നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"ഡിസംബറിലെ... തണുത്ത കാറ്റ് "!

Image may contain: 1 person, smiling, tree, sky and outdoor
=========================
രചന : Deepa Palayadan.
ഉത്തരങ്ങളില്ലാത്ത ഭാരിച്ച ചോദ്യങ്ങളും, ചിന്തകളുമായിട്ടാണ് ഞാൻ അയാളുടെ മുന്നിലേക്ക് ചെന്നത് !.
"സാറ് "മുകളിലുണ്ടെന്ന ജോലിക്കാരെന്റെ മറുപടിയോ... എന്റെ കാൽപാദങ്ങളുടെ ശബ്ദം കൊണ്ടോ.. ! ,ഞാൻ മുകളിലെത്തും മുന്നേ തന്നെ ടേബിളിൽ രണ്ടു ഗ്ലാസ്സിൽ നുരയുന്ന ലഹരി ഐസ് കഷ്ണങ്ങൾ കൊണ്ട് അലംകൃതമായിരുന്നു. !
എന്നെ കണ്ടതും, മുക്കാൽ ഭാഗവും നരച്ച താടിരോമങ്ങൾ തലോടി അയാൾ എന്റെ അടുത്തേക്ക് നടന്നു വന്നു. എന്നെ കെട്ടിപിടിച്ചു.
"കണ്ണൻ ചേട്ടന് സന്തോഷായി !... ഏറെ നാളുകൾക്ക് ശേഷം നീ വന്നൂ ല്ലോ "....
"നീ വാ..... ഇരിക്ക് "...
എന്റെ കൈയിൽ പിടിച്ച് അയാളും സോഫയിലേക്ക് ഇരുന്നു.
കണ്ണൻ ചേട്ടൻ !
കുട്ടിക്കാലം മുതൽ എനിക്കറിയാം ആ മനുഷ്യനേ.. സ്കൂൾ വെക്കേഷനായാൽ അമ്മാത്ത് ചിലവഴിച്ച സമയങ്ങളിൽ..., നല്ല ഓർമ്മകളിൽ എന്നും കണ്ണൻ ചേട്ടൻ ഉണ്ടായിരുന്നു. പിന്നീട് ജോലിയായി.. ദില്ലിയിലേക്ക് വന്ന് അഞ്ചാറു മാസങ്ങൾക്ക് ശേഷാണ് കണ്ണൻ ചേട്ടൻ ഇവിടെ ഉണ്ടെന്നറിഞ്ഞത്. അന്നു മുതലേ നല്ല കൂട്ടാണ്. സ്വന്തം വീട് പോലെ....
ഇന്ദു !
കണ്ണൻ ചേട്ടന്റെ ഭാര്യ... ! അവർ മരിച്ചിട്ട് ഏകദേശം ഏഴു മാസത്തോളായി. ഹൃദയസംബന്ധമായ അസുഖം ആയിരുന്നു. അന്ന് വന്നു പോയതാണ് ഞാനീവീട്ടിൽ. പിന്നെ വരാൻ തോന്നിയില്ല. പാവം ചേട്ടൻ ആകെ മാറിപ്പോയിരിക്കുന്നു.
"അഭി... നാളെ യാ പോണെ... ല്ലേ "?
"നീ ഇവിടെ വരൂന്ന് എനിക്ക് തോന്നിയിരുന്നു". ഇന്ദു.. ..
അയാൾ പാതിയിൽ തന്റെ വാക്കുകളെ വലിച്ചെറിഞ്ഞു !!.
ഡിസംബറിലെ മരവിപ്പിക്കുന്ന തണുത്ത കാറ്റ് ജനലിൽ തട്ടി എന്റെ മുഖത്തേക്ക് വീശിയടിച്ചു. പക്ഷെ നിശബ്ദമായ ആ നിമിഷങ്ങൾ അതിനേക്കാൾ മരവിച്ചതായിരുന്നു!!.
മേശപ്പുറത്ത്‌ നിറച്ചു വെച്ച ഗ്ലാസ്സ് ചൂണ്ടി അയാൾ തുടരുന്നു." പ്ലീസ്.... ".
ഞാനാ ഗ്ലാസ്സ് കയ്യിലെടുത്തു. ചുണ്ടിൽ ചേർത്തു. ഇന്ദു വിന്റെ വിരൽ സ്പർശമേറ്റ ഗ്ലാസായാത് കൊണ്ടോ എന്തോ... അവളുടെ സാന്നി ദ്ധ്യo പോലെ...ഞാൻ വീണ്ടും ഗ്ലാസ്സ് മേശപ്പുറത്ത്‌ തന്നെ തിരികെ വെച്ചു.
അവൾ ഇപ്പൊഴും ഇവിടെയൊക്കെ ഉള്ളത് പോലെ... എന്റെ മനസ്സ് വായിച്ചപോലെ കണ്ണൻ ചേട്ടൻ തുടർന്നു. ഒഴിഞ്ഞ ഗ്ലാസിൽ വീണ്ടും അയാൾ മദ്യം നിറച്ചു. എന്റെ ഗ്ലാസിലെക്ക് നോക്കി പതിയെ ചിരിച്ചു.. "വേണ്ടേ കഴിക്കണ്ട ".ഞാനും വല്ലപ്പോഴും മാത്രം. ഈ തണുപ്പ് !.അയാൾ ഗ്ലാസിലുള്ളതു മുഴുവൻ വായിലേക്ക് ഒഴിച്ചു.
"എന്തെങ്കിലും പറയ്യ്.... ഡോ "
ഈ തണുത്ത കാറ്റിനെ മറയ്ക്കാൻ. ഇല്ലാതാക്കാൻ !!
ആഹ്... "അഭി നീ ഭക്ഷണം കഴിച്ചായിരുന്നോ "?.
ഇല്ലെങ്കിൽ....
ഉവ്വ് ചേട്ടാ. ഞാൻ കഴിച്ചു.
"നാളെ നീ പോയാൽ പിന്നെ"... വാക്കുകൾക്ക് പിന്നെയും മോഹഭംഗം !!!
ആ നിശബ്ദത എന്നെ അസ്വസ്ഥനാക്കുന്നു. ഇന്ദുവിന്റെ കുസൃതിയും, കളിചിരിയും ഇല്ലത്തവീട്.
"ചേട്ടൻ ഓഫിസിൽ ലീവ് പറഞ്ഞിരുന്നോ"?
മ്മ്.. പെട്ടെന്ന് അല്ലെങ്കിലും അവള് പോയെന്നു അംഗീകരിക്കാൻ വയ്യ ഡോ. കലപില കൂട്ടി കൂടെ കുറച്ചു നാളുകൾ കൂടി... ഉണ്ടായിരുന്നെങ്കിൽ !!.അവള് പോയപ്പോഴാ ഒക്കെ അറിയുന്നത്. എന്തിന് ഈ തണുത്ത കാറ്റ് പോലും ! ജനൽ പാളിയിലുടെ അപ്പോഴും കാറ്റ് അകത്തേക്ക് വീശി കൊണ്ടിരുന്നു.
അയാൾ മെല്ലെ അടുത്തുള്ള അലമാര വലിച്ചു തുറന്നു. ഒരു കെട്ട് കടലാസുകഷ്ണങ്ങൾ അടുക്കി വെച്ചിരിക്കുന്നു. അവയിൽ ചിലതെടുത്ത്‌ എന്റെ നേരെ നീട്ടി.
ഇത്. "ഇതെന്താ "?
ആകാംക്ഷയോടെ ഞാൻ അവ ചേർത്ത് വെയ്ക്കാൻ ശ്രമിച്ചു . പലതും ചെറിയ കഷ്ണങ്ങളാക്കി കീറി മാറ്റിയിരിക്കുന്നു.
പ്രണയ ലേഖനങ്ങൾ... ലവ് ലെറ്റേഴ്സ് !.
ഒരു പതിനാറുകാരനെ പോലെ കണ്ണൻ ചേട്ടൻ കുണുങ്ങി ചിരിച്ചു.
ഒന്നും മനസിലാവാതെ ഞാൻ പിന്നെയും അവ നിവർത്തി നോക്കി.
"ഇന്ദു എഴുതിയതാണ് " താഴ്ന്ന ശബ്ദത്തിൽ കണ്ണൻ ചേട്ടൻ തുടർന്നു.
"അവൾ. അവൾ എഴുതിയതാണ് "!
"ആർക്കാന്നറിയോ "?. നിനക്ക് !!!"നിനക്ക് വേണ്ടി "!.
ഒന്നു പകപ്പോടെ ഞാൻ അയാളുടെ മുഖത്തെക്ക് നോക്കി. ശാന്തമാണ്. ഭാവവ്യത്യാസമില്ലാത്ത കണ്ണുകൾ. ചുണ്ടിൽ ഒരു ചിരി ഒളിച്ചു മറയുന്നു. അയാൾ തുടർന്നു.
"നിനക്ക്.... നിനക്കും അവളെഇഷ്ട്ടായിരുന്നി ല്ലേ "?
ഈ ചോദ്യം എന്നെ ഞെട്ടിച്ചു !.
സത്യം.. അതായിരുന്നോ?
ഇന്ദു. ആരായിരുന്നു അവർ?
അവരെ കാണാൻ വേണ്ടി... അവരോടു സംസാരിക്കാൻ വേണ്ടി മാത്രം ഈ വീട്ടിൽ ഞാൻ വന്നിരുന്നു. ഒരേ പ്രായത്തിൽ ഉള്ള കൂട്ടുകാരിയോടുള്ള ഇഷ്ടമോ, സ്‌നേഹമോ.
അതിനപ്പുറം. എന്താ. പ്രണയം.....
ഇല്ല. പ്രണയമില്ല. !!
എന്റെ പിറുപിറുക്കൽ കേട്ട് കണ്ണൻ ചേട്ടൻ ഉറക്കെ ചിരിച്ചു.
എടൊ ..." താൻ എന്തിനാ പരിഭ്രമിക്കുന്നത്. പ്രണയം ആർക് എപ്പോ വേണമെങ്കിലും ആരോടും തോന്നാവുന്ന ഒന്നല്ലേ? ചിലപ്പോൾ തോന്നലുകളും ആവാം" !! മിക്കവരും അത് മൂടിവെയ്ക്കും. അവളുടെ മനസ്സിൽ മുഴുവൻ സ്ന്ഹമാണ്. നിഷ്കളങ്കമായ ഒരു തരം ഭ്രാന്ത്. അയാൾ പിന്നെയും ഉറക്കെ ചിരിച്ചു.
"കണ്ണൻ ചേട്ടാ അഭിജിത്തിനോട് എനിക്ക് പ്രണയം തോന്നുന്നൂന്ന്.. ! അവളെന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു കൊച്ചു കുട്ടിയെ പോലെ അവൾ,അവളുടെ സ്‌നേഹത്തേ നിർവചിക്കുമ്പോൾ അരുതാത്ത ബന്ധങ്ങളിൽ അവൾ ഒരിക്കലും പോവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു"
പിന്നെയ്യ്
ഒരു കാര്യം അറിയോ ഇതിലെ സാഹിത്യമൊക്കെ എന്റെടുക്ക്ന്ന് കടം വാങ്ങിയതാ.... കേട്ടോ.....
എഴുതി വെയ്ക്കും പിന്നെ ഇത് പോലെ തുണ്ടം തുണ്ടമായി കീറി കളയും.
എന്റെ കണ്ണുകളിൽ ചെറിയ നനവ് പടർന്നു.
"എന്തു മനുഷ്യനാണ് നിങ്ങൾ"???
അഭി ഇപ്പോൾ ചിന്തിക്കുന്നത് അതെല്ലേ?
ഞാൻ പതിയെ ജനലിനടുത്തെക്ക് നടന്നു. പുറത്ത് മഞ്ഞു മൂടിക്കിടക്കുന്നു. കണ്ണുകളിലെ നനവിൽ സൂചി മുനകുത്തിയാഴ്ത്തി കാറ്റ് പിന്നെയും വന്നു!!.
അഭി......
താൻ അപ്‌സെറ്റായോ?
അയാൾ എന്റെ തോളിൽ പിടിച്ചു കുലുക്കി.
കണ്ണൻ ചേട്ടാ....
അത്.
എനിക്കറിയാം. ഒരിപാടിഷ്ട്ടം.... തെറ്റായിട്ടുള്ളതല്ലാന്നും എനിക്കറിയാം.
ആ ശൂന്യത നിന്നെ തളർത്തും.
ചിന്തകളിൽ തെറ്റും, ശരിയും എവിടെ യാണ്. അത് തിരിച്ചവിലല്ലേ നമ്മുടെ ബാക്കി ജീവിതം. ഏതാണ്ട് ജീവിതം അവസാനിച്ചെന്ന തിരിച്ചറിവിൽ അവളോപ്പിച്ച ഓരോ കുസൃതിയും ഞാൻ ആഘോഷമാക്കും. "യഥാർത്ഥത്തിൽ അവൾക്ക് എന്നോട് ഒത്തിരി സ്‌നേഹം ഉണ്ടായിരുന്നു "അല്ലെ? ഡോ..
എന്റെ തല താഴ്ന്നിരുന്നു.
മേശപ്പുറത്തേ ഗ്ലാസിൽ വീണ്ടും ഐസ് കഷ്ണങ്ങൾ വീഴുന്ന ശബ്ദം.
മുൻപ് ഉപേക്ഷിച്ച എന്റെ ഗ്ലാസ്‌ ഞാൻ കയ്യിലെടുത്തു കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ അത് കുടിച്ചു. തണുപ്പിനെ കീറി മുറിക്കുന്ന പുകച്ചൽ കണ്ണുകളിൽ പിന്നെയും !.
ഒന്നുടെ ഒഴിക്കന്നോ? എന്ന ചോദ്യം കണ്ണൻ ചേട്ടൻ ചോദിച്ചില്ല. പകരം എന്റെ ഗ്ലാസ്സ് മേശപ്പുറത്ത് കമഴ്ത്തി വെച്ചു. മതി.. അഭി ഇനി വേണ്ട.
ഹാളിൽ ഒരു വശത്തു തൂക്കിയിട്ട ഇന്ദുവിന്റെ ചിത്രത്തെ ചൂണ്ടി അയാൾ ഉറക്കെ പറഞ്ഞു. ഈ കാറ്റിനൊപ്പം, തണുപ്പിനൊപ്പം, അവളുടെ ഓർമ്മകളും നീ ഇവിടെ ഉപേക്ഷിക്കില്ലേ !?
"എനിക്കായി മാത്രം "!
ഞാൻ തല ഉയർത്തി കണ്ണൻ ചേട്ടനേ നോക്കി. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നിഷ്കളങ്കൻ.
നാട്ടിൽ എന്നെങ്കിലും വരുമ്പോൾ ഒന്ന് വന്ന് കാണാൻ. ഇനി എനിക്ക് ഒരു അനിയൻ കൂടി ഉണ്ട്.
നീ സന്തോഷായിരിക്കണം.
ഓർമ്മകളുടെ ഭാണ്ഡം നിനക്ക് ചേരില്ല.
ആ കണ്ണുകൾ നിറഞ്ഞോഴുക്കുന്നുണ്ടായിരുന്നു.
കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല.
ഞാൻ പതിയെ ഗോവണി പടികൾ ഇറങ്ങി. എന്റെ കാൽവെയ്പ്പിന്റ ശബ്ദം ഒഴിച്ചാൽ ആ വീട് നിശബ്ദമായിരുന്നു.
പുറത്തു നല്ലവണ്ണം മഞ്ഞു വീണു കഴിഞ്ഞു. യാത്ര പറഞ്ഞു കാർ മുന്നോട്ട് നീങ്ങി.
കുറച്ചു നേരത്തെ ഡ്രൈവിന് ശേഷം. ഞാൻ വണ്ടി റോഡ് അരികിൽ ഒന്ന് ഒതുക്കി. പുറത്തെക്കിറങ്ങി. നല്ല ഇരുട്ട്. ഭയങ്കര തണുപ്പും. പക്ഷെ മനസ്സ് ശാന്തമാണ്. ഉത്തരമില്ലാത്ത എന്റെ ചോദ്യങ്ങൾ ആ ഇരുട്ടിലും തണുപ്പിലും അലിഞ്ഞു പോയിരിക്കുന്നു.
രചന :Deepa palayadan.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot