്ചു....
ഇനി ഒന്നും കേൾക്കേണ്ടെനിക്ക് ആയിക്കോ ഇഷ്ടം പോലെ എന്താന്നു വെച്ച ആയിക്കോ...ഞാൻ ഉറക്കെ കരഞ്ഞാൽ പോലും പുറത്താരും കേൾക്കില്ല.... എനിക്കെന്തു സംഭവിച്ചാലും ചോദിക്കാൻ ഒരുത്തനും വരികയുമില്ല.....നിങ്ങൾ ഒക്കെ വല്യ ആളുകൾ ആണ് ഇവിടെ എന്ത് സംഭവിചാലും എല്ലാരും നിങ്ങടെ കൂടെയെ നിക്കു....
ഇവിടെ ഇപ്പൊ ആരുമില്ല നിങ്ങടെ ഇഷ്ടം പോലെ എന്നെ എന്ത് വേണേൽ ചെയ്യാം പക്ഷെ ആവശ്യം കഴിഞ്ഞ കയ്യിൽ ഇരിക്കുന്ന ആ ഷാൾ കൊണ്ട് കഴുത്തു ഞെരിച്ചു എന്നെ അങ്ങ് കൊന്നേക്കണം...എന്നിട്ടു ഏതേലും പറമ്പിൽ കൊണ്ടുപോയി കെട്ടിത്തൂക്കണം ജീവിക്കാൻ നിവർത്തിയില്ലാതെ തൂങ്ങി ചത്തെന്നു ആളുകൾ പറഞ്ഞോളും......മരണത്തിനും ഒരന്തസ്സു വേണ്ടേ?
ക്ലാരേ .....അയാൾ കയ്യിൽ ചുരുട്ടി പിടിച്ച ഷാൾ എന്റെ മേൽ വലിച്ചെറിഞ്ഞ ശേഷം ഒന്നും മിണ്ടാതെ വാതിൽ തുറന്നു പുറത്തെക്കിറങ്ങി പോയി....
ഞാൻ ശ്വാസം വീണ്ടെടുത്ത് ഷാൾ എടുത്തു മേത്തേക്കിട്ടു പാതി ജീവനും കൊണ്ട് വീട്ടിലേക്കോടി....
ആ സംഭവത്തിനു ശേഷം അയാൾ എന്റെ നേരെ പോലും വന്നിട്ടില്ല....
അന്നും പതിവ് പോലെ ജോലി കഴിഞ്ഞു വീട്ടിൽ വന്നു നോക്കുമ്പോൾ വാതിൽ പകുതി തുറന്നു കിടക്കുന്നു...അടുക്കളയിൽ വിറകു കത്തി ചാരം മാത്രം ആയിരിക്കുന്നു അടുപ്പത്തു രാവിലെ വെച്ചിട്ടുപോയ കഞ്ഞിക്കലം അങ്ങനെ തന്നെ ഇരിക്കുന്നുണ്ട്....
ആഹാ വാതിലും തുറന്നിട്ട് അരിയും വാർക്കാതെ ഒള്ള പൊകല മുഴുവൻ ചവച്ചു തുപ്പി ബോധം കെട്ടുറങ്ങുവാ നിങ്ങള്...
ഉറക്കെ പറഞിട്ടും അവര് കേൾക്കാതായപ്പോ ഞാൻ ചെന്ന് തട്ടി വിളിച്ചു ..എന്റെ വിളികേട്ടവർ ഉണർന്നില്ല ഒരിക്കലും എണീക്കാത്ത ഉറക്കത്തിലേക്കവർ വഴുതി വീണിരുന്നു...എനിക്കിനി ഈ ഭൂമിയിൽ ആരും ഇല്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു....
രാത്രികളിൽ എന്റെ ഉറക്കം നഷ്ടപ്പെട്ടു...ആരൊക്കെയോ വീടിനുപുറത്തു കഴുകൻകണ്ണുകളുമായി നടക്കുന്നുണ്ടെന്നെനിക്കറിയാമായിരുന്നു...പല രാത്രികളും എണീറ്റിരുന്നു ഞാൻ വെളുപ്പിച്ചു.....
അന്നും പതിവുപോലെ പള്ളിയിൽ പോയിട്ട് മടങ്ങി വരുന്ന വഴി അപ്രതീക്ഷിതമായി സാബുവിന്റെ മുന്നിൽ ചെന്ന് പെട്ടു...ഇരയെ കിട്ടിയ വന്യ മൃഗത്തെ പോലെ അയാൾ എന്നെ തുറിച്ചു നോക്കി....
എന്താടി എന്റപ്പന്റെ കൂടെ മാത്രം കിടന്ന മതിയോ നിനക്ക് എന്റെ കൂടെയും കിടക്കണ്ടേ....
ചുറ്റിലും ഞാൻ കണ്ണോടിച്ചു ആരുമില്ല എന്ന സത്യം പേടിയോടെ ഞാൻ തിരിച്ചറിഞ്ഞു...
രക്ഷയില്ല എന്ന് മനസ്സിലാക്കിയ ഞാൻ പ്രാണൻ കയ്യിൽ പിടിച്ചോടി കഴിവതും വേഗത്തിൽ...
അയാൾ ചിരിച്ചട്ടഹസിച്ചു കൊണ്ടെന്റെ പിറകെ ഓടി ...
ഓടിക്കോടി കഴിവതും വേഗത്തിൽ ഓട് എന്നിട്ടണച്ചു വീഴ് അപ്പൊ നിന്നെ തൂക്കിയെടുക്കും എന്നിട്ടനുഭവിക്കും ഞാൻ അതാ അതിന്റെ സുഖം...
അയാൾ പറയുന്നത് ശരിയാണ് എന്നെനിക്കു ബോധ്യപ്പെട്ടതു ഓടി തളർന്നു ഞാൻ വീണപ്പോഴാണ്....
ഒന്നെണീക്കാൻ പോലും ത്രാണിയില്ലാതെ ഞാനാ വിജനമായ വഴിയിൽ കിടന്നു....
അയാൾ എന്റെ അടുക്കലേക്കു വരുന്നത് നിസ്സഹായതയോടെ ഞാൻ നോക്കി...അരുതേ എന്ന് ഞാൻ കേണു...
അതൊന്നും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല...
വീണു കിടന്ന എന്റെ വയറ്റിൽ മുട്ട്കാൽ ചവിട്ടി എന്റെ പാവാടയിൽ അയാൾ പിടുത്തമിട്ടതും ആരോ ഒരാൾ അയാളുടെ തോളിൽ ചവിട്ടി മറിച്ചിട്ടതും ഒരുമിച്ചായിരുന്നു....
ജോണി സാർ...
അയാൾ ചാടി എണീറ്റു.....
ഞെട്ടി എണീറ്റ് നിന്ന അയാളുടെ കരണം പുകച്ചുള്ള അടി കൊടുക്കുന്നതാണ് പിന്നെ ഞാൻ കണ്ടത്...
നിനക്കെങ്ങന്നെ തോന്നിയെടാ നായെ ഇവളുടെ മേൽ കൈ വെക്കാൻ......മേലിൽ ഈ പരിസരത്തു കണ്ടു പോകരുത് നിന്നെ.....
സാർ ഞാൻ അറിയാതെ ........
മിണ്ടരുത് നീ എന്നെ ഒരു പ്രാന്തനാക്കുന്നതിനു മുന്നേ എന്റെ മുന്നിൽ നിന്നും കടന്നു പോടാ ....
അയാൾ എന്റെ നേരെ കൈ നീട്ടി...ആ കയ്യിൽ പിടിച്ചു ഞാൻ എണീറ്റു.....
ഞാൻ....
എനിക്ക്....
വാക്കുകൾ കിട്ടാതെ ഞാൻ വലഞ്ഞു....
ഒന്നും പറയണ്ട ക്ലാര ഇനിയെങ്കിലും നീ എനിക്ക്
എനിക്ക് പറയാൻ ഉള്ളതൊന്നു കേൾക്കു...
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിക്കുന്ന കണ്ടപ്പോൾ അയാൾ തുടർന്നു....
എനിക്ക് നിന്നെ ഇഷ്ടമാണ് ക്ലാര...അത് കേവലം നിന്റെ ശരീരത്തോടല്ല നീ എന്ന പെണ്ണിനോടാണ്....എത്ര നാൾ ഇതൊന്നു പറയാൻ വേണ്ടി ഞാൻ നിന്റെ പുറകെ നടന്നു ഒടുക്കം സഹികെട്ടിട്ട അന്ന് ഞാൻ വാതിൽ അടച്ചത് അല്ലാതെ നിന്നെ നശിപ്പിക്കാൻ വേണ്ടി അല്ല......
എനിക്ക് എടുത്തുപറയാൻ തക്ക ബന്ധുക്കൾ ഒന്നുമില്ല ഓർമവെക്കണത് മുന്നേ പോയതാ അപ്പനും അമ്മയും...നാട്ടുകാർ നിന്നെ പറ്റി എന്ത് പറയുന്നു എന്നത് ഞാൻ ചിന്തിക്കുന്നില്ല...നീ എന്താണ് എന്നെനിക്കറിയാം അത് മതി.
കയ്യിൽ ഒരു കൊന്ത തന്നാൽ ഏതു കൂലിപ്പണിക്കാരന്റ കൂടെ വേണേൽ ചെല്ലും എന്ന് നീ പറഞ്ഞില്ലേ കൊന്ത മാത്രം അല്ല നാട്ടുകാർ കാൺകെ ആ കഴുത്തിൽ ഒരു മിന്നുകൂടി അണിയിക്കാം.....
ഞാൻ വിളിച്ചാ എന്റെ കൂടെ വരുമോ നീ......
ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ മരവിച്ചു നിന്നുപോയി ഞാൻ.....
ആ മനുഷ്യൻ എന്റെ അരികിലേക്ക് നീങ്ങി വന്നു ...
എന്താണ് എന്ത് പറ്റി നിനക്കു എന്നെ ഇഷ്ടായില്ലേ......
ഇഷ്ടമാണ് എന്ന് പറയാൻ എന്റെ ഉള്ളു തുടിച്ചു കൊണ്ടിരുന്നു പക്ഷെ എനിക്ക് കഴിഞ്ഞില്ല.... അയാളെ കെട്ടിപിടിച്ചു ഞാൻ ഉറക്കെ കരഞ്ഞു....
എന്റെ ക്ലാരെ......ഇനി നീ എനിക്ക് സ്വന്തം...
അയാൾ എന്നെ ഇറുക്കെ പുണർന്നു.....
ആ മനുഷ്യന്റെ കരവലയത്തിനുള്ളിൽ ഞാൻ സുരക്ഷിതയായിരിക്കും എന്നെന്റെ മനസ്സ് മന്ത്രിച്ചു...
ജീവിതത്തിൽ ആദ്യമായി ക്ലാര തോൽവി സമ്മതിച്ചു ആണൊരുത്തന്റെ സ്നേഹത്തിനു മുന്നിൽ.......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot