Slider

വീണു കിടന്ന ഒരില

0
Image may contain: 1 person, beard

ആൽത്തറയ്ക്കു സമീപം പരുക്കനായി സിമന്റു പാകിയ നിലത്താണ് ആ ഇല കിടന്നിരുന്നത്.ആദ്യമൊന്നും അതെന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. 
വെളുത്ത മണലിൽ നടന്നു പോയവർ തീർത്ത കാൽപാടുകളിൽ ഇന്നലെകൾ തിരഞ്ഞു വെറുതെയിരിക്കവേ എപ്പോഴോ ഞാനതു കണ്ടു..
ഒരാലില കാറ്റിൽ പാടുപെട്ടു പരുക്കനായ സിമന്റു തറയിൽ നിന്നെഴുന്നേൽക്കാൻ ശ്രമിക്കുന്നു.. 
പിന്നെ അതിനാവാതെ ഒന്നനങ്ങി അവശയായി ആ തറയിൽ പറ്റിക്കിടക്കുന്നു...
ഞാൻ പയ്യെ ആ ഇലയെ എടുത്തു..
പിന്നെ സൂക്ഷിച്ചു നോക്കി..
. പച്ച നിറം മാഞ്ഞു മഞ്ഞ കയറിയ ഒരിലയായിരുന്നത്. . പഴുത്തു പോയ ഓർമ്മകളുടെ ഞെട്ടുകൾ. വിളറി വെളുത്ത ഞരമ്പുകൾ.. കൂർത്തു നീണ്ട ഇലത്തുമ്പിൽ പറഞ്ഞു തീരാത്ത ഏതോ ദുഃഖങ്ങളുമായി..
ഓർമ്മകളുടെ ഇലകൊഴിഞ്ഞ ശിഖരങ്ങളിൽ ഏതോ കാഴ്ചയുടെ വാതിലുകൾ പയ്യെ തുറക്കുകയാണ്..
ഞാൻ കണ്ണടച്ചിരുന്നു..
നിറഞ്ഞൊഴുകുന്ന കണ്ണുകൾ .. അഴിച്ചിട്ട മുടിയിഴകൾ.. അവൾ കരയുകയായിരുന്നു.. അവൾക്കരികിൽ തെല്ലു പരിഭ്രമത്തോടെ അയാൾ..
എന്തു പറ്റി നിനക്ക്.. .?
നേർത്ത ശബ്ദത്തിലാണയാൾ ചോദിച്ചത്.
അവൾ ഒന്നും മിണ്ടിയില്ല.. തലയിണയിൽ മുഖമമർത്തി അയാളെ നോക്കാതെ.....
പറയൂ... എന്നോട്... അയാളുടെ ശബ്ദം ഇടറിയിരുന്നു.....
മൗനം വിതറിയ ഇരുട്ടിൽ അയാളുടെ കൈകൾ വാത്സല്യത്തോടെ, സ്നേഹത്തോടെ അവളുടെ മുടിയിഴകളിൽ പയ്യെ തഴുകവേ...
ഏങ്ങലടികളിൽ അവളുടെ ശബ്ദം മുറിഞ്ഞു വീണു..
എന്നോടു ഒന്നും ചോദിക്കരുത് ... 
ഇലകൾ കൊഴിഞ്ഞ ശിഖരങ്ങളെ തഴുകി ഒരു കാറ്റ് ദിക്കറിയാതെ പരുങ്ങി നിന്നു..
ഞാനൊരു കഥ പറയട്ടെ . അയാൾ സാന്ത്വനങ്ങളുടെ തലോടലോടെ ചോദിച്ചു.
അവൾ ഒന്നും മിണ്ടാതെ അയാളെ നോക്കി.. ഇരുണ്ട വെളിച്ചത്തിൽ നിറഞ്ഞു നിന്ന കണ്ണുകളെ നോക്കി അനുവാദത്തിനു കാത്തു നിൽക്കാതെ അയാൾ പറഞ്ഞു തുടങ്ങി..
പണ്ടു പണ്ടു ഒരിടത്തു ഒരു ഗ്രാമത്തിൽ ഒരു പെൺകുട്ടിയുണ്ടായിരുന്നു. വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയിഴകളും ഉള്ള സുന്ദരിയായ പെൺകുട്ടി..
അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു . അപ്പോൾ അയാൾ മൃദുവായി പുഞ്ചിരിച്ചു.
ഗ്രാമത്തിലെ ഒരാൽമരത്തിനു അവളോടു പ്രണയമായിരുന്നു. ചില ദിവസങ്ങളിൽ അവൾ ആ മരത്തിനു ചുവട്ടിൽ എന്തോ തിരഞ്ഞിരിക്കവേ 
പ്രണയ പരവശതയിൽ വെയിൽ വീണ ചില്ലകൾ അവൾക്കായി ഇലയാവുന്ന ഹൃദയങ്ങൾ പൊഴിച്ചു. 
പക്ഷെ അവളതറിഞ്ഞില്ല.. ആ മരത്തിന്റെ പ്രണയവും വേദനയും ഒന്നും..
എങ്കിലും ശബ്ദമില്ലാത്ത മരം കാറ്റിൽ തലയിളക്കി.. അവൾക്കു തണലേകി. പെൺകുട്ടി അതുമറിഞ്ഞില്ല. വീണു കിടന്ന ഇലകളിൽ അവൾ വീണ്ടുമെന്തോ പരതുകയായിരുന്നു..
മരം കാത്തിരുന്നു. ഒരിക്കൽ തന്റെ ഉള്ളിലെ പ്രണയം തിരിച്ചറിയുമെന്ന വിശ്വാസത്താൽ. . പക്ഷെ....
അയാൾ വാക്കുകൾ നിർത്തി..
അയാൾ അവളുടെ മുടിയിഴകൾ തഴുകിയിരുന്നു കഥ തുടരുവാൻ ശ്രമിച്ചു.. പിന്നെ തേങ്ങലോടെ പറഞ്ഞു..
എനിക്ക് നിന്നെ....
ഞാൻ കണ്ണുകൾ തുറന്നു. 
ആ ഇല ചിരിക്കുകയാണ്...
അല്ല ഇന്നലെകളുടെ ഓർമ്മകളുമായി കരയുകയാണ്..
വെൺചാമരങ്ങൾ വിരിയിച്ച കറുത്ത ആകാശത്തു വിളറിയ ചന്ദ്രൻ ആ ചില്ലകളിലേക്കു അതാ ഒന്നെത്തി നോക്കുന്നു.. 
തിരക്കുണ്ടായിരുന്നില്ല..
ആ വരികൾ വീണ്ടുമോർത്തു...
" വിണ്ടലം വാഴുന്ന മഹാനുഭാവാ
എനിക്കെന്തിനീ സങ്കടം തന്നീടുന്നു "
നിറം മങ്ങിയ ആ ഇല നെഞ്ചിൽ ചേർത്തു ഞാൻ ആകാശത്തിനു ചുവട്ടിലൂടെ പയ്യെ നടന്നു.. 
...പ്രേം മധുസൂദനൻ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo