നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു ഉരുളചോർ


Image may contain: 1 person, indoor
•••••••••••••••••••••••••••••••••••••••
"അനിയേട്ടാ.. തുറിച്ചൊരു നോട്ടം അവനെ നോക്കിയിരുന്നെങ്കിൽ അവനങ്ങനെ ചെയ്യുമായിരുന്നൊ? ഞാൻ അതിനു അവനെ വിടുമായിരുന്നൊ?”
ആ നെഞ്ചിൽ തല ചായ്ച്ച്‌ നെഞ്ചിലെ രോമങ്ങൾക്കിടയിലൂടെ അലസമായി കൈവിരൽ ചലിപ്പിക്കുമ്പോഴും എന്റെ ചിന്തകൾ ഉച്ചക്കത്തെ തീൻ മേശക്ക്‌ ചുറ്റും തന്നെയായിരുന്നു.
“ശ്ശേ മോശായി പോയി” ആലോചിക്കുമ്പൊ തന്നെ വല്ലായ്മ തോന്നുന്നു.
ഏറെ നേരം കഴിഞ്ഞും മിണ്ടാട്ടം ഇല്ലാതായപ്പൊളാ മുഖമുയർത്തി നോക്കിയത്‌.
"കട്ടിലക്കൈയ്യിൽ" ഉയർത്തി വച്ച തലയണയിൽ തല കയറ്റിവച്ച്‌ “നാലുകെട്ടിന്റെ”അകത്തളങ്ങളിൽ ലയിച്ചിരിക്കുന്ന മൂപ്പർ ഇതൊന്നും കേട്ടിട്ട്‌ കൂടിയില്ലെന്ന് എനിക്ക്‌ മനസ്സിലായി.
അരിശം വന്ന ഞാൻ “നാലുകെട്ട്‌” കൈക്കലാക്കി രണ്ടാക്കി മടക്കി മേശയുടെ മൂലയിൽ തള്ളി.
വെളുത്ത മുഖത്ത്‌ ദേഷ്യം ചുവന്ന് വന്നെങ്കിലും “ഞാൻ എന്തൊക്കെ ചോദിച്ചു? ഒന്നും കേൾക്കുന്നില്ലല്ലൊ, ഒന്ന് എന്നോട്‌ ഇത്തിരി മിണ്ടൂ” എന്ന എന്റെ കൊഞ്ചലിൽ രക്തചുവപ്പ്‌ വന്ന വഴിയേ ഇറങ്ങി പോയി.
“പറ അനിയേട്ടനെന്താ അപ്പോൾ ഒന്നും പറയാഞ്ഞേ?”
അനിയേട്ടനു കണ്ണു കൊണ്ടെങ്കിലും പറഞ്ഞൂടാരുന്നോ എന്നോട്‌ വേണ്ടാന്ന്"?
“എന്തിനു ഞാൻ പറയണം”
മൂപ്പർ നാലുകെട്ട്‌ പൊട്ടിയ ദേഷ്യത്തിൽ തന്നെ.
“അവൻ പുറത്തെവിടുന്നെങ്കിലും ആണോ ചെയ്തത്‌, അല്ലല്ലൊ?
നമ്മുടെ വീട്ടിൽ ഞാനും മക്കളും അവന്റെ ഭാര്യയും മക്കളും ഒക്കെ ഇരിക്കുമ്പോളല്ലേ ചെയ്തത്‌? പോരാത്തതിനു നിന്റെ അച്ഛനും അമ്മയും ഒക്കെ ഉള്ളപ്പോൾ.
അതിനെന്തിനു ഞാൻ മാത്രം എതിരു നിൽക്കണം, ഞാനും അച്ഛനും നിന്റെ അനിയനും നമ്മുടെ മോനും ഒക്കെ ചെയ്തതല്ലേ അവനും ചെയ്തുള്ളൂ?
“ആട്ടെ ആരാ അവനോട്‌ നിന്റെ പിറന്നാൾ ഇന്നാണെന്ന് പറഞ്ഞത്‌?”
"അത്‌ അവനോട്‌ പ്രത്യേകം പറയൊന്നും വേണ്ട, മറ്റെന്ത്‌ മറന്നാലും ഒരു വർഷം മുഴുവൻ കാണുകയോ സംസാരിക്കുകയോ ചെയ്തില്ലെങ്കിലും ആ ദിവസം അവനോർമ്മിച്ച്‌ കാലത്ത്‌ തന്നെ വിളിക്കുകയും വിഷ്‌ ചെയ്യുകയും ചെയ്യും", പക്ഷെ അത്‌ പോലാണോ ഇത്‌?
“ഇതു വരെ അവൻ ഇങ്ങനെ വീട്ടിൽ വന്നിട്ടുണ്ടോ,ഇല്ലാലോ?
“ഇല്ല അതില്ല”
ഞാൻ പരുങ്ങി.
“ഇതിപ്പൊ ഞാൻ പ്രതിയാകുമോ?”
“നീ എന്റെ വാട്ട്സപ്പ്‌ എടുത്ത്‌ നോക്ക്‌? നിന്നോട്‌ എന്ന് മുതൽ അവൻ ചാറ്റാൻ തുടങ്ങിയോ അന്ന് മുതൽ അവനെന്നോടും സംസാരിക്കുന്നുണ്ട്‌.
ഇപ്രാവശ്യം ലീവിനു വന്നപ്പോൾ കൊണ്ടു വന്ന വാച്ച്‌ നീ എന്നോട്‌ പറഞ്ഞിട്ടാണോ ഞാൻ കൊണ്ടു വന്നേ? അത്‌ കണ്ടപ്പോ “എന്റെ മനസ്സ്‌ വായിച്ചത്‌ പോലെയുണ്ടല്ലോ അനിയാട്ടാ” ന്ന് നീ പറഞ്ഞതോർമ്മയുണ്ടോ?
ആ കല്ല് വച്ച മോതിരം, കാഞ്ചീപുരം പട്ട്‌സാരി , ഇതൊക്കെ എങ്ങനാ ഞാനറിഞ്ഞേന്നാ നീ കരുതിയേ? ഒക്കെയും നിന്റെ “ആത്മാർത്ഥസഹപാഠി” വഴി തന്നെയാണു.
“അപ്പൊ അവൻ ഒരു ഉരുളചോറു നിനക്ക്‌ നീട്ടിയത്‌ പാടില്ലാന്ന് പറയാൻ എനിക്കെങ്ങനെ കഴിയും?
“അന്നേരം അവന്റെ മുന്നിൽ വാ തുറന്ന് കൊടുത്തിട്ട്‌ ഇപ്പൊ കിടന്ന് “അയ്യേ പൊത്തോ"ന്ന് ല്ലേ?
പോയി കിടന്നുറങ്ങെഡീ പോത്തെ കൊഞ്ചാൻ നിൽക്കാതെ”
തുടയിലൊരു പിച്ചും തന്ന് മൂപ്പർ തിരിഞ്ഞു കിടന്നപ്പൊ ഞാൻ മെല്ലെ അനിയാട്ടന്റെ ഫോൺ ഓണാക്കി വാട്ട്സപ്പ്‌ തുറന്ന് നോക്കി.
“അനിയൻ ചെക്കൻ”എന്ന് അവന്റെ നമ്പർ സേവ്‌ ചെയ്തത്‌ കണ്ടപ്പൊ തന്നെ കണ്ണു നിറഞ്ഞു തുടങ്ങി.
പരസ്പരം അയച്ച മെസ്സേജുകളിൽ രണ്ട്‌ വീടുകളുടെയും കുട്ടികളുടെയും കാര്യങ്ങൾ
മുതൽ പട്ടി പെറ്റതും, കിണറ്റിൽ പൂച്ച വീണതും,
എന്ന് വേണ്ട പലചരക്ക്‌കടയിലെ ബില്ലുകൾ പോലും അയച്ചിട്ടുണ്ട്‌.
ഏറ്റവും ഒടുവിൽ,
“അനിയാട്ടാ ഇത്രയും കാലത്തിനിടയിൽ ഈ പിറന്നാളിനല്ലേ നമ്മൾ ആദ്യായിട്ട്‌ ഒന്നിച്ച്‌ കൂടുന്നേ, ഇതു വരെയും എനിക്ക്‌ ഒരു പിറന്നാൾ സമ്മാനം അവൾക്ക്‌ വാങ്ങിക്കൊടുക്കാൻ സാധിച്ചിട്ടില്ല,
ഞാൻ ഒരു സാരി വാങ്ങിക്കൊടുത്തോട്ടെ"?
“നീയെന്തിനാ എന്നോട്‌ ചോദിക്കുന്നേ, നിന്റെ ഇഷ്ടം പോലെ ചെയ്തോ, പക്ഷെ അധികം വില കൂടിയത്‌ വാങ്ങിക്കണ്ട കേട്ടോ” പിന്നെ ഞാൻ രണ്ട്‌ ദിവസം മുന്നെ എത്തുമല്ലൊ അവളെയും കൂട്ടി പോയി വാങ്ങിക്കാം ന്ന് കരുതിയതാ”
“അത്‌ സാരമില്ല ഇപ്രാവശ്യം എന്റെ വകയാവട്ടെ, അനിയാട്ടൻ ഒരു ചൂരിദാർ വാങ്ങിക്കോട്ടാ, ആകാശ നീലയിൽ സ്വർണ്ണബോർഡർ ഉള്ളത്. ”
“ശരി എന്നാൽ ഇപ്രാവശ്യം അങ്ങനാവട്ടെ,
ഓക്കെ ഡാ ഗുഡ്നൈറ്റ്‌, ഇനി വന്നിട്ട്‌ നേരിൽ കാണട്ടോ”
“ഓക്കെ അനിയാട്ടാ ഗുഡ്നൈറ്റ്‌…”
അപ്പൊളേക്കും എന്റെ കണ്ണുകൾ നിറഞ്ഞ്‌ കവിളിലൂടെ ഉപ്പ്‌രസം ചുണ്ടിലെത്തിയിരുന്നു.
അനിയാട്ടൻ ചെറുതായി കൂർക്കംവലി തുടങ്ങി.
പുറംകൈപത്തി കൊണ്ട്‌ കണ്ണുകൾ തുടച്ച്‌ ഫോണും ഓഫാക്കി ഉറങ്ങാൻ കിടന്നു.
അഞ്ചാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെ ഒന്നിച്ച്‌ പഠിച്ചതാ ഞങ്ങൾ രണ്ടാളും. ഏഴ്‌ കഴിഞ്ഞപ്പൊ എല്ലാരും പലവഴികളിൽ പിരിഞ്ഞു.
വർഷങ്ങൾ ശരവേഗത്തിൽ കുതിച്ച്‌ പാഞ്ഞു.
എന്റെ കല്ല്യാണം കഴിഞ്ഞു, രണ്ട്‌ കുട്ടികളുമായി.
മോൻ എട്ടിലെത്തിയപ്പൊളാ അനിയാട്ടൻ ഗൾഫിലേക്ക്‌ പോയത്‌. ആദ്യായി ലീവിനു വന്നപ്പൊ കൊണ്ടു വന്ന ഫോണിൽ അനിയാട്ടൻ തന്നെയാ വാട്ട്സപ്പും ഫേസ്ബുക്കും ഒക്കെ ശരിയാക്കി തന്നെ.
ലീവ് കഴിഞ്ഞ്‌ അനിയാട്ടൻ പോയപ്പോൾ കുട്ടികൾ സ്കൂളിൽ പോകുന്ന പകൽ സമയങ്ങളിൽ ഒറ്റക്കാവുമ്പോൾ ബോറടി മാറ്റാൻ ഫേസ്ബുക്ക്‌ നോക്കുന്നതിനിടയിലാ കൂടെ പ്ലസ്‌ടു വിനു പഠിച്ചൊരു കൂട്ടുകാരി ഷെയർ ചെയ്ത ഒരു ചിത്രം കണ്ടത്‌. ആ ചിത്രം വരച്ച ആളെ കണ്ടപ്പൊ ശരിക്കും ഞെട്ടിപോയി അതിവനായിരുന്നു.
“നന്നായിട്ടുണ്ട്‌”
എന്നൊരു കമന്റ്‌ ഇട്ടതേ ഉള്ളൂ. റിക്വ്സ്റ്റ്‌ വന്നതും സംസാരം തുടങ്ങിയതും അത്‌ വാട്ട്‌സപ്പിലേക്ക്‌ നീങ്ങിയതും ഒക്കെ ഒരു മണിക്കൂറിനുള്ളിലായിരുന്നു.
പറഞ്ഞിട്ടും പറഞ്ഞിട്ടും അവനു തീരുന്നുണ്ടായിരുന്നില്ല, അന്ന് സ്കൂളിൽ ഞാൻ ഇട്ട്‌ പോകുന്ന കുപ്പായങ്ങളുടെ നിറം, ബുധനാഴ്ചകളിൽ ഇടുന്ന മാലയുടെ നിറം, ബുക്ക്‌ പൊതിയുന്ന കടലാസുകൾ, മായ്ക്കുന്ന റബ്ബറിന്റെ മണം, മൂക്കുത്തി കുത്തി ആദ്യായി പോയ ദിവസം, മുടി പിന്നിയിടുന്നത്‌,ഇറക്കം കുറഞ്ഞ പച്ച പാവാട, കണക്ക്‌ മാഷിന്റെ അടി, കഞ്ഞിക്ക്‌ കൊണ്ടുവരുന്ന പ്ലേറ്റ്‌ ഒളിപ്പിക്കുന്നത്‌...
അങ്ങനങ്ങനെ അവനോർക്കാത്ത ഞങ്ങൾ സംസാരിക്കാത്ത ഒരു കാര്യങ്ങളും ഉണ്ടായിരുന്നില്ല. എന്തോ അത്യാവശ്യം എന്ന് പറഞ്ഞ്‌ അന്ന് അനിയാട്ടന്റെ നമ്പർ കൊടുത്തപ്പോളും എന്തിനെന്ന് പോലും ചോദിച്ചില്ല.
നാലുവർഷം ആയിക്കാണും ഇപ്പൊ, മക്കൾ തമ്മിലും ഞാനും അവന്റെ ഭാര്യയും തമ്മിലുമൊക്കെ നല്ല സൗഹൃദം തന്നെ, എന്നാലും
“ഛെ അവൻ അവന്റെ ഭാര്യയുടെയും അനിയാട്ടന്റെയും മുന്നിൽ വച്ച്‌,
അത്രക്ക്‌ വേണ്ടായിരുന്നു.”
******** ******** *********** *********
“നീ ഇങ്ങനെ കുട്ടികളെ പോലെ ആയാലെങ്ങനാ ഇറങ്ങാൻ നോക്ക്‌ വേഗം”
അടുക്കളയിലേക്ക്‌ കയറി വരുന്ന അനിയാട്ടന്റെ ശബ്ദം കനത്തിരുന്നു.
ഞാൻ വേഗം സാരിതലപ്പ്‌ കൊണ്ട്‌ കണ്ണുകൾ തുടക്കാൻ ശ്രമിച്ചു.
“നമ്മളെ അവനു മനസ്സിലാകുമോ അനിയാട്ടാ”?
എനിക്ക്‌ ശബ്ദവും കരച്ചിലും നിയന്ത്രിക്കാൻ പറ്റിയില്ല. ഞാനാ നെഞ്ചിൽ പറ്റിക്കിടന്ന് ഏങ്ങിക്കരഞ്ഞു.
“നീ അവിടെ അവന്റെ മുന്നിൽ നിന്നിങ്ങനെ കരയരുത്‌, ലാസ്റ്റ്സ്റ്റേജിൽ മാത്രമേ മനസ്സിലായുള്ളൂന്നാ അറിഞ്ഞത്‌, ഒരു കീമോ ചെയ്തതോട്‌ കൂടി ശരീരം തളർന്നു. രണ്ട്‌ ദിവസമായി നേരിയ ശ്വാസം മാത്രമേ ഉള്ളൂന്നാ കേട്ടത്‌, അവിടെ പോയി കരഞ്ഞ്‌ കൂടെ നിൽക്കുന്നവരെ കൂടി വിഷമിപ്പിക്കരുത്‌ നീ”
“ഇല്ല അനിയേട്ടാ ഇനി ഞാൻ കരയില്ല,”
എന്റെ ശബ്ദം ദൃഢമായിരുന്നു.
വേഗം മുഖം തുടച്ച്‌ ചെറിയൊരു മൂടിയുള്ള പാത്രം കഴുകി, ആ പാത്രത്തിലേക്ക്‌ കാലത്ത്‌ ഉണ്ടാക്കി വച്ചത്‌ പകരുമ്പൊളാ ഇതെന്താണെന്ന് ചോദിച്ച്‌ അനിയാട്ടൻ പിന്നെയും വന്നത്‌.
“ഇത്‌ പച്ചരിയും വെല്ലവും ഇട്ട്‌ വെച്ച പായസാ, വല്ല്യ ഇഷ്ടാ പോലും ചെക്കനിത്. അവൻ പോണേനും മുന്നെ എനിക്ക്‌ ആ കടവും തീർക്കണം.
ഒരു ഉരുള എനിക്കും ഊട്ടണം അവനെ”
ആ കണ്ണുകൾ നിറഞ്ഞെന്റെ കൈകളിലേക്ക്‌ ഇറ്റിയപ്പൊ അനിയേട്ടനെ ഞാനും കളിയാക്കി, കണ്ണീരോടെ…
“ശേ നിങ്ങളിങ്ങനെ ആണുങ്ങളും കരഞ്ഞാലോന്ന്".
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot