
---------------------------
രാവിലത്തെ കട്ടനും കുടിച്ച് മാതൃഭൂമി പത്രത്തിലെ "ചരമം" അരിച്ചു പെറുക്കുമ്പോഴാണു ഭാര്യ ഒരാവശ്യം ഉന്നയിച്ചത്.
'ബിജുനെ ഒന്നു പോയി കാണണം'
'ബിജു വിനു എന്തു പറ്റി? ഞാനിന്നലെയും കൂടീ ഫോണില്‍ സംസാരിച്ചതാണല്ലൊ'?
"ആരോട്?"
"ബിജു വിനോട്"
"ഏത് ബിജു"
"ബിജു ആന്റണി"
"നിങ്ങളുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ബിജു ആന്റണിയുടെ കാര്യമല്ല മനുഷ്യ ഞാന്‍ പറഞ്ഞത്, ഇത് ബിജു അനന്തരാമന്‍"
"അതാരടി ഈ ബിജു അനന്തരാമന്‍, നിന്റെ ഫെയ്സ് ബുക്ക് ഫ്രണ്ടോ? അതോ വാറ്റ്സപ്പ് ഗ്രൂപ്പ് മെമ്പറോ"?
'അവരാരെങ്കിലും ആയിരുന്നെങ്കില്‍ നിങ്ങളോട് പറയേണ്ട കാര്യമില്ലല്ലൊ..ഞാന്‍ തനിയെ പോയി കണ്ടേനെ".
"പിന്നെ ഇതാരാടി ? ഈ നാട്ടിൽ ഞാനറിയാത്ത നിനക്കറീയാവുന്നവന്‍"
'ഹൊ എന്റെ ചേട്ടാ, എനിക്ക് മാത്രമാല്ല, നിങ്ങളുടെ ഈ നാട്ടുകാർക്ക് മുഴുവൻ അറിയാം, ഇയാളൊരു ജ്യോത്സ്യനാണു".
' ദൈവമേ'!!! ഞാൻ മനസ്സിൽ വിളിച്ചു. കല്യാണം കഴിഞ്ഞ് ഇത്രേം വർഷമായി പിള്ളേരും മൂന്നായി. ഇക്കാലത്തിനിടയിൽ ഞങ്ങൾക്കിടയിൽ പത്ത് പൊരുത്തത്തിൽ ഒരെണ്ണം പോലും ഉള്ളതായി തോന്നിയിട്ടില്ല. ഞാൻ ദോശ തിന്നുമ്പോൾ അവൾ പൊങ്കൽ തിന്നും. സാരി ഉടുക്കാൻ പറഞ്ഞാൽ ദാവണിയുടുക്കും. എനിക്ക് മലയാളം സിനിമ അവൾക്ക് തമിഴ്. എല്ലാ പൊരുത്തക്കേടുകൾക്കിടയിലും ആകെയുണ്ടായിരുന്ന ഐക്യം എന്ന് പറയുന്നത് ജ്യോതിഷികളെ തെറിവിളിക്കലും അവരെ കാണാൻ പോകുന്നവരെ നിരുത്സാഹപ്പെടുത്തലുമായിരുന്നു.ആ പൊരുത്തവും ഇല്ലാതായിരിക്കുന്നു. ഞാൻ വല്ലാത്ത മനോവ്യഥയിലും സഹതാപത്തിലും ഭാര്യയെ നോക്കി.
"നഗരം" സപ്ലിമെന്റിൽ നിന്നും കണ്ണെടുത്തിട്ട്, എന്റെ മുഖത്തെ ഭാവ വ്യത്യാസത്തെ ചോദ്യഭാവത്തിൽ നോക്കിയിരുന്ന ഭാര്യായോട് ഞാൻ പറഞ്ഞു,
"വായിച്ചോളു, പത്രം വായിച്ചോളു, നിനക്കൊന്നുമില്ല"
എന്റെ ഭാവവ്യത്യാസം കണ്ട്, കയ്യിലിരുന്ന പത്രവും വലിച്ചെറിഞ്ഞ്, അവള്‍ നിലത്തിരുന്ന് കളിക്കുകയായിരുന്ന ഇളയ മകളേയും എടുത്ത് ഉപ്പും മുളകിലെ നീലുവിനെ പോലെ ചവിട്ടി മെതിച്ച് അകത്തേക്ക് പോയി.
അനന്തരാമന്റെ ഇല്ലത്തേക്ക് പോകുമ്പോള്‍ ഭാര്യ നിശ്ശബ്ദയായിയിരുന്നു. ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഞാന്‍ ഇടക്കിടെ ഭാര്യയെ ദയനീയമായി നോക്കി. അവള്‍ രൂക്ഷത്തോടെ എന്നെ നോക്കുമ്പോള്‍ ഞാന്‍ നോട്ടം പിന്‍വലിക്കും. മെയിന്‍ റോഡില്‍ ജ്യോതിഷിയുടേ ബോർഡ് കണ്ടു, അതിലിങ്ങനെ എഴുതിയിരുന്നു,
'നിങ്ങൾക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളെ സഹായിക്കാം' - പ്രശസ്ത ജ്യോത്സ്യന്‍ , ബിജു അനന്തരാമന്‍.
ഞാന്‍ സൈന്‍ ബോർഡിലെ ദിശയ്ക്കനുസരിച്ച് കാർ തിരിച്ച് ഇടറോഡിലേക്ക് കയറുമ്പോള്‍ ആലോചിച്ചു, ഇയാളുടെ പേരില്‍ തന്നെ ഒരു ഉടായിപ്പ് ഇല്ലെ? കാണാന്‍ പോകുന്നവന്‍ അനന്തരാമന്റെ മകന്‍ ബിജു ആണൊ? ബിജു വിന്റെ മകന്‍ അനന്തരാമനാണൊ? ഞാന്‍ ഭാര്യയുടെ കണ്ണുകളിലേക്ക് നോക്കി, അവിടേ പ്രത്യാശയുടെ തിളക്കം. ജ്യോതിഷിയെ കാണുന്നതെന്തിനെന്ന് ഇതുവരെ പറഞ്ഞില്ല. കൂടെ വരാന്‍ വിളിച്ചു, കൂടെ വന്നു. ഇവളിനി എന്നെ ചങ്ങലക്കിടാന്‍ കൊണ്ട് പോകുന്നോ അതൊ ഇവൾക്കെന്തെങ്കിലും വിഷയമുണ്ടൊ?
ബിജു അനന്തരാമ അയ്യരുടെ വീട് ( ഇല്ലം) കണ്ടു ഞാന്‍ ഞെട്ടി. ആളു ചില്ലറക്കാരനല്ല. ഗേറ്റ് കടന്ന് അകത്തേക്ക് ചെന്നപ്പോള്‍, മുറ്റത്ത് വിശാലമായ ഒരു ഷെഡ്. നെടു നീളത്തില്‍ ബഞ്ചിട്ടിരിക്കുന്നു, ദർശനം ലഭിക്കാൻ വരുന്നവർക്ക് ഊഴം കാത്തിരിക്കാന്‍. വലത് ഭാഗത്ത് യജ്ഞശാല. അവിടെ യാഗം നടക്കുന്നു. ശിഷ്യഗണങ്ങള്‍ ഒട്ടനവധി. ഇവിടെ എന്തെങ്കിലും ഒക്കെ നടക്കും, ആളു പുലിയാണു. ഒരു വരവ് കൂടി വരേണ്ടിവരും.
അതിരാവിലെ എത്തിയത്കൊണ്ട് മറ്റാരുമില്ല, ഞങ്ങള്‍ മാത്രം. ഞങ്ങളെ കണ്ടപ്പോള്‍ യജ്ഞശാലയിലെ മന്ത്രോച്ചാരണം ഉച്ചത്തിലായി, ഹോമകുണ്ഡങ്ങൾ ഗുമു ഗുമാ പുകയാൻ തുടങ്ങി. ഞങ്ങള്‍ക്ക് ഊഴം കാത്ത് അധിക സമയം കാത്തിരിക്കേണ്ടിവന്നില്ല. ദർശനത്തിനുള്ള അനുവാദം നൽകി കൊണ്ട് വാതിലുകള്‍ തുറക്കപ്പെട്ടു, ഒരു ശിഷ്യനെ അനുഗമിച്ച് ഞങ്ങള്‍ അകത്തേക്ക് കയറി.
ബിജു അനന്തരാമയ്യരെ കണ്‍ കുളിർക്കെ ഞാന്‍ നോക്കി നിന്നു. ഒരു കൃശഗാത്രന്‍, എന്നേക്കാള്‍ ഇളം പ്രായം. കഴുത്തില്‍ നവവധുവിനെ പോലെ ആഭരണങ്ങള്‍. രുദ്രാക്ഷ മാലകൾക്കും മൾട്ടി കളർ ചരടുകൾക്കും ഒരു കുറവും വരുത്തിയിട്ടില്ല. കവിളിലൊഴിച്ച്, മുഖത്തെല്ലാം ചന്ദനവും ഭസ്മവും കുങ്കുമവും ആവോളം വാരി വിതറിയിട്ടുണ്ട്. താന്ത്രിക മാന്ത്രിക വിദ്യകളിൽ അഗ്രകണ്യനായ ഈ ഇളംമുറക്കാരന്റെ പാണ്ഡിത്യത്തോടും ഉച്ചരിക്കുന്ന സംസ്കൃത ശ്ലോകങ്ങളും എങ്ങനെ മനസ്സിലാക്കുമെന്നാലോചിച്ച് ചിന്താനിമഗ്നനായി നിന്ന എന്റെ കർണ്ണപുടങ്ങളിലേക്ക് മാക്രി കരയുന്നപോലുള്ള ആ ശ്ബ്ദം വന്ന് പതിച്ചു.
" പെണ്ടാട്ടിയും മാപ്പിളയും കൂടി അടിച്ച് പിരിഞ്ഞ, അപ്പികളെയൊക്കെ എന്തര് ചെയ്തു"?
ഞാന്‍ വാപൊളിച്ചു ശ്വാസമെടുക്കാന്‍ മറന്ന് അയാളെ നോക്കി നിന്നു. അത്രയും പറഞ്ഞ് അയാള്‍ ഇരുന്നുകൊണ്ട് വീണ്ടും പറഞ്ഞു,
'ഇരി ഇരി, ഇരുന്നോണ്ട് പറയിന്‍, നോക്കിനിന്നിട്ട് എന്തെരുകാര്യം".
ആദ്യ ഡയലോഗിന്റെ ഞെട്ടലില്‍ നിന്നും ഞാന്‍ അപ്പോഴും മുക്തനായില്ല. ഇത് മനസ്സിലാക്കിയ ഭാര്യ എന്നെ പിടിച്ചിരുത്തി. ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. ഒരു ഞെട്ടലുമില്ല, ഒന്നുമില്ല, പേടിക്കേണ്ട എന്ന ഭാവത്തില്‍ എന്നെ കണ്ണു കാണിച്ചു, പിന്നെ ഭയഭക്തി ബഹുമാനത്തോടെ ജ്യോത്സ്യരെ നോക്കി. ഇവളിവിടെ ആദ്യമായിട്ടല്ല. ജ്യോത്സ്യമറിയാത്ത ഞാനത് ഗണിച്ചെടുത്തു.
പലകമേലുള്ള കവിടി വലതുകയ്ക്കുള്ളിലൊതുക്കി, ഉരുട്ടി, പല ഭാഗങ്ങളിലായി വീതം വച്ചു. അത് കണ്ടപ്പോള്‍ എനിക്കോർമ്മ വന്നത്, കുട്ടിക്കാലത്ത് അമ്പലപ്പറമ്പിൽ അറുപത്തിനാലു കളം വരച്ച്, നാലു കവിടികള്‍ പോക്കിയെറിഞ്ഞ് കളിച്ചിരുന്ന "കവിടികളി" ആയിരുന്നു. നല്ല വെളുത്ത കവിടികള്‍, അവസരം കിട്ടിയാല്‍ നാലെണ്ണം അടിച്ചു മാറ്റണമെന്നു തീരുമാനിച്ചു. ഇനിയിപ്പോള്‍ മകനു പൂജ അവധിയാണു. അവനെയും കവിടികളി പഠിപ്പിച്ചാല്‍ വിട്ടില്‍ വെറുതെയിരിക്കുന്ന സമയത്ത് ഒരു സമയം പോക്കാകും. ഞാന്‍ മനസ്സില്‍ കണ്ടത് ജ്യോത്സ്യരു മാനത്ത് കണ്ട പോലെ, കണ്ണടച്ച് എന്തോ മന്ത്രിച്ച് എനിക്ക് മുന്നിലായി പലകയുടേ ഓരത്ത് നാലു കവിടി വച്ചു. ഞാനതെടുത്ത് പോക്കറ്റിലിടാന്‍ ഒരുങ്ങിയപ്പോള്‍ ഭാര്യ കൈക്ക് കടന്ന് പിടിച്ച്, പിന്നെ മഹാ പാപം.. എന്ന രീതിയില്‍ കണ്ണു കാണിച്ചു.
"ആരൂഡം മറയുന്നു" ജ്യോത്സ്യര്‍ വീണ്ടൂം ചിലച്ചു. ഭാര്യ പെട്ടെന്ന് എന്റെ കൈ വിട്ട് ഭക്തമയി രാധയായി.
"ഇഷ്ടപ്പെട്ട ദൈവങ്ങളെ മനസ്സിൽ സങ്കൽപിച്ച് പ്രാർത്ഥിക്കിൻ". ജ്യോത്സ്യര്‍ അത്രയും പറഞ്ഞിട്ട് കവിടി ഉരുട്ടാന്‍ തുടങ്ങി.
ഭാര്യ കണ്ണുകളടച്ച് ആൽമാർത്ഥമായി വിളിച്ചു , "എന്റെ പളനി ആണ്ടവ ആരൂഡത്തിന്റെ മറവ് മാറ്റണേ".. മനസ്സില്‍ പറഞ്ഞതാണേലും ആത്മാർത്തത കൂടിയത് കൊണ്ട് അടുത്ത് നിന്ന ഞാന്‍ കേട്ടു. ഞാന്‍ അവളൂടെ ചെവിയില്‍ പറഞ്ഞു,
"പളനി ആണ്ടവനോട് തമിഴില്‍ പറ, മലയാളം പറഞ്ഞാല്‍ അങ്ങേർക്ക് മനസ്സിലാകില്ല".
"പളനി ആണ്ടവനോട് തമിഴില്‍ പറ, മലയാളം പറഞ്ഞാല്‍ അങ്ങേർക്ക് മനസ്സിലാകില്ല".
പ്രാർത്ഥനയുടെ നിറവോ കവിടി ഉരുട്ടിയതിന്റെ മിടുക്കോ ഇത്തവണ ആരൂഡം ആരും മറച്ചില്ല. കുറെ ഗ്രഹങ്ങളൂടേ പേരും, അവർക്ക് വേണ്ടി കുറച്ച് കവിടികളും പലകയില്‍ നിരത്തി ജ്യോത്സ്യര്‍ ഫൂള്‍ ഫോമിലേക്കുയർന്നു . എന്നിട്ട് പറഞ്ഞു,
"പ്രശ്നം വച്ചതൊക്കെ കൊള്ളാം, തടസ്സങ്ങളൊന്നുമില്ല, ഇനി പറയീന്‍, എന്തെരു പ്രശ്നം നിങ്ങളു തമ്മിലു..? കെട്ടിയോനും പെണ്ടാട്ടിയും അടി തന്നെ? ഇവിടെ വരുന്ന കേസ്കെട്ട് കൂടുതലും അതാണു കേട്ടാ? എവിടെ ജ്വാലി? കഴക്കൂട്ടത്ത് ടെക്നോ പാർക്കീ തന്നെ? എങ്ങനെ അടിക്കാതിരിക്കും, കെട്ടിയോന്‍ രാത്രി വേലക്ക് പോവുമ്പം പെണ്ണുമ്പിള്ള വീട്ടി കിടന്നൊറങ്ങും, അവളു പോവുമ്പോ അവന്‍ വിട്ടി കിടന്നൊറങ്ങും, എന്തിനു ഇങ്ങനെ ജിവിക്കണത്? രണ്ടു പേരും കൂടി ഒരെടത്ത് കെടന്നാലല്ലെ എന്തെങ്കിലും നടക്കു... അല്ലെങ്കില്‍ പിന്നെ അടിക്കാനെ സമയം കാണു.. അതിനു നമ്മള്‍ ജ്യോത്സ്യന്മാരെയും ജാതകത്തെയും പള്ള് പറഞ്ഞിട്ട് എന്തരു കാര്യം?'
ജ്യോത്സ്യര്‍ മുഴുവന്‍ ഗണിച്ച് പറഞ്ഞത് കേട്ടു ഞാൻ ഞെട്ടി . ഞാനെന്തെങ്കിലും പറയുന്നതിനു മുന്നെ ഭാര്യ ഇടപെട്ടു,
"അതൊന്നും അല്ല ജ്യോത്സ്യരെ പ്രശ്നം”
“പിന്നെ എന്തരു ? അമ്മായിയമ്മ തള്ളേടെ തൊന്തരവ് താങ്ങാന്‍ പാങ്ങില്ലേ? ജ്യോത്സ്യർക്ക് പിന്നേം സംശയം?
“അയ്യോ അതൊന്നുമല്ല, ഇവരുടെ ജോലിക്കാര്യം" ഭാര്യ മറുപടി പറഞ്ഞു.
അത് കേട്ടതും ജ്യോത്സ്യര്‍ ഒറ്റ ചോദ്യം
"ഏന്തരടെ അപ്പി, നിനക്ക് ജ്വാലിയും കൂലിയും ഒന്നും ഇല്ലെ? കണ്ട ബംഗാളികളും ബീഹാറികളും മുഴുവന്‍ വന്ന് ഇവിടേ ജ്വാലി ചെയ്ത് ഒള്ള കായ്കള്‍കൊണ്ട് പോകുന്നു, നിനക്ക് മാത്രം എന്തരടേ വേലക്ക് പൊയ്ക്കൂടേ, പെമ്പ്രന്നോത്തിയെ പൊളന്ന് തിന്നാന്‍ വീട്ടി കേറി ഇരിക്കേണല്ലെ"
"ഏന്തരടെ അപ്പി, നിനക്ക് ജ്വാലിയും കൂലിയും ഒന്നും ഇല്ലെ? കണ്ട ബംഗാളികളും ബീഹാറികളും മുഴുവന്‍ വന്ന് ഇവിടേ ജ്വാലി ചെയ്ത് ഒള്ള കായ്കള്‍കൊണ്ട് പോകുന്നു, നിനക്ക് മാത്രം എന്തരടേ വേലക്ക് പൊയ്ക്കൂടേ, പെമ്പ്രന്നോത്തിയെ പൊളന്ന് തിന്നാന്‍ വീട്ടി കേറി ഇരിക്കേണല്ലെ"
ഇവനെ ഞാന്‍ ഇപ്പോ കൊല്ലും എന്ന മട്ടില്‍ ഭാര്യയെ നോക്കി, അവൾ കണ്ണുകൾകൊണ്ട് അരുതെന്ന് അപേക്ഷിച്ചു, നമ്മുടെ മൂന്ന് കുട്ടികളെ ഓർക്കൂ എന്ന് ഭാവാഭിനയത്തിലൂടെ .
ഭാര്യ രംഗം ശാന്തമാക്കികൊണ്ട് പറഞ്ഞു,
'അങ്ങനൊന്നുമല്ല ജ്യോത്സ്യരെ, ഇങ്ങേരു വിദേശത്തായിരുന്നു, വന്നിട്ട് കുറേക്കാലമായി, വേറേ എങ്ങോട്ടും പോകുന്ന ലക്ഷണം കാണുന്നില്ല, രാവിലെ ക്ലബ്ബിൽ കളിക്കാൻ പോകുന്നെന്നും പറഞ്ഞ് പോകും, പിന്നെ വന്ന് മൊബെയിലും തോണ്ടിയിരിക്കും, അല്ലെങ്കില്‍ ആരെയെങ്കിലും കാണാനെന്നും പറഞ്ഞ് വണ്ടീയും തള്ളി കൊണ്ട് പോകുന്നത് കാണാം, വൈകിട്ട് പിന്നേം ക്ലബ്, എവിടെ പോകുന്നെന്നൊ ആരെ കാണുന്നെന്നോ അറീയില്ല.'
ജ്യോത്സ്യരു ഒരു വ്യാഘ്രത്തെ പോലെ എന്റെ മേൽ ചാടി വീണു..
"ആരെ കാണാനെടെ അപ്പി നീ തള്ളിക്കൊണ്ട് പോണത്? വല്ല കേസുകെട്ടും ഉണ്ടോ? എവിടെങ്കിലും പോയി വല്ല പണീംചെയ്ത് പെണ്ടാട്ടിക്കും അപ്പികൾക്കും തിന്നാനുള്ളത് ഉണ്ടാക്കികൂടേടേ? അല്ലെങ്കില്‍ നീ പുറത്ത് നിരങ്ങാന്‍ പോണ നേരത്ത് വീട്ടി ഇരുന്ന് വല്ല സിനിമയും കണ്ടൂടേ"?
"അയ്യോ വേണ്ട ജ്യോത്സ്യരെ, സിനിമ കാണണ്ട, സിനിമ കാണാന്‍ ഇരുന്നാല്‍ ഇങ്ങേരു കണ്ട സിനിമ തന്നെ വീണ്ടും വീണ്ടൂം കാണും, കണ്ട സീനുകള്‍ റീവൈൻഡ് ചെയ്ത് കാണും." ഭാര്യ ഇടക്ക് കയറീ പറഞ്ഞു.
ജ്യോത്സ്യര്‍ ഒരു ദീർഘനിശ്വാസം വിട്ടു, പിന്നെ ചോദിച്ചു
'എന്തരടേ അപ്പി ഇത്, അഴുക്ക സ്വഭാവം മുഴുവന്‍ ഉണ്ടല്ലൊ? നിനക്ക് പുതിയ സിനിമ ഒന്നും പിടിക്കൂലെ? നീ ഏത് സിനിമ ഇങ്ങനെ പിന്നേം പിന്നേം കാണുന്നത്"?
'എന്തരടേ അപ്പി ഇത്, അഴുക്ക സ്വഭാവം മുഴുവന്‍ ഉണ്ടല്ലൊ? നിനക്ക് പുതിയ സിനിമ ഒന്നും പിടിക്കൂലെ? നീ ഏത് സിനിമ ഇങ്ങനെ പിന്നേം പിന്നേം കാണുന്നത്"?
കിന്നാരതുമ്പികള്‍ എന്നു പറയാന്‍ നാവു പൊങ്ങിയെങ്കിലും ഞാനടക്കി.
എന്റെ ഭാവമാറ്റം മനസ്സിലാക്കിയ ഭാര്യ, രംഗം ശാന്തമാക്കാന്‍ പെട്ടെന്ന് ഇടക്ക് കയറീ പറഞ്ഞു,
"പഴയ നസീറിന്റെയും ജയന്റെയും സത്യന്റെയും ഒക്കെ സിനിമകളാ ജ്യോത്സ്യരെ".
ജ്യോത്സ്യര്‍ ഒന്നു ഇരുത്തി മൂളി.. പിന്നെ എന്തോ മന്ത്രിച്ചതിനു ശേഷം, കണ്ണുകളടച്ചു കവിടിയില്‍ തടവികൊണ്ട് ചോദിച്ചു
"എന്താ രാശി"?
"മീനേ"
"മീനേ അല്ല , മീനം" ജ്യോത്സ്യര്‍ തിരുത്തി,
"ഞാനൊന്നും പറഞ്ഞില്ല, പറഞ്ഞത് പുറത്ത് വന്ന മീന്‍ക്കാരനാണു.. അയളാണു " മീനേ "എന്ന് വിളിച്ചത്", ഞാന്‍ ജ്യോത്സ്യരെ തിരുത്തി.
“മൊയ്തീൻ വന്ന ? എന്തരടെ ഇന്നും ഒണക്ക ചാള തന്നെ നിന്റെ കൊട്ടേലു?" അകത്തിരുന്നു കൊണ്ട് ജ്യോത്സ്യര്‍ വലിയ വായില്‍ ചോദിച്ചു
"നല്ല നാടന്‍ ചുരയുണ്ട് ജ്യോത്സ്യരെ" മീങ്കാരന്റെ ശബ്ദം പുറത്തു നിന്നും ഡോൾബി സൗണ്ടിൽ.
'കൊണ്ടു പോയി വെട്ടിയരിഞ്ഞ് വാഴക്ക് വളമാക്കി കുഴിച്ചിടിന്‍" അത്രയും പറഞ്ഞ് ജ്യോത്സ്യരു മേശയില്‍ നിന്നും നൂറു രൂപാ നോട്ടുമെടുത്ത് പുറത്തേക്ക് പോയി.
ഞാന്‍ ഒന്നും മനസ്സിലാക്കാതെ ഭാര്യയെ നോക്കി, അവള്‍ വീണ്ടും കണ്ണു കൊണ്ട് ജ്യോത്സ്യര്‍ ഇപ്പോള്‍ വരുമെന്ന് ആഗ്യം കാണിച്ചു. ഇവളുടെ കണ്ണു ഞാന്‍ കുത്തിപ്പൊട്ടിക്കും.
ജ്യോത്സ്യരു കൊണ്ടു പോയ പണവുമായി തിരികെ വന്നു.
"പ്രശ്നം വയ്ക്കുമ്പോൾ ചില നിമിത്തങ്ങള്‍, അതും പ്രശ്നത്തിന്റെ ഒരു ഭാഗമാണു. രാശി ചോദിച്ചപ്പോൾ കേട്ടില്ലെ മീനേ.. എന്നു? അപ്പി പറയാതെ തന്നെ ഒരാളു വിളിച്ചു പറഞ്ഞില്ലെ? മീന്‍ മേടിച്ച് കാശ് കൊടുക്കാന്‍ ചെന്നപ്പ അത് പെമ്പ്രന്നോത്തി കൊടുത്തു.. നിങ്ങള്‍ പേടിക്കേണ്ട, കയ്യീന്ന് കായികളൊന്നും പോവൂല , എന്നാല്‍ ഒക്കെ നടക്കും" ഇത്രയും പറഞ്ഞു അയാള്‍ പണം തിരികെ മേശയിലിട്ടു.
ഒക്കെ സമ്മതിച്ചു എന്ന മട്ടില്‍ ഭാര്യ തലകുലുക്കി. അപ്പോള്‍ ഞാന്‍ പറഞ്ഞു,
"എന്റെ രാശി മീനും ഇറച്ചിയും ഒന്നുമല്ല.. വൃശ്ചികമാണു. എന്നിട്ട് മനസ്സിലോർത്തു , കയ്യീന്ന് കാശ് പോകില്ലല്ലൊ.. ഇയാളുടേ ദക്ഷിണ ഇയാള്‍ ഗോപി വരച്ചാല്‍ മതി.
"എന്റെ രാശി മീനും ഇറച്ചിയും ഒന്നുമല്ല.. വൃശ്ചികമാണു. എന്നിട്ട് മനസ്സിലോർത്തു , കയ്യീന്ന് കാശ് പോകില്ലല്ലൊ.. ഇയാളുടേ ദക്ഷിണ ഇയാള്‍ ഗോപി വരച്ചാല്‍ മതി.
"നിന്റെ രാശിയും നക്ഷത്രവും ഒക്കെ എന്തര് കൊച്ചെ"? ചോദ്യം ഭാര്യയോടായിരുന്നു.
ഭാര്യയുടെ മറുപടി കേട്ട്, അയാള്‍ ഞങ്ങളെ രണ്ടു പേരേയും മാറി മാറി നോക്കിയിട്ട് പറഞ്ഞ്,
"രണ്ടു പേരും ഒരു രാശി ഒരു നാളു, എന്നിട്ട് ഇപ്പോഴും ഒരുമിച്ച് തന്നെ താമസം? ഏത് കണിയാന്‍ നോക്കി പറഞ്ഞത് നിങ്ങള് തമ്മി കെട്ടാന്‍?"
"രണ്ടു പേരും ഒരു രാശി ഒരു നാളു, എന്നിട്ട് ഇപ്പോഴും ഒരുമിച്ച് തന്നെ താമസം? ഏത് കണിയാന്‍ നോക്കി പറഞ്ഞത് നിങ്ങള് തമ്മി കെട്ടാന്‍?"
"ഒരു കണിയാനും പറഞ്ഞില്ല, ഞങ്ങളുടെത് ലവ് മാര്യേജ് ആയിരുന്നു". ഞാന്‍ പരുഷമായി മറുപടി കൊടുത്തു.
"തന്നെ? വിളിച്ചോണ്ട് വന്നതാണല്ലെ" ?
നിനക്കിതു തന്നെ വേണം എന്ന മട്ടില്‍ എന്നെ നോക്കികൊണ്ട് കണീയാന്‍ ഒരു പരിഹാസച്ചിരി പാസാക്കി.
നിനക്കിതു തന്നെ വേണം എന്ന മട്ടില്‍ എന്നെ നോക്കികൊണ്ട് കണീയാന്‍ ഒരു പരിഹാസച്ചിരി പാസാക്കി.
അയാള്‍ ഒരു മൊബൈല്‍ ഫോണെടുത്തു, പിന്നെ അതില്‍ എന്റെ ജനനത്തീയതിയും ദിവസവും ഒക്കെ എന്റര്‍ ചെയ്തു. ഇത് കണ്ട ഞാന്‍ ഭാര്യയോട് പറഞ്ഞു, ഏതാ ആപ്ലിക്കേഷൻ എന്നു ചോദിക്ക്, നാളെ മുതല്‍ ഞാനും തുടങ്ങാം ജ്യോതിഷം. എന്നോട് മിണ്ടാതിരിക്കാന്‍ അവള്‍ വീണ്ടും കണ്ണുരുട്ടി.
"അപ്പിക്കെന്തര് പണി, എവിടേന്നാ പറഞ്ഞത്? തായലാൻഡിലൊ?" ജ്യോത്സ്യരു ചോദിച്ചു.
"അല്ല, ചൈനയിലായിരുന്നു.' ഭാര്യ മറുപടി പറഞ്ഞു.
"ചൈനയില്‍ എന്തോന്നടേ, ഡ്യൂപ്ലിക്കേറ്റ് സാധനം ഒണ്ടാക്കലു തന്നെ. " അത്രയും പറഞ്ഞ് ഒരു മണ്ടന്‍ ചിരി.
ഇയാളെ ഇപ്പോല്‍ തന്നെ അങ്ങ് കൊന്നാലൊ? എന്റെ കൈ തരിച്ചു.
"അവിടെ ഓയിലും ഗ്യാസും ഒക്കെ എടുക്കുന്നിടത്താണു.. പല രാജ്യങ്ങളിലും ജോലി ചെയ്തു" ഭാര്യ പിന്നേയും ശാന്തിമാർഗ്ഗം സ്വീകരിച്ചു.
"പിന്നെന്തിനു കളഞ്ഞിട്ട് വന്നത്? അവിടെങ്ങാനും നിന്നൂടായിരുന്നൊ? ചോറ് എല്ലിന്റിടയില്‍ കേറിയ"?
ഒരു കത്തി കിട്ടിയിരുന്നെങ്കില്‍ ഇവന്റെ എല്ലിന്റെ ഇടയില്‍ കയറ്റാനായി ഞാന്‍ ചുറ്റും പരതി.
"ചെയ്തുകൊണ്ടിരുന്ന പ്രോജക്ട് കഴിഞ്ഞു. ഇനി മറ്റെവിടെയെങ്കിലും പോകുന്ന ലക്ഷണം കാണുന്നില്ല, ഉടനെയെങ്ങാനും പോകുമോയെന്ന് ജ്യോത്സ്യരു ഒന്നു ഗണിച്ചു നോക്കണം. ഇങ്ങേരു വിട്ടിലിരുന്നാല്‍ ശരിയാകില്ല, മൂന്നു പിള്ളാരെയും നോക്കി ഇയാളുടെയും താളത്തിനു തുള്ളാന്‍ നിന്നാല്‍ ഞാന്‍ അധികം താമസിക്കാതെ വല്ല മഠത്തിലും ചേരും. ലോകത്ത് എണ്ണ വില കുറഞ്ഞത് കൊണ്ടാണു ഇപ്പോള്‍ പോകാത്തതെന്ന് പറഞ്ഞാണു വീട്ടിലിരിക്കുന്നത്".
അമ്പടി കള്ളി.. ഇവളൂടെ മനസ്സിലിരിപ്പ് കൊള്ളാമല്ലൊ? എന്നെ ഓടിക്കാനാണു ഈ മന്ത്രവും കുതന്ത്രവും. ഈ ഡ്യൂക്ലി കണിയാന്‍ കവിടി നിരത്തി ഇപ്പോല്‍ ക്രൂഡ് ഓയില്‍ വില കൂട്ടുമൊ?. മനസ്സിലിങ്ങനെ ഓർത്തിട്ട്, ക്ലൈമാക്സ് അറിയാൻ കാത്തിരുന്നു.
കവിടികള്‍ ജ്യോത്സ്യരുടെ കൈകൾക്കുള്ളിൽ ഞെരിഞ്ഞമർന്നു, പലകമേല്‍ ഉരഞ്ഞു. അയാള്‍ സംസ്കൃതത്തില്‍ എന്തൊക്കെയോ മന്ത്രിച്ചു. പിന്നെ പറഞ്ഞു,
"ഒരു വർഷം നാലു മാസം, ഇരുപത്തിരണ്ട് ദിവസം, കണ്ടക ശനി, അത് കഴിയണം. ഗുരുവും ശുക്രനും വ്യാഴവും വെള്ളിയുമൊക്കെ സ്ഥാനം മാറി നില്ക്കുന്നു. അത് കാരണമാണു എണ്ണവില കുറഞ്ഞത്. പക്ഷെ "..... അയാള്‍ പകുതിയില്‍ നിര്ത്തി .
അലസമായി കേട്ടിരുന്ന ഞാന്‍ ആ പക്ഷെയില്‍ കുടുങ്ങി, വെറുതെ ഒന്നു ശ്രദ്ധിച്ചു. ഭാര്യ ആകാംക്ഷയോടേ മുന്നോട്ടാഞ്ഞിരുന്നു. പിന്നെ ചോദിച്ചു..
"എന്തെങ്കിലും പ്രശ്നം"???
"ങും, പ്രശ്നം... ചെറുതല്ല കാണുന്നത്? സാരമില്ല, പ്രശ്നങ്ങൾക്ക് പ്രതിവിധിയും ഉണ്ടല്ലൊ?" കണിയാൻ ആശ്വസിപ്പിച്ചു.
"എന്തെങ്കിലും പ്രശ്നം"???
"ങും, പ്രശ്നം... ചെറുതല്ല കാണുന്നത്? സാരമില്ല, പ്രശ്നങ്ങൾക്ക് പ്രതിവിധിയും ഉണ്ടല്ലൊ?" കണിയാൻ ആശ്വസിപ്പിച്ചു.
ഭാര്യയുടെ ആകാംക്ഷ വർദ്ധിച്ചു:" ജ്യോത്സ്യരെ തെളിച്ചു പറയു.. ഒന്നും മനസ്സിലാകുന്നില്ല'
"പ്രശ്നത്തില്‍ കാണുന്നതെല്ലാം തുറന്ന് പറയരുതെന്നാണു... പരിഹാര ക്രിയകള്‍ പറയാം... അതേ ഇപ്പ പറയാൻ പറ്റു, എങ്കിലും പറയാം, ചുവരുണ്ടെങ്കിലെ ചിത്രം വരക്കാന്‍ പറ്റു." ജ്യോത്സ്യൻ പെട്ടെന്ന് പണ്ഡിതനായി.
"ഇങ്ങേർക്ക് ചിത്രം വരക്കാന്‍ പോയിട്ട്, മര്യാദക്ക് എഴുതാന്‍ പോലും അറിയില്ല, ഹാൻഡ് റൈറ്റിങ്ങ് കണ്ടാള്‍ ഇയാള്‍ എങ്ങനെ പത്ത് ജയിച്ചെന്നു സംശയിക്കും' ഭാര്യ പറഞ്ഞു.
ഇതിനെ എവിടെന്ന് കിട്ടിയടെ എന്ന മട്ടില്‍ ജ്യോത്സ്യന്‍ എന്നെ നോക്കി. ആദ്യമായി അയാളോട് ബഹുമാനം തോന്നി. അത്ര മന്ദബുദ്ധി അല്ല.
"ജ്യോത്സ്യരെ, വലിയ ആപത്തെന്ന് മനസ്സിലായി, പ്രശ്ന പരിഹാരം പറയു... " ഭാര്യ കരഞ്ഞ പോലെയായി..
ജ്യോത്സ്യര്‍ പിന്നെ ഒരു ഗണിത ശാസ്ത്രഞജനെ വെല്ലുന്ന രീതിയില്‍ ഹരിച്ചും ഗുണിച്ചും കുട്ടിയും കിഴിച്ചും ഒരു വെള്ള പേപ്പറില്‍ എഴുതി തകർത്തു . ആകെ ചിലവ് നാല്പതിനായിരം. അവസാനം ഒരു ഓഫറും.. "ഈ പരിഹാര ക്രിയകള്‍ ഇവിടെ തന്നെ ചെയ്യണമെന്നില്ല. നിങ്ങക്കറിയാവുന്നോരെക്കൊണ്ട് ചെയ്യിപ്പിക്കി. ഇവിടെ ചെയ്താല്‍ പത്തോ അയ്യായിരൊ കുറച്ച് തരാം..അറിയാവുന്നോര് ചെയ്തില്ലെങ്കില്‍ ചെയ്തതിനു പിന്നെ പരിഹാരം ചോദിച്ചോണ്ട് എന്റടുത്ത് വരരുത്.”
ഞാന്‍ ഫോണ്‍ ചെയ്യാനെന്ന വ്യാജേന മെല്ലെ പുറത്തേക്കിറങ്ങി. ഭാര്യയും ജ്യോത്സ്യരും ആഡ്വാൻസ് പേയ്മെന്റ് ഡീല്‍ ചെയ്യുന്നു.
ഞാന്‍ ഫോണ്‍ ചെയ്യാനെന്ന വ്യാജേന മെല്ലെ പുറത്തേക്കിറങ്ങി. ഭാര്യയും ജ്യോത്സ്യരും ആഡ്വാൻസ് പേയ്മെന്റ് ഡീല്‍ ചെയ്യുന്നു.
തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ മെല്ലെ ചോദിച്ചു, "എത്ര അഡ്വാൻസ് കൊടുത്തു"?
'ഒന്നും കൊടുത്തില്ല, അഞ്ഞൂറ് രൂപാ ദക്ഷിണ കൊടുത്തിട്ട് നാളേ അഡ്വാൻസുമായിട്ട് വരാമെന്ന് പറഞ്ഞ് അവിടന്ന് രക്ഷപ്പെട്ടു" .
"അപ്പോള്‍ പൂജ, ചുവരു ചിത്രം, ക്രുഡ് ഓയില്‍ പ്രൈസ്, ഗ്ലോബല്‍ ക്രൈസിസ് ഒക്കെ പരിഹരിക്കണ്ടേ", ഞാന്‍ പരിഹസിച്ചു.
"അതൊക്കെ പരിഹരിക്കാന്‍ ഞാന്‍ തൊഴുത് പ്രാർത്ഥിക്കുന്ന ദൈവങ്ങളുണ്ട്. ഒരു ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ എനിക്ക് പ്രാർത്ഥിക്കേണ്ട കാര്യമില്ല. നമ്മള്‍ അങ്ങനെ അല്ലല്ലൊ.. " അവള്‍ മറുപടി പറഞ്ഞു.
ഞാന്‍ ഇടത് കൈ സ്റ്റീയറിങ്ങില്‍ നിന്നെടുത്ത് അവളുടെ വലത് കരത്തില്‍ അമർത്തി . ഒരായിരം വാക്കുകൾക്ക് സംവേദിക്കാനാകാത്തത് കൈകളിലൊന്ന് അമർത്തിപിടിച്ചാൽ, അല്ലെങ്കില്‍ കണ്ണുകളിൽ പരസ്പരം നോക്കിയിരുന്നാല്‍ അതുമല്ലെങ്കിൽ ഒരു ഡീപ് ഹഗ്... അവിടെ തീരും, തീരണം മനസ്സിലെ വ്യഥകള്‍.
(അശോക് വാമദേവൻ)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക