
***************************
പ്രഭാത സവാരി കഴിഞ്ഞ് നേരിയൊരു ശ്വാസം മുട്ടലും നെറ്റിയിൽ ചാലിട്ടു തുടങ്ങിയ വിയർപ്പിന്റെ ഉറവുകളുമായി ആ വൃദ്ധ ദമ്പതികളെത്തുമ്പോൾ മകനും മരുമകളും ഫ്ളാറ്റിന്റെ വാതിൽക്കലുണ്ടായിരുന്നു. പതിവു നിസംഗത വിട്ട് ആ മുഖങ്ങളിൽ കണ്ട വെറുപ്പിന്റെയൊരു പുതിയ ആവരണം അവരിലെന്തോ സംശയം തോന്നിപ്പിക്കാതിരുന്നില്ലാ.
നുണക്കുഴിക്കവിളും പുഞ്ചിരിയുമായി ഓടിയെത്തിയ പേരക്കുട്ടിയുടെ തലയിൽ തലോടുന്നതിനിടെ എന്തായിരിക്കാം കാര്യമെന്ന് കണ്ണുകളുടെ ആംഗ്യത്തിലൂടെ ആ വൃദ്ധർ പരസ്പരം ചോദിച്ചു. മുകളിലെ ഫ്ളാറ്റിൽ നിന്നും ഓഫിസിലേക്കു പോകാൻ നേരത്ത് ഒരു വഴിപാടു പോലെ വല്ലപ്പോഴും തല കാണിച്ചു പോകുന്ന മകന് ഇന്ന് എന്തു പറ്റിയാവോ !
ഡോർ തുറന്നു അകത്തേക്ക് കയറുമ്പോഴേക്കു ദേഷ്യം നിയന്ത്രിക്കാനാവാതെ മകൻ ഒച്ചയിട്ടിരുന്നു..
"വാട്ട് ദ ഹെൽ ഈസ് ഗോയിങ്ങ് ഓൺ..!"
അമ്മയുടെയും ക്ഷമ നശിച്ചു.
" നീ കാര്യം പറ പൊന്നൂ.. എന്തിനായീ ദേഷ്യപ്പെടണേ.. എന്താ സംഭവിച്ചത്..?"
തലയൊന്നാട്ടി, അമ്മയെ തറപ്പിച്ചു നോക്കി പിന്നെ സോഫയിലേക്ക് വന്നിരുന്ന് കൈ അമർത്തിയടിച്ച് അവൻ പിന്നേയും വെറുപ്പ് പ്രകടമാക്കി.
"അമ്മയൊന്നും അറിഞ്ഞില്ലാ...? ഈ ടീ വിയിൽ കാട്ടുന്നതൊന്നും കണ്ടീട്ടില്ലാ..?"
ഉള്ളിൽ ഉയർന്നു വന്ന ദേഷ്യം പുറത്തു കാട്ടാതെ, ഒന്നും മനസ്സിലാവാതെ അച്ഛൻ ടിവിയുടെ റിമോട്ട് പരതിയെടുത്തു. പിന്നെ, ടി വി ഓൺ ചെയ്ത് റിമോട്ട് എടുത്ത് മകന്റെ അടുക്കലേക്ക് ഇട്ടു കൊടുത്തു. മകൻ വെച്ച ന്യൂസ് ചാനലിലേക്ക് കണ്ണു പായിച്ചതും അവർ ഞെട്ടി.
ചുവപ്പു പ്രതലങ്ങളിലെ വെളുത്ത അക്ഷരങ്ങളായ് ശവഘോഷയാത്ര പോലെ കടന്നു പോകുന്ന ബ്രേക്കിങ്ങ് ന്യൂസിൽ ആ അച്ഛൻ സ്വന്തം പേരു വായിച്ചു.
" എ. ആർ അരവിന്ദ് ട്രൈഡ് ടു റേപ് മീ..പവിത്രാ ജോഷി # മീ ടു കാംപെയ്ൻ "
തന്റെ കണ്ണട ഒരു വട്ടം കൂടി ഒന്നുറപ്പിച്ചു വെച്ചു, വറ്റി വരണ്ട തൊണ്ടയുമായി അയാൾ ടി വി യിലേക്കുറ്റു നോക്കി. അതെ.. താൻ തന്നെയാണ്. പ്രശസ്തനായ തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന എ. ആർ അരവിന്ദിൽ നിന്നും വർഷങ്ങൾക്കു മുൻപ് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന് ഡൽഹിയിൽ നിന്നും പത്രപ്രവർത്തക പവിത്ര ജോഷി വെളിപ്പെടുത്തിയിരിക്കുന്നു.
അവിശ്വസനീയതയോടെ അമ്മയും അച്ഛനും പരസ്പരം നോക്കി. പിന്നെയും ടി വിയിലേക്ക് കണ്ണുകൾ പായിച്ചു.
" ഇനിയെങ്ങിനെ ആളുകളുടെ മുഖത്ത് നോക്കും ഞാൻ..! എന്തു പറയും ഞാൻ...!"
മകന്റെ ദേഷ്യം കൂടുകയാണ്. മുതിർന്നവരുടെ വഴക്ക് മനസ്സിലാവാതെ സോഫയിലിരിക്കുന്ന അച്ഛമ്മയുടെ അരികിലേക്ക് നീങ്ങിയ പേരക്കുട്ടിയെ മരുമകൾ ദേഷ്യത്തോടെ തിരിച്ചു വിളിച്ചു.
"അമ്മൂ... കം ഹിയർ..!"
അച്ഛന്റെ കൈപ്പടത്തിനു മേൽ കയ്യമർത്തി, പിന്നെ മകനെ നോക്കി അമ്മ പറഞ്ഞു.
" നീയിങ്ങിനെ ഷൗട്ട് ചെയ്യാനാണ് ഭാവമെങ്കിൽ നമുക്ക് പിന്നീട് സംസാരിക്കാം.. ഇപ്പോ പോയിട്ടു വരൂ.."
ഇപ്പോൾ പരസ്പരം നോക്കിയത് മകനും മരുമകളുമായിരുന്നു. എന്തോ തീരുമാനിച്ചുറപ്പിച്ചവരെപ്പോലെ നിറഞ്ഞു തുടങ്ങിയ കണ്ണുമായി നിന്ന അമ്മുവിനേയുമെടുത്ത് വാതിൽ വലിച്ചടച്ച് അവർ പോയപ്പോൾ ആ അമ്മ അച്ഛനരികിലേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു.
"സാരമില്ലെന്നേ... എനിക്കറിയാവുന്നല്ലേ...! ഞാൻ തന്നെ പറഞ്ഞു മനസ്സിലാക്കിക്കോളാം മക്കളെ.."
അയാൾ അവരുടെ കണ്ണിലേക്ക് നിശബ്ദമായി നോക്കി. ആത്മാവിനോളം ഇറങ്ങി ചെല്ലുന്നൊരു നോട്ടമായിരുന്നു അത്. വിവാഹിതരാവുന്നതിനും മുമ്പേ അവരോട് പങ്കുവെച്ച പവിത്രാ ജോഷി എന്ന അധ്യായം അവർ പിന്നേയുമോർത്തു.
"അന്നവൾക്ക് നിങ്ങളെ വേണമായിരുന്നു.. പിന്നെ കുറച്ചൂടെ നല്ലൊരു കൊമ്പു കിട്ടിയപ്പോൾ അവൾ അതിലേക്കു ചാടി. അതിനു നിങ്ങളെന്തു പിഴച്ചു..?"
" ഉം....ഇനിയിപ്പോ നമ്മളാരോടൊക്കെ മറുപടി പറയേണ്ടി വരും..? എങ്കിലും ഇത്ര സ്നേഹിച്ചിട്ടും അവൾ......."
അയാളുടെ ശബ്ദം പതറിയിരുന്നു.
പെട്ടെന്ന് കാളിങ്ങ് ബെല്ലടിക്കാൻ തുടങ്ങി. ഡോറിനടുത്തെ കുഞ്ഞു സ്ക്രീനിൽ മകളേയും പേരക്കുട്ടിയേയും കണ്ട് അന്നാദ്യമായി അവരുടെ മുഖം സങ്കടപ്പെട്ടു.
" നീ തന്നെ സംസാരിച്ചാ മതി... എനിക്ക് വയ്യ അവളെ ഫേസ് ചെയ്യാൻ "
അതും പറഞ്ഞു... അയാൾ പതുക്കെ ബെഡ്റൂമിലേക്ക് കയറി വാതിലടച്ചു. ആ പോക്കു നോക്കി നിന്ന്, പിന്നെ ഒരു നെടുവീർപ്പോടെ അമ്മ വാതിൽ തുറന്നു.
ഒന്നും മിണ്ടാതെ തന്നെ പരസ്പരം നോക്കി നിന്ന അമ്മയുടെയും മകളുടേയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പിന്നെയാ അമ്മ നിലത്തു മുട്ടുകുത്തിയിരുന്ന് ആറുവയസ്സുകാരൻ അപ്പുവിനെ തന്നോടണച്ചു നെറ്റിയിലുമ്മ വെച്ചു. ആ സമയത്തും കുറച്ചു വാക്കുകൾക്കായി പരതുകയായിരുന്നു അവർ. ഒടുവിൽ മകൾ തന്നെ മൗനം ഭജിച്ചു.
"എനിക്കെല്ലാം അറിയാമമ്മേ.. അച്ഛൻ അവരെയെത്ര സ്നേഹിച്ചിരുന്നു എന്നുമെനിക്കറിയാം..! അച്ഛന്റെ ഡയറികളും, ഫോട്ടോസും ആ പഴയ ഹാൻഡി ക്യാമിലെ വീഡിയോസുമെല്ലാം ഞാൻ കണ്ടീട്ടുണ്ട്. ഞാൻ നിങ്ങളോട് പറഞ്ഞീട്ടില്ലെന്നേയുള്ളൂ.. എന്നീട്ടാണിപ്പോ....!"
അവിശ്വസനീയതോടെ അതിലേറെ ആശ്വാസത്തോടെ ഏതാനും നിമിഷങ്ങൾ ആ അമ്മ മകളെ നോക്കി.
"അച്ഛനെവിടെ...?"
" നിങ്ങളെ കണ്ടപ്പോ അകത്തേക്ക് പോയതാ.. ഇനീപ്പോ ഏതായാലും കുറച്ച് നേരം കഴിഞ്ഞ് കാണാം.. "
"ഉം.. മതി. ! എങ്കിലും എനിക്കാ.... പവിത്രയായവളോടൊന്നു സംസാരിക്കണം. ഡെൽഹിയിലുള്ള എന്റെ കൂട്ടുകാരിയോട് ഞാൻ നമ്പർ സംഘടിപ്പിക്കാൻ പറഞ്ഞിട്ടുണ്ട്.."
മകളുടെ ശബ്ദത്തിൽ സങ്കടത്തോടൊപ്പം ദേഷ്യവും കലർന്നിരുന്നു.
" അതു വേണോ മോളേ... ഉം..? അവളോടിനി സംസാരിച്ചീട്ടെന്തിനാ..? നിയമപരമായിത്തന്നെ നമുക്ക് നേരിടാംന്നേ.. അച്ഛൻ ആകെ നിരാശനായീന്ന് തോന്നണു.."
"ഇല്ലമ്മേ.. ചോദിക്കണം അവളോട്.. ആ പഴയ ആൽബങ്ങളും ആ വീഡിയോ ക്യാമറയുമൊക്കെ ഇപ്പോഴും അച്ഛന്റെ കയ്യിലില്ലേ.?"
" ഉം... ഉണ്ടാവും... ഒന്നും കളഞ്ഞീട്ടൊന്നുമില്ലാ..."
പിന്നെയും ഓർക്കാതെ തന്നെ മൗനം അവർക്കിടയിലേക്ക് വന്നു. കയ്യിൽ കിട്ടിയ എന്തോ കൊണ്ട് അപ്പു എന്തിലൊക്കെയോ തട്ടിമുട്ടി ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. അതിനിടയിൽ കൂട്ടുകാരി അയച്ച മെസേജ് വന്നു. പവിത്ര ജോഷിയുടെ നമ്പർ !
വ്യക്തമായി കേൾക്കാൻ ഫോണുമായി ജനാലക്കരുകിലേക്ക് നീങ്ങിയ മോളോട് ആ അമ്മ ഒരു വട്ടം കൂടി പറഞ്ഞു നോക്കി.
" വേണോ മോളേ..? ഇനീപ്പോ...പറഞ്ഞിട്ടെന്തു കാര്യം ?"
പക്ഷേ അതിനു മുമ്പേ അപ്പുറത്ത് ബെല്ലടിച്ച് തുടങ്ങിയിരുന്നു. വെയ്റ്റ് ചെയ്യൂവെന്ന് മകൾ അമ്മയോടാംഗ്യം കാട്ടി.
"ഹലോ...അപർണയാണ് വിളിക്കുന്നത്. നിങ്ങളെ പീഡിപ്പിച്ച അരവിന്ദിന്റെ മകൾ.."
അങ്ങേത്തലക്കൽ ഏതാനും നിമിഷം നിശബ്ദമായിരുന്നു. പിന്നെ അവിടെ നിന്നും കേട്ടു..
" എനിക്കു ആരോടും ഇനിയൊന്നും പറയാനില്ലാ.. ആ ട്വീറ്റല്ലാതെ ഇനി ഒന്നിനുമില്ലാ..."
"ഓഹോ... പക്ഷേ.. ഞങ്ങൾക്കുണ്ടല്ലോ പറയാൻ..! അതു നിങ്ങൾ കേട്ടേ മതിയാവൂ.. ഒരു വലിയ രഹസ്യം പോലെ നിങ്ങളിന്നു പറഞ്ഞത് ഞങ്ങൾക്ക് ചെറുപ്പം മുതലേ അറിയാവുന്നതാണ്. അച്ഛനുമൊരുമിച്ചുള്ള നിങ്ങളുടെ ഫോട്ടോസും, കാശ്മീരിലേക്ക് നിങ്ങൾ പോയ വീഡിയോസ് ഉള്ള ഹാൻഡി ക്യാം വരെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്... എന്നിട്ടാണിപ്പോ.....! ഹൂം.... പീഡിപ്പിച്ചത്രേ.."
" നിങ്ങളെ എന്റെയച്ഛൻ എത്ര സ്നേഹിച്ചിരുന്നു എന്നോർമ്മയുണ്ടോ..? എന്നിട്ട്..മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ പുതിയൊരു ഹീറോയെ കണ്ടെത്തിയപ്പോൾ നിങ്ങളാണച്ഛനെ ഉപേക്ഷിച്ചു പോയത് ! എന്നീട്ടും നിങ്ങൾ മടങ്ങി വരുന്നതും കാത്ത് പിന്നേയും എട്ട് വർഷങ്ങൾ കളഞ്ഞു ! എന്റെയമ്മയുമൊത്തുള്ള കല്യാണം കഴിഞ്ഞീട്ടും അച്ഛൻ നിങ്ങളെ ഒരിക്കലും മറന്നിരുന്നില്ലാ.. ഞങ്ങൾക്കുമുണ്ട് ഈ പറയുന്ന മാനവും അഭിമാനവും. തത്ക്കാലത്തെ പേരെടുക്കലുകൾക്കുമപ്പുറം ജീവിതത്തിൽ പലതുമുണ്ടെന്ന് ഒരിക്കൽ നിങ്ങളറിയും.. നോക്കിക്കോ..!"
ഫോൺ കട്ട് ചെയ്തിട്ടും അവൾ കിതക്കുന്നുണ്ടായിരുന്നു. ആ കണ്ണുകൾ നിറഞ്ഞിരുന്നു. പിന്നെ അമ്മയുടെ മടിയിലേക്ക് തല വച്ചവൾ തേങ്ങിക്കരഞ്ഞു പോയി.
അതിനിടെ അച്ഛന്റെ റൂം തുറന്ന് അപ്പു അകത്തേക്ക് കയറിയിരുന്നു. കണ്ണീര് തുടച്ചു കൊണ്ട് അമ്മ അവനെ വിളിച്ചു.
" അപ്പൂസേ.. ഇങ്ങു പോരെ... അച്ഛച്ഛനെ ശല്യപ്പെടുത്തണ്ടാ.. വാ.."
അവൻ വരാതായപ്പോൾ മകൾ അകത്തേക്കെത്തി നോക്കി.. പിന്നെ ചാടിയെണീറ്റു..
" കണ്ടാ.. ബാൽക്കണീടെ വാതിലും തുറന്ന് പോയി നിക്കണ നോക്കിയേ.. അപ്പൂന് ഇന്ന് അടി...."
വാത്സല്യത്തോടെ അപ്പുവിനടുത്തേക്ക് ചെല്ലുമ്പോൾ അച്ഛനെവിടെയെന്ന് അവൾ മുറിയിലാകെ നോക്കി. പെട്ടെന്ന് അവൾ ബെഡിലേക്ക് ശ്രദ്ധിച്ചു. ആ പഴയ ഡയറികളും ഫോട്ടോസും ഹാൻഡി ക്യാമറയുമെല്ലാം അവിടെ ഉണ്ടായിരുന്നു. അവൾ അതു മറിച്ചു നോക്കി നിന്ന് പോയി.
ബാൽക്കണിയുടെ ഗ്രില്ലുകൾക്കിടയിലൂടെ താഴെക്ക് നോക്കി നിന്നിരുന്ന അപ്പുവിന്റെ ശബ്ദമാണവളെ ഉണർത്തിയത്..
"അമ്മാ... ദാ.. താഴോട്ടു നോക്കിയേ... അച്ചച്ച യു പോലെ കിടക്കണു..."
ഒരിടി വെട്ടു പോലെയാണ് മകളത് കേട്ടത്.. ഓടിയെത്തി താഴേക്ക് നോക്കുമ്പോൾ ഓടിക്കൂടി എത്തി തുടങ്ങുന്ന ആളുകൾക്ക് നടുവിൽ അയാളുടെ തലക്ക് ചുറ്റും രക്തം തളം കെട്ടി തുടങ്ങിയിരുന്നു.
ടി. വി സ്ക്രീനിൽ പുതിയൊരു മീ ടു വിന്റെ ഫ്ളാഷ് ന്യൂസ് അടുത്തൊരു ശവഘോഷയാത്ര പോലെ കടന്നു പോകാൻ തുടങ്ങിയിരുന്നു.
സ്നേഹത്തോടെ അഷ്റഫ് തേമാലി പറമ്പിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക