നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ശൗചാലയ സഞ്ചാരങ്ങൾ.

Image may contain: 2 people, including Anjali Rajan, people smiling, closeup

~~~~~~~~~~~~~~~~~~~~~
കാണം വിറ്റും ഉത്സവം ഉണ്ണുന്ന ഉത്സവക്കാലമെത്തി.
അന്നെന്റെ കൃഷ്ണന് പത്തു മാസം
പ്രായം.
ഉത്സവത്തിന് വീടുകളിൽ മത്സ്യ മാംസ്യാദികളാണ് മുഖ്യം.
അത് തന്നെയാണ് ഒരു കാന്തം പോലെ എന്നെ ഉത്സവത്തിലേക്കാകർഷിച്ചതും.
പ്രത്യേകിച്ചും പോത്തിറച്ചി .
ഞാൻ പാചകത്തിൽ പിച്ചവക്കുന്ന
ആ ഉത്സവക്കാലത്താണ് അത് നടന്നത്.
അടുക്കളയിലെ വലിയ ചരുവത്തിൽ ഗമയോടെ ഇരിക്കുന്ന പോത്തിറച്ചിക്കു ചുറ്റും നടന്ന്
"എന്തിനെന്നറിയില്ല, എങ്ങനെന്നറിയില്ല എപ്പഴോ നിന്നെയെനിക്കിഷ്ടമായി "
എന്ന വരികൾ മൂളുമ്പോഴാണ് ശൂ..ശൂ എന്ന വിളി കേട്ടത്.
തിരിഞ്ഞ് നോക്കുമ്പോൾ, മഞ്ഞ കിറ്റിൽ കളയാനായി മാറ്റി വക്കപ്പെട്ട ഇറച്ചീടെ നെയ്യാണ്.
എന്നെ കളയല്ലേന്ന നിലവിളി ഞാൻ കേട്ട പോലെ.
അല്ലേലും, അപേക്ഷ ഞാൻ ഉപേക്ഷിക്കാറില്ല.
അടുക്കളയിൽ നിന്നും അമ്മായിയമ്മ അരങ്ങത്തേക്ക് പോയതിനു ശേഷം ഞാൻ പാനെടുത്ത് കുറച്ചെണ്ണയൊഴിച്ച് ഉപ്പും കുരുമുളകും പുരട്ടി ഇറച്ചി നെയ്യ് പൊരിച്ചു.
നെയ്യ് മൊരിയാൻ എണ്ണേടാവശ്യം ഇല്ലന്നറിയാനുള്ള ബുദ്ധി വളർച്ച അന്നുണ്ടായിരുന്നില്ല.
വെന്ത നെയ്യ് പാത്രത്തിലാക്കി ഞാൻ തിന്നു, അല്ല മിഴുങ്ങി കാരണം ചവച്ചിട്ടതരയുന്നില്ല.
വയറിലേക്ക് അതെത്തിയപ്പോൾ സ്വീകരിക്കാനെന്നവണ്ണം, വയറിനകത്തുന്ന് വെടിക്കെട്ട്, പഞ്ചവാദ്യം എന്നിവ അരങ്ങേറുന്നു,
വയറിൽ നിന്ന് താഴേക്ക് സുനാമി അലയടിക്കുന്നതു പോലെ തോന്നി.
പിന്നൊന്നും ഓർമ്മയില്ല.
ഓർമ്മ വരുമ്പോൾ ഞാൻ ശൗചാലയത്തിലെ സിംഹാസനത്തിന്മേലാണ്.
ശൗചാലയത്തിൽ നിന്ന് മുറിയിലേക്കും, മുറിയിൽ നിന്ന് ശൗചാലയത്തിലേക്കും ചാടിക്കളിക്കുന്നതിനിടയിൽ
"നിനക്കും വേറൊന്നും കഴിക്കാനില്ലായിരുന്നിട്ടാണോടീ #$@&......?"
എന്ന കെട്ടിയോന്റലർച്ച കേട്ട് കുട്ടി മാമാ....ഞാൻ ഞെട്ടി.
ഹും! ഇനീപ്പൊ അലറീട്ടെന്തിനാ?
ഞാൻ ആ ഇറച്ചി നെയ്യ് പൊരിച്ചു മിഴുങ്ങണ നേരത്ത് ഇതിയാനൊന്ന് ഒച്ചവച്ചിരുന്നെങ്കിൽ ,
ഉറക്കെ കരഞ്ഞിരുന്നെങ്കിൽ , ഞാനുണർന്നേനെ!!
ബന്ധുവായ ഹോമിയോ ഡോക്ടർ രണ്ട് കുപ്പി ഗുളികകൾ കൊടുത്തയച്ച് നാലെണ്ണം വീതം മൂന്ന് മണിക്കൂർ ഇടവിട്ട് കഴിക്കാൻ നിർദ്ദേശിച്ചു.
പക്ഷേ കാഞ്ഞ ഫുത്തീള്ള കെട്ടിയവൻ ഡോക്ടർ കഴിക്കാൻ നിർദ്ദേശിച്ച മൂന്ന് മണിക്കൂർ ഇടവിട്ട് എന്നത് മുപ്പതു മിനിട്ട് ഇടവിട്ട് കഴിക്കാനാണെന്നെന്നോട് തട്ടി.
അങ്ങേരെക്കാൾ കാഞ്ഞ ഫുത്തീള്ള ഞാൻ മുപ്പത് മിനുട്ട് ഇടവിട്ട് എന്നത് പതിനഞ്ച് മിനുട്ട് ഇടവിട്ട് കഴിച്ചും തുടങ്ങി.
അങ്ങനെ രണ്ട് മണിക്കൂറിനുള്ളിൽ ഗുളിക കുപ്പികൾ കാലിയായി.
ഇതിനിടയിൽ നേരം കിട്ടിയപ്പോഴൊക്കെ ഇഞ്ചിനീരും, സുലൈമാനിയും, കുടിച്ചു. ലോമോട്ടിൽ എന്ന ഗുളികയും കഴിച്ചു.
അന്ന് രാത്രിയോടെ കലാപരിപാടിക്ക് തിരശ്ശീല വീണു.
പക്ഷേ പിറ്റേന്ന് മുതലങ്ങോട്ട് വരണ്ട കാലാവസ്ഥയായി.
വായ്ക്കകത്തേക്ക് പോകുന്നതൊന്നും പുറത്തേക്ക് പോകാൻ കഴിയാതെ വയറിൽ കുടുങ്ങിക്കിടപ്പായി.
കുറച്ചു ദിവസങ്ങൾ ശൗചാലയത്തിലിരുന്ന് "വരുവാനില്ലാരുമീ വിജനമാമീവഴിക്കറിയാമെതന്നാലും "
പാടിയതിനു ശേഷം മറുമരുന്നിനായ് ഹോമിയോ ഡോക്ടറെ സമീപിച്ചപ്പോഴാണ്,
ഡോക്ടർ പറഞ്ഞ സമയവും, കെട്ടിയോൻ തീരുമാനിച്ച സമയവും ഞാൻ നടപ്പിലാക്കിയ സമയവും വെളിയിൽ വന്നത്.
കലണ്ടറിലെ പേജ് മറിഞ്ഞ് മറിഞ്ഞു പോയി. കൃഷ്ണൻ അഞ്ചാം വയസ്സിലേക്കെത്തി.
ആ ക്രിസ്തുമസ് രാവിൽ, ഞങ്ങൾ ചിറ്റപ്പന്റെ വീട്ടിലെത്തി.
അവിടെ പല തരത്തിലുള്ള കേക്ക്കളും, മുന്തിരി വൈനും ഉണ്ടായിരുന്നു.
കേക്കും തിന്ന്,കേക്ക്ന്റെ ക്രീമും തോണ്ടി തിന്ന്, വൈനും കുടിച്ച്, പിന്ന വിടുണ്ടായിരുന്നതുമൊക്കെ വലിച്ചു വാരി മിഴുങ്ങി ഉറങ്ങി, അതിരാവിലെ ഉണർന്ന് ഞങ്ങൾ തിരികെ വീട്ടിലേയ്ക്ക് പോയി.
ആ യാത്രയിൽ എനിക്കൊരു ഐഡിയ മൊട്ടിട്ടു, എന്തേലും കഴിച്ചിട്ടു പോയാൽ, വീട്ടിലെത്തി രാവിലത്തേയ്ക്ക് ഒന്നും ഉണ്ടാക്കണ്ട.
പക്ഷേ, അത്ര രാവിലെ,കടകൾ പലതും തുറന്നിട്ടുണ്ടായിരുന്നില്ലാ, മുന്നോട്ട് പോയപ്പോൾ ചെറിയൊരു കട,
' കേറി വാടാ മക്കളേ ' എന്ന മട്ടിൽ തുറന്നിരിപ്പുണ്ട്.
അവിടുത്തെ വിഭവങ്ങൾ അപ്പവും, മുട്ടയും ,മുട്ടയും അപ്പവും.
ഞാനെങ്ങനെ തലകുത്തി നിന്ന് നിർമ്മിച്ചാലും ശരിയാവത്ത സാധനമാണീ മുട്ടക്കറി.അതോണ്ട് പുറത്തൂന്ന് കിട്ടണ മുട്ടക്കറി തട്ടാൻ മ്മിണി ബല്യ ഇഷ്ടാ.
കള്ളി കൈലിയും, വരയൻ ബനിയനും ഇട്ട ചേട്ടന്റെ കൈയ്യിലിരുന്ന് കുണുങ്ങി കുണുങ്ങി വരുന്ന അപ്പോം മുട്ടേം കണ്ട് എന്റെ വയറിനുള്ളിൽ നടന്ന ആനന്ദ നൃത്തത്തിനൊടുവിൽ ക്ഷീണിച്ച് മറിഞ്ഞു വീണ തലേന്നത്തെ കേക്കും വൈനും പുറത്തേക്ക് ചാടാൻ വെമ്പൽ പൂണ്ടൂ.
"ചേട്ടാ, ടൊയ്ലറ്റ് എവിടാ ?"
"ഓംലറ്റാ? അതൊന്നും ഇവിടെ കിട്ടൂല്ലാ ട്ടാ."
"ചേട്ടാ കക്കൂസ്..... കക്കൂസ് "
കള്ളി കൈലിക്കാരൻ ചേട്ടൻ ചൂണ്ടിയ സ്ഥലം ലക്ഷ്യമാക്കി ഞാൻ പാഞ്ഞു.
ഹോട്ടലിനു പിന്നാമ്പുറത്ത്, ഇടുങ്ങിയ മുറിയും, മരക്കഷണം കൊണ്ടുള്ള വാതിലും ചേർന്നതായിരുന്നു ടൊയ്ലറ്റ്.
സ്വദേശി പ്രസ്ഥാനത്തിന്റെ അനുഭാവികളിലാരോ ഉടമയായിരുന്ന കൊണ്ടാവാം, പേരിലും അത് പുലർത്തി ഇൻഡ്യൻ ക്ലോസറ്റ് ആയിരുന്നു.
പൈപ്പ് ഉണ്ടായിരുന്നില്ല. ചളുങ്ങിയ അലുമിനി കുടം ഉണ്ട്. അതെടുത്ത് കുളത്തിൽ നിന്ന് വെള്ളം കോരിയെടുക്കണം.
വാതിലാണേലോ, ഇങ്ങോട്ട് വാന്ന് വിളിച്ചാൽ അങ്ങോട്ട് പോകും.അതായത് കുറ്റി ഇല്ലായിരുന്നൂന്ന് .
അകത്ത്, ഞാൻ അതീവ ശ്രദ്ധയോടെ, കൃത്യനിർവ്വഹണത്തിലേർപ്പെട്ടിരിക്കെ, പുറത്ത്, കുറ്റിയില്ലാത്ത വാതിൽ അടച്ചുപിടിച്ച് നിന്ന കെട്ടിയോൻ, ഏതോ ഭാഷയിൽ, എന്നെയും, വീട്ടുകാരെയും പ്രകീർത്തിച്ചു കൊണ്ട് മണിപ്രവാളം ചൊല്ലി.
കാലം കടന്നു പോയി. പത്ത് മാസക്കാരൻ കൃഷ്ണൻ പത്ത് വയസ്സുകാരനായി.
അപ്പഴേക്കും കണ്ണന്റെ കല്യാണമായി.
കല്യാണതലേന്ന് രാത്രിയിൽ ഞങ്ങളെല്ലാരും ഉറങ്ങാതെ വെളുപ്പിന് നാലുമണി വരെ ചളിയടിച്ചിരുന്നു.
ഉച്ചക്ക് കല്യാണസദ്യക്ക് വിളമ്പിയ ഫ്രൂട്ട് സലാഡ് പിന്നേം പിന്നേം ചോദിച്ച് മേടിച്ച് ഒടുവിൽ വിളമ്പുകാരൻ എന്നെക്കണ്ട് പാത്തു നിൽക്കണവരെ തിന്നു.
വൈകിട്ട് റിസപ്ഷനായ് "ബ്രൂട്ടീഷൻ " ചെയ്യുമ്പോൾ ദാ വയറ്റിൽ നിന്നും നാദസ്വരവായന ഉയരുന്നു,
കൂടെ തലയ്ക്ക് മത്തും.വയറിൽ നിന്നും താഴേക്ക് ഓഖിയും അലയടിക്കുന്നു.
വീണ്ടും, ശൗചാലയത്തിലെ സിംഹാസനത്തിന്മേലാസനസ്ഥയായി.
ഇടക്കൊരു ബ്രേക്ക് കിട്ടിയപ്പോൾ പുറത്തേക്ക് വന്ന ഞാൻ തകർന്നു പോയി.
എന്റെ പത്തു വയസ്സുകാരൻ അവന്റെ സ്വന്തം തള്ള ഏത് വഴിക്ക് പോയെന്ന് പോലും നോക്കാതെ ചിക്കന്റെ കാലുമായി മൽപിടുത്തം നടത്തുന്നു.
കൂടെയുണ്ടായിരുന്ന ഐഷുവും സേതുവും കണ്ണന്റേം പെണ്ണിന്റേം ചുറ്റും പൂച്ച നടത്തം ചെയ്യുന്നു.
ചുറ്റും ഫാഷൻ മേള നടക്കുന്നു.
അവരുടെ ഇടയിൽ ശൗചാലയ സഞ്ചാരത്തിനനുയോജ്യമായ വസ്ത്രധാരണം ചെയ്തു നിൽക്കുന്ന എന്നോട് എനിക്ക് തീർത്താൽ തീരാത്ത പുച്ഛം തോന്നി.
പക്ഷേ അവിടെ നിന്നുയർന്ന നോൺ വിഭവങ്ങളുടെ മണം എന്നെ തരളിതയാക്കി.ഞാൻ പൂത്തുലഞ്ഞു.
തീരെ സഹിക്കാൻ മേലാതായപ്പോൾ ഞാനാ ഭക്ഷണത്തിന്മേൽ കൈ തൊട്ട് വായിലോട്ട് വച്ചതും, ഗർഭകാലത്തു പോലും ഛർദ്ദിച്ചിട്ടില്ലാത്ത ഞാൻ വാളു വച്ച് വച്ച് വളഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞാണ് അതിൽ നിന്നും നിവർന്നത്.
പിന്നെയും കാലം ഓടിയും, ചാടിയും പോയി. പത്തു വയസ്സുകാരൻ കൃഷ്ണൻ പതിമ്മൂന്നിലേക്കെത്തി.
കഴിഞ്ഞ ഞായറാഴ്ച എന്റെ കസിൻബ്രോയുടെ കല്യാണമായിരുന്നു.
" നീ കല്യാണതലേന്നെ എത്തണം, എല്ലാരും വരും ,നമുക്കെല്ലാവർക്കും അടിച്ചു പൊളിക്കണം"
എന്നൊക്കെ കേട്ടതനുസരിച്ച് കല്യാണതലേന്ന് പോകാൻ സ്ഥാവരജംഗമ വസ്തുക്കളും കെട്ടിപ്പെറുക്കി നിൽക്കുമ്പോഴാണ് തലേ ദിവസം മൂക്ക്മുട്ടെ തട്ടിയ അയില വയറിൽ താണ്ഡവം തുടങ്ങിയതും, സുനാമി താഴേക്ക് അലയടിച്ചതും.
അങ്ങനെ ഞാൻ കല്യാണ യാത്ര റദ്ദാക്കി, ശൗചാലയ സഞ്ചാരത്തിനു തിരിച്ചു.
കല്യാണതലേന്ന് കല്യാണവീടിന്റെ പരിസരത്ത് പോലും എത്താൻ കഴിഞ്ഞില്ല, പോട്ടെ, പിറ്റേന്ന് കല്യാണത്തിനു പോലും പോകാൻ കഴിഞ്ഞില്ല.
ഒരു ബ്രേക്ക് കിട്ടിയപ്പോൾ ഞാൻ റിസപ്ഷന് എത്തി.
കസിൻബ്രോ കെട്ടും കഴിഞ്ഞ്, പച്ച ഉടുപ്പിട്ട്, പുത്തൻപെണ്ണുമായ് കൊച്ചുവർത്താനം പറഞ്ഞിരിക്കുന്നു.
എന്നെ കണ്ട പരിചയം പോലുമില്ല.
ഓ കല്യാണത്തിന് ചെല്ലാത്തതിന്റെ പരിഭവമായിരിക്കും!!
ഞാൻ പിറകിലെത്തി തോളിൽ തോണ്ടി വിളിച്ചു.
പൊടി തട്ടി കളയണ പോലെ എന്റെ കൈ തട്ടി മാറ്റി.
ഞാൻ മുൻപിൽ ചെന്നു നിന്നു.
ങ്ങൂം... ങ്ങൂം, അറിയണില്ല അവളുടെ ചെവിക്കകത്തു തന്നെ.
ഇതിനും മാത്രം എന്നതാണോ പറേണത് !!!
ഒടുക്കം ഞാനവരുടെ ഇടയിലേക്ക് തലനീട്ടി അവരുടെ മോന്ത തിരിച്ചെന്നെക്കാണിച്ചു കൊടുത്തു.
ഹല്ല പിന്നെ !!!
അതു കഴിഞ്ഞ് ഒരു ഭാഗത്ത് ഞാനും ഐഷുവും അടങ്ങിയൊതുങ്ങി കുലസ്ത്രീകളായിരിക്കുമ്പോഴാണ് ആരുടെയോ പ്ലേറ്റിൽ ഇരുന്ന് അതുവഴി പോയ കൊഴുത്ത് തുടുത്ത ബീഫ് എന്നെ നോക്കി കണ്ണിറുക്കിയത്.
കൺട്രോൾ കിട്ടാതായ ഞാൻ മേനകയുടെ നൃത്തത്തിൽ മയങ്ങിയ വിശ്വാമിത്രനെ പോലെ മൂക്കും കുത്തി വീണു.
പക്ഷേ ഉള്ളിലെ പേടി കാരണം സ്കിൽ മുഴുവനും പുറത്തെടുക്കാൻ കഴിഞ്ഞില്ല.
പക്ഷേ അന്ന് തൊട്ട് ദേ ഇപ്പ വരെ ഞാൻ കൂലംകലുഷിതമായ് ആലോചിക്കുന്നത് ഇതാണ്,എന്തുകൊണ്ടാണ് എന്റെ തോട്ടത്തിൽ ആലിൻക്കാ പഴുത്ത് തുടുത്ത് നിൽക്കുമ്പോൾ തന്നെ എനിക്ക് വയറിൽ പല്ലുവേദന വരുന്നത്!!
~~~~~~~
By,
ANJALY Anjali Rajan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot