നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൊച്ചു തോമ

Image may contain: 1 person, beard, sunglasses, selfie, closeup and indoor

എടിയേ ആ കയറും കത്തിയും മഴുവും ഇങ്ങെടുത്തേ", കുറച്ചു അക്ഷമനായാണ് കൊച്ചു തോമ അകത്തേക്ക് നോക്കിക്കൊണ്ട് ഭാര്യയോട് പറഞ്ഞത്, കാരണം മറ്റൊന്നുമല്ല ഇതിപ്പോ ആഴ്ച ഒന്ന് കഴിഞ്ഞു കൃഷി ഓഫീസർ പറഞ്ഞിട്ട്, ഇനി വെച്ചിട്ട് കാര്യമില്ല.. ഇന്ന് തന്നെ തീർക്കണം, ഒരുപാടായി അവൻ നിന്ന് പറ്റിക്കുന്നു. പല തിരക്കുകൾ കാരണം നീട്ടി വച്ചതാണ്..
അകത്തു നിന്നും ത്രേസ്യാമ്മ തത്രപ്പെട്ടു വന്നു, രാവിലെ തൊട്ടേ ജോലിയിലാണ്, മകളും മരുമോനും വരുന്നുണ്ട്, അപ്പൊ അവർക്കിഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കണം, മരുമോൻ ഒരു സഹൃദയൻ മാത്രമല്ല, ഭക്ഷണപ്രിയനും ത്രേസ്യാമ്മയുടെ പാചകത്തിന്റെ ആരാധകനും ആണ്.. അതിനിടക്കാണ് അങ്ങേരുടെ ഒരു.. പക്ഷെ കെട്ട്യോനല്ലേ, മൂക്കത്തു ദേഷ്യം അല്ലെ എന്നൊക്കെ ഓർത്തപ്പോൾ പെട്ടെന്ന് തന്നെ അവർ കത്തിയും കയറും മഴുവും എല്ലാം എടുത്തു കൊടുത്തു..
കൊച്ചുതോമ പതിയെ തെങ്ങിൽ കയറി,വലിയ ഉയരം ഒന്നുമില്ല, അഞ്ചാം കൊല്ലം കായ്‌ക്കേണ്ടതാണ്, ഇപ്പൊ കൊല്ലം പത്തായി, ഇനി കായ്ക്കാൻ സാധ്യത കുറവാണെന്നു കൃഷി ഓഫീസർ പറഞ്ഞ അന്ന് ഉറപ്പിച്ചതാണ് കടയോടെ വെട്ടാൻ.. ഇന്നത് ചെയ്തിട്ട് ബാക്കി എന്നുറപ്പിച്ചു കൊച്ചുതോമ കയർ തെങ്ങിൽ മുകളിൽ കെട്ടി, താഴെ ഇറങ്ങി കയറിന്റെ മറ്റേ അറ്റം പ്ലാവിന്റെ അടിയിൽ ബന്ധിച്ചു, മഴു കയ്യിൽ എടുത്തപ്പോഴാണ് മകളും മരുമകനും കയറിയ ഓട്ടോ വീട്ടിലെത്തിയത്, മരുമകൻ ഓട്ടോയുടെ കാശ് കൊടുക്കുമ്പോഴേക്കും മകൾ ഓടി അച്ഛന്റെ അടുത്തെത്തി പരിഭവം തുടങ്ങിയിരുന്നു, മാസങ്ങളായി കാണാത്ത വിഷമങ്ങൾ എണ്ണി പറയുന്ന കൂട്ടത്തിൽ അവൾ ചോദിച്ചു.,
"അച്ഛൻ എന്തിനാണ് ഈ തെങ്ങു വെട്ടിക്കളയുന്നത് "
കൊച്ചു തോമ "ഫലമില്ല മോളെ പത്തു വർഷമായി വച്ചിട്ട്, കായ്ഫലമില്ലാത്തതു വെട്ടിക്കളയണം, അത് എന്തായാലും "
ഒരു നിമിഷത്തേക്ക് മകളുടെ മുഖം വിവ ർണമായി, കണ്ണ് നിറഞ്ഞു.. വിതുമ്പിക്കൊണ്ടവൾ അകത്തേക്കോടി., ഒന്നും മനസിലാവാതെ കൊച്ചു തോമ മരുമകന്റെ വിഷ്ണമായ മുഖത്തേക്ക് നോക്കി, അപ്പോൾ മരുമകൻ പറഞ്ഞു,
"അച്ഛാ, അവൾക്കു നല്ല സങ്കടമുണ്ട്, കല്യാണം കഴിഞ്ഞ് പന്ത്രണ്ട് കൊല്ലമായിട്ടും ഒരു കുഞ്ഞിക്കാല് കാണാത്തതിൽ.. " മരുമകൻ അതും പറഞ്ഞു മുഖം താഴ്ത്തി അകത്തേക്ക് പോയി.. കൊച്ചു തോമ അസ്ത്രപ്രജ്ഞനായി കുറച്ചു നേരം അവിടെ മൂകം നിന്നു.. പിന്നെ മെല്ലെ തിരിഞ്ഞു തെങ്ങിൽ കയറാൻ തുടങ്ങി..
......... ....... ......... ........ ....
തെങ്ങിന് ആഞ്ഞു വെട്ടി തടമെടുക്കുമ്പോ കൊച്ചു തോമ പിറു പിറുത്തു കൊണ്ട് സ്വയം പറയുന്നുണ്ടായിരുന്നു.. "ഇനിയിപ്പോ ചിലപ്പോ കായ്ച്ചാലോ, "
അപ്പോൾ കാറ്റ് പിടിച്ച പച്ച തെങ്ങോലകൾ ആടിക്കൊണ്ടേ ഇരുന്നു...
....... കെ ആർ സുധീഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot